തൃശൂര്‍ കുന്നംകുളം കിഴൂരില്‍ മകള്‍ അമ്മയ്ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി. ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (57) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.
അസുഖബാധിതയാണെന്ന് കാണിച്ച് ഇന്ദുലേഖ അമ്മയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി എങ്കിലും രുഗ്മിണി മരണപ്പെടുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയത്. ഇതോടെ മകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിഷം കൊടുത്തതായി ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ സമ്മതിച്ചു. സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറഞ്ഞു.
ചൈനയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ പൊയാങ് ചുരുങ്ങുന്നതായാണ് റിപോര്‍ട്ടുകള്‍. ജിയാങ്സിയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയിലുള്ള പൊയാങ് തടാകം സാധാരണ വലുപ്പത്തിന്റെ 25 ശതമാനമായി ചുരുങ്ങിയെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ പ്രധാന നെല്‍കൃഷി പ്രദേശങ്ങളിലൊന്നിലേക്ക് വെള്ളം ഒഴുക്കുന്നതിനായി തൊഴിലാളികള്‍ വലിയ കുഴികള്‍ കുഴിക്കുകയാണ്. തടാകത്തിന്റെ ശോഷണം സമീപത്തെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചന മാര്‍ഗങ്ങള്‍ ഇല്ലാതാക്കി.കിടങ്ങുകള്‍ കുഴിക്കാന്‍ എക്സ്‌കവേറ്ററുകള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ പകല്‍സമയത്തെ കനത്ത ചൂടിനാല്‍ ജോലികള്‍ രാത്രി സമയത്താണ് ചെയ്യുന്നത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗം നാശം വിതയ്ക്കുകയാണ്. ഉയര്‍ന്ന താപനില പര്‍വത തീപിടുത്തങ്ങള്‍ക്ക് കാരണമായി, ഇത് തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ 1,500 ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി, വരള്‍ച്ച സാഹചര്യങ്ങള്‍ക്കിടയില്‍ ജലവൈദ്യുത നിലയങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നുവെന്ന കാരണത്താല്‍ ഫാക്ടറികള്‍ക്ക് ഉത്പാദനം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടുത്ത ചൂടും വരള്‍ച്ചയിയം വിളകള്‍ വാടിപ്പോകുന്നത് കൂടാതെ ഭീമന്‍ യാങ്സി ഉള്‍പ്പെടെയുള്ള നദികള്‍ ചുരുങ്ങുകയും ചരക്ക് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.
ചൈനയിലെ പ്രധാന നദിയായ പൊയാങ് തടാകം ഉയര്‍ന്ന സീസണില്‍ ശരാശരി 3,500 ചതുരശ്ര കിലോമീറ്റര്‍ (1,400 ചതുരശ്ര മൈല്‍) വരും, എന്നാല്‍ സമീപകാല വരള്‍ച്ചയില്‍ ഇത് 737 ചതുരശ്ര കിലോമീറ്ററായി (285 ചതുരശ്ര മൈല്‍) ചുരുങ്ങി. 1951-ന് ശേഷം ഇതാദ്യമായി ഈ വര്‍ഷം തടാകത്തിലെ ജലത്തിന്റെ അളവില്‍ വലിയ കുറവുണ്ടായി. കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തടാകത്തിലെ വെള്ളം ഉപയോഗിക്കുന്നത് കൂടാതെ ശൈത്യകാലത്തേക്ക് തെക്കോട്ട് ദേശാടനം ചെയ്യുന്ന പക്ഷികളുടെ പ്രധാന ഇടത്താവളമാണ് പൊയാങ് തടാകം.
എല്ലാ വേനല്‍ക്കാലത്തും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്ന സീസണല്‍ മഴ. രണ്ട് വര്‍ഷം മുമ്പ്, പോയാങ് തടാകത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും നെല്ല്, പരുത്തി, ചോളം, പയര്‍ എന്നി കൃഷികളെയം ബാധിച്ചു. ഇവ വെള്ളത്തിനടിയിലായി. ഈ വര്‍ഷം, പടിഞ്ഞാറന്‍, മധ്യ ചൈനയിലെ വ്യാപകമായ താപ തരംഗങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് (104 ഫാരന്‍ഹീറ്റ്) കവിഞ്ഞു, നേരത്തെ ആരംഭിച്ചതും പതിവിലും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാണിത്.
പടിഞ്ഞാറന്‍ റഷ്യയില്‍ നിലകൊണ്ടിരുന്ന താരതമ്യേന ഉയര്‍ന്ന അന്തരീക്ഷമര്‍ദ്ദമാണ് ഈ വര്‍ഷം ചൈനയിലെയും യൂറോപ്പിലെയും ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നത്. ചൈനയുടെ കാര്യത്തില്‍, ഉയര്‍ന്ന മര്‍ദ്ദം തണുത്ത വായു പിണ്ഡവും മഴയും പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയുന്നു. ‘ചൂടുള്ളതും വരണ്ടതുമായ അവസ്ഥയില്‍ കുടുങ്ങിപ്പോകുമ്പോള്‍, മണ്ണ് ഉണങ്ങുകയും കൂടുതല്‍ എളുപ്പത്തില്‍ ചൂടാകുകയും ചെയ്യുന്നു, ഇത് ചൂട് ശക്തിപ്പെടുത്തുന്നതായും മസാച്യുസെറ്റ്സിലെ ഫാല്‍മൗത്തിലെ വുഡ്വെല്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയായ ജെന്നിഫര്‍ ഫ്രാന്‍സിസ് പറഞ്ഞു.
പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ മുത്തശ്ശി അങ്കമാലി കോടിശേരി വീട്ടിൽ സിപ്സി(42) മരിച്ചനിലയിൽ. കൊച്ചി നഗരത്തിലെ ലോഡ്ജിൽ വെച്ചാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ കാമുകനും കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപ്‌സിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ വിട്ടയച്ചു. അസ്വഭാവിക മരണത്തിന് സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം നേവൽ ബേസിലെ താത്കാലിക ജീവനക്കാരനാണ് ബിനോയ്.
ഇന്നലെ പുലർച്ചെയാണ് സിപ്സിയെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിൽ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഇവർ വിവരമറിച്ചതനുസരിച്ച് എറണാകുളം സെൻട്രൽ പോലീസ് പരിശോധന നടത്തി.
ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തുമ്പോൾ ജോൺ ബിനോയ് ഡിക്രൂസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകി. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
മാർച്ച് ഒമ്പതിനാണ് സിപ്സിയുടെ മകന്റെ മകളായ ഒന്നരവയസുകാരി നോറ മരിയയെ കൊലപ്പെടുത്തിയ കേസിൽ നോർത്ത് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലോഡ്ജിൽ താമസിക്കുന്നതിനിടെ പുലർച്ചെ കുട്ടിയെ ജോൺ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു.
കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരും കൊച്ചിയിലെ ലോഡ്ജുകളിൽ താമസിച്ചുവരികയായിരുന്നു. കുട്ടിയുടെ പിതൃത്വം തന്നിൽ കെട്ടിയേൽപ്പിക്കാൻ സിപ്‌സി ശ്രമിച്ചതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ഇയാളുടെ മൊഴി.
കോടികൾ വിലയുള്ള സൂപ്പർ യോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇറ്റാലിയൻ കോസ്റ്റ് ഗാർഡാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 130 അടി ഉയരമുള്ള ബോട്ട് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോകുന്നതാണ് വീഡിയോയിലുള്ളത്.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, കോസ്റ്റ് ഗാർഡ് യോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. യോട്ട് അപകടത്തിൽപ്പെട്ടതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് പറയുന്നു. ഗല്ലിപ്പോളിയിൽ നിന്ന് മിലാസോയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്.
നാല് യാത്രക്കാരും അഞ്ച് ജീവനക്കാരും ബോട്ടിലുണ്ടായിരുന്നു. കാലാവസ്ഥയും കടൽസാഹചര്യവും വഷളായതാണ് അപകട കാരണമെന്നാണ് സൂചന. ബോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ മുങ്ങിയെന്നും കടലിൽ നിന്ന് തിരിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു.2007ൽ മൊണാക്കോയിൽ നിർമിച്ച യോട്ടിന്റെ പേര് ‘സാഗ’ എന്നാണ്. ശനിയാഴ്ച രാത്രിയാണ് സംഭവമെന്ന് ഡയെ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
VIDEO: Luxury yacht sinks off the Italian coast.
All four passengers and five crew members were rescued from the 40-metre vessel, which was heading from Gallipoli to Milazzo when it sank. The reason the yacht sank is unclear and an investigation has been opened pic.twitter.com/cHqNVWBsKC
— AFP News Agency (@AFP) August 24, 2022
ആമ്പല്ലൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം.
ബുധനാഴ്ച രാവിലെ മുതൽ രാധയെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് വീട്ടിലും പരിസരത്തും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാധയും ഭർത്താവും മക്കളും അടക്കം ആറുപേരാണ് ആമ്പല്ലൂരിലെ വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞദിവസം അർധരാത്രി 12 മണിയോടെ വീട്ടിലെത്തിയ മകന് വാതിൽ തുറന്നുനൽകിയത് രാധയായിരുന്നു. പുലർച്ചെ രണ്ടുമണി വരെ രാധ മുറിയിലുണ്ടായിരുന്നതായി ഭർത്താവും മൊഴി നൽകിയിട്ടുണ്ട്.
പിന്നീട് രാധയ്ക്ക് എന്തുസംഭവിച്ചു എന്നതിലാണ് ദുരൂഹത നിലനിൽക്കുന്നത്. അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ മറ്റുപരിക്കുകളോ മർദനമേറ്റതിന്റെ പാടുകളോ ഇല്ല.
മുൻപും സ്വയം കൈകൾ കെട്ടി ഇത്തരത്തിൽ ആത്മഹത്യചെയ്ത സംഭവങ്ങളുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി, അറസ്റ്റ് ചെയ്യരുതെന്നും നിർദേശം നൽകി.
2020 ഫെബ്രുവരി എട്ടിന് നടന്ന സാംസ്കാരിക ക്യാമ്പിനു ശേഷം കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് കടന്നു പിടിച്ചെന്നും തന്റെ മടിയിൽ കിടക്കാൻ ആവശ്യപ്പെട്ടെന്നുമാണ് യുവ എഴുത്തുകാരിയുടെ പരാതി. കേസിൽ ഓഗസ്റ്റ് 12നായിരുന്ന് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നെന്ന കോടതിയുടെ പരാമർശം വിവാദമായിരുന്നു. പട്ടികജാതിക്കാരിയായ എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന മറ്റൊരു കേസും സിവിക് ചന്ദ്രനെതിരെയുണ്ട്. ഈ കേസിലും കീഴ്‌ക്കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയിരുന്നു.
റോഡിലെ കുഴിയിൽ വീണ് സംസ്ഥാനത്ത് വീണ്ടും അപകടം. പത്തനംതിട്ട ജയിലിന് സമീപം കുമ്പഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയായ ആതിരയുടെ കാലിലൂടെ ബസ് കയറി. കുമ്പഴ സ്വദേശിയായ ആതിര ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്.
രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ ആതിരയുടെ സ്കൂട്ടർ ജയിലിന് സമീപം എത്തിയപ്പോൾ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. തുടർന്ന് എതിരെ വന്ന ബസ് സ്കൂട്ടറിൽ തട്ടുകയും യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയയ്ക്കായി കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ബിജെപി നേതാവും സോഷ്യല്‍ മീഡിയ താരവുമായ സോനാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഓഗസ്റ്റ് 22ന് രാത്രിയിലാണ് 42 വയസ്സുകാരിയായ സോനാലി ഗോവയില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സുഹൃദ് സംഘത്തിനൊപ്പമാണ് സോനാലി ഫോഗട്ട് ഗോവയിലേക്ക് പോയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദുരൂഹത ഉന്നയിച്ച് കുടുംബം രംഗത്തെത്തിയെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ എന്നാണ് പോലീസ് വിശദീകരണം. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രമില്‍ നാല് ചിത്രങ്ങളും സോനാലി പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നത് കുടുംബം അംഗീകരിക്കുന്നില്ല. ‘അവള്‍ ഫിറ്റ്‌നസിലും ആരോഗ്യത്തിലും ഏറെ ശ്രദ്ധനല്‍കുന്നയാളാണ്. അവള്‍ക്ക് യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. മരിക്കുന്ന ദിവസം വൈകുന്നേരം സോനാലി ഫോണില്‍ വിളിച്ചിരുന്നു. വാട്ട്‌സാപ്പില്‍ സംസാരിക്കണമെന്ന് പറഞ്ഞു. ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. മരണവുമായി ബന്ധപ്പെട്ട് എന്തോ ദുരൂഹതയുണ്ട്’ സോനാലിയുടെ സഹോദരി പ്രതികരിച്ചു.
ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത തോന്നുന്നതായി സോനാലി അമ്മയെ വിളിച്ചുപറഞ്ഞിരുന്നു. എന്തോ ഒരു സംശയം അവള്‍ക്കും തോന്നിയിരിക്കാം. അവള്‍ക്കെതിരേ ഗൂഢാലോചന നടന്നതായി ഞങ്ങളും സംശയിക്കുന്നുവെന്ന് സഹോദരനും പ്രതികരിച്ചു. സിബിഐ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ബിജെപി നേതാവ് കൂടിയായ സോനാലി സോഷ്യല്‍ മീഡിയ കണ്ടന്റ് നിര്‍മാതാവും ടിക് ടോക് താരവുമായിരുന്നു. 2020ലെ ബിഗ് ബോസ് ടിവി ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019ല്‍ ഹരിയാനയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.സോനാലിയുടെ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ട് 2016ല്‍ മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്.
കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. 3 പേർക്കു പരുക്ക്. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി (85), ചെറുമകളുടെ മകൾ ജാനകി എന്നിവരാണു മരിച്ചത്. കൃഷ്ണകുമാരിയുടെ മകൻ റിട്ട. സബ് റജിസ്ട്രാർ ജയദേവൻ (61), ഭാര്യ ഷീബ (54), ഇവരുടെ മകൾ കൃഷ്ണഗാഥ (33) എന്നിവർക്കു സാരമായി പരുക്കേറ്റു.
കൃഷ്ണഗാഥയുടെയും ആർക്കിടെക്ട് ആയ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും ഏക മകളാണു ജാനകി. തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ ഈഗോ ഡിസൈൻസ് എന്ന സ്ഥാപന ഉടമയാണ് സുധീഷ്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നൽകി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ബൈപാസ് റോഡിൽ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞു ഗുരുവായൂരിൽ നിന്നു മടങ്ങുകയായിരുന്നു കുടുംബം. സുധീഷും മാതാപിതാക്കളും മറ്റൊരു കാറിൽ ഇവർക്കു പിന്നിലായിരുന്നു.
ജയദേവനാണ് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുൻ സീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി ഇന്നലെ രാവിലെ 7 നും മരിച്ചു. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും.
അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ആശയക്കുഴപ്പവും യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിനു തടസ്സമായി.അപകടം നടന്ന ഉടൻ ദൃക്സാക്ഷികളിൽ ചിലർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. നിമിഷങ്ങൾക്കകം 2 കൺട്രോൾ റൂം വാഹനങ്ങൾ പാഞ്ഞെത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേനയും. അപകടം നടന്നയുടൻ, അതുവഴി കാറിൽ പോകുകയായിരുന്ന ഒരാൾ ഗുരുതരമായി പരുക്കേറ്റ 3 വയസ്സുകാരി ജാനകിയെ അവരെ വാഹനത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽപെട്ട മറ്റുള്ളവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനിടെയാണു കുഞ്ഞ് എവിടെയാണെന്ന വിവരം അറിയാതെ രക്ഷാപ്രവർത്തകർ കുഴങ്ങിയത്.
ഈ സമയം ജാനകി നീണ്ടകര താലൂക്ക് ആശുപത്രിയിൽ മരണത്തോടു മല്ലിടുകയായിരുന്നു. കുഞ്ഞിനെ ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോയതെന്നു വിവരം തിരക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വയർലെസിലൂടെ നിർദേശിക്കുന്നതു താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കേട്ടു. ഈ പൊലീസുകാരനാണു കുഞ്ഞിനെ അവിടെ എത്തിച്ച വിവരം കൈമാറുന്നത്. അപ്പോഴേക്കും അര മണിക്കൂറിലേറെ പിന്നിട്ടു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കു മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റാൻ താലൂക്ക് ആശുപത്രി അധികൃതർ നിർദേശിച്ചു.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു (94) അന്തരിച്ചു.
തൃശൂർ മണലൂർ സ്വദേശിയായ ഇദ്ദേഹം 1949ലാണു ജോലിയിൽ പ്രവേശിച്ചത്. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനായി സർദാർ വല്ലഭായ് പട്ടേൽ വിവിധ സ്ഥലങ്ങളിൽ പോയപ്പോഴും ശ്രീലങ്കയുമായി കരാർ ഒപ്പുവയ്ക്കാൻ രാജീവ് ഗാന്ധി പോയപ്പോഴും വിമാനം പറത്തിയത് കുഞ്ഞിപ്പാലുവാണ്.
ഇന്ത്യൻ എയർലൈൻസിന്റെ സൗത്ത് ഇന്ത്യ റീജനൽ ഡയറക്ടറായി 1989ൽ വിരമിച്ചു. പിന്നീടാണ് ആലുവയിൽ താമസമാക്കിയത്. സഹോദരൻ ടി.എ.വർഗീസ് മദ്രാസ് ചീഫ് സെക്രട്ടറിയായിരുന്നു.സംസ്കാരം നാളെ 11.30ന് സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: പരേതയായ റൂബി. മക്കൾ: ആൻജോ, ജോജോ. മരുമക്കൾ: മനീഷ, ജീന (എല്ലാവരും യുഎസ്).