Latest News

ലിവർപൂൾ ക്‌നാനായ ഫാമിലി ഫോറത്തിന്റെ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ലാലു തോമസ് നേതൃത്വം കൊടുത്ത പാനൽ ഗംഭീര വിജയം നേടി .

ലിവർപൂൾ ക്‌നാനായ സമൂഹത്തിലെ ഒട്ടുമിക്ക അംഗങ്ങളും സന്നിഹിതരായിരുന്ന സമ്മേളനത്തിലാണ് ഇദംപ്രഥമായി ബാലറ്റിലൂടെ ഇലക്ഷൻ നടന്നത്.

പ്രസിഡന്റായി ലാലു തോമസ് ,സെക്രട്ടറിയായി അബ്രഹാം നമ്പനെത്തേൽ ,ട്രഷറർ ബേബി എബ്രഹാം എന്നിവരടങ്ങിയ 13 കമ്മറ്റിയേയും തിരഞ്ഞെടുത്തു. ലാലു തോമസ് നേതൃത്വം കൊടുത്ത പാനൽ പൂർണ്ണമായും വിജയിച്ചു എന്നതും ശ്രദ്ധേയമായി .

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി പ്രോഗ്രം കൂടാതെ വിവിധ തരം കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ചു അരങ്ങേറി. കെസിവൈഎൽ കുട്ടികൾ ഒരുക്കിയ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു . രുചികരമായ ഭക്ഷണമാണ് പരിപാടിയിൽ വിളമ്പിയത് .ചടങ്ങിന് സ്ഥാനം ഒഴിഞ്ഞ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും മുൻ പ്രസിഡണ്ട് ഫിലിപ്പ് തടത്തിൽ ക്രിസ്തുമസ് സന്ദേശവും നൽകി .

 

ഏറ്റവും മികച്ച രീതിയിൽ ഫിഫ ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിനെ പുകഴ്ത്തി ഇം​ഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. ഓരോ ഫുട്ബോൾ ടൂർണമെന്റും ഇനി മിഡിൽ ഈസ്റ്റിൽ ആവട്ടെയെന്നും ആരാധകരുടെ അനുഭവം അവിസ്മരണീയമായിരിക്കുമെന്നും പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു. കഴിഞ്ഞ യൂറോ കപ്പിന് വേദിയൊരുക്കിയപ്പോൾ ഇം​ഗ്ലണ്ടിലുണ്ടായ അനിഷ്ട സംഭവങ്ങളെ കൂടെ പരാമർശിച്ചാണ് കെ പിയുടെ ട്വീറ്റ്. ഹൂളി​ഗൻസ് ഇല്ലാത്ത് ടൂർണമെന്റാണ് ഖത്തറിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ കഴിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാവുകയായിരുന്നു ലണ്ടന്‍ നഗരം. ആരാധകരുടെ ഏറ്റുമുട്ടല്‍ മുതല്‍ കുപ്പിയേറും പൊതുമുതല്‍ നശിപ്പിക്കലും വര്‍ണവെറിയും വരെ നടന്നു. യൂറോ ഫൈനല്‍ ദിനത്തെ അക്രമസംഭവങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ, ലോകകപ്പിനായി ഖത്തറില്‍ എത്തിയ ഒരു ഇംഗ്ലണ്ട് ആരാധകന്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുകെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഖത്തറില്‍ ത്രീ ലയണ്‍സ് ആരാധകരുടെ അച്ചടക്കത്തോടെയുള്ള പെരുമാറ്റത്തെ യുകെ ഫുട്ബോൾ പൊലീസിംഗ് യൂണിറ്റ് മേധാവി ചെഷയർ ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പുകഴ്ത്തി. ലോകകപ്പുകളുടെ ചരിത്രത്തില്‍ ബ്രിട്ടീഷ് പൗരന്മാരാരും അറസ്റ്റിലാകാത്തത് ഇതാദ്യമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെ കൂടാതെ വെയ്ല്‍സ് ആരാധകരാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഖത്തറിലെ ഞങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഗെയിമുകൾക്കായി ഇംഗ്ലണ്ടില്‍ നിന്നും വെയ്ല്‍സില്‍ നിന്നുമായി 3,000 ആരാധകരാണ് രാജ്യത്ത് നിന്ന് പോയത്.

നോക്കൗട്ടിലെ ഇംഗ്ലണ്ടിന്‍റെ മത്സരങ്ങള്‍ക്കായി 3,500 പേരും ഖത്തറിലേക്ക് പറന്നു. ഖത്തറിലെ മദ്യവിൽപ്പന സംബന്ധിച്ച കർശനമായ നിയമങ്ങളാണ് അറസ്റ്റുകള്‍ ഉണ്ടാവാത്തതിന് കാരണമെന്നാണ് റോബർട്ട്സ് പറയുന്നത്. ഖത്തറില്‍ മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്‍റെ കാരണമെന്ന് പൂര്‍ണമായി പറയാനാവില്ല. പക്ഷേ ഇത് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു.

2018ല്‍ റഷ്യയില്‍ മൂന്ന് അറസ്റ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി നിലനിർത്താൻ സഹായിച്ചതിന് ഖത്തറിലേക്ക് യാത്ര ചെയ്ത എല്ലാ യുകെ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും റോബര്‍ട്ട്സ് പറഞ്ഞു. ഖത്തറില്‍ മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്‍റെ കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലിൽ വിവസ്ത്രയായി വന്ന് ഒച്ചപ്പാടുണ്ടാക്കിയ വിദേശ വനിതയുടെ വീഡിയോ വൈറൽ . റൂമിൽ നിന്നും വസ്ത്രമേതും ധരിക്കാതെ ഹോട്ടലിന്റെ ഇടനാഴിയിലേക്കിറങ്ങി ഹോട്ടൽ ജീവനക്കാരുമായി ഇവർ തർക്കത്തിലേർപ്പെടുകയായിരുന്നു. വളരെ ഉച്ചത്തിൽ ശബ്ദം വയ്ക്കുകയും അവിടെ നിന്ന് തിരിയുകയും ചെയ്യുകയായിരുന്നു ഇവർ. ഹോട്ടൽ ജീവനക്കരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തു. മുഴുവൻ സംഭവവികാസങ്ങളും ഫോണിൽ വീഡിയോഗ്രാഫ് ചെയ്യപ്പെട്ടു.

വീഡിയോ വൈറലാകാൻ അധിക സമയം എടുത്തില്ല. രാജസ്ഥാനിലെ ജയ്‌പൂരിലെ ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്. സംഭവം ഹോട്ടൽ ജീവനക്കാർക്കിടയിൽ അലോസരം സൃഷ്‌ടിച്ചു. ഒരു ഹോട്ടൽ ജീവനക്കാരിയെ തലമുടിയിൽ കുത്തിപ്പിടിച്ച് ഉപദ്രവിച്ചു. പോലീസിനെ വിളിക്കണമെന്ന് പറഞ്ഞ് കൊണ്ട് ആക്രമണം നേരിട്ട യുവതി സംഭവസ്ഥലത്തു നിന്നും മാറി. ഇവർ ക്ഷോഭിക്കാൻ ഉള്ള കാരണം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാം:

 


ഇവരെ ഇനി ഇന്ത്യയിലേക്ക് വരാൻ അനുവദിക്കരുത് എന്നും, ഇവർക്ക് തക്കതായ ശിക്ഷ വാങ്ങിനൽകണമെന്നും പലരും കമന്റ് ചെയ്‌തു.

ഖത്തർ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസ്ഥാന ബിജെപി ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസ്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞു.

ട്വിറ്റിന് താഴെ വലിയ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.

 

കള്ളനോട്ടുകേസില്‍ പ്രമുഖ സീരിയല്‍ നടന്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. നടന്‍ നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടില്‍ ഷംനാദ് (ശ്യാം ആറ്റിങ്ങല്‍- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂര്‍ വേളൂര്‍ വീട്ടില്‍ രഞ്ജിത്ത് (49) എന്നിവരാണ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കല്ലട സ്വദേശിയും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍ കാരായ്മ അക്ഷയ നിവാസില്‍ ലേഖ (48) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ പിടിയിലായ സീരിയല്‍ നടന്റെ വാഹനത്തില്‍ നിന്ന് നാലരലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചു.

ലേഖ 500 രൂപയുടെ നോട്ട് നല്‍കി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ക്ലീറ്റ്‌സാണ് തനിക്ക് പണം നല്‍കിയതെന്നായിരുന്നു ലേഖ പറഞ്ഞത്. ക്‌ളീറ്റസ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള രഞ്ജിത്തിന്റെ പങ്ക് വെളിപ്പെടുത്തി.

രഞ്ജിത്തിനെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോള്‍ നടന്‍ ഷംനാദ് ആണ് നോട്ടുകള്‍ എത്തിച്ചു നല്‍കുന്നതെന്ന് മൊഴി നല്‍കി. അങ്ങനെയാണ് ഷംനാദ് അറസ്റ്റിലായത്. ഇയാളുടെ കാറില്‍ നിന്നും നാലര ലക്ഷം രൂപയുടെ 2000, 500, 200 കള്ളനോട്ടുകള്‍ കണ്ടെത്തി. കാറിന്റെ രഹസ്യ അറയിലായിരുന്നു നോട്ടുകള്‍.

ഷംനാദിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലാപ്‌ടോപ്പ്, സ്‌കാനര്‍, പ്രിന്റര്‍, ലാമിനേറ്റര്‍, നോട്ടുകള്‍ മുറിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ഉണക്കി സൂക്ഷിക്കാന്‍ വച്ചിരുന്ന നിരവധി നോട്ടുകള്‍ എന്നിവ കണ്ടെത്തി. പാതി നിര്‍മ്മാണത്തിലിരുന്ന നോട്ടുകള്‍ക്കൊപ്പം 25,000 രൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി. വാളകം സ്വദേശി ശ്യാമാണ് ബുദ്ധികേന്ദ്രമെന്ന് ഷംനാദ് വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ ട്രോഫി അനാവരണം ചെയ്യാനെത്തിയ ബോളിവുഡ് താരം ദീപിക പദുകോണിനെ അഭിനന്ദിച്ചും പ്രശംസിച്ചും സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറയുന്നു. ഇന്ത്യയിലെ വിവാദങ്ങള്‍ക്ക് ഇടയിലാണ് ഖത്തറിലെ ലോകകപ്പ് വേദിയില്‍ ദീപിക തിളങ്ങിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിന് മുമ്പ് പ്രത്യേകം തയാറാക്കിയ ലൂയിസ് വ്യൂട്ടണ്‍ ട്രങ്കില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിച്ച കപ്പ് ദീപികയും സ്‌പെയിനിന്റെ മുന്‍ ക്യാപ്റ്റന്‍ ഇകര്‍ കസീയസും ചേര്‍ന്നാണ് ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത്.

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ എന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി അവര്‍ രംഗത്തെത്തുകയുമായിരുന്നു.

ഒരു വിഭാഗം ദീപികയെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ നിരവധി ആരാധകരാണ് താരത്തിന് പിന്തുണ അറിയിച്ച് സോഷ്യല്‍മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയത്. ഇതിനിടെയാണ് ദീപിക പദുക്കോണിന് അപൂര്‍വ സൗഭാഗ്യം ലഭിക്കുന്നത്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് മുംബൈ വിമാനത്താവളത്തിലെത്തിയ നടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

 

 

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാന്‍സിലെ തുരുവുകളില്‍ കലാപസമാനമായ അന്തരീക്ഷമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് ആരാധകര്‍ നിരവധി നഗരങ്ങളില്‍ കലാപസമാനമായ സ്ഥിതി ഉണ്ടാക്കിയതായാണ് വിവധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫ്രാന്‍സിലെ പാരീസ്, നൈസ് അടക്കമുള്ള നഗരങ്ങളില്‍ ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ആരാധകരെ നിയന്ത്രിക്കാന്‍ പോലീസ് ഇടപെടലുമുണ്ടായി. പലയിടത്തും അക്രമാസക്തരായ ആരാധകര്‍ പോലീസിന് നേരെ പടക്കങ്ങളും കല്ലുകളും വലിച്ചെറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

മുദ്രാവാക്യം വിളിച്ചുകൊണ്ട് തെരുവിലൂടെ നീങ്ങുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ അക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫൈനല്‍ മുന്‍നിര്‍ത്തി 14,000ത്തോളം പോലീസുകാരെയാണ് വിവിധ നഗരങ്ങങ്ങളില്‍ വിന്യസിച്ചിരുന്നത്.

പാരീസ് നഗരത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

കാലിക്കറ്റ് സര്‍വകലാശാലയിലെ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശി ഷെഹനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് മരിച്ച ഷെഹന്‍. കൂട്ടുകാരോടൊപ്പമാണ് പുലര്‍ച്ചെ അഞ്ച് മണിക്ക് ഷെഹന്‍ സ്വിമ്മിങ് പൂളിലെത്തിയതെന്നാണ് സൂചന.

അതേസമയം സംഭവത്തില്‍ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഷെഹിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോകകപ്പ് ആഘോഷത്തെ നിരാശയിലാക്കി കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ സംഘര്‍ഷം. ആഘോഷരാത്രിയ്ക്കിടെയാണ് മൂന്നുപേര്‍ക്ക് വെട്ടേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനുരാഗിന്റെ നിലയാണ് ഗുരുതരമയി തുടരുന്നത്. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം.

ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.ഫൈനലിലെ തോല്‍വിയില്‍ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

റോബിൻ എബ്രഹാം ജോസഫ്

മലയാള സിനിമയിലെ ഭാവിയെ കണ്ടെത്താൻ, അവരെ പാകപ്പെടുത്താൻ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോട്ടയത്തുള്ള കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. എന്നാൽ സമീപകാലത്ത് അവിടെ അരങ്ങേറുന്ന സംഭവങ്ങൾ സ്ഥാപനത്തിനും, കെ ആർ നാരായണൻ എന്ന അതുല്യ പ്രതിഭയുടെ പേരിനും കോട്ടംവരുത്തുന്നവയാണ്.

 

ഡയറക്ടർ സ്ഥാനത്തു ഇരുന്നുകൊണ്ട് അങ്ങേയറ്റം ഹീനമായ നടപടിക്രമങ്ങൾ കൈകൊള്ളുന്ന ശങ്കർ മോഹൻ തന്നെയാണ് ആ സ്ഥാപനത്തിന്റെ പേര് കളയുന്നതിൽ പ്രധാനി. മലയാള സിനിമയിലെ ഭാവിയെ വാർത്തെടുക്കാൻ നിയോഗികപ്പെട്ട ഒരു കൂട്ടം യുവജനങ്ങളെ ജാതീയമായും, ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടും ഇദ്ദേഹം നടത്തുന്ന ഇടപെടലുകൾ പരിശോധിക്കപ്പെടേണ്ടതാണ്. സംവരണം ആട്ടിമറിച്ചുകൊണ്ട് ജാതി ക്യാമ്പസ്സിനുള്ളിലേക്ക് പരസ്യമായി കൊണ്ടുവരുവാൻ ഈ മഹാൻ നടത്തുന്ന ഇടപെടലുകൾക്ക് അവസാനമുണ്ടാകണം.

വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന ഡയറക്ടർ, ആ പദവിക്ക് അനുയോജ്യൻ അല്ല. ധാർഷ്ട്യം തൊഴിലാളികളോടും വിദ്യാർത്ഥികളോടും അയാൾ വെച്ച് പുലർത്തുന്നതിൽ പ്രധാന കാരണം ജാതി തന്നെയാണ്. ഇൻസ്റ്റിറ്റ്യൂറ്റിലെ ക്ലീനിങ് സ്റ്റാഫിനെ കൊണ്ട്, കയ്യുറ ധരിക്കാതെ വീട്ടിലെ ബാത്റൂം വരെ ക്ലീൻ ചെയ്യിച്ച ശങ്കർ മോഹനെ തലസ്ഥാനത്തു നിന്ന് നീക്കാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം.

ഇരുപത്തിഒന്നാം നൂറ്റാണ്ടിലും കേരളത്തിലെ ഒരു ക്യാമ്പസ്സിൽ ജാതി മാനദണ്ഠമാക്കി പ്രവർത്തിക്കാൻ ഡയറക്ടർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ തയാറാകുന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സ്വഭാവം വെച്ച് പുലർത്തുന്ന നാട് എന്ന നാം അഭിമാനിക്കുന്നതിനിടയിലാണ് ഇങ്ങനെയുള്ള സംഭവങ്ങൾ അരങ്ങേറുന്നത് എന്നുള്ളത് വിസ്മരിച്ചുകൂടാ.

ഐ എഫ് എഫ് കെ വേദിയിലും ഡയറക്ടർ വിദ്യാർത്ഥികളോട് കാണിച്ച അനീതി ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, അവരുടെ ഫെസ്റ്റിവലിൽ താമസം നിഷേധിക്കുന്നത് എന്ത് വിരോധാഭാസമാണ്. എങ്കിലും, അവരോട് ഐക്യപ്പെടുവാൻ മലയാള സിനിമയിലെ യുവ തലമുറ ഉണ്ട് എന്നുള്ളത് പ്രതീക്ഷ പകരുന്നതാണ്. ജിയോ ബേബിയും, മഹേഷ്‌ നാരായണനും ഒക്കെ അവരുടെ സിനിമ പോലെ തന്നെ നിലപാടുള്ളവരാണെന്ന് ഉറക്കെ വിളിച്ചു പറയുന്നു.

മുഖ്യധാര മാധ്യമം എന്ന ലേബൽ അവകാശപ്പെടുന്ന മാധ്യമങ്ങൾ ഇതിനോട് മുഖം തിരിച്ചുള്ള സമീപനമാണ് സ്വീകരിച്ചത് എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ജനാതിപത്യത്തിലെ നാലാം തൂൺ എന്ന വാദം ഉയർത്തുമ്പോൾ തന്നെ, ഇത്തരം വിഷയങ്ങളിൽ പാലിക്കുന്ന മൗനവും ചർച്ചചെയ്യപ്പെടണം. നട്ടെല്ല് പണയം വെക്കാത്ത ഏതാനും ചില മെയിൻസ്ട്രീം അല്ലാത്ത മാധ്യമങ്ങൾ മാത്രമാണ് വിഷയത്തെ ഗൗരവത്തോടെ സമീപിച്ചത്.

സമരങ്ങൾ അത്ര മോശം കാര്യം ഒന്നുമല്ല. നാം നേടിയെടുത്ത എല്ലാ അവകാശങ്ങളും നാളുകൾ നീണ്ടു നിന്ന പോരാട്ടത്തിലൂടെ തന്നെയാണ് സ്വന്തമാക്കിയത്. ഏതൊരു സമരത്തിനും ഒരു ലക്ഷ്യമുണ്ട്. സ്റ്റുഡന്റസ് കൗൺസിൽ നടത്തുന്ന സമരം ശങ്കർ മോഹൻ എന്ന ഡയറക്ടറെ നീക്കം ചെയ്യണം എന്ന ആവശ്യവുമായണ്. സർക്കാർ വിഷയത്തിൽ ഇടപ്പെട്ട് നീതി നടപ്പിലാക്കണം.

റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി .ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം, കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി. സിനിമ, സാഹിത്യം, രാഷ്ട്രീയം എന്നിവ ഇഷ്ട വിഷയങ്ങളാണ്.

RECENT POSTS
Copyright © . All rights reserved