പൊതുചടങ്ങില്‍ പങ്കെടുക്കവേ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67)യ്ക്ക് വെടിയേറ്റു. പിന്നില്‍ നിന്നാണ് അക്രമി വെടിവച്ചത്. നെഞ്ചിലാണ് വെടിയേറ്റത്. തൊട്ടുപിന്നാലെ ഹൃദയസ്തംഭനവുമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തകരാറിലായി. നില അതീവ ഗുരുതരമാണ്.

നാരായില്‍ പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് പിന്നിലൂടെ വന്ന അക്രമി വെടിവച്ചത്. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയിലാണ് അദ്ദേഹം നിലത്ത് വീണത്.

ആദ്യത്തെ വെടിയൊച്ച കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും രണ്ടമതും വെടിവച്ചതോടെ ശബ്ദവും പുകയുമുണ്ടായി എന്നും സ്ഥലത്തുണ്ടായിരുന്ന ഒരു യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഞായറാഴ്ച നടക്കുന്ന ഉപരിസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിലായിരുന്നു ഷിന്‍സോ.

അക്രമിയായ 40 വയസ്സ പിന്നിട്ട ഒരു പുരുഷനെ സ്ഥലത്തുനിന്നും പിടികൂടി. ഇയാളുടെ പക്കല്‍ നിന്നും തോക്കും പിടിച്ചെടുത്തു. രണ്ടാമത്തെ വെടിയേറ്റതോടെ ഷിന്‍സോ നിലത്തുവീണതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും കടുത്ത തോക്ക് നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. അതുകൊണ്ടുതന്നെ വെടിവയ്പ് പോലെയുള്ള ആക്രമണങ്ങള്‍ ഇവിടെ വിരളമാണ്.