law

ഇന്ത്യന്‍ ടേക്ക് എവേ റെസ്റ്ററന്റില്‍നിന്നും ആഹാരം കഴിച്ച പെണ്‍കുട്ടി അലര്‍ജിയെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ റെസ്റ്ററന്റ് ഉടമകള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. 2016 ഡിസംബറിലാണ് സംഭവം. ലങ്കാഷയറിലെ ഓസ്വാല്‍ഡ്‌വിസ്ലെയിലെ റോയല്‍ സ്‌പൈസ് എന്ന ഇന്ത്യന്‍ റെസ്റ്ററന്റില്‍നിന്ന് ഭക്ഷണം കഴിച്ച മേഗന്‍ ലീയെന്ന 15-കാരിയാണ് മരിച്ചത്. ഡിസംബര്‍ 31-ന് ഭക്ഷണം കഴിച്ച പെണ്‍കുട്ടി രണ്ടുദിവസത്തിനുശേഷം ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

റെസ്റ്ററന്റ് ഉടമ മുഹമ്മദ് അബ്ദുല്‍ കുഡ്ഡൂസ്, ബിസിനസ് പാര്‍ട്ണര്‍ ഹരൂണ്‍ റഷീദ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ചുള്ള ഭക്ഷ്യസുരക്ഷയും മറ്റു പാലിച്ചില്ലെന്നാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. മേഗന്‍ ലീയുടെ മരണം കഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം റോയല്‍ സ്‌പൈസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഹോട്ടല്‍ നടത്തിപ്പിലെ പോരായ്മകളാണ് അന്നതിന് കാരണമായത്.

കശുവണ്ടിപ്പരിപ്പ് കഴിച്ചതുമൂലമുണ്ടായ അലര്‍ജിയും തുടര്‍ന്നുണ്ടായ കടുത്ത ആസ്മയുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മേഗന്‍ സ്‌പൈസിന്റെ മരണത്തിന് തൊട്ടുപിന്നാലെ ഹിന്‍ഡ്‌ബോണ്‍ ബോറോ കൗണ്‍സില്‍ ഹോട്ടലിന് നോട്ടീസ് നല്‍കി. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും വീഴ്ചവരുത്തിയതായും കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെ ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തു.

ആദമിന്റെയും ഗെമ്മയുടെയും മകളായ മേഗന്‍, ഏവര്‍ക്കും പ്രിയപ്പെട്ട പെണ്‍കുട്ടിയായിരുന്നു. എല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമായിരുന്നു മേഗനെന്ന് സുഹൃത്തുക്കളും സഹപാഠികളും അനുസ്മരിക്കുന്നു. എല്ലാവരുടെയും സ്‌നേഹം എളുപ്പം പിടിച്ചെടുക്കുന്ന പുഞ്ചിരിക്കുടമയായിരുന്നു മേഗനെന്ന് മാതാപിതാക്കള്‍ പുറത്തിറക്കിയ അനുസ്മരണക്കുറിപ്പില്‍ പറയുന്നു.

എന്‍എംസി കോഡില്‍ പറയുന്നത് ബ്രിട്ടനില്‍ ജോലി ചെയ്യുന്ന നഴ്സുമാരും മിഡ്വൈഫും തൊഴില്‍ മേഖലയില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനകളും ചട്ടങ്ങളുമാണ്. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുന്ന ഒരു നഴ്സ് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരു രോഗിയേയോ ഒരു കൂട്ടം രോഗികളേയോ പരിചരിക്കുമ്പോഴോ, ഒരു കമ്മ്യൂണിറ്റിയിലോ ഒരു നഴ്സ് ആയോ മിഡ്വൈഫ് ആയോ നഴ്സിംഗ് മാനേജര്‍ ആയോ തൊഴില്‍ എടുക്കുമ്പോള്‍ എന്‍എംസി കോഡ് ഇവര്‍ക്ക് ബാധകമാണ്. എന്‍എംസിയുടെ കോഡ് ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ നേഴ്സിന്റെ വിവേചനാധികാരത്തിലോ അവശ്യ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ക്കോ വിധേയമാക്കാവുന്നതല്ല.

കോഡില്‍ കൃത്യമായി പറയുന്ന മാനദണ്ഡങ്ങള്‍ രോഗികളും പൊതുജനവും ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റരീതിയാണ്. ഒരു നേഴ്സ് എന്‍എംസിയില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതിജ്ഞ അര്‍പ്പിക്കുന്നത് കോഡ് ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ തന്റെ പ്രവര്‍ത്തി മേഖലയില്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന് യാതൊരുവിധ ദോഷവും വരാനുള്ള അവസരവും ഉണ്ടാക്കില്ല എന്നതാണ്. എന്‍എംസി കോഡ് വിശദമായി അറിഞ്ഞിരിക്കേണ്ടത് ഈ രംഗത്ത് തൊഴിലെടുക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്‍എച്ച്എസ് മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സ്റ്റാഫ് ഷോര്‍ട്ടും സാമ്പത്തിക അസ്ഥിരതയും രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റിന്റെ നീളം കൂട്ടുന്നതും ഉള്ളവരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നതുമാണ്. ബ്രിട്ടനിലെ നമ്മുടെ കുടിയേറ്റ നഴ്‌സിംഗ് മലയാളികളുടെ അവകാശ സംരക്ഷണത്തിന് എന്‍എംസി കോഡ് കൃത്യമായി മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. എന്‍എംസി കോഡ് മലയാളികള്‍ക്കായി അണ്‍ലോക്ക് ചെയ്യേണ്ട അനിവാര്യത മനസ്സിലാക്കി അണ്‍ലോക്കിങ്ങ് ദി എന്‍എംസി കോഡ് എന്ന കോളം മലയാളം യുകെയില്‍ ആരംഭിക്കുന്നു.

ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം ലീഗല്‍ പ്രാക്ടീസ് കോഴ്സ് കംപ്ലീറ്റ്‌ ചെയ്ത ശേഷം ക്രിമിനല്‍ ലോയിലും എന്‍എംസി ഉള്‍പ്പെടെയുള്ള എംപ്ലോയ്മെന്റ് ലോയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന ശ്രീ. ബൈജു വര്‍ക്കി തിട്ടാലയാണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്.

നഴ്‌സിംഗ് മേഖലയില്‍ മിസ് കോണ്‍ഡക്ട് എന്നതിനെ വിവരിച്ചിരിക്കുന്നത് ഒരു നഴ്‌സില്‍ നിന്നും എന്‍എംസി കോഡിലെ നിബന്ധനകളില്‍ പറയുന്ന സ്റ്റാന്‍ഡേര്‍ഡിനെക്കാള്‍ കുറഞ്ഞ പ്രവര്‍ത്തനങ്ങളെയാണ്. തൊഴില്‍ മേഖലയ്ക്ക് പുറത്തുള്ള മിസ്‌കോണ്‍ഡക്റ്റ് ഒരു പക്ഷേ എന്‍എംസി പരിഗണിച്ചേക്കാം. പക്ഷെ ഇത്തരത്തില്‍ പരിഗണിക്കുന്നത് രോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതോ, അല്ലെങ്കില്‍ പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവൃത്തികള്‍ ആണെങ്കില്‍ മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ.

2000ത്തിലെ വളരെ നിര്‍ണായകമായ ഒരു വിധിയില്‍ പ്രസ്താവിച്ചത് ”Misconduct is a word or general effect, involving some act or omission which falls short of what would be proper in the circumstances” മേല്‍പറഞ്ഞ സാഹചര്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനത്തില്‍ മിസ്‌കോണ്‍ഡക്റ്റ് നിര്‍ണയിക്കണമെന്നാണ് കോടതിയുടെ മാര്‍ഗരേഖ. എന്നിരുന്നാലും കോഡ് ഓഫ് കോണ്‍ഡക്ടിന്റെ എല്ലാത്തരം ലംഘനവും വീഴ്ചകളും Misconduct ആയി കണക്കാക്കാനാവില്ല. ഇത്തരത്തിലുള്ള വീഴ്ചകള്‍ ഗുരുതരമോ അല്ലെങ്കില്‍ ഗുരുതരമാകാന്‍ പര്യാപ്തമാകുകയും ഒരു നഴ്‌സിന്റെ ഫിറ്റ്‌നെസ് പ്രാക്ടീസില്‍ കണ്‍സേണ്‍ ഉണ്ടാക്കുന്ന രീതിയില്‍ കോഡ് ഓഫ് കോണ്‍ഡക്ടില്‍ വ്യക്തമാക്കിയിരിക്കണം. അതായത് ഒരു നഴ്‌സിന്റെ പ്രവൃത്തി മിസ് കോണ്‍ഡക്ട് ആക്കത്തക്ക രീതിയില്‍ Code of Conduct ല്‍ ആവശ്യപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് നഴ്‌സിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നു കണ്ടാല്‍ തീര്‍ച്ചയായും ഇത്തരം സാഹചര്യം നഴ്‌സിന്റെ ഫിറ്റ്‌നെസ് ടു പ്രാക്ടീസിനെ ബാധിക്കാം. ഇത്തരത്തില്‍ ഉണ്ടാകുന്ന മിസ് കോണ്‍ഡക്ടുകള്‍ ചിലപ്പോള്‍ ഏതാണ്ട് എല്ലാ സാഹചര്യങ്ങളിലും Fitness practice impaired ആവാനാണ് സാധ്യത. 2008ല്‍ വന്ന വിധി പ്രകാരം മിസ് കോണ്‍ഡക്ടുകള്‍ മൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ സാധ്യമാണോ എന്ന് ആദ്യം തന്നെ അന്വേഷിക്കേണ്ടതും ഇത്തരത്തില്‍ പരിഹാരമുണ്ടാക്കാമെങ്കില്‍ അത്തരത്തിലുള്ള പരിഹാരം കുറ്റാരോപിതനായ നഴ്‌സില്‍ നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്തിരുന്നോ എന്ന് നിരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നു.

2011ലെ മറ്റൊരു വിധിയില്‍ എന്‍എംസി കൊടുത്ത ഹൈക്കോര്‍ട്ട് അപ്പീലില്‍ കോടതി കണ്ടെത്തിയത്, ഒരു നഴ്‌സിന്റെ ഫിറ്റ്‌നെസ് ടു പ്രാക്ടീസ് ഇംപയേര്‍ഡ് ആയി എന്ന് കണ്ടെത്തണമെങ്കില്‍ പ്രധാനമായ ഒരു വസ്തുത പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ പൊതുജനത്തിനുള്ള വിശ്വാസത്തിന് കോട്ടം വരണം. മാത്രമല്ല പ്രവൃത്തിയുടെ ആഴം ഇത്തരത്തിലുള്ള പ്രവര്‍ത്തി വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യത, രോഗിയുടെ റിസ്‌ക് ഫാക്ടര്‍, പ്രൊഫഷന് അവമതിയുണ്ടാക്കുകയോ സത്യസന്ധമായാണോ കാര്യങ്ങള്‍ അവതരിപ്പിച്ചത്, ഏതെങ്കിലും കാരണത്താല്‍ സത്യസന്ധമല്ലാത്ത കാരണങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ടോ എന്നിവയൊക്കെ പരിഗണിച്ചായിരിക്കണം Fitness to Practice impaired ആയോ എന്ന് തീരുമാനിക്കേണ്ടത് എന്നാണ് കോടതി വിധിച്ചത്.

എന്‍എംസി എടുക്കുന്ന ശിക്ഷാനടപടികള്‍ നഴ്‌സിന്റെ Code of Conduct ന്റെ ലംഘനത്തെ അടിസ്ഥാനമാക്കിയിരിക്കണം. മാത്രമല്ല ശിക്ഷാനടപടികള്‍ അനുപാതികം ആയിരിക്കണം എന്ന് വളരെ കൃത്യമായി നിഷ്‌കര്‍ഷിക്കണം. ഇത്തരത്തിലുള്ള ശിക്ഷണ നടപടികള്‍ എടുക്കുമ്പോള്‍ നഴ്‌സിന്റെ മൗലിക അവകാശങ്ങളായ ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനും ഇയാളുടെ സ്വകാര്യ, കുടുംബ ജീവിതം സംരക്ഷിക്കപ്പെടേണ്ടത് ഹനിക്കാന്‍ പാടില്ല എന്നും യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 8ലൂടെയാണെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് 2009ലെ നിര്‍ണായക വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ശിക്ഷാനടപടി പൊതുജനത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതും അതോടൊപ്പം നഴ്‌സിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടതുമാണ്.

ബൈജു വര്‍ക്കി, തിട്ടാല

പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്താല്‍, അന്വേഷണത്തിന്റെ ഭാഗമായ ഇയാളെ ചോദ്യം ചെയ്തിരിക്കണം. ചോദ്യം ചെയ്യലിന്റെ ആദ്യം തന്നെ ഇയാള്‍ക്ക് നിയമോപദേശം ആവശ്യമാണെങ്കില്‍ അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോലീസ് നിയമപരമായി ബാധ്യസ്ഥരാണ്. ഇത്തരത്തില്‍ പോലീസ് ഒരാളെ ചോദ്യം ചെയ്യുമ്പോള്‍ ഇയാളോടൊപ്പം ഒരു ലോയര്‍ കൂട്ടത്തില്‍ ഇരിക്കുവാനും നിയമപരമായ കാര്യങ്ങളില്‍ സഹായിക്കാനുമുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന ആളിനുണ്ട്. മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും മനസിലാക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ഒരാളെ, പരീക്ഷകനെ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്തം പോലീസിനുണ്ട്.

ബ്രിട്ടീഷ് നിയമവ്യവസ്ഥ കുറ്റകൃത്യം ചെയ്തു എന്ന സംശയത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ നിയമസഹായവും തന്റെ ഭാഷയില്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കി നല്‍കുന്നതാണ്. മാത്രമല്ല ഇത്തരത്തില്‍ നല്‍കുന്ന സഹായത്തിന്റെ ചെലവ് വഹിക്കുന്നതും ഗവണ്‍മെന്റാണ്. യാതൊരു മാനദണ്ഡങ്ങളും കൂടാതെ ഒരാള്‍ക്ക് കിട്ടുന്ന അവകാശമാണിത്.

ഒരാള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് നിയമസഹായം ആവശ്യപ്പെട്ടാല്‍, നിയമസഹായം ലഭിക്കാതെ ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കാന്‍ പോലീസിന് അധികാരമില്ല. എന്നിരുന്നാലും ചില പ്രത്യേക തരം കുറ്റങ്ങള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ ഇത്തരം അവകാശങ്ങള്‍ നിഷേധിക്കണമെങ്കില്‍ പോലീസ് പല കടമ്പകള്‍ കടക്കണം.

ഒരാള്‍ ചോദ്യം ചെയ്യുമ്പോഴേ, അതിനു മുമ്പേ നിയമസഹായം ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ലോയറെ കണ്ടുപിടിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരിക്കണം. ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇഷ്ടമുള്ള ലോയറെ തന്നെ ആവശ്യപ്പെട്ടാല്‍ അയാളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. മാത്രമല്ല ലോയര്‍ക്ക് സ്റ്റേഷനില്‍ എത്താനുള്ള സമയവും അനുവദിക്കണം. ചില സാഹചര്യങ്ങളില്‍ ലോയര്‍ എത്താന്‍ താമസിക്കുകയോ അല്ലെങ്കില്‍ എത്താന്‍ പറ്റാതെ വന്നാല്‍ ചോദ്യം ചെയ്യപ്പെടുന്ന ആളുമായി സംസാരിച്ച് പകരം സംവിധാനങ്ങള്‍ നല്‍കാന്‍ പോലീസ് ബാധ്യസ്ഥമാണ്

 

ലണ്ടൻ∙ മുൻകൂട്ടി വിസമ്മതം അറിയിക്കാത്തവരുടെ പ്രവർത്തനക്ഷമമായ അവയവങ്ങൾ മരണശേഷം ആവശ്യക്കാർക്ക് നൽകുന്ന പുതിയ നിയമനിർമാണത്തിന് ബ്രിട്ടൻ തയാറെടുക്കുന്നു. അവയവദാനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഉതകുന്നതാകും പുതിയ നിയമനിർമാണം. കഴിഞ്ഞദിവസം മാഞ്ചസ്റ്ററിൽ സമാപിച്ച ഭരണകക്ഷിയായ ടോറി പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി തെരേസ മേയാണ് ആരോഗ്യരംഗത്ത് സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ നിയമനിർമാണത്തെക്കുറിച്ച് വിശദീകരിച്ചത്.

ഇതനുസരിച്ച് ഒരാൾ മരിച്ചാൽ പിന്നീടും പ്രവർത്തനക്ഷമമായ എല്ലാ അവയവങ്ങളും സർക്കാർ എടുക്കും. ഇതിന് സമ്മതമല്ലാത്തവർ അക്കാര്യം മുൻകൂട്ടി നാഷണൽ ഹെൽത്ത് സർവീസിനെ (എൻഎച്ച്എസ്) അറിയിച്ചിരിക്കണം. ‘ഓപ്റ്റ് ഔട്ട് ഓർഗൺ ഡോണർ സിസ്റ്റം’ എന്നാണ് പുതിയ സമ്പ്രദായം അറിയപ്പെടുക. ഇതനുസരിച്ച് ഒരാൾ മരിക്കുമ്പോൾ അയാൾ സ്വമേധയാ അവയവ ദാദാവായി മാറുന്നു. അങ്ങനെയാകാൻ താൽപര്യമില്ലാത്തവർ അക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരിക്കണം.

ആവശ്യത്തിന് അവയവം ലഭിക്കാത്തതിനാൽ മറ്റുള്ളവരുടെ ദയവുകാത്ത് ആയിരക്കണക്കിന് ആളുകളാണ് ബ്രിട്ടനിൽ ട്രാൻസ്പ്ലാന്റ് ലിസ്റ്റിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ പുതിയ നിയമനിർമാണത്തിലൂടെ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടിൽ ഇപ്പോളുള്ള നിയമമനുസരിച്ച് ഓരോ വ്യക്തിയുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ മരണാനന്തരം അവയവങ്ങൾ എടുക്കാൻ സാധിക്കൂ. ഇതാണ് ‘ഓപ്റ്റ് ഔട്ട്’ സിസ്റ്റത്തിലൂടെ ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നത്.വെയിൽസിൽ സമാനമായ നിയമം ഇപ്പോൾ നിലവിലുണ്ട്. 2015 ഡിസംബറിൽ വെയിൽസിലെ പ്രാദേശിക സർക്കാർപാസാക്കിയ നിയമമനുസരിച്ച് 18 വസയിനുമേൽ പ്രായമുള്ളവർ മരണപ്പെട്ടാൽ അവരുടെ അവയവങ്ങൾ ആരുടെയും അനുമതിക്ക് കാത്തുനിൽക്കാതെ ഡോക്ടർമാർക്ക് നീക്കംചെയ്ത് ആവശ്യക്കാർക്ക് ട്രാൻസ്പ്ലാന്റ് ചെയ്യാം. സ്കോട്ട്ലൻഡിലും ഇംഗ്ലണ്ടിലും സമ്മതമില്ലാതെ അവയവങ്ങൾ നീക്കം ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ പുതിയ നിയമനിർമാണം ആലോചിക്കുന്നത്.

ലണ്ടന്‍: 10 പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ നാളെ മുതല്‍ ലഭിക്കും. 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലിസ്റ്റ് ജെയ്ന്‍ ഓസ്റ്റണിന്റെ ചിത്രമുള്ള നോട്ടാണ് പുറത്തിറങ്ങുന്നത്. നിലവിലുള്ള ചാള്‍സ് ഡാര്‍വിന്റെ ചിത്രം പതിച്ച കോട്ടന്‍-പേപ്പര്‍ നോട്ടുകള്‍ അടുത്ത വര്‍ഷം സ്പ്രിംഗ് മുതല്‍ മൂല്യമില്ലാത്തവയാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. എന്നാല്‍ ഇതി പിന്‍വലിക്കുന്നതിന് കൃത്യമായ തിയതി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടില്ല. 5 പൗണ്ടിന്റെ പ്ലാസ്റ്റിക്ക് നോട്ട് പുറത്തിറക്കി ഒരു വര്‍ഷം തികയുമ്പോളാണ് 10 പൗണ്ടിന്റെയും നോട്ട് പ്രത്യക്ഷപ്പെടുന്നത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രമാണ് 5 പൗണ്ട് നോട്ടിലുള്ളത്.

കഴിഞ്ഞ മെയ് 5ന് പേപ്പറിലുള്ള 5 പൗണ്ട് നോട്ടുകള്‍ മൂല്യമില്ലാത്തവയായി. എങ്കിലും 127 മില്യന്‍ പൗണ്ട് മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ബാങ്ക് അറിയിച്ചു. അടുത്തുള്ള ബാങ്ക് ബ്രാഞ്ചുകളില്‍ ഇവ മാറ്റി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. മൃഗക്കൊഴുപ്പിന്റെ അംശമുണ്ടെന്നതിനാല്‍ 5 പൗണ്ട് പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ വിവാദത്തിലായിരുന്നു. 10 പൗണ്ടിന്റെ നിര്‍മാണത്തിലും മൃഗക്കൊഴുപ്പിന്റെ അംശങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഈ ശ്രേണിയിലെ ആദ്യ നോട്ടായ സീരിയല്‍ നമ്പര്‍ AA01 000001 എലിസബത്ത് രാജ്ഞിക്ക് നല്‍കിക്കൊണ്ടായിരിക്കും ഔദ്യോഗികമായി പുറത്തിറക്കുക. രണ്ടാമത്തെ നമ്പറിലുള്ളത് ഫിലിപ്പ് രാജകുമാരനും മൂന്നാമത്തേത് പ്രധാനമന്ത്രി തെരേസ മേയ്ക്കും നല്‍കും. ക്യാഷ് മെഷീനുകളില്‍ നിറയ്ക്കാന്‍ അല്‍പം താമസം നേരിടുമെന്നതിനാല്‍ ജനങ്ങള്‍ക്ക് ഇത് ലഭിക്കാന്‍ കുറച്ച് കാത്തിരിക്കേണ്ടി വരും. കുറച്ച് എടിഎമ്മുകളില്‍ ഇവ ലഭ്യമാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. സ്വകാര്യതയെ ലംഘിക്കുന്ന നിയമനിര്‍മാണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. 9 അംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ആധാര്‍ പദ്ധതിയെ വരെ സ്വാധീനിക്കുന്ന വിധിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. മൂന്നംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ വന്ന ഹര്‍ജി അഞ്ചംഗ ബെഞ്ചിന് വിട്ടു. ആധാര്‍ സ്വകാര്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതല്ലേ എന്ന ചോദ്യമുന്നയിച്ചാണ് ഇത് 9 അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഈ വിധിയോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954ലും 1962ലും ഉണ്ടായ സുപ്രീം കോടതി വിധികളാണ് അസാധുവായത്.

ഭരണഘടനയില്‍ വ്യക്തമായി സൂചനയില്ലാത്തതിനാല്‍ സ്വകാര്യതയില്‍ നിയന്ത്രണങ്ങളാകാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ മറ്റു മൗലികാവകാശങ്ങളെപ്പോലെ സമ്പൂര്‍ണ്ണ അവകാശമല്ലെങ്കിലും സ്വകാര്യത മൗലികാവകാശം അല്ലാതാകുന്നില്ലെന്നായിരുന്നു കേരളം കോടതിയില്‍ സ്വീകരിച്ച നിലപാട്.

ലണ്ടന്‍: ഇമിഗ്രേഷന്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ യുകെയില്‍ കസ്റ്റഡിയിലാകുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇവയില്‍ മൂന്നിരട്ടി വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ യുകെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ 3699 യൂറോപ്യന്‍ പൗരന്‍മാരെ എത്തിച്ചുവെന്നാണ് ഹോംഓഫീസിന്റെ കണക്ക്. 2015നെ അപേക്ഷിച്ച് 1000 പേരെ അധികമായി കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വ്യക്തമാകുന്നത്.

ഈ വര്‍ഷം ഈ സംഖ്യ ഉയരാനാണ് സാധ്യത. വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസത്തെ കണക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകളേക്കാള്‍ 19 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2010ല്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സമയത്തേക്കാള്‍ ആറിരട്ടി വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ബ്രാന്‍ഡണ്‍ ലൂയിസ് ആണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

യുകെ പൗരന്‍മാരല്ലാത്ത എല്ലാവരും ബന്ദികളാക്കപ്പെട്ടുവെന്ന തോന്നലുളവാക്കാനാണ് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റ് ഹോം അഫയേഴ്‌സ് വക്താവ് എഡ് ഡേവി പറഞ്ഞു. രാജ്യത്തെക്കുറിച്ച് മോശം പ്രതിച്ഛായ അന്താരാഷ്ട്ര തലത്തിലുണ്ടാക്കാന്‍ മാത്രമേ ഇത്തരം നയങ്ങള്‍ ഉപകരിക്കൂ എന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഇത് തിരിച്ചടിയുണ്ടാകുമെന്നും ഡേവി വ്യക്തമാക്കി.

ലണ്ടന്‍: ജോലി സ്ഥലങ്ങളില്‍ ഹൈഹീലുകള്‍ നിര്‍ബന്ധമാക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഗവേഷകരാണ് ഇക്കാര്യം ഉന്നയിക്കുന്നത്. ഹൈഹീല്‍ ഷൂസുകളുടെ അപകടങ്ങളേക്കുറിച്ച് പഠനം നടത്തിയ അബര്‍ദീന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇത്തരം ഷൂസുകള്‍ സ്ത്രീയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുമെങ്കിലും പേശികള്‍ക്കും അസ്ഥികള്‍ക്കും ദോഷകരമാണ്. പരിക്കുകള്‍ക്കുള്ള സാധ്യതയും ഇവ വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

ഹൈഹീല്‍ഡ് ചെരുപ്പുകള്‍ നിര്‍ബന്ധിതമാക്കുന്നത് നിരോധിക്കണമെന്ന നിര്‍ദേശം ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ഹൈഹീല്‍ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോള തോര്‍പ്പ് എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിരോധനത്തിന് ആവശ്യമുയര്‍ന്നത്. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണെന്നായിരുന്നു മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയത്.

ഫ്‌ളാറ്റ് ഷൂസുകള്‍ ധരിച്ചെത്തിയ തോര്‍പ്പിനോട് 4 ഇഞ്ച് വരെ ഉയരമുള്ള ഹീലുകള്‍ ഉപയോഗിക്കണമെന്നാണ് മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ നല്‍കിയ ഓണ്‍ലൈന്‍ പരാതിയില്‍ ഒന്നര ലക്ഷത്തിലേറെപ്പേര്‍ പിന്തുണ അറിയിച്ചു. ഹൈഹീലുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് കൊളംബിയന നിയമ നിര്‍മാണം നടത്തിയതിനോട് ബ്രിട്ടന്‍ പ്രതികരിച്ച രീതിയെയും ഗവേഷകര്‍ വിമര്‍ശിച്ചു.

ലണ്ടന്‍: ബ്രെന്‍ഡ് ഹെയില്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് മൂന്ന് ജഡ്ജിമാരുടെയും നിയമനം ഇതിനൊപ്പം ഉണ്ടാകും. അതില്‍ ഒരാളും വനിതയാണ്. 2009ലാണ് ലേഡി ഹെയില്‍ സുപ്രീം കോടതിയില്‍ എത്തിയത്. ഈ നിയമനങ്ങളോടെ സുപ്രീം കോടതിയിലെ 12 ജഡ്ജിമാരില്‍ 2 പേര്‍ വനിതകളാകും.

സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിമാരില്ലാത്തത് കാര്യമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ജുഡീഷ്യറിയില്‍ പുരുഷ മേധവിത്വം മാത്രമല്ല വെളുത്ത വര്‍ഗ്ഗക്കാരുടെ മേധാവിത്വവും വിമര്‍ശന വിധേയമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഹെയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 2015ല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിക്കെതിരെ ഫാമിലി ലോ വിദഗ്ദ്ധ കൂടിയായ ഇവര്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

വിരമിക്കല്‍ പ്രായം 75 ആയ ജഡ്ജുമാരില്‍ ഏറ്റവും അവസാനത്തെ തലമുറയുടെ പ്രതിനിധി കൂടിയാണ് ലേഡി ഹെയില്‍. 1995ല്‍ വിരമിക്കല്‍ പ്രായം 70 ആക്കി നിജപ്പെടുത്തിയിരുന്നു. യോര്‍ക്ക്ഷയറില്‍ 194ല്‍ ജനിച്ച ഇവര്‍ കേംബ്രിഡ്ജില്‍ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. 1989ല്‍ ക്വീന്‍സ് കൗണ്‍സല്‍ ആയി നിയമിതയായ ഇവര്‍ 1994ലാണ് ഹൈക്കോടതിയില്‍ ജഡ്ജിയായത്.

RECENT POSTS
Copyright © . All rights reserved