Latest News

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ മരിച്ചു. സ്കൂട്ടർ വീടിനുള്ളിൽ വച്ച് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. മുംബയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ സാബിർ അൻസാരി എന്ന കുട്ടിയാണ് മരണപ്പെട്ടത്.സ്‌പോൺസർ ഇല്ലെങ്കിലും ഇനി യു എ ഇയിൽ ജോലി നേടാം, ടൂറിസ്റ്റ് വിസയുടെ കാലാവധിയും നീട്ടി, വൻ അവസരങ്ങളുമായി പുതിയ വിസ ചട്ടങ്ങൾ

സെപ്തംബർ 23ന് പുലർച്ചെ 5.30ഓടെ വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ലിവിംഗ് റൂമിൽ മുത്തശിക്കൊപ്പം ഉറങ്ങുകയായിരുന്നു സാബിർ. അപകടത്തിൽ മുത്തശിക്കും പരിക്കേറ്റു. ഭയങ്കരമായ ശബ്ദം കേട്ട് സാബിറിന്റെ അമ്മ ഉണർന്നപ്പോഴാണ് അപകടം നടന്നതറിഞ്ഞത്. ഉടൻ തന്നെ ഗുരുതരമായി പൊള്ളലേറ്റ സാബിറിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

അപകടത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. ഇലക്ട്രിക് സാധനങ്ങളും ഫർണിച്ചറുകളും നശിച്ചു. കൂടുതൽ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂട്ടർ നിർമ്മാതാക്കളോട് ബാറ്ററി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽ ചാർജ് ചെയ്തതാണ് അപകടകാരണമെന്ന വാദം കുട്ടിയുടെ പിതാവ് തള്ളി. തന്നോട് മൂന്ന് മുതൽ നാല് മണിക്കൂർ വരെ ചാർജ് ചെയ്യാനാണ് പറ‌ഞ്ഞിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ചിന്തകൻ സി രവിചന്ദ്രനെ സംഘിയാക്കി സോഷ്യൽ മീഡിയ. കേരളം ഏറ്റവുമധികം ഭയക്കേണ്ട രണ്ട് സംഗതികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇസ്‌ലാമിനെയും ആണെന്ന രവിചന്ദ്രന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തെ സംഘിയാക്കി പ്രചാരണം ആരംഭിച്ചത്. ബി.ജെ.പിയെ അത്രക്ക് ഭയക്കേണ്ട കാര്യമില്ലെന്ന അദ്ദേഹത്തിന്റെ ഉപദേശമാണ് സൈബർ സഖാക്കളെ പ്രകോപിപ്പിച്ചത്. ഒരു അഭിമുഖത്തിലെ ചോദ്യത്തിലാണ് സി രവിചന്ദ്രൻ വരുംകാല കേരളത്തെ കുറിച്ച് നിരീക്ഷണം നടത്തിയത്.

അഭിമുഖത്തിൽ അവതാരകനോട് രവിചന്ദ്രൻ തിരിച്ചു ചോദിക്കുകയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ടു സംഗതികൾ ഏതൊക്കെയാണ് എന്ന്. എനിക്കിവരെ പേടിയില്ല. പക്ഷേ നമ്മള്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭയക്കണം എന്ന് അവതാരകൻ തന്നെ പറയുമ്പോൾ, ഉടനെ രവിചന്ദ്രൻ ഇടയ്ക്കു കയറി ‘ഇസ്ലാമിനേയും ഭയക്കണം’ എന്ന് പറയുന്നത് കാണാം. ഇതിനു ശേഷം ബി.ജെ.പിയേയും ഭയക്കണം എന്ന് അവതാരകൻ പറയുന്നു. അപ്പോൾ ബി.ജെ.പിയെ അത്ര ഭയക്കുന്നുണ്ടോ എന്നായിരുന്നു രവിചന്ദ്രന്റെ മറുചോദ്യം.

നിരവധി ആളുകളാണ് ഈ സംഭാഷണ ശകലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് രവിചന്ദ്രനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘ഇനിയും നിങ്ങള്‍ സംഘിയായ രവിചന്ദ്രനെ ന്യായീകരിക്കുകയാണോ’, ‘അയാൾ സംഘിയാണ്’, ‘അയാളുടെ ഉള്ളിലെ വർഗീയ വിഷം പുറത്തുചാഡി’ ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. ഇതിനു മുന്നേയും പലതവണ സ്വതന്ത്ര ചിന്തകന്‍ എന്ന് അവകാശപ്പെടുന്ന സി രവിചന്ദ്രൻ സമാനമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.

അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ പ്രകോപന നടപടിക്കെതിരെ വിമർശനം. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് തൊടുത്തത്. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്ത് നിന്നും വിക്ഷേപിച്ച മിസൈൽ പരീക്ഷണത്തെക്കുറിച്ച് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും (ജെസിഎസ്) ജാപ്പനീസ് കോസ്റ്റ് ഗാർഡും റിപ്പോർട്ട് ചെയ്തു. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി.

പസഫിക് സമുദ്രത്തിൽ പതിക്കുന്നതിന് മുമ്പ് മിസൈൽ ജപ്പാന് മുകളിലൂടെ പറന്നതോടെ ജാപ്പനീസ് സർക്കാർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. 2017 മുതൽ ഉത്തര കൊറിയയിൽ നിന്ന് മിസൈലുകൾ ജപ്പാന് മുകളിലൂടെ പറക്കുകയോ മറികടക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ മിസൈലിനെ തകർക്കാൻ പ്രതിരോധ മാർഗങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ജപ്പാൻ അറിയിച്ചു. ഉത്തര കൊറിയയുടെ പരീക്ഷണ മിസൈൽ വിക്ഷേപണത്തെ തുടർന്ന് വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തി വെച്ചു. നിരവധിപ്പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി.

മിസൈൽ പരീക്ഷണത്തെ ജപ്പാൻ അപലപിച്ചു. ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തര കൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ മുഴുവൻ തത്ത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഉത്തര കൊറിയയുടെ ആവർത്തിച്ചുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം ഉൾപ്പെടെയുള്ള നടപടികൾ ജപ്പാന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. കൂടാതെ ജപ്പാൻ ഉൾപ്പെടെയുള്ള മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിനും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു’, ജപ്പാനിലെ ഉന്നത സർക്കാർ വക്താവ് ഹിരോകാസു പറഞ്ഞു. തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉത്തരകൊറിയയുടെ നടപടികളെ ‘ക്രൂരത’ എന്ന് വിശേഷിപ്പിച്ചു,.

തിരുവനന്തപുരം മടവൂരില്‍ ദമ്പതികളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ശശിധരനും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രഭാകരക്കുറുപ്പ് ഭാര്യ വിമലാദേവി എന്നിവരെയാണ് ശശിധരന്‍ കൊലപ്പെടുത്തിയത്. ശശിധരന്‍ നായരെ നാട്ടുകാരാണു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് ദമ്പതികള്‍ ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് സംഭവ സ്ഥലത്തും ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. 27 വര്‍ഷം മുന്‍പു നടന്ന സംഭവമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ശശിധരന്റെ മകന് പ്രഭാകരക്കുറുപ്പ് ഗള്‍ഫില്‍ ജോലി വാങ്ങി നല്‍കിയിരുന്നു. നല്ല ജോലിയും ശമ്പളവും ഇല്ലെന്ന് വീട്ടില്‍ ഒട്ടേറെത്തവണ പരാതിപ്പെട്ടിരുന്ന മകന്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ മകളും ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകങ്ങള്‍ക്കു കാരണമെന്നാണ് പൊലീസ് നിഗമനം.

പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആയിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല

കൊച്ചി മെട്രോയിലെ കോച്ചുകളില്‍ ഗ്രഫീറ്റി വരച്ച സംഭവത്തില്‍ നാല് ഇറ്റാലിയന്‍ സ്വദേശികള്‍ ഗുജറാത്തില്‍ പിടിയില്‍. റയില്‍ ഹൂണ്‍സ് എന്ന സംഘടനയില്‍പെട്ട ഇറ്റലിക്കാരാണ് ഇവര്‍.

അഹമ്മദാബാദ് മെട്രോയില്‍ ഗ്രഫീറ്റി വരച്ചതിന് നാല് ഇറ്റലിക്കാരെ ഗുജറാത്ത് പൊലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് കൊച്ചി മെട്രോയിലും ഇവരാണ് വരച്ചതെന്ന് തെളിഞ്ഞത്. ഇവരെ ചോദ്യംചെയ്യാന്‍ മെട്രോ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു.

അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകള്‍ ക്ക് മുന്‍പാണ് ഇവര്‍ സ്‌പ്രേ പെയിന്റ് കൊണ്ട് ഗ്രാഫിറ്റി ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി മെട്രോ മുട്ട0 യാര്‍ഡില്‍ ഇവര്‍ burn, splash എന്നീ വാക്കുകള്‍ ഗ്രാഫിറ്റി ചെയ്തത്.

ജയൻ എടപ്പാൾ

യുകെയിലെ പ്രവാസി മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒക്ടോബർ 9തിലെ ലോക കേരളസഭ യു.കെ_യൂറോപ്പ് മേഖലാസമ്മേളനത്തിനും അതിനോടനുബന്ധിച്ചു നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തിനുമുള്ള ഒരുക്കങ്ങൾ ലണ്ടനിൽ അവസാനഘട്ടത്തിലേക്ക്.

രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന ലോക കേരളസഭ യുകെ – യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട നൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളും യോഗത്തിൽ ചർച്ചചെയ്യപ്പെടും.

കാലത്തിനനുസരിച്ചു കേരളത്തെ ആധുനികവത്കരിക്കുവാനും വികസിപ്പിച്ചും പുരോഗതിയിലേക്കു നയിക്കുവാനും വൈഞ്ജാനിക സമൂഹം കെട്ടിപ്പടുക്കുവാനും പ്രവാസികൾക്കു എന്തൊക്കെ സംഭാവനകൾ ചെയ്യാനാവും എന്നതിൽ പ്രതിനിധികൾ ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കും .

കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെക്കൂടാതെ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ്, ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി, നോർക്ക റസിഡൻസ് വൈസ് ചെയർമാൻ ശ്രീ പി ശ്രീരാമകൃഷ്ണൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ സുമൻ ബില്ല ഐഎഎസ് , നോർക്ക സി ഇ ഒ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരി, മറ്റ് നോർക്ക പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ ചർച്ചകളിൽ പങ്കെടുക്കും.

പ്രതിനിധിസമ്മേളനത്തിനു ശേഷം വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പ്രവാസി പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രവാസികളെ അഭിസംബോധന ചെയ്യും.

ജാതിമത രാഷ്ട്രീയഭേദ ചിന്തകൾ മാറ്റിവെച്ചു മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും സ്വീകരിക്കുവാൻ പ്രവാസികൾ ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സംഘാടകസമിതിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ളത്. ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ ബിജു പെരിങ്ങത്തറ, പി.ആർ.ഒ. ജയൻ എടപ്പാൾ എന്നിവരുടെയും വിവിധ സബ്കമ്മിറ്റി കൺവീനർമാരായ കുര്യൻ ജേക്കബ്, ദിനേശ് വെള്ളാപ്പള്ളി, സഫീർ എൻ കെ, കെ കെ മോഹൻദാസ്, ശ്രീജിത്ത് ശ്രീധരൻ, എസ് ജയപ്രകാശ് എന്നിവരുടെയും ലോകകേരള സഭയെ പ്രതിനിധീകരിച്ചു ആഷിക് മുഹമ്മദ്‌ നാസർ, അഡ്വക്കേറ്റ് ദിലീപ്കുമാർ, ലജീവ് കെ, നിധിൻ ചന്ദ്, ഷാഫി റഹ്മാൻ, സുനിൽ മലയിൽ എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പൊതുസമ്മേളന വേദി : Tudor Park, Feltham, London. TW13 7EF.

പൊതുസമ്മേളനത്തിനു മിഴിവേകി “കേളീരവം” എന്ന പേരിൽ കലാസാംസ്കാരികപരിപാടികൾ അരങ്ങേറും. ഒട്ടേറെ കലാപ്രതിഭകൾ അണിനിരക്കുന്ന കേരളീയ സാംസ്കാരിക പൈതൃകം അതിമനോഹരമായി അരങ്ങിൽ എത്തിക്കുന്ന പരിപാടിയാണ് “കേളീരവം”.

പ്രതിനിധി സമ്മേളനത്തിനും പൊതു സമ്മേളനത്തിനും എത്തുന്നവർക്ക്‌ സൗജന്യ കാർപാർക്കിങ് സൗകര്യം പൊതുസമ്മേളന വേദിക്കു സമീപം ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിച്ചു (Tudor Park, Feltham, London. TW13 7EF).

സമ്മേളനപരിപാടികൾ ഒരു ചരിത്രസംഭവമാക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടയാ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റ്. കരവാളൂര്‍ മാവിളയില്‍ കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിലാണ് പുനലൂര്‍ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കാര്യറ ആലുവിളവീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വി(25)യാണ് അറസ്റ്റിലായത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഹര്‍ത്താല്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം സ്‌കൂട്ടറിലെത്തി കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതോടെ ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും അറസ്റ്റിലായി.

പുനലൂര്‍ കാര്യറ ദാറുസലാമില്‍ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മന്‍സിലില്‍ സെയ്ഫുദീന്‍ (25), കോക്കാട് തലച്ചിറ അനീഷ് മന്‍സിലില്‍ അനീഷ് (31) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ കെഎസ്ആര്‍ടിസിക്ക് കല്ലെറിയാനായി എത്തിയപ്പോള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരുടെ കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി രാഗേഷി(47)ന് കണ്ണിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം പിടിയിലായത് അനീഷാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. എണ്‍പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

ഈ കല്ലേറില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നുലക്ഷത്തിന്റെയും ലോറികള്‍ക്ക് ഒന്നരലക്ഷത്തിന്റെയും നഷ്ടമുണ്ടായി. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ കൊട്ടാരക്കരയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവര്‍ വാഹനങ്ങള്‍ക്കു കല്ലെറിയുകയായിരുന്നു.

പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്‌കുമാര്‍, എസ്‌ഐ മാരായ ഹരീഷ്, ജിസ് മാത്യു, സിപിഒ മാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്‌കൂളില്‍ വച്ച് സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ച 6ാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. കന്യാകുമാരി സ്വദേശിയായ 11 കാരന്റെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റു. കുട്ടിയുടെ ഇരു വൃക്കകളുടെയും പ്രവര്‍ത്തനവും നിലച്ചു. ആസിഡ് കുട്ടിയുടെ ഉള്ളില്‍ ചെന്നതായി പരിശോധനയില്‍ വ്യക്തമായി. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കന്യാകുമാരി ജില്ലയിലെ കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ (11) ആണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കൊല്ലങ്കോടിനു സമീപം അതംകോട് മായാകൃഷ്ണസ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ മാസം 24ന് ആണ് സംഭവം.

പരീക്ഷ എഴുതിയ ശേഷം ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഒരു വിദ്യാര്‍ഥി തനിക്കു ശീതളപാനീയം നല്‍കിയെന്നാണു കുട്ടി വീട്ടില്‍ പറഞ്ഞത്. രുചി വ്യത്യാസം തോന്നിയതിനാല്‍ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും പറഞ്ഞിരുന്നു. പിറ്റേന്നു പനിയെത്തുടര്‍ന്നു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. 2 ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അശ്വിന്റെ ഇരുവൃക്കകളും പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്നു ഡയാലിസിസ് നടത്തി. പരിശോധനയില്‍ ആസിഡ് ഉള്ളില്‍ ചെന്നതു കണ്ടെത്തി. അന്നനാളം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്.അശ്വിന്റെ ക്ലാസില്‍ പഠിക്കുന്ന ആരുമല്ല പാനീയം നല്‍കിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. അതേ സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയാണെന്നും അശ്വിനു തിരിച്ചറിയാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു.

അശ്വിന്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. മനുഷ്യജീവന്‍ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 328ാം വകുപ്പാണ് തമിഴ്‌നാട് പോലീസ് ചുമത്തിയിരിക്കുന്നത്.10 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്‌കൂളിലെ സിസിടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നില്ല.

അന്തരിച്ച പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ച് അഡ്വ. എ. ജയശങ്കർ. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കർ പരിഹാസ രൂപേണ കുറിച്ചത്. ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.

ഇന്ത്യാവിഷൻ ചാനലിന്റെ ഡയറക്ടർ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകർന്നു, ജയിൽ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്ന് അഡ്വ. ജയശങ്കർ കുറിച്ചു. അതേസമയം, ഈ ആദരാഞ്ജലി കുറിപ്പിനെതിരെ സോഷ്യൽമീഡിയയിലും കടുത്ത വിമർശനമാണ് ഉയരുന്നത്.

ഒരാൾ മരിച്ച് കിടക്കുമ്പോൾ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവുമെന്നാണ് സോഷ്യൽമീഡിയ തുറന്നടിച്ചു. മരണത്തെ പോലും പരിഹസിക്കുന്നവരോട് എന്ത് പറയാനെന്ന പരിഹാസവും അഡ്വ. ജയശങ്കറിന് നേരെ എത്തുന്നുണ്ട്. അതിരൂക്ഷ വിമർശനമാണ് കമന്റുകളിലൂടെ ഉയരുന്നത്.

അതേസമയം, വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ മരിച്ചത്. മരണശേഷം അറ്റ്‌ലസ് രാമചന്ദ്രന് കൊവിഡ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ദുബായിയിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കാർട്ടൂണിസ്റ്റും തിരക്കഥാകൃത്തുമായ ഒ.സി. രാജുവിന്റെ ആദ്യ നോവൽ “ഷാജി പറഞ്ഞ കഥ” ഒക്ടോബർ 2-ന് മലയാളത്തിന്റെ പ്രശസ്ത കഥാകാരൻ എസ്. ഹരീഷ് പ്രകാശിപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം. ജയചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വി.വി. സ്വാമിയുടെ അദ്ധ്യക്ഷതയിൽ കോട്ടയം ഞാലിയാകുഴിയിലുള്ള പ്രോഗ്രസ്സീവ് ലൈബ്രറി ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ കവിയും കേരള സാഹിത്യ അക്കാദമി പുരസ്കാരജേതാവുമായ എം.ആർ. രേണുകുമാർ, അഡ്വ. രാജഗോപാൽ വാകത്താനം, കാർട്ടൂണിസ്റ്റ് ഷാജി മാത്യു, ചിത്രകാരന്മാരായ എം. സോമു, എൻ.ജി. സുരേഷ്കുമാർ, ഗിരീഷ് പന്താക്കൽ, മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ, എഫ്ക സംസ്ഥാന സെക്രട്ടറി പ്രദീപ് കോശി, മനോജ് കാക്കളം, ഉത്തമൻ ഇരവിപേരൂർ, രഘു ആൽഫബെറ്റ്, പ്രൊഫ. റ്റിജി തോമസ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പഠനഗ്രന്ഥങ്ങൾ ഉൾപ്പെടെ ശ്രദ്ധേയമായ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള സൊസൈറ്റി ഓഫ് പി.ആർ.ഡി.എസ്സ്. സ്റ്റഡീസിന്റെ പബ്ലിക്കേഷൻ വിഭാഗമായ അൺസീൻ ലെറ്റേഴ്സ് സ്ലേറ്റ് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.


“ഷാജി പറഞ്ഞ കഥ എന്ന നോവൽ ഒരർത്ഥത്തിൽ ഫിൽട്ടർ ചെയ്യപ്പെട്ട ചരിത്രമാണ്. ചരിത്രം Absent ആക്കിക്കളഞ്ഞ മനുഷ്യജീവിതങ്ങളാണ് ഈ കൃതിയുടെ വിശാലമായ കാൻവാസിനടിയിൽ നിൽക്കുന്നത്. എന്നാൽ ആ ജീവിതം നേരിട്ട് പ്രത്യക്ഷപ്പെടുത്തുന്ന ഒരു രീതിയല്ല നോവൽ അവലംബിക്കുന്നത്. സവിശേഷമായ ഒരു ക്രാഫ്റ്റ് നിർമ്മിച്ചുകൊണ്ടാണ് അത് ആവിഷ്ക്കരിക്കുന്നത്. ഈ നോവൽ കഥയെക്കുറിച്ചുള്ള കഥയാണ്. മറ്റൊരു വിധത്തിൽ എഴുത്തിന്റെ എഴുത്ത്. പ്രധാനമായും മൂന്ന് കഥകൾ പറഞ്ഞുകൊണ്ട് ഈ കൃതി അതിന്റെ പാഠം സൃഷ്ടിക്കുന്നു”. പ്രേമേയപരമായി ഏറെ വ്യത്യസ്തത പുലർത്തുന്ന നോവലിനെക്കുറിച്ച് പ്രസാധകർ പുറംചട്ടയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

ഒ.സി. രാജു: കോട്ടയം ജില്ലയിൽ മണിമലയിൽ 1972 ഏപ്രിൽ 18-ന് ജനനം. പത്രപ്രവർത്തനം, കാർട്ടൂൺ, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തനം. രാഷ്ട്രദീപിക ദിനപ്പത്രത്തിൽ ദീർഘകാലം ആർട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സിൽ കാർട്ടൂണിസ്റ്റും കാലിഗ്രഫി ആർട്ടിസ്റ്റുമായും ഇടപെട്ടു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികൾ എന്നീ ബാലനോവലുകൾ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. കൂടാതെ ഹിറ്റ്ലിസ്റ്, ഇലട്രിക് എന്നീ സോഷ്യൽ സറ്റയറുകൾ രാഷ്ട്രദീപിക, ദീപിക ദിനപത്രങ്ങളിൽ എഴുതി. കഴുതരാജാവ്, മന്ത്രാണി കുന്ത്രാണി എന്നീ കോമിക് ബുക്കുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകൾക്ക് തിരക്കഥകൾ തയാറാക്കിയിട്ടുണ്ട്. കാർട്ടൂൺ അക്കാദമിയിലും സജീവം.

RECENT POSTS
Copyright © . All rights reserved