നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ 29കാരനായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു പ്രതി.നെയ്യാറ്റിൻകര അഡിഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ഡിസംബർ 26ന് പുലർച്ചെ 1.30നായിരുന്നു കുന്നത്തുകാല്‍ വില്ലേജില്‍ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടില്‍ ഫിലോമിനയുടെ മകള്‍ ശാഖാകുമാരി കൊല്ലപ്പെട്ടത്. ബെഡ് റൂമില്‍ വച്ച് ബലം പ്രയോഗിച്ച് ശാഖാകുമാരിയുടെ വായും മുഖവും അമർത്തി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ശേഷം വലിച്ചിഴച്ച് വീടിന്റെ ഹാളില്‍ കൊണ്ടുപോയി ഷോക്കേസിലെ ഇലക്‌ട്രിക് സോക്കറ്റില്‍ വയറ് ഘടിപ്പിച്ച് ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേടായ സീരിയല്‍ ബള്‍ബ് സെറ്റ് ശാഖാകുമാരിയുടെ മൃതദേഹത്തില്‍ വിതറിയിടുകയും ചെയ്തിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ സംശയം പറഞ്ഞതോടെ, പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.പത്താംകല്ല് സ്വദേശിയാണ് അരുണ്‍.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഇലക്‌ട്രീഷ്യനായിരുന്ന അരുണ്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. വിവാഹം വേണ്ടെന്ന് തീരുമാനിച്ച് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ശാഖാകുമാരി അരുണുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ധനികയായിരുന്നു ശാഖാകുമാരി. സ്വത്തുക്കള്‍ക്ക് അവകാശിയായി ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമാണ് അരുണുമായുള്ള പ്രണയത്തിലും വിവാഹത്തിനും ഇടയാക്കിയത്. 2020 ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹം പരമരഹസ്യമാക്കി വയ്ക്കാനാണ് അരുണ്‍ ശ്രമിച്ചത്. വിവാഹത്തിനുമുമ്ബുതന്നെ അരുണ്‍ ശാഖാകുമാരിയില്‍ നിന്ന് പണം വാങ്ങുകയും ആ പണം ഉപയോഗിച്ച് കാർ , ബൈക്ക് എന്നിവ വാങ്ങി ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു. തെളിവില്ലാത്ത രീതിയില്‍ ശാഖാകുമാരിയെ കൊലപ്പെടുത്തിയശേഷം ഭർത്താവെന്നനിലയില്‍ സ്വത്തുക്കളുടെ അവകാശിയായി മാറുകയായിരുന്നു ലക്ഷ്യം. വെള്ളറട പൊലീസ് ഇൻസ്പെക്ടറായിരുന്ന എം ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്.
ഫ്രാൻസിസ് മാർപാപ്പയെ അവസാന നോക്ക് കാണാൻ വത്തിക്കാനിലേക്ക് വിശ്വാസി പ്രവാഹം. കരുണയുടെ കാവൽക്കാരന് അന്തിമോപചാരം അർപ്പിക്കാൻ ഇതുവരെയെത്തിയത് ഒരുലക്ഷത്തോളം വിശ്വാസികളാണ്.
സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധികരിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസയും പ്രതിനിധി സംഘത്തിലുണ്ട്.
ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മാർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഖാചരണമായിരിക്കും. അനുകമ്പയുടെയും സേവനത്തിന്‍റെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അനുസ്മരിച്ചു.
മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും.
ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ സംഭവത്തില്‍ മലപ്പുറം ജില്ലയിലെ അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി, രണ്ട് ദിവസത്തിനുളളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശ പ്രകാരമായിരുന്നു ഉത്തരവ്. വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കാനായി വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
2025 ഫെബ്രുവരി 13 ന് നിര്‍ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ, ജൂനിയര്‍ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി, അവധിയിലായിരുന്ന അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ഷാഹിന എ.കെ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നല്‍കും. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവൃത്തിച്ചു എന്നാണ് പരാതി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും 2025 ഫെബ്രുവരി 13 നും ഫെബ്രുവരി 20 നും ഇറക്കിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ചുമതലപ്പെടുത്തി.
കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍, ക്രിസ്തുമത വിശ്വാസികളായവര്‍ നടത്തുന്ന ധാരാളം എയ്ഡഡ് കോളജുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാര്‍ ഇന്‍കം ടാക്‌സ് നിയമങ്ങളും മറ്റ് സര്‍ക്കാര്‍ നിയമങ്ങളും പാലിക്കാതെ മുങ്ങിനടക്കുകയാണ്. പതിനായിരം കോടി രൂപയിലേറെ ഇന്‍കം ടാക്‌സ് വെട്ടിപ്പ് നടത്തിയതായി കാണുന്നുവെന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക ധനസ്ഥിതി പരിഗണിച്ച് ഈ തുക പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടേണ്ടത് ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. ഇന്‍കം ടാക്‌സ് വെട്ടിപ്പ് നടത്തുന്ന മുഴുവന്‍ ക്രിസ്ത്യാനികളായ ജീവനക്കാരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് അവരുടെ ഡിസിആര്‍ജിയില്‍ നിന്ന് തുക പിടിച്ചെടുത്ത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അടയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് അബ്ദുള്‍ കലാം ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന് അയച്ച അപേക്ഷയില്‍ പറയുന്നത്.
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ കബളിപ്പിച്ച് നടത്തുന്ന എയ്ഡഡ്/ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയുടെ ലൈസന്‍സ്, പ്രവര്‍ത്തനാനുമതി, അംഗീകാരം എന്നിവ റദ്ദാക്കണമെന്നും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും കത്തില്‍ ആവശ്യപ്പെുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും ഉത്തരവുകളുമാണ് വിവരാവകാശ രേഖ പ്രകാരം അബ്ദുള്‍ കലാം ആവശ്യപ്പെട്ടത്.
ഫെയ്‌സ്ബുക്കില്‍ ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി.കെ.പ്രജിത്തിനെയാണ്(39) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല.
പരാതിപ്രകാരം ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്യുകയുമായിരുന്നു.
നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിച്ചിരിക്കുന്ന ടാലൻ്റ് ഷോ ഫൈനലിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ടീം മാറ്റുരയ്ക്കും. ലിങ്കൺഷയർ കൗണ്ടിയിൽ നിന്നുള്ള നിരവധി ടീമുകളോട് മത്സരിച്ചാണ് അസോസിയേഷനിലെ കുട്ടികൾ അണിനിരക്കുന്ന റിഥമിക് കിഡ്സ് ടീം ഫൈനലിലെത്തിയത്. ഏപ്രിൽ 26 ശനിയാഴ്ച സ്കൻതോർപ്പിലെ ദി ബാത്ത്സ് ഹാൾ തിയേറ്ററിൽ നടക്കുന്ന സ്പോട്ട്ലൈറ്റ് ദി ബിഗ് നോർത്ത് ലിങ്കൺഷയർ ടാലൻ്റ് ഷോ ഫൈനലിൽ 13 ടീമുകൾ ഇടം നേടിയിട്ടുണ്ട്. ഇതിലെ ഏക നോൺ ഇംഗ്ലീഷ് ടീമാണ് ഡാൻസ് ഗ്രൂപ്പായ റിഥമിക് കിഡ്സ്. 200 ലധികം വീഡിയോ എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 35 ആക്ടുകളെയാണ് ഒഡീഷനായി നോർത്ത് ലിങ്കൺഷയർ തീയേറ്റേഴ്സ് ക്ഷണിച്ചത്. സ്റ്റേജിൽ തകർത്താടിയ 12 അംഗ റിഥമിക് കിഡ്സ് ടീം ജഡ്ജിമാരുടെ മനം കവരുന്ന പ്രകടനത്തോടെ ഫൈനലിലേയ്ക്ക് സെലക്ട് ചെയ്യപ്പെട്ടു. യുകെയിൽ നിരവധി ടാലൻറ് ഷോകൾക്കും ഡാൻസ് ടീമുകൾക്കും നേതൃത്വം നല്കുന്ന പ്രശസ്ത കോറിയോഗ്രാഫർ കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിലാണ് റിഥമിക് കിഡ്സ് ടീം സ്റ്റേജിലെത്തിയത്. കരോൾ ബ്ളസൻ, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാന ബിനു വർഗീസ്, ഇഷാൻ സൂരജ്, ഇവാ അജേഷ്, ജെസാ ജിമ്മി, ഇവാനാ ലിബിൻ, അഡ്വിക് മനോജ്, ജിയാ ജിമ്മി, സിയോണ പ്രിൻസ് എന്നിവരാണ് ടീമിലുള്ളത്.
കഴിഞ്ഞ വർഷം ഇന്ത്യൻ കൾച്ചറൽ അസോസിയേഷനിൽ നിന്നുള്ള ഗബ്രിയേല ബിനോയി ടാലൻ്റ് ഷോ ഫൈനലിൽ എത്തിയിരുന്നു. ആയിരത്തോളം വരുന്ന ഓഡിയൻസിനു മുന്നിൽ ഇന്ത്യൻ നൃത്തരൂപമായ ഭരതനാട്യം ഗബ്രിയേല അവതരിപ്പിച്ചത് ടാലൻ്റ് ഷോയിലെ പ്രത്യേകതയായി. ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് ആക്ടുകൾ പങ്കെടുക്കുന്ന ടാലൻ്റ് ഷോയിൽ കൂടുതൽ നോൺ ഇംഗ്ലീഷ് ടീമുകൾ ഇത്തവണ ഒഡീഷന് എത്താൻ ഈ പ്രകടനം കാരണമായെന്ന് നോർത്ത് ലിങ്കൺഷയർ തീയേറ്റേഴ്സ് പറഞ്ഞു. ടാലൻ്റ് ഷോയിൽ നോർത്ത് ലിങ്കൺഷയർ മേയർ മുഖ്യാതിഥിയായി പങ്കെടുക്കും. ഫൈനലിൽ ടോപ്പ് ഫോർ ടീമുകളെ ജഡ്ജസ് നിശ്ചയിക്കും. തുടർന്ന് ഓഡിയൻസ് വോട്ടിൻ്റെ അടിസ്ഥാനത്തിൽ ടാലൻ്റ് ഷോ വിജയികളെ പ്രഖ്യാപിക്കും. ടാലൻ്റ് ഷോ വിജയികൾക്ക് കപിൽ കെയർ ഹോംസ് സ്പോൺസർ ചെയ്തിരിക്കുന്ന 1000 പൗണ്ട് ക്യാഷ് പ്രൈസ് ലഭിക്കും.
സിനിമാ ഡയലോഗുകളെ വെല്ലുന്ന സംഭാഷണങ്ങളുമായി പൊതു സ്ഥലത്ത് വിദേശമദ്യം ഉപയോഗിക്കുകയും വീഡിയോ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്ന മുകേഷ് നായർക്കെതിരെ എക്സൈസ് നിരവധി കേസുകളെടുത്തിരുന്നെങ്കിലും ഒടുവിൽ പോക്സോ വകുപ്പിൽ കേസ് വന്നതോടെ മുങ്ങിയിരിക്കുകയാണ് വ്ലോഗർ മുകേഷ് നായര്‍.
പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തെങ്കിലും ഇത് കള്ളക്കേസാണെന്നാണ് മുകേഷ് പറയുന്നത്. കേസ് വ്യാജമാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് ഇൻസ്റ്റഗ്രാം പേജിലൂടെയുള്ള മുകേഷിന്‍റെ പ്രതികരണം.
കേസിന്‍റെ വിവരം അറിഞ്ഞ് താനും ഞെട്ടിയിരിക്കുകയാണെന്നും മുകേഷ് പറയുന്നു. അതേസമയം, പരാതിക്കാരിക്ക് 16 വയസ് മാത്രമേയുള്ളെന്നതിനാൽ റീൽസ് ചിത്രീകരിക്കാൻ അനുമതി വാങ്ങിയാൽപോലും കുറ്റകരമാണെന്നാണ് പൊലീസ് നിലപാട്.
കേസെടുത്ത കോവളം പൊലീസ് പ്രതിക്കായി തെരച്ചിൽ തുടങ്ങി. വീട്ടിലും മറ്റും അന്വേഷിച്ചെങ്കിലും പ്രതി ഫോൺ ഉൾപ്പടെ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കോവളം പൊലീസെടുത്തിരിക്കുന്ന കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി നൽകിയത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് റീൽസ് ചിത്രീകരണം നടന്നത്.
വ്ലോഗര്‍ മുകേഷ് നായരായിരുന്നു ഇതിൽ അഭിനയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധനഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്.
ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ ചെയ്തുവന്നിരുന്ന ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലും കേസുകളുണ്ട്.
ബാർ ഉടമകളുമായി ചേർന്ന് നടത്തിയ പരസ്യത്തിന്‍റെ ഭാഗമായാണ് വീഡിയോ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത്. ഇയാളുടെ ഇൻസ്റ്റാഗ്രാം പേജിലടക്കം മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നിരവധി വീഡീയോകളാണ് ഷെയർ ചെയ്തിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാഭ്യാസം ആരംഭിച്ചിരിക്കുകയാണ് വ്യോമസേന. ഓപ്പറേഷന്‍ ആക്രമണ്‍ എന്ന പേരിട്ടിരിക്കുന്ന വ്യോമാഭ്യാസത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളും സുഖോയ്-30 യുദ്ധവിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. അംബാല, ഹഷിമാര എയര്‍ ബേസുകളില്‍ നിന്നാണ് റഫാല്‍ യുദ്ധവിമാനങ്ങളെത്തിയത്.
വ്യോമാഭ്യാസത്തില്‍ സേന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പര്‍വത പ്രദേശങ്ങളിലും സമതലപ്രദേശങ്ങളിലും നടത്തുന്ന കരയാക്രമണങ്ങളുടെ വിവിധ രീതികള്‍ സേന പ്രദര്‍ശിപ്പിച്ചു. പരിചയസമ്പന്നരായ വ്യോമസേന പരിശീലകരുടെ നേതൃത്വത്തിലാണ് വ്യോമാഭ്യാസം നടത്തുന്നത്. മെറ്റിയോര്‍, റാംപേജ് ആന്‍ഡ് റോക്സ് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വ്യോമാഭ്യാസത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഫേല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന മിസൈലുകളാണ് ഇവ.
ഇപ്പോള്‍ വ്യോമാഭ്യാസം നടത്തുന്നതിന്റെ കാരണം സേന വ്യക്തമാക്കിയിട്ടില്ല. 2019 ല്‍ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുചെന്ന് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്തിരുന്നു. മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് അന്ന് വ്യോമസേന ആക്രമണം നടത്തിയത്.
അന്നത്തെ ആക്രമണത്തിന് ശേഷമാണ് ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. റഫാലിന് നിലവില്‍ പാക് വ്യോമസേനയ്ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശേഷി ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് പുറമെ പാകിസ്ഥാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണങ്ങള്‍ തടയാനും എസ്-400 പ്രതിരോധ സംവിധാനങ്ങളുമുണ്ട്.
മാർ ജോസഫ് സ്രാമ്പിക്കൽ
കരുണയുടെയും ദാരിദ്ര്യത്തിൻ്റെയും പ്രതീകമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ 2025 ഏപ്രിൽ 21-നു നിത്യപിതാവിൻ്റെ സന്നിധിയിലേക്കു ജീവൻ്റെ കിരീടം നേടാനായി കടന്നുപോയി.
2016 ജൂലൈ 16-ാം തീയതി കരുണയുടെ അസാധാരണ ജൂബിലിവർഷത്തിൽ പൗരസ്ത്യ പാരമ്പര്യങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് പാപ്പായാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സ്ഥാപിച്ചതും അതിൻ്റെ പ്രഥമ മെത്രാനായി എന്നെ നിയമിച്ചതും. പൗരസ്ത്യസുറിയാനി ആരാധനക്രമവും ദൈവശാസ്ത്രവും ആധ്യാത്മികതയും ശിക്ഷണക്രമവും സംസ്കാരവും ഗ്രേറ്റ് ബ്രിട്ടണിൽ വളർന്നു പന്തലിക്കുന്നതിനാണ് പാപ്പാ നമ്മുടെ രൂപത സ്ഥാപിച്ചത്. പരിശുദ്ധ പിതാവുമായി വ്യക്തിപരമായി നടത്തിയ ഏഴു കൂടിക്കാഴ്ചകൾ ദൈവകരുണയുടെ അവിസ്മരണീയവും അവാച്യവുമായ അനുഭവമാണ് സമ്മാനിച്ചത്. പരിശുദ്ധ പിതാവ് നിത്യതയിലേക്കു പ്രവേശിക്കുന്ന ഈ സമയത്ത് കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ആ സുകൃതജീവിതത്തെ അനുസ്മരിക്കുകയും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രാർത്ഥനകൾ സമർപ്പിക്കുകയും ചെയ്യുന്നു.
മിശിഹായിൽ സ്നേഹപൂർവ്വം,
യൗസേപ്പ് സ്രാമ്പിക്കൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ മെത്രാൻ
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ ഒരുക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷം ഏപ്രിൽ 27 ന് ഞായറാഴ്ച്ച ആർഭാടമായി കൊണ്ടാടുന്നു. ആഘോഷവും വിപുലമായും സംഘടിപ്പിക്കുന്ന ‘സർഗം ഹോളി ഫെസ്റ്റ്സ്’ നെബ് വർത്ത് വില്ലേജ് ഹാളിൽ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിമുതൽ രാത്രി ഒമ്പതുമണിവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സർഗ്ഗം ഭാരവാഹികൾ.
ഈസ്റ്ററും, വിഷുവും, ഈദുൾ ഫിത്തറും നൽകുന്ന നന്മയുടെ സന്ദേശങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ‘സർഗം ഹോളി ഫെസ്റ്റ്സ്‘ ആകർഷകങ്ങളായ കലാപരിപാടികൾ അരങ്ങു വാഴുന്ന ‘കലാസന്ധ്യ’, സംഗീതസാന്ദ്രത പകരുന്ന ‘സംഗീത നിശ’ അടക്കം നിരവധി ആകർഷകങ്ങളായ പരിപാടികൾ സദസ്സിനായി അണിയറയിൽ ഒരുങ്ങുന്നതായി സർഗം പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.
ഉച്ചക്ക് കൃത്യം മൂന്ന് മണിക്ക് ‘സ്റ്റാർട്ടർ മീൽ’ വിളമ്പുന്നതും നാല് മണിയോടെ വിതരണം നിർത്തി ഈസ്റ്റർ-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്ക്കാരിക പരിപാടികൾക്ക് ആരംഭം കുറിക്കും. വർണ്ണാഭമായ കലാവിരുന്നും, സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങളും, ഗംഭീരമായ ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന സർഗ്ഗം ആഘോഷ സദസ്സിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ സർഗ്ഗം ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
മനോജ് ജോൺ (പ്രസിഡന്റ്) – 07735285036
അനൂപ് മഠത്തിപ്പറമ്പിൽ (സെക്രട്ടറി) – 07503961952
ജോർജ്ജ് റപ്പായി (ട്രഷറർ) – 07886214193
April 27th Sunday, 14:00-21:00
Knebworth Village Hall, Park Lane , Knebworth, SG3 6PD
അമേരിക്കയില്‍ വാഹനപാകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്ന കോഴിക്കോട് വടകര സ്വദേശിനി ഹെന്ന(21)യാണ് മരിച്ചത്.
വടകര സ്വദേശി അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളാണ് മരിച്ച ഹെന്ന.രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലാണ് താമസിച്ചിരുന്നത്.
കോളേജിലേക്ക് പോകുന്ന വഴിയില്‍ ഹെന്ന സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.