Latest News

എസക്‌സ്: കോള്‍ചെസ്റ്ററില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളിയും ജോണ്‍സ് ടൂര്‍സ് കമ്പനിയുടെ ഉടമയുമായ ലിന്റോ ജോസിന്റെ പിതാവ് വടക്കേപീടിക ജോസ് (70) നിര്യാതനായി. ഇന്ന് രാവിലെഇന്ത്യന്‍ സമയം മൂന്നരയോടുകൂടിയാണ് മരണമടഞ്ഞത്. ചാലക്കുടി ആളൂര്‍ സ്വദേശിയുംവടക്കേപീടികയില്‍ കുടുംബാംഗമാണ്.

സംസ്‌ക്കാര കര്‍മ്മം ഞായറാഴ്ച വൈകുന്നേരം 4. 30 ന് ആളൂര്‍ സെന്റ് ജോസഫ് സെമിത്തേരിയത്തില്‍ നടക്കൂം. ഭാര്യ: മേഴ്‌സി, മക്കള്‍: ലിന്റോ, ലൈജോ, ലിജിന്‍. മരുമക്കള്‍: രാജി ലിന്റോ (പ്രസിഡന്റ്, കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി), കൊച്ചു മക്കള്‍: റയാന്‍ ജോണ്‍, ലൂയി ജോണ്‍.

പരേതന്റെ നിര്യാണത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തിയതായി സെക്രട്ടറി ജോര്‍ജ് കളപ്പുരയ്ക്കല്‍ അറിയിച്ചു.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

ഏതൊരു വിഢിക്കും വിമർശിക്കുവാനും, പരാതിപ്പെടാനും, അപലപിക്കാനും കഴിയും. എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും ആത്മനിയന്ത്രണം ആവശ്യമാണ്. പലപ്പോഴും മറ്റുള്ളവരെ വിമർശിക്കുവാൻ എനിക്കു തന്നെ എന്താണ് കുറവുള്ളതെന്ന് വെളിപ്പെടുത്തുന്നു. ഈ വാക്യങ്ങൾ സിഗ്മണ്ട് ഫ്രോയ്ഡ് കാലങ്ങൾക്ക് മുൻപ് പറഞ്ഞതാണ്. ഒരു പക്ഷെ മലയാളിയുടെ സ്വഭാവരീതി മനസ്സിൽ വച്ചുകൊണ്ട് പറഞ്ഞതാവാം എന്ന് ചിന്തിച്ചുപോവുന്നു. വാവ സുരേഷിനെ മൂർഖൻ കടിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ചില ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മഹാന്മാരുടെ തള്ള് വിശേഷങ്ങൾ അരങ്ങ് കൊഴുത്തു മുന്നേറുകയായിരുന്നു . വാവ ഒരു കള്ള നാണയമാണെന്നും പാമ്പിൻവിഷം വിൽപ്പനക്കാരനാണന്നുമൊക്കെ അവർ പറഞ്ഞു വച്ചു. സൈബർ മീഡിയയിൽ ഉറഞ്ഞുതുള്ളിയവരുടെ ലക്ഷ്യങ്ങൾ എന്താണെന്നറിയില്ല. ഒരുകാര്യം സത്യമാണ്. ഫ്രോയിഡിയൻ മന:ശാസ്ത്രം പറഞ്ഞത് മലയാളിയുടെ വിമർശിക്കാനുള്ള മനസ്സിനെയാണ്, ആ നികൃഷ്ട സ്വഭാവത്തെയാണ്. വാവ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുല്ലുവില കൊടുക്കുന്നവർ അയാളൊരു നന്മമരമല്ലെന്നു പറയുന്നു,

കഴിഞ്ഞ തിങ്കളാഴ്ച കുറിച്ചിയിൽ (കോട്ടയം) പാമ്പു പിടുത്തത്തിൽ അപകടത്തിൽപെട്ട വാവസുരേഷിൻ്റെ ജീവനുവേണ്ടി നാടുമുഴുവൻ പ്രാർത്ഥനയിലായിരുന്നു.

കുറിച്ചിയിലെ വാർഡ് മെമ്പർ ബി.ആർ. മഞ്ജീഷ് കുമാർ മുതൽ ഒരു ഗ്രാമം മുഴുവൻ സുരേഷിനായ് മെഡിക്കൽ കോളേജിൽ ഓടിയെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിൻ്റെ നേതൃത്വത്തിൽ അഞ്ച് വിഭാഗങ്ങളെ മേധാവികൾ ഉൾപ്പെട്ട സംഘം ആ ജീവന് കാവൽ നിന്നു. മന്ത്രി വി. എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ സുരേഷിനെ സന്ദർശിച്ചു. കാര്യങ്ങൾ ഭംഗിയായി പുരോഗമിക്കുമ്പോഴും നാം ചർച്ചയിലായിരുന്നു.

വാവയ്ക്ക് കുറച്ച് ‘ഊള ഫാൻസുണ്ട’ന്ന് ഒരു നിരീക്ഷകൻ പറഞ്ഞു വച്ചു. നോക്കണെ കാര്യങ്ങളുടെ പോക്ക്……

നമ്മൾ മലയാളികൾ ഇനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു.

ജീവിതത്തിൽ നാം ഏറിയപങ്കും മറ്റുള്ളവരെ നിരീക്ഷിക്കുവാനാണ് സമയം കണ്ടെത്തുന്നത് മറ്റൊരുവൻ്റെ പ്രതികരണങ്ങൾ, സ്വകാര്യതകൾ തുടങ്ങി എല്ലാം വിധേയമാക്കുന്നു. ഇതൊക്കെയാണ് നമ്മൾ പർവ്വതീകരിച്ചു കാണുന്നത്…. ഏതോ കാലത്ത് ജീവിക്കുന്ന ‘മക്കോണ്ട ‘ നിവാസികൾ….. സ്വപ്നങ്ങളുടെ ഉട്ടോപ്യയിൽ ഉണ്ട് ഉറങ്ങുന്നവർ …..

സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങിയാൽ നമുക്കിതൊക്കെ വേഗം ബോധ്യമാകുമെന്ന് ഓഷോയും പറയുന്നു.

എന്തിനെയും വിമർശിച്ച് പറയുന്ന മലയാളിയുടെ വ്യാജ പൊങ്ങച്ച പ്രമാണങ്ങളെ പൊളിച്ചടുക്കണമെന്ന് പ്രശസ്ത ഗായകൻ ദിലീപ് വയല (ജയവിജയ ഹിറ്റ്സ് കോട്ടയം ) പറയുന്നു . ഏതു കാര്യത്തിലും നമ്മുടെ നാട്ടിലെ ആളുകൾ കുറ്റം പറയും. അവരുടെ രക്തത്തിൽ അലിഞ്ഞ കാര്യമാണ്. എത്ര നന്നായി പാടിയാലും എന്തെങ്കിലും കുറ്റം പറഞ്ഞെങ്കിലെ ഇവറ്റകൾക്ക് സമാധാനമാവുകയുള്ളൂ….. വാവയുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്… അയാൾ എത്ര ബഹുമാനത്തോടെയാണ് പാമ്പിനെ സമീപിക്കുന്നത്….. ‘അദ്ദേഹം’ എന്നോ ‘അതിഥി’ എന്നോ സംബോധന ചെയ്യുന്ന….. ഇതിൽ എവിടെയാണ് പാമ്പിനെ ഉപദ്രവിക്കുന്നത്….. പാമ്പിൻ വിഷം മാർക്കറ്റിൽ കൊടുക്കുന്നില്ല…. വാവ അയാൾക്കിഷ്ടപ്പെട്ട പ്രവർത്തി ചെയ്യുന്നു. അതും ലാഭേഛയില്ലാതെ ചെയ്യുന്നു . പല സ്ഥലങ്ങളിലും വണ്ടിക്കൂലി പോലും വാങ്ങാറില്ലത്രെ … ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. ദിലീപ് പറഞ്ഞു നിർത്തി.

ഉപരേഖ

വാവ സുരേഷ് ഒരു പ്രതീകമാണ് . നിസ്വാർത്ഥ പ്രവർത്തിയുടെ ആൾ രൂപം. വാവയുടെ ജാതിയും, ജാതകവും തിരഞ്ഞു പോയ മഹാന്മാരെയോർത്ത് നമുക്ക് ലജ്ജിക്കാം….. പലർക്കും അയാളുടെ നിറമാണ് പ്രശ്നം…. കറുപ്പ്…. അതൊരു പ്രശ്നമാവുന്നു….. നെറ്റി ചുളിയേണ്ട.

ഉഗ്രവിഷമുള്ള കാർക്കോടകൻമാരും, വാസുകിമാരും സൈബർ ഇടങ്ങളിലെ മാളങ്ങളിൽ ഇനിയുമുണ്ട് ……സൂക്ഷിക്കുക.

കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നില വഷളായതിനെത്തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് ലതയെ കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനെക്കൂടാതെ ന്യൂമോണിയയും സ്ഥിരീകരിച്ചിരുന്നു. പത്ത് ദിവസത്തിന് ശേഷം കോവിഡ് ഐസിയുവില്‍ നിന്നും സാധാരണ ഐസിയുവിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും വഷളായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

1943ല്‍ തന്റെ പതിമൂന്നാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്.വിവിധ ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. പരമോന്നത ബഹുമതിയായ ഭാരത് രത്‌ന ഉള്‍പ്പടെ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

അപകടനില കടന്ന് ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവരികയാണ് വാവ സുരേഷ്. കാണാന്‍ ആഗ്രഹമെന്ന് അറിയിച്ചപ്പോഴേക്കും വാവാ സുരേഷിന്റെ അരികിലേക്ക് ഓടിയെത്തി മന്ത്രി വിഎന്‍ വാസവന്‍. ആരോഗ്യനില പൂര്‍ണമായും വീണ്ടെടുത്ത വാവ സുരേഷിനെ മന്ത്രി വീണ്ടും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

രാവിലെ കോട്ടയത്ത് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോഴാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടറുടെ ഫോണ്‍ വിളി എത്തിയത്, വാവ സുരേഷിന് ഒന്നു കണ്ട് സംസാരിക്കണം എന്നു പറഞ്ഞു ഇവിടെ വരെ എത്താന്‍ സാധിക്കുമോ.

അതിനെന്താ ആകാമല്ലോ എന്നു മറുപടി പറഞ്ഞ്, ഓഫീസിലെ കാര്യങ്ങള്‍ കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയി. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്കൊപ്പം മുറിയിലേക്ക് പോയി.

ഐസിയുവില്‍ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചു, ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം അടക്കം എല്ലാം വിശദീകരിച്ചു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം ഞാന്‍ അറിയിച്ചു. അതുപോലെ വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോള്‍, ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍, ഒരു ഫോണ്‍ വിളി കാസര്‍കോട്ടു നിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാന്‍ അറിയില്ല. ചിരിച്ചുകൊണ്ടായിരുന്നു മറുപടി. അതുപറ്റില്ല ഇനി കുറച്ചു കാലം നല്ല വിശ്രമം വേണം, ആവശ്യത്തിന് ഉറക്കം കിട്ടണം അതൊക്കെ ശ്രദ്ധിക്കണം എന്നു പറഞ്ഞ് മുറയില്‍ നിന്ന് മടങ്ങി,

വനം വകുപ്പിന്റെ നിയന്ത്രണങ്ങളും ‘സര്‍പ്പ’ ആപ്ലിക്കേഷനുമെല്ലാം വരുന്നതിനു മുന്‍പു പാമ്പുമായി ബന്ധപ്പെട്ട ഒരുപാടു തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ആളാണു സുരേഷ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ മാറ്റിയെടുക്കുന്നതിനു വാവ പ്രയത്‌നിച്ചിട്ടുണ്ട് അതുകൊണ്ടാണ് അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനാവുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇരുപത് ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ ഞങ്ങള്‍ എത്തിക്കുന്നത്. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിക്കുന്നത്. അവരുടെ ചികിത്സയുടെ ഫലമാണ് തിരികെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തുന്നത്.

കഴിഞ്ഞദിവസം ആരോഗ്യനില മെച്ചപ്പെട്ടതോടെ വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്കു മാറ്റിയിരുന്നു. മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ എത്തിയ പാമ്പിന്‍ വിഷം പൂര്‍ണമായി നീങ്ങിയതിനാല്‍ ആന്റിവെനം നല്‍കുന്നതും നിര്‍ത്തി. 2 ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

സുരേഷ് ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തിട്ടുണ്ട്. കാലില്‍ പാമ്പു കടിയേറ്റ ഭാഗം ഡോക്ടര്‍മാര്‍ക്കു കാണിച്ചു കൊടുത്തു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണതോതില്‍ തിരിച്ചുകിട്ടി. മൂന്നു ദിവസത്തിനകം സുരേഷിന് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.

ഭര്‍ത്താവിനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭര്‍ത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. പത്ത് വര്‍ഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കര്‍ ചെയ്തത്. ശിവശങ്കറിന്റെ ആത്മകഥ ‘അശ്വാത്ഥാമാവ് വെറുമൊരു ആന’ നാളെ പുറത്തിറങ്ങാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്ന രംഗത്തെത്തിയിരിക്കുന്നത്. പുസ്തകം പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി.

എന്നെ ഈ നിലയിലേക്ക് തള്ളിവിട്ടത് ശിവശങ്കറാണെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതില്‍ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാന്‍. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കര്‍. അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയില്‍ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കാന്‍ പറഞ്ഞത് അദ്ദേഹമാണ്. അത്തരത്തില്‍ ഭര്‍ത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ജോലി വേണമെന്നത് നിര്‍ണായകമായിരുന്നു.

ഫോണ്‍ നല്‍കി ചതിച്ചെന്ന് ശിവശങ്കര്‍ എഴുതിയത് ശരിയായില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഒരു ഐ ഫോണ്‍ നല്‍കി ഉന്നതനായ ഒരാളെ ചതിക്കേണ്ട കാര്യം തനിക്കില്ല. ശിവശങ്കര്‍ തന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയായിരുന്നു. എം. ശിവശങ്കറിന് ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന. ഈ വിധം പുസ്തകമെഴുതി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയല്ല.

‘ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചെന്ന് സ്വപ്ന. ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ അദ്ദേഹമാണ് സ്പേസ് പാര്‍ക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്.

എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ എനിക്ക് പങ്കില്ല. ഭര്‍ത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്ന പറഞ്ഞു.

താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു. ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. ഒരു ഫോണ്‍വിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നെന്നും സ്പ്‌ന പറയുന്നു.

ബൈക്ക് വീണ്ടും വില്ലനായപ്പോള്‍ മൂന്ന് യുവാക്കള്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍. എംസി റോഡില്‍ എസ്ബി കോളജിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിലാണ് മൂന്ന് പേര്‍ മരിച്ചത്.

ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), വാഴപ്പള്ളി കണിയാംപറമ്ബില്‍ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്‌സ് (26) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കി പറ്റി.

ഇന്നലെ രാത്രി ഒമ്പതേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. എതിര്‍ ദിശയില്‍ നിന്നും വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. പരുക്ക് പറ്റി റോഡില്‍ വീണ യുവാക്കളെ നാട്ടുകാര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അജ്മലിന്റെ മരണം സംഭവിച്ചിരുന്നു. ഗുരുതര പരുക്കുപറ്റിയ രുദ്രാക്ഷിനെയും അലക്‌സിനെയും പിന്നീട് ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

സീറോ മലങ്കര സഭയിലെ ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനീ സഭാംഗമായ സിസ്റ്റര്‍ ഗ്രേസ് മാത്യു (59 )ഇന്ന് തിരുവനന്തപുരത്ത് കാറപകടത്തില്‍ മരണമടഞ്ഞു .

സിസ്റ്റര്‍ ഗ്രേസ് മാത്യു വെള്ളൂർക്കോണം ഡി.എം കോൺവെന്റ് സുപ്പീരിയറും MCA വെള്ളൂർക്കോണം യൂണിറ്റ് ആനിമേറ്ററുമായിരുന്നു

സ്നേഹബഹുമാനപ്പെട്ട ഗ്രേസ് മാത്യു ഡി.എം സിസ്റ്ററിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിൽ പോകാൻ നിർദ്ദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ . കസ്റ്റഡിയിലായിരുന്നപ്പോൾ പുറത്തുവന്ന തന്റെ ശബ്ദരേഖയ്ക്ക് പിന്നിലും ശിവശങ്കറായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. എല്ലാം അദ്ദേഹത്തിന്റെ തിരക്കഥ പ്രകാരമായിരുന്നു. മുൻകൂർ ജാമ്യം തേടാനും അദ്ദേഹം നിർദ്ദേശിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത ബാഗേജ് വിട്ടുകിട്ടാനും ശിവശങ്കർ ഇടപെട്ടു. ബാഗേജ് വിട്ടുകിട്ടുമെന്നും അദ്ദേഹം പറഞ്ഞതായി സ്വപ്ന വെളിപ്പെടുത്തി.

ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.ശിവശങ്കര്‍ തന്നെയാണ് ചൂഷണം ചെയ്തതെന്ന് പറഞ്ഞ സ്വപ്ന, ശിവശങ്കര്‍ എന്താണ് പൊതു സമൂഹത്തിനോട് പറയാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പരിചയപ്പെട്ട ശേഷം എല്ലാ പിറന്നാളിനും ശിവശങ്കര്‍ തന്‍റെ ഫ്ലാറ്റിലായിരുന്നു. ശിവശങ്കറിന് ഫോണ്‍ നല്‍കിയത് കോണ്‍സുല്‍ ജനറല്‍ പറഞ്ഞിട്ടാണ്. നിരവധി സമ്മാനങ്ങള്‍ ശിവശങ്കറിന് നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ സഹായിച്ചതിനാണ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സ്വപ്ന പറഞ്ഞു. അപൂര്‍ണമായ പുസ്തകം എഴുതി ജനങ്ങളെ വഞ്ചിക്കരുതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ബുക്കിലെഴുതിയിരിക്കുന്നത് ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്നാണ്. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. എന്‍റെ വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വന്നിരുന്നയാളാണ് ശിവശങ്കര്‍. ഞാനെന്തിനാണ് അദ്ദേഹത്തെ ചതിക്കുന്നത്. അദ്ദേഹമാണ് എന്നെ ചതിച്ചത്. വാട്സാപ്പ് ചാറ്റുകളിലുണ്ടായിരുന്നതെല്ലാം സത്യമാണെന്നും സ്വപ്ന വെളിപ്പെടുത്തി. അദ്ദേഹത്തിന് ഞാൻ ഐ ഫോൺ മാത്രമല്ല, നിരവധി സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. എൻ്റെ ഫോൺ കിട്ടി കഴിഞ്ഞാൽ ചിത്രങ്ങൾ കാണിക്കാനാവും. എൻ്റെ കുടുംബം അതിന് സാക്ഷികളാണ്. പിറന്നാൾ പരിപാടിക്ക് സന്ദീപും സരിത്തും ഉണ്ടായിരുന്നുവെന്ന് സ്വപ്ന പറയുന്നു.എല്ലാ ഉദ്യോഗസ്ഥരും കാണാന്‍ പറഞ്ഞതും കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതും ശിവശങ്കറാണ്. പി.ഡബ്യൂ.സിയെ സ്പെയ്സ് പാര്‍ക്കില്‍ കൊണ്ടുവന്നത് തന്നെ നിയമിക്കാന്‍ വേണ്ടിയായിരുന്നു. കെ.പി.എം.ജി തന്‍റെ നിയമനത്തെ ആദ്യം എതിര്‍ത്തു. തന്നെ നിയമിക്കാനായി കെ.പി.എം.ജിയെ മാറ്റിയെന്നും സ്വപ്ന വെളിപ്പെടുത്തുന്നു.

ബിഹൈൻഡ് ഫുഡ്സ് എയർ യൂടൂബ് ചാനലിൽ നടന്ന ഒരു ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴത്തെ പ്രധാന ചർച്ച. കേരളത്തിൽ ഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത ജില്ലയുണ്ടെന്ന് ചർച്ചക്കിടെ ഒരു സ്വാമി നടത്തിയ പരാമർശമാണ് വിവാദ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മലപ്പുറത്ത് ഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. ഷോ പകർത്തിയിരുന്ന ക്യാമാറാമാൻ മലപ്പുറം സ്വദേശിയായിരുന്നു. ഇത് അറിയാവുന്ന അവതാരകൻ നേരിട്ട് അദ്ദേഹത്തിനോട് അഭിപ്രായം തേടി. കൂടാതെ താനും മലപ്പുറം സന്ദർശിച്ചിട്ടുണ്ടെന്ന് അവതാരകൻ പറഞ്ഞു. ഇതോടെയാണ് സ്വാമിയുടെ വാദം പൊളിയുന്നത്.

സംഭാഷണം ഇങ്ങനെ;സ്വാമി: കേരളത്തിലെ ഒരു ജില്ലയിൽ ഹിന്ദുക്കൾക്ക് പ്രവേശിക്കാൻ സാധിക്കില്ല

ചർച്ചയിൽ പങ്കെടുത്ത മറ്റൊരു യുവതി: ഏത് ജില്ല എന്ന് ചോദിക്ക്അവതാരകൻ: ഏത് ജില്ലയാണത്.

സ്വാമി : മലപ്പുറം. മലപ്പുറം ജില്ലഅവതാരകൻ: ഞാൻ മലപ്പുറം പോയിട്ടുണ്ട്. (ക്യാമറാമാനെ ചൂണ്ടി) അയാളും മലപ്പുറമാണ്.

നിങ്ങൾ മലപ്പുറമല്ലെ.സ്വാമി: അങ്ങനെയുണ്ടെന്ന് അവിടെയുള്ള ഒരാൾ പറഞ്ഞതാണ്ക്യാമറമാൻ: അതേ മലപ്പുറമാണ്. അവിടെ ആർക്ക് വേണമെങ്കിലും പോകാം.

സ്വാമിയുടെ പരാമർശനം പൊളിഞ്ഞതോടെ വ്യാപക ട്രോളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഒത്തില്ലെന്ന മുകേഷിന്റെ മീമാണ് മിക്ക ട്രോളുകളിലും ഉപയോ​ഗിച്ചിരിക്കുന്നത്. മലപ്പുറത്തിനെതിരെ നേരത്തെയും സമാന രീതിയിൽ നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പുതിയ ട്രോൾ പുറത്തുവന്നതോടെ ഇതും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.

മോട്ടോർ വാഹന വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള വാൻ വിട്ട് നൽകണമെന്ന ഇ ബുൾ ജെറ്റ് (E Bull Jet) സഹോദരന്മാരുടെ ഹർജി തള്ളി കോടതി. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന് തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അഭിഭാഷകൻ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഇ ബുൾജെറ്റ് വ്ളോഗർമാരുടെ വാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്.

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്‍റെ രജിസ്ട്രേഷന്‍ മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയിരുന്നു. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ ഇവര്‍ നല്‍കിയ വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി.

ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടി ഓഫീസിൽ എത്തി ബഹളം വയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ചെയ്‍ത കേസില്‍ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായിരുന്നു. റിമാൻഡിലായതിന്‍റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർ‍ക്ക് ജാമ്യം അനുവദിച്ചു. നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയത്. നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ 7000 രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇവ‍ർക്കെതിരെ ചുമത്തിയിട്ടുള്ളത്.

RECENT POSTS
Copyright © . All rights reserved