Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ജീവനക്കാരിയെ അതിക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പടിഞ്ഞാറൻ ലണ്ടനിലെ സൗത്താൾ പാർക്കിൽ വെച്ചാണ് ബ്രിട്ടനെ നടുക്കിയ ക്രൂരമായ സംഭവം അരങ്ങേറിയത്. 37 വയസ്സുകാരിയായ നതാലി ഷോട്ടറിൻ ആണ് അതി ക്രൂരമായ ലൈംഗിക പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് ഐഡോ എന്നയാളെ കുറ്റവാളിയായി കണ്ടെത്തി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.


മുഹമ്മദ് ഐഡോ ഒരു അപകടകാരിയായ കുറ്റവാളിയായിരുന്നു എന്ന് വിധി ന്യായത്തിൽ കോടതി പറഞ്ഞു. ഇയാൾ ഒരു സ്ഥിരം ലൈംഗിക കുറ്റവാളിയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നേരത്തെ 2022 ഓഗസ്റ്റിൽ 13 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയുമായി ഓൺലൈൻ സെക്സ് ചാറ്റ് ചെയ്തതിൻെറ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ നതാലി ഷോട്ടർ ഒരു എൻഎച്ച്എസ് ആശുപത്രിയിൽ ക്ലിനിക്കൽ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു വരികയായിരുന്നു . നേരത്തെ അവൾ ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലും ജോലി ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്ററിൽ ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാര്‍ റോഡില്‍ തെന്നി നിയന്ത്രണം നഷ്ടമായതിനെ തുടർന്നാണ് അപകടം നടന്നത്. അപകടം നടന്ന വാഹനത്തിൽ അഞ്ചു പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ മറ്റ് നാല് പേർക്കും പരിക്കുകൾ ഉണ്ട്. ശൈത്യകാല രാത്രികളില്‍ റോഡില്‍ നിറയുന്ന ബ്ലാക് ഐസ് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലെസ്റ്ററിലെ കിബ്വര്‍ത്തില്‍ നടന്ന അപകടത്തിൽ കൊല്ലപ്പെട്ടത് ആന്ധ്രാ സ്വദേശികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അപകടത്തില്‍ ഒരാള്‍ മരിച്ചതിനാൽ കാര്‍ ഓടിച്ചിരുന്ന 27 കാരനായ യുവാവിനെ ലെസ്റ്റര്‍ പോലീസ് അറസ്റ്റ്് ചെയ്‌തു. സ്വാന്‍സി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ചിരഞ്ജിവി പങ്കുരുളി എന്ന 32 കാരനാണ് അപകടത്തില്‍ മരിച്ചത്. ഇയാൾ ലെസ്റ്ററില്‍ തന്നെയാണ് താമസിച്ചിരുന്നത്. പോലീസും എമര്‍ജന്‍സി വിഭാഗവും സംഭവ സ്ഥലത്ത് ഉടൻ എത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടത്തില്‍ നിസാര പരുക്കുകള്‍ പറ്റിയ പ്രണവി എന്ന 25 കാരി മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത പോയിരുന്നു. അതേസമയം സായ് ബദരീനാഥ് എന്ന 23 കാരനായ വിദ്യാര്‍ത്ഥി ഗുരുതര പരുക്കുകളോടെ ലെസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നോട്ടിങ്ഹാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ 27 കാരനായ യമലയാ ബാണ്ഡലമുടിയും ഗുരുതര പരുക്കുകളോടെ ലെസ്റ്റര്‍ ആശുപത്രിയില്‍ തുടരുകയാണ്. രണ്ടു പേരുടെ നില ഗുരുതരം ആണെങ്കിലും പേടിക്കാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾ അതിരാവിലെ ഉള്ള ഷിഫ്റ്റില്‍ ജോലിക്ക് കയറാന്‍ വെയര്‍ ഹൗസിലേക്ക് യാത്ര ചെയ്യവേയാണ് അപകടം നടന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാനിഷ് ഭരണകൂടത്തിനെതിരെ വൻ തട്ടിപ്പ് നടത്തിയതിന് 12 വർഷത്തെ തടവിന് ശിക്ഷ ലഭിച്ച് ബ്രിട്ടീഷ് വ്യവസായി സഞ്ജയ് ഷാ. ഡെൻമാർക്കിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ലഭിച്ച ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയാണ് സഞ്ജയ് ഷായ്ക്ക് ലഭിച്ചിരിക്കുന്നത്. ഡിവിഡൻ്റ് ടാക്‌സ് റീഫണ്ടുകൾ വഴി 9 ബില്യൺ ഡാനിഷ് ക്രോണർ (996 മില്യൺ പൗണ്ട്) അനധികൃത ക്ലെയിമുകൾ ഉൾപ്പെട്ട തട്ടിപ്പ് നടത്തുന്നതിൽ ഷാ നിർണായക പങ്ക് വഹിച്ചുവെന്ന് ഗ്ലോസ്ട്രപ്പ് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്.

2015 ഓഗസ്റ്റിൽ ഡാനിഷ് നികുതി അധികാരികൾ കണക്കുകളിലെ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തായത്. ട്രഷറിയിൽ നിന്ന് കോടികൾ അനധികൃതമായി പിൻവലിച്ചതായി അധികൃതർ കണ്ടെത്തുകയായിരുന്നു. ജയിൽ ശിക്ഷയ്ക്ക് പുറമേ, സഞ്ജയ് ഷായെ ഡെന്മാർക്കിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. കൂടാതെ ഇനി ഡെന്മാർക്കിൽ ബിസിനസ്സ് നടത്തുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

54 കാരനായ സഞ്ജയ് ഷായിൽ നിന്നും 7.2 ബില്യൺ ഡാനിഷ് ക്രോണർ പിടിച്ചെടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ഇത് തട്ടിപ്പിൽ നിന്ന് സഞ്ജയ് നേടിയെന്ന് പ്രോസിക്യൂഷൻ തെളിയിച്ച തുകയാണ്. ഇതുവരെ, ഡാനിഷ് അധികൃതർ ഏകദേശം 3 ബില്യൺ ഡാനിഷ് ക്രോണർ പിടിച്ചെടുത്തു. തനിക്ക് നേരെയുള്ള ആരോപണങ്ങൾ നിഷേധിച്ച സഞ്ജയ്, ഡാനിഷ് നികുതി ചട്ടങ്ങളിലെ പഴുതുകൾ മുതലെടുടുക്കുക മാത്രമാണ് താൻ ചെയ്‌തതെന്ന്‌ അവകാശപ്പെട്ടു. ഇത് നിരസിച്ച കോടതി, ക്ലെയിം ചെയ്ത തുകകൾക്ക് സഞ്ജയ് അർഹനല്ലെന്ന് വിധിച്ചു. കുറ്റകൃത്യത്തിൻ്റെ വ്യാപ്തി പ്രതിഫലിപ്പിക്കുന്നതിനാണ് 12 വർഷത്തെ ശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. വിധിക്കെതിരെ സഞ്ജയ് ഷാ അപ്പീൽ നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ ഇംഗ്ലണ്ട് റഗ്ബി താരം ടോം വോയ്‌സിൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ദരാഗ് കൊടുങ്കാറ്റിന് പിന്നാലെ ടോം വോയ്‌സിനെ കാണാതാവുകയായിരുന്നു. മറൈൻ യൂണിറ്റ് നോർത്തംബർലാൻഡിലെ ആബർവിക്ക് മില്ലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ദരാഗ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കമുള്ള പ്രദേശത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് 43 കാരനായ ടോമിനെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹത്തിനായുള്ള തിരച്ചിൽ പോലീസ് നടത്തിവരികയായിരുന്നു. മൃതദേഹത്തിൻ്റെ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടത്തിയിട്ടില്ല.

ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം പുറത്തായിരുന്ന താരം വീട്ടിൽ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്നാണ് ആശങ്കകൾ ഉയർന്നത്. സംഭവത്തിന് പിന്നാലെ നോർത്തുംബ്രിയ പോലീസിൻ്റെ ചീഫ് സൂപ്രണ്ട് ഹെലീന ബാരൺ അനുശോചനം രേഖപ്പെടുത്തി. ടോം വോയ്‌സിൻെറ മരണത്തിന് പിന്നിൽ മറ്റൊരാളുടെ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.

പോലീസ്, മൗണ്ടൻ റെസ്‌ക്യൂ ടീമുകൾ, നാഷണൽ പോലീസ് എയർ സർവീസ്, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ ചേർന്നായിരുന്നു ടോമിനായി തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ പോലീസും സുഹൃത്തുക്കളും നാട്ടുകാരും നൽകിയ പിന്തുണയ്ക്കും സഹായത്തിനും ഭാര്യ അന്നയും കുടുംബവും നേരത്തെ നന്ദി അറിയിച്ചിരുന്നു. കനത്ത മഴയും നദിയിലെ ജലനിരപ്പ് ഉയർന്നതും ടോമിനായുള്ള തിരച്ചിൽ വെല്ലുവിളി നിറഞ്ഞതാക്കിയിരുന്നു. കോൺവാളിലെ ട്രൂറോയിൽ നിന്നുള്ള ടോം വോയ്‌സ്, 2013-ൽ വിരമിക്കുന്നതിനുമുമ്പ് വാസ്‌പ്‌സ്, ബാത്ത്, ഗ്ലൗസെസ്റ്റർ എന്നിവയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു. തൻ്റെ റഗ്ബി കരിയറിന് ശേഷം ഇൻവെസ്‌ടെക് ബാങ്കിൽ ജോലി ചെയ്ത അദ്ദേഹം 2020 മുതൽ അൽൻവിക്കിൽ താമസിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിലെ സെൻ്റിനറി സ്ക്വയറിലെ ഫെയർഗ്രൗണ്ട് റൈഡ് തകരാറിൽ ആയി. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ ആംബുലൻസ് സർവീസുകൾ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയം റൈഡ് താഴെ വീഴുകയായിരുന്നു.

സംഭവത്തിൽ പരുക്കേറ്റ 13 പേർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി വിട്ടയച്ചു. ഗുരുതര പരുക്കുകളോടെ രണ്ട് സ്ത്രീകളെ മിഡ്‌ലാൻഡ് മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒമ്പത് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. അപകടം നിയന്ത്രണത്തിലായെന്നും കൂടുതൽ രക്ഷാപ്രവർത്തനം ആവശ്യമില്ലെന്നും അഗ്നിശമനസേന അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വോൾവർഹാംപ്ടണിൽ താമസിക്കുന്ന ജെയ്‌സൺ ജോസ് മരണമടഞ്ഞു. കേരളത്തിൽ നീണ്ടുക്കര സ്വദേശിയാണ്. ഒറ്റക്ക് താമസിച്ചിരുന്ന ജെയ്‌സണെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജെയ്‌സന്റെ മരണം എന്നാണ് സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. ജെയ്‌സന്റെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരികരിക്കും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ഒറ്റക്ക് താമസിക്കുന്ന ജെയ്‌സൺ മറ്റുള്ളവരുമായിഅത്ര അടുപ്പം പുലർത്തുന്ന ആളായിരുന്നില്ല. ഇതിനാലാവാം ജെയ്‌സണിൻെറ മരണം പുറം ലോകം അറിഞ്ഞത് വളരെ വൈകി ആണ്. മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ കൊറോണറുടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടു കിട്ടാനും കൂടുതല്‍ സമയം എടുത്തേക്കും.

ജെയ്‌സൺ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- 10 വയസ്സുകാരിയായ സാറ ഷെരീഫിന്റെ കൊലപാതകത്തിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം സറേയിലെ വോക്കിംഗിലുള്ള കുടുംബത്തിൻ്റെ വീട്ടിൽ ശരീരം നിറയെ മുറിവുമായാണ് സാറയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവ് ഉർഫാൻ ഷെരീഫ് (43), രണ്ടാനമ്മ ബീനാഷ് ബട്ടൂൽ (30) എന്നിവർ സാറയുടെ മരണത്തിന് ഉത്തരവാദികളാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തി. അതോടൊപ്പം തന്നെ സാറയുടെ അമ്മാവനായ ഫൈസൽ മാലിക് (29) കുട്ടിയുടെ മരണം അനുവദിച്ചു കൊടുത്തതായും കോടതി വിലയിരുത്തി. വളരെ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ട സാറാ മരണത്തിന് കീഴടങ്ങിയത്. സറേ പോലീസ് ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതും വിഷമിപ്പിക്കുന്നതുമായ കേസുകളിൽ ഒന്നായിരുന്നു സാറയുടെ കൊലപാതകമെന്ന് ഡീറ്റെക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ക്രൈഗ് എമർസൺ പറഞ്ഞു. ഒരു കുട്ടിയുടെ കൊലപാതകം തന്നെ മനഃസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്, എന്നാൽ തന്റെ ഹ്രസ്വ ജീവിതത്തിൽ സാറാ നേരിട്ട പീഡനങ്ങൾ ഈ കേസിനെ പ്രത്യേകിച്ച് അസ്വസ്ഥമാക്കുന്നവയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാറയുടെ കൊലപാതകം “നമ്മുടെ ശിശു സംരക്ഷണ സംവിധാനത്തിലെ അഗാധമായ ബലഹീനതകളെ” ഉയർത്തിക്കാട്ടുന്നതാണെന്ന് ചിൽഡ്രൻസ് കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു.


കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന് മരിക്കുന്നതിന് മുമ്പ് സാറയ്ക്ക് മനുഷ്യൻ്റെ കടിയേറ്റ അടയാളങ്ങൾ, ഇരുമ്പ് പൊള്ളൽ, ചൂടുവെള്ളത്തിൽ നിന്നുള്ള പൊള്ളൽ എന്നിവയുൾപ്പെടെയുള്ള പരിക്കുകൾ സംഭവിച്ചതായി പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കണ്ടെത്തിയതായി വിചാരണയിൽ കോടതി വാദം കേട്ടു. കട്ടിലിൽ പോലീസ് കണ്ടെടുത്ത സാറയുടെ മൃതദേഹത്തിനരികിൽ അവളുടെ പിതാവിൻ്റെ കൈപ്പടയിൽ ഒരു കുറിപ്പുണ്ടായിരുന്നു. “ഈ കുറിപ്പ് കിട്ടുന്നത് ആർക്കായാലും, എൻ്റെ മകളെ തല്ലി കൊന്നത് ഉർഫാൻ ഷെരീഫ് എന്ന ഞാനാണ്” എന്ന രീതിയിൽ ആയിരുന്നു ഈ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നത്. തുടക്കത്തിൽ താനല്ല രണ്ടാനമ്മയാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന പക്ഷമായിരുന്നു പിതാവിന് ഉണ്ടായിരുന്നത്. ഭാര്യയെ സംരക്ഷിക്കാൻ വേണ്ടിയാണ് താൻ അത്തരത്തിൽ ഒരു കുറിപ്പ് എഴുതിയതെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടന്ന വിചാരണയിൽ ഇയാൾ മുഴുവൻ കുറ്റവും താൻ തന്നെയാണ് ചെയ്തതെന്ന് കോടതിയിൽ വ്യക്തമാക്കി. സാറയുടെ അമ്മയുമായി വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ്, ഉറഫാൻ രണ്ടാമത് വിവാഹം ചെയ്തത്. 2019-ൽ, ഗിൽഡ്‌ഫോർഡിൻ്റെ കുടുംബ കോടതി ഷെരീഫിന് കസ്റ്റഡി വിധിക്കുന്നത് വരെയും സാറ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. തികച്ചും മനസ്സാക്ഷിയെ നടക്കുന്ന ഒരു കൊലപാതകമാണ് നടന്നതെന്ന് കോടതി വാദം കേട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വവർഗരതിയുടെ പേരിൽ പിരിച്ചുവിട്ട ബ്രിട്ടീഷ് സൈനികർക്ക് ഇനി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. ഇത്തരക്കാർക്ക് 70,000 പൗണ്ട് വരെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 1967-നും 2000-നും ഇടയിൽ സായുധ സേനയിലെ സ്വവർഗരതിയെ ക്രിമിനൽ കുറ്റമാക്കിയിരുന്നു. ഇത്തരത്തിൽ ജോലി നഷ്ടമായവർക്ക് 75 മില്യൺ പൗണ്ടിൻ്റെ നഷ്ടപരിഹാര പദ്ധതി രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്. ജോലി നഷ്‌ടമായ സൈനികരുടെ മെഡലുകൾ നീക്കം ചെയ്യപ്പെടുകയും പെൻഷൻ അവകാശം നഷ്ടപ്പെടുകയും ചെയ്‌തിരുന്നു.

നിയമം നിർത്തലാക്കി ഏകദേശം 25 വർഷത്തിനുശേഷമാണ് അനീതികൾ പരിഹരിക്കുന്നതിനായി ലേബർ മന്ത്രിമാർ നഷ്ടപരിഹാര പദ്ധതിക്കായി 75 ദശലക്ഷം പൗണ്ട് അനുവദിച്ചിരിക്കുന്നത്. ഈ വർഷമാദ്യം, ഫോക്ക്‌ലാൻഡ്സ് വെറ്ററനും ബൈസെക്ഷ്വൽ റോയൽ നേവി റേഡിയോ ഓപ്പറേറ്ററുമായ ജോ ഔസാലിസ് താൻ മരിക്കുന്നതിന് മുൻപ് നഷ്ടപരിഹാരം ലഭിക്കുന്നതിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.

സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർക്കും ലെസ്ബിയൻ സ്ത്രീകൾക്കും ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നിരോധനം 2000 വരെ നിലനിന്നിരുന്നു. ഈ കാലയളവിൽ ലൈംഗികത കാരണം പ്രതിവർഷം 200 മുതൽ 250 സൈനികർക്ക് വരെ ജോലി നഷ്ടമായി. നഷ്ടപരിഹാര പദ്ധതി ഔദ്യോഗികമായി ആരംഭിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അറിയിച്ചു. പുതിയ സ്കീമിന് കീഴിൽ, പിരിച്ചുവിട്ട വിമുക്തഭടന്മാർക്ക് £50,000 അടിസ്ഥാന പേയ്‌മെൻ്റ് ലഭിക്കും. കൂടാതെ അവർ നേരിട്ട അനീതിയുടെ തീവ്രത അനുസരിച്ച് £20,000 വരെ അധിക നഷ്ടപരിഹാരം ലഭിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

50 വയസ്സിന് താഴെയുള്ളവരിൽ കുടൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവെന്ന് പഠന റിപ്പോർട്ട്. ഇംഗ്ലണ്ടിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണത്തിൽ വേഗതയിലുള്ള വർദ്ധനവ് കാണുന്നതായും റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യയിലേക്കും ഓഷ്യാനിയ എന്നിവിടങ്ങളിലെ യുവജനങ്ങളുടെ ഇടയിൽ കുടൽ അർബുദം കൂടുതലായി കാണുന്നതായി ഡോക്ടർമാർ പറയുന്നു.

പരിശോധിച്ച 50 രാജ്യങ്ങളിൽ 27 എണ്ണത്തിലും രോഗബാധിതരായ യുവജനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടെത്തി. ന്യൂസിലൻഡ് (4%), ചിലി (4%), പ്യൂർട്ടോ റിക്കോ (3.8%), ഇംഗ്ലണ്ട് (3.6%) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും വലിയ വാർഷിക വർദ്ധനവ് രേഖപ്പെടുത്തിയത്. രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാനുള്ള പ്രാരംഭ ഘട്ടത്തിലാണ് വിദഗ്ധർ ഇപ്പോൾ. ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൻ്റെ രചയിതാക്കൾ, ജങ്ക് ഫുഡിൻ്റെ ഉപഭോഗം, ഉയർന്ന അളവിലുള്ള ശാരീരിക നിഷ്‌ക്രിയത്വം, പൊണ്ണത്തടി തുടങ്ങിയവ ഇതിന് കാരണമാകാം എന്ന് പറയുന്നു.

നേരത്തെ ഉയർന്ന വരുമാനമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ കുടൽ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഇതൊരു ആഗോള പ്രതിഭാസമായി മാറിയിരിക്കുകയാണെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റിയിലെ ക്യാൻസർ നിരീക്ഷണ ഗവേഷണത്തിലെ സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റും പഠനത്തിൻ്റെ മുഖ്യ രചയിതാവുമായ ഹ്യൂന സുങ് പറയുന്നു. പഠന റിപ്പോർട്ടിൽ 50 രാജ്യങ്ങളിൽ 27 എണ്ണത്തിലും 25 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ കുടൽ ക്യാൻസർ നിരക്ക് ഉയർന്നതായി കണ്ടെത്തി.

ഷിബു മാത്യൂ. മലയാളം യുകെ ന്യൂസ്

ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ ഐക്കണിക് ഹൗസുകളാൽ ആതിഥേയത്വം വഹിച്ച അഭിമാനകരമായ ഫെയ്ത്ത് ആൻഡ് ഹെൽത്ത് നെറ്റ്‌വർക്കിംഗ് ഇവൻ്റിൽ മലയാളിയായ ഡോ. ടിസ്സ ജോസഫിന് ആദരം. വിശ്വാസം, ആരോഗ്യം, സമൂഹ ക്ഷേമം എന്നിവ തമ്മിലുള്ള വിടവ് നികത്താൻ അർപ്പിതമായ വ്യക്തികളുടെ ശ്രദ്ധേയമായ സംഭാവനകളെ എടുത്തുകാണിക്കുകയാണ് വൺ വിഷൻ ചാരിറ്റി സംഘടിപ്പിച്ച ഈ പരിപാടി. വൈവിധ്യമാർന്ന സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി വിശ്വാസ സംഘടനകളിൽ നിന്നുള്ള നേതാക്കൾ, ആരോഗ്യ വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നത് കമ്മ്യൂണിറ്റി അവാർഡ് ദാന ചടങ്ങ് സായാഹ്നത്തിൻ്റെ ഒരു ഹൈലൈറ്റ് ആയിരുന്നു.

കമ്മ്യൂണിറ്റി ക്ഷേമത്തിന് അവർ നൽകിയ സംഭാവനകൾക്ക് മികച്ച അഞ്ച് വ്യക്തികളെ ആദരിച്ചു. ആദരിക്കപ്പെട്ടവരിൽ ഡോ. ടിസ്സ ജോസഫും ഉൾപ്പെടുന്നു. മലയാളം സംസാരിക്കുന്ന സമൂഹത്തെ പിന്തുണയ്ക്കുന്നതിലെ അസാധാരണമായ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഡോ. ടിസ്സയ്ക്ക് ലഭിച്ചത്. യുകെയിലെ മലയാള കുടുംബങ്ങൾക്കിടയിൽ പ്രതിരോധ പരിചരണവും മാനസികാരോഗ്യ അവബോധവും പ്രോത്സാഹിപ്പിക്കുന്നതിൽ വൺ വിഷനുമായി സഹകരിച്ച് ഡോ. ടിസ്സ ജോസഫ് പ്രധാന പങ്കുവഹിച്ചു. അവരുടെ അശ്രാന്ത പരിശ്രമം വ്യക്തികളെയും കുടുംബങ്ങളെയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രാപ്തരാക്കുകയും മാനസികാരോഗ്യ വെല്ലുവിളികളെ സംവേദനക്ഷമതയോടും ധാരണയോടും കൂടി അഭിമുഖീകരിക്കാനുതകുന്നതുമാക്കി തീർത്തു.

പുരസ്‌കാരം ഡോ.തിസ്സ ജോസഫിന് റിട്ട. ബഹു. മാറ്റ് ടർമെയ്ൻ എംപി, ചീഫ് ഫയർ ഓഫീസറും കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ഡയറക്ടറുമായ അലക്സ് വുഡ്മാൻ, വൺ വിഷൻ്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഇനോക്ക് കനകരാജ് എന്നിവർ നൽകി. ചടങ്ങിൽ സംസാരിച്ച കനകരാജ് ഡോ. ടിസ്സ ജോസഫിൻ്റെ ആത്മാർത്ഥത നിറഞ്ഞ സമർപ്പണ മനോഭാവത്തെ അഭിനന്ദിച്ചു. കമ്മ്യൂണിറ്റികളെ അനുകമ്പയോടെയും പ്രായോഗിക പരിഹാരങ്ങളിലൂടെയും പിന്തുണയ്‌ക്കുന്നതിലൂടെ ടിസ്സ ജോസഫ് ഒരു ദർശനത്തിൻ്റെ ആത്മാവിനെ ഉദാഹരിക്കുന്നു. മലയാള സമൂഹത്തിൽ ഡോ. ടിസ്സയുടെ സ്വാധീനം ശരിക്കും പ്രചോദനകരമാണ്.

ഫെയ്ത്ത് ആൻഡ് ഹെൽത്ത് നെറ്റ്‌വർക്കിംഗ് ഇവൻ്റ് അടിവരയിടുന്നത് ആരോഗ്യപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ഒരു പിന്തുണാ ശൃംഖല സൃഷ്ടിക്കുന്നതിന് വിശ്വാസ ഗ്രൂപ്പുകളും ആരോഗ്യ പ്രൊഫഷണലുകളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യത്തിനാണ്. വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കൾ പ്രതിരോധ ആരോഗ്യ സംരക്ഷണം, മാനസികാരോഗ്യ സംരക്ഷണം, ഉൾപ്പെടുത്തൽ വളർത്തൽ എന്നിവയ്ക്കുള്ള നൂതന സമീപനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. ഈ അംഗീകാരം എനിക്ക് മാത്രമല്ല, മുഴുവൻ മലയാള സമൂഹത്തിനും സമഗ്രമായ പരിചരണത്തിൽ വിശ്വസിക്കുന്ന പിന്തുണാ സംവിധാനത്തിനുമുള്ളതാണെന്ന് ഡോ. ടിസ്സ ജോസഫ് തൻ്റെ നന്ദി പ്രകടനത്തിൽ രേഖപ്പെടുത്തി.

വൺ വിഷൻ എന്ന ദർശനത്തിന് സംഭാവന നൽകാനും ആരോഗ്യകരവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ സഹായിക്കുന്നതിൽ ഞാൻ ആത്മാർത്ഥമായി പരിശ്രമിക്കും. ഡോ. ടിസ്സ കൂട്ടിച്ചേർത്തു. കുടുംബത്തോടൊപ്പം സ്കോട്ട് ലൻ്റിൽ സ്ഥിരതാമസമാക്കിയ ഡോ. ടിസ്സയുടെ ജന്മദേശം തൊടുപുഴയിലാണ്.

കമ്മ്യൂണിറ്റി പ്രേരകമായ സംരംഭങ്ങളുടെ ശക്തിയെ കുറിച്ചും ആരോഗ്യകരമായ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ വിശ്വാസ സംഘടനകൾ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ചും പ്രതിപാദിച്ച പരിപാടി മികച്ച വിജയമായിരുന്നു.

ഫെയ്ത്ത് ആൻഡ് ഹെൽത്ത് നെറ്റ്‌വർക്കിംഗ് ഇവൻ്റിനെ കുറിച്ചോ വൺ വിഷൻ്റെ സംരംഭങ്ങളെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക: ഇനോക്ക് കനകരാജ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവും, വൺ വിഷൻ [ഇമെയിൽ: [email protected]] [വെബ്സൈറ്റ്: www.onevisioncharity.org.uk]

മലയാളം സംസാരിക്കുന്ന സമൂഹത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് യുകെയിലെ ഏറ്റവും പ്രശസ്തമായ വേദികളിലൊന്നായ ബ്രിട്ടീഷ് പാർലമെൻ്റിൽ വെച്ച് അംഗീകാരം നേടിയ ഡോ. ടിസ്സ ജോസഫിന് മലയാളം യുകെ ന്യൂസിൻ്റെയും പ്രിയ വായനക്കാരുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

RECENT POSTS
Copyright © . All rights reserved