തെരുവുനായകള്‍ക്ക് ഭക്ഷണം നൽകുന്നതിനിടയിൽ സീരിയല്‍ നടിക്ക് തെരുവ് നായയുടെ കടിയേറ്റു. സീരിയൽ നടി തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് തെരുവ് നായ കടിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
തെരുവ് നായ്ക്കൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പതിവ് ശാന്തയ്ക്ക് ഉണ്ട്. അത്തരത്തിൽ ഇന്നലെ ഉച്ചയോടെ ഭരതന്നൂർ ജംങ്ഷനിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ ആണ് സംഭവം. വലതു കൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂർ മാർക്കറ്റും ജംങ്ഷനും കേന്ദ്രീകരിച്ച് 50ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട് എന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. നിരവധി പേരാണ് കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ആലപ്പുഴയിൽ വിദ്യാർത്ഥിയെ സ്കൂളിലേക്ക് വരുന്ന വഴി തെരുവുനായ കടിച്ചു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ മുറിയില്‍ ഉറങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് പരിക്കേറ്റത്.
ഇതിനിടെ, തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഡിജിപി അനില്‍കാന്ത്. നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്. ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം. ഓരോ എസ്എച്ച്ഒമാരും റസിഡൻസ് അസോസിയേഷനുമായി ചേർന്ന് ബോധവത്കരണം നടത്തണമെന്നും ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി. പൊതുജനം നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡിജിപി പറയുന്നു.
ബീഹാറിലെ ബെഗുസാരായിയിൽ ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് സംഭവിച്ചത് ഒരു ജീവൻ മരണ പോരാട്ടമാണ്. ഇനി ഒരിക്കലും മോഷ്ടിക്കാൻ പോയിട്ട് വെറുതെ പോലും അയാൾ ട്രെയിനിന്റെ അടുത്തേക്ക് വരും എന്ന് തോന്നുന്നില്ല. അങ്ങനെയൊരു അനുഭവമായിരിക്കും അയാൾക്ക് ഉണ്ടായിരിക്കുക.
സംഭവിച്ചത് ഇങ്ങനെ…..
അയാൾ ജനലിലൂടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചതോടെ ഒരാൾ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു. അപ്പോൾ തന്നെ വണ്ടി സ്റ്റേഷൻ വിടുകയും ചെയ്തു. യാത്രക്കാരൻ കള്ളന്റെ കൈ വിടാൻ തയ്യാറായില്ല. മറ്റൊരു യാത്രക്കാരനും കള്ളന്റെ മറ്റേ കൈ പിടിക്കുകയും അത് വലിക്കാൻ തുടങ്ങുകയും ചെയ്തു. ട്രെയിൻ സ്റ്റേഷൻ വിട്ടു. അങ്ങനെ ജനാലയ്ക്കൽ തൂങ്ങിക്കിടന്നു കൊണ്ട് കള്ളന് സഞ്ചരിക്കേണ്ടി വന്നത് 15 കിലോമീറ്റർ. യാത്രക്കാരൻ ഇങ്ങനെ ട്രെയിൻ ഓടുമ്പോൾ കള്ളൻ ജനാലയ്ക്കൽ തൂങ്ങി നിൽക്കുന്നതിന്റെ ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
ട്രെയിനിലെ യാത്രക്കാർ ഈ മോഷ്ടാവിനെ ബെഗുസാരായിയിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ഖഗാരിയയിലേക്കാണ് കൊണ്ടുപോയത്. അതുവരെയും അയാൾ ജനലിലൂടെ തൂങ്ങിക്കിടക്കുകയായിരുന്നു. ബെഗുസരായിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയ ഉടനെയാണ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത് വന്ന് നിന്ന് ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ഇയാൾ ശ്രമിച്ചത് എന്ന് യാത്രക്കാർ പറയുന്നു. അപ്പോൾ ഒരു യാത്രക്കാരൻ അവന്റെ കൈ പിടിച്ചു. ആ യാത്രക്കാരനെ സഹായിക്കാൻ സമീപത്തുള്ള യാത്രക്കാർ കള്ളന്റെ ഇരുകൈകളും പിടിക്കുകയായിരുന്നു.
ട്രെയിൻ നീങ്ങുമ്പോൾ കള്ളൻ ആകെ ഭയന്ന് നിലവിളിക്കുന്നുണ്ട്. തന്റെ കൈ പൊട്ടിപ്പോകുമെന്നും താൻ മരിച്ചു പോകുമെന്നും അയാൾ പറയുന്നു. ഒപ്പം തന്നെ തന്റെ കൈകൾ വിട്ടുകളയരുതേ എന്ന് അയാൾ യാത്രക്കാരോട് അപേക്ഷിക്കുന്നും ഉണ്ട്.
പിന്നീട് ഖഗാരിയ സ്റ്റേഷനിലെ ജിആർപിക്ക് ഇയാളെ കൈമാറി. അയാളുടെ പേര് പങ്കജ് കുമാർ എന്നാണ് എന്നും തിരിച്ചറിഞ്ഞു. ബെഗുസരായിലെ സാഹേബ്പൂർ കമാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് ഇയാൾ. ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Bad day for this thief.
He was trying to snatch mobile but caught in the hands of The Family man 🤣😂 in Samastipur-Katihar Passenger Train
Later he was handed over to Police#Begusarai #Bihar #ViralVideo pic.twitter.com/myS1CY7tXK— Dhiren Patel (@DhirenP66827872) September 15, 2022
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത.
എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന ചോദ്യത്തിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇങ്ങനെ ഒരു വാര്‍ത്ത വരാറുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.ഇലക്ഷന് നില്‍ക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ച് പലരും സമീപിച്ചിരുന്നെന്നും എന്നാല്‍ തനിക്ക് അതില്‍ ഒട്ടും താത്പര്യമോ കഴിവോ ഇല്ലെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി.
ജനങ്ങളെ സേവിക്കാനുള്ള ഒരു വഴിയാണെന്ന രീതിയില്‍ തോന്നിയാലോ എന്ന് ചോദ്യത്തിന്”അങ്ങനെയല്ലാത്ത രീതിയില്‍ എന്നെ കൊണ്ട് ആവുന്ന രീതിയില്‍ ചെയ്യാനുള്ള കഴിവേ എനിക്കുള്ളു. രാഷ്ട്രീയം അധികം ഫോളോ ചെയ്യാറില്ല.പൊതുവായിട്ടുള്ള ബേസിക്ക് കാര്യങ്ങളൊക്കെ അറിയാം, നേതാക്കന്മാരെ എല്ലാമറിയാം” എന്നായിരുന്നു മഞ്ജു ഈ ചോദ്യത്തിന് നല്‍കിയ മറുപടി.
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി ശിക്ഷ ശരിവെച്ചു.
അതേസമയം, ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാന്‍ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മള്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിന്റെ ഉടമ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയില്‍ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുവരെ വിവാദമായി. വിയ്യൂരും, കണ്ണൂര്‍ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് കഴിയുന്നത്.
പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലേക്കില്ല. താരത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ പരിപാടി റദ്ദാക്കിയത്. ഇന്ത്യ കൂടാതെ ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലേയും സംഗീത പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ലോക സംഗീതപര്യടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 18 ന് ന്യൂഡല്‍ഹിയില്‍ ബീബര്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
‘2022 ഒക്ടോബര്‍ 18 ന് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്ത ‘ജസ്റ്റിന്‍ ബീബര്‍ ജസ്റ്റിസ് വേള്‍ഡ് ടൂര്‍ ഇന്ത്യ’ റദ്ദാക്കിയതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ നിരാശരാണ്. ഗായകന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം, നിര്‍ഭാഗ്യവശാല്‍ അടുത്ത മാസം അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങളെ അറിയിച്ചു.
ഇന്ത്യയ്ക്കൊപ്പം, ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരിപാടികളും റദ്ദാക്കി’- ബുക്ക്മൈഷോ ഔദ്യോഗിക ഹാന്‍ഡില്‍ കുറിച്ചു.
ടിക്കറ്റ് മുന്നമേ ബുക്ക് ചെയ്തവര്‍ക്ക് പത്ത് ദിവസത്തിനകം പണം തിരികെ നല്‍കും. 43000 ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. 4000 രൂപയായിരുന്നു ടിക്കറ്റ് വില. നേരത്തെയും തന്റെ ആരാധകരെ ആവേശത്തിലാക്കി ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തിയിരുന്നു. 2017ലായിരുന്നു ഇതിന് മുമ്പ് ഇന്ത്യയില്‍ എത്തിയത്.
ടെന്നീസ് ലോകത്തെ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022 ലേവര്‍ കപ്പിനുശേഷം ടെന്നീസ് മതിയാക്കുമെന്നാണ് താരം പുറത്തുവിട്ട വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ വീഡിയോ പുറത്തെത്തിയത്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചാണ് പടിയിറങ്ങുന്നത്.
സ്വിറ്റ്സര്‍ലന്‍ഡ് പൗരനായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു. ടെന്നീസിലെ പ്രമുഖ കിരീടങ്ങളെല്ലാം നേടിയ റോജര്‍ക്ക് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കുമൂലം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയിലായിരുന്നു. പരിക്ക് വില്ലനായി അവതരിച്ചതോടെയാണ് ഫെഡറര്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് കടന്നത്. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്.
താരം 24 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്. 103 കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ എക്കാലത്തും ടെന്നീസ് പ്രേമികളുടെ മാതൃകയായിരിക്കും.
To my tennis family and beyond,
With Love,
Roger pic.twitter.com/1UISwK1NIN— Roger Federer (@rogerfederer) September 15, 2022
കൊല്ലം ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെ ഐശ്വര്യ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.
യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി. ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭര്‍ത്താവ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. വിവാഹം കഴിഞ്ഞതിന് ശേഷം ഒരു വര്‍ഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗണ്‍സിലിംഗ് നടത്തി ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. എന്നാല്‍ തന്റെ സഹോദരിക്ക് ഭര്‍ത്താവില്‍ നിന്നും ശരീരികവും മാനസികവുമായിട്ടുള്ള പീഡനം സഹിക്കാതെയാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തില്‍ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസില്‍ മരിച്ച ഐശര്യയുടെ സഹോദരന്‍ പരാതി നല്‍കി. തുടര്‍ന്ന് ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭര്‍ത്താവ് കണ്ണന്‍ നായര്‍ അഭിഭാഷകനാണ്.
ഗണേശ ചതുര്‍ഥി ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം ചെയ്തതുമൂലം 65 പേര്‍ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് സംഭവം. ലേസര്‍ ലൈറ്റുകള്‍ മിന്നിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും ഇത് ഹൈപ്പോഗ്ലൈസീമിയക്ക് (രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയുന്ന അവസ്ഥ) സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നും നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയുടെ നേതാവ് ഡോ. അഭിജിത് ടഗാരേ ചൂണ്ടിക്കാട്ടി.
തീവ്രവെളിച്ചത്തില്‍ ഏറെനേരം നൃത്തം ചെയ്തത് റെറ്റിനയില്‍ രക്തസ്രാവമുണ്ടാക്കി. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. അതിതീവ്ര ലേസര്‍ വെളിച്ചം വൈദ്യ, വ്യവസായിക ആവശ്യങ്ങള്‍ക്കാണ് പൊതുവേ ഉപയോഗിക്കുക. നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇവ ഘോഷയാത്രയില്‍ ഉപയോഗിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്.
ലേസര്‍ ലൈറ്റുകള്‍ അടിക്കുന്ന സാഹചര്യത്തില്‍ ചില ആളുകള്‍ മണിക്കൂറുകളോളം നൃത്തം ചെയ്തു. ഇത് കണ്ണിനുള്ളില്‍, റെറ്റിനയില്‍ രക്തസ്രാവത്തിനും അത് വഴി കാഴ്ച്ചാനഷ്ടത്തിനും കാരണമായി,’ ഡോക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ 10-12 ദിവസത്തിനുള്ളില്‍ ജില്ലയില്‍ മാത്രം 65 പേര്‍ക്ക് കാഴ്ച്ച പോയി. ഇവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണെന്നും ടഗാരേ വ്യക്തമാക്കി.
കണ്ണില്‍ നീര്, ക്ഷീണം, കണ്ണ് വരണ്ടിരിക്കുക, തലവേദന, കണ്ണെരിച്ചില്‍, എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഇത് ചികിത്സിക്കാന്‍ കഴിയും. സര്‍ജറി നടത്തേണ്ടി വരും. പക്ഷെ, ചികിത്സാച്ചെലവ് വളരെ കൂടുതലാണ്,’ ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
ലേസര്‍ ലൈറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനേക്കുറിച്ച് നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്സില്‍ താഴെ മാത്രമേ ആകാന്‍ പാടുള്ളൂ. ലൈറ്റുകള്‍ ഒരേ സ്ഥലത്തേക്ക് തന്നെ കുറേ നേരം ഫോക്കസ് ചെയ്ത് വെയ്ക്കാന്‍ പാടില്ല. കണ്ണിലേക്ക് ലേസര്‍ അടിക്കരുത് തുടങ്ങിയ കാര്യങ്ങള്‍. പക്ഷെ, ഓപ്പറേറ്റര്‍മാര്‍ പ്രദക്ഷിണത്തിനിടെ പരമാവധി തീവ്രത കൂട്ടിയാണ് ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചതെന്നും അഭിജിത് ടഗാരേ വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്. യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനറൽ ജി വി ആർ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടാണ് യൂറോ വീക്ക്‌ലി ന്യൂസ് മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്രാ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനെ ഉദ്ധരിച്ച് റഷ്യൻ പ്രസിഡന്‍റിന് നേരെ വധശ്രമമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വധശ്രമം നടന്നു എന്ന് പറയുന്ന റിപ്പോർട്ടിൽ എപ്പോഴാണ് വധശ്രമം ഉണ്ടായെന്നകാര്യം വ്യക്തമാക്കിയിട്ടില്ല.
ജനറൽ ജി വി ആർ ടെലഗ്രാം ചാനലിലെ വിവരങ്ങൾ അനുസരിച്ച്, പുടിന്റെ ലിമോസിൻ വാഹനത്തിന്‍റെ ഇടത് മുൻ ചക്രത്തിൽ വലിയ ശബ്ദത്തോടെ എന്തോ വന്ന് ഇടിച്ചെന്നാണ് യൂറോ വീക്കിലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനത്തിന് മുന്നിൽ പുക ഉയർന്നുവെങ്കിലും വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് ഓടിച്ച് രക്ഷപ്പെട്ടെന്നാണ് പറയുന്നത്. സംഭവത്തിൽ റഷ്യൻ പ്രസിഡന്റിന് പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് റഷ്യയിൽ നിരവധി അറസ്റ്റുകൾ നടന്നതായും റിപ്പോർട്ട് പറയുന്നു. news.co.au പോലുള്ള മറ്റ് വാർത്താ ഏജൻസികളും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോഴാണ് റഷ്യൻ പ്രസിഡന്‍റിന് നേരെ വധശ്രമമുണ്ടായതെന്നാണ് റിപ്പോർട്ട് പറയുന്നത്.
റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതു മുതൽ പുടിനെതിരെ നിരവധി ഭീഷണികൾ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വധശ്രമം ഉണ്ടായെന്നാണ് സൂചന. എന്തായാലും ഇക്കാര്യത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുടിനും ഇത് സംബന്ധിച്ച പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം അഞ്ച് തവണയെങ്കിലും വധശ്രമത്തെ അതിജീവിച്ചതായി പുടിൻ 2017 ൽ വെളിപ്പെടുത്തിയിരുന്നു.
മലയാള ചലച്ചിത്ര രംഗത്ത് വര്‍ഷങ്ങളായി തുടരുന്ന സംഗീത പ്രതിഭയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നൂറ് കണക്കിന് ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൈതപ്രത്തിന്റെ ഗാനങ്ങള്‍ മൂളാത്ത മലയാളികള്‍ വിരളമായിരിക്കും. മലയാള സിനിമയില്‍ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 72ാം വയസിലും സംഗീതം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതം.
മലയാള സിനിമയിലെ ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കുമൊപ്പമുള്ള തന്റെ യാത്രയെ കുറിച്ച് അഭിമുഖത്തില്‍ കൈതപ്രം സംസാരിച്ചിരുന്നു. ഈ കൂട്ടത്തില്‍ മലയാളത്തിലെ ചില നടന്മാരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും കൈതപ്രം പങ്കുവെച്ചിരുന്നു.
നടന്‍ ദിലീപിനെതിരെയും നടന്‍ പൃഥ്വിരാജിനെതിരെയും വലിയ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ദിലീപും പൃഥ്വിരാജും ഇടപെട്ടുവെന്നാണ് അഭിമുഖത്തില്‍ കൈതപ്രം പറയുന്നത്.
ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത ഒരു സിനിമയില്‍ പാട്ടെഴുതാനായി തന്നെ വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഒഴിവാക്കിയെന്നാണ് കൈതപ്രം അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് ഇതൊന്നും പ്രശ്‌നമല്ലെന്നും താന്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നില വരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയിട്ട് എഴുതിയിട്ട് എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന അയാളെ ആലോചിച്ചാണ്. ഇത്രയും മണ്ടനാണല്ലോ അയാള്‍ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആള്‍ക്കാരുമുണ്ട്.
ഇപ്പോള്‍ ഈ സൂപ്പര്‍താരങ്ങള്‍ക്ക് തന്നെ ഞാന്‍ പോര എന്ന മട്ടുണ്ടല്ലോ. സൂപ്പര്‍ താരങ്ങള്‍ താരമായത് ഞാന്‍ എഴുതിയ പാട്ടിലൂടെയും കൂടിയാണ്. ഞാന്‍ വിമര്‍ശിക്കുന്നതല്ല പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.
ഓര്‍മിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ബലം. ഈ ഓര്‍മ ഇല്ലെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ഇത് എന്നെ കണ്ടിട്ട് വേണമെങ്കില്‍ അവര്‍ പഠിക്കട്ടെ. എന്നെ ആരും വിളിക്കണമെന്ന് എനിക്ക് മോഹമില്ല. അവര്‍ വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ ഇടത്തേ കയ്യേ തളര്‍ന്നിട്ടുള്ളൂ. വലത് കൈയ്ക്ക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റം വന്നിട്ടില്ല.
അല്‍ഫോണ്‍സ് പുത്രന്റെ രണ്ട് പടങ്ങള്‍ക്ക് ഞാന്‍ എഴുതി. അയാള്‍ക്ക് അത് ഭയങ്കര ഇഷ്ടമായി. ഇറങ്ങാന്‍ പോകുന്ന പടത്തില്‍ ഒരു താരാട്ട് പാട്ടുണ്ട്. അടുത്ത പടത്തിലും ഞാന്‍ നാല് പാട്ട് എഴുതിയിട്ടുണ്ട്. ഇപ്പോഴും ആളുകള്‍ എന്നെ വിളിക്കുന്നുണ്ട്.എനിക്ക് അത്യാര്‍ത്തിയില്ല. ചെയ്യേണ്ടത് ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ആത്മവിശ്വാസമുണ്ട്. ഇനി ചെയ്യാനും ആത്മവിശ്വാസമുണ്ട്, കൈതപ്രം പറഞ്ഞു.
തിളക്കം എന്ന സിനിമയ്ക്കായി പാട്ടെഴുതുമ്പോള്‍ ദിലീപ് ഇടപെട്ട് തന്നെ മാറ്റിയെന്നും അതാണ് അയാളുടെ ഗുരുത്വക്കേടെന്നും അഭിമുഖത്തില്‍ കൈതപ്രം പറയുന്നുണ്ട്. ഇത്തരം വിഡ്ഡിത്തങ്ങളാണ് സിനിമക്കാര്‍ക്കുള്ളതെന്നും അത് പൃഥ്വിരാജിനുമുണ്ടെന്നും കൈതപ്രം പറഞ്ഞു.
ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാന്‍ പറ്റില്ല. ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് അത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്‍ക്കുമ്പോള്‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെ കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്.
എങ്ങനെയുണ്ട്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ഈപുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാള്‍ മറന്നു. അയാള്‍ അഭിനയിച്ച എത്രയോ പടങ്ങള്‍ക്ക് വേണ്ടി ഞാന്‍ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും അയാള്‍ മറന്നിട്ട് എന്നെ മാറ്റി.
എനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. ഞാന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ എന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഡിത്തങ്ങള്‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന്റെ പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവര്‍ക്ക് മനസിലാവില്ല, കൈതപ്രം പറഞ്ഞു.