Latest News

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . ഈശോ മിശിഹായുടെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. രൂപതയുടെ വിവിധ ഇടവക, മിഷൻ അടിസ്ഥാനമായി 150 ൽ അധികം കേന്ദ്രങ്ങളിൽ ക്രിസ്മസ് രാത്രിയിൽ പിറവിത്തിരുനാൾ തിരുക്കർമ്മങ്ങളും , ക്രിസ്മസ് ദിനത്തിൽ വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുള്ളതായി രൂപതാ പി.ആർ.ഒ അറിയിച്ചു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമം , മിഷൻ ഡയറക്ടര്മാരുടെ കോൺടാക്ട് ഡീറ്റെയിൽസ് തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ മേൽവിലാസം എന്നിവ റീജിയൻ തിരിച്ചു തയ്യാറാക്കിയത് താഴെ നൽകുന്നു .

 

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി പ്രയത്നിക്കുന്ന ലണ്ടൻ ഹിന്ദുഐക്യവേദിയും , മോഹൻജി ഫൗണ്ടഷനും എല്ലാ വർഷവും നടത്തി വരാറുള്ള മണ്ഡലചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിരയും ഈ വർഷവും വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.ഈ വരുന്ന ഡിസംബർ 28 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ക്രോയ്‌ഡോൺ വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ അരങ്ങേറും. നീരാഞ്ജനം, ലണ്ടൻ ഹിന്ദു ഐക്യവേദി ടീം അവതരിപ്പിക്കുന്ന അയ്യപ്പ ഭജന, തിരുവാതിര കളി, പടിപൂജ, ദീപാരാധന, സമൂഹ ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

മറ്റ് ആഘോഷ പരിപാടികൾക്ക് പുറമെ സമൂഹ ഹരിവരാസന കീർത്തനാലാപനം ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. 1923ല്‍ കൊന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസന കീർത്തനം രചിച്ചത്. 1923 ലാണ് എഴുതിയെങ്കിലും 1975ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെ ആണ് ഹരിവരാസനം പ്രസിദ്ധി നേടിയത്. 1950 കളുടെ തുടക്കം മുതല്‍ ശബരിമലയില്‍ ക്ഷേത്രം തുറന്ന് പൂജ ചെയ്യുന്നദിവസങ്ങളില്‍ അത്താഴപൂജക്കുശേഷം ഹരിവരാസനം ആലപിച്ചുവരുന്നതായും, അയ്യപ്പധര്‍മ്മം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്വാമി വിമോചനാനന്ദയുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ ആചാരം ആരംഭിച്ചതെന്നും പറയപ്പെടുന്നു.


ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ ധര്മശാസ്താവിന്റെയും ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളെയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തില്‍ ഈ ഭക്തി നിര്‍ഭരമായ വേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Those who wish to perform “Neeranjanam” may please bring a coconut and inform any of the officials below.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –

Suresh Babu: ‪07828137478‬, Ganesh Sivan: 0740551326, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬

Date and Time: 28/12/2024 – 6:00 pm onwards

Venue: West Thornton Community Centre, 731-735 London Road, Thornton Heath, CR7 6AU

Email: [email protected]

Facebook: https://www.facebook.com/londonhinduaikyavedi.org

പത്തനംതിട്ട ശബരിമല നിലയ്ക്കലില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന് ദാരുണാന്ത്യം. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് തിരുവള്ളൂര്‍ പുന്നപാക്കം ചെങ്കല്‍ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10-ല്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പിന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ആയിരുന്നു അപകടം നടന്നത്. തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഗോപിനാഥ് പത്താം നമ്പര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്നു.

ഇതറിയാതെ അവിടെ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കുകയും ഗോപിനാഥിന്റെ തലയിലൂടെവാഹനം കയറിയിറങ്ങുകയുമായിരുന്നു. അപകടത്തില്‍ തല തകര്‍ന്ന ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. പോലീസ് എത്തി ഗോപിനാഥിന്റെ മൃതദേഹം നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ദുരന്തങ്ങളില്‍ എല്ലാം നഷ്ടമായ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ് മനുഷ്യന്‍ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കെസിബിസി ചെയര്‍മാന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ബാവ.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കെസിബിസിയുടെ സഹകരണത്തോടെ മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ ഉല്‍ഘാടനം തോമാട്ടുചാലില്‍ ആദ്യ വീടിന് തറക്കല്ലിട്ട് നിര്‍വഹിക്കുകയായിരുന്നു അദേഹം.

മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷനായിരുന്ന യോഗത്തില്‍ കെസിബിസിയുടെ ജസ്റ്റീസ് ഫോര്‍ പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ പുനരധിവാസ പ്രോജക്ട് വിശദീകരിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി.

എംഎല്‍എമാരായ അഡ്വ. ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, മാനന്തവാടി രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് കൊച്ചറയ്ക്കല്‍, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, പി.ആര്‍.ഒ സാലു എബ്രാഹം മേച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

അമ്പലവയല്‍, മേപ്പാടി പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളില്‍ നിന്നുള്ള വൈദികര്‍, സന്യസ്തര്‍, ഉരുല്‍പൊട്ടല്‍ ദുരന്തബാധിതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലില്‍ വാങ്ങിയ ഭൂമിയിലാണ് ആദ്യ വീടിന്റെ ശിലാസ്ഥാപനം നടന്നത്. കെസിബിസി വയനാട്ടിലും വിലങ്ങാടുമായി നൂറ് വീടുകളാണ് നിര്‍മിക്കുന്നത്.

ബ്രിട്ടനെ ആകെ കണ്ണീരണിയിച്ച സാറാ ഷെരീഫിന്റെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവനപര്യന്തം ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനു സമാനമായ ഒരു കൊലപാതകം കേരളത്തിലെ കോതമംഗലത്തിലും റിപ്പോർട്ട് ചെയ്തു. കൊച്ചി കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തിൽ ആണ് പോലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മരിച്ച കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്.

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോർട്ടം നടത്തിയത്. ആറു വയസ്സുകാരിയുടെ മരണം കൊലപാതകമാണോയെന്ന സംശയമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടികാട്ടിയത്.

പത്തനംതിട്ട മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാല് പേർക്കും വിട നൽകി ജന്മനാട്. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം നടന്നു. സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷം ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ നിഖിലും അനുവും, അവരുടെ അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി. ജോർജും മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുംവഴി ശബരിമല തീർത്ഥാടകരുടെ ബസ്സിലേക്ക് കാർ പാഞ്ഞുകയറിയായിരുന്നു അപകടം.

എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായി 15-ാം ദിവസം നിഖിലിന്‍റെയും അനുവിന്‍റെയും വേർപാട് ഒരു നാടിന്‍റെയാകെ ഉള്ളുലച്ചു. നവംബർ 30 നായിരുന്നു നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം. സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ എല്ലാ സന്തോഷങ്ങളും അപകടം കവർന്നെടുത്തു. നിഖിലിനേയും അനുവിനേയും കൂട്ടാൻ ഇരുവരുടെയും അച്ഛന്മാരായ മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു എയർപോർട്ടിൽ എത്തിയത്. അനുവിന്‍റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തമുണ്ടായത്.

അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആര്‍ പറയുന്നു. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറും പറഞ്ഞത്.

കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റ്ന്റെ നേതൃത്വത്തിൽ വാട്ടർലൂ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടന്ന പാട്ടുകൂട്ടം വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി മാറി. കൈരളിയുടെ യൂണിറ്റ് പ്രസിഡന്റ്‌ ബിനു, സെക്രട്ടറി ജോസഫ്, പരിപാടിയുടെ കോർഡിനേറ്റർ സുശാന്ത്‌,  പ്രസാദ് തുടങ്ങിയവർ പരിപാടികക്ക് നേതൃത്വം നൽകി. മലയാള ചലച്ചിത്ര രംഗത്ത് പാട്ടിന്റെ പാലാഴി തീർത്ത മഹാരഥന്മാരെ അനുസ്മരിക്കുന്ന രീതിയിൽ തയ്യാറാക്കിയ സ്റ്റേജിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വേറിട്ടു നിന്നു. ശബ്ദ മാധുര്യം കൊണ്ട് സദസ്സിനെ ഇളക്കിമറിച്ച സുശാന്തും, രഞ്ജിത്തും, ജെയ്‌സണും സദസ്സിനെ ആവേശത്തിൽ ആഴ്ത്തി. വീടുകളിൽ നിന്നും പാചകം ചെയ്തുകൊണ്ടുവന്ന വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകൾ പരിപാടിക്ക് മികവേകി. വീണ്ടും രണ്ട് മാസത്തിൽ ഒരിക്കൽ പാട്ടുകൂട്ടം പരിപാടിക്ക് ഒത്തുചേരാം എന്ന പ്രതീക്ഷയുമായി കൈരളി യൂകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പാട്ട്കൂട്ടം പരിപാടി അവസാനിച്ചു.

വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരാണ് പിടിയാലയത്. ഇവരെ പ്രത്യേക അന്വേഷണം സംഘം കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ രണ്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ കോഴിക്കോട് വച്ച് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി അംഗവും മുന്‍ നിയമ സഹ മന്ത്രിയുമായ പി.പി ചൗധരി അധ്യക്ഷനായ സമിതിയില്‍ കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 31 അംഗങ്ങളുണ്ട്. ലോക്സഭയില്‍ നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണുള്ളത്.

മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പര്‍ഷോത്തം രൂപാല, ഭര്‍തൃഹരി മഹ്താബ്, അനില്‍ ബലൂനി, സിഎം രമേഷ്, ബന്‍സുരി സ്വരാജ്, വിഷ്ണു ദയാല്‍ റാം, സംബിത് പത്ര തുടങ്ങിയവരാണ് സമിതിയില്‍ ലോക്സഭയില്‍ നിന്നുള്ള ബിജെപി അംഗങ്ങള്‍.

കോണ്‍ഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, സമാജ് വാദി പാര്‍ട്ടിയുടെ ധര്‍മേന്ദ്ര യാദവ്, ടിഎംസിയുടെ കല്യാണ് ബാനര്‍ജി, ഡിഎംകെയുടെ ടിഎം സെല്‍വഗണപതി, ടിഡിപിയുടെ ജി.എം ഹരീഷ് ബാലയോഗി, എന്‍സിപിയുടെ സുപ്രിയ സുലെ (ശരദ് പവാര്‍), ആര്‍എല്‍ഡിയുടെ ചന്ദന്‍ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങള്‍.

രാജ്യസഭയില്‍ നിന്നുള്ള അംഗങ്ങളുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. സമിതിയില്‍ ലോക്സഭയില്‍ നിന്ന് പതിനാല് അംഗങ്ങള്‍ എന്‍ഡിഎയില്‍ നിന്നാണ്. ഇതില്‍ പത്തുപേര്‍ ബിജെപിയില്‍ നിന്നുമാണ്.

അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യ ദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നിതിനാണ് ബില്ല്. കഴിഞ്ഞ ദിവസം നിയമമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഷിബി ചേപ്പനത്ത്

മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു . ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച നടക്കുന്ന കായിക മാമാങ്കത്തിൽ യുകെ ഭദ്രാസനത്തിലെ 45 ൽപരം ദേവാലയങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരക്കുന്നു. വിജയികളാവുന്നവർക്ക് 301 പൗണ്ടും എവർറോളിങ്ങ് ട്രോഫിയും സമ്മാനമായി നൽകപ്പെടുന്നു.

രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് യഥാക്രമം 201,101, 51 പൗണ്ടും വ്യക്തിഗത ട്രോഫികളും ക്രമീകരിച്ചിരിക്കുന്നു. 18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ 2025 ജനുവരി മാസം 15 ന് മുൻപായി £35 ഫീസടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

Shibi -07825169330
Raiju -07469656799
Binil -07735424370

Copyright © . All rights reserved