Latest News

ലണ്ടൻ: യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിച്ച യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നായ മഴവിൽ സംഗീതത്തിന്റെ ദശ വാർഷികാഘോഷവും നൃത്ത സംഗീതരാവും ജൂൺ 10 ശനിയാഴ്ച 3 പി എം മുതൽ ബോൺമൗത്തിലെ ബാറിംഗ്‌ടൺ തീയേറ്ററിൽ അരങ്ങേറുന്നു. ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരും കലാപ്രതിഭകളുമെല്ലാം വേദിയിൽ എത്തുമ്പോൾ യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകൾ ആണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത് .

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ദശ  വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീർക്കുവാൻ എത്തുന്നത് .

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.

ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ് പി ബാലസുബ്രഹ്മണ്യം, ലതാമങ്കേഷ്കർ,ശ്രാവൻ റാത്തോട് -എന്നിവർക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.

യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.

അനീഷ് ജോർജ്ജ്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ടെസ്സ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നത്.

ഏഴഴകിലുള്ള വർണ്ണക്കൂട്ടുകൾ ചാലിച്ച മഴവിൽ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH

കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Danto Paul: 07551 192309
Sunil Raveendran:07427105530.

അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി സ്വര ഭാസ്‌കര്‍. ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് എന്ന വാര്‍ത്തയാണ് സ്വര തന്റെ ബേബി ബംപിന്റെ ചിത്രം പങ്കുവച്ച് പുറത്തുവിട്ടിരിക്കുന്നത്. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഗ്രഹീതയായി തോന്നുന്നുവെന്നാണ് സ്വര പറയുന്നത്. ‘ചിലപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരുമിച്ച് ഉത്തരം ലഭിക്കും. പുതിയൊരു ലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദവും തോന്നുന്നു” എന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഒക്ടോബര്‍ ബേബി എന്ന ഹാഷ്ടാഗുകളും കുറിപ്പിനൊപ്പമുണ്ട്.

ജനുവരി 6ന് ആണ് സ്വര ഭാസ്‌ക്കറും ഫഹദ് അഹമദും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്. പിന്നീട് ഹല്‍ദി, മെഹന്ദി, സംഗീത്, ഖവാലി നൈറ്റ്, റിസപ്ഷന്‍ തുടങ്ങിയ ആഘോങ്ങളുമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനാണ് ഫഹദ് അഹമദ്. 2019ല്‍ നടന്ന സിഎഎ സമരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന നടിയാണ് സ്വര ഭാസ്‌കര്‍. സിഎഎ സമരത്തില്‍ മാത്രമല്ല, കര്‍ഷക സമരത്തിലും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും സ്വര പങ്കെടുത്തിരുന്നു.

കരാര്‍ ലംഘിച്ച് ചില ചിത്രങ്ങള്‍ ഒ.ടി.ടി റിലീസ് ചെയ്തതില്‍ പ്രതിഷേധിച്ച് തിയേറ്റര്‍ ഉടമകള്‍ രംഗത്ത്. നാളെയും മറ്റന്നാളും തിയേറ്ററുകള്‍ അടച്ചിടാനാണ് തിയേറ്ററുടമകളുടെ തീരുമാനം. ഫിയോകിന്റെ യോഗത്തിലാണ് രണ്ട് ദിവസത്തേക്ക് തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം എടുത്തത്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. എന്നാല്‍ ‘2018’, ‘പാച്ചുവും അത്ഭുതവിളക്കും’ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന 2018 എന്ന സിനിമ ഇത്തരത്തില്‍ ധാരണ ലംഘിച്ച് ഒ.ടി.ടിക്ക് കൊടുത്തതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിലേക്ക് തിയേറ്റര്‍ ഉടമകളെ എത്തിച്ചത്. മെയ് 5ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ ഏഴിനാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത്.

ഈ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്ത സിനിമകള്‍ മിക്കതും പരാജയങ്ങളായിരുന്നു. 70ല്‍ അധികം സിനിമകള്‍ ഇതുവരെ റിലീസ് ചെയ്‌തെങ്കിലും 2018 എന്ന സിനിമയും ‘രോമാഞ്ച’വും മാത്രമേ തിയേറ്ററില്‍ വിജയം നേടിയിട്ടുള്ളു. അതിനാല്‍ തന്നെ തകര്‍ച്ചയുടെ വക്കിലായിരുന്നു മലയാള സിനിമ.

പ്രതിസന്ധിയിലായിരുന്ന മലയാള സിനിമയ്ക്ക് ആശ്വാസം പകര്‍ന്നു കൊണ്ടാണ് 2018 എത്തിയത്. 160 കോടിക്ക് മുകളില്‍ കളക്ഷനാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്. തിയേറ്ററില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന തീരുമാനത്തിനെതിരെ തിയേറ്ററുടമകള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

കാസർകോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യ മുൻപും ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തൽ. കാസർകോട് കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചു.

മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയായിരുന്നു കാസർകോട് സ്വദേശി വിദ്യ കെ. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി.

മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അട്ടപ്പാടി പൊലീസിന് കൈമാറും. ഇതിന് പിന്നാലെയാണ് വിദ്യ മുൻപ് ജോലി ചെയ്ത കരിന്തളം ഗവൺമെന്റ് കോളേജിലും അന്വേഷണം നടന്നത്. ഇവിടെയും വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായതോടെ വിദ്യക്കെതിരെ കൂടുതൽ ശക്തമായ അന്വേഷണം വരും. അതേസമയം വിദ്യയെ അറിയാമെന്നും എന്നാൽ വ്യാജരേഖ ചമച്ചതിൽ പങ്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അറിയിച്ചു.

കോട്ടയം: അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്ന് വിമർശിച്ച് കാഞ്ഞിരപ്പള്ളി അതിരൂപത രംഗത്ത്. ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വികാരി ജനറൽ വിമർശിച്ചു.

ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സത്യം അന്വേഷണ ഏജൻസികൾ പുറത്തു കൊണ്ടുവരണം. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റിന് വീഴ്ച പറ്റിയിട്ടില്ല. 16 തിയറി പേപ്പറുകളിൽ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു. ലാബിൽ ഫോൺ ഉപയോഗിച്ചതിനാലാണ് ഫോൺ പിടിച്ചു വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ ശ്രദ്ധ തയാറായിരുന്നില്ലെന്നും രൂപത വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.

അതിനിടെ വിദ്യാർത്ഥി സമരം രൂക്ഷമായ കോളേജിൽ പ്രശ്നം പരിഹരിക്കാന സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വിഎൻ വാസവനും നാളെ കോളേജ് സന്ദർശിക്കും. മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും സംഘം ചർച്ച നടത്തും. സാങ്കേതിക സർവകലാശാല രണ്ടംഗ അന്വേഷണ കമ്മീഷനെ പരാതികൾ പരിശോധിക്കാൻ നിയോഗിച്ചു. ഈ സംഘവും നാളെ നേരിട്ട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം  കൂടി മാത്രം.അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു .മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ  സർട്ടിഫിക്കറ്റ് നൽകും .താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം .അവർക്ക് ഓണേഴ്‌സ് ബിരുദം  നൽകും.ഈ വര്‍ഷം  കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല.നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം .നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും.എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ.ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് വർഷ ബിരുദ കോഴ്സിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്.അടുത്ത വര്‍ഷം  മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം  പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താം.സര്‍വകലാശാലകളിലെ  സ്ഥിരം വിസി നിയമനത്തിലെ  അനിശ്ചിതാവസ്ഥ നീങ്ങണമെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കണം.അപാകതകൾ ഉണ്ടെങ്കിൽ ഓർഡിനൻസ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല.നിലവിൽ വിസി ചുമതല വഹിക്കുന്നവർ യോഗ്യരാണ്.താത്കാലിക ചുമതലയെങ്കിലും അവർ കാര്യങ്ങൾ ചെയ്യുന്നുണ്ട്.ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ.മുഖ്യമന്ത്രി ഗവർണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു

കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി. എന്നാല്‍, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഇന്ന് മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.

സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുക. ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ മാനേജ്മെൻ്റ് അധികൃതർ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചത്.

രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന ശ്രദ്ധ ആത്മഹത്യ ചെയ്തത് കോളേജിലെ ചില അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണെന്നാണ് സഹപാഠികളുടെ ആരോപണം. ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ പറ്റിയും ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചതിനുശേഷം അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചകളെ പറ്റിയും വിശദമായ ചർച്ച നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അതേസമയം ശ്രദ്ധയുടെ ആത്മഹത്യമായി ബന്ധപ്പെട്ട കൂടുതൽ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങുമെന്ന് പൊലീസും അറിയിച്ചു.

കോളേജിലെ ലാബില്‍ ഉപയോഗിച്ച മൊബൈല്‍ ഫോൺ അധ്യാപകര്‍ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ  ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.

കമ്പം: അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടില്ല. ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും വരെ ആനയെ കാട്ടിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി നിർദേശം നൽകിയ സാഹചര്യത്തിലാണ് വനം വകുപ്പിന്‍റെ നടപടി. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹർജി നൽകിയത്. ഹർജി നാളെ പത്തരയ്ക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.

കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.

കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.  സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ  കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ മരിക്കുകയും ചെയ്തു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉൾക്കാട്ടിലേക്ക് എത്തിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു.

തൃശൂർ : നടൻ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെ നാല് ഇരുപതോടെയാണ് അപകടമുണ്ടായതെന്നും ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി.  അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ വിശദീകരിച്ചു.

തൃശൂർ കയ്പമംഗലത്ത് വെച്ചുണ്ടായ അപകടത്തിൽ നടൻ കൊല്ലം സുധി മരിച്ചതിന്റെ ഞെട്ടലിലാണ് സിനിമാ മേഖലയാകെ. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധവുമായി സഹപാഠികൾ. സംഭവത്തിൽ കാരണക്കാരയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം. എസ്എഫ്ഐയും എബിവിപിയും അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലേക്ക് ഇന്ന് മാർച്ച് നടത്തും.

ശ്രദ്ധ സതീഷ് എന്ന വിദ്യാർഥിനിയെയാണ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.മാനേജ്‌മെന്റ് പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്.

കോളേജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായി കുടുംബം പറയുന്നുണ്ട്. ഇതിന് പിന്നാലെ കടുത്ത ഒരു അധ്യാപകനില്‍നിന്നും അപമാനം നേരിടേണ്ടി വന്നതായും പിതാവ് ആരോപിക്കുന്നു. വിഷയം ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമടക്കം കുടുംബം പരാതി നൽകും.

രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ശ്രദ്ധയെ കണ്ടെത്തിയത്.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Copyright © . All rights reserved