Latest News

മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ (67) വെടിയേറ്റുമരിച്ചു. കിഴക്കൻ ജപ്പാനിലെ നരാ നഗരത്തിൽ വച്ച് ആബെയ്ക്ക് വെടിയേറ്റത്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് ആബെയ്ക്ക് വെടിയേറ്റത്. ജപ്പാൻ സമയം രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

നരാ നഗരവാസിയായ മുൻ പ്രതിരോധസേനാംഗം (മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ്) തെത്സുയ യമാഗമി എന്ന നാൽപ്പത്തിയൊന്നുകാരനാണ് ആബെയെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതെന്നാണ് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ സ്വയം നിർമിച്ച തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു സൂചനയുണ്ട്.

പിന്നിലൂടെയെത്തിയ അക്രമി പ്രസംഗിച്ചുകൊണ്ടിരിക്കെ ആബെയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃശ്യങ്ങൾ തെളിയിക്കുന്നത്. വെടിയേറ്റ് വീണ് അബോധാവസ്ഥയിലായ ആബെയെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു. ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. എയർ ആംബുലൻസിൽ കയറ്റുമ്പോൾ തന്നെ ആബെയുടെ ശ്വാസം നിലച്ചിരുന്നതായും രക്ഷാപ്രവർത്തകർ അറിയിച്ചു.

ആദ്യം വെടിയൊച്ച കേട്ടെങ്കിലും ആബെ വീണില്ലെന്നും രണ്ടാമത് വലിയൊരു വെടിയൊച്ച കേട്ടതോടെ ആബെ വീഴുന്നതാണ് കണ്ടതെന്നും ദൃക്‌സാക്ഷി പറഞ്ഞു. വെടിയൊച്ചയ്ക്കൊപ്പം പുകയും ഉയർന്നിരുന്നു. ആബെ വീണതോടെ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകി.

പൊതുചടങ്ങില്‍ പങ്കെടുക്കവേ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67)യ്ക്ക് വെടിയേറ്റു. പിന്നില്‍ നിന്നാണ് അക്രമി വെടിവച്ചത്. നെഞ്ചിലാണ് വെടിയേറ്റത്. തൊട്ടുപിന്നാലെ ഹൃദയസ്തംഭനവുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തകരാറിലായി. നില അതീവ ഗുരുതരമാണ്.

നാരായില്‍ പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് പിന്നിലൂടെ വന്ന അക്രമി വെടിവച്ചത്. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയിലാണ് അദ്ദേഹം നിലത്ത് വീണത്.

ആദ്യത്തെ വെടിയൊച്ച കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും രണ്ടമതും വെടിവച്ചതോടെ ശബ്ദവും പുകയുമുണ്ടായി എന്നും സ്ഥലത്തുണ്ടായിരുന്ന ഒരു യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഞായറാഴ്ച നടക്കുന്ന ഉപരിസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിലായിരുന്നു ഷിന്‍സോ.

അക്രമിയായ 40 വയസ്സ പിന്നിട്ട ഒരു പുരുഷനെ സ്ഥലത്തുനിന്നും പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും തോക്കും പിടിച്ചെടുത്തു. രണ്ടാമത്തെ വെടിയേറ്റതോടെ ഷിന്‍സോ നിലത്തുവീണതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും കടുത്ത തോക്ക് നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. അതുകൊണ്ടുതന്നെ വെടിവയ്പ് പോലെയുള്ള ആക്രമണങ്ങള്‍ ഇവിടെ വിരളമാണ്.

ബിനോയ് എം. ജെ.

മുതലാളിത്തം (capitalism), മൂലധനത്തെയും(capital)പണത്തെയും (money)ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തികവ്യവസ്ഥിതിയാണ്. ഇവിടെ പണമാകുന്നു ജോലി ചെയ്യുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനം(motivation). എന്നാൽ മാനസികമായ പ്രചോദന(psychological motivation)മാണ് സാമ്പത്തികമായ പ്രചോദനത്തെക്കാൾ (economic motivation)ശക്തമെന്ന് മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. വാസ്തവത്തിൽ പ്രാഥമിക ആവശ്യങ്ങളായ ആഹാരം,വസ്ത്രം,പാർപ്പിടം ഇവ മാത്രമേ പണം ഉപയോഗിച്ച് വാങ്ങേണ്ടതായുള്ളൂ. ഇവ മൂന്നും നേടിയെടുത്ത ഒരാൾക്ക് പണമില്ലാതെയും ജീവിതത്തിന് അർത്ഥം കണ്ടെത്തുവാൻ കഴിയുന്നു. പിന്നീട് മാനസികമായ പ്രചോദനമാണ് ആവശ്യം. പാശ്ചാത്യ മന:ശ്ശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ മനുഷ്യന്റെ ആവശ്യങ്ങളെ (needs) ഇപ്രകാരം തരം തിരിക്കുന്നു.
1. ശാരീരികമായ ആവശ്യങ്ങൾ
2. സുരക്ഷിതത്തിനുള്ള ആവശ്യം
3.മാനസികമായ ആവശ്യങ്ങൾ
4.ആത്മബഹുമാനത്തിനുള്ള ആവശ്യം
5.ആത്മസാക്ഷാത്കരത്തിനുവേണ്ടിയുള്ള ആവശ്യം

ഈ ആവശ്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ അവയിൽ ആദ്യത്തെ രണ്ട് ആവശ്യങ്ങളെ (ശാരീരികമായ ആവശ്യം, സുരക്ഷിതത്വത്തിനുള്ള ആവശ്യം)മാത്രമേ പണം കൊണ്ട് നേടിയെടുക്കുവാൻ കഴിയൂ എന്ന് കാണാം . മറ്റുള്ള മൂന്നാവശ്യങ്ങൾ പണം കൊണ്ട് നേടിയെടുക്കുവാൻ ശ്രമിച്ചാൽ അത് പരാജയത്തിൽ കലാശിക്കും എന്ന് മാത്രമല്ല, അതിൽ നിന്നുണ്ടാകുന്ന മോഹഭംഗവും നിരാശയും പലവിധത്തിലുള്ള പ്രശ്നങ്ങൾക്കും പ്രക്ഷുബ്‌ധതകൾക്കും കാരണമാകുന്നു. ഉദാഹരണത്തിന് തൊഴിലാളികളെ വിലക്കെടുക്കുവാൻ കഴിയും. എന്നാൽ തൊഴിലാളികളുടെ സ്നേഹത്തെ വിലക്കെടുക്കുവാനാവില്ല. അതിനുള്ള ഓരോ ശ്രമവും പ്രശ്നങ്ങളിലേക്കും സംഘർഷത്തിലേക്കുമേ നയിക്കൂ. മൂതലാളിത്ത സമ്പദ് വ്യവസ്ഥയിലെ എല്ലാ പ്രക്ഷുബ്‌ധകളുടെയും അടിസ്ഥാന കാരണം ഇതാകുന്നു.

പണം എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല. മറിച്ച് അത് എല്ലാ പ്രശ്നങ്ങളുടെയും കാരണമാകുന്നു. പണം കൊണ്ട് പ്രശ്നങ്ങളെ പരിഹരിക്കുവാൻ ശ്രമിക്കുമ്പോൾ നാം കൂടുതൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്നു. ഈ ദൂഷിതവലയത്തിൽ നിന്നും പുറത്തു കടക്കുവാൻ മനുഷ്യന് കഴിയുന്നില്ല. കർമ്മം അഥവാ സേവനമാകുന്നു എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം. പണം കിട്ടിയെങ്കിലേ സേവനം ചെയ്യൂ എന്ന് വ്യക്തികൾ വാശിപിടിക്കുമ്പോൾ സേവനങ്ങളുടെ ഒഴുക്കിന് തടസ്സമുണ്ടാവുകയും തന്മൂലം സമൂഹത്തിലെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. ഇങ്ങനെ കുമിഞ്ഞു കൂടുന്ന പ്രശ്നങ്ങൾ കാലക്രമത്തിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന് വഴിവച്ചേക്കാം.

മുതലാളിത്തം വിജയകരമായി ഓടുന്ന ഒരു രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം സംഭവിക്കുകയില്ല എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അതിനാൽതന്നെ സോഷ്യലിസം സാർവ്വലൗകീകമായ ഒരു പ്രതിഭാസമല്ലെന്ന് നമുക്ക് മനസ്സിലാക്കാം . അത് സാമൂഹിക പുരോഗതിയിലെ അനിവാര്യമായ ഒരു ഘട്ടമോ കമ്മ്യൂണിസത്തിന്റെ കാരണമോ മുന്നോടിയുമോ അല്ലതാനും. അത് മുഖ്യധാരയിൽനിന്നുള്ള ഒരു വ്യതിചലനം(deveation) മാത്രം. അതുകൊണ്ടാണ് അതിന് ആയുസ് കുറയുന്നതായി കാണപ്പെടുന്നത്. മുതലാളിത്തത്തിൽനിന്ന് കമ്മ്യൂണിസത്തിലേക്ക് നേരെ പോകാമെങ്കിൽ പിന്നെ സോഷ്യലിസത്തിന്റയും ,ടോട്ടാലിറ്റേറിയനിസത്തിന്റെയും ,ഡിക്ടേറ്റർഷിപ്പിന്റയും മറ്റും ആവശ്യമെന്ത്?

കമ്മ്യൂണിസം മുതലാളിത്തത്തിന് വിരുദ്ധമായ ഒരു സംവിധാനമല്ല, മറിച്ച് മുതലാളിത്തത്തെ പിന്തുടരുന്ന അതിന്റെ സന്താനം തന്നെയാകുന്നു. വ്യക്തി സ്വാതന്ത്ര്യമാകുന്നു ഇവയുടെ രണ്ടിന്റെയും പ്രത്യേകതയും സവിശേഷതയും. മുതലാളിത്തത്തെ പിന്തുണയ്ക്കുന്നവൻ കമ്മ്യൂണിസത്തെയും പിന്തുണച്ചേ തീരൂ. മുതലാളിത്തത്തിൽ പണത്താൽ പ്രചോദിതമായി വ്യക്തി കർമ്മം ചെയ്യുമ്പോൾ, കമ്മ്യൂണിസത്തിൽ സമൂഹത്തിന്റെ നന്മയ്ക്കായി വ്യക്തി കർമ്മം ചെയ്യുന്നു. ആദ്യത്തേത് സ്വാർത്ഥകവും രണ്ടാമത്തേത് പരാർത്ഥകവുമാണ്. ആദ്യത്തേത് ലൗകികവും രണ്ടാമത്തേത് ആദ്ധ്യാത്മികവും ആണ്. സൗജന്യ സേവനമാണ് കമ്മ്യൂണിസത്തിന്റെ മുഖമുദ്ര. പണത്താൽ പ്രചോദിതമായി ചെയ്യപ്പെടുന്ന അതേ കർമ്മം സമൂഹനന്മയെപ്രതി ചെയ്യപ്പെടുമ്പോൾ മുതലാളിത്തം കമ്മ്യൂണിസത്തിന് വഴിമാറുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ മുതലാളിത്തത്തിൽ പണത്തിന്റെ സാന്നിദ്ധ്യം ഉള്ളപ്പോൾ കമ്മ്യൂണിസത്തിൽ അങ്ങനെയൊന്നുണ്ടാവില്ല.

വ്യവസായ -വാണിജ്യ സ്ഥാപനങ്ങൾ പണം വാങ്ങാതെ സേവനങ്ങളും ഉത്പന്നങ്ങളും അവ ആവശ്യമുള്ളവർക്ക് ദാനമായി കൊടുക്കുമ്പോൾ കമ്മ്യൂണിസം രംഗപ്രവേശം ചെയ്യുന്നു. ഇത് മുതലാളിത്ത ത്തിന്റെ ഒരു തുടർച്ച മാത്രമാണ്. വ്യക്തികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള വ്യവസായങ്ങൾ തുടങ്ങുവാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. ക്രമേണ സാമ്പത്തിക വ്യവസ്ഥയിൽ നിന്നും പണം തിരോഭവിക്കുന്നു. പണം തിരോഭവിക്കുന്നതോടൊപ്പം സ്വകാര്യസ്വത്തും തിരോഭവിക്കുന്നു. ഇത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. സമൂഹം അതിനോട് പൊരുത്തപ്പെടുവാൻ സമയം എടുക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ആകാശം ചുവപ്പും ഓറഞ്ചും പിങ്കുമൊക്കെ ആകുന്നത് സൂര്യന്‍ അസ്തമിക്കുമ്പോഴുള്ള മനോഹര കാഴ്ചകളാണ്. എന്നാല്‍ ആകാശം പച്ചയാകുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? അത്തരമൊരു സംഭവമുണ്ടായി, അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍ ഇന്നലെ.

ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇവിടെ ആകാശം പച്ച നിറമായി മാറി. ഡക്കോട്ടയിലെ സിയൂക്‌സ് ഫോള്‍സിലാണ് അത്ഭുത പ്രതിഭാസമുണ്ടായത്. മണിക്കൂറുകളോളം ആകാശം പച്ചനിറത്തില്‍ കാണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ കൊടുങ്കാറ്റ് ഉണ്ടായതിന് പിന്നാലെ ആലിപ്പഴം വീഴുകയും കനത്ത മഴ പെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിചിത്രമായ മാറ്റം ആകാശത്തുണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഭയാനകമായ പച്ച നിറത്തില്‍ മേഘങ്ങളോട് കൂടി ആകാശം കാണപ്പെട്ടത് ആളുകളെയാകെ പരിഭ്രാന്തിയിലാക്കി.

കനത്ത മഴയും ഇടിമിന്നലുമുള്ള സാഹചര്യങ്ങളില്‍ സൂര്യന്‍ അസ്തമിക്കുമ്പോഴുള്ള മഞ്ഞ നിറവും മേഘങ്ങളിലെ നീല നിറവും കൂടിച്ചേര്‍ന്ന് റീഫ്രാക്ഷന്‍ എന്ന പ്രതിഭാസത്തിലൂടെ ആകാശം പച്ച നിറത്തില്‍ കാണപ്പെട്ടേക്കാമെന്ന്‌ കാലാവസ്ഥാ വിദഗ്ധര്‍ വിശദീകരിക്കുന്നു. ഇത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് ഇവര്‍ അറിയിക്കുന്നത്.

 

അധ്യാപിക ആകാനുള്ള ഏറെ കാലത്തെ ആഗ്രഹം ബാക്കിയാക്കി സ്‌നേഹ യാത്രയയാത് വിശ്വസിക്കാനാകാതെ ബന്ധുക്കൾ. ദേശീയപാത പരിയാരം അലംകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചത്. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരൻ ലോഗേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.15ന് ആണ് അപകടമുണ്ടായത്.

സ്‌നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപികയായി നിയമനം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയോടെ ജോലിക്ക് ചേരാൻ പോകവെയാണ് അപകടമുണ്ടായത്. സ്നേഹ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ലോഗേഷിനെ പരിയാരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനിലോറിയുടെ അടിയിൽപ്പെട്ട സ്നേഹയെ പരിയാരം പൊലീസും പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പരിയാരം പാച്ചേനിയിലെ അക്കരമ്മൽ ലക്ഷ്മണൻ-ഭാനുമതി ദമ്പതികളുടെ മക്കളാണ് ഇവർ.

നടൻ ശ്രീജിത്ത് രവി നഗ്‌നത പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കുട്ടികളുടെ കുടുംബം രംഗത്ത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയെന്നും അതിന്റെ അടുത്ത ദിവസം ഇതേ കുറ്റം ആവർത്തിച്ചപ്പോഴാണ് പരാതി നൽകിയതെന്ന് കുടുംബം വെളിപ്പെടുത്തി.

കാറിൽ പിന്തുടർന്ന് എത്തിയാണ് ഇയാൾ അശ്ലീലം കാണിച്ചത്. ശേഷം, ഈ വിവരം കുട്ടികൾ വീട്ടുകാരോട് പറഞ്ഞു. അടുത്ത ദിവസം സമാനമായി കാണിച്ചപ്പോൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എസ്.എൻ പാർക്കിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ് രേഖപെടുത്തിയത്.

പാർക്കിന് സമീപത്ത് കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു ഇയാൾ. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികൾക്ക് അരികിലൂടെ കടന്നുപോകവേ നഗ്നതാ പ്രദർശനം നടത്തി ഇയാൾ ഇവിടെ നിന്ന് പോയി. ശേഷം, കുട്ടികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞു. എന്നാൽ, പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസിൽ പരാതി നൽകി. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.

കറുത്ത കാറിലാണ് വന്നതെന്നും കുട്ടികൾ വ്യക്തമാക്കി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറിനെ പിന്തുടർന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്. കുട്ടികൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇതോടൊപ്പം ശ്രീജിത്ത് രവി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

പ്രാഥമികമായി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കുട്ടികളുടെ മൊഴി തന്നെയാണ് ഏറ്റവും വലിയ തെളിവ്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.

വിവാദങ്ങളുടെ പരമ്പരയ്ക്കൊടുവിലാണ് ബോറിസ് ജോൺസൺ ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നത്. നേരത്തെ ഒരു തവണ അദ്ദേഹത്തിനെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ ആരോപണങ്ങളുയരുകയും അവിശ്വാസം വരികയും ചെയ്തപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും വിശ്വാസം നേടിയെടുത്ത് ബോറിസ് അധികാരത്തിൽ തുടരുകയുമായിരുന്നു. എന്നാൽ ഒടുവിലത്തെ പിഞ്ചർ വിവാദം അദ്ദേഹത്തിന് കാര്യങ്ങൾ അത്ര എളുപ്പമാക്കിയില്ല.

ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്ന പിഞ്ചറിനെതിരെ ലൈംഗികാരോപണം ഉയരുകയും മന്ത്രിമാർ ഒന്നൊന്നായി രാജിവെക്കുകയും ചെയ്തതോടെയാണ് ബാറിസ് ജോൺസണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. പ്രതിപക്ഷം ഒന്നടങ്കം ബോറിസ് ജോൺസൺന്റെ രാജിക്കായി മുറവിളി കൂട്ടുമ്പോൾ സ്വന്തം പാളയത്തിലുള്ള മന്ത്രിമാർ ഓരോന്നായി രാജിവെക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ രാജിക്ക് ആക്കംകൂട്ടി. പിന്നീട് ബോറിസ് ജോണ്‍സണ് പിടിച്ചുനിൽക്കാൻ സാധിക്കാതെ രാജിയില്‍ കലാശിച്ചു.

യാദൃശ്ചികമായിരുന്നു ബോറിസ് ജോൺസന്‍റെ പ്രധാനമന്ത്രി സ്ഥാനലബ്ധി. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്നാവശ്യവുമായി ഹിതപരിശോധനയും അതിന് പിന്നാലെ പാർലിമെന്റിൽ മുൻ പ്രധാനമന്ത്രി തെരേസാ മേയ് കരാർ അവതരിപ്പിക്കുകയയിരുന്നു. എന്നാൽ മൂന്ന് തവണ കരാർ അവതരിപ്പിച്ചിട്ടും തെരേസാ മേയ്ക്ക് കനത്ത പരാജയമായിരുന്നു ഫലം. ഇതിന് പിന്നാലെ അവർ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. തെരേസ മേയുടെ രാജിക്ക് പിന്നാലെയാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. തെരെസയുടെ പാര്‍ട്ടിയിലെ കടുത്ത ബ്രെക്സിറ്റ് അനുകൂലിയായിരുന്നു ബോറിസ് ജോണ്‍സണ്‍. പ്രത്യേകിച്ച് ഒരു കരാറുകളും ഇല്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തയാറായ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിപദത്തിലെത്തിയ ബോറിസ് ജോൺസണെ നിരവധി വിവാദങ്ങള്‍ പിന്തുടർന്നു. എന്നാൽ ഇതിൽ നിന്നൊക്കെ അദ്ദേഹം രക്ഷപ്പെടുകയും ഒടുവിൽ പിഞ്ചർ വിവാദത്തിൽ രാജിയിലെത്തുകയുമായിരുന്നു.

ബോറിസ് ജോൺസൺ നേരിടേണ്ടി വന്ന വിവാദങ്ങൾ

പുരുഷന്മാരെ കയറിപ്പിടിച്ച പിഞ്ചർ

ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ഫെബ്രുവരിയിലാണ് പിഞ്ചിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിക്കുന്നത്.

52-കാരനായ പിഞ്ചറിനെതിരെ രണ്ട് പുരുഷന്മാരാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ലണ്ടനിലെ പിക്കാഡിലിയിലെ കാൾട്ടൺ ക്ലബ്ബിൽവെച്ച് പിഞ്ചർ മദ്യലഹരിയിൽ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടു കൂടി കയറിപ്പിടിച്ചു എന്നാണ് പിഞ്ചറിനെതിരേയുള്ള പരാതി. ഇതിന് പിന്നാലെ മറ്റു ചിലരും സമാന രീതിയിലുള്ള പരാതികളുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് പിഞ്ചർ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജൂൺ 30ന് രാജിവെക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ബോറിസ് ജോൺസൺ തയ്യാറായില്ല.

പിന്നാലെ, പിഞ്ചറിനെ നിയമിക്കുന്ന സമയത്തുതന്നെ അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് ബോറിസ് ജോൺസൺ തന്നെ അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് വൻ വിവാദത്തിലേക്ക് നയിച്ചത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ മാപ്പുപറഞ്ഞെങ്കിലും ഏറെ വൈകിപ്പോയിരുന്നു. ലൈംഗികാരോപണങ്ങൾ നേരിടുന്ന ഒരാളെ അറിഞ്ഞുകൊണ്ട് ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ പ്രതിഷേധിച്ച് സർക്കാർ പക്ഷത്തുനിന്ന് ഓരോരുത്തരായി രാജിവെച്ചു. തുടർന്ന് അദ്ദേഹത്തിനുമുന്നില്‍ രാജിയല്ലാതെ മറ്റു പോംവഴി ഇല്ലാതാകുകയായിരുന്നു.

പാർട്ടി ഗേറ്റും വിശ്വാസ വോട്ടെടുപ്പും

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദം ബോറിസ് ജോണ്‍സനെതിരേ വൻ എതിർപ്പുകളാണ് ഉയർത്തിവിട്ടത്. 2020 ജൂണിലാണ് സംഭവം. കോവിഡ് മഹാമാരി ലോകത്തെ മുൾമുനയിൽ നിർത്തിയ കാലത്ത് ഡൗണിങ് സ്ട്രീറ്റിൽ ബോറിസ് ജോൺസന്റെ പിറന്നാൾ ആഘോഷിച്ചതാണ് ഏറെ വിവാദമായത്. ബോറിസ്, ഭാര്യ കാരി ജോൺസൺ എന്നിവരിൽനിന്ന് പിഴയീടാക്കിയിരുന്നു. ഇവരുൾപ്പെടെ 83 പേർക്കായി 126 പിഴ നോട്ടീസുകൾ നൽകിയതായി പോലീസ് അറിയിച്ചു. 28 ആളുകൾക്കെതിരേ ഒന്നിലധികം കേസുകളും എടുത്തിരുന്നു.

കോവിഡ് അടച്ചിടൽ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബോറിസ് ജോൺസനെതിരേ കൂടുതൽ ആരോപണങ്ങളും ഇതിന് പിന്നാലെ ഉയർന്നു. അടച്ചിടൽകാലത്ത് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന 12 കേസുകളിൽ ആറെണ്ണത്തിൽ ബോറിസ് ജോൺസന് ബന്ധമുണ്ടെന്നായിരുന്നു എന്നാണ് വിവരം. ഇത്തരം പാർട്ടികളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ പാർട്ടിഗേറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.

പാർട്ടി ഗേറ്റ് വിവാദവുമായി ബോറിസ് ജോൺസൺ മാപ്പുപറഞ്ഞ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബോറിസ് ജോൺസണെതിരെ വിശ്വാസ വോട്ടെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ 359 എം.പി.മാരാണ് ജോണ്‍സൺന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. അതില്‍ 54 എം.പി.മാര്‍ ജോണ്‍സനെതിരേ വിശ്വാസവോട്ടിനു കത്തുനല്‍കിയതോടെ ബോറിസ് ജോൺസൺ പുറത്തു പോയെക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോണ്‍സണായിരുന്നു വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടായിരുന്നു ആവശ്യം.

സ്വർണം കൊണ്ടുള്ള വാൾപേപ്പർ, ഫ്ലാറ്റ് നിർമ്മാണത്തിലും അഴിമതി

ബോറിസ് ജോൺസൺന്റെ ഫ്ലാറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയാരോപണവും ഇപ്പോഴത്തെ രാജിക്ക് വഴിവെച്ച സംഭവങ്ങളിലൊന്നാണ്. സ്വർണം കൊണ്ടുള്ള വാൾ പേപ്പർ ഉപയോഗിച്ചും ഫ്ലാറ്റ് അലങ്കരിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ യഥാർഥ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് 17,800 പൗണ്ട് കൺസർവേറ്റീവ് പാർട്ടിക്ക് ബ്രിട്ടൺ ഇലക്ട്രൽ കമ്മീഷൻ പിഴ ഈടാക്കുകയും ചെയ്തു.

ലൈംഗികാരോപണങ്ങൾ

തന്റെ പാർട്ടിയിലുള്ളവർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളും ബോറിസ് ജോൺസണെതിരെ ശക്തമായ പ്രതിശേധത്തിന് വഴിവെച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട രണ്ടു പേർ ജോൺസൺ കൺസർവേറ്റീവിൽ നിന്ന് രാജിവെച്ചു. ഇതിന് പിന്നാലെ നടന്ന സ്പെഷ്യൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഇവിടെ പരാജയപ്പെടുകയും ചെയ്തു.

കൂടെ നിന്നവർ പോലും കാലുവാരി

പ്രതിപക്ഷത്തിന്റെ രാജി മുറവിളി മാത്രമായിരുന്നില്ല ബോറിസിന് നേരിടേണ്ടി വന്നത്. മറിച്ച് തന്റെ മന്ത്രി സഭയിലെ വിശ്വാസമർപ്പിച്ചിരുന്ന പലരും അവസാന നിമിഷത്തിൽ കാലുമാറുകയായിരുന്നു. ഇതും ബോറിസ് ജോൺസണ് വലിയ തിരിച്ചടിയുണ്ടാക്കി. രണ്ടു മണിക്കൂറിനുള്ളിൽ എട്ടോളം മന്ത്രിമാരാണ് ബോറിസ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. ശിശുക്ഷേമ, കുടുംബകാര്യമന്ത്രി വിൽക്വിൻസും ഗതാഗതവകുപ്പ് ഉപമന്ത്രി ലോറ ട്രോട്ടും ബുധനാഴ്ച രാജിക്കത്ത് നൽകിയിരുന്നു.

നേരത്തേ ഇന്ത്യൻ വംശജനായ ധനകാര്യമന്ത്രി ഋഷി സുനാക്കും ആരോഗ്യമന്ത്രി സാജിദ് ജാവിദും മന്ത്രിസഭ വിട്ടിരുന്നു. തുടർന്ന് കാബിനറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലെയ്ക്ക് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസമന്ത്രി നദിം സഹാവിക്ക്‌ ധനകാര്യത്തിന്റെയും ചുമതല നൽകുകയായിരുന്നു. എന്നാൽ രാജി സമ്മർദ്ദവുമായി കൂടുതൽ മന്ത്രിമാർ രംഗത്തു വന്നതോടെ ബോറിസിന് പുറത്തുപോകുകയല്ലാതെ മറ്റു വഴികളില്ലാതായി.

പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് മികച്ച പ്രതികരണം. ആദ്യ ഷോ കഴിയുമ്പോള്‍ പടം കൊളുത്തിയെന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ അടിമുടി മാസ് പടമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം. മലയാളത്തില്‍ ഈയടുത്തൊന്നും കാണാത്ത തരത്തിലുള്ള മാസ് എന്റര്‍ടെയ്‌നറെന്നാണ് ആദ്യ റിവ്യു.

രാജാവ് അതിശക്തനായാല്‍ സേനയും ശക്തമായിരിക്കും. എന്നാല്‍ രാജാവ് വീഴുന്നതോടെ സേന ദുര്‍ബലമാകും. പിന്നെ പുതിയ രാജാവും കൂട്ടരും കളം വാഴും. ആ പ്രക്രിയയ്ക്ക് അവസാനമില്ല. അതങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേയിരിക്കും. അങ്ങനെ ഒരു കഥയാണ് ‘കടുവ’ പറഞ്ഞുവെക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെത്തിയ ചിത്രം കൂടിയാണ് ‘കടുവ’. സിംഹാസനം എന്ന ചിത്രമാണ് ഇതിന് മുന്നേ ഇരുവരും ഒന്നിച്ച സിനിമ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കടുവാകുന്നേല്‍ കുര്യാച്ചന്‍ എന്ന പ്ലാന്റര്‍ കേസിലകപ്പെട്ട് ജയിലിലാകുന്നു. അയാള്‍ നാട്ടില്‍ എല്ലാവര്‍ക്കുമറിയാവുന്നയാളാണ്. ഭൂതകാലത്ത് അയാളുടെ പിതാവ് ചെയ്ത് കൂട്ടുന്ന കാര്യങ്ങളെല്ലാം അവര്‍ക്ക് മുന്നിലുണ്ട്. കുര്യാച്ചന്‍ എന്തിനാണ് ജയിലിലാകുന്നത് ? അയാളെ ജയിലിനകത്ത് വെച്ച് അക്രമിക്കാന്‍ പദ്ധതിയിടുന്നതെന്തിനാണ് ? ഇതിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ട് പോക്ക്.

കടുവകുന്നേല്‍ കുര്യാച്ചനായി പൃഥ്വിരാജാണ് ചിത്രത്തില്‍ വേഷമിടുന്നത്. മികച്ച അഭിനയമാണ് പൃഥിരാജിന്റേത്. തന്റെ സ്വതസിദ്ധമായ സംഭാഷണശൈലിയും മാസ് രംഗങ്ങളെ മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യാനുളള പാടവവും പൃഥിരാജിനെ വേറിട്ട് നിര്‍ത്തുന്നു. വളരെ മനോഹരമായി സംഘട്ടനരംഗങ്ങള്‍ അവതരിപ്പിക്കാനായിട്ടുണ്ട്.

ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്രോയ് അവതരിപ്പിച്ചിരിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. ഉജ്വലമായ പ്രകടനമാണ് വിവേക് ഒബ്രോയും കാഴ്ചവെച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കി.

രണ്ട് പേര്‍ തമ്മിലുണ്ടാകുന്ന വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിന്റെ ഒഴുക്കിനൊപ്പം പ്രേക്ഷകരേയും കൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത് എല്ലാ സീമകളും ഭേദിച്ച് വ്യക്തിപരമായ യുദ്ധമായി മാറുന്നതോടെ കഥ ത്രില്ലിംഗ് മൂഡിലേക്ക് മാറുന്നു. പിന്നെ സിനിമ മുഴുവന്‍ അടിയും തിരിച്ചടിയുമാണ്. ഭരണകര്‍ത്താക്കള്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ സുവ്യക്തമായി ചിത്രം തുറന്നുകാട്ടുന്നുണ്ട്.

ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും സംഗീത സംവിധാനം ജേക്‌സ് ബിജോയിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കനല്‍ കണ്ണന്‍, മാഫിയ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. സംഘട്ടനരംഗങ്ങളുടെ അവതരണം പ്രശംസനീയമാണ്. ചിത്രത്തിലെ പാട്ടുകളും മനോഹരമാണ്.

ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയിനറെന്ന നിലയില്‍ ‘കടുവ’ നീതിപുലര്‍ത്തിയിട്ടുണ്ട്. മാസ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലുടനീളം കാണാനാകും. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യിപ്പിക്കാന്‍ സംവിധായകനായി. രണ്ട് മണിക്കൂര്‍ നേരം തീയേറ്ററിലെ വെടിക്കെട്ട് ആസ്വദിക്കാന്‍ ‘കടുവ’യ്ക്ക് ടിക്കറ്റെടുക്കാം.

കടുവ കണ്ടവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം…

ജില്ലയില്‍ നാല് പോലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. ചങ്ങനാശേരി ഡി.വൈ.എസ്.പി, സൈബര്‍ സെല്ലിലെ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടി ശിപാര്‍ശ ചെയ്ത് ഐ.ജി പി.പ്രകാശ് റിപ്പോര്‍ട്ട് നല്‍കിയത്. കോട്ടയത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ഗോപനുമാണ് ഇവര്‍ക്ക് ബന്ധം. ഏതാനും മാസം മുന്‍പ് ഒരു യവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷനു മുന്നില്‍ തള്ളിയ സംഘത്തിലുള്ളയാളാണ് അരുണ്‍ ഗോപനെന്ന് റിപ്പോര്‍ട്ടുണ്ട്.

രണ്ടാഴ്ച മുന്‍പ് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് അരുണിനെ അറസ്റ്റു ചെയ്തിരുന്നു. അന്ന് രാത്രി സ്‌റ്റേഷനിലെത്തിയ ഡിവൈഎസ്പി അരുണിനെ തന്റെ പേര് പുറത്തുപറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.പി ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറുകയും ഐ.ജി നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും മൂന്നു പേര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് പാലാ എ.എസ്.പിക്ക് നിര്‍ദേശം നല്‍കി. ഡിവൈഎസ്പിക്കെതിരായ നടപടിക്ക് ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ചെമ്മണ്ണൂര്‍ സേനാപതിയില്‍ മോഷണശേഷം രക്ഷപ്പെട്ട മോഷ്ടാവ് വീടിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് വ്യക്തമാക്കുന്നത്. കൊലക്കേസില്‍ വീട്ടുടമ രാജേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു. മല്‍പ്പിടുത്തത്തിനിടെ പരിക്കേറ്റ രാജേന്ദ്രന്‍ ചികിത്സയിലാണ്.

ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിന് കയറിയ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. മോഷണശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫുമായി രാജേന്ദ്രന്‍ മല്‍പ്പിടുത്തം നടത്തി. തന്നെ കടിച്ചുപരിക്കേല്‍പ്പിച്ച ശേഷം ജോസഫ് ഓടിരക്ഷപ്പെട്ടുവെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. പിറ്റേന്ന് രാജേന്ദ്രന്റെ വീടിനു നൂറുമീറ്റര്‍ അകലെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസഫിന്റെ കഴുത്ത് ഞെരിച്ച് എല്ലുകള്‍ പൊട്ടിയിരുന്നുവെന്നും അത് ശ്വാസനാളിയില്‍ തറച്ചാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ രാജേന്ദ്രനെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Copyright © . All rights reserved