നാദാപുരത്ത് പെട്രോളും കൊടുവാളുമായി കാത്തു നിന്ന പഴയ സഹപാഠിയുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച നാലംഗ സംഘമാണ് ഇന്ന് സോഷ്യൽമീഡിയയിലെ മിന്നും താരം. പാറക്കടവിൽ നിന്ന് ഉച്ചയൂണു കഴിക്കാനിറങ്ങിയ മൊയിലുകണ്ടി ഇല്ല്യാസ്, ചാമാളി ഹാരിസ്, തീക്കുന്നുമ്മൽ ആഷിഖ്, മുക്രിക്കണ്ടി ഷമീം എന്നിവരാണ് പെൺകുട്ടിയെ വീണ്ടും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്.
പുറത്തെവിടെയെങ്കിലും ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിക്കുവാൻ വേണ്ടിയായിരുന്നു നാൽവർ സംഘം ഇറങ്ങി തിരിച്ചത്. പട്ടാണി കിണറിനും പേരോട് തട്ടാറത്ത് പള്ളിക്കും ഇടയിൽ എത്തിയപ്പോഴാണു വിജനമായ സ്ഥലത്ത് യുവതിയും യുവാവും തമ്മിലുള്ള മൽപിടിത്തം കണ്ടത്. എന്നാൽ പന്തികേട് തോന്നി കാർ നിർത്തി നോക്കിയപ്പോൾ കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണു കണ്ടത്.
ഉടനടി, മറ്റൊന്നും ആലോചിക്കാതെ കാറിൽ നിന്നു ചാടിയിറങ്ങി അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും പെൺകുട്ടിക്കു സാരമായി വെട്ടേറ്റിരുന്നു. ഉടൻ 2 പേർ ചേർന്ന് പെൺകുട്ടിയെയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു.
കൊടുവാളുമായി നിന്നിരുന്ന യുവാവ് ഇതിനിടെ ‘ഞാൻ മരിക്കുകയാണ്’ എന്ന് ആക്രോശിച്ചു കൊണ്ട് കൈത്തണ്ടയിലെ ഞരമ്പിനു മുറിവേൽപ്പിക്കുകയായിരുന്നു. പിന്നാലെ യുവാവിനെയും കൂട്ടി മറ്റൊരു കാറിൽ ബാക്കി 2 പേരും താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു. ഈ ഇടപെടലിൽ നടുറോഡിൽ പൊലിയേണ്ടിയിരുന്ന രണ്ട് ജീവനുകളാണ് നാലുപേരുടെ കൈകളാൽ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.
മെക്‌സിക്കൻ നഗരമായ ക്യുർനവാക്കയുടെ മേയർ അഭിമാനപൂർവമായിരുന്നു ഒരു അരുവിക്ക് മുകളിലൂടെയുള്ള നടപ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയത്. നടന്ന് ഉദ്ഘാടനം ചെയ്യാമെന്ന് കരുതിയപ്പോഴാണ് സംഭവം പാളിയത്. പാലം പൊളിഞ്ഞെന്നു മാത്രമല്ല മേയറടക്കം പാലത്തിലുണ്ടായിരുന്നവരെല്ലാം 10 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തു.
താഴെ വീണവരില്‍ പ്രാദേശിക ഉദ്യോഗസ്ഥരും, നഗര കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്നു. മരപ്പലകകളും മെറ്റൽ ചങ്ങലകളും കൊണ്ട് നിർമ്മിച്ച തൂക്കുപാലം അടുത്തിടെയാണ് മോടിപിടിപ്പിച്ചത്. പാലം തകര്‍ന്നപ്പോള്‍ ചങ്ങലയുമായി ബന്ധിപ്പിച്ചിരുന്ന മരപ്പലകകള്‍ ഉള്‍പ്പടെ വേര്‍പെട്ടുപോയതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
പാലം തകരുമ്പോള്‍ പാലത്തിൽ ഉണ്ടായിരുന്നവരിൽ മേയർ ജോസ് ലൂയിസ് യൂറിയോസ്‌റ്റെഗുയിയുടെ ഭാര്യയും റിപ്പോർട്ടർമാരും ഉള്‍പ്പെട്ടിരുന്നതായി ക്യൂർനാവാക്ക സ്ഥിതി ചെയ്യുന്ന മോറെലോസ് സംസ്ഥാനത്തിന്റെ ഗവർണർ കുവോഹ്‌റ്റെമോക് ബ്ലാങ്കോ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ ദി ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് നഗര കൗൺസിൽ അംഗങ്ങൾ, മറ്റ് രണ്ട് ഉദ്യോഗസ്ഥർ, ഒരു പ്രാദേശിക റിപ്പോർട്ടർ എന്നിവർക്ക് പരിക്കേറ്റതായും ഇവരെ സ്‌ട്രെച്ചറുകളിലാണ് പുറത്തെടുത്തതെന്നും പ്രാദേശിക ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചതായുമാണ് ക്യൂർനാവാക്ക സിറ്റി സർക്കാർ പ്രസ്താവനയിൽ അറിയിച്ചത്.
പ്രവാചക നിന്ദ കേസില്‍ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് 2018 ല്‍ വിധിച്ച വധശിക്ഷ ശരിവെച്ച് പാകിസ്താന്‍ കോടതി. ഖൈസര്‍ അയൂബ്, അമൂന്‍ അയുബ് എന്നീ സഹോദരങ്ങള്‍ 2011 ല്‍ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് കേസിനാധാരം. പോസ്റ്റില്‍ പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് മുഹമ്മദ് സയീദ് എന്നയാള്‍ പരാതി നല്‍കി. തുടര്‍ന്ന് 2018 ല്‍ ഇരുവര്‍ക്കും സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ആ വിധിയാണ് ഇപ്പോള്‍ പാകിസ്താന്‍ കോടതി ശരിവച്ചിരിക്കുന്നത്.
എന്നാല്‍ മുഹമ്മദ് സയീദ് നല്‍കിയ പരാതി വ്യാജമാണെന്നും 2011 ല്‍ ഖൈസര്‍ അയുബ് ജോലി ചെയ്യുന്ന സ്ഥലത്ത് സഹപ്രവര്‍ത്തകനുമായി തര്‍ക്കം ഉണ്ടായെന്നും ആ വൈരാഗ്യത്തില്‍ ഇയാള്‍ അയൂബിനും സഹോദരനുമെതിരെ പ്രവാചക നിന്ദ കേസ് കൊടുക്കുകയായിരുന്നെന്നുമാണ് പ്രതികള്‍ക്ക് നിയമ സഹായം നല്‍കുന്ന സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും പാകിസ്താന്‍ വിട്ടിരുന്നു. ആദ്യം സിംഗപ്പൂരിലേക്കും പിന്നീട് തായ്‌ലന്റിലേക്കും ഇവര്‍ പോയതി. എന്നാല്‍ രണ്ടു സഥലത്തും ഇവര്‍ക്ക് താമസിക്കാനുള്ള അനുമതി നീട്ടിക്കിട്ടിയില്ല. ഒടുവില്‍ 2012 ല്‍ ഇവര്‍ പാകിസ്താനിലേക്ക് തിരിച്ചു വന്നതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരു സഹോദരങ്ങളും വിവാഹിതരാണ്. ഖൈസര്‍ അയൂബിന് മൂന്ന് കുട്ടികളുണ്ട്.
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന ഭീഷണിപ്പെടുത്തിയതിന്റെ സംഭാഷണങ്ങള്‍ പുറത്തു വിടുമെന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാഷണങ്ങളാണ് ഉച്ചയ്ക്ക് മൂന്നു മണിക്ക് പുറത്തുവിടുന്നത്. ഇന്നലെ വൈകീട്ട് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എല്ലാ സംശയങ്ങള്‍ക്കും തന്റെ കൈയ്യില്‍ തെളിവുണ്ടെന്നും തന്റെ സുഹൃത്തായ ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെയാണ് സംസാരിക്കാനെത്തിയതെന്നും സ്വപ്നയും സരിത്തും പറഞ്ഞിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ പലതവണ സംസാരിച്ചെന്നും സ്വപ്ന പറയുന്നു. ശേഖരിച്ച തെളിവുകളെല്ലാം പുറത്ത് വിടുന്നത് തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് എന്ന് സ്വപ്ന പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് താന്‍ സംസാരിക്കാനെത്തിയതെന്ന സ്വപ്നയുടെ ആരോപണങ്ങള്‍ ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു.ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടന്‍(65)റെനില്‍(30)എന്നിവരാണ് മരിച്ചത്. വീടിന്റെ മട്ടുപ്പാവില്‍ നിന്ന് ഇരുമ്പ് തൊട്ടി കൊണ്ട് തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.
അപ്പുക്കുട്ടന്‍ തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ പതിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മകനും അപകടം സംഭവിച്ചത് .
വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു
വിവാഹസമ്മാനമായി വിഘ്‌നേഷ് ശിവന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ . വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നയന്‍താരയ്ക്ക് വിഘ്‌നേഷ് 5 കോടി വിലവരുന്ന ഡയമണ്ട് മോതിരമാണ് സമ്മാനമായി നല്‍കിയത്.
കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വര്‍ണാഭമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു.
രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.
വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ലായിരുന്നു. സിനിമാ മേഖലയിലുള്ളവര്‍ക്ക് മാത്രായി വിവാഹ സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിനാണ്.
ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
ദുബായ്: രാജ്യത്ത് ഒരിടവേളയ്ക്കുശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിനും മുകളിലെത്തി. വ്യാഴാഴ്ച ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾപ്രകാരം 1031 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14-നുശേഷം ഇതാദ്യമായാണ് യു.എ.ഇ.യിലെ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലേക്കുയരുന്നത്. ചികിത്സയിലായിരുന്ന 712 കോവിഡ് രോഗികൾ രോഗമുക്തിനേടി.
കോവിഡ് രോഗികളുടെ എണ്ണം ഉയർന്നെങ്കിലും രാജ്യത്തെ മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസമാണ്. പുതുതായി മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 2,86,851 കോവിഡ് പരിശോധനകളിൽ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾപ്രകാരം ആകെ 913,984 പേർക്ക് യു.എ.ഇ.യിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 8,96,448 പേർ ഇതിനോടകംതന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
നിലവിൽ 15,231 രോഗികളാണ് ചികിത്സയിലുള്ളത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ വിമാനക്കമ്പനികൾ വീണ്ടും ഓർമപ്പെടുത്തി.
യാത്രക്കാർ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും മാസ്ക് ധരിച്ചിരിക്കണം. യാത്രയിൽ മാസ്‌ക് ധരിക്കുന്നതിന് ബുദ്ധിമുട്ടുള്ളവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് വിമാനക്കമ്പനികളെ സമീപിച്ച് ഇളവിനുള്ള അനുമതി നേടിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ജനനത്തീയതി, ആരോഗ്യപ്രശ്നം സംബന്ധിച്ച വിവരങ്ങൾ, ഡോക്ടറുടെ പേര്, ഒപ്പ്, സ്റ്റാമ്പ്, ലൈസൻസ് നമ്പർ എന്നിവയുണ്ടാകണം. ഫ്‌ളൈ ദുബായിൽ യാത്രചെയ്യുന്നവർ 72 മണിക്കൂർമുമ്പ് വിമാനക്കമ്പനിയെ ബന്ധപ്പെടണം. പാർക്കിൻസൺ, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളുള്ളവർക്ക് മാസ്ക് ധരിക്കുന്നതിൽ ഇളവുനൽകും. പക്ഷേ, മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കിയിരിക്കണം. ഇത്തിഹാദ്, എയർ അറേബ്യ വിമാനങ്ങളിലും ഇതേ നിബന്ധനയാണുള്ളത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും മാസ്ക് നിബന്ധന ബാധകമാണ്.
എരുമപ്പെട്ടി: പന്നിത്തടത്തുള്ള തെക്കേക്കര സിൻഡിക്കേറ്റ് എന്ന പണ്ടം പണയ സ്ഥാപനത്തിൽ മുക്ക് പണ്ടമായ സ്വർണ നിറത്തിലുള്ള 6 വളകൾ പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ യുവതി അറസ്റ്റിൽ. കാണിപ്പയ്യൂർ ചെമ്മണ്ണൂർ മേഞ്ചേരി വീട്ടിൽ ഉദയന്റെ ഭാര്യ അജിത (50) യാണ് എരുമപ്പെട്ടി പൊലീസിന്റെ വലയിൽ ആയത്. മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന വൻ സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പൊലീസ് കുറച്ചുനാളായി വല വിരിച്ചിരുന്നു. ഇവരെ പിടികൂടുന്നതിനായി പൊലീസ് വേണ്ട നിർദ്ദേശങ്ങൾ പണ്ടം പണയം സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.30 ന് പന്നിത്തടത്തുള്ള സ്ഥാപനത്തിലാണ് സ്ത്രീ മുക്കു പണ്ടം പണയം വക്കുന്നതിനായി എത്തിയത്. പൊലീസ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പണയ വസ്തു മുക്കാണെന്നു മനസ്സിലായ സ്ഥാപന ഉടമ എഡിസൺ തഞ്ചത്തിൽ പൈസ എടുത്തു വരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതിയെ സ്ഥാപനത്തിൽ ഇരുത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു…
ഉടൻ തന്നെ സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് എസ്.ഐ: ടി.സി. അനുരാജിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഈ രീതിയിൽ പണം തട്ടുന്ന വൻ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തെ പിടികൂടുന്നതിനായി എരുമപ്പെട്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്.സി.പി.ഒമാരായ സുഗതൻ കെ.വി, സേവിയർ. സി.ടി, സി.പി.ഒമാരായ ഗിരീശൻ. എസ്, സഗുൺ. കെ, ജംഷീന. കെ, സി.പി.ഒ ഡ്രൈവർ സതീഷ് എന്നിവർ ഉണ്ടായിരുന്നു.
ഹരിഗോവിന്ദ് താമരശ്ശേരി
മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇൻഡ്യാക്കാരനുമായ ശ്രീ അശോക് കുമാർ വര്ഷം തോറും നടത്തിവരാറുള്ള മാരത്തോൺ ചാരിറ്റി ഇവൻറ് ജൂൺ 11 ന് ക്രോയ്‌ഡോൺ ആർച് ബിഷപ്പ് ലാൻഫ്രാങ്ക് സ്‌കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറും. ജൂൺ 11 ന് വൈകിട്ട് 4 മണിമുതൽ വിവിധ കലാപരിപാടികളോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്ടോൻ എക്സിക്യൂട്ടീവ് മേയറും സിവിക് മേയറും പങ്കെടുക്കും.

ചാരിറ്റി ഈവന്റിലൂടെ ലഭിക്കുന്ന തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടൻ എന്ന യശശ്ശരീരനായ ശ്രീ തെക്കുമുറി ഹരിദാസിൻ്റെ പേരിൽ ക്യാൻസർ റിസേർച് സെന്റ്ററിനു കൈമാറുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു.
തൻറെ 53-) മത്തെ വയസ്സിൽ 2014ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷംകൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മാരത്തോൺ ഉൾപ്പടെ 17 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്. അശോക് കുമാർ ഇതുവരെ £28,000.00 പൗണ്ട് വിവിധ ചാരിറ്റി ഇവന്റുകൾ വഴി സമാഹരിച് ഒട്ടേറെ സന്നദ്ധ സംഘടനകൾക്ക് സംഭാവന നൽകിയിട്ടുണ്ട്.
നടന്‍ മോഹന്‍ലാലിന് അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി പെരുമ്പാവൂര്‍ മജിസ്‌ടേറ്റ് കോടതി റദ്ദാക്കി. മോഹന്‍ലാല്‍ വിചാരണ നേരിടണമെന്നു കോടതി വ്യക്തമാക്കി.
അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചത് വനം- വന്യ ജീവി നിയമപ്രകാരം കുറ്റകരമാണന്ന വാദം കണക്കിലെടുത്താണ് അനുമതി റദ്ദാക്കിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരെ ഏലൂര്‍ സ്വദേശി എ എ പൗലോസും റാന്നി സ്വദേശിയായ മുന്‍ വനം വകുപ്പുദ്യോഗസ്ഥന്‍ ജെയിംസ് മാത്യുവും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഉത്തരവ്.
മൂന്നാം കക്ഷിയുടെ വാദം കേള്‍ക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരുടെ ഹര്‍ജി മജിസ്‌ടേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ പരാതിയില്‍ പൊതുതാല്‍പ്പര്യമുണ്ടെന്നും കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണു വിശദമായ വാദം കേട്ടത്.
മോഹന്‍ലാലിനെതിരായ കേസ് പിന്‍വിലിക്കാന്‍ അനുമതി നല്‍കയിട്ടുണ്ടെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ്, കലക്ടര്‍ മുഖേന മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍നിന്ന് പിടികൂടിയ ആനക്കൊമ്പുകളും ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും കസ്റ്റഡിയിലെടുക്കാതെ മോഹന്‍ ലാലിനെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. തൊണ്ടിമുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ആനക്കൊമ്പുകള്‍ പാരിതോഷികമായി ലഭിച്ചതാണെന്നു ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയിലാണ് മുഖ്യവനപാലകന്‍ തൊണ്ടിമുതലുകള്‍ ക്രമപ്പെടുത്തി നല്‍കിയത്.
പെരുമ്പാവൂര്‍ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണ്. ആനക്കൊമ്പ് അനധികൃതമായി കൈവശം വയ്ക്കുന്നത് വനം -വന്യജീവി നിയമപ്രകാരം അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.