റ്റിജി തോമസ്
സാൻവിച്ചിലെ നാലാമത്തെ പ്രഭുവായിരുന്ന ജോൺ മൊണ്ടാഗു. കടുത്ത ചീട്ടുകളി പ്രേമിയായിരുന്ന അദ്ദേഹത്തിൻറെ പേരിൽ നിന്നാണ് സാൻവിച്ചിൻ്റെ ഉത്ഭവം എന്നാണ് പൊതുവെ കരുതുന്നത്. കളിയുടെ ആവേശം ചോരാതെ ഭക്ഷണം കഴിക്കുന്നതിനായി മൊണ്ടാഗു പ്രഭുവാണ് ആദ്യമായി ബ്രെഡിന്റെ പാളികൾക്ക് ഇടയിൽ മാംസം വെച്ച് തരാൻ ആവശ്യപ്പെട്ടത് . M 1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ ബേക്കൺ സാൻഡ്‌വിച്ചും മറ്റും ഓർഡർ ചെയ്ത് ഞങ്ങൾ കാത്തിരുന്നപ്പോഴാണ് സാൻഡ്‌വിച്ചിന്റെ ഉത്ഭവത്തെക്കുറിച്ചും സാൻഡ്‌വിച്ചും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ജോജി പറഞ്ഞത്. ഇന്ന് ലോകമെങ്ങും സാൻവിച്ച് ഒരു ജനകീയ ഭക്ഷണമാണ്. ജോൺ മൊണ്ടാഗു ഒരു കൈയിൽ ചീട്ടുപിടിച്ച് സാൻഡ്‌വിച്ച് കഴിച്ച സ്ഥാനത്ത് തിരക്കിൻ്റെ ലോകത്ത് ഒരു കൈയ്യിൽ കമ്പ്യൂട്ടർ കീബോർഡും മറുകയ്യിൽ സാൻഡ്‌വിച്ചുമായി ജോലി ചെയ്യുന്നവരുടേതാണ് ഇന്ന് ലോകം.

ബേക്കൺ സാൻഡ്‌വിച്ചിലെ പ്രധാനഭാഗം പന്നിമാംസം ആണ് . നൂറ്റാണ്ടുകളായി പന്നിമാംസം ഇംഗ്ലീഷ് ഭക്ഷണ ക്രമത്തിന്റെ പ്രധാന ഭാഗമാണ് . തണുപ്പിനെ പ്രതിരോധിക്കുന്നതും പോഷകാംശവും പന്നിയിറച്ചിയുടെ ഉപയോഗം ഇംഗ്ലണ്ടിൽ കൂടിയതിന് ഒരു പ്രധാന കാരണമാണ്. ഇംഗ്ലീഷുകാരുടെ ഇടയിൽ പന്നി മാംസത്തിൽ നിന്നുള്ള വിവിധതരം വിഭവങ്ങൾ പല പ്രധാന ആഘോഷങ്ങളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഭക്ഷണമാണ്. ഇംഗ്ലണ്ടിന്റെ സമ്പദ് വ്യവസ്ഥയിലും പന്നിഫാമുകൾക്കും അനുബന്ധ വ്യവസായങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്.
രണ്ടര മണിക്കൂറോളം നീണ്ട നിർത്താതെയുള്ള യാത്രയ്ക്ക് ശേഷമാണ് ഞങ്ങൾ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇൻ സർവീസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. തിരക്കേറിയ മോട്ടോർ വേകളിൽ നിർത്താതെ യാത്ര ചെയ്യേണ്ടതായി വരുമ്പോൾ വിശ്രമത്തിനായുള്ളവയാണ് സർവീസ് സ്റ്റേഷനുകൾ. വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കാനും ഇന്ധനം നിറയ്ക്കാനും ഷോപ്പിങ്ങിനുമൊക്കെ വിപുലമായ സജ്ജീകരണങ്ങൾ സർവീസ് സ്റ്റേഷനുകളിൽ ഉണ്ട്.
സർവീസ് സ്റ്റേഷനുകളിൽ നിശ്ചിത സമയത്തേയ്ക്ക് വാഹനം ഫ്രീ ആയി പാർക്ക് ചെയ്യാമെങ്കിലും സമയപരിധി കഴിഞ്ഞാൽ ഉടമയിൽ നിന്ന് പണം ഈടാക്കും. എയർപോർട്ടിൽ സുഹൃത്തിനെ യാത്ര അയക്കാൻ പോയ മലയാളി തിരിച്ചുവന്നപ്പോൾ സർവീസ് സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്ത് ഉറങ്ങിപ്പോയത് മൂലം ഫൈനായി വലിയ ഒരു തുക നൽകേണ്ടി വന്നതിനെ കുറിച്ച് ഇടയ്ക്ക് ജോജി പറഞ്ഞു.

ഏകദേശം 40 മിനിറ്റോളം ഡേയ്സ് ഇന്നിൽ ഞങ്ങൾ ചിലവഴിച്ചു . രണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷമുള്ള മനോഹരമായ ഇടവേളയായിരുന്നു ഫോറസ്റ്റ് ഇന്നിൽ ലഭിച്ചത്. മോട്ടോർ വേയിൽ നിന്ന് അൽപം മാറിയായതുകൊണ്ടു തന്നെ യാതൊരു ശല്യവുമില്ലാതെ സുഖകരമായ വിശ്രമം സർവീസ് സ്റ്റേഷനുകൾ യാത്രക്കാർക്ക് പ്രധാനം ചെയ്യും. വിശാലമായ പാർക്കിംഗ് ഏരിയയും അതിനപ്പുറം ദൃശ്യമാകുന്ന മരങ്ങളുടെ പച്ചപ്പും തണുത്ത കാറ്റും എല്ലാം ചേർന്ന് യാത്രയുടെ ക്ഷീണത്തെ പമ്പകടത്തും.
ഇവിടെ നിന്നും ലണ്ടനിൽ ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന താമസസ്ഥലത്തേയ്ക്ക് ഇനിയും 100 മൈലോളം (160 കിലോമീറ്റർ) ദൂരമുണ്ട് . വീണ്ടും ഞങ്ങൾ യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കോനാട്ട് റോഡിലെ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോം സ്‌റ്റേയിൽ എത്തിച്ചേർന്നു. അവിടെ ഹോംസ്റ്റേയുടെ ഉടമ ബെഞ്ചമിൻ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
മോഹൻദാസ്
ജീവിതം വിജയകരമാക്കാൻ വേണ്ട ടിപ്സുകൾ സുലഭമായി വിരൽത്തുമ്പിൽ വിടരുന്ന കാലമാണ് സമൂഹമാധ്യമ കാലം. ശല്യമാകുന്ന പൂച്ചയെ കളയുന്നതു മുതൽ വൃദ്ധയായ അമ്മയെ എങ്ങനെ വിജയകരമായി ഉപേക്ഷിക്കാം എന്നു വരെ ഗൈഡൻസ് തരുന്ന സക്സസ്ഫുൾ ടിപ്സ് ഇന്ന് ലഭ്യമാണ്. തമാശയുടെ ആവരണമണിഞ്ഞ നീറുന്ന സത്യങ്ങളാണ് വിനോദ് ‘നായർ മിണ്ടാട്ടം എന്ന പുതിയ പുസ്തകത്തിലൂടെ പറയുന്നത്.
ഈ കുറിപ്പിൻ്റെ ശീർഷകത്തിന് ഉള്ളുപൊള്ളിക്കുന്ന ചൂടുണ്ട്.
ഗുരുവായൂരമ്പലനടയിലെ വഴിപാട് കൗണ്ടറിനു സമീപം വൃദ്ധയായ അമ്മയെ ഇരുത്തുക. ഇപ്പോൾ വരാമെന്നു പറഞ്ഞ ശേഷം മുങ്ങുക. ക്രൂരമായ ഒരു കറുത്ത ഫലിതം പോലെ അമ്മ.
വൃദ്ധമാതാവിനെ ഉപേക്ഷിക്കൽ എന്ന ലളിതമായ ടിപ്പ് വായിക്കുമ്പോൾ മന:സാക്ഷി മരിച്ചു പോയ സമൂഹത്തിൻ്റെ കാപട്യത്തിനും പൊങ്ങച്ചത്തിൻ്റെയും മുഖത്തിനുള്ള ഒരടി തന്നെയാണ്.
മനസ്സിൽ നന്മയുള്ളവർക്കേ കരയാൻ പറ്റു എന്നൊരു വരി മിണ്ടാട്ടത്തിന് അവതാരികയെഴുതിയ സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്.
ഋഷിരാജ് സിങ്ങ് മൂലം കല്യാണദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ശില്പയും കള്ളിയങ്കാട്ട് നീലിയുമൊക്കെ വായനയ്ക്കു ശേഷവും മനസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ മടിക്കുന്ന കഥാപാത്രങ്ങളാണ്.
നാൽപ്പത്തിരണ്ടോളം ഓർമ്മക്കുറിപ്പുകൾ , (ഓർമ്മശലഭങ്ങൾ എന്നു പറയാനാണ് എനിക്കിഷ്ടം) മിണ്ടാട്ടത്തിലുണ്ട്.
ജീവിതം തൊട്ടറിഞ്ഞ അനുഭവങ്ങളാണ് വിനോദ് നായർ നമുക്കു മുന്നിൽ വയ്ക്കുന്നത്. വായന കഴിഞ്ഞാലും ഈ ഓർമ്മശലഭങ്ങൾ നമ്മുടെ ഓർമ്മകളോടു മിണ്ടാട്ടം നിർത്തില്ല.

മിണ്ടാട്ടം : വിനോദ് നായർ
ഓർമ്മ
പ്രസാ: ഡി. സി ബുക്സ്
വില : 230 രൂപ
കോട്ടയം ജില്ലയിലെ അരീപ്പറമ്പിൽ ജനിച്ച വിനോദ് നായർ ഇപ്പോൾ മലയാള മനോരമ കോട്ടയം യൂണിറ്റിൽ ചീഫ് ന്യൂസ് എഡിറ്റർ ആണ് .. പിതാവ്: പി.ജി. പരമേശ്വരൻ നായർ. മാതാവ്: എൻ. രാധമ്മ. കോട്ടയം സി.എം.എസ്. കോളേജിലും ബസേലിയസ് കോളേജിലും കൊച്ചി മീഡിയ അക്കാദമിയിലുമായിരുന്നു വിദ്യാ ഭ്യാസം.
മോഹൻദാസ് : കോട്ടയം മുട്ടമ്പലം സ്വദേശി. കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.
റ്റിജി തോമസ്
2022 ഒക്ടോബർ 10-ാം തീയതി രാവിലെ ഞങ്ങൾ ലണ്ടനിലേക്ക് യാത്രതിരിച്ചു. യുകെയിലെത്തിയ അന്നുമുതൽ എൻറെ യാത്രകളെല്ലാം നിർണ്ണയിച്ചിരുന്നത് ജോജിയും മിനിയും ചേർന്നായിരുന്നു. സാധാരണഗതിയിൽ ഒരു യാത്രയ്ക്കായി ഒത്തിരി ഒരുക്കങ്ങൾ നടത്തുന്ന വ്യക്തിയാണ് ഞാൻ. ഇവിടെ എൻറെ എല്ലാ യാത്രകൾക്കുമുള്ള ഒരുക്കങ്ങൾ എനിക്ക് പകരം ജോജിയും മിനിയും ചെയ്യുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് എന്റെ യുകെ യാത്രയിൽ സന്ദർശിക്കാൻ ഞാൻ ഏറ്റവും കൂടുതൽ മുൻഗണന കൊടുത്ത സ്ഥലം . വെയ്ക്ക് ഫീൽഡിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിൻ മാർഗവും യാത്ര ചെയ്യാമെങ്കിലും കാറിൽ പോകാമെന്നാണ് ജോജി തീരുമാനിച്ചത്.

ഞങ്ങളുടെ യാത്ര സംഘത്തിൽ 5 പേർ ഉണ്ടായിരുന്നു. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും അദ്ദേഹത്തിൻറെ ഭാര്യ ജോസ്‌നയുടെ സഹോദരൻ ജോയലും ബന്ധുവായ ലിറോഷും . മൂന്ന് ദിവസത്തെ ലണ്ടൻ യാത്ര ഇത്ര മനോഹരമായതിനെ ഒരു കാരണം വിജോയിയും ജോയലും ലിറോഷും ഞങ്ങളോടൊപ്പം ചേർന്നതായിരുന്നു. വിജോയിയുടെ സ്വദേശം തൃശൂർ ഒല്ലൂർ ആണ്. കാനഡയിൽ പഠനം നടത്തുന്ന ജോയലും ലിറോഷും അവധി ആഘോഷിക്കാൻ യുകെയിൽ എത്തിയതാണ്.
ജോജിയുടെ കാറിൽ നാവിഗേറ്റർ ക്രമീകരിച്ചു യാത്ര ആരംഭിച്ചു . വെയ്ക്ക് ഫീൽഡിൽ നിന്ന് 297 കിലോമീറ്ററുകളാണ് ലണ്ടനിലേയ്ക്കുള്ളത്. ഞങ്ങളുടെ യാത്ര M1 മോട്ടോർ വേയിലൂടെയാണ് . മോട്ടോർ വേകളുടെ പ്രത്യേകതകളെ കുറിച്ച് ജോജിയും വിജോയും കാര്യമായി തന്നെ പറഞ്ഞു തന്നു.
വേഗത നിയന്ത്രണവും തിരക്ക് ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായിട്ടാണ് മോട്ടോർവേകളിൽ ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ പ്രധാനപ്പെട്ട നഗരങ്ങളിൽ പോലും നിശ്ചിത സമയമാണ് വിവിധ സിഗ്നലുകൾക്കായി ക്രമീകരിച്ചിരിക്കുന്നത് . ഇതിന്റെ ഫലമായി ഒരു വാഹനം പോലും പോകാനില്ലെങ്കിലും പച്ച ലൈറ്റ് തെളിയാത്തതിനാൽ കാത്തു കിടേക്കണ്ടി വരുന്ന ദുരവസ്ഥ നമ്മൾ പലപ്പോഴും നേരിട്ടിട്ടുണ്ടാവും.
എന്നാൽ മോട്ടോർവേകളിൽ തികച്ചും വ്യത്യസ്തമാണ് കാര്യങ്ങൾ. മോട്ടോർവേകളിൽ സാധാരണ വേഗ പരിധി 70 മൈൽ ആണ്. ചുവപ്പ് , മഞ്ഞ, പച്ച എന്നീ സിഗ്നലുകൾക്ക് പകരം വാഹനങ്ങളുടെ തിരക്ക് അനുസരിച്ചുള്ള വേഗ നിയന്ത്രണമാണ് മോട്ടോർവേകളിൽ ഉള്ളത് .

യുകെയിലെ എന്റെ യാത്രയെ അടിസ്ഥാനമാക്കി മലയാളം യുകെയിൽ പംക്തി പ്രസിദ്ധീകരിക്കണമെന്ന ആശയം നേരത്തെ മനസ്സിലുണ്ടായിരുന്നതുകൊണ്ട് പലകാര്യങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ ചോദിക്കാതെ തന്നെ പല കാര്യങ്ങളും ജോജിയും വിജോയിയും എനിക്ക് വിശദീകരിച്ചു തന്നു. മോട്ടോർ വേകളിൽ ഇന്ധന ക്ഷമത (Energy Efficiency ) ലെയ്നുകളെ കുറിച്ച് പറഞ്ഞത് ജോജിയാണ്. മോട്ടോർ വേയ്സിൽ തന്നെ പല ലെയ്നുകൾക്കും വിവിധ സ്പീഡിൽ സഞ്ചരിക്കുന്നവർക്കും വേണ്ടിയാണ് നിർമിച്ചിരിക്കുന്നത് . വേഗത കുറഞ്ഞ് പോകുന്ന മോട്ടോർ വേ ഭാഗങ്ങളിൽ മിനുസമുള്ളവയും കൂടുതൽ വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗങ്ങളിൽ അപകടം കുറയ്ക്കാൻ പരുപരുത്തതായുമാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അമിതവേഗത്തിൽ യാത്ര ചെയ്യുന്ന ലെയ്നുകളെക്കാൾ എനർജി എഫിഷ്യൻസി കിട്ടുന്നത് വേഗത കുറഞ്ഞ ലെയ്നുകളിൽ യാത്ര ചെയ്യുമ്പോഴായിരിക്കും. എമർജൻസി സർവീസിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഹാൻഡ് ഷോൾഡർ എന്ന് അറിയപ്പെടുന്ന ലെയ്നുകൾ ഗതാഗത കുരുക്ക് കൂടുമ്പോൾ തുറന്നു കൊടുക്കുന്ന സംവിധാനവും മോട്ടോർ വേകളുടെ പ്രത്യേകതയാണ്.
ഫ്രീ എയർ സോണുകളുടെ പ്രത്യേകമേഖല എന്ന ആശയവും എന്നെ വളരെ ആകർഷിച്ചു. ടോൾ നൽകേണ്ടതും അല്ലാത്തവയുമായ ഫ്രീ എയർ സോണുകൾ മോട്ടോർ വേയിലുണ്ട്. വാഹനങ്ങളുടെ മലിനീകരണതോത് അനുസരിച്ചാണ് തുക നിർണ്ണയിക്കപ്പെടുന്നത്. വായു മലിനീകരണം കുറയ്ക്കുക എന്നതാണ് ഫ്രീ എയർ സോണുകളുടെ ലക്‌ഷ്യം .

മോട്ടോർ വേയിലെ യാത്രയിൽ മൾട്ടി നാഷണൽ കമ്പനികളുടെ കൂറ്റൻ വെയർഹൗസുകൾ , വിലയേറിയ ലക്ഷ്വറി കാറുകൾ വഹിച്ചു കൊണ്ടുള്ള കണ്ടെയ്നർ വാഹനങ്ങൾ തുടങ്ങി ഇംഗ്ലണ്ടിന്റെ വ്യവസായ വളർച്ചയുടെ ചില നേർ ചിത്രങ്ങൾ നമ്മൾക്ക് കാണാൻ സാധിക്കും. എന്തെങ്കിലും കാരണത്താൽ വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയാൽ കരുതേണ്ട കാര്യങ്ങളെ കുറിച്ച് മോട്ടോർ വേ അതോറിറ്റി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതിൽ പ്രധാനമാണ് തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള വസ്ത്രങ്ങളും അത്യാവശ്യ ഭക്ഷണവും വെള്ളവും.
മാഞ്ചസ്റ്ററിൽ എയർപോർട്ടിൽ നിന്ന് വെയ്ക്ക് ഫീൽഡിലേയ്ക്കും അവിടെനിന്ന് വെസ്റ്റ് യോർക്ക് ഷെയറിലേയ്ക്കും ലീഡ്‌സിലേക്കും ഒക്കെ സ്മാർട്ട് മോട്ടോർ വേയിൽ കൂടി യാത്ര ചെയ്തിരുന്നെങ്കിലും സ്മാർട്ട് മോട്ടോർ വേകൾ ഇത്ര സ്മാർട്ട് ആണെന്ന് മനസ്സിലായത് എന്റെ ലണ്ടൻ യാത്രയിലാണ്.
രാവിലെ യാത്ര തിരിച്ച ഞങ്ങൾ ഒൻപത് മണിയോടെ M1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ എത്തിച്ചേർന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
ജോസ് ജെ. വെടികാട്ട്
ഓ പെണ്ണേ നീയവന് പുതച്ചുറങ്ങാൻ ആത്മസംതൃപ്തിയോടെ ഒരു പുതപ്പു നല്കി, അങ്ങനെ അവന്റെ സ്വപ്നങ്ങളിൽ നീ നിർജ്ജീവയും നിഷ്ക്രിയയും ആയ പെണ്ണായ് മാറി !
അവനെ വഞ്ചിക്കാൻ താത്പര്യമില്ലാത്തതു കൊണ്ട് നീയവന്റെ പ്രണയാഭ്യർത്ഥന നിഷേധിക്കുന്നു!
എന്നാൽ നീയവനെ അവഗണിച്ചാൽ അവൻ തകരുമല്ലോ എന്ന കുറ്റബോധത്താൽ നീയവനെ സ്വീകരിക്കാൻ തീരുമാനിക്കുന്നു, ഓ പെണ്ണേ നീയെത്ര പാവം ! നീയെത്ര ധന്യ!
ഇണയേ ചുടുചുംബനം നല്കാൻ കൊതിപ്പിക്കും തരളമാരുതനിൽ അലകൾ ഞൊറിഞൊറിയായ് ഒഴുകും ഉടയാടകൾ അല്ല നിനക്കുള്ളത്.നിന്റെ ഉടയാടകൾ തികച്ചും നിശ്ചലം, ഒരു യോഗചിത്തം പ്രതിഫലിക്കും പോലെ!
പക്ഷേ പെണ്ണേ നീയെന്തിനാണ് അവന് പുതപ്പ് നല്കിയത്? അവൻ തണുത്ത് വിറങ്ങലിക്കുന്നത് ഒഴിവാക്കുകയെന്ന ഒരു വെറും പരിഗണനയല്ലാതെ അതിൽ മറ്റൊന്നും ഇല്ല!
എന്നാൽ അവന്റെ മോഹങ്ങൾക്ക് ചേക്കേറാനൊരു ചില്ല അതു വഴി അവൻ നേടുകയായിരുന്നു!
ഒരു ബാധ്യതയും സാധൂകരിക്കേണ്ടതില്ലാതിരുന്നിട്ടും അവനേ പ്രണയിച്ച നീ ഒരു പാവം പെണ്ണ് !
അലകൾ ഞൊറിഞൊറിയായ് ഒഴുകും ഉടയാടയിൽ അവന്റെ കാമാർത്ത മനസ്സിനുള്ളിൽ അവൻ നിന്നെ കണ്ടു !
അതൊരു തെറ്റിദ്ധാരണയായ് കരൂതാൻ പെണ്ണേ നീ സ്വയം നിർബന്ധിതയായ്, സംയമമനസ്സോടെ ! കാരണം നീ വ്യവസ്ഥിതികൾക്കൊത്തു ചരിക്കുന്നു !
ഇതിനെല്ലാറ്റിനും ഒടുവിൽ മാത്രം ഒരു അനിവാര്യതയെന്നോണം നീ എല്ലാം അവനുമായ് പങ്കുവയ്ക്കുന്നു ! നീ തന്നെയല്ലോ ഒരു പാവം പെണ്ണ് !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ഡോ. ഐഷ വി
അഞ്ച് വർഷം മുമ്പ് വർക്കല ഗുരുകുലത്തിലെ ത്യാഗീശ്വരൻ സ്വാമികളെ കാണാൻ പോയ ശേഷം തിരികെ വീട്ടിലെത്തിയ എൻ്റെ ഭർത്താവിനൊപ്പം ഒരതിഥിയുണ്ടായിരുന്നു.” ഇതൊരു കവിയാണ് . എൻ്റെ കൂടെ പഠിച്ച രേഖയുടെ അച്ഛൻ” ഭർത്താവ് അതിഥിയെ പരിചയപ്പെടുത്തി. അദ്ദേഹം അന്ന് എനിക്കൊരു പുസ്തകം സമ്മാനിച്ചു: “ഋതു ഭേദങ്ങൾ’. നല്ല വൃത്തവും താളവുമൊത്ത കവിതകൾ’ ഔപചാരികമായ പരിചയപ്പെടലുകൾക്കും ചായ സത്ക്കാരത്തിനും ശേഷം അദ്ദേഹം ഞങ്ങളുടെ കാറിൽ കൊല്ലം ചിറക്കര നിന്നും തിരുവനന്തപുരത്തെ മകൾ രേഖയുടെ വീട്ടിൽ പോകാനായി യാത്ര തിരിച്ചു. ആ യാത്രയിലാണ് ഞങ്ങൾ കൂടുതൽ പരിചയപ്പെടുന്നത്. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു നാടകം എഴുതിയിട്ടുണ്ടെന്നും അതിൻ്റെ പേര് ” അരണ മാണിക്യം ” എന്നാണെന്നും പറഞ്ഞപ്പോൾ അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു. ” ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നെ കൂട്ടുകാർ വിളിച്ചിരുന്ന വട്ടപ്പേര് അരണ മാണിക്യം എന്നായിരുന്നു.
പിന്നെ അദ്ദേഹം ഒരു നോട്ട് ബുക്ക് എടുത്ത് എന്നെ അദ്ദേഹം എഴുതിയ കവിതകൾ ചൊല്ലി കേൾപ്പിക്കാൻ തുടങ്ങി. അങ്ങനെ ഞാനും അദ്ദേഹവും കൂട്ടുകാരായി. അന്ന് നവതിയോട് അടുക്കാറായ അദ്ദേഹത്തിന് നല്ല ചുറു ചുറുക്കും ഓർമ്മശക്തിയും കർമ്മശേഷിയുമുണ്ടായിരുന്നു.
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ചില കവിതകൾ കുത്തി കുറിച്ചിരുന്നെന്നും പിന്നീട് മനസ്സിൽ ആശയങ്ങൾ ഉണ്ടെങ്കിലുംഎഴുത്ത് കൈവിട്ടുപോയി എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു:” മനസ്സിൽ വരുന്ന ആശയങ്ങൾ ഒരു നോട്ട് ബുക്കിൽ കുറിച്ച് വയ്ക്കുക. പിന്നീട് സമയമുള്ളപ്പോൾ അത് മറിച്ചു നോക്കുക. ആ ആശയങ്ങൾ വിപുലീകരിച്ച് എഴുതാൻ സാധിക്കും. അത് എനിക്കൊരു പ്രചോദനമായി.
പിന്നീട് ഞങ്ങൾ അദ്ദേഹത്തിൻ്റെ മകൾ രേഖയുടെ വീട്ടിൽ പോയപ്പോൾ പലപ്പോഴായി അദ്ദേഹത്തിൻ്റെ എല്ലാ പുസ്തകങ്ങളും എനിക്ക് സമ്മാനിച്ചു. അദ്ദേഹം രചിച്ച ഏഴ് കൃതികളിൽ ആറെണ്ണവും കവിതാ സമാഹാരങ്ങളായിരുന്നു. ഏഴാമത്തെ രചനയായ ലേഖന നിർമ്മാല്യം ഗദ്യമാണ്. ‘
അദ്ദേഹത്തിൻ്റെ രചനകളിൽ ഏറ്റവും ശ്രേഷ്ഠമായത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് ” നാരായണ ഗുരുവിൻ്റെ ദർശനമാലയുടെ പദ്യ വിവർത്തനമാണ്(1992). ദർശനമാലയിലെ ഓരോ സംസ്കൃത ശ്ലോകത്തിനും തത്തുല്യമായ പദ്യ വിവർത്തനവും അതിൻ്റെ വ്യാഖ്യാനവും എന്ന രീതിയിലായിരുന്നു എഴുത്ത്. ഒരു നോവൽ പ്രൈസോ ദേശീയ അവർഡോ ഒക്കെ ലഭിക്കേണ്ട നിലവാരം അതിനുണ്ട്. മുമ്പ് സംസ്കൃതം പഠിച്ചിട്ടില്ലാതിരുന്ന അദ്ദേഹം ഇതിനായി സംസ്കൃതം പഠിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴി പ്രചുരപ്രചാരം നേടുന്ന ബെസ്റ്റ് സെല്ലേഴ്സുകൾക്ക് നിലവാരം എത്രയുണ്ടെന്ന് വിലയിരുത്തപ്പെടാതെ അംഗീകാരം , വായനക്കാർ എന്നിവ ലഭിക്കുന്നു. എന്നാൽ മൂല്യത്തികവാർന്ന ഇത്തരം പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
അദ്ദേഹത്തിൻെറ ഒരോ ആശയവും മുത്തുകൾ പോലെയാണ് അദ്ദേഹം അത് ഡയറിയിൽ കുറിച്ച് വയ്ക്കും. പിന്നീട് സന്ദർഭോചിതമായി കവിതയിൽ കോർത്തിണക്കും.
കവിയെന്ന നിലയിൽ തൻ്റെ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹം തൻ്റെ രചനകളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ സമകാലിക സംഭവങ്ങളും ആശയങ്ങളും അദ്ദേഹത്തിൻ്റെ രചനകളിൽ കാണാം. മാറ്റത്തിൻ്റെ മാറ്റൊലികൾ അതിന് മകുടോദാഹരണം. വിദേശത്തും സ്വദേശത്തും സിവിൽ എഞ്ചിനീയറും ചീഫ് എഞ്ചിനീയറുമായിരുന്ന അദ്ദേഹം സമയനിഷ്ഠ കിറുകൃത്യമായി പാലിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലൂടെ ഒരായുഷ്കാലത്തെ അറിവും അനുഭവങ്ങളും 6 കവിതാ പുസ്തകങ്ങളായും ഒരു ലേഖനമായും പിറന്നു. അവസാന പുസ്തകമായ ലേഖന നിർമ്മാല്യത്തിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. അതിൽ യുവത്വം മുതൽ ആത്മീയത വരെയുണ്ട്. ആശാൻ്റെ വീണ പൂവു മുതൽ മനുഷ്യ മനസ്സിൻ്റെ വിമലീകരണം വരെ അതിലുണ്ട്.
മലയാളം യുകെയിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ എൻ്റെ രണ്ട് പുസ്തകങ്ങളുടെയും അവതാരിക എഴുതിയത് അദ്ദേഹമാണ്. നവതിയിലെത്തിയ അദ്ദേഹം പ്രായത്തിൻ്റെ ഒരസ്കിതയും കാണിക്കാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവ വായിച്ച് അവതാരിക എഴുതി തരുകയായിരുന്നു . കൂടാതെ എന്റെ ആദ്യ പുസ്‌കത്തിന്റെ പ്രകാശന കർമ്മത്തിലും അദ്ദേഹം പങ്കെടുത്ത് ആദ്യ കോപ്പി ഏറ്റു വാങ്ങുകയും ചെയ്തു . എന്നും ശുഭാപ്തി വിശ്വാസിയായിരുന്നു അദ്ദേഹം .
ഇടയ്ക്ക് എന്നെ ഫോൺ ചെയ്ത് അദ്ദേഹം എഴുതിയ കവിതകൾ ചൊല്ലി കേൾപ്പിച്ചിരുന്നു. അവസാന കൂടികാഴ്ചയിൽ ഭാര്യയുടെ വിയോഗം , അദ്ദേഹത്തിൻ്റെ പ്രണയം, വിവാഹം എന്നിവയെ കുറിച്ചെല്ലാം സംസാരിച്ചു. ഇക്കഴിഞ്ഞ മാർച്ച് 29 ന് ദേഹി പ്രപഞ്ചത്തിൽ വലയം പ്രാപിച്ചപ്പോൾ നമ്മുക്കെന്നും ഓർക്കാൻ, വായിക്കാൻ ഒരു പിടി നല്ല രചനകൾ അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം സ്വവസതിയായ ആറ്റിങ്ങൽ റോസ് ഗാർഡനിലെ മണ്ണിൽ അന്ത്യനിദ്രയിലാണ്ടത്.
ഡോ.ഐഷ . വി.
പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
റ്റിജി തോമസ്
ഞാൻ അവാർഡ് സ്വീകരിച്ചത് മലയാളം യുകെ സീനിയർ അസോസിയേറ്റീവ് എഡിറ്റർ ഷിബു മാത്യുവിൽ നിന്നാണ് . യുകെയിൽ എത്തുന്നതിന് മുമ്പ് കേരളത്തിൽ ഒരു മാധ്യമത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം എന്നും പത്രപ്രവർത്തനത്തിനോട് അതിയായ അഭിനിവേശം കാത്തുസൂക്ഷിക്കുന്നയാളാണ് . തന്റെ തിരക്കുകൾ മാറ്റിവെച്ച് എന്നെ സ്വീകരിക്കാൻ അദ്ദേഹം മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയിരുന്നു. യുകെയിൽ വച്ച് തുടങ്ങിയ പരിചയം അദ്ദേഹം കേരളത്തിൽ അവധിക്ക് വരുമ്പോൾ കണ്ടുമുട്ടാനും പല വിഷയങ്ങളെ കുറിച്ചുമുള്ള ചർച്ചകൾക്ക് തുടക്കമിടാൻ സാധിക്കുകയും ചെയ്തു. ഒരിക്കൽ ഞാൻ ജോലി ചെയ്യുന്ന തിരുവല്ലയിലെ മാക്ഫാസ്റ്റ് കോളേജിൽ അദ്ദേഹം സന്ദർശിക്കുകയുണ്ടായി. ഷിബു മാത്യുവിനൊപ്പം വർക്കല ശിവഗിരി മഠത്തിലേയ്ക്കുള്ള യാത്രയും മഠാധിപതി സച്ചിദാനന്ദ സ്വാമികളുമായി രണ്ടു മണിക്കൂറിലേറെ നേരം നടന്ന സംവാദങ്ങളും മനസ്സിൽ എന്നും പച്ച പിടിച്ചു നിൽക്കുന്ന കാര്യങ്ങളാണ്.

മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഭക്ഷണം ക്രമീകരിച്ചിരുന്നത് ലീഡ്സ് തറവാടായിരുന്നു. യുകെ മലയാളിയും പാല സ്വദേശിയുമായ സിബിയുടെ നേതൃത്വത്തിൽ മലയാള തനിമയുള്ള ഭക്ഷണങ്ങൾ കേരളത്തിൽ കിട്ടുന്നതിനെക്കാൾ രുചികരമായി വിളമ്പുന്നു എന്നതാണ് ലീഡ്സ് തറവാടിന്റെ പ്രത്യേകത. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പ്രശസ്തരായ മറ്റ് പലരും തറവാട് ലീഡ്‌സ് സന്ദർശിച്ചതിന്റെ വാർത്തകൾ നേരത്തെ വായിച്ചറിഞ്ഞിരുന്നു. നാളുകൾക്ക് ശേഷം തറവാടിന്റെ രുചിക്കൂട്ട് കൊതിപ്പിക്കുന്ന ഓർമ്മകളായി ഇപ്പോഴും മനസിലുണ്ട് .
തിരക്കിനിടയിൽ പരിചയപ്പെടണം എന്ന് വിചാരിച്ച ഒരാളെ കണ്ടുമുട്ടാൻ സാധിച്ചില്ല. അത് മലയാളം യുകെയിൽ ഈസി കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്തിരുന്ന നോബി ജെയിംസിനെയാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ ആദരിക്കപ്പെടുന്ന വ്യക്തികളുടെ ഗണത്തിൽ നോബിയും ഉണ്ടായിരുന്നു. അത് പക്ഷേ പാചക നൈപുണ്യത്തിന്റെ പേരിലായിരുന്നില്ല. മറിച്ച് സമാനതകളില്ലാത്ത ഒരു ദുരന്തത്തെ സമചിത്തതയോടെ നേരിട്ടതിനായിരുന്നു.

ഷെഫായി ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഡ്രൈവറായി സേവനം ചെയ്യുന്ന നോബിക്ക് ഒരു ഇംഗ്ലീഷുകാരനായ ആർമി ഓഫീസറിൽ നിന്ന് മരണത്തിലേക്ക് വരെ നയിക്കപ്പെടാവുന്ന രീതിയിൽ ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്ന കാര്യവും തുടർ സംഭവങ്ങളും ജോജി എന്നോട് നേരെത്തെ പറഞ്ഞിരുന്നു. നോബിയെ മർദ്ദിച്ച ആർമി ഓഫീസർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച കാര്യം യുകെയിലെ മുൻ നിര മാധ്യമങ്ങളിലെല്ലാം വാർത്തയായിരുന്നു. മരണതുല്യമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നോബിയുടെ ജീവിതം പിന്നീട് അതിജീവനത്തിന്റേതായിരുന്നു. ശാരീരികമായ വൈഷമ്യത്തിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ചില്ലെങ്കിലും നോബി തൻറെ ജീവിതം ധീരമായി തിരികെ പിടിച്ചു. ജോലിയിലും പാചക കുറിപ്പുകളുമായി സമൂഹമാധ്യമങ്ങളിലും മറ്റുള്ളവർക്ക് പ്രചോദനമായും നോബി ഇന്ന് യുകെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമാണ്.
ഒന്നു രണ്ടു കാര്യങ്ങൾ കൂടി പങ്കുവെച്ച് മലയാളം യുകെ അവാർഡ് നൈറ്റിനെ കുറിച്ചുള്ള ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം..
അവാർഡ് നൈറ്റിനെ കുറിച്ച് ഇതുവരെ എഴുതിയതെല്ലാം യുകെ മലയാളികളെ കുറിച്ചാണ് . എന്നാൽ ഇനി എഴുതാൻ പോകുന്നത് തദ്ദേശീയരായ ഇംഗ്ലീഷുകാരെ കുറിച്ചാണ്. പരിപാടി നടന്ന സ്ഥലമായിരുന്ന വെസ്റ്റ് യോർക്ക് ഷെയറിലെ എംപി , മേയർ, കൗൺസിലർ എന്നിവർ കുടുംബസമേതമാണ് മലയാളം യുകെ അവാർഡ് നൈറ്റിൽ എത്തി ചേർന്നിരുന്നത് . നേരത്തെ എത്തിച്ചേർന്ന അവരെ പരിചയപ്പെടാൻ ഔപചാരിക ചടങ്ങ് തുടങ്ങുന്നതിനു മുമ്പ് എനിക്ക് അവസരം ലഭിച്ചിരുന്നു. കേരളത്തിലെ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന അവരുടെ പരിപാടികളിൽ ഉടനീളമുള്ള പെരുമാറ്റം. മലയാളികളേക്കാൾ ആവേശത്തോടെ അവാർഡ് നൈറ്റിൽ പങ്കെടുക്കുന്ന എംപിയും മേയറും കൗൺസിലറും എൻറെ മനസ്സിൽ സ്ഥാനം പിടിക്കാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു കാരണം പരിപാടിയിൽ തുടക്കം മുതൽ അവസാനം വരെ അവരുടെ സാന്നിധ്യമായിരുന്നു. ചുറ്റും പാർട്ടിക്കാരും അനുചരവൃദ്ധവും ഇല്ലാതെ ജനങ്ങളിൽ ഒരാളായി അലിഞ്ഞുചേരുന്ന ജനപ്രതിനിധികളെ നമ്മൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ?

മലയാളം യുകെ അവാർഡ് നൈറ്റിൽ മൂന്നു വയസ്സ് മാത്രം പ്രായമുള്ള അരുണിമ സജീഷ് എന്ന കൊച്ചുമിടുക്കി ഏകദേശം 5 മിനിറ്റോളം വരുന്ന ഒരു മലയാള ഗാനം വളരെ മനോഹരമായി ആലപിച്ച് കാണികളെ ഒന്നടങ്കം കൈയ്യിലെടുത്ത് നടത്തിയ പ്രകടനം അതിശയകരമായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ആ കൊച്ചു മിടുക്കിയുടെ പ്രതിഭയെ കാണികൾ പ്രോത്സാഹിപ്പിച്ചത്. അരുണിമ സജീഷിന്റെ പാട്ട് അവസാനിച്ചപ്പോൾ സദസ്സിൽ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് ഏറ്റവും മനോഹരമായ പ്രോത്സാഹനം നൽകിയത് എംപിയും മേയറും കൗൺസിലറും ഒന്നിച്ചായിരുന്നു. മലയാളി സമൂഹം തൊട്ടുപിന്നാലെ അവരോടൊപ്പം ചേരുകയായിരുന്നു. അവരുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ കൈയ്യടിയോടെ വേദി വിട്ടിറങ്ങേണ്ടി വരുമായിരുന്നു . ആ കുരുന്നിനും പിതാവായ സജീഷ് ദാമോദരനും മാതാവും സംഗീതജ്ഞയുമായ സ്മിതയ്ക്കും അത് തികച്ചും അവസ്മരണീയമായ അനുഭവമായി മാറിയത് നിറഞ്ഞ സദസ്സിലെ കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചതോടെയാണ്.

പരിപാടികൾ വിജയകരമായി പൂർത്തിയായി . വളരെ ദൂരത്തുനിന്ന് എത്തിയവർ ഒട്ടേറെയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും തിരിച്ചു പോകുന്ന തിരക്കിലാണ്. ഒരു ആസാദാരണ സംഭവത്തിലെയ്‌ക്കാണ് പെട്ടെന്ന് എന്റെ ശ്രദ്ധ ആകർഷിച്ചത്.. പരിപാടിയുടെ ആദ്യം മുതൽ അവസാനം വരെ മുൻനിരയിലിരുന്ന കൗൺസിലർ പോൾ കുക്ക് വേസ്റ്റ് ബോക്സിലേക്ക് ഹാളിൽ ചിതറി കിടക്കുന്ന കടലാസ് കഷണങ്ങളും മറ്റും എടുത്തിടുന്നു. അത് കണ്ട് മറ്റുള്ളവരും അതിനൊപ്പം ചേരുന്നു. ഇങ്ങനെ ചെയ്യാൻ അദ്ദേഹം ആർക്കെങ്കിലും നിർദ്ദേശം കൊടുക്കുന്നതായി കണ്ടില്ല. മറിച്ച് മുന്നിൽ നിന്ന് കാണിച്ചു കൊടുക്കുകയായിരുന്നു. മിനിറ്റുകൾക്കകം പരിപാടി കഴിഞ്ഞ് ആകെ അലങ്കോലമായി കിടന്നിരുന്ന ഹാളിലെ വേസ്റ്റുകൾ അപ്രത്യക്ഷമായി. ഇംഗ്ലണ്ടിലെ ഈ ജനപ്രതിനിധികളുടെ ഇടപെടലിൽ എനിക്ക് അവരോട് അതിയായ ബഹുമാനം തോന്നി. ആളും ആരവുമില്ലാതെ ജനങ്ങളിൽ അലിഞ്ഞുചേരുന്ന ജനപ്രതിനിധികളെ ഇന്ത്യയിൽ കാണാൻ സാധിക്കുമോ?
അതിലും വലിയ അത്ഭുതമായിരുന്നു ലണ്ടൻ പാർലമെൻറ് മന്ദിരത്തിന് മുന്നിൽ കാത്തിരുന്നത്. അത് ലണ്ടൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ എഴുതാം.
റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്
യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും? പലരും എത്തിയിരിക്കുന്നത് 500 കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് . കേരളത്തിന്റെ സാംസകാരിക തനിമയോടുള്ള ഗൃഹാതുരത്വവും ഒരേ നാട്ടിൽനിന്ന് വിദൂര ദേശത്തു വന്നവർ തമ്മിൽ ഒത്തുചേരാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ ബഹിർസ്പുരണമാണ് അവിടെ കണ്ടത് . അതിന് നൃത്തവും സംഗീതവും മറ്റ് കലാരൂപങ്ങളും ഒരു നിമിത്തമായെന്നേയുള്ളു . ആരോഗ്യ രംഗമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജോലി ചെയ്യുമ്പോഴും തങ്ങളുടെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും മലയാളി എന്ന തങ്ങളുടെ അസ്തിത്വം അന്വേഷിക്കുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശോപിക്കുകയും ചെയ്യുന്ന ഒട്ടേറെ വ്യക്തികളെ എനിക്ക് പരിചയപ്പെടാനായി .

പ്രവാസത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന മലയാളിക്ക് താങ്ങും തണലുമായി എവിടെയും സഹായകമാകുന്നത് മലയാളി സംഘടനകളാണ്. യുകെയിലെ സ്ഥിതിയും വ്യത്യസ്തമല്ല . വിവിധ മേഖലകളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ബെർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി , ലെസ്റ്റർ കേരള കമ്മ്യൂണിറ്റി , കലാകേരളം ഗ്ലാസ്ഗോ എന്നീ സംഘടനകളെ ചടങ്ങിൽ ആദരിച്ചു.

മികച്ച സംഘാടകനുള്ള അവാർഡ് ലഭിച്ചത് ഫാ. മാത്യു മുളയോലിക്കായിരുന്നു. ലീഡ്സിലെ സെന്റ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ഇടവകയുടെ അമരക്കാരനായ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിൽ ലീഡ്സിലെ സീറോ മലബാർ സഭ സ്വന്തമായി ഒരു ദേവാലയം കരസ്ഥമാക്കിയിരുന്നു. കേരളത്തിൽനിന്ന് കുടിയേറിയ സീറോ മലബാർ സഭാ അംഗങ്ങൾ യുകെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ദേവാലയം സ്വന്തമാകുന്നത്. വെസ്റ്റ് യോർക്ക് ഷെയറിന് സമീപപ്രദേശങ്ങളിലെ മലയാളികൾ ഒത്തുചേർത്ത് തന്റെ നേതൃത്വപാടവത്തിന്റെ ഫലമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഒരു സംഘാടകൻ എന്ന നിലയിൽ ഫാ. മാത്യു മുളയോലി നിർവഹിച്ചു വന്നിരുന്നത്.

സ്പിരിച്വൽ റൈറ്റർ ഓഫ് ദി ഇയർ അവാർഡിന് അർഹനായ ഫാ. ഹാപ്പി ജേക്കബിന്റെ ഇരിപ്പിടം എൻറെ അടുത്ത് തന്നെയായിരുന്നു. മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളിലൂടെ എനിക്ക് സുപരിചിതനായിരുന്ന അച്ചനെ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും ആദ്യമായിട്ടായിരുന്നു. മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ എന്നാണ് അവതാരക ഫാ. ഹാപ്പി ജേക്കബിനെ വിശേഷിപ്പിച്ചത് തികച്ചും ശരിയായിരുന്നു. ക്രിസ്തുമസ്സിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള എല്ലാ നോയമ്പ് ഞായറാഴ്ചകളിലും അദ്ദേഹത്തിൻറെ ലേഖനങ്ങൾ ഒരു പ്രാവശ്യം പോലും മുടക്കമില്ലാതെ മലയാളം യുകെ ന്യൂസിൽ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലെ അർപ്പണബോധം അദ്ദേഹത്തിൻറെ വ്യക്തിത്വത്തിൻ്റെ പ്രത്യേക സവിശേഷതയാണ് . യോർക്ക് ഷെയറിലെ ഹാരോ ഗേറ്റിൽ താമസിക്കുന്ന അച്ചൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ വികാരിയാണ്. കേരളത്തിൽ കൊല്ലത്തിനടുത്തുള്ള ചാത്തന്നൂർ ആണ് അദ്ദേഹത്തിൻറെ സ്വദേശം . ഹാരോഗേറ്റ് ആശുപത്രിയിൽ സർജറി പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന സഹധർമിണി ആനിയും മെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ അന്ന നേഹയും സ്റ്റാൻഡേർഡ് 8 -ൽ പഠിക്കുന്ന മകൻ ജോഷ് ജേക്കബും അദ്ദഹത്തോടെ ഒപ്പം എത്തിയിരുന്നു. അവാർഡ് നൈറ്റിൽ വച്ച് പരിചയപ്പെട്ടതിനു ശേഷം പലപ്രാവശ്യം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പിന്നീട് സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.

യുകെയിൽ നിന്ന് പണം സ്വരൂപിച്ച് വർഷങ്ങളായി കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് സഹായം എത്തിച്ചു നൽകുന്ന ഇടുക്കി ചാരിറ്റി എന്ന സംഘടനയുടെ സെക്രട്ടറിയായ ഇടുക്കിയിലെ തടിയംമ്പാട് സ്വദേശിയായ ടോം ജോസിനാണ് മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ലഭിച്ചത്.

യുകെ മലയാളികളിൽ ഭൂരിഭാഗം പേരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് രംഗത്തെ മികവിനുള്ള അവാർഡിന് ഒട്ടേറെ പ്രാധാന്യങ്ങളുണ്ട്. നിലവിൽ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനാണ് മികച്ച നേഴ്സിനുള്ള അവാർഡ് ലഭിച്ചത്. ആരോഗ്യ രംഗത്തെ സംഭാവനകൾക്ക് ഒട്ടേറെ തവണ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുള്ള മിനിജ ബക്കിംഗ്ഹാം പാലസിൽ എലിസബത്ത് രാജ്ഞിയുടെ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് . യൂറോപ്പിലെ തന്നെ ആദ്യത്തെ ലൈവ് പേഷ്യന്റ് ടു പേഷ്യൻ്റ് ലെഗ് വെയ്ൻ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് മലയാളി നേഴ്സുമാരിൽ മിനിജ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത കഴിഞ്ഞയിടെയാണ് അറിയാൻ സാധിച്ചത്.
കേരളത്തിൽനിന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിയുന്ന മലയാളി നേഴ്സുമാർ ആരോഗ്യ മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ ഓരോ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്ന കാര്യങ്ങൾ തന്നെയാണ് .

സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള അവാർഡ് ലഭിച്ചത് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ്. കേരളത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് യുകെയിലെത്തി സുപ്രയത്നത്താൽ ഉയർന്നു വന്ന ആളാണ് ബൈജു തിട്ടാല . യുകെയിലെത്തിയ മലയാളികളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിൽ നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് . പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ബൈജുവുമായി പിന്നീട് ഒട്ടേറെ തവണ സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് . പിന്നീട് കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി ച മേയറായി ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടത് മലയാളികൾക്ക് ഏവർക്കും സന്തോഷം നൽകുന്ന വാർത്തയാണ് .

സമൂഹമാധ്യമങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ പ്രതികരിക്കുകയും കുട്ടികൾക്ക് നൽകും ലൈംഗിക പാഠങ്ങൾ എന്ന പുസ്തകം രചിക്കുകയും ചെയ്ത ജോസ്നാ സാബു സെബാസ്റ്റ്യൻ , കർമ്മം കൊണ്ട് ഡോക്ടർ ആണെങ്കിലും നൃത്തത്തോടുള്ള അദമ്യമായ അഭിനിവേശം കൊണ്ട് കലയ്‌ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഡോ. രജനി പാലയ്ക്കൽ, വളരെ ചെറു പ്രായത്തിലെ എലിസബത്ത് രാജ്ഞി, മാർപാപ്പ തുടങ്ങിയവർക്ക് വിവിധ വിഷയങ്ങളെ അധികരിച്ച് കത്തുകളയച്ച് വാർത്തകളിൽ സ്ഥാനം പിടിച്ച കൃപാ തങ്കച്ചൻ, കുട്ടനാട്ടിലെ മുട്ടാർ സ്വദേശിയായ സാബു സെബാസ്റ്റ്യൻ തുടങ്ങിയവരെയെല്ലാം അവാർഡ് നൈറ്റിൻ്റെ വേദിയിൽ കണ്ടുമുട്ടുകയും പിന്നീട് സൗഹൃദം പുതുക്കുകയും ചെയ്ത വ്യക്തികളാണ്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
രാജു കാഞ്ഞിരങ്ങാട്
വിഷു വന്നു വിളിക്കുന്നു
വസന്തം വർഷിക്കുന്നു
പാടുക, കൂടേ ചേർന്നു പാടുക നാം
വിഷു പക്ഷി തൻ സ്നേഹ ഗാനം
കർണ്ണികാരമലർക്കണി
പുലരിയിൽ കാണുക
മേടത്തിൻ പുലരിയിൽ കുളിരട്ടെ –
കൃഷകമനം
ഉത്തരായനക്കൂട്ടിൽ നിന്നും കേട്ടിടാം
വിഷു പക്ഷിതൻ ചിറകടി
രാപ്പകലുകൾ തുല്ല്യമായ് ഭാഗിച്ച്
നമുക്കേകുന്നു പ്രപഞ്ചവും
വിഷുഫലം നമുക്കേകുന്നു
വിണ്ണുമണ്ണിനെ പുണരും മഴപ്പൂക്കളായ്
വിത്തുകൾ ഉജ്ജ്വലകാന്തിയായ്
ചെടിയായ് കുരുക്കുന്നു
ചിത്തിരക്കിളി പാടിയകറ്റുന്നു,യിരുളിനെ
ശുഭ്രനാളമായ് പുത്തനുടുപ്പിട്ട്
കരേറുന്നു മേടപ്പെണ്ണ്
പൂത്തുതളിർത്തവൾ കുളിരേകുന്നു
ഫലമൂലാദികൾതൻ
സർവ്വാണി തുടരുന്നു
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
റ്റിജി തോമസ്
മലയാളം യുകെയുടെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് മത്സരങ്ങളും അരങ്ങേറുന്നത് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലുള്ള വിക്ടോറിയ ഹാളിലാണ്. ഒക്ടോബർ 8-ാം തീയതി രാവിലെ തന്നെ ജോജിയോടൊപ്പം അവിടേയ്ക്ക് യാത്ര തിരിച്ചു . ജോജിയുടെ താമസ സ്ഥലമായ വെയിക്ക് ഫീൽഡിൽ നിന്ന് 28 മൈൽ ദൂരമാണ് കീത്തിലിയിലേയ്ക്ക് ഉള്ളത് . ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്.
മലയാളം യുകെ സംഘടിപ്പിക്കുന്ന 2022 -ലെ അവാർഡ് നൈറ്റിൽ പങ്കെടുക്കുകയും ചെറുകഥയ്ക്കുള്ള അവാർഡ് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാഴ്ച കാലത്തോളം നീണ്ടു നിന്ന എന്റെ യുകെ സന്ദർശനത്തിന് നിമിത്തമായത്. അതോടൊപ്പം തന്നെ മറ്റ് ചില കാരണങ്ങൾ കൊണ്ടും ഈ അവാർഡ് നൈറ്റ് എനിക്ക് മറക്കാൻ പറ്റുന്നതായിരുന്നില്ല. അതിന് പ്രധാന കാരണം രണ്ടു പുസ്തകങ്ങൾ ആയിരുന്നു . എൻറെ സഹോദരൻ ജോജി തോമസ് മലയാളം യുകെയിലെഴുതിയ മാസാന്ത്യവലോകനം എന്ന പംക്തി വേറിട്ട ചിന്തകൾ എന്ന പേരിൽ പുസ്തകമാക്കിയതിന്റെ പ്രകാശന കർമ്മം ഈ ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടുകയാണ്. പ്രിയ സുഹൃത്തും പാലക്കാട് കോളേജിലെ പ്രിൻസിപ്പലുമായ ഡോ. ഐഷാ വിയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പുസ്തകത്തിന്റെ യുകെയിലെ പ്രകാശന കർമ്മവും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് നടക്കുന്നുണ്ട്. ദീർഘകാലമായി മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മച്ചെപ്പ് തുറന്നപ്പോൾ . പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമായ രണ്ടു പുസ്തകങ്ങൾ അവാർഡ് നൈറ്റിന്റെ വേദിയിൽ പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത് ഒരു ഓൺലൈൻ മാധ്യമം എന്ന നിലയിൽ മലയാളം യുകെയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.

യുകെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായിരുന്നു ബോളിവുഡ് ഡാൻസ് മത്സരങ്ങൾ . അതോടൊപ്പം പത്രത്തിലൂടെ വായിച്ചറിഞ്ഞ യുകെയിലെ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിലെ പലരെയും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് കണ്ടുമുട്ടാനായതും പരിചയപ്പെടാൻ സാധിച്ചതും മനസ്സിന് സന്തോഷം നൽകുന്നതായി.
അവാർഡ് നൈറ്റ് എനിക്ക് പലതുകൊണ്ടും വേറിട്ട അനുഭവമായിരുന്നു. അത് പരിചയപ്പെട്ട പലരുമായി വീണ്ടും സൗഹൃദവും സംവാദങ്ങളും നടത്താൻ സാധിച്ചതും 2022 ഒക്ടോബർ 8 -നെ വീണ്ടും വീണ്ടും ഓർമ്മിക്കുന്നതിന് കാരണമായിട്ടുണ്ട്.
മലയാളം യുകെ ന്യൂസിന്റെ ചീഫ് എഡിറ്റർ ബിൻസു ജോണിനെയും മറ്റ് ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ആയ ഷിബു മാത്യു, ജോജി തോമസ്, റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, ബിജു മൂന്നാനംപള്ളി , ബിനു മാത്യു, തോമസ് ചാക്കോ എന്നിവരടങ്ങുന്ന നേതൃത്വ നിരയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ചുക്കാൻ പിടിക്കുന്നത്. ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റീവ് എഡിറ്ററുമായ ഷിബു മാത്യുവിന്റെ സ്ഥലം വെസ്റ്റ് യോർക്ക്ഷെയറിൽ ആയതു കൊണ്ട് തന്നെ അവാർഡ് നൈറ്റിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു .മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർചിത്രങ്ങളായിരുന്നു അവാർഡ് നൈറ്റിൽ കാണാൻ സാധിച്ചത് . യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാകാരികളും ആയിരുന്നു ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ മാറ്റുരച്ചത്.
കേരളത്തിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിരുന്ന എനിക്ക് അവാർഡ് നൈറ്റിൻറെ പല കാര്യങ്ങളും പുതുമ നിറഞ്ഞതായിരുന്നു. തുടക്കത്തിലെ സുരക്ഷാ മുന്നറിയിപ്പിൻറെ ഭാഗമായുള്ള അനൗൺസ്മെന്റുകൾ ഒരിക്കലും കേരളത്തിലെ ഒരു പരിപാടിയിലും കേട്ടിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും രീതിയിലുള്ള അഗ്നിബാധ ഉണ്ടായാലുള്ള ഫയർ എക്സിറ്റിനെ കുറിച്ചും ആർക്കെങ്കിലും വൈദ്യസഹായം വേണമെങ്കിൽ ആരെ സമീപിക്കണമെന്നും ടോയ്‌ലറ്റ് എവിടെയാണെന്നുമാണ് പ്രധാനമായും അറിയിപ്പുകളായി നൽകപ്പെട്ടത്. കേരളത്തിൽ ആകസ്മികമായി വിവിധ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളുടെ വെളിച്ചത്തിൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ നൽകേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായാൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യവും നമ്മുടെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുന്നത് ഉചിതമായിരിക്കും.
പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ഡോ. അഞ്ജു ഡാനിയേൽ ആയിരുന്നു. കർമ്മം കൊണ്ട് ഡോക്ടർ ആയ അഞ്ജു ഒരു മികച്ച കലാകാരി കൂടിയാണ്. നല്ല രീതിയിൽ ഗൃഹപാഠം ചെയ്ത് സ്റ്റേജിലെത്തിയ ഡോ . അഞ്ജുവിന്റെ അവതരണം മനോഹരമായിരുന്നു.

നമ്മുടെ സംസ്കാരത്തിൻറെ പ്രതിഫലനമായി തനത് രീതിയിൽ നിലവിളക്ക് കൊളുത്തി കൊണ്ടാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത്. സ്ഥലം എംപിയായ റോബി മൂർ ലൂക്ക് മോൺസൽ കൗൺസിലർ പോൾ കുക്ക് ചീഫ് എഡിറ്റർ ബിൻസു ജോൺ എന്നിവർ തിരി തെളിച്ചാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് .
യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും?
അതിനെക്കുറിച്ച് അടുത്ത ആഴ്ച്ച എഴുതാം ….
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
എം. ജി.ബിജുകുമാർ
“ഏത് നേരത്താണ് ഈ ബൈക്കിന് പഞ്ചർ ആകാൻ തോന്നിയത് ” ഈ ചിന്തയുമായി ബൈക്ക് ഉരുട്ടി മുന്നോട്ടു പോകുന്തോറും ഇരുട്ടും കൂടിക്കൂടി വന്നു. ”നേര് ” സിനിമ സെക്കൻഡ് ഷോ കണ്ടു മടങ്ങവേയാണ് ബൈക്ക് പഞ്ചറായത്. സമയം 12 മണി കഴിഞ്ഞിരിക്കുന്നു. വണ്ടിയുരുട്ടി പെട്രോൾ പമ്പിൽ കയറ്റി വച്ചു. അവിടെയുള്ള സുഹൃത്തിനോട് കാര്യം പറഞ്ഞിട്ട് വീട്ടിലേക്ക് നടന്നു.
തെരുവിളക്കുകൾ ഒന്നും കത്താത്തതിനാൽ കുറ്റാക്കൂരിരുട്ടിൽ റോഡിന്റെ വശത്തുകൂടി നടന്ന് ചെമ്പകപ്പാലത്തിനടുത്തെത്തി. പാലം കടക്കാൻ അക്കരയിലേക്ക് നടക്കുമ്പോൾ ഉള്ളൊന്നു കാളി. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഈ പാലത്തിന് ചുവട്ടിൽ നിർമ്മാണ സമയത്ത് ആരെയോ ബലി കൊടുത്തിട്ടുണ്ടെന്ന് കേട്ടുകേൾവിയുണ്ട്. ഇവിടുത്തെ ഓരോ കാറ്റിലും ചെടികളിലും മരങ്ങളിലുമൊക്കെ അതിൻ്റെ സ്മൃതി അലിഞ്ഞു ചേർന്നിട്ടുണ്ടാവും.
അർദ്ധരാത്രി കഴിഞ്ഞ് ഈ വഴിപോയ പലർക്കും പേടി കിട്ടുകയും ബോധക്കേട് വരികയുമൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് നാട്ടുകാരുടെ സാക്ഷ്യവുമുണ്ട് എന്നത് കാൽപാദങ്ങളിൽ ഒരു വിറയിൽ സമ്മാനിച്ചു. മൊബൈൽ ഫോൺ ചാർജ് തീർന്ന് നേരത്തെ ഓഫ് ആയിരുന്നു. വേനലറുതിക്ക് വിരാമമിടാനെന്നോണം കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നുണ്ടായിരുന്നു. വേനലിൽ വരണ്ട ചെമ്പകപ്പുഴ ചാലു പോലെ ഒഴുകുന്നുണ്ടായിരുന്നു. ഈശോയെ വിളിച്ചു കൊണ്ട് പാലം കടന്ന് മുന്നോട്ട് നടന്ന് മൺവഴികളിലൂടെ യാത്ര തുടർന്നു. കൈതയും പാലയും നിറഞ്ഞ വിജനവഴിയിൽ ശ്മശാന ഭീകരത നിഴലിക്കുന്നതായി തോന്നി.
കുറെ ദൂരം നടന്നപ്പോൾ അല്പം ഭയമൊക്കെ മാറി. പകരം മൂത്രശങ്ക പിടികൂടി. എന്നാൽ അല്പം മൂത്രം ഒഴിക്കാം എന്ന് കരുതി മടക്കിക്കുത്തിയ കൈലിയില്‍ പിടിച്ചപ്പോഴാണ് ഗ്രാമവഴിയിലൂടെ തൂവെള്ള വസ്ത്രം അണിഞ്ഞ ആരോ നടന്നു വരുന്നതും ഒപ്പം ആരൊക്കെയോ അനുഗമിക്കുന്നതായും തോന്നിയത്. ആ നിമിഷം തന്നെയാണ് അടുത്തുള്ള വാഴത്തോട്ടവും അതിനു പിന്നിലുള്ള ആലീസ് ആന്റിയുടെ വീടും ശ്രദ്ധിച്ചത്. ആലോചിച്ചു നിൽക്കാതെ ഞാൻ ആ വാഴത്തോട്ടത്തിലേക്ക് കയറി ഒതുങ്ങി നിന്നു. ആ പരിസരത്ത് നിൽക്കുന്നത് കണ്ടാൽ വരുന്നവർ തെറ്റിദ്ധരിച്ചേക്കാം എന്ന ചിന്ത എന്നിൽ ഞെട്ടലുളവാക്കിയിരുന്നു. കാരണം ശാരീരിക സുഖം തേടി പലരും രാത്രികാലങ്ങളിൽ ആലീസ് ആൻ്റിയെ സമീപിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഞാൻ അവിടെ നിൽക്കുന്നത് കണ്ടാൽ ഇവനും ഈ പരിപാടി തുടങ്ങിയെന്ന് നാളെ കവലയിൽ സംസാരമാവുകയും നാട്ടുകാരുടെ മുന്നിൽ കന്യകനായ ഞാനങ്ങനെ അസന്മാർഗ്ഗി ആവുകയും ചെയ്യും എന്നതാണ് വാഴത്തോട്ടത്തിലേക്ക് കയറി ഒളിച്ച് നിൽക്കാൻ എന്നെ പ്രേരിപ്പിച്ചത്.
ചുറ്റും നിഗൂഢതകൾ ഒളിഞ്ഞിരിക്കും വിധം വാഴത്തോട്ടത്തിന്റെ നിഴലുകൾക്ക് തന്നോടെന്തോ രഹസ്യം പറയാൻ ഉള്ളതുപോലെ എനിക്ക് തോന്നി.
കാറ്റു വീശും പോലെ പതിഞ്ഞ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. വെള്ളമുണ്ടുടുത്ത ആറടിയിലേറെ ഉയരമുള്ള ഒരാൾ മുന്നോട്ട് നടന്നുവരുന്നു. മുന്നിലും പിന്നിലുമായി പൊക്കമുള്ള കുറെ നായകൾ. അവയുടെ നാക്ക് പുറത്തേക്കിട്ടിരുന്നു. അതിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നുവെന്നു തോന്നി. അതുകണ്ടപ്പോൾ ഭയത്താൽ എന്റെ കണ്ണുകൾ മിഴിക്കുകയും ഉടലാകെ വിറയ്ക്കുകയും ചെയ്തു.
ആഗതൻ്റെ തോളിൽ ഒരു കസവുമുണ്ട് മടക്കിയിട്ടിട്ടുണ്ട്. ഞാനാകെ പേടിച്ചുപോയി. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിലും ശബ്ദം വെളിയിലേക്ക് വന്നില്ല. കഴുത്തിൽ കിടന്ന കുരിശുമാലയിലെ കുരിശിൽ വിരലുകൾ ചേർത്ത് പിടിച്ചു. അയാളും നായകളും മുന്നോട്ട് കടന്നുപോയി. ചെമ്പകപ്പാലത്തിൻ്റെ അടുത്തേക്കാണ് അവരുടെ യാത്ര എന്നു മനസിലായപ്പോൾ ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു.
രക്തത്തിൻ്റെ തണുത്ത ഗന്ധം പടർത്തി ഒരു ചെറിയ കാറ്റ് എന്നെ കടന്നു പോയി. അവർ വന്ന വഴിയിലേക്ക് ഇറങ്ങാതെ വാഴത്തോട്ടത്തിൽ പതുങ്ങി നിന്നത് കാര്യമായി എന്ന് മനസ്സിൽ ഓർത്ത് മൂത്രമൊഴിക്കാൻ നിൽക്കാതെ വേഗം വീട്ടിലേക്കോടി. വെളിയിലെ സ്റ്റെയർകേസ് വഴി മുകളിലെ നിലയിലെത്തി റൂമിലേക്ക് കയറി കട്ടിലേക്ക് വീഴുമ്പോഴും ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. പ്രേതം എന്നൊക്കെ കേട്ടിട്ടേയുള്ളൂ. തന്നെയുമല്ല അതിലൊന്നും വിശ്വാസവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ……
ആഹാരം പോലും കഴിക്കാതെ കട്ടിലിൽ തന്നെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
“സാജാ എടാ സാജാ…
നേരം ഉച്ചയായി എഴുന്നേൽക്കുന്നില്ലേ നീയ്….”
അമ്മയുടെ ഒച്ച കേട്ടാണ് ഞാൻ ഉണർന്നത് .
“ഒത്തിരി താമസിച്ചാണമ്മേ ഉറങ്ങിയത്, അതാ എഴുന്നേൽക്കാൻ കഴിയാഞ്ഞത് ”
ഞാൻ തലയുയത്താതെ പറഞ്ഞു.
”രാത്രി അന്തിക്കണ്ണൻ ചേക്കേറും വരെ എവിടേലും പോയിരുന്നിട്ട് അർദ്ധരാത്രി വന്നു കിടന്നാൽ അങ്ങനെയാ ”
പറഞ്ഞു തീരും മുമ്പ് അമ്മയുടെ മറുപടി എത്തി. ‘
‘അതൊന്നുമല്ല ഒരു സംഭവം ഉണ്ടായി അമ്മേ”എന്ന് പറയണോ വേണ്ടയോ എന്നറിയാതെ ഞാൻ കുഴങ്ങി.
” എന്താടാ ആലോചിക്കുന്നത്?”
എന്റെ ഭാവം കണ്ട് അമ്മ ചോദിച്ചു.
അപ്പോഴും തലയൊഴികെ എൻ്റെ ശരീരം പുതപ്പിൽ നിന്നും വെളിയിൽ വന്നിരുന്നില്ല. എന്തായാലും പറയുക തന്നെ എന്ന് തീരുമാനിച്ച് ഞാൻ എഴുന്നേറ്റിരുന്നു. അമ്മയുടെ കയ്യിൽ ഇരുന്ന കാപ്പി ഗ്ലാസ് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു തീർത്തു. തുടർന്ന് തലേദിവസം രാത്രി നടന്ന സംഭവം വിശദമായി അമ്മയെ പറഞ്ഞു കേൾപ്പിച്ചു.
” ഡാ.. സാജാ…! രാത്രിയിൽ ഇനി മേലിൽ ഇവിടെ നിന്നും ഇറങ്ങിപ്പോയേക്കരുത്. യക്ഷ കിന്നര ഗന്ധർവന്മാർ രാത്രിയിൽ വിഹരിക്കുന്നത് നദീതീരപ്രദേശങ്ങളിലാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കൂടാതെ പലരും ചെമ്പകപ്പാലത്തിനടിയിൽ പലപ്പോഴായി അടിപ്പെട്ടിട്ടുമുണ്ട്. ”
അമ്മ പറഞ്ഞു നിർത്തി.
അതുകൂടി കേട്ടപ്പോൾ എനിക്ക് ഒന്നുകൂടി പേടി വർദ്ധിച്ചു.
“പറഞ്ഞു കേട്ടതനുസരിച്ച് അത് ഉപ്പായി മാപ്ള ആകാനാണ് സാധ്യത.”
അമ്മയത് പറഞ്ഞപ്പോൾ എനിക്ക് കൗതുകമായി.
” അതാരാ ഉപ്പായി മാപ്പിള?”
എൻ്റെ ആ ചോദ്യം പ്രതീക്ഷിച്ച അമ്മയുടെ ദൃഷ്ടികൾ ഏതോ വിദൂരതയിൽ വിലയം പ്രാപിച്ചതുപാേലെ തോന്നി. ഓർമ്മയിൽ എന്തോ ചികയുന്നതുപോലെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് അമ്മ ഉപ്പായി മാപ്പിളയുടെ കഥ പറഞ്ഞു തുടങ്ങി.
സിനിമ പോസ്റ്റർ ഒട്ടിച്ചും സിനിമ നോട്ടീസ് വിതരണം ചെയ്തുമൊക്കെ കഴിഞ്ഞുകൂടിയ ആളായിരുന്നു ഉപ്പായി മാപ്പിള.രാത്രികാലങ്ങളിൽ പുഴയിൽ മീൻ പിടിക്കാൻ പോകുന്നത് അയാളുടെ ശീലമായിരുന്നു. അയാളുടെ ഇഷ്ടക്കാരിയായിരുന്നു ഭർത്താവ് ഉപേക്ഷിച്ചു പോയ തയ്യൽക്കാരിയായ ശോഭനയമ്മ. മീനും പിടിച്ച് രാത്രിയിൽ നേരെ ശോഭനയമ്മയുടെ അടുത്തേക്ക് ആയിരുന്നു ഉപ്പായി പോകുമായിരുന്നത്. കപ്പയോ അപ്പമോ .മറ്റെന്തെങ്കിലും ആഹാരമോ ശരിയാക്കി വച്ചിരിക്കും. ഉപ്പായി കൊണ്ടുവരുന്ന മീനും കറിവെച്ച് രണ്ടുപേരും കൂടി കുശാലായി അത് കഴിച്ചുറങ്ങും. ഉപ്പായിയുടെ കൈവശമുള്ള മദ്യവും അല്പം കുടിക്കുന്നത് ശോഭനയമ്മയ്ക്ക് ഒരു ഹരമായിരുന്നു. രാവിലെ മാത്രമേ അയാൾ തിരിച്ചു പോകുമായിരുന്നുള്ളൂ.
ഒരിക്കൽ പെരുമഴ പെയ്യുമ്പോൾ ഒരു പുതപ്പിനടിയിൽ ചേർന്നുകിടക്കവേ ശോഭനയമ്മ ഉപ്പായിയുടെ ചെവിയിൽ മന്ത്രിച്ചു.
“ഇപ്പോൾ അല്പം പുഴമീൻ ഉണ്ടായിരുന്നെങ്കിൽ ആ ചേമ്പും കാച്ചിലും കൂടി പുഴുങ്ങി മീനും കൂട്ടി കഴിക്കാമായിരുന്നു അല്ലേ ”
ഇത് കേട്ടപാതി കേൾക്കാത്ത പാതി ഉപ്പായി എഴുന്നേറ്റു കൈലിയെടുത്തുടുത്തു. എന്നിട്ട് വീടിന് പിറകിലുള്ള ഷെഡിലേക്ക് നടന്നു. അവിടെ വച്ചിരുന്ന വലയും എടുത്ത് വീടിന്റെ മുന്നിലേക്ക് വന്നു. അപ്പോഴേക്കും കുടയുമെടുത്ത് ശോഭനയമ്മ അയാളുടെ അടുത്തെത്തി.
” ഈ മഴയത്ത് രാത്രിയിൽ ഇറങ്ങി പോകേണ്ട ഞാൻ വെറുതെ ഒരു ഓളത്തിനങ്ങ് പറഞ്ഞതാ ”
അവൾ അയാളുടെ അടുത്തേക്ക് ചെന്ന് ഉപ്പായിയെ കുടക്കീഴിൽ കയറ്റി നിർത്തി.
അയാൾ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും മുക്കാൽ ഭാഗത്തോളം മദ്യം ഒറ്റ വലിക്ക് അകത്താക്കി. ബാക്കി വന്ന മദ്യം അവളെ ഏൽപ്പിച്ചു. അവളെ കെട്ടിപ്പിടിച്ച് കഴുത്തിൽ ഒരു ഉമ്മയും കൊടുത്തിട്ട് അയാൾ കുടയും വാങ്ങി നടന്നു.
” നീ ആ നാടൻ സ്വല്പം എടുത്ത് അടിച്ചിട്ട് വാതിലടച്ചു കിടന്നാേ, തിരിച്ചു വന്നിട്ട് വിളിക്കാം” എന്നു ഉറക്കെ വിളിച്ചുപറഞ്ഞിട്ട് കല്യാണ സൗഗന്ധികം അന്വേഷിച്ചു പോയ ഭീമൻ്റെ ഗമയിൽ ഉപ്പായി പുഴയിലേക്ക് നടന്നു.
അർദ്ധമയക്കത്തിലായിരുന്നപ്പോൾ ശക്തമായ ഇടിമുഴക്കം കേട്ട് ശോഭനയമ്മ ഞെട്ടി ഉണർന്നു. കട്ടിലിൽ നിന്നും തപ്പിത്തടഞ്ഞ് എഴുന്നേറ്റിരുന്ന് ലൈറ്റിന്റെ സ്വിച്ച് അമർത്തിയപ്പോഴാണ് കരണ്ട് പോയെന്ന് അവർ മനസ്സിലാക്കിയത്. ശക്തമായ കാറ്റിന്റെ ആരവം ശോഭനയമ്മയുടെ കാതുകളിൽ തുളഞ്ഞു കയറുന്നുണ്ടായിരുന്നു. അവർ എഴുന്നേറ്റ് ചിമ്മിനി വിളക്ക് കൊളുത്തി. അതിൻ്റെ അരണ്ട പ്രകാശത്തിൽ ചുമരിൽ തൂക്കിയിട്ടിരുന്ന ഘടികാരത്തിലേക്ക് നോക്കി.
സമയം രാത്രി രണ്ടു മണി.
ജനാലയിലൂടെ നോക്കുമ്പോൾ കറുത്ത മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും ആകാശത്തിനെ കീറിമുറിച്ചുകൊണ്ട് ശക്തമായ ഒരു മിന്നൽ ഭൂമിയിലേക്ക് പതിച്ചത് പോലെ ശോഭനയമ്മയ്ക്ക് തോന്നി.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നശേഷം ചാരുകസേരയിൽ ഇരുന്ന് അവർ നേരം വെളുപ്പിച്ചിട്ടും ഉപ്പായി മാപ്പിള തിരിച്ചെത്തിയില്ല.
രാവിലെ വലയിൽ കുടുങ്ങിയ ഉപ്പായിയുടെ മൃതദേഹം ചെമ്പകപ്പാലത്തിനടിയിൽ നദീതീരത്ത് ഉണ്ടായിരുന്നു. അതോടെ ശോഭനയമ്മ ആകെ തകർന്നു.
അതിനു ശേഷം രാത്രിയിൽ ഉപ്പായി മാപ്പിളയോട് സാമ്യമുള്ള ഒരാളെ കണ്ടിട്ടുണ്ട് എന്ന് പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്.
അത്രയും കേട്ടപ്പോഴാണ് ഒരു ചോദ്യം എന്നിൽ നിറഞ്ഞത്.
” ശേഷം ശോഭനയമ്മയ്ക്ക് എന്തുപറ്റി? അവരെവിടെയുണ്ട്..?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
” അവർ കുറേക്കാലം ഒറ്റയ്ക്ക് അവിടെ കഴിഞ്ഞിരുന്നു. പിന്നീട് കൽപ്പാക്കത്തുള്ള അകന്ന ബന്ധുവിനൊപ്പം താമസമാക്കി. വർഷങ്ങൾ കടന്നു പോയപ്പോൾ ചെമ്പകപ്പുഴയിൽ നിന്നും ഒരു കൈവഴിയായി അവരുടെ വീടിൻ്റെ സമീപത്തുകൂടി നദീജലമൊഴുകിത്തുടങ്ങി. രാത്രികാലങ്ങളിൽ താമസമില്ലാതിരുന്നിട്ടും വീട്ടിനുള്ളിൽ വെളിച്ചം കാണാറുണ്ടെന്നും ഭയത്താൽ ആ ഭാഗത്തേക്ക് ആരും പോകാറില്ലെന്നും പറഞ്ഞു കേട്ടിരുന്നു.
പിന്നീടെന്നോ നാട്ടിലെത്തി വീടും സ്ഥലവുമൊക്കെ വിറ്റുപെറുക്കി കൽപ്പാക്കത്തേക്കു തന്നെ അവർ തിരിച്ചു പോയി. ഇപ്പോൾ പത്തു മുപ്പത്തഞ്ചു വർഷത്തിലേറെയായി. ”
രണ്ടുദിവസത്തോളം ഞാൻ പുറത്തേക്കൊന്നും ഇറങ്ങിയില്ല. ആ രാത്രിയിലുണ്ടായ ഭയം എന്നിൽ നിന്നും വിട്ടുമാറാത്തതു തന്നെയായിരുന്നു അതിനു കാരണം. മൂന്നാം ദിവസം ഞായറാഴ്ച പള്ളിയിലൊന്ന് പോകണമെന്ന് കരുതി വെളിയിലേക്ക് ഇറങ്ങിനടന്നു.
“എടാ…സാജാ… നിനക്ക് പ്രേതത്തെ കണ്ട് പേടി കിട്ടിയെന്നൊക്കെ പറഞ്ഞു കേട്ടല്ലോ.! രാത്രിയിലൊന്നുമധികം ഇറങ്ങി നടക്കേണ്ട കേട്ടോ. ”
ഗേറ്റിനു വെളിയിലേക്ക് ഇറങ്ങിയപ്പോൾ തന്നെ എതിരെ വന്ന ജോസച്ചായൻ പറയുന്നത് കേട്ട് ഞാൻ ഒന്നു ഞെട്ടി.
ഇതപ്പോൾ നാട്ടിലാകെ വാർത്തയായി എന്ന് എനിക്ക് മനസ്സിലായി. ഞാൻ ആകെ ചങ്ങാതിയായ വിഷ്ണുവിനോട് മാത്രമേ ഇക്കാര്യം പറഞ്ഞിരുന്നുള്ളൂ. ബൈക്ക് പമ്പിൽ നിന്നെടുത്ത് പഞ്ചർ ഒട്ടിച്ചു കൊണ്ടുത്തരണമെന്ന് പറയാൻ വിളിച്ചപ്പോൾ നടന്ന സംഗതി അവനോട് പറയേണ്ടി വന്നു. തള്ളാൻ മിടുക്കനായ അവൻ ഈ ഗ്രാമത്തിലാകെ ഈ സംഭവം എത്തിച്ചിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി. ഇവൻ വാ കൊണ്ട് പച്ചപ്പുല്ലിന് തീപിടിപ്പിക്കും എന്ന് നാട്ടുകാർ പറയുന്നത് വെറുതെയല്ല എന്ന് എനിക്ക് മനസിലായി.
ഞാൻ മറുപടി പറയാതെ മുന്നോട്ടു നടന്നു. അപ്പോഴാണ് കമലമ്മ ടീച്ചർ എതിരെ നടന്നുവരുന്നത് കണ്ടത്. ഒപ്പം കൊച്ചുമകളായ അഞ്ചു വയസ്സുകാരി മഞ്ചാടിയും ഉണ്ടായിരുന്നു. അവനി എന്നായിരുന്നു അവളുടെ യഥാർത്ഥ പേരെങ്കിലും മഞ്ചാടി എന്ന വിളിപ്പേരു മാത്രമേ നാട്ടിലെ ഭൂരിഭാഗം ആൾക്കാർക്കും അറിയുമായിരുന്നുള്ളൂ.
സ്കൂളിൽ നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക കാര്യങ്ങളിലും സാമുദായിക രംഗത്തുമൊക്കെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ ഉയർത്തുന്നതിന് ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങുകുകയുമൊക്കെ ചെയ്യുന്ന, ഗ്രാമത്തിലെ മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ടീച്ചർ. അമ്മയുമായി വളരെ അടുത്ത സൗഹൃദമാണ് ടീച്ചർക്കുള്ളത്.
അടുത്തെത്തിയപ്പോൾ ടീച്ചറെ കണ്ടു ഞാൻ ഒന്ന് പുഞ്ചിരിച്ചു.
” എന്താണ് സാജാ…പേടിയൊക്കെ പോയോ..?
ടീച്ചർ ചോദിച്ചപ്പോൾ ഞാൻ ഒന്നും മന്ദഹസിച്ചു.
” ഞാൻ അമ്പലത്തിൽ പോയിട്ട് തിരിച്ചുവരുമ്പോൾ രമയും വിജയനുമൊക്കെ സാജന്റെ കാര്യം പറയുന്നത് കേട്ടു. സാരമില്ല പേടിയൊന്നും വേണ്ട. പത്തിരുപത്താറ് വയസ്സായില്ലേ.?കൊച്ചു കുട്ടിയൊന്നുമല്ലല്ലോ.”
ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ കുനിഞ്ഞു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
മഞ്ചാടി എന്നെ നോക്കി പുഞ്ചിരിച്ചു.
” അടുത്ത ദിവസം ദേശദേവന്റെ നടയിൽ നിന്നും ഒരു ചരട് ജപിച്ച് വാങ്ങിക്കൊണ്ട് തരാം. അത് കയ്യിൽ കെട്ടിയാൽ മതി. പേടിയൊക്കെ താനെ മാറിക്കോളും.”
അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു.
” അതെന്താ ചിരിച്ചത് ? ക്രിസ്ത്യാനി ആയതുകൊണ്ട് ഫലമുണ്ടാകില്ലെന്ന് വിചാരിച്ചിട്ടാണോ?”
ഞാൻ ചിരിച്ചത് കണ്ട് ടീച്ചർ ചോദിച്ചു.
” അങ്ങനെയൊന്നുമില്ല ടീച്ചറേ…!”
ഞാൻ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു.
” എങ്കിൽ അടുത്ത ദിവസം ആകട്ടെ ഞാൻ തിരുമേനിയെക്കൊണ്ട് ചരട് ജപിച്ചു കൊണ്ടുത്തരാം. നിന്റെ അമ്മ സിസിലിയോട് പറഞ്ഞേക്ക് ”
ടീച്ചർ സ്നേഹത്തോടെ പറഞ്ഞു.
ഞാൻ തലയാട്ടി മുന്നോട്ടു നടന്നു.
കുറച്ചു ദൂരം പിന്നിട്ട് ഞാൻ ഭയങ്കരിയമ്മയുടെ വീടിനു മുൻവശത്ത് എത്തി. ഭവാനിയമ്മ എന്നാണ് ശരിക്കുള്ള പേരെങ്കിലും നാട്ടുകാരെല്ലാം ഭയങ്കരിയമ്മ എന്നാണ് അവരെ വിളിക്കാറ്. ഭർത്താവിനെ വരച്ച വരയിൽ നിർത്തുന്ന വഴക്കുണ്ടായാൽ ഭർത്താവിനോട് അല്പം ഗുണ്ടായിസമൊക്കെ കാണിക്കുന്ന ഭവാനിയമ്മയുടെ വീടിനോട് ചേർന്ന് ഒന്നര ഏക്കറോളം വസ്തുവിൽ മാവും പ്ളാവും ചാമ്പയും പേരയും ജാതിമരവും തെങ്ങും എല്ലാം ഉണ്ടായിരുന്നു. പക്ഷേ പാഴായിപ്പോയാലും അതിൽ നിന്നുള്ള ഫലം ഒരാൾക്ക് പോലും കൊടുക്കാൻ ഭവാനിയമ്മ തയ്യാറാകുമായിരുന്നില്ല.
ആരെങ്കിലും തന്റെ വസ്തുവിൽ കയറിയാൽ അല്പം തെറിവാക്കുകൾ ഒക്കെ അവരിലേക്ക് ചൊരിയുന്നതിനും ഭയങ്കരിയമ്മയ്ക്ക് മടിയില്ലായിരുന്നു.
പൊഴിഞ്ഞുവീണ ഒരു ഒരു മാമ്പഴം എടുത്താൽ പോലും ഓലമടലുമൊടിച്ചുപിടിച്ച് ബഹളവുമായി അവരുടെ വീട്ടിലേക്ക് ഭവാനിയമ്മ പാഞ്ഞു ചെല്ലുമായിരുന്നു. അങ്ങനെയാണ് അവർക്ക് ഭയങ്കരിയമ്മ എന്ന് പേര് കിട്ടിയത്.
അവരുടെ വീട്ടുമുറ്റത്ത് നിൽക്കുന്ന വലിയ പേരമരത്തിൽ നിറയെ പഴുത്ത പേരയ്ക്കാ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ അങ്ങാേട്ട് കയറി രണ്ടെണ്ണം പറിച്ചാലോ എന്ന് ചിന്തിച്ചുവെങ്കിലും അത് കണ്ടാൽ ബഹളവും വെച്ച് അവർ വീട്ടിലേക്ക് വരുമെന്ന് ഓർത്തപ്പോൾ പേരയ്ക്ക തിന്നണമെന്നുള്ള മോഹം ഉപേക്ഷിച്ച് വീണ്ടും മുന്നോട്ട് നടന്നു.
അൽപ്പം കൂടി നടന്നപ്പോൾ മതിലിനോട് ചേർന്ന് നിൽക്കുന്ന വാഴയിലെ കൂമ്പിൽ നിന്നും തേൻ കൂടിച്ചു നിൽക്കുന്ന ജെസി ചേച്ചിയെ കണ്ടത്.
” ചേച്ചിയേ… ഭയങ്കരിയമ്മയുടെ വായിൽ നിന്നും തെറി കേൾക്കാൻ തീരുമാനിച്ചതു പോലെയുണ്ടല്ലോ.”
ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു.
ജെസി ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു.
” തോരൻ വെക്കാൻ ഒരു കൂമ്പ് ഒടിക്കാൻ കയറിയതാടാ… സാജാ…! ഏതായാലും ഇതിവിടെ കിടന്ന് പാഴായിപ്പോവുകയല്ലേയുള്ളു.ഭയങ്കരിയമ്മ പൊങ്കാലയിടാൻ പോയിരിക്കവാ, അതാ ധൈര്യത്തോടെ കയറിയത്.”
ജെസി ചിരിച്ചു കൊണ്ടു പറഞ്ഞു.
“എന്തായാലും മോഷണമാണ്. അവർ തിരിച്ചു വരുമ്പോൾ ഇതിനു കിട്ടുന്ന പൊങ്കാല കൂടി വാങ്ങാൻ തയ്യായിക്കോ…!
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“പിന്നെ..! വാഴക്കുലയല്ലല്ലോ കൂമ്പല്ലേ ഒടിച്ചെടുക്കുന്നത്.
പിന്നെ ഇത് ഞാനാണ് ഒടിച്ചതെന്ന് അവരറിയാൻ പോകുന്നില്ല.”
ജെസി കൂസലില്ലാതെ പറഞ്ഞു.
“അതുപോട്ടെ നിനക്ക് പേടി കിട്ടിയെന്നു പറയുന്നത് കേട്ടല്ലോടാ സാജാ..”
ജെസി അവനോട് അന്വേഷിച്ചു.
” ഏയ്..!! ശരി മോഷണം നടക്കട്ടെ ഞാൻ പോവാ…”
ഞാൻ കൂടുതൽ വിശദീകരിക്കാൻ നിൽക്കാതെ വേഗം മുന്നോട്ട് നടന്നു.
അല്പം കൂടി നടന്നപ്പോഴാണ് ഇനി വഴിയിൽ കാണുന്ന എല്ലാവരോടും പേടി കിട്ടിയ കാര്യത്തിനെപ്പറ്റിയുള്ള അന്വേഷണത്തിന് മറുപടി പറയേണ്ടി വരും എന്ന ചിന്ത മനസ്സിലുണ്ടായത്. ഞാൻ തിരിച്ച് വീട്ടിലേക്ക് നടന്നു.
“എന്താടാ ..പള്ളിയിൽ പോയില്ലേ ?
വീട്ടിലേക്ക് തിരിച്ചു കയറുമ്പോൾ അമ്മ ചോദിച്ചു.
” പോയില്ല, അടുത്തയാഴ്ച പോകാം.”
ഞാനകത്തേക്ക് കയറി. “വല്ലപ്പോഴുമെങ്കിലും പോയി കർത്താവിനോട് പ്രാർത്ഥിക്കണം. അപ്പോൾ ഇതുപോലെ ഒന്നും സംഭവിക്കില്ല.”
അമ്മ പിറുപിറുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഇഡ്ഡലിയും തിന്നതിനു ശേഷം ടെലിവിഷനിൽ നോക്കി കിടന്ന ഞാൻ ഉറക്കത്തിലേക്ക് വഴുതുന്നുണ്ടായിരുന്നു.
“എല്ലാവരും മരിക്കുന്നുണ്ട്, ആത്മാവ് മുകളിലേക്ക് പോകുന്നുമുണ്ട്. പക്ഷേ ഉപ്പായി മാപ്പിളയുടെ ആത്മാവ് എന്താ ഇവിടം വിട്ടു പോകാത്തത്?”
ആ ചിന്ത എന്നെ പലവിധ സംശയങ്ങളിലേക്കും കൊണ്ടുചെന്നെത്തിച്ചു.
ശോഭനയമ്മ മരിച്ചു കാണുകയില്ല. അതാവും ഉപ്പായിയുടെ ആത്മാവ് ഇവിടെയൊക്കെ കറങ്ങി നടക്കുന്നത്. ചിന്തകൾ നീളവേ പെട്ടെന്ന് മുറിയിലാകെ നീലനിറത്തിൽ ജലം നിറഞ്ഞു. അതിൽ നിന്ന് മത്സ്യകന്യകയെ പോലെ ഒരാൾ ഉയർന്നുവന്നു. സുക്ഷിച്ചു നോക്കിയപ്പോൾ അതിന് അരക്ക് താഴേക്ക് മത്സ്യത്തിൻ്റെ രൂപവും മുകളിലേക്ക് ആഭരണങ്ങൾ അണിഞ്ഞ സുന്ദരനായ ഒരു യുവാവിൻ്റെ രൂപവുമായിരുന്നു .
ആ രൂപത്തിൻ്റെ മുഖം കഴിഞ്ഞ ദിവസം കണ്ട ശുഭ്രവസ്ത്രധാരിയുടെ മുഖം പോലെയായിരുന്നു.
മീൻ പിടിക്കാൻ പോയ ഉപ്പായി മാപ്പിള മത്സ്യകന്യകനായോ എന്ന് ചിന്തിക്കുമ്പോൾ മുറിയിലെ ജലനിരപ്പ് ഉയരുന്നതായി തോന്നി. കാറ്റിന്റെ സിൽക്കാരം പോലെ എന്തോ ഒന്ന് ദൂരെ നിന്നും ചീറിപ്പാഞ്ഞു വന്ന് എന്നെ കടന്നുപോയി. ശക്തമായ കാറ്റിൽ ജനൽപ്പാളികൾ തുറന്നടയുന്നത് കണ്ട് ഞാൻ ഞെട്ടി. കഴുത്തോളം ജലമായപ്പോൾ ഞാൻ ഉറക്കെ അലറി.
”അമ്മേ അമ്മേ…”
ശരീരത്തിൽ എന്തോ തട്ടിയപ്പോഴാണ് ഞെട്ടിയുണർന്നത്. കയ്യിൽ ഒരു തവിയുമായി അമ്മ അടുത്തുനിന്ന് എന്തൊക്കെ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
സ്വപ്നം കണ്ടാതായിരുന്നുവെന്ന് എനിക്കും അമ്മയ്ക്കും ബോധ്യമായി.
” പകൽ കിടന്നുറങ്ങിയിട്ട് ദു:സ്വപ്നം കണ്ട് ബഹളമുണ്ടാക്കാതെ വന്ന് ഊണുകഴിക്കെടാ ”
അമ്മ അടുക്കളയിലേക്ക് പോയി.
ശ്ശൊ ! സമയം പോയതറിഞ്ഞില്ല. ഉച്ചയായിരിക്കുന്നു. സ്വപ്നത്തിൽ കണ്ട മത്സ്യകുമാരൻ അപ്പോഴും മനസ്സിൽ തന്നെ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ”ഉപ്പായി മത്സ്യകുമാരൻ ” എന്ന് പതുക്കെ പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ ഊണുകഴിക്കാനായി മുന്നോട്ടു നടന്നു.
വൈകുന്നേരം ജോബി വിളിച്ചപ്പോഴാണ് ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റത്. സുരേഷണ്ണന്റെ വീട്ടിൽ ആഹാരം കഴിക്കാൻ ഞങ്ങൾ രണ്ടുപേരെയും വിളിച്ചിരുന്നു. ബന്ധുക്കൾക്കാർക്കോ വിവാഹ വിരുന്ന് കൊടുക്കുന്നുണ്ടായിരുന്നു. അതിനാൽ രാത്രിയിൽ അത്താഴം ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെയാണെന്ന് പുള്ളിക്കാരൻ നേരത്തെ പറഞ്ഞിരുന്നു. പ്രവാസിയായ സുരേഷ് അണ്ണൻ വന്നാൽ ഞങ്ങളോടൊപ്പം വോളിബോൾ കളിക്കാൻ വരാറുണ്ട്. അങ്ങനെയാണ് ഞങ്ങൾ നല്ല സൗഹൃദത്തിലാവുന്നത്.
ജനാലയിലൂടെ നോക്കുമ്പോൾ കമലമ്മ ടീച്ചർ പൂക്കൾ നിറച്ച കൂടയുമായി അമ്പലത്തിലേക്ക് നടന്നു പോകുന്നത് കാണാമായിരുന്നു. ഒപ്പം പതിവുപോലെ കൊച്ചുമകളായ മഞ്ചാടിയും ഉണ്ടായിരുന്നു.
“ക്രിസ്ത്യാനികൾക്കിടയിൽ ഇവന് ഒറ്റ പേരേയുള്ളൂ ലൂസിഫർ ”
ഈ ഡയലോഗും കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത്. അമ്മ ടെലിവിഷനിൽ സിനിമയുടെ മുന്നിലിരിക്കുമ്പോൾ ഞാൻ സുരേഷ് അണ്ണൻ്റെ വീട്ടിലേക്ക് ഇറങ്ങി.
” അധികം ഇരുട്ടും മുമ്പ് ഇങ്ങു പോന്നേക്കണം, അല്ലെങ്കിൽ പിന്നെ സിനിമാ കാണാൻ പോയിട്ട് വന്നതുപോലെയാവും”
അമ്മ ടെലിവിഷനിൽ നിന്ന് കണ്ണെടുക്കാതെ ഓർമിപ്പിച്ചു.
വെറുതെ ഓരോന്ന് ഓർമ്മിപ്പിക്കാതമ്മേ എന്ന് മനസ്സിൽ പറഞ്ഞ് അമ്മയോട് നേരിട്ട് മറുപടി പറയാൻ നിൽക്കാതെ ഞാൻ ഗേറ്റിനു വെളിയിലേക്ക് നടന്നു.
വിരുന്നുകാരെല്ലാം പോയതിനുശേഷമാണ് ഞങ്ങൾ കഴിക്കാനിരുന്നത്. ഞങ്ങളെ കൂടാതെ സുരേഷണ്ണൻ്റെ ഭാര്യയും മക്കളും അവരുടെ ബന്ധുവും അയൽവാസിയുമായ സോമേട്ടനും ഭാര്യയും കഴിക്കാൻ ഒപ്പമുണ്ടായിരുന്നു.
ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോഴും ചർച്ച എനിക്ക് പേടി കിട്ടിയ സംഭവത്തെപ്പറ്റിയായിരുന്നു. നടന്ന കാര്യം ഞാൻ അവരോട് വ്യക്തമായി പറഞ്ഞപ്പോൾ ജോബി മുമ്പ് ഒരിക്കൽ അവനുണ്ടായ അനുഭവം ഞങ്ങളോട് പറഞ്ഞു തുടങ്ങി.
” ദൂരെ എവിടെയോ ഒരു പള്ളിപ്പെരുന്നാളിന് ഗാനമേളക്ക് പോയിട്ട് വരുമ്പോൾ പോളിസ്റ്റർ കൈലിയും ഉടുത്ത് ഒരു ഷർട്ട് തോളിലിട്ട് ഒരാൾ നടന്നു പോകുന്നത് കണ്ടു. ബൈക്ക് സ്ളോ ചെയ്ത് അല്പം പിന്നിലായി പിന്തുടർന്നുവെങ്കിലും ഏകദേശം നാല് കിലോ മീറ്ററോളം പിന്നിട്ടപ്പോഴും അയാൾ ഒരേ നടപ്പായിരുന്നു. അങ്ങനെ വള്ളിച്ചിറക്കണ്ടം വരെ അയാളെ പിന്തുടർന്നു. അവിടെയെത്തിയപ്പോൾ കൃഷിയില്ലാത്ത ആ വലിയ പുഞ്ചയിലൂടെ അയാൾ ഇറങ്ങി നടന്ന് അപ്രത്യക്ഷനായി. ”
നാട്ടിൽ തിരക്കിയപ്പോൾ മറ്റ് പലരും ഇതേപോലെ ഒരാളെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞതായി അറിഞ്ഞു. അയാളാണത്രേ ഉപ്പായി മാപ്പിള. കാരണം അയാൾ പോളിസ്റ്റർകൈലി മാത്രമേ ഉടുക്കുമായിരുന്നുള്ളൂ. കൂടാതെ ഷർട്ട് ധരിക്കാതെ അയാൾ അത് തോളിലിട്ടേ നടക്കുമായിരുന്നുള്ളൂ. പെരുമഴയത്ത് രാത്രിയിൽ മീൻ പിടിക്കാൻ പോയി വലയിൽ കുടുങ്ങിയാണ് ഉപ്പായി മാപ്പിള മരിച്ചത്. മരിച്ചിട്ട് വർഷങ്ങളായിട്ടും ചിലരൊക്കെ രാത്രികാലങ്ങളിൽ അയാളെ ഇതുപോലെ കണ്ടതായി പറയാറുണ്ട് എന്നും ജോബി പറഞ്ഞു.
അപ്പോൾ എന്റെ ചിന്ത മറ്റൊരു വഴിക്കായിരുന്നു.
” ഞാൻ കണ്ടത് ആരെയാവും?”
” കർത്താവേ….! ഇവിടെയെന്താ പ്രേതങ്ങളുടെ താഴ് വരയോ ” എന്ന് ഞാൻ പറഞ്ഞത് അല്പം ഉറക്കെ ആയിപ്പോയി.അത് കേട്ട് എല്ലാവരും ചിരിച്ചു. പക്ഷേ ആ ചിരിയിൽ എനിക്ക് പങ്കുചേരാൻ കഴിഞ്ഞില്ല.
“ചെമ്പകപ്പാലത്തിന്റെ പണിക്കിടയിൽ മനുഷ്യക്കുരുതി നടന്നിട്ടുണ്ട് എന്ത് സത്യം തന്നെയാണ്. ഭൂതഗണങ്ങളെ തൃപ്തിപ്പെടുത്താനും ഇങ്ങനെ ബലി നൽകാറുണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ”
സോമേട്ടൻ്റെ ഭാര്യയാണ് അത് പറഞ്ഞത്.
“ഭൂമിയിൽ നിന്നും മടങ്ങാത്ത പരേതാത്മാക്കളും യക്ഷ കിന്നര ഗന്ധർവൻമാരും ഒക്കെ അർദ്ധരാത്രിക്ക് ശേഷം വിഹരിക്കുന്നതിനിടയിലേക്ക് നമ്മൾ കയറിച്ചെല്ലരുത്. ഒരുപക്ഷേ ആ വാഴത്തോട്ടത്തിലേക്ക് കയറി നിന്നത് കൊണ്ടാണ് സാജൻ രക്ഷപ്പെട്ടത്. അല്ലെങ്കിൽ ഇതുപോലിരുന്ന് ഭക്ഷണം കഴിക്കാൻ സാജൻ ഇവിടെ കാണുകയില്ലായിരുന്നു .”
അവർ അതുകൂടി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.
“നീ വെറുതെ ഓരോന്ന് പറഞ്ഞു പിള്ളേരെ പേടിപ്പിക്കാതെ.”
സോമേട്ടൻ ശാസനയോടെ പറഞ്ഞു.
” പിള്ളേരോ 26 ഉം 27 ഉം ഒക്കെ വയസ്സായ ഇവരാണോ പിള്ളേർ ? ” എന്ന് പറഞ്ഞ് അവർ കൈകഴുകാനായി എഴുന്നേറ്റുപോയി.
” നിന്നെ വീട്ടിലേക്ക് കൊണ്ട് വിടണോ സാജാ..?”
ഇറങ്ങാൻ നേരം സുരേഷണ്ണൻ ചോദിച്ചു.
” വേണ്ട ഞാൻ പൊയ്ക്കോളാം”
എന്ന് പറഞ്ഞ് ഇറങ്ങുമ്പോഴും ഭയം എന്നെ വിട്ടു മാറിയിരുന്നില്ല.
രാത്രിയിലുള്ള കറക്കം നിർത്തണമെന്ന ചിന്തയോടെ വീട്ടിലേക്ക് നടക്കുമ്പോൾ വെള്ളുകുഴിക്കണ്ടത്തിന്റെ ഭാഗത്ത് പട്ടി നീട്ടി ഓരി ഇടുന്നത് കേൾക്കാമായിരുന്നു. കാർമേഘങ്ങൾ നിറഞ്ഞ ആകാശത്തിനു താഴെ ഇരുട്ടുമൂടിയ മരങ്ങൾ കറുത്ത നിഴൽക്കൂട്ടങ്ങളെപ്പോലെ തോന്നി.
ഞാൻ നടത്തത്തിന് വേഗത കൂട്ടി. അപ്പോഴും ആരോ തന്നെ പിന്തുടരുന്നതുപോലെ തോന്നി. പക്ഷേ തിരിഞ്ഞു നോക്കാൻ മനസ്സ് അനുവദിച്ചില്ല.
തണുത്തുറഞ്ഞ കാറ്റ് തന്റെ ശരീരമാകെ വലയം ചെയ്യുന്നതായി എനിക്ക് തോന്നി. നടപ്പിന്റെ വേഗം പരമാവധിയാക്കി മുന്നോട്ടുപോകുമ്പോഴും പിന്നിലാരോ അതേ വേഗത്തിൽ ഒപ്പമുണ്ടെന്ന് എനിക്ക് തോന്നി. വീടിനടുത്തുള്ള വഴിയരികിലെ ഇലഞ്ഞിമരം ആടിയുലഞ്ഞു.
വീട് അടുക്കാറായപ്പോഴേക്കും ഞാൻ ഓടിത്തുടങ്ങിയിരുന്നു.
സിറ്റൗട്ടിൽ കയറിയിട്ടാണ് പിന്നെ തിരിഞ്ഞു നോക്കിയത്. പക്ഷേ അപ്പോൾ ആരെയും കണ്ടില്ല. ഭയം കൊണ്ട് തോന്നിയതാവുമെന്ന ചിന്തയിൽ ഞാൻ വേഗം വീടിനുള്ളിലേക്ക് കയറി. ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും എടുത്തു കുടിച്ച് തിരിച്ച് ഹാളിൽ എത്തി.
ഓരോന്ന് ഓർത്ത് ദിവാൻ കോട്ടിൽ വിശ്രമിക്കുമ്പോൾ താൻ എന്തിനാണ് ഇത്ര പേടിക്കുന്നതെന്നും ഇത് ഒഴിവാക്കാനൊരു മാഗ്ഗം എന്താണെന്നുമുള്ള ചോദ്യം മനസ്സിൽ നിറയുന്നുണ്ടായിരുന്നു.
കാടു കയറുന്ന ചിന്തകളുമായി ടെലിവിഷൻ്റെ മുന്നിലിരുന്ന ടീപ്പോയിലേക്ക് ദൃഷ്ടി ചെന്നപ്പോൾ സിന്ദൂരവും പൂവിതളുകളുമൊക്കെ നിറഞ്ഞ ഒരു ചെറിയ തൂശനിലയിൽ ജപിച്ച ചരട് വച്ചിരിക്കുന്നത് കണ്ടു. ഞാൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.
ഭയമൊഴിഞ്ഞ് ആശ്വാസത്തിന്റെ കുളിർമ ആ നിശ്വാസത്തിൽ അടങ്ങിയിട്ടുണ്ടായിരുന്നു.
” ക്ഷേത്രത്തിൽ ജപിച്ച ചരട് അവിടെ ഇരിപ്പുണ്ട്. കമലമ്മ ടീച്ചർ കൊണ്ടുത്തന്നതാ..! അതെടുത്ത് കയ്യിൽ കെട്ടാൻ മറക്കണ്ട..”
അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറയുമ്പോഴേക്കും ഞാൻ ചരടും എടുത്ത് റൂമിലേക്ക് നടന്നു കഴിഞ്ഞിരുന്നു.
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു