കുട്ടിയെ സ്‌കൂളില്‍ അയക്കാന്‍ എത്തിയ മുത്തച്ഛനാണ് ആകസ്മിക മരണം സംഭവിച്ചത്.ലണ്ടനിലെ ഹാറോവിന് അടുത്ത് പിന്നെര്‍ എന്ന സ്ഥലത്തു നിന്നും ദാരുണമായ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം കുമ്മനം സ്വദേശിയായ 67 കാരന്‍ ജേക്കബ് വാഴയിലാണ് ആകസ്മിക മരണത്തിനു കീഴടങ്ങിയത്. അസ്വസ്ഥാനായി വീണ അദ്ദേഹത്തെ അടുത്തുള്ള നഴ്സിങ് ഹോമില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഓടിയെത്തി സിപിആര്‍ നല്‍കിയെങ്കിലും രക്ഷിക്കാന്‍ ആയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഉടന്‍ ആംബുലന്‍സിൽ നോര്‍ത്ത് പാര്‍ക്ക് ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു. എമര്‍ജന്‍സി കോള്‍ എത്തിയതിനെ തുടര്‍ന്ന് സജ്ജരായി നിന്ന മലയാളി ഡോക്ടറുടെയും നഴ്സിങ് ടീമിന്റെയും കൈകളിലേക്കാണ് ജേക്കബ് എത്തിയതെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഐ ടി ജീവനക്കാരനായ മകന്‍ ബെട്രോണിനെയും കുടുംബത്തെയും സന്ദര്‍ശിക്കുന്നതിനാണ് ജേക്കബും ഭാര്യയും ഏതാനും മാസം മുന്‍പ് യുകെയില്‍ എത്തിയത്.
മുന്‍പും യുകെ സന്ദര്‍ശനം നടത്തിയിട്ടുള്ള ജേക്കബും ഭാര്യയും ഒരു മാസത്തിനകം നാട്ടിലേക്കു മടങ്ങാനും ആലോചിച്ചിരുന്നു. ഇതിനിടയില്‍ ഇടയ്ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും നടത്തിയിരുന്നു. ക്രിസ്മസ് ആഘോഷത്തിനായി ആവേശത്തോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ഇപ്പോള്‍ വേദനയുമായി മരണം കടന്നു വന്നിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ഭാര്യയുമായി വഴക്കിട്ട് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. തൃശൂർ മൂന്നുപീടികയിൽ ബീച്ച് സ്വദേശി ഷിഹാബ് (35) ആണ് മരിച്ചത്. രണ്ടര വയസ്സും നാലര വയസ്സും ഉള്ള കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ 5.15നാണ് സംഭവം.
സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഷിഹാബും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ഇതിനു പിന്നാലെ ഷിഹാബ് കുട്ടികളെയും എടുത്ത് വീടിനോട് ചേർന്നുള്ള കിണറ്റില്‍ ചാടുകയായിരുന്നു. അഗ്നിശമനസേനയെത്തി ഷിഹാബിനെ പുറത്തെടുത്ത് ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊച്ചിയിൽ കനത്ത മൂടൽമഞ്ഞ്. നഗരത്തിന്റ പല ഭാഗങ്ങളും ഇപ്പോഴും മഞ്ഞ് മൂടിയ നിലയിലാണ്. കലൂർ, വൈറ്റില, തൃപ്പുണ്ണിത്തുറ ഭാഗങ്ങളിലൊക്കെ രാവിലെ മുതൽ കനത്ത മൂടൽമഞ്ഞായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊച്ചിയിൽ കനത്ത മൂടൽമഞ്ഞാണ്.
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് ഇറങ്ങേണ്ട നാലു വിമാനങ്ങൾ തിരിച്ചുവിട്ടു. നെടുമ്പാശേരിയിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഷാര്‍ജയിൽനിന്നുള്ള, എമിറേറ്റ്സിന്റെ ദുബായിൽനിന്നുള്ള, ഗൾഫ് എയർഇന്ത്യയുടെ ബഹ്റൈന്‍, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിൽനിന്നുള്ള വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.
ഇന്നലെ രാത്രി എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നു പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്.
ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു. കൊല്ലം അയ്യനിവേലികുളങ്ങര മടൂര്‍ കിഴക്കേതില്‍ നൗഷാദിന്റെ മകള്‍ ഷബാനയാണ് മരിച്ചത്.
പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് ഷബാനയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.
പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ഥിനിയാണ് ഷബാന. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
യാത്രക്കാരുമായി പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതമായി രക്ഷിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യാത്രയായി.
താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിജീഷാണ് (കംസന്‍ 48) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിജീഷ് ഇന്ന് രാവിലെയാണ് മരിച്ചത്.
നവംബര്‍ 20ന് പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സിജീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കടുത്ത വേദനയ്ക്കിടയിലും മനസാന്നിധ്യം വിടാതെ ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. സിജേഷ് കുഴഞ്ഞ് വീണതിന് ശേഷമാണ് ബസിലുണ്ടായിരുന്ന കണ്ടക്ടറും യാത്രക്കാരും വിവരമറിഞ്ഞത്.
ഉടന്‍ തന്നെ സിജീഷിനെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ബസ് ഓടിക്കവേ സിജേഷിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത സാഹചര്യമായിട്ടും കടുത്ത വേദനയ്ക്കിടയിലും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ സിജീഷ് കാണിച്ച ആത്മധൈര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അസുഖം ഭേദമായി അദ്ദേഹം വീട്ടിലെത്തിയെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാറില്‍ മുമ്പുണ്ടായ മണ്ണിടിച്ചിലും സിജീഷ് ഓടിച്ച കെഎസ്ആര്‍ടിസി. ബസ് ഉള്‍പ്പെട്ടിരുന്നു. അന്നത്തെ മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും സിജീഷ് സുരക്ഷിതമായി യാത്രക്കാരെ താമരശ്ശേരിലെത്തിച്ചിരുന്നു.
മൊറോക്കോയുടെ പോരാട്ടം സെമിയിൽ അവസാനിപ്പിച്ച് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഫൈനലിൽ. രണ്ട് ഗോളുകളുടെ ഏകപക്ഷീയ വിജയം നേടിയാണ് ഫ്രാൻസ് ഫൈനലിൽ പോരാട്ടത്തിന് ടിക്കറ്റ് എടുത്തത്.
കളി തുടങ്ങി അഞ്ചാം മിനുട്ടിൽ ഹേർണണ്ടെസ് നേടിയ ഗോൾ ആദ്യ പകുതിയിൽ ഫ്രാൻസിന് സമ്പൂർണ ആധിപത്യം നൽകി.രണ്ടാം പകുതിയിൽ മൊറോക്കോ കനത്ത പോരാട്ടം കാഴ്ച വെച്ചെങ്കിലും, കൊലോ മൗനി 79ആം മിനുട്ടിൽ വീണ്ടും മൊറോക്കൻ വള കുലുക്കിയതോടെ ആണ് ഫ്രാൻസ് വിജയം. ഉറപ്പിച്ചത്.
കനത്ത പോരാട്ടം കാഴ്ച വെച്ചിട്ടും ഗോൾ ഭാഗ്യം തുണക്കാതിരുന്നതോടെ മൊറോക്കോ പരാജയം നുണയുക ആയിരുന്നു.അവസരങ്ങൾ ഗോൾ ആയി മാറാതിരുന്നതോടെ ഖത്തർ ലോകകപ്പിലെ കറുത്തകുതിരകളായ മൊറോക്കോയുടെ പോരാട്ടം സെമിയിൽ അവസാനിക്കുകയായിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് അർജൻ്റീനയെ നേരിടും.
സഹായിക്കാനെന്ന വ്യാജേനെയെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം പോത്തന്‍കോട് പോലീസ്. കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷം മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മംഗലപുരം സ്വദേശി അനീഷ്, ഭാര്യ രമ്യ, അവതാരകന്‍ ചാത്തന്നൂര്‍ സ്വദേശി രജിത്ത് കാര്യത്തില്‍, ഓണ്‍ലൈന്‍ ചാനല്‍ വിസ്മയ ന്യൂസ് ഉടമ വര്‍ക്കല രഘുനാഥപുരം സ്വദേശി രജനീഷ് എന്നിവര്‍ക്കെതിരെ വേങ്ങോട് വാടകയ്ക്ക് താമസിക്കുന്ന ഷീബയുടെ പരാതിയിലാണ് കേസെടുത്തത്.
2018ലാണ് വേങ്ങോട് സ്വദേശി ഇന്ദിരയുടെ മകന്‍ ഷിജു കെട്ടിടത്തിന്റെ മുകളില്‍ നിന്നുവീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. ഭക്ഷണത്തിനും മരുന്നിനും നിവര്‍ത്തിയില്ലാത്ത കുടുംബത്തെ തേടി, സഹായ വാഗ്ദാനവുമായി വര്‍ക്കല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിസ്മയ ന്യൂസ് എന്ന ഓണ്‍ലൈന്‍ മാദ്ധ്യമം എത്തുകയായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ന് രാത്രി 11നാണ് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തിലുമെത്തി വീഡിയോ എടുത്തത്.
വീഡിയോ എടുക്കുന്നതിനായി രണ്ട് തവണയായി 17,?000 രൂപ പ്രതിഫലവും വാങ്ങി. വീഡിയോയിലൂടെ 1.50 ലക്ഷം രൂപ ഷിജുവിന്റെ സഹോദരി ഷീബയുടെ അക്കൗണ്ടിലെത്തി. ഈ തുകയില്‍ നിന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തി പല തവണയായി രജിത്തും സംഘവും 1.30 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പണം തിരികെ ചോദിച്ച കുടുംബത്തിനു നേരെ ഇവര്‍ തെറിവിളിയും ഭീഷണിപ്പെടുത്തലും നടത്തിയതിനെ തുടര്‍ന്നാണ് ഷിജുവിന്റെ സഹോദരി ഷീബ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ തട്ടിപ്പ് നടന്നത് സ്ഥിരീകരിച്ച പൊലീസ് വഞ്ചനാ ക്കുറ്റത്തിന് സംഘത്തിനെതിരെ കേസെടുക്കുകയായിരുന്നു. പരസ്യത്തിനായി സംഘം കടയുടമകളെ ഭീഷണിപ്പെടുത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായ ബ്രിട്ടനിൽ പണപ്പെരുപ്പവും വിലക്കയറ്റവും പലിശനിരക്കിലെ വർധനയും ഓരോ കുടുംബത്തിനും വരുത്തുന്നത് കനത്ത സാമ്പത്തിക ബാധ്യത. നിത്യനിദാന ചെലവുകൾ റോക്കറ്റുപോലെ കുതിക്കുമ്പോൾ പലിശ നിരക്കിലുണ്ടായ വർധന വീടുകളുടെ മോർട്ഗേജിലും വലിയ വർധനയാണ് ഓരോരുത്തർക്കും ഉണ്ടാക്കുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് നിരക്ക് 3 ശതമാനമാക്കിയതോടെ ശരാശരി മോർട്ഗേജ് റേറ്റ് അഞ്ചു ശതമാനത്തിനു മുകളിലാണ്. ട്രാക്കർ മോർട്ഗേജുകൾക്ക് ഇതിന്റെ ആഘാതം അപ്പപ്പോൾ തന്നെ വന്നു കഴിഞ്ഞു. ഇതിനു പുറമേ ഏകദേശം 40 ലക്ഷത്തോളം കുടുംബങ്ങൾക്ക് ശരാശരി 250 പൗണ്ടിന്റെ വർധന അടുത്തവർഷം മോർട്ഗേജിൽ ഉണ്ടാകുമെന്നാണു ബാങ്ക് സ്റ്റെബിലിറ്റി റിപ്പോർട്ട് നൽകുന്ന സൂചന. 2,20,000 കുടുംബങ്ങൾക്ക് ഇതിനു സമാനമായ രീതിയിൽ മോർട്ഗേജിൽ ചെറുതല്ലാത്ത വർധനകളുണ്ടാകും.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇനിയും പലിശ നിരക്ക് ഉയർത്താൻ സാധ്യതുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യാഘാതം അതിരൂക്ഷമാകും. നിലവിൽ രണ്ടുവർഷത്തെയും അഞ്ചുവർഷത്തെയും ഫിക്സഡ് മോർട്ഗേജ് എഗ്രിമെന്റിലുള്ളവരും 2025നുള്ളിൽ പലിശനിരക്കിന്റെ ചൂടറിയും. മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ 70 ശതമാനം മോർട്ഗേജിലും പലിശനിരക്ക് വർധനയും പ്രതിഫലനമുണ്ടാക്കും.
ഇതിനിടെ രാജ്യത്തെ വീടുവില കുത്തനെ ഇടിഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വീടുവില കുറഞ്ഞതിനു സമാനമായ നിരക്കിലാണ് വിലയിടിവ്.
പ്രതിപക്ഷനേതാവിനെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്കെതിരെ ജനരോഷം. സഭയില്‍ ഡേവിഡ് സിമോറിനെതിരെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ മോശം വാക്കുകള്‍ പ്രയോഗിച്ചത്. സഭയില്‍ അടുത്തിരുന്ന വ്യക്തിയോട് രഹസ്യമായി പറഞ്ഞവാക്കുകുകള്‍ ഓണായിരുന്ന മൈക്കിലൂടെ എല്ലാവരിലേക്കും എത്തുകയായിരുന്നു. സഭയിലെ വാക്കുകള്‍ മുഴങ്ങി കേട്ടതിന് പിന്നാലെ ജസിന്ത മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയതോടെ ജനരോക്ഷം രൂക്ഷമായി. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലും ജസിന്ത തെറ്റ് ഏറ്റുപറഞ്ഞു.
പ്രതിപക്ഷത്തെ ചെറുപാര്‍ട്ടിയായ ആക്ടിന്റെ നേതാവ് ഡേവിഡ് സിമോറിനെയാണ് സഭയിലെ ചോദ്യോത്തര വേളയില്‍ ജസിന്ത അസഭ്യം പറഞ്ഞത്. ഭരണത്തിലെ പിഴവുകള്‍ എന്നെങ്കിലും ഏറ്റു പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ച സിമോറിന് മറുപടി നല്‍കിയ ശേഷം, അടുത്തിരുന്ന ഉപപ്രധാനമന്ത്രി ഗ്രാന്റ് റോബട്‌സനോടായി ശബ്ദം താഴ്ത്തി മോശം പരാമര്‍ശം നടത്തുമ്പോള്‍ മൈക്ക് പ്രവര്‍ത്തിക്കുണ്ടെന്ന കാര്യം ജസിന്ത ശ്രദ്ധിച്ചില്ല.
മവോരി ആദിവാസി വേരുകളുള്ള സിമോറിനെ ആദിവാസിക്ഷേമ മന്ത്രി വില്ലി ജാക്‌സന്‍ ഏതാനും മാസം മുന്‍പു പരിഹസിച്ചതും വിവാദമായിരുന്നു. പ്രധാനമന്ത്രി ജസിന്ത ആര്‍ഡേസണ്‍ അടുത്തിടെ നിരവധി വിവാദങ്ങളിലാണ് പെടുന്നത്. ഇത് അവരുടെ ജനപ്രതീതി ഇടിയുന്നതിനും കാരണമായിട്ടുണ്ട്.
ഷാരൂഖ് ഖാന്‍ നായകനാകുന്ന പത്താന്‍ സിനിമയ്‌ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ നായികയായ ദീപിക ബിക്കിനി ധരിച്ചാണ് ഗാനത്തില്‍ അഭിനയിച്ചത്. ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത് നരോത്തം മിശ്ര പറഞ്ഞു.
ഷാരൂഖ് ഖാന്റെ ‘പത്താന്‍’ സിനിമയിലെ ‘ബേശരം രംഗ്’ പുറത്തെത്തിയതോടെ സിനിമയ്ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ വരെ എത്തുന്നുണ്ട്. ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി കളറിലുള്ള ബിക്കിനി അണിഞ്ഞതിനെ തുടര്‍ന്നാണ് ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ എത്താന്‍ തുടങ്ങിയത്. ഗാനത്തിന് എതിരെ പുതിയൊരു ആരോപണവും കൂടി പുറത്തു വന്നിരിക്കുകയാണ് ഇപ്പോള്‍. ഈ ഗാനം കോപ്പിയടിയാണ് എന്നാണ് പലരും പറയുന്നത്. ജെയിനിന്റെ ഫ്രഞ്ച് ഗായികയും സംഗീതജ്ഞയുമായ ജെയിനിന്റെ ‘മകേബ’ എന്ന ഗാനത്തിന്റെ ബീറ്റ് ആണ് ബേശരം രംഗ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
രണ്ട് ഗാനങ്ങളുടെയും വീഡിയോ പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ പലരും എത്തുന്നത്. ബേശരം ഗാനത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഫുള്‍ മകേബ ഗാനത്തിന്റെ കോപ്പിയാണ് എന്നാണ് ഇക്കൂട്ടര്‍ ആരോപിക്കുന്നത്. ഈ ബീറ്റ് എവിടെയോ കേട്ടിട്ടുണ്ടെന്ന് തോന്നിയപ്പോഴാണ് മകേബ ആണെന്ന് മനസിലായത് എന്നും ചിലര്‍ പറയുന്നുണ്ട്.
അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. വിശാല്‍ ദദ്‌ലാനി ആണ് സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമാണ് വില്ലനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.