ഡോ. ഐഷ വി
കപ്പലിൽ വന്ന സാധനങ്ങൾ രാജ്യാന്തര നിയമമനുസരിച്ച് കപ്പലിൽ നിന്നും കരയിലിറക്കുന്നതിനായി കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തു വച്ചു തന്നെ കപ്പൽ എല്ലാ സാമഗ്രികളോടും കൂടി സാധനങ്ങൾ ഇറക്കേണ്ട രാജ്യത്തെ കപ്പിത്താന്മാർക്ക് കൈമാറിയതോടെ ആ കപ്പലിലെ കപ്പിത്താന്മാരും ജീവനക്കാരും രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് സ്വതന്ത്രരാകാറുണ്ട്. ചിലർ കര കാണാനും സാധനങ്ങൾ വാങ്ങാനും മറ്റുവിനോദങ്ങൾക്കുമായി സമയം മാറ്റി വയ്ക്കാറുണ്ട്. ലോജിസ്റ്റിക്കിലെ ശ്രീ ജോയി ജോൺ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. ചരക്ക് കപ്പലിൽ വന്ന നാവികർക്ക് ചില സഹായങ്ങൾ ആവശ്യമുണ്ടെന്ന് അപ്പോഴാണ് സുഹൃത്ത് ജോയി ജോണിനെ അറിയിച്ചത്. കുടുംബം നാട്ടിലായതിനാൽ തിരക്കിട്ട് താമസ സ്ഥലത്തേയ്ക്ക് പോയിട്ട് പ്രത്യകിച്ച് കാര്യമൊന്നുമില്ല. എന്നാൽ പിന്നെ ഈ നാവികർക്കൊപ്പം കുറേ സമയം ചിലവാക്കാമെന്ന് ജോയി ജോൺ തീരുമാനിച്ചു.
ജോയി ഒന്നു ഫ്രഷായി വന്നപ്പോഴേക്കും പ്ലാസ്റ്റിക് കുട്ടകൾ നിറച്ച് സാമാന്യം വലിയ മീനും കൊഞ്ചുമായി നാവിക സംഘം തയ്യാർ. ഇത്രയും മത്സ്യങ്ങൾ ഇവർക്ക് കടലിൽ വച്ച് പാചകം ചെയ്ത് ഭക്ഷിക്കാനായിരിക്കുമെന്ന് ജോയി ഊഹിച്ചു. ആഥിതേയ രാജ്യത്തിന്റെ കപ്പലിൽ അവർ ഉൾക്കടലിലേയ്ക്ക് ഒരു യാത്ര പോയി. ഇവരുടെ പക്കൽ മത്സ്യബന്ധനത്തിനുള്ള സാമഗ്രികളും ഉണ്ടായിരുന്നു. കരയിൽ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ ദൂരത്തിലെത്തിയപ്പോൾ നാവികർ കൂടെ കൊണ്ടു വന്ന ഉണങ്ങിയ പഴങ്ങളും മറ്റും ഭക്ഷിച്ച ശേഷം എല്ലാവരും ഒന്നു ഉഷാറായി. കരയിൽ രാജാക്കന്മാർ വനാന്തരങ്ങളിൽ നായാട്ടിന് പോകുന്ന പ്രതീതിയാണ് ജോയിക്ക് ഈ യാത്രയെ പറ്റി തോന്നിയത്. വനത്തിനും നിഗൂഢതകളുണ്ട്. കടലിനും. വനത്തിന് വന്യതയുണ്ട്. കടലിന് അതിന്റേതായ ഘോരതയും ശാന്തതയും ആ യാത്രയിൽ അവർക്ക് അനുഭവപ്പെട്ടിരുന്നു.
എല്ലാവരും ഉഷാറായപ്പോൾ നാവികരിൽ ചിലർ നേരത്തേ കരുതിയിരുന്ന നല്ല മുഴുത്ത ചെമ്മീനുകളെ കടലിൽ എറിയാൻ തുടങ്ങി. ഇത്രയും കഷ്ടപ്പെട്ട് പിടിച്ച് കരയിലെത്തിച്ച ചെമ്മീനുകളെ എത്ര നിസ്സാരമായാണ് ഇവർ കടലിൽ എറിഞ്ഞു കളയുന്നതെന്ന് ജോയി ചിന്തിച്ചു. ഒരു ഘട്ടത്തിൽ തന്റെ സന്ദേഹം പങ്കു വച്ച ജോയിയോട് അവരിൽ ഒരാൾ പറഞ്ഞു. നിങ്ങളുടെ മതം അനുശാസിക്കുന്നില്ലേ ചെതുമ്പലും ചിറകുമുള്ള കടൽ ജീവികളെയാണ് ഭക്ഷിക്കേണ്ടതെന്ന് . അതുപോലെ ഞങ്ങളുടെ മതവും അനുശാസിക്കുന്നുണ്ട് ഇത്തരം ജീവികളെ ഭക്ഷിക്കരുതെന്ന്. ജോയിക്ക് ആ വാക്കുകൾ ഒരു ഓർമ്മപെടുത്തൽ ആയിരുന്നു. ഒപ്പം തിരിച്ചറിവും. ചെമ്മീനുകൾ കപ്പലിന് സമീപമെത്തിയ കടൽ ജീവികൾക്ക് ഭക്ഷണമായി തീർന്നു കഴിഞ്ഞപ്പോൾ കപ്പലിൽ കരുതിയിരുന്ന മറ്റു മത്സ്യങ്ങളുടെ ഊഴമായി. നാവികരിൽ ഒരാൾ ആ വലിയ മത്സ്യങ്ങളെ വെട്ടി നുറുക്കി കടലിലേയ്ക്ക് എറിഞ്ഞു കൊണ്ടിരുന്നു. അതിലേയ്ക്ക് ആകൃഷ്ടരായി എത്തിയ ചില വലിയ മീനുകളെ മറ്റൊരു നാവികൻ ചെറിയൊരു വലയിട്ട് പിടിച്ച് കപ്പലിലാക്കി. പഴയവയെ കളഞ്ഞിട്ട് പുതിയ മത്സ്യത്തെ ഭക്ഷിക്കാനായിരിക്കും ഒരുക്കമെന്ന് ജോയി ചിന്തിച്ചു. എന്നാൽ അപ്പോഴും തെറ്റി. ജോയിയെ അമ്പരപ്പിച്ചു കൊണ്ട് നാവികർ അവയെയും വെട്ടി നുറുക്കി കടലിൽ എറിഞ്ഞു. അപ്പോൾ കപ്പലിന് ചുറ്റും ജലത്തിൽ ചുവപ്പ് നിറം പടരാൻ തുടങ്ങിയിരുന്നു.
കപ്പലിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ഒരു തിരയിളക്കം. ദൂരദർശിനിയിലൂടെ നോക്കിയ കപ്പിത്താൻ അതൊരു വമ്പൻ സ്രാവാണെന്ന് ഉറപ്പിച്ചു. മൂന്ന് കിലോമീറ്റർ അകലെ വച്ചു തന്നെ ചോരയുടെ മണം തിരിച്ചറിയാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ. പിന്നെ വൈകിയില്ല. ആ തിരയിളക്കും കപ്പിലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. കിട്ടിയ അവസരത്തിൽ ഒരു വടത്തിലൂടെ കപ്പലിന്റെ വശത്തിലൂടെ പുറത്തേയ്ക്കിറങ്ങയ നാവികൻ പാഞ്ഞടുത്ത സ്രാവിന്റെ ദേഹത്തേയ്ക്ക് നല്ല മൂർച്ചയ്യുള്ള കണ്ടി കൊണ്ട് ഒരൊറ്റ വെട്ട്. മനുഷ്യന്റേതു പോലെ ഒരു നിലവിളി കേട്ട് പുറത്തേക്ക് നോക്കിയ ജോയി കാണുന്നത് കടലിലെ ശോണിമയാണ്. കൂടെ സ്രാവിന്റെ ദീനരോദനവും നിമിഷങ്ങൾ കൊണ്ട് അകലേയ്ക്ക് നീങ്ങിയ സ്രാവ് കലി പൂണ്ട് കപ്പലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. അണയാൻ പോകുന്ന ദീപം ആളിക്കത്തും പോലെ. അപ്പോഴേയ്ക്കും നാവികർ തയ്യാറായിരുന്നു. അവരിട്ട വൻ വലയിൽ സ്രാവ് കുടുങ്ങിയിരുന്നു. രക്ഷപെടാനുള്ള അവസാനശ്രമമെന്നോണം അത് വലയോട് കൂടി കപ്പലിനെ വലം വയ്ക്കാൻ തുടങ്ങി. അവസാന നിമിഷംവരേയും പോരാടി നിൽക്കുക എന്നത് വിജയിക്കാൻ അതി തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരാളുടേയും ശ്രമമാണ്. സ്രാവിനെ വലിച്ചെടുക്കാൻ നാവികർ നന്നേ പാടുപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിൽ അധികമെടുത്തു ആ സ്രാവിനെ പിടിച്ച് കപ്പലിൽ ഇടാൻ. സ്രാവ് കപ്പലിനകത്തായി കഴിഞ്ഞപ്പോൾ കപ്പിത്താന്മാരും കൂട്ടരും കൂടി സ്രാവിന്റെ ചിറകുകൾ വാലുകൾ എന്നിവ മാത്രം അരിഞ്ഞെടുത്തു. പിന്നീട് സ്രാവിനെ പിടിച്ചതിനെക്കാൾ കഷ്ടപ്പെട്ട് അവർ അതിനെ കടലിലേയ്ക്ക് തള്ളി.
കുറച്ചു കഴിഞ്ഞപ്പോൾ ജീവനറ്റ സ്രാവിന്റെ ശരീരത്തെ ചെറു മീനുകൾ ആഹരിയ്ക്കാൻ തുടങ്ങി. നിയതിയുടെ നിയമം അങ്ങിനെയാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുന്നു. ഇവിടെ കുഞ്ഞു മീനുകളെ ഭക്ഷിച്ച് സ്ഥൂലശരീരിയായ വമ്പൻ സ്രാവിനെ ചെറു മീനുകൾ ആഹരിയ്ക്കുന്നു. കുറച്ചുനേരം ഇതൊക്കെ നോക്കി നിന്ന ജോയിക്ക് ഒരു സംശയം ഇത്രയും കഷ്ടപ്പെട്ട് പിടിച്ചെടുത്ത സ്രാവിന്റെ മാംസളമായ യാതൊരു ഭാഗവും ഉപയോഗിക്കാതെ അതിന്റെ ഒട്ടും മാംസളമല്ലാ വാലും ചിറകും ഭദ്രമായി പൊതിഞ്ഞ് ഫ്രീസറിൽ വച്ചതെന്തേ? സംശയ നിവാരണത്തിന് ജോയി കപ്പിത്താനെ തന്നെ സമീപിച്ചു. അദ്ദേഹം പറഞ്ഞു ഇതിന്റെ ചിറകിനും വാലിനും വല്യ വിലയാണ്. അമേരിക്കയിൽ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുമ്പോൾ ഉള്ളിൽ അലിഞ്ഞ് ചേർന്ന് ശരീരത്തിന്റെ ഭാഗമാകാൻ കഴിയുന്ന നൂലുണ്ടാക്കാൻ പറ്റിയതാണ് സ്രാവിന്റെ ഈ ഭാഗങ്ങളെന്ന്.
കപ്പൽ തിരിച്ച് കരയോടടുക്കുമ്പോൾ കുഞ്ഞ് മീനുകൾക്ക് ആഹാരമുകുന്ന വമ്പൻ സ്രാവിനെ കുറിച്ചായിരുന്നു ജോയിക്ക് ചിന്ത
(ഇത് ഞങ്ങളുടെ കോളേജിലെ പിറ്റി എ പ്രസിഡന്റ് ശ്രീ ജോയി ജോൺ പറഞ്ഞു തന്ന സംഭവ കഥയാണ്.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
കൂടുതൽ വലിയ പ്രശനങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ വാടകവീട്ടിലെ താമസം രണ്ടാഴ്ച കഴിഞ്ഞു. കൂടുതൽ അഭ്യാസങ്ങൾക്കൊന്നും സമയം കിട്ടിയില്ല. ജോലിസ്ഥലത്ത് ഞങ്ങൾ രണ്ടുപേർക്കും
വളരെ തിരക്കായിരുന്നു. അപ്പോഴേക്കും ഞങ്ങളുടെ അയൽവാസികളും ഹൗസ് ഓണറിൻറെ കുടുംബവും ആയി നല്ല അടുപ്പത്തിലായി. തന്നെയുമല്ല ഞങ്ങൾ രണ്ടുപേരും നല്ല ഡീസൻറ് ചെറുപ്പക്കാരായിരുന്നു, അവരുടെ കണ്ണിൽ. അതുകൊണ്ട് അതാവശ്യം സഹായങ്ങളും അവർ ചെയ്തു തന്നു. ബാംഗ്ലൂരിൽ റേഷൻ ആയികിട്ടുന്ന വെള്ളം അവർ ഞങ്ങൾ ഇല്ലാത്തപ്പോൾ ഞങ്ങൾക്കുവേണ്ടി സംഭരിച്ചു വയ്ക്കും,വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കും. അങ്ങനെ ചില്ലറ സഹായങ്ങൾ ചെയ്തുതരുന്നത് ഞങ്ങൾക്കും ഉപകാരമായിത്തീർന്നു. ഒരു ശനിയാഴ്ച കാലത്ത് ജോർജ് കുട്ടി എഴുന്നേറ്റു. എന്നെയും വിളിച്ചു എഴുന്നേൽപ്പിച്ചു.
“എന്താ കാര്യം?”
“നമ്മൾക്ക് ഇന്ന് നായാട്ടിനുപോകണം.”
“നായാട്ട്?”
“അതെ, നമ്മൾ പോകുന്നത് കൊക്കിനെ വെടിവയ്ക്കാനാണ്. പക്ഷെ കൊക്കുവെടി എന്ന് ആളുകൾ പറയാറില്ല.തന്നെയുമല്ല നായാട്ട് എന്ന് പറഞ്ഞില്ലെങ്കിൽ അതിനു ഒരു വെയിറ്റ് ഇല്ല.”
“ബാംഗ്ലൂർ നഗരത്തിൽ നമ്മൾ നായാട്ടിനു പോകുന്നു എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും”
“തനിക്ക് ബാംഗ്ലൂർ നനഗരത്തിൻ്റെ ഭൂമിശാസ്ത്രം അറിയില്ല……………”
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടുപേർ ഞങ്ങളുടെ വീട്ടിലേക്കു വരുന്നതു കണ്ട് ഞങ്ങൾ
സംസാരം നിർത്തി.
അവർ അടുത്ത് വന്നു.”നിങ്ങൾ മലയാളികളാണ് അല്ലെ?”
ചോദ്യം മലയാളത്തിലാണ്.”അതെ.നിങ്ങളോ?” ജോർജ്കുട്ടി പെട്ടെന്ന് തിരിച്ചു ചോദിച്ചു.
“ഞങ്ങളും.”
“അപ്പോൾ നമ്മൾക്ക് മലയാളത്തിൽ സംസാരിക്കാം
അല്ലെ?”
ഞാൻ അമ്പരന്നു നിൽക്കുകയാണ്. അപ്പോൾ ഇത്രയും സമയം സംസാരിച്ചത് ഏതു ഭാഷയിലാണ്?അവർ
ഞങ്ങൾ താമസിക്കുന്നതിനടുത്ത് തന്നെയുള്ളവരായിരുന്നു. ജോസഫും സെൽവരാജനും. അവരും ഞങ്ങളെപ്പോലെ ഒന്നിച്ചു താമസിക്കുകയാണ്. ഏതായാലും ജോർജ് കുട്ടി നായാട്ടിൻറെ കാര്യം
മറന്നു എന്ന് കരുതിയിരിക്കുമ്പോൾ വീണ്ടും അതെ വിഷയം എടുത്തിട്ടു.
” ഞങ്ങൾ നായാട്ടിനു പോകുകയാണ്.നിങ്ങളും വരുന്നോ?”
“അതിനു ഞങ്ങൾക്ക് തോക്കില്ല”
“നന്നായിട്ടു പഠിച്ചാൽ തോക്കില്ല……………..നിങ്ങൾ വരുന്നു എങ്കിൽ വാ. “ജോർജ് കുട്ടി അകത്തുപോയി എയർഗൺ എടുത്തുകൊണ്ടു വന്നു. സ്വെൽവരാജൻ പറഞ്ഞു.”അടിപൊളി,ഞങ്ങളും വരുന്നു.പക്ഷെ ഈ
തോക്ക് ഡ്യൂപ്ലിക്കേറ്റ് ആണോ,അതോ പൊട്ടുന്നതാണോ”
സ്വന്തം തോക്കിനെ അപമാനിച്ചാൽ ആർക്കും ദേഷ്യം വരും .ജോർജ് കുട്ടി 3 യുടെ ഒരു പെല്ലറ്റ് എടുത്തു തോക്കു മടക്കി ചുരുട്ടിക്കൂട്ടി അത് നിറച്ചു. മുറ്റത്തിറങ്ങിനിന്നു ആകാശത്തിലേക്കു വെടി
വെച്ചു. സൈനികർ ആചാരവെടി വെക്കുന്നതുപോലെ.
“കൊള്ളാം” നല്ല ശബ്ദത്തോടെ അത് പൊട്ടി.
അല്പം കഴിഞ്ഞു “ഘിണിം .ഘിണിം” എന്ന ശബ്ദത്തോടെ അടുത്തുണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റ്
പൊട്ടി താഴേക്ക് വീണു.വീണത് ഇലക്ട്രിക്പോസ്റ്റിൻ്റെ സ്റ്റേ വയറിൽക്കൂടി ഊർന്ന് അടുത്തുള്ള വീട്ടുകാരുടെ വീടിൻ്റെ പുറത്തേക്ക് വീണു. ആ വീഴ്ചയിൽ എട്ടുകാലി വല പോലെ അവരുടെ വീടിനുമുകളിൽ പിടിപ്പിച്ചിരുന്ന ടി.വി.ആൻറിന മറിഞ്ഞുവീണു.സാമാന്യം നല്ല ശബ്ദം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ ഓടിക്കൂടി.
ആ ഹൗസ് ഓണർ പറഞ്ഞു,”ഓ കുഴപ്പമില്ല,അത് കെട്ടാനുള്ള കാശു തന്നാൽ മതി”
ജോർജ് കുട്ടി ഉടനെ സമ്മതിച്ചു.”എത്ര രൂപ തരണം?”
“ഇരുന്നൂറ്”
“അമ്പത് രൂപക്ക് ഒരു ദിവസം ജോലിക്ക് ആളെക്കിട്ടും അപ്പോൾ ഇരുന്നൂറുരൂപ?”
കേട്ടുനിന്ന ഒരാൾ മധ്യസ്ഥനായി.”ഇരുന്നൂറു രൂപ കൂടുതലാ,നൂറു കൊടുക്ക്”
“അതൊന്നും പറ്റില്ല.”
“ശരി,അൻപതു രൂപ തന്നാൽ പ്രശനം തീർന്നു.”ഹൗസ് ഓണർ.
മധ്യസ്ഥൻ പറഞ്ഞു ,”അത് ന്യായം”
“ഞാൻ ഇരുപത്തഞ്ചു രൂപതരും”ജോർജ് കുട്ടി
ഹൗസ് ഓണർ പറഞ്ഞു,”ശരി,പോട്ടെ,നമ്മടെ സാറല്ലേ സാർ ഇരുപത്തഞ്ചു രൂപ തരൂ.”
ജോർജ് കുട്ടി എന്നെ നോക്കി,”ഒരു ഇരുപത്തഞ്ചു രൂപ കൊടുക്ക്.
“ഞാൻ എന്തിനു കൊടുക്കണം? താൻ കൊടുക്ക്”
“വാടകയ്ക്ക് വീടെടുത്തത് താനല്ലേ?അപ്പോൾ അതിനോടനുബന്ധിച്ചുണ്ടാകുന്ന ചിലവുകൾ താൻ
എടുക്കണം. തനിക്ക് ഒരു നഷ്ടവും ഇല്ല.”അവർ ആദ്യം ചോദിച്ചത് എത്രയാണ്?”
“ഇരുന്നൂറ്.”
“ഇപ്പോൾ കൊടുക്കുന്നത് എത്രയാണ്?”
“ഇരുപത്തഞ്ച്”
“അപ്പോൾ ഇരുന്നൂറ് കൊടുക്കണ്ട സ്ഥാനത്തു നൂറ്റി എഴുപത്തഞ്ചു രൂപ കുറച്ചു ഇരുപത്തഞ്ചു രൂപ
കൊടുത്താൽ ലാഭം എത്രയാ?”
“നൂറ്റി എഴുപത്തഞ്ച്”
“ഇത്രയുംലാഭം കിട്ടിയിട്ടും തനിക്ക് ഇരുപത്തഞ്ചു രൂപ കൊടുക്കാൻ പറ്റില്ല അല്ലെ?”
അവൻ്റെ കയ്യിൽ കാശുകാണില്ല. ഞാൻ ഇരുപത്തഞ്ച് രൂപ കൊടുത്തു പ്രശനം ഒഴിവാക്കി. അരിശം സഹിക്ക വയ്യാതെ ഞാൻ അകത്തുപോയി ഒരു കസേരയിൽ ഇരുന്നു.
ജോർജ് കുട്ടി അകത്തു വന്ന് എന്നെ നോക്കി അൽപനേരം നിന്നു .പെട്ടെന്ന് അവൻ്റെ പോക്കറ്റിൽ
നിന്നും ഇരുപത്തഞ്ചു രൂപ എടുത്തു എൻ്റെ പോക്കറ്റിൽ തിരുകി വച്ചു. അവൻ പറഞ്ഞു,” നീ ഇതറിയണം .ചെറുപ്പത്തിലേ അച്ഛൻ മരിച്ചു.’അമ്മ മാനസികരോഗി.ചേട്ടൻ ഉത്തരവാദിത്വമില്ലാതെ കഞ്ചാവടിച്ചു നടക്കുന്നു.കല്യാണം കഴിപ്പിക്കാറായ രണ്ടനുജത്തിമാർ.ഈ പ്രാരാബ്ധങ്ങളെല്ലാം വന്നാൽ ഒരു മനുഷ്യൻ എന്ത് ചെയ്യും?”
ഓടിക്കളിച്ചു തമാശ പറഞ്ഞു നടക്കുന്ന ജോർജ്കുട്ടിയുടെ ചരിത്രം, എനിക്ക്അറിഞ്ഞുകൂടായിരുന്നു. സങ്കടം സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റു. ആ ഇരുപത്തഞ്ച് രൂപ അവൻ്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു. കണ്ണീരടക്കി ഞാൻ പറഞ്ഞു,”ജോർജ് കുട്ടി ക്ഷമിക്കണം,ഞാനറിഞ്ഞില്ല നിനക്ക് ഇങ്ങനെ ഒരു
ചരിത്രം ഉണ്ട് എന്ന്.”
“നീ എന്താ ഈ പറയുന്നത്?ഞാൻ കഴിഞ്ഞ ആഴ്ചകണ്ട സിനിമയുടെ കഥ പറഞ്ഞതല്ലേ?”
(തുടരും)
സുരേഷ് നാരായണൻ
വിഫലമായൊരു വിനോദയാത്രയുടെ അഴുക്കുമെഴുക്കുകൾ കഴുകിക്കളയാനാണ് ആ പുഴക്കടവിലേക്കു പോയത്.
‘ഇറങ്ങാൻ പറ്റില്ല! വന്യതയുടെ ഓളങ്ങളിളക്കിക്കൊണ്ടതു പറഞ്ഞു.
‘ഞാൻ ആണുങ്ങളുടെ പുഴയാണ്!’
‘ഞാനത് വിശ്വസിക്കില്ല. അങ്ങനെയെങ്കിൽ പെണ്ണുങ്ങളുടെ പുഴയെവിടെ?’
ഒരു നിമിഷം.. ഒഴുക്കു നിലച്ചു!
‘അത്… കല്യാണത്തിനു ശേഷം അതിൻറെ ഒഴുക്കു വറ്റിപ്പോയി. മാനം ലോറികയറി പോയി’
സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 15 വർഷത്തെ ബാങ്കിംഗ് പരിചയം.ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടർന്ന് പോരുന്നു.
ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.
ഡോ. ഐഷ വി
പൂജാവധി കുട്ടികൾക്കെല്ലാം വളരെ സന്തോഷമുള്ള ദിവസങ്ങളാണ്. പുസ്തകങ്ങൾ പൂജ വച്ചു കഴിഞ്ഞാൽ പിന്നെ പൂജയെടുപ്പു വരെ പഠിയ്ക്കാൻ ആരും പറയില്ല. പഠിയ്ക്കുകയും വേണ്ട. പണിക്കാർ അവരുടെ പണിയായുധങ്ങളും പൂജ വയ്ക്കാറുണ്ട്. കാസർഗോട്ടെ ഞങ്ങളുടെ പൂജാവധി വളരെ സന്തേഷവും മാധുര്യവുമുള്ളതായിരുന്നു. അയൽ പക്കത്തെ ദേവയാനി ചേച്ചിയ്ക്കും ഭാസ്കരന്മാമനും അക്കാലത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഞങ്ങൾ തന്നെയായിരുന്നു മക്കൾ. ഞങ്ങളുടെ ഒന്നുരണ്ട് പുസ്തകങ്ങൾ അവിടെയും ഒന്നുരണ്ടെണ്ണം ഞങ്ങളുടെ വീട്ടിലും പൂജവയ്ക്കും . ഭാസ്കരന്മാമൻ രാവിലെയും വൈകുന്നേരവും അവരുടെ വീട്ടിൽ പൂജ ചെയ്യും. സരസ്വതി ദേവി ,ലക്ഷ്മീ ദേവി, ശ്രീ കൃഷ്ണൻ , ശിവൻ, ഗണപതി, തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ നിലവിളക്ക്, ചന്ദനത്തിരി ,കർപ്പൂരം മുതലായവ കത്തിച്ച് വയ്ക്കും ഒപ്പം മുന്തിരി, ഓറഞ്ച്,ആപ്പിൾ , വാഴപ്പഴം, അവൽ, മലർ, കൽക്കണ്ടം, ഉണക്കമുന്തിരി, ശർക്കര മുതലായവയുണ്ടാകും. പ്രഭാത പൂജയ്ക്കും പ്രദോഷപൂജയ്ക്കും ഞങ്ങൾ അവിടെ ഹാജർ . പൂജ കഴിയുമ്പോൾ അവൽ, പഴം, ആപ്പിൾ, ഓറഞ്ച് ഇത്യാദി വിഭവങ്ങൾ ചേച്ചിയും മാമനും കൂടി പങ്കു വച്ച് ഞങ്ങൾക്ക് തരും. ഈ പതിവ് ഞങ്ങൾ കാസറഗോഡുണ്ടായിരുന്ന എല്ലാ വർഷവും ആവർത്തിച്ചു.
ഒരു പൂജയെടുപ്പിനായിരുന്നു അനുജത്തിയുടെ എഴുത്തിനിരുത്ത്. നെല്ലിക്കുന്നിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ചാണ് അനുജത്തി അനിത ആദ്യാക്ഷരം കുറിച്ചത്. അമ്മ രാവിലെ തന്നെ അനുജനേയും അനുജത്തിയേയും കുളിപ്പിച്ചൊരുക്കി. സാധാരണ ദേവയാനി ചേച്ചിയാണ് ഞാൻ സ്കൂളിൽ പോകാനായി തലമുടിയൊക്കെ ചീകി കെട്ടി ഒരുക്കി വിട്ടിരുന്നത്. അന്ന് ഞാൻ തനിച്ചൊരുങ്ങി. ചേച്ചിയും മാമനും ഞങ്ങളോടൊപ്പം ക്ഷേത്രത്തിൽ പോകാനായി ഒരുങ്ങി വന്നു. ഞങ്ങൾ ക്ഷേത്രത്തിലെത്തി. അനുജത്തിയെ അച്ഛന്റെ മടിയിലിരുത്തി. ഒരു പാത്രത്തിൽ നിരത്തിയ അരിയും മറ്റു പൂജാ സാമഗ്രികളും അടുത്തുണ്ടായിരുന്നു. ക്ഷേത്ര പൂജാരി ഒരു കഷണo മഞ്ഞളുമായി വന്നു. അനുജത്തിയുടെ നാക്കിൽ ” ഓം” എന്നെഴുതിയതും അനുജത്തി ആ മഞ്ഞൾ കഷണം വിഴുങ്ങി. പൂജാരി അടുത്ത കുട്ടിയുടെ അടുത്തേയ്ക്ക് പോയി. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. അച്ഛൻ അനുജത്തിയുടെ ചുണ്ടുവിരൽ പിടിച്ച് അരിയിൽ എഴുതിച്ചു. ഹരി: ശ്രീ ഗണ പതായെ നമ:
എന്നെയും അനുജനേയും എന്റെ രണ്ട് മക്കളേയും എഴുത്തിനിരുത്തിയത് അച്ഛനാണ്.
അക്ഷരം മനസ്സിലുറപ്പിച്ചത് അമ്മയുടെ നിരന്തര പരിശ്രമം മൂലവും. കതിയാമ്മ ചേച്ചിയുടെ മകൾ ഭാവനയേയും രമണി ചേച്ചിയുടെ മകൻ പ്രമീദിനേയും അച്ഛൻ എഴുത്തിനിരുത്തിയിട്ടുണ്ട്.
1995 ലെ പൂജാവധിയ്ക്ക് ഞാൻ തൃശ്ശൂരിലായിരുന്നു. അന്ന് ഇരിങ്ങാലക്കുട വിമൽ ഭവൻ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിച്ചിരുന്നവർക്കൊപ്പം വടക്കും നാഥ ക്ഷേത്രത്തിലെത്തി. കൂടെ വന്നവർ അവിടെ ഒരാൽച്ചുവട്ടിൽ നിരത്തിയിട്ടിരുന്ന മണലിൽ വീണ്ടും അക്ഷരം എഴുതി നോക്കി. അപ്പോൾ ഒരു കൗതുകത്തിന് ഞാനും അത് അനുകരിച്ചു. അവർ അങ്ങനെ എല്ലാ വർഷവും എഴുതുന്ന പതിവുണ്ടത്രേ.
2018 – ൽ പോളച്ചിറയിലെ വിഷ്ണു ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിക്കാനെത്തിയ കുട്ടികളെ എഴുതിയ്ക്കാൻ എനിക്കവസരം ലഭിച്ചു. 2019 -ൽ ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിൽ ഗുരുക്കമാരിൽ ഒരാളായി എനിക്കവസരം ലഭിച്ചു. ഭൂതക്കളം ലതിക ട്യൂട്ടോറിയലിൽ ഞങ്ങളെ പഠിപ്പിച്ച ഉദയകുമാർ സാറായിരുന്നു എന്നെ ക്ഷണിച്ചത്. ഐ എസ് ആർ ഓയിലെ സയന്റിസ്റ്റും റിട്ട പ്രിൻസിപ്പലും, ജോലിയുള്ളവരും അന്നു ഗുരുക്കന്മാരായി അവിടെയുണ്ടായിരുന്നു. ധാരാളം പരിചയക്കാരെയും അന്നവിടെ കാണാൻ കഴിഞ്ഞു. ഒരു ട്രിപ്പ് കുട്ടികളെ എഴുതിച്ച് കഴിഞ്ഞപ്പോൾ ദേവസ്വം സദ്യാലയത്തിൽ തയ്യാർ ചെയ്തിരുന്ന പ്രാതൽ കഴിയ്ക്കാനായി ഉദയകുമാർ സാർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് തിരികെ വന്ന് ബാക്കിയുള്ള കുട്ടികളെ എഴുതിച്ചു. അവിടെ സ്വർണ്ണ നാരായമായിരുന്നു നാക്കിലെഴുതാനായി വച്ചിരുന്നത്. അന്ന് ഐ എസ് ആർ ഓയിലെ സയന്റിസ്റ്റിനെ കൊണ്ടു എഴുതിയ്ക്കാനുള്ള ക്യൂവിലായിരുന്നു ആളുകൾ കൂടുതൽ.
അന്ന് എന്നെ ഏറെ സന്തോഷിപ്പിച്ച ഒരു കാര്യം എന്റെ കൂടെ ഭൂതക്കുളം സ്കൂളിൽ പഠിച്ച ശ്രീദേവി , അവരുടെ പേരക്കുട്ടിയെ എഴുതിയ്ക്കാൻ തിരഞ്ഞെടുത്തത് എന്നെയായിരുന്നു എന്നതാണ്.
ഇത്തവണയും ഉദയകുമാർ സാർ എന്റെ അമ്മയെ വിളിച്ച് മൂന്ന് മക്കളെയും പൂജയെടുപ്പിന് ഗുരുക്കന്മായി ഭൂതക്കുളം ശാസ്താ ക്ഷേത്രത്തിലെത്താൻ ക്ഷണിച്ചു. പിന്നെ എന്നെയും സാർ വിളിച്ചിരുന്നു. ഒന്ന് തീയതിയും സമയവും അറിയിക്കാൻ. മറ്റൊന്ന് കോവിഡ് കാലമായത് കൊണ്ട് കുറച്ച് ദിവത്തേയ്ക്ക് പൊതു പരിപാടിയിലൊന്നും പങ്കെടുക്കേണ്ടന്ന് ഓർമ്മിപ്പിക്കാൻ. പിന്നൊന്ന് എഴുത്തിനിരത്തുന്ന ഗുരുക്കന്മാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ ആയിരിയ്ക്കണമെന്നറിയിയ്ക്കാൻ. സാർ തന്നെ കലയ്ക്കോട് പി എച്ച് സിയിൽ ഇത്തവണ എഴുത്തിനിരുത്തുന്ന അഞ്ച് ഗുരുക്കന്മാരെയും ആന്റിജൻ ടെസ്റ്റ് ചെയ്യാൻ ഏർപ്പാടാക്കിയിരുന്നു. അങ്ങനെ അഞ്ച് ഗുരുക്കമാരും ഒക്ടോബർ 22-ാം തീയതി രാവിലെ ഒൻപതരയ്ക്കു തന്നെ കല്ക്കോട് പി എച്ച്സിയിലെത്തി. എന്നെ എന്റെ ഭർത്താവ് രാവിലെ തന്നെ ഡോക്ടറുടെ മുന്നിൽ എത്തിച്ചു. അവിടെ നിന്നും നേരത്തേ നിശ്ചയിച്ചതുപ്രകാരം കൂട്ടുകാരി രതിയോടൊപ്പം(ഇപ്പോൾ ഭൂതക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ) കലയ്ക്കോട്ടെത്തി. പിപി ഇ കിറ്റിട്ട് ആരോഗ്യ പ്രവർത്തകർ തയ്യാറായി. ആദ്യം തന്നെ ഞങ്ങളുടെ ടെസ്റ്റ് കഴിഞ്ഞു. മൂക്കിൽ നിന്നും സ്രവമെടുത്തായിരുന്നു പരിശോധന. വേഗം തന്നെ ഞങ്ങൾ അവിടെ നിന്നും മടങ്ങി. ഉദയകുമാർ സാർ അവിടെ എത്തിയിരുന്നു. ഞങ്ങൾ തിരികെ വീട്ടിലെത്തി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ സാറ് വിളിച്ച് അറിയിച്ചു. എല്ലാവരുടേയും ഫലം നെഗറ്റീവ് . അതും സന്തോഷം തന്നെ.
പൂജയെടുപ്പ് 26-ാം തീയതി. ഇത്തവണത്തെ നവമി ആഘോഷങ്ങൾ എല്ലാം തന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണെന്ന പ്രത്യേകതയുണ്ട്. സ്വർണ്ണ നാരായം, പ്രസാദം എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണ അക്ഷരം എഴുതിച്ചാലും ഇല്ലെങ്കിലും വിദ്യാരംഭം നടത്തുന്ന എല്ലാ കുരുന്നുകൾക്കും നന്മ നേരുന്നു. മുമ്പ് അക്ഷരമെഴുതിച്ച എല്ലാ കുരുന്നുകളും നല്ല നിലയിലെത്താൻ ഓർക്കുമ്പോഴെല്ലാം മനസ്സിൽ ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്. ഈ കോവിഡ് കാലത്ത് എല്ലാവർക്കും നന്മ വരട്ടെ.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
ജോൺ കുറിഞ്ഞിരപ്പള്ളി
ജോർജ്കുട്ടിയുടെ പ്രകടനങ്ങൾ എന്നെ തീർത്തും അമ്പരപ്പിച്ചുകളഞ്ഞു. ഓരോ പാക്കറ്റുകൾ തുറക്കുമ്പോഴും ഇനി എന്ത് അപകടമാണ് വരാൻ പോകുന്നത് എന്ന ഉത്കണ്ഠയായിരുന്നു മനസ്സിൽ.
പലപല പാക്കറ്റുകളിലായി ജോർജ്കുട്ടി അയാളുടെ സാധനങ്ങൾ പാക്ക് ചെയ്ത് വച്ചിരിക്കുകയാണ്.
ഓരോ പാക്കറ്റ് തുറക്കുമ്പോഴും എൻ്റെ നെഞ്ചിടിപ്പ് കൂടി വന്നു.
സമയം സന്ധ്യ ആകുന്നു.ഇരുട്ടിൻറെ നിഴലുകൾ പതുക്കെ ഞങ്ങളെ പൊതിഞ്ഞു തുടങ്ങിയപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”ഇനി നാളെ ബാക്കിതുറക്കാം.”എന്നിട്ട് ഒരു പാക്കറ്റ് കയ്യിലെടുത്തു.
“ഇനി ഞാൻ തുറക്കാൻപോകുന്നത് വളരെ ഇമ്പോർട്ടൻറായ ഒരു പാക്കറ്റ് ആണ് .അതോടുകൂടി ഇന്നത്തെ പ്രോഗ്രാം അവസാനിക്കുന്നു”.പാക്കറ്റ് തുറന്നു.
അത് ഒരു ചത്ത കോഴിയെ പാക്ക് ചെയ്തത് ആയിരുന്നു.
“ഇതെന്താ ഒരു ചത്ത കോഴിയെ പൊതിഞ്ഞുകൊണ്ടു വന്നിരിക്കുന്നത്?”
“ഇത് കോൾഡ് സ്റ്റോറേജിൽ നിന്നും വാങ്ങിയതാണ്.അതിന് ജീവൻ കാണില്ല. ”
“ഇതെന്ത് ചെയ്യാൻ പോകുന്നു.?”
“താൻ ഏതു നാട്ടുകാരനാടോ?കോഴിയെന്തിനാ? താൻ ഒരു മത്തായി തന്നെ.”
“ഇതെങ്ങനെ ജോർജ്കുട്ടി എന്നെ കൂട്ടുകാർ മത്തായി എന്ന് വിളിക്കുന്നത് അറിഞ്ഞു.ഞാൻ എല്ലാവരോടും മാത്യു എന്നെ പറഞ്ഞിട്ടുള്ളൂ.”
” ഓ അതോ?.പൊതുവെ മണ്ടന്മാർ എല്ലാം മത്തായിമാർ ആയിരിക്കും.അല്ലെങ്കിൽ മത്തായിമാർ മണ്ടന്മാർ ആണ് എന്നും പറയാം..”
ജോർജ് കുട്ടി നമ്മുടെ ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാൻ നോക്കുന്നു. ഇവനെ ഒതുക്കണം.
ഞാൻ മനസ്സിൽകണ്ടത് അയാൾ മാനത്തു കണ്ടു,
“വെറുതെ പറഞ്ഞതാടോ,താൻ കാര്യമാക്കണ്ട. നമ്മൾ ഇവനെ ഇപ്പോൾ ശരിയാക്കി, പിന്നെ അല്പം…………”
“അല്പം…………? അതൊന്നും ഇവിടെ നടക്കില്ല.”
“വേണ്ടെങ്കിൽ വേണ്ട ,ഞാൻ തനിയെ കഴിച്ചോളാം. താൻ ഒരു കാര്യം ചെയ്യ്,ദാ അപ്പുറത്തു ഒരു ബാർ ഉണ്ട്. ശ്രീ വിനായക ബാർ. അവിടെ ഭക്ഷണവും കിട്ടും .ഒരു മലയാളിയാണ് മാനേജർ, കോശി ,എൻ്റെ നാട്ടുകാരനാ,ചെങ്ങന്നൂർ. അവിടെ പോയി ഭക്ഷണം കഴിച്ചിട്ട് വാ. അപ്പോഴേക്കും ഞാൻ ഇവനെ ശരിയാക്കി പിന്നെ അല്പം അടിച്ചു റെഡിയായി ഇരിക്കാം”
“എന്തിന് ? ”
“ഇന്ന് ശനിയാഴ്ച അല്ലെ?നമ്മൾക്ക് കവിത ചൊല്ലാം. പാട്ടു പാടാം. ഞാൻ ഗിറ്റാർ വായിച്ചു കേൾപ്പിക്കാം.”
“ഓഹോ ,ജോർജ് കുട്ടിക്ക് ഗിറ്റാർ വായിക്കാനറിയാം?”
“താൻ പോയിട്ടുവാടോ.”
“അങ്ങനെ വേണ്ട.നമ്മുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം.”
“അങ്ങനെ വഴിക്കുവാ.വെറുതെ ജാഡ കാണിക്കാതെ. ”
ചപ്പാത്തിയും കോഴിക്കറിയും തയാറാക്കുന്നതിനിടയിൽ ജോർജ്കുട്ടി വളരെ വേഗത്തിൽ ഗിറ്റാർ പഠിച്ചത്, എയർ ഗണ്ണുമായി നായാട്ടിന് പോകുന്നത്, അങ്ങനെ തൻ്റെ വീര കഥകൾ എല്ലാം വിവരിക്കുകയും ചെയ്തു. അതിനിടയിൽ പാട്ടുപാടുകയും കവിതകൾ ചൊല്ലുകയും ചെയ്തുകൊണ്ടിരുന്നു.എല്ലാം ഞാൻ സഹിച്ചു,എന്ന് പറയുന്നതാണ് ശരി.
ചപ്പാത്തിയും കറിയും തയ്യാറായിക്കഴിഞ്ഞപ്പോൾ ജോർജ്കുട്ടി മാക്ഡോവെൽസിൻറെ ഒരു ഹാഫ് ബോട്ടിൽ വിസ്‌ക്കി എടുത്തുകൊണ്ടുവന്നു.
“നമ്മൾ ക്രിസ്ത്യാനികൾ മദ്യപിക്കുമ്പോൾ ചുരുങ്ങിയത് നാലുപേർ ഉണ്ടായിരിക്കണം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഇത് ഇപ്പോൾ പാപമാണ് .നമ്മൾ രണ്ടു പേര് അല്ലെ ഉള്ളൂ.”ജോർജ് കുട്ടി പറഞ്ഞു.
“ബൈബിൾ?ഏതു ബൈബിൾ ?ഞാൻ കേട്ടിട്ടില്ലല്ലോ “.
“തനിക്കു വിവരമില്ല. ആട്ടെ താൻ ദിവസവും ബൈബിൾ വായിക്കാറുണ്ടോ?”
“ഇല്ല” ,ഞാൻ പറഞ്ഞു.
“എൻ്റെ നാമത്തിൽ നാലുപേർ ഒന്നിച്ചുകൂടുമ്പോൾ അവരുടെ മദ്യത്തിൽ ഞാനുണ്ട്,എന്ന് ബൈബിളിൽ പറയുന്നുണ്ട്.നമ്മൾ രണ്ടു പേരല്ലേയുളളൂ.”.എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
“അതുകൊണ്ടാണ് ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒക്കെ ക്രിസ്ത്യാനികൾ കൂട്ടം കൂടി മദ്യപിക്കുന്നത്.”
ഞാൻ പറഞ്ഞു,” ജോർജ് കുട്ടി ഒരു ബൈബിൾ പണ്ഡിതനാണ് എന്നു തോന്നുന്നു.”.
“ഭക്ഷണം റെഡി.നമ്മുക്ക് പ്രാർത്ഥിച്ചിട്ട് തുടങ്ങാം.”
അയാൾ ബൈബിൾ കയ്യിലെടുത്തു. എനിക്ക് ജോർജ് കുട്ടിയുടെ ഈ ബൈബിൾ വായന തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. താൻ ആ ബൈബിൾ താഴെ വയ്ക്ക്.”ഞാൻ പറഞ്ഞു.
“അത് പറ്റില്ല.കുറച്ചൊക്കെ ദൈവ വിശ്വാസവും വേണം.”
ജോർജ് കുട്ടി ബൈബിൾ എടുത്തു,വായിച്ചു,“നിങ്ങൾ പോയി നിങ്ങളുടെ അപ്പം സന്തോഷത്തോടെ ഭക്ഷിക്കുക , ഉല്ലാസപൂർണ്ണമായ ഹൃദയത്തോടെ നിങ്ങളുടെ വീഞ്ഞ് കുടിക്കുക, കാരണം നിങ്ങൾ ചെയ്യുന്നതിനെ ദൈവം ഇതിനകം അംഗീകരിച്ചു 7. യെശയ്യാവു 5:22.”ഞാൻ മിണ്ടാതെയിരുന്നു.
“കണ്ടോ,നമ്മൾ ചെയ്യാൻപോകുന്നതിനെ ദൈവം അംഗീകരിച്ചു എന്ന്. അതുകൊണ്ട് നമ്മൾക്ക് വൈൻ ഉണ്ടാക്കണം.തനിക്കറിയാവോ വല്ലതും?”
ഞാൻ പറഞ്ഞു,” ഇല്ല.”
“സാരമില്ല,ഞാൻ പഠിപ്പിക്കാം.ജനറൽ നോളജ്ജ് കുറവാണല്ലേ?”
ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു,എന്തുചെയ്യുന്നതിനും ജോർജ് കുട്ടി ഒരു ബൈബിൾ വാക്യത്തെ കണ്ടുപിടിച്ചു വച്ചിരിക്കും.
ഒരു കാര്യം എനിക്ക് മനസ്സിലായി ,ജോർജ് കുട്ടിക്ക് നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം.എനിക്ക് അറിഞ്ഞുകൂടാത്തതും അതാണ്.
ആവേശം കൂടി വന്നപ്പോൾ ജോർജ് കുട്ടി ഗിറ്റാർ കയ്യിലെടുത്തു. ആദ്യം സ്ട്രിംഗിൽ തൊട്ടപ്പോഴേ ഒരു കാര്യം എനിക്ക് മനസ്സിലായി.ജോർജ് കുട്ടിക്ക് ഗിറ്റാറ് വായിക്കാൻ അറിയില്ല.
ഞാൻ ചോദിച്ചു,”ജോർജ് കുട്ടി എവിടുന്നാ ഗിറ്റാർ പഠിച്ചത്?”
“എടോ ഇതൊന്നും ആരും പഠിപ്പിക്കേണ്ട ,ഇങ്ങനെ എടുത്ത് ഈ സ്റ്ററിങ്ങിൽ തട്ടിയാൽ മതി”
.അയാൾ ഇനി എയർ ഗൺ എടുത്ത് ഇങ്ങനെ വല്ലതും പ്രയോഗിക്കുമോ അതായിരുന്നു എൻ്റെ പേടി.
അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് ജോർജ് കുട്ടി പറഞ്ഞു,”അടുത്ത ആഴ്ച നമ്മൾ നായാട്ടിനുപോകുന്നു.”
ബാംഗ്ലൂർ പോലെയുള്ള നഗരത്തിൽ നായാട്ട്?.
“നായാട്ട് എന്നുപറയുമ്പോൾ വേട്ട പട്ടികളും കാണും അല്ലെ? പ്രത്യകം ട്രെയിനിങ് കൊടുത്ത നായ്ക്കൾ വേണ്ടിവരും ഇതുപോലെയുള്ള ഒരു നഗരത്തിൽ നായാട്ട് നടത്താൻ.തൻ്റെ വേട്ട നായ്ക്കൾ എവിടെ?”
ഞാൻ വെറുതെ കളിയായിചോദിച്ചു.
“വേട്ട നായ്ക്കൾ ഇല്ല. അതിനുപകരം നമ്മുക്ക് ഹൗസ് ഓണറുടെ പിള്ളേരെ കൂട്ടാം.”
താമസം തുടങ്ങിയില്ല അപ്പോഴേക്കും ഐഡിയകൾ വന്നു തുടങ്ങി. ഇവനെ അങ്ങനെ കേറി മേയാൻ വിട്ടുകൂട. ഞാൻ തീരുമാനിച്ചു.
“ഒരു വിഡ്ഢിയുടെ അധരങ്ങൾ വഴക്കു വിലക്ക് വാങ്ങുന്നു. അടി ക്ഷണിച്ചു വരുത്തുന്നു,പ്രോവെർബ് 18 6,ഇതല്ലേ മത്തായി നീ മനസ്സിൽ വിചാരിക്കുന്നത്? .”
ഞാൻ ഫ്ലാറ്റ്.
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ എന്നും പുതുമകളുടെ അവതാരകരായി മാറിയ സ്വിറ്റസർലണ്ടിലെ ചങ്ങാതിക്കൂട്ടത്തിന്റെ മറ്റൊരു സംരംഭമാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം.
പേര് സൂചിപ്പിക്കുന്നതുപോലെ ഓർമ്മകളുടെ ഒരു പുസ്തകമാണ് ഇത്. തിരിച്ചറിയപ്പെടാൻകഴിയാതെപോയ കഴിഞ്ഞകാലങ്ങളുടെ ദുഖങ്ങളുടെ കഥകൾ മാത്രമല്ല ഇത്. ആഹ്ളാദങ്ങളുടേയും ആരവങ്ങളുടേയും ഓർമ്മകൾ കൂടിയാണ്. പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പുസ്തകത്തിന്റെ പിന്നിലും ഒരു ദീർഘമായ ചരിത്രമുണ്ട്, ഏകാഗ്രതയുടെ ഐക്യത്തിന്റെ അച്ചടക്കത്തിന്റെ സ്വപ്നങ്ങളുടെ ചരിത്രങ്ങൾ . അവയ്ക്കു പിന്നിലെ വേദനയും യാതനയും അനുഭവിച്ചറിയണം .ചങ്ങാതിക്കൂട്ടത്തിലെ പത്തുപേർ ചേർന്ന് എഴുതുന്ന ഈ പുസ്തകത്തിന്റെ അകപ്പൊരുൾ തിരിച്ചറിയപ്പെടേണ്ടതാണ്. മലയാള സാഹിത്യനിരൂപണ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ സുനിൽ പി.ഇളയിടം മഞ്ഞിൽ വിരിഞ്ഞ ഓർമ്മകളെ
വിശേഷിപ്പിക്കുന്നത് ഓർമ്മകളുടെ സിംഫണി എന്നാണ്.
അവതാരികയിൽ അദ്ദേഹം പറയുന്നു, ഈ ഓർമ്മകൾ എല്ലാം ചേർത്തുവയ്ക്കുന്ന ഒരു പുസ്തകം എന്താണ് നമ്മോട് പറയുന്നത്?
ഇതിലെ ഓരോ രചനയും പല പല അനുപാതത്തിൽ അവയുടെ രചയിതാക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. അതിനപ്പുറം അവയ്ക്കെന്തെങ്കിലും മൂല്യമുണ്ടോ? ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.
അവയെല്ലാം അതിജീവനത്തിന്റെ വഴികൾ കൂടിയാണ്. ആഹ്‌ളാദവും വിഷാദവും യാതനയും
കണ്ണുനീരും കലർന്ന ആ വാക്കുകൾക്കിടയിൽ മനുഷ്യവംശം അതിജീവിക്കുന്നതിന്റെ പാഠങ്ങൾ
ഒളിഞ്ഞുകിടക്കുന്നുണ്ട്. ജീവിതയാത്രകളുടെ ഒരു സിംഫണി. അവയിലൂടെ കടന്നുപോകൂ; ജീവിതത്തെ അതിന്റെ ഭിന്നരൂപങ്ങളിൽ നമുക്ക് കാണാനാകും. അന്തിമമായി ഒരു പുസ്തകത്തിന്റെയും സാഫല്യം
ഇതിനപ്പുറമല്ലല്ലൊ.
പ്രവാസലോകത്ത് ഒറ്റപ്പെട്ട് ജീവിക്കാൻ മറന്നു പോകുന്നവരാണ് പ്രവാസികളിൽ നല്ലൊരു വിഭാഗവും . അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോകുകുന്നു. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ ചിന്താഗതികളും, ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളുമായി രൂപംകൊണ്ടതാണ്
സൗഹൃദ കൂട്ടായ്‌മയായ സ്വിസ്സ് ചങ്ങാതിക്കൂട്ടം. ഈ സൗഹൃദ കൂട്ടായ്മയുടെ ഒരു പുതിയ
കാൽവെയ്പ്പാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന ഈ ഓർമ്മക്കുറിപ്പ്.
ഈ ഒക്ടോബർ 25 ന് പ്രകാശനം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന ഓർമ്മക്കുറിപ്പുകൾ പ്രവാസി സമൂഹത്തിന് പ്രചോദനം ആകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ഒക്ടോബർ 25 ന് സ്വിസ് സമയം രാവിലെ 11 മണിക്ക് മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ശ്രീ സക്കറിയ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ ഓൺ ലൈനിൽ പ്രകാശനം ചെയ്യുന്നു.
ഡോ. ഐഷ വി
കാലം 1976-77. പണിക്കാരൻ നെല്ല് കുതിർത്ത് കിഴി കെട്ടി മുളവന്നപ്പോൾ വയലിൽ വിതയ്ക്കാനായി കൊണ്ടു പോയി. അമ്മാമ അമ്മയോട് പറയുന്നത് കേട്ടു. ഇന്ന് കാക്കയും കിളിയും കൊണ്ടുപോകാതെ നോക്കിയാൽ മുളച്ചു കിട്ടും. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ഒരുങ്ങി എന്നെയും ഒരുക്കി. ഞങ്ങൾ വയലിലേയ്ക്ക് നടന്നു. ഒരു ചാട്ട കൂടി അമ്മ കൈയ്യിലെടുത്തിരുന്നു. ചിരവാ തോട്ടത്തെ വീടിന് കിഴക്കു വശത്തുള്ള പറമ്പിന് നടുവിലൂടെ അമ്മയുടെ അച്ഛൻ വെട്ടിതയ്യാറാക്കിയിരുന്ന വഴിയിലൂടെ ഞാനും അമ്മയും കൂടി നടന്നു. മഠത്തിൽ കുളത്ത് വാതുക്കൽ എത്തിയപ്പോർ വഴിയുടെ വീതി കുറഞ്ഞു. ഞാനും അമ്മയും കൂടി അല്പം വലത്തോട്ട് തിരിഞ്ഞ് വീണ്ടും ഇടത്തോട്ട് കിടന്ന നടന്നു പോകാൻ മാത്രം സൗകര്യമുള്ള വഴിയിലൂടെ വീണ്ടും താഴേയ്ക്ക് കുറച്ചു ദൂരം നടന്നപ്പോൾ വയലിലെത്തി. അന്ന് എല്ലാ വയലിലും കൃഷിയുണ്ടായിരുന്നു. കരഭൂമി കൃഷിയിടങ്ങളായി ഉപയോഗിച്ചിരുന്നത് സമയാ സമയങ്ങളിൽ പല്ലുകളഞ്ഞ് കയ്യാല കോരി മനോഹരമായി ഇട്ടിരുന്നത് പ്രോലെ വയലുകളും മനോഹരമാക്കി ഇട്ടിരുന്നു. . തോട്ടു വരമ്പുകളും ഇട വരമ്പുകളും വയലിലെ ചെളി കൊണ്ടു തന്നെ ബലപ്പെടുത്തി ചെളിയിലിറങ്ങി പുല്ല് പിഴുതു കളഞ്ഞ് മനോഹരമാക്കിയിട്ടിരിയ്ക്കുന്ന വയൽ വരമ്പിലൂടെ ഞങ്ങൾ ഒരു തോട്ടിനടുത്തെത്തി. അമ്മ ചെരിപ്പ് ഊരി കൈയ്യിൽ പിടിച്ചു. അതു കണ്ട് ഞാനും. ഞങ്ങൾ രണ്ടു പേരും കൂടി തോട്ടിലിറങ്ങി മറുകരയിലെത്തി. ഇപ്പോഴാണ് ഞാൻ സ്കൂളിൽ പോകുന്ന വഴിയ്ക്ക് ചിറക്കര വയലിലെ തോട് മുറിച്ച് കടക്കുമ്പോൾ ചെരുപ്പ് ഊരിപ്പോകുന്നതിന് ഒരു പരിഹാരമായത്. കാസർ ഗോഡു നിന്നും ചിറക്കര സ്കൂളിലേയ്ക്ക് മാറിയപ്പോൾ തോട് മുറിച്ച് കടക്കുമ്പോഴൊക്കെ എന്റെ ചെരുപ്പ് ഒഴുക്കു വെള്ളത്തിൽ ഒഴുകി പോവുകയും പിന്നെ അതിന്റെ പുറകേ പോയി പിടിക്കുകയും ചെയ്യുന്നത് എനിക്കൊരു പ്രശ്നമായിരുന്നു. ഇപ്പോൾ അതിന് പരിഹാരമായിരിക്കുന്നു. ചെരുപ്പ് ഊരി കൈയ്യിൽ പിടിക്കുക.
അങ്ങനെ ഞങ്ങൾ വീണ്ടുമൊരു വയൽ വരമ്പിലേയ്ക്ക് തോട്ടു വരമ്പിൽ നിന്നുമിറങ്ങി നടന്ന് വയലിനക്കരെയെത്തി. പ്ലാവറക്കുന്നിന് താഴെ മൂന്ന് വശം കരയും ഒരു വശം തോട്ടു വരമ്പുമായുള്ള കണ്ടമായിരുന്നു അത്. ഒരു കരയിൽ മൺകട്ട കൊണ്ട് നിർമ്മിച്ച ഓല മേഞ്ഞ ഒരു വീടുണ്ടായിരുന്നു. അമ്മ എന്നെ വയലിനരികത്തിരുത്തി. തലയിൽ ഒരു തോർത്ത് കെട്ടിത്തന്നു. കൈയ്യിൽ ഒരു ചാട്ടയും . വിതച്ച നെല്ല് കാക്ക കൊണ്ട് പോകാതെ നോക്കണമെന്ന് അമ്മ എന്നോട് പറഞ്ഞു. ഞാൻ അനുസരിച്ചു. അമ്മ തിരികെ പോയി. ഞാൻ അവിടെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ മൺ വീട്ടിൽ നിന്നും എന്റെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ ഇറങ്ങി വന്നു. ചോദിച്ചപ്പോൾ ഉളിയനാട് സ്കൂളിൽ നാലാം ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞു. കക്ഷി തോട്ടു വരമ്പിൽ നിന്ന പൂകൈതയുടെ ഇലയുടെ തുമ്പ് മുറിച്ചെടുത്തു. തുമ്പറ്റം ആ കുട്ടിയുടെ കൈയ്യിൽ പിടിച്ചിട്ട് അല്പം വീതിയുള്ള വശം എന്റെ നേർക്ക് നീട്ടി. പിടിക്കാൻ പറഞ്ഞു. ഞാൻ വീതിയുള്ള വശത്ത് പിടിച്ചപ്പോൾ ഒറ്റവലി. കൈ വിരലുകളിൽ കൈതോലയുടെ മുള്ളുകൊണ്ട് ചെറിയ മുറിവായി. എനിക്ക് ദേഷ്യം വന്നു. കാക്കയെ ഓടിക്കാൻ കൊണ്ടുവന്ന ചാട്ട ഞാനൊന്നു വീശി. പയ്യൻ വീടിനുള്ളിലേയ്ക്ക് വലിഞ്ഞു. കാക്കയോ കിളിയോ നെല്ല് കൊത്തിക്കൊണ്ട് പോകുവാൻ വരുമ്പോൾ ഞാനൊന്ന് ചാട്ടവീശും. അപ്പോൾ പറവകൾ പറപറക്കും. ഇത് ഉച്ചവരെ തുടർന്നു. അമ്മാമയ്ക്ക് കരഭൂമി ഉണ്ടായിരുന്നെങ്കിലും വയൽ ഇല്ലായിരുന്നു. ഈ വയൽ ആരോ ഒരാൾ ഒറ്റികൊടുത്തതാണ്. അങ്ങനെ ഉച്ചയായപ്പോൾ അമ്മയെത്തി. എന്നെയും കൂട്ടി വീട്ടിലേയ്ക്ക് പോയി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
ജോൺ കുറിഞ്ഞിരപ്പള്ളി
ബാംഗ്ലൂരിലെ മെയിൻ റെയിൽവേ സ്റ്റേഷനാണ് മജെസ്റ്റിക് എന്നുവിളിക്കുന്ന റെയിൽവേ സ്റ്റേഷൻ. ഇതെന്താ ഇങ്ങനെ ഒരു പേര് എന്ന് ആശ്ചര്യപ്പെടേണ്ടതില്ല. റെയിൽവേ സ്റ്റേഷനടുത്ത് മജെസ്റ്റിക് എന്ന പേരിൽ ഒരു സിനിമാ തീയേറ്റർ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ പല റെയിൽവേ സ്റ്റേഷനുകൾ ഉള്ളതുകൊണ്ട് തിരിച്ചറിയാനായി ആളുകൾ അങ്ങനെ വിളിച്ച് ആ പേര് കിട്ടി എന്നുമാത്രം.
നമ്മുടെ കഥാനായകൻ അവിടെ വന്നിറങ്ങുമ്പോൾ മനസ്സിൽ ഭയവും ഉള്ളിൽ പരിഭ്രമവും ആയിരുന്നു.
കാത്ത് നിൽക്കാം എന്ന് പറഞ്ഞ സുഹൃത്ത് വന്നില്ലെങ്കിൽ എന്ത് ചെയ്യും?അല്ലെങ്കിൽ ട്രെയിൻ മൂന്നു നാലു മണിക്കൂർ താമസിച്ചാണ് വരുന്നതെങ്കിൽ സുഹൃത്ത് മടങ്ങിപ്പോയാൽ എന്ത് ചെയ്യും? അപ്പോയിൻമെൻറ് ഓർഡർ കയ്യിൽ ഉണ്ടെങ്കിലും ” ഓ സോറി നിങ്ങൾക്കയച്ചതല്ല ആള് മാറിപ്പോയി” , എന്നുപറഞ്ഞാൽ എന്ത് ചെയ്യും?.അങ്ങനെ ഒരു പാട് ചിന്തകൾ പരിഭ്രമിക്കാനായി കണ്ടു പിടിച്ചുകൊണ്ടിരുന്നു.
നാട്ടിൽ നിന്നും ആദ്യമായി പുറത്തുപോകുന്നതാണ്.
എന്നാൽ ഒന്നും സംഭവിച്ചില്ല.സുഹൃത്ത് പറഞ്ഞതുപോലെ റെയിൽവേ സ്റ്റേഷനിൽ വന്നു.പുതിയ ജോലിസ്ഥലം അവൻ കൊണ്ടുപോയി കാണിച്ചുതന്നു.അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.
അവൻ്റെ താമസസ്ഥലത്തു നിന്നും വളരെ ദൂരമുണ്ട് എൻ്റെ ജോലി സ്ഥലത്തേക്ക്.
അതുകൊണ്ട് താമസിക്കാൻ ഒരു വീട് കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്.
പുതിയതായി കിട്ടിയ ജോലിയാണ്.കൊള്ളാവുന്ന ഒരു ജോലി,വലിയ അധ്വാനമില്ലാതെ കിട്ടിയതാണ്.
സ്ഥലവും ആളുകളും ഭാഷയും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് ജോയിൻ ചെയ്യാൻ അല്പം മടിയും പരിഭ്രമവും ഭയവും ഉള്ളിലുണ്ടായിരുന്നു.
എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ സമ്മതിച്ചു.”എന്നും അടുക്കളയിൽ ഒതുങ്ങിക്കൂടാനാണോ നിൻറെ ഭാവം?”കൂട്ടുകാർ കളിയാക്കി.അങ്ങനെ ഇറങ്ങി തിരിച്ചതാണ്.
ഇപ്പോൾ താമസിക്കുന്ന ഹോട്ടലിൽ സ്ഥിരമായി താമസിക്കാൻ പറ്റില്ല. അത്യാവശ്യമായി ജോലിസ്ഥലത്തിനടുത്തു താമസിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കണം. ആരോടെങ്കിലും ചോദിച്ചു കണ്ടുപിടിക്കാം എന്ന ചിന്തയായിരുന്നു. ഒന്ന് രണ്ടു സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും ഏതാണ്ട് അതേ പ്രശനം തന്നെയാണ്. ഒപ്പം ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,
“ഇവിടെ സെക്യുരിറ്റിയിൽ ജോലി ചെയ്യുന്ന ആളുകൾ ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് അവരോട് ചോദിച്ചു നോക്ക്”.
പ്രാദേശിക പത്രങ്ങളിൽ ക്ലാസിഫൈഡ് കോളങ്ങളിൽ പരസ്യം കൊടുത്തിരുന്നെങ്കിലും ഒരു മറുപടിയും കിട്ടിയില്ല.ഏതായാലും അന്വേഷിച്ചപ്പോൾ സെക്യുരിറ്റിയിൽ ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,അയാളുടെ വീടിനടുത്തുള്ള ഒരു തമിഴൻറെ വീട് ഒഴിഞ്ഞുകിടപ്പുണ്ട്. പക്ഷെ,ബാച്ചലേഴ്‌സിന് കൊടുക്കുമോ എന്ന് സംശയമാണ്”.
ഏതായാലും അയാളെ നന്നായി സോപ്പിട്ടപ്പോൾ അയാൾ ഉത്സാഹിച്ചു വീടുകിട്ടി. രണ്ടുമുറിയും ഒരു ഹാളും കിച്ചണും ഉണ്ട്. തരക്കേടില്ല. വാടക അല്പം കൂടുതലാണെങ്കിലും സാരമില്ല എന്നുവെച്ചു. ഹൗസ് ഓണർ താമസിക്കുന്നതും അടുത്ത് തന്നെ. ആൾ എക്സ്ട്രാ ഡീസന്റ്.,നല്ല മനുഷ്യൻ,എപ്പോൾ വേണമെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചോളൂ എന്ന് അയാൾ ധൈര്യവും തന്നു.
സ്വാഭാവികമായി എല്ലാവർക്കും ഉള്ളതുപോലെ ഉള്ളിൽ ഭയവും ടെൻഷനും ഉണ്ട്. പക്ഷെ അത് പുറത്തുകാണിക്കാൻ പറ്റില്ലല്ലോ.
വീടുകിട്ടി. ഇനി ഫർണിച്ചർ വാങ്ങണം . കുറെ അതുമിതും വാങ്ങി ഒരു പിക്കപ്പിൽ വീട്ടിലെത്തിച്ചു. അടുത്തത് എല്ലാം ഒന്ന് സെറ്റ് ചെയ്യണം. ആരും സഹായിക്കാനില്ല. എല്ലാം സാവകാശം ചെയ്യാം. ഓടിനടന്ന് നല്ല ക്ഷീണവും ഉണ്ട്. ഇനി എല്ലാം നാളെ എന്ന് വിചാരിച്ചു.
ഇന്ന് പുറത്ത് എവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ ഒരു നല്ല ഹോട്ടൽ കണ്ടുപിടിക്കണം.
വീടിന്റെ മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നു. ഇതാരാണ് ,എനിക്ക് ഇവിടെ ഒറ്റ പരിചയക്കാരുപോലും ഇല്ല. പോയി നോക്കിയപ്പോൾ ഒരു ചെറുപ്പക്കക്കാരൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു..
“എന്താ?”
“ഞാൻ ജോർജുകുട്ടി.”
“അതിന് ?”
“എടോ തൻ്റെ കൂടെ താമസിക്കാൻ വന്നതാ.”
“എൻ്റെ കൂടെ?”
“അതെ താൻ ഒറ്റക്കല്ലേ “?”
“അതെ”.
“ഞാനും ഒറ്റക്കാണ് . അപ്പോൾ നമുക്ക് ഒന്നിച്ചു താമസിക്കാം,അല്ലെ?”
“അതിന് നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല “.
“സാരമില്ല.നിങ്ങൾ ആരാണെന്ന് എനിക്കറിയാം. ഇനി ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ അത് എൻ്റെ തെറ്റല്ല.”
“അങ്ങനെ താൻ ഇപ്പോൾ എൻ്റെ കൂടെ ഇവിടെ താമസിക്കണ്ട”.
“എന്ന് പറഞ്ഞാൽ പറ്റില്ല. എന്നെ എൻ്റെ താമസ സ്ഥലത്തുനിന്നും ഇറക്കി വിട്ടതാ,വാടക കൊടുക്കാത്തതുകൊണ്ട്. ഇനി അന്വേഷിച്ചു നടക്കാൻ പറ്റില്ല. ദാ ഞാൻ എൻ്റെ കട്ടിലും സാധനങ്ങളും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. തൻ്റെ കൂടെ താമസിക്കുകയാണെങ്കിൽ എനിക്ക് വാടകയും ലാഭിക്കാം. ഏതായാലും താൻ വാടക കൊടുക്കണം. അപ്പോൾ ഞാൻ സേഫ് ആയി.”
ജോർജ്‌കുട്ടി അകത്തേക്ക് കയറി.”ആഹാ,ഈ സാധനങ്ങളെല്ലാം ഇങ്ങനെ വലിച്ചുവാരി ഇട്ടാൽ ഞാൻ എവിടെ കിടക്കും? വാ നമുക്ക് ഇതെല്ലം ഒന്ന് അടുക്കിപെറുക്കി വയ്ക്കാം”.
അയാൾ എല്ലാം അടുക്കി പെറുക്കാൻ തുടങ്ങി. ഏതായാലും അയാളുടെ സഹായം തൽക്കാലം നല്ലതു തന്നെ,
“എവിടെയാണ് ജോലി ചെയ്യുന്നത്?”
“നമ്മൾ ഒരേ സ്ഥലത്തുതന്നെ .ഞാൻ സ്റ്റോറിൽ ക്ലർക്കാണ്. സെക്യുരിറ്റിക്കാരൻ പറഞ്ഞു,നിങ്ങൾക്ക് ഒരു വീട് കിട്ടിയെന്ന്.”
എല്ലാം ഒന്ന് ഒതുക്കിയ ശേഷം ജോർജ്‌കുട്ടി അയാളുടെ സാധങ്ങൾ എടുത്തുകൊണ്ടുവന്നു.
ആദ്യം ഒരു പാക്കറ്റ് തുറന്ന് ഒരു ഗിറ്റാർ എടുത്തു വച്ചു. വയ്ക്കുന്നതിന് മുൻപായി രണ്ടു മൂന്നു തവണ അതിൻ്റെ സ്റ്ററിങ്ങിൽ തട്ടി ശബ്ദം കേൾപ്പിച്ചു.
അടുത്ത പാക്കറ്റ് തുറന്നു.
ഒരു വലിയ എയർ ഗൺ ആയിരുന്നു അത്..അതിൽ തിര തള്ളിക്കയറ്റി അയാൾ പൊട്ടിച്ചുകാണിക്കുമോ എന്ന ഒരു ഭയം മനസ്സിൽ തോന്നാതിരുന്നില്ല. ഒന്നും ചെയ്തില്ല.
അടുത്ത പാക്കറ്റ് തുറന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു,കുഴപ്പം ഉള്ളതൊന്നും ആയിരിക്കരുതേ.അത് ഒരു ഇമ്മിണി വല്യപാക്കറ്റ് ആയിരുന്നു.ഒരു റൂമിൽ മുഴുവനും ആയി നിറഞ്ഞുനിൽക്കുന്ന ഒരു കശുമാവ്. കാണാൻ നല്ല ഭംഗിയുണ്ട്.,”സുഹൃത്ത് സിംഗപ്പൂരിൽ നിന്നും കൊണ്ടുവന്നതാണ്.”
അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല,”ഒരു റൂം മുഴുവനും അതിനുവേണ്ടി……….”
“താൻ ബഹളം ഉണ്ടാക്കാതെ.അതിൻ്റെ തണലിൽ ചുവട്ടിൽ കിടന്നുറങ്ങാമല്ലോ.”
വീണ്ടും മറ്റൊരു പാക്കറ്റ് അഴിച്ചു ഒരു പത്തുപന്ത്രണ്ടു ബെഡ് ഷീറ്റുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നു.അത് ഓരോന്നായി എടുത്ത് കട്ടിലിൽ ഒന്നിനുമുകളി ഒന്നായി വിരിക്കുകയാണ്.”ഇതെന്തിനാണ് ഒന്നിനുമുകളിൽ ഒന്നായി ഇത്രയധികം ബെഡ് ഷീറ്റുകൾ വിരിക്കുന്നത്?”.
“അത് ഞാൻ ബെഡ് ഷീറ്റുകൾ അലക്കാറില്ല. ഒന്ന് മുഷിയുമ്പോൾ അതിൻ്റെ മുകളിൽ വേറൊന്ന് വാങ്ങിച്ചു വിരിക്കും.”
എനിക്ക് തലകറങ്ങാൻ തുടങ്ങി.
അയാൾ അടുത്ത പാക്കറ്റിൻറെ കെട്ടഴിച്ചു.
എൻ്റെ നെഞ്ചിൽ തീ ആളിപ്പടർന്നു.
അത് ഒരു പുസ്തകം ആയിരുന്നു,എന്നിട്ടു പറഞ്ഞു. ഞാൻ എന്നും കിടക്കുന്നതിന് മുൻപ് ഇതിൽ നിന്നും ഒരു അദ്ധ്യായം എടുത്തു വായിക്കും. അത് എൻ്റെ ഒരു പതിവാണ്. അത് ഒരു ബൈബിൾ ആയിരുന്നു.
ഈ പുസ്തകത്തിലെ തുറക്കുമ്പോൾ കിട്ടുന്ന പേജ് വായിക്കും. അത് കിറു കൃത്യം ആയിരിക്കും. ഏതായാലും പുസ്തകം കയ്യിൽ എടുത്തതല്ലേ,ഒന്ന് നോക്കിക്കളയാം.
അങ്ങിനെ പറഞ്ഞെങ്കിലും അയാൾ പുസ്തകത്തിൽ അടയാളം വച്ച ഒരു പേജാണ് വായിക്കാൻ തുടങ്ങുന്നത് എന്ന് മനസ്സിലായി. എങ്കിലുംഞാൻ അറിയാത്ത ഭാവത്തിൽ ഇരുന്നു.
പുസ്തകം തുറന്ന് ജോർജ് കുട്ടി വായിച്ചു,”ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്.”
എന്നിട്ടു എന്നെ ഏറുകണ്ണിട്ടു നോക്കി.
ഞാൻ പറഞ്ഞു,”വളരെ ശരിയാണ്.താൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഭയപ്പെട്ടു വിഷമിച്ചു പോകുമായിരുന്നു.ഇനി ആ പുസ്തകം എനിക്ക് ഒന്ന് തരൂ,ഞാനും ഒന്നു നോക്കട്ടെ.”
ഞാൻ പുസ്തകം തുറന്നു.
“മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധി സ്ഥിരത ഇല്ലാത്തവനെ സന്ദർശ്ശിക്കുകയോ അരുത് അവനിൽ നിന്നും അകന്നു നിൽക്കുക.അവൻ നിന്നെ കുഴപ്പത്തിൽ ആക്കും.തന്നെ കുടഞ്ഞു അവൻ നിന്റ്റെ മേൽ ചെളി തെറിപ്പിക്കും.അവനെ ഒഴിവാക്കുക.നിനക്ക് സ്വസ്ഥത ലഭിക്കും.അവൻ്റെ ഭോഷത്തം നിന്നെ വളയ്ക്കുകയില്ല.. പ്രഭാഷകൻ 22.,13 ,ഇപ്പോൾ എന്ത് തോന്നുന്നു?”
ജോർജ് കുട്ടി കുട്ടി എഴുന്നേറ്റു.ആ കളിയും ചിരിയും എല്ലാം നിന്നുപോയി.”ശരി ഞാൻ പോയേക്കാം.”
ഞാൻ പറഞ്ഞു,”താൻ ഇപ്പോൾ പോകുന്നില്ല.”
ജോർജ് കുട്ടി വീണ്ടും ബൈബിൾ എടുത്തു തുറന്നു.”ഞാൻ വെളിച്ചവും ജീവനും ആകുന്നു.എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല.”
(തുടരും)
ഡോ. ഐഷ വി
തിണ്ണയിലിരുന്ന് എള്ളു നുള്ളുന്നതിനിടയിൽ ലക്ഷ് മി അച്ഛമ്മ പറഞ്ഞു തുടങ്ങി. ഒന്നാമാണ്ടിലാണ് (AD 1901) ആലുവിളയിലെ കാരണവർ നാലുകെട്ട് പണിയുന്നത്. ആലുവിളയിൽ കൊച്ചു പത്മനാഭന്റെ സഹോദരി നീലമ്മയ്ക്ക് മൂന്നാമത്തെ പെൺകുട്ടിയായ ലക്ഷ്മി പിറന്നപ്പോൾ ജാതകമെഴുതാൻ വന്ന ജ്യോത്സ്യൻ പറഞ്ഞത്രേ , ജാതകിയുടെ ജനനം മൂലം മാതുലന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. പുതിയ വീട് പണിയും. അങ്ങനെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ് മീ ദേവിയുടെ പേര് കുട്ടിയ്ക്കിട്ടു. കുട്ടിയുടെ ജാതകം പോലെ തന്നെ കാരണവർ നാലു കെട്ട് പണിതു. അതുവരെ കാരണവർ താമസിച്ചിരുന്നത് ഇവിടെയുണ്ടായിരുന്ന പഴയ കാഞ്ഞിരത്തും വിള തറവാട്ടിലായിരുന്നു. ആലുവിളയിൽ കൊച്ചു പത്മ നാഭൻ എന്ന കാരണവരുടെ കാരണവരായ ശ്രീ വല്യ പത്മനാഭനായിരുന്നു ആ തറവാട്ടു കാരണവർ. തന്റെ കാരണവരായ ശ്രീ കൊച്ചു പത്മനാഭനെ കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു ലക്ഷ് മി അച് ഛാമ്മയ്ക്ക് . നാലുകെട്ടിന്റെ വീതിയുള്ള തിണ്ണ കടന്നാൽ എത്തുന്ന പൂമുഖത്തെ ചാരു കസേരയിൽ കാരണവർ കിടക്കും. ആ കിടപ്പിൽ വയലിലെ കാഴ്ച കളും ഉദയ സൂര്യന്റെ പൊൻ വെളിച്ചവുമൊക്കെ കാരണവർക്ക് ദൃശ്യമാണ്. ആ പ്രദേശവാസിയല്ലാത്ത മറ്റാർക്കെങ്കിലും തൊഴിൽ വല്ലതും വേണമെങ്കിൽ അവർ കാരണവരുടെ ദൃഷ്ടിയിൽപെടത്തക്കവിധം തോട്ടു വരമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇതു കാണുമ്പോൾ അദ്ദേഹം പരിചാരകരോട് ആരാണയാൾ എന്നന്വേഷിക്കും ? ആവശ്യമറിയുമ്പോൾ ഇങ്ങോട്ട് വരാൻ പറയെടോ എന്ന് പരിചാരകനോട് പറയും. പരിചാരകൻ ഓടിപ്പോയി തോട്ടിനിക്കരെ നിന്ന് വന്നയാളെ വിളിക്കും. ഇതു കേൾക്കേണ്ട താമസം വന്നയാൾ കാരണവരുടെ മുറ്റത്ത് ഹാജർ. പിന്നെ കാര്യങ്ങൾ അന്വേഷിക്കും. എന്തെങ്കിലും പണി തന്നാൽ ചെയ്യാമെന്ന് പറയുമ്പോൾ കാരണവർ പരിചാരകനോട് പറയും. നീ ഇവനെയും കൂട്ടി വടക്കുവശത്തോട്ട് ചെന്ന് ഭക്ഷണം വല്ലതും വാങ്ങി കൊടുക്കാൻ . അങ്ങനെ പരിചാരകൻ അയാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കും . പിന്നെ അന്ന് ചെയ്യേണ്ട പണികളെ പറ്റിയും പറഞ്ഞു കൊടുക്കും. ഇതൊക്കെ പറയുമ്പോൾ ലക്ഷ് മി അച് ഛാമ്മയുടെ മുഖത്ത് അഭിമാനം തങ്ങി നിൽക്കും.
ചിലപ്പോൾ കാരണവരെ കാണാൻ ആളുകൾ വരുന്നത് സമീപത്തെവിടെയെങ്കിലും ഭൂമി പതിച്ചു കിട്ടാനുള്ള അനുമതി നേടാനായിരിയ്ക്കും. അതേ പറ്റി എന്റെ അച്ഛൻ പറഞ്ഞ് തന്നിട്ടുള്ളത് ഇങ്ങനെയാണ്. പഴയ മീനാട് വില്ലേജ് എന്നു പറയുന്നത് ഇന്നത്തെ പരവൂരിന്റെ ഭാഗങ്ങൾ, ഭൂതക്കുളം ,ചിറക്കര മീനാട് കല്ലുവാതുക്കൽ ചാത്തന്നൂർ എന്നീ സ്ഥലങ്ങൾ ചേർന്നതാണെന്ന്. അന്നത്തെ മീനാട് വില്ലേജിൽ ഭൂമി പതിച്ചു നൽകാനുള്ള കൺസന്റ് നൽകാൻ മൂന്ന് പേർക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. ഒന്ന് ഭൂതക്കുളത്ത് തന്ത്രി, രണ്ട് പോളച്ചിറ പത്മനാഭൻ മൂന്ന് ആലുവിളയിൽ കൊച്ചു പത്മനാഭൻ . (ഇതിൽ പോളച്ചിറ പത്മനാഭന്റെ മകനാണ് പ്രമുഖ ഫയൽമാനായിരുന്ന പോളച്ചിറ രാമകൃഷ്ണൻ.) ഭൂമി വേണ്ടവൻ ആവശ്യപ്പെടുന്ന ദിക്കിൽ മറ്റ് വിഷയങ്ങളൊന്നുമില്ലെങ്കിൽ ഭൂമി പതിച്ചു കൊടുക്കാനുള്ള അനുമതി നൽകും
ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു കഴിയുമ്പോൾ ഭക്ഷണം കഴിച്ച് പരിചാരകനോട് കുതിരവണ്ടി തയ്യാറാക്കി നിൽക്കാൻ ആവശ്യപ്പെടും. പരിചാരകർ തയ്യാർ. നാലുകെട്ടു മുതൽ അമ്മാരത്തു മുക്കു വരെയും ഉളിയനാടു വരെയും ഇന്നു കാണുന്ന റോഡുകൾ കാരണവരുടെ വണ്ടിത്തടങ്ങൾ ആയി രൂപപ്പെട്ടവയാണ്.
മറ്റൊരു കാര്യം. കാരണവരുടെ പ്രതാപം കാട്ടാനായി ലക്ഷ്മി അച്ഛാമ്മ പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ പതിനാറടിയന്തിരത്തിന്റെ കാര്യമായിരുന്നു. ആ ചടങ്ങിന് പ്രഥമൻ ഉണ്ടാക്കാനായി തിരുമിയ തേങ്ങയുടെ പീര തിന്ന് ചത്തുപോയ 28 കന്ന് കാലികളുടെ കാര്യം. ( പീരയിലൂടെ വന്ന ഫംഗസ് ബാധയാകാം അതിന് കാരണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
കാരൂർ സോമൻ
ആദിവാസി ഊരു മുഴുവൻ ഉറക്കലഹരിയിലാണ്. ശങ്കുണ്ണി കുളിർ കാറ്റിലൂടെ നടന്നു. മറ്റുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാനാണ് രാത്രിയിലെത്തിയത്. പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ശങ്കുണ്ണി അച്ഛനൊപ്പം വനത്തിൽ തേനെടുക്കാൻ പോയത്. അച്ഛനെ കടുവ വലിച്ചിഴച്ച് കൊന്നുതിന്നുന്നത് കണ്ട് ഭയന്ന് അലറിവിളിച്ച് പ്രാണനുമായി ഓടിയോടിയെത്തിയത് ട്രെയിൻ സ്റ്റേഷനിലാണ്. ആദ്യം കണ്ട ട്രെയിനിൽ ചാടി കയറി. അതെത്തിയത് തമിഴ് നാട്ടിലാണ്. എട്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ പെറ്റമ്മയെ, മൂത്ത സഹോദരിയെ കാണാനൊരു മോഹം. ട്രെയിനിൽ യാത്ര ചെയ് ത് ഊരിലെത്തി. ആദിവാസിയൂരിൽ വ്യത്യസ് തമായൊരു കാഴ്ച കണ്ടു. പുതുമഴയിൽ വിടർന്ന പൂക്കളെപ്പോലെ ഒന്നിലധികം ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങൾ. മണിമന്ദിരങ്ങളിൽ സുഖമായുറങ്ങുന്ന ഭരണാധിപന്മാർ മനുഷ്യരെ തിരിച്ചറിഞ്ഞിരിക്കുന്നു. അവന്റെ വീട്ടിലെത്തി സന്തോഷത്തോടെ അമ്മയെ, സഹോദരിയെ ജനാലയിലൂടെ നോക്കി. പുതുപൂക്കളുടെ സുഗന്ധം ദുർഗന്ധമായി മാറി. രണ്ട് മുറികളിൽ കണ്ടത് ആടുമാടുകളാണ്. ഇമവെട്ടാതെ അതിനോട് ചേർന്നുള്ള ചെറ്റകുടിലിലേക്ക് നടന്നു. അമ്മയുടെ കൂർക്കം വലിച്ചുള്ള ഉറക്കം കാതുകളിലെത്തി. ശങ്കുണ്ണി മഞ്ഞിന്റെ കുളുർമയിൽ ഏകനായിരിന്നുറങ്ങി.