കാരൂർ സോമൻ
മലയാളിയിൽ കുടികൊള്ളുന്ന അരക്ഷിതത്വബോധം ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ചിലരിൽ കണ്ടു. മനുഷ്യ മനസ്സിൽ കുടികൊള്ളുന്ന അജ്ഞതയും അസംതൃപ്തിയുമാണ് ഈ കൂട്ടരിൽ നിന്ന് പുറത്തേക്കരിച്ചിറങ്ങുന്നത് അല്ലെങ്കിൽ വേട്ടയാടുന്നത്. അധികാര രാഷ്ട്രീയത്തിൽ നമ്മൾ കണ്ടുവരുന്നത് കുറെ ഉപജാപകരും സ്തുതിപാഠകരും പലപ്പോഴും രാജ്യസഭയിലേക്ക് കടന്നുവരുന്നതാണ്. ആ കൂട്ടത്തിൽ മനുഷ്യമനസ്സിൽ പ്രതിഷ്ഠ നേടിയവരുമുണ്ട്. രാജ്യസഭയിലേക്കുള്ള ചിലരുടെ വരവ് കാണുന്നവർ ശ്വാസം നിന്നതുപോലെ നോക്കുന്നു, പ്രബുദ്ധരായ, വിവേകമുള്ള ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ ബാലിശമായി കാണാറുണ്ട്. ആ നിശ്ശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് പി.ടി.ഉഷയെ പരോക്ഷമായെങ്കിലും വിമർശിക്കാൻ തുനിഞ്ഞത് മത്തുപിടിച്ച വിദ്വേഷ പ്രേതം ഉള്ളിൽ അലഞ്ഞുനടക്കുന്നതു കൊണ്ടാണ്.
1984-ൽ ലോസ് അഞ്ചൽസിൽ 400 മീറ്റർ ഹാർഡിൽസിൽ 55. 42 സെക്കൻഡിൽ ഫിനിഷ് ചെയ്തത് നാലാമതാണ്. തലനാരിഴക്ക് ഇന്ത്യയുടെ വെങ്കലം നഷ്ടമായി. തുടർന്നുള്ള 1980 മുതൽ 1996 വരെയുള്ള എല്ലാം ഒളിമ്പിക്‌സ്, 1992-ലെ ബാഴ്‌സലോണ ഒളിമ്പിക്‌സ് അങ്ങനെ എത്രയോ നാളുകൾ ലോക ഭൂപടത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായിക താരമാണ്. സമൂഹത്തെ നയിക്കാൻ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നവർ മാത്രം മതിയോ? ഇന്ത്യൻ പാർലമെന്റിൽ ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ എത്രപേരുണ്ട്?
പി.ടി. ഉഷ എന്ന ഇതിഹാസ കായികതാരത്തെ ഞാൻ കാണുന്നത് മാധ്യമം ദിനപത്രത്തിനായി 2012-ൽ ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യുമ്പോഴാണ്. ഉഷയുടെ അരുമ ശിഷ്യ ടിന്റു, ഇന്ത്യൻ ഹോക്കിയുടെ അഭിമാനമായ പി.ആർ.ശ്രീജേഷ്, മയൂഖ ജോണി, കെ.ടി. ഇർഫാൻ അടക്കം പല കായിക താരങ്ങളെയും പരിചയപ്പെട്ടു. പൂർണ്ണ പബ്ലിക്കേഷൻ വഴി പുറത്തുവന്ന ‘കായികസ്വപ്നങ്ങളുടെ ലണ്ടൻ ഡയറി’ എന്ന പുസ്തകത്തിൽ ഉഷയും ഞാനുമായുള്ള അഭിമുഖവുമുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത് ‘പി.ടി.ഉഷ ഓരോ ഇന്ത്യാക്കാരനും പ്രചോദനം നൽകുന്ന ആളാണ്’. അവിടെ ആരൊക്കെ തലയില്ലാത്ത സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ കരിനിഴൽ വീഴ്ത്താൻ ശ്രമിച്ചാൽ വിവേകമുള്ള മനുഷ്യർ അവരെ ചവുട്ടിത്താഴ്ത്തുക തന്നെ ചെയ്യും. കുറെ മലയാളികൾ കായിക രംഗത്ത് മാത്രമല്ല കലാ-സാഹിത്യ രംഗങ്ങളിലും മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടാറുണ്ട്. നിസ്സാരകാര്യങ്ങൾവരെ ഊതിപെരുപ്പിച്ചു് അപവാദങ്ങൾ പ്രചരിപ്പിച്ചാൽ ഭീതിമൂലം ഇവരൊന്നും ഒളിച്ചോടുന്നവരല്ല. സോഷ്യൽ മീഡിയ വഴി കാശുണ്ടാക്കാൻ പലരും പലരെപ്പറ്റി പലതും പടച്ചുവിടാറുണ്ട്.
ഉഷ കായിക സ്‌കൂൾ തുടങ്ങിയപ്പോഴും കോടികൾ തട്ടിയെടു ക്കുന്നുവെന്ന അപവാദ പ്രചാരവേല നടന്നിരിന്നു. ചിലരുടെയൊക്കെ പ്രേരകശക്തിയായിട്ടാണ് ഈ കൂട്ടർ പ്രവർത്തിക്കുന്നത്. രാജ്യസഭയിലേക്ക് വരുന്നത് കായിക രംഗത്തിനെന്നും ഒരു ഉത്തേജനമാണ്. ഇത് പിൻവാതിൽ നിയമനമല്ല. ഈ കായിക താരം അധികാര സിംഹാസനത്തിന്റെ സേവകയോ അവരുടെ ചങ്ങലകളിൽ കുരുങ്ങിക്കിടക്കുകയോ, വരേണ്യ വർഗ്ഗത്തിന്റെ പ്രതിനിധിയോ, ആവേശമൂറുന്ന പ്രസംഗം നടത്തി വന്ന വ്യക്തിയോ അല്ല അതിലുപരി ഒരു കായിക താരത്തിന്റെ ഹൃദയമിടിപ്പും ഒടുങ്ങാത്ത ദുഃഖ-ദുരിതങ്ങളും കണ്ടു വളർന്ന വ്യക്തിയാണ്. കേരളത്തിലെ കായിക താരങ്ങൾക്ക് ഒരു തൊഴിലിന് മുട്ടിലിഴയാൻ ഇനിയും ഇടവരാതിരിക്കട്ടെ.
ഒരു ഭരണകൂടത്തിന്റെ മഹത്വവും ധന്യവുമായ സാമൂഹ്യ പരിരക്ഷയാണ് ഉഷയിലൂടെ കാണാൻ സാധിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നൊക്കെ അധികാരത്തിലിരിക്കുന്നവർ വീമ്പുപറയു മ്പോൾ പലപ്പോഴും കണ്ടുവരുന്നത് ബൂർഷ്വാ ഉത്പാദനമാണ് അല്ലെങ്കിൽ വികട ജനാധിപത്യമാണ്. ഇവിടെ നടക്കുന്ന വൈരുധ്യം പലരും തിരിച്ചറിയുന്നില്ല. രാജ്യസഭയിലേക്ക് മാത്രമല്ല കലാസാഹിത്യ രംഗമടക്കം ഏത് രംഗമെടുത്താലും വർഗ്ഗ താല്പര്യം സംരക്ഷിക്കാൻ വേണ്ടി രാജ്യത്തിന്റെ പരമാധികാരത്തെ ഇവർ ചുഷണം ചെയ്യുന്നു. കലാസാഹിത്യ സാംസ്‌ക്കാരിക രംഗമെടുത്താലും യോഗ്യരായ സാഹിത്യ പ്രതിഭകളെ അകറ്റി നിറുത്തി ഭരണവർഗ്ഗ താല്പര്യം സംരക്ഷിക്കുന്നു. പുരോഗമന ചിന്താശാലികളായവർപോലും അടുത്ത പദവിക്കും പുരസ്‌ക്കാരത്തിനും കാത്തുകഴിയുന്നു.
സമൂഹത്തിൽ രണ്ടും മുന്നും വർഗ്ഗങ്ങളായി തിരിച്ചു നിർത്തി ക്കൊണ്ടാണ് സമത്വം, സാഹോദര്യം പ്രസംഗിക്കുന്നത്. രാജ്യസഭയിലേക്ക് എന്തുകൊണ്ടാണ് ഏറ്റവും കൂടുതൽ രാഷ്ട്രീയക്കാർ കടന്നു വരുന്നത്? സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരുടെ ഭൂരിപക്ഷം എന്തുകൊണ്ട് രാജ്യസഭയിൽ വരുന്നില്ല? ഭരണഘടനയിൽ വേണ്ടുന്ന മാറ്റങ്ങൾ എന്തുകൊണ്ട് വരുത്തുന്നില്ല? രാജ്യസഭയിൽ ബുദ്ധിജീവികളും, കർഷകരും, ശാസ്ത്ര സാഹിത്യ സർഗ്ഗ പ്രതിഭകളും, സാമൂഹ്യ പരിഷ്‌ക്കർത്താക്കളും, സാങ്കേതിക വിദഗ്ദ്ധർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, ആത്മീയാചാര്യന്മാരുമുണ്ടായിരുന്നെങ്കിൽ രാജ്യത്തിന് മികച്ച സംഭാവനകൾ ലഭിക്കുമായിരിന്നു.
രാഷ്ട്രീയ പാർട്ടികളുടെ സ്വാർത്ഥ താല്പര്യം നിലനിർത്താനല്ല ഭരണ കൂടങ്ങൾ ശ്രമിക്കേണ്ടത് രാജ്യ പുരോഗതിക്കാണ് മുൻഗണന കൊടുക്കേണ്ടത്. രാജ്യസഭയിൽ കാണേണ്ടത് പല നിറത്തിലുള്ള ഇലകളും പൂക്കളും നിറഞ്ഞ പുങ്കാവനമാണ് അല്ലാതെ ഭരിക്കുന്നവരുടെ ഫലമില്ലാത്ത കാട്ടുചെടികളല്ല വളമിട്ട് വളർത്തേണ്ടത്. രാഷ്ട്രീയ വാഴ്ചയിൽ വർഗ്ഗ താല്പര്യമല്ല സംരക്ഷിക്കേണ്ടത് മറിച്ചു് ജനകീയ താല്പര്യങ്ങളാണ്. രാജ്യസഭയിൽ ജനാധിപത്യ കക്ഷികളുടെ ഒരു നവോത്ഥാനമുണ്ടാകട്ടെ.
ഞാനും ഉഷയുമായി ലണ്ടനിൽ നടത്തിയ പല ചോദ്യങ്ങളിൽ ഒരു ചോദ്യമിതാണ്. ‘എന്തുകൊണ്ടാണ് ഇന്ത്യൻ അത്‌ലറ്റുകൾ കളിക്കളങ്ങളിൽ പിന്നോക്കം പോകുന്നത്? ഉത്തരം. പിന്നോക്കത്തിന് കാരണം കുട്ടികളല്ല. കഴിവും സാമർത്ഥ്യവുമുള്ള കായിക താരങ്ങൾ നമുക്കുണ്ട്. കായികരംഗത്തെപ്പറ്റി വേണ്ടുന്ന അറിവില്ലാത്തവർ കായികരംഗം വാഴാൻ ശ്രമിച്ചാൽ സാങ്കേതികമായി മാത്രമല്ല അടിസ്ഥാനപരമായി തന്നെ നാം പിന്നോക്കം പോകും. അത് നമ്മൾ തിരിച്ചറിയണം’. പി.ടി.ഉഷക്ക് അഭിനന്ദനങ്ങൾ നേരുന്നു.
രാധാകൃഷ്ണൻ മാഞ്ഞൂർ
സിനിമ സംവിധായകൻ്റെ കലയാണ്, നൂറു ശതമാനം സംവിധായകൻ്റെ മാത്രം … – സത്യജിത്ത് റേ . ഗ്രാമങ്ങളിലെ സിനിമാശാലകൾ കോവിഡ് വ്യാപനത്തോടെ നിശ്ചലങ്ങളായി. കാഴ്ചയുടെ ഭ്രമാത്മക ഭൂമിക സൃഷ്ടിച്ചിരുന്ന തിയേറ്ററുകൾ സാമൂഹികാനുഭവങ്ങളുടെ പൊതുവിടങ്ങളായിരുന്നു. തിരശ്ശീലയിൽ കാണുന്ന നായകനും, നായികയും നമ്മളിലാരൊക്കെയോ ആണെന്നു ഊറ്റം കൊണ്ടിരുന്ന മലയാളി സന്തോഷങ്ങളിലും സന്താപങ്ങളിലും സിനിമയെ ചേർത്തുപിടിച്ചു.
നമ്മുടെ പൊതുശീലങ്ങൾ പലതും കോവിഡ് മഹാമാരി തകർത്തെറിഞ്ഞു. ആഘോഷങ്ങളും , ആൾക്കൂട്ടങ്ങളും പാടില്ലെന്നുള്ള ഭരണകൂട നിർദേശങ്ങൾ സിനിമാ തിയേറ്ററുകളുടെ തകർച്ചയ്ക്ക് കാരണമായി. സവിശേഷമായ ഈ ലോക യാഥാർത്ഥ്യത്തിനു നടുവിൽ നമ്മുടെ മലയാള സിനിമയും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.
പുതിയ കാലത്തിൻറെ കാഴ്ചകളോട് പൊരുത്തപ്പെട്ട് നാം 0.T.T പ്ലാറ്റ്ഫോമുകളിൽ കൂടി സിനിമ റിലീസ് ചെയ്തു തുടങ്ങി . സിനിമാ കൊട്ടകയുടെ ഒഴിഞ്ഞ സ്പെയ്സിലേക്കാണ് 0.T.T പ്ലാറ്റ്ഫോമുകൾ ഉയർന്നുവന്നത്.
പുതുമയുടെ ശബ്ദവും അടയാളങ്ങളും സിനിമയിൽ പരീക്ഷിക്കുന്ന ഒരുപറ്റം സിനിമാ പ്രവർത്തകർ വളർന്നു വരുന്നുണ്ട്. മാറുന്ന മലയാള സിനിമാ സങ്കൽപ്പങ്ങളോട് പ്രതിബദ്ധതയും, ആത്മസമർപ്പണവുമുള്ള ഇവരിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം.
ഇതു മിഥുൻ മനോഹർ .
മലപ്പുറം ജില്ലയിൽ കോട്ടയ്ക്കൽ സ്വദേശി. ‘ പാട്ടുപെട്ടി ‘ എന്ന സിനിമ (നിർമാതാക്കളില്ലാതെ ) മൂന്നു ദിവസം കൊണ്ട് ചിത്രീകരിച്ച് O.T.T പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു വിജയിപ്പിച്ചെടുത്ത സംവിധായക പ്രതിഭ. മിഥുൻ മനോഹറിന്റെ ചിത്രരശ്മി ബുക്സുമായി സഹകരിക്കുന്ന കുറച്ച് സാഹിത്യ സഹൃദയ സുഹൃത്തുക്കളുണ്ട്, ചില സിനിമാ ചങ്ങാതികളുണ്ട്. വലിയ മുടക്കു മുതലുകളില്ലാതെ ഒരു സിനിമ എങ്ങനെയെടുക്കാമെന്ന് ഇവർ നമ്മോട് വിളിച്ചു പറയുന്നു. ഒരു വലിയ നിശ്ചയദാർഢ്യത്തിന്റെ കരുതലിൽ നിന്നാണ് ‘ പാട്ടു പെട്ടി ‘ പിറന്നതെന്ന് സംവിധായകൻ മിഥുൻ മനോഹർ പറയുന്നു.
മിഥുൻ മനോഹർ
ചോദ്യം :- ഏറെ വർഷം മലയാളം തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായ് പ്രവർത്തിച്ച താങ്കൾ കുറച്ചുകാലത്തെ നിശബ്ദതയ്ക്കു ശേഷമാണല്ലോ ഇൻഡസ്ട്രിയിൽ സജീവമാകുന്നത് ?
നമ്മുടെ സിനിമാ വ്യവസായം പണത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോയി. വളരെ എയർകണ്ടീഷൻണ്ടായിട്ടുള്ള ഒരു ഭാവമാറ്റം വന്നുകഴിഞ്ഞു .
ഷൻഡായിട്ടുള്ള ഒരു ഭാവമാറ്റം വന്നു കഴിഞ്ഞു. സിനിമയുടെ മെയിൻസ്ട്രീമിൽ നിന്നും ഒന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. മലപ്പുറം കോട്ടയ്ക്കലിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്തു . ‘ ചിത്രരശ്മി ബുക്സ് ‘ എന്ന പേരിൽ കോട്ടയ്ക്കലിൽ ഒരു പ്രസാധന വിതരണ സ്ഥാപനം തുടങ്ങി.
381 ടൈറ്റിലുകൾ ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. ‘ ചിത്രശമി ബുക്സ് ‘ എന്നു പേരിട്ടത് തന്നെ എൻറെ അച്ഛനാണ്. ഇന്നു മലയാളത്തിലെ എണ്ണം പറഞ്ഞ പല എഴുത്തുകാരുടെയും പുസ്തകങ്ങൾ ഞങ്ങളിലൂടെ പുറത്തുവന്നുകഴിഞ്ഞു.
ചോദ്യം :- രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം രംഗത്തു പ്രവർത്തിച്ച താങ്കൾ എന്തുകൊണ്ടാണ് ഷോർട്ട് ഫിലിം രംഗത്തേക്ക് ചുവട് മാറ്റിയത് .
കാര്യങ്ങൾ പരത്തി പറയുന്നതിലും ഇഷ്ടം , ചെറുതിനുള്ളിൽ സൂക്ഷിക്കുന്ന വലിയ കടലിനോടായിരുന്നു പ്രിയം… ഉദാഹരണം വിലാസിനിയുടെ ‘അവകാശികൾ ‘ എത്രയോ തടിച്ച പുസ്തകമാണ് … അതു മുഴുവൻ ഓർത്തുവയ്ക്കുമോ നമ്മൾ . പക്ഷെ എംടിയുടെ ‘ മഞ്ഞ് ‘ നോക്കൂ. കാച്ചികുറുക്കി അതിന്റെ സത്ത് മാത്രം നമുക്ക് മുൻപിൽ വച്ചു തരുന്നു…
ഇടയ്ക്ക് കുറച്ചു ഷോർട്ട് ഫിലിമുകൾ ‘ചിത്രരശ്മിയുടെ ‘ യൂട്യൂബ് ചാനലിൽ കൂടി പുറത്തിറക്കിയിരുന്നു. എന്തുകൊണ്ടൊ കേരളീയർ ഷോർട്ട് ഫിലിമുകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല ..
ചോദ്യം :- ‘പാട്ടുപെട്ടി ‘ എന്ന ഒന്നേകാൽ മണിക്കൂർ സിനിമ O.T .T പ്ലാറ്റ്ഫോമിൽ വളരെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് കോവിഡ് പടർന്നു നിൽക്കുന്ന പ്രതികൂല സാഹചര്യത്തിലും എങ്ങനെയാണ് മികച്ച വിജയം കൈവരിച്ചത് ?
ഷോർട്ട് ഫിലിം പ്രവർത്തനം , പുസ്തക പ്രസാധനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി നിൽക്കുമ്പോഴാണ് കഥാകൃത്ത് ഭാസ്കരൻ കരിങ്ങപ്പാറയുടെ കഥ ശ്രദ്ധയിൽപ്പെട്ടത് . അദ്ദേഹത്തിൻറെ ഗ്രാമത്തിൽ നടന്ന ഒരു സംഭവകഥ . ഏതാണ്ട് എൺപതുകളുടെ തുടക്കത്തിലായിരുന്നു ആ സംഭവ കഥ . ഗായകനായ ഒരു ചെറുപ്പക്കാരന്റെ പ്രണയ നിരാസങ്ങളുടെ കഥ : പ്രേമൻ എന്ന ഗായകനും സരിത എന്ന പേരുള്ള ടീച്ചറുമാണ് കേന്ദ്ര കഥാപാത്രങ്ങൾ . സമൂഹത്തിനുമുന്നിൽ പ്രണയിച്ചു പോയെന്നുള്ള ഒരു തെറ്റ് മാത്രം. പാട്ടും പ്രണയവുമൊക്കെയായി തീവ്രാനുരാഗത്തിന്റെ ദിനങ്ങൾ പുനസൃഷ്ടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി .
ചോദ്യം :- നിർമ്മാതാക്കളില്ലാത്ത സിനിമ എന്നൊരു വിശേഷണം …? ഇതൊന്നു വിശദമാക്കാമോ ?
അതെ . ‘ പാട്ടുപെട്ടി ‘ ആ ഗണത്തിൽ പെടുന്ന സിനിമയാണ്. ഒരേ മനസ്സുമായി പ്രവർത്തിച്ച ഞങ്ങളുടെ കൂട്ടായ്മയിലാണ് ഫണ്ട് ഉണ്ടാവുന്നത്. ക്യാമറകൾ സ്വന്തമായിട്ടുള്ളവർ ഞങ്ങൾക്കു സൗജന്യമായി തന്നു സഹകരിച്ചു. മറ്റൊന്നു കൂടിയുണ്ട് മൂന്നു ദിവസം കൊണ്ട് സിനിമ ചിത്രീകരിക്കാൻ സാധിച്ചു . മൂവി ക്യാമറയും അനുബന്ധ യൂണിറ്റുമൊക്കെ പരിമിതമായ ദിവസം കൊണ്ട് സജ്ജമാക്കിയതിനു പുറകിൽ കഠിനപ്രയത്നമുണ്ട്.
ചോദ്യം :- ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരു ഹൈലൈറ്റാണ്. ആരാണ് രചന ? ഗായകർ ആരൊക്കെയാണ് ?
ഗാനരചന നടത്തിയത് മധു ആദ്രശ്ശേരി , സുധാകരൻ ചുലൂർ എന്നിവരാണ് . സുരേഷ് ചെറുകോട് , ബിജു ടി സി എന്നിവരാണ് ഗായകർ. കോട്ടയ്ക്കൽ മുരളി സംഗീതം നൽകി.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ?
സിനിമയിലെ നായകൻ പ്രേമനെ അവതരിപ്പിച്ച ആർ .കെ . താനൂർ നൂറോളം ഷോർട്ട് ഫിലിമുകളിലും, ഇരുനൂറോളം തെരുവു നാടകങ്ങളിലും അഭിനയിച്ച കലാകാരനാണ്. ഊർമ്മിള കോട്ടയ്ക്കലാണ് നായിക. അവരും മികച്ച അഭിനേത്രിയാണ്.
ചോദ്യം :- ‘ പാട്ടുപെട്ടി ‘ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത അനുഭവം എന്തെങ്കിലും ?
പരപ്പനങ്ങാടിയിൽ സിനിമയുടെ ചിത്രീകരണത്തിനായി ഒരു പഴയ കെട്ടിടം ഞങ്ങൾ കണ്ടെത്തിയിരുന്നു. സിനിമ ഷൂട്ടിംഗിനായി അവർ കൊടുക്കില്ലന്നു പറഞ്ഞതാണ്. പിന്നീട് ഉടമസ്ഥർ ഞങ്ങൾക്ക് കെട്ടിടം വിട്ടുതന്നു. തടികൊണ്ട് നിർമ്മിച്ച പഴയ ഇരുനില മാളിക . പൊടിപിടിച്ചു കിടന്ന ആ മാളികയുടെ ചരിത്രം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് . മലയാളത്തിന്റെ ലക്ഷണമൊത്ത നോവൽ ‘ ഇന്ദുലേഖ ‘ ഒ . ചന്ദുമേനോൻ എഴുതിയത് ഈ കെട്ടിടത്തിലിരുന്നാണ്.
(പരപ്പനങ്ങാടിയിലെ മുൻസിഫ് കോടതിയിൽ മജിസ്ട്രേറ്റ് ആയി ജോലി ചെയ്തിരുന്ന കാലത്ത് .) ഞാനെൻറെ സഹപ്രവർത്തകരോട് ഇതൊരു ചരിത്രം നിമിഷമാണെന്നു പറഞ്ഞു. ‘ ഇന്ദുലേഖ ‘യുടെ പിറവിക്കു കാരണമായ കെട്ടിടത്തിൽ നമുക്കും ഒരു സിനിമ ചിത്രീകരിക്കാൻ പറ്റുന്നത് ഒരു ഭാഗ്യമാണ് .
പിന്നെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട് മൂന്നുദിവസംകൊണ്ട് ഒരു സിനിമയോ ? എന്നു പുഛിച്ചവർ നിരവധി യുണ്ടായിരുന്നു. അവരൊക്കെ പിന്നീട് ഞങ്ങളെ വിളിച്ച് അഭിനന്ദിച്ചു, അംഗീകാരങ്ങൾ നൽകി. ഇതൊക്കെ സന്തോഷം നൽകുന്നു.
ചോദ്യം :- പുതിയ സിനിമാ പ്രോജക്ടുകൾ ?
മലയാളത്തിലും , തമിഴിലുമായി ഒരു ചിത്രം ഒരുങ്ങുന്നു. അത് അഞ്ചു ദിവസം കൊണ്ട് ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ. 90 ദിവസം കൊണ്ട് സിനിമ ചിത്രീകരിച്ച് നിർമ്മാതാവിന്റെ പോക്കറ്റ് കാലിയാക്കുന്ന സംവിധായകരോട് എനിക്ക് യോജിപ്പില്ല. കാരണം ഫ്രെയിം ടു ഫ്രെയിമായി ഉള്ളിൽ സിനിമയുണ്ടെങ്കിൽ വെറും അഞ്ചു ദിവസം കൊണ്ട് ഫീച്ചർ ഫിലിം ചിത്രീകരിക്കാനാവും. ഇതെന്റെ അനുഭവമാണ് .
മിഥുൻ മനോഹറിൻറെ ഫോൺ നമ്പർ :- 9061437123
ഉപരേഖ
‘ പാട്ടുപെട്ടി’ സിനിമയും, മനോഹരഗാനങ്ങളും ഇതോടൊപ്പം നൽകിയിരിക്കുന്നു . (യൂ ട്യൂബ് ലിങ്ക് .)
ഡോ. ഐഷ വി കഴിഞ്ഞ രണ്ട് വർഷമായി എല്ലാ ഞായറാഴ്ചയും മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഓർമ്മ ചെപ്പ് തുറന്നപ്പോൾ എന്ന പംക്തി ആദ്യ 100 അധ്യായങ്ങൾ ചേർത്തുള്ള പുസ്തക പ്രകാശനം പ്രൗഢഗംഭീരമായ സദസിന് സാക്ഷിയാക്കി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് നടന്നു. പ്രമുഖ കവിയും അധ്യാപകനും മലയാളം മിഷൻ രജിസ്ട്രാറുമായ ശ്രീ വിനോദ് വൈശാഖി ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സമാദാരണീയനും നവതി ആഘോഷിക്കുകയും ചെയ്യുന്ന പ്രശസ്ത കവി ആറ്റിങ്ങൽ ദിവാകരൻ പുസ്തകം ഏറ്റുവാങ്ങി. വൈജ്ഞാനികവും സാമൂഹികവും ജൈവികവും രാഷ്ട്രീയവുമായ അടിത്തറയുള്ള നാലു തൂണുകളിലാണ് ഓർമ്മചെപ്പ് ഉയർത്തിയിരിക്കുന്നതെന്ന് ശ്രീ വിനോദ് വൈശാഖി തൻെറ ഉത്‌ഘാടന പ്രസംഗ മധ്യേ പറഞ്ഞു .
എഴുത്തുകാരനും , കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയുമായ റ്റിജി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ബുക്ക്സ് കോ ഓർഡിനേറ്റർ പിങ്കി എസ് അധ്യക്ഷത വഹിച്ചു . ചിറക്കര ഗ്രാമ പഞ്ചായത്ത് ഇടവട്ടം വാർഡ് മെമ്പർ ശ്രീമതി സജില റ്റി എസ് , ശ്രീ ആർ രാധാകൃഷ്ണൻ ( രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് ജേതാവ്), കുര്യച്ചൻ റ്റി ഡി ( വൈസ് പ്രസിഡന്റ്, കലാ സാംസ്കാരിക കമ്മിറ്റി കൺവീനർ, IHRD എംപ്ലോയീസ് യൂണിയൻ), ശ്രീ ഷാജി സേനൻ (കവി, സാഹിത്യകാരൻ), ശ്രീ അഖിൽ പുതുശ്ശേരി ( യുവ കവി), ഡോ. അനിത വി ( മേധാവി , ഡിപാർട്ട്മെന്റ് ഓഫ് എക്കണോമിക്സ് , യൂണിവേഴ്സിറ്റി ഓഫ് കേരള) എന്നിവർ ആശംസകൾ അർപ്പിച്ചു. പുസ്തക രചയിതാവ് ഡോ. ഐഷ വി കൃതജ്ഞത പറഞ്ഞു.
ഓർമ്മച്ചെപ്പിൽ ചിത്രങ്ങൾ വരച്ചത് ചിത്രകാരിയും എഴുത്തുകാരിയുമായ അനുജ സജീവാണ്. ഓർമ്മച്ചെപ്പ് പുസ്തകത്തിൻറെ കവർപേജും രൂപകല്പനയും നടത്തിയത് പ്രശസ്ത കാർട്ടൂണിസ്റ്റ് ഒ.സി രാജുവാണ്.
ഓർമ്മകൾ വരികളിലൂടെ അനശ്വരമാക്കാനുള്ള ഒരു ശ്രമമാണ് ഈ ഓർമ്മക്കുറിപ്പുകൾ . സ്വന്തം ജീവിതാനുഭവങ്ങളും ജീവിതവഴിയിൽ പരിചയപ്പെട്ടവരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഭവങ്ങളും രചനയ്ക്ക് വിഷയമായിട്ടുണ്ട്. പലരുടേയും പോരാട്ടങ്ങളും അതിജീവന കഥകളും ഓർമ്മച്ചെപ്പിൽ ഉൾക്കൊള്ളുന്നു .19 – 20 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ചിലരുടെ ജീവിതങ്ങളും ഇതിലുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോർമുഖങ്ങളിൽ ഉണ്ടായിരുന്നവരേയും അന്നത്തെ ജനങ്ങളുടെ ദുരിതാ ദുരിതാവസ്ഥയേയും പരാമർശിക്കുന്നുണ്ട്. സാധാരണ മനുഷ്യർ മൺമറഞ്ഞാൽ പിന്നെ അവരെക്കുറിച്ചുള്ള ഓർമ്മകളും വിസ്മൃതിയിലാഴും . എന്നാൽ അവരിൽ പലരും നമ്മുടെ നാടിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണഭൂതരായിട്ടുള്ളവരാണെന്ന സന്ദേശവും ഈ പുസ്തകം മുമ്പോട്ട് വയ്ക്കുന്നു. പപ്പായ, മുരിങ്ങ തുടങ്ങിയ സസ്യങ്ങളുടെ ഔഷധ ഗുണത്തെപ്പറ്റിയും കൂവരക് , കുരുമുളക്, കൂവക്കിഴങ്ങ് പൊടി , മഞ്ഞൾപൊടി തുടങ്ങിയവയുടെ സൂക്ഷിപ്പുകാലത്തെപ്പറ്റിയും ഇവിടെ പരാമർശിക്കുന്നു.
ഡോ. ഐഷ വി
ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കാൻ ദൂരം കൂടുതലുണ്ടെന്ന് തോന്നിയേക്കാം. എന്നാൽ ശ്രദ്ധയോടെയും കൃത്യതയോടെയുമുള്ള ചിട്ടയായ ഓരോ ചുവടുവയ്പും നമ്മളെ ലക്ഷ്യത്തിലേയ്ക്ക് അടുപ്പിച്ചു കൊണ്ടിരിയ്ക്കും, ലക്ഷ്യത്തിൽ എത്തുന്നതു വരെ നാം ശ്രമം തുടർന്നുകൊണ്ടേയിരിക്കണം. എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും , സമയമില്ല എന്ന് തോന്നിയാലും നാം ഒരിക്കലും ശ്രമം കൈവിടരുത്. ലക്ഷ്യം സാക്ഷാത്കരിക്കാൻ ശരിയായ മാർഗ്ഗം നമ്മൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ജീവിതം പുഴ പോലൊരു പ്രയാണമാണ്. അതിൽ എന്തെങ്കിലും ഒക്കെ പിൻ തലമുറക്കാർ ഓർക്കത്തക്ക തരത്തിൽ അവശേഷിപ്പിക്കാൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ ബോധപൂർവ്വം ശ്രമിച്ചാൽ അത് സാദ്ധ്യമാണ്. സാദ്ധ്യമായതിനെ സ്വായത്തമാക്കാൻ ചിട്ടയായി പരിശ്രമിച്ചേ മതിയാകൂ. ലക്ഷ്യം ഉദ്യോഗമാകാം, ഭൗതികമായ എന്തെങ്കിലുമാകാം, എഴുത്താകാം കീർത്തിയാകാം, വിദ്യാഭ്യാസമാകാം, അങ്ങനെ ആഗ്രഹിക്കുന്ന, അന്യന് ദോഷമില്ലാത്ത സാധ്യമായ എന്തുമാകാം.
ഓർമ്മച്ചെപ്പ് തുറന്നപ്പോർ എന്ന പംക്തി പുസ്തക രൂപത്തിൽ പ്രസിദ്ധീകരിയ്ക്കാൻ ശ്രീ റ്റിജി തോമസ് സർ എന്നോട് നിർദ്ദേശിച്ചിരുന്നു. അന്ന് നൂറ് അധ്യായങ്ങൾ പൂർത്തിയാകട്ടെ എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ ഓർമ്മചെപ്പ് തുറന്നപ്പോൾ എന്ന പംക്തി 100 അധ്യായങ്ങളും പിന്നിട്ട് ഏറെ മുന്നോട്ട് പോയി. ഓരോ ഞായറാഴ്ചയും കൃത്യമായി ഞാനെഴുതി. മലായാളം യു കെ.കോമിലെ ജീവനക്കാർ എല്ലാ ഞായറാഴ്ചകളിലും കൃത്യമായി എഡിറ്റിംഗ് പൂർത്തിയാക്കി. അത് അപ് ലോഡ് ചെയ്തു. അനുജ സജീവിന്റെ വരകൾ അതിന് മിഴിവേകി അവരുടെ ദൗത്യം നിർവ്വഹിച്ചു. ശ്രീ റ്റിജി തോമസ് നിർദേശിച്ച തഴക്കമുള്ള മാധ്യമപ്രവർത്തകനും കാർട്ടൂണിസ്റ്റമായ ശ്രീ ഒ സി രാജുവിന്റെ സഹായത്തോടെ ആദ്യ 100 അധ്യായങ്ങൾ പുസ്തകമാക്കിയിരിക്കുകയാണ്. നല്ല കവർ ഡിസൈൻ, കാർട്ടൂൺ . എന്നിവ ശ്രീ.ഒ സി രാജു നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനങ്ങൾ പുസ്തകമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ഒട്ടേറെപ്പേരുടെ തക്ക സമയത്തുള്ള പ്രവർത്തനങ്ങൾ അതിന് ആക്കം കൂട്ടി. പൗലോ കൊയ്ലോയുടെ വാക്കുകൾ കടമെടുത്താൽ, ഞാനെന്റെ ലക്ഷ്യം നിർണ്ണയിച്ച് കഴിഞ്ഞപ്പോൾ ഈ ലോകം മുഴുവൻ എന്റെ കൂടെ നിന്നു എന്ന് പറയാം. പ്രിന്റ് ചെയ്ത ഡോണ പ്രസ്സ്, പുസ്തകം ട്രാൻസ്പോർട്ട് ചെയ്ത വണ്ടിക്കാരൻ എല്ലാം ഓരോ ഘട്ടത്തിൽ അവരവരുടെ പങ്ക് യഥാസമയം നിർവ്വഹിച്ചു. അങ്ങനെ ചിട്ടയായ പ്രവർത്തനവും ലക്ഷ്യവും മാർഗ്ഗം സുഗമമാക്കി എന്ന് പറയാം.
അതിലെ കഥാപാത്രങ്ങളെ പിന്നെ കണ്ടിട്ടുണ്ടോ? കാണാൻ ശ്രമിച്ചിട്ടുണ്ടോ എന്നൊക്കെ ചില വായനക്കാർ എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്. അങ്ങനെയുള്ള മൂന്നുപേർ. ഒന്ന് കമലാക്ഷി, രണ്ടാമത്തേത് ശാന്തേച്ചി. മൂന്നാമത്തേത് ഹിന്ദി ടീച്ചർ. ആദ്യ രണ്ട് പേരും കാസർഗോഡ് ജില്ലക്കാർ . മൂന്നാമത്തേത് തിരുവനന്തപുരം ജില്ലക്കാരിയായ ഹിന്ദി ടീച്ചർ. ഏതാണ്ട് 45 വർഷങ്ങൾക്ക് മുമ്പ് കണ്ട് പിരിഞ്ഞ് പോയവർ . അവരെ കാണാൻ ഞാൻ വളരെ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ പലവിധ തിരക്കുകൾ മൂലം അവരെ തിരഞ്ഞ് പോയില്ല എന്ന് മാത്രം.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ നന്നായി പരിശ്രമിച്ച അധ്യാപികയാണ് സരോജിനി ടീച്ചർ. കാറ്റ് ഭവാനി ഓർമ്മയിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട് .
അങ്ങനെ ഓർമ്മചെപ്പിന്റെ പ്രകാശന ചടങ്ങ് ജൂലൈ 9 ശനിയാഴ്ച 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. മലയാളം മിഷൻ ചെയർമാനും കവിയുമായ ശ്രീ വിനോദ് വൈശാഖി പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങ് മാന്യ വായനക്കാരുടെ നേരിട്ടും അല്ലാതെയ്യുള്ള സാന്നിദ്ധ്യത്തിലൂടെ അന്വർത്ഥമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജേക്കബ് പ്ലാക്കൻ
ദേശാടനകിളികളോടൊത്തു പറക്കാം നമ്മുക്ക്
ദേശാന്തരങ്ങൾ കണ്ടുനടക്കാം …!
കണ്ടുകണ്ടു പോകാം നമുക്ക് കാണാ
കാഴ്ചകൾ കണ്ടാനന്ദകാനനംകയറാം …!
വിഭാതങ്ങളെല്ലാം വിഭിന്നം ..!
വിശ്വം വിശ്വംഭര ശക്തി വിലാസം .!
ജീവിതം ഭാസുര രാഗ താള ലയം ..!
ഭാവം സപ്‌ത സ്വര ആരോഹണമയം …!
അകത്തളിരിനുൾപ്പൂ വിളയും ഗ്രാമന്തരങ്ങളിൽ
പോകാം ….!
അൻപിനുടൽ പൂവണിഞ്ഞുള്ള ശുദ്ധരാം മനുഷ്യരെ കാണാം ..
വെയിൽപാ വിരിച്ചുറങ്ങും പാടങ്ങളും ,
മുകിലകിടുകൾ ചുരത്തും മഴപ്പാലുണ്ടും
തിരളും ഋതുക്കളാൽ മണ്ണിലൊരായിരം
തരളിത മധുമോഹന സ്വപ്‍നങ്ങൾ
തളിർചൂടി വിരിയും ഹാരിത ഭവവും കാണാം …!
ദേവതാരുക്കൾ പൂത്തിടങ്ങളിലൂടെ… ശിലകൾ ദേവശില്പങ്ങളാകും നദിക്കരകളിലൂടെ…..!
മലകൾ മതിലിട്ടു ..കലർപ്പില്ലാത്തൊരു
നൽസംസ്കൃതിപൂവിട്ടുലഞ്ഞു കൊഴിഞ്ഞ
താഴ് വാരങ്ങളിലൂടെ പോകാം ….!
വിജനവീഥികളിലെ ജീവനാശങ്ങളും
വിജനനങ്ങളും വീരർ വീണു വീരസ്വർഗ്ഗം പൂകിയ അടരിടങ്ങളും അടരാടി യവർ നേടിയ
പൊന്നും പെണ്ണും മണ്ണും കെട്ടടിഞ്ഞ വഴികളും …!
മന്നരാംമനുഷ്യർമണ്ണിട്ടുമൂടിയ ഋഷി
ധര്‍മങ്ങളുറങ്ങും വല്മീകങ്ങളാം മൺ കുടീരങ്ങളിലൂടെ ..!
സംഘശക്തിയാം ആര്യാവര്‍ത്തത്തിൻ ഇരുളിൻ ഗദ്ഗദങ്ങളിലൂടെ ..! ഇന്നു
സര്‍വചാരി സംഹാര താണ്ഡവമാടും
മണ്ണിൻ മണ്ഡപങ്ങളിലൂടെ …നമ്മുക്ക് പോകാം …!
ഒലിവിലാ തേടും പ്രാവിൻ ചുണ്ട് മായി നമ്മുക്ക് ഒരായിരം നിലാരാത്രികൾ താണ്ടാം ….!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ഡോ. ഐഷ വി
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ഏറോ ഡ്രോം ഓഫീസർ , കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് എന്നീ തസ്തികയിലേയ്ക്കുള്ള ടെസ്റ്റെഴുതാനായി ഞാൻ അച്ഛനോടൊപ്പം തിരുവനന്തപുരം വിമൻസ് കോളേജിലെത്തി. പതിവ് പോലെ ഒരു ഹോട്ടലിൽ നിന്നും അച്ഛൻ ചായയും ലഘു ഭക്ഷണവും വാങ്ങിത്തന്നിരുന്നു. വീട്ടിൽ നിന്നും കഴിച്ചിട്ട് വരുന്ന പ്രാതലിന് പുറമേയാണിത്. തിരികെ പോകുമ്പോഴും ഇതുപോലെ ചായയും ലഘു ഭക്ഷണവും പതിവാണ്.
നോട്ടീസ് ബോർഡിലിട്ട നമ്പരിൽ നിന്നും എന്റെ ക്ലാസ്സ് റൂം കണ്ടുപിടിച്ചു. അവിടെയെത്തി എന്റെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് ടോയിലറ്റിൽ പോകാൻ തോന്നിയത്. പരീക്ഷാ സെന്ററുകളിൽ പലപ്പോഴും ടോയിലറ്റുകൾ ഒക്കെ വളരെ താമസിച്ചേ തുറക്കാറുള്ളൂ. അതിനാൽ അല്പനേരം കൂടി അവിടിരുന്ന ശേഷം ഞാൻ ടോയിലറ്റിൽ പോകാനായി പുറത്തേയ്ക്കിറങ്ങി. അപ്പോൾ നല്ല പൊക്കമുള്ള മെലിഞ്ഞ പയ്യൻ അവിടേയ്ക്ക് കയറി വന്നു. പരീക്ഷാർത്ഥിയാണ്.
അന്നത്തെ പരീക്ഷയുടെ പ്രത്യേകത അന്നു തന്നെ റിസൽട്ടറിയും എന്നതായിരുന്നു. പരീക്ഷയെഴുതിക്കഴിഞ്ഞപ്പോൾ തരക്കേടില്ല എന്ന് തോന്നി. ഞാനും അച്ഛനും റിസൾട്ടറിയാനായി കാത്തു നിന്നു. കുറേ കഴിഞ്ഞപ്പോൾ റിസൾട്ട് വന്നു. കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റിന്റെ ഇന്റർവ്യൂ പിറ്റേന്ന് തിരുവനന്തപുരം പഴയ എയർപോർട്ടിൽ വച്ചാണ്.. ഞാൻ ടെസ്റ്റ് പാസ്സായിട്ടുണ്ട്. പിറ്റേന്ന് ഞാനും അച്ഛനും കൂടി എയർ പോർട്ടിലെത്തി. ഇന്റർവ്യൂവിനായി സജ്ജീകരിച്ച മുറിയിൽ ഹാജരായി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉദ്യോഗാർത്ഥികൾക്കുള്ള കാത്തിരിപ്പ് മുറിയിലേയ്ക്ക് ഞാൻ കയറി. അച്ഛൻ പുറത്ത് കാത്ത് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ മുറിയിലേയ്ക്ക് തലേന്നു കണ്ട പൊക്കം കൂടിയ പയ്യൻ കടന്ന് വന്ന് ഇരിപ്പുറപ്പിച്ചു. ഇന്റർവ്യു കഴിഞ്ഞ് ഞാനും അച്ഛനും തിരികെ പോന്നു.
പിന്നീട് ഏറോ ഡ്രോം ഓഫീസറുടെ പോസ്റ്റിനുള്ള എന്റെ ഇന്റർവ്യു മദ്രാസ് ( ഇന്ന് ചെന്നൈ) എയർപോർട്ടിൽ വച്ച് നടന്നു. അധികം താമസിയാതെ എനിക്ക് കോഴിക്കോട് ആർ ഇ സിയിൽ ( ഇപ്പോഴത്തെ NIT) എം സി എ അഡ്മിഷനായി. തലേന്ന് തന്നെ ഞാൻ അച്ഛനോടൊപ്പം കോഴിക്കോട്ടെത്തി. ഒരു ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ഫ്രഷായി. ഞാനും അച്ഛനും കൂടി അന്ന് വൈകിട്ട് REC കാണാൻ പുറപ്പെട്ടു. പാളയം ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ ഒരാൾ വിളിച്ചു പറയുന്നത് കേട്ടു: ” കാരന്തൂര് – കുന്ദമംഗലം ചാത്തമംഗലം – ആർ ഈ സീ –..” പിന്നെ അമാന്തിച്ചില്ല , ഞങ്ങൾ ആ ബസ്സിൽ കയറി. ആർ ഇ സി യുടെ സ്റ്റോപ്പിലിറങ്ങി.
അവിടത്തെ വിശാലമായ ക്യാമ്പസ് കണ്ടപ്പോൾ അവിടെ പഠിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. ഞങ്ങൾ തിരിച്ച് താമസ സ്ഥലത്തെത്തി. പിന്നെ മിഠായിത്തെരുവ് ( SM streat എന്ന സ്വീറ്റ് മീറ്റ് സ്ട്രീറ്റ് – സ്വീറ്റ് മീറ്റ് എന്നാൽ ഹൽവ) ചുറ്റി നടന്ന് കണ്ടു. അവിടെ നിന്നും കുറച്ച് ഹൽവ വാങ്ങിച്ചു. ഞങ്ങൾ കാസർഗോഡായിരുന്ന കാലo മുതൽ അച്ഛൻ ഔദ്യോഗികാവശ്യങ്ങൾക്കായി കോഴിക്കോട്ടെത്തിയാൽ വീട്ടിൽ കോഴിക്കോടൻ ഹൽവ കിട്ടുമെന്ന് ഉറപ്പായിരുന്നു.
എസ് എം സ്ട്രീറ്റിന്റെ മറ്റൊരു പ്രത്യേകത വഴിയേ പോകുന്നവരെ കടക്കാർ കടയിലേയ്ക്ക് സാധനങ്ങൾ വാങ്ങാനായി ക്ഷണിക്കുമെന്നതാണ്. ഞങ്ങൾ തിരിച്ച് ടൂറിസ്റ്റ് ഹോമിലെത്തി, പിറ്റേന്ന് രാവിലെ ഹോട്ടൽ അന്വഷിച്ചപ്പോൾ എസ് എം സ്ട്രീറ്റിൽ നിന്നും റയിൽവേ സ്റ്റേഷനിലേയ്ക്ക് തിരിയുന്നിടത്തുള്ള ഒരു ഹോട്ടൽ കണ്ടെത്തി. അവിടെ അപ്പവും ചെറുപയർ കറിയുമായിരുന്നു വിഭവം.. ഞങ്ങളുടെ നാട്ടിൽ ഇല്ലാത്ത ഒരു കോമ്പിനേഷൻ. ചൂടപ്പവും കറിയും പ്രതീക്ഷിച്ച എന്നെ അത് നിരാശയാക്കി. വളരെ തണുത്ത അപ്പവും കറിയുമായിരുന്നു അത്. എങ്കിലും അതും കഴിച്ച് ഞങ്ങൾ ടൂറിസ്റ്റ് ഹോമിലെത്തി. സർട്ടിഫിക്കറ്റുകളടങ്ങിയ ഫയൽ എടുത്ത് ഞങ്ങൾ പാളയം ബസ് സ്റ്റാന്റിലെത്തി. ആർ ഇസി എന്ന് എഴുതിയ ബസ്സിൽ കയറി ഞങ്ങൾ ഇരിപ്പുറപ്പിച്ചു. ബസ്സിന്റെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയ ഞാൻ കണ്ടത് ഞങ്ങളെ നോക്കി എന്തോ കമന്റടിച്ച് ചിരിച്ച് കൊണ്ട് നിൽക്കുന്ന രണ്ട് പയ്യന്മാരെയായിരുന്നു. അതിലൊരാൾ തിരുവനന്തപുരത്ത് ടെസ്റ്റിനും ഇന്റർവ്യുവിനും പോയപ്പോൾ കണ്ട മെലിഞ്ഞ പൊക്കമുള്ള പയ്യനായിരുന്നു. ഞാൻ മുഖം തിരിച്ച് ഇരുന്നു. ആ ബസ്സ് മാവൂർ ഗ്വാളിയർ റയോൺസ് വഴി ചുറ്റി പോകുന്ന ബസ്സായിരുന്നു. ഒരു അച്ഛനും മകളും കൂടി ചുറ്റിപ്പോകുന്ന ബസ്സിൽ കയറിയിരിപ്പാണ്. ഒന്ന് ചുറ്റി വരട്ടേ… എന്നാണ് പയ്യന്മാരുടെ കമന്റടിയുടെ അർത്ഥമെന്ന് പിന്നീട് മനസ്സിലായി. ഞങ്ങൾ കട്ടാങ്ങൽ സ്റ്റോപിലിറങ്ങി. തിരികെ നടന്ന് ആർ ഇ സി യിലെത്തി. . അപ്പോൾ കാണാം, ഞങ്ങളെ കളിയാക്കി ചിരിച്ച പയ്യന്മാർ ഞങ്ങൾക്കു മുന്നേ അവിടെ എത്തിയിട്ടുണ്ട്.
അധ്യാപകർ എത്തിയപ്പോൾ അഡ്മിഷനുമായി ബന്ധപ്പെട്ട ഔപചാരികതകൾ തുടങ്ങി. എന്റെ പേര് ഐഷ വി എന്നാണെങ്കിലും ഇനിഷ്യലിന്റെ പൂർണ്ണരൂപം എഴുതാൻ ഫോമിൽ ആവശ്യപ്പെട്ടിരുന്നതിനാൽ ഐഷ വിദ്യാധരൻ എന്നാണ് എഴുതിയിരുന്നത്. കംപ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് ഹെഡ് നമ്പൂതിരിസാർ എന്റെ പേര് ഉറക്കെ വായിച്ചപ്പോൾ ഞാനവിടെത്തി. അവർ സർട്ടിഫിക്കറ്റ് പരിശോധിച്ചു. അഡ്മിഷൻ കഴിഞ്ഞ് ഞങ്ങൾ തിരികെ പോന്നു.
അഡ്മിഷൻ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടായിരുന്നു ക്ലാസ്സ് തുടങ്ങിയത്. ആർ. ഇ. സി യിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അച്ഛൻ തന്ന ഉപദേശം: “ഒരു പ്രലോഭനത്തിലും വീഴരുത്” എന്നതായിരുന്നു. ക്ലാസ്സ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ പൊക്കമുള്ള മെലിഞ്ഞ പയ്യന് ( പേര് ശ്യാംലാൽ) മദ്രാസ് എയർപോർട്ടിൽ വച്ച് എയ്റോ ഡ്രോം ഓഫീസറുടെ ഇന്റർവ്യൂ ആണെന്നറിഞ്ഞു . ഞാനും ഇന്റർവ്യൂവിന് പോയിരുന്നു എന്ന് ഞങ്ങൾ തമ്മിൽ സംസാരിച്ച കൂട്ടത്തിൽ പറഞ്ഞു. മൈക്രോഫോൺ ഉപയോഗിച്ച് അനൗൺസ്മെന്റ് ചെയ്യുമ്പോൾ നമ്മുടെ ശബ്ദം അവർ പരിശോധിക്കുമെന്ന് ഞാൻ പറഞ്ഞു. പിന്നെ എന്നോട് ഇന്റർവ്യൂവിന് “രാത്രി നിങ്ങൾ ഒറ്റപ്പെട്ട സ്ഥലത്താണ്. ആശുപത്രിയിൽ പോകേണ്ടിവന്നാൽ എന്തു ചെയ്യും?” എന്ന ചോദ്യം ചോദിച്ച വിവരവും ഞാൻ പറഞ്ഞു. ഒരാൾക്ക് ജോലി കിട്ടി പോകുന്നത് നല്ല കാര്യം തന്നെ. എന്നാൽ ശ്യാംലാൽ ക്യാമ്പസ് വിട്ട് പോകുമല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം തോന്നി. ആശംസകൾ നേർന്ന് ഇന്റർവ്യുവിനയച്ചു.
ആകെ 30 വിദ്യാർത്ഥികൾ ഉള്ള ക്ലാസ്സിൽ ഞാൻ രാധിക രാജ റ്റി.എം, അനുപമ ശ്രീനിവാസൻ, ദീപ്തി ജെ മേനോൻ, ലീന മാമ്മൻ എന്നിവർ മാത്രമേ പെൺകുട്ടികളായുള്ളൂ. ഭൂരിഭാഗവും ആൺ കുട്ടികൾ . അതിൽ കുറച്ചുപേർ അന്യ സംസ്ഥാനക്കാരാണ്. രണ്ട് പേർക്കിരിക്കാവുന്ന ബഞ്ചും ഡസ്കുമായിരുന്നു ക്ലാസ്സിൽ . ലീന , ദീപ്തി എന്നിവർ ഒരുമിച്ചും ഞാൻ അനുപമയോടൊപ്പമോ രാധികയോടൊപ്പമോ ആണ് ക്ലാസ്സിലിരിക്കുക. ശ്യാംലാൽ എന്റെ തൊട്ടു പിറകിലുള്ള സീറ്റിലുണ്ടാകും. ഇടവേളകളിൽ അവസരം കിട്ടുമ്പോൾ ഒരന്യസംസ്ഥാനക്കാരൻ പയ്യൻ എന്നെ കളിയാക്കുന്ന മട്ടിൽ ചോദിയ്ക്കുമായിരുന്നു : ” Aysha , will you marry me?” ആ ചോദ്യത്തിന് ഒന്നു പുഞ്ചിരിക്കുകയല്ലാതെ ഞാൻ മറുപടി കൊടുക്കില്ലായിരുന്നു. ഒന്നാമത്തെ കാര്യം അച്ഛനെ വല്യ പേടിയായിരുന്നു. രണ്ടാമത് പയ്യൻ കളിയാക്കുകയാണെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ ചോദ്യം പലദിവസമാവർത്തിച്ചപ്പോൾ ഞാൻ പറഞ്ഞു: “If you are ready to share the kitchen work, I shall marry you”. എന്റെയീ മറുപടി കേട്ടതിനു ശേഷം ആ പയ്യൻ പിന്നെ എന്നോട് ഈ ചോദ്യം ചോദിച്ചിട്ടേയില്ല.
നാട്ടിലേയ്ക്കുള്ള യാത്രകളിൽ ലീനയും ഞാനുമായിരുന്നു ഒരുമിച്ച് ടിക്കറ്റ് റിസർവ് ചെയ്ത് പോകുന്നവർ . സെമസ്റ്റർ ബ്രേക്കിൽ റിസർവേഷൻ ഇല്ലാതെയും ഞങ്ങൾ ടെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെ 4 സെമസ്റ്റർ ആയപ്പോൾ അഞ്ച് ദിവസത്തെ ബ്രേക്ക് കിട്ടി. ഞാനും ലീനയും കൂടി അന്ന് രാത്രി വണ്ടിയ്ക്ക് ഒരുമിച്ച് പോകാമെന്ന് പറഞ്ഞിരിയ്ക്കുകയായിരുന്നു. വൈകുന്നേരമായപ്പോൾ ലീന കാലുമാറി. അവർക്ക് നിലമ്പൂരിൽ എസ്റ്റേറ്റ് ഉണ്ട്. ലീനയുടെ പപ്പയുടെ ജ്യേഷ്ഠനും കുടുംബവും അവിടെയാണ്. ലീന അങ്ങോട്ട് പോവുകയാണ്. തിരുവനന്തപുരത്തേയ്ക്ക് വരുന്നില്ല എന്ന് പറഞ്ഞു. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടിയുള്ള ഞാൻ ലീനയോട് പിണങ്ങിയിരിപ്പായി.
ലീന ഹോസ്റ്റലിൽ നിന്നും മെൻസ് ഹോസ്റ്റലിലേയ്ക്ക് ഫോൺ ചെയ്തു. ശ്യാംലാലിനോട് ഞാനും നാട്ടിലേയ്ക്ക് പോകുന്നുണ്ട്. കൂടെ കൊണ്ടുപോകണമെന്ന് പറഞ്ഞു. രാത്രിവണ്ടിയ്ക്കുള്ള യാത്രയായതിനാൽ സന്ധ്യ കഴിഞ്ഞ് കോളേജിൽ നിന്നും ഇറങ്ങിയാൽ മതി. അങ്ങനെ ലീന എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി. ശ്യാംലാൽ അവിടെ എത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് കോഴിക്കോട് റയിൽവേ സ്റ്റേഷനിലെത്തി. ആ യാത്രയിലാണ് ഞങ്ങൾ പരസ്പരം കൂടുതൽ സംസാരിച്ചതും വീട്ടുകാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞതും. അത് ജീവിതത്തിലേയ്ക്ക് ഒരുമിച്ചുള്ള യാത്രയാകുമെന്ന് ഞാനന്ന് കരുതിയില്ല. ഞങ്ങൾ അത്താഴം കഴിയ്ക്കാൻ റെയിൽവേ കാന്റീനിൽ കയറി. എന്റെ ചോയിസ് ഒന്നും ചോദിക്കാതെ ചപ്പാത്തിയും തക്കാളിക്കറിയും ശ്യാംലാൽ രണ്ടു പേർക്കുമായി ഓർഡർ ചെയ്തു. ഞങ്ങളത് കഴിച്ചു. ശ്യാംലാൽ തന്നെ പേ ചെയ്തു. പിന്നെ ഞങ്ങൾ പ്ലാറ്റ്ഫോമിലെത്തി. ” 68 മോഡലാണോ? ” എന്ന് എന്നോട് ചോദിച്ചു. എന്റെ ജനന വർഷം ഉറപ്പാക്കുകയായിരുന്നു ശ്യാംലാലിന്റെ ലക്ഷ്യം. അങ്ങനെ ഞാൻ ജനിച്ച വർഷവും സമുദായവുമെല്ലാം ആ യാത്രയിൽ ശ്യാംലാൽ മനസ്സിലാക്കി.
ഞാനക്കാലത്ത് REC hostel ലെ കാറിൽ ഡ്രൈവിംഗ് പഠിക്കുന്നുണ്ടായിരുന്നു. അതേ പറ്റിയും ഞങ്ങൾ സംസാരിച്ചു. ട്രെയിൻ വന്നപ്പോൾ ശ്യം ലാൽ എന്റെ പെട്ടി കൂടിയെടുത്ത് ടെയിനിൽ കയറി. പെട്ടി കാരിയറിൽ വച്ചു. എനിക്ക് വേഗം തന്നെ ഒരു സീറ്റ് പിടിച്ചു തന്നു. ശ്യാംലാലിന് എന്റെ എതിർ വശത്ത് സീറ്റ് കിട്ടിയപ്പോൾ ഞങ്ങൾ കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു. പിന്നെപ്പോഴോ രണ്ടു പേരും ഉറക്കമായി. ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ ഉറങ്ങുന്നയാളിനെ ശല്യം ചെയ്യേണ്ട , പെട്ടിയുമെടുത്ത് ഇറങ്ങാം എന്ന് ഞാൻ കരുതിയപ്പോൾ ശ്യാംലാൽ ചാടിയെണീറ്റു. പെട്ടിയുമെടുത്ത് എന്നെ പ്ലാറ്റ് ഫോമിൽ ഇറക്കി. ആ യാത്രയിൽ ഞങ്ങൾ പരസ്പരം മേൽവിലാസം കൈമാറിയിരുന്നു. ആ യാത്രയിലാണ് ആൺകുട്ടികൾ ക്ലാസ്സിൽ ഒരു വർത്തമാന പത്രം ദിവസവും ഇറക്കാറുണ്ടെന്നും അവർക്കിത്തിരി ബോറടിക്കുന്ന ക്ലാസ്സിൽ ഈ പത്രം എല്ലാ പേരുടേയും കൈകളിൽ എത്തുമെന്നും. പോൾസൺ ആണ് അതിന്റെ എഡിറ്റർ എന്നും. പിന്നീട് ക്ലാസ്സിലെത്തിയ ദിവസം ഞാൻ “പോൾസന് പത്രപ്രവർത്തനത്തിന് പുലിസ്റ്റർ അവാർഡ് കിട്ടുമല്ലോ” എന്ന് മാത്രം പറഞ്ഞു. ഇത് ആൺകുട്ടികളുടെ ഹോസ്റ്റലിൽ അറിഞ്ഞു. ശ്യാംലാൽ എന്റെ പുറകിൽ നിന്നും സീറ്റു മാറി. “സുഹൃത്തുക്കളാണ് എനിക്ക് വലുത്” എന്ന് ഒരു വരി മാത്രം എഴുതിയ കത്ത് എന്റെ പേരിൽ ഹോസ്റ്റലിലേയ്ക്കയച്ചു. പിന്നെ ആറേഴ് മാസത്തേയ്ക്ക് ശ്യാംലാൽ എന്നോടൊന്നും സംസാരിച്ചില്ല. എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ഞാനും അതത്ര കാര്യമാക്കിയില്ല.
ഒരു ക്രിസ്തുമസ് കാർഡ് ശ്യാംലാൽ എനിക്കയച്ചപ്പോൾ ശ്യാംലാലിന്റെ ഇരട്ടകളായ സഹോദരീമാർക്ക് ഞാൻ ഒരു കാർഡയച്ചു. ഒരു ശിവരാത്രിയ്ക്ക് ആർ .ഇ.സി ഹോസ്റ്റലിൽ വച്ച് ഭാവിയിൽ നല്ല ഭർത്താവിനെ ലഭിക്കാനായി ജലപാനം പോലുമില്ലാതെ ഞാൻ ഉപവസിച്ചിരുന്നു.
ഞങ്ങൾക്ക് ആറാം സെമസ്റ്ററിൽ പ്രോജക്ട് മാത്രമേയുള്ളൂ. അഞ്ചാം സെമസ്റ്റർ പരീക്ഷ ഇനി രണ്ടെണ്ണം കൂടിയേ ബാക്കിയുള്ളൂ. അതു കഴിഞ്ഞാൽ പ്രോജക്ടിനായി എല്ലാവരും ക്യാമ്പസ് വിട്ട് പോകും. ഇതിനിടയിൽ ക്ലാസ്സിലെ വില്യം ലീനയെ പ്രൊപ്പോസ് ചെയ്തു. ലീന വില്യമിനോട് എനിക്ക് ശ്യാംലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അങ്ങനെ 1992 നവംബർ ആറാം തീയതി എനിക്ക് ഹോസ്റ്റലിൽ ഒരു വിസിറ്റർ ഉണ്ടെന്ന് മെസ്സിലെ കമല വന്ന് എന്നോട് പറഞ്ഞു. ഞാൻ ചെന്നപ്പോൾ കണ്ടത് ശ്യാംലാലിനെയാണ്. “പോസിറ്റീവായിട്ടുള്ള ഉത്തരം വേണം. ജീവിതത്തിൽ എന്നും കൂടെയുണ്ടാകണം” അതായിരുന്നു ആവശ്യം. എനിയ് ക്കൊരു ചോയിസ് ഉണ്ടായിരുന്നില്ല. ” വീട്ടുകാർ സമ്മതിക്കണം. പിന്നെ സ്ത്രീധനമൊന്നും കാണില്ല” എന്നായിരുന്നു എന്റെ മറുപടി. ശ്യാംലാലിന്റെ കുടുംബം ഞങ്ങളേക്കാൾ സാമ്പത്തികമായി ഉയർന്നതാണെന്ന വിവരം അന്നെനിയ്ക്കറിയില്ലായിരുന്നു. അവരുടെ വീട്ടിൽ എന്നെ കുറിച്ച് പറഞ്ഞ് എന്റെ ഫോട്ടോ കാണിച്ച് സമ്മതമാണെന്നുറപ്പിച്ചിട്ടാണ് എന്നോട് വിവരം പറയുന്നതു തന്നെ. എനിക്കാണെങ്കിൽ അച്ഛനോട് ഇതെങ്ങനെ അവതരിപ്പിക്കും എന്ന ആശങ്കയും. ശ്യാംലാലുമൊത്തുള്ളജീവിതം സുരക്ഷിതമായിരിക്കും എന്നെനിയ്ക്കുറപ്പായിരുന്നു. കുടിച്ചിട്ട് എടുത്തിട്ട് ഇടിയ്ക്കില്ലെന്നും എനിയ്ക്കുറപ്പായിരുന്നു.
അവസാന പരീക്ഷയ്ക്ക് മുമ്പുള്ള ഒരവധി ദിവസം അച്ഛനും അനുജത്തിയും കൂടി എന്റെ സാധനങ്ങൾ കുറെ വീട്ടിലെത്തിക്കാനായി ആർ ഇസി യിൽ എത്തിയിരുന്നു. അച്ഛൻ അന്ന് ആർ. ഇ. സി ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. അനുജത്തി എന്റൊപ്പം ഹോസ്റ്റലിലും. ഞാൻ അനുജത്തിയോട് കാര്യങ്ങൾ അവതരിപ്പിച്ചു. പിറ്റേന്ന് അനുജത്തിയെ ക്യാമ്പസ് ചുറ്റി നടന്ന് കാണിയ്ക്കുന്നതിനിടയിൽ ശ്യാംലാലിന് പരിചയപ്പെടുത്തി കൊടുത്തു. അച്ഛന് കാണുമ്പോഴെല്ലാം ” ഇത് ശ്യാംലാൽ ” എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അനുജത്തിയും ഞാനും ശ്യാംലാലും മാത്രമായി കണ്ട സമയത്ത് അനുജത്തി ശ്യാംലാലിനോട് വീട്ടിലെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ആഭരണങ്ങൾ ഒന്നും കാണില്ലെന്നും കുറെ പറമ്പുണ്ടെന്നും അച്ഛൻ വളരെ ആദർശ ശാലിയാണെന്നും അവൾ പറഞ്ഞു. ശ്യാംലാലിന് അത് സമ്മതമായിരുന്നു. ശ്യാംലാലിന്റെ വീട്ടിലെ പേര് ” ലാലു” എന്നായിരുന്നു. എന്നോട് “ലാലു ” എന്ന് വിളിച്ചാൽ മതിയെന്ന് ശ്യാംലാൽ പറഞ്ഞു.
അച്ഛനും അനുജത്തിയും അത്യാവശ്യമില്ലാത്ത എന്റെ കുറേ സാധങ്ങളുമായി വീട്ടിലേയ്ക്ക് പോയി. ഞാൻ പരീക്ഷ കഴിഞ്ഞ് ലാലുവിനും ലീനയ്ക്കും മറ്റ് കൂട്ടുകാർക്കുമൊപ്പമാണ് വീട്ടിലേയ്ക്ക് പോയത്. അനുജത്തി അമ്മയോട് കാര്യം അവതരിപ്പിച്ചു. ഞാൻ വീട്ടിലെത്തി പ്രോജക്ടിനായി തിരുവനന്തപുരം NIC യിൽ ജോയിൻ ചെയ്ത് ഹോസ്റ്റലിലേയ്ക്ക് മാറിയ ശേഷമാണ് അമ്മ അച്ഛനോട് വിവരം പറയുന്നത്.
ഞാൻ തിരുവനന്തപുരത്തെ ഹോസ്റ്റലിലെത്തിയതിന്റെ പിറ്റേന്ന് ശ്യാംലാലും അച്ഛനും അമ്മയും സഹോദരിമാരും കൂടി എന്നെ കാണാൻ ഹോസ്റ്റലിലെത്തി. അവർ എന്നെയും കൊണ്ട് മ്യൂസിയം, കാഴ്ചബംഗ്ലാവ് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷം കാപ്പി കുടിയും കഴിഞ്ഞ് എന്നെ ഹോസ്റ്റലിലാക്കിയ ശേഷം തിരികെപ്പോയി . അടുത്ത അവധി ദിവസം ലാലുവിന്റെ അച്ഛൻ ഞങ്ങളുടെ വീട്ടിലെത്തി. ഞാനും വീട്ടിലെത്തിയിരുന്നു. ഞാൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നോട് ചോദിച്ചതിങ്ങനെ: “കൊച്ചേ ഞാൻ നിന്നോട് പറഞ്ഞതല്ലേ പ്രലോഭനങ്ങളിലൊന്നും വീഴരുതെന്ന് ?” ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അച്ഛൻ ലാലുവിന്റെ അച്ഛനോട് രണ്ടു പേർക്കും ജോലി കിട്ടിയിട്ട് വിവാഹം നടത്താമെന്നും എനിക്ക് എന്റെ ഷെയറായി ഒരു പറമ്പാണ് എഴുതി കൊടുക്കാൻ ഉദ്ദേശിയ്ക്കുന്നതെന്നും പറഞ്ഞു.
അന്ന് ഇന്റർനെറ്റ് വാട്സാപ് മൊബൈൽ ഒന്നുമില്ലാത്ത കാലമല്ലേ. ഞങ്ങളുടെ വീട്ടിലും അന്ന് ലാന്റ് ഫോൺ ഇല്ല. പ്രണയ ജോഡികൾക്ക് കത്ത് തന്നെ ശരണം.
ശ്യാംലാൽ ആർ ഇ സി യിലെ ഗോവിന്ദൻ സാറിന്റെ കൂടെ ഇമേജ് പ്രോസസ്സിംഗ് പ്രോജക്ടായിരുന്നു ചെയ്തത്. അതിനാൽ കോളേജ് ഹോസ്റ്റലിൽ തന്നെയായിരുന്നു താമസം. അക്കാലത്തെ അമൂൽ ചോക്ളേറ്റിന്റെ പരസ്യം ഇങ്ങനെയായിരുന്നു : A gift for someone you love. ഞാൻ പ്രണയം പ്രകടിപ്പിക്കാനായി ഒരു അമൂൽ ചോക്ക്ലേറ്റ് വാങ്ങി തപാലിൽ ലാലുവിന് അയച്ചു . അത് പോസ്റ്റ്മാൻ വളരെ കഷ്ടപ്പെട്ട് ലാലുവിന്റെ ഹോസ്റ്റൽ മുറിയുടെ കതകിനടിയിലെ വിടവിൽകൂടി തള്ളി അകത്തിട്ടു. ലാലു നല്ല തമാശക്കാരനാണ്.
വീട്ടുകാർ സമ്മതിച്ച് നാലു വർഷം കൂടി കഴിഞ്ഞായിരുന്നു ഞങ്ങളുടെ വിവാഹം. അതിനാൽ ധാരാളം കത്തുകൾ പരസ്പരം അയച്ചു. പ്രണയം വീട്ടിലറിഞ്ഞ അന്നുമുതൽ ഞാൻ കോളേജിൽ എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോഴും ടെസ്റ്റെഴുതാൻ പോകുമ്പോഴും അച്ഛൻ കൂടെയുണ്ടാകും. ഇതു കാണുമ്പോൾ ലാലുവിനെ കൂട്ടുകാർ കളിയാക്കും. അപ്പോൾ ലാലുവിന് ദേഷ്യം വരും.
ഞാൻ ആലപ്പുഴ എൽ ബി എസ്സിൽ ജോലി ചെയ്യുന്ന സമയം ഒരവധി ദിവസം . ലാലു എന്നെ കാണാൻ സെന്റ് റോസസ് ഹോസ്റ്റലിലെത്തി. എന്നെയും കൂട്ടി പ്പോയി ആലപ്പുഴ ഇന്ത്യൻ കോഫീ ഹൗസിൽ നിന്നും മസാല ദോശയും വടയും ചായയും വാങ്ങിത്തന്നു. പിന്നെ ഞങ്ങൾ ആലപ്പുഴ കടപ്പുറത്തേയ്ക്ക് പോയി. അവിടെ പാർക്ക് തുറന്നിരുന്നില്ല. നട്ടുച്ച സമയം. ചുട്ടുപഴുത്ത മണലിൽ കടൽ കാറ്റേറ്റ് കുറച്ചു സമയം ഇരുന്ന ശേഷം ഞങ്ങൾ തിരികെ പോന്നു.
എനിക്ക് ഐ എച്ച് ആർ ഡി യിൽ ജോയിൻ ചെയ്യേണ്ട ദിവസം ഒരു കോൺട്രാക്റ്റ് സൈൻ ചെയ്യണമായിരുന്നു. മുദ്രപത്രത്തിൽ ഞാൻ തന്നെയായിരുന്നു പ്രിന്റെടുത്തത്. അതിന്റെ ഇരുപുറവും ഞാൻ പ്രിന്റ് ചെയ്തു. ജോയിൻ ചെയ്യാൻ ചെന്നപ്പോൾ അവിടത്തെ അഡ്മിനിറ്റീവ് ഓഫീസർ രവി സാർ മുദ്രപത്രത്തിന്റെ ഇരുവശവും പ്രിന്റെടുത്തതിനാൽ ജോയിൻ ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു. 1995 ഫെബ്രുവരി 16 അന്ന് ആറ്റുകാൽ പൊങ്കാലയായിരുന്നു. പ്രാദേശിക അവധി ദിവസം . പുതുതായി പ്രിന്റെടുക്കാൻ മുദ്രപത്രവും കിട്ടില്ല, ടൈപ്പ് ചെയ്യാൻ ആളെയും കിട്ടില്ല. ഞാൻ പിറ്റേന്ന് കൊണ്ടുവന്നാൽ മതിയോ എന്ന് രവി സാറിനോട് ചോദിച്ചു. രവിസാർ സമ്മതിച്ചില്ല. അന്ന് അച്ഛനും ലാലുവും കൂടെയുണ്ടായിരുന്നു. ലാലു അച്ഛനേയും കൂട്ടി ഓട്ടോ പിടിച്ച് കരമന ഭാഗത്തേയ്ക്ക് പോയി. പുതിയ മുദ്രപത്രം വാങ്ങി എഗ്രിമെന്റ് ടൈപ്പ് ചെയ്ത് കൊണ്ടുവന്നു. അങ്ങനെ ഞാൻ ജോയിൻ ചെയ്തു. മൂന്ന് ദിവസത്തെ ട്രെയിനിംഗ് കഴിഞ്ഞ് തൃശ്ശൂർ മാള മോഡൽ പോളിയിൽ ജോയിൻ ചെയ്യാനായി പോയപ്പോൾ തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ വരെ ലാലു എന്നെ അനുഗമിച്ചു.
1996 മാർച്ച് 26 നായിരുന്നു ഞങ്ങളുടെ വിവാഹം.
അതിന് മുമ്പ് മോഹൻലാലും ഉർവശിയും അഭിനയിച്ച ” മിഥുനം” സിനിമ ഇറങ്ങിയിരുന്നു. ലാലു അത് കണ്ടിരുന്നു. ലാലു ഞാനെഴുതിയ എല്ലാ പ്രണയ ലേഖനങ്ങളും കത്തിച്ചു കളഞ്ഞു. എന്നോടും ലാലു എനിയ് ക്കെഴുതിയ എല്ലാ കത്തുകളും കത്തിച്ചു കളയാൻ പറഞ്ഞു. അങ്ങനെ ഞാൻ മനസ്സില്ലാമനസ്സോടെ ഏകദേശം അഞ്ച് കിലോയിലധികം തൂക്കം വരുന്ന കത്തുകൾ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കുറച്ചുനേരം നിന്ന ശേഷം വീടിന്റെ തെക്കേ പറമ്പിൽ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു. അങ്ങനെ പക്വതയെത്തിയ പ്രായത്തിലെ പ്രണയം ഞങ്ങൾ അനശ്വരമാക്കി.
വാൽക്കഷണം: ഞങ്ങളുടെ കോളേജിൽ നിന്നും വിദ്യാർത്ഥികൾ അധ്യാപകരില്ലാതെ കൊടൈക്കനാലിലേയ്ക്ക് ടൂർ പോയിരുന്നു. അതിന് ഞാൻ പോയിരുന്നില്ല. ലാലു എന്നെ വിവാഹം കഴിഞ്ഞ് കൊടൈക്കനാലിലേയ്ക്ക് കൊണ്ട് പോകാമെന്ന് ഒരു മോഹന വാഗ്ദാനം നൽകി. ഡൽഹി, ആഗ്ര , മധുര, പല പല ഡാമുകൾ , കടൽത്തീരങ്ങൾ നെല്ലിയാംപതി എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയെങ്കിലും കൊടൈക്കനാലിൽ മാത്രം കൊണ്ടുപോയില്ല. അതേ പറ്റി പറഞ്ഞാൽ പറയും :” കല്യാണത്തിന് മുമ്പ് നീ സാമ്പാർ വയക്കാൻ പഠിച്ചെന്ന് പറഞ്ഞിട്ടു ഇതുവരെ പഠിച്ചില്ലല്ലോ” എന്ന്. അങ്ങനെ 75 ശതമാനം പൊരുത്തങ്ങളും 25 ശതമാനം പൊരുത്തക്കേടുകളുമായി ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ട്….. ലാലു എന്നെ അടുക്കളയിൽ സഹായിക്കും കേട്ടോ…
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഐശ്വര്യ ലക്ഷ്മി. എസ്സ്
ഇന്നലെയും ഇന്നും
ചേർത്തുപിടിച്ചോടിയ
നീയുമിനി ഇന്നലെ
ചൂടാറ്റിയ വാർത്തകളാൽ
ആർത്തിറങ്ങിയ കനവുകൾ കവർന്നെടുത്ത നാളുകളെല്ലാം ഉരുകിയൊരുകി നിന്നിലേക്ക് മാത്രമായ്
ഭ്രാന്തമായി വരും കാലങ്ങളെ കൂട്ടി നടന്നകലുന്ന നാളെയിൽ
ഊർന്നിറങ്ങുമൊരു കണികയായ്
തിരിഞ്ഞുനോട്ടത്തിൽ മാത്രം പാർക്കാൻ
വിധിക്കപ്പെട്ടൊരു
ഉപ്പിൻ കയ്പായോ
മധുരനാരങ്ങയായോ
കുടിശ്ശിക തീർത്തൊരു
നാളിൽനിന്നും മറ്റൊരിടത്തേക്കൊരു
ചേക്കറലായ്
നാളെയോട് സമരസപ്പെടാൻ
കഴിഞ്ഞതിനൊക്കെ
ഒരു റീത്തും നെയ്തു
മുന്നിലേക്കൊരു കുതിക്കലാണിനി
പിന്നെ പിന്നെ നീയൊരു
പഴഞ്ചനായ് മാറിടും
അങ്ങനെയങ്ങനെ
പഴക്കമേറെ തഴമ്പിച്ച
കാലത്തിന്റെ താളുകളിലൊന്നായ്
നീ മാറിടും.
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയർ ട്രയിനി. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ ശശിധര കൈമൾ. അമ്മ ഇന്ദു കുമാരി. ഇമെയിൽ വിലാസം [email protected]
ജേക്കബ് പ്ലാക്കൻ
പിന്നിലേക്ക് തിരിഞ്ഞൊന്നു നോക്കി ഞാനൊട്ടുനേരം മിണ്ടാതെ നിന്നു..
പയ്യെ തെളിഞ്ഞു വന്നൂ ,ഓർമ്മകൾ കല്ലീച്ചാ കല്പടവുകൾമെല്ലെ തെളിഞ്ഞുകണ്ടൂ …!
ഒരു കുഞ്ഞു മിന്നിൽ
പൊതിഞ്ഞു ഞനന്നു നിന്നിൽ പതിഞ്ഞകാലം …
ഇരുപുഴയൊന്നിച്ചൊപോലെ …പിന്നെ നമ്മളിഴ പിരിഞ്ഞങ്ങു ഒന്നായി യൊഴുകി ..
പിന്നെ കണ്ട നമ്മുടെ സ്വപ്‌നങ്ങൾക്കെല്ലാം
ഒരു ദള വർണ്ണങ്ങളായിരുന്നു …!പനനീർഗന്ധം പൊഴിഞ്ഞൊരു പ്രേമം നമ്മെ പൊതിഞ്ഞുചേർത്തിരുന്നു …
വന്മരങ്ങൾ വീണു രമ്യ ഹർമ്മങ്ങളായി മാറുമ്പോൾ വീണ്ടും ചില്ലകൾ തേടി നമ്മൾ പറന്നു ..!
കൊത്തിപ്പെറുക്കി കൂട്ടിയ കൂടുകളിൽ മുട്ടകൾ പലത് വിരിഞ്ഞൂ ..കൊത്തി പറക്കും പരുന്തിന്റ കൊക്കിൽ പെടാതെയെല്ലാം കാത്തു ..
ചിറകിൻ കരുത്തിലാകാശം പിടിക്കാനവർപറന്നകന്നു …!
മാറത്തെ ചൂട് പകർന്നുവളർത്തിയ മക്കൾ
നമ്മളെയും മറന്നു …!
വിഷലിപ്തമാം മണ്ണിൽ വേരറ്റു പോകും തൈ മര ചില്ലകളിൽ പക്ഷം തളർന്നു നമ്മളിരിക്കുമ്പോഴും …..യേത്
മോക്ഷഗന്ധർവ്വൻ വന്നു വിളിച്ചാലും നമ്മുടെ സ്വർഗ്ഗം വിട്ടെങ്ങും പോകാനാവില്ലല്ലോ …!
വേച്ചുവേച്ചു പോകുമാ കാലുകളിൽ ….
പിച്ചവെച്ചവർ പോകുമ്പോഴും
വീഴാതിരിക്കാൻ പരസ്പരം തോളത്തു കൈകൾ ചേർത്തിരുന്നു …
അപ്പോഴും ഒരു പനിനീർ പരിമളം അവരറിഞ്ഞിരുന്നു …!
അവർമാത്രമത് ആസ്വദിച്ചിരുന്നു …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
രാധാകൃഷ്ണൻ മാഞ്ഞൂർ
” മഴയായി മൂടി കിടക്കും പടി
വാതിലുമൊക്കെയും തഴുതിട്ടിരിക്കുന്നു
പുഴയാണ് വെള്ളം തികട്ടി തികട്ടി
വന്നെന്റെ മുടിയോളം മൂടുന്നു
പിന്നെയും
പഴയൊരു വീടിന്റെ
ചോരുന്ന കോലായിൽ
അകമെ നനഞ്ഞു
കിടക്ക യാണോർമ്മകൾ
മഴയിലൊലിച്ചുപോയ്
കണ്ണു നീരൊക്കെയും ”
– ആലങ്കോട് ലീലാകൃഷ്ണന്റെ കവിത
ഏതു പുഴയ്ക്കും ഒരു സഞ്ചാരപഥമുണ്ട് . ഒഴുകി … ഒഴുകി ഒടുവിൽ ഓർമ്മകളുടെ കടലിൽ അവസാനിക്കുന്ന പുഴ … ഭൂത, ഭാവി, വർത്തമാനങ്ങൾ കാലാതിവർത്തിയായി ഒഴുകുന്ന പുഴ …
ജീവിതത്തോളം സത്യസന്ധമായ ഒരു പുസ്തകത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞു വരുന്നത് .
ജീവിതമെന്ന കെട്ടുകാഴ്ചയുടെ മറു പുറങ്ങളിലേക്ക് ഗ്രന്ഥകർത്താവ് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. ഈ പുസ്തകത്തിൻറെ പേര് ‘വഴിയറിയാതൊഴുകുന്ന പുഴ’ എന്നാണ് . അകാലത്തിലണഞ്ഞു പോയ ശ്രീ .ജോസ് പുല്ലുവേലിയുടെ പതിനാറാമത് പുസ്തകം. മാനവികതയും, പ്രകൃതിയും അതിർവരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഈ പുസ്തകം ആസ്വാദക മനസ്സുകൾ കീഴടക്കി കഴിഞ്ഞു . എഴുത്തുകാരൻ തൻറെ അനുഭവ പരിസരത്തുനിന്ന് വ്യക്തികളെ “ലൈവിൽ ” നിർത്തുകയാണിവിടെ … മനുഷ്യരും, ആശയങ്ങളും എക്കാലവും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു അതെ … പുഴ പോലൊഴുകുന്ന കുറെ മനുഷ്യരുടെ ആത്മ സഞ്ചാരങ്ങൾ …. അതാണ് ഈ പുസ്തകത്തിന്റെ വിജയം … ഇതിൽ ജീവിച്ചു വിജയിച്ചവരുണ്ട് …. പരാജിതരുണ്ട് …. സമൂഹത്തിൽ വെറുക്കപ്പെട്ടവരുണ്ട് … പ്രിയ കവി പി. പി . രാമചന്ദ്രൻ എഴുതിയതു പോലെ ഞാനിവിടെ ഉണ്ടായിരുന്നുവെന്നറിയാൻ ഓരോ കിളിത്തൂവൽ നിക്ഷേപിച്ചു പോവുന്നവർ …
‘അമ്മ അലച്ചിലിന്റെ ആൾ രൂപം’ എന്ന ഒന്നാം അധ്യായത്തിൽ അമ്മയെ അനുസ്മരിക്കുന്നു. നാൽപതാം വയസ്സിൽ വിധവയാകേണ്ടി വന്നവൾ … കുട്ടിക്കാലത്ത് ‘ ഒരിടത്തൊരിടത്ത് ‘ കഥകൾ പറഞ്ഞു തന്ന എന്നെ കഥാകാരനാക്കി. അമ്മ നല്ലൊരു തയ്യൽ ജോലിക്കാരിയായിരുന്നു. നബിതിരുമേനിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു ” നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് ആരെയാണ് ? നബിയുടെ മറുപടി : ഒന്നാമത് അമ്മയെ, രണ്ടാമത് അമ്മയെ, മൂന്നാമത് അമ്മയെ …
പ്രശസ്ത ലോക സഞ്ചാരിയും , എഴുത്തുകാരനുമായ എ.ക്യു. മഹ്ദിയെപ്പറ്റിയാണ് ‘ ഇമ്മിണി ബല്യ യാത്രക്കാരൻ ‘ എന്ന അധ്യായത്തിൽ പറയുന്നത്. മുപ്പത്തിയഞ്ചിൽപ്പരം വർഷങ്ങളായി യാത്ര ഒരു ഹരമായി കൊണ്ടു നടക്കുന്നയാളാണ് മഹ്ദി . എസ് .കെ .പൊറ്റക്കാടിനെപ്പോലെ ഓരോ രാജ്യങ്ങൾ സന്ദർശിക്കുകയും പുസ്തകരചന നടത്തുകയും ചെയ്യുന്നു. അൻപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് പിതാവിനൊപ്പം ചെന്നൈയ്ക്ക് പോയാണ് മഹ്ദി സഞ്ചാരത്തിനു തുടക്കം കുറിച്ചത്. പൊറ്റക്കാടിന്റെ യാത്രാവിവരണം വായിച്ചതോടെ മഹ്ദിയും ഒരു ലോകസഞ്ചാരിയായി മാറുകയായിരുന്നു.
2016 നവംബർ 15 മുതൽ മാർച്ച് 30 വരെയുള്ള 500 ദിവസങ്ങളിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ ഫെയ്സ്ബുക്കിൽ തുടർച്ചയായി എഴുതി റെക്കോർഡ് സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ എഴുത്തുകാരൻ സുരേഷ് തെക്കേട്ടിൽ ‘കുഞ്ഞു കഥകളുടെ തമ്പുരാൻ ‘ എന്ന ടൈറ്റിലിൽ അവതരിപ്പിക്കപ്പെടുന്നു. വള്ളുവനാടൻ ഗ്രാമത്തിൻറെ കാറ്റും നിലാവും ഈ കഥകളിലെല്ലാം തെളിഞ്ഞു കാണാം. എന്തുകൊണ്ട് കുഞ്ഞു കഥകൾ എഴുതുന്നു എന്നു ചോദിച്ചാൽ സുരേഷ് തെക്കേട്ടിലിന് മറുപടിയുണ്ട്. കഥയെന്നാൽ കുറച്ചു പദ ഭംഗികളുടെ ആവർത്തനമല്ല ഓരോ കഥയും ഓരോ ജീവിതമാണ്. എഴുത്തിൻറെ വികാര സംക്രമണം കഥാകാരന്റെ മാത്രമല്ല വായനക്കാരന്റേതു കൂടിയാണെന്ന് നാം തിരിച്ചറിയണം.
പുസ്തകത്തിലെ ടൈറ്റിൽ ലേഖനത്തിലേക്കു വരാം. ‘വഴിയറിയാതൊഴുകുന്നപ്പുഴ ‘ ‘ചിത്രാഞ്ജലിപ്പുഴ ‘ യുടെ പാരിസ്ഥിതിക തകർച്ചയെപ്പറ്റിയാണ് പറയുന്നത്. എഴുത്തുകാരന്റെ പുരയിടത്തിനു മേലറ്റത്തായിരുന്നു വീട് . കുന്നിറങ്ങി വന്ന് കുളിക്കാൻ എത്തുകയായിരുന്നു പതിവ് . പുഴയോട് ചേർത്ത് റോഡു വന്നപ്പോൾ പുതിയ വീടിനടുത്ത് പണിത് ഞങ്ങളവിടെ താമസമാക്കുകയായിരുന്നുവെന്നും അങ്ങനെ പുഴയും വീടും തമ്മിൽ കുറേക്കൂടി അടുപ്പത്തിലായെന്നും ലേഖകൻ എഴുതുന്നു. ഈ പുഴയിൽ കുളിച്ചു കയറിയപ്പോയ പൂർവ്വ സൂരികളെ സ്മരിക്കുകയും കുട്ടിക്കാലത്ത് ചിറകെട്ടി വെള്ളം തടഞ്ഞു നിർത്തി നീന്തിക്കളിച്ച ഓർമ്മകൾ കല്ലിൽ അലക്കി വെളുപ്പിച്ചൊഴുകുന്നു… ഈ പുസ്തകം ജീവിതത്തിൻറെ അനവധി ജൈവ മുഖങ്ങളെ നമുക്ക് സാക്ഷ്യപ്പെടുത്തുന്നു. പുഴയെപ്പറ്റി ഖലീൽ ജിബ്രാൻ എഴുതിയ ഒരു കഥ ഇതിൽ ലേഖകൻ ചേർത്തിരിക്കുന്നു. ഒരു മഞ്ഞുതുള്ളി ഒരിക്കൽ ദൈവത്തെ കാണാനെത്തി അവൾ പറഞ്ഞു. നാഥാ നീയെന്നെ മഞ്ഞു കൊണ്ടാണ് നിർമ്മിച്ചത്. എനിക്കതിൽ പരാതിയില്ല .പക്ഷെ എനിക്ക് വെയിലത്ത് ഇറങ്ങി നടക്കാൻ കഴിയുന്നില്ല . ഉരുകിപ്പോയാൽ പിന്നെ ഞാനില്ലല്ലോ. ദൈവം പറഞ്ഞു ഉരുകിയാൽ നിനക്കൊരു പുഴയായി മാറാനാവും. എത്രയെത്ര സ്ഥലങ്ങൾ, കാഴ്ചകൾ കണ്ട് ഒരുപാട് പേർക്ക് പ്രയോജനപ്പെട്ട് നിനക്ക് ഒഴുകാനാവും. ഒടുവിൽ ചെന്നെത്തുന്നതോ സമുദ്രത്തിൽ . അവിടെ നിൻറെ കൂട്ടുകാർ കാണും . അവരോടൊപ്പം നിനക്ക് സല്ലപിക്കാം. അവൾ പറഞ്ഞു ഞാനിതാ വെയിലത്തിറങ്ങി നടക്കാൻ പോകുന്നു. വഴികാട്ടിയ നിനക്ക് നന്ദി.
ഉപരേഖ
ഈ പുസ്തകത്തിൻറെ കവർ ചിത്രം തയ്യാറാക്കിയത് പ്രശസ്ത എഴുത്തുകാരൻ സെബാസ്റ്റ്യൻ കിളിരുപ്പറമ്പിലാണ്. ജീവിതത്തിൻറെ ഹരിതാഭയിലേക്ക് പടർന്നൊഴുകുന്ന പുഴയുടെ ദൃശ്യം , ആസ്വാദകന്റെ മനസ്സിലേക്ക് മുഖചിത്രം ആഴത്തിൽ പതിയുന്നു.
വഴിയറിയാതൊഴുകുന്ന പുഴ
ജോസ് പുല്ലുവേലി
വില – 160
പ്രസാധനം . വിതരണം
ജനകീയ വായനശാല
പൊൻകുന്നം, കോട്ടയം
ഫോൺ -9447151930
പൂന്തോട്ടത്ത് വിനയകുമാർ
ചുറ്റുപാടെല്ലാം കാട് പിടിച്ചു കിടന്ന, ഇഴജന്തുക്കൾ യഥേഷ്ടം അർമാദിക്കുന്ന വിജനമായ പണ്ടാറക്കാവിനുള്ളിൽ നിന്നപ്പോൾ മുത്തശ്ശൻ പണ്ട് പറഞ്ഞുതന്ന കാര്യങ്ങൾ ‘അരുണിമ’യുടെ മനസിലൂടെ നൂൽ മഴയായി പെയ്തിറങ്ങി… ഈ ലോകമുപേക്ഷിച്ചു മുത്തശ്ശൻ പോയിട്ട് വർഷങ്ങൾ കുറെ ആയെങ്കിലും പണ്ടാറക്കാവിനകത്ത് നിൽക്കുമ്പോൾ മുത്തശ്ശന്റെ നിശബ്ദ സാമീപ്യം അവളനുഭവിക്കുന്നുണ്ടായിരുന്നു……
അതവൾക്കേറെ ധൈര്യവും നൽകി
ആ വിജനതയിൽ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ ആരൊക്കെയോ കൂട്ടിനുണ്ടെന്നൊരു തോന്നൽ ……. ഒറ്റപ്പെടലിൽ നിന്നും ഒരു മുക്തി ..
മനസിന് ശാന്തി തീരം സൃഷിക്കപ്പെടുന്ന ഏക സ്ഥലം ഒരു പക്ഷെ ഇതായിരിക്കുമെന്നവൾക്ക് തോന്നി…..
മുള്ളു ചെടികളും വള്ളിപ്പടർപ്പുകളും പേരറിയാത്ത ഏതോ പാഴ് മരങ്ങളും കുറ്റിക്കാടുകളും പിന്നെ കാലങ്ങളായി പണ്ടാറക്കാവിന്റെ വിജനതയിൽ മരവിച്ചു നിൽക്കുന്ന ഭൂതകാലത്തിലെ രഹസ്യങ്ങളുടെ മാറാപ്പും പേറി ജീർണവസ്ഥയിലുള്ള കരിങ്കൽ ഭിത്തികളിൽ നിന്നും അടർന്നു വീണുകിടക്കുന്ന കുമ്മായത്തിന്റെയും കരിങ്കൽ ചീളുകളുടെയും ബാക്കി പത്രങ്ങൾ പണ്ടാറക്കാവിന്റെ ഭീകരത വര്ധിപ്പിക്കുന്നതുപ്പോലെ അരുണിമയ്ക്കു തോന്നി.
അവിടെ , ആത്മാക്കളുടെ സ്പന്ദനങ്ങൾ അവൾ തൊട്ടറിയുന്നു……
ഇക്കാലമത്രയും കഴിഞ്ഞിട്ടും ആരും ഒറ്റയ്ക്ക് കടന്നു ചെല്ലാൻ ധൈര്യപ്പെടാത്ത ഒരിടം, അതാണ് … പണ്ടാറക്കാവ് ….. അവിടെയാണ് അരുണിമ ഒറ്റയ്ക്കെത്തിയിരിക്കുന്നത്…
കഴിഞ്ഞ ഏതോ കാലത്തിൽ ജീവനുള്ള ശരീരങ്ങളെ അപ്പാടെ ചുട്ടെരിച്ച പണ്ടാറക്കാവ്….
വെന്ത ശരീരത്തിന്റെ മണം അവിടെല്ലാം ഒഴുകിപ്പരക്കുന്നതുപോലെ അരുണിമയ്ക്ക് തോന്നി…
മുത്തശ്ശന്റെ വാക്കുകളിൽ …” വസൂരി രോഗത്തിന് മരുന്നില്ലാതെ പടർന്നു പിടിച്ച സമയം ….അങ്ങനെ രോഗം പിടിക്കുന്നവർ ..ഉറ്റവരും ഉടയവരും ..തിരിഞ്ഞു നോക്കാതിരുന്നൊരു ദാരുണമായ അവസ്ഥ…..
രോഗം മൂർച്ഛിക്കുന്നവരെ കൊണ്ട്ചെന്നുപേക്ഷിക്കുന്ന…ആകാശ മലകൾക്കപ്പുറത്തുള്ള ആരും കാണാനോ…ചെല്ലാനോ പാടില്ലാത്ത പണ്ടാറക്കാവ് “-..!
വസൂരി രോഗം വന്ന് മൂർച്ഛിച്ചവരെയും മരിച്ചവരെയും മൃത പ്രായമായവരെയും ഇടവേളകിൽ എണ്ണം കൂടുന്നതിനനുസരിച്ചു ചുട്ടു കരിച്ചിരുന്ന പണ്ടാരക്കാവ്…..!
എത്രയോ ജീവനുകൾ പ്രാണനുവേണ്ടി കേണു വിലപിച്ചിട്ടുണ്ടാകാം …..
ഒരിറ്റ് ദാഹജലത്തിനു വേണ്ടി യാചിച്ചിട്ടുണ്ടാകാം …
ചെറിയ കാറ്റു വീശിയപ്പോൾ വിദൂരങ്ങളിലെവിടെയോ എന്നോ ഈ ഭൂമിയിൽയിൽ നിന്നും ഉടലറ്റ ഉയിരിന്റെ നേർത്ത വിലാപങ്ങൾ കാതുകളിലേക്കു ചാട്ടുളിപോലെ വന്നലച്ചു തല്ലി
കടന്നുപോയ്ക്കൊണ്ടിരുന്നു…….
പ്രേതാത്മാക്കളുടടെയും പരമാത്മാക്കളുടെയും വിഹാര കേന്ദ്രം എന്നൊക്കെ ആളുകൾ പറയുന്നു
ദുഷ്ടത കൂടുമ്പോൾ പണ്ടാരക്കാവിലെ ആത്മാക്കൾ കൂടുതൽ ശക്തി പ്രാപിച്ചു ഉണരുകയായി…..
പിന്നെ , കളകൾ പിഴുതെടുക്കുന്ന ദിവസങ്ങൾ …..!!!
മുത്തശ്ശന്റെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി…..”- ഓരോ ദുഷ് പ്രവർത്തികൾക്കും ദൈവം തീർച്ചയായും ദൈവം തന്റെ നോട്ട് ബുക്കിൽ രേഖപ്പെടുത്തുന്നുണ്ട് ….അതനുഭവിക്കാതെ ആർക്കും പെട്ടെന്ന് ഈ ഭൂമിയിൽ നിന്നും പടിയിറങ്ങിപ്പോകാമെന്ന് കരുതേണ്ട …..”-
അത് കാറ്റിനൊപ്പമാകും… മഴക്കൊപ്പമാകും …കനത്ത ഇരുട്ടിന്റെ മറവിലോ , ആളൊഴിഞ്ഞ വിജനതയിലോ ഒക്കെ ആകാം ….. കാലം ഒരുക്കുന്ന ഒരു ചാക്രിക പ്രക്രിയയാണ് ….ഇത് ഒരു പേരിൽ അല്ലെങ്കിൽ മറ്റൊരു പേരിൽ അവർത്തിക്കപ്പെടുകതന്നെ ചെയ്യും ..അതാണ് കാലത്തിന്റെ കരവിരുത് ….”-
അവിടെ അപ്പോൾ ശവം കത്തിയെരിയുന്ന ഗന്ധം അനുഭവപ്പെടും…
നല്ല മനുഷ്യർക്ക് അത് അനുഭവപ്പെടുകയില്ല…
ദുർവിചാര മനസുകളിൽ അവർ തീ മഴ വാർഷിക്കുമത്രേ…
കനത്ത ഇരുളിൽ കണ്ണ് മൂടിക്കെട്ടി ദുഷ്ടജന്മങ്ങളെ ചിലപ്പോൾ കുറച്ചകലെയുള്ള ചാത്തൻ കുളത്തിലേ നിഗൂഢ ആഴങ്ങളിലേക്ക് താഴ്ത്തുകയും ചെയ്യും…
അറുകൊല പിശാചുക്കൾ ഉഗ്ര നൃത്തം ചെയ്യും … അത് , കാല നീതിയാണ്….
അറിവുകളുടെ ഒരു ബണ്ടാരമായിരുന്നല്ലോ അരുണിമയുടെ മുത്തശ്ശൻ … ഒരു പാട് അനുഭവങ്ങൾ കൈമുതലായുള്ള മുത്തശ്ശൻ …
കുട്ടികൾ നല്ല നല്ല കഥകൾ കേട്ട് വളരണം എന്നുപദേശിച്ച , കഥകൾ പറഞ്ഞു തന്നിരുന്ന മുത്തശ്ശൻ … ഒരു പക്ഷെ മുത്തശ്ശന്റെ ആത്മാവും ഇവിടെയൊക്കെ ച്ചുറ്റിത്തിരിയുന്നുണ്ടാവാം …തന്നെ കാണുന്നുമുണ്ടാവും….പിന്നെന്തിനു പേടിക്കണം ….
പണ്ട് ആ ചുറ്റുവട്ടത്തിൽ എരിഞ്ഞു കത്തിയ വിറകിന്റെ ചൂട് അവൾക്കിപ്പോഴും അവിടെ വരുമ്പോൾ അനുഭവപ്പെടുന്നു…ആ പുക പടലങ്ങൾ അവൾ കാണുന്നു. …..
കോവിഡ്- മഹാമാരിയിൽ മനുഷ്യ ജന്മങ്ങൾ ലോകത്തിലെമ്പാടും തന്റെ നാട്ടിലും ഉയിരെടുത്തു പോയ പ്പോൾ രണ്ടാമതൊന്നാലോചിക്കാൻ പോലുമാകാതെ നിസ്സഹായാവസ്ഥയിൽ ഉടലുകൾ കത്തിച്ചു കളഞ്ഞ വസൂരിക്കാലവുമായി ഒരു പരസ്പ്പര ബന്ധമുണ്ടെന്നവൾക്ക് തോന്നി…… മരിച്ചവരെ അകലെ നിന്ന് നോക്കാൻ മാത്രം അനുവദിക്കപ്പെട്ടത് വിധിയുടെ വിളയാട്ടം തന്നെ …തുടരുന്ന അവർത്തങ്ങൾ …..!!
“ വരും കാലങ്ങളിൽ ‘തൊണ്ണൂറ്റി ഒമ്പതിലെ’- വെള്ളപ്പൊക്കം ഇനിയും അവർത്തിക്കപ്പെടും “- .. ……… മുത്തശ്ശൻ പറഞ്ഞ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി …”ദുര മൂത്ത മനുഷ്യന്റെ സമ്പാദ്യങ്ങൾ കൊള്ളയടിച്ചു , അവന്റെ രമ്യ ഹർമ്മ്യങ്ങളിൽ നിന്നും പിടിച്ചിറക്കി…അവന്റെ അവകാശം എന്നേക്കുമായി അവസാനിപ്പിക്കേണ്ടി വരുന്ന …അഭയാര്ഥിയാകുന്ന ഒരു കാലവും കടന്നു വരും……”-
ഓരോ കാലഘട്ടത്തിലും പഴയതിന്റെ അവർത്തനങ്ങൾ ഭൂമിയിൽ സംഭവിച്ചു കൊണ്ടിരിക്കും ….
മുത്തശ്ശൻ പറഞ്ഞ വാക്കുകളുടെ അർത്ഥങ്ങളും മുനകളും വാസ്തവത്തിൽ അരുണിമയ്ക്ക് പൂർണ്ണമായി മനസിലായില്ല…പക്ഷെ , എന്തോ കാര്യമായ സംഗതിയാണെന്നു മാത്രം അവൾക്കറിയാമായിരുന്നു.
മുത്തശ്ശൻ പറഞ്ഞതിന്റെ പൊരുൾ വ്യക്തമായി ഇപ്പോൾ വ്യതമായി മനസ്സിലാവുന്നു….
മുത്തശ്ശൻ ലോകമുപേക്ഷിച്ചു പോയതിന് ശേഷം അവയെല്ലാം പറഞ്ഞതുപോലെ ഒന്നൊന്നായി സംഭവിച്ചത് നേരിൽ ലോകം കണ്ടല്ലോ….
ദുരിതപ്പെരുമഴയിൽ നാട് മുഴുവൻ മുങ്ങിയപ്പോൾ മറ്റൊരു ‘ തൊണ്ണൂത്തൊമ്പത് ‘ ആവർത്തിക്കപ്പെടുകയായിരുന്നു …….!
ആവർത്തനത്തിൽ നിലയില്ലാതെ കുത്തിയൊഴുകുന്ന പുഴ വെള്ളത്തിൽ ആടും പശുവും നായയും കോഴിയും ഒപ്പം മനുഷ്യരും ചത്ത് മലച്ചൊഴുകുന്നത് അവൾ നേരിൽ കണ്ടിരിക്കുന്നു …!!
തനിയാവർത്തങ്ങൾ വീണ്ടും ……. കാലം കാത്തു വെച്ച കണക്കുകൾ ……
അവൾ കണ്ണുകളടച്ചു നിന്നു…..
ഒരു നിമിഷത്തിൽ അവളുടെ മനസിലേക്ക് ചില വിചാരങ്ങൾ കടന്നൽ കൂട് ഇളകിവരുന്നത് ചേക്കേറി …..പിന്നെ മനസിനുള്ളിൽ ആ കടന്നലുകൾ മുറിവേൽപ്പിച്ചു മനസിന്റെ ലോല ഭിത്തികളെ വേദനിപ്പിക്കാനും…
കത്തിയെരിയുന്ന തെരുവുകൾ ….. ഇരമ്പിപ്പായുന്ന ജനക്കൂട്ടം …..
വ്യക്തമായിക്കാണുന്ന കാഴ്ചകൾ അവളുടെ കണ്മുൻപിൽ …..
അന്യ ദേശക്കാരുടെ പരാക്രമത്തിനിടെയിൽ സ്വന്തം സമ്പാദ്യം ഉപേക്ഷിച്ചു പോകുന്ന ഒരു ജനത…
എല്ലാമുപേക്ഷിച്ചു കൈയിൽ കിട്ടിയ സാധങ്ങളുമായി പലായനം ചെയ്യുന്ന ഒരു പട്ടണം മുഴുവൻ …കൈകുഞ്ഞുങ്ങളുണ്ട് , സ്ത്രീകളുണ്ട് , അവശരുണ്ട് , സമ്പത്തുള്ളവരുണ്ട് , ……ഓട്ടപ്പാച്ചിലിനിടയിൽ അവർക്ക് സ്വന്തം ജീവൻ മാത്രം മതിയെന്നും അവൾക്കു മനസിലായി…….
അവരുടെ കൈയിൽ ഭാണ്ഡക്കെട്ടുണ്ട് , കൈക്കുഞ്ഞുങ്ങളുണ്ട് ….
ജലപാനം കൊടുക്കാതെ , ആട്ടിയോടിക്കുന്ന അന്യദേശക്കാർ …..
അവർത്തനങ്ങൾ………!!
അവൾ ഒരു ഞടുക്കത്തോടെ കണ്ണുകൾ തുറന്നു….
അരുണിമ ഒന്ന് കിതച്ചു ….ഏതോ ഒരു ദുഃസൂചന..
അവൾക്ക് ആദ്യമായി ഭയം തോന്നി
മുത്തശ്ശൻ പറഞ്ഞ മൂന്നാമത്തെ ആവർത്തനം …..!!!
പണ്ടാറ കാവിലേക്കുള്ള പകലിന്റെ വെളിച്ചം കുറഞ്ഞു തുടങ്ങിയിരിക്കുന്നു… നേരം വൈകാതെ സന്ധ്യയാകും ….
അവൾ പണ്ടാരക്കാവിന്റെ പൊളിഞ്ഞ മതിൽ കെട്ടിനുള്ളിൽ നിന്നും പുറത്തു കടന്നു വേഗം വീട്ടിലേക്ക് തിരിച്ചു നടന്നു………
**
പൂന്തോട്ടത്ത് വിനയകുമാർ
ഖത്തറിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളും ആകാശവാണിയിലുമായി നൂറിലധികം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
രണ്ടു കഥാ സമാഹാരം – ഒറ്റവഴിയിലെ വീട് , കാപ്പച്ചിനോ