മലയാളി യുവാവിനെ ഹംഗറിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അമരാവതിപ്പാറ തൊട്ടിയില്‍ വീട്ടില്‍ സനല്‍ കുമാര്‍ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ സനലിനെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ റാണി. മക്കള്‍: ആര്യ, അശ്വിന്‍.
റോമി കുര്യാക്കോസ്
ഈസ്റ്റ്ഹാം: പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ മിന്നും വിജയം യു കെയിലും ആഘോഷമാകുന്നു. കഴിഞ്ഞ ദിവസം ഈസ്റ്റ്ഹാമിലെ ഒരു കൂട്ടം യു ഡി എഫ് പ്രവർത്തകരാണ് മധുരം പങ്കിട്ടും വിരുന്നൊരുക്കിയും പ്രീയങ്ക ഗാന്ധിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വിജയം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങൾ മുഖേന യു ഡി എഫിനായി ശക്തമായ പ്രചരണ പ്രവർത്തനങ്ങളും ഇവർ നടത്തിയിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനം മുതൽ യു ഡി എഫ് പ്രവർത്തകർ നടത്തിയ ചിട്ടയായ പ്രവർത്തനവും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ മുന്നിൽ നിന്നും നയിച്ച പ്രചരണത്തിന്റെയും പ്രതിഭലനമാണ് യു ഡി എഫ് നേടിയ ഈ വലിയ വിജയം.
പ്രവാസലോകത്തെങ്കിലും കോൺഗ്രസ്സ് പാർട്ടിയോടും യു ഡി എഫ് മുന്നണിയോടുമുള്ള കൂറും അടങ്ങാത്ത ആവേശവും ഇന്നും ഉള്ളിന്റെ ഉള്ളിൽ കാത്തു സൂക്ഷിക്കുന്ന ഇവർ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും നേതൃത്വം വഹിക്കുന്നവരുമാണ്. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോഴും ഒന്നാം ചരമവാർഷിക ദിനത്തിലും ഈസ്റ്റ്‌ഹാമിൽ വിപുലമായ അനുശോചന യോഗവും ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
വിൽസൺ പുന്നോലിൽ
ലണ്ടൻ: യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഇടുക്കി ജില്ല സംഗമത്തെ (ഐജെ എസ്) കൂടുതൽ ജനകീയവും ശക്തവും സംഘടിതവുമായ കൂട്ടായ്മായായി മാറ്റുവാൻ ഐജെസ് ഭരണ സമിതി തീരുമാനമെടുക്കയുണ്ടായി. ഐ ജെ എസ് ഭാരവാഹികളുടെ റെഡ്ഡിങ്ങിൽ ചേർന്ന യോഗത്തിൽ സംഘടനയെ ശക്തിപ്പെടുത്തന്നതിൻ്റെ ഭാഗമായി യുകെയിൽ എത്തി ചേർന്ന എല്ലാ ഇടുക്കികാരെയും സംഗമത്തിൽ അംഗങ്ങളാക്കുവാനുള്ള ശ്രമത്തിലാണ്.
ജന പങ്കാളിത്വവും അംഗങ്ങളുടെ ആത്മാർത്ഥമാ സഹകരണവും വൈവധ്യപൂർണ്ണമായ കലാ സംസ്കാരിക പരിപാടി കൊണ്ടും ബ്രിട്ടനിലെ ഏറ്റവും പ്രധാന സംഗമമാണ് ഇടുക്കി ജില്ലാ സംഗമമെന്ന് നിസ്സമശയം പറയാമെങ്കിലും കൂട്ടായ്മയെ കൂടുതൽ ശക്തവും ജനകീയവും ആക്കി തീർക്കുവാൻ ഇടുക്കി ജില്ലയിൽ ജനിക്കുകയും വളരുകയും ചെയ്ത എല്ലാവരെയും സംഗമത്തിൽ ചേർത്തു മുന്നോട്ടു പോകാൻ കമ്മറ്റി ശ്രമിക്കുന്നതാണ്.
മുൻ വർഷങ്ങളിലേതുപോലെ തന്നെ സംഗമവുമായി ബന്ധപ്പെട്ടു നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, സംസ്കാരിക കൂട്ടായ്മ തുടങ്ങിയവയെ ക്കുറിച്ച് ചർച്ചകൾ നടത്തുകയും അവ കൂടുതൽ ജനപങ്കാളിത്വത്തോടെ കൂടുതൽ വിപുലമായി സംഘടിപ്പിക്കുവാനും കമ്മിറ്റി തീരുമാനിയ്ക്കുകയുണ്ടായി.
ഇത്തവണത്തെ ഇടുക്കി ജില്ലാ സംഗമ കുടംബ കൂട്ടായ്മ ഇംഗ്ലണ്ടിലെ തെക്ക് കിഴക്കൻ നഗരമായ ബാസിൽഡണിൽ മേയ് മാസം 24 ശനിയാഴ്ച്ച നടത്തുന്നതാണ്. സംഗമത്തിൽ എത്തുന്നവർ അവരവരുടെ കുടംബാംഗളുമായി എത്തണമെന്നും പരിപാടി വിജയകരമായി തീർക്കുവാൻ ഓരോ അംഗങ്ങളും മുന്നോട്ടു വരണമെന്നും ഐ.ജെ.എസ് ഭരണസമിതി അഭ്യർത്ഥിച്ചു.
മുൻ വർഷങ്ങളിൽ ഇടുക്കി ജില്ല സംഗമം അഭിമാനകരമായി സംഘടിപ്പിച്ച വടംവലി മത്സരത്തിനു നേതൃത്വം കൊടുത്ത മുൻ ഇടുക്കി ജില്ല സംഗമം കൺവീനർ ബാബു തോമസിന്റെയും സാൻറ്റോ ജേക്കബ്ബിൻ്റെയും നേതൃത്വത്തിൽ തന്നെ മേയ് മാസം 4-ാം തീയ്യതി ഞാറാഴ്ച്ച നോർത്താംപ്ടണിൽ വച്ച് ഓൾ യു.കെ വടംവലി മത്സരം സംഘടിപ്പിക്കുന്നതാണ്.
ബാഡ്മിൻ്റൺ ടൂർണമെൻറ് മാർച്ച് മാസം അവസാനത്തിൽ ഐ.ജെ.എസ് മുൻ കൺവീനർ ജെസ്റ്റ്യൻ എബ്രാഹമിൻ്റെ നേതൃത്വത്തിൽ നോട്ടിംങ്ങാമിൽ വച്ച് നടത്തുന്നതായിരിക്കും.
പ്രസിഡൻ്റ് സിബി ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന ഭരണ സമിതി യോഗത്തിൽ സെക്രട്ടറി ജോമോൻ ചെറിയാൻ സ്വാഗതവും ട്രഷറർ റോയ് ജോസഫ് നന്ദിയും പറഞ്ഞു. ദ്വദിന മീറ്റിങ്ങിൽ മുൻ കൺവീനറന്മാരായ ജിമ്മി ജേക്കബ്, ബാബു തോമസ്, പി ആർ ഓ വിൽസൺ പുന്നോലിൽ, സാജു ജോർജ്, ജോഷി ജോസഫ്, ബാബു മക്കുഴിയിൽ, ജിനേഷ് ലൂക്ക എന്നിവർ പങ്കെടുത്തു.
ഇടുക്കി ജില്ല സംഗമ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് സംഗമത്തിൻ്റെ വാട്സ് അപ് ഗ്രൂപ്പിൽ ചേരണമെന്ന് താത്പര്യപ്പെടുന്നു.
Follow this link to join our WhatsApp group: https://chat.whatsapp.com/8vrUQ4rG4OSGhjNk4EZvvZ
ജോസ് ജെ. വെടികാട്ട്
സിംഹത്തെ പോലെ ഗർജ്ജിച്ചുവെങ്കിലും നീ സിംഹമല്ല , ആരും നിന്നെ സിംഹമെന്നു വിളിച്ചുമില്ല !
മറിച്ചോ നിന്റെ സിംഹഭാവത്തിൽ അവർ മൗനം ദീക്ഷിച്ചു !
നിന്റെ സിംഹഭാവത്തിൽ മാനവർ പേടമാനുകളെ പോൽ നൊന്തു കരഞ്ഞു.
ഒടുവിൽ നീയൊരു പേടമാനേ പോൽ നീറി നൊന്തു കരഞ്ഞുവെങ്കിലും നീ പേടമാനാവില്ല !
മാടത്തക്കിളിയേ പോലെ മനോദു:ഖങ്ങൾ വിസ്മരിച്ച് ചിറകുകളാർന്ന് വാനിൽ പാറി പറന്നുവെങ്കിലും, ശോഭിച്ചു നിൽക്കും പുഷ്പത്തെ പോലെ വാടിക്കരിഞ്ഞു വീണൊടുവിലെങ്കിലും നീയവയൊന്നുമല്ല !
സിംഹത്തെപോലെ നീ ഗർജ്ജിച്ചതും, പേടമാനേ പോലെ കരഞ്ഞതും , മാടത്തക്കിളിയായ് മനോദു:ഖങ്ങൾ വിസ്മരിച്ച് പാറിപറന്നതും ഒന്നോർത്താൽ പരസ്പര സമാധാനം പുലരാൻ വേണ്ടി !
നീയാരെന്നു ചോദിച്ചാൽ നിന്റെ പേരല്ലോ നരൻ !
ആയതിനാൽ അരഷ്ടിതകൾ നമുക്ക് പരസ്പരം പൊറുക്കാം , സഹിക്കാം !
അരഷ്ടിതകൾ പരസ്പരം ക്ഷമിക്കാൻ മാനദണ്ഡം മനസ്സാക്ഷി !
സിംഹത്തെപോലെ ഗർജ്ജിക്കുമ്പോഴും , പേടമാനേ പോലെ കരയുമ്പോളും, മനോദു:ഖങ്ങൾ വിസ്മരിച്ച് മാടത്തക്കിളിയേ പോൽ വാനിൽ പറക്കുമ്പോളും നിനക്ക് മനസ്സാക്ഷിയുണ്ട് !
ഈ ജീവിതമത്സരത്തിൽ മനസ്സാക്ഷിയില്ലാത്തവർ തോൽക്കട്ടെ !
മനസ്സാക്ഷിയുള്ളവർ ജയിക്കട്ടെ !
മറ്റുള്ളവരുടെ ഉൾപ്രേരകശക്തിയാൽ ചിറകാർന്ന് ചിറകറ്റ് വീണ്ടും ചിറകാർന്ന് നീ പാറി പറക്കുന്നു !
നിന്റെ ചിറകടിയിൽ വർഷവസന്തം വിടരുന്നു !
നിന്റെ ചിറകടിയിൽ സന്ധ്യകൾ പുലരികളാം പുനർജനി തേടുന്നു!
നിന്റെ ചിറകടിയിൽ ജീവജാലങ്ങൾ ഇളവേൽക്കുന്നു !
പക്ഷേ ഒടുവിൽ നിന്റെ ചിറകുകൾ നിന്റെ ദൗർബല്യത്തിൽ നിന്നെ ഉപേക്ഷിച്ച് പറക്കുന്നു !
നിന്റെ ജീവിതത്തിന്റെ അർത്ഥതലങ്ങൾക്ക് പുതിയ മാനമേകി നിന്റെ ചിറകുകളിൽ മറ്റുള്ളവർ പറക്കുന്നു !
ഈ ലോകം നിന്നെ ഉപേക്ഷിച്ച് നിനക്കു പകരം നിന്റെ ചിറകുകളേ പൂജിക്കുന്നു !
നിന്റെ പേരല്ലോ നരൻ !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാര്‍ ഇവരെ കാണുകയും തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു.
ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ കൂട്ടത്തിലൊരാളെ വീട്ടുകാര്‍ പിടികൂടി. ഇയാളെ ചോദ്യംചെയ്ത പോലീസ് മറ്റുമൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ രണ്ടുവര്‍ഷമായി ലൈംഗികചൂഷണത്തിന് വിധേയമായിരുന്നതായി ബോധ്യപ്പെട്ടു.
പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ സഹപാഠിയായ വിദ്യാര്‍ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആണ്‍സുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ ഇവരുമായി രണ്ടുവര്‍ഷത്തോളം പരിചയമുള്ള ഇരുപതും 22-ഉം പ്രായമുള്ള രണ്ടുപേരും സ്ഥലത്തെത്തി. ഇവര്‍ പരസ്പരം കണ്ടതോടെയാണ് ബഹളമായതെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി പറഞ്ഞു. ഇവര്‍ക്കെതിരേയാണ് പോക്‌സോ കേസ്.
വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയുമാണുണ്ടായിരുന്നത്. ബഹളംകേട്ട് ഇവര്‍ ഉണര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 22-കാരനെയാണ് തടഞ്ഞുവെച്ച് പോലീസിനു കൈമാറിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഈയിടെയാണ് ഒരു ഇംഗ്ലീഷുകാരി പറഞ്ഞു സ്വയം മരണം നേടിയെടുക്കുന്നതിന്റെ ഭംഗി മനസിലായത് . മേഴ്സി കില്ലിംഗ് , അത് ഇപ്പോൾ സ്വിറ്റ്സർലൻഡ് നിയമം ഇവിടെയുമാണ് . ഏതാണ്ടൊരു പത്തു വർഷം മുമ്പ് പതിനായിരം പൗണ്ടിൽ ഒതുക്കാമായിരുന്ന മരണമിപ്പോൾ പതിനയ്യായിരം പൗണ്ട് വരെ ആയിട്ടുണ്ട് . മനസുകൊണ്ട് മരിക്കാൻ തയ്യാറായ ഇംഗ്ലീഷുകാർ, നേരത്തെ തന്നെ രജിസ്റ്റർ ചെയ്തു പറഞ്ഞുറപ്പിച്ച സമയത്തു സ്വാറ്റ്‌സർലൻഡിലേയ്ക്ക് വണ്ടി കയറും . ചിലർ രണ്ടാഴ്ച ചിലർ ഒരാഴ്ച അങ്ങനെ ടൈം നേരത്തെ പറഞ്ഞുറപ്പിച്ചിട്ടുണ്ടായിരിക്കും . അവർ പറഞ്ഞുറപ്പിച്ചിരിക്കുന്ന ടൈം ഫ്രെമിനു മുമ്പുള്ള ഓരോ ദിവസവും അവരുടെ ഓരോരോ ആഗ്രഹങ്ങളായി നടത്തി കൊടുത്തു കൊണ്ടേയിരിക്കും . അങ്ങനെ പ്രതീക്ഷിക്കാത്ത ഏതെങ്കിലുമൊരു ദിവസം അവർ പോലുമറിയാതെ ഇൻജെക്ഷൻ കൊടുക്കുകയും അങ്ങനെ മരണത്തിലേയ്ക്ക് കടക്കുകയും ചെയ്യുന്നു ….
അതേപോലെതന്നെയാണ് , ഈ കഴിഞ്ഞയിടെ ഒരു ബ്രിട്ടീഷ് ദമ്പതികളായ RAF എഞ്ചിനീയർ പീറ്റർ സ്കോട്ട് (86 )ഉം റിട്ടയർ നേഴ്‌സായ ഭാര്യ ക്രിസ്റ്റീൻ (80) ഉം ആണ് ഈ തീരുമാനമെടുത്തത് .
ഇവർ ബുക്ക് ചെയ്തിരിക്കുന്നത് ഒരു ഇരട്ട ‘ആത്മഹത്യ പോഡ്’ , അതായത് രണ്ടുപേർക്ക് ഒരുമിച്ചു ആലിംഗനം ചെയ്തു കിടന്നു ഒരേപോലെ മരിക്കാനാണ് തീരുമാനം . അതിന് മുമ്പ് സ്വിസ് ആൽപ്‌സിൽ നടക്കാൻ പോകുന്നതും അവസാന അത്താഴമായി അവരുടെ ഇഷ്ട ഭക്ഷണമായ ഫിഷ് ആൻഡ് ചിപ്സും വീഞ്ഞും കുടിക്കുന്നതുൾപ്പെടെയുള്ള അവസാന നിമിഷങ്ങളും ഈ ദമ്പതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാനം , ഡെത്ത് പോഡിൽ പിടിപ്പിച്ചിട്ടുള്ള ബട്ടണിൽ രോഗികൾക്ക് തന്നെ സ്വയം അമർത്താവുന്നതാണ് . അങ്ങനെ ചെയ്യുമ്പോൾ ഡെത്ത്പോഡിന്റെ അറയിൽ മുഴുവൻ നൈട്രജൻ നിറയുകയും അങ്ങനെ ഓക്‌സിജന്റെ കുറവുണ്ടാക്കുകയും ചെയ്യുന്നു. ഈ ഒരു സംവിധാനം മരണത്തിന്റെ അസ്വസ്ഥതകൾ ഇല്ലാതെ മരിക്കാൻ സഹായിക്കുന്നു ….
അവരിങ്ങനെ ഒരു തീരുമാനമെടുത്തതിന് പിറകിൽ ഭാര്യക്കുണ്ടായ വാസ്കുലാർ ഡിമെൻഷ്യയും, ഭാര്യയുടെ അഭാവത്തിൽ ഒരാൾക്ക് മറ്റൊരാളില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുമാണ് അവരെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചതിന് പിറകിൽ .
അവർ പറയുന്നു ഞങ്ങൾ ഇത്രയും നാൾ നല്ല ആരോഗ്യമുള്ള, സംതൃപ്തമായ ഒരു ജീവിതമാണ് നയിച്ചത്. എന്നാൽ ഇന്ന് ഇവിടെ ഞങ്ങൾക്ക് പ്രായമായിരിക്കുന്നു, എന്റെ സഹധർമണിയുടെ ഓർമ്മകൾ പൂർണമായി നശിച്ചു തപ്പി തടയുന്ന , എന്നെ മനസിലാക്കാൻ പോലും കഷ്ടപ്പെടുന്ന ആ ഒരു ദിവസത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും സാധ്യമല്ല . അതിനാൽ ഞങ്ങൾക്ക് ഇത് തിരഞ്ഞെടുക്കേണ്ടി വന്നു ….എങ്കിലും എനിക്ക് കഴിയും വരെ അവളെ ഞാൻ പരിപാലിക്കും ….അവളില്ലാത്ത ഒരു ദിവസം പോലും ഞാൻ ആഗ്രഹിക്കുന്നില്ല … എല്ലാത്തിനും വലുത് , നമുക്ക് വേണ്ടത് എന്തെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശമാണ് . യുകെയിൽ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയാത്തത് വളരെ നിരാശാജനകമാണെന്നും അതിനാൽ ഞങ്ങൾ സ്വിറ്റ്സർലൻഡ് തിരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവരെ കുറ്റം പറയാനും പറ്റില്ല , കാരണം ഇവിടെ നേഴ്സിങ് ഹോമിലും കെയർ ഹോമിലുമൊക്കെ ഉണങ്ങി വരണ്ട ചുണ്ടുകളിൽ ഒരിറ്റു വെള്ളം ഒഴിക്കാനോ , ഒന്ന് സമാധാനിപ്പിക്കാനോ ആളില്ലാതെ മരണം വരെ വലിച്ചു വലിച്ചു മരണം കാത്തു, കിടക്കുന്ന നിഷ്കളങ്കരായ നമുഷ്യരെ കണ്ടിട്ടുള്ളവർ ആരും പറയില്ല ദയാ വധം വേണ്ടെന്ന് ….
കാരണം ദയാവധം, അല്ലെങ്കിൽ അസിസ്റ്റഡ് ഡെത്ത് നിലവിൽ ഇംഗ്ലണ്ടിലും വെയിൽസിലും നിയമ വിരുദ്ധമാണ്, സ്വന്തം ജീവനെടുക്കാൻ ഒരാളെ സഹായിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കും ഇവിടെ ലഭിക്കാം . എന്നാൽ 1942 മുതൽ, സ്വിറ്റ്‌സർലൻഡ് അസിസ്റ്റഡ് ആത്മഹത്യയെ അനുവദിച്ചിട്ടുണ്ട്, പക്ഷെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികൾ സുബോധമുള്ളവരായിരിക്കണമെന്നും സ്വാർത്ഥ കാരണങ്ങളാൽ പ്രചോദിതരാകരുതെന്നും സ്വിസ് നിയമം അനുശാസിക്കുന്നു….
ബ്രിട്ടീഷ് സിനിമാതാരവും തീയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് നായികയായി എത്തുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി സിസർ കട്ട്’ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.
യുട്യൂബിൽ വൻ വിജയമായി മാറിയ ‘ദി നൈറ്റ്‘ നും ’യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ നും ശേഷം ബ്രിട്ടനിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ ടാക്സ് കെയർ അക്കൗണ്ടൻസി സർവീസസും പേജ് ഇന്റർനാഷണൽ ലിമിറ്റഡും ചേർന്ന് നിർമ്മിക്കുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് ‘ദി സിസർ കട്ട്‘
പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ജോ സഖറിയ, സുനിൽ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. രചന ജിഷ്ണു വെട്ടിയാർ, ക്യാമറ കിഷോർ ശങ്കർ, സംഗീത സംവിധാനം ഋതു രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രഞ്ജിത്ത് വിജയരാഘവൻ, മാത്തുക്കുട്ടി ജോൺ
ബ്രിട്ടീഷ് അഭിനേതാക്കളെ ഉൾപ്പെടുത്തി പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന മലയാളം ഷോർട്ട് ഫിലിം എന്ന പ്രത്യേകതയുമായി എത്തുന്ന ‘ദി സിസർ കട്ട്’ ഉടൻ തന്നെ തങ്ങളുടെ യുട്യൂബ് ചാനലിൽ റിലീസിന് തയ്യാറെടുക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ടോം ജോസ് തടിയംപാട്
ഹൃദയ രോഗം മൂലം വിഷമിക്കുന്ന ഇടുക്കി ,വാഴത്തോപ്പ് സെൻറ് ജോർജ് ഹൈസ്കൂൾ അധ്യാപിക മോളി ജോർജിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച 2025 പൗണ്ട് ( (2,15696 രൂപ ) സെൻറ് ജോർജ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അനുഗ്രഹ സജു ടീച്ചറിന്റെ വീട്ടിലെത്തി കൈമാറി. ചെക്ക് കൈപറ്റിക്കൊണ്ടു എല്ല പ്രതീക്ഷയും അസ്തമിച്ചു നിന്നപ്പോഴാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെപറ്റി ഓർക്കാൻ ദൈവം എന്നെ സഹായിച്ചതെന്ന് ടീച്ചർ പറഞ്ഞു. അതോടൊപ്പം ടീച്ചറിനെ സഹായിച്ച എല്ലാവരെയും നന്ദി അറിയിക്കുന്നുവെന്നും ടീച്ചർ കൂട്ടിച്ചേർത്തു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നൽകിയതു കൂടാതെ തടിയംപാട് സ്വദേശികളായ 2 അമേരിക്കൻ മലയാളികൾ 30000 രൂപയും നൽകിയിട്ടുണ്ടെന്ന് ടീച്ചർ അറിയിച്ചു .ഞങ്ങളുടെ ഈ എളിയപ്രവർത്തനംകൊണ്ട് ആകെ 2 ,45696 രൂപ മോളി ടീച്ചറിനു ലഭിച്ചു.
ടീച്ചറിന്റെ ഈ കടുത്ത വേദനയിൽ സഹായിച്ചവരെയും വാർത്തകൾ ഷെയർ ചെയ്തവരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,30 ,50000 (ഒരുകോടി മുപ്പതു ലക്ഷത്തി അൻപതിനായിരം) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും.
ചൊവ്വാഴ്ച തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് തെക്കന്‍ കേരള തീരത്തും കേരള-കര്‍ണാടക തീരങ്ങളില്‍ ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളിലും, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ഉന്നതതലത്തിലുള്ള അന്വേഷണം നടത്തുന്നതിനുള്ള നിർദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അഡീഷണൽ ഡയറക്ടർ ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തീകരിച്ചാലുടൻ തന്നെ റിപ്പോർട്ട് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ട് ലഭിച്ചാലുടൻ ആരുടെയോക്കെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ അവർക്കെല്ലാമെതിരെ നടപടിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായി രണ്ടു സ്കാനിങ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിക്കുകയും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം സ്കാനിങ് സംബന്ധമായ റെക്കോർഡുകൾ സൂക്ഷിക്കണമെന്നതാണ്, അതിനുവിരുദ്ധമായി അവ സൂക്ഷിക്കുന്നില്ലെന്നു കണ്ടെത്തി. ഒരു സ്കാനിങ് സെന്ററിലുണ്ടായിരുന്നവരുടെ യോഗ്യത സംബന്ധിച്ചും പിഴവുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്കാനിങ് മെഷീനുകൾ ഉൾപ്പെടെ പൂട്ടി സെന്റർ സീൽ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞിന്റെ തുടർചികിത്സയ്ക്കുള്ള കാര്യങ്ങൾ കൂടി പരിശോധിക്കണമെന്ന് വിദഗ്ധ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി. വിദഗ്ധസംഘം നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുകയും എങ്ങനെ, എന്തൊക്കെ എന്നതെല്ലാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമാക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ഗര്‍ഭകാലചികിത്സ തേടിയ കുഞ്ഞിന്റെ അമ്മ ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഏഴുതവണ സ്‌കാനിങ് നടത്തിയിട്ടും കുഞ്ഞിന്റെ ഗുരുതരമായ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്നായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് നാലു ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.