Latest News

സിപിഎമ്മിന്റെ കരുത്തനായ നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിച്ചു.തോളിലേറ്റിയ പിണറായി…. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തോളിലെടുത്ത് മുന്നില്‍ നിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് 2004 ല്‍ ഇ.കെ.നായനാരുടെ മൃതദേഹം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിലാപ യാത്രയായി കൊണ്ടുവരുന്ന വേളയിലും നായനാരുടെ മൃതദേഹം തോളിലെടുക്കാന്‍മുന്നില്‍ നിന്നത് പിണറായി വിജയനായിരുന്നു.

സഹോദരനെ നഷ്ടപ്പെട്ട വേദനയില്‍ മൃതദേഹം തോളിലെടുത്ത് മുന്‍പന്തിയില്‍ പിണറായി വിജയന്‍ നടക്കുമ്പോള്‍ അത് മറ്റൊരു ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ‘സോദരതുല്യം എന്നല്ല, യഥാര്‍ത്ഥ സഹോദരര്‍ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍’ എന്ന പിണറായിയുടെ അനുസ്മരണം തന്നെ സഹോദരനെ നഷ്ടപ്പെട്ട വേദനയോടെയായിരുന്നു.മഹാരഥൻമാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ തീനാളങ്ങൾ പ്രിയ നേതാവിനെ ഏറ്റുവാങ്ങി. ഇനി ഓർമകളിൽ രക്തതാരകമായ് കോടിയേരി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽനിന്ന് ആയിരങ്ങങ്ൾ അണിചേർന്ന വിലാപയായത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തിച്ചത്.

വാഹനത്തിൽനിന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയ മുതിർന്ന നേതാക്കൾ മൃതദേഹം തോളിലേറ്റി .ആ നേരം ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ ’ എന്ന് ആയിരം കണ്ഠങ്ങളിൽ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു.കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല , തുടർന്ന് മുൻ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൊലീസ് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകർന്നു.

രാഷ്ട്രീയഭേദമില്ലാതെ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പതിനൊന്നുമണിയോടെ ‍‍കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആദരമര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കോണ്‍ഗ്രസ് നേതാക്കളായ എം.കെ.രാഘവന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരും എത്തി.

കോടിയേരി ബാലകൃഷ്ണൻ പ്രമേഹ ചികിത്സയ്ക്കായി ആദ്യമായി എന്നെ കാണാൻ വന്നത് 17 വർഷം മുൻപാണ്. ഏറെ തിരക്കുണ്ടായിട്ടും നിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന അനുസരണയുള്ള രോഗിയായിരുന്നു അദ്ദേഹം. അതുകൊണ്ട് സാധാരണയായുള്ള പ്രമേഹ സങ്കീർണതകൾ ഒന്നുംതന്നെ അദ്ദേഹത്തെ ബാധിച്ചില്ല.

3 വർഷം മുൻപു വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസം (2019 ഒക്ടോബർ 18) പതിവു പ്രമേഹ പരിശോധനകൾക്കായി അദ്ദേഹം എത്തി. ഭാര്യ വിനോദിനിയും ഒപ്പമുണ്ടായിരുന്നു. ശാരീരിക പരിശോധനകൾക്കുശേഷം ഞാൻ പറഞ്ഞു; ‘നമുക്ക് ഇപ്രാവശ്യം എല്ലാ കാൻസർ മാർക്കേഴ്‌സും കൂടി നോക്കിയാലോ?’. (പ്രധാന അവയവങ്ങൾക്കു കാൻസർ ബാധയുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന). രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു: പിന്നെന്താ നമുക്ക് എല്ലാം പരിശോധിക്കാം.

അദ്ദേഹം ആശുപത്രി വിട്ടു രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഫലം വന്നു. അദ്ദേഹത്തിന്റെ സിഎ 19-9 (പാൻക്രിയാസിനു കാൻസർ ബാധയുണ്ടോ എന്നറിയുന്നതിനുള്ള പരിശോധന) വളരെ കൂടുതലാണെന്നായിരുന്നു റിപ്പോർട്ട്. ഉറപ്പിനുവേണ്ടി ഒരുതവണകൂടി സിഎ 19-9 ചെയ്യാൻ തീരുമാനിച്ചു. അതിനു വീണ്ടും രക്തം കുത്തിയെടുക്കണം.

വർഷങ്ങളായുള്ള ആത്മബന്ധം കൊണ്ടാകാം, എന്റെ ശബ്ദത്തിലെ ഇടർച്ച അദ്ദേഹം തിരിച്ചറിഞ്ഞു. കണ്ണൂരിലേക്കു പോകാൻ തുടങ്ങിയ അദ്ദേഹം എകെജി സെന്ററിൽ ഞങ്ങൾക്കായി കാത്തിരുന്നു. റിപ്പോർട്ട് വന്നപ്പോൾ സിഎ 19-9 ആയിരത്തിലധികമാണെന്ന് ഉറപ്പിച്ചു.

പിന്നീടങ്ങോട്ടുള്ളത് ഒരു സമരകഥയാണ്. അന്നേ ദിവസം തന്നെ കണ്ണൂരിൽനിന്ന് സിടി സ്കാൻ എടുത്തു. അദ്ദേഹത്തിന്റെ പത്നി പറഞ്ഞു: ‘ഡോക്ടർ, എന്തുവേണമെന്നു പറയൂ; ഞങ്ങൾ അതുപോലെ ചെയ്യാം’. ഞാൻ വിശദീകരിച്ചു: ‘സാധാരണ പാൻക്രിയാസിലെ കാൻസർ തിരിച്ചറിയുന്നതു മഞ്ഞപ്പിത്തമോ കലശലായ വേദനയോ ഒക്കെ വരുമ്പോഴാണ്. ഒരു രോഗലക്ഷണവും ഇല്ലാതെയാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. എത്രയും പെട്ടെന്നു ചികിത്സ തുടങ്ങണം’. അവർ സമ്മതിച്ചു.

ഞങ്ങൾ രാജ്യത്തെ പല ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു. ഞാൻ അമേരിക്കയിലെ പ്രശസ്ത കാൻസർ ചികിത്സകൻ ഡോ. ഹരി പരമേശ്വരനുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: ‘നമുക്ക് പാൻക്രിയാസിലെ കാൻസർ സംബന്ധിച്ച ആഗോള വിദഗ്ധനായ മാത്യു എച്ച്.ജി. കട്സുമായി ബന്ധപ്പെടാം. അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത് അമേരിക്കയിലെ എംഡി ആൻഡേഴ്സൻ കാൻസർ സെന്ററിലാണ്’. ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയിൽനിന്നു ചികിത്സാ നിർദേശങ്ങളെത്തി. അതിലെ ചില കാതലായ നിർദേശങ്ങൾ ഈ കുറിപ്പ് വായിക്കുന്നവർക്കും പ്രയോജനം ചെയ്യും. ‘കാൻസർ കണ്ടുപിടിക്കുന്ന വേളയിൽ അദ്ദേഹത്തിന് ഒരു രോഗലക്ഷണവും ഇല്ല. സിടി സ്കാൻ, പെറ്റ് സ്കാൻ എന്നിവയിൽ പാൻക്രിയാസിന്റെ വാലിന്റെ ഭാഗത്തല്ലാതെ ശരീരത്തിന്റെ ഒരു ഭാഗത്തും അതു പടർന്നിട്ടേയില്ല. സാധാരണഗതിയിൽ, ശസ്ത്രക്രിയയിലൂടെ കാൻസർ മുറിച്ചു മാറ്റിയാൽ അതു ഭേദമാകുമെന്നു തോന്നിയേക്കാം. പക്ഷേ, അതു തെറ്റാണ്. സിഎ 19-9 ഇത്രയും ഉയർന്നു നിൽക്കുന്നതിനാൽ അർബുദത്തിന്റെ കോശങ്ങൾ ശരീരത്തിന്റെ പല ഭാഗത്തും സ്ഥിതിചെയ്യുന്നുണ്ടാകാം. അതുകൊണ്ട് നിയോ അഡ്ജുവന്റ് കീമോതെറപ്പിയിലൂടെ ഈ കോശങ്ങളെല്ലാം നശിപ്പിച്ച ശേഷമാകണം ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷവും കീമോതെറപ്പി വർഷങ്ങളോളം കൃത്യമായി തുടരേണ്ടിയുംവരും.’

കോടിയേരിയുടെ ശസ്ത്രക്രിയയ്ക്ക് എംഡി ആൻഡേഴ്സൻ കാൻസർ സെന്ററിൽ ഡോ. ഹരി പരമേശ്വരനും ഞാനും ഉണ്ടായിരുന്നു. 2020 ജനുവരിയിൽ നടന്ന ശസ്ത്രകിയയ്ക്കു ഡോ.മാത്യു കട്സ് ആണ് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ വിജയമായിരുന്നു. അദ്ദേഹം നടന്നുതുടങ്ങിയതിനു ശേഷമാണ് ഞാൻ ഇന്ത്യയിലേക്കു മടങ്ങിയത്.

അമേരിക്കയിൽ ദീർഘകാലം ജോലി ചെയ്ത് ഇപ്പോൾ കൊച്ചിയിൽ ഓങ്കോളജിസ്റ്റായി സേവനം അനുഷ്‌ഠിക്കുന്ന ഡോ. അജു മാത്യുവിനെയാണ് തുടർചികിത്സാ ചുമതല ഏൽപിച്ചിരുന്നത്.

തീവ്രമായ ഗ്ലൂക്കോസ് നിയന്ത്രണമാണു വേണ്ടതെന്നും അലംഭാവം കാട്ടിയാൽ അർബുദ ചികിത്സാവിജയത്തെയും ശരീരത്തിന്റെ പ്രതിരോധശക്തിയെയും അതു പ്രതികൂലമായി ബാധിക്കുമെന്നും പതിവായി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും ഓർമിപ്പിക്കാറുണ്ടായിരുന്നു. ഡയബറ്റിസ് സെന്ററിലെ രണ്ടു ഡോക്ടർമാരും നാല് ആരോഗ്യപ്രവർത്തകരും ടെലിമെഡിസിൻ ഗ്രൂപ്പിലൂടെ കഴിഞ്ഞ രണ്ടര വർഷമായി 24 മണിക്കൂറും പ്രമേഹ നിയന്ത്രണത്തിൽ അതീവ ജാഗരൂകരായി ഒപ്പം ഉണ്ടായിരുന്നു.

ചികിത്സ സമ്പൂർണമായും വിജയിച്ച അവസ്ഥയിൽ തിരക്കുകൾ കൂടി, യാത്രകൾ വർധിച്ചു, സമ്മേളനങ്ങളിൽ കൂടുതൽ വ്യാപൃതനായി. കൂടെക്കൂടെ സ്നേഹപൂർവം ഞാൻ ഫോണിൽ വിളിച്ച് അപേക്ഷിക്കും: ‘സർ, മരുന്നു മുടക്കരുത്, കൂടാതെ പഞ്ചസാരയുടെ നിയന്ത്രണവും’. അസുഖം ഭേദമായ ശേഷവും കീമോതെറപ്പി തുടരുന്നതിൽ പലപ്പോഴും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു.

അപ്പോഴെല്ലാം തിരുവനന്തപുരത്തു ചികിത്സ തുടർന്നിരുന്ന ജിജി ഹോസ്പിറ്റലിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. ബോബൻ തോമസും ഞാനും പറയും.‘ സർ, ഇതു പാൻക്രിയാസ് കാൻസറാണ്. കീമോതെറപ്പി നിർത്താൻ പാടില്ലെന്നാണ് അമേരിക്കയിൽനിന്നു നിർദേശിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഒന്നും കൂടാതെ കാൻസർ മാർക്കറിലൂടെ മാത്രം കണ്ടുപിടിച്ചതുകൊണ്ടാണ് നമുക്ക് ഈ പ്രായത്തിലും ഇത്രവരെ എത്താൻ കഴിഞ്ഞത്. വർഷങ്ങളായി പ്രമേഹം ഉണ്ടായിരുന്നിട്ടും വൃക്കയും ഹൃദയവും കരളും സാധാരണ രീതിയിൽ പ്രവർത്തിച്ചിരുന്നതുമൂലം, കീമോതെറപ്പി തീവ്രമായി നൽകിയിരുന്നപ്പോൾപോലും വിജയകരമായി തുടരുവാൻ സാധിച്ചു. പാൻക്രിയാസ് കാൻസർ ബാധിക്കുന്നവരുടെ ശരാശരി ആയുസ്സ് വളരെക്കുറവാണെന്നതു നമുക്കു തിരുത്തിക്കുറിക്കണം…’

അർബുദരോഗ ചികിത്സ, അതും പാൻക്രിയാസിൽ അർബുദം വരുമ്പോഴുള്ള അവസ്ഥ അത്ര നിസ്സാരമല്ല. പത്നി വിനോദിനിയും കുടുംബാംഗങ്ങളും ഉറ്റ സ്നേഹിതരും എപ്പോഴും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.

കോടിയേരി രോഗത്തെ നേരിട്ടത് നിറപുഞ്ചിരിയോടെ, നിറഞ്ഞ ആത്മധൈര്യത്തോടെയാണ്. അദ്ദേഹത്തിന്റെ ഈ മനോവീര്യം ഞങ്ങൾ ഡോക്ടർമാരെ പലപ്പോഴും അദ്ഭുതപ്പെടുത്തിട്ടുണ്ട്. അവസാനം വരെ അദ്ദേഹം ആത്മധൈര്യം വിടാതെ അർബുദത്തോടു സമരം ചെയ്തു.

അനിയത്തിപ്രാവ് സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ താര ജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. പിന്നീട് വന്ന പല അഭിമുഖങ്ങളിലും കുഞ്ചാക്കോ ബോബന്‍ നേരിടേണ്ടി വരുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നായിരുന്നു ശാലിനിയെ കുറിച്ചുള്ളത്.

അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് സമാനമായിട്ടുള്ള ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. സ്‌ക്രീനില്‍ ഇത്രയും ഹിറ്റായി നിന്ന നിങ്ങളെന്താണ് യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിക്കാത്തതെന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ അതിന് കുഞ്ചാക്കോ ബോബൻ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

താനും ശാലിനിയും ‘സ്‌കോര്‍പിയോ’ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റേതായ പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അങ്ങനൊരു പ്രത്യേകത തനിക്കും തോന്നിയിട്ടുണ്ട്. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമല്ല പ്രണയിച്ചത്. ഞങ്ങള്‍ക്ക് വേറെ വേറെ പ്രണയങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന സൗഹൃദം അതിര്‍വരമ്പുകളൊന്നുമില്ലാത്തതാണ്.

അജിത്തുമായി ശാലിനി പ്രണയത്തിലായിരിക്കുന്ന സമയത്ത് താന്‍ അവരെ സഹായിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കല്യാണം കഴിഞ്ഞ് രണ്ടാളും രണ്ട് ജീവിതത്തിലേക്ക് പോയെങ്കിലും ആ സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

എല്ലാ ദിവസവും വിളിക്കുകയും മെസേജ് അയക്കുകയുമൊന്നുമില്ല. എങ്കിലും ആ സൗഹൃദത്തിന്റെ ഫീല്‍ അവിടെ എന്നും പഴയത് പോലെ തന്നെയുണ്ടാവും. അതിനാണ് ഏറ്റവും മൂല്യം കൊടുക്കുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ചൊവ്വാഴ്ച ഭക്തര്‍ക്കായി സമര്‍പ്പിക്കും. ജബല്‍ അലിയിലാണ് ക്ഷേത്രം. ഒരു മാസം മുന്‍പേ ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നിരുന്നു. നാലിനു വൈകുന്നേരം 5ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കപ്പെടും.

3 വര്‍ഷം കൊണ്ടാണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബല്‍ അലിയിലെ ഗ്രാന്‍ഡ് ടെംപിളിനു സ്വന്തമാണ്.

സാധാരണ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ആധുനിക മുഖമാണ് ജബല്‍ അലി ക്ഷേത്രത്തിനുള്ളത്. പ്രതിഷ്ഠകള്‍ മുഴുവന്‍ ക്ഷേത്രത്തിന്റെ മുകള്‍ നിലയിലാണ്. മച്ചില്‍ നിറയെ ക്ഷേത്ര മണികള്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ദേശക്കാരും ഭാഷക്കാരും മത വിശ്വാസികളും ഒരുമിച്ചാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഇംഗ്ലീഷിലുമെല്ലാം പ്രാര്‍ഥനകള്‍ മുഴങ്ങും.

ക്ഷേത്രത്തിന്റെ അകത്തളങ്ങളിലേക്കു കയറുമ്പോള്‍ ആദ്യം ദര്‍ശിക്കുക അയ്യപ്പനെയും ഗുരുവായൂരപ്പനെയും. പൂര്‍ണമായും കൊത്തുപണികളാല്‍ മനോഹരമാക്കി കൊട്ടാര സമാന നിര്‍മിതിയാണ് പുതിയ ക്ഷേത്രത്തിന്റേത്. ചുവരും തറയുമെല്ലാം വെളുത്ത കല്ലുകളാല്‍ ഭംഗിയാക്കിയിരിക്കുന്നു. അകത്തളങ്ങള്‍ക്ക് രാജകീയ പ്രൗഢി നല്‍കുന്ന ചിത്രപ്പണികളും ശില്‍പങ്ങളും.

ദൈവങ്ങളുടെ പ്രതിഷ്ഠ കുടികൊള്ളുന്ന പ്രധാന മുറിയില്‍ ആകാശത്ത് നിന്നു ഭൂമിയിലേക്കു വിടര്‍ന്നു നില്‍ക്കുന്ന വലിയ താമര നിര്‍മിതിയുടെ അഴക് വര്‍ധിപ്പിക്കുന്നു. താമരപ്പൂവിലൂടെ പകല്‍ വെളിച്ചം ക്ഷേത്രത്തിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുന്നു. ശിവന്‍ ആണ് പ്രധാന പ്രതിഷ്ഠ. കൃഷ്ണന്‍, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാന്‍, ഷിര്‍ദി സായി ബാബ പ്രതിഷ്ഠകളുമുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ മാത്രം ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല.

സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. ജബല്‍ അലിയിലെ ഗുരുനാനാക് ദര്‍ബാറിനോടു ചേര്‍ന്നാണ് പുതിയ ക്ഷേത്രത്തിന്റെ സ്ഥാനം. ശ്രീകോവിലുകള്‍ക്കു പുറമെ താഴത്തെ നിലയില്‍ വലിയ ഹാളും ക്രമീകരിച്ചിട്ടുണ്ട്.

കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് പ്രതി മുത്തുകുമാറിനെ ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ചങ്ങനാശ്ശേരി പോലീസിന് കൈമാറി.

കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത.പുതുപ്പള്ളി സ്വദേശികളായ രണ്ടുപേര്‍ക്കു വേണ്ടിയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവര്‍ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.കൃത്യത്തിന് ശേഷം ഒളിവില്‍ പോയ രണ്ടുപേരെ കുറിച്ചും സൂചന കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ആലപ്പുഴ ആര്യാട് സ്വദേശിയായ ബിന്ദു കുമാറിനെ ചങ്ങനാശ്ശേരി പൂവത്തുള്ള വാടക വീട്ടിലാണ് സുഹൃത്തായ മുത്തു കുമാറിന്റെ നേതൃത്വത്തില്‍ കൊന്ന് കുഴിച്ചിട്ടത്.മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മര്‍ദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തെളിഞ്ഞിരുന്നു

കോടിയേരി ബാലകൃഷ്ണന് സ്വന്തം അച്ഛന്റെ സ്ഥാനമായിരുന്നുവെന്ന് ഷോൺ ജോർജ്. ബിനീഷ് കോടിയേരിയുമായുള്ള അടുത്ത സൗഹൃദം കാരണം കോടിയേരിയുടെ വീട്ടിലെ അംഗമായിട്ടാണു തന്നെയും അദ്ദേഹം കണ്ടിരുന്നതെന്നു ഷോൺ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഞാനും ബിനീഷും വിദ്യാർഥി രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്ന കാലമായിരുന്നു അന്ന്. സ്വാഭാവികമായി ആ കാലഘട്ടത്തിൽ ഉണ്ടാകുന്ന സമര സംബന്ധമായ പ്രശ്നങ്ങളും പൊലീസ് കേസുകളും ബഹളങ്ങളും എല്ലാം കഴിഞ്ഞ് ആ വീട്ടിലേക്കാണ് ഞങ്ങൾ ചെല്ലുന്നത്.

അങ്കിൾ വീട്ടിൽ ഉണ്ടാകണമെന്നു പ്രാർഥിച്ചു കൊണ്ടാണു ചെല്ലുന്നത്. കാരണം ആന്റിയുടെ കയ്യിൽനിന്നു ഞങ്ങൾക്കു കിട്ടാനുള്ള ശകാരത്തിന് അങ്കിൾ ഉണ്ടെങ്കിൽ ഒരു പരിധിവരെ പരിഹാരമുണ്ടായിരുന്നു. അദ്ദേഹം ഉണ്ടെങ്കിൽ ചെറിയ പുഞ്ചിരിയോടെ ആ പ്രശ്നങ്ങളെ വളരെ ലഘൂകരിച്ച് കളയും. അന്നും ഇന്നും എന്നും അദ്ദേഹത്തിന്റെ മുഖമുദ്ര ആ ചെറുപുഞ്ചിരി തന്നെയാണ്’– ഷോൺ ഓർമിക്കുന്നു.

ഷോണിന്റെ കുറിപ്പ്:

ഈ മനുഷ്യൻ എനിക്ക് ആരായിരുന്നുയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഒരു ഉത്തരം നൽകാനാവില്ല..

തിരുവനന്തപുരത്ത് മാർ ഇവാനിയസ് കോളജിൽ പിഡിസിക്കു പഠിക്കുന്നു കാലത്താണ് ഞാനും ബിനീഷുമായി അടുത്ത സൗഹൃദം ഉണ്ടാവുന്നത്. അന്നു മുതൽ ആ വീട്ടിലെ ഒരു അംഗമായാണ് അദ്ദേഹം എന്നെയും കരുതിയിരുന്നത്. ഒരു മകന്റെ സ്നേഹവും വാത്സല്യവും കരുതലും അന്നും ഇന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാനും ബിനീഷും വിദ്യാർഥി രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്ന കാലമായിരുന്നു അന്ന്. സ്വാഭാവികമായി ആ കാലഘട്ടത്തിൽ ഉണ്ടാകുന്ന സമര സംബന്ധമായ പ്രശ്നങ്ങളും പൊലീസ് കേസുകളും ബഹളങ്ങളും എല്ലാം കഴിഞ്ഞ് ആ വീട്ടിലേക്കാണ് ഞങ്ങൾ ചെല്ലുന്നത്. അങ്കിൾ വീട്ടിൽ ഉണ്ടാകണമെന്നു പ്രാർഥിച്ചു കൊണ്ടാണ് ചെല്ലുന്നത്. കാരണം ആന്റിയുടെ കയ്യിൽനിന്ന് ഞങ്ങൾക്കു കിട്ടാനുള്ള ശകാരത്തിന് അങ്കിൾ ഉണ്ടെങ്കിൽ ഒരു പരിധിവരെ പരിഹാരമുണ്ടായിരുന്നു. അദ്ദേഹം ഉണ്ടെങ്കിൽ ചെറിയ പുഞ്ചിരിയോടെ ആ പ്രശ്നങ്ങളെ വളരെ ലഘൂകരിച്ച് കളയും. അന്നും ഇന്നും എന്നും അദ്ദേഹത്തിന്റെ മുഖമുദ്ര ആ ചെറുപുഞ്ചിരി തന്നെയാണ്. എത്ര വലിയ പ്രശ്നങ്ങളെയും സംയമനത്തോടുകൂടി ഒരു ചെറിയ പുഞ്ചിരിയോടെ നേരിടുന്ന ഒരു വ്യക്തിത്വം. അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സിൽ.

കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി എന്നും എന്നോട് ആ കരുതൽ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കലും എന്നോട് അദ്ദേഹം രാഷ്ട്രീയം സംസാരിച്ചിരുന്നില്ല കാരണം അദ്ദേഹത്തോടു രാഷ്ട്രീയം സംസാരിക്കാനുള്ള യോഗ്യതയോ പ്രായമോ പക്വതയോ ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ല ഞാൻ. എറണാകുളത്ത് ഞാനും ബിനീഷും നിനുവും ഒരുമിച്ച് ഓഫിസ് തുടങ്ങുന്ന കാര്യം പറയുന്നതിനു വേണ്ടിയാണു ഞാൻ അദ്ദേഹത്തെ കാണുന്നത്. ദീർഘനേരം സംസാരിച്ചപ്പോൾ ഞങ്ങൾ സജീവമായി പ്രഫഷനൽ രംഗത്തേക്കു തിരികെ വരുന്നതിലുള്ള വലിയ സന്തോഷം പങ്കുവയ്ക്കുകയും, അതോടൊപ്പം എന്നോട് രാഷ്ട്രീയം സംസാരിക്കുകയും ചെയ്തു. എന്നോടു പ്രഫഷനോടൊപ്പം നിർബന്ധമായും സജീവമായ രാഷ്ട്രീയ പ്രവർത്തനം തുടരണമെന്നും നിനക്ക് അതിനു കഴിയും എന്നും അദ്ദേഹം സൂചിപ്പിച്ചു. അവിടെയും ഒരു പിതാവിന്റെ കരുതൽ എന്നോട് അദ്ദേഹം കാണിച്ചിരുന്നു..

വ്യക്തി ജീവിതത്തിൽ ഇതുപോലെ ചിട്ട പുലർത്തിയിരുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അങ്കിൾ കൃത്യമായി 4.30ന് എഴുന്നേൽക്കും. കൃത്യമായി എന്നും വ്യായാമം ചെയ്യും. യാതൊരു ദുസ്വഭാവങ്ങളും ഇല്ലാതെ ഇതുപോലെ ചിട്ടയോടെ ജീവിച്ച ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും ആ ചിട്ടകൾ പ്രകടമായിരുന്നു. എത്ര പ്രതിസന്ധിയുള്ള വിഷയങ്ങൾ നമ്മൾ ചെന്നു പറയുമ്പോഴും ചെറുപുഞ്ചിരിയോടെ നേരിടുന്ന വ്യക്തിത്വം. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും ഞാൻ ഇന്നുവരെയും അദ്ദേഹത്തിന്റെ അടുക്കൽ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്റെ എല്ലാ കാര്യത്തിനും അദ്ദേഹത്തിന്റെ ഒരു വലിയ സ്വാധീനം ഉണ്ടായിരുന്നു. എന്റെ വ്യക്തിപരമായ എല്ലാ ആവശ്യങ്ങൾക്കും അദ്ദേഹവും ആ കുടുംബത്തിലെ എല്ലാവരും പങ്കെടുത്തിരുന്നു. ഒരു കുടുംബാഗം എന്ന നിലയിൽ കുടുംബത്തിലെ കാരണവരെ നഷ്ടപ്പെട്ട വേദനയാണ് ഞങ്ങൾക്കെല്ലാവർക്കും.. ആ വലിയ പ്രഭാവം ഇല്ലാതായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

രണ്ടാം പിണറായി സർക്കാർ തിരിച്ചുവരുമെന്ന് എന്റെ മനസ്സിൽ നല്ല ഉറപ്പുണ്ടായിരുന്നു. കാരണം ഭരണത്തിൽ ഇരിക്കുമ്പോൾ സിപിഎം എന്ന സംഘടനയെ ഇതുപോലെ ചലിപ്പിച്ച ഒരു സംസ്ഥാന സെക്രട്ടറി ഉണ്ടായിട്ടില്ല. 2016-21 കാലഘട്ടം, സംഘടന ഇതുപോലെ വളർന്ന മറ്റൊരു കാലവും ഉണ്ടായിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ സംഘടനാപാടവം പാർട്ടിക്ക് ഏറെ ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ടാകണമല്ലോ കണ്ണൂർ പോലെ പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ അദ്ദേഹത്തിന്റെ 35ാം വയസ്സിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകുക എന്നത് അദ്ദേഹത്തിന്റെ വലിയ പ്രഭാവം കൊണ്ട് തന്നെയാണ്. ഇന്നുവരെ ആ നാവിൽനിന്ന് ഒരു പിഴവാക്ക് ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല, അത് എല്ലാവർക്കും അറിയാമായിരുന്നു…

ഏറെ സങ്കടത്തോടെ ഒത്തിരി നന്മയുള്ള പ്രിയ അങ്കിളിന് വിട….

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ 1942 ജൂലൈ 31ന് തൃശൂർ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടേയും മകനായി ജനിച്ച രാമചന്ദ്രൻ കൊമേഴ്സാണു പഠിച്ചത്. കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി. കുവൈത്തിൽ ബാങ്ക് ജോലിയിൽ തന്നെയായിരുന്നു തുടക്കം. എന്നാൽ എൺപതുകളുടെ അവസാനത്തിൽ ജോലി ഉപേക്ഷിച്ച് സ്വർണവ്യാപാരം തുടങ്ങി. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ വിത്തുപാകിയത് അങ്ങനെ. കുവൈത്തിൽ ഇറാഖിന്റെ ആക്രമണം ഉണ്ടായപ്പോൾ ജ്വല്ലറി ബിസിനസിന്റെ ആസ്ഥാനം അദ്ദേഹം ദുബായിലേക്കു മാറ്റി. പിന്നീട് അറ്റ്്‌ലസിന്റെ വലിയ കുതിപ്പിനാണ് വ്യവസായലോകം സാക്ഷ്യം വഹിച്ചത്.

ഗ്രൂപ്പിന്റെ പ്രവർത്തനം നല്ലനിലയിൽ മുന്നോട്ടുപോകുമ്പോഴാണ് രാമചന്ദ്രന്റെ അറസ്റ്റും ജയിൽവാസവും സംഭവിക്കുന്നത്. തന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലരാണ് സംഭവത്തിനുപിന്നിലെന്നാണ് രാമചന്ദ്രൻ വിശ്വസിച്ചിരുന്നത്. ഗൾഫിലെയും ഇന്ത്യയിലെയും വിവിധ ബാങ്കുകളുമായി നിരന്തരം വായ്പാ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന രാമചന്ദ്രന് വായ്പ ഉറപ്പു നൽകിയിരുന്ന രണ്ട് ബാങ്കുകൾ പൊടുന്നനെ വായ്പ നിഷേധിച്ചതാണ് പ്രശ്നങ്ങൾ‍ക്കു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് അവീറിലെ ജയിലിലായിരുന്നു അദ്ദേഹത്തിന്റെ തടവ്. ഏകാന്തതയായിരുന്നു തടവുകാലത്ത് രാമചന്ദ്രനെ ഏറ്റവും വിഷമിപ്പിച്ചത്. ജീവിതത്തിന്റെ സ്വിച്ച് ഇടയ്ക്ക് ഒന്ന് ഓഫ് ചെയ്ത് വയ്ക്കേണ്ടി വന്നെന്ന് അദ്ദേഹം അതെക്കുറിച്ച് പിൽക്കാലത്ത് പറഞ്ഞു.

വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലുകളുമായി ജീവിച്ചുപോന്ന ആ പ്രവാസി വ്യവസായി ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് മങ്കൂളിലെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍.

ഗള്‍ഫ് നാടുകളിലെ പ്രശസ്തമായ അറ്റ്ലസ് ജ്യുവലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാമചന്ദ്രന്‍ പിന്നീട് അറ്റ്ലസ് രാമചന്ദ്രനായി മാറിയത് അദ്ദേഹത്തിന്റെ വ്യാപാര വിജയത്തെ തുടര്‍ന്നായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹത്തിന് ബിസിനസ്സില്‍ വന്ന പിഴവുകളെ തുടര്‍ന്ന് 2015 ഓഗസ്റ്റിലാണ് ജയിലിലാവുന്നത്. രണ്ടേമുക്കാല്‍ വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് വരാനായില്ല.

തന്റെ അററ്ലസ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കാലമത്രയും അദ്ദേഹം. പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാല്‍ ആ ശ്രമം വിജയം കണ്ടില്ല. തൃശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബികോം പാസ്സായശേഷം ഇന്ത്യയില്‍ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി ചേര്‍ന്നത്.

പിന്നീട് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായി സ്ഥാനകയറ്റം നേടി. തുടര്‍ന്നാണ് സ്വര്‍ണ വ്യാപാരത്തിലേക്ക് കടക്കുന്നത്. കുവൈറ്റില്‍ ആറ് ഷോറൂമുകള്‍ വരെയായി വ്യാപാരം വ്യാപിപ്പിച്ചു. എന്നാല്‍ 1990 ഓഗസ്റ്റ് 2 നാണ് സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതോടെ എല്ലാം കൊള്ളയടിക്കപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം ദുബായിലെത്തുന്നത്. പിന്നീട്‌ ദുബായില്‍ ആദ്യ ഷോറൂം തുറന്നു. പിന്നീട് യുഎഇയില്‍ 19 ഷോറൂമുകള്‍ വരെയായി. മറ്റുരാജ്യങ്ങളിലേക്കും വ്യാപാരം വര്‍ദ്ധിപ്പിച്ചു.

എന്നാല്‍ ഇതിനിടയിലാണ് ചില ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ രൂപമെടുത്തത്. 2015 ആഗസ്റ്റ് 23 ന് ഇതിനായി ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം കസ്റ്റഡിയിലായി. പിന്നീട് ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നു. നിയമപോരാട്ടങ്ങള്‍ക്കും ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ക്കും ഒടുവില്‍ രണ്ടേ മുക്കാല്‍ വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം പിന്നീട് പുറം ലോകം കാണുന്നത്. അപ്പോഴേക്കും മിക്കവാറും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. മസ്‌കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തല്‍ക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീര്‍ത്തത്.

യുഎഇ യിലുള്ള ഷോറൂമുളിലെ സ്വര്‍ണ്ണമെല്ലാം അതിനിടെ പല രീതിയില്‍ കൈമോശം വന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആത്മകഥ എഴുതിയും അക്ഷരശ്ലോകത്തിലൂടെ സന്തോഷം കണ്ടെത്തിയും തന്റെ പ്രയാസങ്ങളെ മറികടക്കാന്‍ ശ്രമിച്ച അദ്ദേഹം ദുബായിലെ പൊതു വേദികളിലും സാംസ്‌കാരിക സദസ്സുകളിലുമെല്ലാം ഏറെ സജീവമായി പങ്കെടുത്തുവരികയായിരുന്നു. പ്രശ്നങ്ങളെല്ലാം തീര്‍ത്ത് എന്നെങ്കിലും തന്റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം.

പ്രമുഖ വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.

1942 ജൂലൈ 31ന്​ തൃശൂരിൽ വി. കമലാകര മേനോ​ന്‍റെയും എം.എം. രുഗ്​മിണി അമ്മയുടെയും മകനായാണ്​ ജനനം. അറ്റ്​ലസ്​ ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്​. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു. 2015ൽ സാമ്പത്തിക ​ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന്​ ജയിലിലായ അദ്ദേഹം 2018ലാണ്​ പുറത്തിറങ്ങിയത്​.

കേസ്​ അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട്​ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അറ്റ്​ലസ്​ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്​ മരണം. ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവലിലെ ഗോൾഡ്​ പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു. ഫിലിം മാഗസിനായ ചലച്ചിത്രത്തിന്‍റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷന്‍റെ വൈസ്​ പ്രസിഡന്‍റാറയും പ്രവർത്തിച്ചു.

ഷെഫ് ജോമോൻ കുര്യാക്കോസ്

വട്ടയപ്പം

ചേരുവകള്‍

നന്നായി പൊടിച്ച അരിപ്പൊടി – 4 കപ്പ്‌
ചെറുചൂടുവെള്ളം – ½ കപ്പ്
വെള്ളം – 2 കപ്പ്
തേങ്ങാപാല്‍ – 1 ½ കപ്പ്‌
യീസ്റ്റ് – ½ ടീസ്പൂണ്‍
പഞ്ചസാര – ¾ കപ്പ്‌
ഏലയ്ക്ക – 5 എണ്ണം
വെളുത്തുള്ളി – 1 അല്ലി
നെയ്യ് – 2 ടീസ്പൂണ്‍
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 20 എണ്ണം
ചെറി – 5 എണ്ണം (ആവശ്യമെങ്കില്‍)
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

അര കപ്പ്‌ വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക).
ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.
രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത മാവ് 8 മണികൂര്‍ നേരം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.
ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, ചെറിയും (ആവശ്യമെങ്കില്‍) വച്ച് അലങ്കരിക്കുക.
ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക (വെള്ളം നന്നായി തിളച്ചതിനു ശേഷം മാത്രം പാത്രം അടക്കുക).
തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്.

കുറിപ്പ്

മാവ് പുളിയ്‌ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കണം.

ഷെഫ് ജോമോൻ കുര്യാക്കോസ്

 

 

 

 

 

 

 

ജേക്കബ് പ്ലാക്കൻ

നീണ്ട നാസികയിലൊരു വട്ടക്കണ്ണാടയും
നയനങ്ങളിൽ സൂര്യ തേജസ്സും
സൗമ്യമാം മുഖത്തൊരു മുഗ്ധ മന്ദഹാസവും
മേൽ മുണ്ടിനാലുടൽ മറച്ചും തറ്റുടുത്തും
ഊന്നുവടിയൂന്നിയും ..ഊര്‍ജസ്വലനായി ..
നടന്നുവരുന്നൊരു കൃശഗാത്രനാം
ഉത്തമശ്ലോകന്‍ …മിതഭാഷി …മംഗളസ്വരൂപൻ ..ജ്ഞാനവൃദ്ധനാം മനോജ്ഞഭാവൻ ….
ഭാരതപിതാ …മഹാത്‌മാവ്‌ …ഗാന്ധിജി …!

നൂൽ നൂറ്റു പാകുന്നു ലളിതമാം ജീവിതം
നമ്മിലുണർത്തുന്നു സ്നേഹാർദ്ര മന്ത്രം
വേടശരമേറ്റു പിടയുന്നു പവം പ്രേമംകാവ്യം
വെടിയേറ്റുടയുന്നു നിസ്തുലം ത്യാഗവിഗ്രഹം

ഭാർഗവകുലജാതൻ ഋഷിയാം രുരുവിനേകും ..
ഭഗവത് ഗീതയിലുണ്ടൊരു ഉരഗ ഉപദേശം …!
പ്രപഞ്ചത്തിനാധാരശിലയാകും ആപ്തവാക്യം ..
പ്രഫുല്ലംമത് “അഹിംസ” യാം യാദി മന്ത്രം ..!

ഇന്നും കോപാന്ധരായി രുരു ഭാർഗവന്മാർ
കൊന്നു ഉൾപകപോക്കും യുദ്ധഭൂമികയിൽ ….
നിസ്സഹായതയുടെ പൂറ്റിൽ നിന്നും മിന്നും –
മുയരുന്നു ചേര പാമ്പിന്റെ ചോദ്യശരം ….!
ഹിംസയാൽ നിങ്ങൾ നേടുവതെന്തു …?

വിധ്വംസിത ഭൂവിൽ വീണുപ്രതിധ്വനിക്കുന്നു
ഭാരതാംബതൻ ഓങ്കാരനാദ ശാന്തി മന്ത്രം …!
അഹിംസയാം ദിവ്യ മന്ത്രത്താൽ ഗാന്ധിജി
സ്നേഹ പ്രപഞ്ചനകാഹളം മുഴക്കുന്നുഭൂവിൽ ..!

സത്യവുംമഹിംസയും ലോകതുഞ്ചങ്ങളിൽ
സൂര്യതാരകം പോൽ പതിപ്പിച്ചുറപ്പിച്ചൊരാൾ …!
അശ്വമേധങ്ങളില്ലാതെ …വാഗ്ധോരണികളില്ലാതെ.വിശ്വംജയിക്കുന്നു ഭാരതാംബതൻ വന്ദ്യപുത്രൻ ….മഹാത്‌മാജൻ …!

നീളുമാ ദൃഷ്ടി ദീർഘ ദർശനം ചെയ്‌വൂ …
നവലോക സ്നേഹ ഭാസുര ഭാവിയും ..!
ലോകംമോർക്കുന്നുവെന്നും വിശ്വനായകന്റെ
അകല്‍കതമാം സത്യാന്വേക്ഷണങ്ങളെ …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

RECENT POSTS
Copyright © . All rights reserved