മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകും. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ വ്യാഴാഴ്ചയോടുകൂടിയാകും എത്തുക എന്നാണ് തിയേറ്റര്‍ ഉടമകളില്‍ നിന്ന് ലഭിക്കുന്ന വിവരം.
റീ എഡിറ്റിങ് കഴിഞ്ഞശേഷം ഞായറാഴ്ച രാത്രി തന്നെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് വെട്ടിമാറ്റിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉള്‍പ്പെടെയുള്ളവയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്രംഗിയുടെ പേര് മാറ്റി ബല്‍രാജെന്നുമാക്കിയിട്ടുണ്ട്.
അസാധാരണ നടപടിയാണ് ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായത്. നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അവധി ദിവസത്തിലാണ് സെന്‍സറിങും റീ എഡിറ്റിങ്ങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് മുഖപത്രത്തിലടക്കം മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.
എംപുരന്‍ സിനിമയുടെ സംവിധായകനും നടനുമായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആദ്യം മരുമകളായ ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താന്‍ പടിക്കണമെന്നാണ് അമ്മായി അമ്മയായ മല്ലിക സുകുമാരനോട് പറയാനുള്ളതെന്ന് അങ്കമാലിയിലെ ആശാവര്‍ക്കര്‍മാരുടെ സമരപരിപാടിയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
‘ഒരു വിഭാഗത്തെ മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോള്‍ ഇപ്പോ ഉണ്ടായ അവസ്ഥയെന്താ?. മോഹന്‍ലാലിന് ഖേദപ്രകടനം നടത്തേണ്ടി വന്നില്ലേ?. മല്ലിക സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് മേജര്‍ രവി ഒന്നാലോചിക്കണം, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോ എന്നാണ്. മേജര്‍ രവി മനസിലാക്കണം എല്ലാ കാര്യങ്ങളും മോഹന്‍ലാലിനോട് പറഞ്ഞിട്ടാണ് മകന്‍ ചെയ്തത് എന്നാണ്. അതിനര്‍ഥം മോഹന്‍ലാലിനെ പരോക്ഷമായി എതിര്‍ക്കുക, മേജര്‍ രവിയെ പ്രത്യക്ഷമായി എതിര്‍ക്കുകയെന്നാതാണ്’.
മല്ലികയോട് ബിജെപിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അവള്‍ അര്‍ബന്‍ നക്‌സലാ. അവര്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടപോസ്റ്റില്‍ പറഞ്ഞത് തരത്തില്‍ കളിക്കെടാ, എന്റെ ഭര്‍ത്താവിനോട് വേണ്ട. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായി അമ്മ ശ്രമിക്കേണ്ടത്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായാല്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നുപറയുമ്പോള്‍ പിണറായിക്കും ബിനോയ് വിശ്വത്തിനും ശിവന്‍കുട്ടിക്കും വിഷമം. എടോ നിങ്ങള്‍ ഈ വിഷമം കാണണ്ട; ആശാ വര്‍ക്കമാരുടെ വിഷമം കാണു’ – ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന് (കെസിബിസി) പിന്നാലെ വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ)യും.
ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍ക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വ്യക്തമാക്കി. മുനമ്പം പ്രശ്നം നിയമ ഭേദഗതിയിലൂടെ പരിഹരിക്കണമെന്നും മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാവണം മാറ്റമെന്നും സിബിസിഐ അറിയിച്ചു.
കേരള കാത്തലിക് ബിഷപ് കൗണ്‍സിലും കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ട് ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനാനുസൃതമല്ലാത്തതും അന്യായമായതുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നാണ് കെസിബിസി നിലപാട്. ഇതിനെ പിന്തുണച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും അടക്കം രംഗത്തെത്തി. ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്നത് വ്യാജ പ്രചാരണമാണെന്നും നുണകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
അന്ധവിശ്വാസങ്ങള്‍ കാരണം ഭര്‍ത്താവിന് ശാരീരിക ബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന് കാണിച്ചുള്ള ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കുടുംബജീവിത്തിലെ ഭര്‍ത്താവിന്റെ താത്പര്യമില്ലായ്മ വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ അയാള്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആയൂര്‍വേദ ഡോക്ടറായ ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ച മൂവാറ്റുപുഴയിലെ കുടുംബകോടതി വിധി ചോദ്യംചെയ്ത് ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.
ആത്മീയമോ മറ്റെന്തിങ്കിലുമോ ആവട്ടെ, വിവാഹം ഒരു പങ്കാളിക്ക് മറ്റൊരു ഇണയുടെ മേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരം നല്‍കുന്നില്ല. തന്റെ ആത്മീയജീവിതം ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.
ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍നിന്ന് വിട്ടുനിന്നു, പിജി കോഴ്‌സിന് ചേരാന്‍ അനുവദിച്ചില്ല, അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചു, തന്നെ തനിച്ചാക്കി നിരന്തരം തീര്‍ഥയാത്രകള്‍ക്ക് പോയി, പഠനകാലത്തെ സ്റ്റൈപ്പന്‍ഡ് തുക ദുരുപയോഗം ചെയ്തു എന്നീ കാര്യങ്ങള്‍ ആരോപിച്ചാണ് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചത്.
ആദ്യം നല്‍കിയ വിവാഹമോചന അപേക്ഷ ഭര്‍ത്താവ് മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് പിന്‍വലിച്ചു. ശരിയായ കുടുംബജീവിതം നയിക്കാമെന്നും ഭര്‍ത്താവ് ഉറപ്പ് നല്‍കിയിരുന്നതായി യുവതി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, വാക്ക് പാലിക്കാത്തതിനെത്തുടര്‍ന്നാണ് വീണ്ടും വിവാഹമോചനവുമായി മുന്നോട്ടുപോയതെന്നും പരാതിയില്‍ പറയുന്നു.
ടോം ജോസ് തടിയംപാട്
ജീവിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോൾ തന്റെ രണ്ടുപെൺമക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരിൽ ട്രെയിനിനു മുൻപിൽ ജീവൻ വെടിഞ്ഞ തൊടുപുഴ, ചുങ്കം സ്വദേശി ഷൈനിയുടെ കടം തീർക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച പണം ബഹുമാനപ്പെട്ട കരിങ്കുന്നം പഞ്ചായത്തു പ്രസിഡന്റ് കെ, കെ തോമസ് (റ്റൂഫാൻ തോമസ്) കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറി , ബെന്നി പി ജേക്കബ് സന്നിഹിതനായിരുന്നു .
ഞങ്ങൾ ശേഖരിച്ച 945 പൗണ്ട് (103399 രൂപ )യിൽ 95,225 രൂപ ,ഷൈനിയുടെ കടം തീർത്തതിനു ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നം പഞ്ചായത്തിൽ കരിങ്കുന്നത് താമസിക്കുന്ന കിടപ്പു രോഗിയായ വരകിൽ വീട്ടിൽ ഷാജി വി, കെ,യ്ക്ക് കരിങ്കുന്നം പഞ്ചായത്തു ഏഴാം വാർഡ് മെമ്പർ ബീന റോബി കൈമാറി .
ഞങ്ങൾ ഷൈനിയുടെ കടം വീട്ടുന്നതിനു നടത്തിയ ചാരിറ്റി പ്രവർത്തനത്തിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നെങ്കിലും അത് വകവയ്ക്കാതെ ഞങ്ങളുടെ ധാർമികതയും ലക്ഷ്യബോധവും കണ്ടെത്തി ഞങ്ങളുടെ പ്രവർത്തനത്തെ സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കൺവീനർ സാബു ഫിലിപ്പ് നന്ദി അറിയിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം കൂലിപ്പണിക്കാരായ ആ 13 കുടുംബശ്രീ കുടുംബങ്ങൾക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.
ഞങ്ങളുടെ ഈ സദ് ഉദ്യമത്തിൽ ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസിലാക്കി തുടക്കം മുതൽ ഞങ്ങളോടൊപ്പം നിന്ന യു കെയിലെ സൗത്ത് എൻഡിൽ താമസിക്കുന്ന റിട്ടയേർഡ് ഇലക്‌ട്രിസിറ്റി ബോർഡ് എൻജിനീയർ ജിമ്മി ചെറിയാൻ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി പ്രസിഡണ്ട്, ലാലു തോമസ് ,ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവരെ നന്ദിയോടെ ഓർക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല , കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും, നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,41, 50000 (ഒരുകോടി നാൽപ്പത്തിഒന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട്.
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം ,ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് . ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦ കൊടുക്കുന്നത്.
സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”” കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന.
സ്കൻതോർപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റി 2025-26 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. സ്കൻതോർപ്പിലെ ഓൾഡ് ബ്രംബി യുണെറ്റഡ് ചർച്ച് ഹാളിൽ വച്ച് നടന്ന അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗിലാണ് 15 അംഗ കമ്മിറ്റിയെ ഐകകണ്ഠേന തിരഞ്ഞെടുത്തത്.
ബിനോയി ജോസഫാണ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻറ്. അമൃത കീലോത്ത് – വൈസ് പ്രസിഡൻ്റ്, ദിൽജിത്ത് എ ആർ – സെക്രട്ടറി, സോണാ ക്ളൈറ്റസ് – ജോയിൻ്റ് സെക്രട്ടറി, ലിബിൻ ജോർജ് – ട്രഷറർ സ്ഥാനങ്ങൾ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി ബിനു വർഗീസ്, വിദ്യാ സജീഷ്, സന്തോഷ് തോമസ്, ഫിയോണ ജോസഫ്, ബിജോ സെബാസ്റ്റ്യൻ എന്നിവരെയും തെരഞ്ഞെടുത്തു. വിപിൻ രാജു ഓഡിറ്റർ സ്ഥാനത്ത് തുടരും. ഡോ. പ്രീതി മനോജ്, ഹർഷ ഡോമിനിക്, അലീന കെ സാജു, ഡോയൽ രാജുഎന്നിവരെ കമ്യൂണിറ്റി റെപ്രസൻ്റേറ്റീവുകൾ ആയി നാമനിർദ്ദേശം ചെയ്തു. ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാനാ ബിനു വർഗീസ് എന്നിവർ യൂത്ത് റെപ്രസൻ്റേറ്റീവുമാരായി പ്രവർത്തിക്കും.
നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൽ സജീവമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നടപ്പാക്കുന്നത്. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ ശക്തമായ കാമ്പയിന് അസോസിയേഷൻ തുടക്കം കുറിച്ചിട്ടുണ്ട്. പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോർത്ത് ലിങ്കൺ ഷയർ കൗൺസിലിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങളും അസോസിയേഷൻ നടത്തി വരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും കുടുംബസമേതം പങ്കെടുക്കുവാനും മലയാളികൾക്കൊപ്പം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഒത്തുചേരുവാനും അനുയോജ്യമായ സാഹചര്യമൊരുക്കിയാണ് അസോസിയേഷൻ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. അസോസിയേഷൻ്റെ അംഗങ്ങൾക്കായി ബാഡ്മിൻ്റൺ കോച്ചിംഗ്, ക്രിക്കറ്റ്, ബോളിവുഡ് ഡാൻസ് ക്ലാസ് അടക്കമുള്ള വിവിധ പരിപാടികൾ കഴിഞ്ഞ വർഷം അസോസിയേഷൻ നടത്തിയിരുന്നു. ഹൾ, ഗെയിൻസ്ബറോ, ഗൂൾ, ഗ്രിംസ്ബി കമ്യൂണിറ്റികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടാലൻ്റ് ഷോയും അവാർഡ് നൈറ്റും നോർത്ത് ലിങ്കൺഷയറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പ്രശംസ നേടി.
അസോസിയേഷൻ്റെ ഈസ്റ്റർ/ വിഷു/ഈദ് ആഘോഷം ഏപ്രിൽ 21ന് നടക്കും. മെയ് 10 ന് ഇൻ്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.
യുക്മ നഴ്സസ് ഫോറം നോർത്തുവെസ്റ്റ് റീജിയൻ ഇൻ്റർനാഷണൽ നേഴ്സസ് ഡേ സംഘടിപ്പിക്കുന്നു. യുക്മ നോർത്ത് വെസ്റ്റ് റീജിയണിലുള്ള നേഴ്സുമാർക്ക് വേണ്ടി യുക്മ നേഴ്‌സസ് ഫോറം (യു എൻ എഫ് ) നോർത്തുവെസ്റ് റീജിയണും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (ലിംക) സംയുക്തമായി മെയ് പത്താം തീയതി നടത്തുന്ന ഇൻ്റർനാഷണൽ നേഴ്സസ് ഡേയിലേക്ക് എല്ലാ നേഴ്‌സുമാരേയും സ്വാഗതം ചെയ്യുന്നു.
യുകെ യിലെ മലയാളി നേഴ്സുമാർക്കുവേണ്ടി യുക്മ 2012ൽ ആരംഭിച്ച സംഘടനയാണ് യുക്മ നേഴ്‌സസ് ഫോറം. യു കെ യിലെ മലയാളി നേഴ്സുമാരുടെ ഉന്നമനത്തിനും. അവരുടെ തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്നതിനും, കൂടാതെ സെമിനാറുകൾ, പരിശീലന ക്ലാസുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവയിലൂടെ കൂടുതൽ അറിവും വൈദഗ്ദ്യവും നൽകി അവരെ ശാക്തീകരിക്കുക എന്നിവയാണ് യുക്മ നേഴ്‌സസ് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഇൻ്റർനാഷണൽ നേഴ്സസ് ഡേ ആഘോഷിക്കുന്നത്. ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സ്തുത്യർഹമായ സേവനമാണ് മഹാമാരിയെ തരണം ചെയ്യാൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്.
എല്ലാ വർഷവും ലോക നേഴ്‌സസ് ദിനത്തിൽ നേഴ്സിംഗിൻ്റെ ഒരു പ്രത്യേക വശം ഉയർത്തിക്കാട്ടുന്നതിന് വ്യത്യസ്തമായ തീം ഉണ്ടാകാറുണ്ട്. 2025 ലെ ലോക നഴ്‌സസ് ദിനത്തിലെ തീം ആണ് “നേഴ്‌സുമാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം” (Physical and Mental Wellbeing of the Nurses).
സെമിനാർ, ഡിബേറ്റ്, ഗ്രൂപ്പ് ഡിസ്കഷൻസ്, കൾച്ചറൽ പ്രോഗ്രാംസ് എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായ ആഘോഷങ്ങൾ ആണ് യുക്മ നേഴ്‌സസ് ഫോറം നോർത്തുവെസ്റ് റീജിയൺ ഇത്തവണ ഇൻ്റർനാഷണൽ നേഴ്സസ് ഡേ ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ലിവർപൂളിലെ ഔർ ലേഡി ഓഫ് ദി അസംപ്ഷൻ പാരീഷ് സെന്ററിൽ നടക്കുന്ന നേഴ്‌സസ് ഡേ ആഘോഷങ്ങളിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കുവാൻ പറ്റുക. രാവിലെ ഒൻപതു മണിക്ക് രജിസ്ട്രേഷനോട് കൂടി ആരംഭിച്ചു വൈകിട്ടു അഞ്ചു മണിയോടെ സമാപിക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ ചെയ്തുവരുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്തു നിങ്ങളുടെ രെജിസ്ട്രേഷൻ ഇന്ന് തന്നെ ഉറപ്പാക്കുക.
വിവിധ നേഴ്സിംഗ് മേഘലകളിൽ നിന്നും പരിചയസമ്പന്നരായ സീനിയർ നഴ്സുമാർ, ട്രേഡ് യൂണിയൻ നേതാക്കൾ, നോർത്ത് വെസ്റ്റിലെ എന്‍എച്ച്എസുകളിൽ ഉന്നത സ്ഥാനം വഹിക്കുന്നവർ തുടങ്ങി പ്രഗത്ഭരായവരുടെ ക്ലാസുകൾ, നഴ്‌സസ് മാരുടേതായ കലാപരിപാടികള്‍ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ആഘോഷപരിപാടികൾ നടക്കുന്നത്. ഈ പരിപാടിയുടെ ഭാഗമാകുവാൻ മേഴ്സിസൈഡിലേയും യൂകെയിലെയും എല്ലാ നേഴ്സുമാരെയും സ്വാഗതം ചെയ്യുന്നു.
മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്ന നഴ്സുമാർക്ക് ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Rani Jacob – +447958311874
Reena Binu – +447944687008
Jilson Joseph – +447459052037
Venue Address:
Our Lady of the Assumption Parish Centre, Hartsbourne Ave,
Liverpool
L25 2RY
https://www.nursingtimes.net/nurse-wellbeing/international-nurses-day-2025-theme-revealed-10-01-2025/
സംസ്ഥാനത്ത് താപനില ഉയരുന്നത് കണക്കിലെടുത്ത് ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
12 ജില്ലകള്‍ക്കാണ് താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 30/03/2025 , 31/03/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തൃശൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍. ഞായറാഴ്ച ശവ്വാല്‍ മാസപ്പിറ കണ്ടതോടെ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍(ഈദുല്‍ ഫിത്തര്‍) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
ഇത്തവണ റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍(ഈദുല്‍ ഫിത്തര്‍)ആഘോഷിക്കുന്നത്. ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുള്ളതാണ് ഈദുല്‍ ഫിത്തര്‍ ആഘോഷം.
ശവ്വാല്‍ മാസപ്പിറ കാണുന്നതോടെ പള്ളികളില്‍നിന്ന് തക്ബീര്‍ ധ്വനികളുയരും. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഫിത്തര്‍ സക്കാത്ത് വിതരണവും പൂര്‍ത്തിയാക്കും. പുത്തനുടുപ്പുകള്‍ അണിഞ്ഞ് വിശ്വാസികള്‍ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുകൂടും. കുടുംബ,സുഹൃദ് ബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍ ആഘോഷം. എല്ലാ വായനക്കാര്‍ക്കും മാതൃഭൂമി ഡോട്ട് കോമിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍.
എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മല്ലിക സുകുമാരൻ. ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ തന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദു:ഖമുണ്ടെന്ന് മല്ലികാ സുകുമാരൻ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ലെന്നും അവർ പറഞ്ഞു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല. പൃഥ്വിരാജിനെ ബലിയാടാക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനുപിന്നിൽ ചില ചലച്ചിത്രപ്രവർത്തകരുമുണ്ടെന്ന് സംശയിക്കുന്നുവെന്നും മല്ലികാ സുകുമാരൻ പറഞ്ഞു. മേജർ രവിയേയും അവർ രൂക്ഷമായി വിമർശിച്ചു.
മല്ലികാ സുകുമാരൻ ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ:
‘എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.
ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം. എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്. പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല, ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.
എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്…..പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?
മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു..”ഞാൻ തിരക്കിൽ ആണ് അമ്മേ… ലാലേട്ടൻ വന്നിട്ടുണ്ട്. ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം” എന്നാണ് അവൻ പറഞ്ഞത്.ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല. തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.
പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ. മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് ഇവർ നടത്തുന്നത്. പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എൻ്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്?
പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ. അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല.
“അത് വേണ്ടായിരുന്നു മേജർ രവി” എന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്. മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പട്ടാള ഗ്രൂപ്പുകളിൽ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു?
ആരൊക്കെയോ ഉണ്ടാക്കിയ കഥകൾ ആണ് ചിലരിലൂടെ ഇപ്പോൾ പുറത്തു വരുന്നത്. പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരിൽ ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്. ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്. അവരെ ഞാൻ മറക്കുന്നില്ല.പാർട്ടിയുടെയോ ജാതി,മത ചിന്തയുടെയോ അടിസ്ഥാനത്തിൽ അല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളർത്തിയത്. എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നിൽ ചില ചലച്ചിത്ര പ്രവർത്തകരും ഉണ്ടെന്ന സംശയം ഞങ്ങൾക്ക് ഉണ്ട്. എനിക്കോ മക്കൾക്കോ രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും സ്‌ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാൻ ഒരു അതിമോഹവും ഇല്ല. അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കിൽ അവരോടാണ് ഇക്കാര്യം പറയുന്നത്.
പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്. ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല. ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല. വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും. ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല. 70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കണം…..
ഇനി മാധ്യമ പ്രവർത്തകരോട് രണ്ട് വാക്ക് : പൃഥ്വിരാജ് സെൻസർ ബോർഡിൽ പോയി “എന്റെ പടത്തിൽ മാറ്റം വരുത്തരുതേ” എന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തക പറയുന്നത് കേട്ടു. സെൻസറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെൻസർ ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടായാൽ തീർത്തു കൊടുക്കാൻ സംവിധായകനോ നിർമാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവർക്ക് അറിഞ്ഞു കൂടേ? അടിക്കടി അഭിപ്രായം മാറ്റുന്ന ‘മന്ദബുദ്ധി’ ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനൽ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. ‘അടിക്കടി ചാനലിൽ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവർത്തകരെ പോലെ അഭിപ്രായം മാറ്റുന്നവൻ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.