മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. ന്യൂയോര്‍ക്കിലെ വസതിയിലാണ് അന്ത്യം. ട്രംപാണ് മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.
ഫാഷന്‍ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന്‍ മോഡലുമായിരുന്നു ഇവാന ട്രംപ്. ഇവാനയുടെ മരണത്തില്‍ ട്രംപ് ദുഃഖം രേഖപ്പെടുത്തി. ഇവാന സുന്ദരിയായ വിസ്മയിപ്പിക്കുന്ന സ്ത്രീ ആയിരുന്നു. മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവരുടെ സന്തോഷവും അഭിമാനവും മൂന്ന് മക്കളായിരുന്നു. മക്കളെ ഓര്‍ത്ത് ഏറെ അഭിമാനിച്ചിരുന്നു. അതുപോലെ തങ്ങളും അവളില്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് കുറിച്ചു.
1977ലായിരുന്നു ട്രംപും ഇവാനയും തമ്മിലുള്ള വിവാഹം. 90കളുടെ ആരംഭത്തില്‍ ഇരുവരും വിവാഹമോചനം നേടി്. 1993ല്‍ ട്രംപ് മാപ്പിള്‍സിനെ വിവാഹം കഴിച്ചു.1999ല്‍ ട്രംപും മാപ്പിള്‍സും പിരിഞ്ഞു. 2005ല്‍ ട്രംപ് മെലാനിയയെ വിവാഹം ചെയ്തു.
നേരത്ത ചെക്കോസ്ലോവാക്കിയയുടെ ഭാഗമായിരുന്ന ഗോട്ടവാല്‍ദോവില്‍ 1949ലാണ് ഇവാന ജനിച്ചത്. മോഡലായിരുന്ന ഇവാന ചെക്കോസ്ലോവാക്യന്‍ ജൂനിയര്‍ നാഷ്ണല്‍ സ്‌കീ ടീമിന് വേണ്ടി പരിശീലനം നേടിയിട്ടുള്ള വ്യക്തിയാണ്.
2005ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന സിനിമയിലൂടെ ബോളിവുഡിന്റെ ഭാഗമായ നടിയാണ് നീതു ചന്ദ്ര. 2011-ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ നടി നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
മാസം തോറും ശമ്പളം തന്നാല്‍ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചു എന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീതു വെളിപ്പെടുത്തല്‍ നടത്തിയത്.
വിവാഹാഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു. അയാളുടെ പേര് പറയാന്‍ താന്‍ തയ്യാറല്ല എന്നും തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാ മാസവും ശമ്പളമായി 25 ലക്ഷം രൂപ തരാമെന്നും അയാള്‍ പറഞ്ഞതെന്നും നീതു പറഞ്ഞു. വിജയിച്ച ഒരു താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്ന് നീതു പറയുന്നു.
2011ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് നീതു ചന്ദ്ര അഭിനയിച്ച് ് ഒടുവില്‍ പുറത്തിറങ്ങിയത്. നെവര്‍ ബാക്ക് ഡൗണ്‍: റിവോള്‍ട്ട് എന്ന ഹോളിവുഡ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാനസിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലിരിക്കെയാണ് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന സംഭവങ്ങൾ ആവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ബന്ധുക്കളുടെ ഉറപ്പിന്മേലാണ് കോടതി നടപടി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നു തന്നെ ജയിൽ മോചിതനായേക്കും.പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ റിമാൻഡിലായതോടെയാണ് ശ്രീജിത് രവി ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ നൽകിയത്.
ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.എന്നാൽ 2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സ തേടുന്നയാളാണെന്നും ജയിലിൽ ചികിത്സ തുടരുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് അറസ്റ്റിലായ സമയത്ത് പറഞ്ഞിരുന്നു.
എംഎം മണി എംഎല്‍എക്കെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കമ്മ്യൂണിസത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍’ എംഎം മണിയെന്ന് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കെകെ രമക്കെതിരെ എംഎം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ത്തിലാണ് കെ സുധാകരന്റെ പ്രതികരണം.
കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകമായ കെകെ രമക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും കെ സുധാകരന്‍ അറിയിച്ചു. പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, തന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വരുമ്പോള്‍ കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടുമെന്നും അതാണ് കഴിഞ്ഞ ദിവസം എംഎം മണിയിലൂടെ കണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
‘ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എംഎം മണി നിയമസഭയില്‍ പറഞ്ഞത്. പ്രസ്താവനയില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ കൂവിയിരുത്തലൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് എംഎം മണി പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി.
കെ സുധാകരന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം-
പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയന്‍.
തന്റെ യഥാര്‍ത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിര്‍ദ്ദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കണ്ട് കൈയ്യടിക്കാനും സിപിഎമ്മില്‍ ആളുകളുണ്ട്. ഒരുപക്ഷെ സിപിഎം എന്നൊരു പാര്‍ട്ടിയില്‍ മാത്രമേ അത്തരക്കാര്‍ ഉണ്ടാവുകയുള്ളൂ.കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാന്‍ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍. ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നു.
സിപിഎമ്മിന്റെ കൊടി ഒരു തവണയെങ്കിലും പിടിച്ച പെണ്‍കുട്ടികളെ സ്‌നേഹത്തോടെ ഓര്‍മിപ്പിക്കുകയാണ്, ശാക്തീകരണത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഇവരുടെ യഥാര്‍ത്ഥ മുഖം കാണുന്ന ദിവസമായിരിക്കും കഥകളില്‍ കേട്ടറിഞ്ഞ രാക്ഷസന്മാരേക്കാള്‍ ക്രൂരരായ മനുഷ്യര്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുക!കെ കെ രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവര്‍ ഇവിടെ വരെയെത്തിയത്. അതിനവര്‍ക്ക് പിന്തുണ കൊടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അതിനിയും തുടരും. ഏത് പ്രതിസന്ധിയിലും രമയ്ക്ക് താങ്ങായി കോണ്‍ഗ്രസ് ഉണ്ടാകും….
രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ച കേരളത്തിലേക്ക് കേന്ദ്ര സംഘമെത്തും. വിദഗ്ദ സംഘത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രൻ, എൻ സി ഡി സി ഡോ. സാങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ. അഖിലേഷ് എന്നിവരാണുള്ളത്.
അതേ സമയം, സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വിദേശത്തുനിന്നു എത്തിയ ആളിലാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. മൂന്നു ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കുകി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു.
യുഎഇയിൽ നിന്നെത്തിയ 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുണ്ടോ എന്ന സംശയമുണ്ടായിരുന്നതിനാൽ കൈകളിൽ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നാണ് രോഗി ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ ഇൻകുബേഷൻ പിരിയഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രെമറി കോൺഡാക്ട് പട്ടികയിലുൾപ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷം കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയയും ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.
കോളേജ് കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബി.സി.എം. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പന്തളം എടപ്പോള്‍ സ്വദേശി ദേവിക(18)യാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തില്‍നിന്ന് ചാടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസികവിഷമം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
ഒമാന്‍ ബീച്ചില്‍ തിരയില്‍പെട്ട് ഇന്ത്യക്കാരായ അച്ഛനും മകനും മരിച്ചു. മകളെ കാണാതായി.
മഹാരാഷ്ട്ര സ്വദേശി ശശികാന്ത് മഹാമനെ(42), മകന് ശ്രേയസ്(ആറ്), എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ മകള്‍ ശ്രൂതിയ്ക്കായി(ഒൻപത്) തെരച്ചില്‍ തുടരുകയാണ്.
ദുബായില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ അവധി ആഘോഷിക്കാന്‍ കുടുംബത്തോടെ ബീച്ചിലെത്തിയതാണ്. ബീച്ചില്‍ അപകടകരമായ തിരകളുള്ളതിനാല്‍ വളരെ അടുത്തേയ്ക്ക് പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യു.കെയിലാദ്യമായി പുതിയ രണ്ട് ഫംഗസ് വിഭാഗത്തില്‍പ്പെടുന്ന രണ്ടിനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അമാന്റിയ ഗ്രോന്‍ലാന്‍ഡിക്ക (Amanita groenlandica), അക്രോഡോന്‍ഡിയം അന്റാര്‍ട്ടിക്കം (Acrodontium Antarcticum) എന്നിങ്ങനെ പുതിയ ഫംഗസുകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആര്‍ട്ടിക്-ആല്‍പൈന്‍ സസ്യങ്ങള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയുള്ള കെയ്ണ്‍ഗോംസ് മലനിരകളിലാണ് ഇവ രണ്ടും സ്ഥിതി ചെയ്യുന്നത്.
ജെയിംസ് ഹൂട്ടന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് പുതിയ ഇനം ഫംഗസ്സുകള്‍ കണ്ടെത്താന്‍ സഹായകരമായത്. 73 വോളണ്ടിയര്‍മാരുടെ സഹായവും ഇതിനായി ഉപയോഗപ്പെടുത്തി. ശേഖരിച്ച 200 ഓളം മണ്ണിന്റെ സാംപിളുകളില്‍ നിന്നും 2,748 ഇനം ഫംഗസുകളെ തിരിച്ചറിഞ്ഞു.
സ്‌ക്വാമാനിറ്റ (Squamanita) എന്ന വിഭാഗത്തില്‍പ്പെടുന്ന ഒരിനം ഫംഗസിനെയും മേഖലയില്‍ കണ്ടെത്തി. യു.കെയിലെ തന്നെ അപൂര്‍വവും പവിഴപ്പുറ്റുകള്‍ക്ക് സമാനമായ രൂപസാദൃശ്യമുള്ളതുമായ വയലറ്റ് കോറല്‍ ഫംഗസുകളുടെ (Violet Coral Fungus) സാന്നിധ്യവും മലനിരകളിലുണ്ട്. ആല്‍പൈനുകളുടെ ആവാസവ്യവസ്ഥയില്‍ ഇത്തരം ഫംഗസുകളും പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് വിദ്ഗധര്‍ പറയുന്നത്.
ബി സി എം കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ വിദ്യാർത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനിയാണ് ദേവിക. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദേവിക കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. മാനസികവിഷമം കൊണ്ടാണ് ചാടിയതെന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി കോട്ടയം വെസ്റ്റ് പൊലീസിന് മൊഴി നൽകിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ദേവിക ഡിപ്രഷനിലായിരുന്നുവെന്ന് കോളേജ് അധികൃതരും പറഞ്ഞിരുന്നു.