Latest News

‘‘ഉറങ്ങീട്ടു രണ്ടു ദിവസമായി. കയ്യിൽ നിന്ന് ഊർന്നു പോകുന്ന കുഞ്ഞിക്കാലുകളാണ് ഓർമയിൽ നിറയെ. ശരീരത്തിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല. കുഞ്ഞിന്റെ കാലിൽ പിടിച്ചപ്പോൾ തണുത്തിരിക്കുന്നതും കയ്യിൽ നിന്നു വഴുതിപ്പോകുന്നതും മനസ്സിൽ നിന്നു പോകുന്നില്ല’’ – ആലുവ മാർത്താണ്ഡവർമ പാലത്തിൽ നിന്നു പുഴയിലേയ്ക്കു പിതാവു വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിനെ രക്ഷപെടുത്താൻ വെള്ളത്തിൽ ചാടിയ മിഥുൻ രാജീവിന്റേതാണ് വാക്കുകൾ. ‘‘അന്നു കൂടെ ചാടിയ ആറൂഖിനെ വിളിച്ചപ്പോൾ അവനും പറഞ്ഞു ഉറങ്ങാൻ കഴിയുന്നില്ലെന്ന്’’ – ആലുവ സ്വദേശികളും സുഹൃത്തുക്കളുമായ മിഥുനും ആറൂഖും ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാകാതെ പോയതിന്റെ വേദനയിലാണ്.

അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ആര്യനന്ദയെ പിതാവ് ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടിൽ എം.സി. ലൈജു പെരിയാർ നദിയിൽ എറിഞ്ഞ് വെള്ളത്തിലേയ്ക്കു ചാടുകയായിരുന്നു. ഈ സമയത്താണ് ആലുവ പുളിഞ്ചോട് ബജാജ് ഷോറൂമിൽ സ്പെയർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വെളിയത്തുനാട് കിടങ്ങപ്പള്ളിപ്പറമ്പിൽ മിഥുൻ അതുവഴിയെത്തുന്നത്.

‘‘പാലത്തിന്റെ നടുക്ക് എത്തിയപ്പോൾ ആൾക്കൂട്ടം. ഒരു ചേച്ചി വന്നു കരഞ്ഞു പറഞ്ഞു, ദേ ഒരു കൊച്ചിനെ ഒരുത്തൻ വെള്ളത്തിലേയ്ക്ക് എറിഞ്ഞു എന്ന്. ചേച്ചി കരയുകയാണ്. നോക്കുമ്പോൾ അറിയാവുന്ന രണ്ടു സുഹൃത്തുക്കൾ പാലത്തിന്റെ അങ്ങേ വശത്തു കൂടി ഓടി വരുന്നുണ്ട്. വെള്ളത്തിൽ നോക്കിയപ്പോൾ കൊച്ചിന്റെ കൈ പൊങ്ങിക്കണ്ടു. കുഞ്ഞിനു ജീവനുണ്ട് എന്നുറപ്പിച്ചതു കൊണ്ടാണ് കുഞ്ഞിനെ രക്ഷിക്കാൻ വെള്ളത്തിൽ ചാടാൻ തീരുമാനിച്ചത്. പാലത്തിന്റെ സൈഡിലെ പടിക്കെട്ടിലൂടെ ഇറങ്ങി പെരിയാർ ബാറിന്റെ മുന്നിലെത്തി. അടഞ്ഞു കിടന്ന ഗേറ്റ് ചാടിക്കടന്ന് പിൻവഴത്തു കൂടി ചെന്നു ചാടിയത് ചെളിയിലേയ്ക്ക്. അവിടുന്നു കുഞ്ഞിനടുത്തേയ്ക്കു നീന്തിയെത്തി. അപ്പോഴേയ്ക്കും അണച്ചു വയ്യാതായിരുന്നു.

നീന്തിയെത്തിയ സുഹൃത്തിനു കുഞ്ഞിന്റെ മുടിയിൽ പിടിത്തം കിട്ടി. അദ്ദേഹവും അണച്ചാണ് നീന്തുന്നത്. അവനു കുഞ്ഞിന്റെ മുടിയിൽ നിന്നു പിടിത്തം പോയി. ഈ സമയം നീന്തി ചെന്നു കുഞ്ഞിനെ പിടിക്കാൻ ശ്രമിച്ചു. കാലിലാണ് പിടിത്തം കിട്ടിയത്. കുഞ്ഞിന്റെ കാലിൽ നിന്നു പിടിവിടാതെ കുറച്ചു സമയം അങ്ങനെ തന്നെ വെള്ളത്തിൽ അണച്ചു കിടന്നു നോക്കി. താഴ്ന്നു പോകുമെന്നു തോന്നിയതിനാൽ ഉറക്ക കരഞ്ഞു, ആരെങ്കിലും ഓടി വരണേ എന്നു വിളിച്ചു പറഞ്ഞു. ഈ സമയം കുഞ്ഞിന്റെ കാലിൽ നിന്നുള്ള പിടി വിട്ടു പോയി.

അണച്ചു തീരെ വയ്യാതായി മുങ്ങിപ്പോകാറായപ്പോഴേയ്ക്കാണ് കുഞ്ഞിന്റെ കാലിൽ നിന്നു പിടിവിട്ടു പോയത്. താഴേയ്ക്കു മുങ്ങി നോക്കുമ്പോൾ കുഞ്ഞ് അടിയിലേയ്ക്കു പോകുന്നതാണ് കണ്ടത്. ചുഴി ആയിരുന്നതിനാൽ കുഞ്ഞു കറങ്ങിയാണ് പോകുന്നത്. ഒഴുക്കിൽ പെട്ടു കയ്യും കാലും കുഴയുന്നതായി തോന്നി. എങ്ങനെയെങ്കിലും നീന്തി കരയിലെത്തിയില്ലെങ്കിൽ സ്വന്തം ജീവനും നഷ്ടമാകുമെന്നു തോന്നി. എങ്ങനെയോ ആണ് നീന്തി ‌കരയിലേക്ക് കയറിയത്. ഒപ്പം രക്ഷപെടുത്താൻ ഇറങ്ങിയ കൂട്ടുകാരനും ഇതേ അവസ്ഥയിലായിരുന്നു. അവന്റെ കാലു പൊട്ടി സ്റ്റിച്ചിടേണ്ടി വന്നു. വെള്ളത്തിൽ ചാടുന്നതിനു മുമ്പു ഫോണും പേഴ്സുമെല്ലാം കരയിൽ വലിച്ചെറിഞ്ഞിട്ടാണ് ചാടിയത്. പാൻസും ഷർട്ടും അഴിക്കാതെ നീന്തിയതിനാലാണ് പെട്ടെന്നു ക്ഷീണിച്ചു പോയത്. കൺമുന്നിൽ കുട്ടിൽ കൈവിട്ടുപോകുന്നത് നിസ്സഹായതോടെ നോക്കാനെ കഴിഞ്ഞുള്ളു’’– മിഥുൻ പറയുന്നു.

വ്യാഴാഴ്ചയാണ് മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചത്. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി ലൈജു (36), മകൾ ആര്യനന്ദ (6) എന്നിവരാണു മരിച്ചത്. അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദ സ്കൂൾ ബസിൽ കയറാൻ നിന്നപ്പോൾ ലൈജു സ്കൂട്ടറിൽ കയറ്റി ആലുവയിലേക്കു കൊണ്ടുവരികയും പാലത്തിൽ നിന്നു പുഴയിലേക്ക് എറിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നാലെ ലൈജുവും ചാടുകയായിരുന്നു.

മികച്ച ഗായിക നഞ്ചിയമ്മയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേരളകര കാത്തിരിക്കുകയായിരുന്നു ഈ ദിവസത്തിനായി. ദേശീയ പുരസ്‌കാരം നഞ്ചിയമ്മ ഏറ്റുവാങ്ങുന്ന ആ നിമിഷം കണ്‍നിറയെ കാണാനായുളള കാത്തിരിപ്പ്. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ മറ്റു ജേതാക്കള്‍ക്കൊപ്പം നഞ്ചിയമ്മയും ഇന്നലെ പുരസ്‌കാരം ഏറ്റുവാങ്ങി. വലിയ ആരവങ്ങളോടെയാണ് നഞ്ചിയമ്മയെ കാണികള്‍ വേദിയിലേയ്ക്കു എതിരേറ്റത്. നഞ്ചിയമ്മ എന്ന പേരു ഉയര്‍ന്നു കേട്ടപ്പോള്‍ തന്നെ ഏവരും ഏഴുന്നേറ്റു നിന്ന് ആ പ്രതിഭയ്ക്കു ആദരം നല്‍കി.

നിറ ചിരിയോടെയാണ് നഞ്ചിയമ്മ രാഷ്ട്രപതിയില്‍ ദ്രൗപതി മുര്‍മുവില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്. സ്വാഗതപ്രസംഗത്തിനിടയില്‍ നഞ്ചിയമ്മയുടെ പുരസ്‌കാര നിറവില്‍ അഭിമാനിക്കുന്നുവെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറയുകയുണ്ടായി.’ കേരളത്തിലെ ഒരു ചെറിയ ഗോത്രവിഭാഗത്തില്‍ നിന്നുളള നാടന്‍പാട്ടുകാരിയാണ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ നേട്ടം കരസ്ഥമാക്കിയതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുന്നു’ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ശേഷം നഞ്ചിയമ്മ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ ആശ പരേഖറിനു, തന്നെ ഈ പുരസ്‌കാരത്തിനു അര്‍ഹയാക്കിയ ഗാനം പാടികൊടുക്കുന്നതു കാണാം.നഞ്ചിയമ്മ ആ ഗാനം ആലപിക്കുമ്പോള്‍ അവര്‍ പ്രതിനിധീകരിക്കുന്നതു ഒരു വലിയ ജനതയെയാണെന്നു വളരെ അഭിമാനത്തോടെ നമ്മെ ഓര്‍മപ്പെടുത്തുന്നു.

സച്ചി സംവിധാനം ചെയ്ത”അയ്യപ്പനും കോശിയും ” യിലെ “കലക്കാച്ചാ” എന്ന ഗാനമാണ് നഞ്ചിയമ്മയിലെ ഗായികയെ വെളിച്ചത്തിലേക്കു കൊണ്ടുവരുന്നത്.അട്ടപ്പാടിയില് നിന്നു വിഞ്ജാൻ ഭവനിലേക്കുള്ള ഈ 64 ക്കാരിയുടെ യാത്രയിൽ സച്ചി എന്ന സംവിധായൻ വഹിച്ച പങ്കു വളരെ വലുതാണ്. താൻ സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും ‘ എന്ന ചിത്രം ഇന്നു ദേശിയ തലത്തിൽ അംഗീകാരങ്ങൾ നേടുമ്പോള്‍ അതു കാണാനും അനുഭവിക്കാനും സച്ചി ഇന്ന് ഈ ലോകത്തില്ല. നഞ്ചിയമ്മയെ പോലൊരു പ്രതിഭയെ കലാ ലോകത്തിനു സമ്മാനിച്ച സച്ചി ,നിങ്ങളോടു ആസ്വാദകർ എന്നും കടപ്പെട്ടിരിക്കും.

മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അര്‍ദ്ധരാത്രിയിലെ കുട. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി എന്നറിയിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ചിത്രങ്ങളുടെയെല്ലാം പേരുകള്‍ A എന്ന അക്ഷരത്തില്‍ തുടങ്ങുന്ന അദ്ദേഹം ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.

മാത്രമല്ല തന്റെ അടുത്ത ചിത്രവും A വെച്ചു തുടങ്ങുന്ന പേരുള്ളതാവുമെന്നും അദ്ദേഹം സരസമായി സൂചിപ്പിച്ചിട്ടുണ്ട്. ആറാം പാതിരാ, ആട് 3 എന്നിവയാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ള 2 ചിത്രങ്ങള്‍.

ഈ പുതിയ ചിത്രം പൂര്‍ത്തിയായ വിവരം അറിയിച്ചു കൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ,

”ഞങ്ങളുടെ സിനിമ – ‘അര്‍ദ്ധരാത്രിയിലെ കുട’ പാക്ക് അപ്പ്..രചന, സംവിധാനം യുവേഴ്സ് ട്രൂലി. നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൗസ്, ക്യാമറയ്ക്കു മുന്നില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ചേട്ടന്‍, സൈജു കുറുപ്പ്, വിജയ് ബാബു, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങി കുറച്ചധികം സുഹൃത്തുക്കള്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററും ബാക്കി വിവരങ്ങളും ഉടനെ പുറത്ത് വരും.

P. S : Yes, അടുത്തതും ‘A’ പടം തന്നെയാണ്..”. ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആന്‍ മരിയ കലിപ്പിലാണ്, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിരാ എന്നിവയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ ഓം ശാന്തി ഓശാന രചിച്ചതും മിഥുന്‍ മാനുവല്‍ തോമസാണ്.

തിളച്ച പാൽ വീണ് പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് മാതാപിതാക്കൾ. കുട്ടിയുടെ ആരോഗ്യനില മോശമായിട്ടും മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിന് ആശുപത്രി മാനേജ്‌മെന്റ് അനുവദിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പ്രിൻസ് തോമസിന്റെ മകൾ സെറാ മരിയയുടെ മരണത്തിലാണ് സ്വകാര്യ ആശുപത്രിക്ക് നേരെ ആരോപണം ഉയർന്നിരിക്കുന്നത്. ആംബുലൻസ് സൗകര്യവും ഓക്‌സിജനും സമയത്ത് ലഭിച്ചില്ലെന്നും മാതാപിതാക്കൾ പറയുന്നു. തിളച്ച പാൽ വീണ് പൊള്ളലേറ്റ കുഞ്ഞിനെ ഈ മാസം 13നാണ് എരുമേലിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്.

ചികിത്സ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ അണുബാധ ആരംഭിച്ചെങ്കിലും മറ്റെവിടേക്കും മാറ്റേണ്ട സാഹചര്യമില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ബുധനാഴ്ച അർധരാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ഓക്‌സിജൻ നൽകുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായി മാതാപിതാക്കളുടെ നിർബന്ധത്തിൽ ആംബുലൻസ് വിളിച്ച് വരുത്തിയെങ്കിലും ഫലമുണ്ടായില്ല.

അപ്പോഴേക്കും കുഞ്ഞ് മരണത്തിന് കീഴടങ്ങിയിരുന്നു. അത്യാഹിത ഘട്ടമായിട്ടും ഓക്‌സിജൻ വേർപെടുത്തിയ ശേഷമാണ് കുട്ടിയെ ആംബുലൻസിലേക്ക് കയറ്റിയതെന്നും ഇവർ ആരോപിക്കുന്നു. ആശുപത്രി അധികൃതർക്കെതിരെ കുടുംബം പരാതി നൽകുമെന്ന് അറിയിച്ചു. അതേസമയം,പരാതി നൽകും. ഗുരുതര പൊള്ളലുമായാണ് കുഞ്ഞിനെ എത്തിച്ചതെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

തമിഴ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) അന്ധേരിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.

ആകാംക്ഷ മോഹന്‍ ഹരിയാന സ്വദേശിയാണ്. ബുധനാഴ്ചയാണ് ആകാംക്ഷ ഹോട്ടലില്‍ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ മുറിയില്‍ ഭക്ഷണം എത്തിക്കാന്‍ ജീവനക്കാര്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

ഹോട്ടലില്‍ പോലീസെത്തി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

‘എന്നോട് ക്ഷമിക്കണം ആരും മരണത്തിന് ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു’ എന്നൊരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചു. യമുന നഗറിലെ അപാര്‍ട്ട്‌മെന്റില്‍ നടി തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ‘9 തിരുടര്‍കള്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആകാംക്ഷ സിനിമ മേഖലയിലെത്തിയത്. പരസ്യചിത്രങ്ങളിലും മോഡലിങ്ങിലും തിളങ്ങുന്നതിനിടെയാണ് മരണം.

 

ആലപ്പുഴ ആര്യാടു നിന്ന് കഴിഞ്ഞ മാസം 26നു കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിനു പിന്നിലെ ചാർത്തിൽ കുഴിച്ചിട്ടതായി കണ്ടെത്തി. ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേ തയ്യിൽ പുരുഷന്റെ മകൻ ബിന്ദുമോന്റെ (43) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയിൽനിന്നു കണ്ടെത്തിയിരുന്നു. ബിജെപി പ്രവർത്തകനായ ബിന്ദുമോൻ അവിവാഹിതനാണ്. ബിന്ദുമോനെ കാണാനില്ലെന്നു വ്യക്തമാക്കി 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയിൽ വച്ച് മൊബൈൽ പരിധിക്കു പുറത്തായി.

തുടർന്ന് നടത്തിയ പരിശോധനയിൽ ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിന്റെ വീടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയത്. ഇവിടെ വീടിനു പിന്നിൽ ചാർത്തിനോടു ചേർന്നുള്ള തറയിൽ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തറ പൊളിച്ച് പരിശോധന നടത്തിയത്.

ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുമോന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തിയിരുന്നു.

ബേസിൽ ജോസഫ് പുളിക്കൽ

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത് രൂപതാ ബൈബിൾ കലോത്സവ ഗ്രാൻഡ് ഫിനാലേക്കുള്ള യോഗ്യത തേടിയുള്ള ബ്രിസ്റ്റോൾ – കാര്ഡിഫ് റീജിയൻ ബൈബിൾ കലോത്സവത്തിനായി വെയിൽസിലെ ന്യൂപോർട്ട് ഒരുങ്ങുന്നു. 2022 ഒക്ടോബർ 29 ശനിയാഴ്ച, ന്യൂപോർട്ട് സെയിന്റ് ജോസഫ് പ്രൊപ്പോസ് ഡ് മിഷന്റെ ആതിഥേയത്തിൽ ന്യൂപോർട്ട് സെയിന്റ് ജൂലിയൻ സ്കൂൾ ഹാളിൽ വെച്ചാണ് ഇത്തവണ കലാമത്സരങ്ങൾ നടത്തപ്പെടുന്നത് . രാവിലെ 9 മണിക്ക് നടക്കുന്ന ബൈബിൾ പ്രതിഷ്ഠയോടെയോടെ കലാ മത്സരൽങ്ങൾക്ക് തുടക്കം കുറിക്കും .തുടർന്ന് വിവിധ സ്റ്റേജുകളിലായി ലോകത്തിലെങ്ങും ക്രിസ്തുവിനു സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്‌വാർത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും നൃത്ത നൃത്യങ്ങളും നർമ്മവും നാടകാവിഷ്‌കാരണവുമൊക്കെയായി റീജിയണിലെ വിവിധ മിഷൻ /പ്രോപോസ്ഡ് മിഷനുകളിൽ നിന്നായി നിരവധി പ്രതിഭകൾ ന്യൂപോർട്ടിലെ മത്സരവേദിയെ കലയുടെ കനക ചിലങ്ക അണിയിക്കും എന്ന് നിസംശയം പറയാം , കൊറോണക്ക് ശേഷമുള്ള ആദ്യത്തെ കലോത്സവം ആയതിനാൽ വ്യക്തികളും മിഷനുകളും ആവേശകരമായ തീ പാറുന്ന മത്സരങ്ങളാവും വേദിയിൽ പുറത്തെടുക്കുക

ദൈവ വചനം കലാരൂപത്തിലൂടെ കാണികളിലേക്കെത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിള്‍ കലോത്സവങ്ങള്‍.മത്സരഇനങ്ങളും നിബന്ധനകളും നിർദേശങ്ങളും മറ്റു വിവരങ്ങളും www.smegbiblekalolsavam.com എന്ന വെബ്സൈറ്റിൽ ല്‍ ലഭ്യമാണ്. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു .കലോത്സവ വേദിയുടെ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ തനിനാടൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കലോത്സവത്തിന്റെ വിജയത്തിനായി ന്യൂപോർട്ട് സെയിന്റ് ജോസഫ് പ്രൊപ്പോസ് ഡ് മിഷൻ പള്ളികമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു .
വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന ഈ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബർ 29 ന് സെയിന്റ് ജൂലിയൻ സ്കൂൾ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ കോർഡിനേറ്റർ റവ . ഫാ .പോൾ വെട്ടിക്കാട് , ന്യൂപോർട്ട് -കാര്ഡിഫ് മിഷൻ ഡയറക്ടർ റവ . ഫാ .ഫാൻസ്വാ പത്തിൽ , റീജിയൺ കലോത്സവ കോർഡിനേറ്റർ സിജി വാദ്ധ്യാനത്ത്(ബ്രിസ്റ്റോൾ), അനീറ്റ (ബ്രിസ്റ്റോൾ), ന്യൂപോർട്ട് പള്ളി ട്രസ്റ്റിമാരായ റെജിമോൻ വെള്ളച്ചാലിൽ ,പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവർ അറിയിച്ചു .കലോത്സവവുമായി അനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ജോഷി തോമസ്(07888689427 ,ന്യൂപോർട്ട്)തോമസ് ചൂരപ്പൊയ്ക (07853907429 ,ന്യൂപോർട്ട്)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ടവര്‍ പ്രതികരിക്കുന്നത്.

‘ബാഹുബലി’യുമായി ഒന്നും പൊന്നിയിന്‍ സെല്‍വനെ താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്‌നം മാജിക്കാണ്. എ.ആര്‍ റഹ്‌മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

എല്ലാ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ കഥാപാത്രം മികച്ച എന്റര്‍ടെയ്‌നറാണ്. ജയം രവി മാസ്മരിക പ്രകടനവുമായി നിറഞ്ഞു നില്‍ക്കുന്നു, ഐശ്വര്യ റായിയുടെ അഭിനയമാണ് ഏറെ ഇഷ്ടപ്പെട്ടത് എന്നിങ്ങനെ മറ്റു ചിലരും കുറിച്ചു.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയതെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം സിനിമ ഒരുക്കിയത്.

തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ അവരുടെ ചരിത്രമാണ്. രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. രണ്ട് ഭാ​ഗങ്ങളിലായി പുറത്തിറങ്ങിയ ഒരു കാവ്യം സിനിമയാക്കാൻ എന്നോ ആരംഭിച്ചതാണ് തമിഴ്സിനിമാലോകം. അതിന്റെ ആദ്യപടി ഇതാ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മണിരത്നം എന്ന മാസ്റ്ററിലൂടെ. തന്റെ സ്വപ്നപദ്ധതി എന്ന് അദ്ദേഹം വിശേഷിപ്പിച്ച പി.എസ്.1 അക്ഷരാർത്ഥത്തിൽ ക്ലാസ് തന്നെയാണെന്ന് ആദ്യമേ തന്നെ പറയട്ടേ.

അറുപതുകളിൽ എം.ജി.ആറും പിന്നീട് മണിരത്നവും കമൽഹാസനും ചേർന്നും തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതിരുന്ന സ്വപ്നപദ്ധതിയാണ് പൊന്നിയിൻ സെൽവൻ. പക്ഷേ വർഷങ്ങൾക്ക് ശേഷം ഈ ഇതിഹാസകാവ്യം വെള്ളിത്തിരയിലെത്തിക്കാനുള്ള നിയോ​ഗം മണിരത്നത്തിന് തന്നെ വന്നത് അദ്ദേഹത്തിന്റെ അദമ്യമായ ആ​ഗ്രഹം കൊണ്ടുതന്നെയാണെന്ന് പൊന്നിയിൻ സെൽവനിലെ ഓരോ ഫ്രെയിമും വിളിച്ചുപറയുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഒരു കംപ്ലീറ്റ് മണിരത്നം പടം തന്നെയാണ് പൊന്നിയിൻ സെൽവൻ.

വലിയ മുതൽമുടക്ക്, വൻ താരനിര, സാങ്കേതികവിദ​ഗ്ധർ എന്നിവയെല്ലാമാണ് സാധാരണ​ഗതിയിൽ ഒരു പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചിത്രത്തിന് പ്രതീക്ഷകളേറ്റുന്നത്. എന്നാൽ തന്റെ ശൈലിയിൽ നിന്ന് അണുകിട വിട്ടുവീഴ്ചചെയ്യാത്ത ഒരു സംവിധായകന്റെ കയ്യൊപ്പും നിശ്ചയദാർഢ്യവും പൊന്നിയിൻ സെൽവനിൽ കാണാം. അനാവശ്യമായ നാടകീയതയോ കത്തി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്നതരം അക്രോബാറ്റിക് സാഹസികരം​ഗങ്ങളോ പൊന്നിയിൻ സെൽവനിൽ കാണാനാവില്ല. പോരാളികളായ നായകന്മാരുണ്ടായിട്ടുപോലുമാണ് ഇതെന്നോർക്കണം. പക്ഷേ ഇത്രയും വർഷം കാത്തിരുന്ന് കിട്ടിയ അവസരം നന്നായി വിനിയോ​ഗിക്കുന്ന മണിരത്നം എന്ന സംവിധായകനെ സിനിമയിൽ ഉടനീളം കാണാം. ക്ലൈമാക്സിലെ അരമണിക്കൂർ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം.

കൽക്കിയുടെ നോവലിനോട് പൂർണമായും നീതിപുലർത്തുന്ന അവതരണശൈലിയാണ് ചിത്രത്തിന്. കൽക്കി എഴുതിവെച്ചിരിക്കുന്നത് ഇതിൽക്കൂടുതൽ ഭം​ഗിയായി വേറെയാരെങ്കിലും കൺമുന്നിൽ കാണിക്കുമോ എന്ന് സംശയമാണ്. സിനിമ കണ്ടതിന് ശേഷം നോവൽ വായിക്കുകയാണെങ്കിൽ ഓരോ കഥാപാത്രത്തേയും കഥാസന്ദർഭങ്ങളേയും പരിസരങ്ങളേയും ഇങ്ങനെയല്ലാതെ ചിന്തിക്കാൻ പോലുമാവില്ല എന്ന് നിസ്സംശയം പറയാം.

താരങ്ങളിലേക്ക് വന്നാൽ കാർത്തി അവതരിപ്പിക്കുന്ന വല്ലവരായൻ വന്തിയതേവന്റെ ചിത്രമാണ് പി.എസ് -1. വന്തിയതേവൻ കാണുന്നതും അനുഭവിക്കുന്നതുമായ കാഴ്ചകളാണ് ആസ്വാദകന് മുന്നിലെത്തുന്നത്. മേലെ ആകാശം, താഴെ ഭൂമി എന്ന് കരുതുന്ന ചാരനായ കഥാപാത്രത്തെ കാർത്തി ​ഗംഭീരമാക്കിയിട്ടുണ്ട്. യഥാർത്ഥ കഥാപാത്രങ്ങളേയും സാങ്കല്പിക കഥാപാത്രങ്ങളേയും ഒരുമിപ്പിച്ചുള്ള സൃഷ്ടിയാണ് പൊന്നിയിൻ സെൽവൻ എന്ന് നോവൽ. ഇതിൽ വന്തിയതേവൻ യഥാർത്ഥത്തിൽ ഒരു സാങ്കല്പിക കഥാപാത്രമാണ്. ചരിത്രത്തിൽ അധികം പരാമർശമില്ലാത്ത ഒരാൾ. അയാളെയാണ് ചോളന്മാരുടെ ചരിത്രം പറയാൻ കൽകി നിയോ​ഗിച്ചത് എന്നതാണ് ശ്രദ്ധേയം. ഇത്രയും വിശാലമായ ഒരു കഥാപാത്രത്തിനായാണ് വർഷങ്ങൾക്ക് മുമ്പ് എം.ജി.ആർ ആ​ഗ്രഹിച്ചത് എന്നറിയുമ്പോഴാണ് വന്തിയതേവന്റെ പ്രാധാന്യം മനസിലാവുക.

ആദിത്യ കരികാലനായെത്തിയ വിക്രമും അരുൾമൊഴി വർമനായി വന്ന ജയം രവിയും മികച്ചതാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഒരു യോദ്ധാവിന്റേതായ ആകാരം വിക്രമിനായിരുന്നു. നിരാശയും പ്രണയവും വീരവും നിറഞ്ഞ കരികാലൻ വിക്രമിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും. പാടിപ്പതിഞ്ഞ ചോളവീര​ഗാഥകളിൽ ഇനി രാജ രാജ ചോളന് ജയംരവിയുടെ മുഖവും ആകാരവടിവുമായിരിക്കും. പ്രതികാരവും അധികാരക്കൊതിയും നിറഞ്ഞ, നി​ഗൂഢതകൾ ഉള്ളിൽപ്പേറുന്ന നന്ദിനി ഐശ്വര്യാ റായിയുടെ ഇതുവരെ കണ്ട് പരിചയിച്ച മുഖമല്ല. ബുദ്ധിമതിയായ കുന്ദവൈ ദേവി തൃഷയുടെ കയ്യിൽ ഭദ്രമായിരുന്നു. വീരവൈഷ്ണവ ബ്രാഹ്മണനായ ആൾവാർകടിയാൻ നമ്പി ജയറാമിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തതയാർന്ന കഥപാത്രമാണ്. നമ്പിയുടേയും വന്തിയതേവന്റേയും കോമ്പിനേഷൻ സീനുകൾ കണ്ടിരിക്കാൻ തന്നെ ബഹുരസം.

പഴുവേട്ടരയർ സഹോദരന്മാരായി തലയെടുപ്പോടെ നിൽക്കുന്നുണ്ട് ശരത്കുമാറും പാർത്ഥിപനും. മധുരാന്തകനായി റഹ്മാനും പാർത്ഥിപനായി വിക്രം പ്രഭുവും വാനതിയായി ശോഭിത ധുലിപാലയും സമുദ്രകുമാരിയായി ഐശ്വര്യ ലക്ഷ്മിയും സുന്ദര ചോളനായി പ്രകാശ് രാജും സേനാപതിയായി പ്രഭുവും മികച്ചുനിന്നു. ബാബു ആന്റണി, നാസർ, കിഷോർ, റിയാസ് ഖാൻ, അശ്വിൻ കാകുമാനു എന്നിവരും അവരുടെ കഥാപാത്രത്തോട് നീതിപുലർത്തി. എ.ആർ.റഹ്മാന്റെ സം​ഗീതവും പശ്ചാത്തലസം​ഗീതവും അനുയോജ്യമായ രീതിയിൽത്തന്നെ.

തമിഴ്നാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും കേൾക്കുന്ന പൊന്നിയിൻ സെൽവന്റെ കഥ നോവലിന് യാതൊരു കോട്ടവും തട്ടാതെ മൂന്ന് മണിക്കൂറായി ചുരുക്കി അവതരിപ്പിച്ചതിന് തിരക്കഥാകൃത്തുക്കളായ ഇളങ്കോ കുമരവേലിനും ജയമോഹനും തീർച്ചയായും കയ്യടി നൽകാം. ധൈര്യമായി രണ്ടാം ഭാ​ഗത്തിന് കാത്തിരിക്കാം, ധൈര്യമായി ടിക്കറ്റെടുക്കാം ഈ വെള്ളിത്തിരയിലെ കാവ്യത്തിന്.

താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ്സുതുറന്ന് നടി ഗ്രേസ് ആന്റണി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്.

വളരെയധികം ബോഡി ഷെയ്മിംഗ് കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍. ഒരു ദിവസം ഒരു ലൊക്കേഷനില്‍ ഷോട്ട് എടുത്ത ശേഷം പോവുകയായിരുന്ന എന്റെ അടുത്തേക്ക് ഒരു ചേട്ടന്‍ വന്നു. വളരെ സ്നേഹത്തോടെയായിരുന്നു ഓടി വന്നത്. ഗ്രേസേ സിനിമകളൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒത്തിരി വണ്ണം വച്ചല്ലോ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ ആ ഷോട്ട് കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരികയായിരുന്നു. സംവിധായകന്‍ പ്രശംസിച്ചതിന്റെ സന്തോഷത്തിലായിരുന്നു.

ആ വരവിലാണ് സംഭവം. ഈ ചേട്ടന് 6.7 ന്റെ അടുത്ത ഉയരമുണ്ട്. ഞാന്‍ ചോദിച്ചു, ചേട്ടാ ഈ ഉയരം ഒന്ന് കുറയ്ക്കാന്‍ പറ്റുമോ എന്ന്. അയ്യോ ഗ്രേസേ അതൊരു വല്ലാത്ത ചോദ്യമായി പോയല്ലോ എന്നായിരുന്നു അയാളുടെ മറുപടി. സെയിം ചോദ്യം തന്നെയാണ് ചേട്ടന്‍ എന്നോട് ചോദിച്ചത് ബായ് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും പോന്നു. ഇവരോടൊക്കെ എന്ത് പറയാനാണ്.- ഗ്രേസ് പറഞ്ഞു.

വണ്ണം വെക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. വണ്ണം വെക്കുന്നതിലും മെലിഞ്ഞിരിക്കുന്നതിലും ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ തുറന്ന് പറയാം, എനിക്ക് ഹൈപ്പോ തൈറോയ്ഡ് ഉണ്ട്.

എല്ലാമൊന്നും കഴിക്കാനാകില്ല. വര്‍ക്കൗട്ട് ഒക്കെ വേണം. എനിക്ക് ചോറ് കഴിക്കാന്‍ പറ്റില്ല. വീറ്റ്, റവ, മൈദ, ഓഡ്സ് ഒന്നും കഴിക്കാനാകില്ല. ഷുഗര്‍ കഴിക്കാന്‍ പറ്റില്ല. കല്ലുപ്പ് പറ്റില്ല, കോളിഫ്ളവര്‍ പറ്റില്ല, ക്യാബേജ് പറ്റില്ല. ഒരു നേരം ചോറ് കഴിച്ചാല്‍ വരെ അത് ശരീരത്തില്‍ പ്രതിഫലിക്കും. നടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡ് പിന്തുണയോടെ സ്ഥാനാര്‍ഥിയാകും. ദിഗ്വിജയ് സിംഗ് മത്സരത്തില്‍നിന്ന് പിന്മാറി. ഖാര്‍ഗെയെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ടശേഷമാണ് ദിഗ്വിജയ് സിംഗിന്റെ പിന്മാറ്റം. പ്രമോദ് തിവാരി, പി.എല്‍.പുനിയ എന്നിവര്‍ ഖാര്‍ഗെയുടെ വസതിയില്‍ എത്തി. എ.കെ ആന്റണിയുടെ പിന്തുണയും ഖാര്‍ഗെയ്‌ക്കെന്നാണ് സൂചന.

ഖാര്‍ഗെ ഉച്ചക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ഇന്ന് 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ശശി തരൂരും ഇന്ന് പത്രിക സമര്‍പ്പിക്കും.

രാജ്യത്തെ എല്ലാ ഭാഗത്തുനിന്നുള്ളവരുടെയും ഒപ്പോടെയാണ് ശശി തരൂര്‍ അഞ്ച് സെറ്റ് നാമനിര്‍ദേശപത്രിക തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില് നിന്ന് എം.കെ രാഘവന്‍, കെ.സി അബു, ശബരീനാഥന്‍ അടക്കം 10 പേര്‍ ഒപ്പ് വച്ചിട്ടുണ്ട്.

മല്‍സരം ഒഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമം തുടരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിച്ചു. പത്രിക പിന്‍വലിക്കാന്‍ തയാറായാല്‍ ശശി തരൂരിനെ പ്രവര്‍ത്തക സമിതിയംഗമാക്കിയേക്കും.

RECENT POSTS
Copyright © . All rights reserved