ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് പിന്നാലെ പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി കണ്‍സര്‍വേറ്റീവ് എം.പിമാര്‍. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങള്‍ വൈകരുതെന്ന് താക്കീത് ചെയ്ത് കണ്‍സര്‍വേറ്റീവ് എംപിമാര്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് 170 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് തെരേസ മേയ്ക്ക് കൈമാറിയിരിക്കുകയാണ്. പത്ത് കാബിനെറ്റ് അംഗങ്ങളും കത്തില്‍ ഒപ്പുവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ജെറമി കോര്‍ബന്‍, സാജിദ് ജാവേദ് തുടങ്ങിയ നേതാക്കളും കത്തില്‍ ഒപ്പിട്ടുവെന്നാണ് സൂചന. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്‌ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് മുന്നറിയിപ്പ് കത്ത് പുറത്തുവന്നതോടെ ലഭിക്കുന്ന സൂചന. എന്നാല്‍ കത്തിനെക്കുറിച്ച് പരസ്യ പ്രതികരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് തെരേസ മേയ് സമര്‍പ്പിച്ച മൂന്നാമത്തെ കരട് രേഖയും കോമണ്‍സ് വോട്ടെടുപ്പില്‍ പരാജയപ്പെടുന്നത്. 286 എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 344 എംപിമാര്‍ എതിര്‍ത്തു. നിലവിലെ സാഹചര്യം അനുസരിച്ച് യു.കെയില്‍ ജനറല്‍ ഇലക്ഷന് കളമൊരുങ്ങുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍ നാലാമത് ഒരു തവണ കൂടി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി മേയ് ശ്രമിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ കാര്യങ്ങള്‍ മുന്നോട്ടുപോകും അല്ലാത്ത് പക്ഷം കാര്യങ്ങള്‍ നോ ഡീല്‍ വ്യവസ്ഥയിലേക്കാവും നീങ്ങുക.

നോ ഡീലിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. നോ ഡീല്‍ ബ്രെക്സിറ്റ് നിലവില്‍ വന്നാല്‍ യു.കെയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ പ്രതികൂലമാവും. വ്യവസായിക, സാമ്പത്തിക മേഖലകളില്‍ ഇത് വലിയ തിരിച്ചടിയുണ്ടാക്കും. ജനറല്‍ ഇലക്ഷനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു വസ്തുത. തെരെഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നാല്‍ തെരേസ മേയ് സര്‍ക്കാരിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും വലിയ തിരിച്ചടി നേരിടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. സ്വ്ന്തം പാര്‍ട്ടിയിലെ വിമതരെ ഒതുക്കാന്‍ മേയ്ക്ക് കഴിഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചധികം എളുപ്പമാവും. മറ്റൊരു നേതാവിന് മെച്ചപ്പെട്ടൊരു കരാര്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കാന്‍ മേയ് സ്ഥാനമൊഴിയണമെന്ന് യൂറോപ്യന്‍ ബ്രെക്‌സിറ്റ് ഗവേഷണ സംഘത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റീവ് ബേക്കര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വന്നാല്‍ പിന്‍ഗാമിക്ക് കാര്യങ്ങള്‍ കൈമാറി മേയ്ക്ക് സ്ഥാനമൊഴിയേണ്ടി വരും.