ലേബര്‍ പാര്‍ട്ടിക്കു വേണ്ടി നേതാവ് ജെറമി കോര്‍ബിന്‍ നല്‍കിയ ബ്രെക്‌സിറ്റ് നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി തെരേസ മേയ് നിരസിച്ചു. സമവായത്തിലൂന്നിയ ഈ നിര്‍ദേശങ്ങള്‍ ബ്രെക്‌സിറ്റ് കടുത്തതാകുന്നതിനെ തടയുന്നത് ലക്ഷ്യമിട്ടായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. ബ്രിട്ടന്‍ കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന നിര്‍ദേശം തള്ളിക്കൊണ്ട്, അത് സ്വന്തമായി വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ബ്രിട്ടനെ തടയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോര്‍ബിന് എഴുതിയ മറുപടിക്കത്തിലാണ് മേയ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇതോടെ മുന്നറിയിപ്പുമായി വ്യവസായ ലോകവും രംഗത്തെത്തിയിട്ടുണ്. 50 ദിവസത്തില്‍ താഴെ മാത്രമാണ് ഇനി ബ്രെക്‌സിറ്റിന് ഉള്ളത്. അതുകൊണ്ടു തന്നെ ഒരു എമര്‍ജന്‍സി സോണിലാണ് തങ്ങള്‍ ഇപ്പോള്‍ ഉള്ളതെന്നും പ്രതിസന്ധികള്‍ ഉറപ്പാണെന്നും വ്യവസായികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

പരിസ്ഥിതി, തൊഴിലാളി അവകാശങ്ങളില്‍ മേയ് ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇത് ചില കാര്യങ്ങളില്‍ യൂറോപ്യന്‍ നിലവാരത്തോട് ചേര്‍ന്നു പോകണമെന്ന കോര്‍ബിന്റെ നിര്‍ദേശത്തെ മറികടക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുമെന്നാണ് മേയ് അവകാശപ്പെടുന്നതെങ്കിലും ഫെബ്രുവരിയില്‍ ഇത് സാധ്യമാകുമോ എന്ന കാര്യം സംശയത്തിലാണ്. ഫെബ്രുവരി 27നു മുമ്പായി അന്തിമ ഉടമ്പടി മേയ് അവതരിപ്പിച്ചില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നത് എതിര്‍ക്കാനായി എംപിമാര്‍ വീണ്ടും കോമണ്‍സില്‍ നീക്കം നടത്തുമെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കണ്‍ഷയര്‍ പറഞ്ഞു. ഫലപ്രദമായ ഉടമ്പടി സാധ്യമായില്ലെങ്കില്‍ പാര്‍ലമെന്റിന് ഇതിനുള്ള അവസരം ലഭ്യമാകുമെന്ന് അദ്ദേഹം ബിബിസി 1ന്റെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ പറഞ്ഞു.

തന്റെ പദ്ധതികള്‍ അട്ടിമറിച്ച ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെയും സഖ്യകക്ഷിയായ ഡിയുപി എംപിമാരുടെയും പിന്തുണ ആര്‍ജ്ജിക്കുന്നതിനായി ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭേദഗതികള്‍ വരുത്താനുള്ള കഠിന ശ്രമത്തിലാണ് പ്രധാനമന്ത്രി. അതേസമയം കഴിഞ്ഞയാഴ്ച ഇതിനായി നടത്തിയ ബ്രസല്‍സ് സന്ദര്‍ശനം കാര്യമായ പ്രതീക്ഷ നല്‍കിയതുമില്ല. ഈ സാഹചര്യത്തില്‍ കോര്‍ബിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ മേയ് സ്വീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ നിര്‍ദേശങ്ങള്‍ മേയ് തള്ളുകയായിരുന്നു.
ലണ്ടന്‍: യു.കെയിലെ നോണ്‍-എമര്‍ജന്‍സി പോലീസ് ലൈനായ ‘101’ രാത്രികാല സര്‍വീസുകള്‍ നിര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍വീസ് ലൈനിലെ തിരക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. സമീപകാലത്ത് ‘101’ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സമാനമാണ് എമര്‍ജന്‍സി ലൈനായ ‘999’ ഉപയോഗിക്കുന്നവരുടെയും കാര്യത്തിലുണ്ടായിരിക്കുന്നത്. തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ തെരുവില്‍ നിന്നോ ഉള്ള അമിത ശബ്ദം, എന്‍.എച്ച്.എസുമായി ബന്ധപ്പെട്ട പരാതികള്‍, ഷോപ്പ്‌ലിഫ്റ്റിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ഇത്തരം സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.

രാത്രികാലങ്ങളില്‍ ‘101’ സര്‍വീസ് നിര്‍ത്തലാക്കിയാല്‍ ‘999’ സര്‍വീസിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണ്. നാഷണല്‍ പോലീസ് ചീഫ് കൗണ്‍സിലിന് പോലീസിംഗ് മിനിസ്റ്റര്‍ നിക്ക് ഹുഡ് ഇക്കാര്യം സൂചിപ്പിച്ച് കത്തെഴുതിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 32 മില്യണ്‍ കോളുകളാണ് ‘101’ സര്‍വീസിലേക്ക് എത്തിയിരിക്കുന്നത്. ‘999’ കോളുകള്‍ക്ക് ശേഷം മാത്രമെ ‘101’ പ്രാമുഖ്യം നല്‍കാന്‍ കഴിയൂ എന്നുള്ളതിനാല്‍ സമീപകാലത്ത് കോള്‍ കണക്ട് ആവാനുള്ള ദൈര്‍ഘ്യവും വര്‍ധിച്ചിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ 5 മുതല്‍ 10 സെക്കന്റ് വരെയായിരുന്നു വെയിറ്റിംഗ് ടൈമെങ്കില്‍ ഇപ്പോള്‍ അത് 5 മിനിറ്റ് വരെ ഉയര്‍ന്നിട്ടുണ്ട്.

നോണ്‍ എമര്‍ജന്‍സി ലൈനുകള്‍ നിരവധി തവണ മുന്‍ഗണനാ ക്രമത്തില്‍ ഒഴിവാക്കേണ്ടി വന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘999’ കോളുകള്‍ വരുന്ന സമയത്ത് ‘101’ കോളുകള്‍ ഡിസ്‌കണക്ട് ചെയ്യേണ്ടിവരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ‘999’ കോളുകളുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായിരിക്കുന്ന വര്‍ധനവാണ് പ്രധാനമായും നോണ്‍ എമര്‍ജന്‍സി ലൈനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. ‘999’ സിസ്റ്റം ശക്തിപ്പെടുത്താന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരെ മുന്നറിയിപ്പുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ഉടമ്പടിയില്ലാതെയുള്ള ബ്രെക്‌സിറ്റ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് ദോഷകരമാണെന്നും ഇത് ഗുഡ് ഫ്രൈഡേ കരാറിന്റെ ലംഘനമാകുമെന്നും ബ്ലെയര്‍ പറഞ്ഞു. നോ ഡീല്‍ അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുക മാത്രമല്ല, യുകെയില്‍ തന്നെ ഭിന്നതയുണ്ടാക്കുമെന്നും ബ്ലെയര്‍ പറഞ്ഞു. ബ്രെക്‌സിറ്റില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യങ്ങള്‍ പല വട്ടം നിരസിക്കപ്പെട്ടെങ്കിലും രാജ്യത്തിന് ഇതര മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുമ്പോള്‍ അത് ആവശ്യമായി വന്നേക്കുമെന്നാണ് ബ്ലെയര്‍ പ്രതീക്ഷിക്കുന്നത്. ഇനി വെറും ഏഴ് ആഴ്ചകള്‍ മാത്രമാണ് ബ്രിട്ടന്‍ യൂറോപ്പില്‍ നിന്ന് വേര്‍പിരിയാന്‍ ബാക്കിയുള്ളത്. ഇതിനിടയില്‍ നേരത്തേ രൂപീകരിച്ച ഉടമ്പടിയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇളവുകള്‍ ലഭിക്കുന്നതിനായി പ്രധാനമന്ത്രി തെരേസ മേയ് കഠിനമായി ശ്രമിക്കുന്നതിനിടെയാണ് ബ്ലെയര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. എംപിമാര്‍ തള്ളിയ ഉടമ്പടിയില്‍ ഭേദഗതി വരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചില്ലെങ്കില്‍ ഉപാധി രഹിത ബ്രെക്‌സിറ്റ് നടപ്പിലാകും എന്നാണ് കരുതുന്നത്.

ബ്രെക്‌സിറ്റ് ഉടമ്പടി പുനഃപരിശോധിക്കില്ലന്ന നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍. കഴിഞ്ഞ ദിവസം ബ്രസല്‍സിലെത്തിയ തെരേസ മേയ്ക്ക് ഇക്കാര്യത്തില്‍ അനുകൂല സമീപനം ലഭിച്ചിരുന്നില്ല. ഫെബ്രുവരി 14ന് ബ്രെക്‌സിറ്റ് കരാറില്‍ വീണ്ടും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും. യൂറോപ്പ് അനുകൂലികളും ബ്രെക്‌സിറ്റ് അനുകൂലികളും ഈ വോട്ടെടുപ്പിലും മേയ്‌ക്കെതിരെ തിരിയുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് മുന്‍ ലേബര്‍ നേതാവും പ്രധാനമന്ത്രിയുമായ ബ്ലെയര്‍ നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഉത്തരവാദിത്തമുള്ള ആര്‍ക്കും ഒരു നോ ഡീല്‍ സാഹചര്യം മുന്നോട്ടു വെക്കാന്‍ കഴിയില്ലെന്ന് ബ്ലെയര്‍ പറഞ്ഞു. ബ്രിട്ടന്റെ സാമ്പത്തിക മേഖലയെ ഇത് അപകടകരമായി ബാധിക്കും. അയര്‍ലന്‍ഡിലെ സമാധാന ശ്രമങ്ങളെയും ഇത് തകര്‍ക്കുമെന്നും ബ്ലെയര്‍ പറഞ്ഞു. സ്‌കൈ ന്യൂസിലെ സോഫി റിഡ്ജിന്റെ ഷോയിലാണ് ബ്ലെയര്‍ ഈ പരാമര്‍ശം നടത്തിയത്.

അതിര്‍ത്തിയിലെ പ്രതിസന്ധികള്‍ രൂക്ഷമാകുമെന്നത് ഉറപ്പാണ്. എന്നാല്‍ അതു മാത്രമല്ല, നോ ഡീല്‍ നോര്‍ത്ത്, സൗത്ത് അയര്‍ലന്‍ഡുകള്‍ക്കിടയിലും പ്രതിസന്ധിയുണ്ടാക്കും. ഇത് ഗുഡ്‌ഫ്രൈഡേ കരാറിന്റെ ലംഘനമാകുകയും യുകെയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. നമുക്ക് ജെറമി കോര്‍ബിന്‍ മുന്നോട്ടു വെക്കുന്നതു പോലെ ഒരു സോഫ്റ്റ് ബ്രെക്‌സിറ്റ് ആകാം. അതേസമയം തന്നെ ബോറിസ് ജോണ്‍സണും നിഗല്‍ ഫരാഷും പറയുന്ന വിധത്തില്‍ ഹാര്‍ഡ് ബ്രെക്‌സിറ്റും സാധ്യമാണ്. എന്നാല്‍ ഏതാണ് ഉചിതമെന്നത് ബ്രെക്‌സിറ്റിന് മുമ്പു തന്നെ തീരുമാനിക്കണം. വ്യക്തതയില്ലായ്മ ഉണ്ടായാല്‍ അത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: എന്‍.എച്ച്.എസ് ഡാക്ടര്‍മാര്‍ പ്രിസ്‌ക്രൈബ് ചെയ്യുന്ന മൂന്നിലൊന്ന് ആന്റിബയോട്ടിക്കുകളും അനാവശ്യമെന്ന് ചീഫ് മെഡിക്കള്‍ ഓഫീസറുടെ മുന്നറിയിപ്പ്. രോഗവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി ആന്റിബയോട്ടിക്കുകളാണ് രോഗികള്‍ കഴിക്കേണ്ടി വരുന്നതെന്നും ഇത് ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിമാറുമെന്നും ചീഫ് മെഡിക്കള്‍ ഓഫീസര്‍ ഡെയിം സാലി ഡാവിയേസ് മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് നടക്കുന്ന വിവിധ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോക്ടര്‍മാര്‍ നല്‍കുന്ന ആന്റിബയോട്ടിക്കില്‍ 33 ശതമാനവും രോഗവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. ഇത്തരം രീതികള്‍ തുടര്‍ന്നാല്‍ ഭാവിയില്‍ വലിയ ആരോഗ്യ പ്രതിസന്ധിയായിരിക്കും നമ്മെ കാത്തിരിക്കുന്നതെന്നും സാലി വ്യക്തമാക്കി.

വേഗത്തില്‍ രോഗശാന്തി ലഭിക്കാനായി ആന്റിബയോട്ടിക് അനിയന്ത്രിതമായി ഉപയോഗിച്ചാല്‍ രോഗം മാറുകയല്ല മറിച്ച് താല്‍ക്കാലിക ആശ്വാസം ഉണ്ടാവുകയാണ് ചെയ്യുക. ഡയഗ്‌നോസ് ചെയ്തിരിക്കുന്ന രോഗത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകളും പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതല്‍ കരുത്തോടെ ആക്രമിക്കും. കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകള്‍ മൂലം രോഗാണുക്കള്‍ക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കള്‍ മരുന്നുകളെക്കാള്‍ കരുത്തരാകുന്നു.

ആന്റിമൈക്രോബിയല്‍ കണ്ടിഷനിലേക്ക് (എഎംആര്‍) രോഗികള്‍ എത്തിച്ചേരുന്നതിന് നിലവിലെ സാഹചര്യം കാരണമാകുമെന്ന് സാലി മുന്നറിയിപ്പ് നല്‍കുന്നു. രോഗാണുക്കള്‍ മരുന്നിനേക്കാള്‍ ശക്തരായി സ്വഭാവിക പ്രതിരോധ ശേഷിയെ നശിപ്പിക്കാന്‍ ഈ സാഹചര്യം കാരണമായേക്കും. പനി മുതല്‍ കാന്‍സര്‍ വരെയുള്ള ഏതു രോഗങ്ങള്‍ക്കും എഎംആര്‍ വില്ലനാകാം. അതായത് എഎംആര്‍ ഉള്ള വൈറസ് വഴി ബാധിച്ച പനി പോലും ചികില്‍സിക്കാനാവില്ല. ക്രമേണ രോഗം മൂര്‍ച്ഛിച്ചു രോഗി മരണത്തിനു കീഴടങ്ങും. അണുബാധയാണ് ഏറ്റവും വലിയ ഭീഷണി. പലരും പുറമേ കാണപ്പെടുന്ന രോഗങ്ങളില്‍ നിന്നു വിമുക്തി നേടിയാലും അപ്രതീക്ഷിതമായുണ്ടാകുന്ന അണുബാധ മൂലം മരണം വരെയുണ്ടാകാം.

ജനങ്ങളുടെ ആരോഗ്യം പരിസ്ഥിതിയുടെയും മൃഗങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മൃഗങ്ങളിലും വിളകളിലും ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളില്‍ സൂക്ഷ്മ ശ്രദ്ധ വേണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തല്‍സ്ഥിതി തുടര്‍ന്നാല്‍ 2050ല്‍ ഒരു മില്യണ്‍ മരണങ്ങള്‍ക്ക് എഎംആര്‍ കാരണമാകുമെന്നാണ് 2016ല്‍ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നത്.
ലണ്ടന്‍: തന്റെ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നാഴ്ച്ചയ്ക്ക് ശേഷം പ്രിന്‍സ് ഫിലിപ്പ് ലൈസന്‍സ് തിരികെ നല്‍കി. നടപടി സ്വമേധയാ എടുത്ത തീരുമാനത്തിന്റെ ഭാഗമെന്ന് ബെക്കിംഗ്ഹാം പാലസ് അറിയിച്ചിട്ടുണ്ട്. അപകടത്തിനു ശേഷം ഫിലിപ്പ് രാജകുമാരന്‍ കാഴ്ച പരിശോധനയ്ക്കും ബ്രെത്തലൈസര്‍ ടെസ്റ്റിനും വിധേയനായിരുന്നു. രണ്ട് പരിശോധനകളിലും അദ്ദേഹം പാസായെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഫ്രീലാന്‍ഡറിനു പകരം പുതിയ ഒന്ന് 24 മണിക്കൂറിനുള്ളില്‍ രാജകുടുംബത്തിന് ലഭിക്കുകയും ചെയ്തു. അതേസമയം അപകട സമയത്ത് പ്രിന്‍സ് ഫിലിപ്പ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന വാര്‍ത്തകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ലൈസന്‍സ് തിരികെ നല്‍കാന്‍ പ്രിന്‍സ് ഫിലിപ്പ് തീരുമാനിച്ചത്.

അപകടത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവര്‍ തലകീഴായി മറിഞ്ഞിരുന്നു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായതെന്നാണ് ദൃസാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കിയത്. അതേസമയം ഇപ്പോള്‍ ലൈസന്‍സ് തിരികെ നല്‍കാന്‍ തീരുമാനിച്ചത് പ്രിന്‍സ് ഫിലിപ്പ് സ്വമേധയാ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. നേരത്തെ അദ്ദേഹത്തിന്റെ ലൈസന്‍സ് നിര്‍ബന്ധപൂര്‍വ്വം തിരികെ വാങ്ങാന്‍ പോലീസ് ശ്രമിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിയമ നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കണ്ണില്‍ അമിത സൂര്യപ്രകാശം പതിഞ്ഞതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് പ്രിന്‍സ് ഫിലിപ്പ് നേരത്തെ പോലീസിനേട് വ്യക്തമാക്കിയിരുന്നു. അന്നത്തെ അപകടത്തില്‍ പ്രിന്‍സ് ഫിലിപ്പ് ഇടിച്ച കാറിലുണ്ടായിരുന്നു 4 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടം നടന്നയുടന്‍ ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തതോടെ മനപൂര്‍വ്വമുള്ള നിയമ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. പിന്നീട് നടന്ന അന്വേഷണം അപകടമുണ്ടായതിന്റെ പ്രധാന കാരണങ്ങള്‍ അന്വേഷിച്ചായിരുന്നു. യു.കെയില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എല്ലാ മൂന്ന് വര്‍ഷവും ലൈസന്‍സ് പുതുക്കി വാങ്ങേണ്ടതുണ്ട്. ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഒരോ മൂന്ന് വര്‍ഷത്തിലും നിരത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച ശേഷമാവും ഇവര്‍ക്ക് ലൈസന്‍സ് നല്‍കുക.
ലണ്ടന്‍: മക്കളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരുന്ന വഴിക്ക് യുവതിയെ അജ്ഞാതന്‍ കുത്തിക്കൊന്നു. 39കാരിയായ അലിനി മെന്‍ഡസാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്‌കൂളില്‍ നിന്ന് മക്കളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ മെന്‍ഡസിന്റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ അക്രമി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവ സ്ഥലത്ത് ഉടന്‍ പാരമെഡിക് എത്തിയെങ്കിലും മെന്‍ഡസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തിലേറ്റ ആഴമേറിയ മുറിവാണ് മരണ കാരണമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

മെന്‍ഡസിനെ നേരത്തെ അറിയാവുന്ന വ്യക്തികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ അറസ്റ്റ് ചെയ്തവരുടെ പേര് വിവരങ്ങളൊന്നും പുറത്തുവിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നെന്നത് സംബന്ധിച്ച സൂചനകളും പോലീസിന് ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു മാസം മുന്‍പാണ് മിസ് മെന്‍ഡസ് തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹബന്ധം വേര്‍പെടുത്തി മക്കളുമായി ഒന്നിച്ച് താമസിക്കാന്‍ ആരംഭിച്ചത്. ബന്ധം വേര്‍പെടുത്തിയതിന് ശേഷം സൗത്ത് ലണ്ടനിലേക്ക് മെന്‍ഡസ് താമസം മാറുകയും ചെയ്തിരുന്നു.

പോര്‍ച്ചുഗീസ് സ്പീക്കിംഗ് കമ്യൂണിറ്റി അംഗങ്ങള്‍ മെന്‍ഡസിനോടുള്ള ആദരസൂചകമായി സംഭവം നടന്ന സ്ഥലത്ത് പൂക്കളുമായി എത്തിയിരുന്നു. മതപരമായ കാര്യങ്ങള്‍ അതീവ തല്‍പ്പരയായിരുന്നു മെന്‍ഡസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കുട്ടികളുടെ മാതാവ് കൂടിയാണ് മെന്‍ഡസ്. മെന്‍ഡസ് പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച് അധികൃതര്‍ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. മെന്‍ഡസിന്റെ മക്കളെയും കുടുംബത്തെയും സഹായിക്കുന്നതിനാണ് ഈ പണം ഉപയോഗിക്കുക.
യുകെ കാര്‍ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ച് ബ്രെക്‌സിറ്റ്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍മാതാക്കളായ ഇന്ത്യന്‍ കമ്പനി, ടാറ്റ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത് വന്‍ നഷ്ടം. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തില്‍ ഒരു പാദത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ നഷ്ടമാണ് ടാറ്റയ്ക്ക് ഉണ്ടായത്. 3 ബില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടെ നിക്ഷേപകര്‍ കമ്പനിയെ ഉപേക്ഷിക്കുകയും ഓഹരി മൂല്യത്തില്‍ 30 ശതമാനം ഇടിവുണ്ടാകുകയും ചെയ്തു. കമ്പനിയുടെ വരുമാനത്തില്‍ പ്രധാന സംഭാവന നല്‍കുന്നത് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മോഡലാണ്. എന്നാല്‍ ഈ മാര്‍ച്ചോടെ ബ്രേക്ക് ഈവന്‍ പ്രതീക്ഷിച്ചിരുന്ന ഈ ബിസിനസ് തകര്‍ച്ചയുടെ പാതയിലാണ്. ബിസിനസ് സുനാമിയില്‍പ്പെട്ടതോടെ ഈ വര്‍ഷത്തെ വില്‍പന തകരുമെന്നും കനത്ത നഷ്ടത്തിലേക്ക് കമ്പനി കൂപ്പുകുത്തുമെന്നുമാണ് കരുതുന്നത്.

ചൈനീസ് സാമ്പത്തിക വ്യവസ്ഥയുടെ മെല്ലെപ്പോക്ക് ഡിസംബറില്‍ വില്‍പന പകുതിയായി കുറച്ചിരുന്നു. 1990കള്‍ക്കു ശേഷം ആദ്യമായാണ് ചൈനയുമായി കമ്പനി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടത്. ഡീസല്‍ മോഡലുകളില്‍ നിന്ന് പിന്‍വലിയല്‍ ആരംഭിച്ചതോടെ യൂറോപ്പില്‍ കടുത്ത വെല്ലുവിളി നേരിട്ടു കൊണ്ടിരുന്ന അവസ്ഥയിലാണ് ചൈനയിലും തിരിച്ചടി ലഭിച്ചത്. ഇവയ്ക്ക് പുറമെയാണ് ബ്രെക്‌സിറ്റി പ്രഹരവും ലഭിക്കുന്നത്. യുകെയിലെ കമ്പനിയുടെ സാന്നിധ്യം പ്രധാനമാണെന്നതിനാല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല എന്നതാണ് വാസ്തവം. ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടാറ്റയ്ക്ക് കഴിയില്ലെങ്കിലും അവിടെ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് ശ്രമിക്കാന്‍ സാധിക്കാമായിരുന്നു എന്ന വിമര്‍ശനം ഉയരുന്നുണ്ട്.

വ്യാപാര തന്ത്രങ്ങളിലും പ്രവര്‍ത്തന രീതിയിലും മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാമായിരുന്നുവെന്നാണ് വിമര്‍ശനം. യൂറോപ്പില്‍ ഡീസല്‍ മോഡലുകളില്‍ നിന്നുള്ള ശ്രദ്ധ മാറ്റണമായിരുന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കമ്പനികള്‍ അനുവര്‍ത്തിക്കുന്ന ചെലവുചുരുക്കല്‍ പോലെയുള്ള നടപടികളിലേക്ക് ടാറ്റ കടക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചടിയില്‍ പിന്തുണ നല്‍കുമെന്ന് കരുതിയ ബ്രെക്‌സിറ്റ് അനുകൂലികള്‍ കൈകഴുകുകയാണ്. ഇത് തിരിച്ചറിഞ്ഞാവണം നിസാന്‍ അവരുടെ പുതിയ മോഡലിന്റെ നിര്‍മാണം സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിന്ന് മാറ്റിയതെന്നും വിലയിരുത്തലുണ്ട്. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാരിലേര്‍പ്പെട്ട നിസാന് താരിഫ് രഹിത കയറ്റുമതിക്ക് അവസരം ലഭിക്കുകയും ചെയ്തു. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ യുകെയില്‍ നിന്ന് ഈ സൗകര്യം പൂര്‍ണ്ണമായും ഇല്ലാതാകും.
മക്കളുടെ ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്ന അമ്മമാര്‍ അധ്യാപകരുടെ വിമര്‍ശനത്തിന് സ്ഥിരം ഇരയാകാറുണ്ട്. അത്തരം അനുഭവം പങ്കുവെക്കുകയാണ് ഒരു അമ്മ. ഫെയിസ്ബുക്കിലാണ് ഇവര്‍ കുട്ടിക്ക് നല്‍കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. തന്റെ മകളെ അങ്ങനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് അധ്യാപികയോട് വിശദീകരിച്ചു. ചില ദിവസങ്ങളില്‍ അവള്‍ കുറച്ച് ഭക്ഷണം കഴിക്കും. പക്ഷേ ചില ദിവസങ്ങളില്‍ വിഷം കാണുന്നതുപോലെയാണ്, ഭക്ഷണത്തില്‍ തൊട്ടു നോക്കുക പോലുമില്ല. പല വിധത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ അവള്‍ക്ക് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവള്‍ കഴിക്കുന്നത് നഗ്ഗെറ്റ്‌സും സോസേജും മുട്ടയും മാത്രമാണ്. ഓടി നടക്കുന്ന പ്രകൃതക്കാരിയാണ് അവള്‍. കളിയും ബഹളവും കഴിഞ്ഞാല്‍ അവള്‍ക്ക് വിശക്കുമെന്ന് തനിക്ക് അറിയാമെന്നും അമ്മ പറയുന്നു.

പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം കണ്ടാല്‍ ഇത്രയും ഭക്ഷണം നല്‍കണോ എന്ന് ചോദിക്കുമോ എന്നും പോസ്റ്റില്‍ അമ്മ പറയുന്നു. എന്തായാലും സമ്മിശ്രമായ പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. പലരും ഇത്രയും ഭക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. കുട്ടികള്‍ ഭക്ഷണം മറ്റു കുട്ടികളുമായി പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും ചിലര്‍ പറഞ്ഞു. ചില കുട്ടികള്‍ ചില പ്രത്യേക ഭക്ഷണ സാധനങ്ങളോട് അലര്‍ജിയുള്ളവരാകാമെന്നും ചോക്കോ കുക്കീസ് പോലെയുള്ള മധുരമടങ്ങിയ ഭക്ഷണ സാധനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ അധികം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാത്ത രക്ഷിതാക്കളുണ്ടാകാം എന്നതൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്.

അതേസമയം ഒരു അമ്മയെന്ന നിലയില്‍ കുട്ടിയെ ഭക്ഷണം കഴിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്ന കമന്റുകളും പോസ്റ്റിലുണ്ട്. കുട്ടികള്‍ക്ക് ബാലന്‍സ്ഡ് ഫുഡ് ആണ് നല്‍കേണ്ടതെന്ന് അറിയാമെങ്കിലും അവര്‍ കുറച്ചു മാത്രം കഴിക്കുന്നവരാണെങ്കില്‍ ഇതല്ലാതെ മാര്‍ഗ്ഗമില്ലെന്നാണ് അമ്മമാരുടെ അഭിപ്രായം. മിക്ക രക്ഷിതാക്കളും ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്നതിനു കാരണവും ഇതു തന്നെയാണ്.
സ്റ്റാഫോര്‍ഡില്‍ വീട്ടിലുണ്ടായ തീപ്പിടിത്തത്തിലും പൊട്ടിത്തെറിയിലും നാലു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. അശ്രദ്ധ മൂലമുള്ള നരഹത്യക്കാണ് ഇവര്‍ക്കെതിരെ സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസ് കേസെടുത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. നതാലി യൂണിറ്റ് (24), പാര്‍ട്‌നറായ ക്രിസ് മൗള്‍ടണ്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മക്കളായ ജാക്ക് (2), ഓലി (3), കീഗന്‍ (6), എന്നിവരും നതാലിയുടെ നേരത്തേയുള്ള ബന്ധത്തിലെ മകനായ റൈലി(8)യുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നതാലിയും ക്രിസും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസിന് പൊള്ളലേറ്റിട്ടുണ്ട്, അതേസമയം നതാലിക്ക് പുക ശ്വസിച്ചതിന്റെ അസ്വസ്ഥതകളാണ് ഉള്ളത്. ഇരുവര്‍ക്കു ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വിവരം.

തീപ്പിടിത്തത്തെ തുടര്‍ന്ന് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് നതാലിയും ക്രിസും ഇളയ കുട്ടിയുമായി ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിന് കാരണമെന്തെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബോയിലര്‍ തകരാറു മൂലമുണ്ടായ ഗ്യാസ് ചോര്‍ച്ചയായിരിക്കാം കാരണമെന്നാണ് സൂചന. പുലര്‍ച്ചെ 2.40നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂരയും ജനലുകളും തകര്‍ന്നു. ചുമരുകള്‍ പുകയേറ്റ് കറുത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്നലെ ഉച്ചക്ക് 1.30നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ കുടുംബത്തിനു വേണ്ടി ആരംഭിച്ച ഫണ്ട് റെയിസിംഗ് പേജില്‍ 28,500 പൗണ്ടിലേറെ സഹായം എത്തിയിട്ടുണ്ട്. 1800ലേറെയാളുകള്‍ സംഭാവന നല്‍കി. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ കൊറോണറുടെ വക്താവ് അറിയിച്ചു. കൊറോണര്‍ക്ക് ഫയല്‍ ലഭിച്ചിട്ടുണ്ടെന്നും വക്താവ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടികളുടെ അധ്യാപകര്‍ ഇവരെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചത്.
യോർക്ഷയർ: യുകെയിലുള്ള യോർക്ഷയറിൽ താമസിച്ചിരുന്ന മലയാളി യുവാവ് നിര്യാതനനായി. ഇന്നലെ ഉച്ചയോടെയാണ് ചികിത്സയിലായിരുന്ന ചാക്കോച്ചൻ (40 വയസ്സ്) നിര്യാതനായത്. ചാലക്കുടി സ്വദേശിയാണ് മരിച്ച ചാക്കോച്ചൻ. ചാലക്കുടിക്കാരിയായ ദീപ ഭാര്യയും പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് ചാക്കോച്ചന്റെ കുടുംബം. ഒൻപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി യുകെയിൽ എത്തിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിലും പിന്നീട് ദീപക്ക് വർക്ക് പെർമിറ്റ് നേടി ഡെവണിലും താമസിച്ചിരുന്നു. പിന്നീടാണ് യോർക്ഷയറിൽ എത്തിച്ചേർന്നത്.
കഴിഞ്ഞ നാലു വർഷത്തോളമായി മോട്ടോർ ന്യൂറോ ഡിസീസ് (MND) എന്ന അപൂർവ രോഗത്തിന് ചികിത്സയിൽ ആയിരുന്നു ചാക്കോച്ചൻ. തലച്ചോറിനെയും നാഡീവ്യുഹത്തെയും ബാധിക്കുന്ന ഈ രോഗം കാലക്രമേണ ചലനശേഷിയെയും പതിയെ പതിയെ സംസാരശേഷിയെയും ഇല്ലാതാക്കുന്നു. ഈ രോഗം ബാധിച്ചാൽ ഫലപ്രദമായ ചികിത്സ ഇല്ല എങ്കിലും ഈ രോഗം മനുഷ്യ ശരീരത്തുണ്ടാക്കുന്ന ക്ഷതങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ മാത്രമേ സാധിക്കുകയുള്ളു.
ഒന്നനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ രോഗക്കിടക്കയിലായ തന്റെ ഭർത്താവിനെ പരിചരിക്കാൻ ഭാര്യയായ ദീപക്ക് കെയറർ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. വീട്ടിൽ ഒരുക്കിയ പ്രത്യേക ആം ചെയറിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വർഷത്തോളമായി മുൻപോട്ട് പോയികൊണ്ടിരുന്നത്. കിടന്നാൽ ശ്വസിക്കാൻ തടസം ഉണ്ടായിരുന്നു. വർക്ക് പെർമിറ്റിൽ ആയിരുന്ന ഇവർക്ക് ഗവൺമെന്റ് സഹായം ഒന്നും ലഭിച്ചിരുന്നില്ല.
ശവസംക്കാരം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഇതുവരെ തീരുമാനം ആയിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ചാക്കോച്ചന് മലയാളം യുകെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.