സ്പിരിച്ച്വല്‍ ഡെസ്‌ക്.
തിരുപ്പിറവി കഴിഞ്ഞുള്ള ആദ്യ ഞായര്‍. ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്കിയ വചന സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. തിരുക്കുടുംബം. ഇത്രയും സുന്ദരമായ ഒരുക്കം ലോകത്ത് എവിടെയെങ്കിലും നടന്നതായി കാണുന്നുണ്ടോ??
ആകാശവും ഭൂമിയും ജീവജാലങ്ങളും വായുവും പ്രകാശവും സൃഷ്ടിച്ചു. കരയും കടലുമായി മാറ്റി നിര്‍ത്തി സസ്യലതാതികള്‍ സൃഷ്ടിച്ചു. ജീവജാലങ്ങളെ സൃഷ്ടിച്ചതിന് ശേഷമാണ് ദൈവം സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചത്. അവന് വേണ്ടി ഒരുക്കപ്പെട്ട പ്രചഞ്ചം എത്ര സുന്ദരമാണ്.
സൃഷ്ടിക്കല്ല സൃഷ്ടാവിനാണ് വില കൊടുക്കേണ്ടത്.
തിരുക്കുടുംബം എന്താണ് എന്ന് വ്യക്തമാക്കുകയായിരുന്നു റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയിനിയില്‍.
തിരുകുടുംബം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒരു കുടുംബം ഈ ഇടവകയില്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍ വികാരിയച്ചന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്റെയടുത്തു വരുവിന്‍. ഇടവകയുടെ സമസ്ത സമ്പത്തും അവര്‍ക്കു വേണ്ടി കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. തിരുക്കുടുംബം അനുഭവിച്ച കഷ്ടപ്പാട് ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല എന്ന ഉത്തമ ബോധ്യം എനിക്കുള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത്.
തിരുക്കുടുംബത്തേക്കുറിച്ച്
ആധികാരീകമായി സംസാരിച്ച ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയിലിന്റെ സന്ദേശം പൂര്‍ണ്ണമായി കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ഇന്ത്യയിലെ പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയർത്തുന്നതിനുള്ള ബിൽ കൊണ്ട് വരാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തിയിരുന്നു. ചില ഇ തു പാർട്ടികൾ ഈ നീക്കത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു.
അകതേ സമയം പുരോഗമന പ്രസ്ഥാനമായ ഇടതു പക്ഷം ഇതിനെ എതിർക്കുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അധ്യാപികയും പൊതുപ്രവർത്തകയുമായ ബെറ്റിമോൾ മാത്യു. കഴിഞ്ഞ ദിവസങ്ങളിൽ വിപ്ലവം യൂണിഫോമിൽ പൂത്തപ്പോൾ ഇന്നത്തെ വിപ്ലവം വിവാഹ പ്രായത്തിലാണ് കത്തിക്കയറുന്നതെന്നും ഏതായലും ഇത് കണ്ടിരിക്കാൻ നല്ല രസമാണെന്നും ബെറ്റിമോൾ മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഫെമിനിസ്റ്റ്കളുടെ വീക്ഷണത്തിൽ വിവാഹം, കുടുംബം തുടങ്ങിയവ സാമ്പത്തിക സ്ഥാപനങ്ങളും സ്ത്രീവിരുദ്ധതയുടെ ഉപാധികളുമാണ്. അത് കേവലം സ്ത്രീയെ ഒരു വസ്തുവായി കാണാനും കൈമാറ്റം ചെയ്യാനുമുള്ള ഒരു പരിപാടിയാണ്. ഇതുവഴി സ്വത്ത് തന്റെതെന്ന് ഉറപ്പുള്ള കുട്ടികളിലേക്ക് തന്നെ എത്തിക്കുക എന്നതാണ് ഏക ലക്ഷ്യം.
പുരുഷന്റെതായ ഒരു ലോകക്രമത്തിൽ അവന്റെ ഭാവി തലമുറയെ ലഭ്യമാക്കാനുള്ള ഉപാധിയായിട്ടാണ് ഇത് നിലവിൽ വന്നത്. ഇതിൽ ആചാരങ്ങളും വിശ്വാസങ്ങളും ഉൾപ്പെടുത്തി മതം അതിന്റെ അധികാരം ഉറപ്പിക്കാനും വിശ്വാസികളെ നില നിർത്താനും നിലക്കു നിർത്താനും ഇടപെടലുകൾ നടത്തുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് ഇതിൽ പൊതു നിയമങ്ങൾ കൊണ്ട് വരുന്നത്.
അല്ലങ്കിൽ ഇണയെ തിരഞ്ഞെടുക്കുന്നതും കുടുംബ സംവിധാനവുമൊക്കെ ഓരോ വ്യക്തികളുടേയും സ്വകാര്യ തിരഞ്ഞെടുപ്പ് ആകേണ്ടതാണെന്നും ബെറ്റിമോൾ മാത്യു പറയുന്നു. കമ്യൂണിസ്റ്റ് കാരുടെ കാഴ്ചപ്പാടിൽ കമ്യൂൺ ലൈഫാണ് മാതൃകാപരം അല്ലാതെ അവിടെ കുടുംബം ഒരു അനിവാര്യതയല്ല. ഏതായലും നിയമ നിർമ്മാണത്തിലുള്ള സോ കോൾഡ് ഫെമിനിസ്റ്റുകളുടെ രോദനം ഏറെ രസകരമാണെന്ന് ബെറ്റിമോൾ മാത്യു പറയുന്നു.
ഒരു ഫെമിനിസ്റ്റിന്റെ അഭിപ്രായത്തിൽ 13 വയസു മുതൽ ലൈംഗിക ബന്ധത്തിനുള്ള ശേഷി ലഭിക്കുന്ന പെൺകുട്ടികൾ 21 വയസു വരെ കാത്തിരിക്കണമെന്നും, വിവാഹപൂർവ്വ ലൈംഗിക ജീവിതത്തിനു നമ്മുടെ ദുഷിച്ച സമൂഹത്തിൽ സാധ്യത ഇല്ലന്നുമാണ് അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഉയർത്തിയിരിക്കുന്നത് പോക്സോ കേ സിലെ പ്രായപരിധിയല്ല മറിച്ച് വിവാഹത്തിനുള്ള പ്രായപരിധിയാണ്.
പലരും ആവേശം കയറി അതു പോലും മറന്നിരിക്കുകയാണ്. പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർക്കു ഉഭയ സമ്മത പ്രകാരമുള്ള ലൈം ഗി ക ത കുറ്റകൃത്യമല്ലന്നു മാത്രമല്ല ലിവിംഗ് ടുഗതറും അനുവദിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. പുരോഗമന പരമായ നിലപാടുകളുടെ തുടർച്ചയിട്ടാണ് വിവാഹ പ്രായം ആണിനൊപ്പം പെണ്ണിനും 21 വയസ്സാക്കിയ നിയമ നിർമാണത്തെ നമ്മൾ കാണേണ്ടത്.
അല്ലാതെ ഈ നിയമം അനുസരിച്ച് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായമല്ല 21 ആക്കിയിരിക്കുന്നത്. വിവാഹത്തെ കേവലം ലൈം ഗി ക ബന്ധത്തിനുള്ള ലൈസൻസായി മാത്രം കാണുന്ന ഫെമിനിസ്റ്റുകളെ വിളിക്കേണ്ടത് എന്താണെണെന്ന് ബെറ്റിമോൾ മാത്യു ചോദിക്കുന്നു. പുരോഗമന വാദികളായ മഹിളകളുടെ സ്ത്രീ പക്ഷ വീക്ഷണത്തിന്റെ വിശാലത ഇപ്പോൾ വെളിവാക്കപ്പെടുന്നുണ്ടെന്ന് ബെറ്റിമോൾ മാത്യു കുറ്റപ്പെടുത്തി.
ഒരു അധ്യാപിക എന്ന നിലയിൽ പതിനെട്ടിൽ കെട്ടി പഠനം മുടങ്ങുന്ന നിരവധി കുട്ടികളെ കാണുന്നത്‌കൊണ്ട് തനിക്ക് ഈ നിയമ നിർമ്മാണത്തോട് യോജിപ്പാണ്. വിവാഹത്തിന്റെ പ്രായത്തിലെങ്കിലും ആണിനും പെണ്ണിനും തുല്യത നൽകിയ നിയമ നിർമ്മാണത്തെ ബെറ്റിമോൾ മാത്യു അഭിനന്ദിക്കുകയും ചെയ്തു.
വെയിൽസിൽ ഇന്ന് മുതൽ നൈറ്റ്‌ക്ലബ്ബുകൾ അടയ്ക്കുകയും പബ്ബുകളിലും റെസ്റ്റോറന്റുകളിലും സിനിമാശാലകളിലും പരമാവധി ആറ് പേർക്ക് ഒരുമിച്ച് പങ്കെടുക്കാൻ അനുവദിക്കും. എന്നാൽ ഇൻഡോർ ഇവന്റുകളിൽ 30 പേരെ വരെ അനുവദിക്കും, അതേസമയം ഔട്ട്ഡോർ ഇവന്റുകളിൽ പരിധി 50 ആണ്. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം. ഇന്ന് രാവിലെ 6 മണി മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
സ്കോട്ട്ലൻഡിൽ രാവിലെ അഞ്ചുമണി മുതലാണ് കർശന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. വലിയ പരിപാടികളിൽ ഒരു മീറ്റർ സാമൂഹിക അകലം ആവശ്യമാണ്, ആളുകൾ നിൽക്കുന്ന ഇൻഡോർ ഇവന്റുകളിൽ 100 പേർക്ക് അല്ലെങ്കിൽ ഇരിക്കുന്ന ഇവന്റുകൾക്ക് 200 പേർക്ക് വരെയാണ് അനുമതി. ഔട്ട്‌ഡോർ ഇവന്റുകൾക്ക്, പരിധി 500 ആളുകളാണ്.
തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ, നൈറ്റ്ക്ലബ്ബുകൾ മൂന്നാഴ്ചത്തേക്ക് അടച്ചിടാൻ നിർബന്ധിതരാകും, മദ്യം വിളമ്പുന്ന ക്രമീകരണങ്ങളിൽ ടേബിൾ സേവനം ആവശ്യമാണ്. കൂടാതെ ഹോസ്പിറ്റാലിറ്റിക്കും ഒഴിവുസമയ ക്രമീകരണങ്ങൾക്കും ഒരു മീറ്റർ സാമൂഹിക അകലം നിയമം ബാധകമാകും.
വടക്കൻ അയർലൻഡിൽ നൈറ്റ് ക്ലബ്ബുകൾ അടച്ചിടും, ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിലെ ഇൻഡോർ സ്റ്റാൻഡിംഗ് ഇവന്റുകളും നൃത്തവും നിരോധിക്കും. നടപടികൾ നാളെ രാവിലെ 6 മണിക്ക് ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ, ഇൻഡോർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിൽ ആറ് പേർക്ക് അല്ലെങ്കിൽ ഒരു വീട്ടിൽ നിന്ന് 10 ആളുകൾക്ക് ഒരുമിച്ച് കൂടാൻ അനുവദിക്കും.
കുട്ടികളെ മൊത്തത്തിൽ കണക്കാക്കില്ല. വിവാഹങ്ങളോ സിവിൽ പങ്കാളിത്ത ആഘോഷങ്ങളോ ഒഴിവാക്കും. ഓഫീസ് സ്ഥലങ്ങളിൽ രണ്ട് മീറ്റർ സാമൂഹിക അകലം നടപ്പിലാക്കുന്നതിന് ന്യായമായ നടപടികൾ സ്വീകരിക്കാൻ ബിസിനസുകളോട് പറയുമ്പോൾ, ഗാർഹിക മിശ്രണം പരമാവധി മൂന്ന് വീടുകളായി കുറയ്ക്കണമെന്ന് ശക്തമായി ശുപാർശ ചെയ്യും. സാധ്യമാകുന്നിടത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് നിർദ്ദേശിക്കും.
ഇംഗ്ലണ്ടിൽ പുതിയ നടപടികളുടെ സാധ്യതകൾ ചർച്ച ചെയ്യാൻ മന്ത്രിമാർ തിങ്കളാഴ്ച യോഗം ചേരാനുള്ള സാധ്യത 10-ാം നമ്പർ നിരാകരിച്ചിട്ടില്ല. മന്ത്രിമാർ കൂടുതൽ ഡാറ്റയ്ക്കായി കാത്തിരിക്കുന്നതിനാൽ കോവിഡ് ഓ മീറ്റിംഗ് ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയെ കോളേജ് മുറ്റത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ ഏകപ്രതിയായ അഭിഷേക് ദിവസങ്ങൾ കൊണ്ട് ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയെതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒക്‌ടോബർ ഒന്നിനായിരുന്നു കേരളത്തെ നടുക്കി കൊണ്ട് പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിധിന മോൾ(22) ദാരുണമായി കൊല്ലപ്പെട്ടത്. സഹപാഠിയും വൈക്കം സ്വദേശിയായ അഭിഷേക് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പേപ്പർകട്ടർ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായിരുന്നു ഇരുവരും. പരീക്ഷയെഴുതാനെത്തിയതായിരുന്നു അഭിഷേകും നിധിനയും.
പെൺകുട്ടി മുൻ കാമുകനുമായി അടുത്തെന്ന സംശയമാണ് കൊല ചെയ്യുന്നതിന് അഭിഷേകിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതി കൊലചെയ്യുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വെബ്സൈറ്റ് നോക്കി എങ്ങനെ കൊല ചെയ്യാമെന്ന് മനസ്സിലാക്കി. ചെന്നൈയിൽ റിപ്പോർട്ട് ചെയ്ത പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ ഒരു കൊലപാതക വീഡിയോ അഭിഷേക് നിരവധി തവണ കണ്ടുവെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.
കൊലപാതകത്തിനായി പേപ്പർ കട്ടറിലേക്ക് പുതിയ ബ്ലേഡും ഇയാൾ വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നുമായിരുന്നു അഭിഷേക് പോലീസിന് നൽകിയിരുന്ന മൊഴി. കേസിൽ 80 സാക്ഷികളാണ് ഉളളത്. ഫോറൻസിക് റിപ്പോർട്ടുകളുടെ രേഖകൾ അടക്കം 48 രേഖകളും പോലീസ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു.
വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബര്‍ 22നായിരുന്നു.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ചും പാട്ട് ജീവിതത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ് തുറന്നത്. താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയെടുത്തതെന്നും ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.
വിജയലക്ഷ്മിയുടെ വാക്കുകള്‍;
‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത്.
ആറാമത്തെ വയസില്‍ ദാസേട്ടന് ഗുരുദക്ഷിണ നല്‍കിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം ജയചന്ദ്രന്‍ സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലര്‍. അങ്ങനെ പറയുന്നവരുടെ മുന്നില്‍ കുറച്ചൂടെ ചെയ്യും.
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായേക്കാവുന്ന ദിലീപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. കേസില്‍ പ്രതിയായ ദിലീപ്, അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവര്‍ 2017 നവംബര്‍ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയില്‍ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേതും മറ്റ് ചിലരെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും തുറന്നുപറയുന്നതാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് അവകാശപ്പെടുന്നു.
ദിലീപിനെതിരെ നവംബര്‍ 25 ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബാലചന്ദ്രകുമാര്‍ ഈ ശബ്ദരേഖകള്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്. കേസില്‍ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു.
‘ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു’, തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദീലീപ് ഇക്കാര്യം പറയുന്നത്.
ഇതെല്ലാം മറച്ചുവയ്ക്കാന്‍ പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപ വരെ നല്‍കാന്‍ താന്‍ സന്നദ്ധനായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
മറ്റൊരു ശബ്ദരേഖയില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ് പള്‍സര്‍ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുത്തുന്നുണ്ട്.
‘കൈയ്യില്‍ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവില്‍ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്നാണ് സംഭാഷണത്തില്‍ പറയുന്നത്. ഇതിനിടെ ‘ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ ആത്മവിശ്വാസത്തോടെ ദിലീപ് പറയുന്ന മറ്റൊരു ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായി വീട്ടിലെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍ നടത്തിയ സംഭാഷണങ്ങളാണ് ഇവ എന്നാണ് ശബ്ദരേഖകള്‍ പുറത്തുവിട്ട ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. ഈ സംഭാഷണങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞയാഴ്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതില്‍ സമര്‍പ്പിച്ച ഹര്‍ജി ദിലീപ് പിന്‍വലിച്ചിരുന്നു. കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ഡോ. ഐഷ വി
എന്റെ ഓഫീസ് റൂമിലേയ്ക്ക് വന്ന് ഞങ്ങളുടെ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ സുബി .റ്റി.എസ് തന്റെ സൃഹൃത്തായ ഒരാളെ എനിക്ക് പരിചയപ്പെടുത്തിത്തരട്ടേയെന്ന് എന്നോട് അനുവാദം ചോദിച്ചു. ഞാൻ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. സുബിയോടൊപ്പം വാതിൽ തുറന്ന് അകത്തു വന്നത് ഒരു ആജാന ബാഹു. ഇത് ഇസ്മായിൽ കാസിം. രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഞാനവരോട് ഇരിക്കാൻ പറഞ്ഞു. എനിക്ക് ഇസ്മയിലിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി. എന്റെ മുന്നിലിരുന്ന ഇസ്മായിൽ 15 ഓളം ജീവനുകൾ ആപത് ഘട്ടങ്ങളിൽ മരണത്തെ മുഖാമുഖം കണ്ടവർക്ക് തിരിച്ചു പിടിച്ച് ഉള്ളം കൈയിൽ വച്ചു കൊടുത്ത കഥകൾ വീനിതനായി സൗമ്യനായി പറഞ്ഞു തന്നു. ഇസ്മായിൽ അവരെ രക്ഷിച്ച രീതികൾ വിദ്യാർത്ഥികളെ ഒരു പാഠപുസ്തകത്തിലും പഠിപ്പിക്കാത്തതാണ്. പ്രകൃതി ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോൾ പലപ്പോഴും പാഠപുസ്തകത്തിൽ പഠിച്ചത് അതേ പടി ചെയ്യാനുള്ള സാഹചര്യങ്ങളുമായിരിയ്ക്കില്ല.
അക്കാലത്ത്ഏഴാം ക്ലാസ്സുവരെ മാത്രം പഠിച്ച് പഠനമുപേക്ഷിച്ച, വലിയ ജീവിത സാഹചര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കോളനിയിൽ ജനിച്ചു വളർന്ന ഇസ്മായിലിന്റെ പ്രായോഗിക ബുദ്ധിയും ദൈവം നൽകിയ മെയ്ക്കരുത്തും തന്റെ മുന്നിൽ പിടയുന്നത് ഒരു മനുഷ്യ ജീവനല്ലേ എന്ന വിശാലമനസ്കതയും വായനക്കാരുടെ മുന്നിൽ അവതരിപ്പിയ്ക്കണമെന്ന് എനിക്ക് തോന്നി. ഒരു പക്ഷേ ആർക്കെങ്കിലുമൊക്കെ അത് പ്രയോജനപ്പെട്ടേക്കാം.
ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കോളനിയായ തൊടുപുഴ വെള്ളിയാമറ്റത്ത് ഇളം ദേശം ലക്ഷം വീട് കോളനിയിൽ കാസിം – പാത്തു കുഞ്ഞ് ദമ്പതികളുടെ ഏഴുമക്കളിൽ ഒരാളായി ഇസ്മായിൽ കാസിം ജനിച്ചു. 1972-ൽ സർക്കാരിന് 100 രൂപ വില കൊടുത്ത് ഇസ്മായിലിന്റെ വാപ്പ സ്വന്തമാക്കിയതായിരുന്നു കോളനിയിലെ വീട്. ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ വീടുകൾ വച്ചതു കൊണ്ടാണ് ഈ കോളനി ഏഷ്യയിലെ രണ്ടാം സ്ഥാനത്തിനർഹമായത്. മൂന്നേക്കറിൽ 100 വീടുകൾ . സമ്പത്തില്ലെങ്കിലും സ്നേഹ സമ്പത്തിന്റെ നിറകുടങ്ങളായിരുന്നു ഇസ്മായിലും മാതാപിതാക്കളും സഹോദരങ്ങളും. ഇസ്മായിലിനും കുടുംബാംഗങ്ങൾക്കും ഏതു ജോലിയും ചെയ്യാൻ മടിയില്ലായിരുന്നു. വണ്ടി കഴുകുക വണ്ടിയിൽ സാധനങ്ങൾ കയറ്റി ഇറക്കുക. പടു കുഴിയിലേയ്ക്ക് മറിയുന്ന വണ്ടികൾ പൊക്കിയെടുക്കുക, കാട്ടിലെ ഭാരം കൂടിയ തടികൾ തോളത്ത് എടുത്തു വച്ച് വണ്ടിയിൽ കയറ്റുക, മണൽ വാരുക അങ്ങനെ ഏതു തൊഴിലും മഹത്തരമാണെന്ന് മനസ്സിലാക്കി ഇസ്മായിൽ ചെയ്തുപോന്നു. ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോൾ പഠിപ്പു നിർത്തി. കാട്ടിൽ ജോലിക്ക് പോയപ്പോൾ . ഭാരവുമായി ചെറുപാലം മുറിഞ്ഞും മറ്റും താഴ് ച്ചയിലേയ്ക്ക് നിപതിച്ച അനുഭവങ്ങളും ഇസ്മായിലിനുണ്ട്. എല്ലാ അനുഭവങ്ങളും ഇസ്മായിലിന്റെ ശരീരത്തിനും മനസ്സിനും കാരിരുമ്പിന്റെ കരുത്തു പകരുകയായിരുന്നു.
എന്തെല്ലാം ജോലി ചെയ്തിട്ടും വീട്ടിലെ സാമ്പത്തിക ശേഷി കൂടുന്നില്ലെന്ന് കണ്ടപ്പോഴാണ് ഒരു ബന്ധു ഉപദേശിച്ചത്. ആലുവയിൽ പോയി അറബി ടൈപ്പ് റൈറ്റിംഗ് പഠിച്ചാൽ ഗൾഫിൽ നല്ല ജോലി തരപ്പെടും. ആ ഉപദേശം ശിരസാ വഹിച്ച് ഏഴാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച ഇസ്മയിൽ ആലുവയിലെത്തി അറബി ടൈപ്പ്റൈറ്റിംഗ് പഠിക്കാൻ തുടങ്ങി. അങ്ങനെ 1988 – ൽ ഒരു ദിവസം ആലുവ ദേവന പുന്നയാർ ഭാഗത്തായിരുന്നപ്പോൾ റയിൽവേ ട്രാക്കിൽ ചെരുപ്പു കുടുങ്ങിയ സമയം ട്രെയിൻ കയറിയിറങ്ങി കാലറ്റ് ചോര വാർന്ന് കിടക്കുന്ന കൊടുങ്ങല്ലൂർ ഗോപി എന്നയാളെ കാണാനിടയായി. ഇസ്മായിലിലെ മനുഷ്യത്വം (അതോ ദൈവീകത്വമോ?) ഉണർന്ന് പ്രവർത്തിച്ചു. ഗോപിയേയും അറ്റുപോയ കാലിനേയും തോളത്തേന്തി കരോത്തു കുഴി പ്രൈവറ്റാശുപത്രിയിൽ എത്തിച്ചു. സമയം വൈകിയിരുന്നതിനാൽ അറ്റുപോയ കാൽ കൂട്ടി യോജിപ്പിക്കാൻ പ്രയോജനപ്പെട്ടില്ല. എന്നാൽ ഗോപിയ്ക്ക് ജീവൻ തിരിച്ചു കിട്ടി.
മറ്റൊന്ന് ആലുവയിൽ താമസിക്കുന്ന കാലത്തു തന്നെയാണ്. ശാന്തി പുരത്ത് ടിപ്പു സുൽത്താൻ സ്കൂളിലെ കുട്ടികൾ പാത്രം കഴുകാൻ സമീപത്തായി അരയേക്കർ വിസ്തൃതിയുള്ള കുളത്തിൽ ഇറങ്ങിയതാണ്. ഒരു കുട്ടിയുടെ കൈയ്യിലെ പാത്രം കുളത്തിലേയ്ക്ക് വീണു പോയി. കുട്ടി കുട നിവർത്തി നീട്ടി പാത്രമെടുക്കാൻ ശ്രമിച്ചു. കുടയിൽ വെള്ളം കയറിയപ്പോൾ കുടയും കുട്ടിയും കൂടി വെള്ളത്തിൽ താണുപോയി. പിന്നെ രണ്ടു കുട്ടികൾ താണുപോയ കുട്ടിയെ രക്ഷിയ്ക്കാനായി ശ്രമിച്ചെങ്കിലും അവരും വെള്ളത്തിൽ താണുപോവുകയായിരുന്നു. അപ്പോഴാണ് ഇസ്മായിൽ അതു വഴിവന്നത്. പ്രശ്നം മനസ്സിലാക്കി കുളത്തിൽ ചാടി മൂന്നു കുട്ടികളെയും കരയ് ക്കെത്തിച്ചു. ആദ്യം വെള്ളത്തിൽ വീണ കുട്ടിയെ അവസാനമാണ് രക്ഷിക്കാൻ കഴിഞ്ഞത്. അതിനാൽ ആ കുട്ടിയുടെ നില കൂടുതൽ വഷളായിരുന്നു. എന്നാൽ മൂവരും രക്ഷപ്പെട്ടു. പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ കൊണ്ടുപോയിരുന്നു.
മൂലമറ്റം കാഞ്ഞാറിൽ ആറിനിക്കരെ കൂടി നടന്നു പോവുകയായിരുന്ന ഇസ്മയിൽ ആറ്റിനക്കരെ കുളിച്ചു കൊണ്ടു നിന്നവർ കയത്തിൽ താഴ്ന്ന് പോകുന്നത് കണ്ട് അക്കരയ്ക്ക് നീന്തി എല്ലാവരേയും രക്ഷപെടുത്തിയതാണ് അടുത്ത സംഭവം.
നമുക്കറിയാത്ത പുഴയുടെ മേൽത്തട്ട് ശാന്തമായി തോന്നാം. എന്നാൽ അടിത്തട്ടിൽ കുഴിയുണ്ടെങ്കിൽ ഒഴുക്കു വെള്ളം ആ കുഴിയിൽ ചുഴി തീർക്കും . വേണമെങ്കിൽ വൈദ്യുതി വരെ ഉത്പാദിപ്പിക്കാൻ തക്ക തരത്തിലുള്ള ഊർജ്ജ പ്രവാഹമായിരിയ്ക്കും അത്തരം കയങ്ങളിൽ ഉണ്ടാകുക. പുഴയിൽ നിന്നും വെള്ളം പമ്പു ചെയ്യുന്ന പമ്പ് ഹൗസുകൾ ഉള്ളിടത്തോ പുഴയിൽ നിന്നും മണൽ വാരിയ വൻ കുഴികൾ ഉള്ളിടത്തോ പ്രകൃത്യാ തന്നെ പുഴയിൽ കുഴിയുള്ളിടത്തോ ഇത്തരം ചുഴികൾ വരാം. നന്നായി നീന്തറിയാവുന്നവർ പോലും ചുഴിയിൽപ്പെട്ടാൽ രക്ഷപെടാൻ പ്രയാസമാണ്. പുഴയിലെ ചെളിയിൽ പുതഞ്ഞ് പോകുന്നത് മറ്റൊരു തരം അപകടമാണ്.
ഇസ്മായിലിന് രക്ഷകന്റെ വേഷം മാത്രമേ ഇണങ്ങൂ എന്ന് നിങ്ങൾ വിചാരിക്കരുത്. കവിതയും നന്നായി വഴങ്ങും. നല്ല ഭംഗിയുള്ള കൈപ്പടയിൽ നല്ല വൃത്തഭംഗിയുള്ള കവിതകൾ വെറും ഏഴാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള ഇസ്മായിൽ എഴുതുമായിരുന്നു.
അറബി റ്റൈപ് റൈറ്റിംഗ് പഠനം കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴാണ് ഔപചാരിക വിദ്യാഭ്യാസം നേടിയതിന്റെ ഒരു സർട്ടിഫിക്കറ്റുമില്ലാതെ ഗൾഫിലെ മണലാരണ്യത്തിൽ ജോലി തേടിപ്പോയിട്ട് യാതൊരു കാര്യവുമില്ല എന്നറിയുന്നത്. എസ്.എസ്.എൽ.സി പാസാകണമെന്ന ആഗ്രഹം തീവ്രമാകുന്നത് അപ്പോഴാണ്. അങ്ങനെ പഠിക്കുന്ന കാലത്ത് ഒരു ദിവസം ബസ്സിൽ സഞ്ചരിക്കുമ്പാഴായിരുന്നു അടുത്ത സംഭവം. പൊട്ടി വീണ വൈദ്യുതി കമ്പി റോഡിൽ നിന്നും കൈ കൊണ്ട് പിടിച്ച് മാറ്റിയിടാൻ ശ്രമിച്ച സുനിൽ എന്ന പയ്യന് ഷോക്കേറ്റു. കൈ വിരലുകൾ വൈദ്യുതി കമ്പിയിൽ മുറുകെ പിടിച്ച നിലയിൽ ആയിരുന്നതിനാൽ അവിടെ കൂടിയ ആളുകൾ വടിയും തടിയും മറ്റു സാധനങ്ങളുമൊക്കെ എടുത്തടിച്ചിട്ടും മടങ്ങിയ വിരലുകൾ കമ്പിയിലെ പിടി വിട്ട് നിവർന്ന് വരുന്നില്ലായിരുന്നു. വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരേണ്ടത് ഒന്നര കിലോമീറ്റർ അകലെയും . ഇസ്മായിൽ കയറിയ ബസ്സിൽ നല്ല തിരക്കായതിനാൽ ഫുട്ട്ബോർഡിൽ നിൽക്കേണ്ടി വന്നു. അതിനാൽ സംഭവ സ്ഥലത്തെത്തിയ ബസ്സിൽ നിന്നും വേഗം ഇറങ്ങാൻ സാധിച്ചു. ഇതേ സമയം മറ്റൊരു ബസ്സു കൂടി സംഭവ സ്ഥലത്ത് എത്തിയിരുന്നു. നൂറ്റമ്പതോളം ആളുകൾ നിസ്സഹായരായി നോക്കി നിൽക്കേ ഇസ്മായിലിന്റെ പ്രായോഗിക ബുദ്ധി അതിവേഗത്തിൽ പ്രവർത്തിച്ചു. ഉടുമുണ്ട് ഊരി ഷോക്കടിയേറ്റയാളിന്റെ കൈ വിരലുകളിലും ദേഹത്തുമായി പൊതിഞ്ഞ് പിടിച്ച് വൈദ്യുത കമ്പിയുടെ പൊട്ടി വീണ അറ്റത്തേയ്ക്ക് വലിച്ചു കൊണ്ടുപോയി ഊരിയെടുക്കുകയിരുന്നു. ഈ പ്രവർത്തനത്തിനിടയിൽ ഇസ്മയിലിന് ഒന്നുരണ്ടു പ്രാവശ്യം ചെറുതായി ഷോക്കേറ്റിരുന്നു. അങ്ങനെ സുനിലിന്റെ ജീവൻ തിരികെ കിട്ടി. വൈദ്യുതി കമ്പിയിൽ പിടിച്ച സുനിലിന്റേതും സദുദ്ദേശമായിരുന്നു. തൊട്ടടുത്തു തന്നെയുള്ള സെൻറ് ജോസഫ് സ്കൂളിലെ കുട്ടികൾക്ക് ഷോക്കടിക്കാതിരിക്കുക എന്ന സദുദ്ദേശത്തോടെയാണ് സുനിൽ കമ്പി പിടിച്ച് മാറ്റാൻ ശ്രമിച്ചത്. ഈ സംഭവങ്ങൾ ഇസ്മായിലിനെ രാഷ് പതിയുടെ പുരസ്കാരത്തിലേയ്ക്ക് നയിച്ചു. 1996-ൽ ശ്രീ കെ. ആർ നാരായണൻ രാഷ്ട്രപതിയായിരുന്ന സമയത്താണ് “ജീവൻ രക്ഷാ പഥക് ” നൽകി രാഷ്ട്രം ഇസ്മായിലിനെ ആദരിച്ചത്. അന്ന് 18 വയസ്സിൽ കൂടുതലുള്ള ആരെയും കൂടെ കൊണ്ടുപോകാനോ നല്ലൊരു ഫോട്ടോയെടുത്ത് സൂക്ഷിക്കാനോ ഉള്ള സാമ്പത്തിക ശേഷി ഇസ്മായിലിന്റെ കുടുംബത്തിനില്ലായിരുന്നു. പിൽക്കാലത്ത് സെൻറ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികൾ ആ നാട്ടിലെ പ്രതിഭയായി ഇസ്മായിലിനെ തിരഞ്ഞെടുത്ത് ആദരിച്ചു.
1998- ൽ മുഖ്യമന്ത്രിയുടെ കൈയ്യിൽ നിന്നും 10000 രൂപ പുരസ്കാരമായി ഇസ്മായിലിന് ലഭിച്ചിരുന്നു.
കാര്യങ്ങൾ ഇത്രത്തോളമെത്തിയപ്പോൾ ശ്രീ പി ജെ ജോസഫ് ഇടപ്പെട്ടു. ഇസ്മായിലിന് കോസ്റ്റ് ഗാർഡിൽ ജോലി ലഭിച്ചു. എന്നാൽ ഇസ്മായിലിന്റെ ഉമ്മയ്ക്ക് ആ ജോലി ഇഷ്ടമില്ലാതിരുന്നതിനാൽ 1998- ൽ ഐ.എച്ച്.ആർ.ഡി യുടെ സ്ഥാപനത്തിൽ ജോലി സ്വീകരിച്ചു. സ്വപ്രയത്നത്താൽ ഹയർ സെക്കന്ററിയും ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സും പാസ്സായി. ഞാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്ത് പ്രിൻസിപ്പാളായി ജോലി നോക്കുമ്പോൾ അവിടത്തെ ലൈബ്രറേനിയനായിരുന്ന ശ്രീ പത്മനാഭനെക്കൊണ്ട് ഡിസൈൻ ചെയ്യിപ്പിച്ച് ഗവ. സാങ്ഷൻ നേടിയെടുത്ത ലൈബ്രററി സയൻസ് കോഴ്സാണ് ഇസ്മായിൽ പാസ്സായിയെന്നത് അദൃശ്യമായ കർമ്മബന്ധം. ഇപ്പോൾ പൈനാവ് ഐ എച്ച് ആർ ഡി യുടെ പോളി ടെക് നിക്കിൽ ലൈബ്രറിയിൽ ജോലി നോക്കുന്നു. സ്വന്തമായി ഒരു ജിമ്മും ഉണ്ട്. മുണ്ടും ഷർട്ടുമിട്ട് ഇസ്മയിൽ ജോലി സ്ഥലത്തെത്തി വിനീതനായി ഇരുന്നാൽ ജീംന്വേഷ്യത്തിൽ പ്രവൃത്തി പരിചയമുള്ളയാളാണെന്നും ധാരാളം പേർക്ക് ടെയിനിംഗ് കൊടുത്തിട്ടുണ്ടെന്നും കാണുന്നവർക്കൊന്നും തോന്നില്ല. കുട്ടികളുടെ ഇടയിലെ കശപിശയും മറ്റും സൗമ്യമായി പറഞ്ഞു തീർക്കാൻ ഇസ്മായിൽ ശ്രമിക്കും. ചിലപ്പോൾ കുട്ടികൾ പിരിഞ്ഞ് പോകും.
ചില ക്ഷിപ്രകോപികൾ കാര്യങ്ങൾ കയ്യാങ്കളിയിലെത്തിക്കും ദൂരെ നിന്ന് ക്ഷമയോടെ ഇതൊക്കെ നിരീക്ഷിക്കുന്ന ഇസ്മയിൽ ക്ഷിപ്രകോപിയെ തറയിൽ നിന്നും ഉയർത്തും. നിലത്ത് കാലുറച്ച് നിൽക്കുമ്പോഴുള്ള വീറും വാശിയുമേ ഈ കുട്ടികൾക്കുള്ളൂ. കാലുറപ്പിക്കാൻ ഇടം കിട്ടാത്തപ്പോൾ അല്പനേരം കാലിട്ടടിയ്ക്കും. പിന്നെ അടങ്ങും. കോപമടങ്ങാനും എല്ലാം കലങ്ങിത്തെളിയാനും അല്പം നേരം വേണമല്ലോ? പിന്നെ സമാധാനിപ്പിച്ച് വിടും. ഇസ്മായിൽ ജിമ്മാണെന്നറിയുന്ന ആൺകുട്ടികൾ എങ്ങനെയാണ് ബോഡി ബിൽഡ് അപ് ചെയ്ത് എടുത്തത് എന്നറിയാൻ ഇസ്മായിലിന്റെ പിറകെ കൂടും. എന്റെ ഓഫീസിന് മുന്നിലും ധാരാളം കുട്ടികൾ ഇസ്മായിലിനെ കാണാൻ നിൽക്കുന്നുണ്ടായിരുന്നു.
ഇസ്മായിലിന് രക്ഷകന്റെ വേഷം ഈശ്വരൻ കല്പിച്ചു നൽകിയതായതിനാൽ 2010 ൽ പൂച്ചപ്ര ഉരുൾ പൊട്ടലിൽ 5 പേരെ രക്ഷിക്കാനുള്ള നിയോഗമുണ്ടായി. നാട്ടിലെ ഏതു കാര്യങ്ങൾക്കും മുന്നിട്ടിറങ്ങി സഹായിക്കുന്ന ശീലമുള്ളതിനാൽ ഈ ഉരുൾപൊട്ടൽ സ്ഥലത്തും കൂട്ടുകാരോടൊപ്പം ഇസ്മായിൽ എത്തി. വടവും മറ്റും കൈയ്യിലുണ്ടായിരുന്നെങ്കിലും രൗദ്ര ഭാവം പൂണ്ടൊഴുകുന്ന കാട്ടാർ നീന്തി കടക്കാൻ ആർക്കും ധൈര്യം പോരായിരുന്നു. പുഴയ്ക്കക്കരെ മലമുകളിലായിരുന്നു ഉരുൾ പൊട്ടലിൽ പെട്ടവീട്. ഒരു വീട്ടിലെ അമ്മയും ഒരാൺകുട്ടിയും മൂന്ന് പെൺകുട്ടികളും അവിടെ ഒറ്റപ്പെട്ടു പോയി. ആ അഞ്ചുപേരെയും രക്ഷിക്കുന്ന ദൗത്യം ഇസ്മായിലിനായിരുന്നു. വലിയ വടവുമായി ഇസ്മായിൽ അക്കരയ്ക്ക് നീന്തി. വീടും വൃക്ഷങ്ങളും കടപുഴക്കി ഒഴുകുന്ന ഉരുൾ വെള്ളത്തിൽ ഒഴുകിപ്പോകാതെ നിന്ന ഒരു വന്മരത്തിൽ വടം കെട്ടിയുറപ്പിച്ചു. മറുകരയിൽ സഹായികൾ ഒരു വൃക്ഷത്തിൽ വടം നന്നായി വലിച്ചു കെട്ടി. ഇസ്മായിൽ രക്ഷിച്ചു കൊണ്ടുവരുന്നവരെ താങ്ങി ഇക്കരെയെത്തിക്കാൻ സഹായികൾ നിലയെത്തും വെള്ളത്തിൽ വടത്തിൽ പിടിച്ച് വരിവരിയായി നിലയുറപ്പിച്ചു. ആൺകുട്ടി ചെറുതായതിനാൽ അതിനെയും രണ്ടു പെൺകുട്ടികളെയും ഇസ്മയിൽ ആദ്യം സഹായികൾ നിൽക്കുന്നിടം വരെ പുഴ നീന്തി എത്തിച്ചു കൊടുത്തു. ഇങ്ങനെ കൊണ്ടുവരുന്ന ആൾക്കാർ എല്ലാം നഷ്ടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ടവരായതിനാൽ പിച്ചും പേയും പറയുകയും ആത്മഹത്യാപ്രവണത കാണിക്കുകയും രക്ഷകന്റെ ഷർട്ടിലും തലമുടിയിലും പിടിച്ച് വലിച്ച് പിച്ചുകയും ചെയ്യും. അതെല്ലാം സഹിച്ച് ഇവരെയും തോളിലേന്തി നിലയില്ലാ ഒഴുക്കു വെള്ളത്തിൽ വടം ചേർത്ത് നീന്തി സഹായികൾ നിൽക്കുന്നിടം വരെ എത്തിക്കുന്നത് വളരെ സാഹസികമായും ശ്രദ്ധയോടെയും ചെയ്യേണ്ട കാര്യമാണ്. ഏതു നിമിഷവും രക്ഷപ്പെടുത്തിയ ആൾ കൈയ്യിൽ നിന്നും പോകാം. അങ്ങനെ പോയാൽ അതുവരെ ചെയ്ത പ്രയത്‌നങ്ങൾക്കൊന്നും ഫലമില്ലാതെയാകും.
മൂന്ന് പേരെ ഇക്കരെയെത്തിച്ച് തിരികെ അക്കരെയെത്തി മല കയറുമ്പോഴാണ് രണ്ടാമത്തെ ഉരുൾ പൊട്ടിയത്. അമ്മയും മകളും ഉറച്ച മരത്തിൽ പിടിച്ച് നിന്നു. അമ്മ ഭ്രാന്തിയെപ്പോലെ അലറി . ഒരു ഘട്ടത്തിൽ ഉരുൾവെളളത്തിൽ ചാടി ആത്‌മഹത്യ ചെയ്യാൻ അവരൊരുങ്ങി. ഇസ്മായിൽ വേഗം അവരെ ഇക്കരെയെത്തിച്ചു. ഏറ്റവുമവസാനം മരത്തിൽ പിടിച്ച് ധൈര്യപൂർവ്വം കാത്തു നിന്ന പെൺകുട്ടിയേയും. അങ്ങനെ ഒരു വീട്ടിലെ അഞ്ചു പേർ രക്ഷപെട്ടു. ഇതേ ദിവസം ആ നാട്ടിൽ മറ്റൊരിടത്ത് ഇതുപോലെ ആളുകളെ രക്ഷിക്കാനിറങ്ങിയ ഇസ്മയിലിന്റെ ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗമറിയാതെയായിരുന്നു ഈ രക്ഷാപ്രവർത്തനം. പിന്നീട് അയാളുടെ മൃതദേഹം കണ്ടെടുത്തപ്പോൾ ആർക്കും തിരച്ചറിയാൻ പറ്റുന്നില്ലായിരുന്നു. എന്നാൽ സുഹൃത്തിനെ കാണ്മാനില്ലെന്ന വിവരവും കിട്ടിയിരുന്നു. അവസാനം ഒരാൾ പറഞ്ഞു. നീ അവന്റെ മുഖമൊന്ന് സങ്കല്പിച്ചു കൊണ്ട് ഈ മൃതദേഹത്തിൽ നോക്കുക ഇതവനാണോ എന്ന്. അതയാൾ തന്നെയായിരുന്നു.
സ്പോർട്ട്സിലും വടം വലിയിലും നിരവധി സമ്മാനങ്ങൾ ഇസ്മായിലിന് ലഭിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് വടത്തിന്റെ ഒരു വശത്ത് നിന്ന് വലിച്ച് വടം വലിയിൽ ജയിച്ച അനുഭവവും ഇസ്മയിലിനുണ്ട്.
ഇസ്മായിലിന്റെ വിവാഹവും ഒരു രക്ഷപെടുത്തൽ തന്നെയായിരുന്നു. ഭാര്യ സിന്ധു ( ഇപ്പോഴത്തെ പേര് ഷാഹിദ) ഒരു ക്രിസ്തീയ കുടുംബത്തിലേതായിരുന്നു. അമ്മ മരിച്ചു പോയി. ഒരു സഹോദരന് സിന്ധുവിന്റെ പിതാവ് വീടും പറമ്പും ഒരാൾക്ക് ജാമ്യം വയ്ക്കാനായി നൽകി. പിന്നീട് കുടുംബം കടക്കെണിയിലായി. സിന്ധു മനസ്സിന്റെ ഭാരമെല്ലാം ഇറക്കി വയ്ക്കുന്നത് സമീപ വാസിയായ ഇസ്മായിലിനടുത്തായിരുന്നു. സിന്ധുവിന്റെ ഹൃദയ നൊമ്പരങ്ങൾ കേട്ടുകേട്ട് ഇരുവരും പ്രണയത്തിലായി. പ്രണയം ഇരു വീടുകളിലും എതിർപ്പുളവാക്കി. മതമായിരുന്നു പ്രശ്നം. ഇങ്ങനെയായാൽ എങ്ങിനെയാണ് വിവാഹം നടത്തുക ? ഇരുവർക്കും പിന്മാറിയാലോ എന്ന് ഇസ്മായിൽ സിന്ധുവിനോട് ചോദിച്ചു. സിന്ധു പറഞ്ഞു: ഇസ്മായിൽ വേറെ വിവാഹം കഴിച്ചോളൂ. സിന്ധു അവിവാഹിതയായി തുടരുമെന്ന്. അങ്ങനെ ഇസ്മായിൽ സിന്ധുവിനെ തന്നെ ജീവിത സഖിയാക്കാൻ തീരുമാനിച്ചു.
ഇസ്മായിലിന്റെ വീട്ടിൽ എല്ലാവർക്കും കൂടി കിടക്കാൻ സ്ഥലമില്ലാത്തതിനാൽ ആ കോളനിയിൽ തന്നെയുള്ള ഒരു മുറിയിലായിരുന്നു കിടപ്പ്. സിന്ധുവിന്റെ വീട് റോഡിന് എതിർവശത്തും. ഇസ്മായിൽ ജോലിക്ക് പോകുന്ന ദിവസം ഒരു ഷർട്ടെടുത്തു കടയിലെ മേശപ്പുറത്ത് വച്ചിരുന്നാൽ അതിന്റെയർത്ഥം അന്നേ ദിവസം ഇസ്മായിൽ തിരിച്ചെത്തുമെന്നാണ്. ഒരു കുപ്പി നിറച്ച് വെള്ളം വച്ചാൽ അന്ന് തിരികെയെത്തി ല്ലെന്നും . ഒഴിഞ്ഞ കുപ്പി വച്ചാൽ മറ്റൊരു കോഡ്. അങ്ങനെ ലാന്റ് ഫോണോ മൊബൈൽ ഫോണോ സ്വന്തമായി ഇല്ലാതിരുന്ന കാലത്ത് അവർ കോഡുകൾ കൊണ്ടു സംവദിച്ചു. ഇസ്മായിലിന് അല്പ സ്വൽപം സാമ്പത്തിക സ്ഥിതിയൊക്കെയായപ്പോൾ അവർ വിവാഹിതരാകാൻ തീരുമാനിച്ചു.. സിന്ധു പൊന്നാനിയിൽ പോയി മതം മാറി ഷാഹിദയായി. അവർ കോളനിയിൽ നിന്നും അല്പം ദൂരത്തുമാറി
ഒരു വീട്ടിൽ താമസമാക്കി. അവരുടെ ദാമ്പത്യവല്ലരിയിൽ രണ്ടു കുട്ടികളുണ്ടായി. അൽ സാബിത്തും അൽ സാജിത്തും.
സിന്ധുവിന്റെ സഹോദരൻ ഇംഗ്ലണ്ടിൽ പോയി . കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോൾ ഇസ്മായിലും ഭാര്യയും ഇരുവരുടേയും ബന്ധുവീടുകളിലേയ്ക്ക് പോകില്ല. എല്ലാവർക്കും അവരുടെ വീട്ടിലേയ്ക്ക് വരാൻ സ്വാതന്ത്ര്യമുണ്ട്.
ഞങ്ങളുടെ കോളജിലെ എൻ എസ് എസ് വിദ്യാർത്ഥികളും പ്രോഗ്രാം ഓഫീസർ സുബിയും കൂടി ഒരു പുഴക്കരയിൽ 20 ഏക്കർ സ്ഥലത്ത് കാവ് വച്ച് പിടിപ്പിക്കുന്ന ശ്രമത്തിലായിരുന്നു. അതിൽ പങ്കെടുത്ത ശേഷമാണ് ഇസ്മായിൽ കോളേജിൽ എത്തിയത്. പുറത്ത് കുട്ടികൾ ഇസ്മായിലിനെ കാത്ത് നിൽക്കുന്നതിനാൽ ഇസ്മയിൽ വേഗം ഇറങ്ങി. സുബിയുടെ ഭാഷയിൽ പറഞ്ഞാൽ വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളുടെ ഇടയിൽ ഇലക്ഷൻ ഡ്യൂട്ടിയ് ക്ക് പോകണമെങ്കിൽ അത് ചോദിച്ചു വാങ്ങി പോകാൻ മടിയില്ലാത്തയാളാണ് ഇസ്മായിൽ . വനത്തിനുള്ളിലെ ഒറ്റയടിപ്പാതയിലൂടെ 15 കിലോമീറ്ററോളം നടന്നാണ് കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇസ്മായിൽ എത്തിയത്. നല്ല ആരോഗ്യമുള്ളവരെ മാത്രമേ അവിടെ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് ഇടുകയുള്ളൂ. ഇടമല കുടിയിൽ ആകെ 26 കുടികളാണുള്ളത്. ഒരു കുടിയിൽ ഇരുപതോളം വീടുകൾ . പിന്നെ കുറച്ചു ദൂരം ചെന്നശേഷമായിരിയ്ക്കും അടുത്ത കുടി. ഒരു കുടിയ് ക്ക് ഒരു കാണിയുണ്ടാകും. എല്ലാ കാണികൾക്കും കൂടി ഒരു മൂപ്പൻ . ഇവരെ കണ്ടിട്ട് വേണം ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് ഹാജരാകാൻ. ഇടമലകുടിയിൽ രണ്ടായിരത്തോളം വോട്ടർമാർ ഉണ്ടാകും ഒരു ബൂത്തിൽ അഞ്ഞൂറോളം വോട്ടർമാർ ഉണ്ടാകും. ഉച്ചയ്ക്ക് മുമ്പ് വോട്ടെടുപ്പ് കഴിയും. ഇവരെത്തിയ ബൂത്ത് പ്രദേശത്ത് തലേന്നാൾ ഒരു പട്ടിയെ ഒരു പുലി പിടിച്ചിരുന്നു. ഇസ്മായിൽ നടന്നു തളർന്ന ക്ഷീണത്തിൽ സുഖമായി ഉറങ്ങി. മറ്റുള്ളവർ ഉറങ്ങാതെ നോക്കി നിൽക്കുകയായിരുന്നു. നേരം വെളുത്ത് ഇസ്മായിൽ കണ്ണു തുറന്ന് നോക്കിയപ്പോൾ ആരും ഉറങ്ങിയിട്ടില്ലെന്ന് മനസ്സിലായി. എങ്ങിനെ ഉറങ്ങാൻ പറ്റി ? പേടിയായില്ലേ എന്ന് ഇസ്മായിലിനോട് അവർ ചോദിച്ചു . നിങ്ങളെല്ലാം ഉറങ്ങാതെ കാവൽ നിൽക്കുകയല്ലേ? അപ്പോൾ എനിക്ക് സുഖമായി ഉറങ്ങാമല്ലോ എന്നായിരുന്നു ഇസ്മയിലിന്റെ മറുപടി. അതാണ് ഇസ്മായിൽ. ഞാൻ ഡിസാസ്റ്റ ർ മാനേജ്മെന്റിനെക്കുറിച്ച് ഒരു ക്ലാസ്സ് നമ്മുടെ കുട്ടികൾക്കായി ഇസ്മായിലിനെ കൊണ്ട് എടുപ്പിക്കണമെന്ന് സുബിയെ പറഞ്ഞേൽപ്പിച്ചു. അനുഭവസമ്പത്തുള്ളവർക്കല്ലേ അത് വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ കഴിയൂ. ഇനിയും ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാനുള്ള കഴിവും ആരോഗ്യവും ദീർഘായുസ്സും ദൈവം ഇസ്മായിലിന് നൽകട്ടെ.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഏറെ ചർച്ചയായ പ്രണയബന്ധം തകർന്നു. സുസ്മിതയും കാമുകൻ റോഹ്‌മാൻ ഷോവലും വേർപിരിഞ്ഞതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫാഷൻ മോഡലാണ് റോഹ്‌മാൻ. സുസ്മിത ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങൾ വേർപിരിഞ്ഞ വിവരം പങ്കുവച്ചത്.
‘സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. എന്നാൽ ആ ബന്ധം അവസാനിച്ചു. സ്നേഹം നിലനിൽക്കുന്നു.’.. റോഹ്‌മാനൊപ്പമുള്ള ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു.
സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെൺകുട്ടികൾക്കും ഒപ്പമായിരുന്നു റോഹ്‌മാൻ വർഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. റെനിയും അലിഷയുമാണ് സുസ്മിതയുടെ മക്കൾ. 2001 ലാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010ലും.
2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്‌മാനും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. പതിനഞ്ച് വയസ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത. 29 വയസാണ് റോഹ്‌മാന്. ഇരുവരുടേയും പ്രായത്തെ വെല്ലുന്ന പ്രണയത്തിനും ഏറെ ആരാധകരും വിമർശകരുമുണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ അടുത്തബന്ധമെന്ന് ദിലീപിന്റെ മുൻസുഹൃത്ത് ബാലചന്ദ്രകുമാർ. പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ദിലീപും ബന്ധുക്കളും തന്നെ നിർബന്ധിച്ചുവെന്നും സംവിധായകൻ കൂടിയായ ബാലചന്ദ്രകുമാർ പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
ഇത്ര വൈകിയുള്ള വെളിപ്പെടുത്തൽ കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ദിലീപിനത് ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ.
2014 ൽ കഥപറയാനെത്തിയ കാലം തൊട്ട് ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ദിലീപിന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും താൻ ദിലീപുമായി സൗഹൃദത്തിലായ സമയത്താണ് അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിന്റെ വിവാഹമോചനക്കേസ് നടന്നിരുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ അമ്മയും അനിയനുമായൊക്കെ നല്ല സൗഹൃദമായിരുന്നു. ഭാര്യ കാവ്യയുമായിട്ടും സൗഹൃദമാണ്. കാവ്യ എന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടു.
പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നെന്നാണ് സംവിധായകന്റെ നിർണായക വെളിപ്പെടുത്തൽ. ദിലീപിന്റെ വീടിന്റെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോൾ പൾസർ സുനിയെ കണ്ടിരുന്നെന്നും അന്ന് വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങാൻ പോകുമ്പോഴാണ് അയാളെ പരിചയപ്പൈട്ടത്. ദിലീപിന്റെ സഹോദരൻ അനൂപും താനും പൾസർ സുനിയും ചേർന്നാണ് ഒരു കാറിൽ പോയത്.
കാറിൽ കയറാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ ഞങ്ങൾക്കൊപ്പം കയറ്റി. കൈയ്യിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനൂപ് ചെറുപ്പക്കാരനോട് കാറിൽ വെച്ച് പറയുന്നത് ഞാൻ കേട്ടു. കാറിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോൾ സുനി എന്നാണ് പറഞ്ഞത്. പൾസർ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.’- ബാലചന്ദ്രകുമാർ പറയുന്നു.
‘പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളിൽ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു. പിന്നീട് ബാലു തന്റെ കൂടെ പൾസർ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു’- സംവിധായകൻ ആരോപിക്കുന്നു.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
‘പിന്നീടങ്ങോട്ട് തന്നോട് വളരെ സ്നേഹം അഭിനയിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരിക്കെ ഒരിക്കൽ സഹോദരൻ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയിൽപുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദർശകർക്ക് വിലക്കുള്ള സമയത്ത് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ദിലീപിനെ കണ്ടത്.പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭർത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു.’
‘ജാമ്യം ലഭിക്കുന്നത് വരെ പൾസർ സുനിയെ വീട്ടിൽ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ഞാൻ ജയിലിൽ പോയി കാണുന്ന ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്. ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്.’- അദ്ദേഹം ആരോപിക്കുന്നു.
ഇക്കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാട്ടി ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.