Latest News

പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാര്‍ ഇവരെ കാണുകയും തമ്മില്‍ തര്‍ക്കമുണ്ടാകുകയുമായിരുന്നു.

ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ കൂട്ടത്തിലൊരാളെ വീട്ടുകാര്‍ പിടികൂടി. ഇയാളെ ചോദ്യംചെയ്ത പോലീസ് മറ്റുമൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ രണ്ടുവര്‍ഷമായി ലൈംഗികചൂഷണത്തിന് വിധേയമായിരുന്നതായി ബോധ്യപ്പെട്ടു.

പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ സഹപാഠിയായ വിദ്യാര്‍ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആണ്‍സുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ ഇവരുമായി രണ്ടുവര്‍ഷത്തോളം പരിചയമുള്ള ഇരുപതും 22-ഉം പ്രായമുള്ള രണ്ടുപേരും സ്ഥലത്തെത്തി. ഇവര്‍ പരസ്പരം കണ്ടതോടെയാണ് ബഹളമായതെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി പറഞ്ഞു. ഇവര്‍ക്കെതിരേയാണ് പോക്‌സോ കേസ്.

വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയുമാണുണ്ടായിരുന്നത്. ബഹളംകേട്ട് ഇവര്‍ ഉണര്‍ന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 22-കാരനെയാണ് തടഞ്ഞുവെച്ച് പോലീസിനു കൈമാറിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഈയിടെയാണ് ഒരു ഇംഗ്ലീഷുകാരി പറഞ്ഞു സ്വയം മരണം നേടിയെടുക്കുന്നതിന്റെ ഭംഗി മനസിലായത് . മേഴ്സി കില്ലിംഗ് , അത് ഇപ്പോൾ സ്വിറ്റ്സർലൻഡ് നിയമം ഇവിടെയുമാണ് . ഏതാണ്ടൊരു പത്തു വർഷം മുമ്പ് പതിനായിരം പൗണ്ടിൽ ഒതുക്കാമായിരുന്ന മരണമിപ്പോൾ പതിനയ്യായിരം പൗണ്ട് വരെ ആയിട്ടുണ്ട് . മനസുകൊണ്ട് മരിക്കാൻ തയ്യാറായ ഇംഗ്ലീഷുകാർ, നേരത്തെ തന്നെ രജിസ്റ്റർ ചെയ്തു പറഞ്ഞുറപ്പിച്ച സമയത്തു സ്വാറ്റ്‌സർലൻഡിലേയ്ക്ക് വണ്ടി കയറും . ചിലർ രണ്ടാഴ്ച ചിലർ ഒരാഴ്ച അങ്ങനെ ടൈം നേരത്തെ പറഞ്ഞുറപ്പിച്ചിട്ടുണ്ടായിരിക്കും . അവർ പറഞ്ഞുറപ്പിച്ചിരിക്കുന്ന ടൈം ഫ്രെമിനു മുമ്പുള്ള ഓരോ ദിവസവും അവരുടെ ഓരോരോ ആഗ്രഹങ്ങളായി നടത്തി കൊടുത്തു കൊണ്ടേയിരിക്കും . അങ്ങനെ പ്രതീക്ഷിക്കാത്ത ഏതെങ്കിലുമൊരു ദിവസം അവർ പോലുമറിയാതെ ഇൻജെക്ഷൻ കൊടുക്കുകയും അങ്ങനെ മരണത്തിലേയ്ക്ക് കടക്കുകയും ചെയ്യുന്നു ….

അതേപോലെതന്നെയാണ് , ഈ കഴിഞ്ഞയിടെ ഒരു ബ്രിട്ടീഷ് ദമ്പതികളായ RAF എഞ്ചിനീയർ പീറ്റർ സ്കോട്ട്‌ (86 )ഉം റിട്ടയർ നേഴ്‌സായ ഭാര്യ ക്രിസ്റ്റീൻ (80) ഉം ആണ് ഈ തീരുമാനമെടുത്തത് .
ഇവർ ബുക്ക് ചെയ്തിരിക്കുന്നത് ഒരു ഇരട്ട ‘ആത്മഹത്യ പോഡ്’ , അതായത് രണ്ടുപേർക്ക് ഒരുമിച്ചു ആലിംഗനം ചെയ്തു കിടന്നു ഒരേപോലെ മരിക്കാനാണ് തീരുമാനം . അതിന് മുമ്പ് സ്വിസ് ആൽപ്‌സിൽ നടക്കാൻ പോകുന്നതും അവസാന അത്താഴമായി അവരുടെ ഇഷ്ട ഭക്ഷണമായ ഫിഷ് ആൻഡ് ചിപ്സും വീഞ്ഞും കുടിക്കുന്നതുൾപ്പെടെയുള്ള അവസാന നിമിഷങ്ങളും ഈ ദമ്പതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാനം , ഡെത്ത് പോഡിൽ പിടിപ്പിച്ചിട്ടുള്ള ബട്ടണിൽ രോഗികൾക്ക് തന്നെ സ്വയം അമർത്താവുന്നതാണ് . അങ്ങനെ ചെയ്യുമ്പോൾ ഡെത്ത്പോഡിന്റെ അറയിൽ മുഴുവൻ നൈട്രജൻ നിറയുകയും അങ്ങനെ ഓക്‌സിജന്റെ കുറവുണ്ടാക്കുകയും ചെയ്യുന്നു. ഈ ഒരു സംവിധാനം മരണത്തിന്റെ അസ്വസ്ഥതകൾ ഇല്ലാതെ മരിക്കാൻ സഹായിക്കുന്നു ….

അവരിങ്ങനെ ഒരു തീരുമാനമെടുത്തതിന് പിറകിൽ ഭാര്യക്കുണ്ടായ വാസ്കുലാർ ഡിമെൻഷ്യയും, ഭാര്യയുടെ അഭാവത്തിൽ ഒരാൾക്ക് മറ്റൊരാളില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുമാണ് അവരെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചതിന് പിറകിൽ .
അവർ പറയുന്നു ഞങ്ങൾ ഇത്രയും നാൾ നല്ല ആരോഗ്യമുള്ള, സംതൃപ്തമായ ഒരു ജീവിതമാണ് നയിച്ചത്. എന്നാൽ ഇന്ന് ഇവിടെ ഞങ്ങൾക്ക് പ്രായമായിരിക്കുന്നു, എന്റെ സഹധർമണിയുടെ ഓർമ്മകൾ പൂർണമായി നശിച്ചു തപ്പി തടയുന്ന , എന്നെ മനസിലാക്കാൻ പോലും കഷ്ടപ്പെടുന്ന ആ ഒരു ദിവസത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും സാധ്യമല്ല . അതിനാൽ ഞങ്ങൾക്ക് ഇത് തിരഞ്ഞെടുക്കേണ്ടി വന്നു ….എങ്കിലും എനിക്ക് കഴിയും വരെ അവളെ ഞാൻ പരിപാലിക്കും ….അവളില്ലാത്ത ഒരു ദിവസം പോലും ഞാൻ ആഗ്രഹിക്കുന്നില്ല … എല്ലാത്തിനും വലുത് , നമുക്ക് വേണ്ടത് എന്തെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശമാണ് . യുകെയിൽ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയാത്തത് വളരെ നിരാശാജനകമാണെന്നും അതിനാൽ ഞങ്ങൾ സ്വിറ്റ്സർലൻഡ് തിരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവരെ കുറ്റം പറയാനും പറ്റില്ല , കാരണം ഇവിടെ നേഴ്സിങ് ഹോമിലും കെയർ ഹോമിലുമൊക്കെ ഉണങ്ങി വരണ്ട ചുണ്ടുകളിൽ ഒരിറ്റു വെള്ളം ഒഴിക്കാനോ , ഒന്ന് സമാധാനിപ്പിക്കാനോ ആളില്ലാതെ മരണം വരെ വലിച്ചു വലിച്ചു മരണം കാത്തു, കിടക്കുന്ന നിഷ്കളങ്കരായ നമുഷ്യരെ കണ്ടിട്ടുള്ളവർ ആരും പറയില്ല ദയാ വധം വേണ്ടെന്ന് ….

കാരണം ദയാവധം, അല്ലെങ്കിൽ അസിസ്റ്റഡ് ഡെത്ത് നിലവിൽ ഇംഗ്ലണ്ടിലും വെയിൽസിലും നിയമ വിരുദ്ധമാണ്, സ്വന്തം ജീവനെടുക്കാൻ ഒരാളെ സഹായിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കും ഇവിടെ ലഭിക്കാം . എന്നാൽ 1942 മുതൽ, സ്വിറ്റ്‌സർലൻഡ് അസിസ്റ്റഡ് ആത്മഹത്യയെ അനുവദിച്ചിട്ടുണ്ട്, പക്ഷെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികൾ സുബോധമുള്ളവരായിരിക്കണമെന്നും സ്വാർത്ഥ കാരണങ്ങളാൽ പ്രചോദിതരാകരുതെന്നും സ്വിസ് നിയമം അനുശാസിക്കുന്നു….

ബ്രിട്ടീഷ് സിനിമാതാരവും തീയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് നായികയായി എത്തുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി സിസർ കട്ട്’ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.

യുട്യൂബിൽ വൻ വിജയമായി മാറിയ ‘ദി നൈറ്റ്‘ നും ’യുകെ മല്ലു ഫ്രസ്ട്രേറ്റഡ്’ നും ശേഷം ബ്രിട്ടനിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ ടാക്സ് കെയർ അക്കൗണ്ടൻസി സർവീസസും പേജ് ഇന്റർനാഷണൽ ലിമിറ്റഡും ചേർന്ന് നിർമ്മിക്കുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് ‘ദി സിസർ കട്ട്‘

പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം ജോ സഖറിയ, സുനിൽ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. രചന ജിഷ്ണു വെട്ടിയാർ, ക്യാമറ കിഷോർ ശങ്കർ, സംഗീത സംവിധാനം ഋതു രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രഞ്ജിത്ത് വിജയരാഘവൻ, മാത്തുക്കുട്ടി ജോൺ

ബ്രിട്ടീഷ് അഭിനേതാക്കളെ ഉൾപ്പെടുത്തി പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന മലയാളം ഷോർട്ട് ഫിലിം എന്ന പ്രത്യേകതയുമായി എത്തുന്ന ‘ദി സിസർ കട്ട്’ ഉടൻ തന്നെ തങ്ങളുടെ യുട്യൂബ് ചാനലിൽ റിലീസിന് തയ്യാറെടുക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ടോം ജോസ് തടിയംപാട്

ഹൃദയ രോഗം മൂലം വിഷമിക്കുന്ന ഇടുക്കി ,വാഴത്തോപ്പ് സെൻറ് ജോർജ് ഹൈസ്കൂൾ അധ്യാപിക മോളി ജോർജിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച 2025 പൗണ്ട് ( (2,15696 രൂപ ) സെൻറ് ജോർജ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അനുഗ്രഹ സജു ടീച്ചറിന്റെ വീട്ടിലെത്തി കൈമാറി. ചെക്ക് കൈപറ്റിക്കൊണ്ടു എല്ല പ്രതീക്ഷയും അസ്തമിച്ചു നിന്നപ്പോഴാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെപറ്റി ഓർക്കാൻ ദൈവം എന്നെ സഹായിച്ചതെന്ന് ടീച്ചർ പറഞ്ഞു. അതോടൊപ്പം ടീച്ചറിനെ സഹായിച്ച എല്ലാവരെയും നന്ദി അറിയിക്കുന്നുവെന്നും ടീച്ചർ കൂട്ടിച്ചേർത്തു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നൽകിയതു കൂടാതെ തടിയംപാട് സ്വദേശികളായ 2 അമേരിക്കൻ മലയാളികൾ 30000 രൂപയും നൽകിയിട്ടുണ്ടെന്ന് ടീച്ചർ അറിയിച്ചു .ഞങ്ങളുടെ ഈ എളിയപ്രവർത്തനംകൊണ്ട് ആകെ 2 ,45696 രൂപ മോളി ടീച്ചറിനു ലഭിച്ചു.

ടീച്ചറിന്റെ ഈ കടുത്ത വേദനയിൽ സഹായിച്ചവരെയും വാർത്തകൾ ഷെയർ ചെയ്തവരെയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,30 ,50000 (ഒരുകോടി മുപ്പതു ലക്ഷത്തി അൻപതിനായിരം) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌ എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരും.

ചൊവ്വാഴ്ച തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് തെക്കന്‍ കേരള തീരത്തും കേരള-കര്‍ണാടക തീരങ്ങളില്‍ ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളിലും, ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ കേരള-കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.

ഡിസംബര്‍ രണ്ട് മുതല്‍ നാല് വരെ ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആലപ്പുഴയിൽ ​ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ഉന്നതതലത്തിലുള്ള അന്വേഷണം നടത്തുന്നതിനുള്ള നിർദേശം നൽകിയിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അഡീഷണൽ ഡയറക്ടർ ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ ആരോ​ഗ്യവകുപ്പിലെ വിദ​ഗ്ധസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തീകരിച്ചാലുടൻ തന്നെ റിപ്പോർട്ട് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ട് ലഭിച്ചാലുടൻ ആരുടെയോക്കെ ഭാ​ഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ അവർക്കെല്ലാമെതിരെ നടപടിയെടുക്കും. അന്വേഷണത്തിന്റെ ഭാ​ഗമായി രണ്ടു സ്കാനിങ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിക്കുകയും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം ​സ്കാനിങ് സംബന്ധമായ റെക്കോർഡുകൾ സൂക്ഷിക്കണമെന്നതാണ്, അതിനുവിരുദ്ധമായി അവ സൂക്ഷിക്കുന്നില്ലെന്നു കണ്ടെത്തി. ഒരു സ്കാനിങ് സെന്ററിലുണ്ടായിരുന്നവരുടെ യോ​ഗ്യത സംബന്ധിച്ചും പിഴവുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്കാനിങ് മെഷീനുകൾ ഉൾപ്പെടെ പൂട്ടി സെന്റർ സീൽ ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞിന്റെ തുടർചികിത്സയ്ക്കുള്ള കാര്യങ്ങൾ കൂടി പരിശോധിക്കണമെന്ന് വിദ​ഗ്ധ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി. വിദ​ഗ്ധസംഘം നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുകയും എങ്ങനെ, എന്തൊക്കെ എന്നതെല്ലാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമാക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ ഗര്‍ഭകാലചികിത്സ തേടിയ കുഞ്ഞിന്റെ അമ്മ ആശുപത്രിയുടെ അനാസ്ഥയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഏഴുതവണ സ്‌കാനിങ് നടത്തിയിട്ടും കുഞ്ഞിന്റെ ഗുരുതരമായ വൈകല്യങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്നായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് നാലു ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

നാറ്റോ അംഗത്വത്തിന് പകരമായി അധിനവേശ പ്രദേശങ്ങളുടെ നിയന്ത്രണം റഷ്യയ്ക്ക് വിട്ടു നല്‍കാന്‍ തയ്യാറാണെന്ന സൂചനയുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

കീവിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നാറ്റോ സുരക്ഷ ഉറപ്പ് നല്‍കുകയാണെങ്കില്‍ അധിനവേശ പ്രദേശങ്ങളില്‍ റഷ്യന്‍ നിയന്ത്രണം അംഗീകരിക്കാന്‍ തയ്യാറാണെന്ന് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി വ്യക്തമാക്കി.

കൂടുതല്‍ പ്രദേശങ്ങള്‍ പുടിന്‍ പിടിച്ചെടുക്കാതിരിക്കാന്‍ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും സെലന്‍സ്‌കി പറഞ്ഞു. 2014 ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉള്‍പ്പെടെയുള്ള ഉക്രേനിയന്‍ പ്രദേശം വിട്ടുകൊടുക്കുന്നതിനെ നേരത്തെ സെലന്‍സ്‌കി ശക്തമായി എതിര്‍ത്തിരുന്നു.

മുന്‍നിലപാടില്‍ നിന്നുമുള്ള സെലന്‍സ്‌കിയുടെ മാറ്റം മൂന്ന് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഉക്രെയ്ന്‍-റഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധത്തിന്റെ ചൂടേറിയ ഘട്ടം അവസാനിപ്പിക്കണമെങ്കില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഉക്രെയ്‌നിന്റെ പ്രദേശം നാറ്റോ കുഴക്കീഴില്‍ വരേണ്ടതുണ്ട്.

ഏത് ക്രമീകരണവും ഉക്രെയ്‌ന്റെ അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ തുടര്‍ന്നും അംഗീകരിക്കണമെന്നും അധിനിവേശ പ്രദേശങ്ങള്‍ തത്വത്തില്‍ ഉക്രെയ്‌ന്റെ ഭാഗമായി തുടരുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ഭാവിയില്‍ റഷ്യന്‍ ആക്രമണം തടയുന്നതിന് നാറ്റോ പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ണായകമാണെന്നും അദേഹം പറഞ്ഞു.

ഉക്രെയ്ന്‍ കടുത്ത പ്രതിരോധം തീര്‍ത്തിട്ടും ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്, കെര്‍സണ്‍, സപ്പോരിജിയ എന്നിവയുള്‍പ്പെടെയുള്ള ഉക്രെയ്‌ന്റെ ഏകദേശം 20 ശതമാനം റഷ്യയുടെ നിയന്ത്രണത്തിലാണ്.

സംഘടനാതിരഞ്ഞെടുപ്പു നടപടികളിലേക്ക്‌ കടന്നതോടെ ബി.ജെ.പി.യിലെ സമവാക്യങ്ങൾ മാറുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരേ വാളോങ്ങിനിന്ന ശോഭാ സുരേന്ദ്രൻ വിഭാഗം സുരേന്ദ്രനോട് അടുക്കുന്നതായാണ് വിവരം. അല്പകാലമായി അകൽച്ചയിലായിരുന്ന മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും പൂർണമായി വഴിപിരിയുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടുമെത്താൻ വി.മുരളീധരൻ നീക്കം നടത്തുന്നതായി സുരേന്ദ്രൻ പക്ഷത്തിനു സംശയമുണ്ട്. സുരേന്ദ്രൻവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന ശോഭയുടെ പിന്മാറ്റം പി.കെ.കൃഷ്ണദാസ് പക്ഷത്തിനും ക്ഷീണമാണ്.

എം.ടി.രമേശിനെ സംസ്ഥാന പ്രസിഡന്റായി ഉയർത്തിക്കാട്ടിയാണ് പി.കെ.കൃഷ്ണദാസ് വിഭാഗം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സംഘടനാതിരഞ്ഞെടുപ്പിൽ ഈ പക്ഷത്തെ നേതാക്കൾ എം.ടി.രമേശിന്റെയും എ.എൻ.രാധാകൃഷ്ണന്റെയും പേരുകൾ കേന്ദ്രനേതാക്കൾക്കു മുന്നിൽ െവച്ചിരുന്നു. ഇത്തവണ അവർ എം.ടി.രമേശ് എന്ന ഒറ്റപ്പേരിലേക്കെത്തി എന്നതാണ് പ്രത്യേകത. ഇവർക്ക് ആർ.എസ്.എസിന്റെ പിന്തുണയുണ്ടെന്നാണ് അറിയുന്നത്.

ഗ്രൂപ്പ് മാനേജർമാരെച്ചൊല്ലി സുരേന്ദ്രൻ പക്ഷത്ത് വേറെയും വിള്ളലുണ്ട്. പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ പി.രഘുനാഥ്, നാരായണൻ നമ്പൂതിരി എന്നിവർക്കെതിരേ സുരേന്ദ്രൻ പക്ഷത്തുനിന്നുതന്നെ പരാതി വന്നിട്ടുണ്ടെന്നാണ് വിവരം. സന്ദീപ് വാരിയർ പാർട്ടിവിടാൻ കാരണം ഗ്രൂപ്പ് മാനേജർമാരുടെ ചില നീക്കങ്ങളാണെന്ന് പാലക്കാട് ജില്ലയിൽനിന്ന് പരാതി പോയിക്കഴിഞ്ഞു. സന്ദീപ് വാരിയർക്ക് കസേര നിഷേധിച്ചത് ഒരു ഗ്രൂപ്പ് മാനേജരാണെന്നാണ് പരാതിക്കാർ പറയുന്നത്.

വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവർക്കൊപ്പം നിൽക്കുന്ന, രണ്ടാംനിര നേതാക്കളായ സി.കൃഷ്ണകുമാർ, പി.സുധീർ, പി.രഘുനാഥ്, വി.വി.രാജേഷ്, എ.നാഗേഷ്, സി.ശിവൻകുട്ടി, നാരായണൻ നമ്പൂതിരി തുടങ്ങിയവരും വിവിധ ജില്ലാ പ്രസിഡന്റുമാരും ഇനി ഇവരിൽ ആർക്കൊപ്പം നിൽക്കുമെന്നത് സംഘടനാ തിരഞ്ഞെടുപ്പിൽ നിർണായകമാകും.

ഫാ. ഹാപ്പി ജേക്കബ്ബ്

എല്ലാ സൃഷ്ടികളെയും സന്തോഷിപ്പിക്കുവാനും, വീണ്ടെടുക്കുവാനും ത്യാഗമായ ദൈവപുത്രന്റെ വരവേൽപ്പിന്റെ ദിനങ്ങൾ അടുത്ത് വന്നുവല്ലോ. ആഘോഷങ്ങളിൽ അല്ല ഒരുക്കവും സമർപ്പണവും ആണ് ഈ ദിനങ്ങളിലെ വിശേഷം. താരതമ്യേന ഒന്നാം കാര്യമാണ് ഈ കാലഘട്ടം ആഗ്രഹിക്കുന്നത്. ആഘോഷിക്കുവാനും, സന്തോഷിക്കുവാനും വ്യാപാര താത്‌പര്യങ്ങളും എല്ലാം ഈ കാലത്തിൽ പ്രസ്തുതമാണെങ്കിലും അതിന് കാരണമായ ത്യാഗത്തിന്റെ ചില ചിന്തകൾ ഇവിടെ കുറിക്കട്ടെ.

1. നമ്മുടെ പാപം നീക്കാൻ അവൻ സ്വയം ബലിയായി.

ദൈവ സൃഷ്ടികളുടെ പാപജീവിതത്തിൽ നിന്നും വീണ്ടെടുപ്പിന്റെ അനുഭവത്തിലേയ്ക്ക് നേടുവാൻ ന്യായപ്രമാണം, അരുളപ്പാടുകൾ, പ്രവാചകന്മാർ, ബാധകൾ, ദൈവകോപം കാലാകാലങ്ങളിലൂടെ കടന്നുപോയി. എന്നാൽ വീണ്ടെടുപ്പിനും പാപ മോചനത്തിനും ദൈവസുതൻ സ്വയം യാഗമാകുന്നു. മനുഷ്യൻ അനുഭവിക്കുന്ന സർവ്വ പാപങ്ങളും ദോഷങ്ങളും വിട്ടൊഴിഞ്ഞ് ദൈവസാന്നിധ്യം അനുഭവിപ്പാനും നിത്യജീവിതത്തിലേക്ക് ചേർക്കുവാനും ആയാണ് ഈ ത്യാഗം അവൻ നിർവഹിച്ചത്. “സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം” ഇതാണ് . അല്ലാതെ നാം കരുതുന്നതുപോലെ വിരുന്നും സമ്മാനവും അല്ല. അതൊക്കെ വെറും പ്രതീകം മാത്രം. ആഘോഷങ്ങൾക്കിടയിലും ഈ ത്യാഗം തിരിച്ചറിഞ്ഞാൽ ക്രിസ്തുമസ് ദിനങ്ങൾക്ക് ശോഭയേറും.

2. പിതാവിൻറെ ഇഷ്ടത്തിന് വിധേയമായി ദൈവസുതൻ ബലിയായി

ഈ സംഭവം ഒരു അവതാര പിറവിയുടെ അനുഭവം ആയിട്ടല്ല ലോകാരംഭം മുതലുള്ള രക്ഷാകര പദ്ധതിയുടെ ഭാഗത്തിന്റെ നിവർത്തീകരണം കൂടിയാണ്. അതിനാൽ ജനത്തിന്റെ അർത്ഥം തിരയുമ്പോൾ കുരിശു മരണവും അടക്കവും, പുനരുത്ഥാനവും ചേർന്ന് ത്യാഗത്തിന്റെയും വിജയത്തിൻറെയും ജീവന്റെയും അനുഭവങ്ങൾ ചേർന്ന് ചിന്തിക്കേണ്ടി വരുന്നത്. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവും ജനനസമയത്ത് അനുഭവിച്ച ഇല്ലായ്മകളും വല്ലായ്മകളും പാലായനങ്ങളും മരണത്തിന്റെ കാസായുടെ മുൻ അനുഭവങ്ങൾ ആയി നമുക്ക് മനസ്സിലാക്കാം. (മത്തായി 1: 21, ലൂക്കോസ് 1 : 32 ) ഈ വേദഭാഗങ്ങൾ വായിക്കുമ്പോൾ ദൈവീക പദ്ധതിയുടെ ഭാഗവും, അനുസരണവും വിധേയത്വവും ജീവൻ തന്നെ ത്യാഗമായി സമർപ്പിക്കുന്നതും നമുക്ക് മനസ്സിലാകും. ക്രിസ്തുമസ് കാരൾ ഗാനങ്ങളിലെ വരികളും, ആശംസ വാചകങ്ങളും പ്രതീക്ഷയും പ്രത്യാശയും സ്നേഹവും കരുതലും പകരുന്നുവെങ്കിൽ അത് അർത്ഥമാക്കുന്നത് ഈ ത്യാഗത്തിന്റെ അർത്ഥം ആണ്.

3 . അവൻ ത്യാഗമായത് നമ്മെ വിശുദ്ധരാക്കുവാൻ വേണ്ടിയാണ് ‘

സ്വന്തം കൈപ്പണിയായതും, ജീവശ്വാസം ഉൾക്കൊള്ളുന്നതുമായ മനുഷ്യൻ അനുസരണക്കേടും പാപവും നിമിത്തം ദൈവ സംസർഗ്ഗത്തിൽ നിന്ന് അകന്ന് പോയപ്പോൾ വീണ്ടെടുക്കുവാനും തിരികെ ദൈവീകരാക്കുവാനും അവൻ ത്യാഗമായി. കുരിശു മരണത്തിൽ “സകലവും നിവർത്തിയായി ” എന്ന് അവൻ മൊഴിഞ്ഞപ്പോൾ ഈ രക്ഷണ്യ പ്രക്രിയയുടെ പൂർത്തീകരണമാണ് പ്രഖ്യാപിച്ചത്. ‘വിശുദ്ധി ‘ എന്ന പദം ക്ഷണികവും ശിപ്രവുമല്ല. ഇത് അനുദിനം വളരേണ്ട അനുഭവം ആണ്. ഡിസംബർ മാസം, ക്രിസ്തുമസ് മാസം മാത്രമല്ല ലഭിച്ച ദൈവിക ദാനം നമ്മളിലൂടെ വളരണം. നമ്മുടെ ജീവിതത്തിലൂടെ അനേകരിലേക്ക് ഇത് എത്തപ്പെടണം. മാലാഖമാരുടെ വൃന്ദങ്ങൾ സ്വർഗ്ഗോനതികളിൽ ആർത്ത് സ്തുതിച്ച ദൈവ സന്തോഷം സർവ്വ ജനതയിലേക്കും എത്തിക്കുവാൻ നമുക്ക് ശ്രമിക്കാം ; മറ്റെന്തിനേക്കാളും ഉപരി നമ്മുടെ ജീവിതത്തിലൂടെ . വി. ലൂക്കോസ് 2 :10 – 11, മാലാഖ അവരോട് ; നിങ്ങൾ ഭയപ്പെടേണ്ട സർവ്വ ജനത്തിനും ഉണ്ടാക്കുവാനിരിക്കുന്ന മഹാ സന്തോഷം നിങ്ങളെ അറിയിക്കുന്നു. മശിഹാ എന്ന കർത്താവ് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കായി ജാതം ചെയ്തിരിക്കുന്നു.

സ്നേഹത്തോടെ
ഹാപ്പി അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ഷാനോ എം കുമരൻ

“എന്റെ പ്രസാദേ ഇതൊന്നു ഫിൽ ചെയ്യുവാൻ കൂടെടാ. ചുമ്മാ കറങ്ങി നടക്കാതെ. കൗൺസിലിങ് ഹാളിനു മുന്നിൽ വിന്യസിച്ചിരിക്കുന്ന രെജിസ്റ്ററേഷൻ കൗണ്ടറിൽ ഇരുന്നു തല പുകഞ്ഞ ജോർജ് ചേട്ടൻ അത് വഴി കടന്നു പോയ പ്രസാദിനോടായി പറഞ്ഞു.
എന്നാ ജോർജ് ചേട്ടായീ ചെയ്യണ്ടേ. പറഞ്ഞോ.
എന്തെങ്കിലും ഉത്തരവാദിത്വപ്പെട്ട കാര്യങ്ങൾ ആരും ഏല്പിക്കാത്തതിനാൽ വെറുതെ വോളന്റീർ ബാഡ്‌ജും നെഞ്ചിൽ കുത്തി ഒന്ന് ഷൈൻ ചെയ്യാൻ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ കറങ്ങി നടന്ന പ്രസാദിനു ജോർജ് ചേട്ടന്റെ വിളി വലിയ അനുഗ്രഹമായി ഭവിച്ചെന്നു വേണം പറയുവാൻ. അല്ലെങ്കിലതൊരു മര്യാദയില്ലാത്ത വിവരണമായിപോകും. പ്രസാദ് ഒരു കസേര വലിച്ചിട്ടിരുന്നു അന്നവിടെ എത്തിച്ചേർന്നിരിയ്ക്കുന്ന ആളുകളുടെ രെജിസ്ട്രേഷൻ പൂർത്തിയാക്കുവാൻ വേണ്ടുന്നതെല്ലാം ചെയ്‌തതിനാൽ ജോർജ് ചേട്ടൻ പ്രസന്ന ചിത്തനായി കാണപ്പെട്ടു എന്നതും ശ്രദ്ധേയമായ ഒന്നാണ്.

പ്രിയമുള്ളവരേ എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം. പ്രൊഫെസ്സർ സച്ചിദാനന്ദൻ മൈക്ക് കയ്യിലെടുത്തു സ്വയം പരിചയപെടുത്തികൊണ്ടു സദസ്സിനെ അഭിസംബോധന ചെയ്തു.
എനിക്കറിയാം എല്ലാവരും ഒരു പാട് തിരക്കുകൾ മാറ്റി വച്ചിട്ടാണ് ഇന്നിവിടെ ഒത്തു ചേർന്നിരിയ്ക്കുന്നതെന്ന്. എത്ര തന്നെ തിരക്കുകൾ ഉണ്ടെങ്കിലും ആണും പെണ്ണും ഒന്ന് ചേർന്ന് തുടക്കം കുറിയ്ക്കുന്ന വിവാഹജീവിതമെന്ന മഹാ യാത്രയ്ക്കുള്ള മുന്നൊരുക്കമായി ഇന്ന് തുടങ്ങി മൂന്നാം നാളിൽ തീരുന്ന ത്രിദിന പഠന പദ്ധതി വളരെയേറെ അനിവാര്യമാണെന്ന വസ്തുത ഇവിടെ എത്തുന്നതിനു മുന്നേ തന്നെ നിങ്ങളെല്ലാവരും മനസ്സിലാക്കിയിട്ടുള്ളതാണെന്നതിനാൽ ഇങ്ങനെയൊരു പാഠ്യപദ്ധതിയുടെ പ്രാധാന്യത്തെ പറ്റി സുദീർഘമായ വിവരണത്തിന്റെ ആവശ്യമുണ്ടെന്നു കരുതുന്നില്ല … എങ്കിലും ചില കാര്യങ്ങൾ പറയാതെ തരമില്ലാത്തതിനാൽ …….. പ്രൊഫസ്സർ സച്ചിദാനന്ദൻ നവ ദമ്പതികളാകുവാൻ ഒരുങ്ങിയിറങ്ങിയ യുവ ജനതയെ നോക്കി സംസാരിച്ചു തുടങ്ങി.

വിവാഹജീവിതത്തിനു മുന്നോടിയായി ഇണകളാകുവാൻ പോകുന്ന യുവത്വങ്ങൾ കൈവരിക്കേണ്ടതും നിശ്ചയമായും മനസ്സിലാക്കിയിരിക്കേണ്ടതുമായ ചില അവശ്യ ധാരണകളെക്കുറിച്ചുള്ള പഠനമാണവിടെ നടക്കുന്ന പരിപാടി. പ്രൊഫസ്സർ സച്ചിദാനന്ദൻ അവിടെയുള്ള ഇണക്കുരുവികളെ എഴുന്നേൽപ്പിച്ചു നിറുത്തി മറ്റുള്ളവർക്കായി പരിചയപ്പെടുത്തി.
അതിങ്ങനെ. ആ എന്താണ് അങ്ങേയറ്റത്തിരിയ്ക്കുന്ന നീല ചുരിദാർ ധരിച്ച ആ സുന്ദരിയുടെ പേര് …? ആ ഒന്നെഴുന്നേൽക്കു….. അതെ നിങ്ങൾ തന്നെ റെഡ് ബോർഡർ ലൈനുള്ള ചുരിദാർ ആണ് ഞാൻ ഉദ്ദേശിച്ചത്….. നിങ്ങളല്ല നിങ്ങൾ പ്ലെയിൻ ബ്ലൂ അല്ലെ? സദസ്സിൽ ചിരിയുടെ രവമുയർന്നു നിലയിൽ ചുവന്ന വരകളുള്ള സുന്ദരി ലജ്‌ജാ വിവശതയാൽ നമ്രശിരസ്കയായി സദസ്സിൽ എണീറ്റ് നിന്നു. ” നിങ്ങളെ ഒന്ന് പരിചയപെടുത്തിക്കെ …..ആ സ്വയം പരിചയപെടുത്തുന്നതിനൊപ്പം പങ്കാളിയാവാൻ പോകുന്ന ആളെകൂടി ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണം കേട്ടോ ……ഇത് എല്ലാവരും ചെയ്യേണ്ടതാണെന്നോർമ്മിപ്പിക്കുന്നു …..”

ആ പെൺകുട്ടി അവളെ നാണത്തോടെ പരിചയപ്പെടുത്തി.
എന്റെ പേര് സരിക ഇവിടെ അടുത്ത് തന്നെയാണ് വീട്
” സരിക എന്ത് ചെയ്യുന്നു. “? സദസ്സിൽ നിന്നാരോ ചോദ്യമെറിഞ്ഞു.
” ഞാൻ ഞാനൊരു പ്രൈവറ്റ് ബാങ്കിൽ ക്ലാർക്ക് ആയിട്ട് ജോലി ചെയ്യുവാ. അപ്പോൾ സദസ്സിന്റെ മറു ഭാഗത്തു നിന്നും സുന്ദരകുട്ടപ്പനായ ഒരു വിദ്വാൻ എഴുന്നേറ്റു നിന്നു
” യെസ് “ പ്രൊഫസർ അയാളെ നോക്കി ചോദിച്ചു.
ഞാൻ വിനീത്. ഞാനാണ് സരികയെ വിവാഹം കഴിക്കുവാൻ പോകുന്നത്.
സദസ്സിലെ കൂട്ടച്ചിരികൾക്കും അടക്കം പറച്ചിലുകൾക്കുമൊടുവിൽ ചുണ്ടിൽ തികട്ടിവന്ന ചിരിയെ കൈ തലങ്ങളാൽ മറച്ചു വച്ചു പ്രൊഫസർ പറഞ്ഞു. ഓക്കേ ഓക്കേ സരിക ഭാഗ്യവതിയാണ്. തന്നെ ചോദ്യം ചോദിച്ചു ഒരുപാടു ബുദ്ധി മുട്ടിക്കാതെയിരിക്കാനാണ് മിസ്റ്റർ വിനീത് എഴുനേറ്റു നിന്ന് സ്വയം പരിചയപെടുത്തിയത്. അതെന്തായാലും ശ്ലാഘനീയമാണ്. നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു ഇരുന്നോളു രണ്ടാളും. തന്നെ നാണം കെടുത്തിയതിൽ ഒരു സുന്ദര പിണക്കത്തിൽ കണ്ണേറു കൊണ്ട് വിനീതിനെ കാടാക്ഷിച്ചു കൊണ്ട് സരികയും ഗംഭീരഭാവത്തിൽ വിനീതും അതാതു ഇരിപ്പിടങ്ങളിൽ ഇരുന്നു. അങ്ങനെ ഓരോരുത്തരായി പരിചയപെടുത്തൽ തുടർന്നു.

ഞാൻ പയസ്സ് ഇരിഞ്ഞാലകുടയാണ് ഫുൾ നെയിം പയസ്സ് ജോസെപ്പ്. അപ്പനപ്പാപ്പാന്മാരായിട്ടു മ്മക്ക് റബ്ബറിന്റെ ഡീൽ ആണ്. ദാ അവിടെ ആ ഡെസ്കിന്മേൽ കൈ കുത്തിരിക്കണേ ടാവാണ്‌ മ്മ്‌ടെ പെണ്ണ്. പേര് ജെസ്സി. പയസ്സിന്റെ മലവെള്ളപ്പാച്ചിൽ പോലെയുള്ള തൃശൂർ സ്ലാങ്ങിൽ ജെസ്സി എണീറ്റ് നിന്ന് വിളിച്ചു പറഞ്ഞു. ഞാനാണ് ജെസ്സി.
ഈ റബ്ബറിന്റ ഡീൽ ന്ന് വെച്ചാ ന്താണത്‌ തോട്ടം ആണോ?
അടക്കി പിടിച്ച ചിരിയിൽ പ്രൊഫെസ്സർ തൃശൂർ സ്ലാങ്ങിൽ ചോദിച്ചു.
ഹേ മൂപ്പർക്ക് റബ്ബർ കടയാണ് ടൗണില്. തോട്ടം ന്റപ്പനാണ്
മറുപടി പറഞ്ഞത് ജെസ്സി ആണ്.
രണ്ടാൾക്കും റബ്ബർ പോലെ ചാടി ചാടി നിൽക്കുന്ന ഒരു ഭീകര ലൈഫ് ആശീർവദിച്ചു പ്രൊഫസ്സർ. അവനിച്ഛിരെ ജാഡയാനല്ലോടാവേ. ആരൊക്കെയോ അടക്കം പറഞ്ഞു.
റബ്ബർ കടയല്ലേ കാശിനെന്താ പഞ്ഞം. ജാടയിടാവല്ലോ!
അതാരാ അവിടെ പതുങ്ങിയിരിക്കുന്നെ.
കർത്താവെ എന്നോട് ചോദിക്കല്ലേ ഒന്നും എന്ന് വിചാരിച്ചു പമ്മിയിരുന്ന ജീനയെ പ്രൊഫെസ്സർ കണ്ടു പിടിച്ചു.
എന്റെ പേരേ ജീനെന്നാണെ. ഞാൻ വൈക്കത്തിനടുത്തുന്നാ വരുന്നേ. അപ്പച്ചന് തേയിലേടെ ബിസിനെസ്സ് ആണ്. കട്ടപ്പനെന്നു തേയിലയെടുത്തു വൈക്കത്തു കൊണ്ടോയി വിൽക്കും.
എല്ലാവരുമൊന്നു പകച്ചു. എന്തൊക്കെയാണ് ഈ കൊച്ചു പറയുന്നേ? വർത്താനം കേട്ടിട്ട് കല്യാണ പ്രായമായതായി തോന്നുന്നില്ല.
ഒരു നിമിഷം ആലോചിച്ചു നിന്നിട്ടു പ്രൊഫസർ ആൺകൂട്ടത്തിന് നേർക്കു തിരിഞ്ഞു ചോദിച്ചു. ആരാ ഈ കുട്ടിയുടെ ചെക്കൻ?
അപ്പുറത്തു നിന്നും ഒരു പയ്യൻ എഴുന്നേറ്റു. ആഹാ ഇയാളാണോ? ഇയാളെ എനിക്കറിയാല്ലോ ! നമ്മൾ ….നമ്മൾ എവിടെയോ മീറ്റ് ചെയ്തിട്ടുണ്ടല്ലോ. …?

ഓർമ്മയെ രാകിയെടുക്കുന്ന പോലെ പ്രൊഫസർ തല ചൊരിഞ്ഞു കണ്ണട ഊരി കർചീഫ് കൊണ്ട് തുടച്ചു വീണ്ടും മൂക്കിൻ തുമ്പിൽ ചേർത്ത് വച്ചു.
സാർ ഞാൻ ബിനീഷ് ടൗണിൽ എ വൺ കാർ കെയർ വർക്ക് ഷോപ്. അതെന്റെയാ. സാറിന്റെ വണ്ടി അവിടെ സെർവിസിന് തരാറുണ്ട്.
“ഓഹ് ഓഹ് …പിടി കിട്ടി പിടി കിട്ടി. അതെ ബിനീഷേ പെൺകൊച്ചു അപ്പന്റെ തേയിലകച്ചോടത്തെപറ്റിയാണ് സദാ ചിന്ത. ഇന്നിവിടെ ബിനീഷ് കൂടെയുണ്ടെന്ന് പോലും ചിന്തയിലേയില്ല. ഒരു അപ്പൻ സ്നേഹിയാണ് അത് കൊണ്ട് തേയിലയുടെ ഷെയർ ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല. നാട്ടുകാരുടെ വണ്ടികൾ എന്നും കേടായി തന്റെയടുത്തു തന്നെ വരാൻ പ്രാർത്ഥിച്ചോ. എല്ലാവരോടൊപ്പം പ്രൊഫസ്സറും ഒപ്പം ബിനീഷും ചിരിച്ചപ്പോൾ കൈലേസുകൊണ്ടു മുഖത്തെ വിയർപ്പു തുള്ളികൾ ധിറുതിയിൽ തുടയ്ക്കുകയായിരുന്നു ജീന.
അടുത്തതായി പരിചയപ്പെടുത്തിയത് ഒരു ലണ്ടൻ മലയാളിയെയാണ് പേര് സ്റ്റീഫൻ. സ്റ്റീഫൻ കൊമ്പത്ത്
ഏതു കൊമ്പാണ് പുളികൊമ്പാണോ ആശാനേ.
ആരുടെയോ ആ കമെന്റ് അത്ര വലിയ കോമഡി ആയി സ്റ്റീഫൻ കൊമ്പത്തിനു രസിച്ചില്ല എന്ന് അയാളുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.

ഇടവേളകളിൽ എല്ലാവരും ക്യാന്റീനിലും പുറത്തുള്ള മരച്ചുവട്ടിലും മറ്റുള്ള ഇടങ്ങളിലുമായി താന്താങ്ങൾക്കു വിധിക്കപെടുവാൻ പോകുന്ന ഇണകളോടൊത്തു കിന്നരിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു.
സ്റ്റീഫൻ കൊമ്പത്തിനു പഞ്ചാര പെരുമാറ്റങ്ങൾ ഇഷ്ടമില്ലാത്തതിനാലാവണം അയ്യാൾ പ്രതിശ്രുത വധുവായ സൂസന്റെ അടുത്ത് അല്പമാത്രം കുടുംബ വിശേഷങ്ങൾ പങ്കു വച്ചിട്ട് സിഗരറ്റു പാക്കറ്റുമായി മതില്കെട്ടിന് അപ്പുറത്തേക്ക് പോയി. ആ വിശാലമായ മതില്കെട്ടിനകത്തു അനുവദിച്ചു കിട്ടിയ നേരത്തിനുള്ളിൽ ഒട്ടു മിക്ക വനിതാ രത്നങ്ങളും അവരവരുടെ പുരുഷ കേസരികളോടൊത്തു ഭാവി പരിപാടികൾ ചർച്ച ചെയ്തു. സ്വിറ്റസർ ലാൻഡ് തുടങ്ങി ഊട്ടി കൂർഗ് വരെയുള്ള തേനൂറുന്ന മധുവിധു രാവുകളെയും പ്രജാക്ഷേമ തല്പരരായിട്ടുള്ളവർ ആൺ പെൺ വക ഭേദങ്ങളുടെ കണക്കുകൾ നിരത്തി അടുത്ത തലമുറകളെപ്പറ്റി വരെയും ആ ഉദ്യാനത്തിൽ ചർച്ചകൾ നടത്തി. ചിലതെല്ലാം അതീവ രഹസ്യ സ്വഭാവത്തോടെയും മറ്റു ചിലതാവട്ടെ രഹസ്യങ്ങളുടെ മറകളേതുമില്ലാതെ തുറന്നിട്ട ജന വാതിലുകൾക്കുള്ളിൽ കയറിയിറങ്ങുന്ന കാറ്റിനെപോലെ നൈർമല്യമുള്ളതും സുതാര്യവുമായിരുന്നു.

ആരുടെയോ നിലവിളി കേട്ടാണ് എല്ലാവരും അവിടേയ്ക്കു ഓടി ചെന്നത്. അവിടെയതാ ആരോ ഒരാളുടെ കഴുത്തിൽ കുത്തി പിടിച്ചു മതിലിൽ മേലേക്ക് ചാരി നിറുത്തി അമക്കുകയാണ് നമ്മുടെ ലണ്ടൻ കാരൻ സ്റ്റീഫൻ. എന്തൊക്കെയോ തെറി വാക്കുകൾ ഉപയോഗിക്കുന്നുമുണ്ട്. ജോർജ് ചേട്ടനും പ്രസാദും മറ്റുള്ള ആളുകളെല്ലാവരും ഓടിയെത്തി. അവർ സ്റ്റീഫന്റെ ബലിഷ്ഠ കരങ്ങളിൽ നിന്നും മറ്റെയാളെ രക്ഷപെടുത്തി. എന്താ എന്താ പ്രശ്നം ? ജോർജ് ചേട്ടൻ സ്റ്റീഫനോട് ചോദിച്ചു. സ്റ്റീഫനെ പോലെ തന്നെ അവിടെ വിവാഹജീവിതത്തിനെ കുറിച്ചുള്ള പഠനത്തിനെത്തിയതായിരുന്നു സ്റ്റീഫന്റെ കരവലയത്തിൽ നിന്നും രക്ഷപെട്ട രാജേന്ദ്രൻ. ആളുകൾ സ്റ്റീഫനോടും രാജേന്ദ്രനോടും മാറി മാറി ചോദിച്ചു എന്താണ് പ്രശ്നമെന്ന്. കഴുത്തു തിരുമ്മി കൊണ്ടിരുന്ന രാജേന്ദ്രന് ഒന്നും പറയുവാൻ കഴിയുന്നുണ്ടായിരുന്നില്ല. ബഹളം കേട്ടിട്ട് അതിനു നടുവിൽ സ്റ്റീഫൻ ആണെന്നറിഞ്ഞു സൂസൻ അവിടേക്കു വന്നു. അവൾ സ്റ്റീഫനെ നോക്കി ചോദിച്ചു. എന്താണ് സ്റ്റീഫൻ എന്തിനാ ഈ ബഹളമൊക്കെ?

എരിയുന്ന കണ്ണുകളോടെ സ്റ്റീഫൻ രാജേന്ദ്രന് നേർക്കു വിരൽ ചൂണ്ടു സൂസനോട് ചോദിച്ചു. നീ ഇവനെ അറിയുമോ ? സ്റ്റീഫൻ ചൂണ്ടിയ വിരലിനെ പിന്തുടർന്ന സൂസന്റെ കണ്ണുകൾ എത്തി നിന്നത് രാജേന്ദ്രന്റെ മുഖത്തായിരുന്നു. അയാളെ കണ്ടതും സൂസൻ ഞെട്ടിപ്പോയി. അവളുടെ ഞെട്ടൽ മുഖത്ത് പ്രകടമായിരുന്നു. സൂസൻ ചോദിച്ചത് കേട്ടില്ലേ ഇയാളെ നീ അറിയുമോ ? സ്റ്റീഫന്റെ പരുക്കൻ ശബ്ദത്തിന്റെ അധികാര ഭാവത്തെ എതിർക്കുവാൻ സൂസന് നിവൃത്തിയില്ലായിരുന്നു. അറിയാം എന്ന് തല താഴ്ത്തി അതിലുപരി പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു നിറുത്തിയതും അയാളുടെ കരതലം അവളുടെ കവിളിൽ പതിഞ്ഞിരുന്നു. ഇത് നിനക്കല്ല ഞാൻ കഷ്ടപെട്ടുണ്ടാക്കിയ എന്റെ ലൈഫ് തുലയ്ക്കാൻ നോക്കിയ നിന്റെ തന്തയ്ക്കുള്ളതാ. ശേഷമയാൾ രാജേന്ദ്രനോടായ് ക്ഷമിക്കണം. പെട്ടെന്ന് എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. നിങ്ങൾ നിങ്ങളെന്റെ ജീവിതം കാത്തു. രാജേന്ദ്രന്റെ ചുമലിൽ കൈ വച്ച് കൊണ്ട് അത്രയും പറഞ്ഞിട്ട് സ്റ്റീഫൻ ധിറുതിയിൽ ആർക്കും മുഖം കൊടുക്കാതെ കാർ സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി. തരിച്ചു നിൽക്കുന്ന സൂസന്റെ മുഖത്ത് നോക്കി ഒന്നും ചോദിക്കുവാൻ ആർക്കും തോന്നിയില്ല. കാര്യങ്ങൾ ഏതാണ്ടെല്ലാം അവർക്കു തിരിഞ്ഞിരുന്നു.

സൂസൻ ചുറ്റിനും കൂടി നിൽക്കുന്ന സമൂഹത്തെ മുഖാമുഖം നോക്കുവാൻ സാധിക്കാതെ തന്റെ ബാഗുമെടുത്തു ഒരു ടാക്സിയിൽ കയറി എവിടേക്കോ പോയി.

കാര്യമറിയാതെ ശിഖ വല്ലാതെ വിഷമിച്ചു എന്തിനാണ് രാജേട്ടനെ അയാൾ ദ്രോഹിച്ചതും പിന്നെ മാപ്പ് പറഞ്ഞതും ?
രാജേന്ദ്രന്റെ മറ്റൊരു സുഹൃത്തിന്റെ കാമുകി ആയിരുന്നു സൂസൻ. ഒരാളുടെ മാത്രമല്ല പല സുഹൃത്തുക്കളുടെയും കാമുകി ആയിരുന്നു അവൾ പണത്തിനോട് മാത്രം ആത്‌മ ബന്ധം പുലർത്തിയിരുന്ന സൂസന് കിടക്ക വിരിപ്പുകളുടെ വർണ്ണ വരകളെ നനയിയ്ക്കുന്ന തന്റെ വിയർപ്പു തുള്ളികൾ ബാങ്ക് അക്കൗണ്ടുകൾക്കു മേനി കൂട്ടുവാനുള്ള മാന്ത്രിക ശക്തിയുള്ള ഒരു മാർഗമായിരിന്നു. സൂസന്റെ ഭൂതകാലമെല്ലാം നന്നായി അറിഞ്ഞു വച്ചിരുന്ന രാജേന്ദ്രന് സ്റ്റീഫനെ കണ്ടപ്പോൾ അയ്യാൾ ചതിക്കപ്പെടാതെയിരിക്കുവാൻ തനിക്കെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. രാവിലത്തെ ക്ലാസ്സിൽ പ്രൊഫസർ സച്ചിദാനന്ദൻ എല്ലാവരെയും പരസ്പരം പരിചയപ്പെടുത്തിയപ്പോൾ മുതൽ സ്റ്റീഫനെ ഈ ചതി കുഴിയിൽ നിന്നും രക്ഷിക്കണം എന്ന മനോസംഘടനം രാജേന്ദ്രന്റെയുള്ളിൽ ഉടലെടുത്തിരുന്നു. ഞാനായിട്ട് ഒന്നും പറയേണ്ടതില്ല എന്ന് പലവുരു തീരുമാനം എടുത്തുവെങ്കിലും സ്റ്റീഫനെ ദുരിതത്തിലാകുവാൻ രാജേന്ദ്രന് തോന്നിയില്ല . സ്റ്റീഫന് രാജേന്ദ്രനെന്ന ബാല്യകാല സഹപാഠിയെ ഓർമ്മ വന്നില്ലെങ്കിലും മതിലിൽ കൈ ഊന്നി നിന്ന് സിഗരറ്റു വലിയ്ക്കുന്ന സ്റ്റീഫനോട് രാജേന്ദ്രൻ ചോദിച്ചു . സ്റ്റീഫന് ഈ കല്യാണം തന്നെ വേണമായിരുന്നോ എന്ന്.
സ്റ്റീഫനോട് കാര്യം വ്യക്തമാക്കിയെങ്കിലും തിരിച്ചുണ്ടായ പ്രതികരണം ബാല്യകാല സൗഹൃദ സ്മരണകളെ ഓർമ്മപെടുത്താനുള്ള ഉദ്യമത്തിൽ നിന്നും രാജേന്ദ്രൻ പിന്തിരിഞ്ഞിരുന്നു. കല്യാണ തേൻ നുകരുവാൻ എത്തിയ ഇണക്കുരുവികളതാ പോകുന്നു തേൻകൂടോന്നൊരുക്കാതെ. ക്ലാസ്സിന്റെ ഒരു ഗുണം ചില കൂട്ടർക്ക് അങ്ങനെ ഭവിച്ചു. ചീഞ്ഞു പോയൊരു പഴമാ കൂടയിൽ വീഴാതെ കാത്തു രക്ഷിച്ചൊരാ നൻപൻ രാജേന്ദ്രനും സ്തുതി.

ശരീരശാസ്ത്രങ്ങളുടെ ഉൾകരുത്തുകൾ മനഃപാഠമാക്കിയ ആ ലേഡി ഡോക്ടറുടെ വാക്ചാതുര്യം ഇണയരയന്നങ്ങളുടെ കൂട്ടത്തെ ലജ്‌ജാ വിവശരാക്കിയെങ്കിലും തരുണീമണികൾ മാത്രമെന്തോ നമ്ര ശിരസ്‌കകളായി കുമ്പിട്ടിരുന്നു. വിജ്ഞാന കുഞ്ജികളായ നിങ്ങൾക്കൂഹിക്കാവുന്നതാണല്ലോ സന്ദർഭം. അങ്ങനെയുള്ള നിരവധിയായ അറിവുകൾ അവിടെ പ്രതിപാദിക്കപ്പെട്ടു. വിവാഹമെന്ന മനോഹരമായ ഉടമ്പടിയെകുറിച്ചു പ്രൊഫസർ ഊന്നിയൂന്നി പറഞ്ഞപ്പോൾ വിവാഹമോചനമെന്ന ദുരിതത്തെകുറിച്ചു വിശദീകരിച്ച വക്കീൽ സുഹാസചന്ദ്രൻ പലർക്കുമൊരു രസം കൊല്ലിയായി.

ഇടവേളകളിൽ ദാമ്പത്യമെന്ന യുവ മിഥുനങ്ങൾക്ക് ഇടയിൽ ദാമ്പത്യമെന്ന അതിരാത്രത്തെക്കുറിച്ചുള്ള പദ്ധതികൾ നിരവധിയായി ചർച്ച ചെയ്യപ്പെട്ടു. നാലാൾ കൂടുന്നിടത്തെ നാണം നാന്മറയ്ക്കുള്ളിൽ വിച്ഛേദനം ചെയ്യപ്പെട്ടു.
അതെ സമയം ആ ഇടത്തിൽ മറ്റൊരു കോണിലായി മറ്റൊരു സംഗതി. നോക്കാം അതെന്തെന്നു.
ഉന്മേഷ് ഏട്ടാ, ദിവ്യയുടെ കാതരമായ വിളിയിൽ ഉന്മേഷിന്റെ സർവ്വകോശങ്ങളും തളിരണിഞ്ഞു. എന്തോ ദിവ്യമോളെ, ഉന്മേഷ് തരളിത ചിത്തനായി വിളികേട്ടു. അടുത്ത ക്ലാസ് തുടങ്ങാൻ ഇനിയും അരമണിക്കൂർ കൂടിയുണ്ട് ഒന്ന് വരാമോ എന്റെയടുത്തേക്കു. ദിവ്യ ലോലമായി മൊഴിഞ്ഞു.

എവിടെയാ മോളു നില്കുന്നെ. പറന്നെത്താൻ തിടുക്കമായി ഉന്മേഷിനു.
ഞാൻ നില്കുവല്ല ഏട്ടാ ഇരിക്കുവാ. ഇവിടെ കാന്റീനിനടുത്തുള്ള പനിനീർ ചാമ്പയുടെ തറയിൽ.
ഓ തമാശക്കാരി യു ഫണ്ണി ഗേൾ. ഫോൺ കട്ട് ചെയ്യും മുന്നേ ഉന്മേഷ് ദിവ്യയ്ക്കരുകിൽ പറന്നെത്തി.
അയ്യോ ഇതെന്താ ഞാൻ രാവിലെ തന്ന ഡയറി മിൽക്ക് ഇത് വരെ കഴിച്ചില്ലേ മോളു? ദിവ്യയുടെ കയ്യിലെ ഡയറി മിൽക്ക് കണ്ട ഉന്മേഷ് പരിഭവത്തോടെ ചോദിച്ചു.
അത്…… അത് ഏട്ടാ ഞാൻ കഴിക്കാൻ തുടങ്ങുവായിരുന്നു അപ്പോഴാ സജി മോൻ പറഞ്ഞത് അധികം മധുരം കഴിച്ചാൽ ഒരുപാട് വണ്ണം വയ്ക്കുമെന്ന് അതാ കഴിയ്ക്കാഞ്ഞത്.
സജിമോനോ ആരാത് ? വേവലാതിയോടെ ഉന്മേഷ് ചോദിച്ചു.
സജിമോനെ ഇങ്ങോട്ടു വായോ. ഒളിച്ചിരിയ്ക്കാതെ ഉൻമേഷേട്ടന് സജിമോനെ കാണണം.
അരുമയായി ദിവ്യ വിളിച്ചത് കേട്ട് ചാമ്പ മരത്തിനപ്പുറത്തിരുന്ന ഒരു യുവാവ് നമ്രശിരസ്കനായി അവിടേക്കെത്തി. ആരാ ഇത് ഇവനേതാ ദിവ്യമോളെ? ഉന്മേഷ് ഏതാണ്ട് കരച്ചിലിന്റെ വക്കോളമെത്തി.
അതെ ഏട്ടാ ഞാനും സജിമോനും ഒന്നിച്ചു പഠിച്ചതാ ചെറുപ്പം മുതലേ. അന്ന് തൊട്ടേ ഞങ്ങൾ ലൈനാണ് സജിമോൻ ഞാനെന്നു വച്ചാൽ മരിയ്ക്കും. ഞാനും.
എന്താ ദിവ്യമോളെ ഈ പറയുന്നേ. എന്റെ ചങ്കു തകരുന്നുണ്ട് കേട്ടോ. ഉന്മേഷ് ചാമ്പ മരത്തറയിൽ ഇരുന്നു. ഏങ്ങിയേങ്ങി കരഞ്ഞു തുടങ്ങി. ദിവ്യ എഴുന്നേറ്റു അയാളുടെ അടുത്തെത്തി തലകുനിച്ചു കരയുന്ന അയാളുടെ മുഖം പിടിച്ചുയർത്തി വിതുമ്പുന്ന കണ്ണുകൾ സ്വന്തം കൈ കൊണ്ട് തുടച്ചു കൊടുത്തു. ഉൻമേഷേട്ടാ ഏട്ടൻ ഇങ്ങനെ സില്ലിയാവല്ലേ. ഏട്ടൻ കരഞ്ഞാൽ പിന്നെയാരാ ഞങ്ങൾക്കൊരു സപ്പോർട്ട്.

അവൾ അയാളോട് മൃദുവായി ചോദിച്ചു. സപ്പോർട്ടോ …?? അയ്യോ എല്ലാം പോയല്ലോ എന്റെ ഗുരുവായൂരപ്പാ. ഉന്മേഷ് കരച്ചിലിന്റെ ആക്കം കൂട്ടി. ദിവ്യമോളുടെ കണ്ണുകളും ഈറനായി ഒപ്പം സജിമോനും കണ്ണുകൾ തുടച്ചു.
ഉന്മേഷ് ഏട്ടാ, ഏട്ടൻ വേണം ഞങ്ങളുടെ കല്ല്യാണം നടത്തി തരുവാൻ.

എന്നോടെന്തേ നേരത്തെ പറയാതിരുന്നേ നമ്മൾ ഹണിമൂണും നമുക്കുണ്ടാകാൻ പോണ കുട്ടികളുടെ പേര് വരെ തീരുമാനിച്ചതല്ലേ ! എല്ലാം എല്ലാം നമ്മൾ സെറ്റ് ചെയ്തതല്ലേ! ഇങ്ങോട്ടു വരുന്നതിനു മുന്നേ എങ്കിലും പറയായിരുന്നില്ലേ എന്നോട് … വീട്ടിൽ ചെന്ന് ഞാനെന്തോ പറയുമോ അയ്യോ എനിക്കറിയാൻ വയ്യേ ….ഉന്മേഷ് കരച്ചിൽ തുടർന്നു. ഉൻമേഷേട്ടാ നിറുത്തുന്നുണ്ടോ ഈ കരച്ചിൽ. ദിവ്യ അല്പം ഉച്ചത്തിൽ പറഞ്ഞു. സ്വിച്ച് ഇട്ടതു പോലെ ഉന്മേഷ് കരച്ചിൽ നിറുത്തി. ഉൻമേഷേട്ടാ പറയുന്നത് കേട്ടെ ഒന്ന് . ഞാനും സജിമോനും കുഞ്ഞുനാള് മുതലേ ഇഷ്ടത്തിലാ …. ആര് വിചാരിച്ചാലും ഞങ്ങളെ പിരിക്കാൻ പറ്റില്ല. സജിമോൻ എന്റെ സെയിം ഏജ് ആണ്. സൊ അവനു മച്യുരിറ്റി ആയിട്ടില്ല്യാ അത്കൊണ്ടാണ് എന്നെക്കാൾ

പ്രായമുള്ള ഉൻമേട്ടനെ കൊണ്ട് എന്നെ കെട്ടിക്കാൻ അച്ഛനുമമ്മയും തീരുമാനിച്ചു. സജിമോനെ കല്യാണം കഴിച്ചാൽ വീട്ടിൽ കയറ്റത്തില്ലന്ന് അവര് പറഞ്ഞു അതോണ്ടാ നേരത്തെ പറയാൻ ധൈര്യം കിട്ടാഞ്ഞത്.
അച്ഛനുമമ്മയും പറഞ്ഞത് ശെരിയല്ല ദിവ്യമോളെ. മച്യുരിറ്റി ഇല്ലാത്ത ആളെ കെട്ടിയാലെങ്ങിനേയാ ശെരിയാവുക. ഞാനല്ലേ ശെരിക്കും മാച്ച് ആവുന്നേ എനിക്കെന്താ ഒരു കുറവ് ? ബാങ്കില് ജോലിയും കാറും വീടും ഒക്കെയില്ലേ …? ഉന്മേഷ് വീണ്ടും കരയാൻ തുടങ്ങി.

ഉന്മേഷ് ഏട്ടാ കരച്ചില് നിറൂത്ത്. ഏട്ടൻ എന്നെ കെട്ടിയാലും ഫസ്റ്റ് നെറ്റിന് മുന്നേ ഞാൻ സജിമോന്റെ കൂടെ ഒളിച്ചോടും. അതിലും നല്ലതല്ലേ ഇപ്പോ പറയണത്. ഏട്ടൻ എന്റെ അമ്മയ്ക്ക് പിറന്ന എന്റെ സ്വന്തം ഏട്ടനായിട്ടു മുന്നിൽ നിന്ന് ഞങ്ങളുടെ കല്യാണം നടത്തി തരണമെന്നാണ് എന്റെ ആഗ്രഹം.
അത് കൂടെ കേട്ടപ്പോൾ ഉന്മേഷിന്റെ ബാക്കിയുണ്ടായിരുന്ന കിളികൾ കൂടി പറന്നു
പോയി. കല്യാണവും ഞാൻ നടത്താണോ അയ്യോ എനിക്ക് വയ്യായെ . ഉന്മേഷ് വീണ്ടും നിലവിളിക്കാൻ തുടങ്ങി. അത് കേട്ട് കൊണ്ട് ഓടികൂടിയവരുടെ കൂടെ പ്രൊഫെസ്സർ സച്ചിദാനന്ദനും ഡോക്ടർ പ്രകാശ് , ഡോക്ടര് കുസുമവദന , വക്കീൽ സുഹാസചന്ദ്രനും എല്ലാമുണ്ടായിരുന്നു.

എന്താ എന്ത് പറ്റി .? എല്ലാവരും കൂട്ടം കൂടി നിന്ന് ആരാഞ്ഞു. സംഗതി അറിഞ്ഞ പ്രൊഫെസ്സറും വക്കീലും എല്ലാം പറഞ്ഞു ഇവർ കല്യാണം കഴിക്കാതിരിക്കുന്നതാണുത്തമം ഉന്മേഷിന്റെയും ഇവരുടെയും നന്മയ്ക്കു അതാണുത്തമം. എന്തെല്ലാം വയ്യാ വേലികളാണ് ഇവിടെയെത്തുന്നത് സത്യത്തിൽ കല്യാണം കഴിയ്ക്കാൻ പോകുന്നവർക്കല്ല മക്കളെ ശെരിയാം വണ്ണം മനസ്സിലാക്കിയെടുക്കാൻ മാതാപിതാക്കൾക്കാണ് സ്റ്റഡി ക്ലാസ് നൽകേണ്ടത് എന്ന് തോന്നുന്നു. എന്തായാലും അവരുടെ കല്ല്യാണം നടത്തി കൊടുക്കുവാനൊന്നും ഉന്മേഷ് മെനക്കെട്ടില്ല. മറിച്ചു കല്യാണമേ വേണ്ട എന്നൊരു ഉഗ്ര ശപഥമയാളെടുത്തു .
രണ്ടു നാള് കൊണ്ട് മറ്റെല്ലാവരും പഠനമെല്ലാം വിജയകരമായി പൂർത്തീകരിച്ചു കൊണ്ട് നല്ലൊരു പങ്കാളിയാകാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. ചിലർക്കെങ്കിലും വഴിത്തിരിവുകൾ സമ്മാനിച്ച് കൊണ്ട് ആ മനോഹരമായ ഇടം അങ്ങനെ തുടരുന്നു.
എങ്കിലും ഇണക്കുരുവികളെ നിങ്ങളോടായി ….. ഒന്ന് നില്ക്കു …. ഇവിടേയ്ക്ക് വരും മുന്നേ ഒന്ന് ചിന്തിക്കൂ……സ്വായത്തമാക്കൂ വിശാലമായ ഈ ഭൂഖണ്ഡത്തിലുടനീളം വ്യാപാരിച്ചു വിഹരിക്കുന്ന അറിവുകൾ. വിശ്വ വിഖ്യാതരായ മാതാപിതാക്കളെ, നിങ്ങളോടായി ഒരേയൊരു വാക്ക്.
സ്നേഹിക്കു നിങ്ങൾ നിങ്ങളുടെ പൊൻമക്കളെ.
അറിയുവാൻ തുനിയു നിങ്ങളവരെ. ഓർക്കുക നിങ്ങൾ. അവർ മരപ്പാവകളല്ല.
നിങ്ങൾ മാറും കാലാന്തരങ്ങളെ.
കാലയവനികയ്ക്കുള്ളിൽ ഒരു തിരിയായി എരിയും
മുൻപേ ….

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.

Copyright © . All rights reserved