ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ നടി ഐശ്വര്യ ഭാസ്കരൻ. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ മറ്റ് പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ച ഐശ്വര്യ, അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അവർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി.
തന്റെ ബ്രാൻഡിൽ ഉണ്ടാക്കുന്ന സോപ്പിന്റെയും മറ്റു സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനുമായി ഐശ്വര്യ വാട്ട്സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാൽ അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടേയിരിക്കുകയാണെന്നാണ് നടി പറയുന്നത്. ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ഇത് തന്റെ മകളെയും കൂടെ ബാധിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.
സോപ്പ് കച്ചവടം നടത്തിയാണ് ഐശ്വര്യ ഇപ്പോൾ ജീവിക്കുന്നത്. അതിനു വേണ്ടി വീടുതോറും കയറി ഇറങ്ങിയും ഓഡര്‍ എടുത്തും വില്‍പന നടത്തും. കച്ചവടത്തിന്റെ ഭാഗമായി ഓഡര്‍ ചെയ്യാന്‍ വേണ്ടി രണ്ട് ഫോണ്‍ നമ്പറുകള്‍ ഐശ്വര്യ കൊടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഫോൺ നമ്പർ നൽകിയിരുന്നു. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ അതിലേക്ക് വിളിച്ച് സോപ്പുകള്‍ക്ക് വേണ്ടി ഓർഡര്‍ ചെയ്യാം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഫോണിലേക്ക് പതിനൊന്ന് മണിയ്ക്കു ശേഷം വരുന്ന കോളുകളും മെസേജുകളും തനിക്ക് ശല്യമായി മാറുകയാണെന്ന് പറയുകയാണ് നടി.
അശ്ലീല ഫോട്ടോസും മെസേജുകളും ആണ് പാതിരാത്രിയില്‍ ഈ രണ്ട് നമ്പറിലേക്കും വരുന്നത്. ‘വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ’ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള മെസേജുകള്‍ക്ക് അതേ രീതിയിൽ തന്നെ തെറി പറഞ്ഞുകൊണ്ടാണ് ഐശ്വര്യ മറുപടി നല്‍കുന്നത്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തും ചിലർ അയക്കുന്നുണ്ട്. അതെല്ലാം തെളിവ് സഹിതമാണ് ഐശ്വര്യ വിഡിയോയില്‍ കാണിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിൽ ആണ് തനിക്ക് നേരിടുന്ന ദുരനുഭവങ്ങളേക്കുറിച്ച് ഐശ്വര്യ തുറന്നടിച്ചത്
ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെയാണ്….
‘‘എനിക്ക് വേണമെങ്കില്‍ ഇത് സൈബര്‍ സെല്ലിലും പൊലീസും പരാതിയായി കൊടുക്കാം. പക്ഷേ എന്തിനാണ് ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത്. മകളോട് ചോദിച്ചപ്പോള്‍ ഒന്നും നോക്കാനില്ല, ഇതിനെക്കുറിച്ച് ഒരു അവബോധം നല്‍കിക്കൊണ്ട് വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. ആ ധൈര്യം എനിക്കുണ്ടെന്നും അവൾക്കറിയാം. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. ഇതിനൊരു അവസാനം വേണം. രാധാകൃഷ്ണന്‍ എന്നൊരാള്‍ രാത്രി 11 മണിക്കു ശേഷം പേഴ്‌സണലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണണം.
ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്‍റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്‍റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്‍റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന്‍ റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്.’–ഐശ്വര്യ പറഞ്ഞു.
വാഴക്കുളത്ത് വാഹനാപകടത്തിൽ മരിച്ച പ്രജേഷിൻ്റേയും മകൾ രണ്ടര വയസ്സുകാരി അലാനയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു ദർശനത്തിന്ു വച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സെൻ്റ് ജോർജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇരുവരുടേയും മൃതദേഹങ്ങൾ കൂവേലിപ്പടിയിലുള്ള വീട്ടിലെത്തിച്ചത്. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. ആദ്യം പ്രജേഷിൻ്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത്. തുടർന്ന് അലാന മോളുടെ മൃതദേഹം എത്തിക്കുകയായിരുന്നു.
ദുരന്തത്തിൽ വിറങ്ങലിച്ച അവസ്ഥയിലായിരുന്നു പ്രജേഷിൻ്റെ ഭാര്യ അനു. പൊന്നുമോളുടെയും പ്രിയ ഭർത്താവിൻ്റെയും ചേതനയറ്റ ശരീരം കണ്ട് അനു മുറിയിൽ തളർന്നുവീണ് പൊട്ടിക്കരഞ്ഞു. അനുവിൻ്റെ സങ്കടം അവിടെ കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. കൊല്ലത്ത് ജർമൻ ഭാഷാ പരിശീലനത്തിനായി പോയിരുന്ന അനു തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടിലെത്തിയത്. അപകടത്തെക്കുറിച്ച് വ്യക്തമായി അറിയിച്ചിരുന്നില്ല. എന്നാൽ അധികനേരം ദുരന്തം ഒളിപ്പിച്ചുവയ്ക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ദുരന്തം തിരിച്ചറിഞ്ഞതോടെ അതിനെ ഉൾക്കൊള്ളാനാവാതെ അലമുറയിട്ട് അനു നിലവിളിച്ചു. അനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നിസ്സഹായരായി മാറുന്ന കാഴ്ചയ്ക്കാണ് മരണ വീട് സാക്ഷ്യം വഹിച്ചത്.
പ്രജേഷിനേയും അലാനമോളേയും അവസാനമായി ഒരു നോക്കുകാണാൻ ബന്ധുക്കളും നാട്ടുകാരുമായി ഏറെജനങ്ങൾ വീട്ടിലെത്തിയിരുന്നു. ഉറക്കത്തിലെന്ന പോലെയാണ് അലാനമോൾ ചലനമറ്റ് കിടന്നിരുന്നത്. ആ കാഴ്ച ഏവരേയും വേദനിപ്പിച്ചിരുന്നു. മകൻ്റെയും കുഞ്ഞുമോളുടെയും അനക്കമറ്റ ശരീരം കണ്ടതോടെ പ്രജേഷിൻ്റെ മാതാപിതാക്കളായ റോസിലിയ്ക്കും പോളിനും സങ്കടം സഹിക്കാൻ കഴിയാത്ത അവസ്ഥയായി. ഇന്നുരാവിലെ 10.30-ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ വച്ച് സംസ്കാരം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാഴക്കുളത്ത് പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി രണ്ടര വയസ്സുകാരി ഉൾപ്പെടെ മൂന്നു കാൽനട യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രജേഷിനും അലാനയ്ക്കുമൊപ്പം കൂവേലിപ്പടി സ്വദേശിനിയായ മേരിയും മരണപ്പെട്ടിരുന്നു. റോഡിന് വശത്തുകൂടെ നടന്നുപോയവരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട പാഴ്സൽ ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
വാഴക്കുളം മടക്കത്താനത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 8.15 ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അമിത വേഗതയില്‍ എത്തിയ പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്തുള്ളവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസസമയം അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
പാഴ്സൽ ലോറി മൂവാറ്റുപുഴയിൽ നിന്നും വരികയായിരുന്നു . കാൽനടയാത്രക്കാരെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഹനവും മീറ്ററുകളോളം ദൂരത്തിൽ തെറിച്ചു പോയിരുന്നു. അമിത വേഗതയിലായിരുന്നു വാഹനം വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.
അപകടത്തിൽപ്പെട്ട മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നത്. മരണപ്പെട്ട പ്രജേഷ് അപകടം നടന്ന സ്ഥലത്തിന് നൂറു മീറ്റർ അകലെ കട നടത്തുന്ന വ്യക്തിയാണ്. തൻ്റെ രണ്ടര വയസ്സുള്ള മകളെയും എടുത്ത് പ്രജേഷ് കടയിലേക്ക് വരുകയായിരുന്നു. അപകടത്തിൽപ്പെട്ട മരണപ്പെട്ട മേരി കാൽനട യാത്രക്കാരിയാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് മേരി അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.
ബ്ലൂ ഡാർട്ട് കൊറിയറിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. വാഹനം സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടം നടന്ന സ്ഥലം ഇതിനുമുമ്പും നിരവധി അപകടങ്ങൾക്ക് വേദിയായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൂന്നു മൃതദേഹങ്ങളും തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 51 വയസ്സുകാരനായ പിതാവിനെ ശിക്ഷിച്ച് പത്തനംതിട്ട പോക്‌സോ കോടതി. 78 വർഷം കഠിന തടവും 2,75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (3) പോക്‌സോ ആക്ട് വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിതാവിന്റെ മദ്യപാനവും ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീട് വിട്ട് പോയിരുന്നു. തുടർന്ന് പെൺകുട്ടി പിതൃമാതാവിനും മൂത്ത സഹോദരിമാരോടും ഒപ്പം വീട്ടിലായിരുന്നു.
മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഒരു അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിർത്ത മകളുടെ കവിളിൽ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
അടുത്ത ദിവസം വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടിൽ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്‌കൂൾ ടീച്ചർമാരോട് വിവരം തിരക്കി. തുടർന്നാണ് പിതാവിന്റെ ക്രൂരതകൾ പുറത്തു വരുന്നത്.
ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി. കോഴിക്കോട്ടെ മുതിര്‍ന്ന ശിശുരോഗവിദഗ്ധന്‍ ചേവരമ്പലം ഗോള്‍ഫ്‌ലിങ്ക് റോഡ് മേഘമല്‍ഹാറില്‍ ഡോ. സിഎം അബൂബക്കര്‍ (78) നെയാണ് കസബ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഞ്ചാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ ചാലപ്പുറത്തുള്ള ഡോക്ട്‌ടേഴ്‌സ് ക്ലിനിക്കില്‍ വച്ച് ഏപ്രില്‍ 11, 17 തീയതികളായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയായ കുട്ടി ചികിത്സയ്ക്കു വന്നപ്പോള്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
കൊല്ലം ബീച്ചിനു സമീപം പെൺകുട്ടി തിരയിൽപ്പെട്ടു മരിച്ചു. കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും റീനയുടെയും മകൾ ജോഷ്ന ജിസൻ (7) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരൻ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെ ബീച്ചിൽ എത്തിയതാണ്. കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം പ്രശാന്ത് വാഹനം പാർക്ക് ചെയ്യുന്നതിനായി പോയി. ഇതിനിടെ തീരത്തേക്ക് ഇറങ്ങിയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.
4 പേരും തിരയിൽപെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയിൽ രക്ഷപ്പെട്ടു. എന്നാൽ, ജോഷ്ന ശക്തമായ ഒഴുക്കിൽപെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ലൈഫ് ഗാർഡുകളും ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന റീന ഇന്നു നാട്ടിലെത്തും. ജോഷ്ന മയ്യനാട് കെപിഎം സ്കൂൾ വിദ്യാർഥിയാണ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.
കുറിച്ചി പഞ്ചായത്തിലെ ഐസ്ക്രീം ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അനിശ്ചിതകാല രാപകൽ ഉപരോധം തുടങ്ങി. നാലാം വാർഡിൽ എണ്ണക്കാച്ചിറ പ്രദേശത്തുള്ള ഫാക്ടറി അശാസ്ത്രീയമായി മാലിന്യം തള്ളി ഒട്ടേറെ കിണറുകൾ ഉപയോഗ ശൂന്യമാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിലക്ക് ലംഘിച്ചാണ് 18 ദിവസമായി ഐസ്ക്രീം ഫാക്ടറി പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്തെ ഒട്ടേറെ കിണറുകൾ മലിനമാക്കുന്ന ഫാക്ടറിയുടെ അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ ജില്ലാ കളക്ടർ ഉൾപ്പെടെ അധികാരികൾക്ക് ഒട്ടേറെ പരാതികൾ നൽകി. പഞ്ചായത്ത് ഓഫീസ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടിളും നടത്തിയിരുന്നു. ഒന്നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ആണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ അനിശ്ചിതകാല സമരവുമായി കമ്പിനിക്ക് മുൻപിൽ സമരം തുടങ്ങിയത്.
കമ്പനി പരിസരത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ആണ് പ്രധാനമായും ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. കുട്ടികളും ക്യാൻസർ രോഗികളും പ്രായമായവരും ഉൾപ്പെടെ ഈ കുടുംബങ്ങളിലെ നിരവധി പേരാണ് കമ്പനിയിൽ നിന്നും അശാസ്ത്രീയമായി തള്ളുന്ന മാലിന്യം കിണറുകളിലേക്കു എത്തി അമോണിയം ഉൾപ്പെടെ കലർന്ന ഉപയോഗ്യശൂന്യമായ ജലം വർഷങ്ങളായി കുടിവെള്ളമായി ഉപയോഗിക്കുന്നത്.ഇതിനെതിരെ അധികാരികൾ കണ്ണ് തുറക്കുംവരെ സമരവുമായി മുന്നോട്ടുപോകാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം.
മുണ്ടക്കയം വണ്ടൻപതാൽ തറയിൽ ബിജു വർഗ്ഗീസിന്റെ മകൾ ജനിൻ മരിയ (18) നിര്യാതയായി. സംസ്കാരം ഇന്ന് 18-04-2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:00 PM ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 4:00 PM ന് പൈങ്ങനാപ്പള്ളി സെമിത്തേരിയിൽ. വേദനകൾക്കിടയിലും ഭൂമിയിൽ തനിക്കു ലഭിച്ച കുറച്ചു നാളുകൾ കൊണ്ട് സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കി അവൾ യാത്രയായി, ജനിൻ മരിയ ജനിൻ മരിയക്ക് ആദ്യം രോഗം വരുമ്പോൾ വയസ്സ് 11, ആറാം ക്ലാസിലെ ഏറ്റവും മിടുക്കി. രക്താർബുദമാണ് എന്നറിഞ്ഞു കൂട്ടുകാരും നാട്ടുകാരും അധ്യാപകരും ഞെട്ടി. പിന്നെ ഒരു വർഷത്തിലേറെ നീണ്ട ചികിത്സ ശേഷം സാധാരണ ജീവിതത്തിലേക്കു തിരികെ വന്നു. പഠനത്തിന്റെ 6 വർഷം കഴിഞ്ഞു…
പക്ഷേ വീണ്ടും ജനിന്റെ വലിയ പ്രതീക്ഷകൾക്കു മുന്നിൽ നിഴലായി രോഗം വീണ്ടുമെത്തി. തലവേദന ജനിനെ വീണ്ടും റീജനൽ കാൻസർ സെന്ററീൽ(ആർസിസി) എത്തിച്ചു. പരിശോധനയിൽ ബ്രെയിൻ ട്യൂമർ,ശസ്ത്രക്രിയയ്ക്ക് ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് നീണ്ട ശാസ്ത്രക്രിയകൾക്ക് ശേഷം ജനിൻ ജീവിതത്തിലേക്ക് പൊരുതി കയറി വന്നു . എന്നാൽ ആ മാലാഖ കുട്ടിയെ രോഗം പിന്തുടർന്നു, സ്വന്തം അപ്പനും അമ്മയ്ക്കും സഹോദരന്റെ മുൻപിൽ അവളുടെ വേദനകൾ അവൾ ചിരിയാക്കി മാറ്റി, ആ ചിരി മായാതെ ഇന്നും അവരുടെ കണ്ണിൽ ഉണ്ട് അത്രക്ക് മിടുക്കിയും പാവവും ആയിരുന്നു ജനിൻ, കൂട്ടുകാർക്ക് ഇടയിൽ അവൾ തന്റെ വേദനയുടെ കഥ പറയാതെ സ്വപനങ്ങളുടെ കഥ പറഞ്ഞു.
കുഞ്ഞുപൂക്കളുടെ ഇടയിൽ തുടുത്തു നിന്ന അവളുടെ മുഖത്ത് ആ മാലാഖച്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല .ഏപ്രിൽ 17നാണ് ജനിൻന്റെ രോഗം മൂർച്ഛിച്ചത്. മരണ സമയം മുഴുവൻ കുടംബാംഗങ്ങളും അവൾക്കു ചുറ്റും നിന്ന് യാത്രാമൊഴിയേകി. വേദനകൾക്കിടയിലും ഭൂമിയിൽ തനിക്കു ലഭിച്ച കുറച്ചു നാളുകൾ കൊണ്ട് സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കിയാണ് ജനിൻ മടങ്ങിയത്.
മലയാള സിനിമയിലെ മികച്ച യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ നിഖിലയ്ക്ക് കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴിലും നിഖില സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ സിനിമയായ അയൽവാശി റിലീസ് ആവാൻ പോവുകയാണ്. ഇപ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി ചാനലുകൾക്ക് ആണ് താരം അഭിമുഖം നൽകുന്നത്. ഇപ്പോൾ ഇന്ത്യൻ സിനിമ ഗാലറിക്ക് താരം നൽകിയ അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ആണ് വലിയ രീതിയിൽ വിവാദമായി മാറിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴും വിവാഹ വീടുകളില്‍ പെണ്ണുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്താണ്. അതിനായി പ്രത്യേകം പന്തല്‍ സജ്ജികരിക്കും. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കും. ഇപ്പോഴും അതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ആണുങ്ങള്‍ പെണ്ണിന്റെ വീട്ടിലാണ് നിക്കാഹ് കഴിഞ്ഞാല്‍ താമസിക്കുന്നത്. പിന്നെ അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നത്. മരിക്കുന്നതുവരെ അവര്‍ പുതിയാപ്ലമാരായിരിക്കും. പുതിയാപ്ല എപ്പോള്‍ വന്നാലും വലിയ സല്‍ക്കാരമാണ് അവര്‍ക്കായി ഒരുക്കുന്നത്. മരിച്ചാല്‍ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക നിഖില കൂട്ടിച്ചേര്‍ത്തു.
കോളേജ് കാലഘട്ടത്തിലാണ് മുസ്ലീം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത് നിഖില വിമല്‍ പറയുന്നു. നാട്ടിലെ കല്യാണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ് മനസില്‍ വരിക.നിഖില വിമൽ പറയുന്നു,നിരവധി വിവാദ വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
മലയാളി സിഐഎസ്എഫ് ജവാന്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ത്സാര്‍ഖണ്ഡ് പത്രാതു സിഐഎഎഫ് യൂണീറ്റിലെ ജവനാണ് അരവിന്ദ്. അരവന്ദും സുഹൃത്തായ ധര്‍മപാല്‍ എന്ന ജവാനും നടക്കുവാന്‍ പോകുന്ന സമയത്താണ് അമിത വേഗതയില്‍ എത്തിയ വാഹനം ഇരുവരെയും ഇടിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയി.
അപകടത്തില്‍ പരിക്കേറ്റ് ഇരുവരും ഏറെ നേരം റോഡില്‍കിടന്നുവെന്നാണ് വിവരം. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. ഇടിച്ച വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. രാംഗഢിലെ പത്രാതു പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചത്.
ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ട വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഹമ്മദ് ഹസൻ തിങ്കളാഴ്ചയാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് അഹമ്മദ് ഹസൻ ഐസ്ക്രീം കഴിച്ചത്. ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ എത്തി ചികിത്സ തേടിയെങ്കിലും ബേധമായില്ല തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്ങരോത്ത് എയുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഹമ്മദ് ഹസൻ.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിൾ പരിശോധിച്ചു. ഐസ്ക്രീം വിൽപ്പന നടത്തിയ കട താൽക്കാലികമായി അടച്ച് സീൽ ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.