ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ബ്രിട്ടനിലെ പോർട്സ്മൗത്തിൽ നിന്നു കാണാതായ 32-കാരിയായ സംഗീത അധ്യാപിക സോണിയ എക്സൽബിയുടെ മരണം അമേരിക്കയിൽ കൊലപാതകക്കേസായി അന്വേഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 12-ന് ഹാംഷയറിലെ വീട്ടിൽ നിന്ന് കാണാതായ സോണിയയുടെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം ഫ്ലോറിഡയിലെ മാരിയൻ കൗണ്ടിയിൽ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 53-കാരനായ ഡ്വെയ്ൻ ഹാൾ അറസ്റ്റിലായിട്ടുണ്ടെങ്കിലും കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. ഈ വർഷം അവസാനം കേസിന്റെ വിചാരണ ആരംഭിക്കാനാണ് സാധ്യത.

സംഭവത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച സോണിയയുടെ മാതാപിതാക്കൾ മകളെ നഷ്ടപ്പെട്ടതിൻ്റെ വേദനയിലാണ് തങ്ങൾ എന്ന് പറഞ്ഞു . മറ്റുള്ളവരുടെ വേദന പോലും സഹിക്കാനാകാത്ത സ്വഭാവമായിരുന്നതിനാൽ അവർ സസ്യാഹാര ജീവിതശൈലി സ്വീകരിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു. മികച്ച പിയാനോ വായനക്കാരിയും ഗായികയുമായിരുന്ന സോണിയ, ചുറ്റുമുള്ളവർക്കെല്ലാം ആത്മവിശ്വാസവും സ്നേഹവും പകരുന്ന വ്യക്തിത്വമായിരുന്നുവെന്നും കുടുംബം അനുസ്മരിച്ചു. ആറു മക്കളിൽ ഇളയവളായ സോണിയയ്ക്ക് സഹോദരങ്ങളുമായും 15 വർഷമായി ഒപ്പമുണ്ടായിരുന്ന പങ്കാളിയുമായും അതീവ അടുപ്പമുണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം, സോണിയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അമേരിക്കൻ അധികൃതർ തുടരുകയാണെന്ന് ഹാംഷയർ പൊലീസ് അറിയിച്ചു. ബ്രിട്ടീഷ് പൊലീസും അമേരിക്കൻ അന്വേഷണ ഏജൻസികളും വിദേശകാര്യ വകുപ്പും ചേർന്ന് കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. ജീവിതത്തിൽ ചില മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും സോണിയയെ അവളുടെ പ്രയാസങ്ങളല്ല, മറിച്ച് അവൾ പകർന്ന സ്നേഹവും നന്മയും കൊണ്ടാണ് ഓർക്കേണ്ടതെന്ന് കുടുംബം അഭ്യർഥിച്ചു. “അവളുടെ അഭാവം ഒരിക്കലും നികത്താനാവില്ല; എന്നാൽ അവൾ നൽകിയ സ്നേഹം എന്നും ഞങ്ങളോടൊപ്പമുണ്ടാകും” എന്നായിരുന്നു കുടുംബത്തിന്റെ വികാരനിർഭരമായ അനുസ്മരണം.











Leave a Reply