literature

എം . ഡൊമനിക് 

ഇയ്യാളെ ഇതുവരെ കണ്ടില്ലല്ലോ. പൗലോസ് ആരോടെന്നു ഇല്ലാതെ പറഞ്ഞു. പത്തു മണി ആകുമ്പോൾ വരാമെന്നാണല്ലോ പറഞ്ഞത്. ഒന്നിനേം വിശ്വസിക്കാൻ കൊള്ളത്തില്ല. പറയുന്നതുപോലെ ചെയ്യത്തില്ല.
കുറെ കാശും പിടുങ്ങിയിട്ടുണ്ട്.
.
“ഞാൻ അന്നേരെ പറഞ്ഞതാ ചാവറ മാട്രിമോണി യിൽ കൊടുത്താൽ മതി എന്ന്.അതെങ്ങനാ പെണ്ണുങ്ങൾ പറയുന്നതിന് വില ഇല്ലല്ലോ ” അപ്പുറത്തു അടുക്കളയിൽ നിന്ന് അയാളുടെ ഭാര്യലീനാ തന്റെ അഭിപ്രായം പരിഭവ രൂപേണ ഒന്നു ഊന്നി പറഞ്ഞു കൊണ്ട് പലോസ് ചേട്ടന്റെ അടുത്ത് സിറ്റ് ഔട്ട്‌ ലേക്ക് വന്നു.

ഇത് കേട്ടപ്പോൾ പലോസ് ചേട്ടന് അല്പം ശുണ്ഠി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അയാൾ പറഞ്ഞു.

എടി , കുര്യച്ചനെ നമ്മൾ അറിയാത്ത ആളൊന്നും അല്ലല്ലോ. ഈ നാട്ടുകാരൻ അല്ലെ. അയാൾ എത്ര കല്യാണങ്ങളാ ഈ നാട്ടിൽ നടത്തിയിരിക്കുന്നത്. നല്ല ഒരു ആലോചന കൊണ്ടു വന്നപ്പോൾ അത് ഒന്ന് ആലോചിക്കുന്നതിൽ എന്താ കുഴപ്പം?നമ്മൾ അറിഞ്ഞതനുസരിച്ചു നല്ല ആലോചന അല്ലെ.

അത് നടക്കുന്നില്ലെങ്കിൽ പിന്നെ ചാവറയോ മറ്റോ നോക്കാവല്ലോ. നമ്മുക്ക് മൂന്ന് മാസത്തെ ലീവ് ഇല്ലേ. അതിനുള്ളിൽ എന്തെങ്കിലും ഒക്കും. ടെസ്സ മോൾക്ക് എക്സാം കഴിഞ്ഞ് വരാൻ ഇനി ഒരാഴ്ച കൂടി ഇല്ലേ,
നീ സമാധാപ്പെട്.

ഈ ആശ്വാസ വാക്കുകൾ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ ഭാര്യ ലീന മുഖവും കോട്ടി റോസചെടിക്ക് വെള്ളം ഒഴിക്കാനായി മുറ്റത്തോട്ട് ഇറങ്ങി.

പൗലോസ് ഉം ലീനയും വർഷങ്ങൾ ആയി ദുബൈയിൽ ആണ് . അയാൾ ഒരു മൾട്ടി നാഷണൽ കമ്പനി യിൽ അക്കൗണ്ടന്റ് ഉം ലീന ഹൌസ് വൈഫ്‌ ഉം ആണ്. നാട്ടിൽ കുറേ വസ്തു വകകളും നല്ല ബാങ്ക് ബാലൻസും ഉണ്ട്. മകൻ ടോമിൻ സിവിൽ എഞ്ചിനീയർ ആണ്. അവന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് കൊല്ലം ആകുന്നു. അവർ
കുടുംബ സമേതം കാനഡ യിൽ ആണ്.

ഇനി മകൾ ടെസ്സയുടെ കല്യാണം കൂടി കഴിഞ്ഞാൽ പിന്നെ അവർക്ക് ചുമതലകൾ ഒന്നും ബാക്കി ഇല്ല. അവളുടെ ഡെന്റിസ്റ്ററി യുടെ ഡിഗ്രി കോഴ്സ് കഴിയാൻ പോവുക യാണ്. ഉടനെ കല്യാണം, അത് കഴിഞ്ഞു ഇവർക്ക് ദുബൈക്ക് തിരിച്ചു പോണം അതാണ് ഉദ്ദേശം. ദല്ലാൾ കുര്യച്ചനെ നോക്കിയിരുന്നു അര മണിക്കൂർ കൂടി കഴിഞ്ഞു.

അയാളെ ഒന്ന് ഫോൺ ചെയ്താലോ എന്ന് പൗലോസ് വിചാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ വീടിന്റെ വെളുത്ത തൂണും കറുത്ത കമ്പിയും ഉള്ള ഗേറ്റ് കടന്ന് ടൈൽസ് വിരിച്ച മുറ്റത്ത്‌ ഒരു ഓട്ടോ റിക്ഷ വന്ന്‌ നിന്നു.

അതെ, അതിൽ നിന്ന് ഇറങ്ങി വരുന്നത് ദല്ലാൾ കുര്യച്ചൻ തന്നെ. ബ്രോക്കർ ആണെങ്കിലും അയാളെ ദല്ലാൾ എന്നോ ബ്രോക്കർ എന്നോ വിളിക്കുന്നത് അയാൾക്ക് ഇഷ്ട്ടം അല്ല കേട്ടോ. ആളൊരു പഴയ കോൺഗ്രസ്‌ കാരനാ.ജുബ്ബ യും മുണ്ടും മാത്രമേ ധരിക്കു. റബ്ബർ വെട്ട് ആയിരുന്നു പണ്ട് തൊഴിൽ. ആകാശത്തിൽ കത്തി തീർന്ന വാണകുറ്റി താഴോട്ട് വരുന്ന വേഗത്തിൽ റബ്ബറിന്റെ വില താഴോട്ട് വരാൻ തുടങ്ങിയപ്പോൾ കുര്യച്ചൻ കണ്ടു പിടിച്ച പണിയാണ് കല്യാണ ബ്രോക്കർ. അയ്യാൾ പത്തെണ്ണം ആലോചിച്ചാൽ ഒന്നെങ്കിലും നടക്കാതെ വരില്ല. അതിൽ വലിയ സീക്രെട്ട് ഒന്നും ഇല്ല. കാരണം അതിൽ ഏതെങ്കിലും ഒക്കെ ദൈവം തമ്പുരാൻ നേരത്തെ ഫിക്സ് ചെയ്തിട്ടുള്ളത് ആയിരിക്കും, അല്ലാതെ കുര്യച്ചന്റെ മിടുക്ക് ഒന്നും അല്ല. ഞാൻ ഈ പറഞ്ഞത് അയാൾ കേൾക്കണ്ട, സമ്മതിക്കൂല്ല. ഇപ്പോൾ ഓൺലൈൻ വിവാഹ ഏജൻസികൾ അയാൾക്ക് ഒരു പാര ആയി വന്നിരിക്കുകയാണ്. പത്തു എഴുപത് വയസുവരെ ദൈവം നടത്തി. ശിഷ്ട്ടായുസ്സു് എങ്ങനെ എങ്കിലും തട്ടി മുട്ടി കഴിഞ്ഞു പൊയ്ക്കൊള്ളും എന്നൊരു വിശ്വസത്തിലാണ് കുര്യച്ചൻ.

“എന്റെ സാറേ, ഒന്നും പറയേണ്ട, വഴിൽ ഇറങ്ങി ഓട്ടോ നോക്കി നിൽക്കുമ്പോളാ ഇന്നലെ ടീവി ല് പറഞ്ഞ”ഓറഞ്ച് അലേർട്ട് ” ന്റെ കാര്യം ഓർമ്മവന്നത്. ഉടനെ തിരിച്ചു വീട്ടിൽ പോയി കുട എടുത്തോണ്ട് വന്നു. അതാ കുറച്ച് താമസിച്ചു പോയത് ” എന്നും പറഞ്ഞ് കുര്യച്ചൻ വരാന്ത യിലോട്ട് കയറി കക്ഷത്തിൽ ഇരുന്ന കാലൻ കുട അര ഫിത്തിയിലോട്ട് ചാരിക്കൊണ്ടു പൗലോസ് കാണിച്ച കസേരയിൽ ഇരുന്നു.

കുര്യച്ചൻ വരാൻ താമസിച്ചപ്പോൾ ഞാൻ വിചാരിച്ചു എന്ത് പറ്റീ എന്ന്. പൗലോസ് പറഞ്ഞു. സാറെ ഇപ്പോൾ ഇപ്പോൾ നാട്ടിലെ കാലാവസ്ഥ എല്ലാം തകിടം മറിഞ്ഞില്ലേ. പണ്ട് പള്ളിപ്പെരുന്നാളിന്‌ മാത്രം കാണുന്നതും
കേക്കുന്നതുമല്ലേ ഓറഞ്ച്. ഇപ്പോൾ മഴ കാലമായാൽ എന്നും ഇതേ കേൾക്കാനുള്ളു “, ഓറഞ്ച്, ഓറഞ്ച് അലേർട്ട്, എന്നൊക്കെ . എന്തോ വാന്ന് ആർക്ക് അറിയാം. ഇതു കാരണം ഇപ്പോൾ വിശ്വസിച്ചു ഒരു വഴിക്കേറങ്ങാൻ പറ്റത്തില്ല സാറെ. എപ്പോഴാ മഴേം കാറ്റും വരുന്നതെന്ന് പറയാൻ പറ്റുവോ.

വീടിനു അകത്തോട്ടു നോക്കികൊണ്ട് , “ലീനമ്മോ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയാൽ തരക്കേടില്ല” എന്നും പറഞ്ഞു കുര്യച്ചൻ കാര്യത്തിലേക്ക് കടന്നു. നമ്മൾ ടെസ്സ മോൾക്ക് പറഞ്ഞു വച്ചിരിക്കുന്ന പയ്യൻ ദന്ത ഡോക്ടർ
ആണല്ലോ ചെറുക്കനും പെണ്ണും ഫോട്ടോ കണ്ടു ഫോണിൽ സംസാരിച്ചു. ഇഷ്ട്ടപ്പെട്ടു . ഇനി ചടങ്ങിന് ഒരു പെണ്ണുകാണൽ നടത്തണം. അത്രേ ഉള്ളു. ഇത് നടക്കും സാറെ. അവർക്കും താല്പര്യമാ.

കുര്യച്ചന് അറിയാവല്ലോ എനിക്ക് ഒറ്റ മകളാണ് ടെസ്സ. അവളെ അന്തസായിട്ട് പറഞ്ഞു വിടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ദൈവം സഹായിച്ചു എനിക്ക് അതിനുള്ള പാങ്ങും ഉണ്ട്.

ഇത്രയും പറഞ്ഞപ്പോളേക്കും ലീന കുര്യച്ചന് കുടിക്കാൻ വെള്ളവും ചായയും രണ്ട് ചെറുപഴവും കുറെ കുഴലപ്പവും ട്രേയിൽ കൊണ്ട് വന്നു. അത് അയാൾക് കൊടുത്തിട്ട് അടുത്ത കസേരയിൽ ഇരുന്ന് ആ സദസ്സിലെ
സംഭാഷണത്തിൽ ചേരാൻ ഒരുങ്ങി ഇരുന്നു. മകളുടെ വിവാഹകാര്യം അല്ലെ എല്ലാം ശ്രെദ്ധിച്ചു എന്തെങ്കിലും ഡീറ്റെയിൽസ് പറയാൻ ഭർത്താവ് വിട്ടു പോകുന്നുണ്ടോ എന്നൊക്കെ അറിയേണ്ടേ. കുര്യച്ചൻ വെള്ളം ഒറ്റ വലിക്കു കുടിച്ചിട്ട് ഒരു കുഴലപ്പവും കടിച്ചിട്ട് തുടർന്നു.

ങ്ങാ, ചെറുക്കൻ കൂട്ടരും നല്ല സൗകര്യം ഉള്ളവർ ആണെന്ന് നമ്മൾ കണ്ടല്ലോ. അതുകൊണ്ട് സ്ത്രീധനം ഒന്നും പ്രശ്നം അല്ല. എന്ന് വച്ച് നിങ്ങൾ നിങ്ങടെ മോൾക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് തടയുന്നതും ശരിയല്ലല്ലോ. അത്
നിങ്ങൾക്ക് വിഷമം ആവില്ലേ. സംഗതി ഏതാണ്ട് നടക്കുന്ന ലക്ഷണം ഉള്ളതുകൊണ്ട് പെണ്ണുകാണലിനു മുൻപ് എന്താണ് നിങ്ങളുടെ മനസ്സിൽ എന്ന് അവർക്ക് ഒന്നറിയണമല്ലോ. ചെറുക്കന്റെ അപ്പൻ തോമസ് സാറ് എന്നോട്
പറഞ്ഞു വിട്ടത് ഇപ്പോൾ പൗലോസ് സാർ ഒന്ന് അങ്ങോട്ട് വിളിക്കാനാ. അന്നേരം പെണ്ണുകാണലിന്റെ ഡേറ്റ് ഉം ഉറപ്പിക്കാല്ലോ.

ശരിയാ, എല്ലാം ഒരു മുൻ ധാരണ ഉള്ളത് നല്ലതാ. ഫോൺവിളിക്ക്‌. സ്പീക്കർ ഫോണേൽ ഇട്ടാൽ മതി എനിക്കും കേൾക്കാല്ലോ എന്ന് ലീന പൗലോസ് നോടായി പറഞ്ഞു.

പൗലോസ് ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് ടീ പോയിയിൽ ഇരുന്ന മൊബൈൽ ഫോൺ എടുത്തു തോമസ് സാറിനെ ഡയൽ ചെയ്തു. ഈ സമയം കുര്യച്ചൻ, ട്രെയിൽ ഇരുന്ന പഴം രണ്ടും എടുത്തു തിന്നിട്ടു തന്റെ വായിൽ ആടി നിൽക്കുന്ന പല്ലുകൾ കൊണ്ട് , കുഴലപ്പവുമായി യുദ്ധം ആരംഭിച്ചു.

ഓരോ കടിക്ക് ശേഷവും അടർന്നു വന്ന കഴലപ്പത്തിന്റെ കൂട്ടത്തിൽ തന്റെ
പല്ല് ഒന്നും ഇല്ല എന്ന് അയ്യാൾ ഉറപ്പ്‌ വരുത്തി.

ഫോൺ ആദ്യം റിങ് ചെയ്തപ്പോൾ ഹലോ, ഹലോ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞപ്പോഴേക്കും കട്ട്‌ ആയിപ്പോയി.

“നാട്ടിലെ ഫോൺ ന്റെ ഒരു കാര്യം”എന്ന് പറഞ്ഞു കൊണ്ട് പൗലോസ് വീണ്ടും ഡയൽ ചെയ്തു.
ഹലോ, തോമസ് സാർ അല്ലെ, ഇത് കുറ്റി പ്ലാക്കൽ നിന്നും പൗലോസ്, ടെസ്സമോളുടെ ഡാഡി.
ഹാ, മനസ്സിലായി, ഹലോ പൗലോസ് സാറെ എന്തോണ്ട് വിശേഷങ്ങൾ.

നമ്മുടെ കുര്യച്ചൻ രാവിലെ വന്നിട്ടുണ്ട്. എന്നോട് അങ്ങോട്ട് ഒന്ന് വിളിക്കാൻ പറഞ്ഞു.
അത് ശരിയാ പൗലോസ് സാറെ. നമുക്ക് ഏകദേശ കാര്യങ്ങൾ ഒന്ന് തീരുമാനിക്കേണ്ട. പെണ്ണുകാണാൽ ഇനിയിപ്പോൾ ഒരു ചടങ്ങ് എന്ന് കൂട്ടിയാൽ മതി. നമുക്ക് അത് അടുത്ത ഞായർ ആഴ്ച്ച രാവിലെ ആക്കിയാലോ പൗലോസ് സാറെ?

ഇതുകേട്ട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട്, ഒക്കെ ആണോ എന്ന അർഥത്തിൽ അയാൾ ഭാര്യ ലീനയുടെ മുഖത്തേക്ക് ഒന്ന് നോക്കി. അത് ശ്രദ്ധിച്ചിരുന്ന ലീന സമ്മതർഥത്തിൽ തല കുലുക്കി. അപ്പോഴേക്കും കുര്യച്ചൻ കിട്ടിയതെല്ലാം
കഴിച്ചുതീർത്തു ചായ കുടി തുടങ്ങി.

ഒക്കെ, തോമസ് സാറെ ഞായറാഴ്ച ആയിക്കോട്ടെ. കല്യാണം നമുക്ക് കൊച്ചി ലെ മെറിഡിയനിൽ ആക്കിയാലോ. എനിക്ക് ഒറ്റ മോളല്ലേ ഒരുപാട് ആളെ വിളിയ്ക്കാനുണ്ട് . അവിടേം അങ്ങനെ ആരിക്കുമല്ലോ.
ഞങ്ങൾ ചെറുക്കന്റെ വീട്ടുകാർക്കും ഇത് ലാസ്റ്റ് കല്യാണം ആണ്. ഒരുപാട് ആളെ വിളിക്കാൻ ഉണ്ട്. രഷ്ട്രീയ മേഖലയിൽ നിന്നും കുറച്ച് നേതാക്കൾ ഉണ്ടാവും. എന്ന് തോമസ്.
അതിനെന്താ, ആയിക്കോട്ടെ, ഞാൻ ഒത്തിരി നാൾ ദുബൈ യിൽ ആയിരുന്നതുകൊണ്ട് എനിക്ക് രാഷ്ട്രീയക്കാരെ വലിയ പരിചയം ഇല്ല. എന്നാൽ ലേമെറിഡിയനിൽ കല്യാണ പാർട്ടിക്ക് നാലാഴ്‌ച ആപ്പുറം 21 ശനി എന്നൊരു
ടെന്ററ്റീവ് ഡേറ്റ് ബുക്ക്‌ ചെയ്തേക്കാം. എന്താ ?
ശരി ഒക്കെ എന്ന് തോമസ് സാറും പറഞ്ഞു.

അപ്പോൾ പൗലോസ് വീണ്ടും തുടർന്നു.
പിന്നെ സ്ത്രീ ധനം എന്നൊന്നും ഇപ്പോൾ പറയാൻ പാടില്ലല്ലോ. ഒറ്റ മോളല്ലേ. എന്റെമോൾക്ക് അൻപതുലക്ഷം രൂപ പോക്കറ്റ് മണിയും 400 പവന്റെ സ്വർണ്ണവും കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതു കേട്ടപ്പോൾ ഫോണിന്റെ അങ്ങേ തലക്കൽ നിന്ന തോമസ് പറഞ്ഞു. അത് സാറേ, പറയുമ്പോൾ ഒന്നും തോന്നരുത്. സാറ് പത്രം ഒന്നും കാണാറില്ലേ ?

ഒരു മാസം മുൻപ് ആരുന്നെങ്കിൽ ഞാൻ നോ പറയുകേലാരുന്നു. സ്വർണ്ണം വേണ്ട. അതിന്പിടിവരാൻ പോവുകയല്ലേ . ഇനി അതുകൊണ്ട് തലവേദനയാ.

പൗലോസിന് പെട്ടന്ന് വിശ്വസിക്കാൻ പറ്റിയില്ല സ്വർണ്ണം വേണ്ടന്നോ? അയാൾ പറഞ്ഞു , എന്നാൽ സ്വർണ്ണത്തിന് പകരം കൊച്ചിയിൽ ഒരു പുതിയ luxury flat ഉണ്ട് അത് കൊടുക്കാം.
ഉടനെ മറുപടി വന്നു. അത് വേണ്ട സാറേ, അത് കൊച്ചിയിൽ വേണ്ട, എന്നാ പൊളിക്കേണ്ടി വരുന്നത് എന്ന് അറിയത്തില്ല.
മറുപടികൾ കേട്ടുകൊണ്ടിരുന്ന പൗലോസിനും ലീനക്കും ചെറിയ ഒരു അങ്കലാപ്പ്. വിചാരിക്കിരിക്കാത്ത പ്രശ്നങ്ങൾ ആണല്ലോ കേൾക്കുന്നത്.

മനസംയമനം പാലിച്ചുകൊണ്ട് പൗലോസ് പറഞ്ഞു. എന്നാൽ തോമസ് സാറെ എനിക്ക് ഇടുക്കിയിൽ ഇരുപത്തഞ്ച് ഏക്കർ തൈല തോട്ടം ഉണ്ട് പകരം അത് കൊടുക്കാം.
പൗലോസ് സാറെ, പറയുമ്പോൾ തോന്നും പറയുവാന്ന്. കാലം വളരെ മോശമാ. ഇടുക്കി എന്ന് പറഞ്ഞാൽ മുക്കാലും പരിതസ്ഥിതി ലോല പ്രദേശം ആണെന്ന് ഗാഡ്ഗിൽ റിപ്പോർട്ട്‌ നെകുറിച്ചു സാറും കേട്ടിട്ട് കാണുമല്ലോ.
അതു കൊണ്ട് അതും നമുക്ക് വേണ്ട. രൂപ ഒഴിച്ചു സാർ പറഞ്ഞതെല്ലാം ഇപ്പോൾ പാഴാ ,സാറെ പാഴ് ..

സാറിന് തോന്നും സാറു പല കാര്യങ്ങൾ പറഞ്ഞിട്ടും എല്ലാം ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞല്ലോ എന്ന് .ഞാൻ എന്ത് ചെയ്യാനാ .നിങ്ങൾ മറുനാട്ടിൽ ഇരുന്നു മേടിച്ചു കൂട്ടിയത് എല്ലാം കുഴപ്പം പിടിച്ച കേസുകെട്ടല്ലെ !

പൗലോസ് നു ചൊറിഞ്ഞു വന്നു “ഇതൊന്നും വേണ്ടെങ്കില് ഈ കല്യാണോം ഞങ്ങൾക്ക് വേണ്ട.” അയാൾ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.

ഇത്രയും ആയപ്പോൾ സംഭാഷണം കേട്ടുകൊണ്ടിരുന്ന ലീനയ്ക്ക് ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല.

“അവിടേം ഇവിടേം ഒള്ള സ്ഥലം എല്ലാം മേടിച്ചു കൂടിയപ്പോൾ ഞാൻ പറഞ്ഞതാ വേണ്ട ,വേണ്ടാ എന്ന് .
എന്റെ വാക്കിനു വിലയില്ലല്ലോ . ദൈവമേ ! കഷ്ടപ്പെട്ട് ഉണ്ടാക്കിയത്‌ എല്ലാം വെറുതെ ആയല്ലൊ.

ഭാര്യയുടെ കുത്തുവാക്ക് കോട്ടപ്പോൾ പൗലോസിന് സഹിച്ചില്ല. അയാൾ ചോദിച്ചു. “അപ്പോൾ നീ സ്വർണ്ണം മുഴുവനും മേടിച്ചു കൂടിയതോ?” അതും വേണ്ട എന്നല്ലേ പറഞ്ഞത്‌ ?

രണ്ടുപേരുടെയും മിണ്ടാട്ടം മുട്ടിയപ്പോൾ ദല്ലാൾ കുര്യച്ചൻ പതുക്കെ അവിടുന്ന് തലഊരി .അരഭിത്തിയിൽ ചാരി വച്ചിരുന്ന കാലൻ കുട അയ്യാൾ എടുത്തില്ല , വീണ്ടും ചെല്ലാൻ വേണ്ടീ മനഃപൂർവ്വ്വം എടുക്കാഞ്ഞതാണൊ
അതോ മറന്നതാണോ?, അറിയില്ല,

 

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

ജോൺ കുറിഞ്ഞിരപ്പള്ളി

ഒരു വലിയ വൃക്ഷം കടപുഴകി വീണതുപോലെ ആയിരുന്നു ശങ്കരൻ നായരുടെ അവസ്ഥ.
ആൻ മരിയയുടെ മരണവും കുഞ്ചുവിൻ്റെ വേർപാടും ശങ്കരൻ നായരെ മാനസ്സികമായി തളർത്തി.നായർ രോഗബാധിതനായി,കിടപ്പിലായി.
ജെയിംസ് ബ്രൈറ്റിൻ്റെ ഓഫിസ് കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു.ബ്രൈറ്റിൻ്റെ വളർച്ചയുടെ പിന്നിൽ നായരുടെ കഴിവും സാമർത്യവും കൂടി ഉണ്ടായിരുന്നു.സത്യസന്ധനും കഠിനാധ്വാനിയും ബുദ്ധിമാനുമായിരുന്നു നായർ.
എങ്ങിനെയും നായരെ കൂടെ നിർത്തണം എന്ന് ബ്രൈറ്റ് ആഗ്രഹിച്ചു.,പക്ഷെ നേരിട്ടു പറയാൻ ദുരഭിമാനം സമ്മതിക്കുന്നുമില്ല
എല്ലാം കുഴഞ്ഞുമറിയുന്നതു ജെയിംസ് ബ്രൈറ്റ് തിരിച്ചറിഞ്ഞു.
“എന്തുപറ്റി ,നായർ?”ബ്രൈറ്റ് നായരെ അന്വേഷിച്ചു് ചെന്നു.
“ഒന്നുമില്ല സർ,നല്ല സുഖം തോന്നുന്നില്ല”പലതും ചോദിക്കണമെന്ന് തോന്നി നായർക്ക്.ഇനി ചോദിച്ചിട്ടു എന്ത് പ്രയോജനം?
.അൽപസമയം ഓഫിസ് കാര്യങ്ങളും അസുഖവിവരങ്ങളും സംസാരിച്ചിട്ട് ബ്രൈറ്റ് പോയി.
നായർ ബ്രൈറ്റിനെ വെറുത്തു.ജോലി ഉപേക്ഷിച്ച് കണ്ണൂരേക്ക് താമസം മാറുവാൻ ശങ്കരൻ നായർ തീരുമാനിച്ചു.
അതേസമയത്താണ് ജെയിംസ് ബ്രൈറ്റിൻ്റെ അസിസ്റ്റൻറ് ആയി ഡാനിയേൽ വൈറ്റ്‌ഫീൽഡ് എന്ന ചെറുപ്പക്കാരൻ വരുന്നത്.ഓഫിസിലെ താളപ്പിഴകളും ജോലികൾ തീരാതെ വരുന്നതും മദ്രാസ്സിൽ റസിഡൻറ് മനസ്സിലാക്കിയിരുന്നു.
ഡാനിയേൽ വൈറ്റ്‌ഫീൽഡ് ജോയിൻ ചെയ്യുന്നതുവരെ ബ്രൈറ്റിന് അങ്ങിനെ ഒരാൾ വരുന്നതിനെക്കുറിച്ചു് യാതൊരു അറിവും ഇല്ലായിരുന്നു.താൻ അറിയാതെ പുതിയ ഒരാളെ നിയമിച്ചത് ബ്രൈറ്റിന് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും അനിഷ്ടം പുറത്തുകാണിച്ചില്ല.
മാന്യനും ഉത്സാഹശാലിയും തൊഴിലാളികളോട് മാന്യമായി പെരുമാറുന്നവനും ആയിരുന്നു ഡാനിയേൽ വൈറ്റ്‌ഫീൽഡ്..
ബ്രൈറ്റിൻ്റെ ജനങ്ങളോടുള്ള പെരുമാറ്റം ആൻ മരിയയുടെ മരണം കുഞ്ചുവിൻ്റെ അപകടമരണം എല്ലാം വിശദമായി റസിഡൻറ് അറിഞ്ഞിരുന്നു.ഇന്ത്യക്കാരായ സാധാരണ ജനങ്ങളെ പ്രകോപിപ്പിക്കാതിരിക്കാൻ ബ്രിട്ടീഷ് കാർ ശ്രദ്ധിച്ചു.അതുകൊണ്ടു പ്രാദേശികമായ പുരോഗതിയിലും ക്രമാസമാധാനം നടപ്പാക്കുന്നതിലും കുറെയൊക്കെ അവർ ശ്രദ്ധ ചെലുത്തി.
എല്ലാം വിശദമായി മനസ്സിലാക്കിയ ഡാനിയേൽ വൈറ്റ്‌ഫീൽഡ് ജോലി രാജി വയ്ക്കരുതെന്ന് നായരെ ഉപദേശിച്ചു
.”അനീതികളോട് പൊരുതുകയാണ് വേണ്ടത് അല്ലാതെ പേടിച്ചു് ഓടുകയല്ല”
.നായർ വീണ്ടും ജോലിയിൽ തുടരാൻ തീരുമാനിച്ചത് ജെയിംസ് ബ്രൈറ്റിനും ആശ്വാസമായി.
മൈസൂർ റെസിഡൻറിൻ്റെ ജോലി ഏറ്റെടുത്തത് എങ്ങും എത്താതെ നിൽക്കുന്നത് ബ്രൈറ്റിന് വല്ലാത്ത മാനസിക സംഘർഷം ഉണ്ടാക്കി.
ഒരു റെയിൽവേ ലൈനും അതിനെ അടിസ്ഥാനമാക്കി ഒരു റോഡും നിർമ്മിക്കാനുള്ള പ്ലാൻ ഉണ്ടാക്കുക എന്നത് അത്ര വലിയ സംഭവം ഒന്നുമല്ല.പക്ഷെ പതിനായിരക്കണക്കിന് ഏക്കർ കൊടും കാട്ടിലൂടെ അതും മനുഷ്യ സഞ്ചാരമില്ലാത്ത വന്യ മൃഗങ്ങളുടെ ആവാസകേന്ദ്രമായ മലമടക്കുകളിലൂടെ ഈ ജോലിചെയ്യുക എന്നത് വിഷമകരം തന്നെ ആണ്.അതും നിലവിൽ ഒരു വഴിപോലുമില്ലാത്ത സ്ഥലവും.ജോലിക്ക് ആളുകളെ കിട്ടുക എന്നത് അതിലും വിഷമം ഉള്ള കാര്യമാണ്.മനുഷ്യവാസം വളരെ കുറഞ്ഞ പ്രദേശങ്ങളാണ് ചുറ്റുപാടും ഉള്ളതും.
ഇപ്പോൾ ശങ്കരൻ നായർക്കും ഈ ജോലി ഏറ്റെടുക്കാൻ താൽപര്യം ഇല്ലാതായി.ആദിവാസികളുടെ സഹായം ഇക്കാര്യത്തിൽ തേടാം എന്ന് വിചാരിച്ചിരുന്നെങ്കിലും മേമനെ പരിചയപ്പെട്ടത് ഒഴിച്ച് കാര്യമായ ശ്രമമൊന്നും നടത്തിയിരുന്നില്ല.
അടുത്തടുത്തുണ്ടായ രണ്ടു മരണങ്ങളുടെ ഇടയിൽ എല്ലാവരും മേമനെയും മറന്നു കഴിഞ്ഞിരുന്നു.
എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നാരായണൻ മേസ്ത്രിയെ അന്വേഷിച്ചു മേമനും അവൻ്റെ നായ” ബൂ “വും തലശ്ശേരിയിൽ വന്നു.മേമനെപ്പോലെയുള്ള ഒരാൾ തലശ്ശേരി പട്ടണത്തിന് അന്യമായിരുന്നു,കൗതുകമായിരുന്നു.
“നാരായണൻ മേസ്ത്രിയുടെ സ്ഥലം എങ്ങിനെ മേമൻ കണ്ടുപിടിച്ചു?”.ജോലിക്കാർ തമ്മിൽ തമ്മിൽ ചോദിച്ചു. മേമൻ വന്നതറിഞ്ഞു ശങ്കരൻ നായർ അവനെ കാണാൻ വന്നു.
നായർ അവനെ സൂക്ഷിച്ചുനോക്കി…
“ഇവനെ ആദിവാസികൾ അവരുടെ കൂട്ടത്തിൽ നിന്നും ഭ്രഷ്ട്ടനാക്കിയത് ആകാനാണ് വഴി”.നായർ പറഞ്ഞു.
“അത് എങ്ങിനെ മനസിലായി?”.നാരായണൻ മേസ്ത്രി ചോദിച്ചു.
“എല്ലാ ആദിവാസികൾക്കും അവരുടേതായ എന്തെങ്കിലും അടയാളങ്ങൾ കാണും.ഇവൻ്റെ ദേഹത്ത് അങ്ങിനെയൊന്നും കാണുന്നില്ല.”
നായർ പറഞ്ഞത് ശരിയാണെന്ന് നാരായണൻ മേസ്ത്രിയും സമ്മതിച്ചു.
“നോക്കൂ,ഇവൻ്റെ ഇടതുകണ്ണിനു കാഴ്ച കുറവാണ്.അവനെ വഴികാണിക്കുന്നതു അവൻ്റെ നായ ബൂ ആണ്.സാധാരണ നായകൾ യജമാനൻ്റെ പുറകിൽ ആണ് നടക്കുക.ഇത് ബൂ എപ്പോഴും അവൻ്റെ മുൻപിൽ ഇടതുവശം ചേർന്നും.ഏതായാലും നമ്മൾക്ക് അത് പ്രയോജനപ്പെട്ടേക്കാം “.
” മേമൻ ഈ സ്ഥലം എങ്ങിനെ കണ്ടുപിടിച്ചു?”നാരായണൻ മേസ്ത്രിയുടെ സംശയം അതാണ്.
“.അവൻ്റെ നായ ബൂ നാരായണൻ മേസ്ത്രിയുടെ ഗന്ധം പിടിച്ചു വന്നതാണ്.മേമൻ നായയെ പിന്തുടർന്നു അത്ര മാത്രം.ഇത്രയും ദൂരം മണം പിടിച്ചുവന്ന ബൂ അസാധാരണ കഴിവുള്ള നായ ആണ്.”
“അങ്ങിനെയെങ്കിൽ മേമനെ മൈസൂർ കൊണ്ടുപോയി വിട്ടാൽ അവൻ അവിടെ എത്തുമല്ലോ?”
നാരായണൻ മേസ്ത്രി പറഞ്ഞു.
“ആ പറഞ്ഞതിൽ അല്പം കാര്യമുണ്ട്.നമുക്ക് ഒന്ന് പരീക്ഷിച്ചുനോക്കാം”ശങ്കരൻ നായർ പറഞ്ഞു.
“തലശ്ശേരിയിൽ നിന്നും മൈസൂർക്ക് എളുപ്പത്തിൽ ഒരു റോഡ് കണ്ടുപിടിക്കൻ മേമനും അവന്റെ നായ ബൂ വും പ്രയോജനപ്പെട്ടേക്കാം”.നായർ കൂട്ടിച്ചേർത്തു.
“അങ്ങിനെ ചെയ്താൽ തീർച്ചയായും മേമനെ തേടി ബൂ അവൻ്റെ അടുത്തെത്താൻ കുറുക്കുവഴികൾ തിരഞ്ഞെടുത്തേക്കാം.നമ്മൾ അത് മാർക്ക് ചെയ്താൽ മതിയല്ലോ”
നായർ പറഞ്ഞത് എന്താണെന്ന് കേട്ടുനിന്നവർക്ക് കാര്യമായി മനസ്സിലായില്ല.പരസ്പരബന്ധമില്ലാതെ എന്താണ് നായർ പറയുന്നത് എന്നായിരുന്നു നാരായണൻ മേസ്ത്രിയുടെയും ചിന്ത.
പിന്നീട് ഒന്നും വിശദീകരിക്കുകയും ചെയ്തില്ല.ശങ്കരൻ നായർ അങ്ങിനെയാണ്,ചിലപ്പോൾ പകുതിക്ക് വച്ച് സംസാരം നിർത്തിക്കളയും.
അവർ മേമന് പതിവുപോലെ രണ്ടു മൂന്ന് കുപ്പി മദ്യവും ഏതാനും ബിസ്‌ക്കറ്റ് പാക്കുകളും കൊടുത്തു തിരിച്ചയച്ചു.
ബ്രൈറ്റിൻ്റെ മദ്യം മേമന് അത്രമാത്രം ഇഷ്ട്ടമായിക്കഴിഞ്ഞിരുന്നു.പക്ഷെ തൻ്റെ ഗോഡൗണിൽനിന്നും ഇങ്ങനെ മദ്യക്കുപ്പികൾ പോകുന്നത് ബ്രൈറ്റിന് ഇഷ്ടപെടുന്നുണ്ടായിരുന്നില്ല,എങ്കിലും മൗനം പാലിച്ചു.
മേമൻ തിരിച്ചു പോയി.
രണ്ടു ദിവസം കഴിഞ്ഞു.
മൈസൂരിൽനിന്നും വീണ്ടും ജോലിയുടെ പുരോഗതിയെക്കുറിച്ചു് അന്വേഷണം വന്നു.സമീപകാല സംഭവങ്ങൾ മൂലം ബ്രൈറ്റിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം കഴിവതും വേഗം കൂർഗിലെ അമൂല്യമായ വനസമ്പത്തുകൾ ഇംഗ്ലണ്ടിലേക്ക് കടത്തുക എന്നതാണ്.അതിന് താമസം വരുന്നത് അവരെ വല്ലാതെ അലോസരപ്പെടുത്തി.
ജെയിംസ് ബ്രൈറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റെടുത്ത ജോലി അഭിമാനത്തിൻ്റെ പ്രശനമാണ്.എങ്ങിനെയെങ്കിലും ഇത് പൂർത്തിയാക്കി തടി തപ്പുകയാണ് നല്ലത്.
ഇനി എളുപ്പ വഴി നായരുടെ സഹായം തേടുക മാത്രമാണ്.
ശങ്കരൻ നായരുടെ നിസ്സംഗത ബ്രൈറ്റിന് മനസ്സിലാകാതിരുന്നില്ല.അതുകൊണ്ടുതന്നെ അപേക്ഷാ സ്വരത്തിലായിരുന്നു ബ്രൈറ്റിൻ്റെ സംസാരം.
“എന്താണ് ആ ആദിവാസി ചെറുപ്പക്കാരൻ്റെ പേര്?”
“മേമൻ:”
“അവനേയും കൂട്ടി ഒന്ന് ശ്രമിച്ചു നോക്കാമോ?.ആവശ്യമുള്ള സാധനങ്ങൾ ഗോഡൗണിൽ നിന്നും എടുത്തോളൂ.സമ്മതിച്ചുപോയതു ഇനി പറ്റില്ല എന്ന് എങ്ങിനെ പറയും?”.
കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കേണ്ട എന്ന തീരുമാനത്തിൽ അവസാനം നായർ ആ ജോലി ഏറ്റെടുത്തു.നായർ നാരായണൻ മേസ്ത്രിയെ വിളിച്ചു ഏതാനും ജോലിക്കാരെ തയ്യാറാക്കിനിർത്തുവാൻ ആവശ്യപ്പെട്ടു.
അവർ രണ്ടുപേരും ചേർന്ന് ഒരു പ്ലാൻ തയ്യാറാക്കി.
“ഒന്ന് ശ്രമിച്ചുനോക്കാം.”നായർ പറഞ്ഞു.
കൂട്ടുപുഴയിലും ഇരിട്ടിയിലും ഓരോ പാലങ്ങൾ പണിയുന്നതിന് സർവേയും മറ്റു പ്രാരംഭ നടപടികളും നടന്നുകൊണ്ടിരിക്കുകയാണ്.
“അതിൻ്റെ കൂടെ ഇതും കൂടി നടത്താം.”നായർ പറഞ്ഞു.
കുറെ ദൂരം കുതിരവണ്ടിയിൽ പോകാം,മാക്കൂട്ടം വരെ കാളവണ്ടിയിലും.പിന്നെ നടക്കുകയെ വഴിയുള്ളു.
നാരായണൻ മേസ്ത്രി അവർക്ക് യാത്ര ചെയ്യാനുള്ള കുതിരവണ്ടി ഏർപ്പാടാക്കി. മാക്കൂട്ടം വരെ കാട്ടുവഴികൾ ഉണ്ട്.പിന്നെ കൊടഗ് ഫോറസ്ററ് ആയി.ഫോറസ്റ്റിൽകൂടിയുള്ള യാത്രയാണ് പ്രശനം.ഇവിടയാണ് കാട്ടിൽ പരിചയമുള്ള ആദിവാസികളുടെയും മറ്റും ആവശ്യം വരുന്നത്.
വാസ്തവത്തിൽ ഒരു മാഗ്നെറ്റിക് കോമ്പസും ഏതാനും ലെവലിങ്ങ് ഇൻസ്ട്രുമെൻറ്സും ഉണ്ടങ്കിൽ കുറഞ്ഞദൂരത്തിൽ ഒരു വഴി കണ്ടുപിടിക്കാൻ വലിയ വിഷമമില്ല.
അധികം മനുഷ്യസ്പർശം ഏൽക്കാത്ത കൊടഗ് വനത്തിലെ അപകടം പിടിച്ച ചുറ്റുപാടുകൾ പക്ഷേ ഒഴിവാക്കാൻ യാതൊരു വഴിയുമില്ല.
ഉയരമുള്ള പ്രദേശങ്ങളിനിന്നും താഴ്വാരത്തുകൂടി പോകുന്ന ജീവികളുടെ മുകളിലേക്ക് പെരുമ്പാമ്പുകൾ വീഴുന്ന സംഭവങ്ങൾ ധാരാളമായിരുന്നു.തേരട്ടകളുടെ ശല്യം അതി ഭയാനകമാണ്.രക്തം കുടിച്ചു വീർത്തു താനെ പൊഴിഞ്ഞുപോകുന്ന തേരട്ടകൾ വനത്തിൽക്കൂടി യാത്രചെയ്യുന്നവരുടെ പേടിസ്വപ്നമാണ്.കടുവകളുടേയും കാട്ടാനകളുടേയും കാര്യത്തിൽ നല്ല ശ്രദ്ധ വേണം.
തോക്കും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കാട്ടിൽ വന്യമൃഗങ്ങളെ നേരിടുന്നതിന് നല്ല പരിചയവും കഴിവും ആവശ്യമാണ്..
വനത്തിൽ പോയി ജോലിചെയ്യാൻ നാട്ടുകാരായ തൊഴിലാളികളെ കിട്ടില്ല.കൊതുക് കടിയേറ്റ് മലമ്പനി പിടിച്ചു് ധാരാളം ആളുകൾ മരിക്കുന്നതുകൊണ്ട് കൂലിക്കാർ പേടിച്ചു് ജോലിക്ക് വരില്ല.ഇടക്ക് വസൂരി പിടിപെട്ട് ആളുകൾ മരിക്കുന്ന സംഭവങ്ങളും ഉണ്ട്.
കാട്ടുമൃഗങ്ങളെ നേരിടാൻ പലപ്പോഴും ആയുധങ്ങളേക്കാൾ പ്രയോജനപ്പെടുക ബുദ്ധിയും സൂത്രങ്ങളുമാണ്.
ഏതാണ്ട് നൂറ്റമ്പതു മൈൽ ദൂരമെങ്കിലും കാണും മൈസൂരിലേക്ക് എന്നായിരുന്നു ശങ്കരൻ നായരുടെ കണക്ക് കൂട്ടൽ.
അതിൽ തലശ്ശേരി മുതൽ കൂട്ടുപുഴ വരെ മുപ്പത് മൈൽ വഴിയുണ്ട്.മൈസൂറിൽ നിന്നും ഇരുപത് മൈൽ റോഡ് വിർരാജ്‌പേട്ടക്ക് നിലവിൽ ഉണ്ട് .
അപ്പോൾ ഏതാണ്ട് നൂറു മൈൽദൂരത്തിൽ കുറവേ വരൂ ഇനി ഒരു മാർഗ്ഗ രേഖ ഉണ്ടാക്കാൻ,എന്നായിരുന്നു നായരുടെ മനസ്സിൽ .
“പോയി തിരിച്ചു വരുന്നതിന് ഒരാഴ്ച എങ്കിലും വേണം.അതുകൊണ്ട് ആ തയ്യാറെടുപ്പിൽ വേണം പോകാൻ.”
ശങ്കരൻ നായർ നിർദ്ദേശം കൊടുത്തു.
ഒരാഴ്ചത്തേക്കുള്ള ഭക്ഷണം,അവർക്കു താമസിക്കാൻ ടെൻറ് ,ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ആയുധങ്ങൾ തുടങ്ങിയവ തയ്യാർ ചെയ്യാൻ നാരായണൻ മേസ്ത്രിയെ ചുമതലപ്പെടുത്തി.
ദീർഘദൂര,യാത്രകൾക്ക് പോകേണ്ടിവരുമ്പോൾ നായരുടെ പ്രധാന പ്രശനം മകൾ ഗീത വീട്ടിൽ ഒറ്റക്കെ ഉള്ളൂ എന്നതായിരുന്നു.മകളുടെ കാര്യങ്ങൾ കഴിഞ്ഞിട്ടേയുള്ളു നായർക്ക് എന്തും.’അമ്മ മരിച്ചതിനു ശേഷം കഴിവതും അവളെ ഒറ്റയ്ക്ക് വിട്ട്‌ നായർ എങ്ങും പോകാതിരിക്കാൻ ശ്രമിക്കും.ആരെയെങ്കിലും മകൾക്ക് കൂട്ടിന് കണ്ടുപിടിക്കണം. അയൽവക്കത്തെ പ്രായമായ ഒരു സ്ത്രീ നായർ തിരിച്ചുവരുന്നതുവരെ വീട്ടിൽ നിൽക്കാം എന്ന് സമ്മതിച്ചു
മേമൻ നാരായണൻ മേസ്ത്രിയെ വീണ്ടും തേടി വന്ന ഒരു ദിവസം ശങ്കരൻ നായർ പറഞ്ഞു,”പോകാം”.
യാത്രക്കിടയിൽ ഏതാനും കുപ്പി മദ്യവുമായി മേമൻ സ്ഥാലം വിട്ടു.
നായർ പറഞ്ഞു.”സാരമില്ല .അവൻ നമ്മളെ തിരക്കി വരും.അത്ര മാത്രമുണ്ട് അവൻ്റെ മദ്യാസക്തി.”
മാക്കൂട്ടം എത്തിക്കഴിഞ്ഞപ്പോൾ വണ്ടിക്കാരെയെല്ലാം പറഞ്ഞുവിട്ടു.ഇനിയുള്ള യാത്ര നടന്നു വേണം പോകാൻ.
സമയം സന്ധ്യയോട് അടുക്കുന്നു.
അവിടെ ഒരു ടെൻറ് കെട്ടി രാത്രി താമസിച്ചിട്ടു കാലത്തു പുറപ്പെടാം എന്ന് തീരുമാനിച്ചു.വഴിപോക്കരെ കൊള്ളയടിക്കുന്ന ചെറുകിട കൊള്ള സംഘംങ്ങളെയും സൂക്ഷിക്കണം.
അവർ പുഴയരികിൽ ഒരു ടെൻറ് ഉണ്ടാക്കി.അവിടെ ഉറങ്ങി.കാട്ടാനക്കൂട്ടങ്ങൾ എപ്പോൾ വേണമെങ്കിലും വിരുന്നുകാരായി എത്തിയേക്കാം എന്ന ഭയത്തിൽ രണ്ടുപേർ വീതം മാറി മാറി ടെൻറിനു കാവൽ നിന്നു.
നേരം വെളുക്കുന്നതേയുള്ളു.പുഴയരികിലെ കാട്ടിൽ നിന്നും ഒരു ശബ്ദം. കാവൽ നിന്നിരുന്ന രണ്ടുപേർ മറ്റുള്ളവർക്ക് സിഗ്നൽ കൊടുത്തു.എല്ലാവരും ജാഗരൂകരായി.
അവർ നോക്കി നിൽക്കുമ്പോൾ മേമനും അവൻ്റെ പെണ്ണും നടന്നു വരുന്നു.
രണ്ടുപേരുടെയും കയ്യിൽ കുറെ സാധനങ്ങൾ കുത്തിനിറച്ച ഓരോ ചാക്കുകെട്ടും ഉണ്ട്.
“നീ എവിടെ പോയി?ഇതെല്ലം എന്താണ്?” നാരായണൻ മേസ്ത്രി ചോദിച്ചു.
“പേട്ട”.
അവർ രണ്ടുപേരും പേട്ടയിൽ പോയിവരികയാണ്.
പേട്ട എന്ന് പറഞ്ഞത് വീർ രാജ്‌പേട്ട എന്നാണ്.മാക്കൂട്ടത്തിനും മൈസൂറിനും ഇടക്കുള്ള സ്ഥലമാണ് വിര രാജ് പേട്ട.
കുടകിലെ ജനങ്ങൾക്കുവേണ്ടി അവസാനത്തെ രാജാവായിരുന്നു,ചിക്ക് വിര രാജ പണികഴിപ്പിച്ച ചന്ത നടക്കുന്ന സ്ഥലമാണ് വിര രാജ്‌പേട്ട.ആ ഭാഗത്തായി കുറേ കാപ്പിത്തോട്ടങ്ങളും കൃഷിസ്ഥലങ്ങളും ഉണ്ട്.അത് കഴിഞ്ഞാൽ വീണ്ടും ഫോറസ്റ്റ് ആയി.
വനത്തിൽ നിന്നും ശേഖരിക്കുന്ന തേൻ പച്ചമരുന്നുകൾ വന അതിർത്തികളിൽ വളരുന്ന കഞ്ചാവ് തുടങ്ങി ഒട്ടേറെ സാധനങ്ങൾ കൈമാറി തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും വാങ്ങിയുള്ള തിരിച്ചുവരവാണ് അവർ കണ്ടത്.
ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശങ്കരൻ നായർ മേമനോട് ചോദിച്ചു,”എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ വീരരാജ്പേട്ടയിൽ പോകണം നിനക്ക് കൂടെ വരാമോ?”
മേമൻ വനത്തിൽക്കൂടി ഒരു ദിവസംകൊണ്ട് വിർരാജ്‌പേട്ടക്ക് പോയി വന്നിരിക്കുന്നു.എന്നുവച്ചാൽ
എല്ലാവരും വിചാരിക്കുന്നതുപോലെ ദൂരമില്ല വിര രാജ പേട്ടക്ക്.വനത്തിലെ വഴി കണ്ടുപിടിച്ചു് യാത്ര ചെയ്യണം എന്ന് മാത്രം.നായർ കൂടെയുള്ളവരോടായി പറഞ്ഞു.
“മേമനെകൂട്ടി വനത്തിലൂടെ പോകാൻ സാധിച്ചാൽ കാര്യങ്ങൾ എളുപ്പമാകും”
മേമൻ പോരാം എന്ന് തല കുലുക്കി സമ്മതിച്ചു..
ഉടൻ തന്നെ പുറപ്പെടാൻ തയ്യാറാകാൻ നായർ ഓർഡർ കൊടുത്തു.
മേമൻ അവൻ്റെ പെണ്ണിനെ അവരുടെ ഊരിൽ കൊണ്ടുപോയിവിട്ടിട്ടു വന്നു.തിരിച്ചുവന്നപ്പോൾ അവൻ്റെ കയ്യിൽ എന്തോ പച്ചിലകൾ അരച്ചതും ചൂട്ടുകെട്ടുപോലെ ചെറിയ ചുള്ളിക്കമ്പുകൾ കൊണ്ടുണ്ടാക്കിയ കത്തിക്കാത്ത പന്തങ്ങളും ഉണ്ടായിരുന്നു.
പച്ചില അരച്ചത് ദേഹത്ത് പുരട്ടിയാൽ പാമ്പുകളും തേരട്ടകളും ഉപദ്രവിക്കില്ലത്രെ.കഞ്ചാവിന്റെ മണമാണ് അതിന്. അത് ദേഹത്തു പുരട്ടികൊണ്ടിരിക്കുമ്പോൾ നാരായണൻ മേസ്ത്രി പറഞ്ഞു,”ഇത് കഞ്ചാവ് തന്നെ.കടിക്കാൻ വരുന്ന പാമ്പും തേരട്ടകളും വരെ മയങ്ങിപ്പോകും എന്ന് തോന്നുന്നു.”.
പന്തം കത്തിച്ചാൽ അതിൽ നിന്നും ഒരു വല്ലാത്ത ഗന്ധം ഉയരും. ഈ മണം അടിച്ചാൽ കാട്ടാനകൾ ആ പ്രദേശത്തു വരില്ല.
യാത്ര ആരംഭിച്ചപ്പോൾ ശങ്കരൻ നായർ ജോലിക്കാരോട് പറഞ്ഞു.അവർ പോകുന്ന വഴിയിൽ അടയാളങ്ങൾ സ്ഥാപിക്കാൻ. വഴിയിൽ അടയാളമായി മരങ്ങളിൽ ഷീൽഡുകളും ചുവന്ന കളറിലുള്ള തുണിയും ആണികൊണ്ട് അവർ അടിച്ചുറപ്പിച്ചു.
വനത്തിൽക്കൂടി വിര രാജ പേട്ടക്ക് ആദിവാസികൾ നടന്നുപോകുന്ന ഒരു വഴി പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു.മേമൻ കാണിച്ചുകൊടുത്ത വഴിയെ അവർ നടന്നു.അഗാധമായ ഗർത്തങ്ങളെ ഒഴിവാക്കി അവയുടെ അരികിൽക്കൂടിയും കാട്ടരുവികൾ ഒഴുകുന്ന ചാലുകളിൽകൂടിയും ഇടക്ക് കുത്തനെയുള്ള കയറ്റങ്ങൾ കയറിയും മറ്റുമുള്ള യാത്ര അവരെ ശരിക്കും ഭയപ്പെടുത്തി.ഒന്നുരണ്ടവസരങ്ങളിൽ കാട്ടാനക്കൂട്ടങ്ങൾക്ക് അടുത്ത് അവർ എത്തിയെങ്കിലും കുഴപ്പങ്ങൾ ഒന്നുമില്ലാതെ രക്ഷപെട്ടു.
വഴിയരുകിൽ ധാരാളം പാമ്പുകൾ വെറുതെ അലസമായി കിടക്കുന്നത് ഭീതി ജനിപ്പിക്കുന്ന കാഴ്ച ആയിരുന്നു.എങ്കിലും അവ ഒന്നും അവരെ ഉപദ്രവിക്കുകയുണ്ടായില്ല.
“ഈ വനത്തിൻ്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു.”നായർ പറഞ്ഞു.
“അതെന്താണ്?”നാരായണൻ മേസ്ത്രി ചോദിച്ചു.
“ഏതെങ്കിലും ജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ മറ്റേതോ ജീവികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു എന്നാണ് അർഥം.ഈ മാറ്റം ചിലപ്പോൾ പ്രശനമായി വരാം ”
മേമനും ബൂ വും വളരെ ആവേശത്തിലായിരുന്നു.എല്ലാവരും മേമനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.അവൻ അവരുടെ ഇടയിൽ ആദിവാസികൾ പാടാറുള്ള പാട്ടുകൾ ഉച്ചത്തിൽ പാടി.അതിൻ്റെ അർഥം ഭാഷ അറിയാവുന്ന ഒരാൾ വിശദീകരിച്ചു;
എൻ്റെ കൂരയിൽ മഴ പെയ്തു
മഴക്ക് ഞങ്ങളോട് സ്നേഹം
മഴ ഞങ്ങളെ വിട്ടു പോയില്ല
എൻ്റെ കൂരയിൽ ഇനിയും മഴ പെയ്യും……………………
അവൻ പാടിക്കൊണ്ടിരുന്നു.
മേമൻറെ ഒന്നിച്ചുള്ള യാത്ര ഒരു ഉത്സവം പോലെ അവർ ആഘോഷിച്ചു.മദ്യപാനവും പാട്ടും മേമൻ്റെ സംസാരവും എല്ലാം കൂടി ആയപ്പോൾ അവർ യാത്രാ ക്ലേശം മറന്നു.
എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് അവർ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ വീരരാജ്പേട്ടയിൽ എത്തിചേർന്നു.
ഇത്രയും എളുപ്പത്തിൽ ഈ കൊടുംകാട്ടിൽ ഇങ്ങനെയൊരു വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല.
ദൂരം ശങ്കരൻ നായർ കണക്കുകൂട്ടി നോക്കി,വെറും നാൽപതു മൈൽ മാത്രം .നായർ വളരെ ആവേശത്തിലായി.പകുതി ജോലി പൂർത്തിയായിരിക്കുന്നു.
ഇന്ന് ഇവിടെ താമസിച്ചിട്ടു നാളെ മൈസൂർക്ക് പോകാം”.നായർ പറഞ്ഞു.
“പക്ഷെ ഇനിയുള്ള വഴി മേമന് അറിയില്ല.എങ്കിലും അവനും നമ്മളുടെ കൂടെ പോരട്ടെ.”
രാത്രിയിൽ ആട്ടും പാട്ടും മദ്യപാനവുമായി എല്ലാവരും താമസിച്ചാണ് ഉറങ്ങിയത്.
എല്ലാവരും ഉറങ്ങി എഴുന്നേൽക്കാനും വൈകി..
.”ഇന്നുകൂടി ഇവിടെ തങ്ങാം,നാളെ മൈസൂർക്ക് യാത്ര തിരിക്കാം”.നായർ പറഞ്ഞു.
മേമൻഎഴുന്നേറ്റു കണ്ണുതുറന്ന ഉടനെ അന്വേഷിച്ചത് അവൻ്റെ നായ ബൂ വിനെയാണ്.അവൻ ചുറ്റുപാടും നോക്കി .
അവൻ്റെ ബൂ നെ കാണാനില്ല.
“ബൂ…………… ബൂ………….” അവൻ ഉറക്കെ വിളിച്ചു.
ബുവിനോടൊപ്പം നായരുടെ ആറേഴു തൊഴിലാളികളും അപ്രത്യക്ഷരായിരിക്കുന്നു.
മേമൻ അലറി “എൻ്റെ ബൂ എവിടെ.?”
ആരും ഒന്നും പറയുന്നില്ല.അവൻ തൻ്റെ മഴു എടുത്തു അതി ശക്തിയായി വട്ടം കറക്കി കൊണ്ടിരുന്നു. ഒന്ന് പിടിവിട്ടാൽ അവിടെ നിൽക്കുന്ന ആരുടെയെങ്കിലും ……………..
മേമൻ്റെ അപായകരമായ ഈ അഭ്യാസം കണ്ടു എല്ലാവരും ഭയന്നു.അവൻ്റെ സമനില തെറ്റിയിരിക്കുന്നു.
“ഇവിടെ എവിടെയെങ്കിലും കാണും നിൻ്റെ ബൂ.”അവർ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അവൻ അതൊന്നും ശ്രദ്ധിക്കാതെ “ബൂ……….ബൂ………”എന്ന് വിളിച്ചുകൊണ്ടിരുന്നു.
തൊട്ട് മുമ്പിൽ കണ്ട ഒരാളുടെ കഴുത്തിന് പിടിച്ചു് മഴു ഓങ്ങി അലറി.
“എന്റെ ബൂ എവിടെ ?നിങ്ങൾ അവനെ എന്ത് ചെയ്തു?”
ശങ്കരൻ നായർ വിചാരിച്ചു, ഇത് അപായകരമായ കളിയാണ്.അവൻ ആരെയെങ്കിലും ഉപദ്രവിച്ചാൽ ?
നായർ മേമൻ്റെ നേരെ കൈ ചൂണ്ടി അലറി “നീർത്തടാ ………..”
ഒരു നിമിഷം മേമൻ നായരെ തുറിച്ചു നോക്കി.ആ ആജ്ഞക്ക് മുൻപിൽ അവൻ കീഴടങ്ങി. കയ്യിൽ ഓങ്ങി പിടിച്ചിരുന്ന മഴു താഴെയിട്ടു.
പൊട്ടിക്കരഞ്ഞു.”ബൂ………..ബു……………”
അവൻ മുളപൊട്ടുന്നതുപോലെ കരയുകയാണ്.ഇടയ്ക്കു അവൻ്റെ പെണ്ണിനേയും വിളിക്കുന്നുണ്ട്. “മിന്നി……….മിന്നി…………..”
നായർ അവനെ തന്നെ നോക്കി നിന്നു അൽപനേരം.
പിന്നെ അടുത്ത് ചെന്നു. “രണ്ടു ദിവസത്തിനകം നിൻറെ ബൂ യാതൊരു കുഴപ്പവും ഇല്ലാതെ ഇവിടെ വരും”.
മേമൻ ദയനീയമായി നായരെ നോക്കി.
അവൻ വീണ്ടും വീണ്ടും കരഞ്ഞുകൊണ്ടിരുന്നു.നായർക്ക് അവൻ്റെ കരച്ചിൽ കണ്ട് സങ്കടം തോന്നി.
ഇടനെഞ്ചുപൊട്ടിപോകുന്നു.അവന് കഷ്ട്ടിച്ചു ഇരുപത്തഞ്ചു വയസ്സുകാണും.പക്ഷെ ഒരു കൊച്ചു കുട്ടിയെപ്പോലെ നിലവിളിക്കുകയാണ്
നിഷ്കളങ്കനായ ഈ പാവത്തിൻ്റെ കരച്ചിൽ കാണാൻ വയ്യ.ഒരു തെറ്റും ചെയ്യാത്ത അവനെ ഇങ്ങനെ വേദനിപ്പിച്ചുകൂട.
നായർ അടുത്ത് ചെന്നു.അവൻ്റെ തോളിൽ കൈ വച്ചു.
അവൻ അപ്പോഴും ഒരു കൊച്ചു കുട്ടിയെപ്പോലെ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.നായർ അവനെ നെഞ്ചോട് ചേർത്തു നിർത്തി പുറത്തു തലോടി.പിന്നെ വാരി പുണർന്നു
.”നിൻ്റെ ബൂ യാതൊരു കുഴപ്പവുമില്ലാതെ തിരിച്ചുവരും”.
അവൻ്റെ കരച്ചിൽ നിന്നു. നായരുടെ നെഞ്ചിൽ മുഖമമർത്തി കരച്ചിലടക്കി അവൻ നിന്നു ഒരു കൊച്ചു കുഞ്ഞിനെപ്പോലെ…
ആർത്തലച്ചു് വരുന്ന തിരമാലകൾ കരയെ വിഴുങ്ങും എന്ന് കരുതിയ നിമിഷങ്ങളിൽ പെട്ടന്ന് ശാന്തമായതുപോലെ ആയി മേമൻ .അവൻ്റെ ഹൃദയം തകർന്നുള്ള നിലവിളി കണ്ടു നിന്നവർക്കും സഹിക്കാൻ കഴിയുമായിരുന്നില്ല..
നായരുടെ സ്നേഹപ്രകടനങ്ങൾ അവനെ കീഴടക്കി.അത് വെറും അഭിനയമായിരുന്നില്ല.ശരിക്കും നായർ ഉള്ളിൽ തട്ടിയാണ് അവനെ ആശ്വസിപ്പിച്ചത്.
“നിൻറെ ബൂ നിൻറെ അടുത്തുവരും”,നായർ അവനോട് പറഞ്ഞു.ആ വാക്കുകളിലെ സ്നേഹം അവൻ തിരിച്ചറിഞ്ഞു.
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ നായരുടെ ആശ്ലേഷത്തിൽ ആശ്വസിച്ചു.ശങ്കരൻ നായർക്ക് കുറ്റബോധം തോന്നാതിരുന്നില്ല.നായർ തയ്യാറാക്കിയ പ്ലാൻ അനുസരിച്ചു് നായരുടെ ജോലിക്കാർ ബൂ നേയും കൊണ്ട് മൈസൂർക്ക് പോയിരിക്കുന്നു.
ശങ്കരൻ നായർ ദീർഘ ശ്വാസം വിട്ടു.
പടർന്ന് പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങളുടെ ഇലകൾക്കിടയിലൂടെ പ്രകാശത്തിൻ്റെ പുള്ളിക്കുത്തുകൾ അവരുടെ ദേഹത്ത് പതിച്ചുകൊണ്ടിരുന്നു.
പക്ഷേ ശങ്കരൻ നായർ അടക്കം എല്ലാവരേയും ഭയപ്പെടുത്തിക്കൊണ്ട് മേമൻ ബോധംകെട്ടു വീണു.അവൻ്റെ വായിൽ നിന്നും നുരയും പതയും വന്നുകൊണ്ടിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ അവർ വിഷമിച്ചു.ശക്തിയായി വലിച്ചുകൊണ്ടിരുന്നു അവൻ്റെ ശ്വാസഗതി വളരെ പതുക്കെ ആയി.
അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന അവർ ഉറക്കെ വിളിച്ചു.”,മേമൻ ……മേമൻ………….”
കുടകിലെ മലകൾ ആ വിളി ആവർത്തിച്ചു ,”മേമൻ ………..മേമൻ …….”

തുടരും)

.

ജോൺ കുറിഞ്ഞിരപ്പള്ളി

 

 നീലാകാശത്തണലിൽ
പിറ്റേന്ന് നേരം വെളുത്തപ്പോഴും ജസീക്ക ഉണർന്നില്ല. അവൾ നല്ല ഉറക്കത്തിലായിരുന്നു. കഴിഞ്ഞ രാത്രി മയക്കുമരുന്ന് കുത്തിവച്ചതിന്റെ ക്ഷീണമാണ്. അവളുടെ ബോധാവസ്ഥയിൽ തുണികൾ അഴിച്ച് മാറ്റി വാരിപ്പുണർന്ന് പല പ്രാവശ്യം ബലാത്കാരം ചെയ്തതോ തിരിച്ചു മറിച്ചും കിടത്തി നഗ്നഫോട്ടോകൾ എടുത്തതോ ഒന്നും അവൾ അറിഞ്ഞില്ല. തടിയൻ അകത്തേക്കു വന്നു. മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു.
കണ്ണുകൾ അവൾ വലിച്ചു തുറന്നു. നഗ്നയാണെന്ന് അപ്പോഴാണ് അവൾ മനസ്സിലാക്കിയത്. ഉടൻ അടുത്തു കിടന്ന പുതപ്പെടുത്ത് ശരീരം മൂടി. അയാൾ തലേന്ന് രാത്രിയിൽ ഷൂട്ടുചെയ്ത വീഡിയോ ദൃശ്യങ്ങൾ അവളെ കാണിച്ചു. അതുകണ്ടതോടെ അവൾ ശ്വാസം നിലച്ച മട്ടിലിരുന്നു.
ഇനി രക്ഷപെടാൻ ആവില്ല. ഇവരുടെ ആജ്ഞയ്ക്ക് അനുസരിച്ച് ജീവിക്കുക മാത്രമേ രക്ഷയുള്ളൂ. ഇല്ലെങ്കിൽ ഇൗ വീഡിയോ ലോകം മുഴുകെ കാണും. തന്റെ വീട്ടുകാർ അറിഞ്ഞാൽ അവർ ആത്മഹത്യ ചെയ്യും. അവൾ മാനസിക നില തകർന്നവരെപ്പോലെ പൊട്ടിച്ചിരിച്ചു. തടിമാടന്മാർ അന്തിച്ചു. ശരിക്കും ഇവൾക്ക് വട്ടായോ?
“”ഞാൻ ഇനി നിങ്ങൾ പറയുന്നതുപോലെ മാത്രം ചെയ്യൂ, എനിക്കൊരു കാപ്പി കൊണ്ടുവാടോ?”
പുതപ്പ് വലിച്ചുമാറ്റി യാതൊരു മടിയുമില്ലാതെ അവർക്കു മുന്നിലൂടെ അവൾ നഗ്നയായി കുളിമുറിയിലേക്ക് പോയി. ഷാഫി അടുക്കളയിൽ നിന്ന് അവളെ സൂക്ഷ്മതയോടെ നോക്കി. അവൾ എന്തോ തിരയുകയാണ്. നഗ്നചിത്രങ്ങളും വീഡിയോയും ആയിരിക്കും. ഷാഫി കാപ്പി അവൾക്ക് നല്കി.
“”ഇരിക്കെടോ” അവൾ ഷാഫിയോടായി പറഞ്ഞു. ഇത്രയും നേരം തങ്ങളെ അനുസരിച്ചിരുന്നവൾ ഇപ്പോൾ തന്നെ അനുസരിപ്പിക്കുന്നു. “”ഇന്നുമുതൽ നിന്നെത്തേടി പകലും രാത്രിയും ഒാരോ ഉന്നതന്മാർ എത്തിക്കൊണ്ടിരിക്കും. ആദ്യമെത്തുന്നത് ഒരു മന്ത്രിപുത്രൻ തന്നെയാണ്.”
“”നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കാം. പക്ഷെ നിങ്ങൾ എടുത്തിരിക്കുന്ന വീഡിയോ ചിത്രങ്ങൾ ആർക്കും കൈമാറരുത്. ”
ഷാഫി അവളുടെ ആഗ്രഹം അംഗീകരിച്ചു. അപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്.
“”ജസീക്കായ്ക്ക് എന്നെ വിശ്വസിക്കാം. ഇൗ കാര്യം ആരും അറിയില്ല. ജസീക്കയ്ക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ വാങ്ങിത്തരാം. ഇപ്പോൾ വീട്ടിലേക്ക് വിളിക്കാൻ എന്റെ ഫോൺ തരാം. പുതിയ കമ്പനിയിലാണ് ജോലി എന്ന് മാത്രം പറഞ്ഞാൽ മതി.”
ടി.വി. കണ്ടിരുന്ന ജസീക്കയോട് പറഞ്ഞു.
“”ജസീക്കാ ഒരു മണിക്കൂർ കഴിഞ്ഞാൽ മന്ത്രി പുത്രൻ ഇങ്ങെത്തും കെട്ടോ” അവൾ വെറുതെ മൂളുക മാത്രം ചെയ്തു. അവൾ എഴുന്നേറ്റ് മുകളിലെ വിരുന്നുകാരുടെ മുറിയിലേക്ക് നടന്നു.
ആദ്യമായാണ് അത്രയും ആഡംബരമായ മുറി കാണുന്നത്. ഷാഫിയ്ക്ക് അവളിൽ പൂർണമായ വിശ്വാസം വരുന്നില്ല. അടുത്തമാസം ഫാഷൻഷോയിൽ അവളെ പങ്കെടുപ്പിക്കാനാണ് സംഘം തലവന്റെ അറിയിപ്പ്. നല്ലൊരു മോഡലിനെ വരുത്തി വേണ്ട നിർദ്ദേശം കൊടുക്കണം.
മന്ത്രിപുത്രൻ വിലപിടിപ്പുള്ള ബൈക്കിലാണ് എത്തിയിരിക്കുന്നത്. ഹെൽമറ്റ് വച്ചിരിക്കുന്നതിനാൽ ആരും തിരിച്ചറിയില്ല. മന്ത്രിപുത്രൻ അകത്തുകേറിക്കഴിഞ്ഞാണ് തലയിൽ നിന്ന് ഹെൽമറ്റ് ഉൗരി മാറ്റിയത്. നാടൻ സുന്ദരിയെപ്പറ്റി മന്ത്രി പുത്രന് ഷാഫി വിശദീകരിച്ചു കൊടുത്തു. മേശപ്പുറത്തിരുന്ന സ്പ്രേ എടുത്ത് ശരീരമാസകലം പൂശിയിട്ട് മന്ത്രി പുത്രൻ അകത്തേക്കു നടന്നു.
ഒരു മാസത്തിനുള്ളിൽ ജെസീക്ക പ്രശസ്ഥയായ മോഡലും വേശ്യയുമായി പേരെടുത്തു. അതിലൂടെ അവൾ സമ്പന്നയായി. മയക്കുമരുന്നും മദ്യവും അവളുടെ ഉറ്റമിത്രങ്ങളായി. മകളുടെ ഭാവിയും വളർച്ചയും കണ്ട് വീട്ടുകാരും നാട്ടുകാരും സന്തോഷിച്ചു. ഇടയ്ക്ക് സിനിമയിലും അഭിനയിച്ചു. അപ്പോഴും സമ്പന്നന്മാർ അവളുടെ മാദകമേനി തേടിയെത്തിക്കൊണ്ടിരുന്നു.
അവളുടെ ഒാരോ നിമിഷങ്ങൾക്കും ലക്ഷങ്ങളുടെ വിലയാണ്. വേശ്യകളുടെ മാർക്കറ്റിൽ അവൾക്കാണ് ഏറ്റവും വില. വലിയ സമ്പന്നന്മാരാണ് അവളെ ലേലത്തിൽ പിടിക്കുന്നത്. “”കഴിഞ്ഞ പതിനാറു വർഷമായി ഞാനീ തൊഴിൽ ചെയ്യുന്നു.” അവൾ പറഞ്ഞു നിർത്തി. സിസ്റ്റർ കാർമേൽ അവളെ ആശ്വസിപ്പിച്ചു. വിശുദ്ധ ജീവിതം നയിച്ച സിസ്റ്റർ മറിയയുടെ ജീവിതകഥചുരുക്കി അവളോടു പറഞ്ഞു.

“പഴയകാലമല്ല രക്തബന്ധം തമ്മിലുള്ള വിവാഹം ശരിയാകില്ലെന്നാ വൈദ്യശാസ്ത്രം പറയുന്നത്. അതിനൊക്കെ തെളിവുമുണ്ട്.അതുകൊണ്ട് ഈ ബന്ധം നടക്കില്ലേ ഏട്ടാ…

“ഭാനുമതി നീയീ കാണിക്കുന്നത് ശരിയല്ല.കുട്ടിക്കാലത്ത് നമ്മൾ പറഞ്ഞുറപ്പിച്ചതാ ഇമയും തനിവും ഒന്നാണെന്ന്. ഇപ്പോഴത് അവരുടെ മനസ്സിൽ വേരുറച്ച് പോയിട്ടുണ്ട്. അവരെ തമ്മിൽ പിരിക്കരുത്”

അമ്മാവന്റെ അപേക്ഷ അമ്മയെ തെല്ലൊന്നും ഇളക്കിയില്ലെന്ന് ഞാൻ വേദനയോടെ കാണുന്നുണ്ടായിരുന്നു…അത്യാവശ്യം സാമ്പത്തികഭദ്രത വന്നതോടെ അമ്മയാളാകെ മാറിയിരിക്കുന്നു….

“അമ്മേ തനിവിനെയും എന്നെയും തമ്മിൽ പിരിക്കരുതേ..നിങ്ങൾ തന്നെയാണ് അവന്റെ സ്വന്തമെന്ന് പറഞ്ഞു പഠിപ്പിച്ചത്.ഇപ്പോൾ പെട്ടന്നിത് മാറ്റിപ്പറയുമ്പോൾ അകലാൻ പറ്റാത്തവിധമടുത്ത രണ്ടു പേരെ നിങ്ങൾ ജീവനോടെ പോസ്റ്റുമാർട്ടം ചെയ്യുകയാണ്..”

“നീ കൂടുതലൊന്നും പറയേണ്ട.ഞാനും നിന്റെ അച്ഛനും നിന്റെ ഭാവി ജീവിതം ഭദ്രമാക്കാനുളള ശ്രമത്തിലാണ്”

അതുകേട്ടെനിക്ക് അമ്മയെ പുച്ഛിക്കാനാണ് തോന്നിയത്….

“ഹും അച്ഛൻ പോലും.താലി കെട്ടിയ ഭർത്താവിനെ ഉപേക്ഷിച്ചു ഭാര്യയുളള മറ്റൊരുത്തനെ വലവീശിപ്പിടിച്ച നിങ്ങളെ ഞാൻ അമ്മേയെന്ന് വിളിക്കുന്നതിൽ ലജ്ജ തോന്നുന്നു. കൂടെയുളളവളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് സ്വന്തം മക്കളെയും ഉപേക്ഷിച്ച് അന്യനായായ ഒരുവന്റെ പിതൃത്വം ചുമക്കാൻ ശ്രമിക്കുന്നവനെ ഞാൻ അച്ഛനെന്ന് കരുതാനോ സാദ്ധ്യമല്ല”

“മോളേ നിർത്ത് അമ്മയെ വിഷമിപ്പിക്കരുത്”

അമ്മാവൻ അപ്പോഴും ചിന്തിച്ചത് സഹോദരിയെ മകൾ ബുദ്ധിമുട്ടിക്കുന്നതിനെ കുറിച്ചാണ്….

“നീയെന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കില്ല..ഏട്ടൻ ഇനിയും ഇവിടെ നിൽക്കണമെന്നില്ല”

ഇറങ്ങിപ്പോക്കൂവെന്ന് അമ്മ പറയാതെ പറഞ്ഞു അമ്മാവനോട്.അദ്ദേഹം തല കുമ്പിട്ട് നടന്നത് അകലുന്നതും നോക്കി ഞാൻ നിന്നു….

മൊബൈലിൽ വിളിച്ചു ഞാൻ തനിവിനോട് ഇവിടെ നടന്നതെല്ലാം അറിയിച്ചു. കൂടെയിറങ്ങി വരാമെന്ന് പറഞ്ഞിട്ടും തനിവിനു തണുപ്പൻ മട്ടായിരുന്നു…

“നിന്റെ അമ്മയും അച്ഛനും പറയുന്നത് അനുസരിക്കുക എന്നെ മറന്നേക്കൂ”

ഓർമ്മവെച്ച നാൾ മുതൽ കൂടെ നടന്നവൻ തന്നെയിങ്ങനെ പറഞ്ഞത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടും മരണത്തിനു പോലും തന്നെ വേണ്ടാ…..

ഇഷ്ടമില്ലാത്ത വിവാഹം കൊല്ലുന്നതിനു സമമാണ്. അമ്മയും രണ്ടാനച്ഛനും കൂടി തങ്ങളുടെ സ്റ്റാറ്റസിനു ചേർന്നൊരു ചെറുപ്പക്കാരനെ എനിക്കായി വിലയിട്ടു നിർത്തി…

ഈ വിവാഹത്തിനു എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞിട്ടു കൂടി പിന്മാറാൻ അയാൾ ഒരുക്കമല്ലായിരുന്നു…

ചിലപ്പോൾ എന്റെ സൗന്ദര്യത്തിൽ ഭ്രമിച്ചതാകാം അല്ലെങ്കിൽ ലഭിക്കാവുന്ന സ്വത്തുവകകളിലും….

വിവാഹം അടുക്കുന്തോറും എനിക്ക് ടെൻഷനേറി വന്നു…ഒരിക്കൽ കൂടി ഞാൻ തനിവിനെ ഫോൺ ചെയ്തു…

“പ്ലീസ് എനിക്ക് വയ്യ ഇഷ്ടമില്ലാത്തൊരാളുടെ കൂടെ ജീവിക്കാൻ”

എന്നാൽ അയാളുടെ വിവാഹവും ഉറപ്പിച്ചു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.എന്റെ വിവാഹത്തിന്റെ അന്ന് തന്നെ തനിവിന്റെയും വിവാഹം. ഗുരുവായൂർ അമ്പലനടയിൽ …ഏകദേശം എല്ലാം കൂടി ഒരെ സമയം മുഹൂർത്തം….

ഞാൻ ഒരിക്കലും കരുതിയിരുന്നില്ല തനിവിനു ഇങ്ങനെയൊരു മാറ്റാം.വാശി കാണിക്കാനുള്ളതല്ല ജീവിതം….

ചിന്തകൾക്ക് ഒടുവിൽ എന്റെ സർട്ടിഫിക്കറ്റുകളുമായി ഞാൻ നാട് വിട്ടു.. കൂട്ടുകാരിയുടെ സഹായത്തോടെ ദൂരെയുള്ള സ്കൂളിൽ ഞാൻ ടീച്ചർ ജോലി നോക്കി….

ഞാൻ നാടുവിട്ടത് വീട്ടിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു.എന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി….

“തനിവിന്റെ വീട്ടുകാർ എന്നെ തട്ടിയെടുത്തൂന്ന്”

അമ്മയുടെ ആങ്ങള, എന്നെ അവർക്ക് വേണ്ട പിന്നെയെന്തിനാ അവരെന്നെ തട്ടിയെടുക്കുന്നേ….

പോലീസുകാർക്ക് മുമ്പിൽ ഹാജരായ എന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല….

“സർ,ഞാനൊരു പ്രായപൂർത്തിയായ പെൺകുട്ടിയാണ്.എന്റെ കാര്യങ്ങൾ നോക്കാനും ചെയ്യാനും എനിക്ക് അറിയാം.അതിനുള്ള അവകാശവും ഉണ്ട്. അതുകൊണ്ട്……”

വാക്കുകൾ ഇടക്ക് നിർത്തി ഞാൻ എസ്സ ഐയെ നോക്കി.അദ്ദേഹത്തിന് കാര്യം മനസ്സിനായത് പോലെ കേസ് തീർപ്പാക്കി എന്നെ പോകാൻ അനുവദിച്ചു….

പിന്നെ വീട്ടുകാരുടെ ശല്യം എനിക്ക് ഉണ്ടായില്ല.ആരുടെയും.പലരുടേയും ഓർമ്മകളിൽ ഞാൻ മരിച്ചിരിക്കും.എന്റെ ഓർമ്മകളിൽ എല്ലാവർക്കും ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു….

എന്റെ ക്ലാസിലെ വിദ്യാർത്ഥികൾ എന്റെ മക്കളായി ഞാൻ കരുതി .അവർക്കു ഞാൻ അമ്മയും…

ഒരിക്കൽ എന്റെ ക്ലാസിലെയൊരു പെൺകുട്ടി ചോദിച്ചത് ടീച്ചർക്ക് എന്റെ അമ്മ ആകാമോന്ന്?

അവൾക്ക് എന്നോടുളള സ്നേഹം മനസ്സിലാക്കിയ ഞാൻ ആ മകളുടെ അമ്മയായി.അവളുടെ അച്ഛനു നല്ലൊരു സുഹൃത്തും…..

കാലങ്ങൾ കുറെയേറെ ഓടിമറഞ്ഞു..നാടൊക്കെ കാണാൻ കൊതി തോന്നി…ഞാനും മകളും എന്റെ സഹൃത്തും കൂടി നാട്ടിലേക്ക് പുറപ്പെട്ടു….

രണ്ടാമത്തെ ഭർത്താവ് അമ്മയെ ഉപേക്ഷിച്ചു.. അമ്മയുടെ പഴയ സൗന്ദര്യവും ഉടലഴകും നഷ്ടപ്പെട്ടതോടെ അയാൾ മറുതീരം തേടിയിരുന്നു.ഇപ്പോഴത്തെ എന്റെ അമ്മയുടെ അവസ്ഥയിൽ എനിക്ക് തെല്ലും പരിതാപം തോന്നിയില്ല.. എല്ലാം അവർ തന്നെ വില കൊടുത്തു വാങ്ങിയതാണ്….

നല്ലൊരു ബന്ധം തനിവിനു ലഭിച്ചതോടെ എന്നെ അകറ്റാൻ അമ്മയും അമ്മാവനും തനിവും കൂടി നടത്തിയ നാടകമായിരുന്നു .അമ്മയുടെ തുറന്നു പറച്ചിൽ എന്നെ ഞെട്ടിച്ചില്ല.എന്നെ അവർ വിൽക്കാഞ്ഞതിലെ എനിക്ക് അത്ഭുതമുള്ളൂ….

പിന്നീട് നേരെ പോയത് തനിവിന്റെ അടുത്താണ്. അമ്മാവൻ തളർന്നു കിടപ്പിലാണ്.തനിവിനെ ഭാര്യ ഉപേക്ഷിച്ചു ആരുടെ കൂടെയൊ പോയി.അവനു ജനിച്ച കുഞ്ഞ് ജന്മനാ വികലാംഗ ആയിരുന്നു….

നിന്നെ വേദനിപ്പിച്ചതിനു നീ തന്ന ശാപമാണിതെന്ന് പറഞ്ഞു തനിവ് എന്നിൽ ഭാരമിറക്കാൻ ശ്രമിച്ചു…..

“ശപിക്കാൻ ഞാൻ താപസനോ ദൈവമോ ഒന്നുമില്ല. എല്ലാം നിങ്ങൾ ചോദിച്ചു വാങ്ങിയതാണ് എന്നോടല്ല ഈശ്വരനോട്..ദൈവത്തിന്റെ വികൃതികളാണ് ചിലരുടെ ജനനങ്ങൾ. അതിനു രക്തബന്ധം എന്നൊന്നുമില്ല”

തനിവിനെ ഓർമ്മിപ്പിച്ചു കൊണ്ട് ഞാൻ ആ വീടിന്റെ പടിയിറങ്ങി… മടക്കയാത്രയിൽ എന്റെ തോളോട് ചേർന്നെന്റെ മോളും സ്നേഹത്തിന്റെ കരങ്ങൾ എനിക്ക് ഒരു സുരക്ഷയും നൽകുന്നുണ്ട്…

“വീട്ടിൽ ചെന്നിട്ട് ഏതെങ്കിലും അമ്പലനടയിൽ നിന്നൊരു താലികെട്ട്..നിങ്ങളുടെ കൈകൊണ്ട്”…

ഇത്രയും വർഷം എന്നോട് അനുമതി തേടിയിരുന്ന സ്നേഹിതന്റെ കണ്ണിനു വല്ലാത്തൊരു തിളക്കം….

ഒരുപാട് നാളത്തെ കാത്തിരിപ്പിനു തിരശ്ശീല വീണതിനാലാകും…..

രചന കടപ്പാട് : സുധീ മുട്ടം

ജോൺ കുറിഞ്ഞിരപ്പള്ളി

കടൽ കാറ്റിൻ്റെ തണുപ്പിൽ സ്നേഹത്തിൻ്റെ ,സൗഹാർദ്ദത്തിൻ്റെ മൂടുപടമണിഞ്ഞു നിൽക്കുന്നു തലശ്ശേരി എന്ന തുറമുഖ പട്ടണത്തിൽ ഒരു പ്രധാന വാർത്തയായി കുഞ്ചുവിൻ്റെ മരണം.

ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ സംഭവം

.പരസ്പര ബഹുമാനത്തോടെ പെരുമാറിയിരുന്ന സുഹൃത്തുക്കൾ മാത്രമായിരുന്നു അവർ.മണ്ണുവാരികളിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ ചിലപ്പോൾ അവർ തമ്മിൽ വഴക്കടിച്ചു.പരസ്പരം കളിയാക്കി,അറിയാവുന്ന കാര്യങ്ങൾ പഠനത്തിനിടയിലുള്ള വിശ്രമവേളകളിൽ ചർച്ച ചെയ്തു.അപരിചിതമായ ഒരു പുതിയ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു ആൻ മരിയയുടേത്.

ആൻ മരിയ ഒരിക്കൽ ചോദിച്ചു

,”കുഞ്ചു,ആർ യു മാരീഡ്?”

“നോ”.

“വൈ?”

വീട്ടിലെ പ്രാരാബ്ധങ്ങൾ ,ഒരു കുടുംബമായി ജീവിക്കാനുള്ള ബുദ്ധിമുട്ടുകൾ അവൻ വിശദീകരിച്ചു.അവൾ എല്ലാം ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസയോടെ കേട്ടിരിക്കും.

“നിനക്ക് ഗീതയെ വിവാഹം കഴിച്ചുകൂടെ?”

“പാടില്ല.ഞങ്ങൾ താഴ്ന്ന ജാതിയാണ്.”

“ജാതി?അതെന്താണ്?”

…………..

ഇന്ന് അവനില്ല.

ഇന്ത്യയിലെ ആചാരങ്ങൾ,ജാതി വ്യവസ്ഥകൾ എല്ലാം ആൻ മരിയക്ക് വളരെ താല്പര്യമുള്ള വിഷയങ്ങൾ ആയിരുന്നു.തിരുവിതാംകൂർ പ്രദേശങ്ങളിൽ ഈഴവ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ല എന്ന് കേട്ട് “ഇതെന്തു നിയമം?”എന്ന് ആശ്ചര്യപ്പെട്ടു.ആൻ മരിയയുടെ ചോദ്യങ്ങൾക്ക് പലപ്പോഴും മറുപടി പറയാൻ കുഞ്ചു വിഷമിച്ചു.

ദിവസവും എന്തെങ്കിലും ചോദ്യങ്ങൾ സംശയങ്ങൾ ആൻ മരിയയ്ക്ക് ഉണ്ടാകും.,”വാട്ട് ഈസ് ദാറ്റ് ?വാട്ട് ഈസ് ദിസ്?”

………

ആൻ മരിയ ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞു.ബ്രൈറ്റ് ഒന്നും മനസ്സിലാകാത്തതുപോലെ,ഇതൊന്നും തൻ്റെ വിഷയമല്ല,എന്ന ഭാവത്തിൽ നടന്നു.

പോലീസ് വന്നു

ഇൻക്വസ്റ്റും പോസ്റ്മാർട്ടവും നടന്നു.തലയിലെ മുറിവ് മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടു.

കുഞ്ചു കടൽ പാലത്തിൽ നിന്നും വീണു തലയിടിച്ചു ഉണ്ടായതാണ് മുറിവ് എന്ന നിഗമനത്തിൽ ഒരു അപകടമരണമാണ് എന്ന് എഴുതി.

ശങ്കരൻ നായർക്ക് അത് വിശ്വാസമായില്ല.

“കാൽ വഴുതി വീണാൽ അത് വെള്ളത്തിലേക്കല്ലേ വീഴുക?.ഇത്രയും മാരകമായ മുറിവ് തലയിൽ ഉണ്ടാകുമോ?”

പോസ്റ്റുമാർട്ടം നടത്തിയെങ്കിലും എല്ലാം കൃത്യമായി തയാറാക്കിയ ഒരു പരിപാടി മാത്രമായിരുന്നു. ഇന്ത്യക്കാരായ പോലീസ്‌കാർ ബ്രിട്ടീഷ്‌കാരനായ സ്റ്റേഷൻ ഓഫിസർ പറഞ്ഞതുപോലെ എല്ലാം ചെയ്തു.നായർക്ക് എല്ലാം മനസ്സിൽ ആകുന്നുണ്ടായിരുന്നു.ബ്രൈറ്റിൻ്റെ അദൃശ്യമായ കൈകൾ ഇതിന് പിന്നിലുണ്ട് എന്ന് നായർ വിശ്വസിച്ചു.

ശങ്കരൻ നായരെ സംബന്ധിച്ചിടത്തോളം തൻ്റെ വലം കയ്യാണ് നഷ്ടപെട്ടത്.ജോലിക്കാരുടെ ഇടയിലും മുറുമുറുപ്പ് ഉയർന്നു.എല്ലാവര്ക്കും സമ്മതനായ ചെറുപ്പക്കാരനായിരുന്നു കുഞ്ചു.പലരും ബ്രൈറ്റിൻ്റെ കൈ ഈ സംഭവത്തിന് പിന്നിൽ ഉണ്ട് എന്ന് വിശ്വസിച്ചു.എന്നാൽ അത് തുറന്നു പറയാൻ അവർ ഭയപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല.

ഇടക്ക് ഒന്നും അറിയാത്തതുപോലെ ബ്രൈറ്റ്‌ നായരോട് ചോദിച്ചു.

“വാട് ഹാപ്പെൻഡ് ടു കുഞ്ചു?”.അതൊരു കെണിയാണ്.കാര്യങ്ങളുടെ കിടപ്പ് സൂത്രത്തിൽ അറിയാനുള്ള ശ്രമമാണ്.

“ഒരു അപകടം പറ്റി.”ഒന്നും അറിഞ്ഞുകൂടാത്തതുപോലെ നായർ പറഞ്ഞു.

“ആർക്കും ഒന്നും മനസ്സിലായിട്ടില്ല.ഇഡിയറ്റ്സ് “. ബ്രൈറ്റ് മനസ്സിൽ പറഞ്ഞു.ഇന്ത്യക്കാർ വിഡ്ഢികളാണെന്ന് ബ്രൈറ്റ് വിശ്വസിക്കുകയും പറയുകയും ചെയ്യുമായിരുന്നു.

ഉടനെ തന്നെ നായർ പറഞ്ഞു,”ഒരു ഡബിൾ ബാരൽ ഗൺ ഉപയോഗിച്ച് ദൂരെ നിന്ന് വെടി വച്ചതുപോലെയുണ്ട് ആ മുറിവുകണ്ടാൽ.”

ബ്രൈറ്റിൻ്റെ മുഖം വലിഞ്ഞു മുറുകി.ദൃക്‌സാക്ഷികളില്ലെങ്കിലും വെടിയേറ്റാണ് കുഞ്ചു മരിച്ചതെന്ന് കണ്ടുപിടിക്കാൻ യാതൊരു വിഷമവുമില്ല.നായർക്ക് അത് മനസ്സിലായിട്ടുണ്ടാകുമോ?

“പക്ഷെ ,ഇത് വീണ് തലയടിച്ചു മുറിവുണ്ടായതാണ് എന്നാണ് ഡോക്ടർ പറയുന്നത് .”

ബ്രൈറ്റിന് ആശ്വാസമായി.നായർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

കുഞ്ചുവിൻ്റെ മരണം ആൻ മരിയയെ വല്ലാതെ ഉലച്ചുകളഞ്ഞു.അവരുടെ മനസ്സിൻ്റെ താളം തെറ്റിയതുപോലെ ആയി. വല്ലാത്ത ഒരു കുറ്റബോധം അവരെ പിടികൂടി.താൻ കാരണമാണ് ഇതെല്ലം സംഭവിച്ചതെന്ന് ആൻ വിശ്വസിച്ചു.എങ്കിലും ആൻ ഇടക്കിടക്ക് എന്തു തെറ്റാണ് താൻ ചെയ്തത് എന്നു ചോദിച്ചു കൊണ്ടിരുന്നു.

മാനസികമായി തളർന്ന അവർ ബംഗ്ളാവിന് പുറത്തിറങ്ങാതെയായി.ചില ദിവസങ്ങളിൽ കാലത്തു് എഴുന്നേറ്റ് കുളിച്ചു റെഡിയായി കളരിപ്പയറ്റിനുള്ള ഡ്രസ്സ് ധരിച്ചു അവൾ കാത്തിരിക്കും.

പിന്നെ വേലക്കാർ വന്നു നിർബ്ബന്ധിച്ചു കൂട്ടികൊണ്ടുപോകണം. ഒന്നും ചെയ്തില്ലെങ്കിലും കുറ്റ ബോധം അവരെ കീഴടക്കി.എന്തുകൊണ്ടോ താൻ കാരണമാണ് കുഞ്ചു മരിച്ചതെന്ന് അവർ വിചാരിച്ചു, അങ്ങിനെ വിശ്വസിച്ചു.

ഇത് ഒരു അപകടമരണമല്ല.ഈ മരണത്തിനുപിന്നിൽ ജെയിംസ് ബ്രൈറ്റ് ആണന്ന് അവർക്ക് ഉറപ്പായിരുന്നു.ആൻ മരിയയുടെ അവസ്ഥ ബ്രൈറ്റ് അറിയുന്നുണ്ടായിരുന്നു.ഒന്നും മനസ്സിലാകാത്തതുപോലെ അയാൾ അഭിനയിച്ചു.കാര്യങ്ങൾ തൻ്റെ നിയന്ത്രണങ്ങൾക്ക് പുറത്തുപോകുമോ എന്ന ഭയം ബ്രൈറ്റിനെ അലട്ടി.തനിക്കെതിരായി എല്ലാവരും തിരിഞ്ഞിരിക്കുന്നു എന്ന തോന്നലിൽ ബ്രൈറ്റ് കോട്ടിനടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന റിവോൾവറിൽ ധൈര്യം കണ്ടെത്തി.

ബ്രൈറ്റ് വേണ്ടിവന്നാൽ തന്നെയും കൊല്ലുമെന്ന് ആൻ ഭയന്നു.ഇംഗ്ലണ്ടിലേക്കുള്ള യാത്രക്ക് ഇനി മൂന്നാഴ്ച കൂടി കാത്തിരിക്കണം എന്നത് അവരെ വല്ലാതെ വിഷമിപ്പിച്ചു..

എത്രയും വേഗം തിരിച്ചുപോകണം.അതുമാത്രമായിരുന്നു ആൻ മരിയയുടെ മനസ്സിൽ.ഒരു കാലത്തു് തലശ്ശേരിയേയും അവിടുത്തെ ജനങ്ങളേയും വല്ലാതെ ഇഷ്ട്ടപെട്ട ആൻ മരിയയുടെ മനസ്സിൽ ഭയം നിറഞ്ഞൂ.

ശങ്കരൻ നായർ ആൻ മരിയയെ സമാധാനിപ്പിക്കാൻ പലതും പറഞ്ഞു നോക്കി.

പുറത്തിറങ്ങി നടക്കാനും സായാഹ്നങ്ങളിൽ ക്ലബ്ബിൽ പോകാനും നിർബ്ബന്ധിച്ചു.ഒരു കുഞ്ഞനിയത്തിയോടുള്ള സ്നേഹവും വാത്സല്യവും ആയിരുന്നു നായർക്ക് ആൻ മരിയയോട്.

പക്ഷെ എല്ലാം നിഷ്ഫലം ആയി.ടെൻഷൻ കൂടി കൂടി ഭക്ഷണംപോലും കഴിക്കാൻ വയ്യാത്ത അവസ്ഥയിലായി ആൻ .

എപ്പോഴും പാട്ടും ഡാൻസും എല്ലാമായി ജീവിതം ഒരു ആഘോഷമായി കൊണ്ടുനടന്ന ആൻ തികച്ചും മൗനിയായി മാറി, എല്ലാവരേയും ഭയത്തോടെ നോക്കി. സ്വന്തം നിഴലിനേപ്പോലും ഭയന്നു..

എല്ലാം കണ്ടും കേട്ടും സഹിക്കവയ്യാതെ നായർ അവരുടെ ഡോക്ടറെ വരുത്തി.പക്ഷെ ആൻ അവരെ കാണൻ വിസമ്മതിച്ചു.ടെൻഷൻ കുറയ്ക്കാൻ ഡോക്ടർ ഏതാനും മരുന്നുകൾ എഴുതിക്കൊടുത്തു.പക്ഷെ മരുന്നുകൾ ഒന്നും കഴിക്കാൻ ആൻ തയ്യാറല്ലായിരുന്നു.

ആൻ മരിയക്ക് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാനുള്ള കാത്തിരിപ്പ് അസഹനീയമായി തോന്നി.എന്ത് ചെയ്യണം എന്നറിയാതെ നായരും വിഷമിച്ചു.ആൻ മരിയയെ അന്വേഷിച്ച് ജൂലി ടുബിയോസ് ബാസൽ മിഷനിൽ നിന്നും വന്നു. പക്ഷേ ആൻ അവരെ തിരിച്ചറിഞ്ഞില്ല.,യാതൊരു താല്പര്യവും കാണിച്ചില്ല.

ഒരു ദിവസം ആൻ മരിയയെ കാണാതായി.

വേലക്കാർ അവരെ അന്വേഷിച്ചു നടന്നു.മടുത്തപ്പോൾ ശങ്കരൻ നായരെ വിവരം അറിയിച്ചു.നായർ സ്വന്തം നിലക്ക് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടാതായപ്പോൾ ബ്രൈറ്റിനെ വിവരം അറിയിച്ചു.അയാൾ അത് കേട്ടതായി ഭാവിച്ചതേയില്ല.

ജോലിക്കാരും നായരും കൂടി ബംഗ്ലാവിലും പരിസര പ്രദേശങ്ങളിലും തേടി നടന്നു.ഏതാനും ആളുകളെ നഗരത്തിലും കടൽ തീരത്തും അന്വേഷിക്കാൻ അയച്ചു.യാതൊരു വിവരവും കിട്ടാതെ അവർ തിരിച്ചു വന്നു.

അവസാനം അടച്ചിട്ട ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് വാതിൽപൊളിച്ചു് അകത്തു കയറി നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു് ആൻ മരിയ ബാത്ടബ്ബിൽ കിടക്കുന്നു.മരിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞിരുന്നു.

ഇംഗ്ലണ്ടിലേക്ക് പോകാൻ ഇനി ഒരാഴ്ചയേ ഉണ്ടായിരുന്നുള്ളു. കാത്തിരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

കയ്യിലെ രക്തകുഴലുകൾ മുറിച്ചു് ആൻ മരിയ ആത്മഹത്യ ചെയ്യുകയായിരുന്നു.

വിവരം അറിഞ്ഞിട്ടും ജെയിംസ് ബ്രൈറ്റ് അനങ്ങിയില്ല.ഇതെന്ത് മനുഷ്യൻ?ജോലിക്കാർ തമ്മിൽ തമ്മിൽ പറഞ്ഞു.

എപ്പോഴും ശബ്ദമുഖരിതമായിരുന്ന ബംഗ്ലാവിൽ നിശ്ശബ്ദത ഘനീഭവിച്ചു.മരണത്തിൻ്റെ ഗന്ധവുംപേറി ഒരു വലിയ ശവകുടീരംപോലെ ആയി ആ ബംഗ്ലാവ്.ജോലിക്കാരെ സംബന്ധിച്ചിടത്തോളം ഓടിച്ചാടി അവരുടെക്കൂടെ കളിച്ചുരസിച്ചു നടന്ന അവരുടെ മാഡം ഇനി തിരിച്ചുവരില്ല എന്ന അറിവ് അസഹനീയമായിരുന്നു.

ആരോടും യാത്ര പറയാതെ അവരുടെ ആൻ മാഡം പോയി.

നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബ്രൈറ്റിന് താല്പര്യമില്ലാത്തതുകൊണ്ട്

ആൻ മരിയയുടെ ബോഡി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയില്ല.പ്രകാശം മങ്ങിത്തുടങ്ങിയ ഒരു സായാഹ്നത്തിൻറെ നഷ്ടം പോലെ തലശ്ശേരിയിലെ ആംഗ്ലോ ഇൻഡ്യൻ സിമിത്തേരിയിൽ അവൾ തനിച്ചു് ഉറങ്ങി.

എപ്പോഴും തൻ്റെ പിറകെ “മിസ്റ്റർ നായർ”, എന്നും വിളിച്ചു ഓടി നടന്ന ആൻ ഇനി തിരിച്ചുവരില്ല എന്നോർക്കുമ്പോൾ നായരുടെ കണ്ണുകൾ നിറയും.ശങ്കരൻ നായരുടെ മകൾ ഗീതയെ വലിയ കാര്യമായിരുന്നു ആൻ മരിയയ്ക്ക്.ഇടക്കിടക്ക് മകളെക്കുറിച്ചു് നായരോട് ചോദിച്ചുകൊണ്ടിരിക്കും.ഇന്ന് എല്ലാംവേദനിപ്പിക്കുന്ന ഓർമ്മകൾമാത്രമായി..

എല്ലാവർക്കും എല്ലാം അറിയാമായിരുന്നുവെങ്കിലും ആരും ഒന്നും അറിയാത്ത രീതിയിൽ പെരുമാറി.

ഇപ്പോൾ പഴയതുപോലെ നായരും ബ്രൈറ്റും സായാഹ്നങ്ങളിൽ നടക്കാൻ ഒന്നിച്ചു് പോകാറില്ല.ചിലപ്പോൾ ബ്രൈറ്റ് നാരായണൻ മേസ്ത്രിയെ കൂടെ കൂട്ടും.അല്ലെങ്കിൽ പട്ടണത്തിലേക്കോ തലശ്ശേരിയിലെ കടൽപ്പാലത്തിലേക്കോ തനിച്ചു പോകും.

ഇരുട്ടിൻ്റെ നിഴലുകൾ വീണുതുടങ്ങിയ ഒരു സായാഹ്നത്തിൽ നായർ ആൻ മരിയയെ സംസ്കരിച്ച ആംഗ്ലോ ഇന്ത്യൻ സിമിത്തേരിക്ക് മുൻപിലൂടെ തൻ്റെ വീട്ടിലേക്ക് നടന്നു.അവിടെ മങ്ങിയ വെളിച്ചത്തിൽ ആരോ ആൻ മരിയയുടെ കല്ലറക്ക് മുൻപിൽ നിൽക്കുന്നു.നായർ റോഡിൽ ഒരരികിലേക്ക് മാറി നിന്നു.നായർ ഞെട്ടിപ്പോയി.

അതെ ,അത് ജെയിംസ് ബ്രൈറ്റ് ആണ്.

അയാൾ കരയുകയാണ്.

അയാൾക്ക്‌ ഭ്രാന്താണോ?

എന്ത് തരം സ്വഭാവമാണ് ഇയ്യാളുടേത്.?.

അല്പസമയം കഴിഞ്ഞു ജെയിംസ് ബ്രൈറ്റ് പുറത്തേക്കു പോയി.നായർക്ക് ആൻ മരിയയുടെ കല്ലറയുടെ അടുത്തേക്ക് പോകണം എന്ന് തോന്നി.

അവിടെ ഭംഗിയായി കല്ലറയിൽ എഴുതി വച്ചിരിക്കുന്നു.

ആൻ മരിയ ബ്രൈറ്റ്.

ജനനം……

എന്തോ ഒരു വികാരത്തള്ളലിൽ അവിടെ അടുത്ത് ഇളകി കിടന്നിരുന്ന ആരുടെയോ ഒരു ശിലാഫലകം നായർ പൊക്കി എടുത്തു.ആൻ മരിയയുടെ കല്ലറയിൽ എഴുതി വച്ചിരുന്ന ബ്രൈറ്റ് എന്ന വാക്ക് ആ ശിലാഫലകം കൊണ്ട് നായർ മറച്ചു. കുറച്ചു ദൂരേക്ക് മാറി നിന്നു നോക്കി.ഇപ്പോൾ ബ്രൈറ്റ് എന്ന വാക്ക് ആരും കാണില്ല.

നായർ ഒരു കിതപ്പോടെ പുറത്തേക്ക് നടന്നു.

കണ്ണുനീർ കൊണ്ട് കാഴ്ചകൾ മറയുന്നു.

ഇരുട്ടിൻ്റെ മൂടുപടം തലശ്ശേരി പട്ടണത്തെ മൂടി. നായർ നടന്നു വീട്ടിലേക്ക്.

വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തുപറയാൻ?

ശങ്കരൻ നായർ അപ്പോൾ അറിഞ്ഞില്ല താൻ ഒരിക്കൽക്കൂടി മറ്റൊരു സ്ഥലത്തു് ഒരു ശിലാഫലകം സ്ഥാപിക്കേണ്ടിവരും എന്ന്……..

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

 

ഉണര്‍വ്വ്

ലൂക്കാസ് മുറിക്കുള്ളിലെത്തിയവരോട് രഹസ്യമായി സംസാരിച്ചിട്ട് ഒരാള്‍ക്കൊപ്പം പുറത്തേക്കു നടന്നു. മറ്റെയാള്‍ കതകടച്ചു കുറ്റിയിട്ടു. ബാത്‌റൂമില്‍ ജെസ്സിക്ക തലചുറ്റി നിമിഷനേരമിരുന്നു. ബോധം വീണ്ടുകിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഓര്‍ത്തു. ജീവിതം ശരീരം വിറ്റ് സുഖിക്കണോ അതോ ആത്മഹത്യ ചെയ്യണോ? വിധിയുടെ ക്രൂരവിനോദമാണ് മുന്നിലുള്ളത്. തന്റെ വികാരം ഇതു രണ്ടിലുമല്ല. എങ്ങിനെയെങ്കിലും ഇവിടെനിന്ന് രക്ഷപെടണം. രക്ഷപെട്ടാല്‍ സംഭവിച്ചതെല്ലാം പുറംലോകത്തോട് വിളിച്ചുപറയാന്‍് സാധിക്കും. ആത്മഹത്യ ചെയ്യാന്‍ താനൊരു മണ്ടിയല്ല. എങ്ങിനെയും രക്ഷപെടാനുള്ള വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. ഫോണ്‍ പോലും ലൂക്കോസിന്റെ കൈകളിലാണ്.
കുളിമുറിയില്‍ പോയി തളര്‍ന്ന് വാടിയ മുഖം കഴുകി മുറി തുറന്ന് പുറത്തേക്കു വന്നു. അപ്പോള്‍ മുറിയിലേക്ക് ഒരാള്‍ കയറി വന്നു. അയാളുടെ കയ്യില്‍ ക്യാമറ ഉണ്ടായിരുന്നു. “”ഇയാള്‍ ആരാണ്? ലൂക്കാസ് എവിടെപ്പോയി?” പുതുതായി ഓരോരുത്തര്‍ മുന്നില്‍ പ്രത്യക്ഷപ്പെടുകയാണ്. ഈ തടിമാടന്‍ തന്റെ കാവല്‍ക്കാരനാണോ? അയാളോടു ചോദിച്ചു
“”നിങ്ങള്‍ ആരാണ്?”
“”ഇനിയും ഞങ്ങളാണ് നിന്റെ രക്ഷകര്‍” പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു.
“”എന്റെ സുഹൃത്ത് നിനക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തു പോയിരിക്കയാണ്. ഇപ്പോള്‍ വരും. നിനക്ക് ഒരു കുറവും വരുത്തെരുതെന്നാണ് മുകളില്‍ നിന്നുള്ള ഉത്തരവ്. അഥവാ നീ എന്തെങ്കിലും തരികിട കാണിച്ചാല്‍ കൊന്നു കളഞ്ഞേക്കാനും പറഞ്ഞിട്ടുണ്ട്.
പിറകില്‍ കരുതിയ തോക്കെടുത്ത് അവളെ കാണിച്ചു. “”മര്യാദയ്ക്ക് ഞങ്ങളെ അനുസരിച്ച് ജീവിച്ചാല്‍ നിനക്ക് നല്ലത്. ”
അത്രയും കേട്ടയുടനെ ഹൃദയം മിടിച്ചു. ഉള്ളില്‍ ഭയം നിറഞ്ഞു. വിലക്കപ്പെട്ട വഴിയില്‍ സഞ്ചരിക്കാനും മറ്റുള്ളവരെ അനാവശ്യമായി അനുസരിക്കാനുമൊക്കെ നല്കുന്ന സൂചനകള്‍ ഞാനൊരു വേശ്യയായി ജീവിക്കണമെന്നുള്ളതാണ്. അതിന്റെ സാധ്യതകളാണ് മുന്നില്‍ തെളിയുന്നത്. ഇവരൊക്കെ പെണ്‍വാണിഭവുമായി ബന്ധപ്പെട്ടവരെന്ന് തോന്നുന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ചിന്തിക്കാത്ത, കാലെടുത്തു കുത്താന്‍ ആഗ്രഹിക്കാത്ത ഒരു വഴിയിലൂടെയാണ് തന്റെ കാലുകള്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. എന്നെ തോല്പിച്ച് കീഴടക്കാനുള്ള എല്ലാ പദ്ധതികളും ഇവരുടെ കൈവശമുണ്ട്.
ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന ഈ കളങ്കത്തില്‍ നിന്നും എനിക്ക് രക്ഷപെടണം. ഇല്ലെങ്കില്‍ ഭാവി ഇരുട്ടിലാകും. ഇവിടെ ഒരിക്കലും താന്‍ സുരക്ഷിതയല്ല. ആലോചിച്ചിരിക്കെ കതകില്‍ ആരോ മുട്ടുന്നതുകേട്ടു. താടിയും മുടിയുമുള്ള മറ്റൊരുത്തന്‍ ഭക്ഷണപൊതികളും മദ്യക്കുപ്പിയുമായി അകത്തു കടന്ന് കതക് അടച്ചു.
“”അകത്തേക്കു നടക്കെടീ” ഭയത്തോടെ അവരെ അനുസരിക്കുകയേ പറ്റുമായിരുന്നുള്ളൂ.
മേശയില്‍ ഭക്ഷണപ്പൊതികള്‍ തുറന്നുവച്ചു. ഒരുത്തന്‍ ഫ്രിഡ്ജില്‍ നിന്ന് ഐസ് കട്ടകളെടുത്ത് വച്ചു. മറ്റൊരാള്‍ അകത്തുനിന്നും ഗ്ലാസുകളും പാത്രങ്ങളുമായിട്ടെത്തി. മദ്യം ഗ്ലാസ്സില്‍ പകര്‍ന്നിട്ട് അവളോട് ചോദിച്ചു “”നിനക്കു വേണോ”
“”വേണ്ട” അവള്‍ പറഞ്ഞു
“”വേണ്ടെങ്കില്‍ വേണ്ട, പിന്നെ വൈന്‍ വാങ്ങാം, ഇപ്പോള്‍ ഭക്ഷണം കഴിക്ക്”
വിശപ്പും ദാഹവും വല്ലാതെ അലട്ടിയിരുന്നു. അവര്‍ മദ്യത്തിലും കോഴിക്കാലിലും ആഹ്ലാദഭരിതരായിരിക്കേ അവള്‍ ഭക്ഷണം കഴിച്ചു. ഇടയ്ക്ക് അവളെ നോക്കി അവര്‍ അര്‍ത്ഥം വച്ചു ചിരിച്ചു. ജെസിക്കായ്ക്കുള്ളില്‍ ഭയം ഏറി വന്നു. ഇവര്‍ കൂടി തന്നെ ബലാത്സംഗം ചെയ്യുമോ? ഉള്ളില്‍ പേടി ഏറി വരികയാണ്. മദ്യം അകത്തായിക്കഴിഞ്ഞപ്പോള്‍ അവര്‍ ഉച്ചത്തില്‍ സംസാരിക്കാനും തുടങ്ങി.
നീണ്ട മുടിയുള്ളവന്‍ അവളെ കാമദാഹത്തോടെ നോക്കി. അവര്‍ തന്നെ ഒരു വേശ്യയായി കണ്ടു കഴിഞ്ഞു. തികച്ചും അപ്രതീക്ഷിതമായി തന്റെ ജീവിതം മാറിമറിഞ്ഞിരിക്കുന്നു. മനസ്സാകെ മ്ലാനമാണ്. ഇവര്‍ കുടിച്ച് ബോധരഹിതരായിരുന്നെങ്കില്‍ എങ്ങിനെയെങ്കിലും രക്ഷപെടാമായിരുന്നു. തന്റെ ഫോണും അവരുടെ കയ്യിലാണ്. ഇവിടെ കിടന്ന് അലറിവിളിച്ചാലും ആരും കേള്‍ക്കില്ല. എങ്ങിനെയും മടങ്ങണം. അതിനുള്ള ഊര്‍ജ്ജം സംഭരിക്കയാണ് വേണ്ടത്. അവള്‍ കൈ കഴുകാന്‍ എണീറ്റപ്പോള്‍ അവരും കൂടെയെത്തി. അവള്‍ വന്ന് കട്ടിലില്‍ ഇരുന്നപ്പോള്‍ ഒരുത്തന്റെ പോക്കറ്റില്‍ കിടന്ന അവളുടെ ഫോണ്‍ ബെല്ലടിച്ചു. അവളുടെ കയ്യിലേക്ക് ഫോണ്‍ എടുത്തുകൊടുത്തിട്ട് പറഞ്ഞു “”ഇവിടെ സുഖായിരിക്കുന്നു എന്നു മാത്രം പറയുക”
അമ്മയാണ് വിളിച്ചത്. സ്‌നേഹത്തോടെ അമ്മ സംസാരിക്കുമ്പോള്‍ ഒരു കുഴപ്പവുമില്ലാത്ത രീതിയിലാണ് മറുപടി നല്കിയത്. അമ്മയ്ക്കറിയില്ലല്ലോ ഞാന്‍ ഈ ഭീകരന്മാരുടെ കയ്യില്‍ അകപ്പെട്ട കാര്യം. അമ്മയുടെ അവസാനത്തെ വാക്കായിരുന്നു. “”മോടെ എല്ലാ വിജയത്തിനും കാരണം ദൈവമാണ്.” അയാള്‍ അവളില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി മടങ്ങിപ്പോയി. അവള്‍ വിങ്ങിപ്പൊട്ടി കരഞ്ഞു.
പടിഞ്ഞാറേ ചക്രവാളത്തില്‍ സൂര്യന്‍ പുഞ്ചിരിച്ചു. ഒരാള്‍ മുറിക്കുള്ളില്‍ നിന്ന് മണമുള്ള സ്‌പ്രേ അടിച്ചപ്പോള്‍ മറ്റൊരാള്‍ അടുക്കളയില്‍ പോയി കാപ്പി ഇട്ടിട്ടു വന്നു. ജെസീക്കയ്ക്ക് കാപ്പി കൊടുത്തിട്ട് പറഞ്ഞു.
“” കാപ്പി കുടിച്ചിട്ട് പോയി കുളിച്ചു വരിക” അവള്‍ ആശങ്കയോടെ ചോദിച്ചു. “”നിങ്ങള്‍ക്കെന്നേ വെറുതെ വിട്ടൂടെ” അയാള്‍ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു “”ഇന്നു മുതല്‍ നിന്റെ ശമ്പളം ആരംഭിച്ചു കഴിഞ്ഞു. ആ തുക ഒരിക്കലും നീ കാണാത്തതാണ്. ഇനിയും ഞങ്ങള്‍ പറയുന്നത് അനുസരിച്ച് ജീവിക്കുക. ഞങ്ങളും തൊഴിലാളികള്‍ മാത്രമാണ്.
കാപ്പി കുടി കഴിഞ്ഞവള്‍ കുളിക്കാനായി കുളിമുറിയിലേക്ക് പോയി.
അവള്‍ വിഷമത്താല്‍ കരഞ്ഞുപോയി. രണ്ടുപേരും ഇടത്തും വലത്തും നില്ക്കുകയാണ്. എങ്ങിനെ രക്ഷപെടും. കുളിമുറിയിലെ കണ്ണാടിയിലേക്ക് നോക്കി. കണ്ണുകള്‍ ചുവന്നും കണ്‍പോളകള്‍ വീര്‍ത്തുമിരുന്നു. കണ്ണാടിയില്‍ നോക്കി. ശരീരത്തിലേക്ക് വെള്ളം വീണപ്പോള്‍ വളരെ ആശ്വാസം തോന്നി. ഷവര്‍ ശരീരത്തിലേക്ക് പെയ്തുകൊണ്ടിരിക്കെ കതക് തള്ളിത്തുറന്ന് നീളന്‍മുടിക്കാരന്‍ അകത്തേക്കു വന്നു.
തുണിയെടുത്ത് നഗ്നശരീരം മറയ്ക്കാന്‍ ഒരു ശ്രമം നടത്തി. അയാള്‍ ആ തുണികള്‍ വലിച്ചെറിഞ്ഞു. അവളുടെ സുന്ദരമായ ശരീരത്തെ അയാളുടെ കണ്ണുകള്‍ കൊത്തിവലിച്ചു. ഇതിനുമുമ്പൊരിക്കലും ഇതുപോലൊരു സുന്ദരിയെ കണ്ടിട്ടില്ല. അയാള്‍ അവളെ വലിച്ചടുപ്പിച്ചു. അവള്‍ വിറയ്ക്കാന്‍ തുടങ്ങി. അവള്‍ ഒന്നും ചെയ്യല്ലേന്ന് അപേക്ഷിച്ചു. അയാള്‍ അവളുടെ മുടിക്കു കുത്തിപ്പിടിച്ച് ക്രൂദ്ധനായി പറഞ്ഞു “”അനുസരിച്ചാല്‍ മതിയെന്ന് നിന്നോട് പറഞ്ഞിട്ടില്ലേടീ” അയാള്‍ അവളെ ചുംബിച്ചു.
പൂത്തുലഞ്ഞ അവളുടെ ശരീരത്ത് അയാളുടെ വിരലുകള്‍ തത്തിക്കളിച്ചു. അവള്‍ വേദന കടിച്ചമര്‍ത്തി നിന്നു. ഇനിയും ലോകമെന്നെ വിളിക്കുന്നത് അഭിസാരികയെന്നാണ്. പരാക്രമം കഴിഞ്ഞ് അയാള്‍ പുറത്തുപോയി. അവള്‍ ഷവര്‍ തുറന്നു. വെള്ളത്തിനൊപ്പം കണ്ണീരും കുതിച്ചൊഴുകി. വസ്ത്രം ധരിച്ച് പുറത്തിറങ്ങി മുറിയിലെത്തി. നീണ്ട മുടിക്കാരന്‍ ഒന്നു വക്രിച്ച് ചിരിച്ചു. അയാളെ വെട്ടി അരിയാനുള്ള പക ഉള്ളിലുണ്ട്.
“”എടാ നാറീ നിന്റെ വീട്ടില്‍ അമ്മയും പെങ്ങളും ഒന്നുമില്ലേടാ, അവരോടും നീ ഇങ്ങനെയാണോടാ പെരുമാറുന്നത്. ഞാനൊരു വേശ്യയായി ജീവിക്കാനല്ല ഇവിടെ വന്നത്. അതിനൊക്കെ നിന്റെ അമ്മയെയും പെങ്ങളെയും വിടെടാ, ദുഷ്ടാ”
അവളുടെ അലര്‍ച്ച കേട്ട് അയാള്‍ അമ്പരന്നു.
അവളെ അടിക്കാന്‍ അവന്‍ ഓടിയെത്തി.
“”തൊട്ടുപോകരുത് എന്നെ”
അവള്‍ ഗര്‍ജ്ജിച്ചു.
പുറത്തേക്കു പോയവന്‍ തിരികെയെത്തി.
അയാളുടെ കൈവശം അവള്‍ക്കുള്ള ഡ്രസ്സുകളും മേക്കപ് സാധനങ്ങളും ഒക്കെ ഉണ്ടായിരുന്നു. “”നിനക്ക് ഒന്നിനുംകുറവ് വരുത്തെരുതെന്നാണ് മോളില്‍ നിന്നുള്ള ഓര്‍ഡര്‍. ഞങ്ങളും നിന്നെപ്പോലെ തൊഴിലാളികള്‍ തന്നെ. അതുകൊണ്ട് ഞങ്ങളെ നീ അനുസരിക്കണം. നിന്നെപ്പോലെ ധാരാളം പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്യുന്നു. എന്നിട്ടെന്തായി. പച്ചനോട്ടുകളുടെ മുന്നില്‍ ഒന്ന് ചുണ്ടനക്കാന്‍പോലും ഇപ്പോള്‍ മടിയാണ്. ഇതൊക്കെ നിന്റെ തലവിധിയായി മാത്രം കണ്ടാല്‍ മതി.” അയാള്‍ വീണ്ടും തുടര്‍ന്നു.
“”കുറെ കരഞ്ഞില്ലേ? നിന്നെ സന്ദര്‍ശിക്കാനെത്തുന്നത് വെറും വായിനോക്കികളല്ല. ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന കുബേരന്മാരാണ്. നീ ഇപ്പോള്‍ അനുഭവിക്കുന്നത് സ്ത്രീത്വത്തിന് ഏല്ക്കുന്ന അപമാനമാണ്. പക്ഷെ! നിനക്കത് കണക്കില്‍ കവിഞ്ഞ വരുമാനമാണത്.
അയാള്‍ വീണ്ടും പറഞ്ഞു.
“”നിന്റെ അടുക്കല്‍ വരുന്നവര്‍ ആനന്ദം കണ്ടെത്താന്‍ വരുന്നവരാണ്. അതുകൊണ്ട് എന്റെ സുഹൃത്തിനോട് പറഞ്ഞതുപോലെ ഇനിയും സംസാരിക്കരുത്. കാരണം ഈ പാളയത്തിലേക്ക് കൊണ്ടുവന്നത് ഞങ്ങളല്ല. ഞാനിത്രയും പറഞ്ഞത് നിന്റെ അറിവിന് വേണ്ടിയാണ്. ഞങ്ങളുടെ ജോലി ഈ രംഗത്ത് വരുന്ന സ്ത്രീകളെ ലൈംഗികമായി പരിശീലിപ്പിക്കുക, കള്ളനോട്ടുകള്‍ വിറ്റഴിക്കുക എന്നതാണ്. ഈ രണ്ടു രംഗത്തും ഞങ്ങള്‍ക്കൊപ്പം നിന്നെപ്പോലുള്ള പെണ്‍കുട്ടികളുണ്ട്.
ജസീക്കയുടെ ചിന്തകള്‍ കാടു കയറി. രാത്രി എങ്ങിനെയും രക്ഷപെടണം. അവരെ മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി ഒരുപോള കണ്ണടയ്ക്കാതെ രക്ഷപെടണം. അവള്‍ അവര്‍ കൊണ്ടുവന്ന പുതുവസ്ത്രം ധരിച്ചു. ഉള്ളിലുള്ളതൊക്കെ മറച്ചുവച്ച് അവരോട് ഇടപെട്ടു. ഭക്ഷണത്തിനൊപ്പം വൈന്‍ കുപ്പിയും മേശപ്പുറത്തു വച്ചു. പെട്ടെന്നുണ്ടായ ഭാവമാറ്റത്തില്‍ അവര്‍ക്ക് സംശയംഉണ്ടായില്ല. അവള്‍ കാര്യങ്ങള്‍ മനസ്സിലാക്കി എന്നവര്‍ ധരിച്ചു. അവള്‍ സന്തോഷവതിയായി അവര്‍ക്ക് വീണ്ടും വീണ്ടും മദ്യം ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നു.
“”വേണ്ട, ഇതൊന്നും നിന്റെ ജോലിയുടെ ഭാഗമല്ല. നീ ഇരുന്ന് കഴിക്ക്” മനസ്സില്ലാമനസ്സോടെ ഇരുന്ന് ഭക്ഷണം കഴിച്ചു. അവള്‍ ശ്രൃംഗാരത്തോടെ അവരുടെ അടുത്ത് ചെന്ന് ഒരു പെഗ് കൂടി എന്ന് പറഞ്ഞ് ഗ്ലാസിലേക്ക് മദ്യം പകര്‍ന്നു.
അവര്‍ മൗനമായി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സില്‍ പ്രതികാരം ആളിക്കത്തുകയായിരുന്നു. ഈ രാത്രി തന്നെ രക്ഷപെടണം.
പൊണ്ണത്തടിയന്‍ അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി. അവളുടെ നേര്‍ക്ക് ഏതാനും ഗുളികള്‍ നീട്ടിക്കൊണ്ട് പറഞ്ഞു “”ഇത് ഗര്‍ഭനിരോധന ഗുളികകളാണ്. അല്ലെങ്കില്‍ നിനക്ക് പ്രസവിക്കാനേ നേരം കാണൂ.” അവള്‍ ഗുളികകള്‍ വാങ്ങി. നീണ്ട മുടിയുള്ളവന്‍ ഫ്രിഡ്ജില്‍ നിന്ന് മയക്കുമരുന്ന് നിറച്ച സിറിഞ്ച് എടുത്തിട്ട് പറഞ്ഞു.
“”ഇതിന്റെ സുഖം നിനക്ക് അറിയില്ല. അതൂടെ അനുഭവിക്ക്” അവര്‍ അവളെ ബലാത്ക്കാരമായി പിടിച്ച് സിറിഞ്ച് അവളുടെ തുടയിലേക്ക് കുത്തിയിറക്കി. ആ രാത്രി തടിയന്റെ ഊഴമായിരുന്നു.

രാജു കാഞ്ഞിരങ്ങാട്

വരയ്ക്കുന്നുണ്ട് ഒരാൾ
ജീവിത ചിത്രം
പാടത്തും, പറമ്പിലും.
പെരുമ്പാമ്പുപോലെ നീണ്ടു –
വളഞ്ഞ വഴി മൂടി കിടക്കുന്ന
തൊട്ടാവാടികളും, തുമ്പച്ചെടികളും
മാടിയൊതുക്കുന്നുണ്ട്
പച്ചച്ചായം പോലെ നുള്ളിനുള്ളി –
വെയ്ക്കുന്നുണ്ട്
തകര താളാം ചപ്പിൽ
തോട്ടരികിലെ ചാലിലൂടെ
ഒഴുകി വരുന്ന കവിതയെ
തിരിച്ചുവിടുന്നുണ്ട്
പല കൈവഴികളായി
പാവലിൽ, വെണ്ടയിൽ വരച്ചു
ചേർക്കുന്നുണ്ട്
പൂവിൻ ചിത്രങ്ങൾ
കവിതാക്ഷരമായ് വിരിഞ്ഞു
നിൽപ്പുണ്ട് കായകൾ
ഒരു മരം വരച്ചു ചേർത്തിരിക്കുന്നു
താഴെ തണൽ
വിയർപ്പു വരച്ച ഉപ്പിൻ ചിത്രം
ഒപ്പിയെടുക്കുന്നു അയാൾ
വാഴക്കൂമ്പിൽ ഉഞ്ഞാലാടുന്നു
അണ്ണാൻ
പൊട്ടിയ സ്ലേറ്റിൽ കണക്കുമാഷ്തന്ന
മൊട്ട പോലെ
വിണ്ടനിലത്ത് ചാഞ്ഞു കിടക്കുന്നു
മത്തൻ
മഞ്ഞവെയിൽ പടിഞ്ഞാട്ടെ കുന്നിറ-
ങ്ങുന്നു
തൊടിയിലൊരാൾ വരച്ച ചിത്രത്തിന്റെ
മിനുക്ക് പണിയിലാണ്

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

Email – [email protected]

 

ജോൺ കുറിഞ്ഞിരപ്പള്ളി

മരണം ഒരു വിളിപ്പാടകലെ എന്ന തിരിച്ചറിവിൽ നാരായണൻ മേസ്ത്രിയും മാറ്റുരണ്ടുപേരും അലറിക്കരഞ്ഞു.
കടുവകൾ അവരുടെ അടുത്ത് എത്തിക്കഴിഞ്ഞു.അവർ തങ്ങളുടെ നേരെ പാഞ്ഞുവരുന്ന കടുവകളെ നിസ്സഹായരായി നോക്കി അലമുറയിട്ടുകൊണ്ടിരുന്നു.ബന്ധനത്തിലായിരിക്കുന്ന അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.
പെട്ടന്ന് എവിടെയോ നിന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദം മുഴങ്ങി.
ഒരു സൈറൺ മുഴങ്ങുന്നതുപോലെ എന്തോ ഒരു ശബ്ദം. മുൻപോട്ടു കുതിച്ചു ചാടിയ കടുവകൾ വന്നതിലും വേഗത്തിൽ തിരിഞ്ഞോടി.
ഇരുട്ടിൽ നിന്നും ഒരു മനുഷ്യ രൂപം നാരായണൻ മേസ്ത്രിയുടെ അടുത്തേക്ക് വന്നു.ആ രൂപത്തിൻ്റെ കയ്യിൽ മുളകൊണ്ട് ഉണ്ടാക്കിയ സാമാന്യം വലിപ്പമുള്ള ഒരു കുഴൽ ഉണ്ടായിരുന്നു.ആ ശബ്ദം ഈ ഉപകരണം കൊണ്ട് പുറപ്പെടുവിച്ചതാണ് .ചുണ്ട് കുഴലിൻ്റെ ഒരു ഭാഗത്തു് അമർത്തിപ്പിടിച്ചു് അതിൽക്കൂടി ശക്തിയായി ഊതുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് അവർ കേട്ടതും കടുവകളെ ഭയപ്പെടുത്തിയതും .
ആ ശബ്ദം പുറപ്പെടുവിച്ചത് മേമൻ ആയിരുന്നു.
മേമനും അവൻ്റെ നായ ബൂ വും അവരുടെ അടുത്തേക്ക് വന്നു.
പതിവുപോലെ മേമൻറെ തൊട്ടടുത്ത് അവൻ്റെ നായ ബൂ നിൽപ്പുണ്ട് .ഒരാളിൻ്റെ അരയൊപ്പം പൊക്കം വരുന്ന ആ നായയെ, ബൂ, വിനെ കണ്ടാൽ ആരും ഭയപ്പെട്ടുപോകുമെങ്കിലും ഈ സമയത്തു് അവർക്ക് തോന്നിയത് ആശ്വാസമായിരുന്നു .എപ്പോഴും മേമനെ മുട്ടിയുരുമ്മി നടക്കുന്ന ബൂ കാണുന്നവരിൽ ആശ്ചര്യം ജനിപ്പിക്കും.
മേമൻ അവരുടെ അടുത്തുവന്ന് ഓരോരുത്തരുടെയും മുഖം പരിശോധിച്ചു.മേമൻ്റെ നായ മൂന്നുപേരെയും മണം പിടിച്ചു നോക്കി..
മേമൻ നാരായണൻ മേസ്ത്രിയെ തിരിച്ചറിഞ്ഞു. അവൻ ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു.”ഇവന് ചിരിക്കാൻ അറിയാം ?” നാരായണൻ മേസ്ത്രി പതുക്കെ പറഞ്ഞു.
മേമൻ അവരുടെ ചുറ്റും രണ്ടു മൂന്ന് തവണ നടന്നു.എന്താണ് അവൻ്റെ മനസിലുള്ളത് എന്ന് അവർക്ക് മനസ്സിലായില്ല.”ഞങ്ങളെ അഴിച്ചുവിടൂ.”നാരായണൻ മേസ്ത്രി അവനോട് പറഞ്ഞു.
അവസാനം അരയിൽ തൂക്കിയിട്ടിരുന്ന മഴു എടുത്ത് ഒറ്റ വെട്ടിന് അവരെ ബന്ധിച്ചിരുന്ന കാട്ടുവള്ളികൾ മേമൻ മുറിച്ചുകളഞ്ഞു..അവർ ബന്ധനവിമുക്തരായി.തങ്ങളെ അപകടത്തിൽ നിന്നും രക്ഷിച്ചതിൻ്റെ സന്തോഷത്തിൽ നാരായണൻ മേസ്ത്രി പലതും പറഞ്ഞു എങ്കിലും മേമനിൽ നിന്ന് കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല.അവൻ്റെ ശ്രദ്ധ മറ്റെന്തിലോ ആയിരുന്നു.
അവൻ എന്തൊക്കെയോ പുലമ്പി.വീണ്ടും വീണ്ടും അവർക്ക് ചുറ്റും നടന്നു.മേമൻറെ ഭാഷ മനസ്സിലാകുന്ന ആൾ നാരായണൻ മേസ്ത്രിയോട് പറഞ്ഞു.
“അവൻ നോക്കുന്നത് നമ്മളുടെ കയ്യിൽ മദ്യം ഉണ്ടോ എന്നാണ്”.
ഇപ്പോൾ അവൻ്റെ ഭയം കുറഞ്ഞിട്ടുണ്ടാകും നാരായണൻ മേസ്ത്രി വിചാരിച്ചു.അവർ അവനോടു പറഞ്ഞു,”നിനക്കുവേണ്ടി കൊണ്ടുവന്നതെല്ലാം കള്ളൻമാർ തട്ടിക്കൊണ്ടുപോയി “.
അവന് മനസ്സിലായോ എന്നറിയാൻ മാർഗ്ഗമില്ല.
അവരുടെ ഉടുവസ്ത്രം ഒഴിച്ച് എല്ലാം നഷ്ടപ്പെട്ടിരുന്നു.നാരായണൻ മേസ്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആൾ അവനോടു പറഞ്ഞു,”നീ ഞങ്ങളുടെ കൂടെ വാ,നിനക്ക് ഇഷ്ടം പോലെ തരാം”.ഒരു നിമിഷം അവൻ്റെ മുഖത്തു് പ്രകാശം പരന്നു.എന്തോ ആലോചിച്ചു നിന്നു.
പിന്നെ അവൻ ഒന്നും പറയാതെ അവർക്കു ചുറ്റും നടന്നു.നിഷേധാർഥത്തിൽ തലകുലുക്കി.അവന് അവർ മുൻപ്‌കൊടുത്ത മദ്യവും ഭക്ഷണസാധനങ്ങളും വളരെ ഇഷ്‌പ്പെട്ടു എന്ന് തോന്നുന്നു.അല്പസമയം കൂടി അവരെ ചുറ്റിപറ്റി നടന്നിട്ട് മേമൻ അവരെ വിട്ട് നടന്നു തുടങ്ങി.അവന് മനസ്സിലായി അവരുടെ കയ്യിൽ ഒന്നും ഇല്ല എന്ന് .
അവർ ഉറക്കെ വീണ്ടും വീണ്ടും വിളിച്ചു,”മേമൻ …….മേമൻ……നിൽക്കൂ. .”അവൻ അവരുടെ വിളി ശ്രദ്ധിക്കാതെ വനത്തിനുള്ളിലേക്ക് നടന്നുപോയി .
അവർ തിരിച്ചുചെന്ന് ,എല്ലാം വിശദമായി ശങ്കരൻ നായരെ പറഞ്ഞുകേൾപ്പിച്ചു.
“ഈ യാത്രകൊണ്ട് കാര്യമായ നേട്ടം ഉണ്ടായിട്ടുണ്ട്.അവൻ്റെ ഭയം മാറിയിരിക്കുന്നു.അവനെ വീണ്ടും കാണാൻ കഴിഞ്ഞല്ലോ.മാത്രമല്ല അവന് നമ്മളുടെ മദ്യത്തോട് ഒരു വല്ലാത്ത താല്പര്യവും കാണുന്നുണ്ട് എന്ന് വച്ചാൽ അവൻ നമ്മളുടെ വരുതിയിൽ ആയിരിക്കുന്നു ”
വിവരങ്ങൾ അറിഞ്ഞപ്പോൾ ശങ്കരൻ നായർ പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു.
അവനുമായിട്ടുള്ള ബന്ധം വിടാതെ സൂക്ഷിക്കണം.രണ്ടു പേരെക്കൂടി ഉൾപ്പെടുത്തി ശങ്കരൻ നായർ മേമനെ കാണാൻ നാരായണൻ മേസ്ത്രിയെ വീണ്ടും അയച്ചു.
ഇതിനോടകം അവരുടെ പദ്ധതികൾക്ക് അനുയോജ്യൻ ആണ് മേമൻ എന്ന അഭിപ്രായത്തിൽ എത്തിയിരുന്നു എല്ലാവരും.സാധാരണ ആദിവാസികൾ കൂട്ടം കൂട്ടം ആയി സഞ്ചരിക്കുന്നതുകൊണ്ട് അവരെ കൈകാര്യം ചെയ്യുക വിഷമമാണ്.മേമൻ ആണെകിൽ ഒറ്റക്കാണ്.അതുകൊണ്ട് ജോലി എളുപ്പമായിരിക്കും.
ഇടക്കിടക്ക് ഇങ്ങനെ മേമനെ അന്വേഷിച്ചു് ആളുകളെ വിടുന്നതിനുപിന്നിൽ ,അവനെ മദ്യത്തിന് അടിമപ്പെടുത്തുക,അങ്ങിനെ അവരുടെ വരുതിയിലാക്കുക, എന്ന ആശയമായിരുന്നു.നാട്ടുകാരായ ജോലിക്കാർ വനത്തിൽ പോകാൻ ഭയപ്പെട്ടിരുന്നു.അതുകൊണ്ട് കിട്ടിയ ആദിവാസി യുവാവ് അവരെ വിട്ടുപോകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.
ഒരു ദിവസം മുഴുവനും തേടി നടന്നിട്ടും മേമനെ മുൻപുകണ്ടിരുന്ന സ്ഥലങ്ങളിൽ ഒന്നും കാണാൻ സാധിച്ചില്ല.തിരച്ചിൽ മതിയാക്കി തിരിച്ചുപോകുന്നതിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുഴ അരികിൽ നിന്നും ഒരു നായ കുരയ്ക്കുന്ന ശബ്ദം കേൾക്കുന്നത്.
അവർ പുഴയുടെ തീരത്തേക്ക് ചെല്ലുമ്പോൾ മേമൻ പുഴയിൽ നിന്നും പിടിച്ച മത്സ്യങ്ങളെ ചുടാനുള്ള തയ്യാറെടുപ്പിലാണ്.അവൻ തീ കത്തിച്ചു് അതിൽ മൽസ്യങ്ങൾ പെറുക്കി വയ്ക്കുന്നു.അവൻ്റെ നായ ബൂ അടുത്തു തന്നെ ഉണ്ട് , കൂടെ ഒരു ആദിവാസി യുവതിയും.യുവതി പരിഭ്രമത്തോടെ അവരെ നോക്കി.
നാരായണൻ മേസ്ത്രി ഉറക്കെ വിളിച്ചു,
“മേമൻ……………”
അവൻ്റെ കണ്ണുകളിൽ തിളക്കം.അത് സൗഹാർദ്ദത്തിൻ്റെതായിരുന്നു.അവർ ഏതാനും കുപ്പി മദ്യവും ബിസ്ക്കറ്റ് പാക്കറ്റുകളും അവന് കൊടുത്തു.അവൻ ചുട്ടെടുത്ത ഏതാനും മൽസ്യങ്ങൾ എടുത്ത് അവരുടെ നേരെ നീട്ടി.നാരായണൻ മേസ്ത്രി അത് വാങ്ങണമോ എന്ന് ഒന്ന് സംശയിച്ചു.കൂടെയുള്ള ആൾ പറഞ്ഞു,”വാങ്ങിക്കോളൂ,അവർ ഇഷ്ട്ടപെടുന്നവർക്കേ എന്തെങ്കിലും കൊടുക്കുകയുള്ളു.നിരസിച്ചാൽ അവർക്ക് വിഷമം ആകും.”
നാരായണൻ മേസ്ത്രി കർശ്ശനമായി തൻ്റെ കൂടെയുള്ളവർക്ക് നിർദേശം കൊടുത്തു ആരും അവൻ്റെ പെണ്ണിനെ ശ്രദ്ധിക്കുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് എന്ന്.അത്തരം പ്രവൃത്തികൾ ആദിവാസികളെ വല്ലാതെ പ്രകോപിപ്പിക്കും എന്ന് മേസ്ത്രിക്ക് അറിയാമായിരുന്നു.
അവർ ചോദിച്ചു,” നീ ഞങ്ങളുടെ കൂടെ പോരുന്നോ?”
അവൻ വെറുതെ ചിരിച്ചു.
ഒരു കാര്യം വ്യക്തമായിരുന്നു ,മേമൻ താമസം മാറിയെങ്കിലും അധികം ദൂരേക്ക് പോയിട്ടില്ല.അവനെ അവിടെത്തന്നെ പിടിച്ചുനിർത്തുന്ന എന്തോ ഒന്ന് അവിടെയുണ്ട്.അത് എന്തായിരിക്കും എന്ന് അവർ പരസ്പരം ചോദിച്ചു.ചിലപ്പോൾ അവൻ്റെ പെണ്ണ് തന്നെ ആയിരിക്കും.ഏതായാലും ഇപ്പോൾ അവൻ്റെ മുഖത്ത് പഴയതുപോലെ ഭയം കാണുന്നില്ല.
“അല്ലങ്കിൽ മേമനെ ഇവിടെ കൊണ്ടുവന്ന് എന്തുചെയ്യാനാണ്?നമുക്ക് വേണ്ടത് മൈസൂർക്ക് തലശ്ശേരി നിന്നും കുറഞ്ഞ ദൂരത്തിൽ ഒരു വഴി കണ്ടുപിടിക്കണം.അതിനു കാട്ടിൽ പരിചയമുള്ള ഒരാളെ കിട്ടിയാൽ കുറുക്കുവഴികൾ കണ്ടുപിടിക്കാൻ സാധിച്ചേക്കും .അത്രയും അല്ലേ വേണ്ടൂ. അതും ഉറപ്പില്ല “.
വിവരങ്ങൾ അറിഞ്ഞ ശങ്കരൻ നായർ പറഞ്ഞു.
എന്താണ് തൻ്റെ മനസ്സിൽ ഉള്ളത് എന്ന് ശങ്കരൻ നായർ അവരോട് പറയുകയുണ്ടായില്ല..
നടന്ന സംഭവങ്ങൾ എല്ലാം ശങ്കരൻ നായർ ബ്രൈറ്റിനെ പറഞ്ഞുകേൾപ്പിച്ചു.എങ്കിലും ബ്രൈറ്റിൽനിന്ന് പ്രതി കരണമൊന്നും ഉണ്ടായില്ല.ബ്രൈറ്റിൻ്റെ മനസ്സിൽ മറ്റെന്തോ ആണെന്ന് ശങ്കരൻ നായർക്ക് മനസ്സിലായി .
നായർ പിന്നെ അവിടെ നിന്നില്ല.സാധാരണ ചെയ്യുന്ന ജോലിക്കുപുറമെ ഇതെല്ലാം ഏറ്റെടുത്തതോടുകൂടി നായർക്ക് ജോലി ഭാരം കൂടി മറ്റൊന്നിനും സമയമില്ലാത്ത അവസ്ഥയായി.
ഉച്ചക്ക് ശേഷം വീണ്ടും നായർ ബ്രൈറ്റിന്റെ റൂമിലേക്ക് ചെന്നു.അപ്പോൾ ബ്രൈറ്റ് തൻ്റെ റിവോൾവർ ക്ളീൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.ഇടക്ക് തിരകൾ നിറക്കുകയും മാറ്റിയിടുകയും ചെയ്തുകൊണ്ടിരുന്നു.നായർ വന്നത് ബ്രൈറ്റ് ശ്രദ്ധിച്ചതേയില്ല.
ജെയിംസ് ബ്രൈറ്റ് വിഷാദ മൂകനായി കാണപ്പെട്ടു.ഇത്തരം അവസരങ്ങളിൽ നായർ ബ്രൈറ്റിനെ ശല്യപെടുത്താറില്ല.
പിറ്റേ ദിവസം കാലത്ത് ഓഫീസ് കാര്യങ്ങൾ സംസാരിക്കുന്നതിനായി ശങ്കരൻനായർ ചെല്ലുമ്പോൾ ജെയിംസ് ബ്രൈറ്റ് ഒരു ബൈനോക്കുലറിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ട് നിൽക്കുന്നു. ശങ്കരൻനായർ ശബ്ദമുണ്ടാക്കാതെ ഒരു നിമിഷം അവിടെനിന്നു. പുറത്ത് ആൻ മരിയയും കുഞ്ചുവും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കാണാം.അതാണ് ബ്രൈറ്റ് നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് നായർക്ക് മനസ്സിലായി.നായർ ഒന്നും പറയാതെ തിരിച്ചുപോന്നു.ആൻ മരിയയോടും കുഞ്ചുവിനോടും ഇക്കാര്യത്തെക്കുറിച്ചു് സംസാരിക്കണമോ എന്ന കാര്യത്തിൽ നായർക്ക് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല.
തലശ്ശേരിയിൽ ഈ സമയത്തു് ഹെർമൻ ഗുണ്ടർട്ട് എന്ന ഒരു ജർമൻ മിഷനറിയും അദ്ദേഹത്തിന്റെ ഭാര്യ ജൂലി ടൂബിയോസും മിഷനറി പ്രവർത്തനം നടത്തി വന്നിരുന്നു.
ഹെർമൻ ഗുണ്ടർട്ട് ബാസൽ മിഷനിൽ മംഗലാപുരത്തു പ്രവർത്തിച്ചു് വരികയായിരുന്നു.അവിടെ നിന്നും തലശ്ശേരിയിലേക്ക് ബാസൽ മിഷൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും അതിനോട് ചേർന്ന് ഏതാനും സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്തു.മലയാളത്തിൽ ഏതാനും പുസ്തകങ്ങൾ ഗുണ്ടർട്ട് ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു.
ബഹുഭാഷാ പണ്ഡിതനായിരുന്നു ഗുണ്ടർട്ട് .അദ്ദേഹം പ്രാദേശിക ഭാഷ പണ്ഡിറ്റുകളും നാട്ടുകാരും ആയി വലിയ ചങ്ങാത്തത്തിൽ ആയി.തലശ്ശേരിയിൽ അറിയപ്പെടുന്ന ഒരു പൊതു പ്രവർത്തകനായിരുന്ന ഗുണ്ടർട്ട് തലശ്ശേരിയിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകളുമായി ഇടപഴകുകയും ബന്ധപ്പെടുകയും ചെയ്തിരുന്നു.
ജെയിംസ് ബ്രൈറ്റ് ഹെർമൻ ഗുണ്ടർട്ടിൻ്റെ പ്രവർത്തനങ്ങളേക്കുറിച്ചു് കേട്ടിരുന്നു എങ്കിലും അതിൽ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല യാതൊരു കാരണവും ഇല്ലാതെ ഗുണ്ടർട്ടിനെ വെറുക്കുകയും ചെയ്തു.
ഗുണ്ടർട്ടിൻ്റെ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നുണ്ടായിരുന്നു ബ്രൈറ്റിന്.
പക്ഷേ ജെയിംസ് ബ്രൈറ്റിൻ്റെ അധികാരപരിധിയിൽപെട്ട കാര്യങ്ങളായിരുന്നില്ല ഇവയൊന്നും.
ആൻ മരിയയുടെ കാര്യം നേരെ വിപരീതമായിരുന്നു.ഗുണ്ടർട്ടിൻ്റെ ഭാര്യ സ്വിറ്റസർലണ്ട്കാരിയായ ജൂലി ടുബിയോസിനെ പരിചയപ്പെടുവാൻ ആൻ മരിയയ്ക്ക് വളരെ താല്പര്യം ഉണ്ടായിരുന്നു.അവരുടെ സാമൂഹ്യ സേവനങ്ങളിൽ പങ്കുചേരുന്നതിന് ആൻ മരിയ ആഗ്രഹിച്ചു.അവരെ പരിചയപ്പെടുന്നതിന് ഒരു അവസരം കാത്തിരിക്കുകയായിരുന്നു ആൻ മരിയ.
ഒരു ദിവസം കാലത്തു് ബംഗ്ളാവിലെ ഒരു കുതിരവണ്ടിയിൽ ആൻ മരിയ ഇല്ലിക്കുന്നിലുള്ള ഗുണ്ടർട്ടിൻ്റെ ബംഗ്ളാവിലേക്ക് പോകാൻ തീരുമാനിച്ചു.അവർ താമസിക്കുന്ന ബംഗ്ലാവിൽ നിന്നും കുറച്ചധികം ദൂരം ഉണ്ട് ഇല്ലിക്കുന്നിലേക്ക്.അതുകൊണ്ട് ആരെയെങ്കിലും കൂടെ കൊണ്ടുപോകുന്നതിന് കാത്തിരിക്കുകയായിരുന്നു ആൻ.
പതിവുപോലെ കാലത്തു് കളരിപ്പയറ്റ് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആൻ മരിയ കുഞ്ചവിനോട് പറഞ്ഞു,”ഞാൻ ബാസൽ മിഷനിലെ ജൂലി ടുബിയോസിനെ പരിചയപ്പെടാൻ പോകുന്നു.എൻ്റെ കൂടെ നീയും വരണം”.
കൂടെ ചെല്ലാമെന്ന് കുഞ്ചു സമ്മതിച്ചു.
എന്നാൽ കുഞ്ചു ആൻ മരിയയോടൊപ്പം കതിര വണ്ടിയിൽ കയറാൻ വിസമ്മതിച്ചു.കാരണം ശങ്കരൻ നായർ കുഞ്ചുവിനോട് ബ്രൈറ്റിൻ്റെ അനിഷ്ടം സൂചിപ്പിച്ചിരുന്നു.ബ്രൈറ്റിൻ്റെ നാടകം കുഞ്ചു നേരിട്ട് കണ്ടതും ആണ്.എന്തിന് വെറുതെ ബ്രൈറ്റിനെ പ്രകോപിപ്പിക്കണം?
ആൻ മരിയയുടെ നിർബന്ധം കാരണം അവസാനം അവൻ കുതിരവണ്ടിയുടെ ചവിട്ടുപടിയിൽ ഇരുന്നു.
വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ ആൻ മരിയ അവനോട് ചോദിച്ചു,
“കുഞ്ചു,എന്താണ് പ്രശനം? വണ്ടിക്ക് അകത്തു ഇരിക്കാത്തത്തിനു കാരണം എന്താണ്?”എന്ന്.
നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു,”.ബ്രൈറ്റ് സായിപ്പിന് അത് ഇഷ്ടപ്പെടില്ല.അത് മാഡത്തിന് അറിയാം “.
“സില്ലി. ”
അവൾ ചൂണ്ടു വിരൽകൊണ്ട് അവൻ്റെ കല്ലുപോലെയുള്ള നെഞ്ചത്ത് ഒരു കുത്തുകൊടുത്തു.അവൻ അത് അറിഞ്ഞതായി പോലും ഭാവിച്ചില്ല. അവൻ്റെ ചുരുണ്ട മുടിയിൽ പിടിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞു. “സില്ലി ബോയ്”.
അപ്പോഴും കുഞ്ചു ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്ക് നോക്കി ഇരുന്നു.
“അന്ന് തോക്കെടുത്തത് എന്നെ വെടി വെക്കാൻ തന്നെ ആയിരുന്നു.നായർ വന്നതുകൊണ്ട് അതൊരു ഗെയിം ആക്കി മാറ്റിയതാണ്” കുഞ്ചു പറഞ്ഞു.
ആൻ മരിയയ്ക്കും അങ്ങിനെ തന്നെ തോന്നിയിരുന്നു.ആൻ മരിയ പിന്നെ ഒന്നും പറഞ്ഞില്ല.അവർക്കിടയിൽ മൗനം ഘനീഭവിച്ചു.ബ്രൈറ്റിൻ്റെ പെരുമാറ്റം എല്ലാ അതിർത്തികളും ലംഘിക്കുന്നതായിരുന്നു.
അവർ യാത്ര തിരിച്ചപ്പോൾ ബംഗ്ലാവിൻ്റെ മുകളിലത്തെ നിലയിൽനിന്ന് ബൈനോക്കുലറിൽ കൂടിഅവർ കണ്ണിൽനിന്നും മറയുന്നതുവരെ ബ്രൈറ്റ് നോക്കി നിന്നു.അയാൾ പല്ലിറുമ്മുകയും സ്വന്തം മുടിയിൽ പിടിച്ചു് വലിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ജൂലി ടുബിയോസും ഭർത്താവ് ഹെർമൻ ഗുണ്ടർട്ടും ബാസൽ മിഷൻ്റെ മംഗലാപുരത്തെ ഓഫീസിൽ പോയിരിക്കുകയായിരുന്നു.കുറെ സമയം കാത്തിരുന്നതിനു ശേഷം അവർ തിരിച്ചു പോന്നു.
അവർ തിരിച്ചുവരുന്നതുവരെ ബ്രൈറ്റ് ബംഗ്ലാവിൻ്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് വന്നതേയില്ല.
അന്ന് രാത്രിയിൽ ആൻ മരിയയും ബ്രൈറ്റും തമ്മിൽ വഴക്കും ഉന്തും തള്ളും മറ്റുമായി വലിയ ബഹളമായിരുന്നു.ഇനി കുഞ്ചുവുമായി കാണരുതെന്നും കളരിപ്പയറ്റ് പഠനം പാടില്ലെന്നും ബ്രൈറ്റ് വിലക്കി.
“ഐ ആം ഗോയിങ് ബാക്ക്”.
“ഗെറ്റ് ലോസ്റ്റ്”,ബ്രൈറ്റ്‌ അലറി.
ഐ ഹെയ്റ്റ് യു.”
……………
അടുത്ത കിട്ടുന്ന കപ്പലിന് ഒരു സീറ്റ് തരപ്പെടുത്തി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാൻ ആൻ മരിയ തീരുമാനിച്ചു.ബ്രൈറ്റിൻ്റെ പെരുമാറ്റത്തിൽ ആൻ മരിയ മടുത്തുകഴിഞ്ഞിരുന്നു. അയാളുടെ അമിതമായ മദ്യപാനവും സംശയവും ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായി..
പിറ്റേദിവസവും കാലത്ത്‌ ഇതൊന്നും അറിയാതെ കുഞ്ചു ആൻ മരിയയെ കളരിപ്പയറ്റ് പഠിപ്പിക്കാൻ വന്നു.
ആൻ മരിയ നടന്നതൊന്നും അവനോടു പറഞ്ഞില്ല.”എന്തിന് അവനെ ഇതിനിടയിൽ വലിച്ചിടണം?”,അതായിരുന്നു ആൻ മരിയയുടെ ചിന്ത.
തിരിച്ചുപോകുന്നതുവരെ പഠനം തുടരുക എന്നതായിരുന്നു ആൻ മരിയയുടെ തീരുമാനം.ആൻ അത്രമാത്രം കളരിപ്പയറ്റ് പഠിക്കാൻ ഇഷ്ട്ടപെട്ടിരുന്നു.തന്നെയുമല്ല ഇംഗ്ലണ്ടിൽ എത്തിയതിനുശേഷം ജെയിംസ് ബ്രൈറ്റുമായുള്ള ബന്ധം വേർപെടുത്തണം എന്ന തീരുമാനത്തിൽ എത്തി ആൻ.
തിരിച്ചു് ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് ആൻ മരിയയക്ക് ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരും.അടുത്ത് ഇംഗ്ലണ്ടിലേക്ക് പോകുന്ന കപ്പലിൽ ഒരു സീറ്റ് ഏർപ്പാടാക്കാൻ ശങ്കരൻ നായരോട് അവർ പറഞ്ഞു.
പരസ്പരം സംസാരിക്കാതിരിക്കാനും തമ്മിൽ കാണാതിരിക്കാനും ആൻമരിയയും ബ്രൈറ്റും മത്സരിച്ചു.രണ്ടു ദിശകളിലേക്ക് ഒഴുകുന്ന നദികൾ പോലെ അവർ മനസ്സുകൊണ്ട് അകന്നു കഴിഞ്ഞിരുന്നു.
അന്നത്തെ വഴക്കിന് ശേഷം പിന്നെ പ്രശനങ്ങൾ ഒന്നും ഉണ്ടായില്ല.
ഒരാഴ്ച്ച കഴിഞ്ഞു.
തുറമുഖത്തെ ഗോഡൗണിൽനിന്നും നിന്നും ബംഗ്ലാവിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരാൻ ജോലിക്കാരുമായി പോയ കുഞ്ചുവിനെ കാണാതായി.കുഞ്ചുവിനെ കാണാനില്ല എന്നറിഞ്ഞപ്പോൾ ശങ്കരൻ നായർക്ക് വിഷമമായി. കുഞ്ചു എല്ലാക്കാര്യങ്ങളും ശങ്കരൻ നായരോട് പറയാറുള്ളതാണ്.തന്നോട് പറയാതെ അവൻ എങ്ങും പോകാറില്ല.കുഞ്ചു എവിടെ പോയി എന്ന് കൂട്ടത്തിലുണ്ടായിരുന്ന ജോലിക്കാർക്കും അറിഞ്ഞുകൂട.
ആൻ മരിയക്കും വലിയ ഷോക്കായിരുന്നു കുഞ്ചുവിൻ്റെ തിരോധാനം.
ചിലപ്പോൾ ജോലി ഉപേക്ഷിച്ച് അവൻ വടകരയിലുള്ള വീട്ടിലേക്ക് പോയിക്കാണും എന്ന് പറഞ്ഞ് ആൻ മരിയയെ നായർ സമാധാനിപ്പിച്ചു.പക്ഷെ അവൻ തന്നോട് പറയാതെ പോകാൻ സാദ്ധ്യതയില്ല എന്ന ചിന്ത മനസ്സിനെ വല്ലാതെ വിഷമിപ്പിക്കാതിരുന്നില്ല.
ബ്രൈറ്റ് അങ്ങിനെ ഒരു സംഭവം നടന്നതായി പോലും ഭാവിച്ചില്ല.ശങ്കരൻ നായർ വടകരയിലുള്ള കുഞ്ചുവിൻ്റെ വീട്ടിലേക്ക് ആളെ അയച്ചു.കുഞ്ചു അവിടെ എത്തിയിട്ടില്ല എന്ന് അറിഞ്ഞു.എങ്കിൽ അവൻ എവിടെ പോയി?, നായർ തന്നത്താൻ ചോദിച്ചു.
തലശ്ശേരിയിലെ തണുത്ത കടൽക്കാറ്റിൽ നായർ വിയർത്തു.മനസ്സിൽ സംശയത്തിൻ്റെ വിത്തുകൾ മുളക്കുന്നു.അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന ഒരു തോന്നൽ മനസ്സിനെ കീഴടക്കുന്നു.
എവിടെ പോയാലും അവൻ തിരിച്ചുവരും,ശങ്കരൻ നായരും ആൻ മരിയയും സമാധാനിച്ചു.
കുഞ്ചുവിനെക്കുറിച്ചു് യാതൊരു വിവരവും ഇല്ലാതെ മൂന്നുദിവസങ്ങൾ കടന്നുപോയി.
എന്നാൽ നാലാം ദിവസം തലയുടെ പിൻഭാഗം തകർന്ന അവസ്ഥയിൽ തലശ്ശേരിയിലെ കടൽ പാലത്തിന് കീഴിൽ നിന്നും കുഞ്ചുവിൻ്റെ മൃതദേഹം കണ്ടുകിട്ടി.
(തുടരും)

 

ജോൺ കുറിഞ്ഞിരപ്പള്ളി

വിശാഖ് എസ് രാജ്‌

വാക്ക് ഇനിയും കണ്ടെത്തിയിട്ടില്ല.
അതിനാൽ എനിക്കറിയുന്നതെല്ലാം
ഈ ഇരുണ്ട ഗുഹാഭിത്തികളിൽ ,
ഇരയ്ക്ക് കരുതിയ കുന്തമുനകളാൽ
ഞാൻ വരച്ചിടാം.
വിദൂരമായൊരു നാളെ
എന്റെ കോശങ്ങളുടെ
പിന്തുടർച്ചക്കാരനായ ഒരുവൻ,
ഒരു പുരാവസ്തുക്കാരൻ,
കണ്ടെടുക്കുന്നതിനായി
അതിവിടെ കിടന്നോട്ടെ.

വിശാഖ് എസ് രാജ്‌, മുണ്ടക്കയം

 എം . ഡൊമനിക് 

കുമളിയിൽ നിന്നും വനത്തിലൂടെ ഗവിയിലേക്ക് പോകുന്ന വനാന്തരത്തിൽ ആണ് ഈ സംതൃപ്ത കുടുംബം.
ഈ കുഞ്ഞു കുടുംബത്തിൽ, കാട്ടാന കറമ്പികുട്ടിയമ്മയ്ക്ക് കരിക്കുട്ടൻ എന്ന് ഒരു ഓമന മകൻ ഉണ്ടായിരുന്നു. ആദ്യത്തെ കണ്മണിയാണ്. എങ്ങും തുള്ളി നടക്കുന്ന അവൻ കാടിന്റെ മുത്താണ്.
കാട്ടിൽ കാണുന്നതെല്ലാം ആ കുഞ്ഞു മനസ്സിന് കൗതുകമാണ്.

അവന്റെ ഒന്നാം പിറന്നാൾ ഇന്നലത്തെ ദിവസം കഴിഞ്ഞതേ ഒള്ളു . വികൃതി ആയ അവൻ അന്ന് അമ്മയും അച്ഛനും ഒത്തു കാട്ടാറിൽ നീന്താൻ പോയി. വെള്ളത്തിൽ കളിക്കാൻ ഇറങ്ങിയാൽ അവന്റെ തിമിർപ്പ് ഒന്ന് കാണേണ്ടതാണ് .

പോകുന്ന വഴിയിൽ വനത്തിൽ കൂടി ഉള്ള റോഡ് മുറിച്ചു കടക്കണം. അപ്പുറത്തെ പുല്ലു മേടിന് അരികിൽ ആണ് നിറഞ്ഞു ഒഴുകുന്ന കാട്ടാർ.
കരിക്കുട്ടനും സംഘവും റോഡ് ന് അടുത്ത് എത്തിയപ്പോൾ വഴിയേ ഒരു മോട്ടോർ സൈക്കിൾ കുടുകുട ശബ്ദം വച്ചു കൊണ്ട് കടന്നു പോയി.

റോഡിൽ കൂടി ഓടിപ്പോയ, കുടുകൂടാ ഒച്ചയും വച്ച് പോകുന്ന ആ “സാധനം” കരികുട്ടനെ വല്ലാതെ ആകർഷിച്ചു.
ആ സാധനം ആദ്യമായിട്ടാണ് അവന്റെ ശ്രദ്ധയിൽപ്പെടുന്നത്.

ആറ്റിൽ കുളിയും കഴിഞ്ഞു പുല്ലും പഴങ്ങളും തിന്ന് തിരിച്ചു വരുന്ന വഴി കരികുട്ടൻ അമ്മയോട് കിണുങ്ങാൻ തുടങ്ങി.
“അമ്മേ എന്റെ ബര്ത്ഡേ യ്ക്ക് എനിക്ക് അതു വേണം ”

ഏതു വേണോന്ന്?

“നമ്മൾ മുമ്പേ അങ്ങോട്ട് പോയപ്പോൾ ആ വഴിയേ കുടുകൂടാ ഒച്ച വച്ച് ഓടിപ്പോയ ആ സാധനം ”

എന്റെ കുഞ്ഞേ, അത് ആ മനുഷേന്മാര് കൊണ്ട് നടക്കുന്ന സാധനം അല്ലേ.
നമ്മുടെ അല്ലല്ലോ. നമുക്കെന്തിനാ ആ കുന്ത്രാണ്ടം . മകന്റെ പുറത്ത് തുമ്പികൈ തലോടി കൊണ്ട് കറുമ്പി ആനകുട്ടിയമ്മ പറഞ്ഞു.

കരിക്കുട്ടൻ ഉണ്ടോ അടങ്ങുന്നു, അവനത് കൂടിയേ തീരു.
ശല്യം സഹിക്കാതപ്പോ അവൾ പറഞ്ഞു.
നീ കരിയപ്പനോട്‌ പറ.

ഇത് കേട്ടു അപ്പുറത്തു എല്ലാം കേട്ടുകൊണ്ട് ചെവി ആട്ടി നിന്ന, അവന്റെ അപ്പൻ, കരിയപ്പൻ പറഞ്ഞു.
“എന്റെ മോൻ വെഷമിക്കണ്ട.
മോന്റെ ബർത്ത് ഡേ യ്ക്ക് അപ്പൻ ആ സാധനം കൊണ്ടേ തരാം.”
അവന്റെ കരച്ചില് നിർത്താൻ വേണ്ടി വെറുതെ പറഞ്ഞതാണ് എന്നേ കരിയമ്മ വിചാരിച്ചുള്ളു.

പിറ്റേ ദിവസം രാവിലെ കുറച്ച് ഒലകൾ ഒക്കെ തിന്ന് വിശപ്പ് ഒന്ന് മാറിയപ്പോൾ കരി യപ്പൻ മകന് കുടുകുടു പിടിച്ച് കൊടുക്കാൻ കാട്ടിലെ വഴിയരുകിൽ പോയി. പച്ചിലകളുടെ മറവിൽ കുടുകുടു ന്റെ ഒച്ചക്ക് കാതോർത്തു നിന്നു.

അന്നത്തെ ദിവസം മറ്റു പലതും വഴിയേ കടന്നു പോയെങ്കിലും കുകുടു മോട്ടോർ സൈക്കിൾ മാത്രം വന്നില്ല.
മറവിൽ പമ്മി നിന്ന് മടുത്ത കരിയപ്പൻ എന്ന കൊമ്പൻ
ദേഷ്യം വന്നിട്ട് അതിലെ റോഡ് ൽകൂടി വന്ന ചില കാറുകളെ യും ആളുകളെയും വിരട്ടി ഓടിച്ചതിന് ശേഷം നിരാശനായി ഉൾവനത്തിലേക് മറഞ്ഞു. കുടുകുടു കിട്ടാതെ, കരിക്കുട്ടൻ അന്ന് കരഞ്ഞു കരഞ്ഞാണ് ഉറങ്ങിയത്.

അടുത്ത ദിവസം രാവിലെ ഒരു കുടുകുടു വിന്റെ ഒച്ച കേട്ടുകൊണ്ട് റോഡ് അരികിലേക്ക് കരിയപ്പൻ കാടുകുലുക്കി ഓടിച്ചെന്നു. റോഡിൽ ചാടി കയറിയപ്പോഴേക്കും കുടുകുടു കൈയെത്താ ദൂരം ആയി പോയിരുന്നു. കൊറച്ചു പുറകെ ഓടിയിട്ട് രക്ഷയില്ല എന്ന് മനസ്സിലായി അവൻ വീണ്ടും കട്ടിലോട്ട് ഊളിയിട്ടു.

രണ്ട് മൂന്ന് ദിവസം ആയിട്ടും ഉദ്ദേശം സാധിക്കുന്നില്ല,
എന്ത് പറഞ്ഞു ഇനി വീട്ടിലോട്ട് ചെല്ലും, എങ്ങനെ കരിയമ്മയുടെ മുഖത്ത് നോക്കും.
എന്നിങ്ങനെയുള്ള വ്യാകുലചിന്തയിൽ ഒരു മരത്തിനിട്ടു മസ്തകം കൊണ്ട് ഇടിച്ചു അവൻ അരിശം തീർക്കുന്നുന്നതിനു ഇടയിൽ ദൂരെ വീണ്ടും കുടുകുടുവിന്റെ ശബ്ദം കേട്ടു.
ഇത്തവണ അവൻ കൊമ്പുകുലുക്കി ചാടി റോഡിനു സൈഡിൽ കയറി അനങ്ങാതെ നിന്നു.
മോട്ടോർ സൈക്കിളിൽ വന്ന രണ്ടുപേർ ആനയെ കണ്ടു.
വണ്ടി സ്ലോ ചെയ്തു. പതുക്കെ കുറെ അകലെ നിർത്തി ആനയുടെ മനസ്സു പഠിക്കാൻ ശ്രമിച്ചുനോക്കി.
കരിയപ്പൻ ഒന്നും അറിയാത്തമട്ടിൽ ശാന്തനായി ഇലകൾ ഓടിച്ചു തിന്നു കൊണ്ട് അവർ അറിയാതെ ഒളി കണ്ണിട്ടു നോക്കി നിന്നു.

ആന അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ സഞ്ചാരികൾ പതുക്കെ മോട്ടോർ സൈക്കിളിൽ ആനയെ കടന്ന് പോകാൻ വന്നു.
വണ്ടി അടുത്ത് ആയപ്പോൾ കരിയപ്പൻ തുമ്പികൈ ഉയർത്തി ചിന്നം വിളിച്ചോണ്ട് പെട്ടന്ന് അവരുടെ നേരെ ഒരു തിരിച്ചിൽ!

യാത്രക്കാർ ബൈക്ക് ൽനിന്നു ചാടി തിരിഞ്ഞു നോക്കാതെ ജീവനും കൊണ്ട് പുറകോട്ടു ഓടി രക്ഷപെട്ടു.
കുടുകുടൂ അവിടെ കിടന്നു ഒന്ന് വട്ടം കറങ്ങി ഓഫായി കിടന്നു. L

കരിയപ്പൻ മുന്നോട്ട് വന്ന് തന്റെ മകനുള്ള ബർത്ത് ഡേ പ്രെസെന്റ് തുമ്പി കൈയിൽ തൂക്കി എടുത്തുകൊണ്ടു കരിമകന്റെ അടുത്തേക്ക് പോയി.
ഓമന മകന് വേണ്ടി, ആ സാധനം മാത്രമാണ് കരിയപ്പന് വേണ്ടിയിരുന്നത്.

കരിക്കുട്ടൻ തന്റെ അപ്പൻ കഷ്ടപ്പെട്ട് പിടിച്ചെടുത്ത്‌ കൊണ്ടുപോയി കൊടുത്ത കളിപ്പാട്ടം മതിയാവോളം തട്ടിക്കളിച്ചു.
എന്തു ചെയ്തിട്ടും അവന് കേൾക്കേണ്ട കുടു കുടു ശബ്ദം മാത്രം അതിൽനിന്നും വന്നില്ല. അതിനു എന്ത് ചെയ്യണമെന്ന് കരിയപ്പനും കരിയമ്മയ്ക്കും അറിയതുമില്ല.
ആദ്യ ഉന്മാദം തീർന്നപ്പോൾ അവൻ ആ കളിപ്പാട്ടം എന്തു ചെയ്‌തോ ആവോ !
കുട്ടികളുടെ ഓരോ ശിദ്ധാന്തങ്ങളെ !!

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

RECENT POSTS
Copyright © . All rights reserved