Latest News

ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി ഇന്നലെ മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 6 ആയി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍. ആൽവിന്റെ മരണത്തിൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ കുടുംബ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ച വരികൾ ആരുടെയും കണ്ണീരണിയിക്കുന്നത്. ഫേസ്ബുക്കിലെ എഴുത്തിന്റെ പൂർണ്ണരൂപം വായിക്കാം.

പ്രിയ ആൽവിനെ…… വിട…..

എന്തെ ദൈവ്വങ്ങൾ ഇങ്ങനെ….പ്രിയ ആൽവിനെ……
മനസിലെ നൊമ്പരം… അത് എന്തിനേക്കാളും ഇന്നുണ്ട്.. വളരെ കുഞ്ഞായിരുന്ന കാലം മുതലേ അറിയുന്ന പ്രിയ സുഹൃത്തിന്റെ മകൻ.. നിന്റെ സ്വപ്നങ്ങളും… പ്രതീക്ഷകളും.. ഒരു ഡോക്ടർ ആകണം എന്ന നിന്റെ ആഗ്രഹം… അതിനു വേണ്ടി ആൽവിൻ നീ എടുത്ത തീരുമാനങ്ങൾ.. നിന്റെ മാതാപിതാക്കൾ അറിയും മുൻപേ നിൻറെ ലക്‌ഷ്യം അതാണ് എന്ന് നീ എന്നോടായിരുന്നല്ലോ പറഞ്ഞിരുന്നത്..

നിന്റെ കഴിവുകൾ തിരിച്ചറിയാൻ അധികകാലം വേണ്ടി വന്നിരുന്നില്ല.. പഠനത്തിലും നിന്റെ അക്കാദമിക് റെക്കോർഡിലും നീ ഉന്നത നിലവാരം പുലർത്തിയപ്പോൾ ഒരു പാട് ഒരുപാട് സന്തോഷിച്ചിരുന്നു. നിന്റെ സ്വതന്ത്രമായ പഠന ശൈലി… പഠിക്കുന്ന വിഷയത്തെ ആഴത്തിലറിയാനുള്ള നിന്റെ ശ്രമം.. അതിനു വേണ്ടി ആൽവിൻ…. നീ സഹിച്ച ബുദ്ധുമുട്ടുകൾ… നിന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് നിന്റെ സ്വപ്നം സഫലമാക്കി മെഡിസിന് പ്രവേശനം ലഭിച്ചപ്പോൾ… വീട്ടുകാർക്കും നാട്ടുകാർക്കും നീ നൽകിയ സന്തോഷം… പ്രതീക്ഷകൾ… എല്ലാം…

എൻട്രൻസ് പഠനകാലം നിനക്ക് അല്പം സ്കോർ കുറഞ്ഞാൽ കളിയാക്കാൻ ഞാനും ഉണ്ടായിരുന്നു.. നിനക്ക് അന്ന് വിഷമം ഉണ്ടായോ എന്നറിയില്ല.. പിന്നീട് ആൽവിൻ നീ പറഞ്ഞിട്ടുണ്ട്.. ” എനിക്ക് വിഷമം അല്ല തോന്നിയത് വാശിയാണ്” എന്ന് . . എന്തെല്ലാം ആയാലും നിന്റെ കുടുംബ വീട്ടിലേക്കുള്ള യാത്രയിൽ പോകുമ്പോൾ എന്റെ അടുക്കലേക്കു ഓടി വരുന്ന…. സ്നേഹത്തോടെ ഒരു പുഞ്ചിരി സമ്മാനിച്ച് എന്റെ ഒരു വിളി കേട്ട് പോകുന്ന.. അല്ലെങ്കിൽ എന്റെ വായിലിരിക്കുന്ന എന്തെങ്കിലും കേട്ടിട്ട് ചിരിയോടെ ഇറങ്ങി പോകുന്ന ആൽവിൻ ഇനിയും നീ ഞങ്ങൾക്ക് ഒപ്പമില്ലല്ലോ…

നീറ്റ് പരീക്ഷയിൽ ഉന്നത മാർക് ലഭിച്ചപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചപ്പോൾ ആദ്യം വിളിച്ചത് എന്നെ ആയിരുന്നല്ലോ ആൽവിൻ…. ഇടയ്ക്കു നിന്നെ വഴക്കു പറയുമ്പോൾ നിനക്ക് സ്നേഹം കൂടുക ആയിരുന്നു എന്ന് ഞാൻ പിന്നീട് അറിഞ്ഞു.. അതിലേറെ പി ജി ഒക്കെ എടുത്തു വിദേശത്തു ഒക്കെ പോയ് തിരികെ വരണം ആൽവിൻ എന്ന് നിന്നോട് പറഞ്ഞപ്പോൾ.. എനിക്ക് അവിടെ എങ്ങും പോകണ്ട… നാട്ടിലെ പാവപെട്ട ആളുകൾക്ക് സൗജന്യമായി ചികിത്സ നൽകണം എന്ന നിന്റെ വാക്കുകൾ…….നിന്റെ ആ ചെറിയ ശരീരത്തിലെ വലിയ മനസ്സ് വായിക്കാൻ എനിക്ക് നന്നേ പാടുപെടേണ്ടി വന്നു..

ചിലപ്പോൾ നിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഞാൻ പകച്ചിരുന്നിട്ടുണ്ട്‌… അധികം സംസാരിക്കാത്ത.. ചോദ്യങ്ങൾക്കു നീ നൽകുന്ന കൃത്യമായ മറുപടികൾ എനിക്ക് എന്നും നീ ഒരു കൗതുകമായിരുന്നു… നിനക്ക് തന്ന ആ വലിയ കഴിവുകളെ ഈശ്വരൻ അങ്ങെടുത്തുവല്ലോ… എന്നോർക്കുമ്പോൾ ആ ദൈവത്തോട് എനിക്ക്…. “എന്താ ഈശ്വരാ ഇങ്ങനെ” എന്ന് ചോദിച്ചു പോകേണ്ടി വരുന്നു….

നാളെ നീ വീണ്ടും എത്തും .. നിശ്ചലമായ നിന്റെ ആ ശരീരം അവസാനമായി ഒരു നോക്ക് കാണുവാൻ ഉള്ള ശക്തി തരണമേ എന്ന് പ്രാർത്ഥിക്കുന്നു.. ഈ ലോകത്തിന് അപ്പുറം ഒരു ജീവിതം ഉണ്ടെങ്കിൽ നിന്റെ സ്വപ്‌നങ്ങൾ അവിടെയെങ്കിലും സഫലമാകട്ടെ എന്നാഗ്രഹിക്കുന്നു.. പൊന്ന് മോനേ നിനക്ക് വിട…….

https://www.facebook.com/share/p/3JQNZqbvQSFM1MoE/

കളര്‍കോട് വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആല്‍വിന്‍.

തലച്ചോറ്, ശ്വാസകോശം, വൃക്ക, ഇടതു തുടയെല്ല്, മുട്ടെല്ല് തുടങ്ങിയ അവയവങ്ങളില്‍ ക്ഷതമേറ്റ ആല്‍വിന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോളിട്രോമാ കാറ്റഗറിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. അപകടം നടന്ന ദിവസംതന്നെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. നിലവില്‍ നാല് വിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം പോരുവഴി ആനന്ദ് മനു, എറണാകുളം സ്വദേശി ഗൗരീശങ്കര്‍, കൊല്ലം ചവറ പന്മന സ്വദേശി മുഹസ്സിന്‍ മുഹമ്മദ് എന്നിവരാണ് ചികിത്സയിലുള്ളത്. ആനന്ദ് മനുവിന് തുടയെല്ലിനു പൊട്ടലും തലച്ചോറിനും തലയോട്ടിക്കും ക്ഷതവുമുണ്ട്. കൃഷ്ണദേവിന് തിങ്കളാഴ്ചരാത്രി തന്നെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പുതുക്കുറിച്ചി സ്വദേശി ഷൈന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്

ബിനോയ് എം. ജെ.

ഈശ്വരൻ അനന്തസത്തയാണ്. ശൂന്യാകാശ പേടകത്തിൽ കയറി ആയിരം കോടി പ്രകാശ വർഷങ്ങൾ സഞ്ചരിച്ചാലും ഈശ്വരന്റെ ഒരംശം പോലും താണ്ടുന്നില്ല. ഈശ്വരൻ മാത്രമാണ് അനന്തസത്ത. നാമീകാണുന്ന പ്രപഞ്ചവും, മറ്റു പ്രപഞ്ചങ്ങളും ഇവയെല്ലാം കൂടി ചേർന്നാലും (അവയോരോന്നും പരിമിതങ്ങളാണെന്നുള്ളതിന് വേറെ തെളിവു വേണ്ടല്ലോ) ഈ ഈശ്വരന്റെ ഒരംശം പോലുമാകുന്നില്ല. മനുഷ്യജീവിതവും അനന്തമാണ്. കാരണം നമ്മിലും അതേ ഈശ്വരൻ തന്നെ വസിക്കുന്നു. ഞാനും ആ അനന്തസത്തയാണ്. മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ല. മരണത്തിനപ്പുറം മറ്റൊരു പുനർജ്ജന്മം ഉണ്ട്. ഈ ജീവിതചക്രം ഒരിക്കലും അവസാനിക്കില്ലെന്ന് പലരും നിരാശയോടെ പറയാറുണ്ട്. ഇതെന്തിന് അവസാനിക്കണം? അനന്തമായി ജീവിക്കുക എന്നുള്ളത് ഒരു മഹാഭാഗ്യമല്ലേ? അത് തന്നെയല്ലേ നമ്മുടെ ആഗ്രഹവും ലക്ഷ്യവും? ഇനി മോക്ഷം സമ്പാദിച്ച് ഈശ്വരനിൽ ലയിച്ചാലും ആ ഈശ്വരനും അനന്തസത്ത തന്നെയല്ലേ? എങ്ങിനെ നോക്കിയാലും നമുക്ക് അവസാനമില്ല. അതു തന്നെയല്ലേ നമ്മുടെ അസ്ഥിത്വത്തിന്റെ ഭാവാത്മകതയും മധുരിമയും.

അതിനാൽ ഈ അനന്തതയുമായി മനസ്സിനെ പൊരുത്തപ്പെടുത്തികൊള്ളുക. പലപ്പോഴും നാം അനന്തതയുമായും പരിമിതിയുമായും മനസ്സിനെ കൂട്ടികുഴയ്ക്കാറുണ്ട്. അനന്തതയാണ് നമുക്കേറെ ഇഷ്ടം. എന്നാൽ നാം വ്യർത്ഥമായി പരിമിതികളെയും സ്നേഹിക്കുന്നു. ഉദാഹരണത്തിന് പഠനം കഴിഞ്ഞു ജോലി കിട്ടുമ്പോഴേക്കും, എല്ലാം തീർന്നു, ഇനി നന്നായി ഒന്ന് വിശ്രമിച്ചേക്കാം എന്ന് നാം ചിന്തിക്കുന്നു. അൽപസമയം വിശ്രമിച്ചു കഴിയുമ്പോഴേക്കും നമ്മുടെ തലക്ക് ഒരു പ്രഹരം കിട്ടുന്നു. നാം ഞെട്ടിതിരിഞ്ഞു നോക്കുമ്പോൾ പ്രകൃതി നമ്മോട് പറയുന്നു “ഒന്നും അവസാനിച്ചിട്ടില്ല, എല്ലാം തുടരുകയാണ്, നിങ്ങളുടെ ജോലിയും അനുബന്ധ കാര്യങ്ങളും തുടങ്ങുവാൻ പോകുന്നതേയുള്ളൂ…”

അനന്തമായി നീളുന്ന നമ്മുടെ അസ്ഥിത്വത്തിൽ പരിമിതി ആരോപിക്കുമ്പോൾ അനന്തതയും പരിമിതിയും കൂടിച്ചേർന്ന് പുതിയ ഒരു സത്ത ജന്മമെടുക്കുന്നു. അതാകുന്നു ഈ കാണുന്ന ജഗത്. ഈ കാണുന്ന ജഗത് ഒരേസമയം പരിമിതവും അനന്തവും ആണ്. നമ്മുടെ ജീവിതവും അപ്രകാരം തന്നെ. ഒരേ സമയം പരിമിതവും അനന്തവും ആകയാൽ ഈ ജഗത് ദ്വൈതമാണ്. അനന്തത കേവലാനന്ദമാണെങ്കിൽ, പരിമിതി ദുഃഖവുമാണ്. അനന്തതയും പരിമിതിയും കൂടിക്കലർന്ന ഈ ജഗത്തിൽ സുഖദു:ങ്ങൾ മാറിമാറി വരുന്നു. അനന്താനന്ദം തീർച്ചയായും സാധ്യമാണ്. അത് വേണമെങ്കിൽ എല്ലാ പരിമിതികളെയും ദൂരെയെറിയേണ്ടിയിരിക്കുന്നു. പരിമിതി മിഥ്യയാണ്. വാസ്തവത്തിൽ അങ്ങിനെയൊന്നില്ല. ഉള്ളത് അനന്തത എന്ന ഏകസത്തയാണ്. രണ്ടാമതൊന്നില്ല(അദ്വൈതം). പരിമിതി മനസ്സിന്റെ ഒരു വികൽപം മാത്രം. അതിന്റെ പിറകേ പോകുന്നവൻ മിഥ്യയിൽ ചരിക്കുന്നു. ദുഃഖം അവന്റെ കൂടപ്പിറപ്പായിരിക്കും. പരിമിതികളെക്കുറിച്ചുള്ള ചിന്ത അനന്തതയെ ഇല്ലാതാക്കുന്നില്ല. മറിച്ച് അവതമ്മിൽ കൂടി കലരുന്നു. വൈരുധ്യങ്ങൾ നിറഞ്ഞ ജഗത് ഇങ്ങനെയാണ് രൂപം കൊള്ളുന്നത്.

അനന്തസത്തയായ ഈശ്വരന് പല ഭാവങ്ങൾ ഉണ്ടാവാം. അതനുസരിച്ച് ഈശ്വരൻ അനന്തസ്നേഹമാണ്; അനന്താനന്ദമാണ്; അനന്തമായ ഭാവാത്മകതയാണ്; അങ്ങനെ പലതും ആണ്. അനന്തസ്നേഹത്തിൽ പരിമിതി ആരോപിക്കുമ്പോൾ വിദ്വേഷം ജനിച്ചു വീഴുന്നു. ഇത് ലൗകിക സ്നേഹമാണ്. അനന്താനന്ദത്തിൽ പരിമിതി ആരോപിക്കുമ്പോൾ ദുഃഖം ജന്മമെടുക്കുന്നു. അത് ലൗകിക ആനന്ദമാണ്. ഇപ്രകാരം തന്നെ അനന്തമായ ഭാവാത്മകതയിൽ പരിമിതി ആരോപിക്കുമ്പോൾ നിഷേധാത്മകത ജനിക്കുന്നു. അതും ലൗകികത തന്നെ.

നാം കാണുന്ന ഈ ജഗത് ഒരേസമയം സത്യവും മിഥ്യയും ആണ്. അതിൽ അനന്തതയുടെ ഒരു സ്പർശം ഉള്ളതിനാൽ അത് സത്യമാണ്. അതിൽ പരിമിതിയുടെ ഒരു സ്പർശമുള്ളതിനാൽ അത് മിഥ്യയുമാണ്. അനന്തസത്തയിൽ പരിമിതിയാരോപിക്കുമ്പോഴാണ് ഈ ജഗത് ഉണ്ടാകുന്നതെന്ന് നാം കണ്ടു. ഇപ്രകാരം പരിമിതി ആരോപണം സംഭവിക്കുന്നത് എന്തുകൊണ്ടാണ്? ഉത്കണ്ഠ മൂലമാണ് ഇത് സംഭവിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഞാൻ അനന്താനന്ദത്തിൽ കഴിയുമ്പോൾ “ഇതെങ്ങാനും നഷ്ടപ്പെട്ടു പോയാലോ” എന്ന ഉത്കണ്ഠ വരികയും ഞാനാ ഉത്കണ്ഠയുടെ പിറകേ പോവുകയും ചെയ്യുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഉത്കണ്ഠ എന്റെ അനന്താനന്ദത്തെ മറക്കുന്നു. അപ്പോൾ ഞാൻ ജഗത്തിനെ കാണുന്നു. ജഗത്തിനെ കാണുമ്പോൾ പാതിസത്യം മാത്രമായ ജഗത് എനിക്ക് പൂർണ്ണ സത്യമായി അനുഭവപ്പെടുകയും ഈശ്വരൻ മറക്കപ്പെടുകയും ചെയ്യുന്നു. ആനന്ദവും ഉത്കണ്ഠയും കൂടി കലർന്നുണ്ടാകുന്ന ഈ ജഗത് സുഖദു:ഖങ്ങളുടെ കേളീരംഗമാണ്. ജഗത് സത്യമായി അനുഭവപ്പെടുമ്പോൾ അതു കൂടുതൽ ഉത്കണ്ഠകളെ ജനിപ്പിക്കുകയും ഒരു ദൂഷിതവലയം രൂപം കൊള്ളുകയും ചെയ്യുന്നു. ഇതിൽ നിന്നും പുറത്തു കടക്കുക അത്ര എളുപ്പമല്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

ബിനു ജോർജ്

കവൻട്രി: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ എക്ക്യൂമെനിക്കൽ ക്രിസ്‌മസ്‌ കരോൾ മത്സരത്തിന്റെ ഏഴാം സീസൺ ഡിസംബർ 7 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടക്കും. കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ വച്ച് ഉച്ചകഴിഞ്ഞ് 2 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന സന്ധ്യയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഗായകസംഘങ്ങൾ മത്സരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ജോയ് ടു ദി വേൾഡിന്റെ ആറാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനൊന്നു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് കവൻട്രി വർഷിപ്പ് സെന്റർ ഗായകസംഘമായിരുന്നു. ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാർത്തോമാ ചർച്ച് ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി.

ജോയ് ടു ദി വേൾഡ് സീസൺ 7 അരങ്ങേറുന്ന കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബിലെ വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും മികച്ച പാർക്കിംഗ് സൗകര്യങ്ങളും ഈ സംഗീതസായാഹ്നത്തെ മികവുറ്റതാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഉച്ചമുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിവിധ പള്ളികളുടെയും , സംഘടനകളുടെയും ഗായകസംഘങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 07958236786 / 07720260194
പ്രോഗ്രാം നടക്കുന്ന വേദിയുടെ അഡ്രസ്: Willenhall Social Club, Robin Hood Rd, Coventry CV3 3BB

റോമി കുര്യാക്കോസ്

യു കെ: ഓ ഐ സി സി (യു കെ)യുടെ ആഭിമുഖ്യത്തിൽ ‘മാധ്യമങ്ങൾ പിണറായി സർക്കാരിന്റെ ബിനാമികളോ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാധ്യമ – തെരഞ്ഞെടുപ്പു ചർച്ചാ വേദികളിൽ കോൺഗ്രസ്‌ പാർട്ടിയുടെ പോർമുഖങ്ങളായ കെ പി സി സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, എറണാകുളം ഡി സി സി ജനറൽ സെക്രട്ടറി രാജു പി നായർ, എന്നിവരാണ് ഓൺലൈനായി നടത്തപ്പെട്ട ചർച്ചയിൽ മുഖ്യപ്രഭാഷകരായി എത്തിയത്. ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ യു കെയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു.

ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതം ആശംസിച്ചു. ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും, ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു.

ഭരണകുട ഭീകരതയോടൊപ്പം മാധ്യമങ്ങളിൽ നിന്നുമുള്ള കടുത്ത വിവേചനമാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ അഭിമുഖീകരിക്കുന്നതെ ന്നും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അവരെ ഉപയോഗിച്ച് സർക്കാർ കടുത്ത പ്രതിരോധമാണ് സൃഷ്ട്ടിക്കുന്നതെന്നും ഉദാഹരണം സഹിതം മുഖ്യപ്രഭാഷകനായ ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

രാഷ്ട്രപുരോഗതിയേയും സമൂഹ നന്മയെയും മുൻനിർത്തിയായിരുന്നു മുൻകാലങ്ങളിലെ പത്രപ്രവർത്തനം, എന്നാൽ അതിന് കടക വിരുദ്ധമായ പ്രവണതകളും, ഭരിക്കുന്ന സർക്കാരിന്റെ കൊടിയുടെ നിറം നോക്കിയുള്ള പത്രപ്രവർത്തനവുമാണ് ഇന്ന് നടക്കുന്നതെന്നും ഷീബ രാമചന്ദ്രൻ പറഞ്ഞു.

മാധ്യമ പ്രവർത്തകർ വാർത്താ റിപ്പോർട്ടിങ്ങിൽ രാഷ്ട്രീയം വളർത്തുന്നത് നീതീകരിക്കാനാവാത്ത തെറ്റാണെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും തുടർന്ന് സംസാരിച്ച രാജു പി നായർ പറഞ്ഞു. ശരിയായ മാധ്യമ ധർമ്മം അറിയാത്ത മാധ്യമ പ്രവർത്തകരാണ് മാധ്യമ പ്രവർത്തനങ്ങളിൽ വന്ന ഇന്നത്തെ മൂല്യച്യൂതിക്ക് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്‌ പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങൾക്ക് എതിരെ ഓ ഐ സി സി (യു കെ)യുടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചർച്ചയുടെ കോൺഗ്രസ്‌ പാർട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങൾക്ക് എതിരെ ഓ ഐ സി സി (യു കെ)യുടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചർച്ചയുടെ പ്രധാന ലക്ഷ്യമെന്ന് നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

ചർച്ചകൾക്ക് ശേഷം നടന്ന ചോദ്യോത്തര വേളയിൽ തോമസ് ഫിലിപ്പ്, വിജീ പൈലി, ഷോബിൻ സാം എന്നിവർ പങ്കാളികളായി. സംഘടനയുടെ വർക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, ഡോ. ജോഷി ജോസഫ്, അപ്പ ഗഫൂർ, മണികണ്ഠൻ ഐക്കാട്, വൈസ് പ്രസിഡന്റ്റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ ജോൺ, ലിലിയ പോൾ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അഷറഫ് അബ്ദുള്ള, അജിത് വെണ്മണി, മറ്റു നാഷണൽ / റീജിയൻ / യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയർ പരിപാടിയുടെ ഭാഗമായി.

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിൽ. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

താമരക്കുളം സ്വദേശിയായ യുവാവുമായി പ്രണയിച്ച് വിവാഹം കഴിച്ച രഞ്ജിത രണ്ടു വർഷം മുൻപ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. അതിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചു പോയി. ഇരട്ടകളിൽ ഒരു കുഞ്ഞിന് ജന്മനാ ജനിതക വൈകല്യം മൂലമുള്ള രോഗങ്ങൾ കാരണം ചികിത്സയിലായിരുന്നു.

ഭർത്താവ് വിദേശത്ത് ആയതിനാൽ ഭർത്താവിന്റെ പിതാവിനോടും മാതാവിനോടും ഒപ്പമാണ് രഞ്ജിത താമസിച്ചിരുന്നത്. കുഞ്ഞിനെ കഴിഞ്ഞ 13 ന് രാത്രി എട്ടു മണിക്ക് ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് ഇവർ പോവുകയായിരുന്നു.

മുലപ്പാൽ മാത്രം ഭക്ഷണമായി നൽകിയിരുന്നതിനാൽ കുഞ്ഞിനെ ഭർത്താവിന്റെ മാതാവും പിതാവുമാണ് സംരക്ഷിച്ചത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലും മറ്റും ചികിത്സയും നൽകി. ഇതിനിടെ മുലപ്പാൽ കിട്ടാതെ കുഞ്ഞ് അവശനിലയിൽ ആയതിനാൽ രഞ്ജിതയെ വിളിച്ചു വരുത്താൻ ശ്രമിച്ചെങ്കിൽ ഇവർ എത്തിയില്ല.തുടർന്നായിരുന്നു പോലീസിൽ പരാതി നൽകിയത്.

ബാലനീതി നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുഞ്ഞിനെ സംരക്ഷിക്കണമെന്ന പൊലീസ് നിർദ്ദേശവും രഞ്ജിത തള്ളിയതോടെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കളർകോട് അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു നൽകി. സി.സി.ടി.വി. ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 (പഴയ ഐ.പി.സി. 304 എ) പ്രകാരമാണു കേസ്.

എഫ്.ഐ.ആർ. തയ്യാറാക്കിയപ്പോൾ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുറ്റക്കാരനാക്കിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്നു കണ്ടെത്തി. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും എഫ്.ഐ.ആറിൽ ഡ്രൈവർ ഗുരുതരകുറ്റം ചെയ്തതായുള്ള പരാമർശത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയാണ് വിദ്യാർഥിക്കെതിരേ കേസെടുത്തത്.

കാറോടിച്ച വിദ്യാർഥിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്താണു നിലവിൽ നടപടിയെടുക്കാത്തത്.

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. റിലീസിന് മുന്നോടിയായി തീയേറ്ററിന് മുന്നിൽ പോലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ട് വീണ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. റിലീസിന് മുന്നോടിയായി ആരാധകരുടെ വലിയനിര തന്നെ തീയേറ്ററിന് മുന്നിലുണ്ടായിരുന്നു.തീയേറ്ററിലേക്ക് അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറുമെത്തിയിരുന്നു. ആരാധകരുടെ ആവേശം അതിരുകടന്നതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു. അതിനിടെ സിനിമ കാണാനെത്തിയ കുട്ടി കുഴഞ്ഞുവീണു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

വന്‍ വിജയമായി മാറിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജ?ഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് പരിഗണിക്കവെ ആയിരുന്നു താക്കീത്.

ഇതോടൊപ്പം ദേവസ്വങ്ങള്‍ക്കെല്ലാം ഹൈക്കോടതി താക്കീത് നല്‍കി. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് ചോദിച്ച കോടതി മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും മുന്നറിയിപ്പ് നല്‍കി.

ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. കോടതി നിര്‍ദേശം നടപ്പാക്കണം. ദേവസ്വം ബോര്‍ഡ് ഓഫീസറോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടികളെടുക്കും.

വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ 2219 കോടി രൂപയുടെ പാക്കേജ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും സഹായ ധനത്തില്‍ അന്തിമ തീരുമാനം.

എന്നാല്‍ കേരളം ആവശ്യപ്പെട്ടത് പോലെ ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. ദുരന്ത ബാധിതര്‍ മാസങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്.

സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. 153 കോടി രൂപ കേരളത്തിന് നവംബര്‍ 16 ന് അനുവദിച്ചിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വ്യോമസേനാ രക്ഷാ പ്രവര്‍ത്തനത്തിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്.

വയനാട്ടില്‍ രണ്ടായിരം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക ഗാന്ധി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം ആവശ്യപ്പെട്ടത്.

വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് നല്‍കിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. നിലവിലെ മാനദണ്ഡങ്ങള്‍ ഇത് അനുവദിക്കുന്നില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കിയത്.

Copyright © . All rights reserved