ദുബായ്: പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് മെഹ്‌നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്.
തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു. കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടക സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്.
സ്റ്റുഡന്റ് കോർഡിനേറ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ കുമാർ.
നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന.
ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീൻ്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.
മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സത്യ നദെല്ലയുടെ മകന്‍ സെയിന്‍ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗമുണ്ടായിരുന്നു.
54-കാരനായ സത്യ നദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം കമ്പനി ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നു.
തന്റെ മകനെ വളര്‍ത്തിയതില്‍ പ്രചോദനം ഉള്‍കൊണ്ടാണ് നദെല്ല ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് കമ്പനിയെ നയിച്ചത്.
മമ്മൂട്ടിയുടെ ഭീഷ്മ പര്‍വവും ദുല്‍ഖര്‍ സല്‍മാന്റെ ഹേയ് സിനാമികയും മാര്‍ച്ച് 3ന് ആണ് റിലീസ് ചെയ്യുന്നത്. അച്ഛന്റെയും മകന്റെയും സിനിമകള്‍ ഒരേ സമയം തിയേറ്ററില്‍ എത്തുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. ദുല്‍ഖറിന്റെ സിനിമകള്‍ക്ക് മമ്മൂട്ടി പ്രമോഷന്‍ കൊടുക്കാറില്ല.
പതിവിന് വിപരീതമായി ആദ്യമായി ദുല്‍ഖറിന്റെ ചിത്രത്തിന് മമ്മൂട്ടി പ്രമോഷന്‍ നല്‍കിയത് കുറുപ്പിന് വേണ്ടിയായിരുന്നു. എന്നാല്‍ വാപ്പിച്ചിയുടെ ഫോണ്‍ താന്‍ അടിച്ചുമാറ്റി ചെയ്തതാണ് ഇതെന്ന് ദുല്‍ഖര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സംഭവത്തെ കുറിച്ച് മമ്മൂട്ടിയും പ്രതികരിച്ചിരിക്കുകയാണ്.
”ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. പിന്നെ നമ്മള്‍ അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു” എന്നാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നത്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്.
അതേസമയം പാന്‍ ഇന്ത്യന്‍ റിലീസായാണ് ദുല്‍ഖറിന്റെ ഹേ സിനാമിക എത്തുന്നത്. കൊറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രത്തില്‍ അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍.
വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കണമെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കീവിൽ റഷ്യൻ ആക്രമണം രൂക്ഷമായിരിക്കെയാണ് എംബസിയുടെ നിർദേശം
ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ തുടരുന്നതിനിടെ യുക്രെയ്നിലെ സ്ഥിതിഗതികൾ രാഷ്ട്രപതി റാം നാഥ് കോവിന്ദിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലെത്തിയാണ്, മോദി രാഷ്ട്രപതിയോട് കാര്യങ്ങൾ വിശദീകരിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും ഉന്നതതല യോഗം ചേർന്നു.
യുക്രെയ്നിൽ റഷ്യ സൈനികനീക്കം ആരംഭിച്ചശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന മൂന്നാമത്തെ ഉന്നതതല യോഗമാണ് ഇത്. ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാൻ വ്യോമസേനയും ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ‘നമ്മുടെ വ്യോമസേനയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ സാധിക്കും. മാനുഷിക സഹായം കൂടുതൽ കാര്യക്ഷമമായി എത്തിക്കാനും ഇത് സഹായിക്കും.’– പ്രധാനമന്ത്രി പറഞ്ഞു.
വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളെ ഉപയോഗിച്ച് ഒഴിപ്പിക്കൽ അതിവേഗത്തിലാക്കാനാണ് കേന്ദ്രനീക്കം. വ്യോമസേനയുടെ സി–17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രെയ്‌നും അതിർത്തിരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. ഇവ കൈമാറാൻ സി–17 വിമാനങ്ങൾ ഇന്ത്യ അങ്ങോട്ട് അയയ്ക്കുന്നുണ്ട്.
സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി–17 വിമാനങ്ങൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചുവരാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്വകാര്യ എയർലൈൻ കമ്പനികളായ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയാണ് ഒഴിപ്പിക്കൽ നടപടിയിൽ പങ്കെടുക്കുന്നത്. അടുത്ത രണ്ടു ദിവസത്തിനകം 23 സർവീസുകൾ കൂടി ഈ കമ്പനികൾ നടത്തും. ഇതോടൊപ്പമായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സർവീസ്.
കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി (ഹംഗറി), ജ്യോതിരാദിത്യ സിന്ധ്യ (റുമാനിയ, മോൾഡോവ), കിരൺ റിജിജു (സ്ലൊവാക്യ), ജനറൽ വി.കെ.സിങ് (പോളണ്ട്) എന്നിവരെ യുക്രെയ്‌ന്റെ അതിർത്തി രാജ്യങ്ങളിലേക്കു അയയ്ക്കാൻ തിങ്കളാഴ്ചത്തെ ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു. ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാനാണ് കേന്ദ്രമന്ത്രിമാരെ പ്രധാനമന്ത്രി നിയോഗിച്ചത്.
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലാതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് വീണ്ടും സജീവമാവുകയാണ്. നിരവധി റിയാലിറ്റി ഷോകളിലേക്കും ചാറ്റ് ഷോകളിലേക്കും താരത്തിന് ക്ഷണമെത്തി കഴിഞ്ഞു. ഇതിനിടെ നടൻ ജഗദീഷ് അവതാരകനായിട്ടെത്തുന്ന ‘പടം തരും പണം’ പരിപാടിയിൽ പങ്കെടുത്ത് വാവ സുരേഷ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്.
ഇതുവരെ അധികമൊന്നും വാവ സുരേഷ് തുറന്നുപറയാത്ത തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഒടുവിൽ അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്. പതിമൂന്ന് വർഷം മുമ്പ് താൻ കല്യാണം കഴിച്ചിരുന്നതായും പിന്നീട് തന്റെ താൽപര്യപ്രകാര തന്നെ വിവാഹമോചനം തേടിയെന്നും വാവ സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്.
‘ഞാനൊരു കല്യാണം കഴിച്ചിരുന്നു. പതിമൂന്ന് വർഷം മുൻപ്. പക്ഷെ പിന്നീട് അവരുമായി കമ്യൂണിക്കേറ്റ് ചെയ്യാനോ മനസിൽ ഉൾകൊള്ളാനോ സാധിക്കാത്തത് കൊണ്ട് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. അവർക്ക് കുഴപ്പമുണ്ടെന്ന് ഞാൻ പറയുന്നില്ല. കാരണം ഞാനായി ഒഴിവായതാണ്. വീട്ടിൽ നിന്ന് പോയാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞായിരിക്കും തിരിച്ച് വരിക. പിന്നെ പാമ്പുകളെ കൊണ്ട് വിടാനും മറ്റുമൊക്കെ പോവുന്നത് കൊണ്ട് ഫുൾ ടൈം യാത്രകൾ തന്നെയായിരുന്നു.’
‘രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൂർണമായിട്ടുള്ള യാത്രകളായിരുന്നു. വയ്യാതാവുന്ന സമയത്തൊക്കെ ആയിരിക്കും വിശ്രമിക്കുന്നത്. പാമ്പുകളുമായിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഈ വിവാഹബന്ധം തടസമാണെന്ന് തോന്നിയപ്പോൾ സ്വയം ഒഴിഞ്ഞു. ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്റെ സ്വന്തം തീരുമാനമായിരുന്നു’- വാവ സുരേഷ് പറയുന്നു.
എന്റെ വിഷമങ്ങളും പ്രശ്നങ്ങളുമൊന്നും ആളുകളുമായി സംസാരിക്കാൻ ഞാൻ ഇതുവരെ തയ്യാറായിട്ടില്ല. കാരണം അതാണ് നല്ലതെന്ന് എനിക്ക് തോന്നിയെന്നും അദ്ദേഹം പരിപാടിയിൽ തുറന്നു പറഞ്ഞു.
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ഇതിനിടെ വാവ സുരേഷ് വെളിപ്പെടുത്തി. ‘എന്നും രാവിലെ ഒരു പെൺകുട്ടിയ്ക്ക് റോസാപ്പൂ നൽകുമായിരുന്നു. ഏകദേശം അഞ്ഞൂറോളം പൂവുകൾ ഞാൻ കൊടുത്തു. പൂവ് കൊടുക്കുമ്പോൾ ചിരിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് അവൾ മറ്റൊരു വിവാഹം ചെയ്ത് പോയി. ഇപ്പോൾ ഭർത്താവും കുട്ടിയുമൊക്കെയായി ജീവിക്കുകയാണ്. രണ്ട് ദിവസം മുൻപ് കുടുംബത്തോടൊപ്പം എന്നെ കാണാൻ വന്നിരുന്നു’ – സുരേഷ് പറഞ്ഞുനിർത്തി.
അരണാട്ടുകരയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ അധ്യാപകൻ സൗഹൃദം മുതലെടുത്ത് ബലാൽസംഗം ചെയ്തായി പരാതി. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് നടപടി.
തൃശൂർ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ. എസ് സുനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ പലതവണ വിദ്യാർത്ഥിനിയെ ബലാൽസംഘം ചെയ്‌തെന്നാണ് പരാതി. ഗസ്റ്റ് ലക്ചറായി എത്തിയ ഒരു അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയിരുന്നു.
ഇക്കാര്യം കോളേജ് അധികൃതരോട് പരാതിപ്പെട്ടിട്ടും ചെവികൊണ്ടില്ല. പിന്നീടാണ് പെൺകുട്ടിയുടെ പരാതിയിൽ നടപടി എടുക്കാമെന്ന് പറഞ്ഞ് സുനിൽ കുമാറെന്ന അധ്യാപകൻ സൗഹൃദം സ്ഥാപിച്ചത്. ഈ പരിചയം മുതലെടുത്ത് പിന്നീട് ഇയാൾ പെൺകുട്ടിയെ സമ്മതമില്ലാതെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് കോളേജ് അധികൃതരോട് പെൺകുട്ടി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. പെൺകുട്ടി ഇതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സഹപാഠികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജിൽ പരാതിപ്പെട്ടപ്പോൾ അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും സഹപാഠികൾ ആരോപിക്കുന്നു. പോലീസിന് പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്തില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനിടെയാണ് പോലീസ് കേസെടുത്തത്.
ആരോപണവിധേയനായ അധ്യാപകൻ പലപ്പോഴും മദ്യപിച്ചെത്താറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല പെൺകുട്ടികളോടും ഇയാൾ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ കാലിക്കറ്റ് സർവകലാശാല തലപ്പത്തു നിന്ന് നിർദ്ദേശം വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടിയെടുത്തത്.
പ്രൊഫ .ബാബു പൂഴിക്കുന്നേൽ
എൻറെ പ്രിയ സഹോദരി ജസ്ലി ജോൺസൺ പുത്തൻ കളത്തിൽ ഇന്ന് വെളുപ്പിന് (28 -02-2022) ഇംഗ്ലണ്ടിലെ പോർസ്മൗത്തിൽ വെച്ച് ഈ ലോകത്തോട് വിടപറഞ്ഞു. ക്യാൻസർ രോഗത്തിൻ്റെ ചികിത്സയിലായിരുന്ന പ്രിയ ജസ്സി ആരോടും പരിഭവമില്ലാതെ, ഒന്നിനേക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് യാത്രയായി. ഞങ്ങളുടെ സഹോദര വല്ലരിയിൽ നിന്നും കൊഴിഞ്ഞുവീഴുന്ന ആദ്യ പുഷ്പം.
ജെസ്സി എന്നേക്കാൾ രണ്ടു വയസ്സിന് ഇളയതാണ്. മൂത്ത സഹോദരങ്ങളെ ഒക്കെ ദുഃഖത്തിലാഴ്ത്തി ഞങ്ങളുടെ പെങ്ങൾ സ്വർഗ്ഗ തീരത്തേയ്ക്ക് യാത്രയാകുന്നു. ജീവിതത്തെ വളരെ സ്നേഹിച്ച ഒരു വ്യക്തിയായിരുന്നു അവൾ . പഠിക്കണം, ജോലി സമ്പാദിക്കണം, സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കണം ഇതെല്ലാം ചെറുപ്പകാലം മുതലുള്ള അവളുടെ ആഗ്രഹങ്ങളായിരുന്നു. ബി.സി.എമ്മിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം സ്വർണ്ണഖനികളുടെ നാടായ കോളറിലാണ് അവൾ നേഴ്സിംഗ് പഠനം നടത്തിയത്. ബാംഗ്ലൂർക്കുള്ള ഐലൻ്റ് എക്സ്പ്രസിൽ കയറി ബംഗാരപ്പേട്ട എന്ന സ്റ്റേഷനിലിറങ്ങി കോളാറിലേക്കുള്ള ബസ് പിടിച്ച് പോയ ചിത്രങ്ങളൊക്കെ എൻറെ മനസ്സിൽ തെളിയുന്നു . ആദ്യമായി സാരിയുടുത്ത് ഇൻറർവ്യൂ വിജയിച്ച് അഡ്മിഷൻ കിട്ടിയ അഭിമാനത്തോടെ നാട്ടിലേയ്ക്ക് യാത്രയാക്കിയ ജസ്സിയുടെ ചിരിക്കുന്ന മുഖം ഇപ്പോഴും എൻറെ മനസ്സിൽ ദീപ്തമാണ്. വിവാഹത്തിനുശേഷം കുവൈറ്റിലേയ്ക്കുള്ള വിസാ സ്റ്റാമ്പു ചെയ്യുവാൻ വേണ്ടി ഞാനും ജസ്സിയും കൂടി ബോംബെയിലെത്തി കറുകപ്പറമ്പിൽ ഫിലിപ്പ് ചേട്ടൻറെ വീട്ടിലും ലിസി ലാസറാഡോയുടെ ഫ്ലാറ്റിലും താമസിച്ച ഓർമ്മകൾ . …പിന്നീട് മകൾ ചിന്നുവിനെ വളർത്താൻ ഞങ്ങളെ ഏൽപ്പിച്ച അവൾ ബഹറിനിലേക്ക് കൂടുമാറിപ്പോകുമ്പോൾ ചിന്നുവിൻ്റെ ഒരു കുഞ്ഞുടുപ്പ് മണത്തു വിതുമ്പുന്ന ജസ്സിയുടെ ചിത്രവും ഞാൻ ഓർമ്മിക്കുന്നു.
2003-ൽ അവൾ പോർട്ട്സ് മൗത്തിലേക്ക് പറിച്ചു നടപ്പെട്ടു . യുകെയിലെ വാസം ജസ്സിക്ക് കൂടുതൽ ഉണർവും ഉന്മേഷവും നൽകി. ബ്രിട്ടീഷ് പൗരത്വം നേടി അവൾ സുരക്ഷിതയായി . 2010-ൽ പോർട്ട്സ് മൗത്തിലെ അവളുടെ സ്വന്തം വീട്ടിൽ രണ്ടാഴ്ചക്കാലം ഞാൻ താമസിക്കുകയുണ്ടായി. പള്ളിയിലെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന എൻ്റെ പ്രിയ സഹോദരിയെ അഭിമാനത്തോടെ നോക്കിക്കണ്ടു. അവളുടെ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. ആ ഇംഗ്ലീഷ് പള്ളിയിൽ കുർബാന നൽകുന്ന വോളൻ്റിയേഴ്സിൻ്റെ ലീഡറായിരുന്നു അവൾ. പ്രാർത്ഥനയുടെ കൃപാവരത്തിൽ ആ കുടുംബമാകെ ചൈതന്യമുള്ളതായി എനിക്ക് അനുഭവപ്പെട്ടു . ചെറുപ്പത്തിൽ കുസൃതിക്കുറുമ്പനായിരുന്ന കെവിൻ അൾത്താര ബാലൻ്റെ വേഷത്തിൽ ദേവാലയ ശുശ്രൂഷകളിൽ ഭക്തിപൂർവ്വം ഭാഗഭാക്കാകുന്നത് എന്നെ കോരിത്തരിപ്പിച്ചു. പോർട്ട്സ് മൗത്ത് നഗരത്തിൻ്റെ മുക്കുംമൂലയും കാണുവാൻ അവൾ എന്നെ കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളിൽ നടന്ന അത്താഴ വിരുന്നുകളിൽ സ്വന്തം ആങ്ങളയെ അഭിമാനത്തോടെ അവൾ അവതരിപ്പിച്ചു.
ആതിര മോളുടെയും അനഘ മോളുടെയും വിവാഹത്തിൻ്റെ എല്ലാ ചടങ്ങുകളിലും സജീവമായി പങ്കെടുത്ത് അവൾ കുടുംബാന്തരീക്ഷത്തിൻ്റെ സന്തോഷത്തിന് കലവറയില്ലാതെ സൗരഭ്യം പകർന്നു . പരാതി പറയാതെ ആരെയും കുറ്റപ്പെടുത്താതെ സദാ ചിരിക്കുന്ന ജസ്സി പോസിറ്റീവ് എനർജിയുടെ ആൾരൂപമായിരുന്നു. ആത്മീയതയുടെ ചൈതന്യം അവളുടെ മുഖശ്രീയായിരുന്നു. ജസ്സിയാൻറി എല്ലാ മക്കൾക്കും പ്രിയപ്പെട്ടവളായിരുന്നു. തുറന്നടിച്ച് സംസാരിച്ചിരുന്നുവെങ്കിലും പുത്തൻ കളത്തിൽ കുടുംബാംഗങ്ങൾക്ക് ജസ്സി പ്രിയപ്പെട്ടവളായിരുന്നു. ജോയിച്ചായനേക്കുറിച്ചും റോയിച്ചായനേക്കുറിച്ചും ആൻസി ചേച്ചിയെക്കുറിച്ചും ജസ്സിയെക്കുറിച്ചും അവൾ ആദരപൂർവ്വമാണ് സംസാരിച്ചിരുന്നത്.
അപ്പച്ചൻ്റെയും അമ്മച്ചിയുടെയും ചരമവാർഷികത്തിന് അവൾ ജോൺസനേയും കൂട്ടി വന്നു. അന്ന് ഞങ്ങൾ സഹോദരങ്ങളെല്ലാം പൂഴിക്കുന്നേൽ വീട്ടിൽ ഒന്നിച്ചുകൂടി; വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനം നടത്തി; അപ്പച്ചൻ്റെയും അമ്മച്ചിയുടെയും കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥിച്ചു; ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾക്കും മിത്രങ്ങൾക്കും പൗര പ്രമുഖന്മാർക്കും കുടുംബത്തിൻറെ കൃതജ്ഞത അർപ്പിച്ചു. അന്നു സന്ധ്യയിൽ സഹോദരങ്ങളെല്ലാം അവരവരുടെ കൂടുകളിലേക്ക് മടങ്ങി . കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ഞങ്ങൾ യാത്ര പറഞ്ഞു. പിന്നെ അങ്ങനെയൊരു സഹോദരസംഗമം നടന്നിട്ടില്ല.
അവസാനമായി അവൾ കോട്ടയത്തു വരുന്നത് 2018 ഫെബ്രുവരിയിലാണ്. കൊച്ചു മകൾ സാറയുടെ മാമോദീസായ്ക്ക് . ഹോട്ടൽ ഐഡായുടെ ചെറിയ ഹാളുകളിൽ ആ സന്ധ്യ ഞങ്ങൾ സുന്ദര സുരഭിലമാക്കി . സാറായുടെ മാമോദീസാ അവിസ്മരണീയമായി. പൂഴിക്കുന്നേലേയും പുത്തൻ കളത്തിലേയും കൂന്തമറ്റത്തിലേയും കുടുംബാംഗങ്ങൾ ഒന്നിച്ചു കൂടിയ ആ മംഗള മുഹൂർത്തം ലളിത സുന്ദര ദീപ്തമായ മറ്റൊരു സമാഗമത്തിന് വഴിയൊരുക്കി.
ഈ മനോഹര തീരത്തു നിന്നും….. സ്വർഗ്ഗീയ തീരത്തേയ്ക്ക് യാത്രയാകുന്ന പ്രിയ പെങ്ങളെ , നിനക്കു ഞാനൊരു മുത്തം തരട്ടെ.
മെട്രിസ് ഫിലിപ്പ്
കാൽവരി കുന്നിൽമേൽ,കാരുണ്യമേ, കാവൽവിളക്കാണ് നീ..
വിഭൂതി തിരുനാൾ മുതൽ വലിയനോമ്പുകാലം ആരംഭിക്കുന്നു. കാൽവരിയിലേക്കുള്ള യാത്രയുടെ ആരംഭദിനം. നോമ്പു കാലത്തിലേക്ക് പ്രവേശിക്കുന്ന ദിവസം, വിശ്വാസികൾ, നെറ്റിയിൽ കുരിശാകൃതിയിൽ ചാരം പൂശി, അനുതാപത്തിന്റെയും, പ്രാർത്ഥനയുടെയും നീണ്ട 50 ദിവസങ്ങൾ.
കുരിശിന്റെ വഴിയെന്നത്, കുരിശിലേക്കുള്ള വഴിയെന്ന് മാറ്റി ചിന്തിച്ചുനോക്കു. കുരിശിലേക്ക് സൂക്ഷിച്ചുനോക്കാറുണ്ടോ. ആ കുരിശിൽ ഒരു ജീവൻ പിടഞ്ഞു മരിച്ചതാണെന്ന് ഓർക്കാറുണ്ടോ. പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താവരെ നീണ്ട യാത്രയിൽ, യേശു എന്ത് മാത്രം വേദന അനുഭവിച്ചുണ്ടാകും. മുൾമുടി അണിഞ്ഞു, മരണത്തിലേക്കുള്ള യാത്രയിൽ, തന്റെ കൂടെ ഉണ്ടായിരുന്നവർ ആരുമില്ല എന്ന് യേശു ഓർത്തിരിക്കും. ശരിക്കും ഒരു ഒറ്റപ്പെടൽ. കുറ്റമില്ലാത്തവൻ, കുറ്റം ചെയ്ത, രണ്ട് കള്ളൻമാരോടൊപ്പം കുരിശിൽ തറച്ചു കൊന്നില്ലേ. യേശുവിനെ കുരിശിലേക്ക്, എടുത്ത്, ഇട്ടശേഷം, ആ വിറക്കുന്ന കൈകളിലേക്ക് , ആണികൾ തറച്ചുകയറ്റിയപ്പോൾ, പിതാവേ, എന്ന് വിളിച്ചു, കരഞ്ഞപേക്ഷിക്കുയും, എന്നാൽ എന്റെ ഇഷ്ട്ടം അല്ല, അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുരിശിൽ കിടന്നുകൊണ്ട് അലറികരയുന്ന യേശുവിന്റെ വേദന, നമ്മൾ സ്വീകരിച്ചാൽ, ഈ നോമ്പുകാലം ഫലദായകമാകും. നമ്മളൊക്കെ മറ്റുള്ളവരുടെ വേദന അറിയുന്നവർ ആയിരിക്കണം. , യേശുനാഥൻ ഒരു തെറ്റും ചെയ്യാതെ കുരിശിൽ കിടന്നു മരണപ്പെട്ടതാണെന്ന് നമ്മളോർക്കണം.
മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയാണ് യേശു അനുഭവിച്ചത്. കുരിശിന്റെ ഭാരം, ഇടയ്ക്കുള്ള ചാട്ടവാർ കൊണ്ടുള്ള അടികൾ, കല്ലിൽ തട്ടിയുള്ള മൂന്ന് വീഴ്ചകൾ, തന്റെ പ്രീയ ശിഷ്യൻമാരുടെ ഓടിഒളിക്കൽ, കുരിശിൽ കിടന്നപ്പോൾ ഉണ്ടായ വേദന, രക്തത്തിൽ മുങ്ങിയ ശരിരം, മുൾകിരീടം കൊണ്ട്, തലയിൽ നിന്നും ഒലിക്കുന്ന രക്തവും, വിലാപുറത്തുള്ള കുന്തം കൊണ്ടുള്ള കുത്തിൽനിന്നുമുണ്ടായ വേദനയെല്ലാം അനുഭവിച്ച യേശുവേ, ആ വേദനയിൽ ചേർക്കണമേ എന്ന് പ്രാർത്ഥിക്കാം. നൊന്തുപ്രസവിച്ച, മാതാവിന്റെ മടിയിലേക്കു യേശുവിനെ കിടത്തിയപ്പോൾ ഉണ്ടാകുന്ന നൊമ്പരം.
നോമ്പുകാലം, പരിവർത്തനത്തിനിടയാകട്ടെ, സഹോദരങ്ങളോട് കരുണചെയ്തും, അവരെ നെഞ്ചോട്ചേർത്തുപിടിച്ചും, വിട്ടുവീഴ്ച്ചകൾ ചെയ്തും, അഹങ്കാരംമാറ്റിവെച്ചും, സഹായങ്ങൾ ചെയ്തും, അവശത അനുഭവിക്കുന്നവർക്ക്, ഒരു നേരത്തെ ആഹാരം എങ്കിലും നൽകി, പരസ്നേഹം നൽകി, ഈ നോമ്പുകാലം അനുഷ്ഠിക്കാം. പ്രാർത്ഥനകൾ …
ഇനിയുള്ള ദിവസങ്ങൾ വീടുകളിൽമുഴങ്ങുന്നത് “കുരിശിൽ മരിച്ചവനെ, കുരിശാലെ വിജയം വരിച്ചവനെ എന്നുള്ള ഗാനമായിരിക്കും.
ന്യൂഡൽഹി ∙ കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയിൽ ജൂൺ മാസത്തിൽ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ജൂൺ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബർ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.