വിചിത്ര സമുദ്ര ജീവിയെ കണ്ട അനുഭവം പങ്കിടുകയാണ് തെക്കൻ ബ്രസീലിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി. രാത്രി സമയത്ത് പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അസാമാന്യ വലുപ്പമുള്ള അജ്ഞാതജീവി ഇദ്ദേഹത്തിന്റെ ബോട്ടിന് പിന്നാലെ പാഞ്ഞെത്തുകയായിരുന്നു.
കടലിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായാണ് ബോട്ടിന് പിന്നാലെ തിരിച്ചറിയാനാവാത്ത ഏതോ ജീവി വരുന്നുണ്ടെന്ന് മീൻപിടുത്തക്കാരനു തോന്നിയത്. വലിയ മത്സ്യം ഏതെങ്കിലുമായിരിക്കുമെന്നുകരുതി നോക്കിയപ്പോൾ കണ്ടതാകട്ടെ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്ര ജീവിയെയും. തിളങ്ങുന്ന കണ്ണുകളും ഇരുണ്ട നിറത്തിലുള്ള വലിയ ഉടലുമാണ് ഈ ജീവിക്കുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ ഭയപ്പെടുന്ന രൂപം.
ആദ്യം ബോട്ടിൽ നിന്നും അല്പം അകലെയായിരുന്നു ജീവിയെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ അത് വെള്ളത്തിനു മുകളിലൂടെ കുതിച്ചു ബോട്ടിനുപിന്നിലെത്തി. ബോട്ടിനു നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ജീവിയെ കണ്ട മീൻപിടുത്തക്കാരൻ ശരിക്കും പരിഭ്രമിച്ചു .എന്നാൽ അസാധാരണമായ ഏതോ ജീവിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ ദൃശ്യങ്ങളും പകർത്തി. ബോട്ടിന് തൊട്ടുപിന്നാലെ മത്സരിച്ചു കുതിച്ചെത്തുന്ന ജീവിയെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഇടയ്ക്കുവച്ച് ബോട്ടിന് തൊട്ടരികിൽവരെ അജ്ഞാതജീവിയെത്തുന്നുണ്ട്. ദൃശ്യങ്ങൾ കാണുന്നവർക്കുവരെ ഏറെ ഭയം തോന്നിക്കുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലെത്തിയതോടെ ജനശ്രദ്ധ നേടുകയായിരുന്നു. വെള്ളത്തിനു മുകളിലൂടെ കുതിക്കുന്ന ജീവി ഒരു ഡോൾഫിൻ ആയിരിക്കുമെന്നായിരുന്നു പലരുടെയും ആദ്യപ്രതികരണം. എന്നാൽ അജ്ഞാത ജീവിക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നതിനാൽ ഒടുവിൽ അത് ഡോൾഫിനല്ലെന്ന് ഉറപ്പിക്കുകയായിരുന്നു.
അതേസമയം മത്സ്യത്തൊഴിലാളി കണ്ടത് നീർനായയെ ആയിരിക്കാമെന്ന നിഗമനത്തിലാണ് ഭൂരിഭാഗവും എത്തിച്ചേർന്നത്. നാല് മീറ്റർവരെ വലുപ്പം വയ്ക്കുന്ന ലെപഡ് സീൽ ഇനത്തിൽപെട്ട ഒന്നാവാം ഇതെന്നാണ് പ്രതികരണങ്ങൾ. രാത്രി സമയമായതിനാലാവാം അതിന്റെ കണ്ണുകൾ തിളങ്ങിയതെന്നും അഭിപ്രായമുണ്ട്. എന്തായാലും ഇതിനോടകം അരലക്ഷത്തിനലധികം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.
Criatura misteriosa perseguiu um barco ontem no Rio Grande do Sul.
Segue o fio para descobrir que monstro é esse nessa #BioThreadBr pic.twitter.com/chOfZ5d0VK— Pedrohenriquetunes (@PedroHTunes) January 27, 2022
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ മുറുകി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്‌മണിയുടെ മകള്‍ ദര്‍ശനയാണ് ദാരുണമായി മരിച്ചത്. പത്ത് വയസായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
അമ്മയ്ക്കും അയല്‍ക്കാരനും ഒപ്പം ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍വാസിയായ വി വിഘ്‌നേശിന്റെ ബൈക്കില്‍ അമ്മ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ആശുപത്രിയില്‍ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ ചക്രത്തില്‍ കുടുങ്ങി. അസുഖം ഉള്ളതിനാല്‍ കാറ്റു തട്ടാതിരിക്കാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ചുറ്റിയിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍ നിന്നും വേര്‍പെട്ട് മരണം സംഭവിക്കുകയായിരുന്നു.
ഐപിഎല്‍ മെഗാലേലത്തിനുള്ള അന്തിമ പട്ടികയില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും ഇടംപിടിച്ച താരങ്ങള്‍.
1 സച്ചിന്‍ ബേബി (20 ലക്ഷം)
2 മുഹമ്മദ് അസറുദീന്‍ (20 ലക്ഷം)
3 റോബിന്‍ ഉത്തപ്പ (2 കോടി)
4. കെഎം ആസിഫ് (20 ലക്ഷം)
5 ബേസില്‍ തമ്പി (30 ലക്ഷം)
6 വിഷ്ണു വിനോദ് (20 ലക്ഷം)
7 ജലജ സക്‌സേന (30 ലക്ഷം)
8 മിഥുന്‍ സുധീശന്‍ (20 ലക്ഷം)
9 രോഹന്‍ എസ് കുന്നുമ്മല്‍ (20 ലക്ഷം)
10 സിജോമോന്‍ ജോസഫ് (20 ലക്ഷം)
11 എംഡി നിധീഷ് (20 ലക്ഷം)
12 ഷോണ്‍ റോജര്‍ (20 ലക്ഷം)
13 ശ്രീശാന്ത് (50 ലക്ഷം)
താരങ്ങളുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചതിന്‍രെ സന്തോഷം അറിയിച്ച് മലയാളി പേസര്‍ എസ് ശ്രീശാന്ത്. കഴിഞ്ഞ വര്‍ഷവും ലേലത്തിനായി പേരു റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നെങ്കിലും പട്ടിക ചുരുക്കിയപ്പോള്‍ ശ്രീശാന്ത് പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ അത് സംഭവിച്ചില്ല.
‘എല്ലാവരോടും ഇഷ്ടം.. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒത്തിരി നന്ദി. നിങ്ങളോട് എക്കാലവും കൃതജ്ഞതയുള്ളവനായിരിക്കും. താരലേലത്തിലും എന്നെ നിങ്ങളുടെ പ്രാര്‍ഥനയില്‍ ഓര്‍ക്കുമല്ലോ. ഓം നമ ശിവായ..’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.
50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തിയതികളിലായി നടക്കും. ബംഗളൂരുവാണ് ലേലത്തിന് വേദിയാകുന്നത്.
ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.590 താരങ്ങളില്‍ 228 പേര്‍ ദേശീയ ടീം അംഗങ്ങളാണ്. 355 പേര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരങ്ങളാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് കളിക്കാരും പട്ടികയിലുണ്ട്.
ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.
നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. കേസില്‍ മാര്‍ച്ച ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
കേസില്‍ തുടര്‍ അന്വേഷണത്തിന് ആറുമാസം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് അന്വേഷണത്തിന് ആറ് മാസത്തെ സമയം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് തള്ളിക്കൊണ്ടായിരുന്നു് കോടതിയുടെ ഉത്തരവ്. അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
ദിലീപിന്റെ സുഹൃത്തായ സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ സലീഷിന്റെ കുടുംബാംഗങ്ങളുടെ മൊഴികയെടുക്കും. ശേഷം സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിനെ അണിയറപ്രവര്‍ത്തകരെയും അന്വേഷണസംഘം കാണും. സലീഷിന്‍രെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ കഴിഞ്ഞ ദിവസം അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മുൻപ് Air Suvidha പോർട്ടലിൽ യാത്രക്കാരുടെ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തണം. ഒപ്പം 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഈ വിവരങ്ങളെല്ലാം നൽകിയവർക്കു മാത്രമേ യാത്രാനുമതി നൽകൂ. എല്ലാവരും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം.
ബോർഡിങ് സമയത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം ശരീരോഷ്മാവ് പരിശോധിച്ച ശേഷം വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കും.
യാത്രയ്ക്കിടെ രോഗലക്ഷണങ്ങളുണ്ടായാൽ ഐസലേറ്റ് ചെയ്യും.
യാത്ര അവസാനിക്കുമ്പോഴും തെർമൽ സ്ക്രീനിങ് ഉണ്ടാകും. രോഗലക്ഷണങ്ങളുള്ളവരെ ഉടൻ ഐസലേറ്റ് ചെയ്തു വൈദ്യസഹായം ലഭ്യമാക്കും.
കോവിഡ് വ്യാപനം രൂക്ഷമായ (ഹൈ റിസ്ക്) രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇറങ്ങുന്ന വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം. ഫലം വരുന്നതു വരെ വിമാനത്താവളത്തിൽ കാത്തിരിക്കണം. നെഗറ്റീവ് ആയാൽ പുറത്തേക്കു പോകാം.
മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ മാത്രം പരിശോധിക്കും. ഇവരെ തിരഞ്ഞെടുക്കുക വിമാനക്കമ്പനിയാകും. മറ്റുള്ളവർക്കു പരിശോധന കൂടാതെ എയർപോർട്ട് വിടാം.
വന്നിറങ്ങുമ്പോൾ പരിശോധനാ ഫലം നെഗറ്റീവ് ആയവരും പരിശോധന ആവശ്യമില്ലാത്തവരും 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. 8–ാം ദിവസം ആർടിപിസിആർ പരിശോധന നടത്തി ഫലം Air Suvidha പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാമെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരണം.
8–ാം ദിവസത്തെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സാംപിൾ ജീനോമാറ്റിക് പരിശോധനയ്ക്ക് അയയ്ക്കും. ഇവർക്കു ചികിത്സ ഉറപ്പാക്കണം. അവരുമായി സമ്പർക്കത്തിലായവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
ഇന്ത്യയിൽ നിന്നു വിദേശത്തേക്കു പോകുന്ന യാത്രക്കാർ ആ രാജ്യങ്ങളുടെ കോവിഡ് പ്രോട്ടോക്കോൾ ആണ് പാലിക്കേണ്ടത്. ഇത് വ്യത്യസ്തമായിരിക്കും.
തൃശൂര്‍: തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എസ്.എഫ്.ഐ. പാനലില്‍ ആദ്യമായി ചെയര്‍മാനായി ചരിത്രം സൃഷ്‌ടിച്ച വൈദികന്‍ ഫാ. ജോസ് ചിറ്റിലപ്പിള്ളി (71) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. സംസ്‌കാരം ഇന്നുച്ചയ്‌ക്ക് 2.30 ന് മുണ്ടൂര്‍ കര്‍മലമാതാ പള്ളിയില്‍.
ബിരുദാനന്തര ബിരുദ പഠനകാലത്ത് (81-82) അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വിജയം നാടുമുഴുവന്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കത്തോലിക്കാസഭാ നേതൃത്വത്തിന് അമ്പരപ്പായി. എസ്.എഫ്.ഐ. പാനലില്‍നിന്ന് ഒരു വൈദികന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനായി തെരത്തെടുക്കപ്പെട്ടത് വലിയ ചര്‍ച്ചയായി. ചെയര്‍മാനായശേഷം പള്ളിച്ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരുന്നു.
മൃതദേഹം ഇന്നുരാവിലെ 6.30 മുതല്‍ ഒരു മണിക്കൂര്‍ സെന്റ് ജോസഫ് പ്രീസ്‌റ്റ് ഹോമില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന് മുണ്ടൂര്‍ പുറ്റേക്കരയിലെ സഹോദരന്റെ വസതിയിലും രാവിലെ 11.30 ന് മുണ്ടൂര്‍ പള്ളിയിലും എത്തിക്കും. മറ്റം ചിറ്റിലപ്പിള്ളി വീട്ടില്‍ പരേതരായ തോമസ് -കത്രീന ദമ്പതികളുടെ മകനാണ്.
ബൈബിളിനെ സാമൂഹിക പോരാട്ടങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിച്ചാണ് ഫാ. ജോസ് കമ്യൂണിസത്തിന്റെ അരികു ചേര്‍ന്നത്. അതിലൂടെ വിമോചനാശയങ്ങള്‍ പങ്കുവച്ചു. തലച്ചോറില്‍ അര്‍ബുദബാധിതനായതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നു. പിന്നീട് കത്തോലിക്കാ സഭയുമായി അനുരഞ്‌ജനത്തിലായി. സഭാശുശ്രൂഷകളിലടക്കം അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നു. അതിനിടെ വീണ്ടും രോഗബാധിതനായി. തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയോടു ചേര്‍ന്ന പ്രീസ്‌റ്റ് ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു.
കായംകുളം ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും 2 പെൺമക്കളും പൊള്ളലേറ്റു മരിച്ച നിലയിൽ. കിഴക്കേമുറി കല ഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ശശിധരൻ പിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശശികലയും മീനുവും മാനസിക വെല്ലുവിളിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വീടിന്റെ ജനലും മറ്റും കരിഞ്ഞിട്ടുണ്ട്.
വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ സുരേഷ് എത്താൻ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാർ വല കൊണ്ട് പാമ്പിനെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് കരിങ്കല്ലു കൂട്ടം വല കൊണ്ട് മൂടിയിട്ടു.
സുരേഷ് ഇന്നലെ എത്തിയെങ്കിലും അപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് നടുവേദന ഉള്ളതിനാൽ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. അവസാനത്തെ കല്ല് ഇളക്കിയതോടെ പാമ്പിനെ കണ്ടു. ഉടനെ സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് പാമ്പിനെ കയറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി.
സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രൈവർക്ക് ആശുപത്രിയിലേക്കുള്ള വഴി പരിചയമില്ലാത്തതിനാൽ ഇടയ്ക്ക് മറ്റൊരു കാറിലേക്കു സുരേഷിനെ കയറ്റി. യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നതായി പറഞ്ഞു. എന്നാൽ, ചിങ്ങവനത്ത് എത്തിയപ്പോൾ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛർദിച്ച് അവശ നിലയിലായി.
സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആൾ സംഭവസ്ഥലത്ത് തലകറങ്ങി വീണു. വീഴ്ചയിൽ തലയ്ക്ക് പരുക്കേറ്റയാളെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വാവ സുരേഷിന്റെ ചികിത്സ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു.
പ്രദേശവാസിയുടെ വാക്കുകൾ –
∙ ‘വാവ സുരേഷ് വന്നപ്പോഴേ പറഞ്ഞു: പാമ്പ് ഒന്നല്ല, രണ്ടെണ്ണം ഉണ്ട്. ഒന്നിനെ പിടിച്ച ശേഷം രണ്ടാമത്തേതിനെ നോക്കാമെന്നാണ് പറഞ്ഞത്. ആദ്യത്തേതിനെ ചാക്കിലാക്കിയപ്പോഴേക്കും കടിയേറ്റു.’
∙ ‘കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷം കുറിച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ പാമ്പുകൾ പെരുകി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടിക്കുന്നത്. പെരുമ്പാമ്പിനെയും മൂർഖൻ കുഞ്ഞുങ്ങളെയും ഇവിടെ നിന്നു പിടിച്ചിട്ടുണ്ട്. മീൻ പിടിക്കാൻ വല ഇടുമ്പോൾ മിക്കപ്പോഴും പാമ്പ് കുടുങ്ങും.’
മുന്‍ മിസ് യുഎസ്(US) കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു മന്‍ഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ചെസ്‌ലി ക്രിസ്റ്റ്(30) മരിച്ചത്. ആത്മഹത്യയണെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ഒന്‍പതാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
അഭിഭാഷകയും ഫാഷന്‍ വ്‌ളോഗറും എക്ട്രാ ടിവി കറസ്‌പോണ്ടന്റുമായ ചെസ്‌ലി 2019ലാണ് യുഎസ് സൗന്ദര്യറാണിപട്ടം ചൂടിയത്. മരിക്കുന്നതിന് മുന്‍പായി ‘ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്‍കട്ടെ’ എന്ന് ചെസ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ശിക്ഷാകലാവധി കുറയ്ക്കാന്‍ വേണ്ട നിയമസഹായം ചെസ്‌ലി നല്‍കിയിരുന്നു. സൗത്ത് കരോലൈന സര്‍വകലാശാല, വേക്ക് ഫോറസ്റ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി മൂന്നു ബിരുദംനേടി.
അടച്ചുറപ്പുള്ള സുരക്ഷിത ഭവനമാണ് എല്ലാവരുടെയും സ്വപ്‌നം. ടാര്‍പോളിന്‍ ഷീറ്റ് വലിച്ചു കെട്ടിയ വീട്ടില്‍ നിന്നും ഷോക്കേറ്റ് മരിച്ച അജ്ന ജോസെന്ന പതിനൊന്ന് വയസ്സുകാരി കോവിഡ് കാലത്തെ തീരാ നൊമ്പരമായിരുന്നു.
ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അജ്ന ജോസ് മരിച്ചത്. ഓയൂര്‍ വാളിയോട് മറവന്‍കോട് മിച്ചഭൂമി കോളനിയില്‍ അജോ ഭവനില്‍ ജോസ് അനിത ദമ്പതികളുടെ മകളാണ്.
അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നത്തിലേക്ക് എത്താന്‍ കൊതിച്ച കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തി ഭവനം എന്ന പദ്ധതി ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്.
അജ്‌ന ജോസിന്റെ കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ‘ശാന്തിഭവനം’ പദ്ധതിയുടെ ഭാഗമായി ആദ്യമായൊരുക്കിയ വീട് അജ്‌നയുടെ കുടുംബത്തിന് കൈമാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷം അറിയിച്ചത്.
അജ്നയെ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ഓര്‍ക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സമൂഹത്തിലെ നിര്‍ദ്ധനരായവര്‍ക്ക് ഗുണമേന്മയുള്ള വീട് നല്‍കാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ഇത് സാധ്യമാക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചതിന് ‘ലാല്‍ കെയേഴ്സ് കുവൈറ്റി’ന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ, ആവശ്യക്കാരായ കൂടുതല്‍ പേരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും നടന്‍ പറഞ്ഞു.
2015ലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ആളുകള്‍ക്ക് സഹായ ഹസ്തവുമായി മോഹന്‍ലാലും സംഘടനയും രംഗത്തെത്തിയിരുന്നു.