ടേക്ക് എവേയില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജി മൂലം നട്ട് അലര്‍ജിയുണ്ടായിരുന്ന പതിനഞ്ചുകാരി മരിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്ക് തടവുശിക്ഷ. ടേക്ക് എവേ ഉടമസ്ഥനായ മുഹമ്മദ് അബ്ദുള്‍ കുദ്ദൂസ്, മാനേജര്‍ ഹാരൂണ്‍ റഷീദ് എന്നിവര്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. ലങ്കാഷയറില്‍ ഇവര്‍ നടത്തിയിരുന്ന റോയല്‍ സ്‌പൈസ് ടേക്ക് എവേയില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച ശേഷം ആസ്ത്മ കലശലായ മേഗന്‍ ലീ എന്ന 15 കാരി പിന്നീട് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. ഭക്ഷണം തയ്യാറാക്കുന്നതും ശുചിത്വം പുലര്‍ത്തുന്നതും സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തവര്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങുമെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ജസ്റ്റിസ് യിപ് പറഞ്ഞു.
ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുന്നയാള്‍ക്ക് അലര്‍ജിയെക്കുറിച്ച് പറയാന്‍ ബാധ്യതയുണ്ടെന്നും ജഡ്ജ് വ്യക്തമാക്കി. റോയല്‍ സ്‌പൈസിന് അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്ന് കോടതി കണ്ടെത്തി. അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന വിവരം മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഭക്ഷണത്തിലെ ചേരുവകളുടെ വിവരങ്ങളും സൂക്ഷിച്ചിരുന്നില്ല. തങ്ങള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കള്‍ ഉണ്ടോ എന്ന കാര്യം ടേക്ക് എവേയില്‍ ആര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് വസ്തുതയെന്ന് കോടതി വ്യക്തമാക്കി.
ഈ സംഭവം ഒരു സന്ദേശമാണെന്നും ശ്രദ്ധയില്ലാതെ പൊതുജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ കടുത്ത ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നും ജഡ്ജ് പറഞ്ഞു. ജസ്റ്റ് ഈറ്റ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാണ് കുട്ടിയുടെ ജീവനെടുത്തത്. ഓര്‍ഡറിന്റെ കമന്റ് സെക്ഷനില്‍ പ്രോണ്‍സ്, നട്ട്‌സ് എന്ന് രേഖപ്പെടുത്തിയിരുന്നു. പെഷവാരി നാന്‍, സീഖ് കബാബ്, ഒനിയന്‍ ഭാജി എന്നിവയാണ് ഓര്‍ഡര്‍ ചെയ്തത്. ഇവയില്‍ പീനട്ട് പ്രോട്ടീന്‍ അടങ്ങിയിരുന്നതായി പിന്നീട് കണ്ടെത്തി. ാ
ബ്രിട്ടീഷുകാരില്‍ പത്തില്‍ നാലു പേരും സത്യസന്ധതയില്ലാത്തവരും വഞ്ചകരുമാണെന്ന് പഠനം. കണ്ടുപിടിക്കില്ല എന്ന ഉറപ്പുണ്ടെങ്കില്‍ അത്യാവശ്യം തട്ടിപ്പു കാണിക്കാന്‍ ഇവര്‍ മടിക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. ആരെങ്കിലും എടിഎമ്മുകളില്‍ അറിയാതെ വിട്ടു പോകുന്ന പണം എടുത്തു പോക്കറ്റിലിടാന്‍ പകുതിയോളം ബ്രിട്ടീഷുകാര്‍ക്കും മടിയില്ലെന്ന് വിശദമായ പഠനം പറയുന്നു. ഷോപ്പുകളില്‍ നിന്ന് ബാക്കി തരുന്ന പണം കൂടുതലാണെങ്കില്‍ അതേക്കുറിച്ച് 53 ശതമാനം പേരും നിശബ്ദത പാലിക്കാറാണ് പതിവ്. തങ്ങളുടെ സ്വന്തമല്ലാത്ത രണ്ടര ലക്ഷം പൗണ്ട് വരെ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് മൂന്നിലൊന്നു പേരും വെളിപ്പെടുത്തി. പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ബ്രിട്ടീഷുകാര്‍ ഇങ്ങനെ ചെയ്യൂ.
ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം സത്യസന്ധതയാണെന്നാണ് 78 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. അതേസമയം ഒരു ശരാശരി ബ്രിട്ടീഷുകാരന്‍ ദിവസം ഒരു നുണയെങ്കിലും പറയാറുണ്ടത്രേ! സ്‌കൈ വണ്‍ അവതരിപ്പിക്കുന്ന പുതിയ സീരീസായ ദി ഹെയിസ്റ്റിനു വേണ്ടിയാണ് ഈ റിസര്‍ച്ച്. ഷോയിലെ ഡിറ്റക്ടീവായ റേയ് ഹോവാര്‍ഡായിരുന്നു പഠനം നടത്തിയത്. പിടിക്കപ്പെടില്ലെന്ന് ഉറപ്പാണെങ്കില്‍ സാമ്പത്തികലാഭത്തിനു വേണ്ടി ആളുകള്‍ എന്തു നുണയും പറയാന്‍ തയ്യാറാണെന്നത് വളരെ വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നാം വിചാരിക്കന്നത്ര സത്യസന്ധരാണോ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതു വിധത്തിലായിരിക്കും പ്രതികരിക്കുകയെന്നതും നമുക്കു തന്നെ അജ്ഞാതമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
2000 മുതിര്‍ന്നവരിലാണ് ഈ പഠനം നടത്തിയത്. ഇവരില്‍ 14 ശതമാനം പേരും എടിഎമ്മുകളില്‍ കാണുന്ന ഉപേക്ഷിക്കപ്പെട്ട പണം ഉടന്‍തന്നെ പോക്കറ്റിലാക്കും. 32 ശതമാനം പേര്‍ പണത്തിന്റെ ഉടമസ്ഥര്‍ സമീപത്തുണ്ടോ എന്ന് തെരയും. ആരും ഇല്ലെങ്കില്‍ എടുക്കും. 35 ശതമാനം പേര്‍ മാത്രമാണ് ഉടമസ്ഥരില്ലാത്ത പണം ബാങ്കിലോ പോലീസിലോ ഏല്‍പ്പിക്കുമെന്ന് വ്യക്തമാക്കിയത്. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ബ്രിട്ടീഷുകാരുടെ ഈ പ്രത്യേക മനസ്. സുഹൃത്തുക്കളുടെ പാര്‍ട്‌നര്‍മാര്‍ അവരെ ചതിക്കുന്നുണ്ടെന്ന് കണ്ടാല്‍ അത് പറഞ്ഞു കൊടുക്കാന്‍ പത്തില്‍ മൂന്നു പേരും തയ്യാറാണ്. 17 ശതമാനം പേര്‍ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടാത്തത്. ഗാഡ്ജറ്റുകള്‍ കളഞ്ഞു കിട്ടിയാല്‍ അത് പോലീസിന് കൈമാറാന്‍ ബ്രിട്ടീഷുകാര്‍ ഉത്സാഹം കാട്ടാറുണ്ടെന്നും പഠനത്തില്‍ വ്യക്തമായി.
മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടു വട്ടം പിടിയിലായ ജൂനിയര്‍ ഡോക്ടര്‍ക്ക് ജോലിയില്‍ തുടരാന്‍ അനുമതി. ഡോ.ലോറന്‍ ഫൗളര്‍ എന്ന 25 കാരിയായ കേംബ്രിഡ്ജ് ഗ്രാജുവേറ്റിനാണ് ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയത്. ഇവര്‍ രോഗികള്‍ക്ക് അപായകരമായ യാതൊന്നും ചെയ്തില്ലെന്ന് മിസ്‌കോണ്‍ഡക്ട് ഹിയറിംഗില്‍ വിലയിരുത്തപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അനുമതി ലഭിച്ചത്. ലഞ്ചിന് വൈറ്റ് വൈന്‍ കഴിച്ച ഡോ.ഫൗളര്‍ കാല്‍നടക്കാരുടെ തിരക്ക് ഏറെയുള്ള പ്രദേശത്തേക്ക് തന്റെ കാര്‍ ഇടിച്ചു കയറ്റിയതിനെത്തുടര്‍ന്നാണ് പിടിയിലായത്. പോലീസിനോട് സംസാരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ മദ്യലഹരിയിലായിരുന്നു ഫൗളര്‍ ആ സമയത്ത്. കാറിനുള്ളില്‍ നിന്ന് ഒഴിഞ്ഞ വൈന്‍ കുപ്പിയും കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടു മാസം പിന്നിടുന്നതിനു മുമ്പായിരുന്നു രണ്ടാമത്തെ സംഭവം.
അര ബോട്ടില്‍ വോഡ്ക കഴിച്ചതിനു ശേഷം വീടിനു സമീപത്തെ ഹോട്ടല്‍ കാര്‍ പാര്‍ക്കിനു സമീപത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. വാഹനമോടിക്കുമ്പോള്‍ അനുവദനീയമായ ആല്‍ക്കഹോള്‍ പരിധിയുടെ മൂന്നിരട്ടിയണ് പരിശോധനയില്‍ കണ്ടെത്തിയത്. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് സസ്‌പെന്‍ഡഡ് ജയില്‍ ശിക്ഷ ലഭിച്ച ഇവര്‍ താന്‍ ആല്‍ക്കഹോളിന് അടിമയാണെന്ന് പിന്നീട് സമ്മതിച്ചു. ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ മെഡിസിന്‍ പഠിക്കുന്ന സമയത്തുണ്ടായ മാനസിക സമ്മര്‍ദ്ദങ്ങളാണ് മദ്യത്തില്‍ അഭയം തേടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഫൗളര്‍ സമ്മതിച്ചു. പഠിച്ചിരുന്ന സമയത്ത് താന്‍ അമിതമായി മദ്യപിക്കുമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. രണ്ടാം തവണ പിടിക്കപ്പെട്ടതിനു ശേഷം മദ്യപാനം നിര്‍ത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഈ സംഭവത്തിനു ശേഷം ഇവര്‍ക്ക് മൂന്നു വര്‍ഷത്തെ ഡ്രൈവിംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നവംബര്‍ 2നാണ് മാഞ്ചസ്റ്ററിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രൈബ്യൂണല്‍ സര്‍വീസില്‍ വെച്ച് ഇവര്‍ മിസ്‌കോണ്‍ഡക്ട് ഹിയറിംഗിന് വിധേയയായത്. ജോലിയില്‍ തുടരാന്‍ ട്രൈബ്യൂണല്‍ അനുവാദം നല്‍കി. എന്നാല്‍ അടുത്ത 20 മാസത്തേക്ക് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടമുണ്ടായിരിക്കും. ഡോ.ഫൗളര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക് അപായമുണ്ടാക്കാന്‍ പോന്നതായിരുന്നുവെന്ന് വിലയിരുത്തിയ ട്രൈബ്യൂണല്‍ അവ മൂലം ആര്‍ക്കും പരിക്കുകള്‍ സംഭവിക്കാത്തതിനാല്‍ ചെറിയ സംഭവങ്ങളായി വിലയിരുത്തുകയായിരുന്നു.
മരണപ്പെടുന്നയാളുടെ പേരിലുള്ള സ്വത്തുക്കളില്‍ ബന്ധുക്കള്‍ക്ക് അവകാശം ലഭിക്കാന്‍ ആവശ്യമായ പ്രൊബേറ്റിനായുള്ള നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. മരണം സാക്ഷ്യപ്പെടുത്താനുള്ള നിരക്ക് അടുത്ത ഏപ്രില്‍ മുതല്‍ 6000 പൗണ്ടായിരിക്കും. നിലവില്‍ 215 പൗണ്ട് മാത്രമാണ് നിരക്ക്. 280,000 കുടുംബങ്ങള്‍ക്ക് 215 പൗണ്ടിനു മുകളിലുള്ള തുക നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. 56,000 കുടുംബങ്ങള്‍ക്ക് 2500 പൗണ്ടിനും 6000 പൗണ്ടിനും ഇടയിലുള്ള തുക നല്‍കേണ്ടി വന്നേക്കും. ഡെത്ത് ടാക്‌സ് എന്ന പേരിലാണ് വിമര്‍ശകര്‍ ഈ അദൃശ്യ നികുതിയെ വിശേഷിപ്പിക്കുന്നത്. വര്‍ദ്ധിപ്പിക്കുന്ന നിരക്കുകളില്‍ നിന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് 2022-23 വര്‍ഷത്തോടെ 185 മില്യന്‍ പൗണ്ട് സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്.
ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ മറ്റൊരു അധിക നികുതി കൂടി ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍ എന്ന് ചാരിറ്റികളും ലീഗല്‍ ഗ്രൂപ്പുകളും ക്യാംപെയിനര്‍മാരും ആരോപിക്കുന്നു. കുടുംബാംഗങ്ങളുടെ മരണത്തില്‍ ദുഖിതരായ ബന്ധുക്ക ള്‍ക്ക് മറ്റൊരു ആഘാതം കൂടി നല്‍കുകയാണ് ഈ നീക്കത്തിലൂടെയെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് സര്‍ വിന്‍സ് കേബിള്‍ കുറ്റപ്പെടുത്തി. റോഡിലെ കുഴി മുതല്‍ ടോയ്‌ലെറ്റുകള്‍ വരെ നന്നാക്കാന്‍ കഴിഞ്ഞയാഴ്ച ചാന്‍സലറുടെ കയ്യില്‍ ആവശ്യത്തിലേറെ പണമുണ്ടായിരുന്നു. എന്നാല്‍ ഈയാഴ്ച മരിച്ചവരുടെ പേരില്‍ ബന്ധുക്കളില്‍ നിന്ന് നികുതിയീടാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്‍മെന്റെന്ന് മുന്‍ പെന്‍ഷന്‍സ് മിനിസ്റ്ററും റോയല്‍ ലണ്ടന്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പോളിസി ചീഫുമായ സ്റ്റീവ് വെബ്ബ് പറഞ്ഞു.
മരണപ്പെട്ടവരുടെ സ്വത്തുക്കളില്‍ അവകാശികള്‍ക്ക് നിയന്ത്രണം ലഭിക്കണമെങ്കില്‍ പ്രൊബേറ്റ് ലഭിക്കേണ്ടതുണ്ട്. നിലവില്‍ 215 പൗണ്ടാണ് ഇതിനായുള്ള നിശ്ചിത ഫീസ്. സോളിസിറ്ററെ ഉപയോഗിക്കുന്നവര്‍ക്ക് 155 പൗണ്ടാണ് ഫീസ്. സ്വത്തിന്റെ വലിപ്പം അനുസരിച്ച് ഈ ഫീസില്‍ വര്‍ദ്ധനവ് വരുത്താനാണ് പുതിയ നീക്കം. 250 പൗണ്ട് മുതല്‍ 6000 പൗണ്ട് വരെ ഈ ഫീസ് ഉയര്‍ന്നേക്കാം. 50,000 പൗണ്ട് വരെ മാത്രമേ അവകാശപ്പെടാനുള്ളുവെങ്കില്‍ ഫീസ് ഒഴിവാക്കും. നിലവില്‍ ഇതിന്റെ പരിധി 5000 പൗണ്ടാണ്. സ്വത്തിന്റെ 0.5 ശതമാനത്തില്‍ കൂടുതലാകില്ല ഈ ഫീസെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് വ്യക്തമാക്കി.
ബ്രിട്ടനിലെ ഏറ്റവും വലിയ കെയര്‍ പ്രൊവൈഡിംഗ് കമ്പനികളിലൊന്നായ അലൈഡ് ഹെല്‍ത്ത്‌കെയര്‍ തകര്‍ച്ചയുടെ വക്കില്‍. കെയര്‍ ക്വാളിറ്റി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസത്തിനു ശേഷം കമ്പനിയുടെ സേവനങ്ങള്‍ തുടരാന്‍ സാധ്യതയില്ലെന്ന് വാച്ച്‌ഡോഗ് അറിയിച്ചു. പതിനായിരത്തോളം പ്രായമായവരാണ് കമ്പനിയുടെ സേവനം തേടുന്നത്. ഇവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സിക്യുസി അറിയിച്ചു. ഇംഗ്ലണ്ടിലെ പകുതിയിലേറെ കൗണ്‍സിലുകളില്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത് ഈ കമ്പനിയാണ്. സേവനം തേടുന്ന വൃദ്ധര്‍ക്ക് അവ തുടര്‍ന്ന് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് 84 ലോക്കല്‍ കൗണ്‍സിലുകള്‍ അറിയിച്ചു. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഈ ലോക്കല്‍ അതോറിറ്റികളുടെ സോഷ്യല്‍ കെയര്‍ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
9300 പെന്‍ഷനര്‍മാര്‍ക്ക് വാഷിംഗ്, ഡ്രെസിംഗ്, ഷോപ്പിംഗ്, ക്ലീനിംഗ്, ഭക്ഷണം നല്‍കല്‍ തുടങ്ങിയ സഹായങ്ങളാണ് കമ്പനി നല്‍കി വരുന്നത്. അലൈഡ് ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇവര്‍ക്ക് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിവരം നല്‍കണമെന്ന് സിക്യുസി ലോക്കല്‍ അതോറിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ കമ്പനി വോളണ്ടറി അറേഞ്ച്‌മെന്റിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് സിക്യുസി വെളിപ്പെടുത്തി. അതിനു ശേഷം കമ്പനിയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അലൈഡ് ഹെല്‍ത്ത്‌കെയറിന്റെ അവകാശവാദം. വാച്ച്‌ഡോഗിന്റെ പ്രവൃത്തി മുന്നറിയിപ്പില്ലാതെയും അപക്വവുമാണെന്നും കമ്പനി അറിയിച്ചു. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ ഡിസംബര്‍ മുതല്‍ സുഗമമായി പ്രവര്‍ത്തിക്കാനാകുമെന്ന യാതൊരു ഉറപ്പും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് സിക്യുസി അറിയിച്ചു. നവംബര്‍ 30 വരെയുള്ള ഫണ്ടിംഗില്‍ മാത്രമേ അലൈഡ് ഹെല്‍ത്ത്‌കെയര്‍ ഉറപ്പു നല്‍കിയിട്ടുള്ളുവെന്ന് സിക്യുസി, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഹോസ്പിറ്റല്‍സ്, ആന്‍ഡ്രിയ സറ്റ്ക്ലിഫ് വ്യക്തമാക്കി.
ലണ്ടനില്‍ അത്യാഢംബര ജീവിതം നയിച്ച അസര്‍ബൈജാന്‍ സ്വദേശിനിയായ സ്ത്രീ അറസ്റ്റില്‍. സമീറ ഹാജിയേവ എന്ന 55 കാരിയാണ് പിടിയിലായത്. അണ്‍എക്‌സ്‌പ്ലെയിന്‍ഡ് വെല്‍ത്ത് ഓര്‍ഡര്‍ എന്ന കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. സ്വത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പരാജയപ്പെടുന്ന കുറ്റമാണ് ഇത്. ഇതില്‍ യുകെയില്‍ പിടിയിലാകുന്ന ആദ്യത്തെ ആളാണ് സമീറ എന്നാണ് വിവരം. ഇവരെ മാതൃരാജ്യമായ അസര്‍ബൈജാന് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണാപഹരണത്തിന് പിടിയിലായി അസര്‍ബൈജാനില്‍ 15 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ബാങ്കറുടെ ഭാര്യയാണ് സമീറ. ലക്ഷ്വറി സൂപ്പര്‍മാര്‍ക്കറ്റായ ഹാരോഡ്‌സില്‍ ഇവര്‍ 16 മില്യന്‍ പൗണ്ടാണ് ചെലവഴിച്ചത്. ഹാരോഡ്‌സിന്റെ ലണ്ടന്‍ സ്‌റ്റോറിന് സമീപത്തായി 15 മില്യന്‍ മൂല്യമുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ മാസമാണ് നാഷണല്‍ ക്രൈം ഏജന്‍സി ഇവരുടെ മേല്‍ യുഡബ്ല്യുഒ ചുമത്തിയത്. ഇവര്‍ തട്ടിപ്പുകാരിയല്ലെന്നാണ് സമീറയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയത്. അസര്‍ബൈജാന്‍ ഇവരെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞയാഴ്ച ഇവരെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപോളിറ്റന്‍ പോലീസ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വ്യക്തമാക്കി. പണാപഹരണത്തിന് രണ്ടു കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ കടന്നുകളയാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. എന്നാല്‍ ധൂര്‍ത്തടിക്കുന്ന സ്വഭാവമുണ്ടെങ്കിലും ഇവര്‍ തട്ടിപ്പുകാരിയല്ലെന്നും രാജ്യം വിടാന്‍ യാതൊരു സാധ്യതയുമില്ലെന്നും പ്രതിഭാഗം വാദിച്ചു.
അസര്‍ബൈജാനില്‍ ഒരു തട്ടിക്കൊണ്ടു പോകലില്‍ നിന്ന് രക്ഷപ്പെട്ട ശേഷമാണ് ഇവര്‍ യുകെയില്‍ എത്തിയതെന്നും കഴിഞ്ഞ പത്തു വര്‍ഷമായി ഇവിടെത്തന്നെയാണ് താമസിച്ചു വരുന്നതെന്നും സമീറയുടെ അഭിഭാഷകര്‍ വാദിച്ചു. കുട്ടികളും യുകെയിലാണ് ഉള്ളതെന്ന് ക്യുസി ഹ്യൂഗോ കെയ്ത്ത് പറഞ്ഞു. 5 ലക്ഷം പൗണ്ട് കെട്ടിവെച്ചാല്‍ ജാമ്യം അനുവദിക്കാമെന്ന് സീനിയര്‍ ഡിസ്ട്രിക്ട് ജഡ്ജ് എമ്മ ആബത്ത്‌നോട്ട് പറഞ്ഞെങ്കിലും പ്രോസിക്യൂട്ടര്‍മാര്‍ അപ്പീല്‍ നല്‍കി. നൈറ്റ്‌സ്‌ബ്രൈഡിലെ വീട്ടില്‍ത്തന്നെ തുടരണമെന്നും എം25 വിട്ട് യാത്ര ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മറ്റു ജാമ്യ വ്യവസ്ഥകള്‍. അപ്പീലില്‍ വ്യാഴാഴ്ച ഹൈക്കോര്‍ട്ട് വാദം കേള്‍ക്കും. സമീറയുടെ വീട്ടില്‍ നിന്ന് കണ്ടുകെട്ടിയ 4 ലക്ഷം പൗണ്ടിന്റെ ആഭരണങ്ങള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്.
ലോറന്‍സ് പെല്ലിശ്ശേരി
ഗ്ലോസ്റ്റര്‍ : സംഘടനാ പ്രവര്‍ത്തനങ്ങളിലെ മികവ് കൊണ്ട് എന്നും വ്യത്യസ്ഥരായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ യുകെയിലെ ഒരു മലയാളി കൂട്ടായ്മയ്ക്കും കഴിയാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോക മലയാളികള്‍ക്ക് മാതൃകയാകുന്നു . ജി എം എയുടെ കാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായ ഭവന നിര്‍മ്മാണ പദ്ധതിക്ക് ചെങ്ങന്നൂരിലെ പുലിയൂര്‍ ഗ്രാമത്തില്‍ ഐതിഹാസിക തുടക്കം . സഹജീവികളോടുള്ള സഹാനുഭൂതി ഫേസ്ബുക്കിലും വാട്സപ്പിലുമായി ഒതുങ്ങി പോകുന്ന ഇക്കാലത്ത് പ്രളയത്തിൽ എല്ലാം നഷ്ടമായവരെ കൈപ്പിടിച്ചുയർത്തിക്കൊണ്ട് ക്രിയാത്‌മകമായ പ്രവർത്തനങ്ങളിൽ കൂടി ഗ്ലോസ്റ്റർഷെയർ മലയാളികൾ വീണ്ടും യുകെ മലയാളികൾക്ക് അഭിമാനവും മാതൃകയുമായി മാറുന്നു.
അതിന്റെ നേർക്കാഴ്‌ച്ചയായി മാറി ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള ആദ്യ ഭവന നിര്‍മ്മാണത്തിന്റെ തറക്കല്ലിടൽ കർമ്മം . വളർത്തി വലുതാക്കിയ സ്വന്തം നാട് , നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടപ്പോൾ വെറും കാഴ്ചക്കാരായി മാറിനിൽക്കാതെ നാടിനോടൊപ്പമെന്ന നിലപാടിലെത്താൻ ജി എം എയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു . ഓണാഘോഷപരിപാടികൾ പോലും നിര്‍ത്തലാക്കികൊണ്ട് , പ്രളയ ദിനങ്ങളിൽ തന്നെ 25000 പൗണ്ട് പിരിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് കേരള വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിന് രൂപം നൽകുകയും , ജി എം എയിലെ യുവ തലമുറയടക്കം ഓരോ അംഗങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി രംഗത്ത് വരികയും ചെയ്തു.
ജി എം എയിലെ അംഗങ്ങളുടെ സംഭാവനയായും , ജോലിസ്ഥലങ്ങളിൽ ഇന്ത്യൻ ഭക്ഷണങ്ങള്‍ ഉണ്ടാക്കി വിറ്റഴിച്ചും , മുസ്ലിം – ക്രിസ്ത്യൻ പള്ളികളിലെ സഹായങ്ങള്‍ വഴിയും , തെരുവുകളിലെ ബക്കറ്റ് പിരുവുകളിലൂടെയും , ഫേസ്ബുക്ക് പേജിലെ സഹായ അഭ്യര്‍ത്ഥനകളിലൂടെയുമെല്ലാം സഹജീവികളോടുള്ള സഹാനുഭൂതി നാണയത്തുട്ടുകളായും പൗണ്ടുകളായും ഒഴുകിയെത്തുകയായിരുന്നു . ചുരുക്കം ചിലർക്കെങ്കിലും അപ്രാപ്യമെന്നു തോന്നിയിരുന്ന 25000 പൗണ്ട് എന്ന ലക്ഷ്യം വെറും മൂന്ന് ആഴ്ചകൾക്കുള്ളിൽ സമാഹരിച്ചുകൊണ്ട് ഇപ്പോൾ 28000 പൗണ്ടിൽ എത്തിനിൽക്കുന്നു എന്നുള്ളത് , വെറും 175 കുടുംബങ്ങൾ അംഗങ്ങളായുള്ള ജി എം എ ഒരു കമ്മ്യൂണിറ്റി അസോസിയേഷൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ ചൂണ്ടുപലക ആയി മാറുന്നു .
പ്രളയത്തിൽ കിടപ്പാടം തന്നെ നഷ്ടപെട്ട് , സാമ്പത്തികമായി ഏറ്റവും കഷ്ടത അനുഭവിക്കുന്ന നാല് കുടുംബങ്ങൾക്ക് പൂർണ്ണമായും ജി എം എയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ആറായിരം പൌണ്ടിന് തത്തുല്ല്യമായ പുതിയ വീട് നിർമ്മിച്ച് നൽകുകയാണ് ജി എം എ ചെയ്യുന്നത് . കേരളാ ഗവണ്മെന്റിന്റെ ലൈഫ് മിഷനും , യുക്മയുടെ സ്നേഹക്കൂട് പദ്ധതിയുമായി സഹകരിച്ചാണ് ജി എം എ ഇത് പ്രാവർത്തികമാക്കുന്നത് . ഈ പദ്ധതിയിൽ കൂടി നിർമ്മിക്കുന്ന ആദ്യ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ ചെങ്ങന്നൂരിലെ പുലിയൂരിൽ കൂലിപ്പണിക്കാരനായ സജി കാരാപ്പള്ളിയിൽ എന്ന വ്യക്തിക്കും കുടുംബത്തിനുമായി തുടക്കം കുറിച്ചിരിക്കുന്നു.
പ്രളയത്തിൽ അവരുടെ കൊച്ചു വീട് പൂർണ്ണമായും ഇല്ലാതായിരുന്നു . കാലങ്ങളായി മാറാ രോഗങ്ങൾ അലട്ടിയിരുന്ന സജിയുടെ ഭാര്യക്കും കുഞ്ഞുങ്ങൾക്കും മുമ്പിൽ വിധി പ്രളയരൂപത്തിൽ വീണ്ടും കോമാളി വേഷം കെട്ടിയപ്പോൾ ജി എം എയുടെ സഹായഹസ്തം അവരെ തേടി ചെല്ലുകയായിരുന്നു . ജി എം എ എക്സിക്യൂട്ടീവ് അംഗം ശ്രീ തോമസ് ചാക്കോയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു പുലിയൂരിലെ സജി കാരാപ്പള്ളിയുടെ കുടുംബത്തെ കണ്ടെത്താനും , നിർമ്മാണ തുടങ്ങുന്നതിനാവശ്യമായ ഏകോപനം ഇത്രയും വേഗത്തിൽ സാധ്യമാക്കാനും കഴിഞ്ഞത് .
തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സജിക്കും കുടുംബത്തിനുമൊപ്പം പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി . ടി . ഷൈലജ , വാർഡ് മെമ്പർമാരായ മുരളീധരൻ നായര്‍ , ബാബു കല്ലോത്തറ , ജി എം എ പ്രതിനിധി ഷാജി എബ്രഹാം , പൊതു പ്രവർത്തകരായ ബിനു മുട്ടാർ , രാജീവ് പള്ളത്ത് , അജേഷ് പുലിയൂര്‍ തുടങ്ങി പ്രാദേശിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിശിഷ്ട അതിഥികൾ സന്നിഹിതരായിരുന്നു . ചെങ്ങന്നൂരിലെ പല സന്നദ്ധ സംഘടനകള്‍ക്കും വേണ്ടി അനേകം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ള അജേഷ് പുലിയൂരാണ് ജി എം എയുടെ സ്വപ്നക്കൂട് സജി കാരാപ്പള്ളിയ്ക്കായി നിര്‍മ്മിക്കുന്നത് .
യൂകെയിൽ ഇരുന്നു കൊണ്ട് കേരളത്തിൽ ഇങ്ങനെയൊരു നിർമ്മാണ പദ്ധതി ഏറ്റെടുത്തു സാക്ഷാൽക്കരിക്കുക എന്നുള്ളത് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും , ജി എം എ കമ്മിറ്റിയുടെ നിശ്ചയദാർഢ്യവും മുഴുവൻ അംഗങ്ങളുടെ നിസ്വാർത്ഥ സഹകരണവും ഈയൊരു മിഷന്റെ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നു . വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് അങ്ങേയറ്റം സുതാര്യമായും , അഴിമതി രഹിതവുമായി അര്‍ഹരായവരില്‍ മാത്രം എത്തിക്കുന്നതിനായി സുനില്‍ കാസ്സിം , വിനോദ് മാണി , ജില്‍സ് പോള്‍ , വിന്‍സെന്റ് സ്കറിയ , ലോറന്‍സ് പെല്ലിശ്ശേരി , ഡോ : ബിജു പെരിങ്ങത്തറ , തോമസ് ചാക്കോ എന്നിവര്‍ അടങ്ങുന്ന ഒരു പ്രത്യേക കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട് . ഇതിനൊപ്പം പ്രളയത്തില്‍ വീട്ടിലെ സാധന സാമഗ്രികളെല്ലാം നഷ്ട്ടപ്പെട്ടുപോകുകയോ ഉപയോഗശൂന്യമാകുകയോ ചെയ്ത , സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 20 കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വരെ മൂല്യമുള്ള അവശ്യ വസ്തുക്കൾ നൽകി സഹായിക്കുകയും ചെയ്യുന്നു.
ചാരിറ്റി രംഗത്തെ ജി എം എ യുടെ ഓരോ ചുവടുവയ്പ്പും കാലപ്രയാണത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നതിന്റെ ആൽമനിർവൃതിയിലാണ് ഗ്ലോസ്റ്റർഷെയർ മലയാളികൾ . അടുത്ത മൂന്നു വീടുകൾക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുമ്പോൾ , ജി എം എ പ്രസിഡന്റ് വിനോദ് മാണിയും , സെക്രട്ടറി ജിൽസ് പോളും , ട്രഷറർ വിൻസെന്റ് സ്കറിയയും ഇതിനെല്ലാം നേതൃത്വം നൽകുന്നതോടൊപ്പം ഇതുമായി സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും ഒത്തിരി സ്നേഹത്തോടെ രേഖപ്പെടുത്തുന്നു
ഡാവിഞ്ചി എന്ന പേരില്‍ അറിയപ്പെടുന്ന പ്രോക്ടര്‍ റോബോട്ട് ഉപയോഗിച്ച് നടത്തിയ ഹൃദയ വാല്‍വ് ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിക്കാന്‍ കാരണം ഡോക്ടര്‍ക്ക് വേണ്ടത്ര പരിചയമില്ലാത്തതിനാലെന്ന് റിപ്പോര്‍ട്ട്. ഡാവിഞ്ചിയില്‍ പരിശീലനം നിരസിക്കപ്പെട്ട ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. സങ്കീര്‍ണ്ണമായ ഈ ഉപകരണത്തില്‍ കൂടുതല്‍ പരിശീലനം താന്‍ നടത്തേണ്ടതായിരുന്നുവെന്ന് മുന്‍നിര കാര്‍ഡിയാക് സര്‍ജനായ സുകുമാരന്‍ നായര്‍ തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞിരുന്നതായി കൊറോണര്‍ക്ക് മൊഴി ലഭിച്ചു. സ്റ്റീഫന്‍ പെറ്റിറ്റ് എന്ന 69 കാരനായ രോഗിയാണ് ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിച്ചത്. 2015ല്‍ ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സംഭവം. ട്രസ്റ്റില്‍ ആദ്യമായി നടത്തിയ ഡാവിഞ്ചി റോബോട്ട് ഉപയോഗിച്ചുള്ള ഹൃദയ വാല്‍വ് ശസ്ത്രക്രിയയായിരുന്നു ഇത്.
സ്റ്റീഫന്‍ പെറ്റിറ്റിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെ സര്‍ജിക്കല്‍ ടീമിനെ സഹായിച്ചുകൊണ്ടിരുന്ന റോബോട്ടിക് വിദഗ്ദ്ധര്‍ അറിയിപ്പ് നല്‍കാതെ സ്ഥലം വിട്ടുവെന്നും മൊഴി ലഭിച്ചിട്ടുണ്ട്. പെറ്റിറ്റിന്റെ മരണത്തെത്തുടര്‍ന്ന് ന്യൂകാസില്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ അന്വേഷണം നടന്നിരുന്നു. പോലീസ് അന്വേഷണവും ഇതൊടൊപ്പം നടന്നു. രോഗികളുടെ റിക്കവറി സമയം പരമാവധി കുറയ്ക്കുന്നതിനായാണ് കീഹോള്‍ ശസ്ത്രക്രിയകള്‍ക്കായി ഡാവിഞ്ചി പോലെയുള്ള റോബോട്ടുകളെ ഉപയോഗിക്കുന്നത്. സ്റ്റീഫന്‍ പെറ്റിറ്റിന്റെ മൈട്രല്‍ വാല്‍വിനായിരുന്നു തകരാറ്. ഇത് പരിഹരിക്കാനായി ഡാവിഞ്ചി ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയക്കിടെ ഹൃദയത്തിന്റെ മേലറകളെ വിഭജിക്കുന്ന ഭിത്തിക്ക് തകരാറുണ്ടായി.
ഹൃദയ ഭിത്തിക്കുണ്ടായ തകരാര്‍ പരിഹരിക്കാന്‍ പിന്നീട് ഓപ്പണ്‍ സര്‍ജറി നടത്തേണ്ടി വന്നു. ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടും ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. മരുന്നുകളും ഉപകരണങ്ങളുടെ സഹായവും നല്‍കിയിട്ടും രോഗിയുടെ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തന രഹിതമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. പദ്ധതിയിട്ടതനുസരിച്ച് ശസ്ത്രക്രിയ വിജയകരമായി നടത്താന്‍ കഴിഞ്ഞില്ലെന്ന് ഇതിനു ശേഷം ഡോ.സുകുമാരന്‍ നായര്‍ ഫ്രീമാന്‍ ഹോസ്പിറ്റലിലെ റോബോട്ടിക്‌സ് വിഭാഗം കോഓര്‍ഡിനേറ്റര്‍ പോള്‍ റെന്‍ഫോര്‍ത്തിനെ ഫോണില്‍ അറിയിച്ചിരുന്നു. റോബോട്ടില്‍ കൂടുതല്‍ പരീശീലനം ലഭിച്ചിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും റെന്‍ഫോര്‍ത്ത് പറഞ്ഞു. ഈ സംഭവത്തിന് ഒരു മാസം മുമ്പ് ഡാവിഞ്ചി ഉപയോഗിച്ച് വാല്‍വ് ശസ്ത്രക്രിയ നടത്താന്‍ ഡോ.സുകുമാരന്‍ നായര്‍ സമീപിച്ചിരുന്നുവെന്ന് ട്രസ്റ്റിന്റെ കാര്‍ഡിയോ തൊറാസിക് ക്ലിനിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ സൈമണ്‍ ഹെയിന്‍സും മൊഴി നല്‍കിയിട്ടുണ്ട്.
700ലേറെ വിദേശ കൊലയലാളികള്‍ യുകെയില്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ക്രിമിനല്‍ റെക്കോര്‍ഡ്‌സ് ഓഫീസിന്റെ കമ്പ്യൂട്ടര്‍ പരിശോധനയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷക്കാലയളവിലെ ഡേറ്റയാണ് വിശകലനം ചെയ്തത്. ബലാല്‍സംഗക്കേസുകളിലും കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളിലും പ്രതികളായവരും യുകെയില്‍ സൈ്വര്യമായി താമസിച്ചു വരുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റേണ്‍ യൂറോപ്പ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കോടതികള്‍ കൊലപാതകത്തിനും നരഹത്യാക്കേസുകളിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ 700 പേര്‍ യുകെയിലുണ്ടെന്നാണ് വ്യക്തമായത്. 2015നും 2017നുമിടയിലെ കണക്കുകളാണ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് പുറത്തു വന്നത്.
വിദേശത്ത് ബലാല്‍സംഗക്കേസുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 741 പേരും കുട്ടികള്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റക്കാരായ 362 പേരും യുകെയിലുണ്ട്. ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് എത്ര സുഗമമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താന്‍ കഴിയുന്നു എന്നതാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. 2015-17 കാലയളവില്‍ യുകെയില്‍ എത്തിയ ക്രിമിനലുകളില്‍ റൊമേനിയക്കാരാണ് ഏറ്റവും കൂടുതല്‍. 510 റൊമേനിയന്‍ ക്രിമിനലുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. പോളണ്ട് ഇതിന് തൊട്ടു പിന്നാലെയുണ്ട്. 301 പേരാണ് പോളണ്ടില്‍ നിന്നും എത്തിയത്. 98 ലിത്വാനിയന്‍ ക്രിമിനലുകളും രാജ്യത്ത് തുടരുന്നു.
ബ്രെക്‌സിറ്റ് സാധ്യമാകുന്നതോടെ യുകെയിലേക്ക് ക്രിമിനലുകളുടെ ഒഴുക്കിന് തടയിടാന്‍ കഴിയുമെന്നാണ് കരുതുന്നത്. ബ്രെക്‌സിറ്റ് നടപ്പായാല്‍ അതിര്‍ത്തികളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. ഇപ്പോള്‍ യുകെയിലുള്ള യൂറോപ്യന്‍ ക്രിമിനലുകളെ കണ്ടെത്തി ഡീപോര്‍ട്ട് ചെയ്യാനും സാധിക്കും. ഇത്തരം ക്രിമിനലുകള്‍ യുകെയില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്ത് പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് പരിശോധനകള്‍ നടക്കാറുള്ളത്. അതുകൊണ്ടു തന്നെ കുറ്റവാളികളുടെ എണ്ണം എത്രയോ അധികമായിരിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.
കൂട്ടുകാരുമൊത്ത് ദുബായിലേക്ക് ഹോളിഡേ യാത്ര നടത്തിയ 30 കാരിയായ നഴ്‌സ് മരിച്ചു. ഷാര്‍ലറ്റ് കാര്‍ട്ടര്‍ എന്ന മെന്റല്‍ ഹെല്‍ത്ത് നഴ്‌സാണ് മരിച്ചത്. ഇവര്‍ക്ക് വിമാനത്തിനുള്ളില്‍ വെച്ചു തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പിന്നീട് വിമാനമിറങ്ങി ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയും ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. ഒക്ടോബര്‍ 29നായിരുന്നു ഇവര്‍ രണ്ട് സുഹൃത്തുക്കളുമൊത്ത് ഗാറ്റ്വിക്കില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ടത്. ടേക്ക് ഓഫിനു മുമ്പ് ഇവര്‍ ഷാംപെയിന്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഏഴു മണിക്കൂര്‍ നീളുന്ന യാത്രക്കിടെ ഷാര്‍ലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രക്കായി ഷാര്‍ലറ്റ് ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തിരുന്നില്ല. അതുകൊണ്ടു തന്നെ ആശുപത്രി ബില്ലുകള്‍ നല്‍കാനും മൃതദേഹം യുകെയില്‍ എത്തിക്കാനും 30,000 പൗണ്ട് നല്‍കേണ്ട അവസ്ഥയിലാണ് ഇവരുടെ കുടുംബം.
ഷാര്‍ലറ്റിന്റെ സുഹൃത്തായ മേഗന്‍ ബോയ്‌സ് പണം സമാഹരിക്കുന്നതിനായി ഒരു ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. യുഎഇയില്‍ താമസിക്കുന്ന കെയ്റ്റ് ജോര്‍ജ് എന്ന സുഹൃത്തിന്റെ അടുത്തേക്കായിരുന്നു ഷാര്‍ലറ്റ് വിമാനമിറങ്ങിയ ശേഷം പോയത്. ഈ യാത്രക്കിടെയാണ് ഇവര്‍ കുഴഞ്ഞു വീണത്. തന്നെ കാണാനാണ് അവള്‍ വന്നതെന്ന് കെയ്റ്റ് പറഞ്ഞു. വിമാനത്തില്‍ വെച്ചു തന്നെ അവള്‍ തനിക്ക് കാണാന്‍ തിടുക്കമായെന്ന മെസേജുകള്‍ അയച്ചിരുന്നു. അത്രയും ആകാംക്ഷാ ഭരിതമായ യാത്രയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ മറന്നതായിരിക്കുമെന്നും കെയ്റ്റ് പറഞ്ഞു. ഫൈവ് പാം ജുമൈറാ ഹോട്ടലിലായിരുന്നു ഇവര്‍ താമസിക്കാനിരുന്നത്. അതിന്റെ ആവേശത്തിലുമായിരുന്നു സംഘം.
സൗത്ത് വെയില്‍സിലെ സ്വാന്‍സീ സ്വദേശിയാണ് ഷാര്‍ലറ്റ്. മൃതദേഹം യുകെയില്‍ എത്തിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണകാരണം സ്ഥിരീകരിക്കുന്നതിനായാണ് ഇത്. കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഫോറിന്‍ ഓഫീസ് കോമണ്‍വെല്‍ത്ത് വക്താവ് പറഞ്ഞു. എമിറേറ്റ് അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും വക്താവ് പറഞ്ഞു. ജസ്റ്റ്ഗിവിംഗ് പേജില്‍ ആരംഭിച്ച ക്രൗഡ് ഫണ്ടിംഗില്‍ ഇതുവരെ 17,000 പൗണ്ട് എത്തിയിട്ടുണ്ട്.