Latest News

മലയാളി യുവാവിന് പെരുന്നാൾ ആഘോഷത്തിനിടെ ഉമ്മുൽഖുവൈനിലെ വാഹനാപകടത്തിൽ ദാരുണമരണം. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന മലയാളിയുവാവാണ് മരിച്ചത്. മലപ്പുറം വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്.

റിട്ട. ഡിവൈഎസ്പി ടി ടി. അബ്ദുൽ ജബ്ബാറിന്റെയും റംലയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ജസീം, കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതായിരുന്നു.

ഇതിനിടെ ജസീം റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടെത്തിയ ഒരു വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

ജസീം ദുബായ് റാഷിദിയയിലാണ് താമസം. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ.

ഐസ്ക്രീം കഴിച്ച് ഛർദിയുണ്ടായതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സംശയം പറഞ്ഞിരുന്നു. വിഷം കലർത്തിയ ഐസ്ക്രീമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സഹോദരനുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് താഹിറ പൊലീസിനോട് സമ്മതിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നീങ്ങിയത്. സൈബർ സെൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് പിതൃസഹോദരിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12)യാണ് ഐസ് ക്രീം കഴിച്ച് ഛർദിയെ തുടർന്ന് മരിച്ചത്. ഞായറാഴ്ചയാണ് അരിക്കുളത്തെ കടയിൽനിന്ന് ഐസ്ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടായതിനാൽ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്നു രാവിലെ മരിച്ചു.

ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവ അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽനിന്ന് സാമ്പ്ൾ ശേഖരിച്ച ശേഷം കടയടപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ് ഫറസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന് സംശയമുണ്ടായത്. തുടർന്ന് കൊയിലാണ്ടി പൊലീസ് വിദഗ്ധ അന്വേഷണം നടത്തുകയായിരുന്നു. നിരവധി പേരിൽനിന്ന് മൊഴിയെടുത്തു.

കൊട്ടിയത്ത് ഏഴ് വയസ്സുകാരി തിരയില്‍പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയെ കടല്‍തീരത്തേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. മരിച്ച ഏഴ് വയസ്സുകാരിയാ ജ്യോഷ്‌നയുടെ അമ്മയെ രണ്ടാം വിവാഹം കഴിക്കുവാന്‍ എത്തിയ യുവാവാണ് കുട്ടിയെ കടല്‍ തീരത്തേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് കുട്ടിയുടെ പിതാവിന്റെ സഹോദരനാണെന്നാണ് ഇതും ബന്ധുക്കളുടെ സംശയത്തിന് ബലം നല്‍കുന്നു. എന്തിനാണ് ഉച്ചസമയത്ത് കുട്ടികളെ കൊണ്ട് കടല്‍ തീരത്തേക്ക് പോയതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ഉച്ചസമയത്ത് ആളുകള്‍ അധികം കടല്‍ തീരത്ത് ഉണ്ടാകില്ല. അതേസമയം കുട്ടികളെ കടല്‍ തീരത്തേക്ക് കൂട്ടിക്കൊണ്ട് പോയ യുവാവ് സമീപവാസിയാണെന്ന് അവകാശപ്പെട്ടുവെങ്കിലും ഇയാള്‍ കോട്ടയം കാരനാണെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

കുട്ടികളെ കടല്‍ തീരത്ത് ഇറക്കി വിട്ട ശേഷം ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പോയി എന്നും എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞ ശേഷമാണ് ഇയാള്‍ തിരിച്ചെത്തിതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധിക്കള്‍ കുട്ടിയെ കടല്‍ തീരത്ത് കൊണ്ടു പോയത് താങ്കള്‍ അല്ലെ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നാണ് അയാള്‍ പറഞ്ഞതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. അയാള്‍ വീടിന്റെ അകത്തുണ്ട് എന്നാല്‍ പുറത്ത് വരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സായിഷ് വീര എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ സായിഷ് വീര പഠനത്തോടൊപ്പം കൊളംബസ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്യൂവല്‍ സ്റ്റേഷനില്‍ പാര്‍ടൈം ജോലിയും ചെയ്തു വരുകയായിരുന്നു.

ഏപ്രില്‍ 20ന് പുലര്‍ച്ചെ 12.50ഓടെ ബ്രോഡ് സെന്‍റ് 1000 ബ്ലോക്കിലേക്ക് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തുമ്പോഴാണ് വിദ്യാര്‍ഥിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്. കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെത്തി സായിഷ് വീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരവും മരിച്ചയാളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതും.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊളംബസ് പോലീസ് പറഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവെച്ചിരിക്കുകയാണ്.

സായിഷ് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ രോഹിത് യലമഞ്ചിലി എന്നയാളുടെ നേതൃത്വത്തില്‍ നടക്കുന്നു. ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണമായ സംഭവം നടക്കുന്നത്. സായിഷ് വീരയെ എച്ച് 1 ബി വിസക്കായി പരിഗണിച്ചിരുന്നവെന്നും രോഹിത് എന്നയാൾ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ സായിഷ് വീര ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു – സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായാണ് യുവാവ് അമേരിക്കയിലെത്തുന്നത്. കൊളംബസ് മേഖലയിലെ മികച്ച ക്രിക്കറ്റ് പ്ലേയര്‍ കൂടിയായിരുന്നു സായിഷ് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.

 

മലയാളത്തിന്റെ പ്രിയ നടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് വൈക്കം ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും.

 

രാജസ്ഥാനിലെ അൽവാറിൽ വന്ദേഭാരത് ഇടിച്ചു തെറിപ്പിച്ച പശു ദേഹത്ത് പതിച്ച മരണം. റയിൽവെ ട്രാക്കിന് സമീപം മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ്മയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കാളി മോറി ഗേറ്റിൽ നിന്ന് വരുകയായിരുന്നു ട്രെയിൻ ട്രാക്കിൽ ഒരു പശുവിനെ ഇടിക്കുകയിരിക്കുന്നു. ഇടി കൊണ്ട് തെറിച്ച പശു ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവസഥലത്ത് വെച്ച് തന്നെ ശിവദയാൽ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു. ശിവദയാലിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

 

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് നീട്ടിവയ്ക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയില്‍ അഭ്യര്‍ഥിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് തിരഞ്ഞെടുമെന്ന് അഭ്യര്‍ഥിച്ചത്.

രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വര്‍ധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തിരഞ്ഞെടുപ്പിന് തടസ്സമായി മന്ത്രാലയം പറയുന്നു. രാഷ്ട്രീയമായി നിര്‍ണായകമായ പഞ്ചാബ് പ്രവിശ്യയിലെ തിരഞ്ഞെടുപ്പ് രാജ്യത്തെ വംശീയ പ്രശ്നങ്ങള്‍, ജല തര്‍ക്കങ്ങള്‍ തുടങ്ങിയവ മുതലെടുക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താരദമ്പതിമാരായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ പതിനൊന്നുകാരി ആരാധ്യാ ബച്ചൻ സോഷ്യൽമീഡിയയിലെ ഒരു ചാനലിനെതിരേ രംഗത്ത്. യൂട്യൂബ് ചാനലിൽ തന്നെ കുറിച്ച് വ്യാജ വാർത്ത നൽകിയെന്ന പരാതിയുമായി ഡൽഹി ഹൈക്കോടതിയെയാണ് ആരാധ്യ സമീപിച്ചിരിക്കുന്നത്.

ആരാധ്യ ബച്ചന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാർത്ത നൽകിയതിനാണ് നിയമനടപടി. പതിനൊന്ന് വയസ്സുകാരിയാണ് ആരാധ്യ. കുട്ടിയായ തനിക്ക് എതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധനം ഏർപ്പെടുത്തണം എ്‌നനാണ് കുട്ടിയുടെ ആവശ്യം.

വ്യാഴാഴ്ച ഹർജിയിൽ കോടതി വാദം കേൾക്കും. മാതാപിതാക്കൾക്കൊപ്പം പൊതുചടങ്ങിൽ പ്രത്യക്ഷപ്പെടാറുള്ള ആരാധ്യയ്ക്കെതിരേ ചില സമയത്ത് അനാവശ്യമായ പ്രചാരണങ്ങൾ പതിവാണ്. പാപ്പരാസികളുടെ സൈബർ ആ ക്രമണവും ആരാധ്യയ്ക്ക് നേരിടേണ്ടതായി വരുന്നുണ്ട്.

നേരത്തെ ഈ വിഷയത്തിൽ പിതാവ് അഭിഷേക് ബച്ചൻ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. മുതിർന്നവരായ തങ്ങളെ അധിക്ഷേപിക്കുന്നത് ഉൾക്കൊള്ളാനാകും, ഒരു കൊച്ചുപെൺകുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയിൽ സഹിക്കാനാകില്ലെന്ന് അഭിഷേക് തുറന്നിടിച്ചിരുന്നു.

റജി നന്തികാട്ട്

യുകെയിലെ പ്രമുഖ പത്രപ്രവർത്തകൻ മണമ്പൂർ സുരേഷ് എഴുതിയ ആദ്യ കൃതി “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” യുടെ പ്രകാശനം ഏപ്രിൽ 29 ന്. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുസ്‌തകം പ്രകാശനം ചെയ്യുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് ഏപ്രിൽ 29 നു ശനിയാഴ്ച 4.30നു നടക്കുന്ന ചടങ്ങിൽ പ്രൊഫ എം എൻ കാരശ്ശേരി അധ്യക്ഷത വഹിക്കും.

“മണമ്പൂർ സുരേഷിന്റെ ഈ കൃതി ചലച്ചിത്രകുതുകികൾക്കും വിദ്യാർത്ഥികൾക്കും നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാർഹവുമാവും ” – ഫാബിയൻ ബുക്ക്സ് പ്രസാധകരായുള്ള “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന ഗ്രന്ഥത്തിന്റെ അവതാരികയിൽ അടൂർ ഗോപാലകൃഷ്ണൻ ഇങ്ങനെ എഴുതി.

ദേശീയ അവാർഡ് നേടിയ സംവിധായകൻ എം.പി സുകുമാരൻനായർ, പ്രസിദ്ധ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫ്, പ്ലാനിങ് ബോർഡ് മെമ്പർ ഡോ രവി രാമൻ, തിരക്കഥാകൃത്തും എഴുത്തുകാരനുമായ എസ് ഭാസുരചന്ദ്രൻ, വി ശശികുമാർ, ന്യൂസ് 18 ടീവി പൊളിറ്റിക്കൽ കറസ്‌പോണ്ടന്റ് ആയ കിരൺ ബാബു, ബിജു ഒഡേസ ഫിലിംസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിക്കും.

നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളേയും സ്നേഹത്തോടെ ക്ഷണിക്കുന്നു. നാൽപ്പത്തി ഒന്ന് വർഷമായി ലോകത്തിലെ മേജർ ഫെസ്റ്റിവലുകളിൽ ഒന്നായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ പ്രസ് ഡെലിഗേറ്റ് ആയി കവർ ചെയ്യുക (1982 മുതൽ 2023 വരെ), ഇതൊരപൂർവ റെക്കോർഡാണ്. ഈ ലോകോത്തര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത എല്ലാ മലയാള ചിത്രങ്ങളെക്കുറിച്ചും എഴുതുക. നേട്ടങ്ങൾ കൈവരിച്ചു മുന്നേറുന്ന മലയാള സിനിമയുടെ ആഘോഷവും കൂടിയാണ് മണമ്പൂർ സുരേഷിൻറെ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന ഗ്രന്ഥം. അതോടൊപ്പം ലോക സിനിമയുടെ ആചാര്യന്മാരുടെ ചിത്രങ്ങളെക്കുറിച്ചുള്ള പഠനം , ഇന്റർവ്യു എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ പുസ്തകത്തെ സംബന്ധിച്ച പഠനങ്ങൾ മണമ്പൂര് , കൊല്ലം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലും നടക്കും. ഇംഗ്ലണ്ടിലെ പ്രകാശനം ലണ്ടനിൽ വച്ചും നോർത്തേൺ അയർലന്റിലെ പുസ്തക പ്രകാശനം ബെൽഫാസ്റ്റിൽ വച്ചും ജൂലൈ മാസം നടക്കും.

ഏഴ് വയസ്സുകാരി പെൺകുട്ടി കൊല്ലം ബീച്ചിൽ തിരയിൽ പെട്ട് മരണമടഞ്ഞു. യുകെ മലയാളിയായ റീനയുടെയും കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും മകൾ ജോഷ്ന ജിസൻ (7) ആണ് മരണമടഞ്ഞത്.

ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരൻ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെ ബീച്ചിൽ എത്തിയതാണ്. കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം പ്രശാന്ത് വാഹനം പാർക്ക് ചെയ്യുന്നതിനായി പോയി. ഇതിനിടെ തീരത്തേക്ക് ഇറങ്ങിയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.

4 പേരും തിരയിൽപെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയിൽ രക്ഷപ്പെട്ടു. എന്നാൽ, ജോഷ്ന ശക്തമായ ഒഴുക്കിൽപെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ലൈഫ് ഗാർഡുകളും ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

ജോഷ്‌നയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബത്തിന്റെ ഭാരം റീനയിൽ വന്നു ചേർന്നു. അങ്ങനെയാണ് മക്കളെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് ഏൽപ്പിച്ചിട്ട് റീന സ്‌കോ’ട്ലാന്റിലേക്ക് പോയത്. ഇസ്രായലിൽ നിന്നും തിരിച്ചെത്തിയ പ്രശാന്ത് ഔട്ടിംഗിനായാണ് സ്വന്തം മക്കൾക്ക് ഒപ്പം റീനയുടെ മക്കളെയും കൂട്ടിയത്.

സ്‌ക്വാട്‌ലാന്റിൽ ജോലി ചെയ്യുന്ന റീനയ്ക്ക് പൊന്നു മോളുടെ വേർപാട് വിശ്വസിക്കാനായില്ല. പ്രശാന്തിന്റെ ഭാര്യയും സ്‌ക്വാട്‌ലാന്റിൽ ഉണ്ട്. അവർ വഴി കാര്യങ്ങൾ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ തിരിക്കുകയായിരുന്നു. ഇന്നു നാട്ടിലെത്തും. ജോഷ്ന മയ്യനാട് കെപിഎം സ്‌കൂൾ വിദ്യാർത്ഥിയാണ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.

ജോഷ്ന ജിസന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved