Latest News

കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രാം യോഗപ്പ (48) ഗൗരഭായ് (42) വിജയലക്ഷ്മി (36) ഗാന്‍ (16) ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.

ബംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ല്‍ ഇന്ന് രാവിലെ 11 മണിയോടൊണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ട് ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കാറിലുണ്ടായിരുന്ന ആറ് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായാണ് വിവരം. ക്രെയിനും മറ്റും ഉപയോഗിച്ചാണ് കണ്ടെയ്നര്‍ ലോറി കാറിന് മുകളില്‍ നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദൈവശാസ്ത്രത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ നാളെ ഡിസംബർ 22-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയും തലശ്ശേരി രൂപതയുടെ കീഴിലുള്ള ആൽഫ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോഴ്സുകൾ സംഘടിപ്പിച്ചത്. തദവസരത്തിൽ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ റവ ഡോക്ടർ റ്റോം ഓലിക്കരോട്ടും ബ്രദർ തോമസ് പോളും സന്നിഹിതനായിരിക്കും.

ബിർമിങ്ഹാമിലെ Yewsep Pastoral Centre -ലാണ് ബിരുദ ദാന കർമ്മങ്ങൾ നടക്കുന്നത്. നാലുപേരാണ് ബിരുദാനന്തര (MTH) കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയത്. 15 പേർ ദൈവശാസ്ത്രത്തിൽ ബിരുദവും (BTH) പൂർത്തിയാക്കി. ഇദംപ്രഥമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ദൈവശാസ്ത്ര കോഴ്സിന്‍റെ ബിരുദാനന്തര ചടങ്ങുകൾaക്കായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

ബിരുദ ദാന ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ആൻസി ജോൺസന്റെയും ജിൻസ് പാറശ്ശേരിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റി പ്രവർത്തിച്ച് വരുന്നു

സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അഡിഷനല്‍ സെഷന്‍സ് ജഡ്ജി ജെ.നാസറാണ് ശിക്ഷ വിധിച്ചത്. 2023 ഏപ്രില്‍ 24നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 2022 മാര്‍ച്ച്‌ 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ സഹോദരന്‍ രഞ്ജു കുര്യനെയും മാതൃസഹോദരനായ മാത്യു സ്‌കറിയയെയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്‌കറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയുമാണ് മരിച്ചത്. 278 പ്രമാണങ്ങളും വെടിവയ്ക്കാന്‍ ഉപയോഗിച്ച വിദേശനിര്‍മിത റിവോള്‍വറും ഉള്‍പ്പെടെ 75 തൊണ്ടിമുതലും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലിസ്റ്റിക് എക്‌സ്പര്‍ട്ട് എസ്.എസ്.മൂര്‍ത്തി കോടതി മുന്‍പാകെ നേരിട്ടു ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴിയും നല്‍കിയിരുന്നു.

പ്രതി ജോര്‍ജ് കുര്യന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ക്രിസ്മസ് അവധിക്കു മുന്‍പ് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. കുടുംബ സ്വത്തില്‍നിന്ന് കൂടുതല്‍ സ്ഥലം തനിക്കു ലഭിക്കുന്നതിനോട് രഞ്ജുവിനും മാത്യു സ്‌കറിയയ്ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്ന് ജോര്‍ജ് കുര്യന്‍ കരുതി. കുടുംബവീടിനോടു ചേര്‍ന്നുള്ള സ്ഥലം പിതാവ് തനിക്ക് എഴുതിത്തന്നെങ്കിലും അതു വില്‍ക്കുന്ന കാര്യത്തിലും സഹോദരനും മാതൃസഹോദരനും എതിരുനിന്നുവെന്നും കോടികള്‍ കടബാധ്യതയുള്ള തനിക്ക് കുടുംബസ്വത്ത് വില്‍ക്കാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്നും ജോര്‍ജ് കുര്യന്‍ മൊഴി നല്‍കിയിരുന്നു. സംഭവം നടക്കുന്നതിനു മൂന്നു ദിവസം മുന്‍പ് എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയില്‍ എത്തിയ ജോര്‍ജ് കുര്യന്‍ തിങ്കളാഴ്ച വീട്ടിലെത്തി സ്വത്തു സംബന്ധിച്ച കാര്യം സംസാരിച്ചു. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

രഞ്ജുവും മാത്യു സ്‌കറിയയും ചേര്‍ന്ന് തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാണ് റിവോള്‍വര്‍ എടുത്ത് ഇരുവരെയും വെടിച്ചതെന്നും മൊഴി നല്‍കിയിരുന്നു. രഞ്ജുവിന്റെ നെഞ്ചിലാണു വെടിയേറ്റത്. മാത്യു സ്‌കറിയയുടെ തലയിലും നെഞ്ചിലുമാണ് മുറിവുകള്‍. രണ്ടു പേരുടെയും ശരീരം തുളഞ്ഞുകയറി വെടിയുണ്ട പുറത്തു പോയി. കൊച്ചിയില്‍ താമസിച്ചു റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. ഈ സ്ഥലത്തു വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതി. ഇതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. മാതാപിതാക്കളായ കെ.വി.കുര്യനും റോസും തൊട്ടടുത്ത മുറിയിലുള്ളപ്പോഴാണ് വെടിവെപ്പുണ്ടായത്. എറണാകുളത്ത് താമസിച്ചിരുന്ന ജോര്‍ജ് കുര്യന്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ കുടുംബവീട്ടിലെത്തിയെപ്പോള്‍ കൈയില്‍ കരുതിയിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവെയ്ക്കുകയായിരുന്നു. എറണാകുളത്ത് താമസിക്കുന്ന ജോര്‍ജ് കുര്യന്‍ വീടും ഫ്ളാറ്റും നിര്‍മിച്ചുവില്‍ക്കുന്ന ബിസിനസ് നടത്തിവരുകയായിരുന്നു.

കുടുംബവീടിനോടുചേര്‍ന്നുള്ള രണ്ടരയേക്കറോളം സ്ഥലം പിതാവ് ജോര്‍ജ് കുര്യന് നല്‍കിയിരുന്നു. ഇവിടെ വീട് നിര്‍മിച്ച്‌ വില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനത്തെ രഞ്ജു എതിര്‍ക്കുകയും കുടുംബവീടിനോടുചേര്‍ന്നുള്ള അരയേക്കറോളം സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് തൊട്ടു മുമ്പുള്ള ദിവസം വീട്ടില്‍ ഇതുസംബന്ധിച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ മുറിയെടുത്ത് താമസിച്ചിരുന്ന ജോര്‍ജ് കുര്യന്‍ കൊല നടന്ന ദിവസം വൈകീട്ട് നാലരയോടെയാണ് വീട്ടിലെത്തിയത്. ഈ സമയം ഇയാള്‍ ബാഗും കൈയില്‍ കരുതിയിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കവിഷയം സംസാരിക്കുന്നതിനിടെ ജോര്‍ജ് കുര്യന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടുവളപ്പിലുണ്ടായിരുന്ന ജോലിക്കാരാണ് വെടിശബ്ദം കേട്ടത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന ബാബുക്കുട്ടൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. കാഞ്ഞിരപ്പള്ളി സിഐയും നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ റിജോ പി ജോസഫ്, മുണ്ടക്കയം സിഐ ആയിരുന്ന ഷൈൻ കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്

കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയുമായ വി. ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരനായ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പക്ഷേ താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നും സജി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തില്‍ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.

ജർമനിയിൽ ബെർലിനിൽ നിന്നും 130 കിലോമീറ്റർ‌ അകലെയുള്ള കിഴക്കൻ മഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. 68 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ വാഹനമോടിച്ച സൗദി സ്വദേശിയെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു. 50 വയസുകാരനായ ഇയാൾ ഡോക്ടർ ആണെന്നും വർഷങ്ങൾക്ക് മുൻപ് ജർമനിയിൽ സ്ഥിരതാമസമാക്കിയ ആളാണെന്നും പൊലീസ് പറയുന്നു. ഭീകരാക്രമണമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ പ്രാദേശിക സമയം രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടാകുന്നത്. കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യു കാർ ആണ് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറിയത്. മാർക്കറ്റിനുള്ളിലേക്ക് ഇരച്ചെത്തിയ കാർ ആളുകളെ ഇടിച്ചിട്ട ശേഷം നാനൂറ് മീറ്ററോളം മുന്നോട്ട് പോയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ഫയർ സർവീസ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയുമായിരുന്നു.

ക്രിസ്മസ് അടുത്തതിനാൽ മാർക്കറ്റിനുള്ളിലും വലിയ തിരക്ക് ഉണ്ടായിരുന്നു. അപകടമുണ്ടാക്കിയ വാഹനം സൗദി പൗരൻ വാടകയ്‌ക്ക് എടുത്തതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 15 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ക്രിസ്മസ് മാർക്കറ്റുകളിലേക്ക് പോകുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് ജർമൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻകരുതൽ എന്ന നിലയിലാണ് ഈ സന്ദേശം നൽകുന്നതെന്നും മറ്റ് തരത്തിലുള്ള ഭീഷണികൾ ഇല്ലെന്നുമാണ് ഇവർ പറഞ്ഞത്.

മഗ്‌ഡെബർഗിൽ നിന്നും പുറത്തു വന്ന ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതായും ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സമൂഹ മാധ്യമത്തിൽ കുറിച്ചു. 2016ലുണ്ടായ ഭീകരാക്രമണത്തിന്റെ എട്ടാം വാർഷികത്തിലാണ് ജർമനിയെ നടുക്കി ഈ അപകടമുണ്ടായത്. 2016 ഡിസംബർ 19ന് ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.

വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എം.ടി. വാസുദേവന്‍ നായര്‍. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എം.ടി.

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളങ്ങാശേരിയില്‍ സാബുവാണ് (56) റൂറല്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയത്. നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു.

ഇന്ന് രാവിലെ 7:30ഓടെ ആയിരുന്നു സംഭവം. സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിലെ ഗോവണിക്ക് സമീപം സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. 25 ലക്ഷത്തോളം രൂപയാണ് ഇദേഹം ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്.

നേരത്തേ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാല്‍ തവണകളായി മാസം തോറും നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതിയില്‍ പണം നല്‍കുന്നുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

സാബുവിന്റെ ഭാര്യ ചികിത്സയുടെ ഭാഗമായി തൊടുപുഴ ആശുപത്രിയിലാണ്. ചികിത്സയ്ക്ക് പണമില്ലാത്തിനാലാണ് സാബു ഇന്നലെയും ബാങ്കിലെത്തിത്. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായി. ബാങ്കില്‍ നിന്ന് പണം ലഭിക്കാത്തത് തന്നെയാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സാബു ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷൻ അടിസ്ഥാനമായി 150 ൽ അധികം കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പി.ആർ.ഒ അറിയിച്ചു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം , മിഷൻ ഡയറക്ടര്മാരുടെ കോൺടാക്ട് ഡീറ്റെയിൽസ് തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം എന്നിവ റീജിയൻ തിരിച്ചു തയ്യാറാക്കിയത് താഴെ നൽകുന്നു .

 

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദുഐക്യവേദിയും , മോഹൻജി ഫൗണ്ടഷനും എല്ലാ വർഷവും നടത്തി വരാറുള്ള മണ്ഡലചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിരയും ഈ വർഷവും വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.ഈ വരുന്ന ഡിസംബർ 28 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ക്രോയ്‌ഡോൺ വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ അരങ്ങേറും. നീരാഞ്ജനം, ലണ്ടൻ ഹിന്ദു ഐക്യവേദി ടീം അവതരിപ്പിക്കുന്ന അയ്യപ്പ ഭജന, തിരുവാതിര കളി, പടിപൂജ, ദീപാരാധന, സമൂഹ ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

മറ്റ് ആഘോഷ പരിപാടികൾക്ക് പുറമെ സമൂഹ ഹരിവരാസന കീർത്തനാലാപനം ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. 1923ല്‍ കൊന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസന കീർത്തനം രചിച്ചത്. 1923 ലാണ് എഴുതിയെങ്കിലും 1975ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെ ആണ് ഹരിവരാസനം പ്രസിദ്ധി നേടിയത്. 1950 കളുടെ തുടക്കം മുതല്‍ ശബരിമലയില്‍ ക്ഷേത്രം തുറന്ന് പൂജ ചെയ്യുന്നദിവസങ്ങളില്‍ അത്താഴപൂജക്കുശേഷം ഹരിവരാസനം ആലപിച്ചുവരുന്നതായും, അയ്യപ്പധര്‍മ്മം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്വാമി വിമോചനാനന്ദയുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ ആചാരം ആരംഭിച്ചതെന്നും പറയപ്പെടുന്നു.


ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ ധര്മശാസ്താവിന്റെയും ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളെയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തില്‍ ഈ ഭക്തി നിര്‍ഭരമായ വേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Those who wish to perform “Neeranjanam” may please bring a coconut and inform any of the officials below.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –

Suresh Babu: ‪07828137478‬, Ganesh Sivan: 0740551326, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬

Date and Time: 28/12/2024 – 6:00 pm onwards

Venue: West Thornton Community Centre, 731-735 London Road, Thornton Heath, CR7 6AU

Email: [email protected]

Facebook: https://www.facebook.com/londonhinduaikyavedi.org

പത്തനംതിട്ട ശബരിമല നിലയ്ക്കലില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന് ദാരുണാന്ത്യം. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് തിരുവള്ളൂര്‍ പുന്നപാക്കം ചെങ്കല്‍ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10-ല്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പിന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ആയിരുന്നു അപകടം നടന്നത്. തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഗോപിനാഥ് പത്താം നമ്പര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്നു.

ഇതറിയാതെ അവിടെ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കുകയും ഗോപിനാഥിന്റെ തലയിലൂടെവാഹനം കയറിയിറങ്ങുകയുമായിരുന്നു. അപകടത്തില്‍ തല തകര്‍ന്ന ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. പോലീസ് എത്തി ഗോപിനാഥിന്റെ മൃതദേഹം നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Copyright © . All rights reserved