Latest News

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 2026 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആര് എന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.

നേരത്തെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചിട്ടുണ്ട്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അന്ന് എ.കെ ആന്റണിയും വയലാര്‍ രവിയുമൊക്കെയുണ്ടായിരുന്നു. യോഗ്യരായ അവരൊക്കെ ഉണ്ടായിട്ടും കെ. കരുണാകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു. സാമുദായിക നേതാക്കള്‍ അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. അവരുടെ വോട്ട് വാങ്ങാമെങ്കില്‍ അവര്‍ക്ക് അഭിപ്രായവും പറയാം.

രമേശ് ചെന്നിത്തല ഇന്നലെ രാഷ്ട്രീയത്തില്‍ വന്ന ആളൊന്നുമല്ല. കെ.എസ്.യുവിലൂടെയാണ് ചെന്നിത്തല രാഷ്ട്രീയം തുടങ്ങിയത്. പാര്‍ട്ടിയുടെ കേരളത്തിലെ പല പദവികള്‍ വഹിച്ചിട്ടുണ്ട്. രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല. അതുകൊണ്ട് മറ്റുള്ളവര്‍ ആരും പറ്റില്ലെന്ന് അര്‍ത്ഥമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ഒരു പാട് പേരുണ്ടെന്നും ചര്‍ച്ച നടത്തിയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്നും സുധാകരന്‍ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംഘടനയെ ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അത്ഭുതകരമായ മുന്നേറ്റം പാര്‍ട്ടി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ്. നിങ്ങള്‍ക്ക് പ്രമോഷന്‍ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോള്‍ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്.

മോന്‍സണ്‍ കേസില്‍ അഞ്ച് പൈസ വാങ്ങിയിട്ടില്ലെന്ന് താന്‍ അന്നേ പറഞ്ഞതാണ്. തെളിയിക്കാന്‍ കഴിയുമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ശക്തമായ നിലപാടാണ് താന്‍ സ്വീകരിച്ചത്. പി. ശശിയുടെ പശ്ചാത്തലം കണ്ണൂരുകാരായ എല്ലാവര്‍ക്കും അറിയാമെന്നും കെ. സുധാകരന്‍ പറഞ്ഞു.

അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപെട്ട ആശാ വർക്കറായ യുവതി ഭർത്താവില്‍ നിന്നും ഭർത്താവിന്റെ ബന്ധുക്കളില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനം.

മുപ്പത്തിരണ്ടുകാരിയായ യുവതിയെ നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ഇരുമ്പു വടി ചൂടാക്കി ഇരു തുടതളിലും പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ ഡിസംബർ 13ന് നടന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അയല്‍വാസിയായ യുവാവ് മുപ്പത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍, യുവാവുമായി യുവതിക്ക് അവിഹിതബന്ധമെന്നായിരുന്നു ഭർത്താവിന്റെയും ബന്ധുക്കളുടെയും ആരോപണം.

സ്റ്റീം മെഷിൻ വാങ്ങാനായാണ് അയല്‍വാസിയായ യുവാവ് യുവതിയുടെ വീട്ടില്‍ എത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മെഷിൻ എടുക്കാനായി യുവതി അകത്തേക്ക് പോയപ്പോള്‍ അയല്‍വാസി പിന്തുടരുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്സൃഹോദരന്റെ ഭാര്യ എത്തി. ഇതോടെ അയല്‍വാസി‌ ഓടി രക്ഷപെടുകയായിരുന്നു.

ഈ സംഭവം അമ്മായിയമ്മയെ ചൊടിപ്പിച്ചു. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നും കുടുംബത്തിന് മനക്കേടുണ്ടാക്കിയെന്നും പറഞ്ഞ് യുവതിയെ അടിക്കാൻ തുടങ്ങി. ഭർത്താവും ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. രാത്രി മുഴുവൻ ക്രൂരമായി ഉപദ്രവിച്ച ശേഷം പിറ്റേന്ന് രാവിലെ നഗ്നയാക്കി മുറ്റത്ത് എറിയുകയും ചെയ്തു. തുടർന്ന് ഭർത്താവും കുടുംബവും ചേർന്ന് ഗുണയിലെ ഗോപിസാഗർ അണക്കെട്ടില്‍ ഉപേക്ഷിച്ചു.

ക്രൂരമർദ്ദനമേറ്റ് അവശയായി അണക്കെട്ടിന്റെ പരിസരത്ത് കിടന്ന യുവതിയെ വഴിയാത്രക്കാരനാണ് കണ്ടത്. ഇയാള്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് യുവതി താൻ അനുഭവിച്ച കൊടുംക്രൂരതകള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭർത്താവ്, ഭർതൃമാതാവ്, സഹോദരീഭർത്താവ്, അയല്‍വാസി എന്നിവർക്കെതിരെ ഭാരതീയന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

ജർമനിയിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ച് കയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി അറിയിച്ചത്.

പരിക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണ്. പരിക്കേറ്റവരിൽ മൂന്നു പേർ ആശുപത്രി വിട്ടതായും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

ബെർലിനിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ആൾത്തിരക്കുള്ള മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒൻപത് വയസുകാരൻ ഉൾപ്പെടെ അ‍ഞ്ച് പേരാണ് മരിച്ചത്. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആകെ പരിക്കേറ്റ ഇരുനൂറോളം പേരിൽ 41 പേരുടെ നില ഗുരുതരമാണ്.

സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഡോക്ടറാണെന്നും 2006 മുതൽ ജർമനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ മറ്റ് പ്രതികളില്ലെന്നാണ് സൂചന.

ഫാ. ഹാപ്പി ജേക്കബ്ബ്

തിരുപ്പിറവിയുടെ ദിനം സമാഗതമായി. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആ ധന്യ മുഹൂർത്തത്തെ കണ്ട് മനം നിറയുവാൻ സമയമായി. നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും”. യെശയ്യാവ് 9: 6.

പേരിൽ എന്തിരിക്കുന്നു എന്നത് സാധാരണ ചോദ്യമാണ്. എന്നാൽ ഓരോ പേരും ഓരോ ജീവിത ദൃഷ്ടാന്തങ്ങൾ കൂടി ആകുമ്പോൾ അതിനെ വ്യാപ്തി ഏറും . പ്രപഞ്ച സൃഷ്ടിയുടെ ഓരോ ഏടുകളിലും പേരിട്ട് വിളിക്കുന്ന സംഭവങ്ങൾ നാം കാണുന്നുണ്ട്. അതേ പോലെ തന്നെ വ്യക്തികൾ പേര് സ്വീകരിക്കുമ്പോഴും അതിൻറെ പിന്നിൽ ഉള്ള സംഭവങ്ങളും യാഥാർഥ്യങ്ങളും ചേർന്നു വരാറുണ്ട്. ദൈവപുത്രന്റെ ജനന അരുളപ്പാട്ടിൽ മാലാഖ അരുളി ചെയ്തു. “അവന് യേശു എന്ന് പേർ വിളിക്കണം”. അർത്ഥം യഹോവ രക്ഷിക്കുന്നു. മറ്റൊരുവനിലും രക്ഷയില്ല… നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല. പ്രവൃത്തി 9 :12

അവൻ അത്ഭുത മന്ത്രി

അവൻറെ ജനനം അത്ഭുതം, ജീവിതം, പഠിപ്പിക്കലുകൾ, പ്രവൃത്തികൾ എല്ലാം അത്ഭുതം നിറഞ്ഞത് തന്നെ . മരണം വരിച്ചതും പുനരുത്ഥാനം ചെയ്തതും സർഗാരോഹണം ചെയ്തതും അത്ഭുതമല്ലാതെ മറ്റെന്താണ് ‘ ഏതവസ്ഥയിലും ചേർത്ത് നിർത്തുന്ന, ഏത് ദുഃഖത്തിനും ആശ്വാസം നൽകുന്ന ഏത് രോഗവും ശമിപ്പിക്കുന്ന ഏത് അന്ധകാരത്തിലും പ്രകാശമായി വഴി നടത്തുന്നവൻ അല്ലേ അത്ഭുതമന്ത്രി.

വീരനാം ദൈവം

പേരിൽ തന്നെ വ്യക്തം ജയം അവനുള്ളത്. സർവ്വ അധികാരങ്ങളും അവനുള്ളത്. ഞാൻ ആൽഫയും ഒമേഗായും ആകുന്നു, ഇരിക്കുന്നവനും ഇരുന്നവനും വരുവാൻ ഉള്ളവനുമാകുന്നു അവൻ . വെളിപാട് 1:8 . പരിശുദ്ധ കന്യകാ മറിയം ദൈവത്തെ പുകഴ്ത്തി പാടി. തന്റെ ഭുജം കൊണ്ട് അവൻ ജയം ഉണ്ടാക്കി, അഹങ്കാരികളെ അവൻ ചിതറിച്ചു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നിറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വി. ലൂക്കോസ് 1 : 50 – 53 . നമ്മുടെ ഏത് ബലഹീനതയിലും കൈ പിടിച്ച് നടത്തുവാൻ ആശ്രയം വയ്ക്കുവാൻ മറ്റേത് നാമം നമുക്കുണ്ട്.

നിത്യപിതാവ്

ഈ ജനത്തിൽ ക്രിസ്തുവിനെ അറിയുമെങ്കിൽ അയച്ച പിതാവിനെയും അറിയും. അവൻ പിതാവിൻറെ സന്നിധിയിൽ ദൈവമായിരിക്കെ സൃഷ്ടിയെ വീണ്ടെടുപ്പിനായി പാപം ഒഴികെ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു . ഫിലിപ്യർ 2:8 അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദാസരൂപം എടുത്ത് വേഷത്തിൽ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു. ആദി മുതൽ ഇന്ന് വരേയും കരുതലോടെ പരിപാലിക്കുന്ന ആ പിതൃ സ്നേഹം. അതുകൊണ്ടല്ലേ സ്വന്തം പുത്രനെ തന്നെ മനുഷ്യകുലത്തെ വീണ്ടെടുപ്പാൻ തക്കവണ്ണം ലോകത്തിലേക്ക് അയച്ചത്.

സമാധാന പ്രഭു

ചതഞ്ഞ ഓട അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി അവൻ കെടുത്തുകയുമില്ല. യെശയ്യാ 42 : 3 വരണ്ട കൈയ്യുള്ള ഒരുവൻ ദേവാലയത്തിൽ സൗഖ്യത്തിനായി കടന്നുവന്നപ്പോൾ പരീശന്മാർ ശബ്ബതിൽ അവൻ പ്രവർത്തിക്കുമോ എന്ന് നോക്കിയിരുന്നു. അവരുടെ മനോഭാവത്തെ മാനിക്കാതെ സൗഖ്യം പ്രദാനം ചെയ്യുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു. നിത്യമായ സമാധാനം നേടിത്തരുവാൻ ലോകത്തിൻ്റെ എല്ലാ അനുഭവങ്ങളെയും മാറ്റി സ്ഥാപിച്ചു.

ദൈവം നമ്മോടുകൂടെ ‘ഇമ്മാനുവേൽ’

” ദൈവം നമ്മോട് കൂടെ ” എത്ര ദൃഢമായ ബന്ധം. സൃഷ്ടാവിനൊപ്പം സൃഷ്ടിയും ചേർന്ന് വരുന്ന ഗാഢത. ഇത് ക്രിസ്തുമസ് കാലയളവിൽ മാത്രം ഓർക്കേണ്ട ഒരു കാര്യം അല്ല. എന്നാളും ബലപ്പെടേണ്ട ബന്ധം തന്നെയാണ് ഇമ്മാനുവേൽ. മേൽ പറഞ്ഞ എല്ലാ നാമങ്ങളും ചേർന്നിരിക്കുന്ന പൂർത്തീകരിക്കപ്പെട്ട നാമം. ക്രിസ്തുമസ് അനുഗ്രഹമാകുന്നത് ക്രിസ്തുവിനെ അറിയുമ്പോഴാണ്. ആ രക്ഷകൻ തന്ന വാഗ്ദത്തമാണ് ഇമ്മാനുവേൽ. ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല. ഏതെല്ലാം ദൈവീക ഭാവങ്ങൾ പേരിലൂടെ ലഭിച്ചു എന്നതാകട്ടെ ക്രിസ്തുമസിന്റെ അനുഗ്രഹം.

ഏവർക്കും ക്രിസ്തുമസ് ആശംസകൾ.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ദേശീയ ജനാധിപത്യ മുന്നണി(എൻ.ഡി.എ.)യിൽ ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയിൽ. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാർട്ടിയിലെ മിക്ക നേതാക്കളും. പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോൺഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായതായാണു വിവരം.

തുഷാർ സ്ഥലത്തില്ലാതെ അടുത്തയിടെ ബി.ഡി.ജെ.എസ്. നേതൃയോഗം ചേർന്നിരുന്നു. അതിലാണ് മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാർഥികൾക്ക് വോട്ടുകൂടാൻ മുഖ്യകാരണം എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബി.ഡി.ജെ.എസ്. പറയുന്നത്. എന്നാൽ, ആ പരിഗണന ബി.ജെ.പി.യിൽനിന്ന് പാർട്ടിക്കു കിട്ടുന്നില്ല.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ്. പ്രത്യേക സഹായമൊന്നും മുന്നണി സ്ഥാനാർഥിക്കു ചെയ്തില്ലെന്നും അതിനാലാണ് സി.പി.എമ്മിന് വോട്ടുകുറയാതിരുന്നതെന്നുമാണ് നേതാക്കളുടെ വാദം. എൻ.ഡി.എ. എന്നു പറയുന്നത് സങ്കല്പം മാത്രമായി, നേതൃയോഗം പോലും നടക്കുന്നില്ല, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുവർഷംപോലും ഇല്ലാതിരിക്കെ പ്രാദേശികതലത്തിൽ മുന്നൊരുക്കമൊന്നും നടക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ബി.ഡി.ജെ.എസ്. ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾക്കു മേൽക്കൈയുള്ള സ്ഥലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനയുണ്ട്.

മറ്റു പാർട്ടികളിൽനിന്ന് ബി.ഡി.ജെ.എസിലെത്തുന്നവർ ക്രമേണ ബി.ജെ.പി.ക്കാരായി മാറുകയാണെന്നും പാർട്ടിക്കു വളർച്ചയില്ലാത്തത് എൻ.ഡി.എ.യിൽ നിൽക്കുന്നതു കൊണ്ടാണെന്നുമാണ് പാർട്ടിയിൽ ചർച്ചയുയർന്നത്. എന്നാൽ, മുന്നണിമാറ്റത്തിന്റെ പ്രധാന തടസ്സം തുഷാർ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധമാണ്. അതിനാൽ, മുന്നണിമാറ്റത്തെ തുഷാർ അംഗീകരിക്കാൻ സാധ്യത കുറവാണ്.

കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ്. വിട്ടതിനാൽ മധ്യതിരുവിതാംകൂറിൽ ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടുന്നത് നല്ലതാണെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും ചിന്തിക്കുന്നു. രമേശ് ചെന്നിത്തലയാണ് കോൺഗ്രസിനെ നയിക്കുന്നതെങ്കിൽ കൂടുതൽ സന്തോഷമെന്ന നിലയിലാണ് ബി.ഡി.ജെ.എസ്. നേതാക്കളുടെ പ്രതികരണം.

അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം.ജി എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് പരേതനായ ഷാജിയുടെ മകന്‍ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിനി പത്തനാപുരം മഞ്ഞക്കാല തലവൂര്‍ പള്ളിക്കിഴക്കേതില്‍ റെജി സാമുവലിന്റെ മകള്‍ അക്സാ റെജി(18) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി.വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും വെച്ചിരിക്കുന്നത് കണ്ടെങ്കിലും ആളെ കണ്ടിരുന്നുമില്ല. മലിനജലം ഒഴുക്കുന്നത് കാണാഞ്ഞതിനെ തുടര്‍ന്ന് സംഘം മടങ്ങി.

പിന്നീട് വൈകുന്നേരം നാലോടെ വീണ്ടും ചാനല്‍ സംഘമെത്തി. അപ്പോഴും ഫോണും മറ്റും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ സംശയം തോന്നി പ്രദേശവാസിയായ സിനാജ് മലങ്കരയോട് വിവരം പറയുകയും, ഇദേഹം വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തിയപ്പോഴും പാറയിലിരുന്ന ഫോണില്‍ കോളുകള്‍ വരുന്നുണ്ടായിരുന്നു.

ഡോണലിന്റെയും അക്സയുടെയും സഹപാഠികളായിരുന്നു വിളിച്ചത്. അപ്പോഴാണ് എഞ്ചിനിയറിങ് കോളജിലെ കുട്ടികളെയാണ് കാണാതായതെന്ന് മനസിലായത്.
തൊടുപുഴയില്‍ നിന്നും അഗ്‌നിരക്ഷാസേനയേയും വിളിച്ചുവരുത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ രണ്ടാള്‍ ആഴമുള്ള കുത്തില്‍ നിന്നും ഡോണലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വൈകുന്നേരം 7:50-ഓടെ കുത്തിന്റെ താഴെ ഭാഗത്തു നിന്നും അക്സയുടെ മൃതദേഹവും കണ്ടെടുത്തു.

ഷാനോ എം കുമരൻ

കോമനും കോരനും അത്ഭുത പരതന്ത്രരായി ചുറ്റിനും നോക്കി. വിമാന താവളത്തിൽ നല്ല തിരക്കുണ്ട്. ഏറിയ പങ്കും തങ്ങൾ നിൽക്കുന്ന ഇടത്താണ്. ദൂര യാത്രയ്ക്കുള്ളവർ. കോമൻ ഉദ്വേഗത്തോടെ ആരാഞ്ഞു. എന്തിനാ കോരാ ഇത്രയേറെ ആളുകൾ അവിടേയ്ക്കു പോകുന്നെ?
മെല്ലെ ചിരിച്ചിട്ട് കോരൻ തന്റെ വിജ്ഞാനകോശത്തിന്റെ മൂടി തുറന്നു. അതോ, കോമാ അതൊരു വലിയ ചരിത്രമാണ്. മണ്ഡൂക ദേശം എന്നറിയപെടുന്ന ചീവീടുകളുടെ നാട്. ഒരു മഹാ ദ്വീപ് ആണ് മണ്ഡൂകദേശം . നീളൻ കാലുകളുള്ള വെളുത്തു കൊലുന്നനെയുള്ള മനുഷ്യർ വസിക്കുന്ന നാട്. ഈ പ്രപഞ്ചത്തിൽ ഒന്നിനെയും ഭയമില്ലാത്ത വെളുത്ത മനുഷ്യർക്ക് ഒന്നിനെ വല്ലാത്ത വെറുപ്പായിരുന്നു. അവരുടെ കുടിലുകളുടെ മേച്ചിലുകൾക്കിടയിലും കൊട്ടാരക്കെട്ടുകളുടെ വിടവുകളിലും വിജനമായ വെളി നിലങ്ങളിലും കാടുകളിലും മേടുകളിലും എല്ലാം ഒരേ പോലെ വിഹരിച്ചു പാറി പറന്നിരുന്ന പച്ച നിറമുള്ള ചീവീടുകൾ കാതടപ്പിക്കുന്ന അവയുടെ കിരു കിരാ ശബ്ദം അത് ആ നാട്ടിലെ വെളുത്ത മനുഷ്യർക്ക് അരോചകമായിരുന്നു. ചീവീടുകൾ മരത്തിനു മുകളിലും മറ്റും തമ്പടിക്കുവാൻ തുടങ്ങിയതോടെ അവർ വല്ലാതെ ബുദ്ധി മുട്ടി.
ചീവീടുകൾക്കിത്ര ചിമിട്ടോ “? കോമന്റെ കണ്ണുകളിൽ അത്ഭുതം കൂറി.
” നമ്മൾ കാണാൻ പോകുന്നതല്ലേ കോമാ ”
കോരൻ തുടർന്നു …..

കപ്പലിൽ കടൽ ചുറ്റി വന്ന വെളുത്ത മനുഷ്യർക്കിടയിലെ കുള്ളനായി കുള്ളൻ ഗുണ്ടർട്ട് ആണ് പറഞ്ഞത് ഏഴു കടലിനും അക്കരെ കുരങ്ങുകളെ പോലെ ചിതറിയ സ്വഭാവവിഭൂഷിതരായ മനുഷ്യർ തിങ്ങി പാർക്കുന്ന ഒരു നാടുണ്ടത്രെ. കോദണ്ഡദേശം എന്നാണത് അറിയപെടുന്നത്. അധികം നീളമില്ലാത്ത അവർ തങ്ങളുടെ മുണ്ടൻ കാൽ പാദങ്ങൾ ഉപയോഗിച്ച് മരങ്ങളിലും മറ്റും വളരെ എളുപ്പത്തിൽ കയറിച്ചെല്ലുമത്രെ. ചീവീടുകൾ പോലുമറിയാതെ അവർ മരപ്പൊത്തുകളിലും കൂറ്റൻ കെട്ടിടങ്ങളുടെ കൽക്കെട്ടിനുള്ളിലെല്ലാം പരുപരുത്ത കാൽപാദങ്ങൾ ഊന്നി കയറി വിടവുകളിലുമെല്ലാം പതിയിരുന്നു ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ചീവീടുകളെ തങ്ങളുടെ പരു പരുത്ത കൈവിരലുകൾ കൊണ്ട് ഇറുക്കിപ്പിടിച്ചു ഞെരിച്ചു കൊല്ലുവാൻ തക്ക മിടുക്കരാത്രേ. ആ മനുഷ്യർ പത്തിരുപത്തഞ്ചു കൊല്ലങ്ങൾക്കു മുന്നെയാണ് കുള്ളൻ ഗുണ്ടർട്ടിന്റെ ആശയത്തെ രാജാവ് സ്വീകാര്യമായെടുത്തത്. അതിനെ തുടർന്ന് സഭാ മേധാവികളുമായി കുള്ളൻ ഗുണ്ടർട്ടിന്റെ ആശയത്തെ കുറിച്ച് ദീർഘമായ ചർച്ചകളും മറ്റു നിരീക്ഷണങ്ങളും നടത്തി. മറ്റുള്ളവർ പിന്താങ്ങിയതോടെ രാജ കല്പനയുമെത്തി. വെറുമൊരു നാവികനായ കുള്ളൻ ഗുണ്ടർട്ടിനെ നാല് ഗ്രാമങ്ങളുടെ മേധാവിയായി നിയമിച്ചു. ഗുണ്ടർട്ടിന്റെ ഒപ്പം അയാൾക്കാവശ്യമുള്ള പടയാളികളായ നാവികരെ നാല് വലിയ കപ്പലുകളിലായി രാജാവ് കോദണ്ഡ ദേശം എന്ന നാട്ടിലേക്കയ്ച്ചു. കുള്ളൻ ഗുണ്ടർട്ടും സംഘവും നടത്തിയ നിരവധി പരീക്ഷയിൽ വിജയിച്ച രണ്ടായിരത്തിലേറെ കോദണ്ഡ ദേശ വാസികളെ അന്ന് കപ്പലിലേറ്റി മണ്ഡൂകദ്വീപിലേക്കെത്തിച്ചത്. വൈകാതെ നീളമുള്ള വെളുത്ത മനുഷ്യർ ചീവീടുകളുടെ ശല്യമില്ലാതെ സുഖമായി ഉറങ്ങി തുടങ്ങി. നിദ്രയുടെ സുഖം അനിർവ്വചനീയം ആണെന്നവർ തിരിച്ചറിഞ്ഞു.

കോദണ്ഡ ദേശക്കാർ ചോദിച്ചതെല്ലാം മണ്ഡൂക രാജാവ് നൽകി അവർക്കു പാർപ്പിടങ്ങളും ജീവിതമാർഗത്തിനായി തൊഴിലും നൽകി. ലോകത്തിലെല്ലായിടത്തും ഉള്ള മനുഷ്യ വർഗ്ഗങ്ങളിൽ വച്ചേറ്റവും ബുദ്ധിയുള്ളവരായിരുന്നു കോദണ്ഡ ദേശക്കാർ. അവർ നിരവധി ചീവീടുകളെ ആരോരുമറിയാതെ കൂട്ടിലടച്ചു പാർപ്പിച്ചു. ഇളം പുല്ലും മഞ്ഞിൻ കണങ്ങളും നൽകി കരൂത്ത്‌ വയ്പ്പിച്ചു. ഇടയ്ക്കിടെ കുറച്ചെണ്ണത്തിനെ മോചിതരാക്കും. അവറ്റകൾ പാറിപ്പറന്നു പ്രജനനം നടത്തുകയും തദ്ദേശ വാസികളുടെയെല്ലാം ഉറക്കം
കെടുത്തുകയും ചെയ്തു. തുടർന്ന് കോദണ്ഡ ദേശക്കാർ അവറ്റയെ പിടിച്ചു നശിപ്പിക്കുവാനിറങ്ങും. അങ്ങനെ മണ്ഡൂക ദേശത്തിൽ തങ്ങളുടെ ആവശ്യകത അവർ ഊട്ടിയുറപ്പിച്ചു. എന്നാൽ അതിനും പുറമെ ബുദ്ധിശാലികളായ അവർ മണ്ഡൂക രാജാക്കന്മാരുടെ അടുക്കൽ സ്ഥിര വാസത്തിനുള്ള കരാറുകൾ തയ്യാറാക്കി നിയമപരമായി മുദ്രണം ചെയ്തുറപ്പുച്ചു. അവരങ്ങനെ കരാറിന്റെ ഉറപ്പിന്മേൽ പിന്നീട് ചീവീടുകളെ തുറന്നു വിടാതെയായി. അവരുടെ പക്കൽ കുറെയേറെ ചീവീടുകൾ ഉള്ള കാര്യം മണ്ഡൂക ദേശവാസികളൊട്ടറിഞ്ഞില്ല താനും. കോദണ്ഡ ദേശക്കാർ അങ്ങനെ സുഖിമാന്മാരായി തടിച്ചു കൊഴുത്തു. അവർ ദ്രവ്യങ്ങളും പണ്ടങ്ങളുമെല്ലാം കോദണ്ഡ ദേശത്തുള്ള താന്താങ്ങളുടെ ബന്ധു മിത്രാദികൾക്കെത്തിച്ചു കൊടുത്തു അവരെയും സമ്പന്നരാക്കി കൊണ്ടിരുന്നു. ചീവീടുകൾ ഏറെക്കുറെ ചത്തൊടുങ്ങിയിരുന്നു. കോദണ്ഡ ദേശക്കാർ മറ്റു പല ജോലികളിലും വ്യാപൃതരായി സമ്പന്നരായി വളർന്നു കൊണ്ടേയിരുന്നു. സംഘടിതമായ ജീവിത ശൈലിയാണ് നിലനിൽപിന് നല്ലതെന്നു തിരിച്ചറിഞ്ഞ കോദണ്ഡന്മാർ
വിഖ്യാതമായ കോദണ്ഡ മണ്ഡൂക സഭ രൂപീകരിച്ചു. തെരഞ്ഞെടുപ്പുകൾ നടത്തുകയും പ്രമാണിമാരായ മാന്യന്മാർ സ്ഥാനമാനങ്ങൾ ഏൽക്കുകയും ചെയ്തു. ഓരോരോ കൊല്ലങ്ങളിൽ കസേരകൾക്കു വേണ്ടി കോദണ്ഡ സഭകളിൽ വാക്കേറ്റവും കശപിശകളും സർവ്വ സാധാരണമായി. വർഷങ്ങൾ പലതു കഴിഞ്ഞു. രാജ്യസഭകളിലും മറ്റുമെല്ലാം കോദണ്ഡ ദേശക്കാർ കടന്നു കയറി തുടങ്ങി. കോദണ്ഡന്മാരുടെ വളർച്ചയിൽ മണ്ഡൂകന്മാർ അസൂയാലുക്കളായി. വിദേശികളെ ഓടിക്കുന്നതിനു വേണ്ടി വെളുത്തവർ തക്കം പാർത്തിരുന്നു. അതിനവർ പലതരം ഉപായങ്ങൾ നോക്കിയെങ്കിലും ഫലവത്തായില്ല. കാലങ്ങൾ കടന്നു പോയി പരിഷ്‌കാരങ്ങൾ ലോകമെങ്ങും കയ്യടക്കി. കൂടുതൽ ശക്തി പ്രാപിക്കുന്നതിലേക്കായി ബുദ്ധി രാക്ഷസന്മാരായ കോദണ്ഡന്മാർ കാലങ്ങളായി കൈവശം വച്ചിരുന്ന ചീവീടുകളെ കൂടി തുറന്നു വിട്ടു. ചീവീടുകൾ എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യുവാൻ നൂതന മാർഗങ്ങൾ കൈവശപ്പെടുത്തിയ കോദണ്ഡ ദേശത്തെ പരിഷ്കാരികളായ പുതു തലമുറയെ മണ്ഡൂക ദേശത്തു എത്തിക്കുവാൻ തദ്ദേശീയരും വിദേശികളും തമ്മിൽ ധാരണയായി എന്നാൽ
പുതിയ തലമുറയിലെ കോദണ്ഡന്മാർ അതീവ ബുദ്ധിശാലികളായിരുന്നു. അവർ ഉയർന്ന വേതനവും മുന്തിയ ജീവിത സൗകര്യങ്ങളും ആവശ്യമായി മുന്നോട്ടു വച്ചു .ആ പരിഷ്കാരികൾ നമ്മളാണ് കോമാ ” അഭിമാനത്തോടെ കോരൻ പറഞ്ഞു നിർത്തി.
” നമ്മൾ മാത്രമല്ല കോരാ .ഇക്കാണുന്ന ജനസാഗരമത്രയും പരിഷ്കാരികൾ നമ്മൾ കോദണ്ഡന്മാർ …” ആവേശത്തോടെ കോമൻ കൂട്ടിച്ചേർത്തു. ലോക വസ്തുതകളെക്കുറിച്ചുള്ള കോരന്റെ ധാരണയെ കോമൻ പ്രശംസിച്ചു.
അങ്ങനെ അതും ധാരണയായി. പരിഷ്കാരികളായ കോദണ്ഡ ദേശക്കാർ വന്നു കൊണ്ടേയിരുന്നു.
കോദണ്ഡ മണ്ഡൂക സഭകളിലെ അധികാര കസേരകൾക്കുള്ള വടം വലികൾ നാട്ടിലെങ്ങും പാട്ടായി കൊണ്ടിരുന്നു.

ചീവീടുകളുടെ എണ്ണം കുറഞ്ഞു. പുതിയതായി എത്തിയ അംഗങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടായി. തങ്ങളെയും കൂടെ പ്രസ്തുത സഭയിൽ ചേർക്കണമെന്നവർ ഒറ്റയ്ക്കും പെട്ടയ്ക്കും പഴയകാല നിവാസികളോട് അഭ്യർത്ഥന നടത്തിയെങ്കിലും അവർ അതിനു തയ്യാറായില്ല. കാരണമൊട്ടു പറഞ്ഞതുമില്ല.

പുതിയ തലമുറകളിലുമുണ്ടായി ചില പ്രമാണിമാർ അവരുടെ നേതൃത്വത്തിൽ നിരന്തരമായ ആവശ്യമുയർന്നു ഒറ്റപെട്ടു നിൽക്കുന്ന തങ്ങളെ കൂടെ കോദണ്ഡ മണ്ഡൂക സഭയിൽ ചേർക്കണേയെന്ന ആവശ്യം ശക്തമായി. പ്രസ്തുത സഭയിലെ അന്നത്തെ തലവൻ സുന്ദരനും പുരോഗമന ചിന്താധാരയിൽ അടിയുറച്ചു വിശ്വസിയ്ക്കുന്നവനുമായ ശ്രീമാൻ ശങ്കുണ്ണി ആയിരുന്നു. നിരവധിയായ വിജ്ഞാന സ്രോതസ്സുകളുടെ വിള നിലമായിരുന്നു ശ്രീമാൻ ശങ്കുണ്ണി. എന്ത് കൊണ്ടും പുതു തലമുറയെ മുന്നിൽ നിറുത്തി അവരുടെ ആശയങ്ങൾ ഉൾക്കൊണ്ട് മുന്നേ നിന്ന് നയിക്കുവാൻ ശ്രീമാൻ ശങ്കുണ്ണിക്ക്‌ നല്ല സാമർത്യമായിരുന്നു താനും. പുതുതായി എത്തിയ കോദണ്ഡൻമാരെ സഭയിലേക്കു സ്വാഗതം ചെയ്യുവാൻ അയാൾ സന്നദ്ധനായിരുന്നു. പക്ഷെ അയാൾക്കു ചുറ്റിനും ഉണ്ടായിരുന്ന ഇരിപ്പിടങ്ങളിൽ കടുപ്പം ബാധിച്ച മുത്തശ്ചൻമാർ അതിനൊട്ടു തയ്യാറായതേയില്ല പോലും. അവനൊന്നടങ്കം എതിർപ്പു പ്രകടമാക്കി. തലവൻ സഹൃദയനായ ശ്രീമാൻ ശങ്കുണ്ണിയാണെങ്കിലും ആളുകൾക്ക് താല്പര്യം കുന്നായ്മയിൽ ബിരുദാനന്തര ബിരുദമെടുത്ത വർക്കി പേരപ്പനോടായിരുന്നു. അവരുടെ കൂട്ടായ വിജയത്തിൽ വർക്കി പേരപ്പന്റെ നേതൃത്വത്തിൽ അവരൊന്നടങ്കം പറഞ്ഞു ” ശങ്കുണ്ണി രാജി വയ്ക്കുക ”

അത്യധികം ഹൃദയവ്യഥയോടെ തലവൻ ശ്രീമാൻ ശങ്കുണ്ണി ചോദിച്ചു. ” എന്തിനാണ് നിങ്ങൾ നിങ്ങളുടെ പുതു തലമുറയെ അകറ്റി നിറുത്തുന്നത്. നാളെ അവരല്ലേ എനിക്കും നിങ്ങൾക്കും തണലാവേണ്ടവർ. നമ്മളെ നയിക്കുവാൻ പ്രാപ്തരാണ് പുതിയ കോദണ്ഡന്മാർ എന്തായാലും അവർ കൂടി നമ്മളോടൊപ്പം വേണമെന്നാണെന്റെ ആഗ്രഹം എന്നയാൾ തുറന്നു പറഞ്ഞുവെങ്കിലും അവരെല്ലാം ഏക സ്വരത്തിൽ പറഞ്ഞു. ‘ ശങ്കുണ്ണി രാജി വയ്ക്കുക. നിങ്ങളുടെ സേവനം ഇനി വേണ്ട…. പരിഷ്കാരികൾ വേണ്ടേ വേണ്ട. അവർ പുറത്തു തന്നെ നിൽക്കട്ടെ നമ്മൾ പ്രമാണിമാർക്ക് അവരെ നിരീക്ഷിക്കാം അവർ ചീവീടുകളെ കൈകാര്യം ചെയ്യുന്നതിൽ എത്രത്തോളം മിടുക്കരെന്നു നിരീക്ഷിക്കേണ്ടിയിരിക്കുന്നു. മിടുക്കരെങ്കിൽ കൂടെ കൂട്ടാം. ”
നിരത്തിയ മുടന്തൻ ന്യായങ്ങളിങ്ങനെയൊക്കെയാണെങ്കിലും ബുദ്ധിശാലികളായ പരിഷ്കാരികളുടെ കടന്നു കയറ്റം തങ്ങളുടെ മേധാവിത്വത്തെ ഇല്ലാതാക്കുമെന്നവർ ഭയപ്പെട്ടിരുന്നു. നിരാശയോടെ പ്രായത്തെ വെല്ലുന്ന യുവ മനസ്സിനുടമയായ ശ്രീമാൻ ശങ്കുണ്ണി തന്റെ സഭാവാസികളുടെ മനസ്സിന് ബാധിച്ചിരിക്കുന്ന തിമിരം മാറ്റികിട്ടുവാൻ സർവ്വേശ്വരന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. സ്വപ്നത്തിലെന്നവണ്ണം പൊന്നുടയതമ്പുരാന്റെ തിരുവരുളപ്പാടുണ്ടായി

” കുഞ്ഞേ ശങ്കുണ്ണി വിഷമിക്കേണ്ടതില്ല അവരറിയുന്നില്ല അവരുടെ കാഴ്ചയെ മറയ്ക്കുന്ന അഹങ്കാരമെന്ന വിഷമുള്ളിനെ എന്നാൽ ഞാൻ എല്ലാമറിയുന്നവൻ … കുഞ്ഞേ ശങ്കുണ്ണി നീ ഇത് കൂടി മനസ്സിലാക്കിക്കൊൾക ആർക്കു വേണ്ടിയാണോ നീ നിന്റെ നെഞ്ചിനെ ഉരുക്കുന്നതു അവർ നിന്നെ വിൽക്കുവാൻ അച്ചാരം വാങ്ങിയവരാണ്. വിഷമിക്കാതെയിരിക്കു എല്ലാം അവരുടെ ‘ വർക്കി പേരപ്പൻ പറയും പോലെ ‘നടക്കട്ടെ … ഓർത്തു കൊൾക അവരും നീയും വഴിയുടെ അവസാനം ഞാൻ കാത്തു നിൽപ്പുണ്ട് ”
ദൈവം പ്രത്യക്ഷമായോ എന്തോ ശ്രീമാൻ ശങ്കുണ്ണി രാജി വച്ച് തലവേദനകളില്ലാതെ സ്വസ്ഥമായിരിക്കുന്നു. നെല്ലും പതിരും കതിരിൽ രണ്ടാണെന്ന് തിരിച്ചറിയാത്ത
പരിഷ്കാരികളായവരിൽ ചില വങ്കന്മാർ ഇന്നോ നാളെയോ സഭയിലെ അംഗമാകുവാൻ കച്ച കെട്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അവരും ആ മന്ത്രം ഇട വിടാതെ ഉരുവിട്ട് കൊണ്ടിരുന്നു. ‘ എല്ലാം വർക്കി പേരപ്പൻ പറയും പോലെ ‘

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.

കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം. വ്യവസായിയായ വിജയനപുര സ്വദേശി ചന്ദ്രാം യോഗപ്പ (48) ഗൗരഭായ് (42) വിജയലക്ഷ്മി (36) ഗാന്‍ (16) ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ചത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച വോള്‍വോ കാറാണ് അപകടത്തില്‍പ്പെട്ടത്.

ബംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ല്‍ ഇന്ന് രാവിലെ 11 മണിയോടൊണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ട് ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കാറിലുണ്ടായിരുന്ന ആറ് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായാണ് വിവരം. ക്രെയിനും മറ്റും ഉപയോഗിച്ചാണ് കണ്ടെയ്നര്‍ ലോറി കാറിന് മുകളില്‍ നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ദൈവശാസ്ത്രത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ നാളെ ഡിസംബർ 22-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയും തലശ്ശേരി രൂപതയുടെ കീഴിലുള്ള ആൽഫ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കോഴ്സുകൾ സംഘടിപ്പിച്ചത്. തദവസരത്തിൽ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ റവ ഡോക്ടർ റ്റോം ഓലിക്കരോട്ടും ബ്രദർ തോമസ് പോളും സന്നിഹിതനായിരിക്കും.

ബിർമിങ്ഹാമിലെ Yewsep Pastoral Centre -ലാണ് ബിരുദ ദാന കർമ്മങ്ങൾ നടക്കുന്നത്. നാലുപേരാണ് ബിരുദാനന്തര (MTH) കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയത്. 15 പേർ ദൈവശാസ്ത്രത്തിൽ ബിരുദവും (BTH) പൂർത്തിയാക്കി. ഇദംപ്രഥമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ദൈവശാസ്ത്ര കോഴ്സിന്‍റെ ബിരുദാനന്തര ചടങ്ങുകൾaക്കായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

ബിരുദ ദാന ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ആൻസി ജോൺസന്റെയും ജിൻസ് പാറശ്ശേരിയുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റി പ്രവർത്തിച്ച് വരുന്നു

സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അഡിഷനല്‍ സെഷന്‍സ് ജഡ്ജി ജെ.നാസറാണ് ശിക്ഷ വിധിച്ചത്. 2023 ഏപ്രില്‍ 24നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 2022 മാര്‍ച്ച്‌ 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ സഹോദരന്‍ രഞ്ജു കുര്യനെയും മാതൃസഹോദരനായ മാത്യു സ്‌കറിയയെയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്‌കറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയുമാണ് മരിച്ചത്. 278 പ്രമാണങ്ങളും വെടിവയ്ക്കാന്‍ ഉപയോഗിച്ച വിദേശനിര്‍മിത റിവോള്‍വറും ഉള്‍പ്പെടെ 75 തൊണ്ടിമുതലും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഹൈദരാബാദ് സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ബാലിസ്റ്റിക് എക്‌സ്പര്‍ട്ട് എസ്.എസ്.മൂര്‍ത്തി കോടതി മുന്‍പാകെ നേരിട്ടു ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴിയും നല്‍കിയിരുന്നു.

പ്രതി ജോര്‍ജ് കുര്യന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. ക്രിസ്മസ് അവധിക്കു മുന്‍പ് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. കുടുംബ സ്വത്തില്‍നിന്ന് കൂടുതല്‍ സ്ഥലം തനിക്കു ലഭിക്കുന്നതിനോട് രഞ്ജുവിനും മാത്യു സ്‌കറിയയ്ക്കും എതിര്‍പ്പുണ്ടായിരുന്നുവെന്ന് ജോര്‍ജ് കുര്യന്‍ കരുതി. കുടുംബവീടിനോടു ചേര്‍ന്നുള്ള സ്ഥലം പിതാവ് തനിക്ക് എഴുതിത്തന്നെങ്കിലും അതു വില്‍ക്കുന്ന കാര്യത്തിലും സഹോദരനും മാതൃസഹോദരനും എതിരുനിന്നുവെന്നും കോടികള്‍ കടബാധ്യതയുള്ള തനിക്ക് കുടുംബസ്വത്ത് വില്‍ക്കാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്നും ജോര്‍ജ് കുര്യന്‍ മൊഴി നല്‍കിയിരുന്നു. സംഭവം നടക്കുന്നതിനു മൂന്നു ദിവസം മുന്‍പ് എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയില്‍ എത്തിയ ജോര്‍ജ് കുര്യന്‍ തിങ്കളാഴ്ച വീട്ടിലെത്തി സ്വത്തു സംബന്ധിച്ച കാര്യം സംസാരിച്ചു. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

രഞ്ജുവും മാത്യു സ്‌കറിയയും ചേര്‍ന്ന് തന്നെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാണ് റിവോള്‍വര്‍ എടുത്ത് ഇരുവരെയും വെടിച്ചതെന്നും മൊഴി നല്‍കിയിരുന്നു. രഞ്ജുവിന്റെ നെഞ്ചിലാണു വെടിയേറ്റത്. മാത്യു സ്‌കറിയയുടെ തലയിലും നെഞ്ചിലുമാണ് മുറിവുകള്‍. രണ്ടു പേരുടെയും ശരീരം തുളഞ്ഞുകയറി വെടിയുണ്ട പുറത്തു പോയി. കൊച്ചിയില്‍ താമസിച്ചു റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. ഈ സ്ഥലത്തു വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതി. ഇതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. മാതാപിതാക്കളായ കെ.വി.കുര്യനും റോസും തൊട്ടടുത്ത മുറിയിലുള്ളപ്പോഴാണ് വെടിവെപ്പുണ്ടായത്. എറണാകുളത്ത് താമസിച്ചിരുന്ന ജോര്‍ജ് കുര്യന്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ കുടുംബവീട്ടിലെത്തിയെപ്പോള്‍ കൈയില്‍ കരുതിയിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവെയ്ക്കുകയായിരുന്നു. എറണാകുളത്ത് താമസിക്കുന്ന ജോര്‍ജ് കുര്യന്‍ വീടും ഫ്ളാറ്റും നിര്‍മിച്ചുവില്‍ക്കുന്ന ബിസിനസ് നടത്തിവരുകയായിരുന്നു.

കുടുംബവീടിനോടുചേര്‍ന്നുള്ള രണ്ടരയേക്കറോളം സ്ഥലം പിതാവ് ജോര്‍ജ് കുര്യന് നല്‍കിയിരുന്നു. ഇവിടെ വീട് നിര്‍മിച്ച്‌ വില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനത്തെ രഞ്ജു എതിര്‍ക്കുകയും കുടുംബവീടിനോടുചേര്‍ന്നുള്ള അരയേക്കറോളം സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് തൊട്ടു മുമ്പുള്ള ദിവസം വീട്ടില്‍ ഇതുസംബന്ധിച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ മുറിയെടുത്ത് താമസിച്ചിരുന്ന ജോര്‍ജ് കുര്യന്‍ കൊല നടന്ന ദിവസം വൈകീട്ട് നാലരയോടെയാണ് വീട്ടിലെത്തിയത്. ഈ സമയം ഇയാള്‍ ബാഗും കൈയില്‍ കരുതിയിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കവിഷയം സംസാരിക്കുന്നതിനിടെ ജോര്‍ജ് കുര്യന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടുവളപ്പിലുണ്ടായിരുന്ന ജോലിക്കാരാണ് വെടിശബ്ദം കേട്ടത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന ബാബുക്കുട്ടൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. കാഞ്ഞിരപ്പള്ളി സിഐയും നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ റിജോ പി ജോസഫ്, മുണ്ടക്കയം സിഐ ആയിരുന്ന ഷൈൻ കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്

Copyright © . All rights reserved