രാജു കാഞ്ഞിരങ്ങാട്
മേടം വന്നു കരേറുന്നു
മാനം പൊന്നിൻ കുടമായി
കൊന്നമരത്തിൽ ചില്ലകൾ
തോറും
കനകക്കിങ്ങിണി പൂക്കുലകൾ
തേൻ വണ്ടുകളുടെ വരവായി
വരിവരിയായ് പൂമ്പാറ്റകളും
ഉണ്ണിക്കുട്ടനു സന്തോഷം
കുഞ്ഞി കൈയ്യിൽ കൈ നേട്ടം
മധുര പുഞ്ചിരി തൂകും മാമ്പഴം
ഉണ്ണിക്കുട്ടനു സമ്മാനം
സദ്യകൾ വട്ടം അമ്പമ്പോ…
സംഗീതങ്ങൾ ഹാ…ഹാ…ഹ
കണി കണ്ടുണരാൻ കൊതിയായി
പൂത്തിരിപ്പൂക്കൾ വരവായി
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ജേക്കബ് പ്ലാക്കൻ
കുരുത്തോല …തളിരോല …
ഒരിളംപച്ച വെളുത്തോല…നാമ്പോല..യത്
വിരിയാത്തൊരു തെങ്ങോല …!
ഒലീവ്മര ചില്ലോല ..ഇത്
ഓശാനപ്പെരുന്നാളിൻ
പൊന്നോല …!
ചൂളപ്രാവിൻ ചുണ്ടത്തെ ഒലീവിലപോലെ ..
പ്രളയപരിണതിയിലെയാശ കിരണംപോലെ ..
യരൂശലം വീഥികളിലന്നു ഒലിവ്മര ചില്ലകളുയർത്തി …!
യരൂശലം നാഥനായി, ഓശാനപാടിയതിനോർമ്മയ്ക്കായി …!
ഓശാന പെരുന്നാളിനിന്നും
കുരുത്തോലകണ്ണി
കളുയർത്തുന്നു ..!
മിശിഹായെ വാഴ്ത്തുന്നു ..!
ഓശാന പാടി സ്തുതിക്കുന്നു ..!
കുരുത്തോലതന്നാഹ്ളാദംതീരും മുമ്പേ …,
തിരുവത്താഴകുരിശോലയായി മാറുന്നു …! ഓശാന കുരുത്തോല …കുരിശോലയായി മാറുന്നു …!
അബ്രാമിന്റെ മക്കൾക്കായി സ്നേഹം ഗാഗുൽത്തയിൽ ത്യാഗത്തിൻ ബലിയായിതീർന്നു ..!
എന്നിട്ടുംമൊട്ടും കുറവില്ലാത്ത സ്നേഹത്താൽ ദൈവം നമ്മെ കൈനീട്ടിപ്പുണരുന്നു …!
ഉത്ഥിതനായി കുരിശിൽ ഉയരുന്നു …!
ഒലീവില വീണ്ടും പ്രതീക്ഷതൻ തളിരിലയാകുന്നു …
മണ്ണിൻ പ്രത്യാശ വീണ്ടും വിണ്ണിലുദിക്കുന്നു …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ജേക്കബ് പ്ലാക്കൻ
ഒരുനാൾ നീയറിയും പ്രിയേ …
ഞാനൊരാളായിരുന്നു നിൻ പ്രിയ കാമുകനെന്ന് …
നീ ചുറ്റും ശയന പ്രദക്ഷിണ വീഥിയിൽ …ദൂരെ ..ദുരെ
നിന്നെയും നോക്കി മിഴിചിമ്മിനിൽക്കും നിശാ പുത്രനാകും ശാരദംബരനക്ഷത്ര കുമാരൻ …!
ഈറനിറ്റിറ്റു വീഴും നിലാനേര്യതിൽ നഗ്‌നയായി നീയപ്പോൾ കമിഴ്ന്ന് കിടക്കുകയായിരുന്നു …!
പാറിപ്പറക്കുന്ന കറുത്ത മുടിയിഴകളാൽ നിന്റെ നിതംബങ്ങൾ മറച്ചിരുന്നു ..
അപ്പോളും അരമണികളിളകും വെള്ളി യരഞ്ഞാണം മാത്രം തെളിഞ്ഞു കണ്ടു …!
കറുകറുത്താ കൂന്തലിൽ മുല്ലമൊട്ടുകൾ പോലെ
മിന്നാമിന്നികൾ മിന്നി തെളിഞ്ഞിരുന്നു …!
തെളിഞ്ഞാകാശഛായ പ്രതിഫലിക്കുന്ന വെള്ളിക്കായാലിൽ നിന്നും നിൻ മനസ്സെനിക്ക് വായിക്കാമായിരുന്നു ..!
അതിൽ പ്രേമ ലോലമാകും ഹൃദയതുടിപ്പും കണ്ടിരുന്നു …ഞാനോ അതിലൊരു കുഞ്ഞു നക്ഷത്രമായി തെളിഞ്ഞതും …!നിൻ ഉത്തരാധരങ്ങളിലൊരു ഹിമ
കണമായി പൂക്കുവാൻ കൊതിക്കുന്ന കടൽത്തിര പോൽ ….
ഉത്പുളകത്താൽ വിരിയും
പുലർ മഞ്ഞു തുള്ളിയിലെ
നക്ഷത്രമാകാൻ ഞാനും കൊതിച്ചിരുന്നു …പ്രേമാർദ്രമാകും മാമ്പൂ മണമാകെ പരന്നിരുന്നു …!
പ്രകാശപ്രപഞ്ചം വിടർന്നു …!
പ്രഭാവതി നിൻ മാറിടത്തിലൊരു
സ്വർണ്ണ പതക്കമായി സൂര്യൻ ചിരിക്കുന്നു ….!
ഞാനോ യെങ്ങോ മറഞ്ഞു പോയിരിക്കുന്നു …
ഞാനിപ്പോൾ
അസ്തമയ സുര്യനെ ഗർഭത്തിലേറ്റുന്ന കടലലകൾക്കായി കാത്തിരിക്കുന്നു ……
കരിമേഘമില്ലാത്ത ഋതുവിനെ കാംക്ഷിച്ചും …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ജോസ്‌ന സാബു സെബാസ്റ്റ്യൻ
യുകെയിലേക്ക് സ്റ്റുഡന്റായി വരൂ ലക്ഷങ്ങൾ വാരൂ എന്ന് ആഹ്വാനം ചെയ്യുന്നവരുടെ വാക്ക് കേട്ട് പെട്ടി പാക്ക് ചെയ്യുന്നവരോട് ….
കടം മേടിച്ചു കൂട്ടുന്നവരോട് രണ്ട് വാക്ക് …
ആഴ്ചയിൽ 20 മണിക്കൂർ വരെ നിയമപരമായി ജോലി ചെയ്താൽ, അതും വീക്കെന്റുകളിൽ ചെയ്താൽ ഏകദേശം £1200 -£1300 വരെ മാസ ശമ്പളം കയ്യിൽ കിട്ടും.
ഇനി നിയമപരമല്ലാതെ ജോലി ചെയ്താൽ അത് ചെയ്യുന്ന പോലെ ഇരിക്കും . സ്റ്റുഡന്റസ് അതും പ്രത്യേകിച്ചു ഇന്ത്യൻ സ്റ്റുഡന്റസ് പഠനത്തേക്കാളേറെ സാമ്പത്തിക നേട്ടം നോക്കി ഇറങ്ങിയിരിക്കുന്നവരാണെന്ന് മനസിലാക്കാൻ പാകത്തിനുള്ളവരെയാണ് ഇപ്പോൾ ഹോം ഓഫീസിൽ നിയമിച്ചിരിക്കുന്നത് . അതിൽ കൂടുതലും പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുള്ളവരുമാണ് . അത് ഹോംഓഫീസിൽ ചെല്ലുമ്പോൾ തന്നെ നമുക്ക് മനസിലാകുന്ന കാര്യമാണ് . അപ്പോൾ അവർക്ക് നമ്മുടെ നീക്കങ്ങൾ ശരിക്കും മുൻകൂട്ടി കാണാനും കള്ളക്കളി വേഗത്തിൽ കണ്ടു പിടിക്കാനും പറ്റും .
കാഷ് ഇൻ ഹാൻഡ് തരാൻ സാധ്യതയുള്ള റസ്റ്റോറന്റുകൾ, നെയിൽസ് ആൻഡ് ബ്യൂട്ടി, കോർണർ ഷോപ്‌സ് , ഫിഷ് ആൻഡ് ചിപ്സ് , വിദേശീയരുടെ കെയർ ഹോമുകൾ അങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിൽ മിന്നൽ ചെക്കിങ് നടത്താനുള്ള ഒരു ടീം തന്നെയുണ്ട് എന്നത് മറന്നുകൂടാ . ഒരു സുപ്രഭാതത്തിൽ ഹോം ഓഫീസുകാർ വണ്ടിയുമായി വന്ന് അറ്റന്റൻസ് നോക്കി പൊക്കിയെടുത്തു കൊണ്ടുപോകും .
മേല്പറഞ്ഞപോലെ നിയമപരമായി മാത്രം ജോലിചെയ്താൽ കിട്ടുന്നവയിൽനിന്ന് ഷെയറിങ് അല്ലാതെ താമസിച്ചാൽ ഏറ്റവും കുറഞ്ഞത് £800 വാടക, ചിലവിന് £200-£300, വെള്ളം, കറന്റ്, ഗ്യാസ് ( £200+ depends ), യാത്രാ കൂലി (depends ), അടുത്ത സെമസ്റ്ററിലേക്കുള്ള കരുതൽ പണം, വന്നിറങ്ങിയ കടം വീട്ടാൻ പണം, വിസ പുതുക്കാൻ പണം …. അങ്ങനെ വരുമ്പോൾ കയ്യിൽ ഒന്നും തന്നെ മിച്ചമുണ്ടാകില്ല …
കാരണം ഇവിടെ ബില്ലടച്ചു മുടിയും …
പക്ഷെ നോക്കീം കണ്ടുമൊക്കെ ചിലവാക്കുകയും, ഷെയറിങ് ആയി താമസിക്കുകയും, ആർഭാടങ്ങളിൽ കുടുങ്ങാതിരിക്കുകയും, ഹോളിഡേ സമയങ്ങളിൽ ആവുന്നത്ര ജോലിചെയ്യുകയുമൊക്കെ ചെയ്താൽ വല്യ തട്ടുകേടില്ലാതെ ജീവിച്ചു മുന്നോട്ടു പോകാം .
UK is like a sweet prison.
ഇതാണ് സത്യം ..
കാരൂർ സോമൻ
കൊച്ചിയിലെ വിഷപ്പുക കണ്ടപ്പോൾ അമേരിക്കയിൽ നിന്നെത്തിയ ടൂറിസ്റ്റുകൾ പറ ഞ്ഞത്. ‘ന്യൂയോർക്കിലെ മൂടൽമഞ്ഞിന് പോലും ഇത്ര ഭംഗിയില്ല’.പാവം മനുഷ്യരെ മലയാളിയെ കഴുതകളാക്കി, വർഗ്ഗീയവാദികളാക്കി,മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി കാലം കഴിച്ചുകൂട്ടുന്നു. ഇതിലൂടെ ഒരു കൂട്ടർ കൊള്ള മുതൽ വാരിക്കൂട്ടി ജനങ്ങളെ പറ്റിക്കുന്നു. കൊച്ചി നഗരത്തിൽ വളർന്നുപൊന്തിയത് കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ അഗ്‌നി ബാധയിൽ നിന്ന് വിഷം ചീറ്റുന്ന പുകപടലങ്ങളാണ്. ഞാൻ അതുവഴി സഞ്ചരിച്ചപ്പോൾ കരുതിയത് നഗരത്തിന് ശോഭ പരത്താൻ ആകാശ ഗംഗയിൽ നിന്നെത്തിയ മഞ്ഞുപടലങ്ങളായിരിക്കുമെന്നാണ്.
നഗരത്തെ ശ്വാസം മുട്ടിക്കുന്ന അഗ്‌നി ജ്വാലകളെ കൊച്ചി മനുഷ്യബോംബ് എന്ന് വിളിക്കാം. അത്രയ്ക്ക് മാരകമാണ് അതിൽ നിന്ന് വരുന്ന മീഥേൻ ഗ്യാസ്. ഒരാഴ്ചയിൽ കൂടുതലായി തീ അണക്കാൻ സാധിച്ചിട്ടില്ല. തീ അണച്ചാലും ഇതിലൂടെ തലമുറകൾക്ക് വരാനിരിക്കുന്ന മാന സിക ആരോഗ്യ പ്രതിസന്ധികൾ ധാരാളമാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തള്ളു മ്പോൾ അതിൽ നിന്നുണ്ടാകുന്ന മാരക വിഷമാണ് ഡയോക്‌സിനുകൾ. ഇത് ഉടലെടുക്കുന്നത് രാസസംയുക്തങ്ങളിൽ നിന്നാണ്. അറിവിൽ പണ്ഡിതന്മാരെന്ന് പൊങ്ങച്ചം പറഞ്ഞു നടക്കു ന്നവർക്ക് ഇതുവല്ലതുമറിയാമോ?
കേരളമെന്ന് കേട്ടാൽ രക്തം തിളക്കണമെന്ന് കവികൾ, നമ്മുടെ നാട് മറ്റുള്ളവർക്ക് മാതൃക, സകല ശാസ്ത്രങ്ങളിലും അറിവിലും ബഹുമിടുക്കർ, ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ പറഞ്ഞവരുടെ പാദങ്ങളിൽ ഒന്ന് പ്രണമിക്കണമെന്നുണ്ട്. സ്വന്തം വീടും നാടും വൃത്തിയായി സൂക്ഷിക്കാനറിയാത്ത, അഴിമതികളിൽ അഭയം തേടി ജീവിക്കുന്നവരാണ് ഈ ഗീർവാണങ്ങൾ മുഴക്കുന്നത്. കൊച്ചിയിലെ ബ്രന്മപുരം മാലിന്യകൂമ്പാരങ്ങളിൽ നിന്ന് ഉരുണ്ടു കൂടി ഉയരുന്ന ഭീകരമായ വിഷപ്പുകയിൽ പരീക്ഷീണരായ മനുഷ്യർ ശ്വാസം മുട്ടുന്നു, ഛർദ്ദിക്കുന്നു, വയറിളകുന്നു, പനി, ചുമ, വീടുകളിൽ രോഗികളായി കഴിയുന്നവർ തലചുറ്റി വീഴുന്നു, കണ്ണുകൾക്ക് മന്ദത, ചൊറിച്ചിൽ, ത്വക്ക് രോഗങ്ങൾ, കുഞ്ഞുങ്ങൾ ശ്വാസമെടുക്കാനാകാതെ വീർപ്പുമുട്ടുന്നു. കാൻസർ മുതൽ വന്ധ്യതവരെ സംഭവിക്കാം. കൊച്ചി നഗരത്തിൽ നടക്കാ നിറങ്ങിയ ജസ്റ്റിസ് ഭട്ടിക്കും ശ്വാസം മുട്ടലും ഛർദ്ദിയുമുണ്ടായി. ഇതെല്ലം സൂചിപ്പിക്കുന്നത് കൊച്ചിയായാലും കോഴിക്കോടായാലും ഭരണകൂടങ്ങളുടെ ഉദാസീനത, കെടുകാര്യസ്ഥതയാണ്. ജീവിക്കാനുള്ള ഓരോ പൗരന്റെ നേരെയുള്ള മൗലികമായ നിയമ ലംഘനമാണ് നടന്നത്. ഇതി നുത്തരവാദികളെ തുറുങ്കിലടക്കേണ്ടതല്ലേ?
നല്ല ഭരണാധിപന്മാരുടെ, സർഗ്ഗ പ്രതിഭകളുടെ അദ്ധ്വാനത്തിൽ നിന്നാണ് ഓരോ പുതിയ സംസ്‌കാരങ്ങൾ ഉടെലെടുക്കുന്നത്. കേരളത്തിൽ സാംസ്‌കാരിക ദുരന്തങ്ങളാണ് പലപ്പോഴും അടയാളപ്പെടുത്തുന്നത്. ഒടുവിൽ വാദിയും പ്രതിയും ഒത്തുതീർപ്പിന്റെ പാതയിലെത്തി സത്യത്തെ, നിയമങ്ങളെ വിഴുങ്ങുന്നു. പര സ്പരം ഒത്തുതീർപ്പല്ല വേണ്ടത് കുറ്റവാളികളെ ജയിൽ വാസത്തിന് വിടണം ഇല്ലെങ്കിൽ അഴിമതി, ഭരണകൂടങ്ങളുടെ താന്തോന്നിത്വം, കെടുകാര്യസ്ഥത കൊച്ചിയിലെ വിഷപ്പുകപോലെ ആളിപ്പടർന്ന് എരിയുന്ന ചിതകളായി ശ്മശാന മണ്ണിലേക്ക് മനു ഷ്യരെ അയച്ചുകൊണ്ടിരിക്കും.ഇതുമൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതം എത്രയോ വലു താണ്. ഇത് കേരള ജനത കാണുന്നില്ലേ? ഇവിടുത്തെ കോടതികൾ കാണുന്നില്ലേ?
കേരളത്തിൽ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മാലിന്യങ്ങളും നായ്ക്കളുമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളുള്ളവർക്കറിയാം അവിടുത്തെ വഴിയോരങ്ങളിൽ നായ്ക്കളെ കാണാറില്ല. നായ്ക്കൾ അനുസരണയോടെ വീടിനുള്ളിൽ പാർക്കുന്നു. മാലിന്യങ്ങൾ ആരും റോഡുകളിൽ വലിച്ചെറിയാറില്ല. അതിനാൽ വീടുകളും നഗരങ്ങളും സൗന്ദര്യപ്പൊലിമ യോടെ നിലകൊള്ളുന്നു. ഓരോ വീടുകൾക്ക് മുന്നിലും മാലിന്യ ങ്ങൾ, ഉപയോഗയോഗ്യമല്ലാ ത്തവയെ തരംതിരിച്ചിടാനുള്ള വീപ്പകൾ അവിടുത്തെ മുനിസിപ്പാലിറ്റികൾ കൊടുത്തിട്ടുണ്ട്. എല്ലാം മാസവും അതിനുള്ള തുക നികുതിയിനത്തിൽ ഈടാക്കുന്നു. നികുതി വാങ്ങുക മാത്രമല്ല ഗുണ നിലവാരമുള്ള ജൈവ വസ്തുക്കളായി അവയെ തരംതിരിച്ചു് വിറ്റ് ലാഭമുണ്ടാ ക്കുന്നു. ശാസ്ത്ര സാങ്കേതിക സാഹിത്യമടക്കം പാശ്ചാത്യരിൽ നിന്ന് കടമെടുക്കുന്ന അല്ലെങ്കിൽ കോപ്പിയടിക്കുന്ന മലയാളിക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾക്ക് ഇതൊന്ന് കോപ്പി യടിച്ചൂടെ? കേരളത്തിലെ വീടുകളിൽ ധാരാളം ഗ്ലാസ് കുപ്പികളുണ്ട്. അതിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള സംവിധാനങ്ങളില്ല. പാശ്ചാത്യർ കുട്ടികളെ സ്‌കൂളിൽ ആദ്യം പഠിപ്പിക്കുന്നത് ശുചി ത്വമാണ്. കുട്ടികൾ വളർന്നുവരുന്നത് അച്ചടക്കമുള്ള കുട്ടികളായിട്ടാണ്. കുട്ടികളുടെ മനസ്സിനെ മലിനമാക്കുന്ന ജാതിമത രാഷ്ട്രീയം അവിടെ പഠിപ്പിക്കുന്നില്ല. നമ്മുടെ നാട്ടിൽ നിന്ന് കൃഷി പഠി ക്കാൻ ഇസ്രായേലിൽ പോയി മുങ്ങി പൊങ്ങിയ ഒരാളെപ്പറ്റി വാർത്തകളിൽ കണ്ടു. എന്തു കൊണ്ട് മാലിന്യത്തെ എങ്ങനെ നിർമ്മാർജ്ജനം ചെയ്യാമെന്ന് പഠിച്ചില്ല? വേണ്ടുന്ന പരിശീലനം നേടിയില്ല? മനുഷ്യരുടെ സുരക്ഷിതത്വം ആരോഗ്യം അധികാരത്തിലുള്ളവരെ അലട്ടിയില്ല? മനുഷ്യരുടെ മൗലിക അവകാശങ്ങളെ പുച്ഛത്തോടെ തള്ളുന്നത് ആരാണ്?
കേരളത്തിലെ മാലിന്യം കണ്ടാൽ ഏതൊരു സഞ്ചാരിയും ഊറിഊറി ചിരിക്കും. മത ഭ്രാന്തുപൊലെ മാലിന്യം വലിച്ചെറിയുന്ന ഭ്രാന്തന്മാരുടെ നാടായി കേരളം മാറിയിരിക്കുന്നു. ഒരു ഭാഗത്തു് പ്ലാസ്റ്റിക് ഉപയോഗം തടയുകയും കത്തിക്കയും ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് കോർപ്പറേഷൻ അവിടെ തീ കത്തിക്കുന്നത്. മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കടുത്ത ദാരിദ്ര്യവും വിശപ്പുമാണ്. കേരളം അതിൽ നിന്ന് മുക്തി പ്രാപിച്ചെങ്കിലും മാലിന്യത്താൽ, അഴിമതിയിൽ അപമാനഭാരം അനുദിനമനുഭവിക്കുന്നു. കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റി നായി ചിലവിട്ടത് 14 കോടി രൂപയാണ്. കരാർ എടുത്തവരുടെ യോഗ്യത ഇന്നൊരു ചോദ്യചിഹ്ന മായി മുന്നിൽ നിൽക്കുന്നു. അവസാനം കണ്ടത് ഏകദേശം 110 ഏക്കറോളം വിസ്തീർണ്ണമുള്ള സ്ഥലത്തേക്ക് തീ അണയ്ക്കാൻ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിട്ട് ബക്കറ്റിൽ വെള്ളം കൊണ്ടുപോകുന്ന കൗതുക കാഴ്ചയാണ്. അതിലെ അഴിമതി പുറത്തുവന്നി ട്ടില്ല. കേരള ശാസ്ത്രത്തിന്റെ മഹത്തായ ഈ ജ്ഞാന ചൈതന്യത്തെ നമിക്കുന്നു. ഇന്ത്യൻ നിയമത്തിൽ ആർട്ടിക്കിൾ 21 പറയുന്നത് മനുഷ്യർക്ക് ആഹാരം, പാർപ്പിടം, വസ്ത്രം തുടങ്ങി പല അവകാശങ്ങളുണ്ട്. അവിടെയാണ് മനുഷ്യർ അഴിമതി പുരണ്ട വിഷപ്പുക ശ്വസിക്കുന്നത്. മലയാളിയെപോലെ മാലിന്യത്തിലും കയ്യിട്ട് വാരുന്നവർ മറ്റെങ്ങും കാണില്ല. വൈദ്യുതി ഉല്പാദ നമായിരിന്നു പദ്ധതിയുടെ ലക്ഷ്യമെങ്കിലും അണയാത്ത കാട്ടുതീയിലൂടെ ഉല്പാദിപ്പിച്ചത് അഴിമതിയാണ്. കരാർ കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ച്ച, ബയോമൈനിങ്ങ് പ്രവർത്തിച്ചില്ല തുടങ്ങിയ മുടന്തൻ ന്യായവാദങ്ങളല്ല വേണ്ടത് കുറ്റവാളികളെ ജനത്തിന് മുന്നിൽ കൊണ്ടു വരണം. സർക്കാർ ഈ രംഗത്ത് കർമ്മ പദ്ധതികൾ തയ്യാറാക്കണം. നമ്മുടെ പുരോഗതി കേര ളത്തെ മാലിന്യകുമ്പാരമാക്കാനോ അതോ മാലിന്യമുക്തമാക്കാനോ? കൊച്ചിയിൽ നിന്ന് വിഷ പ്പുകയാൽ പലരും പാലായനം ചെയ്യുന്നു. ഒരു ജനതയെ ഭയാനകമായ ഭീകരതയിലേക്ക് തള്ളി വിട്ട വിഷപ്പുക ഉല്പാദിപ്പിച്ച രാജ്യദ്രോഹികളെ പിരിച്ചുവിടണം, നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കണം.
റജി വർക്കി
കുറെ നേരം റൂമില്‍ ഇരുന്നു മടുത്തപ്പോഴാണ് പുറത്തേക്കു നടക്കാന്‍ പോയാലോ എന്ന് തോന്നിയത്. അവധി ആയാല്‍ പിന്നെ ഒരു മടിയാണ്. ചിലപ്പോള്‍ തോന്നും രണ്ടു ദിവസം അവധി വേണ്ട എന്ന്. അവധി ദിവസം ആയതു കാരണം പുറത്തു അധികം ആളില്ല. എല്ലാവരും അവധി ആഘോഷിക്കാന്‍ ദുബായ്ക്ക് പോയിക്കാണും. പണ്ടേ ആഘോഷങ്ങളോട് വലിയ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്, അല്ലേല്‍ അച്ചായന്റെ കൂടെ ദുബായ് മാളില്‍ കറങ്ങാന്‍ പോകാമായിരുന്നു. ഓരോന്നാലോചിച്ചു നടന്നു പാര്‍ക്ക് വരെ എത്തി. ആരോ പിന്നില്‍ നിന്ന് വിളിക്കുന്നു.
“ബിജൂ”
തിരിഞ്ഞു നോക്കി പഴയ എട്ടണ മുക്ക് കോറത്തിലെ പ്രകാശാണ്. ഇവന്‍ ദുബായില്‍ ആണെന്നല്ലേ പറഞ്ഞത് ഇപ്പൊ ഇവിടെ.. എല്ലാവരും ദുബായിക്ക് പോയപ്പോ ഇവന്‍ ഇങ്ങോട്ടാണോ വന്നത്..?
എന്ത് പാരയാണോ, ഏതു സമയത്താണോ നടക്കാന്‍ തോന്നിയത്…
“എന്താ പ്രകാശേ ഇവിടെ..?” എന്തെങ്കിലും ചോദിക്കണമല്ലോ.
“എന്താടാ എനിക്ക് ഇവിടെ വരാന്‍ പറ്റില്ലേ?”
“അയ്യോ വരാമേ” ഇവനോടൊക്കെ കുശലം ചോദിക്കുന്ന എന്നെ പറഞ്ഞാല്‍ മതി…
“പിന്നെ എന്തൊക്കെയുണ്ട് ബിജു വിശേഷങ്ങള്‍..” ചോദ്യം കേട്ടപ്പോഴേ മനസിലായി ഇവന്‍ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട്….
“വിശേഷങ്ങള്‍ ഒക്കെ നീ അറിഞ്ഞു കാണുമല്ലോ..”
“എന്ത്?”
ഇവനൊരു ഭയങ്കര സാധനം ആണ്… നാട്ടില്‍ ഞാന്‍ പോയതും അവിടെ നടന്ന കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ ഇവന്‍ അറിഞ്ഞു കാണും. എന്നാലും നമ്മളെ കൊണ്ട് പറയിക്കുമ്പോഴത്തെ ഒരു സുഖം ഉണ്ടല്ലോ, അതാണ് ലൈന്‍.
“നീ അറിഞ്ഞില്ലേല്‍ അറിയേണ്ട..” ഞാനും അത്ര മോശക്കാരനല്ല.
“അല്ല കല്യാണം മാറിപ്പോയെന്നോ.. മറ്റോ എന്നോട് വീട്ടില്‍ നിന്ന് പറഞ്ഞു..” അവന്‍ വിടാനുള്ള ഭാവമില്ല.
“ആ.. മാറിപ്പോയി… ” ഞാന്‍ എങ്ങും തൊടാതെ ഒരു മറുപടി പറഞ്ഞു..
എന്തെങ്കിലും കാര്യം ആരെങ്കിലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതായി ഉണ്ടോ അത് ചികഞ്ഞു പുറത്തു ചാടിച്ചു അവരെ വിഷമിപ്പിക്കുക എന്നത് മലയാളിയുടെ ജനിതക സ്വഭാവമാണല്ലോ…
“എന്താടാ പറ്റിയത്…?” അവന്‍ പിന്നാലെ തന്നെ ഉണ്ട്..
നാശം പിടിക്കാന്‍… റൂമില്‍ ഇരുന്നിട്ട് സ്വസ്ഥത കിട്ടാഞ്ഞിട്ടാണ് നടക്കാന്‍ ഇറങ്ങിയത്. അത് ഇത്രയും പണി കിട്ടുന്ന ഒരു കാര്യം ആയി മാറുമെന്നു കരുതാന്‍ ഞാന്‍ ആറ്റുകാല്‍ രാമകൃഷ്ണന്‍, കാണിപ്പയ്യൂര്‍ എന്നിവരുടെ സ്വന്തം ആളൊന്നുമല്ലല്ലോ..
പിന്നെ സംഭവിച്ചത് എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.. എല്ലാം അവന്‍ അറിഞ്ഞു കാണുമെങ്കിലും…
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍.. സ്ഥിരം കേള്‍ക്കുന്ന ഡയലോഗ്…
“സാരമില്ലെടാ പോട്ടെ.. അത് നിനക്കുള്ളതല്ല.. നിനക്ക് ഇതിനെക്കാള്‍ നല്ലത് കിട്ടും… കല്യാണം കഴിഞ്ഞിട്ട് പോയിരുന്നെങ്കിലോ…”
കഴിഞ്ഞ കുറെ ദിവസമായി ഇത് തന്നെയാടാ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്.. മനസ്സില്‍ പറഞ്ഞു. ഇത്തരം ടീമിന്റെ അടുത്ത് പറഞ്ഞിട്ടെന്താ കാര്യം.
കൂടുതല്‍ ചോദ്യങ്ങള്‍ക്ക് അവസരം കൊടുക്കതിരിക്കാനെന്നോണം ഞാന്‍ നടക്കാന്‍ തുടങ്ങി.
ഇനിയെങ്കിലും നിര്‍ത്തും എന്ന് കരുതി എനിക്ക് തെറ്റി. ദാ വരുന്നു അടുത്ത ചോദ്യം.
“നീ നാട്ടില്‍ പോയിട്ട് അഞ്ജുവിനെ കണ്ടോ?”
ഇവനിതറിഞ്ഞിട്ടു എന്ത് എടുക്കാനാ..
ഒന്നും പറയാന്‍ തോന്നിയില്ല.. ഒരു വളിച്ച ചിരി വരുത്തി നടന്നു.
മറക്കാന്‍ ശ്രമിക്കുന്നത് ഒര്‍മ്മിപ്പിക്കാന്‍ ഓരോരുത്തന് എത്തിക്കോളും..
പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുമ്പോഴും ഓര്‍ത്തത് അഞ്ജുവിനെ തന്നെ ആയിരുന്നു. എന്നാണ് അവളെ ആദ്യമായി കണ്ടത്…?
അപ്ടെക്കിലെ സാമിനെ കാണാന്‍ പോയപ്പോഴാണന്നു തോന്നുന്നു. അവളെ ആദ്യമായി കണ്ടത്. എന്തോ കാര്യം പറഞ്ഞു പുറത്തേക്കിറങ്ങാന്‍ പോകുമ്പോഴാണു ഒരു നനുത്ത പുഞ്ചിരിയുമായി അവള്‍ കടന്നു വന്നത്.
ആദ്യം കണ്ടപ്പോള്‍ തന്നെ എന്തോ ഒരു ഇഷ്ടം തോന്നി. പിന്നെ അടുത്ത് പരിചയപ്പെട്ടപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നി. എത്ര മനോഹരമായി അവള്‍ എല്ലാവരോടും ഇടപെടുന്നു. ഇവളെ ആണോ ഞാന്‍ ഇത്രയും കാലം അന്വേഷിച്ചു നടന്നത്.
ഒരിക്കല്‍ കണ്ടപ്പോള്‍ സാം പറഞ്ഞു, എവിടെ എങ്കിലും അക്കൗണ്ടന്റ് വേക്കൻസി ഉണ്ടെങ്കില്‍ പറയണം എന്ന്. അഞ്ജുവിന് വേണ്ടിയാണു. അപ്പോഴാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്ന കമ്പനിയില്‍ ഒരു ഒഴിവു വന്നത്. വൈദ്യന്‍ കുറിച്ചതും പാല്‍.. രോഗി ആഗ്രഹിച്ചതും പാല്‍!
അടുത്തടുത്ത സീറ്റ്.. നല്ലൊരു സ്നേഹിത… വളരെ സെന്‍സിബിള്‍… എന്ത് തമാശയും പറയാം… എത്ര നല്ല ദിവസങ്ങള്‍ ആയിരുന്നു അതൊക്കെ.
പല കാര്യങ്ങളിലും അവളുടെ ഉപദേശം എനിക്ക് വളരെ നന്നായി തോന്നി. ലോക ഉഴപ്പനായ എന്നെ അവള്‍ മാറ്റിയെടുത്തു എന്ന് പറയുന്നതായിരിക്കും ശരി.
എന്റെ ഒരു സ്വഭാവം, ഒരു കാര്യവും ഞാന്‍ തുടങ്ങുകില്ല എന്നുള്ളതാണ്.. തുടങ്ങിയാല്‍ പിന്നെ അത് തീര്‍ക്കാതെ മാറുകയുമില്ല. അവള്‍ വന്നതിനു ശേഷം എല്ലാം മാറി മറിഞ്ഞു. ഞാന്‍ ചിന്തിക്കുന്നതും ചെയ്യുന്നതും എല്ലാം വളരെ നന്നായി തോന്നി. രാവിലെ ഓഫീസില്‍ പോകാന്‍ വളരെ സന്തോഷം. അവളെ കാണാമല്ലോ.
കാണാത്ത ദിവസം ഫോണ്‍ ചെയ്യും. കുറെ സംസാരിക്കും. ഒരു ദൈവ വിശ്വാസി അല്ലാത്ത എന്നെ അവള്‍ ഒരു ദൈവ വിശ്വാസി ആക്കി എടുത്തു. ഇടയ്ക്ക് എവിടെ വച്ചോ ഞാന്‍ ഉപേക്ഷിച്ച പള്ളിയും വിശ്വാസവും ഒക്കെ എന്നില്‍ മടങ്ങി വന്ന നാളുകള്‍ ആയിരുന്നു അത്.
അവളുടെ വീട്ടിലെ പല കാര്യങ്ങളും അവള്‍ എന്നോട് പറയുമായിരുന്നു. അപ്പോഴാണ് അറിഞ്ഞത് ഇത്രയേറെ സങ്കടങ്ങള്‍ ഉള്ളില്‍ വച്ചാണ് അവള്‍ ചിരിക്കുന്നതെന്ന്.
ഭാഗ്യദോഷി എന്നാണത്രേ അവളുടെ അമ്മയും വീട്ടുകാരും അവളെ വിളിക്കുന്നത്. ചെറുപ്പത്തില്‍ അവളുടെ അമ്മാച്ചന്‍ അവളെയും കൊണ്ട് സൈക്കിളില്‍ പോകുമ്പോള്‍ അപകടം ഉണ്ടായി അദ്ദേഹം മരിച്ചു. പിന്നെ ഒരിക്കലും അവളുടെ വീട്ടുകാര്‍ക്ക് അവളോട് പഴയ സ്നേഹം ഉണ്ടായിട്ടില്ല..
ഇത്രയും പ്രായം ആയിട്ടും എന്തേ കല്യാണം ഒന്നും ആകാത്തത് എന്ന വീടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കാനേ അവള്‍ക്കായുള്ളൂ.
ഇടുങ്ങിയ സമുദായം ആയതു കൊണ്ട് അവള്‍ക്കു വേണ്ടിയുള്ള എന്റെ വിവാഹ അന്വേഷണം ഒക്കെ വലിയ ഫലം കണ്ടില്ല..
എനിക്ക് തോന്നുന്നു എനിക്ക് അവളോടും അവള്‍ക്ക് എന്നോടും ഉള്ള സ്നേഹം ഞങ്ങള്‍ ഒഴിച്ച് മറ്റെല്ലാവര്‍ക്കും മനസിലായി എന്ന്.
ഒരിക്കല്‍, ബിജുവിന്റെ ജീവിതത്തിലേക്ക് എന്നെക്കൂടി ചേര്‍ക്കുമോ എന്ന് ചോദിച്ചപ്പോള്‍, കേള്‍ക്കാന്‍ ആഗ്രഹിച്ചത് എന്തോ കേട്ട ഒരു സന്തോഷം.
അല്ലെങ്കിലും എനിക്കവളോടുള്ള പ്രണയം, വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആകാത്ത വിധം നിസ്സീമമായിക്കഴിഞ്ഞിരുന്നല്ലോ..
പിന്നെ പ്രണയത്തിന്റെ നാളുകള്‍ ആയിരുന്നു.. വാകപ്പൂക്കള്‍ ചുവന്ന പരവതാനി വിരിച്ച, കരിയിലക്കുരുവികള്‍ സദാ ചിലക്കുന്ന നാട്ടു വഴികളിലൂടെ ചേര്‍ന്ന് നടക്കുമ്പോഴ് … എന്റെ പ്രണയിനിയുടെ ശബ്ദത്തിനു കാതോര്‍ക്കുന്ന എനിക്ക് അന്നാദ്യമായി ആ കിളികളോട് ദേഷ്യം തോന്നി..
മുളം കാടുകള്‍ തിങ്ങി നിറഞ്ഞ പുഴയോരത്ത് അവളെയും കാത്തു നില്‍ക്കുമ്പോള്‍… കാത്തു നില്‍ക്കുന്നതിനും ഒരു സുഖം ഉണ്ടെന്നു ഞാന്‍ അറിഞ്ഞു..
ഞങ്ങളുടെ പ്രണയം നിശബ്ദമായി ഒഴുകുന്ന നദി പോലെ സുന്ദരമായിരുന്നു. ഞാന്‍ അവളെക്കുറിച്ച് മനസ്സില്‍ ആലോചിക്കുമ്പോള്‍ തന്നെ അവള്‍ എന്നെ വിളിക്കും. മനസ്സുകളുടെ, വാക്കുകളില്ലാത്ത ഈ സംവേദനം എനിക്ക് പുതിയതായിരുന്നു..
ആ കുന്നിന്‍ ചരുവിലെ വാകമര ചുവട്ടില്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കുമ്പോള്‍.. ചുവന്ന പൂക്കള്‍ ഞങ്ങളുടെ മേല്‍ പതിക്കുമ്പോള്‍ ആ മരങ്ങള്‍ പോലും ഞങ്ങളുടെ സ്നേഹത്തിനെ അനുകൂലിക്കുന്നത് പോലെ തോന്നി.
എത്ര സുന്ദരങ്ങള്‍ ആയിരുന്നു ആ ദിനങ്ങള്‍… രാവിലെ ഓഫീസില്‍ പോകുമ്പോള്‍ അവളെ കാണാം എന്ന സന്തോഷം.
അവളും അമ്മയും മാത്രം ഉള്ള ആ വീട്ടില് ഞാന്‍ ഒരു സന്ദര്‍ശകനായി മാറി. അവളുടെ അമ്മയ്ക്കും എന്നെ വളരെ ഇഷ്ടപ്പെട്ടു.
പക്ഷെ എത്ര ഹൃസ്വം ആയിരുന്നു ഇവയെല്ലാം… കുമാരനാശാന്റെ വീണ പൂവില്‍ പറയുന്ന പോലെ… ‘ശ്രീ ഭൂവില്‍ അസ്ഥിര…’
ഒരു നാള്‍ അവളെ ഓഫീസില്‍ കണ്ടില്ല.. എന്തേ ഇന്ന് വന്നില്ല എന്ന എന്റെ അന്വഷണത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു..
ഞങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞ മാനേജര്‍ അവളോട് ഇനി വരേണ്ട എന്ന് പറഞ്ഞത്രേ..
എന്താണ് ഈ മനുഷ്യര്‍ ഇങ്ങനെ പെരുമാറുന്നത്? ഞാന്‍ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞതായിരുന്നു. എന്റെ ഈ ആഗ്രഹത്തിന് അവര്‍ എന്നോട് കൂടെ നില്‍ക്കും എന്ന് കരുതിയ ഞാന്‍ മണ്ടനായി. എല്ലാവരെയും പോലെ ലാഭം മാത്രം നോക്കുന്ന ഒരാളായി അയാളെ ഞാന്‍ കരുതിയതേയില്ല..
മുൻപ് ആ കമ്പനി വിട്ടു പോകാന്‍ ഞാന്‍ തീരുമാനിച്ചിരുന്നതായിരുന്നു.. പക്ഷെ അഞ്ജുവിന്റെ ഉപദേശം.. അവളുടെ സാന്നിധ്യം അതൊക്കെ കൊണ്ടായിരുന്നു ഞാന്‍ അത് ചെയ്യാതിരുന്നത്..
അവളുടെ സഹോദരന്‍ അവന്റെ കോഴ്സ് കഴിഞ്ഞു വീട്ടില്‍ സ്ഥിരമായി നില്ക്കാന്‍ തുടങ്ങുകയും ചെയ്തു..
ഒരു വിധത്തിലും കാണാന്‍ കഴിയാതിരുന്ന നാളുകള്‍..
എന്റെ കൂടെ ഇറങ്ങി വരട്ടെ എന്ന് ചോദിച്ച അവളോട് എന്ത് മറുപടി പറയും എന്നറിയാതെ ഉഴറിയ നാളുകള്‍..
അല്ലെങ്കിലും എനിക്കതിനാവുമായിരുന്നില്ലല്ലോ…
അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനായിരുന്നു എന്റെ താല്പര്യം.
എത്രയും പെട്ടെന്ന് ഒന്ന് കാണണം എന്ന് പറഞ്ഞപ്പോള്‍ പതിവായി തമ്മില്‍ കാണാറുള്ള അമ്പല പറമ്പിലെ ചൂള മരത്തിന്റെ ചുവട്ടില്‍ ഞാന്‍ കാത്തു നിന്നു..
ദൂരെ നിന്നു അവള്‍ വരുന്നത് കാണുമ്പോള്‍ തന്നെ എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി. പതിവിനു വിരുദ്ധമായി അവളുടെ മുഖം കടുത്തിരിക്കുന്നു. സാധാരണ കാണുമ്പോള്‍ തന്നെ ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവള്‍ക്കു എന്തേ ഇന്നിത്ര മൗനം..
എന്താണ് പറ്റിയത് എന്ന എന്റെ ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു..
ബിജു നമ്മുടെ വിവാഹം നടക്കില്ല, എന്ന അവളുടെ ആദ്യ വാചകം മാത്രമേ ഞാന്‍ കേട്ടുള്ളൂ. പിന്നീട് പറഞ്ഞതെല്ലാം എന്റെ ചെവി മനഃപൂര്‍വം ഒഴിവാക്കിയതായിരിക്കാം..
അവള്‍ പറഞ്ഞ വാക്കുകളില്‍ നിന്ന്, ശ്ലഥ ചിത്രങ്ങളില്‍ നിന്ന് ഞാന്‍ അറിഞ്ഞു, കഴിഞ്ഞ ഡിസംബര്‍ മാസം അവള്‍ക്കു വന്ന, ഉഴപ്പി പോയ ആലോചന വീണ്ടും വന്നെന്നും, അവരുടെ തന്നെ സമുദായത്തിലെ തന്നെ ആളായതിനാല്‍ അവര്‍ അത് തീരുമാനിച്ചെന്നും.
കേള്‍വിയും ചലനവും നിലച്ചു പോയ എനിക്ക് അവള്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല..
കണ്ണുനീര്‍ എന്റെ മിഴികളില്‍ നിറഞ്ഞു കാഴ്ച മറക്കുന്നത് വരെ ഞാന്‍ അവള്‍ പോകുന്നത് നോക്കി നിന്നു.
എത്ര നേരം ഞാന്‍ അവിടെ നിന്ന് എന്നെനിക്കറിയില്ല.. കൂട്ടിനായി ആ ചൂള മരം മാത്രം… എന്നെപ്പോലെ തന്നെ ഒറ്റപ്പെട്ടു നില്‍ക്കുകയാണതും…
മഴ പെയ്യുന്നുണ്ടായിരുന്നു… നിസ്വനായ എന്റെ കണ്ണുനീര്‍ ആ മഴയോട് ചേര്‍ന്ന്.. എന്റെ ഗദ്ഗതം ആ കുളിര്‍ കാറ്റിലലിഞ്ഞ്..
എന്താണ് നമ്മുടെ ആള്‍ക്കാര്‍ ഇങ്ങനെ… ജാതിയുടെയും മതത്തിന്റെയും ഉപ ജാതിയുടെയും മത വിഭാഗങ്ങളുടെയും പേരില്‍ സ്നേഹത്തിനെ അളക്കുന്നത്?
അഞ്ജൂ നീ അറിഞ്ഞോ, എന്റെ പ്രണയത്തിനു അതിരുകള്‍ ഇല്ലായിരുന്നു.. ജാതിയുടെയും മതത്തിന്റെയും സമുദായങ്ങളുടെയും… നീ അത് തിരിച്ചറിഞ്ഞില്ലല്ലോ എന്ന സങ്കടം…
ഹലോ… ഹലോ… ഹേയ് മിസ്റ്റര്‍…
ആരോ കുലുക്കി വിളിക്കുന്നു… പാര്‍ക്കിലെ കാവല്‍ക്കാരനാണ്…
അപ്പോഴാണ് ഞാന്‍ കുറെ നേരമായി അവിടെ ഇരിക്കുന്നു എന്ന് മനസ്സിലായത്… നേരം രാത്രിയാവുകയും ചെയ്തു…
ഒന്നും പറയാതെ ഞാന്‍ റൂമിലേക്ക് നടന്നു…
പുറകില്‍ ആ കാവല്‍ക്കാരന്‍ എന്തൊക്കയോ ഹിന്ദിയില്‍ പറയുന്നുണ്ട്…
റജി വർക്കി : അനേകം വർഷങ്ങൾ ആയി ഡിജിറ്റൽ മീഡിയ രംഗത്തു ജോലിചെയ്യുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. മകൻ ബേസിൽ ജേക്കബ് വർക്കി.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഈ എഴുത്തു കണ്ടാരും ഞെട്ടണ്ട ….ഇതിനർത്ഥം എഴുതിയ ആൾ അങ്ങനെ ആണെന്നോ അല്ലങ്കിൽ നിങ്ങൾ അങ്ങനെ ആകണമെന്നോ അല്ല . ഇവിടെ പരാമർശിക്കുന്ന കാര്യങ്ങൾ ഒരു പച്ച മനുഷ്യൻ എങ്ങനെ ആയിരിക്കും എന്നത് മാത്രമാണ് ….
35 വർഷത്തിന് ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഒളിച്ചോടിയാതൊക്കെ നമ്മൾ ഇത്രമാത്രം ചർച്ച ആക്കേണ്ട കാര്യമുണ്ടോ ?
ഒരാൾ ഒരാളെ വിവാഹം ചെയ്തുവെന്നതിനർത്ഥം വിവാഹം ചെയ്തു എന്ന് മാത്രമാണ് …അല്ലാതെ അയാൾ മരിച്ചുവെന്നല്ലല്ലോ ?
ജീവനുള്ള ഒരാൾക്കൊരാളോട് എപ്പോൾ വേണമെങ്കിലും ഇഷ്ടം തോന്നാം, ചിലർ അതിനെ കൺട്രോൾ ചെയ്യുന്നു, മറ്റു ചിലർ ത്രിശങ്കു സ്വർഗത്തിൽ പെട്ടപോലെ മറ്റുള്ളവരെ പേടിച്ചു അടങ്ങിയിരിക്കുന്നു , ഇനി മറ്റുചിലർക്ക് അവരുടെ കൺട്രോൾ പോകുന്നു , ഒളിച്ചോടുന്നു ചർച്ച വിഷയമാകുന്നു .
ഇന്നത്തെ കാലത്തു ഇതൊന്നും ഇത്ര വിളംബരം ചെയ്യേണ്ടുന്ന കാര്യമൊന്നുമല്ല . ഇനി ഇതൊക്കെ പാപമാണ് ,കൊള്ളരുതാത്തതാണ് , സ്വർഗ്ഗം കിട്ടില്ല എന്നൊക്കെ നിശ്ചയിക്കുന്നത് നമ്മൾ ജീവിക്കുന്ന, വളർന്നുവന്ന സമൂഹത്തെ ആശ്രയിച്ച് ഇരിക്കുന്നു . കാരണം നമ്മൾ കണ്ടതും കേട്ടതും വളർന്നതുമൊക്കെ ഏകഭാര്യത്വം, വിശ്വസ്തത എന്നിവക്ക് വലിയ മൂല്യംനൽകിയാണ് .
നമ്മൾ എല്ലാവരും മനുഷ്യർ മാത്രമാണ്. നമ്മൾ ആരെയാണ് ആകർഷിക്കുന്നത് എന്നതിൽ നമ്മൾക്ക് ഒരു നിയന്ത്രണവും ഇല്ല . ആർക്കും ആരോട് വേണമെങ്കിലും എപ്പോ വേണമെങ്കിലും ഇഷ്ടം തോന്നാം. അതിലൊക്കെ നിയന്ത്രണം വരുത്താൻ വല്യ പാടാണ് .
ഇതറിയണേൽ സ്വവർഗാനുരാഗിയാണെന്നതിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്ത ഒരാളോട് ചോദിക്കൂ. അവർ അവർപോലും നിനച്ചിരിക്കാത്ത സന്ദർഭത്തിലായിരിക്കാം അങ്ങനൊരു ആകർഷണത്തിലേക്ക് പോയത് .
അപ്പോൾ പറഞ്ഞു വന്നത് നമ്മടെ കല്യാണം കഴിഞ്ഞുവെന്ന് പറഞ്ഞു നമ്മളുടെ ബ്രയിൻറെ ആക്ടിവിറ്റി നിന്നുപോകുന്നില്ല .നമുക്ക് ഇപ്പോഴും കൗതുകങ്ങൾ ഉണ്ടാകും. ചില ആളുകളെ കാണുമ്പോൾ അയ്യോ അവരായിരുന്നു കൂടുതൽ ഭേദമെന്ന് തോന്നലുണ്ടാക്കാം. അതെ. അതൊക്കെ സാധാരണമാണ്. പക്ഷേ നമ്മൾ പഠിച്ചറിഞ്ഞ മാനുഷീക മൂല്യങ്ങൾ പല മാനുഷീക വികാരങ്ങളെയും വളരെ അടക്കി ഒതുക്കി വക്കേണ്ടതാണെന്ന് പഠിപ്പിക്കുന്നു .
ചിലർ അതൊരു തപസ്യ പോലെ കൊണ്ടുനടക്കുമ്പോൾ മറ്റു ചിലർ അത് പൊട്ടിച്ചെറിയുന്നു . അത് പാടില്ല ഇത് പാടില്ല എന്ന് പറഞ്ഞു നിഷേധിക്കുന്നതിൽ നിന്ന് തന്നെ ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം പ്രശ്നങ്ങൾ ഉടലെടുക്കുന്നുണ്ട് . അതിനാൽ നിങ്ങൾക്ക് ഒരാളിലേക്ക് ആകർഷിക്കപ്പെടുന്നത് പ്രധാനമാണെങ്കിൽ അവരിലേക്ക് ആകർഷിക്കപ്പെടണം.അതിലെന്താണ് ഇത്ര തെറ്റ് ?
നിങ്ങളുടെ ദാമ്പത്യത്തിന് പുറത്തുള്ള ഒരാളോട് വികാരങ്ങൾ ഉണ്ടെങ്കിൽ എന്തുചെയ്യണം എന്നതിനുള്ള കറക്ടായ ഉത്തരം ഒന്നുമല്ല. ഇത് ഒരാളുടെ സ്വകാര്യ ചിന്തയും ആകർഷണവും ആണെങ്കിൽ മറ്റാർക്കും ഇതിൽ ഒന്നും ചെയ്യാനുമില്ല.
അതായത് മറ്റൊരു വ്യക്തിയുമായുള്ള നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ ഒരു ദിവാസ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ് ?അല്ലെങ്കിൽ വേറൊരാളെക്കുറിച്ചു ഭാവനയിൽ സ്വയംഭോഗം ചെയ്യുകയാണെങ്കിൽ പോലും, നിങ്ങളുടെ ബന്ധ ഉടമ്പടി ലംഘിക്കാൻ നിങ്ങൾ യഥാർത്ഥത്തിൽ ഒന്നും ചെയ്തിട്ടില്ല . അത് നിങ്ങൾക്ക് അവകാശമുള്ള നിങ്ങളുടെ തലയിലെ സ്വകാര്യ ചിന്തകൾ മാത്രമാണ്. ഇവിടെ ഞാൻ ഈ പറയുന്നത് ഒരു മതാടിസ്ഥാനത്തിലോ നമ്മുടെ സംസ്കാരത്തിലോ ഉള്ളതല്ല. വെറും പച്ചയായ മനുഷ്യന്റെ വികാരങ്ങൾ വരച്ചു കാട്ടുന്നുവെന്ന് മാത്രം .
ഇനി നമുക്ക് കാര്യത്തിലേക്ക് വരാം …നിങ്ങളുടെ ദാമ്പത്യത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിങ്ങൾക്ക് മറ്റൊരു വ്യക്തിയിൽ താല്പര്യമുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ , അത് ഉടനെ പരിഹരിക്കേണ്ടതുണ്ട്. അതിനായി വിവിധയിനം തെറാപ്പികൾ ഇന്നുണ്ട് …
മറ്റൊരു വ്യക്തിയോടുള്ള ആകർഷണം നിങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും തെറ്റുണ്ടെന്നതിന്റെ സൂചകമാകണമെന്നില്ല. മറിച്ചു നിങ്ങൾ നിങ്ങൾക്കിഷ്ടപെട്ട ആ വ്യക്തിയെ വളരെ നിഷ്കളങ്കമായ ലെൻസിലൂടെ മാത്രം കാണുന്നുണ്ടാകാം, കാരണം നിങ്ങൾ അവരോടൊപ്പം ഇത് വരെ താമസിച്ചിട്ടില്ല.അതിനാൽ അവിടെയാണ് സ്വർഗ്ഗമെന്ന് നിങ്ങൾ കരുതുന്നു .
നമുക്കറിയാവുന്ന റോമിയോ ജൂലിയറ്റും,ലൈല മജ്നുവും, കാഞ്ചനമാല മൊയ്തീനുമൊക്കെ ഇന്നും വളരെ അറിയപ്പെടുന്ന കമിതാക്കളായി ഇന്നും നമ്മുടെ മനസ്സിൽ തുടരുന്നത് അവർ ഒന്നും കല്യാണം കഴിച്ചു കൂടെ താമസിക്കാതെ മരണപ്പെട്ടത് കൊണ്ട് മാത്രമാണ് .
കൂടെ താമസിച്ചു തുടങ്ങുമ്പോൾ മാത്രമാണ് നമ്മൾക്ക് മറ്റൊരാളുടെ ചൂടും തണുപ്പും മണവുമൊക്കെ അറിയാൻ കഴിയുന്നത് .
അല്ലാത്തതെല്ലാം ദൂരെനിന്ന് കാണുന്ന നല്ല കളർഫുള്ളായ മയിലാട്ടത്തിന് സമാനം. കാരണം മയിൽ എത്രമാത്രം ശല്യപ്പെടുത്തുന്ന ഒന്നാണെന്നറിയാണേൽ ഒരു ദിവസം അതിനെ വീട്ടിൽ താമസിപ്പിക്കണം . അതിനാൽ മനസിലാക്കുക ജീവിതം എന്നത് രണ്ടു മണിക്കൂർ കൊണ്ട് റൊമാന്റിക്കായി മാത്രം തീരുന്ന ഒരു സിനിമയല്ല ….
ഡോ. ഐഷ വി
ഭാര്യയുടെ പറമ്പിനോട് ചേർന്നുള്ള മൺഭിത്തി കൊണ്ടു നിർമ്മിച്ച രണ്ട് കടമുറികളും ചായ്പ്പും വിലയ്ക്കു വാങ്ങുമ്പോൾ വൈദ്യരുടെ കണക്കുകൂട്ടൽ ഇങ്ങനെയായിരുന്നു. തനിക്കു രാവിലെ മുതൽ ഉച്ചവരെ നാട്ടിൽ പുറത്തെ ഈ കടയിൽ വൈദ്യശാല നടത്താം. സ്വന്തം കടയാകുമ്പോൾ വാടകയും വേണ്ട. ഒരു മുറിയും ചായ്പ്പും നിലവിൽ ചായക്കട നടത്തുന്നയാൾ തന്നെ നടത്തിക്കൊള്ളും. വാടകയും കിട്ടും. ഉച്ചയ്ക്ക് ശേഷം അടുത്തുള്ള ടൗൺ ആയ കല്ലുവാതുക്കലെ വാടക കെട്ടിടത്തിൽ വൈദൃശാല ഇട്ടിരിയ്ക്കുന്നതിലേയ്ക്കും പോകാം. മുൻവശത്ത് ഒരു വാതിലും രണ്ട് ജനലും പിൻഭാഗത്ത് ഒരു ജനലുമുള്ള മുറി വെള്ള പൂശി അലമാരികൾ വച്ചു. ഒരു മേശയും കസേരയുമിട്ടു. രോഗികൾക്കായി കരിങ്കൽത്തൂണുകൾ നാട്ടിയ തിണ്ണയ്ക്ക് പുറമേ രണ്ട് ബഞ്ചു കൂടി ഇട്ടു.
സ്ഥിരമായി വീട്ടിലെത്തിയിരുന്ന രോഗികൾ കടയിലേയ്ക്കെത്താൻ തുടങ്ങി. ഉച്ചയ്ക്കു ശേഷം എണ്ണയും തൈലവും അരിഷ്ടവും വാങ്ങാൻ വരുന്നവർക്ക് എടുത്തു കൊടുക്കാൻ സഹായിയായി സമീപത്തെ ഒരു പയ്യനെ കൂടി നിർത്തി. അങ്ങനെ രണ്ട് വർഷം കടന്നുപോയപ്പോൾ ചായക്കടയിൽ ചായ കുടിക്കാനെത്തിയ എതിർ വശത്തെ പലവ്യജ്ഞനക്കടയിലെ വാസുപിള്ള പറഞ്ഞു. ” എനിക്ക് വയസ്സായി വൈദ്യരേ… പിള്ളേർക്കാർക്കും കച്ചവടത്തിൽ താത്പര്യമില്ല. കടയങ്ങ് വിറ്റാലോ എന്നൊരാലോചന . ബെദ്യർക്ക് വേണമെങ്കിൽ വാങ്ങിക്കൊള്ളൂ., സഹായി പയ്യൻ ഇതു കേട്ടു. അവന്റെയുളളിൽ ഒരു മിന്നൽപ്പിണർ പൊട്ടി. അതങ്ങ് വാങ്ങിയാലോ ! വൈദ്യർ ഈയിടെയായി ഒരു നെയ്ത്ത് സഹകരണ സംഘത്തിന്റെ രൂപീകരണ പ്രക്രിയ പൂർത്തിയാക്കി വരികയാണ്. അതിനായി ഇപ്പോഴത്തെ കടയോട് ചേർത്ത് 2 മുറികൾ കൂടി പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഒന്ന് മകൾക്ക് തയ്യൽക്കടയായി ഉപയോഗിക്കാനും മറ്റൊന്ന് നെയ്ത്ത് സഹകരണ സംഘത്തിന്റെ ഓഫീസായി ഉപയോഗിക്കാനും. വാസു പിള്ള പറഞ്ഞപ്പോൾ അത് വാങ്ങുന്നത് നന്നായിരിക്കുമെന്ന് വൈദ്യർക്ക് തോന്നി. അതാകുമ്പോൾ 3 കട മുറികളും ചായ്പ്പും ഉണ്ട്.” എങ്കിൽ വാങ്ങാം വിലയെത്ര?. വാസുപിള്ള ന്യായമായ വിലയ്ക്ക് കടകൾ വിൽക്കാമെന്നേറ്റു. സഹായി പയ്യന് വിലയെ കുറിച്ച് ഏകദേശ ധാരണ കിട്ടി. അന്ന് രാത്രി പയ്യന്റെ കടുംബ സദസ്സിൽ അവതരിപ്പിച്ച വിഷയം ഈ കടമുറികൾ വാസു പിള്ള വൈദ്യർക്ക് വിൽക്കുന്നതിനെ പറ്റിയായിരുന്നു. പയ്യന്റെ കാരണവന്മാർ ആ രാത്രി തന്നെ വാസുപിള്ളയുടെ വീട്ടിലേയ്ക്ക് വച്ചു പിടിച്ചു. അവർ പറഞ്ഞു: ” എന്താ വാസു പിള്ളേയിത്?. സ്വന്തം സമുദായക്കാരാരും വാങ്ങാനില്ലെങ്കിൽപ്പോരേ… അന്യ സമുദായക്കാരോട് ചോദിക്കാൻ ?”
വാസുപിള്ള ധർമ്മ സങ്കടത്തിലായി. വൈദ്യരുമായുള്ളത് ദീർഘകാലത്തെ ബന്ധമാണ്. വാക്കു പറഞ്ഞതല്ലേ മാറാൻ ഒരു വിഷമം. പയ്യന്റെ ആൾക്കാരുടെ നിർബന്ധം കലശലായപ്പോൾ മനസ്സില്ലാമനസ്സോടെ വാസുപിള്ള വഴങ്ങി. പിറ്റേന്ന് ഒരു ക്ഷമാപണത്തോടെ വാസുപിള്ള വൈദ്യരോട് കാര്യം പറഞ്ഞു. അപ്പോഴാണ് വൈദ്യർ താനും വാസു പിള്ളയും തമ്മിൽ സംസാരിക്കുന്ന കാര്യം പയ്യൻ ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നത്.
പിന്നെല്ലാം വേഗത്തിൽ നടന്നു. പയ്യൻ കട മുതലാളിയായി. പയ്യൻ വേഗം കച്ചവടം പഠിച്ചു. ചായ്പ്പിൽ ചായക്കടയും നടത്തി. എല്ലാറ്റിനും അഞ്ച് പൈസ വീതം കുറച്ചു കൊടുക്കാൻ തുടങ്ങിയപ്പോൾ വൈദ്യരുടെ കെട്ടിടത്തിലെ ചായക്കട പൂട്ടി. വൈദ്യർ വേഗം രണ്ട് കടമുറികൾ പണിയിച്ചു. നെയ്ത്ത് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു. ഒരു പ്രദേശത്തെ മിക്കവാറും എല്ലാ വീട്ടുകാരും നെയ്ത്ത് യന്ത്രങ്ങൾ സ്ഥാപിച്ചു. കൈത്തറിയും കുഴിത്തറിയും തുടങ്ങി. എല്ലാവരും സൊസൈറ്റിയിൽ അംഗങ്ങളായി. മിക്കവാറും ആൾക്കാർ വീടിനൊപ്പം ചായിപ്പു കെട്ടി ചർക്കയിൽ നൂൽ നൂൽക്കാൻ തുടങ്ങി. സൊസൈറ്റിയുടെ പ്രവർത്തനം വൈദ്യരുടെ കടമുറികളിലൊന്നിൽ നന്നായി നടന്നു. നെയ്ത്ത് വ്യവസായം തുടങ്ങിയതോടെ പല വീടുകളിലേയും പട്ടിണി മാറി. ജീവിതം പച്ചപിടിച്ചു. പരദൂഷണം തൊഴിലാക്കിയവർ നെയ്ത്ത് തൊഴിലാളികളായി.
ഒരു കടമുറി വൈദ്യർ മകളുടെ തയ്യൽക്കടയ്ക്കായി നൽകി. തയ്യൽ പഠിപ്പിക്കലും തയ്യൽ ജോലിയും അവൾ നന്നായി ചെയ്തു.
അങ്ങിനെയിരിക്കെയാണ് ഒരു പൊടി മീശക്കാരൻ സൊസൈറ്റിയിൽ കണക്കപ്പിള്ളയായി എത്തുന്നത്.
(തുടരും)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോസ് ജെ വെടികാട്ട്
പണം ചെലവാക്കുന്നതിനെ സംബന്ധിച്ച് ഞാൻ രൂപപ്പെടുത്തിയ ഒന്നാമത്തേ തത്വം താഴെ പ്രതിപാദിക്കുന്നു.
പണം ചെലവാക്കുന്നതിനെ കുറിച്ച് സാധാരണ മനുഷ്യനിൽ അന്തർലനീയമായ തത്വം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. ഏറ്റവും കുറഞ്ഞതും അഭികാമ്യവുമായ ചിലവ് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഉണ്ടാകേണ്ടതാണ്. പണം ചെലവാക്കുന്നതിനുള്ള പ്രവണതയായ പണം ചെലവഴിക്കലിന്റെ ആവൃത്തി(frequency) അഥവാ ഉപഭോഗചിലവിന്റെ ആവൃത്തി കുറഞ്ഞിരുന്നാൽ വ്യക്തിക്ക് കൂടുതൽ സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്ത്വവും കൈവരുന്നു. മുതലാളിത്തം അഥവാ കമ്പോളവ്യവസ്ഥയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയോ, ജനാധിപത്യസോഷ്യലിസത്തിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയോ ഈ തത്വം പ്രാവർത്തികമാകാൻ അനിവാര്യമാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ പണം മിച്ചം പിടിക്കാൻ ആരും താത്പര്യം കാണിക്കില്ല. കാരണം പണം സ്വരൂപിക്കുന്നത് അവിടെ നിരർത്ഥകമാണ്.
ആപേക്ഷികമായി ഈ തത്വത്തിന് വളരെ പ്രസക്തിയുണ്ട്. സാധാരണക്കാരന്റെയും, പാവപ്പെട്ടവന്റെയും കാര്യത്തിൽ, ഉപഭോഗത്തിന് വേണ്ടി ചിലവാക്കുന്ന പണം താരതമ്യം ചെയ്താൽ അത് ധനാഡ്യന്റെതിനേക്കാൾ വളരെ കുറവാണ്. ധനാഡ്യന്റെ ഉപഭോഗചിലവ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ഉപഭോഗചിലവിനെക്കാൾ കുറവാണ്. വരുമാനത്തിന്റെ ശതമാനമായ് ചിലവ് കണക്കാക്കിയാൽ. സാധാരണക്കാരനും പാവപ്പെട്ടവനും തങ്ങളുടെ കുറഞ്ഞ വരുമാനത്തിന്റെ ഏറിയ ഭാഗവും ഉപഭോഗത്തിനാണ് ചെലവാക്കുന്നത്. ഒരു നിശ്ചിതകാലയളവിലുള്ള അഥവാ ഒരു നിശ്ചിത സമയപരിധിക്കുള്ളിലുള്ള ഉപഭോഗചിലവിനാണ് ഉപഭോഗചെലവിന്റെ ആവൃത്തി അഥവാ പണം ചെലവാക്കുന്നതിന്റെ ആവൃത്തി എന്നു പറയുന്നത്.
ഒരു നിശ്ചിതസമയപരിധിക്കുള്ളിൽ എത്ര പ്രാവശ്യം പണം എത്രത്തോളം ചിലവഴിക്കുന്നു എന്നും ഇതിന് വിവക്ഷയുണ്ട്. ഒരു ഉപഭോക്താവിന് വീണ്ടും വീണ്ടും പണം ചിലവാക്കാനുള്ള പ്രവണതയുണ്ട്. അതു തന്നെയാണ് പണം ചിലവഴിക്കുന്നതിന്റെ ആവൃത്തി. അതായത് ചിലവഴിക്കൽ ആവർത്തിക്കപ്പെടുന്നു. എത്ര കിട്ടിയാലും തികയില്ല. പോരാ. കുറഞ്ഞ സമയത്തിനുള്ളിൽ പണം മുഴുവൻ ചിലവാക്കിത്തീർക്കുന്നത് ഒട്ടും അഭികാമ്യമല്ല. പിന്നീട് എന്തു ചെയ്യും? ഒരു മനുഷ്യന്റെ ആവശ്യങ്ങൾക്ക് പരിധിയില്ലാത്തതാണ് എത്ര ചെലവാക്കിയാലും അവന്‍ സംതൃപ്തി കൈവരാത്തതിന്റെ കാരണം. അത്യാവശ്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകണം, ചിലവാക്കുന്ന കാര്യത്തിൽ. പക്ഷേ മനുഷ്യന് എല്ലാം അത്യാവശ്യങ്ങളാണ്.
വരുമാനം കൂടുമ്പോൾ ഒരാൾ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം, അയാളുടെ ആകെ വരുമാനവുമായി തട്ടിച്ച് നോക്കുമ്പോൾ താരതമ്യേന കുറവാണ്. അതായത് വരുമാനം കൂടുമ്പോൾ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ താരതമ്യേന കുറവാണെന്ന് കാണാം. കാരണം ഇവിടെ സമ്പാദ്യം കൂടുതലായി സ്വരൂപിക്കപ്പെടുന്നു.സമ്പാദ്യം കൂടുതൽ സ്വരൂപിക്കപ്പെടുക വഴി ജീവിതത്തിൽ കൂടുതൽ ഉന്നതി പ്രാപിക്കാനാണ് വ്യക്തികൾ ശ്രമിക്കുന്നത്. അതോടൊപ്പം ആകെച്ചിലവിലും വർദ്ധനവുണ്ടാകുന്നു. ഇവിടെ വ്യാപാര വ്യവസായ സംരംഭങ്ങളിൽ പണം നിക്ഷേപിക്കുവാൻ ആളുകൾ കൂടുതൽ താത്പര്യം കാണിക്കുന്നു. ഉപഭോഗചെലവ് വരുമാനത്തിന്റെ ശതമാനമായ് കണക്കാക്കിയാൽ അത് സമ്പത്തുമായ് അഥവാ ആസ്തിയുമായ് നെഗറ്റീവായ് ബന്ധപ്പെട്ടിരിക്കുന്നു. (Correlated negatively)
ചിലവിന്റെ ആവൃത്തിയുടെ കാര്യത്തിലും ഇത് ശരിയാണ്. വരുമാനം കൂടുമ്പോൾ ഉപഭോഗചിലവും കൂടുന്നു. വരുമാനത്തിന്റെ ശതമാനമായ് കണക്കാക്കിയാൽ ഉപഭോഗചിലവിന്റെ ആവൃത്തി വരുമാനമായും സമ്പത്ത് അഥവാ ആസ്തിയുമായും നെഗറ്റീവായ് ബന്ധപ്പെട്ടിരിക്കുന്നു. കമ്പോളവ്യവസ്ഥയിൽ പണം ചിലവാക്കാനുള്ള അവസരങ്ങളും പണം ചിലവാക്കാനുള്ള താത്പര്യവും കൂടുതലാണല്ലോ. ഇവിടെ ആവശ്യങ്ങൾ കൂടുതലായി സൃഷ്ടിക്കപ്പെടുന്നു. ഇപ്രകാരം കമ്പോളവത്കരണത്തിൽ അധിഷ്ഠിതമായ ആവശ്യങ്ങളുടെ സൃഷ്ടി ഈ ബന്ധത്തെ(വരുമാനവും ഉപഭോഗചിലവും) പോസിറ്റീവാക്കുന്നു. പണം ചെലവാക്കുന്നതിനെ കുറിച്ചുള്ള തത്വം ശരാശരിയിൽ ഊന്നിയുള്ളതാണ്. അതൊരു ശരാശരി തത്വമാണ്.(a principle of the average) ‘ഉള്ളപ്പോൾ ഓണം പോലെ “എന്ന് പറയുന്നതിനേക്കാൾ നല്ലത് എന്നും കുറച്ചെങ്കിലുമുണ്ട് എന്നു പറയുന്നതാണ്. അതായത് ഒരു ദിവസം പോലും തീരെ ഇല്ലാതെ വരുന്നില്ല . ശരാശരി ഉപഭോഗമെങ്കിലും എന്നും സാധ്യമായാൽ ജീവിതം സുരക്ഷിതമാണെന്നു കരുതാം.
പണം ചെലവാക്കുന്നതിനെക്കുറിച്ചുള്ള സാധാരണ മനുഷ്യന്റെ തത്വത്തിന് ആഗോളപ്രസക്തിയുണ്ട്. ധനവാന്മാരുടെയും സാധാരണക്കാരുടെയും കാര്യത്തിൽ അത് ഒരേ പോലെ പ്രസക്തമാണ്. പണമുള്ളവർ ഓഹരി വാങ്ങാനും മറ്റ് സംരംഭങ്ങളിൽ ഏർപ്പെടാനും വ്യഗ്രതയുള്ളവരാണ്. ആയതിനാൽ അവർക്കും ഒരു പരിധിയിൽ കവിഞ്ഞ് ഉപഭോഗത്തിന് പണം ചിലവിടാൻ പറ്റില്ല. ജീവിതത്തിൽ ആസ്വദിക്കാനുള്ളതിനും ഉപയുക്തമാക്കാനുള്ളതിനും ഒരു പരിധി ഉണ്ടാകുന്നത് നല്ലതാണ്.
ജീവിതത്തിൽ ഉന്നതപദവി കൈവരിച്ചവരെല്ലാം ഈ തത്വം പ്രാവർത്തീകമാക്കിയവരാണെന്നു കരുതാം. ചിലവ് ചുരുക്കലിലാണ് ജീവിതവിജയത്തിന്റെ തുടക്കം. ‘അധികമായാൽ അമൃതവും വിഷം.” ‘മിതത്വം “ജീവിതത്തിന്റെ ഒരു മൗലിക ഗുണമാണ്. ചുരുക്കത്തിൽ പണച്ചിലവിന്റെ അഥവാ ഉപഭോഗചിലവിന്റെ ആവൃത്തി കുറഞ്ഞിരുന്നാൽ ഒരു വ്യക്തിയുടെ ജീവിതം സുരക്ഷിതമാവും. ശരാശരി ആവൃത്തിയാകുന്നതിൽ തെറ്റില്ല, എന്നാൽ ആവൃത്തിയെ കയറൂരി വിടരുത്.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷങ്ങൾ അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
.
ഡോ. ഐഷ വി
2023 ജനുവരി 28 ന് ഒരു സ്റ്റാഫ് ടൂർ പോകാമെന്ന് കംപ്യൂട്ടർ ഡിപാർട്ട്മെന്റിലെ അനിറ്റ് സെബിയും ഷാലിബയും കൂടി പ്ലാൻ ചെയ്തു. ഞാനും ഭർത്താവും കൂടെ വരാമെന്നേറ്റു. ആതിരപള്ളി , വാഴച്ചാൽ, വഴി തൃശ്ശൂരിലെ സ്നേഹതീരം എന്ന കടൽത്തീരം കൂടി കണ്ട് മടങ്ങാമെന്ന പദ്ധതിയിൽ കൗതുക പാർക്ക് കൂടി ഉൾപ്പെടുത്താമെന്ന ആശയം ഷാലിബയുടേതായിരുന്നു. കാരണം ഷാലിബ 5 വർഷം മുമ്പ് അവിടെ പോയിട്ടുണ്ടത്രേ. രാവിലെ ഏഴുമണിയോട് കൂടി വടക്കാഞ്ചേരിയിലെ ഇന്ത്യൻ കോഫീ ഹൗസിനടുത്തെത്തിയ നിരജ്ജൻ എന്നു പേരിട്ട ട്രാവലറിൽ ഞങ്ങളും കയറി. വണ്ടി പന്നിയങ്കര ടോൾ കഴിഞ്ഞു പത്ത് കിലോമീറ്ററോളം ചെന്നപ്പോൾ കുതിരാൻ തുരങ്കത്തെത്തി. സഹ്യന്റെ അടിയിലുടെ ഒരു കിലോമീറ്ററോളം നീളത്തിലുള്ള തുരങ്കമാണ് കുതിരാൻ തുരങ്കം. പണ്ട് തുരങ്കം വരുന്നതിന് മുമ്പ് കുതിരാൻ മല ചുറ്റി പോകേണ്ടി വന്നപ്പോൾ ഗതാഗത കുരുക്കുണ്ടാക്കിയിരുന്ന ഒരു കുപ്പിക്കഴുത്തായിരുന്നു ആ വഴി . നാഷണൽ ഹൈവേ 544 ലൂടെ .. ഇരുഭാഗത്തേക്കും ഓടുന്ന ദിവസം 15000 വീതം വണ്ടികളെ കടത്തിവിടാനുള്ള വിസ്താരം ഈ കാനന പാതയ്ക്കില്ലായിരുന്നു. എന്നാൽ ഇരു ഭാഗത്തേയ്ക്കുമുള്ള പാതയ്ക്കായി 2 തുരങ്കങ്ങൾ നിർമ്മിച്ചതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമായി.
അത്യാവശ്യ സന്ദർഭത്തിൽ ഇരു തുരങ്കങ്ങളിലേയ്ക്കും പരസ്പരം കടക്കാനുള്ള സംവിധാനങ്ങളും ചെയ്തിട്ടുണ്ട്. മലിനവായു പുറന്തള്ളാൻ ഫാനുകളും. കൂട്ടത്തിലെ കൊച്ചു കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ തുരങ്കം ആദ്യ കാഴ്ചയായിരുന്നു. അങ്ങനെ കുതിരാനും മണ്ണുത്തിയും പിന്നിട്ട് വണ്ടി മുന്നോട്ട്. ചാലക്കുടിയ്ക്കടുത്തുള്ള പോട്ടയിലാണ് കൗതുക പാർക്ക്. ശ്രീ വർഗ്ഗീസ് വെളിയത്തും ഭാര്യ ലിസിയും കൂടി നടത്തുന്ന ഈ പാർക്ക് അവരുടെ വീടിനോട് അനുബന്ധിച്ചുള്ളതാണ്. വണ്ടി അവരുടെ വീട്ടുമുറ്റത്തൊതുക്കി. ഞങ്ങൾ ഇറങ്ങി നോക്കിയപ്പോൾ ആദ്യം പുറത്താരേയും കണ്ടില്ല. ഷാലിബയുടെ മകൻ അബ്ദു വണ്ടിയിൽ നിന്നും ഓടി അവരുടെ കാർ ഷെഡിലൂടെ സിറ്റൗട്ടിൽ കയറിയപ്പോഴേയ്ക്കും വീട്ടുടമസ്ഥ ശ്രീമതി ലിസി പുറത്തേയ്ക്കിറങ്ങി വന്നു. ഷാലിബയുടെ മകൻ അവർക്കൊരു ” ഹായ്” പറഞ്ഞിട്ട് നേരെ വീട്ടിനകത്തേയ്ക്കും കടന്നു.
ഷാലിബ അവരോട് സംസാരിച്ച് നിൽക്കുന്നതിനിടയിൽ എന്നെ ആകർഷിച്ച ആദ്യ കൗതുക കാഴ്ച്ച അവരുടെ കാർ ഷെഡിന് മുകളിൽ പടർന്ന് പന്തലിച്ച് പൂക്കളും കായ്കളുമായി നിൽക്കുന്ന ആൽമരത്തിന്റെ കുടുoബത്തിൽപെട്ട ഫൈക്കസ് വൃക്ഷമായിരുന്നു. പുരപ്പുറത്ത് ഒരാലു കരുത്താൽ പിഴുതു കളയുകയോ ആസിഡ് ഒഴിച്ചു നശിപ്പിക്കുകയോ ആയിരിക്കും സാധാരണക്കാർ ചെയ്യുക. ഞാൻ അവരോട് ചോദിച്ചു: ഇത് ചെടിച്ചട്ടിയിലാണോ ആദ്യം നട്ടിരുന്നത് എന്ന്. അവർ ” അതേ, പിന്നീട് അതിന്റെ ഒരു വേര് താഴോട്ടിറക്കുകയായിരുന്നു എന്ന് പറഞ്ഞു. അപ്പോഴാണ് 45 ഡിഗ്രി ചരിച്ച് സ്ഥാപിച്ച വലിയ പി വി സി പൈപ്പുപോലെ തോന്നിച്ച സാധനം പൈപ്പല്ല ചെടിയുടെ മണ്ണിലേയ്ക്കിറക്കിയ പ്രോപ് റൂട്ടായിരുന്നെന്ന്. അതിലൂടെ ചെടിയ്ക്ക് ആവശ്യത്തിന് വെള്ളവും വളവും ലഭിയ്ക്കുന്നതിനാൽ അതിനായി ഉടമസ്ഥന്റെ കെട്ടിടം കേടു വരുത്തേണ്ട കാര്യമില്ലല്ലോ. അപ്പോഴാണ് അതിനടുത്തായി ഉടമസ്ഥൻ ഇംഗ്ലീഷിലും മലയാളത്തിലും കുറിപ്പെഴുതി തൂക്കിയിരിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇതിനകം പ്രവേശനഫീസായ എഴുപത് രൂപ ഒരോരുത്തർക്കും വേണ്ടി ഷാലിബ അവരെ ഏൽപ്പിച്ച് കൊണ്ടുവന്ന ഭക്ഷണം കഴിക്കാനുള്ള സ്ഥലം അന്വേഷിച്ചു. ടെറസ്സിൽ വച്ച് കഴിയ്ക്കാമെന്ന് അവർ പറഞ്ഞു. ഇതിനിടയിൽ ഉടമസ്ഥനും എത്തിയിരുന്നു. ഭക്ഷണം കഴിച്ചിട്ട് പായ്ക്കറ്റുകൾ അവിടെ കളഞ്ഞിട്ട് പോകരുതെന്ന ഒരെളിയ നിർദ്ദേശം ഉടമസ്ഥൻ ഞങ്ങൾക്കു തന്നു. ഞങ്ങൾ അതനുസരിച്ചു. ടെറസ്സിൽ കയറി. പാരപ്പെറ്റിനടുത്തായി രണ്ട് വാഷ് ബേസിനുകൾ സ്ഥാപിച്ചിരുന്നു. രണ്ട് തീൻ മേശകൾ . ധാരാളം പ്ലാസ്റ്റിക് കസേരകൾ . ട്രസ്സ് വർക്ക് ചെയ്ത ടെറസ്സിൽ മുൻ ഭാഗത്തായി ബോർഡിന് മുകളിൽ ചെറു മൺകലങ്ങൾ ചേർത്തു കെട്ടി ഒരു കമാനം. ഒരേണി , തടി ചക്രം തുടങ്ങിയ കൗതുകങ്ങൾ അവിടെ കണ്ടു. കാണുന്ന എല്ലാറ്റിലും കൗതുകം ചേർക്കാൻ ഉടമസ്ഥൻ മറന്നിട്ടില്ല. വാതിലിനും ജനലിനും മുന്നിലായി മൺകല്ലുകളും കട്ടകളും കൊണ്ട് കമാനങ്ങൾ തീർത്തിരുന്നു. ചൂട് ഇടിയപ്പവും കറിയും കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ടെറസ്സിൽ നിന്നു തന്നെ പരിസരം വീക്ഷിച്ചു. മതിലിൽ പറ്റിപ്പിടിച്ച് കയറി പച്ചപ്പ് നൽകുന്ന ചെടികൾ . വീടിന് ചുറ്റും ചെടികൾ മരങ്ങൾ . ചുറ്റും നിത്യ ഹരിത വൃക്ഷങ്ങൾ തന്നെ. അയൽപക്കകാരുടെ പറമ്പിലെ ജാതിയും പിണറയും കൂടി ചേരുമ്പോൾ ഈ കാഴ്ചകൾ വിപുലമാകുന്നു.
ഭക്ഷണ പായ്ക്കറ്റുകൾ വണ്ടിയിൽ സൂക്ഷിച്ച് ഒരുക്കങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് എത്തിയപ്പോഴേയ്ക്കും ഉടമസ്ഥനും ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനായെത്തി. വീടിന് പൂറകുവശത്തെ ഭിത്തിയിൽ ആലേഖനം ചെയ്തിരിയ്ക്കുന്ന അദ്ദേഹം തന്നെയെഴുതിയ കവിത ചൊല്ലാൻ പാകത്തിനകലത്തിൽ അദ്ദേഹം നിന്നു . ഞങ്ങളെ ചുറ്റും നിർത്തി പരിചയപ്പെട്ടു. ഹിന്ദി അധ്യാപകൻ രാജീവ് വീഡിയോ എടുക്കാമെന്നേറ്റു. മലയാളം അധ്യാപകൻ കുഞ്ഞു മൊയ്തീൻ, കോമേഴ്സ് അധ്യാപികമാരായ ശ്രുതി, ലക്ഷീദേവി, ലക്ഷ്മിയുടെ മേയമ്മയുടെ മകൾ ,ഇംഗ്ലീഷ് അധ്യാപിക ഹൃദ്യ , രണ്ടു മക്കൾ, കംപ്യൂട്ടർ അധ്യാപികമാരായ അനിറ്റ് , ശില്ല , ഷാലിബ, ഷാലിബയുടെ മകൻ , കണക്കധ്യാപിക റസീന , റസീനയുടെ മകൻ , എന്റെ ഭർത്താവ് ശ്യാംലാൽ, ഇലക്ടോണിക്സിലെ അജിത്ത് എല്ലാപേരും കേൾവിക്കാരായി ചുറ്റും നിന്നപ്പോൾ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തുടങ്ങി. എല്ലാ ജീവജാലങ്ങൾക്കും സ്വതന്ത്രമായി വിഹരിക്കാൻ പറ്റിയ ആവാസ വ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ഈ ചെറുവനം നിർമ്മിക്കുന്നതിലൂടെ അദ്ദേഹം ചെയ്തത്. വിശദാംശങ്ങൾ വിവരിച്ച ശേഷം അദ്ദേഹം താനെഴുതിയ കവിത ചൊല്ലി. പ്രീഡിഗ്രി വരെ പഠിച്ച അദ്ദേഹത്തിന് ഹിന്ദി, ഇംഗ്ലീഷ്, കവിത, കഥ, ലേഖനങ്ങൾ എന്നിവ വഴങ്ങും. കാൽ നൂറ്റാണ്ട് മുമ്പ് പ്രകൃതിയോടുള്ള ഇഷ്ടം കൂടിയതു കൊണ്ട് പൈതൃക സ്വത്തായി കിട്ടിയ പറമ്പിൽ വനവത്കരണം നടത്തിയപ്പോൾ മതാപിതാക്കളും ഭാര്യയും മകളുമുൾപ്പടെയുള്ള കുടുംബാംഗങ്ങൾ ഇടഞ്ഞപ്പോൾ ഇടനെഞ്ചിലെ വിങ്ങൽ ഒരു ഹിന്ദി കവിതയായി പുറത്തുവന്നത് ആ കാനനഛായയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പാർക്കിന്റെ ഗേറ്റ് തുറന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കാനനത്തിലയ്ക്ക് കടന്നു. അവിടെ യഥേഷ്ടം വിഹരിയ്ക്കുന്ന വെള്ളലി, വിവിധ വർണ്ണ പ്രാവുകൾ, മുയലുകൾ, കോഴികൾ , വാങ്കോഴി . വാത്തകൾ എന്നിവയാണ് ഞങ്ങളെ എതിരേറ്റത്. കാടിന്റെ സ്വാഭാവികത നിലനിർത്താനായി കരിയിലകൾ തൂത്തുവാരുകയോ തീയിടുകയോ അവിടെ ചെയ്യുന്നില്ല. എല്ലാം പൊടിഞ്ഞ് മണ്ണോട് ചേർന്ന് ഒന്ന് മറ്റൊന്നിന് വളമാകും. പത്തോളം കുളങ്ങൾ , ഗുഹകൾ , മണ്ണിനടിയിലും മുകളിലുമുള്ള പാതകൾ , ഏറുമാടങ്ങൾ, മുനിയറകൾ, ഗിന്നസ് ബുക്കിൽ ഇടം പ്രതീക്ഷിച്ച് വളർത്തുന്ന ഏരിയൽ റൂട്ട്, പണ്ടുകാലത്ത് മനുഷ്യരെ മറവു ചെയ്തിരുന്ന നന്നങ്ങാടി ഒക്കെ ഇവിടത്തെ പ്രത്യേകതകളാണ്. ഒരു കളത്തിൽ നിന്നും മറ്റൊരു കുളത്തിലേയ്ക്ക് ഗുഹാ വഴികളിലൂടെയും കുളത്തിന് മുകളിലൊരുക്കിയ നടപ്പാതകളിലൂടെയും സഞ്ചരിയ്ക്കാം. ആദ്യം ഇടതു വശത്തുള്ള കുളത്തിലൂടെ നടന്ന് ഗുഹാ പാതയിലൂടെ നടന്ന് അടുത്ത കുളത്തിലെത്താൻ അദ്ദേഹം നിർദ്ദേശിച്ചു. . ഗുഹാചാതകൾ ആവശ്യത്തിന് വെളിച്ചം കിട്ടത്തക്കതരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
വിവിധ വർണ്ണ മത്സ്യങ്ങൾ കുളത്തിലുണ്ട്. മറ്റു മത്സ്യങ്ങളെ തിന്നുന്നവയെയും തിന്നാത്തവയെയും ഒരേ കുളത്തിൽ ഇട്ടിരിയ്ക്കുന്നു. മുള വളച്ച് വളർത്തി അതിൽ ഏറുമാടം തീർത്തിട്ടുണ്ട്. ചുറുച്ചുറുക്കുള്ള അധ്യാപകരും വിദ്യാർത്ഥികളും ഏറുമാടങ്ങളിൽ കയറി. ഊഞ്ഞാലാടി. ഒരു ഫിഗ് മരത്തിൽ തീർത്ത ഏറുമാടം വളരെ കൗതുകമുണർത്തുന്നതാണ്. ഫിഗിന്റെ പ്രോപ് റൂട്ടുകൾ മരത്തിന് ചുറ്റും വലിച്ച് ചരിച്ച് മണ്ണിലാഴ്ത്തിയിരിയ്ക്കുന്നു. ഈ വേരുകളിലൂടെ ഏറുമാടത്തിലേയ്ക്കെത്താം. അടുത്തടുത്തുള്ള രണ്ട് വേരുകൾ ചേർത്ത് എണിയും പണിഞ്ഞിട്ടുണ്ട്. ഫൈക്കസുകളുടെ പ്രോപ് റൂട്ടുകൾ മണ്ണിലാഴ്ത്തി പുതിയ വൃക്ഷങ്ങൾ രൂപപ്പെടുത്തിയിരിയ്ക്കുന്നു. ചില പ്രോപ് റൂട്ടുകൾ കുളങ്ങളിലാഴ്ത്തി വെള്ളം പ്രകൃത്യാ ശുദ്ധീകരിയ്ക്കുന്ന വിദ്യയും അവലംബിച്ചിട്ടുണ്ട്. ആക്രമണകാരികളും അല്ലാത്തതും നീളം കൂടിയ വയും കുറഞ്ഞവയും വർണ്ണവൈവിധ്യമുള്ളവയും മത്സ്യങ്ങളുടെ ഇടയിലുണ്ട്. ഒരു മുളങ്കൊമ്പ് വളച് മണ്ണിലാഴ്ത്തി പുതുമുളകൾ സൃഷ്ടിച്ചിരിയ്ക്കുന്നു. ഇവിടത്തെ ഓരോ സൃഷ്ടിയും ഉടമസ്ഥൻ കാലത്തിന്റെ സഹായത്തോടെ ഒരു തപസ്യയായി രൂപപ്പെടുത്തിയെടുത്തവയാണ്. പഴയ വസ്തുക്കളുടെ ശേഖരവും നന്നായി വിന്യസിച്ചിരിയ്ക്കുന്നു. വള്ളി മുളയാണ് മറ്റൊരു പ്രത്യേകത. പറ്റിയ താങ്ങ് കണ്ടെത്താൻ ഇവ ദിവസവും കറങ്ങി നോക്കും. ഓരോരുത്തരുടയും നക്ഷത്രമനുസരിച്ചുള്ള വൃക്ഷങ്ങളും അവിടെ ഉൾക്കൊള്ളിച്ചിട്ടുണ്ട് മിക്കവാറും എല്ലാ നിർമ്മിതികളും പാഴ് വസ്തുക്കളായ കുപ്പികളും മൺകലങ്ങളും ചെടി ചട്ടികളും പ്രയോജനപ്പെടുത്തി ചിലവ് ചുരുക്കി ചെയ്തിരിയ്ക്കുന്ന വയാണ്. ശുചി മുറികൾ ചിലവ് കുറച്ച് വൃത്താകൃതിയിൽ നിർമ്മിച്ചിരിയ്ക്കുന്നതിനാൽ അകം വിസ്തൃതവുമാണ്. ഒരു കുളത്തിനരികിലായി വാവലുകൾക്കായി ഒരു ഗുഹ. മറ്റൊരു ഗുഹാ വഴിയിലൂടെ അപ്പുറത്തെ കുളത്തിലെത്താം. ഈ ഗുഹാ വഴിയിൽ ഒരു നീർച്ചാലുണ്ട് . ഈ നീർച്ചാലിലെ ജലം തേടി സമീപത്തെ കാദംബരി(കടമ്പ്) വൃക്ഷത്തിന്റെ വേരുകൾ വെള്ളനിറത്തിൽ നാരുകൾ പോലെ കിടക്കുന്നതും കാണാം.
അടുത്ത കുളത്തിന് മുകളിലായി ഒരു ഫൈക്കസ് വേരുകൾ വളർത്തി പടർന്ന് പന്തലിച്ച് നിൽക്കുന്നു. വേരുകൾ തമ്മിൽ ആശ്ലേഷിച്ച് കഥകൾ പറയുന്നുണ്ടാകാം. ശിഖരങ്ങൾ കാറ്റിലാടി മർമ്മരമുതിർത്ത് കവിതകൾ ചൊല്ലുന്നുണ്ടാകാം. അവയ്ക്ക് അകമ്പടിയായി ഇണപ്രാവുകളുടെ കുറൂ കൽ , മുയലുകളുടെ സ്നേഹ പ്രകടനങ്ങൾ. ജീവനില്ലാതായവയ്ക്ക് ജീർണ്ണിച്ച് മണ്ണോട് ചേർന്ന് ആവാസ വ്യവസ്ഥ പൂർത്തീകരിയ്ക്കാനൊരിടവും പച്ച തണൽ വല കൊണ്ടും നെറ്റു കൊണ്ടും വേലി തീർത്ത ആ വളപ്പിലുണ്ട്. എല്ലാ പ്രകൃതി നിയമങ്ങളും അവിടെ പാലിയ്ക്കപ്പെടുന്നു. എല്ലാ ദിവസവും എല്ലായിടത്തും ഗുഹകളിലും ഉടമസ്ഥൻ കറങ്ങി നോക്കിയിട്ടേ ആളെ കയറ്റാറുള്ളൂ എന്ന് പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോൾ നിയതിയുടെ നിയമങ്ങൾ അനുസരിയ്ക്കുക എന്ന നയം ഉൾക്കൊണ്ട നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഉടമസ്ഥനെ മനസ്സാ നമിച്ചു.
(തുടരും)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.