Latest News

നടിക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി ബോബി ചെമ്മണ്ണൂര്‍. കേസിലെ അറസ്റ്റ് നടപടികള്‍ക്കായി പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ ഫാംഹൗസില്‍നിന്ന് കാറില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ പുറത്ത് കാത്തിരുന്ന പോലീസ് സംഘം കാര്‍ വളഞ്ഞ് ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോകുകയോ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് തടയാനായിരുന്നു പോലീസിന്റെ ഈ അതിവേഗനീക്കം. ഫാംഹൗസില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ പിന്നീട് എ.ആര്‍. ക്യാംപിലേക്കാണ് കൊണ്ടുപോയത്. അവിടെന്ന് പോലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു.

ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ബോബി ചെമ്മണ്ണൂരുമായി പോലീസ് സംഘം കൊച്ചിയിലെത്തിയത്. ബോബിയെ കൊണ്ടുവരുന്നതറിഞ്ഞ് മാധ്യമപ്രവർത്തകരും ജനങ്ങളും സ്റ്റേഷന് സമീപമുണ്ടായിരുന്നു. തുടര്‍ന്ന് തിരക്കിനിടയിലൂടെ പോലീസ് പ്രതിയെ പുറത്തിറക്കി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി.

ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ചതിന് പിന്നാലെ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ചോദ്യംചെയ്തുവരികയാണ്.

ബോബി ചെമ്മണ്ണൂരിനെ ബുധനാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്നാണ് സൂചന. വ്യാഴാഴ്ചയാകും കോടതിയില്‍ ഹാജരാക്കുക. ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ഫോണും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം.

അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്. കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരിക്കാനാണ് പോലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

നടൻ സിദ്ദിഖ് ഉൾപ്പെട്ട ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയൻ മുൻകൂർ ജാമ്യം എടുത്തത് പോലീസിന് തിരിച്ചടിയായിരുന്നു. ഹണി റോസിന്റെ പരാതിയിൽ പോലീസ് നടത്തിയ ചടുല നീക്കം മുൻകൂർ ജാമ്യാപേക്ഷയുമായി ആരോപണ വിധേയൻ കോടതിയെ സമീപിക്കുന്നത് ഒഴിവാക്കാനായി.

ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകള്‍ ഒരുക്കിയിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക് പോകാനും ആവശ്യമായ ആശ്വാസനടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ ഏഴ് ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക. ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ബസുകള്‍ക്കും ട്രക്കുകള്‍ക്കും പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങള്‍ അവതരിപ്പിക്കും. ഡ്രൈവര്‍മാര്‍ക്ക് ഉറക്കം വരാന്‍ സാധ്യതയുണ്ടെങ്കില്‍ അവരെ അറിയിക്കാനുള്ള ഓഡിയോ വാണിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മോശം സ്റ്റിയറിങ് നിയന്ത്രണം കണ്ടെത്തുമ്പോള്‍ ആക്റ്റിവേറ്റ് ചെയ്യുന്ന ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം എന്നിവയാണ് നിര്‍ബന്ധമാക്കുക.

കൊമേഴ്‌സ്യല്‍ ഡ്രൈവര്‍മാര്‍ പ്രതിദിനം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഡ്രൈവിങ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ആധാര്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ പരിഗണിക്കുന്നുണ്ടെന്ന് ഗഡ്കരി വെളിപ്പെടുത്തി.

അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലം 5,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കുമെന്നും 2025 മാര്‍ച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നടി ഹണി റോസിന്റെ പരാതിയില്‍ പോലീസ് കസ്റ്റഡിയെലടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കും.

നിരന്തരം അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരേ ഹണി റോസിന്റെ പരാതി. കഴിഞ്ഞദിവസം ഹണി റോസ് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ വയനാട്ടിലെ ഫാംഹൗസില്‍നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഹണി റോസിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് നടപടി. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്ന് സൂചനയുള്ളതിനാല്‍ എറണാകുളത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘം അതിവേഗം വയനാട്ടിലെത്തി. കഴിഞ്ഞദിവസം മുതല്‍ വയനാട് മേപ്പാടിയിലെ ഫാംഹൗസിലായിരുന്നു ബോബി ചെമ്മണ്ണൂര്‍. ‘1000 ഏക്കര്‍’ എന്ന പേരിലുള്ള ഇവിടെ റിസോര്‍ട്ടും തേയില എസ്‌റ്റേറ്റുമുണ്ട്. ഇവിടേക്കാണ് പുലര്‍ച്ചെയോടെ പോലീസ് സംഘമെത്തിയത്.

പുലര്‍ച്ചെ നാലുമണി മുതല്‍ ‘1000 ഏക്കറി’ന് സമീപം എറണാകുളത്തുനിന്നുള്ള അന്വേഷണസംഘവും വയനാട് എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡും തമ്പടിച്ചിരുന്നു. തുടര്‍ന്ന് രാവിലെ ബോബി ചെമ്മണ്ണൂര്‍ കാറില്‍ ഫാംഹൗസില്‍നിന്ന് പുറത്തേക്ക് വന്നപ്പോള്‍ പോലീസ് സംഘം കാര്‍ വളഞ്ഞാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ സ്വകാര്യവാഹനത്തില്‍ എ.ആര്‍. ക്യാമ്പിലെത്തിച്ചു. ഇവിടെനിന്ന് എറണാകുളത്തേക്കും.

പോലീസിന്റെ ബൊലേറോ ജീപ്പിലാണ് ബോബി ചെമ്മണ്ണൂരുമായി അന്വേഷണസംഘം വയനാട്ടില്‍നിന്ന് കൊച്ചിയിലെത്തിയത്. പോലീസ് വാഹനത്തിലും ചെറുചിരിയോടെയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ യാത്ര. ബൊലേറോ ജീപ്പിന്റെ രണ്ടാംനിരയിലെ സീറ്റില്‍ രണ്ടുപോലീസുകാര്‍ക്കിടയിലായിരുന്നു ബോബി ഇരുന്നത്.

അതിനിടെ, ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം. കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരേ ഹണി റോസ് രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.

ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. അതേസമയം, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഹണി റോസ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പരാതിയുടെ വിവരങ്ങള്‍ നടി പുറത്തുവിട്ടത്. ‘താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കു, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.’ വിവരം അറിയിച്ചുകൊണ്ട് ഹണി റോസ് കുറിച്ചു.

കഴിഞ്ഞ ദിവസം ഒരു കുറിപ്പിലൂടെ ഹണി റോസ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് മനഃപൂര്‍വ്വം വലിച്ചിഴയ്ക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ പറയുകയുമാണ് ഈ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ദ്വയാര്‍ഥ പ്രയോഗം നടത്തി, പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30-ഓളം പേര്‍ക്കെതിരേ ഞായറാഴ്ച്ച രാത്രി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കി. നടിയുടെ പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കുമ്പളം സ്വദേശി ഷാജിയെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കളിക്കുന്നതിനിടെ തെരുവ്‌നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ (ഒമ്പത്) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എല്‍.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്.

വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് അടുത്ത പറമ്പിലെ കിണറ്റില്‍ മുഹമ്മദ് ഫസൽ വീണത്.

കുട്ടികള്‍ പല വഴിക്ക് ഓടിയതിനാൽ അവര്‍ മുഹമ്മദ് ഫസലിനെ കുറിച്ച് ആദ്യം അന്വേഷിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയതെന്ന് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം പി.കെ മുഹമ്മദാലി പറഞ്ഞു.

മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റിൽ വീഴുകയായിരുന്നെന്നാണ് കരുതുന്നത്.

തൃശൂർ അതിരൂപതയിലെ വൈദികനായ റ്റെറിനച്ചൻ 2018 ജൂൺ മാസമാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻെറ നിർദ്ദേശപ്രകാരം ബിർമിങ്ഹാം റീജിയണലിനെ സീറോ മലബാർ ചാപ്ലിനായി സ്ഥാനമേറ്റെടുക്കുന്നത്. തുടർന്ന് ബഹുമാനപ്പെട്ട അച്ചൻ റീജിയണിലെ വിവിധ കുർബാനാകേന്ദ്രങ്ങളിലെ പ്രതിനിധിയോഗങ്ങളുമായി ചേർന്നു നടത്തിയ അക്ഷീണപരിശ്രമത്തിൻ്റെ ഫലമായി ഏതാനും മാസങ്ങൾക്കുള്ളിൽ വോൾവർഹാംപ്ടൺ കേന്ദ്രീകരിച്ച്‍ ഔവർ ലേഡി ഓഫ് പെർപ്പിച്എൽ ഹെൽപ് വോൾവർഹാംപ്ടൺ മിഷനും, സ്റ്റോക്ക് ഓൺ ട്രെൻറ് കേന്ദ്രീകരിച്ച് ഔവർ ലേഡി ഓഫ് പെർപ്പിച്എൽ ഹെൽപ് സ്റ്റോക്ക് ഓൺ ട്രെൻറ് മിഷനും, ബർമിങ്ഹാം കേന്ദ്രീകരിച്ച്‍ സെൻറ് ബെനഡിക്ട് മിഷനും രൂപപ്പെട്ടു. 2018 നവംബർ മുപ്പതാം തീയതി അന്നത്തെ സീറോമലബാർ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വലിയ പിതാവ് സെൻറ് ബെനഡിക്ട് മിഷൻ ഉദ്‌ഘാടനം ചെയ്യുകയും ബഹുമാനപ്പെട്ട റ്റെറിനച്ചനെ പ്രഥമ മിഷൻ ഡയറക്ടർ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ആറു വർഷങ്ങളിൽ ടെറിനച്ചൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി അഭൂതപൂർവ്വമായ വളർച്ചയാണ് ഈ ഇടവകയിൽ ഉണ്ടായത്. നോർത്ത്ഫീൽഡ്, സ്ടെച്ച്ഫോർഡ്, വാമലി എന്നീ പ്രദേശങ്ങളിലായി ചിതറിക്കിടന്ന നൂറ്റമ്പത് കുടുംബങ്ങളെ ചേർത്ത് രൂപീകരിച്ച ഇടവകയിൽ ഇപ്പോൾ ഏകദേശം മുന്നൂറ് കുടുംബങ്ങൾ അംഗങ്ങളായുണ്ട്. എല്ലാ ഞായറാഴ്‌ചയും ദേവാലയത്തോടു ചേർന്നുള്ള സ്‌കൂളിൽ ഒന്ന് മുതൽ പന്ത്രണ്ടുവരെയുള്ള ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്കായി മതപഠനക്ളാസ്സുകൾ നടത്തപ്പെടുന്നു. കൂടാതെ യുവജനങ്ങൾക്കായി യൂത്ത് കാറ്റക്കിസം ക്‌ളാസ്സുകളും എല്ലാ ഞായറാഴ്ചകളിലും നടത്തപ്പെടുന്നു. ടെറിനച്ചൻ്റെ ആത്മാർത്ഥതയിലും കഠിനാദ്ധ്വാനത്തിലും നിന്ന് ആവേശമുൾക്കൊണ്ട് തങ്ങളെ ക്രിസ്തുവിനും ഭാവിതലമുറയ്ക്കുംവേണ്ടി സ്വയം സമർപ്പിച്ചിരിക്കുന്ന ഒരുപറ്റം കാറ്റക്കിസം അദ്ധ്യാപകരാണ് ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

ടെറിനച്ചൻ്റെ ശുശ്രൂഷകളുടെ വലിയ ഒരു പ്രത്യേകത ദിവ്യകാരുണ്യാരാധനയ്ക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ്. എല്ലാ ആഴ്ച്ചകളിലും ബുധൻ വെള്ളി ദിവസങ്ങളിൽ ദിവ്യകാരുണ്യാരാധനയും വിശുദ്ധകുർബാനയും നടത്തുന്നതോടൊപ്പം വിശേഷാവസരങ്ങളിൽ ദൈവജനത്തിൻ്റെ ഒരുക്കത്തിനായി ദിവസങ്ങളോളം തുടർച്ചയായി ദിവ്യകാരുണ്യാരാധന നടത്തുന്ന പതിവും അച്ചനുണ്ടായിരുന്നു. ക്രിസ്തുമസിന് മുൻപായി ഡിസംബറിൽ 24 ദിവസം തുടർച്ചയായി ദിവ്യകാരുണ്യാരാധനയും എല്ലാ ദിവസവും വിശുദ്ധകുർബാനയും ഇടവക ദേവാലയത്തിൽ ഒരുക്കിയത് സവിശേഷശ്രദ്ധയാകര്ഷിച്ചു. രോഗം മൂലവും ഓപ്പറേഷനു ശേഷവും വീട്ടിൽ വിശ്രമിക്കുന്നവർക്ക് ദിവ്യകാരുണ്യവുമായി ഒരു ദൈവദൂതനെപ്പോലെ എത്തുന്ന ടെറിനച്ചൻ്റെ മുഖം ഇടവകാംഗങ്ങൾക്ക് മറക്കാനാവില്ല.

ടെറിനച്ചൻ പ്രേത്യേക താത്പര്യമെടുത്തു രൂപീകരിച്ച മെൻസ് ഫോറം വിവിധ കലാകായിക മത്സരങ്ങളാൽ ഇടവക ജീവിതത്തെ ആനന്ദഭരിതമാക്കുമ്പോൾ വിമൻസ് ഫോറം സ്‌കിറ്റുകളും വിവിധ നൃത്തപരിപാടികളുമായി സജീവമായി പ്രവർത്തിക്കുകയും കൂട്ടായ്മയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. കൊയർ ടീം ദേശീയതലത്തിലെ പല മത്സരങ്ങളിലും ഉജ്ജ്വല വിജയം സ്വന്തമാക്കി രൂപതയിലെ ഏറ്റവും മികച്ച പാട്ടുകാരായി പേരെടുത്തുകഴിഞ്ഞു. സൺഡേ സ്കൂൾ കലാമത്സരങ്ങളിൽ തുടർച്ചയായി റീജിയണൽ, നാഷണൽ തലങ്ങളിൽ വിജയം നേടിക്കൊണ്ട് പുതുതലമുറയും അഭിമാനപൂർവ്വം മുന്നിട്ടു നിൽക്കുന്നു. ഇങ്ങനെ സെൻറ്‌ ബെനഡിക്ട് മിഷനെ രൂപതയുടെ മാതൃകാഇടവകയാക്കി മാറ്റിയതിൽ ടെറിനച്ചൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. രൂപതയ്ക്ക് ഒരു അജപാലനകേന്ദ്രം ആവശ്യമായ പ്രേത്യേക സാഹചര്യത്തിൽ പ്രത്യേക ടീമുകൾ ഫോം ചെയ്ത് ഊർജ്ജസ്വലമായ കഠിനപ്രയത്നത്തിലൂടെ ഇടവകാംഗങ്ങളിൽനിന്ന് വലിയൊരു തുക കണ്ടെത്തി മറ്റിടവകകൾക്കെല്ലാം മാതൃകയായത് പ്രേത്യേകം സ്‌മരിക്കുന്നു. ഏല്ലാ വർഷവും നാട്ടിൽ വീടില്ലാത്ത ഒരു കുടുംബത്തിനെങ്കിലും വീടുവച്ചുകൊടുക്കണമെന്ന് അച്ചൻ ആഗ്രഹിച്ചപ്പോൾ അനേകം ഇടവകാംഗങ്ങൾ അതിൽ പങ്കുചേരുകയും അങ്ങനെ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അര ഡസനോളം ഭവനരഹിതർ അതിൻ്റെ പ്രയോജനം അനുഭവിക്കുകയും ചെയ്തു. ആദിലാബാദ് മിഷൻ രൂപതയ്ക്ക് ദേവാലയങ്ങൾ പണികഴിപ്പിക്കാനും മറ്റു ചാരിറ്റിപ്രവർത്തങ്ങൾക്കുമായി ശേഖരിച്ച് നൽകിയ സംഭാവനകളും പ്രത്യേക സ്മരണയർഹിക്കുന്നു.


കുട്ടികളോട് തമാശപറഞ്ഞു ചിരിക്കുന്ന, യുവാക്കളോടുകൂടെ ഫുട്ബോൾ കളിക്കുന്ന, സ്കിറ്റുകളിൽ അഭിനയിക്കുന്ന, പാട്ടുപാടി എല്ലാവരേയും സന്തോഷിപ്പിക്കുന്ന ടെറിനച്ചൻ ഇടവകാംഗങ്ങൾക്ക് ഓരോരുത്തർക്കും വികാരിയച്ചൻ എന്നതിനേക്കാൾ ഏറ്റവും അടുത്ത ഒരു കുടുംബാംഗമാണ്. അതുകൊണ്ടുതന്നെ ജനുവരി 12 ന് അച്ചൻ വിടപറഞ്ഞു നാട്ടിലേക്ക് പോകുമ്പോൾ സെൻറ് ബെനഡിക്ട് മിഷനിലെ ഓരോ വ്യക്തിയും ഉള്ളിലെ വേദനയടക്കിക്കൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട അച്ചനെ കൂടുതൽ കൃപകളാല്‍ നിറയ്ക്കണമേ ദൈവമേയെന്ന് പ്രാർത്ഥിക്കുകയും അച്ചനായി ഹൃദയം നിറയെ ആശംസകൾ നേരുകയും ചെയ്യുന്നു.

അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരേ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരേ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരേയുള്ള പരാതികള്‍ പുറകേയുണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു. എന്ന് പരാതി നൽകിയ ശേഷം ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെ പിന്‍ഗാമിയാവാന്‍ സാധ്യതയുള്ളവരുടെ പേരുകളില്‍ ഇടംപിടിച്ച് തമിഴ്‌ വംശജ അനിത ആനന്ദും. കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രികൂടിയായ അനിത ആനന്ദ് നേരത്തെതന്നെ നിരവധി സര്‍ക്കാര്‍ സ്ഥാനങ്ങളിലിരുന്ന് വൈദഗ്ധ്യം തെളിയിച്ച വനിതയാണ്. 2019 മുതല്‍ ലിബറല്‍ പാര്‍ട്ടിയുടെ ഭാഗമായതിന് ശേഷം പാര്‍ട്ടി അംഗമെന്ന നിലയിലും അവർ ശ്രദ്ധേയയാണ്.

മുന്‍ കനേഡിയന്‍ പ്രതിരോധമന്ത്രികൂടിയായ അനിത ടൊറന്റോയിലെ ഓക്‌വില്ലയെ പ്രതിനിധാനം ചെയ്താണ് പാര്‍ലമെന്റിലെത്തിയത്. കനേഡിയന്‍ ഗതാഗത മന്ത്രിയും നിയമവിദഗ്ധയുമായ അനിത ക്വീന്‍സ് സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയൻസിൽ ബിരുദം നേടി. ഓക്‌സ്ഫര്‍ഡ് സര്‍വകലാശലയില്‍നിന്ന് നിയമതത്വശാസ്ത്രത്തിലും ഡല്‍ഹൗസി സര്‍വകലാശാലയില്‍നിന്ന് നിയമ പഠനത്തിലും ബിരുദം നേടി. തുടര്‍ന്ന് ടൊറന്റോ സര്‍വകാശാലയില്‍നിന്ന് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.

നോവസ്‌കോട്ടിയയിലെ കെന്റ് വില്ലയില്‍ ജനിച്ച അനിത ആനന്ദിന്റെ അമ്മ സരോജ് ഡി റാം പഞ്ചാവ് സ്വദേശിയും അച്ഛന്‍ എസ്.വി (ആന്‍ഡെ) തമിഴ്‌നാട് സ്വദേശിയുമാണ്. രണ്ടുപേരും ഡോക്ടര്‍മാരാണ്. അനിത ആനന്ദിനെ കൂടാതെ ഗീത ആനന്ദ്, സോണിയ ആനന്ദ് എന്നീ രണ്ട് സഹോദരികളുമുണ്ട്. ഇന്ത്യന്‍ സ്വതന്ത്ര സമര സേനാനി കൂടിയായ വി.എ സുന്ദരനാണ് അനിതയുടെ മുത്തച്ഛന്‍.

1960-കളിലാണ് അനിതയുടെ കുടുംബം നൈജീരിയയിലേയ്ക്ക് കുടിയേറിയത്. പിന്നീട് ഇവിടെനിന്ന് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. അന്ന് വെറും 5000 ആളുകള്‍ മാത്രമുണ്ടായിരുന്ന കെന്റ്‌വില്ലെ എന്ന സ്ഥലത്തായിരുന്നു താമസം. ഇവിടെവെച്ച് 1967-ല്‍ ആണ് അനിത ജനിക്കുന്നത്. പഠനത്തിന്റെ ഭാഗമായി 1985-ല്‍ ഒണ്‍ടാറിയോയിലേക്ക് മാറുകയും ചെയ്തു. പഠനവും രാഷ്ട്രീയ പ്രവേശനവുമെല്ലാം ഇവിടെവെച്ചായിരുന്നു. ബിരുദ പഠനകാലത്തെ സുഹൃത്ത് ജോണിനെ 1995-ല്‍ വിവാഹംകഴിച്ചു. കഴിഞ്ഞ 21 വര്‍ഷമായി ഓക്‌വില്ലെയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് നാല് കുട്ടികളുണ്ട്.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പബ്ലിക് സര്‍വീസസ് ആന്റ് പ്രൊക്യുയര്‍മെന്റ് മന്ത്രിയായിരുന്ന കാലത്തായിരുന്നു കോവിഡ് 19 വ്യാപനം. ഇക്കാലത്ത് രാജ്യത്ത് കോവിഡ് വാക്‌സിന്‍ എത്തിക്കുന്നതില്‍ അനിത നിര്‍ണായക പങ്കുവഹിച്ചു. 2021-ല്‍ കാനഡയുടെ പ്രതിരോധ മന്ത്രിയുമായി. പിന്നീട് ട്രഷറി ബോര്‍ഡില്‍ പ്രവര്‍ത്തിക്കുകയും കാനഡയുടെ ഗതാഗത മന്ത്രിയാവുകയും ചെയ്തു.

അനിതയെ കൂടാതെ മുന്‍ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഗവര്‍ണറായിരുന്ന മാര്‍ക് കാര്‍ണി, ധനമന്ത്രി ഡൊമനിക് ഡി ബ്ലാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അരുണ്‍ ഹരി (55), രമ മോഹന്‍ (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. ഇവര്‍ മാവേലിക്കര സ്വദേശികളാണ് എന്നാണ് വിവരം. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മെഡിസിറ്റിയിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്‌.

തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് സംഭവം.30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മരങ്ങളില്‍ തട്ടിനിൽക്കുകയായിരുന്നു ബസ്. ഞായറാഴ്ച പുലർച്ചെ മാവേലിക്കര ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെട്ട KL 15 A 1366 നമ്പറിലുള്ള കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് എയർ ബസ്സാണ് അപകടത്തിൽ പെട്ടത്.

ദേശീയപാതയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ പുല്ലുപാറയ്ക്ക് സമീപമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിയുകയായിരുന്നുവെന്നും രക്ഷപെട്ട
യാത്രക്കാര്‍ പറയുന്നു.

നിയന്ത്രണം വിട്ട ബസ് 30 അടി താഴ്ചയിലേക്ക് മറിയുകയും മരങ്ങളില്‍ തട്ടി നില്‍ക്കുകയുമായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പീരുമേടില്‍ നിന്നും മുണ്ടക്കയത്ത് നിന്നും ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.

RECENT POSTS
Copyright © . All rights reserved