Latest News

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. തൃശൂർ പെരിഞ്ഞനം കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്ന നാസർ, താമസസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അൽ വക്റയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് നാസർ സഞ്ചരിച്ച വാഹനം പൂർണമായും കത്തിനശിച്ചതിനാൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം വക്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ ഖബറടക്കം നടത്തും. മുഹമ്മദ് നാസറിന്റെ പിതാവ്; പുല്ലറക്കത്ത് മുഹമ്മദ്. സഹോദരങ്ങൾ: അബ്ബാസ്, ഷൗക്കത്ത് അലി, ജമാൽ, നിയാസ്, റംല, ആസിയ.

 

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ദിവസം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് റദ്ദാക്കിയത് നൂറിലധികം വിമാനങ്ങൾ. ശവസംസ്‌കാര ചടങ്ങുകൾക്കിടെ അനാവശ്യമായ ശബ്ദം ഒഴിവാക്കുന്നതിന് വേണ്ടിയാണ് വിമാനങ്ങൾ റദ്ദ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു. തിങ്കളാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഇതോടെ അന്നേ ദിവസം ഷെഡ്യൂൾ ചെയ്തിരിക്കുന്ന 12,000 വിമാനങ്ങളിൽ 15 ശതമാനം വിമാനങ്ങളെ തീരുമാനം ബാധിക്കുമെന്ന് വെസ്റ്റ് ലണ്ടൻ എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനങ്ങൾ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും നിയന്ത്രണം ബാധകമാണ്.

ഇതോടെയാണ് ഹീത്രു വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു 100 ആഭ്യന്തര സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. രാജ്ഞിയുടെ ശവസംസ്‌കാരം അവസാനിക്കുന്ന സമയത്ത് രണ്ട് മിനിട്ട് സമയം പൂർണമായും നിശബ്ദത പാലിക്കുമെന്ന് ഹീത്രു നേരത്തേയും പ്രഖ്യാപിച്ചിരുന്നു. ചടങ്ങിന് 15 മിനിട്ട് മുതൽ ചടങ്ങ് അവസാനിച്ച് 15 മിനിട്ട് വരെയും ഒരു വിമാനവും ടേക്ക് ഓഫ് ചെയ്യാനോ ലാൻഡ് ചെയ്യാനോ അനുവദിക്കില്ല. അതേസമയം ചില വിമാനങ്ങൾ വഴി തിരിച്ച് വിടാനും തീരുമാനമായിട്ടുണ്ട്.

രാജ്ഞിയോടുള്ള ആദര സൂചകമായിട്ടാണ് ശബ്ദ തടസ്സം ഉണ്ടാകാതിരിക്കുന്ന ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഇവർ പറയുന്നു. 2,500 അടി താഴെ പറക്കുന്ന ഡ്രോണുകൾക്ക് ഉൾപ്പെടെ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം മാറില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ നൂറ് ശതമാനവും തെറ്റ് ചെയ്തിട്ടില്ല എന്നാല്‍ പൃഥ്വിരാജ് ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത് താനാണ് അദ്ദേഹത്തെ ഒരു സിനിമയില്‍ നിന്നും മാറ്റിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. അമൃതം എന്ന സിനിമയില്‍ നിന്നും പൃഥ്വിരാജിനെ മാറ്റിയതിനെ കുറിച്ചാണ് സിബി മലയില്‍ സംസാരിച്ചത്. നന്ദനം സിനിമയില്‍ ഒരു പാട്ട് ഷൂട്ട് ചെയ്ത ബന്ധമാണ് ഞാനും പൃഥ്വിരാജും തമ്മിലുള്ളത്. ആ റിലേഷന്‍ഷിപ്പില്‍ ഒരു പ്രശ്‌നങ്ങള്‍ ഉണ്ടായി. അത് 100 ശതമാനവും എന്റെ കുറ്റമല്ല. അദ്ദേഹം ധരിച്ച് വച്ചിരിക്കുന്നത് അങ്ങനെയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനുജന്‍ ആയിട്ട് കാസ്റ്റ് ചെയ്തിരുന്നു.

ഞാന്‍ പൃഥ്വിരാജിനെ പോയി കണ്ടിട്ടില്ലായിരുന്നു. പ്രൊഡ്യൂസര്‍ ആണ് പോയി കഥയൊക്കെ പറഞ്ഞത്. പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു, ‘അദ്ദേഹം ചോദിക്കുന്ന എമൗണ്ട് കുറച്ച് കൂടുതലാണ്’ എന്ന്. അത് നിങ്ങള്‍ തന്നെ തീരുമാനിക്കുക, അതില്‍ എനിക്ക് റോളില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആ ക്യാരക്ടറിന് എന്താണോ ബജറ്റ് ഉള്ളത് അത് പറയുക. ബജറ്റില്‍ പറ്റില്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്നും ഞാന്‍ പറഞ്ഞു. പൃഥ്വിരാജുമായി ഇവര്‍ സംസാരിച്ചപ്പോള്‍ അത് തമ്മില്‍ ധാരണയില്‍ എത്തിയില്ല. ജയറാമാണ് ഹീറോ, അനുജനായി വേറെ ആളെ കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെയാണ് ആ സിനിമയില്‍ അരുണ്‍ എന്ന നടന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് പൃഥ്വിരാജും പ്രൊഡ്യൂസറും തമ്മില്‍ ഇതിനെ കുറിച്ച് എന്താ സംസാരിച്ചതെന്ന് എനിക്ക് അറിയുകയുമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസിലാക്കുന്നത് ഇദ്ദേഹം ധരിച്ചു വച്ചിരിക്കുന്നത് ഞാന്‍ അദ്ദേഹത്തെ സിനിമയില്‍ നിന്നും ഒഴിവാക്കിയതാണ് എന്ന്. എനിക്ക് ഇപ്പോഴും ക്ലാരിറ്റി ഇല്ല. പക്ഷെ അതൊരു അകല്‍ച്ചയായി മാറിയിട്ടുണ്ട്. അത് മാറണ്ട ഘട്ടങ്ങള്‍ കഴിഞ്ഞു എന്നാണ് സിബി മലയില്‍ റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മധ്യ ഇറ്റലിയില്‍ കനത്ത പ്രളയം. പത്ത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. വീടുകളും വാഹനങ്ങളുമടക്കം പ്രളയത്തില്‍ അകപ്പെട്ടതോടെ ആശങ്കയിലാണ് ഇറ്റാലിയന്‍ ജനത. നാല് മണിക്കൂറുകളോളം നീണ്ട കനത്ത മഴയില്‍ വെള്ളത്തിനടിയിലായിരിക്കുകയാണ് മധ്യ ഇറ്റലിയിലെ പല പ്രദേശങ്ങളും. മൂന്നു മണിക്കൂറില്‍ 400 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. പ്രതിവര്‍ഷം സാധാരണ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്നാണ് ഏതാനും മണിക്കൂറുകളില്‍ പെയ്തിറങ്ങിയത്.

സെനിഗലിയ, മാര്‍ഷെ തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നും അത് പ്രവചിക്കുക ദുഷ്കരമാണെന്നും ഭൗമശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

ആഡ്രിയാറ്റിക് സമുദ്രത്തോട് ചേർന്നു കിടക്കുന്ന മാർഷെ മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ സംഭവിച്ച മേഘസ്ഫോടനത്തിനു സമാനമായ മഴയാണ് അപ്രതീക്ഷിത പ്രളയത്തിനു പിന്നിലെന്ന് മേയർ റിക്കാർഡോ പാസ്ക്വാലിനി വ്യക്തമാക്കി. പ്രളയജലം ഇരച്ചെത്തിയതോടെ ആളുകൾ കെട്ടിടങ്ങളുടെ മുകളിലും വലിയ മരങ്ങളുടെ മുകളിലുമാണ് അഭയം തേടിയത്. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ അവിടെത്തന്നെ തുടരേണ്ടി വന്നു. ഇതിനു പിന്നാലെ കുടിവെള്ള വിതരണവും ഗതാഗതവും ടെലിഫോൺ സംവിധാനവും താറുമാറായി. നഗരത്തിലാകെ പാതിയോളം ചെളിയിൽ മുങ്ങിക്കിടക്കുന്ന കാറുകൾ കാണാൻ കഴിയും.

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്രോണിക് ബാച്ചിലർ. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ നായികയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ പറ്റി സിദ്ദിഖ് തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.

മമ്മൂട്ടിയെ നായകനാക്കി, ഫാസിൽ സാറിന്റെ സഹോദരനായ ഖയസ് നിർമ്മിക്കാനിരുന്ന ചിത്രമായിരുന്നു ക്രോണിക്ക് ബാച്ചിലർ. ചിത്രത്തിന് കഥയുണ്ടാക്കാൻ വേണ്ടി താൻ ഖയസിനൊപ്പം ഖത്തറിലേക്ക് പോയിരുന്നു.’ആ വർഷം സെപ്റ്റംബർ 11 നാണ് ന്യൂയോർക്ക് ട്വിൻ ടവറും പെന്റ​ഗണും ആക്രമിക്കപ്പെടുന്നത്.

പിന്നീട് തിരിച്ച് നാട്ടിൽ വന്ന് കഴിഞ്ഞാണ് ക്രോണിക് ബാച്ചിലറിന്റെ സ്പാർക്ക് വരുന്നത്. പക്ഷേ ഖയസിന് ആ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ല. ലാലിന് ആ സമയത്ത് ഈ പടം ഡിസ്ട്രിബ്യൂഷനും ചെയ്യാൻ പറ്റിയില്ല .വേറൊരു ഡിസ്ട്രിബ്യൂട്ടർ ആ പടം ഏറ്റെടുക്കാൻ തയ്യാറായി. എല്ലാ സിനിമയിലും തനിക്ക് സംഭവിക്കുന്നത് പോലെ തന്നെ ഹീറോയിന്റെ പ്രശ്നം വന്നു. അന്നും ഹീറോയിന്റെ ഡേറ്റ് കറക്ടായി കിട്ടിയില്ല. ഷൂട്ട് തുടങ്ങുകയും വേണം. മമ്മൂക്കയുടെ ഡേറ്റിനനുസരിച്ച് ഹീറോയിന്റെ ഡേറ്റ് കിട്ടണം.

അങ്ങനെ ഷൂട്ടിം​ഗ് തുടങ്ങി. മലബാറിലുള്ളൊരു ഡിസ്ട്രിബ്യൂട്ടർ ആയിരുന്നു’ഷൂട്ടിം​ഗിനിടയ്ക്കൊല്ലാം ഹീറോയിനെ തപ്പിക്കൊണ്ടിരിക്കുന്നു. ഒരുപാട് അന്വേഷണത്തിനാെടുവിലാണ് രംഭയെ കണ്ടെത്തുന്നത്. രംഭ ആ സമയത്ത് തമിഴിൽ സ്റ്റാർ ആയി നിൽക്കുകയാണ്. അങ്ങനെ രംഭ ആ സിനിമയിൽ വന്നു. രംഭ വന്നതോടെ ഡിസ്ട്രിബ്യൂട്ടർ പിൻമാറി. ഇതൊരു കുടുംബ ചിത്രമാണ് രംഭയൊന്നും ശരിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ സിനിമയിൽ രംഭയുടെ ക്യാരക്ടർ കറക്ട് ആണെന്ന് തങ്ങൾ പറഞ്ഞു. രംഭയെ മാറ്റാൻ പറ്റില്ല. മാത്രമല്ല അത്രയും വാല്യുവുള്ള വേറൊരു ഹീറോയിനെ കിട്ടിയിട്ടുമില്ല. അങ്ങനെ ആ ഡിസ്ട്രിബ്യൂട്ടർ മാറി. പത്ത് ദിവസത്തോളം ഷൂട്ട് നടന്നിരുന്നു. പിന്നീട് ഷൂട്ടിം​ഗ് നിർത്തി, ഈ ഡിസ്ട്രീബ്യൂട്ടർ അതുവരെ മുടക്കിയ പൈസ തിരിച്ചു കൊടുത്തിട്ടേ രണ്ടാമത് ഷൂട്ടിം​ഗ് തുടങ്ങാൻ പറ്റുള്ളൂ’

ആ സമയത്ത് ഫാസിൽ സർ ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. ഫാസിൽ സാർ ആ സിനിമയുടെ പ്രൊഡ്യസറും ഡിസ്ട്രിബ്യൂട്ടറും ആയി. കൊടുക്കാനുള്ള പണം കൊടുത്ത് സെറ്റിൽ ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് രണ്ടാമത് ഷൂട്ടിം​ഗ് തുടങ്ങിയതെന്നും. പിന്നീട് ചിത്രം സൂപ്പർ ഹിറ്റായി മാറിയെന്നും സിദ്ദിഖ് പറഞ്ഞു.

പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ ദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കിണറ്റിൽ ചാടിയാണ് ജീവിതം അവസാനിപ്പിച്ചത്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് ആണ് മരിച്ചത്. 46 വയസായിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് സെൽവരാജ് തന്റെ രണ്ടാം ഭാര്യയെ കൊലപെടുത്തിയത്.ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ സെൽവരാജിൻറെ ഭാര്യയായിരുന്ന 37കാരി പ്രഭയെ കഴുത്തറുത്ത് കൊലപെടുത്തുകയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്.

വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നേരത്തെ കുടുംബപ്രശ്‌നത്തെ തുടർന്ന് പ്രഭയും സെൽവരാജും പിരിഞ്ഞു താമസിക്കുകയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സെൽവരാജ് അവിടെയെത്തുകയും ഇരുവരും സംസാരിച്ചു നടക്കുന്നതിനിടയിൽ കത്തി കൊണ്ട് കഴുത്തറുക്കുകയുമായിരുന്നു.

രക്തം വാർന്നാണ് പ്രഭ മരണത്തിന് കീഴടങ്ങിയത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ ഒപ്പം താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 10 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സെൽവരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.

കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ ഗർഭിണിയെ ക്രൂരമായി കൊലപ്പെടുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മൂന്ന് മാസം ഗർഭിണിയായിരുന്ന യുവതിയെ ട്രാക്ടർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം ദേഹത്തു കൂടി കയറ്റി ഇറക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം.

വികലാംഗനായ കർഷകന്റെ മകളാണ് ഫിനാൻസ് കമ്പനി ജീവനക്കാരുടെ ക്രൂരതയിൽ പൊലിഞ്ഞത്. 2018ൽ മഹീന്ദ്ര ഫിനാൻസിൽ നിന്ന് മിഥ്‌ലേഷ് ഒരു ട്രാക്ടർ വാങ്ങി. ട്രാക്ടറിന്റെ ആകെ 6 ഗഡുക്കളാണ് അവശേഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. ട്രാക്ടറിന്റെ കുടിശ്ശിക വാങ്ങാൻ ഫിനാൻസ് റിക്കവറി ഏജന്റുമാർ കഴിഞ്ഞ ദിവസം മിഥ്‌ലേഷിന്റെ വീട്ടിലെത്തി.

ട്രാക്ടർ വീണ്ടെടുക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥനും കർഷകനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മകൾ ട്രാക്ടർ ചക്രത്തിനടിയിൽ പെട്ടു. തുടർന്ന് യുവതിയുടെ പുറത്തുകൂടി ട്രാക്ടർ കയറ്റി ഇരിക്കുകയായിരുന്നു. യുവതിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം, തങ്ങളെ അറിയിക്കാതെയാണ് കമ്പനി അധികൃതർ വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ട്രാക്ടർ വീണ്ടെടുക്കുന്നതിനായി ഇരയുടെ വസതിയിലേക്ക് പോകുന്നതിന് മുമ്പ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ലെന്ന് പോലീസും അറിയിച്ചു. സംഭവത്തിൽ സ്വകാര്യ ഫിനാൻസ് കമ്പനിയുടെ റിക്കവറി ഏജന്റും മാനേജരും ഉൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടെത്തു.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി ഒരു പകൽ നീണ്ടു നിൽക്കുന്ന ഗുഡ് ഷെപ്പേർഡ് വാക്കിന് ലീഡ്സിൽ തുടക്കമായി. രാവിലെ 8 മണിക്ക് ലീഡ്സ് സീറോ മലബാർ ഇടവക വികാരി ഫാ. മാത്യൂ മുളയോലിൽ ഗുഡ് ഷെപ്പേർഡ് വാക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമൂഹത്തോട് ചേർന്ന് നിന്ന് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മലയാളികളുടെ തീഷ്ണതാമനോഭാവം അഭിനന്ദനാർഹമാണ്. എല്ലാ പ്രവാസി മലയാളികളും ഇത് മാതൃകയാക്കണമെന്ന് ഫാ. മാത്യൂ മുളയോലിൽ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


ലീഡ്സിൽ നിന്നും കീത്തിയിലേയ്ക്ക് ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തുകൂടി 30 കിലോമീറ്റർ ദൈർഘ്യമുള്ള രസകരമായ നടത്തമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. പ്രാദേശീക സമൂഹവും മലയാളികളുമടക്കം മുപ്പതോളം പേരാണ് മുപ്പത് കിലോമീറ്റർ നടത്തത്തിൽ പൂർണ്ണമായും പങ്ക് ചേരുന്നത്. സൈക്കിൾ യാത്രികരും സ്പോൺസേർഡ് വാക്കിന് ഭാഗമാകുന്നുണ്ട്. കൂടാതെ, നിരവധിയാളുകൾ ഭാഗികമായും നടത്തത്തിൽ പങ്ക് ചേരും. സോൾട്ടയർ, ഷിപ്പിലി, ബിങ്കിളി എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഭാഗികമായി നടത്തത്തിൽ പങ്കുചേരുന്നവർ ജോയിൻ ചെയ്യുന്നത്. പത്ത് വയസ്സ് മുതലുള്ള കുട്ടികളടക്കം നിരവധി സ്ത്രീകളും ഗുഡ് ഷെപ്പേർഡ് വാക്കിൽ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ സ്പോൺസേർഡ് വാക് കീത്തിലിയിൽ എത്തിച്ചേരും. സ്പോൺസേർഡ് വാക്കിൽ പങ്കെടുക്കുന്നവരെ സ്വീകരിക്കാൻ വളരെ വിപുലമായ സജ്ജീകരണങ്ങളാണ് ഗുഡ് ഷെപ്പേർഡ് സെൻ്റർ ഒരുക്കിയിരിക്കുന്നത്.

സ്പോൺസേർഡ് വാക്കിൽ പങ്കെടുക്കുന്നവരെ സ്വീകരിക്കുന്നതോടൊപ്പം ഒരു ഫാമിലി ബാർബിക്യുവും ഗുഡ് ഷെപ്പേർഡ് സെൻ്റർ സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്..
Shibu – 07411443880
Sojan – 07860 532396

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാൾ. എഴുപത്തിരണ്ടാം ജന്മദിനത്തിൽ മധ്യപ്രദേശിൽ നടക്കുന്ന വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം, പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുക.

സൗജന്യ ആരോഗ്യ പരിശോധന, രക്തദാന ക്യാമ്പുകൾ, മരം നടുക, കൃത്രിമ കൈകാലുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുക തുടങ്ങിയവ സേവാ ദിവസിന്റെ ഭാഗമായി നടക്കും. 2025ഓടെ ഇന്ത്യയെ ടിബി വിമുക്തമാക്കാനുള്ള പദ്ധതി പ്രകാരം ക്ഷയരോഗികൾക്ക് ബിജെപി പ്രവർത്തകർ സഹായം നൽകും.

ഈ സേവന പ്രവർത്തനങ്ങളിലൂടെ പ്രധാനമന്ത്രിക്ക് ദീർഘായുസ്സും ആരോഗ്യവുമുണ്ടാകട്ടെയെന്നും രാജ്യത്തെ നയിക്കാനും പാവപ്പെട്ടവരെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു.

തമിഴ്നാട്ടിലും പ്രധാനമന്ത്രിയുടെ ജന്മദിനം വലിയ രീതിയിൽ ആഘോഷിക്കാനാണ് ബിജെപി തീരുമാനം. റോയപുരത്തെ ആർഎസ്ആർഎം ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബേബി കിറ്റുകളോടൊപ്പം സ്വർണമോതിരം കേന്ദ്ര ഫിഷറീസ് സഹമന്ത്രി എൽ.മുരുകൻ നൽകും. 5000 രൂപ വീല വരുന്ന രണ്ടു ഗ്രാമിന്റെ സ്വർണ മോതിരമാണ് നൽകുക.

പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും. പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അതിമനോഹരമായ പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഗവര്‍ണ്ണര്‍. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണ്ണര്‍

ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തന്റെ ഫോണ്‍കോളുകള്‍ക്കും കത്തിനും പോലും മറുപടി നല്‍കാറില്ല.

കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്കെതിരെ നടന്ന ആക്രമണം ഗൂഢാലോചനയാണെന്നും ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

തിരുവനന്തപുരത്ത് എത്തിയ ഉടന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്ന് വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.എനിക്കെതിരെ വധശ്രമം നടന്നപ്പോള്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞു.

തനിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രിക്ക് പരസ്യ മറുപടിയുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ മൂന്നുവര്‍ഷം മുമ്പ് വധശ്രമമുണ്ടായെന്നും അപ്പോഴെല്ലാം അക്രമകാരികള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

എനിക്കെതിരെ വധശ്രമമുണ്ടായപ്പോള്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് ആരാണ്. ആര്‍ക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല. തിരശ്ശീലയ്ക്ക് പിന്നില്‍ കളിക്കുന്നത് ആരാണെന്ന് എനിക്ക് മനസ്സിലായി.

അതേസമയം, നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ഉടന്‍ അംഗീകാരം നല്‍കില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിതിനാലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്. ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അതിനാല്‍ ഇനി കാര്യങ്ങള്‍ രാഷ്ട്രീയമായി തന്നെ നേരിടാമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.

RECENT POSTS
Copyright © . All rights reserved