Latest News

കരുത്തിന്റെ പ്രതീകമാണ് നടി ഭാവനയെന്ന് മഞ്ജു വാര്യർ. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം.

അതേസമയം, നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുണ്‍ റുഷ്‍ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ചിത്രത്തിന്‍രെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കയാണ്.

പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് മുംബൈയ്ക്ക് സമീപമുള്ള വസായ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഭർത്താവിനെ താനെയിൽ നിന്ന് അറസ്റ്റ് ചെയ്തു.

അവധ് എക്‌സ്‌പ്രസ് ട്രെയിൻ വരുന്നതുകണ്ട് പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങിക്കിടന്ന യുവതിയെ ഭർത്താവ് ഉണർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കുറച്ചുസമയം സംസാരിച്ചുനിന്ന ഭർത്താവ് ട്രെയിൻ അടുക്കുമ്പോൾ ഭാര്യയെ വലിച്ചിഴച്ച് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം മറ്റൊരു ബെഞ്ചിൽ ഉറങ്ങിക്കിടന്ന 2 കുട്ടികളെയും കൊണ്ട് വേഗത്തിൽ അവിടെനിന്ന് പോകുന്നതും വിഡിയോയിലുണ്ട്.

ഞായറാഴ്ച ഉച്ച മുതൽ ഭാര്യയും ഭർത്താവും വസായ് സ്റ്റേഷിനുണ്ടായിരുന്നുവെന്നും സംഭവത്തിനു ശേഷം പ്രതി ദാദറിലേക്കും അവിടെ നിന്ന് കല്യാണിലേക്കും പോയതായി റെയിൽവേ പൊലീസ് അറിയിച്ചു. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി താനെയിലെ ഭിവണ്ടി ടൗണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

അബുദാബി ഇരട്ടക്കൊലപാതകത്തില്‍ മരിച്ച ഡെന്‍സിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാര്‍ അറിഞ്ഞത്. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ഡെന്‍സിയുടെ സംസ്‌കാരം നടത്തിയത്. കുഴിമാടം നാളെ തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന് ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.

നോര്‍ത്ത് ചാലക്കുടി വാളിയേങ്കല്‍ റോസിലിയുടെ മകളാണ് ഡെന്‍സി (38). മൂന്നു മക്കളുടെ അമ്മയായ ഇവര്‍ 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്.   മൂന്നു മാസം കഴിഞ്ഞായിരുന്നു മരണം സംഭവിച്ചത്. മകളുടേതു കൊലപാതകമാണെന്ന വിവരം ഏതാനും ദിവസം മുന്‍പു മാത്രമാണു കുടുംബാംഗങ്ങള്‍ അറിഞ്ഞതെന്നു പറയുമ്പോള്‍ അമ്മ റോസിലിക്കു കരച്ചിലടക്കാനാകുന്നില്ല. ജോലി ചെയ്തിരുന്ന കമ്പനിയിലെയാളാണ് കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീട് നിലമ്പൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നും പൊലീസെത്തി മൊഴിയെടുത്തു.

കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം നല്‍കിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി കിട്ടിയത്.  ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെന്‍സിയെയും 2020 മാര്‍ച്ച് 5നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനത്തില്‍.

ഷാബാ ഷെരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാന്‍, കുത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കു മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫാണു ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്നു കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണു റീ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വടക്കു കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായി ഓഗസ്റ്റ് 27 (ശനി) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24-08-2022: ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ.

25-08-2022: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.

26-08-2022: എറണാകുളം, ഇടുക്കി.

27-08-2022: എറണാകുളം, ഇടുക്കി.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കർണാടക തീരം അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും സമാന കാലാവസ്ഥയായിരിക്കും.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

25-08-2022 വരെ: തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

24-08-2022 മുതൽ 25-08-2022 വരെ: തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26-08-2022 : കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

26-08-2022: ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി വ്യോമസേന അറിയിച്ചു. മാർച്ചിലാണ് ഹരിയാനയിലെ സിർസയിൽനിന്നു വിക്ഷേപിച്ച മിസൈൽ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ 124 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാൻഛന്നു നഗരത്തിൽ വീണത്.

സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. പോർമുനയില്ലാതിരുന്ന മിസൈൽ വീണ് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടമുണ്ടായതായി പാകിസ്ഥാൻ സൈനിക വക്താവ് മേജർ ബാബർ അക്ബർ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മാർച്ച് ഒൻപതിനു വൈകിട്ട് 6.43നു വിക്ഷേപിച്ച മിസൈൽ 6.50നാണ് ലക്ഷ്യം തെറ്റി പാകിസ്ഥാനിൽ വീണത്. അറ്റകുറ്റപ്പണികൾക്കിടെ സാങ്കേതികത്തകരാറു മൂലം അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ ഖേദിക്കുന്നതായും ആളപായമില്ലാത്തതിൽ ആശ്വസിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ബിജെപി നേതാവ് സൊനാലി ഫോഗട്ട് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഗോവയിലായിരുന്നു അന്ത്യം. ജീവനക്കാർക്കൊപ്പം ഗോവ സന്ദർശിക്കവേയായിരുന്നു മരണമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2019ലെ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപുർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ഇവിടെനിന്നു ജയിച്ച കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ് കഴിഞ്ഞമാസം എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നു. സൊനാലിയും കുൽദീപ് ബിഷ്നോയ്‌യും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സൊനാലി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്.

ടിക്ടോക് വിഡിയോകളിലൂടെയാണ് സൊനാലി താരമായത്. ധാരാളം ഫോളോവേഴ്‍സും ഉണ്ടായിരുന്നു. 2006ൽ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ചു. പിന്നീടാണു ബിജെപിയിൽ ചേർന്നത്. 2020ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും സൊനാലി പങ്കെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സൊനാലിയുടെ റീൽസുകൾക്ക് ആരാധകരേറെയാണ്

ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ്‌ ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി.

വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്‍പരം വാഹന ഉടമകളുടെ വിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്‌, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ള അപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ’ ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ് സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന് അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

യുകെയില്‍ പണപ്പെരുപ്പം ജൂലൈയില്‍ 10.1% എത്തി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ (BoE) ലക്ഷ്യത്തിന്റെ അഞ്ചിരട്ടി. പണപ്പെരുപ്പം സ്ട്രാറ്റോസ്ഫിയറിലേക്ക് പ്രവേശിക്കുകയാണെന്നും ഇത് 18 ശതമാനമായി ഉയരുമെന്നും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് സിറ്റി പറഞ്ഞു. അതേസമയം, റെസല്യൂഷന്‍ ഫൗണ്ടേഷന്‍ ഇത് 18.3 ശതമാനത്തിലെത്തുമെന്ന് പറഞ്ഞു. വരും മാസങ്ങളില്‍ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്ന് ബോഇ പ്രവചിക്കുന്നു.

വിലക്കയറ്റത്തിന്റെ ദുരിതം കൂടുതല്‍ തീവ്രമാകുമെന്ന് മുന്നറിയിപ്പ്. ഇപ്പോള്‍ പത്തു ശതമാനം പിന്നിട്ട പണപ്പെരുപ്പം അടുത്ത വര്‍ഷം 18% പിന്നിടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ വിലയാണ് രാജ്യത്തെ പണപ്പെരുപ്പത്തെ അടുത്ത വര്‍ഷം 18% വരെ ഉയര്‍ത്തുക . ഇത് 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കും എന്ന് സാമ്പത്തിക വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു.

സിറ്റിയുടെ പ്രവചനം – 1976 ന് ശേഷമുള്ള യുകെയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കായിരിക്കും – വിതരണക്കാര്‍ക്ക് ഒക്‌ടോബര്‍ മുതല്‍ വീടുകളില്‍ നിന്ന് ഗ്യാസിനും വൈദ്യുതിക്കും ഈടാക്കാവുന്ന പരമാവധി തുക സംബന്ധിച്ച വെള്ളിയാഴ്ചത്തെ ഊര്‍ജ്ജ വില പരിധി പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഇത് വരുന്നത്.

പണപ്പെരുപ്പം 15.4% ആയിരിക്കുമെന്ന് പ്രവചിച്ച EY-Parthenon പോലുള്ള മറ്റ് സാമ്പത്തിക വിദഗ്ധര്‍ നടത്തിയതിനെ അപേക്ഷിച്ച് നിക്ഷേപ ബാങ്കിന്റെ പ്രവചനം സ്കെയിലിന്റെ ഉയര്‍ന്ന അറ്റത്താണ്. എന്നിരുന്നാലും, റെസൊല്യൂഷന്‍ ഫൗണ്ടേഷന്‍ തിങ്ക് ടാങ്കിലെ സാമ്പത്തിക വിദഗ്ധര്‍ ബിബിസിയോട് പറഞ്ഞത് , നിലവിലെ വില പരിധി പ്രവചനങ്ങളും നിരക്ക് വിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഡാറ്റയും അടിസ്ഥാനമാക്കി, പണപ്പെരുപ്പം 18.3% വരെ ഉയരാം എന്നാണ്.

കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ് ഇപ്പോള്‍ ഒക്‌ടോബര്‍ മുതല്‍ പ്രതിവര്‍ഷം ഒരു സാധാരണ ഗാര്‍ഹിക ഊര്‍ജ്ജ ബില്‍ 3,554 പൗണ്ട് പ്രതീക്ഷിക്കുന്നു. ഇത് അതിന്റെ മുന്‍ പ്രവചനത്തിന് അല്പം താഴെയാണ്. എന്നിരുന്നാലും, എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം ജനുവരിയില്‍ 4,650 പൗണ്ടിന്റെ വില പരിധി പ്രഖ്യാപിക്കുമെന്ന് ഇപ്പോള്‍ പ്രതീക്ഷിക്കുന്നു, ഇത് അതിന്റെ മുന്‍ എസ്റ്റിമേറ്റായ 4,266 പൗണ്ടിനേക്കാള്‍ കൂടുതലാണ്.

അതിന്റെ കണക്കുകൂട്ടലുകള്‍ കഴിഞ്ഞ ആഴ്‌ചയിലെ മൊത്തവിലയില്‍ 15% വര്‍ദ്ധനവ് പ്രതിഫലിപ്പിച്ചു, കോണ്‍വാള്‍ പറഞ്ഞു. എന്നാല്‍ ‘വിപണിയുടെ ഉയര്‍ന്ന അസ്ഥിര സ്വഭാവം’ അര്‍ത്ഥമാക്കുന്നത് അടുത്ത രണ്ട് മാസങ്ങളില്‍ ഈ കണക്കുകള്‍ വ്യത്യാസപ്പെടാം എന്ന് പ്രതീക്ഷിക്കുന്നു.

ഒക്‌ടോബര്‍ മുതല്‍, യുകെയിലെ എല്ലാ കുടുംബങ്ങള്‍ക്കും അവരുടെ ഊര്‍ജ്ജ ബില്‍ ആറുമാസത്തെ പ്രതിമാസ തവണകളിലൂടെ 400 പൗണ്ട് കുറയും, ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ 66 പൗണ്ടും ഡിസംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ പ്രതിമാസം 67 പൗണ്ടും കുറയും. എട്ട് ദശലക്ഷം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിനുള്ള പിന്തുണ ലഭിച്ചുതുടങ്ങി, പേയ്‌മെന്റിന്റെ ആദ്യ ഗഡു 650 പൗണ്ട് ജൂലൈയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ എത്തി.

സംസ്ഥാനത്ത് തക്കാളി പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്.അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് രോ​ഗം കൂടുതലായി പടരുന്നത്. ഈ സാഹചര്യത്തിൽ സ്കൂളുകൾക്ക് സർക്കാർ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ നിമ്മാണ പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും. അത്തരം ആവശ്യം അംഗീകരിക്കാനാവില്ല. പദ്ധതി നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും തുറമുഖ മന്ത്രി പറഞ്ഞു. പദ്ധതി കാര്യമായ തീരശോഷണം ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സെന്റ് എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

വിഴിഞ്ഞം സമരത്തെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചത്. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. വിഴിഞ്ഞം സ്വദേശികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നത്. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ജനവിരുദ്ധവും വികസന വിരുദ്ധവുമാണ്. ആരുടേയും വീടും ജീവനോപാധികളും നഷ്ടപ്പെടില്ല. ക്യാംപുകളില്‍ കഴിയുന്ന 355 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കും. വാടക സര്‍ക്കാര്‍ നല്‍കും.
പുനരധിവാസത്തിനായി 2900 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. 276 വീടുകള്‍ പൂര്‍ത്തികരിക്കും. മുട്ടത്തറ, ബീമാപള്ളി, വെസ്റ്റ് ഹില്‍, പൊന്നാനി എന്നിവിടങ്ങളില്ലൊം ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.
മണ്ണെണ്ണ- 36,000 പരമ്പരാഗത മത്സ്യബന്ധനയാനങ്ങളില്‍ 90% എണ്ണവും മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല് ഒരു ലക്ഷം കിലോ ലിറ്ററില്‍ അധികം മണ്ണെണ്ണ ആവശ്യമാണ്. എന്നാല്‍ 25,000 കിലോ ലിറ്റര്‍ മാത്രമാണ് കേന്ദ്രം സബ്‌സിഡിയായി അനുവദിക്കുന്നത്. മണ്ണെണ്ണ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ മുഴുവന്‍ മത്സ്യത്തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഇന്നലെ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പരിസ്ഥിതി ആഘാതം- തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തീരശോഷണ നടക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹരിത ്രൈടബ്യൂണലിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. അതെല്ലാം തള്ളിയതാണ്. തീരശോഷണം ഉണ്ടാവില്ലെന്ന് കേന്ദ്രവും വിദഗ്ധ റിപ്പോര്‍ട്ട് നല്‍കിയത്. അതുപ്രകാരമാണ് നിര്‍മ്മാണം ആരംഭിച്ചത്.

നൂനമര്‍ദ്ദവും ചുഴലിക്കാറ്റുമാണ് തീരശോഷണത്തിന് പ്രധാന കാരണം. വലിയതുറ, ശംഖുമുഖം എന്നീ തീരശോഷണങ്ങളുടെ കാരണം തുറമുഖ നിര്‍മ്മാണമാണെന്ന് പറയാന്‍ കഴിയില്ല.

ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്നതാണെന്ന് പറയാനാവില്ല. ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണ്. മത്സ്യെത്താഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എല്ലാക്കാലത്തും മുന്‍ഗണന നല്‍കിയിട്ടുണ്ട്.

ഓഖിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. 20 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കിയത്. അതിനൊപ്പം രണ്ട് ലക്ഷം രൂപ കേന്ദ്രസര്‍ക്കാരിന്റെ വിഹിതമായി നല്‍കി. ദുരിതാശ്വാസമായി ലഭിച്ച മുഴുവന്‍ തുകയും ആ മേഖലയ്ക്ക് നല്‍കി.

തീരദേശ മേഖലയിലെ പട്ടയ അപേക്ഷകളില്‍ ഭൂരിപക്ഷവും സിആര്‍സെഡ് പരിധിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം ഉള്ളതിനാല്‍ ഇപ്പോള്‍ അത് നല്‍കാനാവില്ല.

മത്സ്യെത്താഴിലാളികളുടെയും കുടുംബങ്ങളുടെയും ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ത്തിയിരുന്നു. മത്സ്യബന്ധന യാനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമുദ്ര ബസ് സര്‍വീസ്, മറൈന്‍ ആംബുലന്‍സ് എന്നീ സൗകൗര്യങ്ങളും ഏര്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പദ്ധതി ഒച്ചിഴയുന്നപോലെയാണ്. പുനധരിവാസം നടക്കുന്നില്ല. തീരശോഷണം ഉണ്ടാകുന്നില്ലെന്ന സര്‍ക്കാരും അദാനിയും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശ്വസ്തതയുള്ള കമ്പനിയെ പഠനമേല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ കഴിയുന്ന ക്യാംപുകള്‍ വളരെ ശോചനീയാവസ്ഥയിലാണെന്ന് എം.വിന്‍സെന്റ് പറഞ്ഞു. സിമന്റ് ഫാക്ടറിയുടെ ഗോഡൗണിലുമടക്കമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RECENT POSTS
Copyright © . All rights reserved