മയാമി, ഫ്ലോറിഡ: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥിന്റെ അകാല വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാൾ നഷ്ടമായത് മാധ്യമരംഗത്തെ കൂടുതൽ ശുഷ്കമാക്കുന്നു. മികച്ച ശൈലിയിൽ രാഷ്ട്രീയലേഖനങ്ങളും പംക്തികളും എഴുതുമ്പോഴും എല്ലാവരോടും സമഭാവനയോടെ പെരുമാറിയ വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു.
‘ആഴ്ചക്കുറിപ്പുകൾ’ എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തി കേരളമാകെ ചർച്ച ചെയ്തവയാണ്. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു-മനോരമ പ്രസിദ്ധീകരിച്ച ചരമ അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും തങ്ങളുടെ ദുഖവും അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു.
കാമുകനോടൊപ്പെ ഒളിച്ചോടിയ ഭാര്യ കാമുകനൊപ്പം താമസിക്കാനാണ് താൽപര്യമെന്ന് അറിയിച്ചതോടെ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്ത് സ്വദേശി വിനോദാണ് തൂങ്ങിമരിച്ചത്. 33 വയസായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിനോദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്.
തുടർന്ന് വിനോദ് രണ്ടു ദിവസം ഭാര്യയെ അന്വേഷിച്ചിരുന്നു. കണ്ടെത്താൻ സാധിക്കാതിരുന്നതോടെ വിനോദ് പോലീസിൽ പരാതി നൽകി. പരാതി അന്വേഷിച്ച ബേക്കൽ പോലീസ് പയ്യന്നൂർ സ്വദേശിയായ യുവാവിനൊപ്പം യുവതി കഴിഞ്ഞുവരികയാണെന്ന് കണ്ടെത്തി. ഫേസ്ബുക്കിലൂടെയാണ് പയ്യന്നൂർ സ്വദേശിയായ യുവാവിനെ യുവതി പരിചയപ്പെടുന്നത്. പിന്നാലെ ഒളിച്ചോടുകയായിരുന്നു.
യുവതിയെ കണ്ടെത്തിയതിന് തുടർന്ന് ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് പോലീസ് വിളിച്ചുവരുത്തി മദ്ധ്യസ്ഥ ചർച്ചകൾ നടത്തി. എന്നാൽ കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് യുവതി സ്റ്റേഷനിൽ വെച്ച് വ്യക്തമാക്കി. ഇതോടെയാണ് വിനോദ് വീട്ടിലേക്ക് തിരികെയെത്തിയത്. ഉടൻ വീട്ടുവളപ്പിൽ ജീവനൊടുക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെയും തനിക്കെതിരേയും കേസെടുത്തതില്‍ ദിലീപിന് മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാര്‍. ട്വിറ്ററിലൂടെയായിരുന്നു നികേഷിന്റെ പ്രതികരണം.
റിപ്പോര്‍ട്ടര്‍ ടിവിക്കും തനിക്കുമെതിരെ പോലീസ് കേസെടുത്തെന്ന റിപ്പോര്‍ട്ടറിന്റെ വാര്‍ത്ത ‘അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ’ എന്ന തലക്കെട്ടോടെയാണ് നികേഷ് കുമാര്‍ പങ്കുവെച്ചത്. തനിക്കെതിരെ എത്ര കേസുകള്‍ വന്നാലും അതിജീവിതക്കൊപ്പമായിരിക്കും താനെന്ന് വ്യക്തമാക്കുകയാണ് നികേഷ് കുമാര്‍.
വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് പോലീസ് സ്വമേധയാ കേസെടുത്തത. 228 എ 3 വകുപ്പ് ചുമത്തിയാണ് കേരളാ പോലീസിലെ സൈബര്‍ വിഭാഗം സ്വമേധയാ കേസെടുത്തത്. റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ടിവിക്കും എതിരെയാണ് കേസ്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന വിഷയം.
കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായി എഫ്ഐആറില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവ് വെബ്സൈറ്റില്‍ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തന്നെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് നികേഷിനെതിരെയും ചാനലിനെതിരേയും കേസെടുത്തിരിക്കുന്നത്.
ദിലീപിന്റെ ഹര്‍ജിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പോലീസ് നികേഷിനെതിരെ കേസെടുക്കുകയായിരുന്നു
എന്നാല്‍ നിലവില്‍ ബാലചന്ദ്രകുമാര്‍ കേസിലെ പ്രതിയോ സാക്ഷിയോ അല്ല. വിചാരണ കോടതിയുമായി ബാലചന്ദ്രകുമാറിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. കേസുമായി ബന്ധപ്പെട്ട പല സുപ്രധാന വിവരങ്ങളും പുറത്തുകൊണ്ട് വന്നത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു.
അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ
https://t.co/k92lXFQVLY— M V Nikesh Kumar (@mvnikeshkumar) January 30, 2022
ഒമ്പത് വയസ്സുള്ള കുട്ടിയുടെ പൊതുവായ ഹോബികൾ നല്ല വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഭക്ഷണസാധനങ്ങളുമാണ്. ആഷിലൻ മഹൽ, ഫെരാരി, റോയൽസ് തുടങ്ങിയ വിലകൂടിയ വാഹനങ്ങളും സ്വകാര്യ വിമാനങ്ങളും വാങ്ങാൻ ഒമ്പത് വയസ്സുകാരന് താൽപ്പര്യമുണ്ടോ എന്ന് സങ്കൽപ്പിക്കുക? ഇല്ല എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ബ്രാൻഡഡ് വസ്ത്രങ്ങൾ, ബ്രാൻഡഡ് ഷൂകൾ, വിലകൂടിയ വാച്ചുകൾ, ബംഗ്ലാവുകൾ, വിലകൂടിയ വാഹനങ്ങൾ എന്നിവയോട് ഇഷ്ടമാണ് നൈജീരിയയിൽ നിന്നുള്ള ഒമ്പത് വയസ്സുള്ള മോംഫ ജൂനിയർ എന്ന കുട്ടിക്ക്.
ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്. ഒമ്പത് വയസ്സുള്ള മോംഫ ജൂനിയറിന് വിലകൂടിയ സൂപ്പർ കാറുകളുടെ ഒരു നിര തന്നെയുണ്ട്. 6 വയസ്സുള്ളപ്പോൾ അവന്‍ ഒരു ആഡംബര കൊട്ടാരം വാങ്ങി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ മോംഫ ജൂനിയർ ആണെന്ന് ആഫ്രിക്കൻ മാധ്യമങ്ങൾ അവകാശപ്പെടുന്നു. മോംഫ പ്രൈവറ്റ് ജെറ്റിലാണ് ലോകം ചുറ്റി സഞ്ചരിക്കുന്നത്. മൊഹമ്മദ് അവൽ മുസ്തഫ എന്നാണ് മോംഫയുടെ യഥാർത്ഥ പേര്. അവന്റെ ഇൻസ്റ്റാഗ്രാമിൽ 1 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
മോംഫയുടെ പിതാവ് ഇസ്മയിലിയ മുസ്തഫ ഒരു കോടീശ്വരനാണ്. മോംഫയുടെ പിതാവ് ഇസ്മാലിയ മുസ്തഫയും ഇൻസ്റ്റാഗ്രാമിൽ തന്റെ ചെലവേറിയ ജീവിതശൈലി കാണിക്കുന്നതിൽ പ്രശസ്തനാണ്. നൈജീരിയയിലെ ലാഗോസ് ഐലൻഡ് ആസ്ഥാനമായുള്ള മോംഫ ബ്യൂറോ ഡി ചേഞ്ച് എന്ന വലിയ കമ്പനിയുടെ ഉടമയാണ് അദ്ദേഹം. മോംഫ സീനിയർ അതായത് ഇസ്മയിലിയ മുസ്തഫ പലപ്പോഴും അയാളുടെ സ്വകാര്യ ജെറ്റിന്റെ ചിത്രങ്ങളും കാർ എക്സിബിഷനുകളുടെയും ബംഗ്ലാവുകളുടെയും ചിത്രങ്ങൾ അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇസ്മയിലിയ മുസ്തഫയെപ്പോലെ അദ്ദേഹത്തിന്റെ മകൻ മോംഫയാണ്. അയാളുടെ ആഡംബരപൂർണ്ണമായ ജീവിതശൈലി ലോകത്തിലെ മറ്റ് കുട്ടികളിൽ നിന്ന് മോംഫയെ വ്യത്യസ്തമാക്കുന്നു. മോംഫയ്ക്ക് അയാളുടെതായ ആഡംബര മാളികയുണ്ട്. വിലകൂടിയ കാറുകളുടെ വലിയ ശേഖരം തന്നെയുണ്ട്. മോംഫയ്ക്ക് സ്വന്തമായി ഒരു വിമാനമുണ്ട്, അതിനുള്ളിൽ ഇരിക്കുമ്പോൾ അദ്ദേഹം പലപ്പോഴും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. അഞ്ചാം വയസ്സിൽ അദ്ദേഹം സ്വന്തമാക്കിയ ആദ്യത്തെ കാർ സിൽവർ ബെന്റ്ലി ആയിരുന്നു.
ദുബായും നൈജീരിയയും ഉൾപ്പെടെ ലോകത്തെ പല രാജ്യങ്ങളിലും ഇസ്മാഈലിയ മുസ്തഫ തന്റെ ആഡംബര ബംഗ്ലാവുകൾ നിർമ്മിച്ചിട്ടുണ്ട്. മോംഫ ജൂനിയറിനെ പുകഴ്ത്തി ഗൂച്ചി വസ്ത്രം ധരിക്കുന്ന, സ്വന്തമായി വീടുള്ള ഏറ്റവും പ്രായം കുറഞ്ഞ ഭൂവുടമയെന്ന് അദ്ദേഹത്തിന്റെ പിതാവും എഴുതി. മഞ്ഞ ഫെരാരി ഉൾപ്പെടെയുള്ള ആകർഷകമായ വാഹനങ്ങളുമായി മോംഫയെ അവന്റെ ദുബായ് ബംഗ്ലാവിൽ പാർക്ക് ചെയ്യുന്നത് കാണാം.
മോംഫ പലപ്പോഴും ലാഗോസിലെയും യുഎഇയിലെയും വീടുകളിലേക്ക് യാത്ര ചെയ്യുകയും ഫോട്ടോകൾ പങ്കിടുകയും ചെയ്യാറുണ്ട്. 10 മില്യൺ പൗണ്ടിലധികം കള്ളപണം വെളുപ്പിച്ചതിന് മോംഫയുടെ പിതാവ് കുറ്റം നേരിടുന്നു. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ ചില സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്മണ്യൻ – ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞതായി റിപ്പോർട്ട്.
മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളെജിലെത്തിയിരുന്നു. എന്നാൽ കോളേജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളേജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.
ദിലീപിനെതിരെ സംസാരിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ വന്‍ സൈബര്‍ ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മാധ്യമ ചർച്ചയിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന്‍ ഐ.പി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം നടത്തുന്നതെന്നും ഇവര്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
”ദിലീപിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് താഴെ സോഷ്യല്‍മീഡിയ പേജുകളില്‍ വരുന്ന കമന്റ്‌സ് വായിച്ചു നോക്കണം. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതും എതിരെ പറയുന്നവരെ തെറി വിളിക്കുന്നതും വ്യാജന്‍മാരാണെന്ന് മനസിലാകും. ഒരു സൈബര്‍ ഗുണ്ടാ വിംഗുണ്ട്. ഇവര്‍ക്ക് അസോസിയേഷന്‍ വരെയുണ്ട്. ദിലീപിന്റെ പി.ആര്‍ വര്‍ക്ക് ചെയ്യുന്നതും ഇവരാണ്,” അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ക്കെതിരെ ഇത്തത്തിലുള്ള സംഘങ്ങള്‍ വ്യാജപ്രചരണം നടത്താറുണ്ടെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
‘റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെതിരെയും ഇവര്‍ പ്രചരണം നടത്തുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ മോശമാണെന്ന് പറയും. ദിലീപിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതി,”ബൈജു കൊട്ടാരക്കര പറഞ്ഞു.ഇത്തരം സംഘങ്ങള്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമമംഗലം, പിറവം സ്വദേശി ദിവ്യ മനോജ് (31) ഹൃദയ സ്തംഭനത്തെത്തുടർന്ന് ന്യൂസിലാൻഡിൽ വച്ച് മരണമടഞ്ഞു. ഹാമിൽട്ടണിൽ താമസിക്കുന്ന മനോജ് ജോസിന്റെ ഭാര്യയാണ്. പിറവം രാമമംഗലം മടത്തക്കാട്ട് സൈമൺ- ഷേർലി ദമ്പതികളുടെ മകളാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. മനോജ് ഇടുക്കി സ്വദേശി ആണ്.
മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസയിൽ നേഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ.ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആർട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്. മൂന്നു മാസം മുൻപ് ഭർത്താവും കുട്ടികളും എത്തിയിരുന്നു. തമാഹെരെ ഇവന്റൈഡ് ഹോം ആൻഡ് വില്ലേജിൽ ജോലി ചെയ്തുവരികയായിരുന്നു.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. സഹായ വാഗ്ദാനം മമ്മൂട്ടി ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ചറയിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മധുവിന്റെ അട്ടപ്പാടിയിലെ വീട്ടിലെത്തുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂക്ക ഞങ്ങളെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. കേസിനെ കുറിച്ച് മമ്മൂക്ക നിയമമന്ത്രിയോട് സംസാരിച്ചിരുന്നു. നിയമമന്ത്രിയും കുടുംബവുമായി സംസാരിച്ചിട്ട് തീരുമാനമെടുക്കാനാണ് പറഞ്ഞിരുന്നത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും,’ സരസു പറയുന്നു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറിയിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു നേരത്തെ ആരോപിച്ചിരുന്നു.
രാജി സന്നദ്ധത അറിയിച്ചിരുന്ന പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വി.ടി. രഘുനാഥിനെതിരെയും കുടുംബം ആരോപണമുന്നിയിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഹാജരാകാത്തതെന്ന് സരസു ചോദിച്ചിരുന്നു.
അണ്ടര്‍ 19 ലോക കപ്പില്‍ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ജേതാക്കളായ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടം വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 112 റണ്‍സ് വിജയലക്ഷ്യം 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ഇന്ത്യ മറികടന്നു.
65 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷായിക് റഷീദ് 59 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. ക്യാപ്റ്റന്‍ യാഷ് ദുള്‍ 26 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി റിപ്പോണ്‍ മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ ബോളുകള്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ഭീഷണിയായിരുന്നെങ്കിലും, ക്ഷമയോടെ ബാറ്റ് ചെയ്ത് ടീം ജയം പിടിക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനവീളം മികച്ച ബോളിംഗ് പ്രകടനമായിരുന്നു മോണ്ടലിന്റേത്.
നേരത്തെ ടോസ് നേടിയ എതിരാളികളെ ബാറ്റ് ചെയ്യാന്‍ വിടുകയായിരുന്നു. ബംഗ്ളാദേശ് നിരയില്‍ 30 റണ്‍സ് എടുത്ത മെഹ്റോബ് ഒഴികെ ആര്‍ക്കും പൊരുതാന്‍ പോലുമായില്ല.
രവികുമാര്‍ തുടങ്ങിവെച്ച ബോളിംഗ് ആക്രമണം ഇന്ത്യന്‍ ബോളര്‍മാര്‍ ഒട്ടും വീര്യം ചോരാതെ പുറത്തെടുത്തതോടെ 38 ഓവറില്‍ ബംഗ്ളാദേശ് ഇന്നിംഗ്സിന് കര്‍ട്ടനിട്ടു. മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെയും രവികുമാര്‍ പറഞ്ഞുവിട്ടപ്പോള്‍ മദ്ധ്യനിരയെ ഓസ്റ്റാവലും ടാംബേയും ചേര്‍ന്നും വീഴ്ത്തി.
മഹ്ഫിജുല്‍ ഇസ്ളാം രണ്ടിനും ഇഫ്ത്താഖര്‍ ഹുസൈന്‍ ഒരു റണ്‍സിനും പ്രാന്തിക് ഏഴു റണ്‍സിനും രവികുമാറിന് മുന്നില്‍ വീണപ്പോള്‍ ആരിഫുല്‍ ഇസ്ളാമും പൂജ്യത്തിന് പുറത്തായ ഫാഹീമും ഓസ്റ്റാവലിന് മുന്നില്‍ വീണു. 17 റണ്‍സ് എടുത്ത മൊല്ല റണ്ണൗട്ട് ആകുകയു ചെയ്തു.
നായകന്‍ റാകിബുള്‍ ഹസനാണ് ടാംബേയക്ക് മുന്നില്‍ വീണത്. പിന്നാലെ വന്ന മെഹ്റോബ് 48 പന്തില്‍ 30 റണ്‍സ് എടുത്തു. 16 റണ്‍സ് എടുത്ത സമനൊപ്പം മികച്ച കൂട്ടുകെട്ട ഉണ്ടക്കിയെങ്കിലും സമന്‍ റണ്ണൗട്ടായതോടെ അതും അവസാനിച്ചു. പിന്നാലെ വന്ന രണ്ടുപേരും എളുപ്പം മടങ്ങുക കൂടി ചെയ്തതോടെ ബംഗ്ളാദേശിനെ പൂട്ടിക്കെട്ടി. ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ജോലി കഴിഞ്ഞു മടങ്ങിയെത്തിയ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽവെച്ചാണ് കോഴിക്കോട് വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശിയും പറക്കുഴി അബ്ദുല്‍ റഹ്‌മാന്‍ – ഉമയ്യ ദമ്പതികളുടെ മകനുമായ പി കെ ഷബീര്‍ (40) മരണപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷബീറിന് നെഞ്ചുവേദനയും ക്ഷീണവും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് സുഹൃത്തുക്കൾ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
ജിദ്ദയിലെ കിലോ ആറിലെ യമാനി ബേക്കറിയില്‍ സെയില്‍സ്‌മാന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ഷബീർ. ശനിയാഴ്ച രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞു താമസസ്ഥലത്ത് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. സമീറയാണ് ഷബീറിന്‍റെ ഭാര്യ. രണ്ട് പെൺകുട്ടികൾ
ഷബീറിനൊപ്പം ജിദ്ദയിൽ ഉണ്ടായിരുന്ന കുടുംബം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. മുക്കം നിവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ മാക് എന്ന സംഘടനയുടെ അംഗമാണ്. മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഷബീറിന്‍റെ സുഹൃത്തുക്കളും വിവിധ മലയാളി സന്നദ്ധസംഘടനാ പ്രതിനിധികളും വൈകാതെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് ഷബീറിന്‍റെ സുഹൃത്തുക്കൾ പറയുന്നത്.