അധികാരം നഷ്ടപ്പെട്ട് സിറിയ വിട്ട ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. അസദിനും കുടുംബത്തിനും മോസ്‌കോ അഭയം നല്‍കിയതായി റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് വിമത സംഘമായ ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്.) പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അസദ് രാജ്യംവിട്ടത്.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് റഷ്യ അഭയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയുടെ നിയന്ത്രണം പൂര്‍ണതോതില്‍ വിമതരുടെ കൈയിലാവുന്നതിന് മുന്‍പ് അസദ് ഐ.എല്‍.-76 എയര്‍ക്രാഫ്റ്റില്‍ രക്ഷപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 3,650 മീറ്ററിലധികം ഉയരത്തില്‍ സഞ്ചരിച്ച വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായിരുന്നു.
തുടക്കത്തില്‍ അസദിന്റെ ശക്തികേന്ദ്രമായ സിറിയയുടെ തീരപ്രദേശത്തേക്കാണ് വിമാനം പറന്നിരുന്നത്. എന്നാല്‍ പെട്ടെന്ന് ഒരു യുടേണ്‍ എടുത്ത് എതിര്‍ദിശയിലേക്ക് പറന്നു. ഇതിനിടെ റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. വിമാനത്തിന്റെ പെട്ടെന്നുള്ള തിരിച്ചിലും റഡാറില്‍നിന്നുള്ള അപ്രത്യക്ഷമാവലും വെടിവെച്ചിട്ടതാവാമെന്ന വിലയിരുത്തലിലേക്കും നയിച്ചിരുന്നു.
നവംബര്‍ 27-നാണ് സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ ആക്രമണം തുടങ്ങിയത്. 11 ദിവസം പിന്നിടുമ്പോഴാണ് അസദ് രാജ്യംവിടുന്നത്. അസദിനെ അട്ടിമറിച്ചെന്ന് ഞായറാഴ്ച ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വിമതര്‍ അറിയിച്ചത്. അസദ് കുടുംബം നേതൃത്വം നല്‍കുന്ന ബാത്ത് പാര്‍ട്ടിയാണ് അര നൂറ്റാണ്ടിലധികമായി സിറിയ ഭരിക്കുന്നത്.
മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായത്തെ തളളി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ.എം ഷാജി പറഞ്ഞു.
പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ.എം ഷാജി തന്റെ നിലപാട് തുറന്ന് പറഞ്ഞത്.
മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലീം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്ലീംലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്-കെ.എം ഷാജി പറഞ്ഞു.
ന്യൂയോർക്ക് : പ്രീമിയസ് അമേരിക്കൻ ഗ്ലോബൽ അച്ചീവ്‌മെൻ്റ് അവാർഡിൽ ആദ്യമായി ഇന്ത്യയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് അതും ഒരു മലയാളി ബെസ്റ്റ് അച്ചീവ്മെൻറ് അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് പള്ളിപ്പാട് ഉഷ രാജൻ ദമ്പതികളുടെ മകൻ അരുൺ രാജ് ആണ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത് .
ഒരുപാട് കഷ്ടതകളുടെ പടപൊരുതി വിജയിച്ച് സമൂഹത്തിന് മാതൃകയായ വ്യക്തിക്കാണ് ഈ അവാർഡ് നൽകുന്നത് . തൻറെ സ്വപ്നങ്ങൾക്ക് വേണ്ടി ഒരുപാട് അനുഭവ സമ്പത്ത് നേടുകയും കൂടാതെ ഇപ്പോഴത്തെ തലമുറയ്ക്ക് മാതൃകയാക്കുകയും ചെയ്യുകയും ചെയ്ത അരുൺരാജ് ചലച്ചിത്ര സംവിധായകനും ഛായാഗ്രഹനും കൂടിയാണ് . ഇന്ത്യക്കും മലയാളികൾക്കും അഭിമാനമായ ഈ നേട്ടം വരും തലമുറയ്ക്കും ഒരു പ്രചോദനമാണ്.
ഫാ. ഹാപ്പി ജേക്കബ്ബ്
അലങ്കാരങ്ങളും, അലങ്കരിക്കപ്പെട്ട മരങ്ങളും പൊതിയപ്പെട്ട സമ്മാനങ്ങളും സന്തോഷത്തിന്റെയും ഭംഗിയുടെയും നിറങ്ങളും നമ്മുടെ ഭവനങ്ങളെയും, തെരുവുകളെയും മനസ്സുകളെയും ഈ ദിനങ്ങളിൽ കീഴ്പെടുത്തി കളഞ്ഞു. കാരൾ ഗാനങ്ങൾ അലയടിക്കുന്ന ഇടങ്ങളായി നമ്മുടെ ഇടവകകൾ മാറ്റപ്പെട്ടു കഴിഞ്ഞു. യഥാർത്ഥമായും എന്താണ് ഈ ദിനങ്ങളിൽ നാം ആഗ്രഹിക്കുന്നത്. പങ്കുവയ്ക്കലും, ആശംസകളും സന്തോഷ അനുഭവങ്ങളും മാത്രമാണോ? എല്ലാവർക്കും ഒരുപോലെ ഇത് പ്രാപ്യമാണോ?
യെശയ്യാ പ്രവചനം 52: 7 -10 വാക്യങ്ങൾ. ദൈവത്തിൻറെ ശക്തിയും മഹത്വവും വെളിപ്പെട്ട അവസരം ആണ് ക്രിസ്തുമസ് . സമ്മാനമായി ലഭിച്ചത് രാജാധി രാജാവായ ക്രിസ്തുവിനെയാണ്. സർവ്വ അലങ്കാരങ്ങളും വർണ്ണങ്ങളും ആ രാജകീയ പ്രൗഢിയാണ് വെളിപ്പെടുത്തുന്നത്. എന്നാൽ ആഘോഷ തിമിർപ്പിനിടയിൽ വെളിപ്പെട്ട സമ്മാനം നാം സ്വീകരിക്കുന്നുണ്ടോ? ഈ ചിന്തയാണ് ഇന്നത്തെ സന്ദേശത്തിന്റെ പ്രധാന അംശം .
1 . ക്രിസ്തുമസ് – ഒന്നുമില്ലാത്ത ജനതയ്ക്ക് ലഭിച്ച സമ്മാനം
ചിതറി പാർക്കുകയും, ദൈവം ചിതറിക്കുകയും പാലായനം ചെയ്യുകയും കാലാകാലങ്ങളിൽ കാലാവസ്ഥയും സാഹചര്യങ്ങളും അനുസരിച്ച് ജീവിതങ്ങളിൽ മാറുന്ന ഒരു സമൂഹം ആയി ആണല്ലോ വിശുദ്ധ ഗ്രന്ഥങ്ങളിൽ നാം ദൈവജനത്തെ കാണുന്നത്. എന്നാൽ മാറാത്തവനായ ഒരു ദൈവം രാവിലും പകലിലും എല്ലാ കാലങ്ങളിലും അവരോടൊപ്പം ഉണ്ടായിരുന്നു. വാഗ്ദത്തം നൽകുന്നവനായിട്ടല്ല വാഗ്ദത്തം നിറവേറ്റുന്നവനായി തന്നെ അവരോടു കൂടെ നടന്നു. അവൻ വിശ്വസ്തനാണ്. ഇന്നും പരദേശികളായി, നഷ്ടപ്പെട്ടവരായി, പാപത്തിന്റെ അടിമത്വത്തിൽ കഴിയുന്നവരായി, സർവ്വ പ്രതീക്ഷകളും കെട്ടവരായി, പാലായനം ചെയ്യപ്പെട്ടവരായി, ഒന്നുമില്ലാത്തവരായി നാം ആയിത്തീരുമ്പോൾ ഈ ക്രിസ്തുമസ് നമുക്കുള്ളതാണ്. നാം നഷ്ടമാക്കിയതൊക്കെ വീണ്ടെടുക്കാനുള്ള സമ്മാനമാണ് ഈ ക്രിസ്തുമസ് . അലങ്കാരങ്ങളുടെയും സമ്മാന പൊതികളുടെയും നൈമാഷിക സ്വപ്നങ്ങളും സന്തോഷവും അല്ല ; എൻറെ കുറവുകൾക്കുള്ള സമ്മാനം , എൻറെ പുതുജീവിതത്തിനുള്ള സമ്മാനം, എൻറെ ജീവിത യാത്രയ്ക്കുള്ള സമ്മാനം ആകണം ഈ ക്രിസ്തുമസ് .
2 . ക്രിസ്തുമസ് – എല്ലാം ആഗ്രഹിക്കുന്നവർക്ക് ഒരുക്കപ്പെട്ട സമ്മാനം
കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ എല്ലാ ജീവിത വ്യാപാരങ്ങളിലും ദൈവിക ഇടപെടലുകൾ ദർശിക്കുവാൻ നമുക്ക് കഴിഞ്ഞു. സമാധാനവും, സന്തോഷവും, കൃപകളും ധാരാളം നമുക്ക് നൽകി. ദൂതന്മാരെ അയച്ചു. സന്ദേശങ്ങൾ നൽകി. ഭൂമിയിൽ ദൈവപ്രീതി ഉള്ളവർക്ക് സമാധാനം ആശംസിച്ചു; അത് മാത്രമല്ല ഇതൊക്കെ സ്വീകരിക്കാനും നമുക്ക് കൃപ തന്നു. നമുക്ക് വേണ്ടുന്ന സകലവും , അർഹിക്കുന്നതിന് മുൻപേ തന്ന് പരിപാലിച്ചു . ഇങ്ങനെ ഒക്കെ എന്തെങ്കിലും ലഭിച്ച ക്രിസ്തുമസ് സമ്മാനത്തെ നാം തിരിച്ചറിഞ്ഞോ? വീണ്ടും സദ് വാർത്ത ഇക്കൊല്ലവും ദൈവം നമുക്ക് നൽകുന്നു. മാലാഖമാരാൽ ദൈവകീർത്തനം പാടുന്നു. പാപം , മരണം, പിശാച് , തിന്മ ഇവയിൽ നിന്നെല്ലാം വിടുതൽ വേണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നിട്ടും എത്രമാത്രം ആത്മാർത്ഥമായി ഈ സമ്മാനം നാം സ്വീകരിച്ചു. ബേതലഹേമിൽ ദൈവപുത്രൻ ജാതനാവുമ്പോൾ അത് നിത്യമായ വീണ്ടെടുപ്പിന്റെ സമ്മാനം എന്ന് നാം മനസ്സിലാക്കിയോ? ഈ ചിന്തയിലേയ്ക്ക് നാം ഒരുങ്ങുക. ചിന്തിക്കുക, തീരുമാനിക്കുക. നാം ഒരുക്കുന്ന വർണ്ണങ്ങളും അലങ്കാരങ്ങളും പ്രതീകങ്ങളും അല്ല ക്രിസ്തുമസ് . അതെല്ലാം പ്രതീകങ്ങൾ മാത്രം. മഹത്തരമായ ദാനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന പ്രതീകങ്ങൾ. ഒന്നുമില്ലാത്തവർക്കും എല്ലാം ഉള്ളവർക്കും വേണ്ടിയാണ് ക്രിസ്തുമസ് . സർവ്വ ജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം. ദാവീദിൻ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു. അതാണ് ക്രിസ്തുമസ് . അത് തന്നെയാണ് ക്രിസ്തുമസ് സമ്മാനവും ‘
സ്നേഹപൂർവ്വം
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
നടൻ കാളിദാസ് ജയറാമിന്‍റെയും തരിണിയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്.
മലയാളികൾക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടൻ കാളിദാസിന്റേത്. ജയറാം- പാർവതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായാണ് മലയാളികൾക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും അഭിനേതാവായി കാളിദാസ് എത്തുന്നുണ്ട്.
വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കാളിദാസ് ജയറാം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് തരിണി കലിംഗരായർ. തങ്ങൾ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചതിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബത്തിൽ നിന്നുമുള്ള തരിണി മോഡലിങ് രംഗത്തെ താരമാണ്. ജമീന്ദാര്‍ കുടുംബമാണ് ഇവരുടേത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു തരിണിയുടേത്. അമ്മയായിരുന്നു എല്ലാത്തിനും ഒപ്പം നിന്നത്.
ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ ആദ്യ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഈ അവസരത്തിൽ തന്നെ സിനിമാ നിർമാണവും തരിണി പഠിച്ചു.
പാലോട് ഇളവട്ടത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ദുജ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് അജാസ് ഇവരെ മർദിച്ചെന്ന് അഭിജിത്ത് മൊഴിനൽകി. എന്നാൽ ഈ ആരോപണം അജാസ് നിഷേധിച്ചു. അതേസമയം ഇന്ദുജയും അഭിജിത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താൽ അഭിജിത്തിന്റെ കുടുംബത്തേയും പോലീസ് ചോദ്യംചെയ്യും.
ഇടിഞ്ഞാർ കോളച്ചൽ കൊന്നമൂട് കിഴക്കുംകര വീട്ടിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദുജയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്തിന്റെ ഇളവട്ടത്തുള്ള വീട്ടിലെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിൽ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടെ ശനിയാഴ്ച ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.
ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി ഇന്ദുജ കഴിഞ്ഞ ആഴ്ചയിൽ അച്ഛനേയും സഹോദരനേയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ശശിധരൻകാണി പാലോട് പോലീസിൽ പരാതി നൽകി. തുടർന്ന് ഇൻക്വസ്റ്റ് നടക്കുന്ന വേളയിൽ ഇന്ദുജയുടെ ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം മാത്രം പഴക്കമുള്ള മുറിവുകൾ കണ്ടെത്തി. ഇതിനെത്തുടർന്നാണ് ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് ഇന്ദുജയുടേയും അഭിജിത്തിന്റെയും സുഹൃത്തായ അജാസിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
അജാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരങ്ങൾ ഇയാളിൽനിന്ന് ലഭിച്ചില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അഭിജിത്തുമായുള്ള ചാറ്റ് പൂർണമായും നശിപ്പിച്ചതായി കണ്ടെത്തി. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആഗോള കത്തോലിക്കാ സഭ ദിവ്യ രക്ഷകന്റെ പിറവി പ്രഘോഷിക്കാനൊരുങ്ങുന്ന മംഗളവാര്‍ത്താ കാലത്ത് വത്തിക്കാനില്‍ നിന്ന് മറ്റൊരു സദ് വാര്‍ത്ത.
വിശുദ്ധിയുടെ പരിമളം നിറഞ്ഞ ധന്യ നിമിഷത്തില്‍ ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെ 21 ഇടയന്‍മാര്‍ ഒരുമിച്ച് സഭയുടെ രാജകുമാരന്‍മാരായി ഉയര്‍ത്തപ്പെട്ടു.
ഭാരത സഭയ്ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അനുഗ്രഹീത നിമിഷമാണ്. ചങ്ങനാശേരി മാമൂട് ഇടവകാംഗമായ മാര്‍ ജോര്‍ജ് കൂവക്കാട് വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തി ഭരത കത്തോലിക്കാ സഭയില്‍ ഒരു പുതു ചരിത്രം കുറിച്ചു എന്ന പ്രത്യേകതയുമുണ്ട്.
വത്തിക്കാനിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയിലെ എല്ലാ കര്‍ദിനാള്‍മാരും സന്നിഹിതരായിരുന്നു.
വത്തിക്കാന്‍ സമയം വൈകുന്നേരം നാലിനാരംഭിച്ച ദിവ്യബലിയ്ക്കിടെ 21 പിതാക്കന്‍മാരെയും കര്‍ദിനാള്‍മാരായി ഉയര്‍ത്തിക്കൊണ്ട് മാര്‍പാപ്പ ചുവന്ന തൊപ്പിയും പേപ്പല്‍ മുദ്രയുള്ള സ്വര്‍ണ മോതിരവും അടക്കമുള്ള സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ച് അനുഗ്രഹിച്ചു. പൗരസ്ത്യ സഭയുടെ രീതിക്ക് അനുസരിച്ച് ചുവപ്പും കറുപ്പും നിറഞ്ഞ തൊപ്പിയാണ് മാര്‍ കൂവക്കാടിനെ മാര്‍പാപ്പ അണിയിച്ചത്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷുമാരായ മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള സഭാ പിതാക്കന്മാരും ചടങ്ങില്‍ പങ്കെടുത്തു.
കണ്‍സിസ്റ്ററി തിരുക്കര്‍മങ്ങള്‍ക്ക് ശേഷം നവ കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ വത്തിക്കാന്‍ സമയം 9.30 ന് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ ദിവ്യബലിക്ക് മാര്‍പാപ്പയോടൊപ്പം നവ കര്‍ദിനാള്‍മാരും പങ്കെടുക്കും.
കത്തോലിക്കാ സഭയിലെ രാജകുമാരന്‍മാരെന്നാണ് കര്‍ദിനാള്‍മാര്‍ അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശ്രേണിയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു പുരോഹിതന് എത്താന്‍ കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്. കര്‍ദിനാള്‍ തിരുസംഘത്തില്‍ അംഗമാകുന്നതോടെ മാര്‍പാപ്പയുടെ ഔദ്യോഗികമായ ഉപദേശക സംഘത്തില്‍ അമ്പത്തൊന്നുകാരനായ മാര്‍ ജോര്‍ജ് കൂവക്കാടും ഉള്‍പ്പെടും.
സാധാരണ ഗതിയില്‍ മെത്രാന്‍മാരാണ് കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുക. മാര്‍ ജോര്‍ജ് കൂവകാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി ഉയര്‍ത്തുകയായിരുന്നു.
ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനാണ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. അദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ കഴിഞ്ഞ മാസം മെത്രാഭിഷേക ചടങ്ങുകള്‍ നടന്നിരുന്നു.
ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് അംഗ സംഘമാണ് പങ്കെടുക്കുന്നത്. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കേരളത്തില്‍ നിന്ന് എംഎല്‍എമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരും വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.
കൂടാതെ മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ഉള്‍പ്പടെ മാതൃ രൂപതയില്‍ നിന്നും ജന്മനാട്ടില്‍ നിന്നും നൂറു കണക്കിന് പേര്‍ വത്തിക്കാനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചു.
ഷാനോ എം കുമരൻ
അങ്ങ് ദൂരെ കടൽ കൊള്ളക്കാരുടെ നാട്ടിൽ ഓണം കേറാമല എന്ന കൊച്ചു ഗ്രാമത്തിൽ ഓണവും ഓണത്തപ്പനെയും ആദ്യമായി കൊണ്ടുവന്ന പുത്തൻ പണക്കാർ പാർക്കുന്ന കിറുക്കാനാവട്ടം പഞ്ചായത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് ആഹ്വാനം ചെയ്തു. തെരെഞ്ഞെടുപ്പ് കമ്മിറ്റിയും കമ്മിറ്റിയുടെ മേല്നോട്ടത്തിനായി പത്ത് അംഗ രക്ഷാ സമിതിയുമുണ്ടായി.
കിറുക്കാനാവട്ടം പഞ്ചായത്തു രൂപീകരിച്ചിട്ട് ആദ്യത്തെ തെരഞ്ഞെടുപ്പാണ്. ആര് ജയിക്കും ആര് തോൽക്കും. ? വാശിയേറിയ ചർച്ചകൾ പഞ്ചായത്തിനെ ഉദ്ധരിക്കുമെന്നു അടിയുറപ്പിച്ചു തീരുമാനിച്ച കിറുക്കാനാവട്ടം പഞ്ചായത്താക്കി മാറ്റുവാൻ ശുപാർശ ചെയ്തവരിൽ പ്രധാനി ‘മുടിയൻമല ചെമ്പൻ’ എന്ന ചെമ്പൻ കുഞ്ഞു ജയിക്കുമോ, അതോ പുതു പരിഷ്കാരിയും ഇപ്പോഴും അലക്കിത്തേച്ച സിൽക്ക് ഷർട്ടും പാന്റും ധരിച്ചു ആധാരമെഴുത്താഫീസിലെ ഉദ്യോഗസ്ഥന്റെ മാതിരി മീശയും താടിയും വെട്ടിയൊതുക്കി ഉള്ളിലൊരു വികാര വിത്യാസമില്ലെങ്കിലും ചുമ്മാ എല്ലാവരോടും ഞാൻ നിങ്ങടെ സ്വന്തം ആളാണെന്ന മട്ടിൽ വെളുക്കെ ചിരിക്കുന്ന രാരിച്ചൻ ജയിക്കുമോ? കണ്ടറിയണം.
എന്തായാലും കിറുക്കാനാവട്ടത്തെ മുക്കും മൂലയും ഷാപ്പായ ഷാപ്പും വീടായ വീടും തിരക്ക് പിടിച്ച ചർച്ചകളിലേർപ്പെട്ടു. നാട്ടിലെ ചെറുപ്പക്കാർക്കും പെണ്ണുങ്ങൾക്കും ചെമ്പൻ കുഞ്ഞിനോടായിരുന്നു താല്പര്യം. കാരണം ചെമ്പൻ കുഞ്ഞു പ്രസിഡണ്ട് ആയാൽ തങ്ങൾക്കു ഗുണമുണ്ടാവുമെന്നവർ ഉറച്ചു വിശ്വസിച്ചിരുന്നു. കാരണം എന്താണാവോ. “ചെമ്പൻ കുഞ്ഞു തറവാടിയാണെന്നേ അവനു നാട്ടുകാർക്ക് കിട്ടുന്ന വിഹിതത്തിൽ കയ്യിട്ടു വാരേണ്ട കാര്യമൊന്നുമില്ല അപ്പനപ്പൂപ്പൻമാരായിട്ടു ഉണ്ടാക്കിയിട്ടേക്കുവല്ലേ തലമുറകൾക്കിരുന്നുണ്ണാനുള്ളത്. പിന്നെന്തിനാ നക്കാപ്പിച്ച കിട്ടണവന്റെ ചട്ടിയിൽ കയ്യിട്ടു വാരുന്നേ? ചിലരങ്ങനെ അഭിപ്രായപ്പെട്ടു. തന്നെയുമല്ല അല്പസ്വല്പം ഔദാര്യങ്ങളെല്ലാം ചെമ്പൻകുഞ്ഞിൽ നിന്ന് കൈപറ്റിയിട്ടുള്ളവരാണ് അന്നാട്ടിൽ പലരും. അത് കാശായിട്ടും മറ്റു പല സേവങ്ങളായിട്ടും അങ്ങനെ പലതും.
അന്നാട്ടില് രാരിച്ചൻ വേറെ ലെവൽ ആണ്. അയാൾ തന്റെ നേട്ടങ്ങൾക്കു വേണ്ടി അനാവശ്യ കാര്യങ്ങൾക്കു പോലും പണത്തെ ദുര്യുപയോഗം ചെയ്യുവാൻ മടിയില്ലാത്ത ഒരു വ്യക്തിയാണ്. പൊതു സമൂഹത്തിൽ പുരോഗമന ചിന്താഗതിയുള്ളവർക്കു അതറിയുമെങ്കിലും ചില സായാഹ്നങ്ങളിൽ രാരിച്ചന്റെ കള്ളു സൽക്കാരത്തിൽ അവരിൽ മിക്കയാളുകളും അവരുടെ സാന്നിധ്യം അറിയിച്ചിട്ടുള്ളതാണ് . ഉണ്ട ചോറിനുള്ള നന്ദി. അത് പഴയ പ്രയോഗമായി ഒതുക്കപ്പെട്ടല്ലോ! ഇപ്പോളതു കുടിച്ച കള്ളിന്റെ നന്ദി പ്രകടിപ്പിക്കലായി.
പ്രാദേശിക തലത്തിൽ ആരോഗ്യമേഖലയിൽ ഉദ്യോഗസ്ഥനായ ചെമ്പൻ കുഞ്ഞു എന്ത് കൊണ്ടും തങ്ങൾക്കു ഗുണമുണ്ടാക്കുമെന്നു കിറുക്കാനാവട്ടത്തെ സ്ത്രീ ജനങ്ങളും വോട്ടവകാശമുള്ള യുവജനങ്ങളും കരുതി. അല്ല അങ്ങനെ വിചാരിച്ചതിൽ അവരെ കുറ്റം പറയാനൊക്കത്തില്ല കാരണം ചെമ്പൻ കുഞ്ഞു മുഖാന്തരം അവർക്കു ഗുണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ താനും.
കൊടിതോരണങ്ങളും മറ്റും ഉയർന്നു പൊങ്ങി. കവലയിലും കടകളുടെ ചുമരുകളിലും പോസ്റ്ററുകൾ കയ്യെഴുത്തുകൾ മുതലായവ പ്രത്യക്ഷപെട്ടു.
പല സംഘങ്ങൾ വേർ തിരിഞ്ഞു ജനങ്ങൾ ചെമ്പൻ കുഞ്ഞിന് വേണ്ടിയും രാരിച്ചനു വേണ്ടിയും വോട്ടഭ്യർത്ഥനകൾ നടത്തി. പലരും പല അപവാദങ്ങൾക്കും ഇരയായി. ഏറ്റവും കൂടുതൽ ദ്വേഷം കേട്ടത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ആയിരുന്നു. നിഷ്പക്ഷമായിരിക്കേണ്ടുന്ന തെരെഞ്ഞെടുപ്പ് കമ്മിറ്റിക്കു ചെമ്പൻ കുഞ്ഞുമായി പിന്നാമ്പുറ ബന്ധങ്ങൾ ഉണ്ടെന്നായിരുന്നു അതിൽ പ്രധാനം. കുത്തിത്തിരുപ്പുകാരെ പഴി പറയുവാനൊക്കത്തില്ല. അവർക്കു താല്പര്യമുള്ള ചില പ്രത്യേക വ്യക്തിത്വങ്ങളെ തെരെഞ്ഞെടുപ്പ് കമ്മിറ്റിയിൽ തിരുകി കയറ്റുവാൻ അവർ ഭഗീരഥ പ്രയത്‌നം ചെയ്തുവെങ്കിലും സർവദാ ഊർജ്ജസ്വലരായ രക്ഷാ സമിതി അതിനു അനുവദിച്ചിരുന്നില്ല. രാരിച്ചന്റെ പ്രധാന ഏണി വയ്പുകാരൻ ജോസ് താടിക്കാരന്റെ മേൽനോട്ടത്തിൽ പല അടി വലിച്ചിലുകൾക്കും തുടക്കമിട്ടു അവരുടെ ചർച്ചകൾ സാദാ സമയവും പണ്ട് വണ്ടി കച്ചവടം നടത്തി പൊളിഞ്ഞു പാളീസായ ഇരവി പിള്ളയുടെ പുതിയ ചായ കടയുടെ വരാന്തകളിൽ ആയിരുന്നു. രാരിച്ചൻ പൊട്ടിക്കുന്ന വിലകൂടിയ വിദേശിക്ക് പുട്ടിനു പീരയെന്നവണ്ണം ഇരവി പിള്ളയുടെ എല്ലും കപ്പ ധാരാളമായിരുന്നു.
ജോസ് താടിക്കാരൻ ചില അടി വലികളിൽ വിജയം കണ്ടു. ചെമ്പൻ കുഞ്ഞിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്ന ചില സംഘങ്ങളെ കള്ള് കൊടുത്തു വിലയ്‌ക്കെടുക്കുന്നതിൽ താടിക്കാരന്റെ ഉപചാപകവൃന്ദം വിജയിച്ചു. എങ്കിലും ഭയവും ആശങ്കയും ബാക്കി. ചെമ്പൻ കുഞ്ഞിന്റെ പൊതു ജന വികാരം അത്ര നിസ്സാരമല്ല .
തെരഞ്ഞെടുപ്പിന്റെ മാറ്റൊലികൾ കിറുക്കാനാവട്ടത്തിന്റെ മുക്കിലും മൂലയിലും ഓരോ പുൽകൊടികളെയും പ്രകമ്പനം കൊള്ളിക്കുമ്പോൾ തദ്ദേശത്തെ ആബാലവൃദ്ധം വനിതാ രത്‌നങ്ങൾ തെരെഞ്ഞെടുപ്പിനേക്കാൾ വലിയ മറ്റൊരു ആവേശത്തിന്റെ കൊടുമുടിയിലെത്തിയിരുന്നു. രണ്ടു ഗ്രാമങ്ങൾക്കപ്പുറത്തു പരിഷ്കാരികളുടെ നാട്ടിൽ ഒരു മത്സരം നടക്കുവാൻ പോകുന്നു. കിറുക്കാനാവട്ടത്തിലെ തരുണീമണികൾക്കു കേട്ട് കേൾവിയില്ലാത്ത ഒന്ന്.
‘ സൗന്ദര്യ മത്സരം ‘ സ്ത്രീകൾക്ക് മാത്രം. പെണ്ണഴകിന്റെ ആകാരവടിവുകൾക്കത്രേ ഇമ്പം കൂടുതൽ. പാടത്തു തൂമ്പയെറിയുകയും കത്തിജ്വലിക്കുന്ന ദിവാകരനോട് മല്ലിടുന്ന പുരുഷന്റെ കരുത്തിനെക്കാളേറെ അവളുടെ അഴകിനാണത്രെ കൂടുതൽ ഇനാം.
അങ്ങനെയാണ് അന്നാട്ടിൽ പുതിയതായി അവതരിച്ച വിശാലമനസ്കയായ വട്ടക്കണ്ണാടിക്കാരി വിശാലാക്ഷി മൂക്ക് കണ്ണാടിയിലൂടെ നോക്കി അന്നാട്ടിലെ വനിതകളോട് പറഞ്ഞത്. അല്ല അവൾ വിശദീകരിച്ചു കൊടുത്തു അവരെ പഠിപ്പിച്ചത് സ്ത്രീകൾക്ക് മാത്രം പുരുഷന്റെ മേധാവിത്തത്തിൽ നിന്നും കാതങ്ങൾക്കപ്പുറം പെണ്ണഴകിന്റെ ആകാരവടിവുകൾ വിലയിരുത്തുവാൻ ഇതാ സുവർണ്ണാവസരം. അതും രണ്ടു ഗ്രാമങ്ങൾക്കപ്പുറം പരിഷ്കാരികളുടെ പറുദീസയിൽ.
കിറുക്കാനാവട്ടത്തിന്റെ സർപ്പസുന്ദരി ,…… സർവ്വോപരി വനിതാ ശക്തി ദായക സംഘത്തിന്റെ പ്രസിഡണ്ട് കുമാരി കോമളവല്ലിയുടെ മേൽനോട്ടത്തിൽ മൂക്കുകണ്ണടക്കാരി വിശാലാക്ഷി കയ്യില്ലാത്ത സിൽക്ക് ബ്ലൗസിന്റെ വശങ്ങളിലൂടെ മാംസളമായ മേനികൊഴുപ്പിനെ പ്രകടമാക്കികൊണ്ടു കിറുക്കാനാവട്ടത്തിലെ ഓരോ വീടുകളിലൂടെയും സുന്ദരിമാരെ തേടിയലഞ്ഞു. പെണ്ണുങ്ങളെല്ലാം ഹൃദയത്തിൽ കുഴലൂത്ത് നടത്തി. സ്വന്തം സൗന്ദര്യം തഴമ്പിച്ച ബലിഷ്ഠ കരങ്ങളുടെയും തുറിച്ചു നോക്കുന്ന ഉപ്പൻ കണ്ണുകളുടെയും മേൽനോട്ടമില്ലാതെ ആസ്വദിക്കുവാനും പ്രകടിപ്പിക്കുവാനും ലഭ്യമാകുവാൻ പോകുന്ന സുവർണ്ണാവസരം. ആർക്കുമധികം സിദ്ധിക്കുവാനിടയില്ലാത്ത ഭാഗ്യ നിമിഷങ്ങൾ , എന്തിനു വേണ്ടായെന്നു വയ്ക്കണം ?
കിറുക്കാനാവട്ടമറിയാതെ കെട്ടിയവന്മാരും തന്ത കിഴവന്മാരും കള്ളുമൂത്ത കിടത്തന്മാരാരുമറിയാതെ ആ നാടിന്റെ ആബാലവൃദ്ധം സൗന്ദര്യ ധാമങ്ങളൊരുങ്ങി. വർണ്ണശബളമായ മേനിയഴകിന്റെ സുദിനവും കാത്ത്.
അങ്ങനെ ആ സുദിനമെത്തി. തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ തലവേദന ദിവസം. വോട്ടെടുപ്പ് തുടങ്ങി കഴിഞ്ഞു എങ്ങും എവിടെയും ആകാംക്ഷ മാത്രം. തെരെഞ്ഞെപ്പ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കുവാൻ ചില പ്രത്യേക ഗൂഢ സംഘങ്ങൾ ഉദയം കൊണ്ടു. വല്ലവന്റെയും കയ്യിലെ കാശിനു കള്ളടിച്ചു തിമിർക്കുവാൻ ഓരോരോ കാരണങ്ങൾ വേണ്ടായോ ? ജോസ് താടിക്കാരന്റെ ഓരോരോ കുബുദ്ധികൾ. അല്ലാതെന്തു പറയുവാനാണ്.
സ്ഥാനാർത്ഥികളുടെ ആളുകൾ ജീപ്പും ഓട്ടോ റിക്ഷകളുമായി തലങ്ങും വിലങ്ങും പാഞ്ഞു വീട്ടിൽ കിടക്കുന്നവരെയും വഴിയേപോയവരെയും എല്ലാത്തിനെയും പൊക്കിക്കൊണ്ട് വന്നു പോരും വഴി വിദേശി കുപ്പിയുടെ നിരവധി കഴുത്തുകൾ പൊട്ടിച്ചു സഞ്ചരിക്കുന്ന കള്ള് ഷാപ്പുകൾ. തെരെഞ്ഞെടുപ്പ് ദിനം ഷാപ്പുകൾ എല്ലാം അടയ്ക്കുമെങ്കിലും കിറുക്കാനാവട്ടത്തിനു വേറെ രീതികളാണ്. ആദ്യമായി ജനാധിപത്യത്തിൽ ഒരു നാഥനുണ്ടാകുവാൻ പോകുന്നു.
സ്ഥാനാർത്ഥികളുടെ വാലുകൾ പരസ്പരം കളിയാക്കുകയും കുക്കി വിളിക്കുകയും മറ്റും ചെയ്തു.
പോർ വിളികൾ ഒരു വേള അതിരുവിടുമെന്ന ഘട്ടത്തിൽ ഇടപെടുവാൻ ശ്രമിച്ച സ്ഥാനാർഥി ചെമ്പൻ കുഞ്ഞിന് നേർക്കും ആക്രോശിക്കുവാൻ എതിരാളികൾ മടിച്ചില്ല.
തെരെഞ്ഞെടുപ്പ് ദിവസം പുലർകാലത്തു വിശാലാക്ഷിയും കോമളവല്ലിയും കിറുക്കാനാവട്ടത്തെ തരുണീമണികളെ തേടിയിറങ്ങി. സർപ്പസുന്ദരികളുടെ പ്രൗഡോജ്ജ്വലമായ ആ
മഹാ സംഗമത്തിലേക്കു പുറപ്പെടാനുള്ള വണ്ടികൾ ഗ്രാമത്തിന്റെ അതിർത്തിയിൽ കാത്തു നില്കുന്നുണ്ടെന്നവരെയെല്ലാവരെയും അറിയിച്ചു കൊണ്ട് അവർ വീട് വീടാന്തരം കയറിയിറങ്ങി. പങ്കടുക്കുന്നവരിൽ നിന്നും തെരെഞ്ഞെടുക്കുന്ന നൂറു സുന്ദരികൾക്ക് പ്രത്യേക സമ്മാനമായി പോഷകമൂല്യമുള്ള പാൽ ചുരത്തുന്ന ഒരു മെഴുത്ത ‘ ആടിനെയും ‘ ലഭ്യമത്രെ. അത് ബഹു കേമം. കിറുക്കാനാവട്ടത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ചെമ്പൻ കുഞ്ഞിന് വിജയം നേർന്നു കൊണ്ടവർ തങ്ങളാലാകുന്ന വിധം പോഷകസമ്പത്തു വർദ്ധിപ്പിക്കുവാൻ ആടിനെ നേടുവാൻ പുലർകാലെ പുറപ്പെട്ടു. പ്രൗഢ ഗംഭീരമായ മേനിയഴകിന്റെ പ്രദർശന വേദിയിൽ കിറുക്കാനാവട്ടത്തിന്റെ തരള മോഹങ്ങൾ വിജൃംഭിതരായി തരിച്ചു നിന്നു പോയി.
വയസ്സിൽ മൂത്ത സുന്ദരിയാവാൻ ചട്ടയ്ക്ക് തൊങ്ങലും പിടിപ്പിച്ചു വന്ന മറിയച്ചേടത്തി ഇളമുറക്കാരി സിസിലിയോട് ചെവിയിൽ പറഞ്ഞു. ” മ്മടെ രാരിച്ചൻ മുതലാളീടെ വാല് താടിക്കാരനല്ലയോടി സിസിലികൊച്ചെ ആ പെണ്ണുങ്ങളോട് കുണുങ്ങി കൊണ്ട് നിൽക്കണത് “?
സിസിലി സൂക്ഷിച്ചു നോക്കി. ‘ ശെരിയാണല്ലോ കൂടെ നിൽക്കുന്നത് താടിക്കാരന്റെ എളാപ്പാന്റെ മകൾ ലൗലി അല്ലെ ‘.
സിസിലി തന്റെ സംശയം മറ്റു പെണ്ണുങ്ങളോട് കൂടെ പങ്കു വച്ചു നേരാണ് അത് താടിക്കാരനും എളാപ്പാന്റെ മോളും തന്നെ. “അവള് പണ്ടെങ്ങോ പട്ടണത്തിൽ ‘തിരുമ്മു ‘ പഠിക്കുവാൻ പോയതാ. പട്ടണക്കാര് മുഴുവനും ഇപ്പൊ അവളുടെ തിരുമ്മിൻമേലാ സുഖമായുറങ്ങുന്നതെന്നാ കരക്കമ്പി”. ആരോ അടക്കം പറഞ്ഞു. പെണ്ണുങ്ങൾക്ക് കാര്യം പിടികിട്ടി. പോഷകമൂല്യമുള്ള ആടിന് പകരമായി ത്യജിക്കേണ്ടത് ചെമ്പൻ കുഞ്ഞിന്റെ വോട്ട്. ചതി!!!!!
പെണ്ണുങ്ങൾ കൂട്ടം കൂടി. സിസിലിയുടെ നേതൃത്വത്തിൽ അവർ ഗ്രാമത്തിലേക്ക് വച്ച് പിടിച്ചു.
കയ്യൂക്കുള്ളവർ കിട്ടിയ ഓട്ടോ വണ്ടിയിലും പെട്ടി വണ്ടിയിലുമായി ഗ്രാമത്തെ ലാക്കാക്കി പാഞ്ഞു. ‘പെൺ ബുദ്ധി പിൻ ബുദ്ധിയായോ”? കണ്ടറിയണം
അലക്കി തേച്ച വടിവൊത്ത കുപ്പായത്തിനുള്ളിലെ ചതി തിരിച്ചറിഞ്ഞ പെണ്ണുങ്ങൾ ഓടിയെത്തി പ്രിയങ്കരനായ ചെമ്പൻ കുഞ്ഞിനെ വിജയിപ്പിച്ചു ഗ്രാമത്തിന്റെ ആരോഗ്യത്തെ കാത്തു രക്ഷിക്കുവാൻ. വെളുക്കെ ചിരിക്കുന്ന കള്ളിന്റെ ലഹരിയിലാറാടി തിമിർത്ത ചുവന്ന കണ്ണുകളുള്ള ആൺപിറന്നവർ നല്ല പാതികളായ ഭാര്യമാരെ ആശ്വസിപ്പിച്ചു ” പേടിക്കണ്ടെടീ പെൺ കിടാവേ നിന്റെ വോട്ടും ഞാൻ ചെയ്തിട്ടുണ്ട് …. നിന്റെയാൾക്കു തന്നെ ഞാൻ കുത്തിയിട്ടുണ്ട് കണ്ടോ എന്റെ രണ്ടു വെരലിലും അടയാളം “? ചൂണ്ടു വിരലിനൊപ്പം നടുവിരലിൽകൂടി പുരട്ടിയ കറുത്ത വരകൾ നോക്കി ഭാര്യമാർ നെടുവീർപ്പോടെ ആശ്വസിച്ചു. ‘ ഭാഗ്യം ചെമ്പൻ കുഞ്ഞു അദ്ദേഹം ജയിക്കും തീർച്ച’.
കിറുക്കാനാവട്ടത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പുരോഗമന വാദികളുടെ എല്ലാവരുടെയും മനസ്സിന്റെ പ്രതീക്ഷകൾ
പാടെ കാറ്റിൽ പറത്തിക്കൊണ്ട് ജോസ് താടിക്കാരന്റെയും രാരിച്ചന്റെയും തലയിൽ ഉദിച്ച വക്രബുദ്ധി ഫലം കണ്ടു നമ്മുടെ രാരിച്ചൻ മുതലാളി നേരീയ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു.പടക്കങ്ങളും വിദേശി കുപ്പികളും നാടെങ്ങും പൊട്ടി തിമിർത്തു.
ആരോഗ്യമുള്ള ജനതയെ സ്വപ്നം കണ്ട മുഴുവൻ വനിതകളെയും യുവജനങ്ങളെയും കുടിയന്മാർ അമ്പേ പരാജയപ്പെടുത്തി കളഞ്ഞു. മദ്യത്തിന്റെ ഒരു ശക്തി!!!
ആരാ ചെമ്പൻ കുഞ്ഞിനെ തോല്പിച്ചത് ? സ്ത്രീകൾ മുഖാമുഖം നോക്കി. മദ്യമോ ? അതോ തങ്ങളെ തന്നെ ബാധിച്ച സൗന്ദര്യ ബോധമോ. വിശാലാക്ഷിയും കോമളവല്ലിയുമോ ? ചിലർ കണ്ണ് നീര് പൊഴിച്ചു , നിസ്സഹായതയുടെ കുറ്റബോധം. എന്ത് തന്നെയായാലും കുരുട്ടു ബുദ്ധികൾ മുന്നേ പറന്നു. അതാത് കാലങ്ങളിൽ അത് ആവർത്തിക്കപ്പെടുന്ന ഒരു ചരിത്രമാണല്ലോ. അത് തിരുത്തികുറിക്കുവാൻ ജനാധിപത്യത്തിന് കരുത്തു എന്നെങ്കിലുമൊക്കെ ഉണ്ടാകട്ടെ ഇല്ലെങ്കിൽ തുലയട്ടെ ….ജന്മങ്ങൾ വെറുതെ പാഴ്ജന്മങ്ങൾ. എന്തായാലും ചെമ്പൻ കുഞ്ഞിന്റെ പരാജയം ആഘോഷിക്കപ്പെട്ടു. സത്യത്തിൽ ചെമ്പൻ കുഞ്ഞു പരാജയപെട്ടോ ഭൂരിപക്ഷം അത്ര വലുതാണോ. അല്ല കള്ളു തലയ്ക്ക് പിടിച്ച ചെമ്പൻ കുഞ്ഞു ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു. “ഞെളിയണ്ടടാ ആരുമങ്ങനെ കിറുക്കാനാവട്ടത്തെ പകുതിയിലേറെ വോട്ടു അതെനിക്ക് തന്നെയാ എന്നാലും ചതി …..ചതി….അയ്യോ …….”
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ആയിരുന്ന ഫാ. ജിനോ അരിക്കാട്ടിന്റെ പിതാവ് കരൂർ ചാലക്കുടി അരിക്കാടൻ പൗലോസ് വർഗീസ് (70) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കരൂർ ഔവർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യുകെയിലെ നിരവധി വർഷത്തെ സുദീർഘമായ സേവനത്തിനു ശേഷം സെപ്റ്റംബർ മാസത്തിലാണ് ഫാ. ജിനോ അരിക്കാട് ഇന്ത്യയിലേയ്ക്ക് മടങ്ങിയത്.
ഫാ. ജിനോ അരിക്കാട്ടിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്‌കൂട്ടറില്‍ ക്രെയിനിടിച്ച് മൂന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. പെരിന്തല്‍മണ്ണ പാണമ്പിയില്‍ പുളിക്കല്‍ നജീബിന്റെയും ഫജീലയുടെയും മകള്‍ നേഹ(21)യാണ് ക്രെയിനിനടിയില്‍പ്പെട്ടു മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡില്‍ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം.
മലപ്പുറം, പൂക്കോട്ടൂര്‍ പാറഞ്ചേരിവീട്ടില്‍ അഷര്‍ ഫൈസലുമായി ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. അല്‍ഷിഫ നഴ്‌സിങ് കോളജില്‍ ബി.എസ്സി. നഴ്‌സിങ് അഞ്ചാംസെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് നേഹ.
കോളേജില്‍നിന്ന് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് ഭര്‍ത്താവിനൊപ്പം വെട്ടത്തൂര്‍ കാപ്പിലെ ബന്ധുവീട്ടില്‍പ്പോയി സത്കാരം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. വാഹനം മറുഭാഗത്തേക്കു കടക്കുന്നതിനിടില്‍ യു ടേണില്‍ തിരിക്കാനിരിക്കെ വേഗതയിലെത്തിയ ക്രെയിന്‍ സ്‌കൂട്ടറിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കുവീണ നേഹ ക്രെയിനിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. തലയ്ക്ക് സാരമായി പരിക്കേറ്റ നേഹയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയ, സിയ എന്നിവരാണു സഹോദരങ്ങള്‍. മൃതദേഹം മൗലാന ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.