യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സസ് നിമിഷ പ്രിയയുടെ മോചനത്തിൽ നേരിയ പ്രതീക്ഷ. ഇറാൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കുടുംബത്തിന് ബ്ലെഡ് മണി വാഗ്ദാനം ചെയ്ത് മാപ്പ് ചോദിച്ചാൽ നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്.
നിമിഷ പ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുളള വടക്കൻ യെമനിലാണ്. ഇറാനിലെ ഉദ്യോഗസ്ഥർ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്തുന്നുണ്ട്. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കാൻ ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സന്നദ്ധത അറിയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പുതിയ നീക്കം.
നിമിഷ പ്രിയയെ രക്ഷിക്കാനുളള ഏക മാർഗം കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിൻ്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിൻ്റെ കുടുംബവുമായും ഗോത്രത്തിൻ്റെ തലവന്മാരുമായും ചർച്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.
ബോബി ചെമ്മണൂരിന്റെ ജാമ്യ ഹര്‍ജി പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അടിയന്തരപ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ബോബിക്കായി കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തോട്, ഈ സമയത്ത് എന്താണ് ഇവിടെ എന്ന് ചോദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. സാധാരണഗതിയില്‍ നാലുദിവങ്ങള്‍ക്ക് ശേഷം മാത്രമേ ജാമ്യഹര്‍ജി പരിഗണിക്കൂ, ഈ കേസിലും അങ്ങനെയേ ചെയ്യുള്ളൂ. ബോബി ചെമ്മണൂരിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണനയില്ല, കോടതി അറിയിച്ചു.
മരണമൊഴി ഒഴികെ മറ്റൊരു മൊഴിയും ഈ കേസ് പരിഗണിക്കുന്ന അതേ മജിസ്‌ട്രേറ്റ് തന്നെ രേഖപ്പെടുത്തുന്നത് ശരിയല്ല എന്താണ് നിലവിലുള്ള ചട്ടം എന്ന പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേകോടതി തന്നെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു, ജാമ്യഹര്‍ജി കേട്ട് അതില്‍ തീരുമാനം എടുക്കുന്നു, ബോബി ചെമ്മണൂരിനെ ജയിലിലേക്ക് വിടുന്നു, ഇതൊന്നും ശരിയായ രീതിയല്ലെന്ന് പ്രതിഭാഗം വാദിച്ചു.
അതേസമയം, വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ തന്നെ പൊതുമധ്യത്തില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, അത് വളരെ മോശമായ രീതിയാണെന്ന് കോടതി പ്രതിയെ ബോധ്യപ്പെടുത്തി. അതിന് മറുപടിയായി, ബോബി ചെമ്മണൂര്‍ ഇനി മേലാല്‍ ഇത്തരത്തിലുള്ള ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പുകൊടുത്തിരിക്കുന്നത്.
ഇക്കാര്യം ബോബി ചെമ്മണൂരിനോട് പറയുകയും ഇനി ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിലവില്‍ ബോബി ചെമ്മണൂര്‍ ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരും.
ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് എടുക്കും. കൃത്യനിർവഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് വെച്ചാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞത്.
കോടതിയിൽ വെച്ച് ദേഹാസ്യാസ്ഥ്യമുണ്ടായതോടെ ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനക്ക് വേണ്ടി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. പ്രതിയുമായി പോകുന്ന പൊലീസ് വാഹനം തടഞ്ഞതോടെ ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളും സംഘര്‍ഷാവസ്ഥയുമുണ്ടായി.
മലയാളിക്ക് പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ആ മനോഹര ഗാനം നിലച്ചു. ഭാവഗായകൻ പി. ജയചന്ദ്രൻ (81) യാത്രയായി. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്.
മലയാളിക്ക് മനസ്സിനോടേറ്റവുമടുത്ത മൃദുഗാനങ്ങൾ കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. അരനൂറ്റാണ്ടിന്റെ ഗാനസപര്യ, ആയിരത്തിലേറെ ഗാനങ്ങൾ, ഏറക്കുറെ എല്ലാ ഗാനങ്ങളും ഹിറ്റ്. എന്നും ഹൃദയത്തിന്റെ സ്വരം, പ്രണയത്തിന്റെ ലയം. അന്വർഥമായ പേര് മലയാളി തിരികെനൽകി; ഭാവഗായകൻ.
1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായിട്ടാണ് പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗം, ലളിതഗാനം എന്നിവയിൽ സമ്മാനം നേടി.
1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്…’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന പാട്ടാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് അരനൂറ്റാണ്ട് മതിവരാതെ മലയാളി അദ്ദേഹത്തെ കേട്ടു. ‘രാജീവ നയനേ നീയുറങ്ങൂ’, ‘കേവലം മർത്യഭാഷ കേൾക്കാത്ത’ പോലുള്ള അനശ്വരഗാനങ്ങളാൽ പഴയകാലത്തെ ത്രസിപ്പിച്ചപോലെ ‘പൂേവ പൂേവ പാലപ്പൂവേ, ‘പൊടിമീശ മുളയ്ക്കണ പ്രായം,’ ‘ശാരദാംബരം…’ തുടങ്ങിയ പാട്ടുകളിലൂടെ പുതിയകാലത്തിനും അദ്ദേഹം പ്രിയങ്കരനായി.
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെ.സി. ഡാനിയേൽ അവാർഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം, അഞ്ചുതവണ സംസ്ഥാന പുരസ്കാരം. നാലുതവണ തമിഴ്‌നാട് സംസ്ഥാന പുരസ്കാരം, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, ‘സ്വരലയ കൈരളി യേശുദാസ് പുരസ്കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു.
രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. കേസിൽ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. മാത്രമല്ല, നടി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും ബോബി ചെമ്മണൂരിനായി ഹാജരായ അഡ്വ. ബി.രാമന്‍പിള്ള കോടതിയില്‍ വാദിച്ചു.
പരാതിക്കടിസ്ഥാനമായ ഉദ്ഘാടന ചടങ്ങിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരും പിന്നീട് മറ്റൊരു പരിപാടിയിലും ഒരുമിച്ച് പങ്കെടുത്തു. പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യമാകാം. പ്രസ്തുത പരിപാടിയുടെ വീഡിയോ തെളിവുകളുണ്ട്. നടി തന്നെ ഈ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോകള്‍ കോടതി കാണണമെന്നും പാസ്പോർട്ട് ഹാജരാക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
അതേസമയം, ബോബി ചെമ്മണൂരിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടി നല്‍കിയ പരാതിയിലെ വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദ്വയാര്‍ഥ പദപ്രയോഗം നടത്തിയ പ്രതി തുടര്‍ച്ചയായി നടിയെ അധിക്ഷേപിച്ചു. അനുവാദമില്ലാതെ മോശമായരീതിയില്‍ നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ആയിരക്കണക്കിനാളുകളുടെ മുന്നില്‍വെച്ചാണ് നടിയെ അപമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയുംചെയ്തു. ആ ഉദ്ഘാടനചടങ്ങില്‍നിന്ന് ഏറെ വേദനിച്ചാണ് നടി മടങ്ങിയതെന്നും ജാമ്യം നല്‍കിയാല്‍ പ്രതി ഒളിവില്‍പോകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രത്യേകസംഘം വയനാട്ടിലെ എസ്റ്റേറ്റില്‍നിന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കസ്റ്റഡിയിലെടുത്ത ബോബിയെ വൈകീട്ട് ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്. ചോദ്യംചെയ്യലിനുശേഷം 7.15-ഓടെ അറസ്റ്റ് രേഖപ്പെടുത്തി.
ബോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ റിസോര്‍ട്ടില്‍നിന്ന് കോയമ്പത്തൂരിലേക്ക് യാത്രതുടങ്ങിയ ബോബിയെ കാര്‍ തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ജീപ്പ് എത്തിച്ച് കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്നു. സ്വന്തംവാഹനത്തില്‍ എത്താമെന്ന് പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല.
തെറ്റുചെയ്തിട്ടില്ലെന്നും സംഭാഷണത്തെ ദ്വയാര്‍ഥമായി എടുത്തതാണെന്നും സ്റ്റേഷനിലേക്ക് കയറുംവഴി ബോബി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനിടെ, ബോബിക്കെതിരേയുള്ള പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹണി റോസ് രഹസ്യമൊഴി നല്‍കിയിരുന്നു. കൂടുതല്‍ ആരോപണങ്ങള്‍ നടി ഉന്നയിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്.
ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരംകിട്ടിയെന്നും നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും ഹണി റോസ് പ്രതികരിച്ചു. എനിക്ക് സംരക്ഷണംനല്‍കുന്ന സര്‍ക്കാരും പോലീസുമുള്ള ഒരു സംസ്ഥാനത്ത്, അങ്ങനെയൊരു രാജ്യത്താണ് ജീവിക്കുന്നതെന്ന ഉറച്ചബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതിനാലാണ് യുദ്ധത്തിനിറങ്ങിത്തിരിച്ചത് -അവര്‍ പറഞ്ഞു.
തൃശ്ശൂർ: ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം, മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്ത് 81-ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ ആഗാധ ശബ്ദസാഗരം ഇനി ബാക്കി.
‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദമുണ്ടായിരുന്നു. മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു പി. ജയചന്ദ്രന്റെ പാട്ടുകള്‍. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം ആറ് തവണയും ദേശീയ അവാര്‍ഡ് ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994 ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കരം എന്ന വലിയ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി.
1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ സ്‌നേഹത്തോടെ വിശേഷിപ്പിച്ചു, ഭാവഗായകനെന്ന്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി. പി.ഭാസ്‌കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ ഹരിനാരായണന്‍ വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന്‍തുടിച്ചു. രാസാത്തി ഉന്നൈ കാണാതെ. ശബ്ദതരംഗമായി തമിഴ്‌സിനിമ കീഴടക്കി
ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിന്‍ മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതന്‍ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികന്‍ ഞാന്‍, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങള്‍ ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പുറത്തുവന്നു.
1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയത്. 1972-ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി, 2004-ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021-ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. എം.എസ്.വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴില്‍ അവതരിപ്പിച്ചത്. 1973 ല്‍ പുറത്തിറങ്ങിയ ‘മണിപ്പയല്‍’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. രാസാത്തി ഉന്നെ കാണാതെ നെഞ്ച് (വൈദേഹി കാത്തിരുന്താള്‍), മയങ്കിനേന്‍ സൊല്ല തയങ്കിനേന്‍ (നാനേ രാജ നാനേ മന്തിരിയില്‍ നിന്ന്), വാഴ്കയേ വേഷം (ആറിലിരുന്തു അറുപതു വരൈ), പൂവാ എടുത്തു ഒരു (അമ്മന്‍ കോവില്‍ കിഴക്കാലെ), താലാട്ടുതേ വാനം (കടല്‍ മീന്‍കള്‍), കാതല്‍ വെണ്ണിലാ (വാനത്തെ പേലെ), ഒരു ദൈവം തന്ത പൂവേ(കന്നത്തില്‍ മുട്ടമിട്ടാള്‍), കനവെല്ലാം പലിക്കുതേ (കിരീടം) തുടങ്ങിയവ അതില്‍ ചിലതുമാത്രം.
2008 ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. 1982-ല്‍ പുറത്തിറങ്ങിയ എവരു വീരു എവരു വീരുവാണ് ജയചന്ദ്രന്‍ ഗാനമാലപിച്ച ആദ്യ തെലുങ്ക് ചിത്രം. 24 ചിത്രങ്ങളിലാണ് തെലുങ്കില്‍ അദ്ദേഹം ആലപിച്ചത്. കന്നഡയിലും 20-ഓളം ചിത്രങ്ങള്‍ക്കായി ഗാനം ആലപിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്. പുഷ്പാഞ്ജലി എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ഇന്നും ക്ലാസിക് ആയി നിലകൊള്ളുന്നു. ഇതിന് പുറമേ തമിഴില്‍ ദൈവ ദര്‍ശനം, താഗം, പാതൈ തുടങ്ങിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലും പാടി.
യേശുദാസിന്റെ ഗന്ധര്‍വസാന്നിധ്യത്തിലും ജയചന്ദ്രന്റെ കിന്നരനാദം വേറിട്ടുനിന്നു. നിറം എന്ന സിനിമയ്ക്ക് മുമ്പും ശേഷവും എന്ന് രണ്ട് ഘട്ടമായി പി.ജയചന്ദ്രന്റെ പാട്ടുജീവിതം ചരിത്രമായി നില്‍ക്കുന്നു. ഇടവേളയ്ക്ക് ശേഷം നിറത്തിലെ പ്രായം നമ്മില്‍ മോഹം തമ്മില്‍ എന്ന ഗാനത്തിലൂടെ തിരിച്ചുവരവ് നടത്തിയതും മികച്ച ഗായകനുള്ള അവാര്‍ഡ് നേടിക്കൊണ്ടായിരുന്നു .
ഭാവഗായകൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു
റോമി കുര്യാക്കോസ്
ഓ ഐ സി സി (യു കെ) ഇപ്സ്സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ 140 – മത് ജന്മദിനാഘോഷം രാജ്യസ്നേഹം വിളിച്ചോതുന്നതായി. ഇപ്സ്വിച്ച് മേരി മഗ്‌ധലീൻ പള്ളി ഹാളിൽ വച്ച് ജനുവരി 4ന് റീജിയന്റെ ക്രിസ്തുമസ് – ന്യൂ – ഇയർ ആഘോഷങ്ങളോടൊപ്പം സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പാതാകകളും ത്രിവർണ്ണ ബലൂണുകളും ക്രിസ്തുമസ് അലങ്കാരങ്ങളും കൊണ്ട് സമൃദ്ധമായി അലങ്കരിച്ച വേദിയിൽ, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി പങ്കെടുത്ത കേംബ്രിഡ്ജ് മേയർ Rt. Hon. Cllr. ബൈജു തിട്ടാല ‘കോൺഗ്രസ് പാർട്ടിയുടെ ചരിത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ഓ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയൻ പ്രസിഡന്റ് ബാബു മാങ്കുഴിയിൽ അധ്യക്ഷത വഹിച്ചു
ഓ ഐ സി സി (യു കെ) നാഷണൽ ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് ആമുഖവും, റീജിയൻ ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ് സ്വാഗതവും ആശംസിച്ചു. ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷണൽ വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന്, ചടങ്ങിൽ പങ്കെടുത്ത അതിഥികളും നാഷണൽ / ഇപ്സ്വിച് റീജിയൻ കമ്മിറ്റി ഭാരവാഹികളും ചേർന്നു 140 – മത് ജന്മദിനം ആഘോഷിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് ആശംസാവാചകം നേർന്നുകൊണ്ടുള്ള കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു.
ക്രിസ്തുമസ് – പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ച നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, കോൺഗ്രസ് പാർട്ടി ഇന്ത്യ രാജ്യത്തിന് നൽകിയ മഹത് സംഭാവനകളും ഇന്നത്തെ ഇന്ത്യ രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ് വഹിച്ച നിസ്തുല പങ്കും എടുത്തു പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ എണ്ണമറ്റ സ്വാതന്ത്ര സമരഭടന്മാർ ബലിദാനം നൽകിയ അടിത്തറയിലാണ് രാജ്യം നിലനിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
1885 – ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ചരിത്ര നാൾവഴിയും, സംഘടന ഉയർത്തിക്കൊണ്ട് വന്ന ആശയങ്ങളും പ്രവർത്തനങ്ങളും, സ്വതന്ത്ര സമര കാലത്തെ ഇടപെടലുകളും വളരെ സരളമായി തന്നെ കേംബ്രിഡ്ജ് മേയർ Rt. Hon. Cllr. ബൈജു തിട്ടാല തന്റെ മുഖ്യപ്രഭാഷണത്തിൽ
പറഞ്ഞു. ഒരു രാജ്യത്തിന്റെ തന്നെ പൈതൃകം പേറുന്ന, മതേതര – ജനാതിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ കോൺഗ്രസ് പാർട്ടിയുടെ സേവനങ്ങൾ ആരാലും മറക്കാൻ സാധിക്കാത്ത വിധം അഭേദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷങ്ങൾക്കായി ഒരുക്കിയ കലാവിരുന്നുകളും, ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയിലെ കൊച്ചു മിടുക്കർ അവതരിപ്പിച്ച ഡാൻസ് ഷോ, കേരള ബീറ്റ്സ് യു കെയുടെ കലാകാരന്മാർ അണിയിച്ചൊരുക്കിയ സംഗീത വിരുന്ന്, ഡി ജെ, ഇപ്സ്വിച് റീജിയനിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനങ്ങൾ, മിമിക്രി തുടങ്ങിയവ ആഘോഷരാവ് അവിസ്മരണീയമാക്കി.
ആഘോഷങ്ങളോടനുന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പിൽ സമ്മാനങ്ങൾ കരസ്തമാക്കിയ ഭാഗ്യശാലികൾക്കുള്ള സമ്മാനധാനം അതിഥികളും പരിപാടിയുടെ സ്പോൺസർമാരും ചേർന്നു നിർവഹിച്ചു.
പരിപാടിയുടെ സ്പോൺസർമാരായ ടിഫിൻ ബോക്സ് റെസ്റ്റോറന്റ്, മറിയും ടൂർസ് & ട്രാവലേഴ്‌സ്, വൈസ് മോർട്ട്ഗേജ് & പ്രൊട്ടക്ഷൻ, സമ്മാനങ്ങൾ സ്പോൺസർ ചെയ്ത കേരള സ്റ്റോർസ് എന്നിവരോടുള്ള നന്ദി റീജിയൻ പ്രസിഡന്റ് ബാബു മാങ്കുഴിയിൽ രേഖപ്പെടുത്തി.
റീജിയൻ കമ്മിറ്റി അംഗങ്ങൾ ചേർന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ സ്നേഹവിരുന്നും പുലർച്ച വരെ നീണ്ടുനിന്ന ഡി ജെയോടും കൂടി പരിപാടിക്ക് സമാപനം കുറിച്ചു.
നാഷണൽ ജോയിന്റ് സെക്രട്ടറിമാരായ കെ ജി ജയരാജ്, വിഷ്ണു പ്രതാപ്, ഇപ്സ്വിച്ച് യൂണിറ്റ് ഭാരവാഹികളായ അഡ്വ. സി പി സൈജേഷ്, ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യൻ, നിഷ ജെനിഷ്, ജോസ് ഗീവർഗീസ്, നിഷ ജയരാജ്, ജിൻസ് വർഗീസ്, ജോൺസൺ സിറിയക്, ബിജു ജോൺ, ആന്റു എസ്തപ്പാൻ, ജയ്മോൻ ജോസ്, ജെയ്സൺ പിണക്കാട്ട്, ബാബു മത്തായി തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം വഹിച്ചത്.
ജോർജ് മാത്യു
ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫോണോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.ഇടവക വികാരി ഫാ.മാത്യു എബ്രഹാം ,ഫാ .കാൽവിൻ പൂവത്തൂർ എന്നിവർ സഹ കാർമ്മികരാവും.
ജനുവരി 11ന് വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും ,തുടർന്ന് നടക്കുന്ന ധ്യാനപ്രസംഗത്തിന് ഫാ.കാൽവിൻ പൂവത്തൂർ നേതൃത്വം നൽകും .
ജനുവരി 12 ന് രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം ,വിശുദ്ധ മൂന്നിൻമേൽ കുർബാന ,പ്രസംഗം ,പ്രദിക്ഷണം , ആശിർവാദം എന്നിവ നടക്കും. തുടർന്ന് സ്നേഹവിരുന്ന് , ലേലം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും .
സ്തെഫനോസ് സഹദായുടെ പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.മാത്യു എബ്രഹാം , ട്രസ്റ്റി ഡെനിൻ തോമസ് , സെക്രട്ടറി പ്രവീൺ തോമസ് എന്നിവർ അറിയിച്ചു .
നടിക്കെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി ബോബി ചെമ്മണ്ണൂര്‍. കേസിലെ അറസ്റ്റ് നടപടികള്‍ക്കായി പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് ബുധനാഴ്ച രാവിലെയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ ഫാംഹൗസില്‍നിന്ന് കാറില്‍ പുറത്തേക്കിറങ്ങിയപ്പോള്‍ പുറത്ത് കാത്തിരുന്ന പോലീസ് സംഘം കാര്‍ വളഞ്ഞ് ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോകുകയോ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് തടയാനായിരുന്നു പോലീസിന്റെ ഈ അതിവേഗനീക്കം. ഫാംഹൗസില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ പിന്നീട് എ.ആര്‍. ക്യാംപിലേക്കാണ് കൊണ്ടുപോയത്. അവിടെന്ന് പോലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു.
ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ബോബി ചെമ്മണ്ണൂരുമായി പോലീസ് സംഘം കൊച്ചിയിലെത്തിയത്. ബോബിയെ കൊണ്ടുവരുന്നതറിഞ്ഞ് മാധ്യമപ്രവർത്തകരും ജനങ്ങളും സ്റ്റേഷന് സമീപമുണ്ടായിരുന്നു. തുടര്‍ന്ന് തിരക്കിനിടയിലൂടെ പോലീസ് പ്രതിയെ പുറത്തിറക്കി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി.
ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ചതിന് പിന്നാലെ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ചോദ്യംചെയ്തുവരികയാണ്.
ബോബി ചെമ്മണ്ണൂരിനെ ബുധനാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്നാണ് സൂചന. വ്യാഴാഴ്ചയാകും കോടതിയില്‍ ഹാജരാക്കുക. ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ഫോണും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം.
അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്. കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരിക്കാനാണ് പോലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.
നടൻ സിദ്ദിഖ് ഉൾപ്പെട്ട ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയൻ മുൻകൂർ ജാമ്യം എടുത്തത് പോലീസിന് തിരിച്ചടിയായിരുന്നു. ഹണി റോസിന്റെ പരാതിയിൽ പോലീസ് നടത്തിയ ചടുല നീക്കം മുൻകൂർ ജാമ്യാപേക്ഷയുമായി ആരോപണ വിധേയൻ കോടതിയെ സമീപിക്കുന്നത് ഒഴിവാക്കാനായി.
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് നടപടിയില്‍ ഹണി റോസ് നന്ദി അറിയിച്ചു. കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും താനും തന്റെ കുടുംബവും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു എന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.
തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകള്‍ ഒരുക്കിയിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക് പോകാനും ആവശ്യമായ ആശ്വാസനടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.