ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു.
സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടയിൽ കയ്യിൽ കരുതിയ കത്തിയുമായെത്തിയ അഖിൽ പെൺകുട്ടിയെ കുത്തി. ഇടത് കൈ തണ്ടയിലാണ് കുത്തേറ്റത്. തുടർന്ന് പെൺകുട്ടി പ്രാണരക്ഷാർത്ഥം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയാണ് ജീവൻ രക്ഷിച്ചത്.
തുടർന്ന് പൊലീസ് തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണൂര്‍ പാനൂരില്‍ കാമുകന്‍ കൊല്ലപ്പെടുത്തിയ വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കുസാറ്റ് പോളിമര്‍ ആന്റ് റബ്ബര്‍ ടെക്‌നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്.
‘അവള്‍ തേച്ചു അവന്‍ ഒട്ടിച്ചു’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. അധ്യാപകന്‍ മാപ്പ് പറയണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
ഇതിനിടെ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാം ജിത്തിനെ നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണ് പോലീസിന്റെ ഈ ആവശ്യം. പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് നടത്തും.
അതിനായിട്ടാണ് പോലീസ് കസ്റ്റഡി അപേക്ഷ കൊടുത്തിട്ടുള്ളത്. ഇന്ന് അപേക്ഷ പരിഗണിക്കും.ഇവര്‍ തമ്മില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ടായിരുന്നു, എപ്പോള്‍ മുതലാണ് ശ്യാംജിത്തിന്റെ മനസ്സില്‍ പക തോന്നിത്തുടങ്ങിയത്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. ഒപ്പം മറ്റ് ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിക്കും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. അയാളെ ഇവിടെക്ക് എത്തിക്കാനുള്ള നടപടികളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.
അയല്‍വാസികളെയും സാക്ഷിയാക്കാനാണ് ആലോചന. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മാതൃകപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്ന രീതിയിലേക്ക് എത്താനാണ് പോലീസ് നീക്കം.
കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടമായത് ഭാവി വാഗ്ദാനത്തെയാണെന്ന് എ കെ ആന്റണി പ്രതികരിച്ചു.
നിസ്വാര്‍ഥമായ പ്രവര്‍ത്തന ശൈലിയായിരുന്നു സതീശന്‍ പാച്ചേനിയുടെതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുസ്മരിച്ചു. ഏറെ അടുപ്പമുണ്ടായിരുന്ന നേതാവെന്ന് പി ജയരാജന്‍. പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള നേതാവായിരുന്നു പാച്ചേനിയെന്ന് വി ടി ബല്‍റാം പറഞ്ഞു.
മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ സതീശന്‍ പാച്ചേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
കെഎസ്‌യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
എന്നാല്‍ സതീശന്‍ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പുകളിലെ വിജയം അന്യമായിരുന്നു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുള്ള അദ്ദേഹം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
ഉണ്ണി മുകുന്ദന്‍ ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സിനിമയാണ് നിര്‍മിച്ച മേപ്പടിയാന്‍. ഈ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍ തനിക്കൊപ്പം ഈ വിജയത്തിനായി പ്രവര്‍ത്തിച്ച സംവിധായകന്‍ വിഷ്ണു മോഹന് ഏറ്റവും മികച്ച സമ്മാനം നല്‍കി ആദരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.
ഇന്ത്യയിലെ ആഡംബര വാഹനങ്ങളില്‍ മുന്‍നിര മോഡലായ മെര്‍സിഡസ് ബെന്‍സ് ജിഎല്‍എ 200 ആണ് ഉണ്ണി മുകുന്ദന്‍ തന്റെ വിജയ സംവിധായകന് സമ്മാനമായി നല്‍കിയിരിക്കുന്നത്. ബെന്‍സിന്റെ എസ് യു വി നിരയിലെ കുഞ്ഞന്‍ മോഡലാണ് ജിഎല്‍എ 200. കേരളത്തിലെ മുന്‍നിര പ്രീഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ഉണ്ണി മുകുന്ദന്‍ ഈ വാഹനം വിഷ്ണു മോഹനായി തെരഞ്ഞെടുത്തത്. സുഹൃത്തുകള്‍ക്കൊപ്പം എത്തിയാണ് വാഹനം ഏറ്റുവാങ്ങിയത്.
ഉണ്ണി മുകുന്ദന്‍- വിഷ്ണു മോഹന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സിനിമയ്ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി ലഭിച്ച നേട്ടങ്ങള്‍ ഒരോന്നായി കുറിച്ചതിനൊപ്പമാണ് വാഹനം കൈമാറുന്നതിന്റെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്. ഇത് വളരെ വൈകിയാണ് നിങ്ങളുടെ കൈയില്‍ എത്തുന്നത്. ഇത് കേവലം എന്റെ സമ്മാനമല്ല, നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു. എന്നിങ്ങനെയുള്ള അഭിനന്ദന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന്‍ വാഹനത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പെട്രോള്‍-ഡീസല്‍ എഞ്ചിനുകളില്‍ എത്തുന്ന വാഹനമാണ് മെഴ്സിഡീസ് ബെന്‍സ് ജി.എല്‍.എ. 200. 2.1 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്നീ എഞ്ചിനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിരുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. ഡീസല്‍ എന്‍ജിന്‍ മോഡലിന് 30 ലക്ഷം രൂപ മുതല്‍ 38.50 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 34.20 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെയുമായിരുന്നു എക്സ്ഷോറൂം വില.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി കുത്തിവച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.
സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നല്‍കിയപ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ എത്തി ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
അതിനുശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂര്‍ണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയില്‍ ശരീരം തളര്‍ന്നു പോകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വേഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തിക്കോസ്തൽ ഫെല്ലോഷിപ്പ് നടത്തുന്ന വാർഷിക കൺവൻഷൻ ഒക്ടോബർ 28നും 29 നും വൈകിട്ട് 6:30മണി മുതൽ 9 മണി വരെയും. യുത്ത് സെമിനാർ ശനിയാഴ്ച ഉച്ചക്ക് 3മണി മുതൽ 5 മണി വരെയും വാറ്റ്ഫോർഡിൽ. സുവിശേഷകൻ, ഉണർവ്വ് പ്രാസംഗികനും, ട്രിനിറ്റി എ.ജി. ചർച്ചിന്റെ പാസ്റ്റർ പ്രിൻസ് തൊമസ്, ജമ്മു & കാഷ്മീർ വാറ്റ്ഫോർഡിൽ ദൈവവചനം ശുശ്രൂഷിക്കുകയും പ്രത്യേക വിഷയങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
യുത്ത് സെമിനാർ പാസ്റ്റർ ജെസ്വിൻ ജെയിംസ് ബേബി, ബ്രിസ്റ്റൊൾ, യുകെ , നയിക്കുന്നത് യുത്ത് സെമിനാർ
ശനിയാഴ്ച ഉച്ചക്ക് 3മണി മുതൽ 5 മണി നടത്തുന്നു വാറ്റ്ഫോർഡിൽ. കൃത്യം 6.30 നു പ്രാർത്ഥിച്ചു ചർച്ച് കൊയറിന്റെ വർഷിപ്പ് ആരംഭിക്കും. മീറ്റിംഗ് നടക്കുന്നത് HOLLYWELL PRIMARY SCHOOL, TOLPITS LANE, WD 18 6LL, WATORD, HERTFORDSHIRE.
ഈ മീറ്റിംഗിലേക്കു ജാതി മത ഭാഷ ഭേദമെന്യേ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. പ്രാർത്ഥനയോടു കടന്നു വരിക, ദൈവ വചനം കേൾക്കുക, ആത്മീയ അനുഗ്രഹം പ്രാപിക്കുക…. ഫ്രീ പാർക്കിംഗ് ഉണ്ടായിരിക്കും.
Further details please contact Pastor Johnson George #07852304150 www.wbpfwatford.co.uk, Email:[email protected]
തിരുവനന്തപുരം കാട്ടായിക്കോണത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാൾ സ്വദേശി മുപ്പതുകാരന്‍ ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. കൊലപാതമെന്ന നിഗമനത്തില്‍ കൂടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
മങ്ങാട്ടുകോണത്ത് മഠത്തിൽമേലയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാഴി സംഘത്തിലെ ഒരാളാണ് മരിച്ച ഗോവിന്ദ്. ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിനൊന്ന് പേര്‍ താമസികുന്ന വീട്ടില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു.
ഇതില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. ഗോവിന്ദാണ് മൊബൈൽ മോഷ്ടിച്ചതെന്നാരോപിച്ച് മറ്റുള്ളവർ ഗോവിന്ദിനെ മർദ്ദിച്ചതിന് ശേഷം കെട്ടിതൂക്കിയിയെന്നാണ് പൊലീസ് സംശയിക്കുന്നത് . രാവിലെ തൂങ്ങിയ നിലയിൽ കണ്ട ഗോവിന്ദിനെ തുണി മുറിച്ചിട്ടെങ്കിലും മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്.
എന്നാല്‍ കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ചവരെ തടഞ്ഞ് പോത്തൻകോട് പോലീസിനു നാട്ടുകാര്‍ കൈമാറുകയായിരുന്നു.പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു എന്നാണ് പോലീസ് പറഞ്ഞു . ജില്ലാ പോലീസ് മേധാവിയും നെടുമങ്ങാട് Dysp യും സ്ഥലത്തെത്തി.
കുണ്ടന്നൂരിലെ ബാറില്‍ വെടിവെപ്പ്. കുണ്ടന്നൂര്‍ ജംങ്ഷനിലുള്ള ഓജീസ് കാന്താരി എന്ന ബാര്‍ ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്. മദ്യപിച്ചിറങ്ങിയ ആള്‍ ബാറിന്റെ ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. എന്നാല്‍ ഏഴു മണിയോടെയാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലീസ് അടച്ചുപൂട്ടിയിട്ടുണ്ട്.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ബാറിന്റെ ഭിത്തിയിലേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. വെടിവയ്പ്പ് കേസില്‍ പ്രതികള്‍ പിടിയില്‍. അഡ്വക്കേറ്റ് ഹറോള്‍ഡ് സുഹൃത്ത് റോജന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിര്‍ത്ത ആള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉള്ളതായി പറയുന്നുണ്ട്. വെടിവെയ്പ്പിന്റെ കാരണവും വ്യക്തമായിട്ടില്ല. അടച്ചു സീല്‍ ചെയ്ത ഹോട്ടലില്‍ നാളെ ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും.
ഒറ്റ സ്നാപ്പില്‍ ഒരു ജന്മസത്യം ഒതുക്കാനാവുമോ? കെവിൻ കാർട്ടർ എന്ന ഫൊട്ടോഗ്രഫറെ ലോകപ്രശസ്തനാക്കിയതും ആത്മഹത്യയിലേക്കു വഴിനയിച്ചതും ഒരേയൊരു ഫോട്ടോയാണ്. ജീവൻ നിലനിർത്താൻ പൊരുതുന്ന കുഞ്ഞും, പട്ടിണിക്കോലമായ കുരുന്നിന്റെ അന്ത്യനിമിഷത്തിനായി കാത്തിരിക്കുന്ന കഴുകനും. ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ ആവാഹിച്ച ചിത്രം. വിമർശനശരങ്ങളിലും കുറ്റബോധത്താലും മുറിവേറ്റ കെവിൻ, ഓർമകളുടെ വെളിച്ചമണച്ചു മരണത്തിന്റെ ഇരുട്ടിലേക്കു നടന്നിട്ട് ജൂലൈ 27ന് 25 വർഷം.
‘ജീവിതത്തിന്റെ വേദന എല്ലാ സന്തോഷങ്ങളെയും മറികടക്കുന്നു. കൊലപാതകങ്ങളുടെ, മരണത്തിന്റെ, മൃതശരീരങ്ങളുടെ, പട്ടിണി കിടക്കുകയും മുറിവേൽപ്പിക്കപ്പെടുകയും ചെയ്ത കുട്ടികളുടെ ഓർമകൾ.. അവയെല്ലാം എന്നെ വേട്ടയാടുന്നു. കെന്നിനടുത്തേക്ക് ഞാന്‍ പോകുന്നു, ഭാഗ്യമുണ്ടെങ്കിൽ കെന്നുമായി ഒത്തുചേരാം.’– ആത്മഹത്യാക്കുറിപ്പിൽ കെവിൻ കുറിച്ചിട്ടു. ദക്ഷിണ സുഡാനിൽനിന്നു പകർത്തിയ ചിത്രമായിരുന്നു കെവിനെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം.
ആഭ്യന്തരയുദ്ധം മൂലം ജനം നരകയാതന അനുഭവിച്ചിരുന്ന സുഡാനിലേക്കു ഭക്ഷണമെത്തിക്കാനുള്ളതായിരുന്നു ‘ഒാപ്പറേഷൻ ലൈഫ്‍ലൈൻ സുഡാൻ’ എന്ന യുഎൻ പദ്ധതി. സുഡാനിലെ അവസ്ഥ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനു ഫോട്ടോ ജേണലിസ്റ്റുകളെയും ക്ഷണിച്ചിരുന്നു. ലൈഫ് ലൈൻ സുഡാനിൽ അംഗമായിരുന്ന റോബർട്ട് ഹാഡ്‍ലിയാണു ജോവ സിൽവയോടും കെവിൻ കാർട്ടറോടും യാത്രയുടെ കാര്യം പറഞ്ഞത്. കാർട്ടറും സിൽവയും ഇതൊരവസരമായി കണ്ട് യുഎൻ സംഘത്തിനൊപ്പം ചേർന്നു.
കൊടും പട്ടിണിയുടെയും മരണത്തിന്റെയും ഭീകരത തളംകെട്ടി നിൽക്കുന്ന ദക്ഷിണ സുഡാനിലെ അയോഡിലേക്കു ഭക്ഷണമെത്തിക്കാൻ ഒരു വിമത പോരാളി സംഘടന യുഎന്നിന് അനുമതി കൊടുത്തു. ഹാഡ്‍ലി കാർട്ടറെയും സിൽവയെയും തങ്ങളുടെകൂടെ പോരുന്നതിനു ക്ഷണിച്ചു. ഭക്ഷണം വിതരണം ചെയ്യാനുള്ള 30 മിനിറ്റു മാത്രമേ ചെലവഴിക്കാനാവുകയുള്ളൂ എന്ന മുന്നറിയിപ്പും യുഎൻ സംഘം നൽകി. ഗറില്ല പോരാളികളുടെ ഫോട്ടോയെടുക്കുന്നതിനായി സിൽവ പോയപ്പോൾ കെവിൻ ഭക്ഷണവിതരണ ക്യാംപിലേക്ക് ഓടിയെത്തിയ പട്ടിണിക്കോലങ്ങളായ സുഡാനികളുടെ ചിത്രങ്ങളെടുത്തു.
പട്ടിണിയുടെയും മരണത്തിന്റെയും ദയനീയമായ അവസ്ഥ കണ്ട് മനംമടുത്ത കെവിൻ ഏതാനും ക്ലിക്കുകൾക്കുശേഷം ക്യാംപിലേക്കു മടങ്ങാനൊരുങ്ങവേ ഒരു കരച്ചിൽ കേട്ടു. ആ ഭാഗത്തേക്കു ചെന്ന കെവിൻ കണ്ടത് കൊടുംവെയിലത്തു തല കുമ്പിട്ടു കൂനിക്കൂടി നിലത്തിരിക്കുന്ന ഒരു കുട്ടിയെയാണ്. ശരീരത്തിലെ എല്ലുകൾ പുറത്തേക്ക് ഉന്തിനിന്നിരുന്നു. എഴുന്നേറ്റു നിൽക്കാൻപോലും ത്രാണിയില്ലാത്ത കുട്ടി ഭക്ഷണവിതരണ കേന്ദ്രത്തിലേക്കു നിരങ്ങിനീങ്ങുകയായിരുന്നു. കെവിൻ കുട്ടിയുടെ അടുത്തേക്കു നീങ്ങിയതും ഏറെയകലെയല്ലാതെ ഒരു ശവംതീനി കഴുകൻ പറന്നിറങ്ങി.
നിലനിർത്താൻ പൊരുതുന്ന കുഞ്ഞ്. കുഞ്ഞിന്റെ ജീവൻ നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകൻ ചിറകു വിരിക്കുന്ന ഫോട്ടോയ്ക്കായി കെവിൻ കാത്തിരുന്നെങ്കിലും അതുണ്ടായില്ല. വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റു മാത്രം. ആ ആംഗിളിൽത്തന്നെ ഫോട്ടോ പകർത്തി, കഴുകനെ ആട്ടിപ്പായിച്ചു കെവിൻ സുഹൃത്തുമൊരുമിച്ചു വിമാനത്തിൽ തിരികെ പറന്നു.
ലോകത്തെ ഞെട്ടിച്ച ഫോട്ടോ
ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയ കെവിൻ താനെടുത്ത ചിത്രങ്ങൾ ന്യൂയോർക്ക് ടൈംസിന് അയച്ചുകൊടുത്തു. 1993 മാർച്ച് 26 ലെ പത്രത്തിന്റെ ഒന്നാം പേജിൽ ആ ചിത്രം അച്ചടിച്ചുവന്നു. ലോക വ്യാപകമായി ചിത്രം പ്രചരിച്ചതോടെ, പിന്നീട് കുട്ടിക്കെന്തു സംഭവിച്ചു എന്നു ചോദിച്ച് നൂറുകണക്കിനു ഫോൺ വിളികളും കത്തുകളും ന്യൂയോർക്ക് ടൈംസ് ഓഫിസിലേക്ക് എത്തി. ‘കുട്ടിക്ക് ഭക്ഷണവിതരണ ക്യാംപിലെത്താനുള്ള ആരോഗ്യമുണ്ടായിരുന്നു. ക്യാംപിലെത്തിയോ എന്ന് അറിയില്ല’ – കാർട്ടറെ ഉദ്ധരിച്ച് പത്രം കുറിപ്പ് ഇറക്കി.
സുഡാനിലെ അത്യന്തം ഭീകരവും ദയനീയവുമായ അവസ്ഥ ലോകത്തിനു കാണിച്ചുകൊടുത്തെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്ന ഫൊട്ടോഗ്രഫർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ചിത്രത്തിലുള്ള കഴുകനെക്കാൾ ക്രൂരനായ കഴുകൻ കെവിൻ കാർട്ടറാണെന്നു വരെ പ്രചാരണമുണ്ടായി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ചിത്രമെടുക്കാൻ കാത്തിരുന്നതിന്റെ കുറ്റബോധത്തിൽ നീറിയ കെവിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. നീണ്ടകാലത്തെ പ്രണയബന്ധവും വഴിപിരിഞ്ഞതോടെ മാനസികമായി തകർന്ന കെവിൻ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽനിന്നും അകന്നു.
1994 ഏപ്രിൽ 12 ന് ന്യൂയോർക്ക് ടൈംസിൽനിന്നും കെവിനെ ആ സന്തോഷവാർത്ത വിളിച്ചറിയിച്ചു. ഏതൊരു പത്രപ്രവർത്തകനും ആഗ്രഹിക്കുന്ന പരമോന്നത അമേരിക്കൻ പുരസ്കാരം പുലിറ്റ്സർ പ്രൈസ് ‘സുഡാനിലെ പെൺകുട്ടി’ എന്ന ചിത്രത്തിന്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും അഭിനന്ദന പ്രവാഹങ്ങളായിരുന്നു. കുറ്റബോധത്താൽ നീറിക്കൊണ്ടിരുന്ന കെവിനെ പുലിറ്റ്സർ നേട്ടവും അഭിന്ദനങ്ങളും സ്പർശിച്ചതേയില്ല. അടുത്ത സുഹൃത്ത് കെൻ ഓസ്റ്റർബ്രൂക്ക് ഈ സമയത്തു കൊല്ലപ്പെട്ടത് കെവിനു കടുത്ത ആഘാതമായി.
മേയ് 23ന് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ തകർന്ന മനസ്സുമായി കെവിൻ പുലിറ്റ്സർ പുരസ്കാരം ഏറ്റുവാങ്ങി. കെവിന്റെ ഫോട്ടോ വീണ്ടും ചർച്ചയായി. ഫൊട്ടോഗ്രഫറുടെ ധാർമികത ചോദ്യം ചെയ്യപ്പെട്ടു. കെവിൻ എന്തുകൊണ്ടു കുട്ടിയ രക്ഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യം പലരിൽനിന്നുമുയർന്നു. ജോലിയോടുള്ള ആത്മാർഥതയ്ക്കോ മാനുഷിക പരിഗണനയ്ക്കോ കൂടുതൽ പ്രാധാന്യം എന്ന ചോദ്യത്തിനുത്തരം കിട്ടാതെ കെവിന്റെ മനസ്സ് ആടിയുലഞ്ഞു.
കടുത്ത വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ കെവിൻ 1994 ജൂലൈ 27ന് ഓസ്റ്റർബ്രൂക്കിന്റെ വിധവയെ സന്ദർശിച്ച ശേഷം തന്റെ പിക്കപ്പ് വാനുമായി കുട്ടിക്കാലം ചെലവഴിച്ച പാർക്ക്മോറിലേക്ക് പോയി. വാനിന്റെ പുകക്കുഴലിൽ ഒരു ഹോസ് ഘടിപ്പിച്ച് അതിന്റെ ഒരറ്റം വിൻഡോഗ്ലാസിലൂടെ ഡ്രൈവർ ക്യാബിനിലേക്ക് ഇട്ടു. അകത്തു കയറി വാക്മാനിൽ പാട്ടുകേട്ട് എൻജിൻ ഓണാക്കി. കാബിനുള്ളിലിരുന്ന് പുക ശ്വസിച്ച്, തന്റെ കുറ്റബോധത്തിൽനിന്നും എന്നേക്കുമായി മുക്തനായി.
അസ്വസ്ഥമായ കുട്ടിക്കാലം
1960 സെപ്റ്റംബർ 13ന് ജോഹാനസ്ബർഗിലാണു കെവിൻ കാർട്ടർ ജനിച്ചത്. വെളുത്ത വർഗക്കാരുടെ കുടുംബത്തിലായിരുന്നു ജനനമെങ്കിലും ചെറുപ്പത്തിൽ തന്നെ കറുത്ത വർഗക്കാരോടുള്ള വിവേചനവും അനീതിയും കെവിനെ അസ്വസ്ഥനാക്കിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഫാർമസി കോഴ്സിനു ചേർന്നു. വൈകാതെ അതുപേക്ഷിച്ചു നിർബന്ധിത സൈനിക സേവനത്തിനു ദക്ഷിണാഫ്രിക്കൻ സൈന്യത്തിൽ ചേർന്നു. അവിടെനിന്ന് ഒളിച്ചു കടന്ന് ഡിസ്ക് ജോക്കിയായി.
ആ ജോലി പോയപ്പോൾ കടുത്ത വിഷാദരോഗത്തിന് അടിമയായി, ആത്മഹത്യാശ്രമം നടത്തി. പിന്നീട് ക്യാമറ സപ്ലൈ ചെയ്യുന്ന ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയതോടെയാണു ജീവിതം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. ഫൊട്ടോഗ്രഫിയിൽ തൽപരനായിരുന്ന കെവിൻ 1983–ൽ സ്പോർട്സ് ഫൊട്ടോഗ്രഫറായി ജോലി തുടങ്ങി. 1984 ൽ ജൊഹാനസ്ബർഗ് സ്റ്റാർ പത്രത്തിനു വേണ്ടിയും പിന്നീട് റോയിട്ടേഴ്സ് തുടങ്ങിയ ഏജൻസികൾക്കുവേണ്ടിയും ജോലി ചെയ്തു.
നാൽവർ സംഘത്തിന്റെ ബാങ് ബാങ് ക്ലബ്
ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന കാലത്താണ് കെൻ ഓസ്റ്റർബ്രൂക്ക്, ഗ്രെഗ് മറിനോവിച്ച്, ജോവ സിൽവ എന്നിവരെ കെവിൻ കണ്ടുമുട്ടുന്നത്. നാലുപേരും ദക്ഷിണാഫ്രിക്കയിലെ വംശീയ അതിക്രമങ്ങൾക്കെതിരെ ക്യാമറ കൊണ്ട് പ്രതിഷേധിക്കുന്നവരായിരുന്നു. ബാങ് ബാങ് ക്ലബ് എന്ന പേരിലാണ് നാൽവർ സംഘം അറിയപ്പെട്ടിരുന്നത്. കറുത്ത വർഗക്കാർക്കാരെ പെട്രോളിൽ മുക്കിയ ടയർ കഴുത്തിലിട്ട് തീകൊളുത്തുന്ന നെൿലേസിങ് എന്ന കൊടുംക്രൂരത ലോകത്തിനു മുന്നിലെത്തിച്ചത് കെവിൻ കാർട്ടറുടെ ക്യാമറയാണ്.
1991 ൽ മറിനോവിച്ച് പുലിറ്റ്സർ പുരസ്കാരം നേടിയതോടെ ക്ലബിന്റെ പ്രശസ്തി ഉയർന്നു. 1994 ൽ കെവിൻ കാർട്ടറും പുലിറ്റ്സർ പ്രൈസ് നേടി. 1993 ലെ വേൾഡ് പ്രസ് ഫൊട്ടോഗ്രഫി മത്സരത്തിൽ കെൻ ഓസ്റ്റർബ്രൂക്ക് രണ്ടാം സ്ഥാനം നേടി. പ്രശസ്തിയോടൊപ്പം ദുരന്തങ്ങളും ക്ലബിനെ വേട്ടയാടി. 1994 ൽ ദക്ഷിണാഫ്രിക്കയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന പോരാട്ടം ക്യാമറയിലാക്കുന്നതിനിടെ കെൻ ഓസ്റ്റർബ്രൂക്ക് വെടിയേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറിനോവിച്ചിന് ഗുരുതരമായി പരുക്കേറ്റു.
1994 ൽ കെവിൻ കാർട്ടർ ആത്മഹത്യ ചെയ്തു. 2010 ൽ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യത്തിനൊപ്പം പട്രോളിങ്ങിൽ പങ്കെടുക്കവേ മൈൻ പൊട്ടിത്തെറിച്ച് ജോവ സിൽവയ്ക്ക് ഇരുകാലുകളും നഷ്ടപ്പെട്ടു. മറിനോവിച്ചും സിൽവയും ചേർന്ന് 2000 ൽ ‘ദി ബാങ് ബാങ് ക്ലബ്: സ്നാപ്ഷോട്ട്സ് ഫ്രം എ ഹിഡൻ വാർ’ എന്ന പേരിൽ അവരുടെ അനുഭവങ്ങൾ പുസ്തകമാക്കി. ഇൗ പുസ്തകത്തെ ആധാരമാക്കി 2010 ൽ ‘ബാങ് ബാങ് ക്ലബ്’ എന്ന പേരിൽ സ്റ്റീവൻ സിൽവർ സംവിധാനം ചെയ്ത സിനിമയും പുറത്തിറങ്ങി.
ബാങ് ബാങ് ക്ലബിനെയും കെവിൻ കാർട്ടറെയും ആസ്പദമാക്കി ഡോക്യുമെന്ററികളും ഗാനങ്ങളും നിർമിക്കപ്പെട്ടു. മാനിക് സ്ട്രീറ്റ് പ്രീച്ചേഴ്സ് തങ്ങളുടെ ‘എവരിതിങ് മസ്റ്റ് ഗോ’ എന്ന ആൽബത്തിൽ കെവിൻ കാർട്ടർ എന്ന പേരിൽ ഗാനം ഉൾപ്പെടുത്തി. ആഭ്യന്തര കലഹങ്ങളും യുദ്ധങ്ങളും ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും കോടിക്കണക്കിനു സാധാരണക്കാരെയും കുട്ടികളെയും ദുരിതങ്ങളിലേക്കു നയിക്കുന്നു.
പാകിസ്ഥാനിൽ സ്കൂൾ ആക്രമിച്ച് ഭീകരർ കൊന്നൊടുക്കിയ കുട്ടികൾ, സിറിയൻ യുദ്ധത്തിന്റെ ഇരയായ ഉമ്രാൻ ദഖ്നീശ്, യൂറോപ്പിലേക്കുള്ള പലായനത്തിനിടെ മുങ്ങി മരിച്ച സിറിയൻ കുരുന്ന് ഐലാൻ കുർദി, അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെ പിതാവിനൊപ്പം റിയോ ഗ്രാൻഡെ നദിയിൽ മുങ്ങി മരിച്ച രണ്ടു വയസുകാരി വലേറിയ. ഇപ്പോൾ ഉക്രൈൻ റഷ്യൻ യുദ്ധത്തിൽ ഇരയാകുന്നവർ. ഇന്നും ആ കഴുകൻ ചിറകുവിടർത്താതെ ഇരകളെയും കാത്തിരിക്കുന്നു എന്നതാണ് ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്. കെവിന്റെ ചിത്രത്തിലെ കഴുകൻ ഒരു പ്രതീകമാണ്. യഥാർഥ കഴുകൻ ആരെന്ന ചോദ്യമാണ് ആ ചിത്രം ഇന്നും ലോകത്തിനു മുന്നിൽ ഉയർത്തുന്നത്.
ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ അയല്‍രാജ്യമായ അയര്‍ലണ്ടിലും ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നു.
അയര്‍ലണ്ടിലെ ഭരണമുന്നണിയിലെ ധാരണകള്‍ അനുസരിച്ച് ഡിസംബര്‍ 15ന് ഇപ്പോഴത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രസിഡന്റിന് രാജി സമര്‍പ്പിക്കും. തുടര്‍ന്ന് ഡെയിലില്‍ ( ഐറിഷ് പാര്‍ലമെന്റ് ) ചേരുന്ന സമ്മേളനത്തില്‍ അന്ന് തന്നെ ഇന്ത്യന്‍ വംശജനായ ലിയോ വരദ്കറെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും .അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇത് രണ്ടാം തവണയാണ് ലിയോ വരദ്കര്‍ എത്തുക.
1960 കളില്‍ ബ്രിട്ടനിലേയ്ക്ക് കുടിയേറിയ മുംബൈക്കാരനായ ഇന്ത്യന്‍ ഡോക്ടര്‍ അശോക് വരദ്ക്കറുടെയും അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ ഡണ്‍ഗര്‍വാനില്‍ നിന്നുള്ള നഴ്സായ ബ്രിട്ടനില്‍ ജോലി ചെയ്ത മിറിയത്തിന്റെയും മകനായാണ് ലിയോ ജനിച്ചത്. ബ്രിട്ടനിലെ പരിചയവും പ്രണയവും ലിയോയുടെ രക്ഷിതാക്കളെ മിറിയത്തിന്റെ നാടായ അയര്‍ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയിരുന്നു. അവരുടെ മൂന്നാമത്തെ കുട്ടിയായി 1979 ലാണ് ഡബ്ലിനിലെ റോട്ടുണ്ടാ ആശുപത്രിയില്‍ ലിയോ വരദ്ക്കര്‍ ജനിച്ചത്.
ട്രിനിറ്റി കോളജില്‍ നിന്ന് 2003 യില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ വരദ്ക്കര്‍ മുംബൈയില്‍ പ്രശസ്തമായ കെഇഎം ആശുപത്രിയിലാണ് പ്രവര്‍ത്തി പരിചയം നേടിയത് . മുന്‍നിര രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഏഴു വര്‍ഷം അദ്ദേഹം ഡോക്ടറായി ജോലി ചെയ്തിരുന്നു. മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ 1999 യില്‍ ബ്‌ളാഞ്ചഡ്‌സ് ടൗണില്‍ നിന്നും കൗണ്‍സിലറായി വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ വരദ്ക്കര്‍ 2003ല്‍ പാര്‍ലമെന്റില്‍ എത്തുകയും 2017ല്‍ അയര്‍ലണ്ടിന്റെ ചരിത്രം തിരുത്തിയെഴുതി കൊണ്ട് ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി ആവുകയായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വരദ്കറുടെ പാര്‍ട്ടിയായ ഫിനഗേലിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ,ധാരണയുണ്ടാക്കി ഭരണം തുടരുകയായിരുന്നു.
ആദ്യ രണ്ടര കൊല്ലം കഴിയുമ്പോള്‍ മിഹോള്‍ മാര്‍ട്ടിന്‍ സ്ഥാനം ഒഴിയണമെന്ന വ്യവസ്ഥയാണ് ഡിസംബര്‍ 15 ന് പാലിക്കപ്പെടുക.അതോടെ ഫിനഗേല്‍ നേതാവെന്ന നിലയില്‍ ലിയോ വരദ്കര്‍ വീണ്ടും പ്രധാനമന്ത്രിയാകും. 2015-ല്‍ അയര്‍ലണ്ടിലെ ദേശിയ വാര്‍ത്താ ചാനലിന് കൊടുത്ത അഭിമുഖത്തിലൂടെ താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ലിയോ വരദ്കര്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റഫറണ്ടത്തിനും കാരണമായി.
ലോകമെമ്പാടും സമത്വത്തിന്റെ പ്രതീകമായി ലിയോ വരദ്കറെ ചിത്രീകരിക്കാന്‍ ഈ സംഭവം ഇടയാക്കി.തൊട്ടു പിന്നാലെ ആ പകിട്ടിലാണ് ലിയോ ദേശീയ നേതാവായി ഉയര്‍ന്നത്. 2008 മുതല്‍ 2011 വരെ നീണ്ടു നിന്ന ഐറിഷ് സാമ്പത്തിക പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മുന്നിട്ടു നിന്നവരില്‍ ഒരാള്‍ ലിയോ വരദ്കറാണ്.എങ്കിലും സ്വവര്‍ഗാനുരാഗികള്‍ക്കും,ഗര്‍ഭ ചിദ്ര -പ്രൊ ചോയിസ് വാദികള്‍ക്കും അദ്ദേഹം നല്‍കുന്ന പിന്തുണ കാരണം പരമ്പരാഗത ക്രൈസ്തവ വിശ്വാസികള്‍ക്ക് ലിയോ വരദ്കറെ അത്ര പഥ്യമല്ല.
അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനസംഖ്യയില്‍ അടുത്ത കാലത്തായി വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലിയോ കൈകാര്യം ചെയ്യുന്ന എന്റര്‍പ്രൈസ്,ഇന്നോവേഷന്‍,ട്രേഡ് വകുപ്പുകള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ കണ്ടെത്താനുള്ള ഏറെ പദ്ധതികള്‍ രൂപപ്പെടുത്തിയതാണ് മുന്‍ കാലങ്ങളെക്കാള്‍ തൊഴില്‍ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായത്. ആശയ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാണ് ലിയോ വരദ്കര്‍. അത് കൊണ്ട് തന്നെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അവരും ലിയോ വരദ്കറെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്.