തന്റെ സമ്മതമില്ലാതെ ഡി.ജി.പി സുപ്രിം കോടതി ഉത്തരവ് നടപ്പിലാക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തിനെതിരെ താൻ നടപടിക്ക് ഉത്തരവിറക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയിലെ ഏഴ് ജഡിജിമാരുടെ മാനസിക നില പരിശോധിക്കാൻ ജസ്റ്റിസ് കർണൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജഡ്ജിമാരെ എയിംസ് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനായിരുന്നു ഡൽഹി ഡിജിപിയോട് ജസ്റ്റിസ് കർണൻ നിർദേശിച്ചത്.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ തലവനായ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കർണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ ഉത്തരവിട്ടത്. കൊൽക്കത്തയിലെ സർക്കാർ ഡോക്ടർമാരുടെ സംഘം ജസ്റ്റിസ് കർണനെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണയിരുന്നു ഉത്തരവ്. മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുകൾ നടപ്പിലാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കർണൻ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ നടപടികൾ നേരിടുകയാണ്. സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിയെ തുടർന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു സുപീംകോടതി ജഡ്ജിമാർക്ക് വിദേശയാത്രക്ക് വിലക്കേർപ്പെടുത്തി ജസ്റ്റിസ് കർണൻ ഉത്തരവിട്ടിരുന്നു.

പിന്നീട് മറ്റൊരു ഉത്തരവിൽ ഇവർക്ക് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്താനും ജസ്റ്റിസ് കർണർ ഉത്തരവിട്ടിരുന്നു. തന്റെ വസതിയിൽ നിന്നുതന്നെയാണ് കർണൻ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നത്. മെയ് ഒന്നിന് മുമ്പ് സുപ്രീംകോടതി ജഡ്ജിമാർ തന്റെ വസതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് കർണന്റെ ഉത്തരവുണ്ടായിരുന്നു. അതേസമയം നവമാധ്യമങ്ങളിലടക്കം ജസ്റ്റിസ് കർണനെ അനുകൂലിച്ച് നിയമ രംഗത്തുള്ളവരടക്കം നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

ജസ്റ്റിസ് കർണന്റെ സമ്മതമില്ലാതെ വൈദ്യപരിശോധന നടത്താൻ സാധിക്കില്ലെന്ന് 2017ലെ മെന്റൽ ഹെൽത്ത് കെയർ ആക്ടിൽ വ്യക്തമാക്കുന്നതായി മുതിർന്ന സുപ്രിം കോടതി അഭിഭാഷക ഇന്ദിര ജയ്സിങ് ട്വീറ്റ് ചെയ്തു. ശാരീരികമോ മാനസികമോ ആയ പരിമിതി ചൂണ്ടിക്കാട്ടി ഒരു ജഡ്ജിയെ സസ്പെൻഡ് ചെയ്യാൻ സുപ്രീ കോടതിക്ക് അധികാരമില്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു.