കഴിഞ്ഞ വർഷമാണ് കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അപ്രതീക്ഷിതമായി അന്തരിച്ചത്. 2021 ഒക്ടോബർ 29 ന് ആണ് ആരാധകരേയും സിനിമ പ്രേമികളെയും സിനിമാ പ്രവർത്തകരേയും ഞെട്ടിച്ചു കൊണ്ട് പുനീത് രാജ്‌കുമാർ ഹൃദയാഘാതം മൂലം അന്തരിച്ചത്. 46 വയസ്സ് മാത്രം ഉണ്ടായിരുന്ന പുനീതിന്റെ വിയോഗം കന്നഡ സിനിമാ ഇന്ഡസ്ട്രിക്ക് തന്നെ വലിയ ഷോക്ക് ആയിരുന്നു.
അത്രമാത്രം പ്രീയപെട്ടവൻ ആയിരുന്നു അപ്പു എന്ന് ആരാധകരും സിനിമാ പ്രവർത്തകരും വിളിക്കുന്ന പുനീത് രാജ്‌കുമാർ എന്ന നടനും താരവും. ഇപ്പോഴിതാ അദ്ദേഹം അവസാനമായി അഭിനയിച്ച ജെയിംസ് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. കന്നഡ, തമിഴ്, മലയാളം, തെലുങ്കു ഭാഷകളിലൊക്കെ ഈ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ചേതൻ കുമാർ ആണ്.
പ്രിയ ആനന്ദ്, ശ്രീകാന്ത്, അനു പ്രഭാകർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ആർ ശരത് കുമാർ, തിലക്, ശേഖർ, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, സാധു കോകില, ചിക്കന്ന എന്നിവരും അഭിനയിച്ചിട്ടുണ്ട്. സ്വാമി ജെ ഗൗഡ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ചരൺ രാജ്, എഡിറ്റ് ചെയ്തത് ദീപു എസ് കുമാർ എന്നിവരാണ്. അപ്പുവിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ അവസാന ചിത്രം റിലീസ് ചെയ്യാനായി മറ്റു ചിത്രങ്ങളുടെ റിലീസ് മുഴുവൻ മാറ്റി വെച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം എന്നും പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് ആണ് റിലീസ് ചെയ്യുന്നത് എന്നും വാർത്തകൾ വന്നിരുന്നു.
ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ ചേട്ടനും മറ്റൊരു കന്നഡ സൂപ്പർ താരവുമായ ശിവരാജ് കുമാർ ആണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. കിഷോർ പ്രൊഡക്ഷൻസിന്റെ ബാനറിൽ കിഷോർ പതിക്കൊണ്ട ആണ് ജെയിംസ് നിർമ്മിച്ചിരിക്കുന്നത്.
സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള കപ്പൽ യാത്രയ്ക്കിടെ കോട്ടയം സ്വദേശിയെ കാണാതായ സംഭവത്തിൽ കപ്പൽ അധികൃതർ കൃത്യമായ വിവരങ്ങൾ നൽകാത്തതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി വലിയിടത്തിറ വീട്ടിൽ പരേതനായ കുരുവിളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൻ ജസ്റ്റിൻ കുരുവിള(30) യെയാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായത്.
സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു പോകുകയായിരുന്ന സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിൽ നിന്നുമാണ് ജെസ്റ്റിനെ കാണാതായത്. യുവാവിനെ കാണാതായ വിവരം കപ്പൽ കമ്പനി അധികൃതർ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് ജെസ്റ്റിനെ കാണാതായതായി കപ്പൽ കമ്പനി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചത്. എന്നാൽ പിന്നീട് കൂടുതൽ വിവരങ്ങൾ ഒന്നും കപ്പൽ അധികൃതർ ബന്ധുക്കളുമായി പങ്കുവെയ്ക്കാത്തതാണ് ഇപ്പോൾ സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം വ്യാഴാഴ്ചയോടെ ജസ്റ്റിനായുള്ള തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന കപ്പൽ അധികൃതരുടെ സന്ദേശം മാതാവിനെയും സഹോദരങ്ങളെയും ബന്ധുക്കളെയും തകർക്കുന്നതായിരുന്നു.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കൊടിക്കുന്നിൽ സുരേഷ് എം പി കത്ത് നൽകുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ പാർലമെന്റിൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ 4 വർഷങ്ങളായി സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 31 നു ആണ് കപ്പൽ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു യാത്ര തിരിച്ചത്. കപ്പലിലെ കുക്കായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ. ഈ മാസം 23 നാണു കപ്പൽ അമേരിക്കയിൽ എത്തുക. യുവാവിനെ കാണാതായ വിവരം ലഭിച്ചതോടെ സഹോദരൻ സ്റ്റെഫിൻ ജനപ്രതിനിധികളെ വിവരമറിയിക്കുകയായിരുന്നു. ജസ്റ്റിൻ കുരുവിളയെ സംബന്ധിച്ച് അന്വേഷണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ അഭ്യർത്ഥിച്ചു.
ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളോട് ഫോണിൽ സംസാരിച്ചത്. പിന്നീട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫോൺ വിളിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ കപ്പൽ കമ്പനി അധികൃതർ ജെസ്റ്റിനെ കാണാനില്ല എന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സഹോദരൻ ഷെഫിനെയാണ് കപ്പൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. ജെസ്റ്റിനെ കാണാതായ സംഭവത്തിൽ സഹോദരൻ സ്റ്റെഫിൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുകയും സംഭവത്തിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി ബന്ധപ്പെട്ടു ഉടൻ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
എംഎൽഎ ജോബ് മൈക്കിൾ ജെസ്റ്റിന്റെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിക്കുകയും സർക്കാർ ഇടപെടലുകൾ സംബന്ധിച്ച് അറിയിക്കുകയും ചെയ്തു. വലിയിടത്തിറ വീട്ടിൽ ജസ്റ്റിന്റെ വിളിക്കായി കാത്തിരിക്കുകയാണ് സഹോദരങ്ങളായ ഷെഫിനും ഷിക്കയും. രണ്ടാഴ്ച മുൻപായിരുന്നു ഷെഫിന്റെ വിവാഹം.
വിവാഹത്തിൽ പങ്കെടുക്കാനായില്ലെങ്കിലും അടുത്ത മാസം എത്തുമെന്നാണ് ജസ്റ്റിൻ ബന്ധുക്കളെ അറിയിച്ചിരുന്നത്. വിവരമറിഞ്ഞതുമുതൽ പ്രാർത്ഥനയിലാണ് ജസ്റ്റിന്റെ മാതാവ്. മകന്റെ വരവും കാത്തിരിക്കുകയാണ് മാതാവ് കുഞ്ഞൂഞ്ഞമ്മ. സഹോദരനും കപ്പലിലെ ജോലിക്കാരനാണ്. സഹോദരി ഷിക്ക സൗദിയിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്.
കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു മുൻ നഗരസഭാ കൗൺസിലറായ ഇരുചക്ര വാഹന ഷോറൂം ഉടമ മരിച്ചു. കോട്ടയം ചാലുകുന്ന് മണപ്പുറത്ത് ജോൺ മാത്യുവിന്റെ മകൻ ജവീൻ മാത്യു(52)ആണ് മരിച്ചത്.
മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങൾ ജവീൻ നിർവഹിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് റൈഡർമാനിയയിൽ ഒന്നിലധികം തവണ ജവീന്റെ രൂപകൽപനകൾ സമ്മാനാർഹമായി. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. ‘ജവീൻസ് റോയൽ എൻഫീൽഡ്’ ഉടമയായ ജവീന് മുന്‍പ് അപൂർവമായ വിന്റേജ് വാഹനങ്ങളുടെ ശേഖരവുമുണ്ടായിരുന്നു.
ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം താലൂക്ക് ഓഫീസിന് സമീപം രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ജവീൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജവീൻ മാത്യുവിനെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ അംഗവും മദ്ധ്യകേരള മഹായിടവക മുൻ കൗൺസിൽ അംഗവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു ജവീൻ മാത്യു.
കേരളത്തിന് അകത്തും പുറത്തുമായി നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന വ്യക്തിയുമായിരുന്നു ജവീൻ. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അനു ജവീൻ ആണ് ഭാര്യ. സംസ്കാരം പിന്നീട്.
നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ അമ്പലമുക്കിന് സമീപത്തെ ചെടിക്കടയില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊടും കുറ്റവാളി. തമിഴ്‌നാട്ടില്‍ ഇരട്ടക്കൊലകേസില്‍ പ്രതിയായ രാജേന്ദ്രനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍. കേസില്‍ വിചാരണ തുടങ്ങും മുന്‍പ് ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്.
പേരൂര്‍ക്കടയിലെ ഹോട്ടലില്‍ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്.
തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍. മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിയില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്. പേരൂര്‍ക്കടയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ് രാജേഷ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ജീവനക്കാരി കൊല്ലപ്പെട്ടത്.
തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് സൂചനയുണ്ട്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ജോലിക്കിടെ അപകടം പറ്റിയെന്ന് കാണിക്കാന്‍ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കിയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയേയും സുഹൃത്തുക്കളെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കൊല്ലപ്പെട്ട യുവതി ധരിച്ചിരുന്ന സ്വര്‍ണമാല കാണാതായിരുന്നു. എന്നാല്‍ യുവതിയുടെ ബാഗിലും നഴ്‌സറി ഓഫീസിലുമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ മോഷണം തന്നെയാണോ കൊലപാതകത്തിനു പിന്നിലെന്ന സംശയവും പോലീസിനുണ്ടായിരുന്നു. ഞായറാഴ്ച കോവിഡ് നിയന്ത്രണം നിലനിന്നിരുന്നതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നു. ഈ അവസരം മുതലാക്കിയാണ് പട്ടാപ്പകല്‍ അരുംകൊല നടത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്. പ്രതി നഴ്‌സറിയുടെ ഭാഗത്തേക്ക് നടന്നുപോകുന്നതും 20 മിനിറ്റിനു ശേഷം തിരികെ പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒരു ഓട്ടോയിലും സ്‌കൂട്ടറില്‍ ലിഫ്ട് ചോദിച്ച പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യവും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പ്രതിയെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തമിഴ് കലര്‍ന്ന മലയാളമാണ് പ്രതി സംസാരിച്ചതെന്നും ഓട്ടോ ഡ്രൈവര്‍ അറിയിച്ചിരുന്നു.
ഡൽഹി സ്വദേശി ജയവർധന ശർമ (41 ) സൗത്പ്റ്റാണ് അടുത്ത് ന്യൂ മിൽട്ടൺ എന്ന സ്ഥലത്ത് നിര്യാതനായി . കവൻട്രിയിൽ വീട് വാങ്ങി താമസം മാറാനിരിക്കെ വെറും ഒരു മാസം കൊണ്ട് രോഗലക്ഷണം പ്രകടമാവുകയും മരണം അദ്ദേഹത്തെ കവരുകയും ആയിരുന്നു . ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ വരുമാനം മാത്രമായിരുന്നു ഭാര്യ ഷെല്ലിക്കും മൂന്നു വയസായ കുഞ്ഞിനും ആശ്രയം .
ഇപ്പോൾ ജീവിതത്തിൽ ഒറ്റയ്ക്കായി പോയ അവർക്കു ന്യൂമിൽട്ടണിലെ ഏതാനും മലയാളി കുടുംബങ്ങളാണ് ആശ്രയം . ജോലിയോ വരുമാനമോ ഇല്ലാത്ത , പെർമനന്റ് റെസിഡൻസിയും ഇല്ലാത്ത ഷെല്ലിയെ സഹായിക്കാൻ യുകെയിലെ മലയാളി സമൂഹത്തിന്റെ കരുണ കൂടി ആവശ്യമായി വന്നിരിക്കുകയാണ് . നിലവിലെ ജോലി രാജി വയ്ക്കുകയും പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെയും വന്ന സാഹചര്യത്തിലാണ് ജയവർധനയുടെ മരണം എന്നതും വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് .
നമ്മോടൊപ്പം സന്തോഷത്തോടെ കഴിയേണ്ട ഒരു കുടുംബം പ്രതിസന്ധിയിൽ സഹായം തേടി തളർന്നു നിൽകുമ്പോൾ , നമ്മളാണ് അവരുടെ പ്രതീക്ഷ . സാധ്യമാകുമെങ്കിൽ ഒരു കൈ സഹായം നല്കണമെന്നഭ്യർത്ഥിക്കുന്നു. https://www.gofundme.com/f/shelly-to-support-her-son-and-husband-funeral
യുകെ ഉൾപ്പെടെ 82 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം യുകെ മലയാളികൾക്ക് അനുഗ്രഹമാകും. യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. യുഎസ്എ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, സ്പെയിൻ, സിംഗപ്പൂർ, ന്യൂസിലൻഡ്, മെക്സിക്കോ, മാലിദ്വീപ്, മലേഷ്യ, അയർലൻഡ്, ഫിൻലൻഡ്, ഹോങ്ങ്കോങ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടും
ഇൗ മാസം 14 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക. വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീനും ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതി പുറത്തിറക്കിയത്.
യുഎഇ പ്രവാസികൾ ഇന്ത്യയിലേയ്ക്ക് പോകുമ്പോൾ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർടിഫിക്കറ്റ് കരുതണം. സൗദി കൂടാതെ ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. 82 രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ മാർഗ നിർദേശത്തിലാണ് പ്രവാസികൾക്കടക്കം ആശ്വാസം പകരുന്ന പുതിയ നടപടികൾ പ്രഖ്യാപിച്ചത്. പ്രവാസികൾ വാക്സീൻ സർട്ടിഫിക്കറ്റുകൾ കൈവശം കരുതിയാൽ മതി. എന്നാൽ എയർ സുവിധയിൽ ഇത് അപ്‌ലോഡ് ചെയ്യണം.
നിലവിൽ 72 മണിക്കൂർ ഉള്ളിലെ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതിനാൽ അത്യാവശ്യങ്ങൾക്കായി നാട്ടിലേയ്ക്ക് തിരിക്കാൻ പ്രവാസികൾക്ക് സാധിച്ചിരുന്നില്ല. ഇതോടെ ആ പ്രശ്നത്തിനു പരിഹാരമായി.
.
ജോലിക്ക് കയറി ആദ്യ ദിവസം തന്നെ പിരിച്ചുവിട്ടാലോ?! കഷ്ടമായിരിക്കും അല്ലേ. കഴിഞ്ഞ ദിവസം റഷ്യയിൽ സമാനമായ സംഭവം നടന്നു. ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ ജീവനക്കാരനെ പിരിച്ചുവിട്ടു. കാരണമെന്താണെന്നല്ലേ? ബോറടിച്ചപ്പോൾ ഏഴ് കോടി വില വരുന്ന പെയിന്‍റിംഗിൽ കണ്ണുകൾ വരച്ചുവത്രെ.
വിലയേറിയ പെയിന്‍റിംഗ് വികൃതമാക്കിയതിനാണ് ജീവനക്കാരനെതിരെ അധികൃതർ നടപടി സ്വീകരിച്ചത്. പടിഞ്ഞാറൻ മധ്യ-റഷ്യയിലെ യെക്കാറ്റെറിൻബർഗ് നഗരത്തിലെ ബോറിസ് യെൽറ്റ്‌സിൻ പ്രസിഡൻഷ്യൽ സെന്ററിലാണ് സംഭവം. ‘ത്രീ ഫിഗേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി 7.51 കോടിക്ക് തുല്യമായ 74.9 ദശലക്ഷം റഷ്യൻ റൂബിളിന് ഇൻഷ്വർ ചെയ്തിട്ടുണ്ട്. റഷ്യൻ കലാകാരനായ കാസിമിർ മാലെവിച്ചിന്റെ ശിഷ്യ അന്ന ലെപോർസ്കയയാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ. 1932-34 കാലഘട്ടത്തിലാണ് ഇത് വരക്കുന്നത്.
ബോൾ പെൻ ഉപയോഗിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്‍റെ ചിത്രംവര. മുഖം വരക്കാൻ ഉപയോഗിക്കുന്ന ടൈറ്റാനിയം വൈറ്റ്, വാർണിഷ് കൊണ്ട് മൂടാത്തതിനാൽ പെയിന്റ് പാളിയിലേക്ക് മഷി കടന്നിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ശക്തമായ സമ്മർദ്ദമില്ലാതെ പേന ഉപയോഗിച്ച് വരച്ചതിനാൽ ചിത്രത്തിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല.
സെക്യൂരിറ്റി ജീവനക്കാരന്‍റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇപ്പോഴും വ്യക്തമല്ലെന്നും പ്രവൃത്തി വിവേകശൂന്യമാണെന്നും ഭരണകൂടം പറഞ്ഞു. കേടുപാടുകൾ കൂടാതെ പെയിന്‍റിംഗ് പൂർവസ്ഥിതിയിലാക്കാൻ രണ്ടര ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് അധികൃതരുടെ അഭിപ്രായം.
40,000 രൂപ പിഴയും ഒരു വർഷത്തെ തൊഴിൽ ശിക്ഷയും ഉൾപ്പെടെയുള്ള നശീകരണ കുറ്റമാണ് സെക്യൂരിറ്റി ജീവനക്കാരനെതിരെ അധികൃതർ ചുമത്തിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ഏതായാലും ഇതോടെ ജീവനക്കാരന്‍റെ ‘ബോറടി’ മാറിക്കാണുമെന്നാണ് എല്ലാവരുടേയും അഭിപ്രായം.
കങ്ങഴ മുണ്ടത്താനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷിക്കാനെത്തിയ പോലീസിനെയും ഇരുവരും കൈകാര്യം ചെയ്യും ചെയ്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ മൂന്നു പോലീസുകാർ ചികിത്സയിലാണ്.
സംഭവത്തിൽ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയിൽ 65കാരനായ പ്രസാദ് ആണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തുനിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്.
മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽനിന്ന് 5000 രൂപയടങ്ങിയ പേഴ്സ് തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പോലീസ് സ്റ്റേഷനിലറിയിച്ച ശേഷം പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ഒൻപതരയോടെ കറുകച്ചാൽ പോലീസ് ബിജുവിന്റെ വീട്ടിലെത്തി.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സി.പി.ഒ. വിനീത് ആർ.നായരുടെ കൈയിൽ കടിച്ചു. മറ്റുള്ള പോലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കുകയായിരുന്നു. പട്ടികക്കഷണവുമായെത്തിയ മഞ്ജു സി.പി.ഒ.മാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെയും ആക്രമിച്ചു. വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയാണുണ്ടായത്. പോലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരേ മണിമല പോലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പോലീസും കേസെടുത്തു.
വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ദി കോമോ മേഖലയില്‍ വയോധികയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തി. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന മരിനെല്ല ബെറേറ്റ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ലിവിങ് റൂമില്‍ കസേരയിലിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അടുത്തിടെ ഉണ്ടായ ശക്തമായ കാറ്റില്‍ ഇവരുടെ തോട്ടത്തിലെ മരങ്ങള്‍ വീഴുമെന്ന ആശങ്കയെത്തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കാനെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. മരിനെല്ല മരിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും 2019ന്റെ അവസാനത്തോടെ മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. ഇവരുടെ ബന്ധുക്കളെക്കുറിച്ച് അയല്‍വാസികള്‍ക്കൊന്നും യാതൊരു വിവരവുമില്ല.
രണ്ടര വര്‍ഷത്തോളമായി തങ്ങള്‍ മരിനെല്ലയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും കോവിഡ് ഇറ്റലിയില്‍ ബാധിച്ച് തുടങ്ങിയ സമയത്ത് ഇവര്‍ വീട് പൂട്ടി ഏതെങ്കിലും ബന്ധുക്കളുടെ അടുത്തേക്ക് പോയിരിക്കാമെന്നാണ് കരുതിയിരുന്നതെന്നുമാണ് സമീപവാസികള്‍ അറിയിച്ചിരിക്കുന്നത്.
മരിനല്ലയുടെ ബന്ധുക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളെ ആരെയും കണ്ടെത്താനായില്ലെങ്കില്‍ മരിനെല്ലയ്ക്ക് ബഹുമാനപൂര്‍വ്വം അന്ത്യയാത്ര നല്‍കാന്‍ സഹകരിക്കണമെന്ന് കോമോ മേയര്‍ മരിയോ ലാന്‍ഡ്രിസിന നഗരവാസികളോടഭ്യര്‍ഥിച്ചു.