ഋതുക്കളേ നിങ്ങള്‍ മുഖംതിരിക്കുക
…………………………………………..
വിജനമായ
പൊന്തക്കാട്ടില്‍
ഈച്ചയാര്‍ക്കുന്നൊരു
ജഡം
ദയയ്ക്കുവേണ്ടി
യാചിക്കുന്നവണ്ണം
ആകാശത്തേക്ക്
തുറന്നുവച്ച
മിഴിയിണകള്‍
പുറത്തുവരാത്ത
നിലവിളിയുടെ
വേദനയില്‍
കോടിപ്പോയ
ചുണ്ടുകള്‍
മുത്തുകളടര്‍ന്ന
പാദസരത്തില്‍
മരിച്ചുകിടക്കുന്ന
നൃത്തച്ചുവടുകള്‍
ആര്‍ത്തിമൂത്ത
കഴുകന്റെ റാഞ്ചലില്‍
പിഞ്ഞിക്കീറിയ
കുഞ്ഞുടുപ്പ്
വിളറിത്തിണര്‍ത്ത
പിഞ്ചുശരീരത്തില്‍
ഹിംസ്രമൃഗത്തിന്റെ
വിരല്‍നഖപ്പാടുകള്‍
കല്ലേറ്റു പിളര്‍ന്ന
തലയോട്ടിയില്‍
ഇപ്പോഴും
മരിക്കാതെ
ബാക്കിയായ
സ്വപ്നങ്ങള്‍
തളംകെട്ടിയ
ചോരയിലരിച്ച്
വിശപ്പടക്കുന്ന
ചോണനുറുമ്പുകള്‍
പിച്ചവച്ചുതുടങ്ങിയ
ജീവിതത്തില്‍നിന്ന്
അകാലത്തില്‍
പടിയിറക്കപ്പെട്ടവള്‍
കാത്തുപാലിക്കേണ്ടവന്‍
നിര്‍ദ്ദയം പിഴുതെടുത്ത
പൂമൊട്ടിന്റെ
ചതഞ്ഞ ശരീരം
ജനനിയെ
കാമിക്കുന്നവന്
വിശപ്പടക്കുവാന്‍,
മകള്‍ വെറും
ലഘുഭക്ഷണം
പിണത്തെയും
ഭോഗിക്കുന്നവന്
കഴുമരം
മറ്റൊരാനന്ദമാര്‍ഗ്ഗം
ഋതുക്കളേ,
നിങ്ങള്‍
മുഖംതിരിക്കുക…
ഇനിയുമിവിടെ
പൂക്കള്‍
കൊഴിയാതിരിക്കുവാന്‍
വസന്തത്തെ
ഈ ഭൂമിയില്‍നിന്ന്
എന്നേയ്ക്കുമായി
കുടിയിറക്കുക…
ബീന റോയ്
ഇത് എഴുതിയ ആ നല്ല സുഹൃത്തിന് ഒരു അഭിനന്ദനം…..
സമയം രാത്രി ഒരു പന്ത്രണ്ടു ആയി കാണും എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ചാടി എഴുന്നേറ്റതു. അടുത്തു കിടന്ന ഭാര്യയെ കാണുന്നില്ല.ലൈറ്റ് തെളിഞ്ഞു കിടന്നിരുന്നു.എഴുന്നേറ്റു മൂളൽ കേട്ട സ്ഥലത്തേക്ക് നോക്കിയ ഞാൻ വായിൽ നിന്നു നുരയും പതയും വന്നു കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്.പെട്ടെന്ന് തലയണയുടെ അടുത്തു വെച്ചിരുന്ന താക്കോൽ എടുത്തു ഞാൻ അവളുടെ കയ്യിൽ കൊടുത്തു.
കുറച്ചു സമയത്തിനുള്ളിൽ അവൾ സാധാരണ ഗതിയിലേക്ക് വന്നു എന്റെ നെഞ്ചിൽ ചാരി കിടന്നു .”” ഏട്ടാ പിന്നേം തുടങ്ങീന്നു തോന്നണു.ഇവിടുന്നെഴുന്നേറ്റ് ടോയ്ലറ്റ് വരെ ചെന്നതെ ഓർമ്മയുള്ളൂ.. ഏട്ടന് ബുദ്ധിമുട്ടായി അല്ലെ ??””അവളെ ഞാൻ ചേർത്തു പിടിച്ചു.”എന്റെ പൊന്നെ ഒന്നുമില്ല നിനക്ക് തോന്നുന്നതാ.ഇനി ഉണ്ടാവില്ല. “ഞാൻ അവളുടെ നിറുകയിൽ ഉമ്മ വെച്ചു.കുറെ നാളായി ഇല്ലായിരുന്നു.ഇതിപ്പോ വീണ്ടും മരുന്നൊക്കെ ചെയ്തു ശരിയായതായിരുന്നല്ലോ.ദൈവമേ ഇനി ഇങ്ങനെ വരുത്തല്ലേ ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു
അവളെ ആദ്യമായി കാണുന്നത് പ്ലസ്ടുവിനു പഠിക്കുമ്പോൾ ആണ്.പച്ച പട്ടു പാവാടയും ബ്ലൗസും ഇട്ടു നെറ്റിയിൽ ചന്ദനക്കുറിയുമായി നിൽക്കുന്ന സുന്ദരി.സീനിയർ ആയ എന്റെ നോട്ടം അവളിലേക്ക് എത്താൻ അധിക സമയം എടുത്തില്ല.അവളെ കൈ കാട്ടി വിളിച്ചു.””ഒരു പാട്ടു പാടിക്കെ “”യാതൊരു മടിയുമില്ലാതെ അവൾ “വരമഞ്ഞൾ ആടിയ രാവിന്റെ മാറിൽ “”പാടിഅവളെ പോകാൻ അനുവദിച്ചിട്ടു ഞാൻ അവളെ തന്നെ നോക്കി നിന്നു.ഒരു രണ്ടു മീറ്റർ മാറിയതും അവൾ തല കറങ്ങി വീണു.നിലത്തു കിടന്നു വിറച്ചു.വായിൽ നിന്നു പത വന്നു.അവിടെ നിന്ന എല്ലാവരും പേടിച്ചു പോയി.ആരോ എന്തോ ഇരുമ്പിന്റെ കഷ്ണം അവളുടെ കയ്യിൽ പിടിപ്പിച്ചു.പ്ലസ്ടു തീരുന്ന ദിവസം അവളോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.അവൾ അവളുടെ കുറവുകൾ അക്കമിട്ടു പറഞ്ഞു.അതൊന്നും വല്യ പ്രശ്നമല്ല എന്നു ഞാൻ പറഞ്ഞു.തിരിച്ചും ഇഷ്ടം ആണെന്നു അവള് പറയുന്നത് കേൾക്കാൻ ഞാൻ കുറെ കാത്തിരിക്കേണ്ടി വന്നു.
ഞാൻ പഠിക്കുന്ന കോളേജിൽ തന്നെ അവൾക്കു അഡ്മിഷൻ കിട്ടി.ഒരു വൈകുന്നേരം അവൾ എന്റെ അടുത്ത് വന്നു.ഞാൻ ചേട്ടന് വല്യ ബാധ്യത ആവും.അത് കൊണ്ട് ഞാൻ ഇനി ഞാൻ മിണ്ടാൻ വരില്ല.അവളുടെ കയ്യിൽ ഞാൻ കയറി പിടിച്ചു.”പറ എന്നെ ഇഷ്ടമാണോ ???””അവൾ പേടിച്ചു പോയി…””അതെ ഇഷ്ടമാണ് പക്ഷെ…. “”
അവൾ നിലത്തു വീണു വിറക്കാൻ തുടങ്ങി.ഞാൻ പേടിച്ചു പോയി.പതുക്കെ അനക്കം നിന്നു ഓടി പോയി കുറച്ചു വെള്ളവുമായി വന്നു അവളുടെ മുഖത്തു തളിച്ചു.പെട്ടെന്ന് അവൾ എഴുന്നേറ്റു കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നിട്ട് അവൾ പറഞ്ഞു. “”ഇതാ ഞാൻ പറഞ്ഞെ “”ആദ്യമായി അവളെ ഞാൻ എന്നോട് ചേർത്തു പിടിച്ചു.എന്നും ഞങ്ങൾ കാണുമായിരുന്നു.അവളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ അടിമയായി.
ചേട്ടാ എന്നുള്ള വിളി അവൾ ‘ഏട്ടാ ‘എന്നാക്കി മറ്റുള്ളവരോട് അവൾ പെരുമാറുന്നത് ഒക്കെ കാണാൻ തന്നെ ഒരു രസമായിരുന്നു.ഇടയ്ക്കിടെ അവൾ തല കറങ്ങി വീഴും.അവളുടെ വീട്ടിൽ നിന്നു അത്യാവശ്യം ചികിത്സ ഒക്കെ നടത്തുന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും ശരിക്കും ഫലം ചെയ്തില്ല.ഡിഗ്രി ഒക്കെ കഴിഞ്ഞു എനിക്ക് ജോലി ഒക്കെ ആയി.കുറെ ആലോചനകൾ വന്നു എങ്കിലും എല്ലാം മുടക്കി വിട്ടു.അവളുടെ സൗന്ദര്യം കണ്ടു കുറെ ആലോചനകൾ വന്നെങ്കിലും അവളുടെ രോഗം അറിഞ്ഞ എല്ലാവരും തിരിച്ചു പോയി.എന്റെ വീട്ടിൽ ഞാൻ കാര്യം അറിയിച്ചു എങ്കിലും അവൾക്കു ഇങ്ങനെ ഒരു രോഗം ഉണ്ടെന്നു പറഞ്ഞില്ല.അവളുടെ അച്ഛനോട് എന്റെ വീട്ടുകാരോട് അവളുടെ രോഗ കാര്യം പറയണ്ട എന്നു ഞാൻ പറഞ്ഞിരുന്നു.’അവളെ കെട്ടാൻ പോകുന്നത് ഞാനാണല്ലോ.
എന്തു വന്നാലും അവളെ കളയാൻ ഞാൻ തയാറല്ലായിരുന്നു.
പെണ്ണുകാണാൻ ചെന്ന എല്ലാർക്കും അവളെ ഇഷ്ടമായി.അമ്മയ്ക്കാണ് അവളെ ഏറ്റവും ഇഷ്ടമായത്.അടുത്ത മുഹൂർത്തത്തിൽ കല്യാണം നടത്താം എന്നു തീരുമാനിച്ചു..യാത്ര പറഞ്ഞിറങ്ങുന്നതിനിടയിൽ അകത്തു എന്തോ വീഴുന്ന ഒരു ശബ്ദം കേട്ടു.””എന്താ അത് “‘എന്നു ചോദിച്ച അമ്മയേം കൂട്ടി ഞാൻ കാറിൽ കയറി വീട്ടിൽ വന്നു.കല്യാണം ആഘോഷമായി നടന്നു.വേറെ പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല..വീട്ടിൽ വന്നു വിളക്കെടുത്തു അമ്മ ചിരിച്ചു കൊണ്ട് അവളെ സ്വീകരിച്ചു.””വലതു കാല് വച്ചു കയറു മോളെ “” ആരോ പറഞ്ഞു.മുറ്റത്തു നിന്നും അകത്തു കയറിയതും അവൾ തലകറങ്ങി വീണു വിറച്ചു അമ്മ പേടിച്ചു പോയി എല്ലാരും എന്നെ നോക്കി അമ്മയും.ഞാൻ ഓടി പോയി അമ്മയുടെ മേശയിൽ നിന്നും താക്കോൽ എടുത്തു അവളുടെ കയ്യിൽ വച്ചു.വീട്ടിൽ ആരും ഒന്നും മിണ്ടുന്നില്ല. ആരോ മുഖത്തു വെള്ളം തളിച്ചപ്പോൾ അവൾ എഴുന്നേറ്റു.എന്നെ നോക്കി ഞാൻ അവളെ എന്നോട് ചേർത്തു നിർത്തി.എല്ലാവരും പിരിഞ്ഞു പോയി അമ്മ എന്നെ വിളിച്ചു.”നിനക്ക് നേരെത്തെ അറിയാമായിരുന്നോ അവൾക്കു വയ്യാത്തതു ആണെന്ന്.”അറിയാം, അമ്മേ “”,ഞാൻ മറുപടി പറഞ്ഞു.അമ്മ::”പിന്നെന്താ നീ എന്നോട് പറയാതെ ഇരുന്നത് ??””
ഞാൻ ::അത് അവളെ എനിക്കിഷ്ടം ആണ് നല്ല ഇഷ്ടം ആണ്.. കല്യാണം മുടങ്ങും എന്നോർത്ത് മിണ്ടാതെ ഇരുന്നതാ ക്ഷമിക്കണം അമ്മേ.അമ്മ മുഖം വീർപ്പിച്ചു അടുക്കളയിലേക്ക് പോയി.വരാൻ പോകുന്ന വല്യ ഒരു അമ്മായി അമ്മ പോരു ഞാൻ ആ പോക്കിൽ കണ്ടു.അന്ന് രാത്രി ഞങ്ങൾ ഭാവി കാര്യങ്ങൾ ഒക്കെ സ്വപ്നം കണ്ടു കിടന്നു.രാവിലെ അടുക്കളയിൽ നിന്നും വല്യ ഒരു ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റതു.അമ്മായി അമ്മ മരുമകൾ പോരു തടയാനായ ഞാൻ അടുക്കളയിലേക്ക് ഓടി.അവിടെ എന്റെ അമ്മയുടെ മടിയിൽ കിടക്കുന്ന ഭാര്യയെ ആണ് കണ്ടത്….. അമ്മ അവളുടെ നെറ്റി തടവുന്നു.എന്റെ കണ്ണു നിറഞ്ഞു.വൈകുന്നേരം ഞങ്ങളെയും കൂട്ടി അമ്മ ഒരു ആയുർവേദ വൈദ്യശാലയിൽ പോയി.അന്ന് രാത്രി അവൾ എന്നോട് ചോദിച്ചു.. “”എന്റെ ഏറ്റവും വല്യ ഭാഗ്യം ആരാണെന്നു ഏട്ടന് അറിയാമോ “”””അറിയാം ഞാനല്ലേ “” അല്പം അഹങ്കാരത്തോടെ അവളെ ഞാൻ നോക്കി.””ഏട്ടനും ഭാഗ്യമാണ് പക്ഷെ ഏട്ടന്റെ അമ്മ അതായത് എന്റെ അമ്മയാണ് എന്റെ ഭാഗ്യം. “”
കുറെ നാളുകൾക്കു ശേഷം അവളുടെ അസുഖം നല്ല പോലെ കുറഞ്ഞു.കുറെ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ആ സിദ്ധൻ പറഞ്ഞിരുന്നു.ഇന്നു അറിയാതെ കഴിക്കാൻ പാടില്ലാത്ത എന്തോ കഴിച്ചതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി.അവൾ എന്നോട് ചേർന്ന് കിടന്നു.രാവിലെ തന്നെ വൈദ്യന്റെ അടുത്ത് പോയി.അദ്ദേഹം കുറെ വഴക്കൊക്കെ പറഞ്ഞു.മരുന്ന് തന്നു.പ്പ്രാവശ്യം അവൾ കൃത്യമായി മരുന്നൊക്കെ കഴിച്ചു.””ഏട്ടാ എനിക്ക് ഇപ്പൊ ഒരു വിഷമം ഉണ്ട്..”എന്താ ” ഞാൻ ചോദിച്ചു..
“”നേരത്തെ ഒക്കെ തലകറങ്ങി എഴുന്നേറ്റ് വരുമ്പോൾ ഏട്ടന്റെ നെഞ്ചിലെ ആ ചൂട് പറ്റി കിടക്കുന്ന ഒരു സുഖം ഉണ്ടല്ലോ അതിപ്പോ കിട്ടുന്നില്ല.അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു.കൃത്യമായ കരുതലും സ്നേഹവും ഉൾപ്പെടുത്തി ഉള്ള ചികിത്സ ആണ് എല്ലാ രോഗത്തിനും വേണ്ടത്.ഞാൻ മനസ്സിൽ കരുതി.ഇന്നു രാവിലെ വീണ്ടും അവൾ തലകറങ്ങി വീണു.പക്ഷെ ഇപ്പ്രാവശ്യം വായിൽ നിന്നു നുരയും പാതയും വന്നില്ല.പകരം വൈകിട്ട് ഒരു ഫോൺ വന്നു.””ഏട്ടാ എനിക്ക് പച്ച മാങ്ങാ വേണം.പറ്റുമെങ്കിൽ ഒരു മസാല ദോശയും.”
പ്രതീഷ് മാത്യു
പതിവുപോലെ ഓഫീസിലേക്കുള്ള അലസമായ ആ ബൈക്ക് യാത്ര ഒന്ന് മാത്രമാണ് അവന് സ്വതന്ത്രമായി തോന്നാറുള്ളത്. വീട്ടില്‍ നിന്നും കുറച്ചു നേരത്തെ തന്നെ ഇറങ്ങാറുണ്ട്. പോകുന്ന വഴിക്കു അന്നാരും തന്നെ ലിഫ്റ്റ് ചോദിയ്ക്കാന്‍ കണ്ടില്ല. മെയിന്‍ റോഡില്‍ കയറി കുറച്ചു പോയാല്‍ ഗംഗാധരേട്ടന്റെ ചായക്കട. അവിടെ കയറി ഒരു കാലിച്ചായയും ന്യൂസ് പേപ്പറും കുറച്ചു ലോക വിവരവും. അന്ന് ബസ് സ്റ്റോപ്പില്‍ പതിവ് മുഖങ്ങളുടെ കൂടെ ഒരു പര്‍ദ്ദ ഇട്ട കുട്ടിയെയും കണ്ടു. മറച്ചിരിക്കുന്ന മുഖത്തിനുള്ളില്‍ നിന്ന് നീണ്ടു വിടര്‍ന്ന മിഴികളില്‍ അവന്‍ അറിയാതെ ഒന്ന് ഉടക്കിപ്പോയി. അന്ന് ഓഫീസിലേക്കുള്ള യാത്രയില്‍ അവന്റെ മനസ്സില്‍ മുഴുവന്‍ ആ ഉടക്കിയ മിഴികള്‍ ആയിരുന്നു.
സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ തടവറ ആയി ആ മൂടുപടം അവന്റെ മനസ്സിനെ കുത്തി നോവിച്ചു. അത് ആ കുട്ടി ആഗ്രഹിച്ചു ധരിച്ചിരിക്കുന്നതാണോ… എന്തോ.. നമ്മുടെ നാട്ടിലും ഒരുപാട് മൂടുപടങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു..
തുടര്‍ന്നുള്ള ദിവസങ്ങളിലും അവന്‍ അവളെ ബസ് സ്റ്റോപ്പില്‍ സ്ഥിരം കാണുവാന്‍ തുടങ്ങി. അന്വേഷിച്ചപ്പോളാണ് മനസിലായത് ഈ അടുത്തായി അവന്റെ നാട്ടില്‍ വന്ന താമസക്കാരാണ്. ടൗണില്‍ ഉള്ള കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു. കോളേജിന് അടുത്ത് തന്നെ ആണ് അവന്റെ ഓഫീസും. തുടര്‍ന്ന് കോളേജ് വിടുന്ന സമയങ്ങളിലും ഇല്ലാത്ത സമയം ഉണ്ടാക്കി ഒന്ന് കറങ്ങി തുടങ്ങി. ചില ദിവസങ്ങളില്‍ അവളെ കാണാം..! അല്ല അവളുടെ കണ്ണുകള്‍ കാണാം…! അവള്‍ നോക്കുമ്പോ ഒന്ന് പുഞ്ചിരിക്കുന്നുണ്ടോ… എന്തോ അങ്ങനെ തോന്നാന്‍… ??
അവള്‍ എന്ത് വിചാരിച്ചാലും ശരി അവളോട് ഒന്ന് സംസാരിക്കണം, ആ മുഖം ഒന്നു കാണണം…
അന്ന് വൈകുന്നേരം അവന്‍ ബൈക്കുമായി പോയി അവളുടെ അരികില്‍ നിര്‍ത്തിയിട്ടു പറഞ്ഞു. ആ വഴിക്കു തന്നെയാണ് ഞാനും കയറിക്കോ.. ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും അവള്‍ അവന്റെ പിന്നില്‍ കയറി. വണ്ടി കുറച്ചു മുന്‍പോട്ടു പോയപ്പോ അവള്‍ പറഞ്ഞു… ഞാന്‍ ചേട്ടനെ മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് നാണം കെടുത്തണ്ട എന്ന് വിചാരിച്ചാണ് പിന്നില്‍ കയറിയത്, എന്നെ ആ അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിട്ടേക്ക്. അവന്‍ പറഞ്ഞു കുട്ടി വേറെ ഒന്നും വിചാരിക്കരുത് കുട്ടിയുടെ ഈ പര്‍ദ്ദ എന്റെ ഉറക്കം കെടുത്തുന്നു.. നിന്റെ മുഖം ഒന്ന് കാണാന്‍ വേണ്ടി ആണ് ഞാന്‍ നിന്റെ പിന്നാലെ ഈ നടക്കുന്നത്. എന്തോ ഒരു ജിജ്ഞാസ.. അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തു പ്‌ളീസ്…അവള്‍ വീണ്ടും കേണു.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ അവള്‍ നീട്ടിയ കൈകളിലേക്ക് അവനും അത്ഭുതത്തോടെ കൈ കൊടുത്തു. അവള്‍ പറഞ്ഞു ഐ ആം ആമിന, ഫൈനല്‍ ഇയര്‍ ബി.എസ്‌സിക്കു പഠിക്കുന്നു… യാന്ത്രികമായ കൈകള്‍ പിന്‍വലിക്കുമ്പോഴും അവന്റെ നോട്ടം അവളുടെ കണ്ണുകളില്‍ തന്നെ ആയിരുന്നു.. അവള്‍ ചിരിച്ചു കൊണ്ട് ആ മൂടുപടം ഉയര്‍ത്തി എന്നിട്ടു പറഞ്ഞു.. പോട്ടെ…. അവന്‍ വാ തുറന്ന് നിന്ന് പോയി… എന്ത് ധൈര്യം ആണ് ഈ കുട്ടിക്ക്, ഇവളെ ആണോ ഈ മൂടുപടത്തിനുള്ളില്‍ തളച്ചിട്ടിരിക്കുന്നത്.. ഇത് സ്വതന്ത്ര ഇന്ത്യ അല്ലെ ഇവടെ സ്ത്രീകള്‍ക്കും തുല്യ സമത്വം വേണ്ടേ… എപ്പോഴാണ് വീടെത്തിയതെന്നോ എപ്പോഴാണ് ഉറങ്ങിയതെന്നോ അറിയില്ല അവന്‍ ആ സ്വപ്ന ലോകത്തില്‍ തന്നെ ആയിരുന്നു..
ആ മൂടുപടത്തിനുള്ളിലെ സുന്ദര മുഖം…
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഉള്ള അവന്റെ ഓഫീസ് യാത്രകളില്‍ അവന് ഒരു പതിവ് സഹയാത്രിക കൂടെ ഉണ്ടായിരുന്നു – ആമിന. കയറുവാനും ഇറങ്ങുവാനും ഒരു ഇടത്താവളവും.. ഒഴിവു ദിവസങ്ങള്‍ അവര്‍ക്കു പലപ്പോഴും പ്രവൃത്തി ദിവസങ്ങള്‍ ആയിരുന്നു. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവനോട് ചേര്‍ന്നുള്ള ദിവസങ്ങള്‍ അവളും അവളുടെ പര്‍ദ്ദ ഉപേക്ഷിക്കാന്‍ തയ്യാറായി. നല്ല സുഹൃത്തുക്കളായി തങ്ങളുടേതായ ജീവിതം അവര്‍ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.
അന്ന് കോളേജില്‍ സമരമോ മറ്റോ ആയിരുന്നു. വരാന്‍ പറ്റുമോ എന്ന് അവള്‍ ചോദിച്ചു. പിടിപ്പതു പണിയുണ്ട്, മാനേജര്‍ ഇത്തിരി ദേഷ്യത്തിലുമാണ് എന്ന് അവളോട് പറഞ്ഞു. അവള്‍ പറഞ്ഞു സാരല്യ ഞാന്‍ ഫ്രണ്ട്‌സിന്റെ കൂടെ ടൗണില്‍ ഒന്ന് കറങ്ങട്ടെ. ഷോപ്പിംഗ് മാളില്‍ ഒക്കെ ഒന്ന് പോയി വൈകിട്ട് പോകുമ്പോ ഒരുമിച്ചു പോകാം എന്ന്. പൂര്‍ണ സമ്മതം. ഉച്ചക്ക് മാനേജര്‍ ലീവ് പറഞ്ഞു പെട്ടെന്ന് പോയി. കേട്ട പാതി തന്നെ അവളെ വിളിച്ചു. അവര്‍ ഷോപ്പിംഗ് മാളില്‍ ഉണ്ട്. ഒരു കസ്റ്റമര്‍ വിസിറ്റ് സിസ്റ്റത്തില്‍ അപ്‌ഡേറ്റ് ചെയ്തു അവനും ഇറങ്ങി.
ഒരു പതിനഞ്ചു മിനുട്ടിനുള്ളില്‍ അവന്‍ മാളില്‍ എത്തി. തങ്ങളുടെ സ്ഥിരം ഐസ്‌ക്രീം പാര്‍ലറിലാണ് ഉള്ളത് എന്ന് പറഞ്ഞപ്പോ അവനു ഒരു അസ്വാസ്ഥ്യം. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ അവളുടെ കൂടെ ഒരു ആറ് പേര്‍. പെണ്‍കുട്ടികള്‍ ഇവളും വേറെ ഒരു കുട്ടിയും മാത്രം. തൂവെള്ള നിറത്തില്‍ ഉള്ള അവളുടെ ടോപ്പില്‍ അവള്‍ ഇനിയും സുന്ദരി ആയതു പോലെ. ടോപ്പിനുള്ളില്‍ നിന്ന് അവളുടെ മാംസള ഭാഗം പുറത്തേക്കു അറിയുന്നുണ്ടോ. അവളുടെ കൂടെ ഉള്ള ആണ്‍കുട്ടികള്‍ അത് ശ്രദ്ധിക്കുന്നുണ്ടോ. ആകെ ഒരു തിക്കു മുട്ടല്‍… അവന്‍ ഒന്ന് സ്വരം ഉയര്‍ത്തി തന്നെ ചോദിച്ചു. അല്ല..അലറി…
നിന്റെ പര്‍ദ്ദ എവിടെ… ??
കാരൂര്‍ സോമന്‍
സൂര്യോദയം കാണണമെങ്കില്‍-
സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍സേവര്‍
അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ്
അല്ലെങ്കില്‍ ജനല്‍ തുറന്നു
നോക്കുമ്പോള്‍ കാണുന്ന തെരുവു
തൂപ്പുകാരുടെ നീളന്‍ കുപ്പായം
അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന
കുഞ്ഞു പെണ്ണിന്‍ സ്‌കര്‍ട്ട്
വലിയൊരു ഭാരവുമായി ജോലിക്ക്
ഓടുന്ന ഭാര്യയുടെ വേവലാതി
പിന്നെയും പണിയൊന്നുമില്ലാതെ
നാണിച്ച് ലജ്ജിച്ച ഭര്‍ത്താവ്
ഇവരുടെ മുഖകാന്തിയില്‍ നിന്ന്
എനിക്കു കാണാം സൂര്യോദയം
എന്റെ സൂര്യോദയം, ഒരു കണക്കിന്
പാതിരിച്ചിരിപോലെ അഡ്ജസ്റ്റുമെന്റാണ്
ലാഭം കണക്കാക്കാനറിയാത്ത കച്ചവടക്കാരന്റെ
കൂട്ടിക്കിഴിക്കലുകളുടെ വെപ്രാളമാണ്
മറ്റൊരര്‍ത്ഥത്തില്‍, കോഴിയും പോത്തും
തൂക്കിപിടിച്ച സഞ്ചി, ചന്തയിലെ തിരക്കില്‍
പൊട്ടി വീഴുമ്പോള്‍ എടുത്തു സഹായിക്കാന്‍
ആര്‍ത്തിപുരണ്ടെത്തുന്നവരുടെയും
ഒരു കൈയില്‍ കത്തിയുമായി മീന്‍വെട്ടുമ്പോഴും
പെണ്ണിന്റെ ഉടലിനെ പ്രാപിച്ച് ആഞ്ഞുവെട്ടി
ചോരചിന്തുന്ന മാംസത്തിന്റെ നറുമേനിയില്‍
കൈയിട്ടിളക്കുന്നവന്റെ രതിമൂര്‍ച്ഛയാണ്.
ഇങ്ങനെയൊഴുകുന്ന എന്റെ പുഴയില്‍
എവിടെയെങ്കിലും സൂര്യോദയം കാണാമോ
ഇങ്ങനെ നടക്കുന്ന എന്റെ പകലില്‍
എവിടെയെങ്കിലുമുണ്ടോ സൂര്യാസ്തമയം
സൂര്യന്‍ ഒരു മിഥ്യയാണെന്നും, അത്
ഒരു മിറാഷ് പെയിന്റിങ്ങുമാണെന്ന്
നോര്‍വെയുടെ തെരുവില്‍ ഒരു റൊട്ടികഷണം
നുണയവേ തിരിച്ചറിഞ്ഞ മാത്രയില്‍
ഞാനെഴുതി, അറിവിന്റെ നൂറ്റൊന്നു മാത്ര
നീളുന്ന ജ്ഞാനപ്പാനയ്ക്ക് ആമുഖം
ലോകത്തിലെ ഏറ്റവും വിഡ്ഢിയായ പെണ്ണ് ഞാനാവും. കാരണം, സ്വന്തം വിവരക്കേടു കൊണ്ട് ജീവിതം നഷ്ടപ്പെട്ടു പോയ ഒരാളാണ് ഞാൻ. എന്റേതെന്നു ഞാൻ വിശ്വസിച്ചിരുന്ന എല്ലാം എനിക്ക് നഷ്ടപ്പെടുകയാണ്. ഇന്നു മുതൽ ഞാൻ തനിച്ചാണ്.
ഇടത്തരം കുടുംബത്തിലെ മൂന്ന് പെൺമക്കളിൽ ഇളയവളായിരുന്നു ഞാൻ. മൂത്ത രണ്ടു പേരുടെ വിവാഹം നടത്തി അപ്പച്ചൻ സാമ്പത്തിക പരാധീനതയിൽ അകപ്പെട്ടിരിക്കുമ്പോഴാണ് എനിക്ക് സിബിച്ചേട്ടന്റെ ആലോചന വന്നത്. പത്താം ക്ലാസ് കഴിഞ്ഞ് വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു അപ്പോൾ ഞാൻ. സ്വത്തും പണവും ഒന്നുo വേണ്ട, സുന്ദരിയായ പെൺകുട്ടിയെ മാത്രം മതി എന്നു പറഞ്ഞു വന്ന ആ ആലോചന ഉറപ്പിക്കാൻ അപ്പച്ചന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അമ്മയില്ലാതെ മൂന്ന് മക്കളെ വളർത്തി തളർന്നു പോയിരുന്നു പാവം.
ആഗ്രഹിച്ചതിലും സന്തോഷകരമായിരുന്നു ജീവിതം. സ്നേഹം കൊണ്ടു മൂടുന്ന ഭർത്താവ്. അതിന്റെ പൂർത്തീകരണം പോലെ രണ്ടു പൊന്നുമക്കൾ. അപ്പച്ചൻ ഒറ്റയ്ക്കായിരുന്നതിനാൽ ഞാനും മക്കളും വീട്ടിലായി രുന്നു താമസം. സൗദിയിൽ ഒരു പരസ്യ കമ്പനിയിൽ ആയിരുന്നു ചേട്ടന് ജോലി. എന്നും അദ്ദേഹത്തിന് വിഷമം പറയാനേ നേരം ഉണ്ടായിരുന്നുള്ളൂ . നല്ല ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും അതിനനുസരിച്ചുള്ള ശമ്പളം കിട്ടിയിരുന്നില്ല. നമുക്കും നല്ലൊരു കാലം വരുമെന്ന് പറഞ്ഞു സമാധാനിപ്പിക്കും ഞാൻ .
ഒരു ദിവസം അദ്ദേഹം വിളിച്ചത് വളരെ സന്തോഷത്തോടെയായിരുന്നു.
“ലീനാ , നമ്മുക്ക് ഭാഗ്യം ഉണ്ടെടാ. എനിക്ക് ഒരു അമേരിക്കൻ കമ്പനിയുടെ ഓഫർ വന്നു. അത് കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടെടാ. നീ പ്രാർത്ഥിക്ക് . ”
ഞാൻ പ്രാർത്ഥന തന്നെയായിരുന്നു. മറ്റുള്ള സഹോദരങ്ങളെ വെച്ച് ഞങ്ങൾ കുറച്ചു സാമ്പത്തികമായി താഴ്ന്നതാണെന്നൊരു അപകർഷതാബോധം ഉണ്ടായിരുന്നു ചേട്ടന് .
ഈ ജോലി ഞങ്ങൾക്കൊരു പിടിവള്ളി തന്നെയാണെന്ന് ഞാനും വിശ്വസിച്ചു.
ചേട്ടൻ വളരെ ആവേശത്തോടെ ഓടി നടന്നു പേപ്പറുകൾ ശരിയാക്കി. സൗദിയിലെ ജോലി രാജിവച്ച് നാട്ടിലെത്തി. ഒരു ദിവസം വിസയുടെ കാര്യത്തിന് പോയിട്ടു വന്ന ചേട്ടൻ വളരെ നിരാശനായിരുന്നു. കാര്യം തിരക്കിയ എന്നോട് വളരെ വിഷമത്തോടെ പറഞ്ഞു.
” മോളേ, നമുക്ക് യോഗമില്ലെന്നാ തോന്നുന്നത്. മാരീഡ് ആയ ഒരു ജോലിക്കാരനെ ആ കമ്പനി തൽക്കാലം സ്വീകരിക്കുന്നില്ല. ഫാമിലി സ്റ്റാറ്റസ് കൊടുക്കുന്നത് അവർക്ക് ഒരു അധിക ബാധ്യതയാണെന്ന്. ”
ഒന്നു നിർത്തി അയാൾ തുടർന്നു.
” ഇനി ആ ജോലി കിട്ടാനുള്ള ഏക വഴി ഞാൻ സിംഗിൾ ആണെന്ന് രേഖയുണ്ടാക്കുകയാണ്. അതിന് നമ്മുടെ ഡിവോഴ്സ് നോട്ടീസിൽ നീ ഒപ്പിട്ടു തരണം. രണ്ടുപേരും ഒപ്പിട്ടാൽ വേഗം എല്ലാം ശരിയാകും.”
ഒരു ഞെട്ടലോടെയാണ് ഞാൻ ഇത് കേട്ടത്.
അദ്ദേഹത്തിന്റെ അമ്മയും പിന്തുണച്ചു.
” മോളെ, ഇത് നിങ്ങൾക്കു വേണ്ടിയല്ലേ . പിന്നെ ഇത് ആരെയും അറിയിക്കാൻ നിൽക്കണ്ട. എന്തെങ്കിലും പറഞ്ഞ് മുടക്കാൻ ആളുണ്ടാവും. ഒരാൾ നന്നാവുന്നത് മറ്റുള്ളവർക്ക് സഹിക്കില്ലല്ലോ ”
ആ പേപ്പറിൽ ഒപ്പിടുമ്പോൾ അറിയാതെയെങ്കിലും എന്റെ കൈ വിറച്ചു.
അതു കണ്ട അദ്ദേഹം എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു.
” മോളെ, നീ എന്തിനാ വിഷമിക്കുന്നത്? ഒരു പേപ്പറാണോ നമ്മുടെ സ്നേഹവും ബന്ധവും തീരുമാനിക്കുന്നത്. ഞാൻ ചെന്ന് ഒന്ന് സെറ്റിലായാൽ ഉടനെ നിന്നെയും പിള്ളേരേം കൊണ്ടുപോകാനുള്ള കാര്യങ്ങൾ ചെയ്യും. അപ്പോൾ എന്തായാലും വീണ്ടും രജിസ്റ്റർ ചെയ്യണല്ലോ.”
ഇത് പറയുമ്പോൾ നിറഞ്ഞ ആ കണ്ണുകൾ എന്റെ വിശ്വാസം ഊട്ടിയുറപ്പിച്ചു. ആരെയും അറിയിക്കണമെന്ന് എനിക്ക് തോന്നിയതും ഇല്ല.
പിന്നീടെല്ലാം വേഗത്തിലായിരുന്നു. പേപ്പറുകൾ നീങ്ങിയതും പോകാനുള്ള വിസ വന്നതും എല്ലാം ഒരു സ്വപ്നം പോലെ നടന്നു.
ചെന്ന് ജോലിക്ക് കയറിയിട്ടും ഫോൺവിളിയും സംസാരവും ഒക്കെ മുറപോലെ നടന്നു. പണവും അയച്ചു.
രണ്ടു വർഷം കഴിഞ്ഞപ്പോൾ പത്തു ദിവസത്തെ ലീവിന് വന്നു. ഞാനും മക്കളും വളരെ സന്തോഷിച്ച പത്തു ദിവസം. എന്തൊക്കെയോ പേപ്പറുകൾ കൂടെ ശരിയാക്കിക്കൊണ്ടു പോയി. ഞങ്ങളെ കൊണ്ടു പോകാനുള്ള പേപ്പറുകൾ ആണെന്നാണ് പറഞ്ഞത്.
തിരിച്ചു ചെന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോൾ അശനിപാതം പോലൊരു ഫോൺ കോൾ .
” ലീനാ, ഇവിടെ കമ്പനിയിൽ ആകെ പ്രശ്നമാണ്. എന്റെയടക്കം കുറച്ചു പേരുടെ ജോലി പോയി.
ഇവിടെ നിന്ന് കേറ്റി വിട്ടാൽ പിന്നൊരു തിരിച്ചു പോക്ക് സാധ്യമല്ല. അതു കൊണ്ട് ഞാനൽപ്പം പ്രാക്ടിക്കലാവുകയാണ്. ഇവിടുത്തെ പൗരത്വം ഉളള ഒരാളെ വിവാഹം കഴിച്ചാൽ എനിക്കിവിടെ തുടരാം. നല്ലൊരു ജോലിയും കണ്ടെത്താം. നീ എന്നോട് ക്ഷമിക്കണം”.
പ്രതികരിക്കാൻ മറന്ന്, ശബ്ദം നഷ്ടപ്പെട്ട് ഞാൻ നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. കൈവിട്ടു പോയത് എന്റെ ജീവിതമായിരുന്നു എന്ന് മനസ്സിലാക്കാൻ വൈകി.
പതുക്കെ പതുക്കെ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞു. മകന്റെ പണം മാത്രം ആഗ്രഹിച്ച ആ അമ്മക്ക് കോടീശ്വരിയായ പുതിയ മരുമകൾ തന്നെയാവുമല്ലോ വലുത്.
അറിഞ്ഞവരെല്ലാം എന്നെ കുറ്റപ്പെടുത്തി.
” ആരോടും ആലോചിക്കാതെ തന്നിഷ്ടത്തിന് ചെയ്തതല്ലേ? ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്? അനുഭവിക്കട്ടെ “.
അവർക്കും അതാണ് നല്ലതെന്ന് തോന്നിക്കാണും. പെട്ടെന്ന് ആരുമില്ലാതായിപ്പോയ ഒരു പെണ്ണും രണ്ടു കുട്ടികളും എല്ലാവർക്കും ബാധ്യതയാകുമല്ലോ.
സുഖമില്ലാതിരുന്ന അപ്പച്ചൻ ഇതോടെ കിടപ്പിലായി .
ഇതിനിടെ അമേരിക്കയിലുള്ള അകന്ന ബന്ധുക്കൾ മുഖേന വിവരങ്ങൾ കൂടുതൽ
വ്യക്തമായി. കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുമായി അയാൾ ബന്ധം പുലർത്തിയിരുന്നു എന്നും ജോലി നഷ്ടപ്പെട്ടു എന്ന് കള്ളം പറഞ്ഞതാണെന്നും . ഡിവോഴ്സിന്റെ രേഖകൾ കയ്യിലുണ്ടായിരുന്നതിനാൽ രണ്ടാം വിവാഹത്തിന് നിയമ തടസ്സങ്ങളുണ്ടായില്ലത്രേ.
വ്യക്തമായ പ്ലാനിങ്ങോടു കൂടിയ ഒരു ചതി. തർക്കങ്ങളോ പള്ളിക്കോടതിയുടെ ഇടപെടലോ നഷ്ട പരിഹാര ആലോചനകളോ ഒന്നും ഇല്ലാതെ സുഗമമായ ഒരു വേർപിരിയൽ. ബുദ്ധിപരമായൊരു ചൂഷണം . ചൂഷണം ചെയ്തത് പക്ഷേ, ഒരു പാവം പെണ്ണിന് തന്റെ ഭർത്താവിനോടുള്ള കറതീർന്ന വിശ്വാസത്തെയും നിഷ്കളങ്ക സ്നേഹത്തെയും ആയിരുന്നു.
സമയം എടുത്തെങ്കിലും ജീവിതത്തോട് പൊരുതാൻ ഞാൻ തീരുമാനിച്ചു. പത്താം ക്ലാസ് തോറ്റ എനിക്ക് വലിയ ജോലിയൊന്നും കിട്ടില്ല എന്നറിയാവുന്നതുകൊണ്ട് പള്ളിവക അഗതിമന്ദിരത്തിൽ അടുക്കളപണിക്ക് പോയിത്തുടങ്ങി. ഞങ്ങൾക്ക് ജീവിക്കാനുള്ളത് കിട്ടുമായിരുന്നു. മക്കളുടെ പഠിപ്പിനുള്ളത് പള്ളിക്കാർ സഹായിച്ചു.
ഇതിനിടക്ക് അപ്പച്ചൻ മരിച്ചു. വീടും അഞ്ചു സെന്റ് സ്ഥലവും എന്റെ പേർക്ക് എഴുതിവച്ചിരുന്നത് കൊണ്ട് പെരുവഴിയിലായില്ല . കുട്ടികൾക്ക് ഉള്ളത് അയാളോട് ആവശ്യപ്പെടാൻ പലരും നിർബന്ധിച്ചെങ്കിലും അഭിമാനബോധം സമ്മതിച്ചില്ല. അത്രയെളുപ്പം ഉണങ്ങുന്ന മുറിവായിരുന്നില്ലല്ലോ അയാൾ ഉണ്ടാക്കിയത്.
മൂന്നു വർഷം മുമ്പ് അയാൾ ഭാര്യയെയും കൂട്ടി നാട്ടിൽ വന്നു. പതിനാല് വർഷങ്ങൾക്ക് ശേഷം മക്കളെ കാണാൻ . മോൻ ഡിഗ്രി അവസാനവർഷം ആയിരുന്നു , മോൾ പ്ലസ് വണ്ണിലും . അവരെ അവർ പഠിക്കുന്ന കോളേജിൽ പോയിക്കണ്ടു. എന്തൊക്കെയോ സമ്മാനങ്ങൾ കൊടുത്തു. അമേരിക്കയിൽ വലിയ ഒരു പരസ്യക്കമ്പനിയുടെ ഉടമയാണെന്നും അവർക്ക് മക്കളൊന്നും ഉണ്ടായിട്ടില്ല എന്നും മറ്റുള്ളവർ പറഞ്ഞറിഞ്ഞു. കുറ്റബോധമോ എന്തോ, എന്നെ കാണാൻ അവർ ശ്രമിച്ചില്ല. എന്റെ മനസ്സിലും അയാളെന്നേ മരിച്ചു മണ്ണടിഞ്ഞു പോയിരുന്നു.
പോകും മുമ്പേ പള്ളിയിലെ അച്ചനെ കണ്ടു സംസാരിച്ചിരുന്നു. മക്കളെ കൊണ്ടുപോകാൻ ആഗ്രഹമുണ്ട്. പഠന വിസയിലാവുമ്പോൾ വലിയ ഫോർമാലിറ്റിയില്ലാതെ കൊണ്ടു പോകാമത്രേ. ബാക്കി പഠനം അവിടെയാക്കാം. കോടികൾ ടേണോവർ ഉള്ള അയാളുടെ കമ്പനിക്ക് പിൻഗാമി. അതാണുദ്ദേശം. എന്നോട് സംസാരിക്കാമെന്ന് അച്ചൻ സമ്മതിച്ചു. മക്കളോട് സ്നേഹമുണ്ടെങ്കിൽ അവരുടെ നല്ല ഭാവിക്ക് തടസ്സം നിൽക്കരുതെന്ന് എല്ലാവരും എന്നെ ഉപദേശിച്ചു. കുട്ടികളും അമേരിക്കൻ ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. പാസ്പോർട്ട് ശരിയാക്കി വേണ്ട രേഖകളും കൊണ്ട് അവർ പോയി. പിറ്റെ അധ്യയന വർഷത്തിൽ അവിടെയുള്ള കോളേജിൽ അഡ്മിഷൻ ശരിയായി വിസ വന്നു. എന്റെ ചങ്കും പറിച്ചെടുത്ത് മക്കൾ പോയി.
ആദ്യമാദ്യം ദിവസവും ഫോൺ ചെയ്യുമായിരുന്നു. പിന്നീട് വിളികളുടെ എണ്ണം കുറഞ്ഞു. അമേരിക്കയിലെ വേഗമേറിയ ജീവിത ശൈലിയുമായി അവർ പെട്ടെന്ന് അനുയോജിച്ചു.
ഒരിക്കൽ വിളിച്ചപ്പോൾ മോൾ പറഞ്ഞു,
” ഇവിടുത്തെ ജീവിത സാഹചര്യങ്ങൾ നമ്മൾ സ്വപ്നം പോലും കണ്ടിട്ടില്ലാത്തതാണമ്മേ . പിന്നെ , ഡാഡിയും മമ്മിയും നല്ല സ്നേഹമാ ഞങ്ങളോട് . ”
ആശ്വാസം . എന്റെ മക്കൾ അവിടെ സന്തോഷത്തിലാണല്ലോ.
രണ്ടു വർഷത്തിന് ശേഷം വെക്കേഷന് വരും എന്നു കരുതി കാത്തിരുന്നു . ഇന്നലെ അവർടെ കോൾ വന്നു.
” സോറി അമ്മേ, ഇത്തവണയും ഞങ്ങൾ വരുന്നില്ല. ഇവിടെ നല്ലൊരു ട്രിപ്പ് പ്ലാൻ ചെയുന്നുണ്ട് ഡാഡിയും മമ്മിയും. ലോകത്തിലെ ഏറ്റവും നല്ല ടൂറിസ്റ്റ് സ്ഥലത്തെല്ലാം പോകാൻ. ഒരു മാസത്തെ . ഞങ്ങളുടെ ബിസിനസിനും ഗുണം ചെയ്യുമത്രേ. അത് മിസാക്കാൻ വയ്യ. പിന്നെ ഡാഡി ഞങ്ങൾക്ക് വേണ്ടിയല്ലേ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതൊക്കെ ” .
അവർ പറഞ്ഞത് ശരിയാണ്. അവരും പ്രാക്ടിക്കലായിത്തുടങ്ങി. പരാതിയില്ല. കഷ്ടപ്പെട്ടു വളർത്തിയതിന്റെ കണക്ക് നിരത്താനുമില്ല. ഈ പള്ളിയും അഗതിമന്ദിരവും ഇവിടെ ഉള്ളയിടത്തോളം കാലം ഞാൻ ജിവിക്കും. ചുറ്റിനും ബന്ധുക്കമുണ്ടായിട്ടും ആരുമില്ലാതായിപ്പോയ കുറച്ച് വൃദ്ധ ജൻമങ്ങൾക്ക് വേണ്ടി…., അവരിലൊരാളായി…..
ജെയ്നി റ്റിജു
ചുനക്കര: ചാരുംമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് രാജു മോളേത്തിന്റെ അദ്ധ്യക്ഷതയില്‍ ഓണാഘോഷ മത്സരത്തിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി ശാസ്ത്ര-സാഹിത്യ-കായിക രംഗത്ത് ഇംഗ്ലീഷടക്കം 51 ശ്രദ്ധേയങ്ങളായ കൃതികള്‍ സമ്മാനിച്ച് വിദേശ-സ്വദേശ മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്ന, ഇരുപതു പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ചാരുംമൂടിന്റെ അക്ഷരനായകന്‍ കാരൂര്‍സോമന് ലൈബ്രറിയുടെ ഭാഷാമിത്ര പുരസ്‌കാരം ഭാഷാപണ്ഡിതനും, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് മുന്‍ ഡയറക്ടറുമായ ഡോ: എം.ആര്‍. തമ്പാന്‍ സമ്മാനിച്ചു.
കാരൂര്‍ സോമന്റെ കാമനയുടെ സ്ത്രീപര്‍വ്വം (ചരിത്രകഥകള്‍) കടലിനക്കരെയിക്കരെ (യാത്രാവിവരണം), കാറ്റാടിപ്പൂക്കള്‍ (ബാലനോവല്‍), ഇന്നലെ-ഇന്ന്-നാളെ (സിനിമ ചരിത്രം) ഡോ: എം.ആര്‍. തമ്പാന്‍ – ഫ്രാന്‍സിസ് ടി.മാവേലിക്കര, ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ജോര്‍ജ് തഴക്കര, ശ്രീമതി എന്‍. ആര്‍.കൃഷ്ണകുമാരി എന്നിവര്‍ക്ക് നല്കി പ്രകാശനം ചെയ്തു. പുസ്തകങ്ങള്‍ വള്ളികുന്നം രാജേന്ദ്രന്‍ സദസ്സിന് പരിചയപ്പെടുത്തി. ഇലിപ്പക്കുളം രവീന്ദ്രന്‍, ജി. സാം, ഹബീബ് പാറയില്‍ ആശംസകള്‍ അര്‍പ്പിച്ചു. വളരുന്ന തലമുറ ചാനല്‍ സംസ്‌കാരത്തിനടിമകളാകാതെ വായനയില്‍ ശ്രദ്ധിക്കണമെന്നും മറിച്ചായാല്‍ അത് ആപത്തിലേക്കുള്ള യാത്രയെന്നും ആശംസപ്രസംഗകര്‍ മുന്നറിയിപ്പു നല്കി. ഇന്‍ഡ്യയില്‍ ജനാധിപത്യത്തിന് പകരം ഏകാധിപതികള്‍ വാഴുകയാണെന്നും പാവങ്ങളുടെ മോചനത്തിനായി ഒരു രക്തരഹിത വിപ്ലത്തിന് ജനങ്ങള്‍ തയ്യാറാകണമെന്നും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കാരൂര്‍ സോമന്‍ അറിയിച്ചു. ജഗദീഷ് കരിമുളയ്ക്കല്‍ കവിതാപാരായണവും ലൈബ്രറി സെക്രട്ടറി ഷൗക്കത്ത് കോട്ടുക്കലില്‍ സ്വാഗതവും ശ്രീമതി സലീനസലീം നന്ദിയും പ്രകാശിപ്പിച്ചു.
[blockquote style=”1″]യേശുക്രിസ്തുവിന്‍റെ ജനനത്തെയും അമ്മയായ മറിയത്തിന്റെ സ്വഭാവത്തെയും വികലമായി ചിത്രീകരിച്ച് കൊണ്ട് ഇടുക്കി സ്വദേശിനിയായ ലിജി മാത്യൂസ് എഴുതിയ ദൈവാവിഷ്ടര്‍ എന്ന നോവല്‍ ചര്‍ച്ചാ വിഷയമായിരിക്കെ ഇത് സംബന്ധിച്ച് സിനായ് വോയ്സ് ചീഫ് എഡിറ്റര്‍ സിജോ ജോയ് പ്രതികരിക്കുന്നു. യുകെയില്‍ സ്വിന്‍ഡനില്‍ ആണ് സിജോ ജോയ് താമസിക്കുന്നത്. [/blockquote]
യേശുക്രിസ്തുവിന്റെ അമ്മയായ മറിയം ഹസ്‌മോണിയന്‍ രാജകുമാരിയും സ്വപ്നാടനക്കാരിയായിരുന്നെന്നും യെരുശലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനായിരുന്ന ഹെരോദാവില്‍ മറിയ ഇരട്ടകുട്ടികള്‍ക്കു ജന്മം നല്കിയതില്‍ ഒരാളായിരുന്നു യേശു എന്നുതുടങ്ങി വിചിത്രമായ അനവധി കഥകള്‍ കോര്‍ത്തിണക്കിയും ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കിയും കൊണ്ടു ലിജി മാത്യു എഴുതിയ ‘ദൈവാവിഷ്ട്ടര്‍’ എന്ന നോവലിനെക്കുറിച്ചു വായിക്കുവാന്‍ ഇടയായി. ക്യാമ്പസ് രാഷ്ട്രീയം പറയുന്ന സിനിമയെടുത്തു വിജയിക്കണമെങ്കില്‍ നായകന്‍ കമ്മ്യൂണിസ്റ്റുകാരനാകണം എന്നതുപോലെയാണ് ഇന്നത്തെ പല എഴുത്തുകാരും ക്രിസ്തുവിനെ വിമര്‍ശിച്ചെഴുതുന്നത്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിലെ 17 സ്റ്റേജുകളില്‍ അവതരിപ്പിച്ചു കുപ്രസിദ്ധി നേടിയ നാടകമായിരുന്നു പി.എം ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവു’ സ്പാര്‍ട്ടക്കസ്സ് എന്ന നാടകത്തിന്റെയും കസാന്‍ദ്‌സാക്കീസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം എന്ന കൃതിയെയും ആധാരമായെടുത്താണ് ആന്റണി സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യാനായിരുന്നു ആന്റണിയുടെ ആഹ്വാനം ഈ നാടകത്തിന്റെ ചുവരെഴുത്ത് ഇങ്ങിനെയായിരുന്നു ദൈവപുത്രനല്ലാത്ത യേശു,ഒറ്റുകാരനല്ലാത്ത യൂദാസ്,വേശ്യയല്ലാത്ത മറിയം,കൊള്ളക്കാരനല്ലാത്ത ബറാബാസ് എന്നായിരുന്നു. ബറബ്ബാസിനെക്കാള്‍ നീചനായിട്ടാണ് ക്രിസ്തുവിനെ അതില്‍ അവതരിപ്പിച്ചത്.
യുകെയിലെ സ്വിന്‍ഡനില്‍ താമസിക്കുന്ന സീജോ ജോയ് സിനായ് വോയ്സ് ചീഫ് എഡിറ്ററാണ്
ആ കാലത്തു ക്രിസ്തീയ സഭാ ബിഷപ്പുമാരുടെയും,സിനിമയില്‍ പ്രമുഖ താരമായിരുന്ന ഉണ്ണിമേരിയുടേയും നേതൃത്വത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തു വച്ച് ഈ നാടകത്തിനെതിരെ പടുകൂറ്റന്‍ റാലി നടത്തുകയുണ്ടായി. പോലീസ് പ്രൊട്ടക്ഷനോടു കൂടെയായിരുന്നു മിക്കയിടങ്ങളിലും ഈ നാടകം അരങ്ങേറിയിരുന്നതു അവസാനം സുപ്രീം കോടതിവരെ ഇതിന്റെ കേസ്സു പോയെങ്കിലും നാടകം നിരോധിക്കാനായിരുന്നു കോടതി വിധി. എഴുത്തുകാര്‍ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നല്‍കുന്നത് ക്രിസ്തീയ മാര്‍ഗ്ഗമാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല കാരണം ക്രിസ്തീയതയ്‌ക്കെതിരെ അഭിപ്രായം പറഞ്ഞാലും എഴുതിയാലും ‘ചിന്‍വാദ് പാലം’ എഴുതിയ സാമിനു വന്നപോലെയും,മുവാറ്റുപുഴ ന്യൂ മാന്‍ കോളേജിലെ അധ്യാപകനായിരുന്ന ജോസഫ് സാറിനു വന്ന ഗതി കേടും ആര്‍ക്കും വരില്ലെന്നുറപ്പാണ്.
ലിജി മാത്യുവിന്റെ മനസ്സിന്റെ കൈവിട്ടകളിയായിരുന്നു ദൈവേഷ്ടര്‍ എന്ന് നിസംശയം പറയാന്‍ കഴിയും കാരണം ഇതു ലിജിയുടെ കണ്ടുപിടുത്തമൊന്നുമല്ല ചരിത്രത്തിന്റെയോ ശാസ്ത്രത്തിനെയോ പിന്തുണയോ ഒന്നും ഇല്ലാതെ ഇന്നത്തെ പൈങ്കിളി കഥ പോലുള്ള അന്നത്തെ ചില പുസ്തകത്തിന്റെ വിവരണങ്ങള്‍ കോപ്പിയടിച്ചും,നോവലായതുകൊണ്ടു ലിജിയുടെ ഭാവനയ്ക്കനുസരിച്ചും എഴുതിയ നോവല്‍ എന്നല്ലാതെ ഒന്നുമില്ല. തനിയ്‌ക്കോ കുടുംബക്കാര്‍ക്കോ നാശനഷ്ടങ്ങള്‍ ഒന്നുമില്ലാതെയും,ധന സമ്പാദനത്തിനുള്ള മാര്‍ഗ്ഗമായും ക്രിസ്തീയ മാര്‍ഗ്ഗത്തെബോധപൂര്‍വം തേജോവധം ചെയ്യുക എന്നതില്‍ കവിഞ്ഞു വേറൊന്നും ഈ പുസ്തകത്തില്‍ കാണാനില്ല.
പ്രസാധകരായിരിക്കുന്ന ഡി സി ബുക്‌സിനും ഭയം വേണ്ട, നാശനഷ്ടങ്ങള്‍ അവര്‍ക്കും ഉണ്ടാകില്ല.ക്രിസ്തുവിന്റെ ദൈവാസ്തിത്വത്തെ ചോദ്യം ചെയ്തുകൊണ്ടും എല്ലാ കാലഘട്ടത്തിലും പലരും രംഗത്തു വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം തികഞ്ഞ ആധികാരികതയോടെ ക്രിസ്തീയ പണ്ഡിതന്മാര്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഐതീഹ്യമോ കിഴവിക്കഥയോ ആളുകളുടെ സങ്കല്‍പ്പ സൃഷ്ടിയോ അല്ല ക്രിസ്തു ആ മഹാഗുരു ജീവിച്ചിരുന്നിട്ടുണ്ട് ലൂക്കോസിന്റെ സുവിശേഷത്തില്‍ ഔഗസ്‌തോസ് സീസര്‍ റോമിലെ ഗവര്‍ണ്ണര്‍ ആയിരുന്നപ്പോള്‍ ക്രിസ്തു ജനിച്ചു എഴുതിയിരിക്കുന്നു പീലാത്തോസ് യഹൂദ്യ നാടു വാഴുമ്പോള്‍ ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായിരിക്കുന്ന കാലം യേശു ശുശ്രൂഷ ആരംഭിച്ചു എന്നു വായിക്കുന്നു ഈ ഭരണാധികാരികളെല്ലാം ജീവിച്ചിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ?
യൂറോപ്പിലെ യുക്തിവാദികളും നിരീശ്വരവാദികളുമായ പണ്ഡിതന്മാര്‍ നൂറ്റാണ്ടുകളായി രാപ്പകല്‍ വിശകലനം ചെയ്തിട്ടുണ്ട് യേശുവിന്റെ ദൈവത്വം നിഷേധിക്കുവാന്‍ അതില്‍ കൂടുതലൊന്നും വരില്ല ഇന്നത്തെ നിരീശ്വര പണ്ഡിതന്മാര്‍.ന്യൂട്ടോണിയസ്സ്,പ്ലീനി,ടാസിറ്റസ്,ടെല്ലസ്,ഫ്‌ളാവിയസ്സു്,ജോസ്സിഫസ്സ് മുതലായ ചരിത്രകാരന്മാരുടെ കൃതികളിലും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തിട്ടുള്ള ശിലാലിഖിതങ്ങളിലും ക്രിസ്തുവിനെ കുറിച്ചും,തന്റെ ജീവിതത്തെ കുറിച്ചും മതിയായ തെളിവുകള്‍ ഉണ്ട്. എഴുതുന്നതിനു മുന്‍പ് ലിജി അതൊന്നും വായിക്കാതിരുന്നതെന്തേ?ക്രിസ്തുവിന്റെ ആറാം തിരുമുറിവു, യേശുക്രിസ്തു കാശ്മീരില്‍,ഡാവിഞ്ചി കോഡ്, ക്രിസ്തുവും,കൃഷ്ണനും ജീവിച്ചിരുന്നില്ല തുടങ്ങിയ ധാരാളം ക്രിസ്തു വിമര്‍ശന പുസ്തകങ്ങള്‍ വന്നുപോയി, ഒത്തിരി കുളിപ്പിച്ചാല്‍ ഇല്ലാതാകുന്നതാണ് യേശു എന്ന് ലിജി എഴുതി,രണ്ടായിരത്തിലധികം വര്‍ഷമായി പലരും യേശുക്രിസ്തുവിനെ ഇല്ലാതാക്കുവാന്‍ തുടങ്ങിയിട്ട് ഇതുമൂലം ക്രിസ്തീയ വിശ്വാസത്തിനു യാതൊരു ഉലച്ചിലും സംഭവിച്ചില്ല സംഭവിക്കുകയും ഇല്ല.
മനുഷ്യനു ദൈവം നല്‍കിയ നിര്‍മ്മല മനസാക്ഷിയെ വഞ്ചിച്ചുകൊണ്ടല്ലാതെ ക്രിസ്തുവിനെക്കുറിച്ചുള്ള അപവാദ പുസ്തകങ്ങള്‍ എഴുതുവാന്‍ സാധ്യമല്ല എന്നോര്‍പ്പിക്കട്ടെ. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള എഴുത്തായതുകൊണ്ടു ലിജി മാത്യൂസിന് സുഖമമായി കേരളത്തില്‍ ജീവിക്കാം അല്ലെങ്കില്‍ ഒരു കല്‍ബുര്‍ഗിയെ പോലെയോ, ഗൗരി ലങ്കഷിനെ പോലെയോ ആകുവാന്‍ സാധ്യത ഉണ്ടാകുമായിരുന്നു. ഈ പുസ്തകത്തിലെ സ്വപ്നാടനക്കാരി മറിയയല്ല ലിജിയാണെന്നു വായനക്കാര്‍ ചിന്തിച്ചാല്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. അതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിപോലും ഇല്ലാതെ പോയല്ലോ സുഹൃത്തേ.
ബീന റോയി
മഴയുടെ
ആര്‍ദ്രഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ
പ്രണയത്തിന്റെ
അദൃശ്യാക്ഷരങ്ങള്‍
ആലേഖനംചെയ്ത
ഒറ്റമഴത്തുള്ളിപോലെ
ഓടിയെത്തി
കുശലംപറഞ്ഞ്
കടന്നുപോകുന്നൊരു
ചാറ്റല്‍മഴപോലെ
ഹൃദയതടങ്ങളെ
ഈറനുടുപ്പിച്ച്
ആശയുടെ
പല്ലവങ്ങള്‍
മുളപ്പിക്കുന്ന
ഇടവപ്പാതിപോലെ
പകല്‍നേരം
കുസൃതികാട്ടി,
മഴവില്ല് സമ്മാനംതന്ന്
പെയ്തുമറയുന്ന
വെയില്‍മഴപോലെ
നീണ്ടുനില്‍ക്കാത്ത
പിണക്കങ്ങള്‍ക്കപ്പുറം
പരിഭവങ്ങളുടെ
കൊള്ളിയാന്‍പിടിച്ച്
മടിച്ചെത്തുന്ന
തുലാവര്‍ഷംപോലെ
കണ്ണുതുളുമ്പുന്ന
കാത്തിരിപ്പിനൊടുവില്‍
ഹൃദയത്തിന്റെ
നീറ്റലിലേക്ക്
പെയ്തുനിറയുന്ന
വേനല്‍മഴപോലെ
എത്രപെയ്താലും
മതിവരാതെ പിന്നെയും
തൂവിക്കൊണ്ടിരിക്കുന്നൊരു
പെരുമഴക്കാലംപോലെ
മഴയുടെ
തരളഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ…
ബീന റോയ്
രചന, ആലാപനം : ശുഭ ജി കൃഷ്ണന്‍
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
നനയട്ടെ മണ്ണും മനസ്സും ഒരുപോലെ
മഴയുടെ മാറില്‍ അലിഞ്ഞു ചേരട്ടെ..
നിന്‍ വിരല്‍ തുമ്പുപിടിച്ചൂ നടന്നു ഞാന്‍…
ഈ മഴ നനയട്ടെ നിന്നിലൂടിന്നു ഞാന്‍.
നിന്‍ മണിമുത്തുകള്‍ തനുവില്‍ തഴുകുമ്പോള്‍,
അറിയുന്നു മഴയുടെ പ്രണയം.
മണ്ണില്‍ അലിയുന്ന മഴയുടെ പ്രണയം.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
ഈ കവിത കവയിത്രി തന്നെ ആലപിച്ചത് കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശുഭ ജി.കൃഷ്ണന്‍, മറ്റു രചനകള്‍:
ചെറുകഥകള്‍: അന്ന് പെയ്ത അതേ മഴ, കശാപ്പിന്റെ അന്ത്യം, കണ്ണില്‍ നിന്നും കണ്ണിലേക്ക്, അമ്മക്കിളി
കവിതകള്‍: പ്രണയരാവ്, ഓര്‍മ്മ, ഒറ്റ മന്ദാരം, നീ കാത്തിരുന്നാല്‍
By Natasha Rajesh, Leicester
He never looks for praises
He’s never one to boast
He just goes on quietly working
For those he loves the most
His dreams are seldom spoken
His wants are very few
And most of the time his worries
Will go unspoken too..
He’s there… A firm foundation
Through all our storms of life
A sturdy hand to hold to
In times of stress and strife
A true friend we can turn to
When times are good or bad
One of our greatest blessings
The man we call DAD
Happy Father’s Day…
Natasha Rajesh, Granby Primary School, Leicester