Latest News

രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് ആദാനോം ഗെബ്രിയേസസ് പറഞ്ഞു.യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ പറഞ്ഞു.

ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ-യുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. ഇതിനെ കുറിച്ച് പഠിക്കാന്‍ വളരെ കുറച്ച സ്വീകന്‍സുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. മനുഷ്യനില്‍ എന്ത് മാറ്റമാണ് ഇതുണ്ടാക്കുകയെന്നത് നിരീക്ഷിക്കേണ്ടതുണ്ട്. ഇത് പ്രതിരോധ മരുന്നുകളാല്‍ തടയാവുന്നതാണോ കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാണോയെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ഡോ.സൗമ്യ പറഞ്ഞു. ഡബ്ലു.എച്ച്.ഒ വിദഗ്ദ്ധര്‍ പുതിയ വകഭേദത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.

ജോലിയില്‍നിന്നു പുറത്താക്കിയ എച്ച്.ആര്‍.ഡി.എസിന്റെ നടപടിയില്‍ പ്രതികരിക്കാതെ സ്വപ്ന സുരേഷ്. കൂനമ്മാവ് മേസ്തിരിപ്പടിയിലുള്ള പുതിയ താമസ സ്ഥലത്തേക്ക് മാധ്യമങ്ങളെ ഉള്‍പ്പെടെ ആരെയും കടത്തിവിടരുതെന്നാണ് സ്വപ്ന സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. താത്കാലികമായി ഡ്യൂട്ടിയിലുള്ള പോലീസുകാരോടും വീട്ടിലേക്ക് ആരെയും കടത്തിവിടരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പുതിയ താമസസ്ഥലത്ത് പരിസരവാസികള്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകരുതെന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുഖമില്ലാത്തതിനാല്‍ സ്വപ്ന ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും സരിത്ത് പറഞ്ഞു.

സരിത്തിനെ ചോദ്യം ചെയ്തു; സ്വപ്നയുടെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറി

കൊച്ചി: മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേയുള്ള ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി. ബുധനാഴ്ച ഉച്ച മുതല്‍ എറണാകുളം പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനിടെ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫോണ്‍ സരിത്ത് ക്രൈം ബ്രാഞ്ചിന് കൈമാറി. സ്വപ്നയുടെ ഫോണ്‍ കൈമാറണമെന്ന് നേരത്തേ ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു.

അവര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സരിത്ത് ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ ഫോണ്‍ കൈമാറുകയായിരുന്നു. സ്വപ്നയെ ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘം ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും ഹാജരായില്ല. ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്ന് സ്വപ്ന ആവശ്യപ്പെട്ടത്. സ്വപ്നയെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്ന കാരണമാണ് സരിത്ത് ബോധിപ്പിച്ചത്. ഇരുവരും ഇ.ഡി. ഓഫീസിലേക്ക് മെയില്‍ അയയ്ക്കുകയായിരുന്നു.

ഭരണഘടനയെ അവഹേളിച്ച സംഭവത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വതന്ത്രമായ മനസ്സോടെ രാജിവയ്ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ വൈകിട്ട് അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് കോടതി ഇടപെടലോടെ ചെയ്യേണ്ടിവന്നേനെയെന്നും സതീശന്‍ പറഞ്ഞു.

സജി ചെറിയാന്‍ ഇതുവരെ തെറ്റ് സമ്മതിച്ചിട്ടില്ല. രാജി ത്യാഗമല്ല. നിയമപരമായ ബാധ്യതയാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചെന്ന വാദം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് ഇന്ന് വൈകിട്ട് സിപിഎം ചെങ്ങന്നൂരില്‍ സ്വീകരണം നല്‍കും

ടോം ജോസ് തടിയംപാട്

ഇസ്ലാമിക ഭീകരർ സാംസ്‌കാരിക കേരളത്തിന്റെ നെഞ്ചിൽ വെട്ടിയതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പ്രൊഫസർ ജോസഫ് സാർ. ഒരു കാലത്തു മറ്റൊരു മത ഭീകരതയുടെ ഈറ്റില്ലമായിരുന്ന ഐർലണ്ടിൽ അദ്ദേഹം എത്തിച്ചേർന്നിരിക്കുകയാണ്. അയർലൻഡിലെ സീറോമലബാർ കമ്മ്യൂണിറ്റിSMCI എന്ന സംഘടന ജോസഫ്‌ മാഷിന് ജൂലൈ17ന് ഗംഭീര സ്വികരണവും പൊതുസമ്മേളനവുമാണ് ഒരുക്കിയിരിക്കുന്നത് .അദ്ദേഹം മറ്റൊരു ദിവസം ലിവർപൂളിൽ എത്തിച്ചേരാമെന്നു സമ്മതിച്ചിട്ടുണ്ട് വിവരങ്ങൾ പിന്നീട് അറിയിക്കുന്നത് .

ഒരു ചോദ്യപേപ്പർ വിവാദത്തിന്റെ പേരിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ജോസഫ് സാറിന്റെ കൈപ്പത്തി 2010 ജൂലൈയിൽ മതതീവ്രവാദികൾ വെട്ടിയെടുത്തത് ഒരു നടുക്കത്തോടെ മാത്രമേ ഇന്നും മലയാളികൾക്ക് ഓർക്കാൻ സാധിക്കു. തുടർന്ന് കോളേജ് മാനേജ്മെന്റിന്റെയും, കത്തോലിക്കാ സഭയുടെയും പീഡനങ്ങളും, പ്രിയതമയുടെ മരണവും,നിയമനടപടികളും എല്ലാം കൂടി ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെ അപ്പാടെ ഉലച്ചുകളഞ്ഞു. എങ്കിലും പ്രതിസന്ധികളെ എല്ലാം തൻറെ മനോബലം ഒന്നുകൊണ്ടുമാത്രം തരണം ചെയ്തു ഒരു ഫീനിക്സ് പക്ഷിയെ പോലെ ആരോടും പരാതിയും പരിഭവവും ഇല്ലാതെ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും ജോസഫ് മാഷ് കേരളസമൂഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചു നിലകൊള്ളുന്നു.

അദ്ദേഹത്തിൻറെ “അറ്റുപോകാത്ത ഓർമ്മകൾ” എന്ന ആദ്യ പുസ്തകം വായനക്കാരുടെ മനസ്സുകളിൽ തീകോരിയിടുന്ന ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. അയർലൻഡ് സന്ദർശനത്തിനെത്തുന്ന ജോസഫ് മാഷിനു സ്വീകരണം ഒരുക്കുവാൻ അയർലൻഡിലെ സീറോമലബാർ കമ്മ്യൂണിറ്റി (SMCI) തീരുമാനിച്ചിരിക്കുകയാണ്. ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ ആഷ് ബോണിലെ GAA ഹാളിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ പൊതുസമ്മേളനത്തിൽ ജോസഫ് മാഷുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. അദ്ദേഹത്തെ നേരിൽ കാണാനും നമ്മുടെ അനുഭാവം പ്രകടിപ്പിക്കുവാനും അയർലണ്ടിലെ പ്രബുദ്ധരായ ഓരോ മലയാളിയെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി SMCI ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

George 087 9962929
Josan 087 2985877

പി.സി. ജോർജിനെതിരേ ആരോപണങ്ങളുമായി വീണ്ടും സോളാർ കേസിലെ പ്രതിയായ പരാതിക്കാരി. ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ട്.  എന്നാൽ ഫെബ്രുവരി 10ന് തൈക്കാട് വച്ച് ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ ഫോണ്‍ കോളുകളും റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്തത് അദ്ദേഹത്തിന് നന്നായി അറിയാമെന്നും പരാതിക്കാരി പറഞ്ഞു. പരാതി നൽകാൻ മാനസികമായി തയാറെടുപ്പ് ആവശ്യമായിരുന്നു. ജോര്‍ജ് എട്ടു വര്‍ഷമായി അടുത്തിടപഴകുന്നു. അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ പല വിഷയങ്ങളിലും രാഷ്ട്രീയമായി വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണ്. മോശക്കാരിയായി വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയും. തന്നെപ്പറ്റി അപവാദം പറയുന്നത് ജോര്‍ജ് നിര്‍ത്തണം. ജോര്‍ജ് മെന്‍ററായിരുന്നു, എന്നാൽ പീഡനത്തോടെ അത് മാറി. നിയമനടപടികളുമായി മുന്നോട്ടുപോകും. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.

മാത്യൂ ചെമ്പുകണ്ടത്തിൽ

82-ാം വയസിൽ മാവോയിസ്റ്റ് തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു, 83-ാം ജന്മദിനം ഇരുമ്പഴിക്കുള്ളിൽ കടന്നു പോയി, 84-ാം വയസിൽ – 2021 ജൂലൈ 5 ന് തടവിൽ കഴിയുമ്പോൾ നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു – ഭീമ കൊറേഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് 2020 ഒക്ടോബർ 8ന് അറസ്റ്റ് ചെയ്യപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുടെ അന്ത്യനാളുകൾ ഇപ്രകാരമായിരുന്നു.

ഫാ. സ്റ്റാൻ സ്വാമി വിടവാങ്ങിയിട്ട് ജൂലൈ 5ന് ഒരാണ്ട് തികയുന്നു. നീതിയുടെ പക്ഷത്ത് നിർഭയനായി നിലയുറപ്പിക്കുന്ന ഒരു ക്രൈസ്തവന് ലഭിക്കാവുന്ന ഭാഗ്യകരമായ അന്ത്യം തൻ്റെ കർമഭൂമിയിൽ എരിഞ്ഞടങ്ങുക എന്നതാണെന്ന മഹനീയസാക്ഷ്യം ഉയർത്തിപ്പിടിച്ച് നിർഭയനായി അദ്ദേഹം കടന്നുപോയി.

ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ അമ്പത് വർഷത്തിലധികമായി ഫാ. സ്റ്റാൻ സ്വാമി പ്രവർത്തിച്ചു. ആദിവാസി ജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണ സമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമായിരുന്നതിനാൽ അദ്ദേഹം ഭരണകൂടത്തിൻ്റെ കണ്ണിലെ കരടായി മാറി. അവർ അദ്ദേഹത്തെ തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത് തടവറയിലാക്കി.

തൻ്റെ കംപ്യൂട്ടറിൽ ബാഹ്യശക്തികൾ നിക്ഷേപിച്ച ചില ഡോക്യൂമെൻ്റുകളെ തെളിവാക്കിയെടുത്താണ് തന്നേ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഫാ. സ്റ്റാൻ സ്വാമി അവസാന നിമിഷം വരെ വാദിച്ചു. വർദ്ധക്യവും പാർക്കിൻസൺസും ബാധിച്ച് അവശനായ ആ വ്യദ്ധൻ്റെ ദുർബല ശബ്ദത്തിന് നീതിയെ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിൻ്റെ വേർപാടിനു ശേഷം തൻ്റെ വാദങ്ങളെല്ലാം ശരിയായിരുന്നു എന്ന് സകലർക്കും ബോധ്യമാവുകയും ചെയ്തു.

“ലോകത്തിൻ്റെ വെളിച്ചമാവുക” എന്നതാണ് ക്രൈസ്തവൻ്റെ വിളിയും ദൗത്യവുമെന്നു സകലരേയും ഓർമിപ്പിക്കുന്നതായിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിതം. ഈ സത്യം ശക്തമായി അദ്ദേഹം തൻ്റെ കർമ്മഭൂമിയിൽ പ്രഘോഷിച്ചു. അതിനാൽ വാർദ്ധക്യത്തിൻ്റെ അവശതയിൽ തളർന്നിരിക്കുമ്പോഴും ഭരണകൂടം അദ്ദേഹത്തെ ഭയന്നു. കെട്ടിച്ചമച്ച കുറ്റങ്ങൾ ആരോപിച്ച് അവർ അദ്ദേഹത്തെ ജയിലിലടച്ചു. ഒരു പാർക്കിൻസൺ രോഗിക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടു. മരണത്തിന് അപ്പുറത്തേക്കു നീളുന്ന ജീവിതത്തിലുള്ള ക്രിസ്തീയപ്രത്യാശയ്ക്ക് തടയിടാൻ തടവറയ്ക്കോ ബന്ധനങ്ങൾക്കോ കഴിയില്ല എന്ന വിശ്വാസബോധ്യത്തോടെ അന്തിമനിമിഷം വരെയും അദ്ദേഹം നീതിക്കുവേണ്ടി ഏറെ വിശപ്പും ദാഹവും സഹിച്ചുകൊണ്ടിരുന്നു.

മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരപരിവേഷങ്ങളില്ലാതെ, ആരാലും അറിയപ്പെടാതെ ഝാർഖണ്ഡിലെ ആദിവാസികളുടെ ഇടയിൽ നീതിക്കും മാനവികതയ്ക്കും തുല്യതയ്ക്കും വേണ്ടി മാനുഷിക പ്രത്യയശാസ്ത്രങ്ങളുടെ പിൻബലമില്ലാതെ ക്രിസ്തു ശിഷ്യത്വത്തിൽ നിലനിന്നുകൊണ്ടാണ് ഫാ. സ്റ്റാൻ പടനയിച്ചത്. ഇപ്രകാരമൊരു വൈദികൻ വടക്കേയിന്ത്യയിൽ ജീവിക്കുന്നുവെന്ന് ലോകം അറിഞ്ഞത് താൻ അറസ്റ്റു ചെയ്യപ്പെട്ട ശേഷം മാത്രമായിരുന്നു. നിശ്ശബ്ദനായി സർവ്വവും സഹിച്ചുകൊണ്ട് ക്രിസ്തുവിൻ്റെ കാലടികളെ പിൻപറ്റിയ ഒരു വിശ്വസ്ത ശിഷ്യനായിരുന്നു ഫാ. സ്റ്റാൻ സ്വാമി.

ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് അതീതമായി സകലമനുഷ്യനും ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന ക്രൈസ്തവ വിശ്വാസത്തിന് ഫാ. സ്വാമി സാക്ഷ്യം വഹിച്ചു. സമൂഹം ഭ്രഷ്ട് കൽപ്പിക്കുന്നവരോടൊത്ത് ജീവിക്കുകയും അവരോടൊത്ത് ദിവ്യരക്ഷകൻ്റെ ശരീര-രക്തങ്ങളുടെ പന്തിഭോജനത്തിന് ഒത്തുകൂടുകയും ചെയ്തു.

ബഹുമാന്യ വൈദികാ, അങ്ങ് ക്രിസ്തുവിൽ വിശ്രമിക്ക; ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്‌ക്കും നിത്യനിന്ദയ്‌ക്കുമായി ഉണരുകയും ജ്ഞാനികൾ ആകാശവിതാനത്തിന്റെ പ്രഭപോലെയും അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെയും പ്രകാശിക്കുന്ന നാൾവരെയും, “നല്ലവനും വിശ്വസ്തനുമായ ദാസനേ” എന്ന മഹത്ശബ്ദത്തിന് ചെവിയോർത്ത് അങ്ങ് വിശ്രമിക്ക!

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കൊളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖങ്ങള്‍ക്കും പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

07-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
08-07-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
09-07-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
10-07-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഗുജറാത്ത്‌ തീരം മുതൽ കർണ്ണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും ഒഡിഷക്കും ഛത്തിസ്ഗഢിനും മുകളിലായി നിലനിൽക്കുന്ന ചക്രവാത ചുഴിയുമാണ് സംസ്ഥനത്ത് മഴ ശക്തമാകാൻ കാരണം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഇടുക്കി ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിമാലിയിൽ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി-ഇരുട്ടുകാനം-ആനച്ചാൽ-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്നും തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ രാജാക്കാട് – കുഞ്ചിത്തണ്ണി ആനച്ചാൽ വഴിയും വഴി തിരിച്ചു വിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.

മെഡിറ്ററേനിയൻ കടലിൽ അഭയാർഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് അപകടത്തിൽപ്പെട്ട് മൂന്നു കുട്ടികൾ അടക്കം 22 മാലി സ്വദേശികൾ മരിച്ചു. 61 പേരെ ലിബിയൻ തീരസേന രക്ഷിച്ചു. 83 പേരാണ് കുടിയേറ്റ സംഘത്തിലുണ്ടായിരുന്നതെന്നും ഭൂരിഭാഗവും മാലി പൗരന്മാരാണെന്നും ഐക്യരാ ഷ്ട്രസഭയും മാലി സർക്കാറും അറിയിച്ചു.

ജൂൺ 22 മുതൽ ബോട്ടിൽ കുടുങ്ങിക്കിടന്ന 61 പേരെ കരയിൽ എത്തിച്ചതായി മാലി വിദേശകാര്യ മന്ത്രാലയവും യുഎൻ ഇന്‍റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (ഐഒഎം) അറിയിച്ചു. മുങ്ങിയോ നിർജലീകരണം കാരണമോ ആണ് 22 പേർ മരിച്ചതെന്നും ഐഒഎം വക്താവ് സഫ സെഹ്ലി പറഞ്ഞു.

”ഞാന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ല. തുറന്ന് പറയുകയാണെങ്കില്‍, രാജ്യം  ഏറ്റവുമൊടുവിൽ മാത്രം ആഗ്രഹിക്കുന്ന കാര്യമാണ് ഒരു തെരഞ്ഞെടുപ്പ്,” ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജി വെക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

മന്ത്രിസഭയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെക്കുന്നതിനിടയിലാണ് ബോറിസ് ജോണ്‍സണ്‍ നയം വ്യക്തമാക്കിയത്.ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നിലായിരുന്നു ജോണ്‍സണ്‍ തന്റെ നിലപാട് പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യം ഏറ്റവുമൊടുവില്‍ മാത്രം ആവശ്യപ്പെടുന്ന കാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിക്കിടയിലെ പാര്‍ട്ടിഗേറ്റ് വിവാദമടക്കം നിരവധി ആക്ഷേപങ്ങള്‍ നേരിടുന്ന ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ നിന്നും രണ്ട് മന്ത്രിമാരായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി രാജി വെച്ചത്. രണ്ട് ഡസനിലധികം എം.പിമാരും പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിട്ടുണ്ട്.

ഇതിന് പുറമെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സര്‍ക്കാരിന്റെ ഭാഗമായ മറ്റ് അംഗങ്ങള്‍ എന്നിവരും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂട്ടത്തോടെ രാജി വെക്കുന്നുണ്ട്. ഇതോടെ സര്‍ക്കാരിന്റെ ഭാഗമായി നിന്നവരില്‍ 30ലധികം പേര്‍ രാജി വെച്ചതായാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ ആവശ്യമുന്നയിച്ച മുതിര്‍ന്ന മന്ത്രിയായ മൈക്കല്‍ ഗോവിനെ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.ബ്രെക്‌സിറ്റ് വിഷയങ്ങളിലടക്കം ബോറിസ് ജോണ്‍സന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു മൈക്കല്‍ ഗോവ്.

 

അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് നേരിട്ട് ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച, കാബിനറ്റ് മന്ത്രിമാരായ സജിദ് ജാവിദ്, റിഷി സുനക് എന്നിവരുടെ രാജിയോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിന്നീടാണ് ജൂനിയര്‍ മന്ത്രിമാരും മറ്റ് പാര്‍ലമെന്റംഗങ്ങളും കൂട്ടത്തോടെ രാജിയിലേക്ക് നീങ്ങിയത്.

പാര്‍ട്ടിഗേറ്റ് വിവാദമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നടത്തിയെന്ന ആക്ഷേപങ്ങളുയര്‍ന്ന വിഷയത്തിലും പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് നിരവധി എം.പിമാര്‍ ആരോപിച്ചിരുന്നു. ലൈംഗികാരോപണം നേരിട്ട എം.പിക്ക് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രൊമോഷന്‍ നല്‍കിയതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. വിശദമായി കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി.

സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയത്.

ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണ് എന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.നേരത്തെയും സമാനമായ കേസ് ശ്രീജിത്ത് രവിക്ക് എതിരെ ഉണ്ടായിരുന്നു.

Copyright © . All rights reserved