ജിപികളിലെ കാത്തിരിപ്പു സമയവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതു മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് നടപടിയുമായി എന്‍എച്ച്എസ്. 20,000 ജീവനക്കാരെ ഇതിന്റെ ഭാഗമായി പുതുതായി നിയമിക്കും. ഫാര്‍മസിസ്റ്റുകള്‍, പാരാമെഡിക്കുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങിയവരെയായിരിക്കും നിയമിക്കുക. അഞ്ചു വര്‍ഷത്തെ കാലയളവിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതി ഫാമിലി പ്രാക്ടീസില്‍ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും വരുത്തുകയെന്ന് വിലയിരുത്തപ്പെടുന്നു. സര്‍ജറികള്‍ നിലവില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ മിക്കവയും ഇതിലൂടെ പരിഹരിക്കപ്പെടുമെന്നാണ് സൂചന. കലശലായ രോഗങ്ങളുമായെത്തുന്നവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.

എന്‍എച്ച്എസ് നേതൃത്വവും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഇതു സംബന്ധിച്ച് കരാറില്‍ എത്തി. 2023നുള്ളില്‍ ഇതിനായി 1.8 ബില്യന്‍ പൗണ്ട് വകയിരുത്താനാണ് പരിപാടി. പ്രൈമറി കെയര്‍ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനും അടുത്തുള്ള മറ്റു പ്രാക്ടീസുകളുമായി സഹകരിച്ച് റിസോഴ്‌സ് പൂള്‍ സൃഷ്ടിക്കാനും ഈ തുക ഉപയോഗിക്കും. ലോക്കല്‍ ജിപിമാര്‍ നേതൃത്വം നല്‍കുന്ന ഈ നെറ്റ് വര്‍ക്കുകള്‍ 30,000 മുതല്‍ 50,000 രോഗികളെ വരെ ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കും വിഭാവനം ചെയ്യുക. എന്‍എച്ച്എസിന്റെ ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് ഇതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു.

പ്രൈമറി കെയര്‍ സര്‍വീസിനായി അനുവദിച്ചിരിക്കുന്ന 4.5 ബില്യന്‍ പൗണ്ടിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ലോക്കല്‍ ജിപി സര്‍വീസുകളില്‍ രോഗികള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
എ 30 പാതയില്‍ കനത്ത മഞ്ഞുവീഴ്ചയിലും ഹിമക്കാറ്റിലും നൂറോളം വാഹനങ്ങള്‍ കുടുങ്ങി. കോണ്‍വാളിനു സമീപം ടെംപിളിലാണ് വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഏറെ നേരം നീണ്ടു. കടുത്ത ശൈത്യമായതിനാല്‍ വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിരുന്നു. രാത്രി മുഴുവന്‍ ഇവര്‍ വാഹനങ്ങളില്‍ കഴിച്ചുകൂട്ടേണ്ടി വരുമെന്നാണ് കരുതിയിരുന്നതെങ്കിലും റോഡില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്ന എമര്‍ജന്‍സി വാഹനങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ഹൈവേ ഇംഗ്ലണ്ട് അറിയിച്ചു. മൂന്നു മണിക്കൂറിലേറെ റോഡില്‍ കുടുങ്ങിയെന്ന് ചിലര്‍ അറിയിച്ചു. മഞ്ഞുവീണ റോഡില്‍ വാഹനങ്ങള്‍ നിരയായി കിടക്കുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചു.

മഞ്ഞുവീഴ്ച കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങിയതിനാല്‍ ഗതാഗത തടസം തുടര്‍ന്നേക്കുമെന്ന് ഡെവണിലെയും കോണ്‍വാളിലെയും റോഡ് പോലീസിംഗ് ചുമതലയുള്ള ചീഫ് ഇന്‍സ്‌പെക്ടര്‍ ഏഡ്രിയന്‍ ലെയിസ്‌ക് പറഞ്ഞു. യുകെയുടെ മിക്ക ഭാഗങ്ങളിലും 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആംബര്‍ വാര്‍ണിംഗും പുറപ്പെടുവിച്ചിരുന്നു. ഗതാഗത തടസത്തിനും വാഹനങ്ങള്‍ ഏറെ നേരം കുടുങ്ങിക്കിടക്കാനും റെയില്‍ ഗതാഗതത്തില്‍ താമസം നേരിടാനോ സര്‍വീസുകള്‍ റദ്ദാക്കാനോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. പവര്‍കട്ടുണ്ടാകാനും ഗ്രാമപ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സതേണ്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലാന്‍ഡ്, യുകെയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ യെല്ലോ വാര്‍ണിംഗും പുറപ്പെടുവിച്ചിരുന്നു. ഈ വിന്ററിലെ ഏറ്റവും ശൈത്യമേറിയ രാത്രിയാണ് കടന്നു പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്. അബര്‍ദീന്‍ഷയറിലെ ബ്രെയിമറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് 13 ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില.
1,50,000 പൗണ്ടിനു മേല്‍ വാര്‍ഷിക ശമ്പളം വാങ്ങുന്ന ജനറല്‍ പ്രാക്ടീഷണര്‍മാരുടെ പേരുകള്‍ പുറത്തുവിടുമെന്ന് എന്‍എച്ച്എസ്. പുതിയ 5 വര്‍ഷ പി കോണ്‍ട്രാക്ട് അനുസരിച്ച് 2020 മുതലാണ് ഇത് നടപ്പിലാക്കുക. സുതാര്യതാ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്. ശരാശരി ജിപി ശമ്പളം 105,000 പൗണ്ടാണ്. എന്നാല്‍ നിരവധി ജിപിമാര്‍ 700,000 പൗണ്ട് വരെ ശമ്പളം വാങ്ങുന്നുണ്ട്. എന്‍എച്ച്എസും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ചേര്‍ന്നാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 20,000 ഫാര്‍മസിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, പാരാമെഡിക്കുകള്‍ തുടങ്ങിയവരെ ജിപി അപ്പോയിന്റ്‌മെന്റുകള്‍ ഏറ്റെടുക്കാന്‍ നിയോഗിക്കുന്നതിനൊപ്പം തന്നെയാണ് സുതാര്യതാ നയവും നടപ്പിലാക്കുന്നത്.

2016ല്‍ നടപ്പാക്കിയ നയമനുസരിച്ച് പ്രാക്ടീസുകളുടെ വെബ്‌സൈറ്റുകളില്‍ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ തങ്ങളുടെ വരുമാനം രോഗികള്‍ക്ക് കാണാവുന്ന വിധത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. പക്ഷേ പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിമുതല്‍ നാഷണല്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തും. 150,000 പൗണ്ടാണ് പ്രധാനമന്ത്രിയുടെ ശമ്പളം. ജിപിമാരുടെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്ന ആവശ്യം ശക്തമാണെന്ന് തിരിച്ചറിയുന്നതായി ബിഎംഎയുടെ ജിപി കമ്മിറ്റി ചെയര്‍മാന്‍ റിച്ചാര്‍ഡ് വോേ്രട പറഞ്ഞു. 150,000 ലക്ഷത്തിനു മേല്‍ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജിപി സര്‍ജറികളിലെ വെയിറ്റിംഗ് ടൈം കുറയ്ക്കുന്നതിന്റെ ഭാഗമായി ഫാമിലി ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റുകള്‍ ഇനി മുതല്‍ ഫാര്‍മസിസ്റ്റുകളും ഫിസിയോതെറാപ്പിസ്റ്റുകളും ഏറ്റെടുക്കും. ഇതിനായി 20,000 പേരെ നിയമിക്കുകയും ജിപികളിലേക്ക് ഇവരെ നിയോഗിക്കുകയും ചെയ്യും. വീഡിയോ വെബ് കണ്‍സള്‍ട്ടേഷനുകള്‍ വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന ഈ പദ്ധതിയനുസരിച്ച് രോഗികള്‍ക്ക് സ്‌കൈപ്പിലൂടെ ജിപിമാരെ കാണാനും ചികിത്സ സ്വീകരിക്കാനും സാധിക്കും.
ന്യൂസ് ഡെസ്ക്
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രാത്രി ഒൻപത് മണി വരെ മഞ്ഞ് വീഴ്ച തുടർന്നേക്കും. ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തിലേയ്ക്ക് അതിശൈത്യത്തിന്റെ പിടിയിൽ അമരുകയാണ് ബ്രിട്ടൺ. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും മെറ്റ് ഓഫീസ് ആമ്പർ വാണിംഗ് പുറപ്പെടുവിച്ചു. മൂന്നു മുതൽ ഏഴ് സെൻറിമീറ്റർ വരെ മഞ്ഞ് രണ്ടു മൂന്നു മണിക്കൂറിൽ വീഴാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുപ്പ് തുടങ്ങി. വെയിൽസിന്റെ ചില പ്രദേശങ്ങളിൽ 15 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്തേക്കും.
യോർക്ക് ഷയർ ആൻഡ് ഹമ്പർ അടക്കമുള്ള മിക്ക റീജിയണുകളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗാണ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് കടന്നു പോയത്. അബർദീനിലെ ബ്രാമറിൽ മൈനസ് 14.4 ഡിഗ്രിയായിരുന്നു ഇന്ന് രാവിലെ താപനില. റെയിൽ സർവീസ് ക്യാൻസലേഷനും റോഡ് ബ്ളോക്കുകളും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിരവധി സ്കൂളുകൾ ഇന്ന് പ്രവർത്തിച്ചില്ല. പല വില്ലേജുകളും ഒറ്റപ്പെടും. പവർകട്ടും മൊബൈൽ നെറ്റ് വർക്ക് ഓട്ടേജും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് നല്‍കി വരുന്ന ബജറ്റ് വിഹിതം വര്‍ഷങ്ങളോളം തുടര്‍ന്നും നല്‍കേണ്ടി വരും. യൂറോപ്യന്‍ കമ്മീഷന്‍ തയ്യാറാക്കിയ മുന്‍കരുതല്‍ പദ്ധതിയിലാണ് ഈ വ്യവസ്ഥയുള്ളത്. ബ്രെക്‌സിറ്റ് അനുകൂലികളുടെ വലിയ എതിര്‍പ്പ് വിളിച്ചു വരുത്തുന്ന നിര്‍ദേശമാണ് ഇത്. ബ്രിട്ടീഷ് പാര്‍ലമെന്റിലും ഇത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. 2019ലെയും വരും വര്‍ഷങ്ങളിലെയും യൂറോപ്യന്‍ ബജറ്റിലേക്ക് ബ്രിട്ടന്‍ വിഹിതം നല്‍കേണ്ടി വരുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ബുധനാഴ്ചയാണ് ബ്രസല്‍സ് പുറത്തു വിട്ടത്.

ഏപ്രില്‍ 18 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന അവസാന തിയതിക്കു ശേഷം നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ ബ്രിട്ടന് ഈ വ്യവസ്ഥ അംഗീകരിക്കേണ്ടി വരും. മാര്‍ച്ച് 29ന് അര്‍ദ്ധരാത്രിയാണ് ബ്രെക്‌സിറ്റ് ഔദ്യോഗികമായി നടപ്പാകുന്നത്. അതേസമയം നോ ഡീല്‍ പ്രതിഫലിക്കുമോ എന്ന് അറിയാന്‍ അല്‍പ സമയം നല്‍കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാലാണ് ഏപ്രില്‍ 18 വരെ സമയം നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ സഹായത്താല്‍ നടന്നു വരുന്ന കൃഷി, ഗവേഷണം തുടങ്ങിയവയ്ക്ക് നോ ഡീല്‍ ബ്രെക്‌സിറ്റ് സൃഷ്ടിക്കാവുന്ന ആഘാതം കുറയ്ക്കാന്‍ ബജറ്റ് വിഹിതം നല്‍കുന്നതിലൂടെ സാധിക്കുമെന്നാണ് യൂണിയന്‍ വ്യക്തമാക്കുന്നത്.

2019 മാര്‍ച്ച് 30 മുതല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറുകളിലെല്ലാം ഈ വ്യവസ്ഥ ബാധകമായിരിക്കും. ചില കരാറുകള്‍ക്ക് രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ളതിനാല്‍ ബജറ്റ് വിഹിതമായി പണം നല്‍കേണ്ടി വരുന്നത് ഇക്കാലമത്രയും തുടരേണ്ടതായി വന്നേക്കും. പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുപോലെ 28 അംഗരാജ്യങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ പാലിക്കാന്‍ 28 രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ പുറത്തുവിട്ട പ്രസ്താവന പറയുന്നു.
ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ രണ്ടു വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ കൂടുതലായി അനുവദിക്കാനുള്ള നീക്കത്തിന് അംഗീകാരം നല്‍കി ലോര്‍ഡ്‌സ്. സെപ്റ്റംബര്‍ മുതല്‍ കാലപരിധി കുറഞ്ഞതും കൂടുതല്‍ ഗൗരവമുള്ളതുമായ ഈ കോഴ്‌സുകള്‍ക്കായി അധിക ഫീസ് ഈടാക്കാനും യൂണിവേഴ്‌സിറ്റികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ സാധാരണ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളേക്കാള്‍ ട്യൂഷന്‍ ഫീസ് ഇനത്തില്‍ രണ്ടു വര്‍ഷ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5500 പൗണ്ട് ലാഭമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നിലവില്‍ ചില യൂണിവേഴ്‌സിറ്റികള്‍ ഫാസ്റ്റ്ട്രാക്ക് ഡിഗ്രി കോഴ്‌സുകള്‍ നല്‍കുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ പറയുന്നു. പക്ഷേ, അവക്കായി എത്തുന്നവര്‍ വളരെ ചുരുക്കമാണ്.

കൂടുതല്‍ അധ്യാപന സമയം ആവശ്യമാണെന്നതിനാലാണ് രണ്ടു വര്‍ഷ കോഴ്‌സുകള്‍ക്ക് 20 ശതമാനം അധിക ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 11,000 പൗണ്ടാണ് ഫീസിനത്തില്‍ നല്‍കേണ്ടി വരുന്നത്. മൂന്നു വര്‍ഷക്കാര്‍ക്ക് ഇത് 9250 പൗണ്ടാണ്. എങ്കിലും രണ്ടു വര്‍ഷക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 20 ശതമാനം കുറവ് ഫീസ് മാത്രമേ ആകുന്നുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നു. കുടുംബപരമായ ചുമതലകളുള്ളവര്‍ക്കും ജോലികള്‍ ചെയ്യുന്നവര്‍ക്കും അനുയോജ്യമായവയാണ് രണ്ടു വര്‍ഷ ഡിഗ്രി കോഴ്‌സുകളെന്നും വിലയിരുത്തപ്പെടുന്നു. മൂന്നു വര്‍ഷം പഠിച്ചു നേടുന്ന ഡിഗ്രിക്ക് തുല്യമാണ് രണ്ടു വര്‍ഷം കൊണ്ട് ലഭിക്കുന്ന ഡിഗ്രിക്കും ഉള്ളത്. താമസത്തിനും മറ്റു ചെലവുകള്‍ക്കാമായി ചെലവാകുന്ന പണവും രണ്ടു വര്‍ഷ കോഴ്‌സിലൂടെ ലാഭിക്കാനാകുമെന്നതും മറ്റൊരു നേട്ടമാണ്.

മുതിര്‍ന്നതിനു ശേഷം ഡിഗ്രി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ രീതി അനുഗ്രഹമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ആധുനിക കാല നാഴികക്കല്ലായിരിക്കും ഈ പദ്ധതിയെന്ന് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റര്‍ ക്രിസ് സ്‌കിഡ്‌മോര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റികളും ഈ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ബ്രെക്‌സിറ്റിന്റെ അവിഭാജ്യ ഘടകമാണ് ഐറിഷ് ബാക്ക്‌സ്‌റ്റോപ്പെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍. അതിര്‍ത്തിയിലെ ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കാന്‍ പ്രായോഗികമായ ഒരേയൊരു പരിഹാരം ബാക്ക്‌സ്റ്റോപ്പ് മാത്രമാണെന്ന് അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ 18 മാസത്തോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉരുത്തിരിഞ്ഞ ബ്രെക്‌സിറ്റ് കരാര്‍ ഈ മാസം ആദ്യം ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയിരുന്നു. ബാക്ക്‌സ്‌റ്റോപ്പായിരുന്നു ബ്രിട്ടീഷ് എംപിമാര്‍ നിരാകരിച്ച ഏറ്റവും പ്രധാന വ്യവസ്ഥ. ഇതിനു പകരം വ്യവസ്ഥ രൂപീകരിക്കുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്താനാണ് പ്രധാനമന്ത്രി തെരേസ മേയെ ബ്രിട്ടീഷ് പാര്‍ലമെന്റ് മറ്റൊരു വോട്ടിലൂടെ നിയോഗിച്ചിരിക്കുന്നത്.

മാര്‍ച്ച് 29നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയില്‍ സുഗമമായ സഞ്ചാരത്തിനും ചരക്കു ഗതാഗതത്തിനും ചുവപ്പുനാടയൊഴിവാക്കുന്നതിനാണ് ഒരു ഇന്‍ഷുറന്‍സ് പോളിസിയെന്ന നിലയില്‍ ബാക്ക്‌സ്‌റ്റോപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഫലത്തില്‍ ഇത് യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ ബ്രിട്ടനെ നിലനിര്‍ത്തുകയും ചെയ്യും. സിംഗിള്‍ മാര്‍ക്കറ്റിന്റെ ചില നിയമങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അംഗീകരിക്കുന്നതിനാലാണ് ഇത്. ഇതാണ് പ്രധാനമായും തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് എംപിമാരുടെ പിന്തുണ ലഭിക്കാതിരിക്കാന്‍ കാരണമായത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രധാനമായ ഒരു ബില്‍ ഭരണപക്ഷത്തുള്ള എംപിമാരുടെയുള്‍പ്പെടെ പിന്തുണയോടെ മൃഗീയ ഭൂരിപക്ഷത്തില്‍ തള്ളുന്നത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായുള്ള ബാക്ക്‌സ്റ്റോപ്പ് സ്ഥിരമായി നിലനില്‍ക്കുമെന്നും ഇത് യുകെയുടെ സ്വതന്ത്രമായ നിലനില്‍പ്പിനെ ബാധിക്കുമെന്നുമാണ് വിമര്‍കര്‍ പറയുന്നത്. പാര്‍ലമെന്റ് ആവശ്യപ്പെട്ടത് അനുസരിച്ച് തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുമായി വീണ്ടും ചര്‍ച്ചയ്ക്ക് ശ്രമിക്കും. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന സൂചനയാണ് ബാര്‍ണിയറിന്റെ വാക്കുകള്‍ നല്‍കുന്നത്. ബാക്ക്‌സ്റ്റോപ്പ് വ്യവസ്ഥ നിരാകരിക്കുന്നത് ഒരു പരിഹാര മാര്‍ഗ്ഗത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്നും ബാര്‍ണിയര്‍ പറയുന്നു.
ബ്രെക്‌സിറ്റ് ഡീലില്‍ പാര്‍ലമെന്റില്‍ രണ്ടാം തവണയുണ്ടാകാമായിരുന്ന പരാജയത്തില്‍ നിന്ന് തെരേസ മേയ്ക്ക് മോചനം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തില്‍ ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താമെന്ന മേയുടെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. ഉടമ്പടി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി രണ്ടാമത് എത്തിയപ്പോളാണ് എംപിമാര്‍ അനുകൂലിച്ച് വോട്ടു ചെയതത്. കോമണ്‍സ് അംഗീകാരം നേടിയെങ്കിലും ഒരിക്കല്‍ അംഗീകരിച്ച ഉടമ്പടിയില്‍ മാറ്റങ്ങളുമായി യൂറോപ്യന്‍ നേതാക്കളെ സമീപിക്കുന്നത് മേയ്ക്ക് കനത്ത ജോലിയായിരിക്കും. 19 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കരാര്‍ തയ്യാറാക്കിയത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഇനിയൊരു ചര്‍ച്ചക്ക് തയ്യാറല്ലെന്നാണ് മുതിര്‍ന്ന യൂറോപ്യന്‍ നേതാക്കള്‍ പ്രതികരിക്കുന്നത്.

ഈ നിലപാട് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റ് നടപടികളില്‍ നിയന്ത്രണത്തിന് പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തിയ ശ്രമത്തിന് ഏകദേശം കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം തന്നെയാണ് ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താന്‍ മേയ്ക്ക് അനുമതി ലഭിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരായ റിബല്‍ എംപിമാരുടെയുള്‍പ്പെടെയുള്ള വികാരം പ്രതിഫലിക്കുന്നതാണ് ഈ ഭേദഗതിയെന്നും വ്യാഖ്യാനിക്കപ്പെടുന്നു. രാജ്യത്തിന്റെ മുന്നോട്ടുപോക്ക് എങ്ങനെയായിരിക്കണമെന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയെ കാണാന്‍ തയ്യാറാണെന്ന വാര്‍ത്തയും പിന്നാലെയെത്തി.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പിന് പകരം സംവിധാനം കണ്ടെത്താനും ഭേദഗതികളോടെ മേയുടെ ഉടമ്പടിക്ക് അംഗീകാരം നല്‍കാനും നിര്‍ദേശിത്തുന്ന അമെന്‍ഡ്‌മെന്റ് സര്‍ ഗ്രഹാം ബ്രാഡിയുടെ നേതൃത്വത്തിലുള്ള ബാക്ക്‌ബെഞ്ച് 1922 കമ്മിറ്റിയാണ് അവതരിപ്പിച്ചത്. 301നെതിരെ 317 വോട്ടുകള്‍ക്ക് ഇതിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. എട്ട് ടോറി എംപിമാര്‍ ഇതിനെതിരെ വോട്ട് ചെയ്തു.
ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാലു മണിക്കൂര്‍ ടാര്‍ജറ്റ് എടുത്തു കളയാനുള്ള എന്‍എച്ച്എസ് നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍. എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികള്‍ക്ക് നാലു മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കാനാണ് ടാര്‍ജറ്റ് ഏര്‍പ്പെടുത്തിയത്. ഇത് എടുത്തു കളയുന്നത് രോഗികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് എ ആന്‍ഡ് ഇ ഡോക്ടര്‍മാരുടെ സംഘടനയായ റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രതികരിച്ചു. എന്‍എച്ച്എസിലുള്ള കുഴപ്പങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ഇതെന്നും സംഘടന വ്യക്തമാക്കി. എ ആന്‍ഡ് ഇകളില്‍ ചികിത്സ കാത്ത് രോഗികള്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന പഴയ കാലം ഈ ടാര്‍ജറ്റ് എടുത്തു കളയുന്നതിലൂടെ തിരിച്ചുവരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇപ്പോള്‍ത്തന്നെ മതിയായ പരിചരണം നല്‍കാന്‍ കഴിയാതെ പരിതാപാവസ്ഥയില്‍ നീങ്ങുന്ന എ ആന്‍ഡ് ഇകളില്‍നിന്ന് നാലു മണിക്കൂര്‍ ടാര്‍ജറ്റ് കൂടി എടുത്തു കളയുന്നതോടെ രോഗികളുടെ സുരക്ഷ ദുരന്തമായി മാറാനിടയുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ.താജ് ഹസന്‍ പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്‍എച്ച്എസിന്റെ പദ്ധതി. ഹെല്‍ത്ത് സര്‍വീസിലെ കുഴപ്പങ്ങള്‍ മൂടിവെക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്കു മേലുള്ള അതിക്രമം എന്നാണ് റോയല്‍ കോളേജ് ലേ ഗ്രൂപ്പ് ചെയര്‍മാന്‍ ഡെറക് പ്രെന്റിസ് പ്രതികരിച്ചത്. വര്‍ഷങ്ങളായി നാലു മണിക്കൂര്‍ ടാര്‍ജറ്റ് നല്‍കിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ നശിപ്പിക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ശ്രമിക്കുന്നതെന്നും പ്രെന്റിസ് പറഞ്ഞു.

എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികളെ നാലു മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്യുകയോ അഡമിറ്റ് ചെയ്യുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ വേണമെന്നാണ് എന്‍എച്ച്എസ് ഭരണഘടന പറയുന്നത്. ഈ ടാര്‍ജറ്റ് നേടാന്‍ എ ആന്‍ഡ് ഇകള്‍ക്ക് സാധിക്കാന്‍ കഴിയാത്തതില്‍ മന്ത്രിമാര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ടാര്‍ജറ്റില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്റ്റീവന്‍സ് എംപിമാരെ അറിയിച്ചിരുന്നു. സെപ്‌സിസ്, ഹൃദയ രോഗങ്ങള്‍ എന്നിവയുമായെത്തുന്നവര്‍ക്ക് അടിയന്തര ചികിത്സയും താരതമ്യേന ചെറിയ രോഗങ്ങളുമായി എത്തുന്നവര്‍ക്ക് അല്‍പം കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന വിധത്തിലാണ് പുതിയ രീതിയെന്നാണ് സൂചന.
ലണ്ടന്‍: സ്പീഡിംഗ് കേസില്‍ പീറ്റര്‍ബറോ എം.പിക്ക് തടവ് ശിക്ഷ. ഏതാണ്ട് 30 വര്‍ഷത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിറ്റിംഗ് എം.പിക്ക് തടവ് ശിക്ഷ ലഭിക്കുന്നത്. പീറ്റര്‍ബറോ എം.പിയായ ഫിയോന ഒനസന്യാ പോലീസ് ചാര്‍ത്തിയ സ്പീഡിംഗ് കേസ് നിരാകരിച്ചതോടെയാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. അമിത വേഗത്തില്‍ വാഹനമോടിക്കുകയും സമയത്ത് കാറിനുള്ളില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്തതായിട്ടാണ് എം.പിക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ട കുറ്റം. എന്നാല്‍ കൃത്യം ചെയ്തിട്ടില്ലെന്ന് എം.പി കോടതിയില്‍ വാദിച്ചു. ഇക്കാര്യം തെളിഞ്ഞതോടെയാണ് തടവ് ശിക്ഷ ഉറപ്പായത്. എം.പി രാജിവെക്കണമെന്ന് കണ്‍സര്‍വേറ്റീവ്, ലൈബര്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ രാജിക്കാര്യത്തോടെ എം.പി പ്രതികരിച്ചിട്ടില്ല. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണിക്കൂറില്‍ 30 മൈല്‍ സ്പീഡില്‍ മാത്രം സഞ്ചരിക്കാന്‍ അനുവാദമുള്ള റോഡിലൂടെ എം.പി ഏതാണ്ട് 41 മൈല്‍ വേഗതയില്‍ സഞ്ചരിച്ചതായി പോലീസ് സ്ഥാപിച്ച ക്യാമറകള്‍ കണ്ടെത്തിയിരുന്നു. വാഹനമോടിക്കുന്ന സമയത്ത് എം.പി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തി. എന്നാല്‍ പോലീസ് ചാര്‍ജ് ചെയ്ത വകുപ്പുകള്‍ എം.പി നിരാകരിച്ചു. പോലീസ് ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച കോടതി എം.പി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. 1991ല്‍ പോള്‍ ടാക്‌സ് ബില്‍ കെട്ടിവെക്കാത്തതിന് സിറ്റിംഗ് എം.പിയായ ടെറി ഫീല്‍ഡ്‌സ് 60 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം മറ്റൊരു സിറ്റിംഗ് എം.പിക്കും ജയില്‍ ശിക്ഷ ലഭിച്ചിട്ടില്ല.

ഓള്‍ഡ് ബെയിലില്‍ നടന്ന റീ-ട്രെയലിന് ശേഷം ഫിയോന ഒനസന്യാവിനെ മൂന്ന് മാസത്തേക്കാണ് ശിക്ഷിച്ചിരിക്കുന്നത്. കേസില്‍ അപ്പീല്‍ പോകുമെന്ന് എം.പി അറിയിച്ചിട്ടുണ്ട്. എം.പിയുടെ സഹോദരന്‍ സമാന കേസില്‍ 10 മാസം ശിക്ഷിക്കപ്പെട്ടിരുന്നു. 2017 ജൂണിലാണ് പീറ്റര്‍ബറോയില്‍ നിന്ന് ലൈബര്‍ ടിക്കറ്റില്‍ ഫിയോന പാര്‍ലമെന്റിലെത്തുന്നത്. എം.പി സ്ഥാനം ലഭിച്ച് ആഴ്ച്ചകള്‍ക്കകമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം.പിയായതിന് ശേഷം ഫിയോനയുടെ ജീവിതം വലിയ തിരക്കുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പോലീസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് എം.പിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.