ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ ദലിത് സഹോദരിമാരെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. ഇരുവരെയും ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പൊലീസ് അറിയിച്ചു. സൊഹൈൽ, ജുനൈദ്, ഹഫീസുൾ, റഹ്മാൻ, കരീമുദ്ദീൻ, ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ ഇവർക്കു പരിചയപ്പെടുത്തിയ അയൽവാസി ഛോട്ടുവും അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച ജൂനൈദിനെ എൻകൗണ്ടറിലൂടെയാണ് പിടിച്ചത്. ഇയാളെ കാലിൽ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
സുഹൈലും ജൂനൈദുമായി പെൺകുട്ടികൾ സൗഹൃദത്തിലായിരുന്നു. ഇരുവരും ചേർന്ന് പെൺകുട്ടികളെ കരിമ്പുപാടത്തു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴുത്തുഞെരിച്ചു കൊന്ന് അവർ ധരിച്ചിരുന്ന ഷാളിൽ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന തോന്നിക്കാനായിരുന്നു ഇത്. സൊഹൈലും ജുനൈദും ഹഫീസുള്ളും പേർന്നാണ് ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ കെട്ടിത്തൂക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമായി കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിനു വിളിച്ചു.
പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പ്രതികളുടെ കൂടെ ബൈക്കിൽ കയറി പോയതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 302, 376, പോക്സോ നിയമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനേഴും പതിനഞ്ചും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.
ഹത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ലഖിംപുർ ഖേരിയിൽ ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും എസ്പി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകൾക്കും പട്ടിക ജാതിക്കാർക്കും ഒരു സുരക്ഷയുമില്ലെന്നും ഇരുവരും ആരോപിച്ചു.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കോടിയേരി. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞു. എങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശരീരം ക്ഷീണിച്ചതാണ് പ്രശ്‌നമായത്. നല്ല രീതിയിൽ ചികിത്സ നൽകിയാൽ അദ്ദേഹത്തിന് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ നൽകുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
ഓഗസ്റ്റ് 29 നാണ് കാന്‍സറിനെ തുടർന്നുള്ള വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും.
സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടിയിരിക്കുകയാണ്.
സമാന്ത നാഗ ചൈതന്യ വിവാഹമോചനത്തില്‍ പ്രതികരണവുമായി നാഗാര്‍ജുന. തന്റെ മകന്‍ ഇപ്പോള്‍ സന്തോഷവാനാണെന്നാണ് നാഗാര്‍ജുന പറയുന്നത്. വിവാഹമോചനത്തെ നിര്‍ഭാഗ്യം എന്നാണ് നാഗാര്‍ജുന വിശേഷിപ്പിച്ചിരിക്കുന്നത്.
അവന്‍ സന്തുഷ്ടനാണ്, ഞാന്‍ അത് മാത്രമാണ് കാണുന്നത്. എനിക്ക് അത് ധാരാളമാണ്. അവനുണ്ടായൊരു അനുഭവമായിരുന്നു അത്. നിര്‍ഭാഗ്യം. പക്ഷെ അതോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനാകില്ല. കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തില്‍ നിന്നുമത് പോയി. അതിനാല്‍ എല്ലാവരുടേയും ജീവിതത്തില്‍ നിന്നും പോകുമെന്നു കരുതുന്നു” എന്നായിരുന്നു നാഗാര്‍ജുന പറഞ്ഞത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രഹ്‌മാസ്ത്രയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നാഗാര്‍ജുന. ചിത്രം മികച്ച വിജയമായി മാറിയിരിക്കുകയാണ്. 2017 ഒക്ടോബര്‍ ആറിനായിരുന്നു നാഗചൈതന്യയും സമാന്തയും വിവാഹിതരായത്.
സമാന്ത ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടന്‍ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു നടന്നത്.
നാലുവയസ്സുള്ളപ്പോൾ തനിക്കു സംഭവിച്ച ദുരന്തത്തെ കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെയിലൂടെയാണ് യുവതി പൊള്ളുന്ന അനുഭവം കുറിച്ചത്. ഈ ദുരന്തത്തിന് കാരണം തന്റെ അച്ഛൻ ആണെന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;
പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിരുന്നു അത്. അമ്മയും ഞാനും സഹോദരിമാരും തീകായുകയായിരുന്നു. നല്ല തണുപ്പുള്ള രാത്രിയായിരുന്നു അത്. അഞ്ചു നിമിഷങ്ങൾക്കു ശേഷം ഞങ്ങളുടെ അച്ഛൻ ജോലി കഴിഞ്ഞ് വന്നു. ‘ഭക്ഷണം കഴിക്കുന്നതിനു മുൻപ് അൽപം ചൂടേൽക്കുകയാണ്.’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പിന്നീട് സംഭവിച്ച കാര്യങ്ങൾ വ്യക്തമല്ല. എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. എന്റെ മുഖം പൊള്ളുകയാണെന്നു മാത്രം എനിക്കു മനസ്സിലായി. എനിക്ക് എന്റെ കണ്ണുകളും ചുണ്ടും ഇല്ലെന്നാണ് തോന്നിയത്.
നാലുവയസ്സായിരുന്നു എന്റെ പ്രായം. അച്ഛനും അമ്മയും എന്നെയും എടുത്ത് ആശുപത്രിയിലേക്ക് ഓടി. അച്ഛൻ കൊണ്ടുവന്ന പെട്രോൾ കുപ്പി മറിഞ്ഞാണ് എന്റെ ദേഹത്തേക്ക് തീ പടർന്നതെന്ന് അമ്മ പറഞ്ഞു. അത് അച്ഛന്റെ തെറ്റാണ്. മുഖവും കൈകളും പൂർണമായും പൊള്ളി. ഞാൻ രക്ഷപ്പെടുമോ എന്ന് എനിക്ക് സംശയം തോന്നി. അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയയാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
മണിക്കൂറുകൾക്കു ശേഷം മുഖത്തു മുഴുവൻ ബാൻഡേജുമായി ഞാൻ ഉണർന്നു. അടുത്ത അഞ്ചുവർഷം ഞാൻ 8 ശസ്ത്രക്രിയകൾക്കു വിധേയയായി. എപ്പോഴും എന്റെ അമ്മ കൂടെ തന്നെയുണ്ടായിരുന്നു. എന്റെ കൈ പിടിച്ച് മണിക്കൂറുകളോളം അമ്മ എനിക്ക് അരികിൽ ഇരിക്കുമായിരുന്നു. സ്‌കൂളിലോ പുറത്ത് കളിസ്ഥലങ്ങളിലോ ഞാൻ പോയില്ല. എന്റെ കുട്ടിക്കാലത്തെ അഞ്ചുവർഷവും ആശുപത്രിയിലായിരുന്നു.
2009ൽ ഞാൻ ആശുപത്രി വിട്ടു. ജീവിതം എങ്ങനെ തിരിച്ചു പിടിക്കും എന്നെനിക്ക് ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഞാൻ സ്‌കൂളിൽ പോകാൻ തുടങ്ങി. പക്ഷേ, കൂടെയുള്ളവർ എന്നെ അകറ്റി നിർത്തി. അവർ എന്നോട് സംസാരിച്ചില്ല. ഒരിക്കൽ പ്രിൻസിപ്പാൾ എന്നെ കാണുന്നതും ഞാൻ സംസാരിക്കുന്നതും മറ്റു കുട്ടികൾക്കു ഭയമാണെന്നു പറഞ്ഞു.
ഞാൻ മറ്റുള്ളവരോട് സംസാരിക്കുന്നത് നിർത്തി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്നെ മറ്റൊരു സർക്കാർ സ്‌കൂളിലേക്ക് അമ്മ മാറ്റി. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. അവിടത്തെ സുഹൃത്തുക്കളും അധ്യാപകരും എനിക്ക് വലിയ പ്രോത്സാഹനമായിരുന്നു നൽകിയത്.
പഠനശേഷം ഞാൻ ധാരാളം ആർട്ടിസ്റ്റിക് വർക്കുകൾ ചെയ്തു. ആർട്ട് വർക്ക് എക്‌സിബഷനും നടത്തി. ഇൻസ്റ്റഗ്രാമിൽ മേക്കപ്പ് റീലുകളും ചെയ്തു. റീലുകൾ ചെയ്യുമ്പോൾ ആദ്യം എനിക്ക് ഭയമുണ്ടായിരുന്നു. എന്റെ മുഖം എങ്ങനെയാണ് കാണികൾ സ്വീകരിക്കുക എന്നായിരുന്നു ചിന്ത. എന്നാൽ ധൈര്യം സംഭരിച്ച് ഞാൻ ആദ്യത്തെ റീൽ ചെയ്തു. നല്ല പ്രതികരണം ലഭിച്ചപ്പോൾ അത് തുടർന്നു.
എന്റെ വീട്ടുകാരും സുഹൃത്തുകളും പൂർണമായ പിന്തുണയും നൽകി. ഇപ്പോൾ എനിക്ക് 22 വയസായി. എന്റെ മാതാപിതാക്കൾ ഒരിക്കലും എന്റെ മുഖം മറയ്ക്കാൻ ആവശ്യപ്പെട്ടില്ല. എന്റെ അമ്മാവന്മാർ എനിക്കു സഹായം നൽകി. അവർ കൂടെയുണ്ടായിരുന്നതു കൊണ്ടാണ് എനിക്കു ജീവിതത്തിൽ വിജയിക്കാൻ സാധിച്ചത്.
ബിനോയ് എം. ജെ.
ആഗ്രഹമാണ് മനുഷ്യന്റെ എല്ലാ ദു:ഖങ്ങൾക്കും കാരണമെന്ന് ആദ്യമായി വ്യക്തമായും കൃത്യമായും പറഞ്ഞത് ശ്രീബുദ്ധൻ ആണെങ്കിലും അങ്ങനെ ഒരാശയം ആർഷഭാരത സംസ്കാരത്തിന്റെ ആരംഭം മുതൽ തന്നെ ഭാരതത്തിൽ പ്രചരിച്ചിരുന്നു. ജീവിതത്തോടും അതിന് നിറം പകരുന്ന ആഗ്രഹം എന്ന പ്രതിഭാസത്തോടും ഭാരതീയർക്ക് തുടക്കം തന്നെ വിരോധമായിരുന്നു. സംസാര സാഗരത്തിൽ വീഴാതിരിക്കുവാനും അതിലെ ക്ലേശങ്ങൾ നമ്മെ സ്പർശിക്കാതിരിക്കുവാനും ആഗ്രഹങ്ങളെ അടക്കേണ്ടത് അനിവാര്യമാണെന്ന് ആർഷഭാരതത്തിലെ യോഗിമാർ പഠിപ്പിച്ചുപോന്നിരുന്നു. വാസ്തവത്തിൽ ആർഷഭാരത സംസ്കാരം മാനവസംസ്കാരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു. അതിനാൽതന്നെ അതിലെ വാദഗതികളും ആശയങ്ങളും ആദർശങ്ങളും ജീവിതത്തിലും അതിലെ സുഖഭോഗങ്ങളിലും വീണു പോകാതെ മാനവരാശിയെ സംരക്ഷിക്കുന്നതിന് വേണ്ടി രൂപം കൊണ്ടവയാണ്. ജീവിതത്തിലെ സുഖഭോഗങ്ങളിലും അവയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളിലും അവ ഉണർത്തുന്ന അനന്തസാധ്യതകളിലും ഒരിക്കൽ വീണുപോയാൽ പിന്നീട് കരകയറുന്നത് ബുദ്ധിമുട്ടാണെന്ന് അവർക്ക് അറിയാമായിരുന്നു. അതിനാൽതന്നെ ശാസ്ത്രീയ ആഭിമുഖ്യവും ശാസ്ത്രീയ വിജ്ഞാനവും ഭാരതത്തിൽ ഒട്ടും തന്നെ വളർന്നു വന്നിരുന്നില്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഭൂമിശാസ്ത്രപരമായി വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ നാം സഹസ്രാബ്ദങ്ങളോളം അപ്രകാരം കഴിഞ്ഞു പോരികയും ചെയ്തിരുന്നു. ഇപ്രകാരം ജീവിതാഭിമുഖ്യവും ശാസ്ത്രീയ പുരോഗതിയും ഇല്ലാതിരുന്ന ഭാരതം അന്ധകാരത്തിലും അലസതയിലും വീണു പോയിരുന്നു.
ഇത്തരം ഒരു സാഹചര്യത്തിൽ ഭാരതത്തെ അനായാസം കീഴടക്കുവാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞു എന്നതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ആഗ്രഹങ്ങളുടെ അഭാവമായിരുന്നു ഭാരതീയർക്ക് വിനയായി ഭവിച്ചത്. വാസ്തവത്തിൽ അത് ആഗ്രഹങ്ങളുടെ അഭാവമായിരുന്നില്ല മറിച്ച് ആഗ്രഹങ്ങളുടെ അടിച്ചമർത്തപ്പെട്ട അവസ്ഥയായിരുന്നു. അടിച്ചമർത്തപ്പെടുന്ന ആഗ്രഹങ്ങളിൽ നിന്നും അപകർഷത ജനിക്കുന്നു എന്ന് ആധുനിക മന:ശ്ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ആഗ്രഹനിവൃത്തി അത്യുന്നതമായ ആദർശവും ആശയവുമാണെങ്കിലും പക്വതയെത്താത്ത ഒരു വ്യക്തിയുടെ മനസ്സിലേക്കോ സമൂഹമനസ്സിലേക്കോ പ്രസ്തുത ആശയം വിതയ്ക്കപ്പെട്ടാൽ അത് ആഗ്രഹങ്ങളെ നിർമാജ്ജനം ചെയ്യുന്നതിന് പകരം ആഗ്രഹങ്ങളെ അടിച്ചമർത്തുന്നതിനേ വിനിയോഗിക്കപ്പെടൂ എന്ന് വ്യക്തം. മാനവസംസ്കാരം ഇതിനോടകം തന്നെ അതിന്റെ ശൈശവദശയെ പിന്നിടുകയും ഏറെക്കുറെ യൗവനദശയിലേക്ക് പ്രവേശിക്കുകയും ചെയ്തു എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. നാം ശിശുക്കളായിരുന്നപ്പോൾ ശിശുക്കളേപ്പോലെ ചിന്തിച്ചു, എന്നാൽ പ്രായപൂർത്തിയായപ്പോൾ ശിശുസഹജമായവയെ കൈവെടിയേണ്ടിയിരിക്കുന്നു. ശാസ്ത്രീയ പുരോഗതിയും സാഹസികതയും കൊണ്ടുവന്ന അനന്തസാധ്യതകൾ ലോകത്തെ മുഴുവൻ ഗ്രസിച്ചപ്പോൾ ഭൂമിശാസ്ത്രപരമായി ശിഷ്ടലോകത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടിരുന്ന ഭാരത്തിൽ അവയുടെ വെളിച്ചം കടന്നു വന്നിരുന്നില്ല.
മുകളിൽ സൂചിപ്പിച്ച പ്രകാരം മാനവസംസ്കാരം അതിന്റെ യൗവനദശയിലേക്ക് പ്രവേശിക്കുകയാണ്. ശാസ്ത്രവും അത് സമ്മാനിക്കുന്ന ജീവിതസുഖങ്ങളും അതിന്റെ പാരമ്യത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ജീവിതസുഖങ്ങളിലും ജീവിതാഭിമുഖ്യത്തിലും അതിലെ സാഹസികതകളിലും വീണുപോകാതെ നോക്കുന്നതിന് പകരം അവയിലൂടെയെല്ലാം സന്തോഷത്തോടെയും സധൈര്യവും കടന്നു പോയി അവയുടെയെല്ലാം വ്യർത്ഥതയെകുറിച്ച് ബോധവാന്മാരായി കാലക്രമേണ അവയെ എല്ലാം പരിത്യജിക്കുക എന്നത് മാത്രമാണ് ആധുനിക മനുഷ്യന് കരണീയമായിട്ടുള്ളത്. ഇവിടെ സംഭവിക്കുന്ന വിരക്തി ജീവിതസുഖങ്ങളിൽ വീഴാതിരിക്കുമ്പോഴുള്ള വിരക്തിയിൽനിന്നും അൽപം ഭിന്നവും ഒരുപക്ഷെ അതിനെക്കാൾ അൽപം ശ്രേഷ്ഠവുമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം ആഗോള സംസ്കാരത്തിന്റെ ഹൃദയസ്പന്ദനത്തിനൊപ്പം ഭാരതത്തിന്റെ ഹൃദയവും സ്പന്ദിച്ചുതുടങ്ങി എന്നതിന്റെ തെളിവാണ് ഇപ്പോൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികവും ,ശാസ്ത്രീയവും, സാമൂഹികവും, രാഷ്ട്രീയവുമായ പുരോഗതി. ഇവിടെ ആർഷഭാരത സംസ്കാരവും അദ്വൈത ചിന്താപദ്ധതിയുമൊക്കെ പുതിയ രൂപഭാവങ്ങളോടെ പുനർജ്ജനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഭൗതികയിലും ലൗകികതയിലും മാത്രമൂന്നിയ ആധുനിക മനുഷ്യൻ സങ്കീർണ്ണമായ ജീവിതപ്രശ്നങ്ങൾക്കുമുന്നിൽ ഒരു ഞരമ്പ് രോഗിയെപോലെ പകച്ച് നിൽക്കുമ്പോൾ ഭാരതീയ ചിന്താപദ്ധതി ഒരു ഔഷധവും ഒരു സാധ്യതയുമായി പരിണമിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് നടന്‍ ടിനി ടോം. കഴിഞ്ഞ ദിവസവും താന്‍ മെസേജ് അയച്ചിരുന്നു, ഇപ്പോള്‍ ശ്രീലങ്കയിലാണ് മമ്മൂട്ടി ഉള്ളത് എന്നാണ് ടിനി ടോം പറയുന്നത്. താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടന്ന സമയത്ത് ഉണ്ടായ രസകരമായ സംഭവും ടിനി ടോം പങ്കുവച്ചു.
കഴിഞ്ഞ ദിവസവും താന്‍ മെസേജ് അയച്ചിരുന്നു. അപ്പൊ ശ്രീലങ്കയിലാണ്. എപ്പോഴും താന്‍ ശല്യം ചെയ്യാറൊന്നുമില്ല. ചിലപ്പോള്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസമൊക്കെ കഴിഞ്ഞായിരിക്കും ബന്ധപ്പെടുക എന്നാണ് ടിനി പറയുന്നത്. അമ്മയുടെ പരിപാടിയുടെ റിഹേഴ്സല്‍ നടന്ന സമയത്ത് തന്നോട് ചോദിച്ചു.
‘തനിക്ക് ഈ ചാനലില്‍ സ്വാധീനമുണ്ടോ’ എന്ന്. താന്‍ വിചാരിച്ചു സാറ്റലൈറ്റ് റേറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിനായിരിക്കും എന്ന്. അപ്പൊ തന്നോട് പറഞ്ഞു, ‘ഒരു കട്ടന്‍ ചായ വേണമായിരുന്നു’ എന്ന്. തനിക്ക് ഭയങ്കര സന്തോഷമായി, ഇത്രയും പേരുണ്ടായിട്ടും തന്റെ അടുത്താണല്ലോ ചോദിച്ചത്.
അങ്ങനെ താന്‍ തന്നെ പോയി ചായയുണ്ടാക്കി തന്റെ കൈ കൊണ്ട് തന്നെ കൊണ്ട് കൊടുത്തപ്പോള്‍, ‘എടോ തന്റടുത്ത് കൊണ്ടുവരാനല്ല പറഞ്ഞത്, ആരോടെങ്കിലും പറഞ്ഞാല്‍ പോരായിരുന്നോ’ എന്ന് പറഞ്ഞു. അത് തനിക്ക് ഏറ്റവും വലിയ അവാര്‍ഡായാണ് തോന്നുന്നത്. തന്നോടുള്ള വിശ്വാസം കൊണ്ടാണല്ലോ അത് ചോദിച്ചത്.
ചാനലില്‍ സ്വാധീനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍ വിചാരിച്ചത് വലിയ എന്തോ സംഭവമാണെന്നാണ്. ഭയങ്കര ഇഷ്ടം കൊണ്ടാണ്. അത് കഴിഞ്ഞും മമ്മൂക്ക തന്നെ അന്വേഷിച്ചിരുന്നു എന്ന് കേട്ടു എന്നാണ് ടിനി ടോം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
വളകോട്ടില്‍ ഭര്‍തൃവീട്ടില്‍ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷിനെ പീരുമേട് പൊലീസ് അറസ്റ്റു ചെയ്തു. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ജോബിഷിന്റെ ഭാര്യ ഷീജയുടെ ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഏലപ്പാറ ഹെലിബറിയ സ്വദേശി എംകെ ഷീജ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. സ്ത്രീധന ബാക്കിയെച്ചൊല്ലി ഭര്‍ത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ഷീജയുടെ വീട്ടുകാര്‍ ഉപ്പുതറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പീരുമേട് ഡിവൈ എസ്പി ജെ കുര്യാക്കേസ് അന്വേഷണം ഏറ്റെടുത്തു. ഷീജയുടെ വീട്ടുകാരുടെ മൊഴികള്‍ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്തു. തുടന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്ത്രീധന ബാക്കിയായ രണ്ടു പവന്‍ സ്വര്‍ണത്തെച്ചൊല്ലി പലതവണ ജോബീഷ് ഷീജയെ മര്‍ദ്ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഷീജക്ക് നല്‍കിയ സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോബീഷ് പണയം വെച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോബീഷിന്റെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്ത ജോബീഷിനെ പീരുമേട് ഹാജരാക്കി റിമാന്റ് ചെയ്തു.
ഖത്തറിലെ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ട നാലുവയസുകാരി മിന്‍സ മറിയം ജേക്കബിന് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം ഉച്ചയോടെ ജന്മനാടായ കോട്ടയത്തെ ചിങ്ങവനത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് തന്നെ മൃതദേഹം അടക്കം ചെയ്തു. മകള്‍ വീട്ടുമുറ്റത്തു തന്നെ ഉണ്ടാകണമെന്ന പിതാവ് അഭിലാഷിന്റെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകള്‍ ഒഴിവാക്കി വീട്ടുമുറ്റത്ത് മൃതദേഹം സംസ്‌കരിച്ചത്.
ചിങ്ങവനത്തെ കൊച്ചുപറമ്പില്‍ വീടിന്റെ പരിസരത്തേക്ക് മിന്‍സ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനായി നാട് ഒഴുകിയെത്തിയിരുന്നു. രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട മൃതദേഹം മിന്‍സ ഓടിക്കളിച്ച വീട്ടുമുറ്റത്തേക്ക് എത്തിയതോടെ അനുഗമിച്ച മാതാപിതാക്കളും കുടുംബാഗങ്ങളും കണ്ണീരടക്കാനാകാതെ വിങ്ങിക്കരഞ്ഞു.
കുട്ടിയുടെ മരണം ഖത്തറിലും വലിയ വിവാദമായിരിക്കെ രണ്ടുദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഇന്നലെ വൈകിട്ടോടെ മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്. നാലാം ജന്മദിനാഘോഷം കഴിഞ്ഞുള്ള സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കുട്ടി സ്‌കൂള്‍ ബസില്‍ അകപ്പെട്ട് മരണപ്പെട്ടത്.
സ്‌കൂള്‍ ബസില്‍ ഇരുന്നു കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. തുറസായ സ്ഥലത്ത് നിര്‍ത്തിയിട്ട ബസിലെ ചൂടാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ടോം ജോസ് തടിയംപാട്
ഇസ്ലാമിക തീവ്രവാദികൾ ഇനി ഒരിക്കലും എഴുതരുത് എന്ന് വിചാരിച്ചു മുറിച്ചുമാറ്റിയ കൈയും ഇനി ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചു വെട്ടിമുറിച്ച കാലുകളുമായി ജോസഫ് സാർ ഐർലണ്ടിലും ഇംഗ്ലണ്ടിലും നടന്നും അദ്ദേഹത്തിന്റെ അറ്റുപോകാത്ത ഓർമ്മകൾ എന്ന ബുക്കിൽ ഒപ്പിട്ടുകൊണ്ടും ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ദിവസം ലണ്ടൻ പട്ടണം മുഴുവൻ നടന്നുകൊണ്ട് മധുരമായി പ്രതിഷേധിക്കുന്നു. ലിവർപൂളിൽ എത്തിയ അദ്ദേഹം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പിന്റെ പുസ്തകത്തിലും എന്റെ പുസ്‍തകത്തിലും മുറിച്ചുകളയാൻ തീവ്രവാദികൾ ശ്രമിച്ച കൈകൊണ്ടു സ്നേഹപൂർവ്വം ടി ജെ ജോസഫ് എന്നെഴുതി ഒപ്പിട്ടു തന്നു .
പ്രമിത്തിയോസിനെക്കാൾ വലിയ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചു നിൽക്കുന്നത് .സാറിനു സെപ്റ്റംബർ 15 വ്യാഴാഴ്ച ലിവർപൂളിൽ വൻപിച്ച സ്വീകരണം നൽകപ്പെടുന്നു. ഹോട്ടൽ അക്ഷയിൽ വൈകുന്നേരം 5 മണിക്ക് സ്വീകരണ പരിപാടികൾക്ക് തുടക്കമാകും. സാറുമായി സംസാരിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവർപൂളിലെ സ്വികരണ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .
തോമസുകുട്ടി ഫ്രാൻസിസ് 07882193199
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
ലാലു തോമസ് 07872612685
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ്സ്
.286 Kensington ,Liverpool .L72RN.